Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഔഷധ സസ്യങ്ങള്‍-ഉപയോഗങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

കഫക്കെട്ടുമാറ്റാന്‍ പനിക്കൂര്‍ക്ക

പണ്ടു കാലത്ത് നമ്മുടെ വീടുകളില്‍ കിണറ്റിന്‍ കരയില്‍ വളര്‍ത്തിയിരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക.

കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. ‘കര്‍പ്പൂരവല്ലി’, ‘കഞ്ഞിക്കൂര്‍ക്ക’ എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും.പനികൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര്‍ കഫത്തിന് നല്ലൊരു ഔഷധമാണ്. ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പനി ,ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ മാറും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. വലിയ രസ്‌നാദി കഷായം, വാകാദിതൈലം എന്നിവയിലും ഉപയോഗിക്കുന്നു. പനിക്കൂര്‍ക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ദാഹശമനിയും ഔഷധവും

കരിങ്ങാലിയിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ പ്രിയപ്പെട്ട ദാഹശമനിയാണ്. പിത്തവും കഫവും ശമിപ്പിക്കുന്ന കരിങ്ങാലി നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണിത്. ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu) എന്നാണ് ശാസ്ത്രനാമം. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും കരിങ്ങാലി ധാരാളം കാണപ്പെടുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാല്‍ സംസ്‌കൃതത്തില്‍ ഇതിനെ ദന്തധാവനയെന്നും വിശേഷിപ്പിക്കുന്നു. പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം കൂടിയാണിത്.

ഇന്ത്യയില്‍ ഹിമാലയ പ്രദേശങ്ങള്‍, പഞ്ചാബ്, വടക്കന്‍ കേരളത്തിലെകാടുകള്‍ എന്നിവിടങ്ങളില്‍ വളരുന്നു. നന്നായി വളര്‍ന്ന കാതലില്‍ പ്രധാനമായി കറ്റെച്ചിന്‍, കറ്റെച്ചു ടാനിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു.

കാതല്‍, തണ്ട്, പൂവ് എന്നിവ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിന്‍ ഉപയോഗിക്കുന്നു. രക്തത്തെ ശുദ്ധീകരികരണത്തിനും കുഷ്ടം, ചുമ, ചൊറിച്ചില്‍, കൃമി എന്നിവയെ നശിപ്പിക്കുന്നതിനും കരിങ്ങാലി സഹായിക്കും. പല്ലുകള്‍ക്ക് ബലം നല്‍കാനും ആയുര്‍വേദത്തില്‍ ഈ വൃക്ഷത്തിന്റെ തൊലി ഉപയോഗിക്കുന്നു.

സൗന്ദര്യം പകരാന്‍ കസ്തൂരി മഞ്ഞള്‍

മഞ്ഞളിനോട് സാമ്യമുള്ള സസ്യമാണ് കസ്തൂരി മഞ്ഞള്‍. കര്‍പ്പൂരത്തിന്റെ മണമുള്ള കസ്തൂരി മഞ്ഞള്‍ ത്വക്കിന് നിറം നല്‍കാന്‍ സഹായിക്കുന്നു. കസ്തൂരി മഞ്ഞള്‍ പൊടി ശുദ്ധമായ പനിനീരില്‍ ചേര്‍ത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. മുഖക്കുരു പോകുന്നതിനും മുഖ കാന്തി വര്‍ധിക്കാനുമിത് സഹായിക്കും. ചിക്കന്‍പോക്‌സ്, മുറിവുകള്‍ എന്നിവ കൊണ്ടു മുഖത്തുണ്ടാകുന്ന കലകള്‍ പോകാനും കസ്തൂരി മഞ്ഞള്‍ അരച്ചിട്ടാല്‍ മതി. തേള്‍,പഴുതാര തുടങ്ങിയ ക്ഷുദ്രജീവികള്‍ കടിച്ചാല്‍ മുറിവില്‍ പച്ച കസ്തൂരി മഞ്ഞള്‍ പുരട്ടുന്നതും നന്ന്. കിഴങ്ങ് തന്നെയാണ് നടീല്‍വസ്തു. തടമൊരുക്കി കിഴങ്ങ് നടുക. തെങ്ങിന്റെ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.

