অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാരഷികരംഗവും അറിവുകളും

പഴം- പച്ചക്കറി കൃഷി

മഴക്കാലത്ത് വീട്ടുവളപ്പില്‍ അമരകൃഷി ചെയ്യാം

മഴക്കാലം വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് താത്കാലിക വിരാമമിടുന്നതാണ് നമ്മുടെ രീതി. ചീരയുള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഇല്ലാതാവുന്നു. എന്നാല്‍, ഏത് സാഹചര്യവും അതിജീവിക്കാനുള്ള കഴിവാണ് അമരയുടെ പ്രധാന പ്രത്യേകത. പകല്‍ ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളില്‍ പൂക്കുന്നവയാണ് പടരുന്ന അമര ഇനങ്ങള്‍. അതുകൊണ്ടുതന്നെ ഇവ നടാന്‍ ഏറ്റവും അനുയോജ്യം ജൂലായ്, ആഗസ്ത് മാസങ്ങളാണ്.
ഒന്നരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ പച്ചിലയും ചാണകവും മേല്‍മണ്ണുമിട്ട് കുഴി നിറച്ച് അമര നടാം. ഓരോ കുഴിയിലും അഞ്ച് വിത്തെങ്കിലും പാകണം. അമരവിത്ത് കഞ്ഞിവെള്ളം ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലതുപോലെ കൂട്ടി യോജിപ്പിച്ച് തണലിലുണക്കി ഉടനെ വിതയ്ക്കുന്നത് ഏറെ നന്ന്. ഒരു തടത്തില്‍ കരുത്തുള്ള മൂന്ന് തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുമാറ്റണം. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലും താങ്ങും നല്‍കി പടരാന്‍ സൗകര്യമൊരുക്കാം.
ചെടികള്‍ക്കു ചുറ്റും വെള്ളം പുറത്തേക്കൊഴുകാതെ തടങ്ങള്‍ ക്രമീകരിക്കാം. രണ്ടുപിടി ചാണകവും ഒരു പിടിചാരവും 50 ഗ്രാം രാജ്‌ഫോസും യോജിപ്പിച്ചെടുത്താല്‍ അമരയ്ക്ക് പത്തുദിവസത്തിലൊരിക്കല്‍ നല്‍കേണ്ട ജൈവവളക്കൂട്ടായി. ഗോമൂത്രം ഒമ്പത് ഇരട്ടി വെള്ളവുമായി ചേര്‍ത്ത് ഇടയ്ക്ക് തളിക്കണം. ഇലകള്‍ മഞ്ഞളിച്ച് കൊഴിഞ്ഞുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പ്രയോഗിക്കാം.
അമരയുടെ അടുപ്പക്കാരായ കൊത്തമരയും ചതുരപ്പയറും ജൂലായ്, ആഗസ്ത് മാസത്തില്‍ മണ്ണിലിറങ്ങേണ്ടവരാണ്. നട്ട് നല്ല വളര്‍ച്ചയെത്തുമ്പോഴേക്കും കിട്ടുന്ന ദൈര്‍ഘ്യം കുറഞ്ഞ പകല്‍ മൂവരുടെയും പുഷ്പിക്കലിന് പ്രേരണയാകുന്നു. ഇന്ത്യയില്‍ ജന്മംകൊണ്ട അമര മാംസ്യസമ്പുഷ്ടമായ പച്ചക്കറിയാണ് 30 ശതമാനത്തോളമുള്ള പ്രോട്ടീന്‍ തന്നെയാണ് അമരയെ പച്ചക്കറി കൃഷിയിലെ അമരക്കാരനാകുന്നത്.

മഴക്കാല പച്ചക്കറികൃഷിക്കായി ഒരുങ്ങാം

വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്‍പേ പച്ചക്കറികൾ നട്ടാൽ ജൂണ്‍ -ജൂലൈ മാസത്തിൽ വിള വെടുക്കാം. വേനൽ അവസാനമായ മേയ് പകുതിക്കുശേഷം നട്ട് മഴയെത്തുന്നതോടെ വളർച്ച പ്രാപിക്കുന്ന പച്ചക്കറികൾക്കാണ് ഏറ്റവും മികച്ച വിളവു ലഭ്യമാകു ന്നത്. കീടങ്ങളുടെ ശല്യവും പൊതുവേ കുറവായിരിക്കും. പ്രത്യേകിച്ച് നീരൂറ്റി കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മണ്ഡരി, ഇല പ്പേൻ എന്നിവ. വെണ്ട, വഴുതിന, മുളക്, പാവൽ, പയർ തുടങ്ങിയ പച്ചക്കറികളുടെ കൃഷി മേയ് മാസത്തിൽ ആരംഭിക്കാം.

വെണ്ട: മഴക്കാലത്തെ താരം
കേരളത്തിലെ കാലാവസ്ഥയിൽ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്തിയെടുക്കുവാൻ കഴിയുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. വെണ്ടയുടെ പ്രാധന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കുമെന്നതിനാൽ വെണ്ടച്ചെടികൾ ആരോഗ്യത്തോ ടെ വളർന്ന് നല്ല കായ്ഫലം നൽ കുന്നു. ജന്‍മം കൊണ്ട് ആഫ്രിക്കൻ വംശജനായ ഈ പച്ചക്കറി വിളി യിൽ ധാരാളം അയഡിനും അടങ്ങിയിട്ടുണ്ട്.

വെണ്ടയിലെ പ്രധാന ഇനങ്ങൾ

  1. അർക്ക അനാമിക നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കൾ ഉയർന്ന വിളവ്, നരപ്പു രോഗത്തിനെതിരേ പ്രതിരോധ ശേഷി.
  2. സൽകീർത്തി ഇളംപച്ച നിറമുള്ള നീണ്ട കായ്കൾ
  3. സ്ഥിര ഇളംപച്ചനിറമുള്ള നല്ല വണ്ണമുള്ള കായ്കൾ. ദീർഘകാലം വിളവു നൽകാനുള്ള കഴിവ്, മഞ്ഞളിപ്പുരോഗത്തിനെ തിരേ പ്രതിരോധശേഷി, വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യം.
  4. മഞ്ചിമ മികച്ച വിളവ്. നരപ്പിനെതിരേ പ്രതിരോധശേഷി, തിരുവനന്തപുരം ജില്ലയ്ക്ക് ഏറെ അനുയോജ്യം
  5. അഞ്ചിത ഇളം പച്ചനിറമുള്ള കായ്കൾ, നരപ്പുരോഗത്തിനെതിരേ പ്രതിരോധശേഷി. ഇവയ്ക്കു പുറമെ കിരണ്‍ ചുവപ്പു നിറത്തോടുകൂടിയ അരുണ എന്നിവയും കൃഷിചെയ്യാം. നരപ്പുരോഗത്തിനെതിരേ ഉയർന്ന പ്രതിരോധശേഷിയുള്ള വർഷ ഉപഹാർ എന്നയിനവും കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്. ധാരാളം ഹൈബ്രിഡ് വെണ്ടയിനങ്ങളും ഇപ്പോൾ ലഭ്യമാണ്.

നടീൽ : മേയ് മാസം പകുതിയാകുമ്പോൾ വിത്തിടാം. വാരങ്ങളിലോ, ഗ്രോബാഗുകളിലോ നടാം. വാരങ്ങളിൽ നടുമ്പോൾ ചെടികൾ തമ്മിൽ 45 സെന്‍റീമീറ്ററും വരികൾ തമ്മിൽ 60 സെന്‍റീമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുന്‍പ് വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്തിടേണ്ടതാണ്. ഇങ്ങനെ കുതിർക്കുമ്പോൾ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ എന്നതോതിലെടുത്താൽ വാട്ടരോഗത്തെ ഒഴിവാക്കാം. ചെടികൾ മുളച്ചുവരുന്നതുവരെ ചെറിയതോതിൽ നന ആവശ്യമാണ്. ജൂണ്‍ ആകുമ്പോഴേക്കും മഴ ലഭിക്കുന്നതോടെ ചെടികൾ തഴച്ചുവളരാൻ തുടങ്ങും. നട്ട് 40-45 ദിവസത്തിനുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് തുടർച്ചയായി മൂന്നുമാസത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ വെണ്ടയ്ക്ക് നൽകാം. പിണ്ണാക്കുകൾ പുളിപ്പിച്ച് നൽകുന്നതും ഉത്തമമാണ്. ഒരു ചെടിക്ക് കുറഞ്ഞത് അരക്കിലോ എങ്കിലും ജൈവവളം അടിവളമായി നൽകേണ്ടതാണ്. നട്ട് രണ്ടാഴ്ചയിൽ ഒരു തവണ എന്നതോതിൽ വളപ്രയോഗം നൽകണം. മേയ്ജൂണ്‍ മാസത്തിലെ വെണ്ടകൃഷിയാണ് ഏറ്റവും മികച്ച വിളവു തരുന്നത്. വെണ്ട വേനൽക്കാലത്തും നടാമെങ്കിലും രോഗകീടാക്രമണങ്ങൾ കൂടുതലായതിനാൽ വിളവ് പൊതുവേ കുറവായിരിക്കും.

മുളക്
നമ്മുടെ വീടുകളിൽ ഒഴിവാക്കാനാവാത്ത പച്ചക്കറിയാണ് മുളക്. പച്ചമുളകായും ഉണക്കിയും മുളക് ഉപയോഗക്കാം. സുഗന്ധവ്യജ്ഞനമായും കരുതിപ്പോരുന്ന വിളയാണിത്. മുളകിൽ അടങ്ങിയിരിക്കുന്ന കാപ്സെസിൻ എന്ന ഘടകമാണ് മുളകിന് എരിവുരസം നൽകുന്നത്. മുളക് ഏതു സമയത്തും കൃഷിചെയ്യാമെങ്കിലും മഴക്കാലം തീർത്തും അനുയോജ്യമായ  കാലമാണ്. വെള്ളം കെട്ടിനിൽക്കാതെ കൃഷിചെയ്യാനായാൽ മഴക്കാലത്ത് മുളക്  മികച്ച വിളവു നൽകുന്നു. നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ എണ്ണത്തിൽ കാണുന്ന കുറവാണ് ഇതിനു കാരണം.

ഇനങ്ങൾ

  1. ഉജ്ജ്വല നല്ല എരിവ്, ബാക്ടീരിയൽ വാട്ടത്തിനെതിരേ മികച്ച പ്രതിരോധ ശകതി, മുളകുകൾ കൂട്ടമായി മുകളിലേക്ക് നിൽക്കുന്നു. അടുത്തടുത്ത് കൃഷി ചെയ്യാം.
  2. അനുഗ്രഹ വാട്ടത്തിനെതിരേ പ്രതിരോധ ശേഷി ഒറ്റയ്ക്ക് തൂങ്ങികിടക്കുന്ന ഇനം, എരിവ് ഇടത്തരം, വീട്ടിലെ തോട്ടത്തിന് മികച്ചത്.
  3. വെള്ളായണി അതുല്യ എരിവ് കുറഞ്ഞ് നീണ്ടകായ്കൾ, ക്രീം നിറം.
  4. ജ്വാലമുഖി, ജ്വാലസഖി എരിവ് തീരെ കുറവ്, കട്ടിയുള്ള തൊലി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉപയോഗിച്ചുവരുന്നു.
  5. സിയറ അത്യുത്പാദനശേഷിയുള്ള മുളകിനം, നീളമുള്ള കായ്കൾ, തിളങ്ങുന്ന പച്ചനിറം.

ഇവയ്ക്കു പുറമെ കാന്താരിമുളകും വീട്ടിൽ കൃഷിചെയ്യാൻ പറ്റിയ ഇനമാണ്. അല്പം തണലുള്ള ഭാഗത്ത് കാന്താരിമുളക് കൃഷിചെയ്യാം. മറ്റുള്ള ഇനങ്ങൾക്ക് നല്ല സൂര്യപ്രകാശം വേണം. മുകളിലേക്ക് നില്ക്കുന്ന, നീളം കുറഞ്ഞ കായ്കൾ തീവ്രമായ എരിവ്, നീണ്ട വിളവു കാലം എന്നിവ ഇവയെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന് പ്രിയപ്പെട്ടതാക്കുന്നു.
നടീൽ
വിത്തുകൾ പാകി മുളപ്പിച്ച തൈകളാണ് നടീൽ വസ്തു തൈകൾ ഉണ്ടാക്കുന്നതിനായി വിത്തുകൾ മേയ് 15 ഓടെ താവരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കണം. 20-25 ദിവസം പ്രായമായ തൈകൾ മാറ്റി നടാം. ചെടികൾ തമ്മിൽ 45 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 60 സെന്‍റീ മീറ്ററും ഇടയകലം നൽകണം. തൈകൾ നട്ട് 50ാം ദിവസം വിളവെടുപ്പു തുടങ്ങാം.
നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോഗ്രാം ജൈവവളം നൽകണം. പിന്നീട് 14 ദിവസത്തിനുള്ളിൽ ഒരു തവണ എന്നതോതിൽ ജൈവവളങ്ങളോ ജീവാണു വളങ്ങളോ നൽകാം. തൈകൾ മാറ്റി നടുന്ന സമയം മുതൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ നൽകുന്നത് ചെടികൾക്ക് നല്ല പ്രതിരോധശേഷി നൽകും. അസോസ്പൈറില്ലം മണ്ണിൽ ചേർത്തു കൊടുക്കുന്നതും നല്ലതാണ്. കുറച്ചു മുളക് ചെടികളെങ്കിലും നമ്മുടെ വീട്ടിലുണ്ടായാൽ പച്ചമുളക് കടകളിൽ നിന്ന് വാങ്ങേണ്ടിവരില്ല എന്നതാണ് യാഥാർഥ്യം.

വഴുതിന
പാവങ്ങളുടെ തക്കാളി’ എന്നാണ് വഴുതിന അറിയപ്പെടുന്നത്. വഴുതിനയുടെ ജന്‍മദേശം ഇന്ത്യയാണെന്ന് കുരുതപ്പെടുന്നു. വീട്ടിലെ പച്ചക്കറിത്തോട്ടത്തിൽ എളിപ്പത്തിൽ ഇവയെ വളർത്തിയെടുക്കാം.
ഇനങ്ങൾ

  1. സൂര്യ വയലറ്റ് നിറമുള്ള കായ്കൾക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. വാട്ടരോഗത്തിനെതിരേ പ്രതിരോധശക്തി, കുറ്റിച്ചെടിയായി വളരുന്ന ഇനം.
  2. ശ്വേത വെള്ള നിറമുള്ള നീണ്ട കായ്കൾ, തൊലിക്ക് കട്ടികുറവ്, അടുത്തടുത്ത് നടാൻ യോജിച്ചത്.
  3. ഹരിത വാട്ടരോഗം, കായ്ചീയൽ എന്നിവയ്ക്കെതിരേ പ്രതിരോധശേഷി, ഇളം പച്ചനിറമുള്ള നീണ്ടകായ്കൾ, വീട്ടിലെ കൃഷിക്ക് ഏറെ അനുയോജ്യം.
  4. നീലിമ സങ്കരയിമായ വഴുതിനയാണിത്. വാട്ടരോഗത്തിനെതിരേ പ്രതിരോധശേഷി, വയലറ്റ് നിറം, മികച്ച വിളവ്.

ഇവയ്ക്കു പുറമെ ധാരാളം നാടൻ വഴുതിന ഇനങ്ങളും നമ്മുടെ നാട്ടിൽ കൃഷിചെയ്തുവരുന്നു.
നടീൽ
മുളകിന്‍റേതുപോലെ മാറ്റിനടുന്ന വിളയാണ് വഴുതിനയും. 20-25 ദിവസം പ്രായമായ തൈകൾ വർഷകാലാരംഭത്തോടെ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം. നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 -45 ദിവസത്തിനുള്ളിൽ വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ചെടിഒന്നിന് അരക്കിലോഗ്രാം ജൈവവളം അടിവളമായി നൽകണം. കൂടാതെ 14 ദിവസത്തിലൊരിക്കൽ വളപ്രയോഗം നടത്തുകയും വേണം.
ഈ വിളകൾ കൂടാതെ പാവൽ, പയർ തുടങ്ങിയ പച്ചക്കറിവിളകളും വർഷകാലാരംഭത്തോടെ നട്ടുവർത്താം. വീടുകളിലെ അടുക്കളത്തോട്ടത്തിൽ അവ ജൂണ്‍മാസത്തോടെ തുടങ്ങുന്നതാണ് നല്ലത്. തുടക്കത്തിലെ കൃഷിയിൽ തന്നെ രോഗബാധകളെ ഒഴിവാക്കാൻ ജൈവജീവാണുകുമിൾ നാശിനികളുടെ ഉപയോഗം നമ്മെ സഹായിക്കും.

അടപതിയൻ കൃഷിചെയ്യാം

അടപതിയന്‍റെ നടീൽവസ്തു വിത്ത്, വേര്, തണ്ട് എന്നിവയാണ്. മണൽ കലർന്ന ചുവന്നമണ്ണ് ഇതിന്‍റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമെന്നു കണ്ടിരിക്കുന്നു. നടീൽ അകലം: അടുത്തുള്ള രണ്ടു ചെടികൾ തമ്മിൽ 30 സെ.മീ. മണ്ണിന്‍റെ വളക്കൂറ് അറിഞ്ഞു വളങ്ങൾ ചേർക്കണം. ഇതിനു ജൈവവളങ്ങളായ കമ്പോസ്റ്റ്, കാലിവളം എന്നിവ മതിയാകും. വേനൽക്കാലത്ത് മൂന്നു ദിവസം ഇടവിട്ടു നനയ്ക്കണം. രണ്ടു വർഷംകൊണ്ടു വിളവെടുക്കാം. അടപതിയന്‍റെ ഔഷധയോഗ്യമായ ഭാഗം കിഴങ്ങാണ് വിത്തുകൾ പാകി കിളിർപ്പിച്ചു തൈകളാക്കാൻ നഴ്സറി തയാറാക്കണം. വിത്തുകൾ പാകി നാലു മുതൽ ആറ് ഇല പ്രായത്തിൽ എത്തിയ തൈകൾ മേൽമണ്ണ്, നേർത്ത മണൽ, ചാണകപ്പൊടി എന്നിവ നിറച്ച പോളിത്ത‍ീൻ ബാഗുകളിൽ നട്ട് തണൽ നൽകി ഒന്നരമാസം സൂക്ഷിച്ചതിനുശേഷം കുഴികളെടുത്തു നടണം. അടിവളമായി ഏക്കറിനു മൂന്നു ടൺ ജൈവവളങ്ങൾ വേണം. ഇതിനു ചാണകപ്പൊടിയോ കമ്പോസ്റ്റോ മതിയാകും. വളർന്നുവരുന്നതോടെ വള്ള‍ികൾ പടർത്തി കയറ്റിവിടുക. പൂവിടുന്ന കാലം നവംബർ–ഡിസംബർ. ഒന്നാം വർഷംതന്നെ കായ്കൾ പറിക്കാം. രണ്ടുവർഷമാകുന്നതോടെ വള്ളികൾ പഴുത്ത് ഉണങ്ങും. അപ്പോൾ വേരും വിത്തും കിളച്ചെടുക്കുന്നു. കിഴങ്ങുകൾ 10 സെ.മീ. നീളത്തിൽ മുറിച്ചു കഴുകി ഉണങ്ങി വിപണനം നടത്താം.

വീട്ടില്‍ സപ്പോട്ട വളർത്താം

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ഫലമാണ്‌ സപ്പോട്ട. കേരളത്തിൽ സുഭിക്ഷമായി വളരുന്ന ഈ ഫലവർഗ്ഗത്തിന്‌ ഇന്നും വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. നല്ല പച്ചനിറത്തിൽ ഇടതൂർന്ന ഇലകളോടെ തണലേകി തഴച്ചു വളരുന്ന ഒരു ഫലവർഗച്ചെടിയാണ്‌ സപ്പോട്ട. സപ്പോട്ടേസിയേ സസ്യകുടുംബത്തിൽപ്പെട്ട ഇതിന്‍റെ ശാസ്ത്രനാമം അക്രാസ്‌ സപ്പോട്ട എന്നാണ്‌...  സമുദ്രനിരപ്പിൽ നിന്ന്‌ 1200 മീറ്റർ വരെ ഉയരമുള്ള എല്ലാസ്ഥലത്തും നന്നായി വളരും. വെട്ടുകൽ പ്രദേശമുൾപ്പെടെ ഏതുതരം മണ്ണിലും നല്ല ഫലം തരാനുള്ള കഴിവ് ഈ ചെടിക്കുണ്ട്‌. എത്ര കടുത്ത വരൾച്ചയേയും നേരിടാനുള്ള ശേഷി സപ്പോട്ടയുടെ പ്രത്യേകതയാണ്‌. ചില സ്ഥലങ്ങളിൽ ഡപ്പോഡില്ല എന്നും മറ്റു സ്ഥലങ്ങളിൽ ചിക്കുഎന്നും അറിയപ്പെടുന്നു.
വലിപ്പം, ആകൃതി, മണം, രുചി എന്നിവയിൽ വ്യത്യസ്തത പുലർത്തുന്ന ധാരാളം ഇനങ്ങൾ സപ്പോട്ടയിലുണ്ട്‌. ക്രിക്കറ്റ്‌ ബാൾ, ദ്വാരപുഡി, കീർത്തി  രാത്തി, ഗുത്തി എന്നിവയും ഓവൽ, കോയമ്പത്തുർ1, പികെഎം 1,2,3 തുടങ്ങിയ അത്യുൽപ്പാദനശേഷിയുള്ള സപ്പോട്ട ഇനങ്ങളും ഇന്ന്‌ പ്രചാരത്തിലുണ്ട്‌.

മഴക്കാലാരംഭമാണ്‌ സപ്പോട്ട തൈകൾ നടുന്നതിന്‌ ഉത്തമം. 75X75X75 സെന്‍റീ മീറ്റർഅളവിൽ കുഴികളെടുത്ത്‌ മേൽമണ്ണും ചാണകപ്പൊടിയും നിറച്ച്‌ മധ്യത്തിൽ തൈകൾ നടണം. തൈകൾ മറിഞ്ഞു വീഴാതിരിക്കുവാൻ താങ്ങു കമ്പുകൾ കൊണ്ട്‌ കെട്ടേണ്ടതുണ്ട്‌.  തൈകൾ തമ്മിലുളള അകലം 7 മീറ്റർ വേണം. വിത്ത്‌  മുളപ്പിച്ച തൈകൾ കായ്ക്കാൻ 7-8 വർഷമെടുക്കും. എന്നാൽ ഒട്ടുതൈകൾ മൂന്നാം വർഷം മുതൽ ഫലം തരും.അതിനാൽ ഒട്ടുതൈകളാണ്‌ കൃഷി ചെയ്യാൻ ഉത്തമം. നട്ട്‌ ഒരു വർഷം പ്രായമാകുമ്പോൾ തൈ ഒന്നിന്‌ 200 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്‌, 250 ഗ്രാം മ്യൂറിയേററ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവയും 30 കിലോഗ്രാം ജൈവവളവും ചേർത്ത്‌ ഇടയിളക്കി കൊടുക്കണം. അതു കഴിഞ്ഞ്‌ ഓരോ വർഷവും 50 കിലോഗ്രാം ജൈവവളവും മേൽപറഞ്ഞ രാസവളങ്ങൾ 1:1:1:5 എന്ന അളവിലും നൽകണം. മരത്തിന്‍റെ വളർച്ചയനുസരിച്ച്‌ തടം വലുതാക്കി വളമിടാൻ ശ്രദ്ധിക്കണം. ഒട്ടുബന്ധത്തിന്‌താഴെയുണ്ടാകുന്ന ശിഖരങ്ങൾ ഉടൻ തന്നെ മാറ്റുകയും തറനിരപ്പിൽ നിന്നും 2 അടിഉയരം വരെയുളള ശിഖരങ്ങൾ മുറിക്കുകയും വേണം. ഏപ്രിൽ-ജൂലൈ, സെപ്തംബർ-നവംബർ എന്നീ മാസങ്ങളിൽ ആണ്ടിൽ രണ്ടു തവണ വിളവെടുപ്പ്‌ നടത്താം. മരത്തിന്‌ പ്രായമേറുന്തോറും വിളവ്‌ കൂടുതൽ ഉണ്ടാവും. കേരളത്തിൽ സപ്പോട്ട 30 അടിവരെ ഉയരത്തിൽ വളരും. പുറന്തോട്‌ മിനുസമായി ഞെട്ടുഭാഗം കുഴിഞ്ഞ്‌ കായ്‌എളുപ്പത്തിൽ വേർപെട്ട്‌ കറ വരാതിരിക്കുന്ന അവസ്ഥയിൽ കായ്കൾ വിളവെടുക്കാൻ പാകമായി എന്ന്‌ അനുമാനിക്കാം. കായ്കൾ തറയിൽ വീണ്‌ ക്ഷതം പറ്റാത്ത തരത്തിൽ വിളവെടുക്കണം. വീട്ടാവശ്യത്തിന്‌ വയ്ക്കോലിൽ പൊതിഞ്ഞും കൂടുതലുണ്ടെങ്കിൽ പുക കൊള്ളിച്ചും സപ്പോട്ടക്ക പഴുപ്പിക്കാം. പഴങ്ങൾ നന്നായി പഴുത്തില്ലെങ്കിൽ ചവർപ്പുളള കറ തൊണ്ടയിൽ ഒട്ടിപ്പിടിക്കുകയും അരുചിക്ക്‌ ഇടയാക്കുകയും ചെയ്യും.

പാലക്ക്;പോഷകസമ്പന്നമായ ഇലക്കറി വിള

പോഷകസമ്പന്നമായ ഇലക്കറി വിളയാണ്‌ പാലക്ക്‌ അഥവാ ഇന്ത്യൻ സ്‌പിനാച്ച്‌. താരതമ്യേന തണുത്ത കാലാവസ്‌ഥയിൽ വളരുന്ന ശീതകാല പച്ചക്കറിവിളയാണ്‌ പാലക്ക്‌. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്‌ ഈ ഇലക്കറി

ഭക്ഷ്യവസ്തു

ഇളംതണ്ടുകൾക്കും മൃദുവായ പച്ചയിലകൾക്കും വേണ്ടിയാണ്‌ പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകൾ സലാഡുകളിൽ പച്ചയായി ചേർത്തോ വേവിച്ചു പാചകം ചെയ്‌തോ ഭക്ഷിക്കാം. പനീർ, ഉരുളകിഴങ്ങ്‌, കോളിഫ്‌ളർ, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളിൽ രുചി കൂട്ടുന്ന ചേരുവയായും പാലക്ക്‌ ഉപയോഗിക്കാം

പോഷകം

ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ്‌ പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്‌ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്കു തടയും. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്‌തസമ്മർദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്‌ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. ഉയർന്നതോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ്‌ പാലക്ക്‌. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക്‌.

കൃഷി

ഈ ഇലക്കറിവിളയുടെ ഉഷ്‌ണമേഖലാ ഇനങ്ങൾ നാട്ടിൻ പുറങ്ങളിലും വിജയകരമായി കൃഷിചെയ്യാമെന്നു കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജിലെ പച്ചക്കറി കൃഷി വിഭാഗത്തിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു. സെപ്‌റ്റംബർ മുതൽ മാർച്ചു വരെ മാസങ്ങളിൽ നാട്ടിലെ അടുക്കളതോട്ടങ്ങളിലും മട്ടുപാവുകളിലും വീട്ടുവളപ്പുകളിലെ ഗ്രോബാഗുകളിലുമെല്ലാം പാലക്കു വളർത്തിയെടുക്കാം. ചീരയെക്കാളും എളുപ്പത്തിൽ കൃഷിചെയ്യാവുന്ന ഇലക്കറിയാണ്‌ പാലക്ക്‌. ഊട്ടിപോലെ തണുത്ത കാലാവസ്‌ഥയുള്ള മലമ്പ്രദേശങ്ങളിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ ഇതിനു പ്രചാരം കുറവാണ്‌. കൊടുംചൂടുള്ള കാലാവസ്‌ഥ പാലക്കിന്റെ വളർച്ചക്കു ഹാനികരമാണ്‌. തണുപ്പുള്ള മലമ്പ്രദേശങ്ങളിൽ ഇത്‌ ആണ്ടു മുഴുവൻ കൃഷിചെയ്യാം. നാട്ടിലെ കാലാവസ്‌ഥയിൽ മറ്റു പ്രദേശങ്ങളിൽ സെപ്‌തംബർ മുതൽ മാർച്ചു വരെയുള്ള മാസങ്ങളിൽ കൃഷിചെയ്യാം. ഓൾ ഗ്രീൻ, ഹരിതശോഭ തുടങ്ങിയ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാൻ യോജിച്ച ഇനങ്ങളാണ്‌. ഓൾ ഗ്രീൻ ഗ്രീൻഹൗസുകളിൽ ആണ്ടുമുഴുവൻ കൃഷിചെയ്യാം.

വിത്തു പാകി മുളപ്പിച്ചാണ്‌ പാലക്ക്‌ കൃഷി ചെയ്യുന്നത്‌. ട്രേകളിലോ പ്ലാസ്‌റ്റിക്‌ ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്താം. ആഴത്തിൽ പോകാനും വേരുകളുള്ളതിനാൽ എവിടെയും ഇത്‌ ആയാസഹരിതമായി വളർത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം. നല്ല വളക്കൂറുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ്‌ കൃഷിക്കു അനുയോജ്യം. മണ്ണിന്‌ നല്ല നീർവാർച്ചയുണ്ടായിരിക്കണം. തുടർച്ചയായി നനച്ചുകൊടുത്താൽ വളർച്ചയുണ്ടാകും. ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്തുകയാണെങ്കിൽ മണ്ണ്‌, മണൽ, കമ്പോസ്‌റ്റ്, കൊക്കോപീറ്റ്‌, എന്നിവ തുല്യഅളവിൽ നിറക്കുക. വിത്തു നന്നായി മുളക്കുന്നതിന്‌ ഒരു രാത്രി മുഴുവനും വെള്ളത്തിൽ മുക്കിവെക്കണം.

വളപ്രയോഗം

വെള്ളത്തിൽ ലയിക്കുന്ന 19:19:19 എൻ.പി.കെ. മിശ്രിതം രണ്ടു മുതൽ അഞ്ചുഗ്രാം വരെ ഒരുലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ആഴ്‌ചയിൽ ഒരിക്കൽ ചെടികൾക്കു തളിച്ചുകൊടുക്കണം. ജൈവവളം മാത്രം നൽകിയും പാലക്കു കൃഷിചെയ്യാം. ജൈവവളമാണ്‌ നൽകുന്നതെങ്കിൽ അടിവളമായി എല്ലുപൊടിയും മേൽവളമായി വേപ്പിൻ പിണ്ണാക്ക്‌, കടല പിണ്ണാക്ക്‌ എന്നിവയും ചേർത്തു കൊടുക്കണം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കിയവെള്ളം ഒഴിച്ചുകൊടുത്താൽ വിളവുകൂടും. വിളവെടുത്തതിനുശേഷം രാസവളങ്ങളോ, ജൈവവളങ്ങളോ ചേർത്തുകൊടുക്കണം. രണ്ട്‌, മൂന്ന്‌ ആഴ്‌ചകൾക്കുള്ളിൽ വിളവെടുക്കാം.

രോഗ, കീട നിയന്ത്രണം

സ്യൂഡോമോണാസ്‌ ലായനി രണ്ടാഴ്‌ചയിൽ ഒരിക്കൽ തളിച്ചുകൊടുത്താൽ രോഗബാധനിയന്ത്രിക്കാം.

വിളവെടുപ്പ്

വിത്തു നട്ട്‌ ഒരു മാസത്തിനുള്ളിൽ ആദ്യവിളവെടുപ്പു നടത്താം. തറനിരപ്പിൽ നിന്നും അഞ്ചു സെന്റിമീറ്റർ ഉയരത്തിൽ മൂർച്ചയുള്ള കത്തികൊണ്ട്‌ തണ്ടോടെ മുറിച്ചെടുക്കണം. വിളവെടുപ്പിനുശേഷം ഒരു ദിവസത്തിലധികം പുറത്തുവെച്ചിരുന്നാൽ ഇലകൾ കേടായിപ്പോകും.

അടുക്കളത്തോട്ടത്തില്‍ പാവൽ കൃഷി ചെയ്യാം

എല്ലാ കാലത്തും പാവല്‍ കൃഷി ചെയ്യാമെങ്കിലും മേയ്, ജൂണ്‍, ആഗസ്റ്റ്‌, സെപ്തംബര്‍ എന്നിവയാണ് പാവല്‍ കൃഷിക്ക് കൂടുതല്‍ അനുയോജ്യം , പാവല്‍ കൃഷിക്ക് കീടക്രമണം മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കൂടുതല്‍ കാണപ്പെടുന്നു.  പൂ ഇടാന്‍ തുടങ്ങുന്നതിനു മുന്‍പേതന്നെ ഇലകളെ വലപോലാക്കുന്ന ഒരു കീടക്രമണം തടയാന്‍ പുകയില കഷായം ആഴ്ചയില്‍ രണ്ടുതവണ വീശി സ്പ്രേ ചെയ്യുന്നത് നന്നായിരിക്കും , പൂ ഇട്ടു ചെറിയ കാ ആകുമ്പോള്‍ തന്നെ കാ കവര്‍ ഉപയോഗിച്ച് കീടങ്ങളില്‍ നിന്നും മറക്കെണ്ടതാണ്. കായീച്ച കെണികള്‍ ഉപയോഗിക്കാം , ടെറസ്സില്‍ രണ്ടു പാവല്‍ ചെടി ഉണ്ടെങ്കില്‍ മാസം മുഴുവന്‍ പാവല്‍ തിന്നു മടുക്കും അത്രയ്ക്ക് വിളവു ഇവയില്‍ നിന്നും പ്രതീക്ഷിക്കാം , കഞ്ഞി വെള്ളം,  കടല പിണ്ണാക്ക് എന്നിവ പുളിപ്പിച്ചതും ഉണങ്ങിയ ചാണകപ്പൊടിയും വളമായി കൊടുക്കാം.  ഇലകളില്‍ ഇടയ്ക്കിടെ പുകയില കഷായം തെളിക്കുന്നത് നന്നായിരിക്കും
ഗ്രോ ബാഗില്‍ മണ്ണോരുക്കുമ്പോള്‍ മണ്ണിനെക്കാള്‍ കൂടുതല്‍ കരി ഇലകള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം ഈ കരി ഇലകള്‍ പൊടിഞ്ഞു മണ്ണിനെ ഫലഭൂയിഷ്ടം ആക്കുമെന്ന് മാത്രമല്ല മണ്ണ് ഉറച്ചു കട്ടിയാകാതെ ചെടികള്‍ക്ക് നല്ല വേരോട്ടത്തിന്നു സഹായിക്കും

ഔഷധഗുണങ്ങള്‍

പ്രമേഹത്തിന് ഉത്തമ ഔഷധമായാണ് കയ്പക്ക കരുതിവരുന്നത്. പ്രമേഹത്തെ ശമിപ്പിക്കാന്‍ കഴിവുള്ള കരാന്‍റിന്‍ എന്ന രാസവസ്തു കയ്പക്കയില്‍ വേണ്ടവിധം അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഗ്ളൂക്കോസിന്‍റെ അളവ് വര്‍ധിപ്പിക്കാതെ നോക്കുകയാണ് ഇത് ചെയ്യുന്നത്. മദ്യപാനശീലം ഇല്ലാതാക്കാന്‍ പാവയ്ക്കക്ക് കഴിവുണ്ട്. എച്ച്‌.ഐ.വി. വൈറസിന്‍റെ വര്‍ധന തടയാനുള്ളശേഷി പാവയ്ക്കക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. ശീതവീര്യമുള്ള ഇത് ശരീരകലകളെ തണുപ്പിക്കാന്‍ കാരണമാകുന്നു. ആയുര്‍വേദത്തില്‍ വിരശല്യത്തിന്‍റെ മരുന്നാണ് കയ്പക്ക.

പിത്താശയസംബന്ധിയായ അസുഖങ്ങള്‍ക്കും മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ക്കും ഔഷധമാണ്. വയറിളക്കം മാറാനും കുഷ്ഠരോഗ ചികിത്സയിലും കയ്പക്ക ഉപയോഗിക്കുന്നുണ്ട്. മഞ്ഞപ്പിത്തം തടയാനും വാതസംബന്ധമായ അസ്വസ്ഥതകള്‍ കുറയക്കാനും കയ്പക്കനീര് നല്ലതാണ്. കാല്‍സ്യം, ചെമ്പ്,  സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങള്‍ കയ്പക്കയില്‍ അടങ്ങിയിരിക്കുന്നു.. കൂടാതെ വിറ്റാമിന്‍ എ., തയാമിന്‍, റൈബോ ഫ്ളവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും നികോട്ടിനിക് അമ്ലം, ഓക്സാലിക് അമ്ലം എന്നിവയും അടങ്ങിയിരിക്കുന്നു.

വീട്ടില്‍ കോളിഫ്ളവർ വിളയിക്കാം

ഗുണത്തിലും രുചിയിലും മുമ്പനാണ് കോളിഫ്ലവര്‍. പക്ഷേ, മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം വിഷകരമായിട്ടുള്ളതു കോളിഫ്ലവര്‍ തന്നെയാണ്. വിഷമുക്തമായ കോളിഫ്ലവര്‍ നമുക്ക് വീട്ടില്‍ തന്നെ നട്ടു വളര്‍ത്താം. തണുപ്പ് കാലാവസ്ഥയിലാണ് ഇത് നടേണ്ടത്. ഒരു ശീതകാല വിളവായതുകൊണ്ടു തന്നെ തണുപ്പ് കിട്ടുന്ന സ്ഥലത്ത് വേണം നടാന്‍. വിത്തുകളും തണ്ടുകളും ഉപയോഗിച്ച് കോളിഫ്ലവര്‍ കൃഷി ചെയ്യാവുന്നതാണ്.നന്നായി വളര്‍ന്നു നില്‍ക്കുന്ന കോളിഫ്ലവറിന്‍റെ തണ്ടുകള്‍ മുറിച്ചെടുക്കുക. അവ ഒരു ഗ്രോ ബാഗില്‍ നട്ട് പിടിപ്പിക്കണം. നന്നായി വളവും വെള്ളവും ചേര്‍ത്ത് കൊടുത്താല്‍ വളരെ പെട്ടെന്ന് തന്നെ വിളവ് കിട്ടും.

തണ്ടുകള്‍ ശ്രദ്ധിച്ച് വേണം മുറിച്ചെടുക്കാന്‍. കഴിയുന്നതും നല്ല ശക്തിയോടെ വളരുന്ന തണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കണം. വളവും ചാണകപ്പൊടിയും നിറച്ച ഗ്രോബാഗില്‍ നടുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ വൃത്തിയുള്ള തറയില്‍ മണ്ണ് കുഴിച്ച്, വളവും ചാണകപ്പൊടിയും നിറച്ച് നട്ടാലും മതി.തണ്ടുകള്‍ നടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഗ്രോ ബാഗിലേക്കു മാറ്റി നട്ട് കുറച്ച് ദിവസങ്ങള്‍ തണലത്തു വെച്ച ശേഷം മാത്രമേ സൂര്യ പ്രകാശം ലഭിക്കുന്ന ഇടത്തില്‍ വയ്ക്കാവൂ. വേരുകള്‍ ഉണ്ടായി ചെടി വളരാന്‍ തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ കൊടുക്കാം. ദിവസവും നനച്ചു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തറയില്‍ നടുമ്പോള്‍ കോഴിയൊന്നും ചെടിയെ നശിപ്പിക്കാത്ത വിധത്തില്‍ വേണം പരിചരിക്കേണ്ടത്. അധികമായി സൂര്യപ്രകാശം കൊള്ളിക്കരുത്. ഇലയില്‍ പുഴുക്കുത്ത് ഉണ്ടായി തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ആ ഇല മുറിച്ചു കളയണം. കൂടുതലുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ചുവട്ടില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ വിതറുന്നതും കീടങ്ങളെ അകറ്റും. അതുപോലെ, ഗോമൂത്രം, കാന്താരി മുളക് ലായനി നേര്‍പ്പിച്ചു സ്‌പ്രേ ചെയ്യുന്നതും ഗുണപ്രദമാണ്. കീടങ്ങളൊന്നും അടുത്തേക്ക് പോലും വരില്ല. രണ്ട് നേരം തണുത്ത വെള്ളം കോളിഫ്ലവറിന്‍റെ ചുവട്ടിലൊഴിച്ചാല്‍ വേഗം പൂവിടും.

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

ചെടിച്ചട്ടിയില്‍ ഔഷധച്ചെടികള്‍ വളര്‍ത്താം

ഇന്നത്തെ കാലത്ത് ആളുകള്‍ കൂടുതലായും താമസിക്കുന്നത് അപ്പാര്‍ട്ട്മെന്‍റുകളിലാണ്. അതിനാല്‍, പൂന്തോട്ടം ഒരുക്കുവാനുള്ള സ്ഥലം ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഇപ്പോഴും തങ്ങളുടെ വീടിന്‍റെ പുറകിലായി ഒരു അടുക്കളത്തോട്ടമെങ്കിലും കാണും. പൂന്തോട്ടമൊരുക്കുവാന്‍ താല്പര്യമുള്ള ആളായിട്ടും അതിനായി സ്ഥലം ലഭ്യമല്ലാത്തവര്‍ക്ക് വീടിനകത്ത് ചെടച്ചട്ടികളില്‍ ഔഷധച്ചെടികള്‍ വളര്‍ത്താം. വീടിനകത്ത് ചെടികളുടെ പച്ചപ്പ്‌ വന്നാല്‍ അത് നിങ്ങളുടെ മുറിയുടെ അകംഭംഗി വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല, കണ്ണുകള്‍ക്ക് കുളിര്‍മ്മയും നല്‍കുന്നു. അത് കൂടാതെ, സ്വാദുള്ള ഭക്ഷണവും ഇത് നിങ്ങള്‍ക്ക് നല്‍കുന്നു.