ആദ്യം കയ്ക്കും പിന്നെ മധുരിക്കും

നെല്ലിക്കയുടെ ഗുണങ്ങള്‍ വിവരണാതീതമാണ്. നിരവധി രോഗങ്ങള്‍ക്കെതിരേയും സൗന്ദര്യ സംരക്ഷണത്തിലും നെല്ലിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആയുര്‍വേദ ചികിത്സയിലും നെല്ലിക്ക പ്രധാന വസ്തുവാണ്. അനീമിയ പോലുള്ള ഗുരുതര രോഗങ്ങള്‍ ചെറുക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. നാലോ അഞ്ചോ നെല്ലിക്ക പതിവാക്കിയാല്‍ രക്തക്കുറവ് പരിഹരിക്കാം. മാത്രമല്ല ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ പ്രമേഹവും പ്രഷറുമെല്ലാം വഴിമാറും. ഇരുമ്പ്, വിറ്റാമിന്‍ സി, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ ബി -ത്രീ, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയെ വിറ്റാമിന്‍ സിയുടെയും ഇരുമ്പിന്റെയും കലവറ എന്ന് പറയപ്പെടുന്നു. കഷണ്ടി, നര എന്നിവയെ തടയാനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിട്ടു കാച്ചിയ എണ്ണ തലയില്‍ തേച്ചു കുളിക്കുന്നത് മലയാളിയുടെ പതിവു ശീലങ്ങളില്‍ ഒന്നാണ്. വളരെ ജനിതക വ്യത്യാസങ്ങളുള്ള മരമാണ് നെല്ലി. അത്യുദ്പാന

ശേഷിയുള്ളതും നന്നായി കായ്ക്കുന്നതുമായ ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ചമ്പക്കാടന്‍ ലാര്‍ജ്, ബനാറസി, കൃഷ്ണ, കഞ്ചന്‍ എന്നിവയാണ് മറ്റ് ഇനങ്ങള്‍. ചെറിയ കായുണ്ടാകുന്ന നെല്ലിയാണ് പോഷകഗുണമുള്ളതായി പറയപ്പെടുന്നത്്. ചമ്പക്കാട് ലാര്‍ജ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്.

നടുന്ന രീതി-നല്ലയിനം ബഡ്ഡൂതൈകള്‍ ശേഖരിച്ച് മൂന്നടി നീളവും വീതിയും അതേ ആഴവുമുള്ള കുഴികള്‍ എടുത്ത് അഞ്ച് കിലോ ചാണകപ്പൊടിയും അഞ്ച് കിലോ ചകിരിച്ചോറും ഒരൂ കിലോ വേപ്പിന്‍ പിണ്ണാക്കും കുട്ടിക്കലര്‍ത്തി കുഴിമുടൂക. അതിനൂശേഷം ചെറൂകുഴി എടുത്ത് നടാം. വലിയ മരമായിട്ട് വളരും നെല്ലിക്ക. മഴക്കാലമാണ് തൈ നടാന്‍ അനുയോജ്യം. സാധാരണ പരിചണം നല്‍കിയാല്‍ മതി നെല്ലി മരം വളരാന്‍. നാടന്‍ നെല്ലിക്ക ചെറുതും കയ്‌പ്പേറിയതുമായിരിക്കും. ബെഡ്ഡ് ചെയ്ത മരങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും. നാടന്‍ നെല്ലിക്കയേക്കാള്‍ വലുതായിരിക്കും ഇവ. ചില നെല്ലി മരങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കാറുണ്ട്. നെല്ലിയുടെ കായിക വളര്‍ച്ച ഏപ്രില്‍ മുതല്‍ ജൂലായ് വരെയായിരിക്കും. പുതിയ ചില്ലകള്‍ ഉണ്ടാവുന്നതിനൊപ്പം പൂവിടാനും ആരംഭിക്കും. കായ്കള്‍ ജനുവരി ഫെബ്രുവരി മാസം പാകമാവും. ഒരു മരത്തില്‍ നിന്ന് 30-35 കിലോ കായ്കള്‍ ഒരു വര്‍ഷം ലഭിക്കും.