പനിക്കൂര്‍ക്ക ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തുകയാണെങ്കില്‍, അവ നിങ്ങളുടെ പിസ്സയിലും സൂപ്പിലുമെല്ലാം ചേര്‍ത്ത് സ്വാദ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇതുപോലെ ചട്ടിയില്‍ വളര്‍ത്താവുന്ന ഒരുപാട് പ്രയോജനകരമായ ഔഷധച്ചെടികളുണ്ട്. പുതിന, തുളസി എന്നിവ ഉദാഹരണം. ഇവ വീടിനകത്ത് വളര്‍ത്തുമ്പോള്‍ അവയുടെ പച്ചപ്പും പ്രത്യേക സുഗന്ധവും നിങ്ങളില്‍ കുളിര്‍മ്മയേകുകയും ചെയ്യുന്നു.

ചെടിച്ചട്ടിയില്‍ ഇവ വളര്‍ത്തുന്നതിന്‍റെ ഒരു പ്രധാന ഗുണം എന്തെന്നാല്‍, ഓരോ ചെടിയ്ക്കും ആവശ്യമായ മണ്ണ് അതാത് ചട്ടികളില്‍ നിറയ്ക്കാം എന്നതാണ്. കൂടാതെ, അത് ഏത് എത് സ്ഥലത്തേക്ക് വേണമെങ്കിലും മാറ്റിവയ്ക്കാനും എളുപ്പത്തില്‍ വെള്ളം നനയ്ക്കുവാനും സാധിക്കുന്നു. ശരിയായ രീതിയില്‍ ചെടിച്ചട്ടികള്‍ വീടിനകത്ത് വയ്ക്കുകയാണെങ്കില്‍ അത് വീടിന്‍റെ മനോഹാരിതയ്ക്കും മാറ്റ് കൂട്ടുന്നു. വീട്ടില്‍ വളര്‍ത്തുവാന്‍ ഉത്തമമായ ഔഷധച്ചെടികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം

പുതിന: വളര്‍ന്നു പന്തലിക്കാന്‍ അധികം സമയം വേണ്ടാത്ത ചെടിയാണിത്. ചായ ഉണ്ടാക്കുവാനും, ചട്ടിണി ഉണ്ടാക്കുവാനും, സൂപ്പിലും മറ്റും ഉപയോഗിക്കുവാനും ഉത്തമമാണ് പുതിനയില. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വളര്‍ത്താവുന്നതാണ് പുതിനച്ചെടി. ചട്ടികളില്‍ വളര്‍ത്തുവാന്‍ ഏറ്റവും നല്ല ഔഷധച്ചെടികളില്‍ ഒന്നാണിത്. നാരങ്ങയുടെ വാസനയുള്ള ഈ ചെടി നിങ്ങളുടെ വീടിന് പച്ചപ്പ്‌ നല്‍കുന്നു.ചെറിയ പച്ചിലകളും സുഗന്ധമുള്ള ചെറിയ പൂവുകളും ഇവയെ കാഴ്ചയില്‍ മനോഹരമാക്കുന്നു. പെട്ടെന്ന് വളരുന്ന ഈ ചെടി ഇടയ്ക്ക് വെട്ടി ഒതുക്കി പരിപാലിക്കേണ്ടതാണ്. ഇതിന് 4-5 മണിക്കൂര്‍ നേരത്തേക്ക് സൂര്യപ്രകാശവും നനഞ്ഞ മണ്ണും മാത്രമേ ആവശ്യമുള്ളു. വസന്ത കാലത്ത് വിടരുന്ന ഇവയുടെ പൂക്കള്‍ മനോഹരമാണ്.

അയമോദകം: വളര്‍ത്തുവാന്‍ ക്ഷമ അത്യാവശ്യമാണ്. കാരണം, ഇവ വിത്തില്‍ നിന്ന് പൊട്ടിവിടരാന്‍ കുറച്ച് സമയം എടുക്കും. എന്നാല്‍, ഇവ വളരാന്‍ തുടങ്ങിയാല്‍ രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ഇലകളും പൂക്കളും ലഭിക്കുന്നതാണ്. അതുകൊണ്ട് വേഗം തന്നെ ഒരു ചട്ടി എടുത്ത് അയമോദക വിത്തുകള്‍ നട്ടോളൂ.

തുളസിക്ക് ഇളംചൂട്‌ ഇഷ്ടമാണെങ്കിലും അത് നേരിട്ടുള്ള സൂര്യപ്രകാശം എല്‍ക്കുകയാണെങ്കില്‍ വാടിപ്പോകും. അതുകൊണ്ട് സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത, എന്നാല്‍  ഇളംചൂട്‌ ലഭിക്കുന്ന സ്ഥലത്ത് ഇവ വയ്ക്കുക. ജൂണ്‍ മാസമാണ് തുളസി നടുവാനുള്ള ഏറ്റവും നല്ല സമയം. നന്നായി ഉണങ്ങിയ മണ്ണില്‍ വേണം തുളസി നടുവാന്‍. ജലാംശം ഉണ്ടെങ്കില്‍ അത് തുളസിയുടെ വേരിനെ നശിപ്പിക്കുന്നതാണ്.

വര്‍ഷം മുഴുവന്‍ ഉദ്യാനത്തിന് ഭംഗിയേകാന്‍ അലങ്കാരചെടി വളര്‍ത്താം

വര്‍ഷത്തില്‍ മുഴുവന്‍  ദിവസവും  ഉദ്യാനത്തെ വര്‍ണ്ണമാക്കി, സദാ നിറം പകര്‍ന്ന് നില്‍ക്കുന്ന ഒരു അലങ്കാരച്ചെടിയാണ് കോര്‍ഡിലൈന്‍ എന്നാണ് ഉദ്യാനപാലകര്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്നത്. മുഴുവന്‍ പേര് കോര്‍ഡിലൈന്‍ ടെര്‍മിനാലിസ് എന്നാണ്. ഇപ്പോള്‍ ഇതു തന്നെ കോര്‍ഡിലൈന്‍ ഫ്രൂട്ടിക്കോസ എന്ന പേരിലും അറിയപ്പെടുന്നു.  ഉദ്യാനങ്ങളിലും ചട്ടികളിലൊതുക്കി വളര്‍ത്തിയാല്‍ ഗൃഹാന്തര്‍ഭാഗങ്ങളിലും വളര്‍ത്താന്‍ യോജിച്ച മനോഹരിയായ ഈ അലങ്കാര ഇലച്ചെടിക്ക് വീട്ടിലേക്ക് ഭാഗ്യം കൊണ്ടുണ്ടുവരുന്നത് എന്നയര്‍ത്ഥത്തില്‍ ഗുഡ് ലക്ക് പ്ലാന്റ് എന്നും ഓമനപ്പേരുണ്ട്. ചന്തം വഴിഞ്ഞൊഴുകുന്ന അത്യാകര്‍ഷകമായ ഇതിന്‍റെ  ഇലച്ചാരുത ഏറെ വശ്യവും ഏത് സസ്യജാലത്തിനിടയില്‍ പോലും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതുമാണ്.

ഇലകള്‍ക്ക് ഒന്നുകില്‍ നല്ല കടുത്ത ചുവപ്പ് നിറം; അല്ലെങ്കില്‍ ചെമ്പുകലര്‍ന്ന പച്ചനിറവും അതില്‍ ചുവന്ന ഷെയിഡും; വളരും തോറും ഇലകളുടെ നിറം കൂടുതല്‍ വ്യക്തമാകുകയും തെളിയുകയും ശ്രദ്ധേയമാകുകയും ചെയ്യുന്നു. നമുക്ക് ഏറെ പരിചിതയായ ഡ്രസീന എന്ന ഇലച്ചെടിയുടെ ബന്ധുവാണിത്. ടൈ പ്ലാന്റ്, ഹവായിയന്‍ ടൈ, കോര്‍ഡിലൈന്‍, ഗുഡ്‌ലക്ക് പ്ലാന്‍റ് എന്നിങ്ങനെ ഇതിന് വിളിപ്പേരുകള്‍ നിരവധിയുണ്ട് നിത്യഹരിതസ്വഭാവമുള്ള ചെടിയാണിത്. ശിഖരങ്ങളുണ്ടാകില്ല. പരമാവധി 3 മീറ്റര്‍ വരെ ഉയരത്തില്‍ വളരാം. എങ്കിലും ഉയരം കുറച്ച് ഒരു ചെറിയ അലങ്കാര ഇലച്ചെടിയായി ഇതിനെ നിര്‍ത്തുകയാണ് വീട്ടുവളപ്പിലും മറ്റും വളര്‍ത്താന്‍ നന്ന്. വലിയ ഉയരത്തില്‍ പോയി തടി തിരിയാന്‍ അനുവദിക്കേണ്ടതില്ല. ഇലകള്‍ക്ക് 30 മുതല്‍ 50 സെന്‍റിമീറ്റര്‍ വരെ നീളമുണ്ടാകും. 10-15 സെ. മീറ്റര്‍ വീതിയും. ഇവയ്ക്ക് നേരത്തെ സൂചിപ്പിച്ചതുപോലെ തിളങ്ങുന്ന പച്ച, പര്‍പ്പിള്‍ കലര്‍ന്ന കടുംചുവപ്പ്, പര്‍പ്പിള്‍, ചുവപ്പ്, മഞ്ഞ, വെള്ള എന്നിവയുടെ വര്‍ണ്ണമിശ്രിതങ്ങള്‍ ഇങ്ങനെ നിറവൈവിധ്യമാകാം. വളര്‍ന്ന ചെടികളില്‍ തണ്ടിന്‍റെ  അഗ്ര’ഭാഗത്ത് കൂട്ടമായാണ് ഇലകള്‍ വളരുക. ചെറുചെടികളിലാണെങ്കില്‍ തണ്ടിന്‍റെ ചുറ്റുവട്ടത്തും ഇലകളുണ്ടാകുന്നത്.. പൂര്‍ണമായി വളര്‍ച്ചയെത്തിയ ചെടികളില്‍ മഞ്ഞയോ, ചുവപ്പോ നിറത്തില്‍ പൂക്കളും ഉണ്ടാകും; പൂക്കള്‍ 30 സെ. മീറ്റര്‍ നീളമുള്ള പൂത്തണ്ടതില്‍ കുലപോലെ പിടിച്ചു നില്‍ക്കും. മധുരഗന്ധമുള്ളവയാണ് പൂക്കള്‍. ക്രമേണ ഇവ ചുവന്ന കായ്കളായും രൂപാന്തരപ്പെടും.

ചെടിച്ചുവട്ടിലെ കിഴങ്ങില്‍ നിന്ന് തുടരെ മുളപൊട്ടി അമ്മച്ചെടിയുടെ സമീപത്തോ അതിനോടു ചേര്‍ന്നോ തൈകളും ധാരാളം വളരാനിടയുണ്ട് . തെക്കുകിഴക്കന്‍ ഏഷ്യയാണ് ഈ അലങ്കാര ഇലച്ചെടിയുടെ ജന്മസ്ഥലം. ഇവിടെ നിന്നാണ് ഇത് ലോകത്തിന്‍റെ ഇതര കോണുകളിലേക്ക് വ്യാപിച്ചത്. അതും ചെടിയുടെ ഭംഗി കണ്ടിട്ടായിരുന്നില്ല. ഇതിന്‍റെ അന്നജം നിറഞ്ഞ കിഴങ്ങ് ഭക്ഷ്യയോഗ്യമായതിനാല്‍ അതിനുവേണ്ടി വിവിധസ്ഥലങ്ങളില്‍ കൊണ്ടു പോയതുവഴിയാണ് കോര്‍ഡിലൈന്‍ പല’ഭാഗത്തും യാദൃച്ഛികമായി എത്തിച്ചേരുന്നത്. വളര്‍ച്ചയില്‍ വ്യത്യസ്തത പുലര്‍ത്താനാകുന്ന തിനാല്‍  രണ്ടുതരത്തില്‍ ഈ ചെടിക്ക് ഉദ്യാനപ്രേമികള്‍ക്കിടയില്‍ വിപണിയുണ്ട്. ഇതിന്‍റെ തന്നെ ഉയരം കുറഞ്ഞ ചെറിയ ഇനങ്ങള്‍ ചെറുതും ഇടത്തരവും ചട്ടികളില്‍ വളര്‍ത്തി അലങ്കാര ഇലച്ചെടികളായി ഗൃഹാന്തര്‍’ഭാഗങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു.

കുറച്ചുകൂടി ഉയരത്തില്‍ വളര്‍ത്തിയ ഇനങ്ങളാകട്ടെ 14 ഇഞ്ചുവരെ വലിപ്പമുള്ള ചട്ടികളില്‍ ക്രമീകരിച്ച് വന്‍തോതി ലുള്ള അകത്തള ചാരുതയ്ക്കും ലാന്‍ഡ് സ്‌കേപ്പിങ്ങ് എന്ന ഭൂദൃശ്യചാരുതയ്ക്കും വേണ്ടി പ്രയോജനപ്പെടുത്തി. കോര്‍ഡിലൈന്‍ എന്ന വിസ്തൃതമായ ജനുസില്‍ എതാണ്ട് പത്തൊന്‍പതോളം സ്പീഷിസുകള്‍ ഉണ്ട്. ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണ അമേരിക്ക, ഹവായ്ദ്വീപുകള്‍ എന്നിവിടങ്ങളിലെല്ലാം ഇന്ന്  ഇത് സര്‍വ സാധാരണമാണ്. കോര്‍ഡിലൈന്‍ എന്ന വാക്കു തന്നെ കൊര്‍ഡൈല്‍ എന്ന ഗ്രീക്കുപദത്തില്‍ നിന്നു ഉദ്ഭവിച്ചതാണ്. ഗദ എന്നാണിതിനര്‍ത്ഥം. ഗദയുടെ ആകൃതിയിലുള്ള വലിയ വിത്തുകിഴങ്ങിന്‍റെ സൂചകമായിട്ടാണ് ഇതിന് ഈ പേര് നല്‍കിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രിയവും പ്രചാരവും നേടിയ ഇനമാണ് കോര്‍ഡിലൈന്‍ ടെര്‍മിനാലിസ് എന്ന ഇലച്ചെടി, ഇതിന് പ്രധാനകാരണം ഒരു അലങ്കാര ഇലച്ചെടി എന്ന നിലയില്‍ ചട്ടിയില്‍ വളര്‍ത്തിയെടുത്ത് ഗൃഹാന്തര്‍ ഭാഗങ്ങള്‍ പ്രകാശമാനമാക്കാനുള്ള ഇതിന്‍റെ  ആപൂര്‍വ്വ സിദ്ധി തന്നെ എന്നു പറയാം.

അകത്തളത്തിലാണ് വയ്ക്കാനുദ്ദേശിക്കുന്നതെങ്കില്‍ സാമാന്യം വലിപ്പമെത്തിയ ഒരു ചെടി തന്നെ തെരഞ്ഞെടുക്കുകയാണുത്തമം ഇതിന് 11/2 മീറ്റര്‍ വരെ ഉയരമാകാം; അങ്ങനെയായാല്‍ ഒരു ചെറിയ വര്‍ണ്ണാഭമായ വൃക്ഷം തന്നെ ഗൃഹാന്തര്‍ ഭാഗത്ത് വളര്‍ന്നു നില്‍ക്കുന്ന പ്രതീതി ഇത് സൃഷ്ടിക്കും. ജനാലക്കടുത്ത് പരോക്ഷമായി ( വലിയ വെളിച്ചം) വെളിച്ചം കിട്ടുന്നിടത്ത് വച്ചാല്‍ നന്ന്. എങ്കിലും വീടിനു പുറത്ത് വളരുന്നത്ര വര്‍ണവൈഭവം ഇതിന് ലഭിച്ചു കൊള്ളണമെന്നില്ല. ഇടയ്ക്ക് ഒരു ഹാന്‍ഡ് സ്‌പ്രേയര്‍  കൊണ്ട് ഇലകളൊക്കെ വെള്ളം തളിച്ച് നേരിയ നടവോടെ വൃത്തിയാക്കി സൂക്ഷിക്കണമെന്നു മാത്രം. നല്ല വെയിലത്തും ഭാഗികമായ തണലത്തും കോര്‍ഡിലൈന്‍ വളര്‍ത്താം.

അന്തരീക്ഷത്തിലെ ഈര്‍പ്പവും മണ്ണിലെ നനവും ഇതിനിഷ്ടമാണ്. അതു കൊണ്ടുതന്നെ വരണ്ട കാലാവസ്ഥയില്‍ നന്നായി നനയ്ക്കം. എങ്കിലും നനകള്‍ക്കിടയ്ക്ക് ഇടവേള നല്‍കാന്‍ മറക്കരുത്. തെളിഞ്ഞ സൂര്യപ്രകാശമാണ് എപ്പോഴും ഇതിന്‍റെ ഇലകള്‍ക്ക് അതിന്‍റെ  മുഴുവന്‍ വര്‍ണ്ണചാരുതയും പ്രകടിപ്പിക്കാന്‍ പ്രേരകമാകുന്നത്. തണ്ട് മുറിച്ചുനട്ടാണ് സാധാരണയായി പുതിയ ചെടി വളര്‍ത്തുന്നത്. 7 മുതല്‍ 12 സെ. മീറ്റര്‍ വരെ നീളത്തില്‍ മൂത്ത തണ്ടു മുറിച്ച് ഇലകളെല്ലാം നീക്കി മണലില്‍ നടുന്നു. തണ്ടിലെ  മുകുളങ്ങളില്‍ നിന്ന് പുതുവളര്‍ച്ചയുണ്ടാകും. ശിഖരങ്ങളില്‍ നാലു മുതല്‍ ആറിലകള്‍ വരെയാകുമ്പോള്‍ അത് മുറിച്ച് പോട്ടിങ്ങ് മാധ്യമത്തില്‍ നട്ട് വളര്‍ത്താം. ഇതിന് നാലുമാസത്തെ സാവകാശം നല്‍കണം.നിരവധി ഇനങ്ങള്‍ ഇന്ന് കോര്‍ഡിലൈനില്‍ നിലവിലുണ്ട്. ഇവയെല്ലാം ഇലച്ചാര്‍ത്തിന് പേരെടുത്തതുമാണ്.

ഇതിലൊന്നാണ് ഇംപെരാലിസ്. ഇതിന്‍റെ ഇലകളില്‍ ചുവപ്പും പിങ്കും നിറങ്ങളുണ്ട് അമാബലിസ്  എന്ന ഇനത്തിന്‍റെ ഇലകള്‍ക്ക് മുട്ടയുടെ ആകൃതിയാണ്. വീതിയുള്ള ഇവയില്‍ പിങ്കും വെള്ളയും പുള്ളികളാണ് വേറിട്ട കാഴ്ചയാകുന്നത്. ബാപ്റ്റിസി എന്ന ഇനത്തിനാകട്ടെ അല്പം വളഞ്ഞ ഇലകളാണുള്ളത്. ഇവയില്‍ പിങ്കും മഞ്ഞയും വരകളാണ് പ്രത്യേകത. പിങ്ക് നിറത്തില്‍ അരികു തിരിച്ച ഇലകളാണ് ഹൈബ്രിഡ് എന്ന ഇനത്തിന്‍റെ സവിശേഷത. ഇനി ത്രിവര്‍ണ്ണ ഇനമായ ട്രൈകളറും നിലവിലുണ്ട് ഇതില്‍ പച്ച, പിങ്ക്, ക്രീം കലര്‍ന്ന മഞ്ഞ എന്നിങ്ങനെ സുവ്യക്തമായിത്തന്നെ മൂന്നു നിറത്തിലും വരകള്‍ കാണാം. കടുത്തചുവന്നപര്‍പ്പിള്‍ നിറമുള്ള ഇലകളില്‍ മങ്ങിയ നിറത്തില്‍ ഞരമ്പുകള്‍ കാണാവുന്ന ഫയര്‍ ബ്രാന്‍ഡ് എന്ന ഇനമാണ് മറ്റൊന്ന്. വെറും 60 സെ. മീറ്റര്‍ മാത്രം ഉയരത്തില്‍ വളരുന്ന ബേബി ടൈ എന്ന കുഞ്ഞന്‍ ഇനത്തിന്‍റെ ഇലകള്‍ക്ക് ചെമ്പു നിറമാണ് അരികുകളില്‍ പ്രകടമായി കാണാവു ന്നത്.

ഒരു മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഹവായിയന്‍ ബോണ്‍ സായ് എന്ന ഇനത്തിന് കടും ചുവപ്പുനിറമുള്ള ഇലകളുണ്ട്. ഇതേ ഉയരം തന്നെയുള്ള മറ്റൊരിനമായ മാര്‍ഗ്രെറ്റ് സ്റ്റോറി ആകട്ടെ ചെമ്പും ചുവപ്പും പിങ്കും നിറങ്ങള്‍ വാരിവിതറിയ ഇലകളുമായി നിന്നാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. കോര്‍ഡിലൈന്‍ ചെടിയുടെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത അതിന്‍റെ  അത്യാകര്‍ഷകമായ ഇലകള്‍ ചെടിയില്‍ത്തന്നെ ഓന്നോ രണ്ടോ വര്‍ഷം വരെ പിടിച്ചു നില്‍ക്കും എന്നതാണ്. വേനല്‍ കനക്കുന്നവേളയില്‍ ചുവടു’ഭാഗത്തെ ഇലകള്‍ പൊഴിഞ്ഞേക്കാന്‍ മതി.

അതുപോലെ തന്നെ ചെടി അധികം ഉയരത്തില്‍ വളരുന്നു എന്നു കണ്ടാല്‍ മുകള്‍’ഭാഗം  മുറിച്ച് മണ്ണില്‍ കുത്തി പുതിയ തൈകള്‍ തയാറാക്കാം. നാലുമാസത്തെ വളര്‍ച്ചയാകുമ്പോള്‍ ശരിയായി പോട്ടിങ് മിശ്രിതം നിറച്ച വലിയ ചട്ടികളിലേക്ക് മാറ്റി നടണം. ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ കൃത്യമായി വളപ്രയോഗം നടത്തുന്നതോടൊപ്പം മുകള്‍’ഭാഗത്തെ മേല്‍മണ്ണും മറ്റും എല്ലാവര്‍ഷവും നീക്കി പുതിയ മിശ്രിതം നിറയ്ക്കാനും മറക്കരുത്.വീടിന് ഭാഗ്യം വരുത്തും എന്നത് വിശ്വാസമാണെങ്കില്‍ മറ്റൊരു യാഥാര്‍ത്ഥ്യം കോര്‍ഡിലൈന്‍ ചെടിയെക്കുറിച്ചുണ്ട്. അന്തരീക്ഷത്തിലെ എണ്ണയുടെയും വാതകങ്ങളുടെയും അമിതമായ മലിനീകാരക അംശങ്ങള്‍ ഈ ചെടി ആഗിരണം ചെയ്യും; ഉദ്യാനങ്ങള്‍ക്കും ഗൃഹാന്തര്‍ ഭാഗങ്ങള്‍ക്കും അഴുക് പകരുക എന്ന പ്രാഥമിക ഉപയോഗത്തിനു പുറമെ മറ്റ് നിരവധി ഉപയോഗങ്ങളും ഗുഡ് ലക്ക് പ്ലാന്‍റിനുണ്ട്.

ഇതിന്‍റെ ഇലകള്‍ ഹവായിയില്‍ നൃത്തവേളകളിലെ വസ്ത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചുവരുന്നു. ഹവായിയന്‍ ഹുല എന്നാണ് ഈ പ്രത്യേക പാവാടയുടെ പേര്. വലിയ ആത്മീയശക്തി ഇതിന്‍റെ ഇലകള്‍ക്കുണ്ട് എന്ന വിശ്വാസത്തില്‍ പുരോഹിതര്‍ ആചാരകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ ഇതിന്‍റെ ഇലകള്‍ കഴുത്തിനുചുറ്റും ധരിക്കുന്ന പതിവുണ്ടായിരുന്നു.

രാമച്ചം മണ്ണൊലിപ്പകറ്റുന്ന കാവൽഭടൻ

മഴ പെയ്യുന്നത്‌ കാണാൻ ഭംഗിയാണ്‌. പുതുമഴ പെയ്യുമ്പോഴുള്ള മണ്ണിന്‍റെ മണവുംമലയാളികൾക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌. എന്നാൽ മഴ പെയ്യുമ്പോൾ മണ്ണിന്‌എന്ത്‌ സംഭവിക്കുന്നു എന്ന്‌ ചിന്തിച്ചിട്ടുണ്ടോ? മഴക്കാലത്തുണ്ടാകുന്ന മണ്ണൊലിപ്പ്‌ മണ്ണിലടങ്ങിയിരിക്കുന്ന ധാതുലവണങ്ങളെ അപ്പാടെ ഒഴുക്കി കളയും. കൃഷിയിടങ്ങളിൽ ഇങ്ങനെയുള്ള മണ്ണൊലിപ്പ്‌ കർഷകർക്ക്‌ ദുരിതം വിതയ്ക്കാറുണ്ട്‌. മണ്ണൊലിപ്പിനെത്തുടർന്ന്‌ കാർഷിക സൗഹാർദ്ദമായ മൂലകങ്ങൾ മണ്ണിൽ നിന്ന്‌ അകലുമ്പോൾ നൈട്രജൻ മൂലകം അടങ്ങിയ പയർ തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ച്‌ ആദ്യം മുതൽ മണ്ണിനെ ഫലഫൂയിഷ്ടമാക്കാനുള്ള ശ്രമങ്ങളിലേക്കാണ്‌ കർഷകർ കടക്കുക.
കാർഷിക പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ ഈ മണ്ണൊലിപ്പ്‌ തടയാൻ പലവിധ മാർഗ്ഗങ്ങൾ കാർഷിക പഠനങ്ങളിലൂടെ ശാസ്ത്രലോകംകണ്ടെത്തിയിട്ടുണ്ട്‌.  ഇന്ന്‌ മഴയത്തൊലിക്കുന്ന മണ്ണും വെളളവും നാളെ അറബിക്കടലിലെത്തും എന്നതാണ്‌ കേരളത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി. തറയോടുകൾ കൊണ്ട്‌ നിലങ്ങൾ പാകി മഴവെള്ളം ഭൂഗർഭത്തിലേയ്ക്ക്‌ എത്താതിരിക്കുകയും മരങ്ങൾ വെട്ടി നശിപ്പിച്ച്‌ മഴത്തുള്ളിയുടെ അളവ്‌ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മണ്ണൊലിപ്പ്‌ നാൾക്കുനാൾ വർധിക്കുക തന്നെ ചെയ്യും. ഇനിയും ഇത്‌ തുടരാനനുവദിച്ചാൽ ഇന്ത്യയുടെ തെക്കേയറ്റത്ത്‌ ഒരു മരൂഭൂമി കൂടി സൃഷ്ടിക്കപ്പെടുകയാവും ഫലം. അനന്തര തലമുറകൾക്ക്‌ കൈമാറിക്കൊടുക്കേണ്ട അമൂല്യസമ്പത്താണീ ഭൂമി എന്ന തിരിച്ചറിവു വ്യാപകമായിക്കൊണ്ടിരിക്കെ, മണ്ണും, ജലവും സംരക്ഷിക്കാനുളള  പ്രകൃത്യാനുകൂല മാർഗ്ഗങ്ങൾ കണ്ടെത്താൻ പ്രകൃതിയിൽ തന്നെ തിരയേണ്ടിരിക്കുന്നു.
മുഖകാന്തി  സംരക്ഷിക്കുന്നതിലും കേശസംരക്ഷണത്തിലും കുടിവെള്ളം തിളപ്പിക്കുന്നതിൽപ്പോലും നാം നിത്യേന ഉപയോഗിക്കുന്ന രാമച്ചം പോലുള്ള ചെടികൾ മണ്ണൊലിപ്പിനെ തടഞ്ഞു നിർത്തുമെന്ന്‌ പരിസ്ഥിതി പഠനങ്ങളിൽ പറയുന്നു.രാമച്ചത്തിൽ കാണപ്പെടുന്ന നാരുവേരുകളാണ്‌ ഇതിനു കാരണം. മണ്ണിന്‍റെയും ജലത്തിന്‍റെയും സംരക്ഷണം വേർപിരിക്കാനാവാത്ത വിധം ഇഴപിരിഞ്ഞതായതിനാൽ മണ്ണുസംരക്ഷണത്തിനൊപ്പം മലഞ്ചെരുവുകളിലെ ജലസംരക്ഷണത്തിനും ഇവ സഹായകമാണ്‌. രാമച്ചം പോലെ, മണ്ണു സംരക്ഷണത്തിനു യോജിച്ച സസ്യങ്ങൾ ദുർലഭമാണ്‌. രാമച്ചത്തിന്‍റെ സ്വാഭാവിക വാസഭൂമിയാണ്‌ കേരളം എന്നതിനാൽ ഇവനട്ടുപിടിപ്പിക്കാനും വളർത്താനും ഏറെ എളുപ്പമാണ്‌.
രാമച്ചം നടുന്നതിനും പ്രത്യേക രീതിയുണ്ട്‌. ഇവ നടുന്നത്‌ ഒരേനിരപ്പിലായിരിക്കണം. നടുമ്പോൾ കടയിൽ നിന്നും 15-20 സെ മീ ഉയരത്തിൽ വച്ച്‌ മുറിച്ചു കളയയുകയും വേണം. രാമച്ചം പത്ത്‌ സെന്‍റീമീറ്ററോളം നീളം നിർത്തിവേരുകളും മുറിച്ചതിനുശേഷം 15 സെന്‍റീമീറ്റർ അകലത്തിൽ നട്ടാൽ പെട്ടെന്നു വളരുകയും ചെയ്യും. രാമച്ചം നട്ടു മണ്ണ്‌ സംരക്ഷിക്കുന്നതിനു മുമ്പ്‌ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം. രാമച്ചമൊരു കളയായി കൃഷിഭൂമിയെ ബാധിക്കുമെന്നത്‌ വെറും തെറ്റിദ്ധാരണ മാത്രമാണെന്നും വിളകളുടെ വളർച്ചയെ അവ പ്രതികൂലമായി ബാധിക്കില്ലെന്നും ഉളളതിന്‌ നിരവധി ഗവേഷണ സാക്ഷ്യങ്ങളുണ്ട്. രാമച്ചത്തിന്‍റെ നിബിഢ വേരുപടലം മണ്ണിലേക്കാഴ്‌ന്നിറങ്ങി ഏറ്റവും അടിയിൽ ലഭ്യമായ പോഷകങ്ങളാണ്‌ ആഗിരണം ചെയ്യുക. അതിനാൽ തന്നെ രാമച്ചത്തിന്‌ അതിശക്തമായ ഉണക്കിനെപ്പോലും അതിജീവിക്കാനുളള കഴിവുമുണ്ട്‌. വെളളപ്പൊക്കംമൂലം മറ്റുളള വിളകളെല്ലാം നശിപ്പിക്കപ്പെട്ട സാഹചര്യത്തിലും രാമച്ചം മണ്ണിന്‍റെ രക്ഷകനായി നിലനിൽക്കുമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഏതാനും മുളകളെങ്കിലും നശിപ്പിക്കപ്പെടാതെ മണ്ണിനടിയിൽ സംരക്ഷിക്കപ്പെട്ടിരിക്കും എന്നതിനാൽ കാട്ടുതീയ്ക്കുപോലും രാമച്ചത്തെ നശിപ്പിക്കാനാവില്ല.രാമച്ചത്തിന്‍റെ വേരുകളിൽ നിന്ന്‌ ലഭിക്കുന്ന സുഗന്ധ തൈലം കീടങ്ങളെയും എലികളെയും അകറ്റി നിർത്താൻ സഹായകവുമാണ്‌. ഇതിനാൽ രാമച്ചം മണ്ണിന്‍റെ കാവൽ ഭടൻ തന്നെയാണ്‌

മുരിങ്ങ: ജീവന്‍റെ വൃക്ഷം

മുരിങ്ങ കേരളത്തിൽ ഏറ്റവും അധികം കൃഷിചെയ്യുന്ന പച്ചക്കറിയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെറുമരമാണ് മുരിങ്ങ. ഈ ചെടിയിൽ നിന്ന് ഉണ്ടാകുന്ന കായ്ഫലമാണ്‌ മുരിങ്ങക്ക. ദക്ഷിണ ഇന്ത്യയിലെ മിക്ക വീട്ടു വളപ്പിലും മുരിങ്ങ ചെടി കണ്ടു വരുന്നു.കാറ്റിന്‍റെ സഹയത്താൽ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌.5-10. 5-5 പത്ത്മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോടു കൂടി  വളരുന്ന ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്‍ക്ക്  പ്രയോജനപ്രദമാണ്. ഇതിന്‍റെ പൂവും,കായും ഭക്ഷ്യയോഗ്യമാണ്. ധാരാളം ധാതുക്കളും, വിറ്റാമിനുകളും  മുരിങ്ങക്കയിൽ അടങ്ങിയിരിക്കുന്നു. പച്ചക്കറികളിൽ ഏറ്റവും അധികം വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മുരിങ്ങയിലയിലാണ്.വൈറ്റമിൻ എ, സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ  സമൃദ്ധമായ ഉറവിടമാണ് മുരീങ്ങയില.

ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയ ഗവേഷണങ്ങളും  ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌.  ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, ക്യാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾ ക്കൊണ്ട്‌ മുരിങ്ങയെ ജീവന്‍റെ  വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.. വേര്, തൊലി, ഇല, കായ്, പൂവ് എന്നിവയാണ് മുരിങ്ങയിലെ ഔഷധ യോഗ്യമായ ഭാഗം.

ഔഷധമൂല്യമുള്ള ഇരട്ടിമധുരം

ഇരട്ടിമധുരം വള്ളി വർഗ്ഗത്തില്‍പ്പെട്ട ഒരു ഔഷധസസ്യമാണ്‌. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ്‌ ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു.ഇന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും,ഹിമാലയസാനുക്കൾ എന്നിവടങ്ങളിലും കണ്ടു വരുന്നു.ഇതിന്‍റെവേര്, മൂലകാണ്ഡം എന്നിവയാണ് ഓഷധയോഗ്യമായ ഭാഗങ്ങൾ.വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു.ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്തരച്ച്  തീപൊള്ളൽ ഏറ്റഭാഗത്ത്‌ ഇടുന്നത് നല്ലതാണ്.5 ഗ്രാം വീതം  ഇരട്ടിമധുരം കാടിയിൽ അരച്ച് കഴിക്കുന്നത്‌ മൂത്രത്തിലെ കല്ലിനെ നശിപ്പിക്കും.ഔഷധങ്ങളിൽ ചേർക്കുന്ന സുന്നാമുക്കി അമോണിയം ക്ലോറൈഡ്, ടർപ്പന്‍റെയിൻ തുടങ്ങിയവയുടെ രൂക്ഷഗന്ധം കുറയ്ക്കുന്നതിന്‌ ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ, തൊലികളഞ്ഞ് എടുക്കുന്ന ഇരട്ടിമധുരത്തിന്‍റെ പൊടി ചേർത്ത് വേദനസംഹാരിയായ ഔഷധങ്ങൾ ഉണ്ടാക്കുന്നു. തൊലി കളയാത്ത ഇരട്ടിമധുര‍ത്തിന്‍റെ പൊടിയിൽ ക്ലോറോഫോം ദ്രാവകവും ആൾക്കഹോളും നിശ്ചിത അനുപാതത്തിൽ ചേർത്ത് ദ്രാവകരൂപത്തിലുള്ള ഔഷധവും ഉണ്ടാക്കുന്നു –

കറുവ കൃഷി രീതി

കറുവയുടെ വ്യാവസായിക പ്രാധാന്യമുള്ള ഭാഗം ഇളം കമ്പുകളിൽ നിന്നും വേർപെടുത്തി സംസ്കരിച്ചെടുക്കുന്ന തൊലിയാണ്. ഇന്ത്യയിൽ കറുവയുടെ നാലു പ്രധാന ഇനങ്ങളാണുള്ളത്. – സിലോൺ സിന്നമൺ – കാഷ്യ അഥവാ ചൈനീസ് സിന്നമൺ  വഴന – പച്ചില  ഇവയില്‍  ഗുണക്കൂടുതലുള്ളത് കാഷ്യ എന്ന പേരിലുള്ള സിലോൺ സിന്നമണിനാണ്. കാഷ്യ വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലും കൃഷി ചെയ്തുവരുന്നു. വഴന കൃഷി ചെയ്യാറില്ല. എന്നാൽ കാട്ടിലും നാട്ടിലും താനേ വളർന്നുനിൽക്കുന്ന മരങ്ങൾ ധാരാളമായി കാണാം. ഇതിന്‍റെ  തൊലി കറുവയിൽ മായം ചേർക്കാനായി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. കറുവയുടെ വംശവർധനയ്ക്ക് തൈകൾ, പതിവെച്ച കമ്പുകൾ, പഴമൂടുകൾ എന്നിവ ഉപയോഗപ്പെടുത്താം.

കറുവയുടെ നഴ്സറി പരിചരണം: സാധാരണ നടീൽവസ്തു തൈകളാണ്. മറ്റിനം കറുവ അടുത്തുണ്ടെങ്കിൽ അവ തമ്മിൽ പരാഗണം നടന്നു ഗുണക്കുറവു സംഭവിക്കുമെന്നതിനാൽ അവ വിട്ട് മൂന്നു കിലോമീറ്റർ വരെ അകലത്തിലുള്ള മരങ്ങളിൽനിന്നും വിത്തുകൾ ശേഖരിക്കണം. മരങ്ങൾ പൂവിടുന്ന കാലം നവംബർ മുതൽ ഫെബ്രുവരി വരെയാണ് . പഴുത്ത കായ്കൾ ലഭിക്കുന്നത് ജൂൺ–ജൂലൈ മാസങ്ങളിലും. ഇവ ശേഖരിച്ച് ഒരു മുറിയിൽ മൂന്നു നാലു ദിവസത്തേക്ക് കൂന കൂട്ടിയിടണം.  ഇതൊടെ പുറംതൊലി നന്നായി അഴുകിക്കിട്ടും. പിന്നീടു കായ്കൾ മെതിച്ച് ശുദ്ധജലത്തിൽ കഴുകി മാംസളഭാഗം നീക്കി വിത്ത് വേർതിരിച്ചെടുക്കണം. ഈ വിത്തുകൾ ചാരം പുരട്ടി അന്നുതന്നെ പാകാവുന്നതാണ്. അല്ലെങ്കിൽ തണലിൽ ഉണക്കി ഒരാഴ്ചവരെ സൂക്ഷിക്കുകയും ചെയ്യാം. വിത്തുകൾ മൂൻകൂട്ടി തയാറാക്കിയ തവാരണകളിൽ 8–10 സെ.മീ. അകലത്തിൽ പാകണം. മുള പൊട്ടാൻ 15–45 ദിവസം വേണ്ടിവരുന്നു. തൈകൾക്ക് 6–10 സെ.മീ ഉയരമാകുന്നതോടെ പറിച്ച് ചട്ടികളിലോ പോളിത്തീൻ കൂടുകളിലോ നടാം. തൈക്ക് ഒരു വർഷം പ്രായമാകുന്നതോടെ മാറ്റി പ്രധാന കൃഷിസ്ഥലത്ത് നടാവുന്നതാണ്....

ചെമ്പരത്തി നട്ടുവളര്‍ത്താം

ചെമ്പരത്തിക്ക് ഉദ്യാനത്തിൽ നിത്യയൗവനമാണ്. എന്നെന്നും പുഷ്പപ്രേമികൾ ഇഷ്ടപ്പെടുന്ന നാടൻ സുന്ദരി. ചെമ്പരത്തിയെന്ന ചൈനീസ് സുന്ദരിയെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച് തനി മലയാളി മങ്കയാക്കി മാറ്റുകയായിരുന്നു. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തിൽ നാടൻ ചുവപ്പു ചെമ്പരത്തി അതിരുകാവലാളായി മാറിയെങ്കിലും പലരും പുതിയ ഇനങ്ങൾക്കൊപ്പം ഇവയും നട്ടു വളർത്തുന്നുണ്ട്. വലിയ കുറ്റിച്ചെടിയായി വളരുന്ന നാട്ടുചെമ്പരത്തിയുടെ സ്ഥാനത്ത് വലിയ പൂക്കളും കുറുകിയ സസ്യപ്രകൃതിയുമുള്ള എത്രയോ സങ്കരയിനങ്ങളാണ് ഇന്നുള്ളത്. പല വർണങ്ങളിൽ കൈപ്പത്തിയോളം വലുപ്പമുള്ള പൂക്കൾ ആരെയും ആകർഷിക്കും. മലേഷ്യയുടെ ദേശീയ പുഷ്പമായ ചെമ്പരത്തി ഹാവായ് ദ്വീപ് ഉൾപ്പെടെ പല രാജ്യങ്ങളിലും അതിഥികളെ സ്വീകരിക്കാനും മാലയുണ്ടാക്കാനും ഉപയോഗിക്കുന്നു. വർണവൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന നൂറോളം സങ്കരയിനങ്ങൾ വിപണിയിൽ ലഭ്യമാണ്. കൂടാതെ, സമൃദ്ധമായി പൂവിടുന്ന ചെറിയ പൂക്കളുള്ള ഇനങ്ങളും.