വേപ്പിന്റെ ഗുണങ്ങള്‍

പേരു കേള്‍ക്കുമ്പോളേ കയ്പ്പ് മനസില്‍ വന്നു കയറിയിട്ടുണ്ടാകും. എന്നാല്‍ വേപ്പിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്. നിംബാ, വേമ്പക, രമണം, നാഡിക എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ വേപ്പ് അറിയപ്പെടുന്നു. ഏകദേശം പന്ത്രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് വേപ്പ്. പരാശക്തിയായി ആരാധിക്കുന്നു സിദ്ധര്‍ ഈ വൃക്ഷത്തെ ആരാധിക്കുന്നു. വാതം, ത്വക്ക് രോഗങ്ങള്‍, കുഷ്ഠം, രക്ത ദൂഷ്യം, കഫ പിത്ത ദോഷം എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. തൊലി, ഇല,വിത്ത്, എണ്ണ എന്നിവ വിവിധ ചികിത്സകള്‍ക്ക് അത്യാവശ്യമാണ്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ വേപ്പില ഉപയോഗിക്കാം. വേപ്പില ഇട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ രോഗങ്ങള്‍ ശമിപ്പിക്കും. ഇല നീരില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഉദര കുടല്‍ കൃമികള്‍ നശിക്കുന്നതിനു സഹായിക്കും.

പുരാതന കാലം മുതലേ പവിത്രമായ സ്ഥാനമാണ് വേപ്പിനുള്ളത്. വീട്ടു മുറ്റത്ത് വെപ്പ് വളര്‍ത്തുന്നത് അന്തരീക്ഷ ശുദ്ധിക്കും നല്ലതാണത്രേ. വേപ്പിന്റെ വിത്തില്‍ നിന്ന് എണ്ണ ആട്ടിയെടുക്കുന്നു. വേപ്പിന്‍ പിണ്ണാക്ക് നല്ല വളവും കൂടാതെ ജൈവ കീടനാശിനിയുമാണ്‌

ഔഷധങ്ങളുടെ കലവറയായ കറ്റാര്‍വാഴ

പ്രകൃതി മനുഷ്യന് നല്‍കിയ വരദാനമാണ് കറ്റാര്‍ വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. വാതം, പിത്തം, കഫം എന്നിവയ്ക്ക് വളരെ ഫലം ചെയ്യുമിത്. ആര്‍ത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴ പോളയുടെ നീര്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ ദിവസേന രാവിലെയും വൈകുന്നേരവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. പൊള്ളല്‍, വ്രണം, ചൊറിച്ചില്‍, കുഴിനഖം എന്നിവയ്ക്കുള്ള മരുന്നായും പോളനീര്‍ ഉപയോഗിക്കുന്നു. പോളനീരും പച്ച മഞ്ഞളും ചേര്‍ത്ത് അരച്ചിട്ടാല്‍ വ്രണം, കുഴിനഖം എന്നിവ പെട്ടെന്നു ശമിക്കും. പോളനീര് പതിവായി തലയില്‍ പുരട്ടിയാല്‍ മുടി സമൃദ്ധമായി വളരും.

ത്വക്കിലെ തടിപ്പു മാറുവാനും മൃദുത്വവും നിറവും തിളക്കവും നല്‍കി ത്വക്കിന് ഭംഗികൂട്ടാനും കറ്റാര്‍വാഴയുടെ നീരിന് കഴിയും.
കാന്‍സര്‍ മുഴകളുടെ വളര്‍ച്ചയെ തടയുക കൊളസ്‌ട്രോള്‍ കുറയ്ക്കുക, ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുക, വൃക്കയിലെ കല്ലുകളെ തടയുക എന്നിവയാണ് മറ്റു പ്രധാന സവിഷേതകള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗണ്യമായി കുറയ്ക്കുവാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആഹാരത്തിലെ അധിക അമ്ലത്വം കുറയ്ക്കാനും ദഹനക്രമക്കേടുകള്‍ ഇല്ലാതാക്കാനും പ്രത്യേക കഴുവുണ്ട് ഈ ചെടിക്ക്.