നട്ടുവളർത്താൻ

മുൻപു ഗ്രാഫ്റ്റിങ് രീതിയിലാണ് സങ്കരയിനം തൈകൾ ഉൽ‌പാദിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവയെല്ലാം കമ്പ് മുറിച്ചുനട്ട് വളർത്താം. പൂവിടാത്ത ഇളം കമ്പുകളും നടാം. ആറിഞ്ചു നീളമുള്ള കമ്പിലെ കൂമ്പില നിർത്തി ബാക്കി ഇലകൾ നീക്കം ചെയ്യണം. ചകിരിച്ചോറും ചുവന്ന മണ്ണും കലർത്തിയതിൽ ഈ കമ്പു നടാം. പോളിബാഗിൽ നട്ട കമ്പ് വിപണിയിൽ ലഭ്യമായ കുമിൾനാശിനി ഉപയോഗിച്ചു രോഗാണുമുക്തമാക്കണം. ഈ വിധത്തിൽ തയാറാക്കിയത് അധിക ഈർപ്പം കിട്ടാനായി ഹ്യുമിഡിറ്റി ചേംബറിൽ വയ്ക്കണം. ഇത്തരം ചേംബറിൽ ഒരാഴ്ച മുഴുവൻ വച്ച കമ്പ് തുടർന്നുള്ള ആഴ്ചകളിൽ രാത്രി സമയത്തു ചേംബറിനെ മൂടുന്ന പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കൂടുതൽ വായുസഞ്ചാരവും കുറഞ്ഞ ഈർപ്പവുമുള്ള സാഹചര്യത്തിൽ സംരക്ഷിക്കണം. നട്ട കമ്പ് ഒന്നുരണ്ടു മാസത്തിനുള്ളിൽ വേരുപിടിക്കും. വേരുകൾ വന്നു വളരാൻ തുടങ്ങിയ ചെടി വലിയ പോളിബാഗിലേക്കോ ചട്ടിയിലേക്കോ മാറ്റിനടാം. അഞ്ചു മാസത്തോളം വളർച്ചയായാൽ പൂവിടാൻ തുടങ്ങും. കമ്പു മുറിച്ചുനട്ട ഹൈബ്രിഡ് ഇനങ്ങൾ 8–10 ഇഞ്ച് വലുപ്പമായാൽ പൂവിട്ടു തുടങ്ങും. നാടൻ ഇനങ്ങളാകട്ടെ പൂവിടാൻ 2–3 അടി ഉയരം വയ്ക്കണം. പരിപാലനം ചട്ടിയിലും നിലത്തും സങ്കരയിനങ്ങൾ പരിപാലിക്കാം. നിലത്തുനട്ടുവളർത്താം. ചട്ടി നിറയ്ക്കാൻ ഉപയോഗിച്ച മിശ്രിതം മതി കുഴി നിറയ്ക്കാനും. നട്ട ശേഷം മിശ്രിതം നന്നായി നനച്ചു കൊടുക്കണം.

നവീന സങ്കരയിനങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ നൽകിയാൽ മാത്രമേ നന്നായി വളരുകയും പൂവിടുകയും ചെയ്യുകയുള്ളൂ. ചെടിക്കു വാട്ടം വരാത്ത വിധത്തിൽ നനയ്ക്കണം. വേനല്‍ക്കാലത്ത് ഒന്നിരാടം ദിവസം നനച്ചാൽ മതി. ചെടിയുടെ ചെറുപ്പത്തിലെ കായിക വളർച്ചയ്ക്ക് രണ്ടു ഗ്രാം ഡൈ അമോണിയം ഫോസ്ഫേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി നട്ടിരിക്കുന്നിടത്തു നൽകാം. ജൈവവളമായി ചാണകപ്പൊടി, സ്റ്റെറാമീൽ, കടലപ്പിണ്ണാക്ക് പുളിപ്പിച്ചെടുത്തതിന്‍റെ തെളി നേർപ്പിച്ചത് എല്ലാം നല്ലതാണ്. മഴക്കാലത്തു ജൈവവളങ്ങൾ കഴിവതും ഒഴിവാക്കുക. നമ്മുടെ നാട്ടിൽ ചെമ്പരത്തിക്ക് എന്നും പൂക്കാലമാണ്. ചെടി നട്ട് ഒരു വർഷത്തിനുമേൽ വളർച്ചയായാൽ സാധിക്കുമെങ്കിൽ മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് കമ്പു കോതി നിർത്തുന്നത് നന്നായി പൂവിടാൻ ഉപകരിക്കും.

സംരക്ഷണം

ഇല മഞ്ഞളിപ്പ്, പൂമൊട്ടുകളുടെയും തളിരിലകളുടെയും മുരടിപ്പ്, ഇലചുരുട്ടിപ്പുഴു എല്ലാം നവീനയിനങ്ങൾക്കു കാണുന്ന രോഗ, കീടബാധയാണ്. രണ്ടു ഗ്രാം ഇന്‍ഡോഫിൽ, ഒരു മില്ലി കോൺഫിഡോർ എന്നീ രാസകീടനാശിനികൾ ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി രണ്ടാഴ്ചയിലൊരിക്കൽ ചെടി മുഴുവനായി തളിച്ചുകൊടുക്കുന്നത് ചെമ്പരത്തിയെ ഇല മഞ്ഞളിപ്പ്, മുരടിപ്പ് രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കും. ഇല മുരടിപ്പ് വേനൽക്കാലത്താണ് സാധാരണ ഉണ്ടാകുക. കേടുവന്ന സസ്യഭാഗങ്ങൾ നീക്കം ചെയ്ത ശേഷം കോൺഫിഡോർ നാലു ദിവസത്തെ ഇടവേളയിൽ 2–3 ആവർത്തി തളിച്ചുകൊടുത്തു ചെടിയെ കീടമുക്തമാക്കാം. മഴക്കാലം കഴിഞ്ഞാൽ കാണുന്ന ഇലചുരുട്ടിപ്പുഴുവിനെതിരെ കരാട്ടെ (ലാംബ്ഡ സൈക്ളോത്രിൻ) രണ്ടു മില്ലി ഒരു ലീറ്റർ വെള്ളത്തിൽ തയാറാക്കിയതു പ്രയോഗിച്ചാൽ മതി. മീലിമൂട്ടകൾ മറ്റ് അലങ്കാരച്ചെടികളിലെന്നപോലെ ചെമ്പരത്തിയെയും ആക്രമിക്കാറുണ്ട്. കീടബാധ കണ്ടാൽ ഒരു ലീറ്റർ വെള്ളത്തിൽ ഒരു ഗ്രാം പെഗാസസ് കീടനാശിനി ചെടി മുഴുവനായി 2–3 വട്ടം തളിച്ചു കീടബാധ ഒഴിവാക്കാം.

മരച്ചീനിക്കൊപ്പം നിലക്കടലയും കൃഷി ചെയ്യാം

കേരളത്തിൽ മരച്ചീനിയോടൊപ്പം നിലക്കടലയും കൃഷിചെയ്യാം. ഈ വിധമുള്ള കൃഷിക്കാണ് നമ്മുടെ നാട്ടിൽ സാധ്യത കൂടുതലും. കാലവർഷം പെയ്തുതുടങ്ങുന്നതോടെയാണു സാധാരണ മരച്ചീനിക്കൃഷിയാരംഭിക്കുക. ഇതോടൊപ്പം നിലക്കടലവിത്തും പാകാം. ശിഖരങ്ങളുണ്ടാകാത്ത എം.4, എച്ച്.165 എന്നീ മരിച്ചീനിയിനങ്ങളും കുറ്റിച്ചെടിയായി വളരുന്ന ടിഎംവി–2, ടിജി–4 എന്നീ നിലക്കടലയിനങ്ങളും സഹവിളകളായി കൃഷി ചെയ്യാവുന്നതാണ്. മരച്ചീനി നടേണ്ടത് നല്ലതുപോലെ താഴ്ത്തി കിളച്ചൊരുക്കിയ മണ്ണിൽ 90 സെ.മീ അകലം നൽകിയാണ്. മരച്ചീനിച്ചുവട്ടിൽനിന്നും 30 സെ.മീ അകലത്തിൽ നിരയായി 20 സെ.മീ. അകലം നൽകി നിലക്കടലവിത്തുകൾ പാകണം. ഒരു ഹെക്ടർ സ്ഥലത്തെ കൃഷിക്ക് 40 കി.ഗ്രാം.വിത്തു വേണ്ടിവരുന്നു. രണ്ടു വിളകൾക്കും പ്രത്യേകമായി വളങ്ങൾ ചേർക്കുകയും വേണം. അടിസ്ഥാനവളമായി മരച്ചീനി ഓരോ ചുവടിനും ഒരു കി.ഗ്രാം വീതം ജൈവവളങ്ങൾ ചേർക്കുന്നതിനു പുറമെ അടിവളമായി ഹെക്ടറിന് യൂറിയ, രാജ്ഫോസ്, പൊട്ടാഷ് വളം എന്നിവ യഥാക്രമം 100 കി.ഗ്രാം, 500 കി.ഗ്രാം, 100 കി.ഗ്രാം എന്നിവയും കൂട്ടിക്കലർത്തി ഇടണം. നിലക്കടല കിളിർത്തു പൊങ്ങിയാൽ ഹെക്ടറൊന്നിന് യൂറിയ 10 കി.ഗ്രാം, രാജ്ഫോസ് 50 കി.ഗ്രാം, പൊട്ടാഷ് വളം 10 കി.ഗ്രാം എന്നിവ ചേർത്ത് നിലക്കടലച്ചെടികളുടെ ചുറ്റുമായി വളം വിതറി നേരിയ തോതിൽ മണ്ണിളക്കി യോജിപ്പിക്കണം. ചെടികൾ പൂവിടാൻ തുടങ്ങിയാൽ ഹെക്ടറിനു കുമ്മായം 250 കി.ഗ്രാം മറ്റു വളങ്ങൾ ചേർത്ത രീതിയിൽത്തന്നെ ഇടുക. ഈ സമയം മരച്ചീനിയിൽ കൂടുതലായുള്ള തണ്ടുകൾ ഒടിച്ചു കളയുകയും വേണം. നിലക്കടലയുടെ മൂപ്പ് നാലു മാസമാണ്. വിളവെത്തിയാൽ ചെടികൾ പിഴുതെടുത്ത് കായ്കൾ പറിച്ചെടുക്കാം. ശേഷിക്കുന്ന തണ്ടും ഇലകളും മരച്ചീനിച്ചുവട്ടിലിട്ട് മണ്ണുവെട്ടി അടുപ്പിക്കുക. ഇതോടൊപ്പം മരച്ചീനിക്കു യൂറിയയും പൊട്ടാഷ് വളവും 100 കി.ഗ്രാം വീതം മേൽവളമായും ചേർക്കാം. ഈ രീതി അവലംബിച്ചാൽ മരച്ചീനിയുടെ വിളവു വർ‌ധിക്കുകയും ഹെക്ടറിന് ഒരു ടൺ വരെ നിലക്കടല ലഭിക്കുകയും ചെയ്യും.

ഔഷധസസ്യമായ തഴുതാമ

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ

സവിശേഷതകൾ

തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം

ഔഷധമൂല്യം

വെള്ള തഴുതാമ

വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.

ഔഷധം

തഴുതാമവേര്‌, രാമച്ചം, മുത്തങ്ങാ കിഴങ്ങ്, കുറുന്തോട്ടിവേര്‌, ദേവദാരം, ചിറ്റരത്ത, ദർഭവേര്‌ എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും. തഴുതാമവേര്‌, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

പ്രധാന ഔഷധങ്ങൾ

പഥ്യാപുനർനവാദി കഷായം
പുനർനവാദി കഷായം
പുനർനവാസവം
വിദാര്യാദി കഷായം
അമൃതപ്രാശഘൃതം
സുകുമാരഘൃതം തുടങ്ങി അനവധി ഔഷധക്കൂട്ടുകളിൽ തഴുതാമ ഉപയോഗിക്കുന്നു

കൂര്‍ക്ക – കൃഷി രീതികളും പരിചരണവും

കേരളത്തിലെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്നും വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട് ഈ കുഞ്ഞന്‍ കൂര്‍ക്കയില്‍. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും. പാചകം ചെയ്താല്‍ വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ് കൂര്‍ക്ക. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലും അറിയപ്പെടുന്നു.ഗുണങ്ങള്‍ ഇത്രയൊക്കെയുണ്ടെങ്കിലും കൂര്‍ക്ക വളര്‍ത്തല്‍ നമ്മുടെ നാട്ടില്‍ ഇനിയും പ്രചരിക്കേണ്ടതുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അല്പം കാര്യമായും മറ്റിടങ്ങളില്‍ അങ്ങിങ്ങുപേരിനും മാത്രമേ കൂര്‍ക്ക കൃഷി ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് കൂര്‍ക്കയെ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാത്ത കിഴങ്ങുവിള എന്ന് വിശേഷിപ്പിക്കുന്നത്. എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്ത തുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ഒരു ഭക്ഷ്യവിള മദ്ധ്യകേരളത്തില്‍ ഇത് വിപുലമായി കൃഷി ചെയ്തുവരുന്നു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇതിന്‍റെ കൃഷി കൂടുതല്‍ വ്യാപകമായി കാണാവുന്നത്. ഒന്നാം വിള നെല്‍കൃഷി ചെയ്തുകഴിഞ്ഞ പാടങ്ങളിലും കരപ്പറമ്പുകളിലുമാണ് കൂര്‍ക്ക കൃഷി ചെയ്യുന്നത്.

എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്തതുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് ചീനന്‍റെ ഉരുളക്കിഴങ്ങ് എന്ന് ഓമനപ്പേരുമുണ്ട്. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്‌ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ തൈകള്‍ കിട്ടാന്‍ ഏതാണ്ട് രണ്ടരസെന്‍റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്‍റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട് ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടി വളമായി സെന്‍റൊന്നിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കി.ലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 335 ഗ്രാം പൊട്ടാഷ് വളം എന്നിവയാണ് ശുപാര്‍ശ. കൂടാതെ ആറാഴ്ച കഴിഞ്ഞ് ഇതേ അളവില്‍ യൂറിയയും പൊട്ടാഷും മേല്‍വളമായി നല്‍കാം.ഒപ്പം ചുവട്ടില്‍ മണ്ണിളക്കുകയും വേണം.കൂര്‍ക്കയ്ക്ക് സാധാരണ രോഗകീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിനു നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി.

നട്ട് അഞ്ചാംമാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ശ്രീധര കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്‍റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ് -ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്‍റെ  ശ്രീഭദ്ര എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്

കുറുന്തോട്ടിയുടെ ഔഷധപ്രയോഗങ്ങള്‍

വാത രോഗശമനത്തിന് വളരെ പ്രധാനമായി ഉപയോഗിക്കുന്ന കുറുന്തോട്ടിയെ ആയുര്‍വേദത്തില്‍ വാതഹരൗഷധങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല തരത്തിലുള്ള കുറുന്തോട്ടികളുണ്ട്. എങ്കിലും കുറുന്തോട്ടി, വെള്ളൂരം, മഞ്ഞകുറുന്തോട്ടി, വള്ളിക്കുറുന്തോട്ടി, കാട്ടു വെന്തിയം എന്നിവയാണ് പ്രധാനപ്പെട്ട അഞ്ചിനം കുറുന്തോട്ടികള്‍..

മാല്‍വേസി എന്ന സസ്യ കുടുംബാംഗമാണ് കുറുന്തോട്ടി. കുറുന്തോട്ടിയുടെ ശാസ്ത്രീയനാമം സൈഡ റെറ്റിയൂസ എന്നാണ്. കേരളത്തിലുടനീളം ഈ സസ്യം കണ്ടുവരുന്നു. ഏകദേശം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി കുറ്റിച്ചെടിയാണ് കുറുന്തോട്ടി. കുറുന്തോട്ടിയുടെ ഇലകള്‍ ഞെരടിയാല്‍ വഴുവഴുപ്പുള്ളതായി കാണാം. മഞ്ഞ നിറത്തിലുള്ള കുറുന്തോട്ടിയുടെ ചെറിയ പൂക്കള്‍ ചെടിയില്‍ ഒറ്റയായി കാണപ്പെടുന്നു. കുറുന്തോട്ടി സമൂലം ഔഷധയോഗ്യമായി ആയുര്‍വേദം ഉപയോഗിക്കുന്നു. മധുര രസവും, സരം, സ്നിഗ്ധം എന്നിങ്ങനെ ഗുണവും ശീതവീര്യവും മധുര വിഭാഗത്തിലുമാണ് കുറുന്തോട്ടിയുടെ രാസാദി ഗുണങ്ങള്‍.

രാസഘടകങ്ങള്‍: : എല്ലാ ഇനം കുറുന്തോട്ടികളിലും പ്രധാനമായും ആല്‍ക്കലോയിഡ് അടങ്ങിയിട്ടുണ്ട്. റെസിന്‍, സ്റ്റിറോയിഡുകള്‍, ഫെറോസ്റ്റിറോള്‍, പൊട്ടാസ്യം നൈട്രേറ്റ് എന്നീ ഘടകങ്ങളും ഇതില്‍ കണ്ടുവരുന്നു.

ഔഷധഗുണം:- ധാതുപുഷ്ടിയും ലൈംഗികശേഷിയും വര്‍ധിപ്പിക്കാനുള്ള ശക്തി കുറുന്തോട്ടിക്കുണ്ട്. കുറുന്തോട്ടിയുടെ വാതഹര സ്വഭാവം വളരെ പ്രസിദ്ധമാണ്. ഏതുതരം വാതരോഗങ്ങളുടേയും ശമനത്തിന് കണ്‍കണ്ട ഔഷധമാണ് കുറുന്തോട്ടി. ഇതിന്‍റെ ഉപയോഗം ഉറക്കത്തിന് വളരെ വിശേഷമാണ്.

ഔഷധ പ്രയോഗങ്ങള്‍: : വാതരോഗങ്ങള്‍, വാതപ്പനി എന്നിവ ശമിപ്പിക്കുന്നതിന് കുറുന്തോട്ടി നല്ല ഫലം തരും. കുറുന്തോട്ടിയുടെ വേര് യഥാവിധി കഷായം വച്ച്‌ 30 മില്ലി വീതം മൂന്ന് നേരം ദിവസവും സേവിക്കുന്നത് വാതരോഗങ്ങള്‍, വാതപ്പനി എന്നിവ ശമിപ്പിക്കും. പനിയുടെ ശമനത്തിന് കുറുന്തോട്ടി വളരെ നല്ലതാണ്. പനിക്ക് കുറുന്തോട്ടിയും ഇഞ്ചിയും ചേര്‍ത്ത് കഷായം കുടിക്കുന്നത് നല്ലതാണ്. വാതത്തിന് ബാഹ്യലേപനമായി ഉപയോഗിക്കുവാന്‍ നല്ലതാണ്. കുറുന്തോട്ടി കഷായം കല്‍ക്കമായി എടുത്ത് നല്ലെണ്ണയില്‍ വിധിപ്രകാരം കാച്ചി അരിച്ച്‌ ഉപയോഗിക്കുന്നത് വാതത്തിന് മികച്ചരീതിയില്‍ ശമനം നല്‍കും. ആമവാതം, വാതരക്തം, വാതം എന്നിവ ശമിപ്പിക്കുന്നതിന് കുറുന്തോട്ടിയും, വെളുത്തുള്ളിയും, ഇന്ദ്രയവവും കരിനെച്ചിയും സമയമെടുത്ത് കഷായം വച്ച്‌ വിധിപ്രകാരം സേവിച്ചാല്‍ മതിയാകും.
പ്രസവരക്ഷയ്ക്ക് കുറുന്തോട്ടിക്കഷായവും പശുവിന്‍ പാലും ചേര്‍ത്തുള്ള പ്രത്യേകവിധിയുണ്ട്. ഇത് വിധിപ്രകാരം ഗര്‍ഭിണികള്‍ സേവിക്കുന്നത് സുഖപ്രസവത്തിനു സഹായിക്കുകയും ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ശാരീരിക ക്ഷീണത്തെ ഇല്ലാതാക്കും. കുറുന്തോട്ടി വ്രണരോപണമാണ്. പച്ചക്കുറുന്തോട്ടി ലേപനമാക്കി അരച്ചുപുരട്ടിയാല്‍ ചെറിയകുരുക്കള്‍ എളുപ്പം പൊട്ടി ഉണങ്ങും. ക്ഷീരബല, ധന്വന്തരം, ബലാരിഷ്ടം, ബലാതൈലം എന്നീ ആയുര്‍വേദ ഔഷധങ്ങളിലെ പ്രധാന ഘടകമായും കുറുന്തോട്ടി ഉപയോഗിക്കുന്നു.

ഡോള്‍ഫിന്‍ പോലൊരു ചെടി

വിവിധ രൂപങ്ങളിലും വര്‍ണ്ണങ്ങളിലുമുള്ള ഇലകളും പൂക്കളുമൊക്കെയുള്ള ചെടികള്‍ നമ്മെ ആകര്‍ഷിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ചെടിയുടെ പിന്നാലെയാണിപ്പോള്‍ ജപ്പാനിലെ ആളുകള്‍ . ഈ ചെടിയുടെ ഇലകള്‍ ഡോള്‍ഫിന്‍റെ രൂപം പോലെ എന്നതാണ് ഇവയുടെ പ്രത്യേകത. ഒറ്റ നോട്ടത്തില്‍ ഈ ഇല വെള്ളത്തിലിട്ടിരിക്കുന്നതു കണ്ടാല്‍ കുതിച്ചു ചാടുന്ന പച്ച നിറത്തിലുള്ള ഒരു ഡോള്‍ഫിന്‍ കുഞ്ഞാണെന്നേ തോന്നൂ .  ചെടിയില്‍ നിന്ന് പറിച്ച ഇലകള്‍ ശരിക്കും ഡോള്‍ഫിനെ പോലെ തന്നെയാണ് ചിത്രത്തില്‍. ഇലകള്‍ വലുതാവുന്നതിനനുസരിച്ച് ഡോള്‍ഫിനോടുള്ള സാമ്യവും കൂടുന്നു . തൊലിപ്പുറത്ത് തിളക്കവും മിനുസവുമൊക്കെ വരും. ഡോള്‍ഫിനെപ്പോലെ തന്നെ കൂര്‍ത്ത ചുണ്ടും രണ്ട് പരന്ന ചിറകുകളുമെല്ലാം ഈ ഇലകള്‍ക്കുമുണ്ട്. പരന്ന വാലറ്റത്തിന്‍റെ കുറവ് മാത്രമാണ് ഒരു പോരായ്മ

സെനെസിയോ പെരെഗ്രിനസ് എന്നാണ് ഈ ചെടിയുടെ ശാസ്ത്ര നാമം. കാഴ്ചയില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഡോള്‍ഫിനെ പോലെ മനുഷ്യര്‍ക്കുപകാരികളാണ് ഈ ചെടികള്‍. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ഈ ചെടി വായുശുദ്ധീകരിക്കാന്‍ നല്ലതാണ്. കള്ളിമുള്‍ച്ചെടിയുടെ വിദൂര ബന്ധുവായ ഈ ചെടി ഉയരം കൂടിയ പ്രദേശങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള കഴിവുള്ളതിനാലാണ് ഈ ചെടിയുടെ ഇലകള്‍ തടിച്ചിരിക്കുന്നതും.

ശീമപ്ലാവ്‌ നട്ടു വളർത്താം

മാങ്ങയും ചക്കയും കഴിഞ്ഞാൽ മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ്‌ കടച്ചക്ക അല്ലെങ്കിൽ ശീമച്ചക്ക. ശീമച്ചക്ക തീയലിനെക്കുറിച്ചോർക്കുമ്പോഴേ വായിൽ വെള്ളമൂറും. പണ്ട്‌ ഒരോ വീട്ടുവളപ്പിലും ഒരു ശീമപ്ലാവുണ്ടാകും. മൂത്തകടച്ചക്ക പച്ചക്കറി ആയാണ്‌ കൂടുതലും ഉപയോഗിച്ചു വരുന്നത്‌...  നല്ലവണ്ണംകായ്ക്കുന്ന കടപ്ലാവ്‌ നല്ല ആദായവും തരുന്ന ഒന്നാണ്‌. ശീമപ്ലാവിന്‍റെ പുതിയ ഇനങ്ങൾ ഒന്നും തന്നെ പുറത്തിറങ്ങിയിട്ടില്ല. അതിനാൽ നല്ല നാടൻ ഇനങ്ങൾനടുകയാണ്‌ ഉത്തമം. നന്നായി പടർന്നു പന്തലിച്ചു വളരുന്ന വൃക്ഷം കൂടി ആയതിനാൽ നല്ല അകലം ആവശ്യമാണ്‌.
കടപ്ലാവിന്‍റെ വേരു മുറിച്ചെടുത്ത്‌ മുളപ്പിച്ച്‌ നടാവുന്നതാണ്‌. കേടുപറ്റാത്ത വിരൽ വണ്ണം മുഴുപ്പുള്ള വേര്‌ ശ്രദ്ധയോടെ മണ്ണുനീക്കി മുറിച്ചെടുക്കണം. 15-20 സെന്‍റീ മീറ്റർ നീളത്തിൽ ഇവ മുറിച്ച്‌ മണൽ, മണ്ണ്‌, ചാണകപ്പൊടി ഇവ സമം കലർത്തിയ മിശ്രിതം നടുന്നിടത്തിനു സമാന്തരമായി പാകിയശേഷം മണലിട്ടു മൂടണം. തുടർച്ചയായി നനയ്ക്കുകയും ചെയ്യണം. വേരുമുളച്ച്‌ ചെടികൾക്ക്‌ ഏതാണ്ട്‌ 30-35 സെന്‍റീമീറ്റർ ഉയരം വയ്ക്കുമ്പോൾ അവ വേരിനു കേടുകൂടാതെ പറിച്ചെടുത്ത്‌ പ്രധാന കൃഷിസ്ഥലത്തു നടാം.

കായിച്ചു കൊണ്ടിരിക്കുന്ന വലിയ കടപ്ലാവിന്റെ ചുവട്ടിൽ ധാരാളം തൈകൾ ഉണ്ടാകും. അവ ശ്രദ്ധയോടെ പറിച്ചു നടുന്നതും ഉത്തമമാണ്‌. . തൈയുടെ വലിപ്പമനുസരിച്ചാവണം കുഴി തയാറാക്കുവാൻ. കുഴിയിൽ അടിവളമായി കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവ ചേർത്തിളക്കിയ ശേഷം കടപ്ലാവിൻ തൈകൾ നടാം.ജൂലൈ, ഓഗസ്റ്റ്‌ മാസമാണ്‌ നടാൻ ഏററവും അനുയോജ്യമായ സമയം. മഴക്കാലങ്ങളിൽ കുഴിയിൽ വെള്ളം കെട്ടിനിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെവേനൽക്കാലങ്ങളിൽ വെയിലിൽ നിന്നും രക്ഷനൽകണം.

തൈകൾ നട്ട്‌ മൂന്നുനാലു വർഷം കഴിയുമ്പോൾ കായ്കൾ ഉണ്ടാകുവാൻ തുടങ്ങും. ഈകാലയളവിൽ ചാണകപ്പൊടി, കമ്പോസ്റ്റ്‌ എന്നിവ വളമായി നൽകാവുന്നതാണ്‌. .വേനൽക്കാലങ്ങളിൽ ജലസേചനവും നൽകണം. നന നൽകുന്നത്‌ കായ്ഫലം വർധിക്കുവാൻ ഇടനൽകും. മഴക്കാലത്തെ ചില കുമിൾ രോഗങ്ങൾ കായ്കൾ പൊഴിയുന്നതിന്‌ കാരണമാകും.ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുന്നത്‌ കായ്പൊഴിച്ചിൽ കുറയ്ക്കും.

കച്ചോലം കൃഷി ചെയ്യാം

കാസം, ദഹന സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ ശമനൗഷധങ്ങളിൽ ചേരുവയാണ് കച്ചോലം. ഇത് വിരനശീകരണത്തിനും ഫലപ്രദമാണ്. ഔഷധികളിലൊന്നായ ഇതിന്‍റെ വംശവർധന കിഴങ്ങുകളിലൂടെയാണ്. കൃഷിയിറക്കാനുള്ള സ്ഥലം നന്നായി മണ്ണിളക്കി ഒരുക്കി ഏക്കറിനു 3 ടൺ ജൈവവളങ്ങൾ ചേർത്ത് ഒന്നരമീറ്റർ നീളത്തിലും അരമീറ്റർ വീതിയിലും വാരങ്ങളെടുത്ത് വിത്തുകിഴങ്ങുകൾ നടാവുന്നതാണ്. നടാനുള്ള ഓരോ കഷണത്തിലും ഒരു മുകുളവും 5 സെ.മീ നീളവും ഉണ്ടാകണം. വിത്ത് നട്ടു പുതയിടുക. നട്ട് 9 മാസം കഴിയുന്നതോടെ ഇലകൾ പഴുത്ത് തുടങ്ങും. ഇതോടെ കിഴങ്ങുകൾ കിളച്ചെടുത്ത് വൃത്തിയാക്കിയതിനു ശേഷം ഉണക്കിയെടുത്ത് ഉപയോഗിക്കാം.

നീലംപാലയുടെ കൃഷിരീതികൾ

കേരളത്തിലെ മലയോര പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഇടത്തരം വൃക്ഷമാണ്‌ നീലംപാല. വെട്ടപ്പാല, കോമ്പാല, ദന്തപാല, മെയിലംപാല എന്നിങ്ങനെ മലയാളത്തിൽ പല പേരുകളിൽ ഈ വൃക്ഷം അറിയപ്പെടുന്നു. ശാസ്ത്രനാമം റൈറ്റിയ ടിംഗ്ടോറിയ എന്നാണ്‌. അപ്പോസൈനേസിയേ സസ്യകുടുംബത്തിൽപ്പെടുന്നു.
നീലംപാലയുടെ ഇല വെളിച്ചെണ്ണയിൽ അരിഞ്ഞിട്ട്‌ വെയിൽ കൊള്ളിച്ച്‌ അരിച്ചെടുക്കുന്ന എണ്ണ സോറിയാസിസ്‌ എന്ന പേരിൽ അറിയപ്പെടുന്ന ചർമ്മരോഗത്തിന്‌ വിശേഷമാണ്‌. കൂടാതെ ഇതിന്‍റെ കറ പഞ്ഞിയിൽ മുക്കി പല്ലുവേദനയുളള ഭാഗത്തു വച്ചാൽ പല്ലുവേദന കുറയും. ഈ മരത്തിന്‍റെ തടി പണിയായുധങ്ങൾക്ക്‌ പിടിയിടുന്നതിനും കാർഷികോപകരണങ്ങൾ ഉണ്ടാക്കുന്നതിനും ശിൽപ്പങ്ങൾ മെനയുന്നതിനും ഉപയോഗിച്ചു വരുന്നു. ഇലയുടെ നീരിനു പാലിനെ കട്ടിയാക്കുന്നതിനുളള പ്രത്യേക കഴിവുണ്ട്‌.
ഏപ്രിൽ-മെയ്‌ മാസങ്ങളാണ്‌ ഇതിന്‍റെ പൂക്കാലം. വെളുത്ത ചെറിയ പൂക്കൾ കുലകളായി ഉണ്ടാവുന്നു. ഡിസംബർ-ജനുവരി മാസങ്ങളോടെ വിളഞ്ഞ്‌ ഉണങ്ങിത്തുടങ്ങും. ഈ സമയത്ത്‌ കായ്കൾ പറിച്ചെടുത്ത്‌ വെയിലിൽ ഉണക്കിപ്പൊട്ടിച്ച്‌ വിത്തുകൾ ശേഖരിച്ചു വയ്ക്കുക. ശേഖരിച്ചു വച്ചില്ലെങ്കിൽ കായ്കൾ പൊട്ടി വിത്തുകൾ പറന്നു പോകും.
നന്നായി കിളച്ചൊരുക്കി കല്ലും കട്ടയും പെറുക്കി വൃത്തിയാക്കിയ കൃഷിയിടത്തിൽ സെന്‍റിന്‌ 200 കിലോ കണക്കിൽ അഴുകിപ്പൊടിഞ്ഞ കാലിവളം ചേർത്തിളക്കിയതിനു ശേഷം അരമീറ്റർ വീതി, രണ്ടു മീറ്റർ നീളം, 15 സെന്‍റി മീറ്റർ ഉയരം എന്ന കണക്കിൽ വാരങ്ങളെടുക്കുക. നാലു മണിക്കൂർ വെളളത്തിൽ കുതിർത്ത വിത്തുകൾ നടാൻ ഉപയോഗിക്കാം. ഈ വിത്തുകൾക്കു മുകളിൽ ഒരു സെന്‍റീമീറ്റർ കനത്തിൽ മേൽമണ്ണ്‌, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തിൽ കലർത്തി മൂടുക. അതിനു മുകളിൽ അഴുകിയ വൈക്കോൽ നിരത്തി വെളളം നനച്ചു കൊടുക്കുന്നു. 20-25 ദിവസങ്ങൾ കൊണ്ട്‌ വിത്തുകൾ മുളച്ചു തുടങ്ങും. ഇനി വൈക്കോൽ എടുത്തു മാറ്റാം. തൈകൾക്ക്‌ രണ്ടു സെറ്റ്‌ (4 എണ്ണം) ഇലകൾ വന്നു കഴിഞ്ഞാൽ പോളിബാഗുകളിൽ നടാവുന്നതാണ്‌.
മേൽമണ്ണ്‌, മണൽ, അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തിൽ 6X4 ഇഞ്ച്‌ സൈസിലുളള കറുത്ത പോളിബാഗുകളിൽ നിറയ്ക്കുക. ജലനിർഗമനത്തിനായുളള ദ്വാരങ്ങൾ പോളിബാഗുകളുടെ വശങ്ങളിൽ ഉണ്ടായിരിക്കണം. കവറുകൾ നിരയായി അടുക്കി വച്ച്‌ തണൽ നൽകി ജലസേചനം നടത്തുക. ഇപ്രകാരം രണ്ടു മാസം സൂക്ഷിച്ച തൈകൾക്ക്‌ മുക്കാലടിയോളം വളർച്ചയുണ്ടായിരിക്കണം. ഈ തൈകൾ തോട്ടങ്ങളിൽ നടുന്നതിനായി ഉപയോഗിക്കാം.
നല്ല നീർവാർച്ചയുളള മലയോരപ്രദേശങ്ങളാണ്‌ കൃഷിക്ക്‌ യോജിച്ചത്‌. ഒന്നരയടി നീളവും അത്രയും തന്നെ താഴ്ചയുളള കുഴികളെടുത്ത്‌ അതിൽ ഓരോ കുട്ട ചാണകപ്പൊടിയോ കമ്പോസ്റ്റോ നിക്ഷേപിച്ചതിനു ശേഷം മേൽമണ്ണു കൊണ്ടുമൂടി അതിനു മുകളിൽ ചെറിയ ഒരു കൈക്കുഴി കുത്തി അതിൽ തൈകൾ നടാവുന്നതാണ്‌. നടുമ്പോൾ കുഴികൾ തമ്മിൽ 15-20 അടി അകലമുണ്ടായിരിക്കണം.
നട്ട്‌ ആദ്യവർഷത്തിൽ കളയെടുക്കൽ മാത്രം മതിയാകും. പിന്നീടുളള വർഷങ്ങളിൽ 10 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ വീതം തൈ ഒന്നിന്‌ കാലവർഷാരംഭത്തോടെ ചേർത്തു കൊടുക്കുകയും കളയെടുക്കൽ നടത്തുകയും ചെയ്താൽ മൂന്നാംവർഷം മുതൽ ഔഷധാവശ്യത്തിനായി ഇലകൾ എടുക്കാവുന്നതാണ്‌. 10പത്ത്‌ വർഷം കഴിഞ്ഞാൽ തടി വ്യാവസായിക ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുകയുമാവാം. നീലംപാലയുടെ തടിക്ക്‌ ദന്തത്തിന്‍റെ  നിറമായതു കൊണ്ട്‌ അലങ്കാരപ്പണികൾക്ക്‌ വളരെ വിശേഷമാണ്‌.

മൃഗം-പക്ഷി -മത്സ്യ കൃഷി

കന്നുകാലികളിലെ രോഗലക്ഷണങ്ങൾ തിരിച്ചറിയുക

രോഗലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ്‌ ചികിത്സയും പരിചരണങ്ങളും നൽകിയാൽ രോഗങ്ങൾ മൂലമുളള നഷ്ടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്നറിയാൻ ദിവസവും ഉരുക്കളെ പ്രത്യേകം നിരീക്ഷിക്കണം. ഇതിനായി രോഗലക്ഷണങ്ങളെക്കുറിച്ച്‌ കർഷകർക്ക്‌ അറിവുണ്ടായിരിക്കണം. ഏതാണ്‌ രോഗമെന്ന്‌ കൃത്യമായി നിർണയിക്കാനായില്ലെങ്കിലും പ്രശ്നമുണ്ടെന്ന്‌ മനസിലാക്കി വിദഗ്ധസഹായം ഉടൻ നേടാൻ ഈ അറിവ്‌ സഹായിക്കും.
പശുവിന്‍റെ  നിൽപ്പും, നടപ്പും അതിന്‍റെ  ആരോഗ്യത്തിന്‍റെ സൂചനകളാണ്‌. തലകുനിച്ചും, കൂട്ടം തെറ്റിയും നിൽക്കുന്ന പശുക്കൾക്ക്‌ പ്രശ്നങ്ങളുണ്ടെന്നുവേണം കരുതാൻ. പശുക്കൾ തീറ്റയെടുക്കുന്ന രീതി ശ്രദ്ധിക്കണം. ആരോഗ്യമുളളവ തീറ്റ ആർത്തിയോടെ തിന്നു തീർക്കും. വിശപ്പില്ലായ്മ, അയവെട്ടാതിരിക്കുക എന്നിവ പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളാണ്‌. എന്നാൽ ഇതേ പ്രശ്നം തീറ്റയുടെ ഗുണമേന്മ കുറവുകൊണ്ടോ, രുചി വ്യത്യാസം മൂലമോ അല്ലായെന്ന്‌ ഉറപ്പുവരുത്തണം. ചർമ്മത്തിന്‍റെ ആരോഗ്യവും നല്ലൊരു സൂചനയാണ്‌. ആരോഗ്യമുളള പശുക്കളുടെ ചർമ്മം മൃദുലവും വലിച്ചാൽ പൂർവ്വസ്ഥിതിപ്രാപിക്കുന്നതുമായിരിക്കും. കഴുത്തിന്‍റെ ഭാഗത്തുളള ചർമം പെരുവിരലിനും ചൂണ്ടുവിരലിനുമിടയിൽ വലിച്ചു പിടിച്ച്‌ ഇത്‌ മനസിലാക്കാം. ഉണങ്ങിയ പരുപരുത്ത ചർമ്മവും, എഴുന്നു നിൽക്കുന്നതും കൊഴിയുന്ന തിളക്കമില്ലാത്തരോമവും അനാരോഗ്യ ലക്ഷണമാണ്‌. ഇത്‌ വിരബാധ, ശരീരക്ഷയം എന്നിവയുടെ ലക്ഷണമാണ്‌. തൊലിയിൽ രോമമില്ലാത്ത ഭാഗങ്ങൾ ഉണ്ടാകുന്നത്‌ ഫംഗസ്‌, പേൻ തുടങ്ങിയ ബാഹ്യപരാദ ബാധയെ സൂചിപ്പിക്കുന്നു.
ആരോഗ്യമുളള പശുക്കളുടെ കണ്ണുകൾ തിളക്കമുളളവയായിരിക്കും. നിറം മാറിയ, കുഴിഞ്ഞു തൂങ്ങിയ കണ്ണുകൾ ആരോഗ്യ ലക്ഷണമല്ല. വെളളമൊലിക്കുന്ന പഴുപ്പുനിറഞ്ഞ അവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കണ്ണിൽ മാത്രം വരുന്ന ലക്ഷണങ്ങൾ കണ്ണിന്‍റെ പ്രശ്നമാകുമ്പോൾ ഇരു കണ്ണിലും വരുന്ന പ്രശ്നങ്ങൾ പൊതുവായ രോഗലക്ഷണമായിരിക്കും. ആരോഗ്യമുളള പശുക്കളുടെ മൂക്ക്‌ അഥവാ മുഞ്ഞി നനവുളളതായിരിക്കും. ഈർപ്പ രഹിതമായ മൂക്ക്‌ പനിയെ സൂചിപ്പിക്കുന്നു. ശ്വാസതടസം, ചുമ, അസാധാരണ ശബ്ദം എന്നിവയും ശ്രദ്ധിക്കണം.
ആരോഗ്യമുളള പശുക്കളുടെ ചാണകം അധികം അയവില്ലാതെ മുറുകിയതായിരിക്കും. കഫം, രക്തം, കുമിളകൾ എന്നിവ വിരബാധയുടെ ലക്ഷണമായിരിക്കും. ചാണകം പരിശോധിച്ച്‌ ഉടൻ ചികിത്സ നേടണം. ആരോഗ്യമുളള പശുവിന്‍റെ മൂത്രം തെളിഞ്ഞതും ഇളം മഞ്ഞനിറമുളളതുമായിരിക്കും. എന്നാൽ ഇരുണ്ടതോ, ചുവന്നതോ, കട്ടൻ കാപ്പിയുടെ നിറമോ, കടും മഞ്ഞ നിറമോ ഉളള മൂത്രം രോഗലക്ഷണമാണ്‌.
പാലിന്‍റെ അളവ്‌, നിറം, ഗുണം എന്നിവയിലുളള വ്യത്യാസവുംശ്രദ്ധിക്കാവുന്നതാണ്‌. രക്തത്തിന്‍റെ അംശം, ചാരനിറം, മഞ്ഞ നിറം, ഉപ്പുരസം, കട്ടകൾ എന്നിവ അകിടു വീക്കത്തിന്‍റെ ലക്ഷണങ്ങളാകും. ഈറ്റത്തിൽ നിന്നു വരുന്നസ്രവം ശ്രദ്ധിക്കണം. മുട്ടയുടെ വെളളക്കരു പോലെയുളള കൊഴുത്ത സ്രവം മദിലക്ഷണമായിരിക്കും. എന്നാൽ പഴുപ്പ്‌, രക്തം എന്നിവ കലർന്ന സ്രവം ഗർഭാശയരോഗങ്ങളെ കാണിക്കുന്നു.
ഉയർന്ന താപനില, ശ്വാസോച്ഛാസം, നെഞ്ചിടിപ്പ്‌ എന്നിവ പല രോഗങ്ങളുടേയും പ്രഥമലക്ഷണമാണ്‌. തുടർന്ന്‌ പശു തീറ്റയെടുപ്പ്‌ കുറയ്ക്കുകയും ചെയ്യും.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടുകയും കൃത്യസമയത്ത്‌ ചികിത്സ നൽകുകയും വേണം. രോഗലക്ഷണങ്ങൾ കാണിച്ച പശുവിനെ കൂട്ടത്തിൽ നിന്നും മാറ്റി പ്രത്യേകം പാർപ്പിക്കണം. ഇവരെ പരിചരിക്കുന്ന വ്യക്തികളും, വസ്തുക്കളും രോഗമില്ലാത്തവയുടെ അടുത്ത്‌ എത്തിക്കരുത്‌. ഇങ്ങനെ തുടക്കത്തിൽ തന്നെ രോഗബാധ തിരിച്ചറിയുന്നത്‌ ചികിത്സ എളുപ്പമാക്കുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് വിരമരുന്നു നല്‍കുന്നതും ശ്രദ്ധയോടെ വേണം