ചട്ടിയിലോ പ്ലാസ്റ്റിക് ബാഗുകളിലോ കറ്റാര്‍ വാഴ നടാം. നഴ്‌സറികള്‍ തൈ ലഭിക്കും. ഇതില്‍ നിന്നും പൊട്ടിമുളക്കുന്ന ഭാഗം പറിച്ചു നട്ടും പുതിയ ചെടികള്‍ ഉണ്ടാകം. നീണ്ട ഇലകളാണ് കറ്റാര്‍വാഴയ്ക്ക് ഉണ്ടാകുക. വാഴയിലയോട് ചെറിയ സാമ്യമുള്ള ഈ ഇലകളുടെ ഉള്ളില്‍ കട്ടിയായി നിരു നിറഞ്ഞിരിക്കും. ശ്രദ്ധയോടെയുള്ള പരിപാലനം അത്യാവശ്യമാണ്. വെള്ളം കെട്ടിക്കിടാന്‍ ചെടി ചീഞ്ഞു പോകും. ചാണകപ്പൊടി ഇടയ്ക്കിട്ടു കൊടുത്താല്‍ നല്ല വലിപ്പമുള്ള ഇലകള്‍ ഉണ്ടാകും.

ബുദ്ധിവികസിക്കാന്‍ ബ്രഹ്മി

ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ബ്രഹ്മിയുടെ ഗുണങ്ങള്‍ സഹസ്രയോഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാരം, ഭ്രാന്ത്, ബുദ്ധിവികാസം എന്നിവയ്ക്കായള്ള ഔഷധങ്ങളില്‍ ബ്രഹ്മി പ്രധാനമാണ്. മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു. ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് അഞ്ചു ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.

ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് അഞ്ചു ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൗവ്വനം ലഭിക്കുമെന്നാണ് പറയുന്നത്. ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാം. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.

ബ്രഹ്മി വളര്‍ത്താം

ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളില്‍ ബ്രഹ്മി വളര്‍ത്താം. കുളങ്ങള്‍ക്ക് അരികിലും വരമ്പുകളിലും ബ്രഹ്മി നന്നായി വളരും. വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മിയാണ് നടേണ്ടത്. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നു തുടങ്ങിയാല്‍ ദിവസവും നനയ്ക്കണം. മറ്റു ചെടികളെ ബ്രഹ്മിക്കിടയില്‍ വളരാന്‍ അനുവദിക്കരുത്. മൂന്നോ നാലോ മാസത്തിനു ശേഷം ആവശ്യത്തിന് പറിച്ചെടുക്കാം. പൊട്ടിച്ചെടുക്കുന്നതിന് അനുസരിച്ച് ബ്രഹ്മി വളരും. ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായി ബ്രഹ്മി വളരാന്‍ സഹായിക്കും.

കടപ്പാട്-harithakeralamnews.com

3.26595744681
FadiyaAbid Jul 15, 2020 10:30 AM

തുമ്പയുടെ ഉപയോഗം കാണുന്നില്ലല്ലോ

രെജ്ഞിത്ത് കുമാർ Nov 19, 2018 04:17 PM

അരുത തൈകൾ ആവശ്യമുണ്ട് 90*****94

മിഖ്ദാദ് കരുവാരക്കുണ്ട് Mar 19, 2018 01:43 PM

ഇതില് എല്ലാ ഗ്രാമങ്ങളെയും/ഏതെങ്കിലും ഗ്രാമത്തെ ഔഷധ ഗ്രാമമാക്കാന് എന്തൊക്കെ ചെയ്യണമെന്നുളള നിര്ദ്ദേശങ്ങളും ചേര്ത്താല് നന്നായിരിക്കും

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top