കന്നുകാലികളുടെയും വളര്‍ത്തുപക്ഷികളുടെയും കാര്യത്തിലും ശാസ്ത്രീയമല്ലാത്ത മരുന്നുപ്രയോഗം, പ്രത്യേകിച്ച്‌ ആന്‍റി ബയോട്ടിക്കുകളുടെയും, വിരമരുന്നുകളുടെയും അശ്രദ്ധമായ ഉപയോഗം ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക്കാരണമാകുന്നു. അതില്‍തന്നെ കന്നുകാലികള്‍, പ്രത്യേകിച്ച്‌ ആടുകളിലും മറ്റുംപല വിരമരുന്നുകള്‍ക്കുമെതിരെയും വിരകള്‍ പ്രതിരോധശേഷി കൈവരിക്കുന്നതായി പലപഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിരബാധയു ഉണ്ടാകുന്ന സമയത്ത് പലമരുന്നും ഫലം കണ്ടെത്താതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. വിരബാധനിയന്ത്രിക്കാന്‍ ഒരു വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ശാസ്ത്രീയചികിത്സ എന്ന സമീപനമാണ് ഹ്രസ്വദീര്‍ഘ കാലയളവില്‍ ഫലപ്രദമാകുന്നത്. 
ഓരോ മൃഗത്തിനും ചെയ്യേണ്ട കൃത്യമായ വിരയിളക്കലിന്‍റെ ടൈംടേബിള്‍ ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുകയാണ് പ്രഥമവും, പ്രധാനവും. വിരയിളക്കല്‍  എന്നത് എല്ലാ മാസവും ചെയ്യേ ഒന്നാണ് എന്ന ധാരണ വേണ്ട. ആവശ്യമെങ്കില്‍മാത്രം വിരയിളക്കുക എന്നതാണ് പിന്തുടരേണ്ട നയം. ഇതിനുള്ള വഴി കൃത്യമായ ഇടവേളകളില്‍  അല്ലെങ്കില്‍ വിരബാധ സംശയിക്കുന്ന ലക്ഷണങ്ങള്‍ കാണുമ്പോള്‍  ചാണകം പരിശോധിച്ച്‌ വിരബാധ ഉറപ്പാക്കുക. കേരളത്തിലെ എല്ലാമൃഗാശുപത്രികളിലും ഇതിനുള്ള സൌകര്യം ലഭ്യമാണ്. ചാണക പരിശോധന വഴി വിരയിളക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമ്പോള്‍ പ്രയോജനം രണ്ടാണ്. ഒന്ന് അനാവശ്യ മരുന്നുപ്രയോഗവും പണ നഷ്ടവും ഒഴിവാക്കാം. കൂടാതെ വിര ഏതുതരത്തില്‍പ്പെട്ടതാണെന്നു മനസ്സിലാക്കി യോജിച്ച ചികിത്സാരീതി അനുവര്‍ത്തിക്കാം. കാരണം പലതരം വിരകള്‍ക്കും മരുന്നും വ്യത്യസ്തമാകും.കാടടച്ചുള്ള, കണ്ണടച്ചുള്ള പ്രയോഗം വേണ്ടെന്നര്‍ഥം.

ഒരു പ്രാവശ്യം ഡോക്ടറുടെ  കൈയില്‍നിന്നു കിട്ടിയ കുറിപ്പനുസരിച്ച്‌ പിന്നീട് ദീര്‍ഘകാലം ആമരുന്നു മാത്രം തുടര്‍ച്ചയായി ഉപയോഗിക്കുന്നതും വിരമരുന്ന് പ്രതിരോധത്തിന് കാരണമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് മാറ്റി ഉപയോഗിക്കാം. അയല്‍സംസ്ഥാനങ്ങളില്‍നിന്നും മറ്റും പുതിയ പശുക്കളെയും ആടുകളെയും കൊണ്ടു വരുമ്പോള്‍ രണ്ടോ മൂന്നോ മരുന്നുകളുടെ ഒരുമിച്ചുള്ള പ്രയോഗം വേണ്ടിവരും. ഈ പുത്തന്‍ അതിഥികളെ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രം പുറമെ മേയ്ക്കാന്‍ വിടാറുള്ളൂ. വിരബാധ കൂടുതലായി കാണുന്ന സമയത്തോ അതിനു തൊട്ടുമുമ്പോ വിരയിളക്കുന്നത് നല്ലതാണ്. കറവപ്പശുക്കള്‍ക്ക്പ്രസവത്തിനു മുമ്പ് എട്ടുമാസം ഗര്‍ഭമുള്ള പ്പോഴും പ്രസവശേഷം പത്താം ദിവസവും വിരമരുന്ന് നല്‍കുന്നത് പാലുല്‍പ്പാദനം കൂട്ടുന്നു. പക്ഷേ ഗര്‍ഭകാലത്ത് ചില പ്രത്യേക ഇനം മരുന്നുകള്‍ (ഫെന്‍ബെന്‍ഡസോള്‍) മാത്രമേ ഉപയോഗിക്കാവൂ. അത്ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച്‌ നല്‍കുക. പ്രസവത്തോടനുബന്ധിച്ച്‌ വിരബാധകൂടുകയും ചാണകത്തില്‍ വിരമുട്ടകള്‍ കാണപ്പെടുകയും ചെയ്യുന്നു. ഇത് തടയാനും രോഗസംക്രമണം തടയാനും മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. 
വിരമരുന്നു കൊടുക്കേണ്ട സമയം, കൊടുക്കേണ്ട മരുന്നിന്‍റെ  ഇനം എന്നിവയോടൊപ്പം പ്രധാനമാണ്നല്‍കുന്ന അളവും. കന്നുകാലികളുടെ ശരീര തൂക്കത്തിനനുസരിച്ചാണ് അളവ്തീരുമാനിക്കുന്നത്. കുറഞ്ഞ അളവില്‍ മരുന്നു നല്‍കുന്നത് വിരമരുന്ന്പ്രതിരോധത്തിന് കാരണമാകുമെന്നതിനാല്‍ കൃത്യ അളവില്‍  മരുന്ന്കുറിച്ചുവാങ്ങാന്‍ ആവശ്യപ്പെടുക.
ബാക്ടീരിയകളും വിരകളും അശാസ്ത്രീയ ആന്‍റിബയോട്ടിക് വിരമരുന്നു പ്രയോഗം കാരണം പ്രതിരോധശേഷി കൈവരിക്കുന്നത് ഏറെ ഗൌരവമേറിയ പ്രശ്നമാണ്. മനുഷ്യരിലും കന്നുകാലികളിലും ഭാവിയില്‍ മരുന്നുകളുടെ ഫലപ്രാപ്തി കുറയാന്‍ ഇത് ഇടയാക്കും. പ്രത്യേകിച്ച്‌ വിരമരുന്നുകളുടെ കാര്യത്തില്‍ പുതിയ പുതിയ മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണശ്രമങ്ങളുംകുറവാണെന്നുകൂടി ഓര്‍മിക്കുക. അതിനാല്‍ ഇപ്പോള്‍ ലഭ്യമായ മരുന്നുകളുടെ ഉചിതമായ പ്രയോഗം തന്നെ ഏറെ പ്രധാനം.

അക്വേറിയത്തിലെ മാലാഖ മത്സ്യങ്ങള്‍

ശുദ്ധജല അലങ്കാരമത്സ്യങ്ങളില്‍ വളരെ പ്രചാരമുള്ളതും ഏറെ ആവശ്യക്കാരുള്ളതുമായ ഒരിനമാണ് മാലാഖ (എയ്ഞ്ചല്‍) മത്സ്യങ്ങള്‍. )പരന്ന ശരീരപ്രകൃതി, വീതി കൂടിയ മുകള്‍, പാര്‍ശ്വ ചിറകുകള്‍, വിരിഞ്ഞ് വിശറി പോലുള്ള വാല്‍ചിറക്, വളരെ ആകര്‍ഷകമായ നിറഭേദങ്ങള്‍ ഇവയുടെയെല്ലാം സമ്മേളനം മാലാഖ മത്സ്യങ്ങളെ മികച്ച ഒരു അലങ്കാര മത്സ്യയിനമാക്കി മാറ്റുന്നു. മാലാഖ മത്സ്യം എന്ന പേര് സൂചിപ്പിക്കുന്നതുപോലെ അത്ര സാത്വിക സ്വഭാവം ഉള്ളവരാണ് മാലാഖമത്സ്യങ്ങള്‍ എന്ന് പറയാന്‍ നിവൃത്തിയില്ല. ചെറുമീനുകള്‍, കൊതുകിന്‍റെ കൂത്താടി, ചെറിയ വിരകള്‍ തുടങ്ങിയവയെല്ലാം തന്നെ ഇവ ഭക്ഷിക്കാറുണ്ട്. വിപണിയില്‍ ലഭ്യമായ കൃത്രിമ തീറ്റയും ഇവയ്ക്ക് സ്വീകാര്യമാണ്. ഗോള്‍ഡ് ഫിഷ് പോലെയുള്ള മത്സ്യങ്ങളെ അപേക്ഷിച്ച് മാലാഖ മത്സ്യങ്ങള്‍ക്ക് തീറ്റയുടെ ആവശ്യകത താരതമ്യേന കുറവാണ്. മാലാഖമത്സ്യങ്ങള്‍ വളരെ വേഗം വളരുന്നവയാണ്. മികച്ച ഗുണനിലവാരമുള്ള വെള്ളത്തില്‍ ഇവ നാലു മുതല്‍ ആറു മാസത്തിനുള്ളില്‍ പൊരുന്നമത്സ്യങ്ങളാകാറുണ്ട്. മാലാഖ മത്സ്യങ്ങളില്‍ ആണ്‍ പെണ്‍ മത്സ്യങ്ങളെ വേര്‍തിരിച്ചറിയുക എളുപ്പമല്ല. അതിനാല്‍ സാധാരണ പ്രജനന പ്രായമെത്തിയ മത്സ്യങ്ങളെ ആരോഗ്യമുള്ളവ നോക്കി തെരഞ്ഞെടുത്ത് ഏകദേശം 10 മത്സ്യങ്ങളെ ഒരുമിച്ച് പാര്‍പ്പിച്ച് നിരീക്ഷിക്കേണ്ടതാണ്. ഇങ്ങനെ പാര്‍പ്പിക്കുന്ന മത്സ്യങ്ങള്‍ക്ക് കുറഞ്ഞത് മത്സ്യമൊന്നിന് 30 ലിറ്റര്‍ വെള്ളമെന്ന തോതില്‍ ലഭ്യമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മാലാഖമത്സ്യങ്ങള്‍, മുട്ട ലഭ്യമായ പ്രതലത്തില്‍ നിക്ഷേപിക്കുന്ന സ്വഭാവക്കാരാണ്. ഇതിനായി ടാങ്കില്‍ ടൈല്‍/ഗ്ലാസ് പാളി, പിവിസി പൈപ്പ്, ഓട് തുടങ്ങിയ വസ്തുക്കള്‍ നിക്ഷേപിക്കാറുണ്ട്. ഈ പ്രതലം മത്സ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ടാങ്കിന്‍റെ ഉള്‍വശത്തിന്‍റെ നിറത്തില്‍ നിന്നും വ്യത്യസ്തമായ, വേറിട്ട നിറത്തിലുള്ളതായിരിക്കണം. ഏതെങ്കിലും ഒരു തരത്തിലുള്ള പ്രതലം മാത്രമേ ഒരു സമയത്ത് ഉപയോഗിക്കാവൂ. ഈ പ്രതലം ടാങ്കില്‍ ഏകദേശം 45ഡിഗ്രി ചെരിച്ച് വയ്ക്കണം. പ്രതലങ്ങളുടെ സാന്നിധ്യം ജോഡി ആകുന്നതിന് പ്രചോദനമാണ്.പൊരുന്ന മത്സ്യങ്ങളുടെ ഈ കൂട്ടത്തില്‍ നിന്ന് കരുത്തരായ മികച്ച ജോഡി പ്രതലം കൈക്കലാക്കും. ഇതിനായി മറ്റു ജോഡികളെ ഇവ തുരത്തിയോടിക്കാറുമുണ്ട്. ഈ രീതിയില്‍ പ്രതലം ഒരു ജോഡി മത്സ്യം മറ്റുള്ള മാലാഖ മത്സ്യങ്ങളെ കൊത്തിയോടിച്ച് സ്വന്തമാക്കി കഴിഞ്ഞാല്‍ മുട്ടയിടുന്നതിനായി അവ പ്രതലം വൃത്തിയാക്കാന്‍ ആരംഭിക്കും. ടാങ്കില്‍ ആദ്യം നിക്ഷേപിച്ച പ്രതലത്തില്‍ നിന്ന് പരമാവധി അകലത്തില്‍ മറ്റൊരു പ്രതലം നിക്ഷേപിക്കുന്നത് അടുത്ത ജോഡി രൂപീകൃതമാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും. ആദ്യത്തെ ജോഡിയുടെ ശരീരത്തില്‍ നിന്നുത്ഭവിക്കുന്ന ഫെറമോണ്‍ സ്രവങ്ങള്‍ മറ്റു മത്സ്യങ്ങള്‍ക്ക് ജോഡികളാകാന്‍ പ്രേരകമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മികച്ച ജോഡികള്‍ ഈ വിധം സജ്ജമായിക്കഴിഞ്ഞാല്‍ ശ്രദ്ധാപൂര്‍വം ഓരോ ജോഡിയെയും പ്രജനനത്തിനായി വെവേറെ ടാങ്കുകളിലേക്ക് മാറ്റേണ്ടതാണ്. ഈ ടാങ്കുകള്‍ കുറഞ്ഞത് 50 ലിറ്റര്‍ വെള്ളമെങ്കിലും ഉള്‍ക്കൊള്ളുന്നവയായിരിയ്ക്കണം. ഈ ടാങ്കുകളില്‍ ഒരു സ്‌പോഞ്ച് ഫില്‍റ്റര്‍ സജ്ജീകരിച്ച് മുട്ട ഇടുന്നതിനായുള്ള പ്രതലവും ലഭ്യമാക്കിയാല്‍ ഇവ മുട്ടയിട്ടു തുടങ്ങും.

അനുയോജ്യമായ മികച്ച ഗുണനിലവാരമുള്ള വെള്ളവും ആവശ്യമായ തീറ്റയും ലഭ്യമാണെങ്കില്‍ മാലാഖ മത്സ്യങ്ങള്‍ ഏഴു മുതല്‍ 15 ദിവസത്തിനുള്ളില്‍ വീണ്ടും മുട്ടയിടുന്നതായി കാണാം. നിക്ഷേപിച്ച മുട്ടകള്‍ മെതിലിന്‍ ബ്ലൂ പോലുള്ള ഏതെങ്കിലുമൊരു കുമിള്‍നാശിനി ചേര്‍ന്ന ജലത്തില്‍ സൂക്ഷിക്കുകയോ മുക്കിയെടുക്കുകയോ ചെയ്താല്‍ രണ്ടു മുതല്‍ നാലു ദിവസങ്ങള്‍ക്കുള്ളില്‍ അവ വിരിഞ്ഞ് കുഞ്ഞുങ്ങളാകും. വിരിയാത്ത മുട്ടകള്‍ അഴുകി ടാങ്കിലെ ജലം മലിനമാകാതിരിക്കാനായി ചെറിയ ഒരു എയര്‍ സ്റ്റോണ്‍ വഴി വായു കടത്തിവുടുകയോ ഭാഗികമായി വെള്ളം മാറ്റുകയോ ചെയ്യേണ്ടതാണ്.ഒരാഴ്ചയ്ക്കുള്ളില്‍ കുഞ്ഞുങ്ങള്‍ ജലോപരിതലത്തില്‍ കൂട്ടമായി എത്തിത്തുടങ്ങുമ്പോള്‍ ഇവയ്ക്ക് ആര്‍ട്ടീമിയ, പാരമീസിയം, റോട്ടിഫറുകള്‍, മൈക്രോവേം, ബനാനാ വേം തുടങ്ങിയ ജൈവതീറ്റകള്‍ ആവശ്യാനുസരണം നല്കി പരിപാലിക്കേണ്ടതാണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് മുട്ടയുടെ മഞ്ഞക്കരു, വിപണിയില്‍ ലഭ്യമായ മത്സ്യത്തീറ്റ നേര്‍മയായി പൊടിച്ചത് തുടങ്ങിയവ നല്കാവുന്നതാണ്. മാലാഖമത്സ്യങ്ങള്‍ എല്ലായ്‌പോഴും ഏറെ ആവശ്യക്കാരുള്ള ഒരിനമാണ്. എന്നിരിക്കിലും മികച്ചയിനം മാലാഖ മത്സ്യങ്ങളുടെ ലഭ്യത വളരെ കുറവാണ്.

മാലാഖ മത്സ്യങ്ങളില്‍ ഏറെ ആകര്‍ഷകമായ വൈവിധ്യമുള്ള വെറൈറ്റികള്‍ ലഭ്യമാണ്. സാധാരണ കാണാറുള്ള വെള്ളി നിറത്തിനു പുറമേ ഏറെ ആകര്‍ഷകമായ പിങ്ക്, ഓറഞ്ച് നിറം കലര്‍ന്നത്, മഞ്ഞ, ഡാല്‍മേഷ്യന്‍, പ്ലാറ്റിനം, ജെറ്റ് ബ്ലാക്ക് തുടങ്ങിയ അനവധി വര്‍ണ-പാറ്റേണ്‍ വൈവിധ്യങ്ങള്‍ പ്രകടമാണ്. പക്ഷേ ഇന്ന് ഒട്ടേറെ ആവശ്യക്കാരുള്ള പല ഫാന്‍സിയിനങ്ങള്‍ക്കും കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. മാലാഖമത്സ്യയിനങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് പിനോയ് പരൈബ. സാധാരണ മാലാഖ മത്സ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഇവയുടെ അടിസ്ഥാന നിറം കറുപ്പാണ്. എന്നാല്‍ മയില്‍പ്പീലിക്കണ്ണിന്‍റെ അത്യാകര്‍ഷകമായ പച്ച കലര്‍ന്ന നീല നിറം മുതുക്, ചിറക്, കണ്ണിനു താഴെ, കീഴ് ചിറകുകളുടെ ശരീരത്തോട് ചേര്‍ന്ന ഭാഗം എന്നിവിടങ്ങളില്‍ വളരെ ആകര്‍ഷകമായ രീതിയില്‍ ഇവയില്‍ പ്രകടമാണ്.

ഏതൊരു അക്വേറിയത്തിനും ഏറെ പുതുമയുള്ള ഈയിനം ഒരു മുതല്‍ക്കൂട്ട് തന്നെയാണെന്ന് നിസംശയം പറയാം. ഇവയുടെ മറ്റൊരു പ്രത്യേകത വിശറി പോലെ വിടര്‍ന്ന് അരികുകള്‍ മാത്രം നീണ്ട വാല്‍ ചിറകാണ്. ഈയിനം കറുപ്പു കൂടാതെ ചാരനിറത്തിലും (സ്‌മോക്കി), ശല്‍ക്കങ്ങള്‍ കാണാത്ത വെളുത്ത നിറത്തിലും (സ്‌കിന്‍ ടോണ്‍), വെളുപ്പില്‍ ഓറഞ്ചു നിറത്തിലുള്ള അടയാളങ്ങള്‍ (കോയി) എന്നീ വ്യതിയാനങ്ങളിലും ലഭ്യമാണ്. ഈ വ്യതിയാനങ്ങളിലെല്ലാം മേല്‍പ്പറഞ്ഞ പച്ച കലര്‍ന്ന നീല നിറത്തിലുള്ള അടയാളങ്ങളും ഉണ്ടാകാറുണ്ട്. വിജയകരമായി വളര്‍ത്താന്‍ പ്രയാസമുള്ള ഒരിനമാണ് മാലാഖമത്സ്യം എന്നാണ് പൊതു ധാരണ. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ ഇവയെ തീര്‍ച്ചയായും വിജയകരമായി ലഭ്യമാക്കാന്‍ കഴിയും.

കണ്ണാടിയിലൊരുങ്ങിയ ചതുപ്പുകള്‍

നാട്ടിൻപുറത്തെ കുട്ടികൾ വിനോദത്തിനായി തവള, ആമ, വിട്ടിൽ തുടങ്ങിയ ജീവികളെ കുപ്പിയിലും ചില്ലുഭരണിയിലും മറ്റും വളർത്താറുണ്ട്. പല പാശ്ചാത്യരാജ്യങ്ങളിലും മുതിർന്നവർപോലും ഇവയെക്കൂടാതെ തേൾ, എട്ടുകാലി, എലി തുടങ്ങിയവയെയും ഈ രീതിയിൽ പരിപാലിക്കുന്നു. എന്നാൽ അസ്വാഭാവിക പരിസ്ഥിതിയിൽ ഇവയില്‍ മിക്കതും ഏറെനാൾ ജീവിക്കില്ല. എന്നാൽ അക്വേറിയം പാത്രത്തിൽ ചെറിയൊരു കുളവും പാറക്കൂട്ടവും ചെടികളുമൊക്കെ ഒരുക്കിയാല്‍ ഇത്തരം ജീവികളെ ഏറെനാൾ പരിപാലിക്കാൻ കഴിയും.

പാലുഡേറിയം എന്ന ഈ രീതി ഇന്ന് പാശ്ചാത്യരാജ്യങ്ങളിലെല്ലാം പ്രചാരത്തിലുണ്ട്. പാലുഡേറിയം എന്ന വാക്കിന്റെ അർഥം ഗ്ലാസ്ഭരണിയിലെ ചതുപ്പ് എന്നാണ്. ചെടികൾ ഗ്ലാസ്ഭരണിയിൽ പരിപാലിക്കുന്ന ടെറേറിയം രീതിയും അക്വേറിയവും ചേരുന്നതാണ് പാലുഡേറിയം. പ്രകൃതിയുടെ ചെറുപതിപ്പായി പാലുഡേറിയത്തിൽ പാറക്കൂട്ടം, നീരുറവ, ജലത്തിലും കരയിലും വളരുന്ന ചെടികൾ, ജീവികൾ മുതലായവ ഉൾപ്പെടുത്താം. ഉദ്യാനത്തിന്റെ ഘടകമായി പാറക്കൂട്ടവും നീരുറവയും ജലാശയവുമെല്ലാം ഒരുക്കാറുണ്ടല്ലോ. ഇവയെല്ലാം ഒരു അക്വേറിയം പാത്രത്തിനുള്ളിൽ ഒരുക്കിയാൽ പാലുഡേറിയമായി.

തയാറാക്കുന്ന വിധം

ഏതുതരം പാലുഡേറിയം തയാറാക്കാനും ഒരു ലേഔട്ട് ആവശ്യമാണ്. ഈ ലേഔട്ടിൽ ഘടകങ്ങൾ കലാവിരുതോടെ വേണം ഉൾപ്പെടുത്താൻ. അക്വേറിയത്തിനായി ഉപയോഗിക്കുന്ന ചില്ലുപാത്രത്തിലാണ് പാലുഡേറിയം നിർമിക്കുക. ഇതിനായി രണ്ടടി വീതിയും മൂന്നടി നീളവും ഒന്നരയടി ഉയരവുമുള്ള പാത്രം മതി.

എളുപ്പത്തിലൊരുക്കാം

ലളിതമായി തയാറാക്കുന്ന പാലുഡേറിയത്തിൽ കരഭാഗമായി ഡ്രിഫ്റ്റ്‌വുഡ് ഉപയോഗിക്കാം. സാമാന്യം വലുപ്പമുള്ളതും ഉപരിതലം പരന്ന് ഒരു വശത്തേക്ക് ചെറു ചെരിവുള്ളതുമായ ഡ്രിഫ്റ്റ്‌വുഡ് വേണം ഇതിനായി തിരഞ്ഞെടുക്കാൻ. ഉപരിതലത്തിൽ ചെറിയ കുഴികളുണ്ടെങ്കിൽ അതിൽ മിശ്രിതം നിറച്ചു ചെടികൾ നടാം. ഇത്തരത്തിലുള്ള ഒന്നു രണ്ട് ഡ്രിഫ്റ്റ്‌വുഡ് അക്വേറിയത്തിൽ ഇറക്കിവയ്ക്കണം. പാത്രത്തിന്റെ പകുതി ഭാഗത്തോളമാണ് ജലം നിറയ്ക്കേണ്ടത്. ജലം നിറച്ചശേഷം ഡ്രിഫ്റ്റ്‌വു‍ഡിന്റെ പകുതി ഭാഗത്തോളം വെള്ളത്തിനു മുകളിൽ പൊങ്ങിനിൽക്കണം. പൊങ്ങിനിൽക്കുന്ന ഭാഗത്തുള്ള കുഴികളിൽ ചെറുചെടികൾ നടാം. ചകിരിച്ചോറും മണലും മണ്ണിരക്കമ്പോസ്റ്റും കലർത്തിയ മിശ്രിതം കുഴി നിറയ്ക്കാൻ യോജ്യം. വലുപ്പം കുറഞ്ഞ ചെടികൾ സൂപ്പർഗ്ലൂ ഉപയോഗിച്ച് വേരുഭാഗം ഡ്രിഫ്റ്റ്‌വുഡിലേക്ക് നേരിട്ട് ഒട്ടിച്ച് നിർത്താൻ സാധിക്കും. എയർപ്ലാന്റുകൾ ഇതിനു യോജിച്ചതാണ്.

ജലവും കരയും വേർതിരിച്ചുള്ള പാലുഡേറിയം

ഇതു തയാറാക്കാനായി അക്വേറിയം പാത്രം ഉപയോഗിക്കാം. ഈ വിധം ഗ്ലാസ്നിർമിത പാത്രത്തെ കരയും ജലവുമായി രണ്ടായി വിഭജിക്കാൻ നീളത്തിൽ കട്ടിയുള്ളതും സുതാര്യവുമായ പ്ലാസ്റ്റിക് ഷീറ്റ് അല്ലെങ്കിൽ ഗ്ലാസ്പാളി ഉപയോഗിക്കാം. ഷീറ്റിന് അര അടിയോളം ഉയരം വേണം. ഈ ഷീറ്റിൽ കരഭാഗത്തുനിന്നു വെള്ളം ജലഭാഗത്തേക്ക് വാർന്നുപോകാൻ ആവശ്യാനുസരണം സുഷിരങ്ങൾ നൽകാം. ഷീറ്റ് നീളത്തിൽ ലംബമായി ഇറക്കിവയ്ക്കുന്നതിനു പകരം ചെറുതായി വളഞ്ഞുപുളഞ്ഞ വിധത്തിലാണ് ഉറപ്പിക്കേണ്ടത്. അക്വേറി‌യത്തിന്റെ താഴെയും വശങ്ങളിലുമുള്ള ഭിത്തിയിലേക്ക് ഷീറ്റ് ബലമായി ഉറപ്പിക്കാൻ സിലിക്കോൺ ജെൽ ഉപയോഗിക്കാം.

ഇങ്ങനെ രണ്ടായി വിഭജിച്ച അക്വേറിയത്തിന്റെ പുറകുവശമാണ് കരയായി തയാറാക്കുക. അര അടിയോളം ഉയരമുള്ള ഷീറ്റിന്റെ പുറകുവശത്ത്, നന്നായി കഴുകി വൃത്തിയാക്കിയ ആറ്റുമണൽ ഉപയോഗിച്ച് കര നിർമിക്കാം. ഷീറ്റിന്റെ വക്കോളം മണൽ നിറയ്ക്കണം. മണൽ നിറച്ചശേഷം ഷീറ്റിന്റെ ബലത്തിനായി ആവശ്യാനുസരണം സിലിക്കോൺ ജെൽ ഉപയോഗിക്കാം. അക്വേറിയത്തിന്റെ മുൻഭാഗത്തെ കള്ളിയിൽ ജലം നിറയ്ക്കാം. മുൻപിലെ കള്ളിയിലുള്ള വെള്ളം സുഷിരങ്ങൾ ഉള്ള ഷീറ്റ് വഴി പുറകുവശത്തെ കരഭാഗത്തേക്കും വാർന്നു കയറിക്കൊള്ളും. പാലുഡേറിയത്തിലെ ജലമുള്ള മുൻവശത്തെ നിലത്ത് പലനിറത്തിലും ആകൃതിയിലുമുള്ള മണൽ അല്ലെങ്കിൽ ചെറിയ മാർബിൾ ചിപ്പുകൾ നിരത്താം. ഈ വിധത്തിൽ നിറച്ച മണലിന് 1–2 ഇഞ്ച് കനം മതി.

ചില്ലുഭരണിക്കുള്ളിലെ ടെറേറിയം എന്ന കുഞ്ഞൻ

കരഭാഗത്തെ മണലിലാണ് ചെടികൾ നടേണ്ടത്. ജലാർദ്രമായ മണലില്‍ വളരുന്ന തരം ഇലച്ചെടികൾ ഇതിനായി തിരഞ്ഞെടുക്കാം. ജാവാം ഫേൺ‍, അന്നൂബിയാസ്, ക്രിപാറ്റോ കോറിൻ, ലക്കി ബാംബൂ, ബനാന പ്ലാന്റ്, വയമ്പ്, ഹോഴ്സ്ടെയിൽ, സ്പൈഡർ പ്ലാന്റ് തുടങ്ങിയവ ഉദാഹരണം. മണലിനു മുകളിൽ പലതരം പാറക്കല്ല്, ഡ്രിഫ്റ്റ്‌വുഡ്, ചെറിയ ജലധാര എല്ലാം ഉപയോഗിച്ച് കൂടുതൽ ആകർഷകമാക്കാം. ഡ്രിഫ്റ്റ്‌വു‍ഡിലും പാറക്കല്ലുകളിലും ക്രിപ്റ്റാന്തസ്, ടില്ലാൻസിയ തുടങ്ങിയ ബ്രൊമീലിയാഡ് ചെടികൾ സൂപ്പർഗ്ലൂ ഉപയോഗിച്ച് വേരുഭാഗം ഒട്ടിച്ച് നടാൻ പറ്റും. പാലുഡേറിയം തയാറാക്കിയ പാത്രത്തിനു പുറത്ത് ചട്ടിയിൽ നട്ട മണിപ്ലാന്റ് ചെടിയുടെ വള്ളികൾ ഉള്ളിലേക്ക് ഇറക്കി മനോഹരമാക്കാം. ജലഭാഗത്ത് ചെറിയ മീനുകളായ ഗപ്പി, പ്ലാറ്റിസ്, നിയോണ്‍ടെട്ര, സ്വാർഡ് ടെയിൽ എല്ലാം പരിപാലിക്കാൻ യോജിച്ചവ തന്നെ. കൂടാതെ ചെറിയ ആമ, തവള, വാൽമാക്രി തുടങ്ങിയ മറ്റ് ജലജീവികളെയും ഉൾപ്പെടുത്താം. ഇത്തരം ജലജീവികൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ ഇടങ്ങൾ കരഭാഗത്ത് പാറക്കല്ലുകളും ചെടിക്കൂട്ടവും ഉപയോഗിച്ചു തയാറാക്കണം.

പാലുഡേറിയത്തിന്റെ പുറകുവശത്തെ ഭിത്തി ക്രീപിങ് ഫിഗ് ചെടി പടർത്തിക്കയറ്റി മറയ്ക്കാനാവും. ഈ ചെടിയുടെ തണ്ടിന്റെ കഷണങ്ങൾ 4–5 എണ്ണം പുറകിലെ മണലിൽ ഭിത്തിയോടു ചേർത്ത് നട്ടാൽ ഭിത്തിയിൽ വേരുകൾ ഉപയോഗിച്ച്‌ പറ്റിപ്പിടിച്ചു പടർന്നുകയറി മുഴുവനായി മറ നൽകും. കരഭാഗത്ത് കൃത്രിമ ജലധാര ഒരുക്കിയാൽ പാലുഡേറിയത്തിലെ വെള്ളപ്പാത്രത്തിനുള്ളിൽ ചുറ്റിത്തിരിയാനും അതുവഴി ജലത്തിലെ പ്രാണവായുവിന്റെ അളവ് വർധിപ്പിക്കാനും കഴിയും. എയ്റേറ്റർ സംവിധാനവും ഇതിനായി പ്രയോജനപ്പെടുത്താം. ഇങ്ങനെ തയാറാക്കിയ പാലുഡേറിയത്തിലെ ജലം കരഭാഗത്തേക്ക് വാർന്നുചെല്ലുമ്പോൾ അതിൽ അടങ്ങിയ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ലവണങ്ങൾ ജലജീവികളുടെ വിസർജ്യവസ്തുക്കളിലുണ്ടാകും. ഈ ലവണങ്ങൾ ചെടികളുടെ വേരുകൾ വളമായി പ്രയോജനപ്പെടുത്തും. ഇതു ജലം മലിനമാകാതെ സൂക്ഷിക്കുന്നു. ജലത്തിന്റെ അടിഭാഗം പലതരം ചിപ്പികൾ, വെള്ളാരംകല്ലുകൾ തുടങ്ങിയവ ഉപയോഗിച്ച് കൂടുതൽ മോടിയാക്കാം. കൂടാതെ ജലവും കരയും വേർതിരിക്കുന്ന ഭിത്തി മറയ്ക്കാന്‍ അതിനു മുന്‍പിൽ ജലസസ്യങ്ങൾ നടാം.

പുത്തനറിവുകള്‍ - വിജയകഥകള്‍

അസോള കൃഷിയും ഉപയോഗവും

വീട്ടില്‍ കാലി വളര്‍ത്തലും മറ്റു കൃഷിയും ഉള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സസ്യമാണ് അസോള. ഒരേ സമയം തന്നെ കാലിത്തീറ്റ യായും ജൈവ വളമായും ഉപയോഗിക്കുക വഴി നല്ല ലാഭം നേടിത്തരുന്നു ഒന്നാണ് അസോള. കുറഞ്ഞ ചെലവില്‍ വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാവുന്ന ഒരു ജൈവവളാണ് അസോള. വീട്ടുവളപ്പിലോ മട്ടുപ്പാവിലോ നെല്‍പാടത്തോ അസോളയെ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. ജൈവകൃഷിയില്‍ അടുത്തകാലത്ത് അസോളക്ക് വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്.

ചൈന, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നെല്‍കൃഷിയില്‍ ഒരു ജൈവവളമായി അസോള വ്യാപകമായി ഉപയോഗിച്ചുവരുന്നു. പാലുല്പദനം വര്‍ധിപ്പിക്കുന്ന ഒരു കാലിത്തീറ്റയായും അസോളയെ ഉപയോഗിക്കാം. കാട, കോഴി, മത്സ്യം, താറാവ്, പന്നി, മുയല്‍ എന്നിവക്കെല്ലാം നല്‍കാവുന്ന തീറ്റ കൂടിയാണ് അസോള. ഇതില്‍ 25-30 ശതമാനം പ്രോട്ടീനും നല്ല അളവില്‍ കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്. അസോള വളമായി നല്‍കുന്നതിലൂടെ ചെടികളുടെ വളര്‍ച്ചക്കു വേണ്ട നൈട്രജന്‍റെ ഒരു ഭാഗം ലഭിക്കുന്നു. കഴുകി വൃത്തിയാക്കിയ അസോള കാലിത്തീറ്റയോടൊപ്പം നല്‍കുന്നതിലൂടെ പാലുല്‍പാദനം വര്‍ധിപ്പിക്കും.

കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിമേറിയ അസോള ഇനങ്ങളാണ് അസോള കൈരളി, അസോള കാമധേനു, അസോള ഹൈബ്രഡ് തുടങ്ങിയവ. അസോള കൈരളി നെല്‍കൃഷിക്ക് ജൈവവളമായും അസോള കാമധേനു കാലിത്തീറ്റക്കുവേണ്ടിയും കൃഷി ചെയ്യാം. കേരളത്തിലെ പ്രത്യേക കാലാവസ്ഥക്ക് ഇണങ്ങിയ അസോള ഇനമാണ് അസോള ഹൈബ്രഡ്. 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള ഉഷ്മാനവ്, 80 ശതമാനം അന്തരീക്ഷ ആര്‍ദ്രത, ഭാഗികമായ തണലുള്ളതുമായ മരത്തണലുകളില്‍ ഇത് കൃഷി ചെയ്യാം. നെല്‍പാടങ്ങളില്‍ വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന് ഒരു ദിവസം 50 ഗ്രാം എന്ന നിരക്കിലാണ് ഉല്പാദനം. സില്‍പാളില്‍ തടങ്ങള്‍ക്കുള്ളിലെ വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന് ഒരു ദിവസം 400 ഗ്രാം എന്ന തോതില്‍ നല്ല വളര്‍ച്ച ലഭിക്കും.

നെല്‍പാടങ്ങളില്‍ ഞാറുനടുന്നതിന് മുമ്പ് രണ്ട് മൂന്നാഴ്ച വളര്‍ത്തിയതിനുശേഷം വെള്ളം വാര്‍ത്തുകളഞ്ഞ് അസോളയെ ജൈവവളമായി ഉഴുതു ചേര്‍ക്കാം. കൂടുതല്‍ ഉല്പാദനം ലഭിക്കാനായി സില്‍പാളിന്‍ ഷീറ്റ് ഉപയോഗിച്ചുള്ള കൃഷിയാണ് ഇന്ന് കൂടുതല്‍ പ്രചാരത്തില്‍. ഭാഗികമായ തണലില്‍ രണ്ടര മീററര്‍ നീളവും ഒന്നര മീറ്റര്‍ വീതിയും നല്ല നിരപ്പുമുള്ള സ്ഥളം അസോള കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുക. ഇവിടെ നിന്നും ഒരടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്യണം. നാലുവശങ്ങളിലും എട്ട് സെന്‍റീമീറ്റര്‍ ഉയരത്തില്‍ വരമ്പ് നിര്‍മിക്കണം. കുഴിയുടെ അടിഭാഗത്ത് ഉപയോഗശൂയന്യമായ ചാക്കോ, പ്ലാസ്റ്റിക് ഷീറ്റോ വിരിച്ചതിനുശേഷം അതിനു മുകളില്‍ ഏകദേശം രണ്ടര മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയുമുള്ള ഒരു സില്‍പാളിന്‍ ഷീറ്റ് ചുളിവുകളില്ലാതെ വലിക്കുക. ഷീറ്റിന്‍റെ അരികുകള്‍ വരമ്പിനു മുകളില്‍ വരത്തക്കവിധതം വേണം ക്രമീകരിക്കാന്‍. 40 കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കുഴചച്ച മണ്ണിന് മുകളില്‍ ഒരേപോലെ വിതറണം. 25 ഗ്രാം ഫോസ്ഫറസ് വളവും ഇതോടൊപ്പം നല്‍ഗണം. തുടര്‍ന്ന് സില്‍ഷാലില്‍ ഷീറ്റിനുള്ളഇല്‍ 10 സെന്‍റീമീറ്ററോളം ഉയരത്തില്‍ വരത്തക്കവിധം വെള്ളം ക്രമീകരിക്കണം. ഇങ്ങനെ തയ്യാറാക്കിയ ബെഡിലെ വെള്ളം ഇളക്കിയതിനുശേഷം അസോളയും കലര്‍പ്പില്ലാത്ത ശുദ്ധമായി ഒരു കിലോഗ്രാം കള്‍ച്ചര്‍ വിതറുക. ഒരാഴ്ചക്കുള്ളില്‍ ബെഡ് അസോളകൊണ്ട് നിറയും. ആദ്യത്തെ ഒരാഴ്ച അസോള ബെഡില്‍നിന്നും വിളവെടുക്കുന്നില്ല. പിന്നീട് വിളവെടുക്കുന്നതനുസരിച്ച് ഓരോ ആഴ്ചയും ആവശ്യാനുസരമം ചാണകുവം ഫോസ്ഫറസ് വളവും ചേര്‍ത്തുകൊടുക്കണം. അമോണിയകൊണ്ട് വെള്ളവും മണ്ണും പൂരിതമാകുന്നതിനാല്‍ ഓരോ ആഴ്ചയും വെള്ളം മാറ്റി പകരം ശുദ്ധമായ വെള്ളം നിറയ്ക്കണം.

മാസത്തിലൊരിക്കല്‍ മൂന്നിലൊന്ന് മണ്ണ് മാറ്റി പകരം മണ്ണ് ഇടണം. ദീര്‍ഘകാലത്തേക്ക് സ്ഥിരമായി അസോള ഉല്പാദനം നടത്തണമെങ്കില്‍ സില്‍പാളിനു പകരം സിമന്റ് കോണ്‍ക്രീറ്റ് ടാങ്കുകളിലാകാം കൃഷി. രണ്ട് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും അര മീറ്റര്‍ താഴ്ചയുമുള്ള കോണ്‍ക്രീറ്റ് ടാങ്കുകളില്‍ വെള്ളം നിര്‍ത്തി അസോള കൃഷി ചെയ്യാം. 25 ചുതരശ്ര മീറ്റര്‍ സ്ഥലത്ത് ഇത്തരം 10 ടാങ്കുകള്‍ നിര്‍മിക്കാം. കൃഷിക്കു യോജിച്ച ജൈവവളം വളര്‍ത്തുമൃഗങ്ങള്‍ക്കുറ്റ തീറ്റ എന്നിവക്കു പുറമെ കൊതുകുകളെ തുരത്തുന്നതിനും ഘനലോഹങ്ങളെ വലിച്ചെടക്കുന്നതിനുമുള്ള ശേഷിയും അസോളക്കുണ്ട്.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate