ബ്രഹ്മിപോലെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന ഒരു ഔഷധമാണ് മുത്തിള്‍. കരിന്തക്കാളി, കരിമുത്തിള്‍, കുടകള്‍, കുടങ്ങല്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളില്‍ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. മണ്ഡൂകപര്‍ണ്ണി എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം സെന്റെല്ല ഏഷ്യാറ്റിക് (Centella Asiatica)എന്നാണ് .
ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര് എന്നിവയാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്ന നാനോ പദാര്‍ത്ഥങ്ങള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ബാദാമില്‍ നിന്നും കണ്ടെത്തി. വഡോരയിലെ മഹാരാജാ സായാജി റാവു സര്‍വ്വകലാശാലയിലെ (എം എസ് യു ബി ) ആര്‍ വി ദേവകുമാറും സംഘവുമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍ .
ക്യാന്‍സര്‍ പ്രതിരോധിയായ പൊളിഫിനോള്‍സിന്റെ കലവറയാണ് ബദാം. പക്ഷെ ഇവയെ വേര്‍തിരിചെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ല. ബദാം തൊലിയില്‍ നിന്നുമാണ് ഇവര്‍ പൊളിഫിനോള്‍സിന്‍ വേര്‍തിരിച്ചത് . കണ്ടുപിടിത്തത്തിന്റെ ഫലമറിയാന്‍ ക്യാന്‍സര്‍ ബാധിച്ച കരള്‍ കോശങ്ങളിലാണ് പരീക്ഷണം നടത്തിയത്. കോശങ്ങളിലെ നിരവധി രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന പൊളിഫിനോള്‍ അവസാനം ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്തു. ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കുന്ന പ്രകൃതിദത്തമായ ഒരു ഉല്പന്നമാണ് ബടമില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന നാനോ പൊളിഫിനോള്‍ .
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തില്‍ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തില്‍ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ.തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയില്‍ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മൂത്രവര്‍ദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങള്‍ക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളില്‍ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതല്‍ ഉപയോഗ്യമായ ഭാഗം.
ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക അഥവാ കര്‍പ്പൂരവള്ളി കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും വീടുകളില്‍ എളുപ്പം വളര്‍ത്താവുന്ന പനികൂര്‍ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ.
1)പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.
2)പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും.
3)കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി.
4)പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. 5)ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.
ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തില്‍ ഇവ വ്യാപകമായി വളരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാല്‍ സംസ്കൃതത്തില്‍ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു. കാതല്‍, തണ്ട്, പൂവ് എന്നിവ ഔഷധനിര്‍മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതില്‍ ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വര്‍ഗ്ഗത്തില്‍ പെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണല്‍ ഇഞ്ചി എന്നു പറയാറുണ്ട്.
ഇതിന്റെ വേരില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകള്‍ ഉണ്ടാക്കുന്നു.ഇവയില്‍ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരര്‍ഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാല്‍ കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമ മാറാന്‍ നല്ലതാണു്. ഛര്‍ദ്ദിക്കു് നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവ്ദ്ധര്‍കവും കഫനിവാരണിയും ആണ്.
നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും, മുതിര്‍ന്നവരുടെ വാക്കു പോലെ എന്നാണ് ചൊല്ല്. അപ്പോള്‍ അതുപോലെ തന്നെ ഗുണങ്ങളും ഇതിനുണ്ടാകാതെ തരമില്ലല്ലോ. വിറ്റാമിന്‍ സി ആണ് നെല്ലിക്കയിലെ പ്രധാനപ്പെട്ട ഘടകം, ഓറഞ്ചിലും നാരങ്ങയിലും ഇതു തന്നെയാണെങ്കിലും ഇതിലെല്ലാമടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയില്‍ കൂടുതലുണ്ട്.
ദിവസവും ആപ്പിള്‍ തിന്നു ഡോക്ടര്‍മാരെ അകറ്റൂ എന്നു പറയാറുണ്ട്. അതിലും എത്രയോ മടങ്ങ് ഗുണഫലങ്ങള്‍ നെല്ലിക്കക്ക് ഉണ്ട്. ദിവസവും രണ്ട് പച്ചനെല്ലിക്ക കഴിച്ചാല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ ഫലപ്രദമാണ്.
ച്യവനപ്രാശം കുട്ടികള്‍ക്ക് വാങ്ങി നല്‍കാറുണ്ട്. ച്യവനപ്രാശക്കൂട്ടിലെ പ്രധാന ഘടകവും നെല്ലിക്കയാണ്. ച്യവന മഹര്‍ഷിയുടെ യൗവ്വനം വീണ്ടെടുക്കാന്‍ ഉപയോഗിച്ച സിദ്ധൗഷധത്തിലെ മുഖ്യചേരുവയായിരുന്നു നെല്ലിക്ക. അതുകൊണ്ടു ആയുര്‍വേദത്തില്‍ നെല്ലിക്കക്ക് വലിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്.
പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് ദിവസവും പതിവായി മൂന്നു നേരവും കഴിച്ചാല്‍ അസുഖം ശമിക്കും. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണ് നെല്ലിക്ക. ഒരു നെല്ലിക്ക തിന്ന് വെള്ളം കുടിച്ചു നോക്കൂ, ക്ഷീണമൊക്കെ പെട്ടെന്ന് മാറുന്നതായി കാണാം. നെല്ലിക്കാനീരില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാന്‍സറിന് നല്ലൊരു ഔഷധമാണ്. പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ നെല്ലിക്കയുടെ ഉപയോഗം നിയന്ത്രിക്കും. മുടിയിലുപയോഗിക്കുന്ന ഹെന്ന പൊടിയില്‍ നല്ലൊരു ഭാഗവും ഉണക്കനെല്ലിക്കയാണ്. ഇത് മുടിയ്ക്ക് കറുപ്പ് നല്‍കി സഹായിക്കുന്നു. തലയുടെ ചര്‍മ്മത്തിനും നെല്ലിക്ക നല്ലതാണ്.
പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. മാത്രമല്ല ത്വക്കിനേയും സംരക്ഷിക്കുന്നു. ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങള്‍ക്കും നെല്ലിക്ക നല്ലൊരു ഔഷധമാണ്. ത്രിഫലയിലെ ഒരു ഘടകവും നെല്ലിക്കയാണ്. എന്നും രാവിലെ അല്‍പം നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അന്നത്തെ ദിവസം ഉന്മേഷപ്രദമായിരിക്കും. ഓര്‍മശക്തി നശിക്കുന്ന അള്‍ഷിമേഴ്‌സ് ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് പ്രയോജനകരമാകും. മലശോധനക്കും നെല്ലിക്ക നല്ലൊരു ഔഷധമാണ്. ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
കേരളത്തില്‍ കണ്ട് വരുന്ന ഒരു മരമാണു ഈന്ത്.(Cycas circinalis Linn) വളരേ അധികം നീളമോ വണ്ണമോ ഇല്ലാത്ത ഒരൊറ്റ തടി, തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ് ഈന്തിന്റെ ഏറ്റവും വലിയ ആകല്‍ഷണം. നെല്ലിക്കയോളം വലിപ്പത്തില്‍ കട്ടിയുള്ള തോടോടുകൂടിയ ഈന്തില്‍ കായ ആണിതിന്റെ ഫലം. മലബാറില്‍ ചിലയിടങ്ങളില്‍ ഈന്തിന്‍ കായ വെട്ടി ഉണക്കി ഈന്തിന്‍ പുടി എന്ന വിശിഷ്ട വിഭവം തയ്യാല്‍ ചെയ്ത് ഭക്ഷിക്കുന്നു. ഈന്തിന്‍ പട്ടകള്‍ ഓല മെടയുന്ന പോലെ മെടഞ്ഞ് കുട്ടികള്‍ കുട്ടിപ്പുരകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മിക്കാനും, ആഘോഷങ്ങള്‍ക്ക് തോരണങ്ങള്‍ ചാര്‍ത്താനും ഉപയോഗിക്കുന്നു. കേരകല്‍ഷക കുടുംബങ്ങളില്‍ ഓല മെടഞ്ഞ് പഠിക്കുന്നതിന്റെ ഭാഗമായി ഈന്തിന്‍ പട്ട മെടഞ്ഞ് കുട്ടികള പരിശീലിപ്പിക്കുന്നു.
ഏതാണ്ട് നൂറുവര്‍ഷത്തോളം ജീവിത ദൈര്‍ഘ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും ഈന്ത് കണ്ടുവരുന്നു.
കാത്സ്യത്തിന്റെയും ഇരുമ്പിന്റെയും മികച്ച സ്രോതസ്സുകളായ പഞ്ഞപ്പുല്ല് അഥവാ കൂവരക്, മുത്താറി എന്നീ പേരുകളിലറിയപ്പെടുന്ന റാഗി ചെറിയ കുഞ്ഞുങ്ങള്‍ക്ക് കുറുക്കുണ്ടാക്കാന്‍ പറ്റിയതാണ്. പഞ്ഞപ്പുല്ലില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, തയാമിന്‍, റൈബോഫ്ലേവിന്‍, നിയാസിന്‍ എന്നീ ഘടകങ്ങളും ഇരുമ്പ്, ഫോസ്ഫറസ്, എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്കുപുറമെ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും പ്രമേഹരോഗികള്‍ക്കും റാഗി ഉത്തമാഹാരമാണ്. റാഗി പൊടിച്ചുണ്ടാക്കുന്ന മാവുകൊണ്ട് ഇലയപ്പം, ഇടിയപ്പം, പാലപ്പം, കൊഴുക്കട്ട, ഒറോട്ടി, ഊത്തപ്പം, പുട്ട്, ദോശ, പൊങ്കല്‍, പുഡിങ് തുടങ്ങി വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാം. പഞ്ഞപ്പുല്‍പ്പൊടി കുറുക്കാന്‍ പശുവിന്‍ പാലാണ് നല്ലത്. പശുവിന്‍ പാലിനു പകരം തേങ്ങാപാലും ഉപയോഗിക്കാം. നല്ല രുചിയും മണവും കിട്ടും. മധുരത്തിന് കരിപ്പട്ടിയും കല്‍ക്കണ്ടവുമാണ് നല്ലത്. അല്പം നെയ്യ് ചേര്‍ക്കുന്നതും നല്ലതാണ്.
ശ്രീലങ്കയിലും നേപ്പാളിലും കൂവരക് പ്രധാന ഭക്ഷ്യധാന്യമായി ഉപയോഗിച്ചുവരുന്നു. കൂവരക് നല്ലൊരു ഔഷധസസ്യം കൂടിയാണ്. ഇതിന്റെ ഇലയില്‍ നിന്നെടുക്കുന്ന നീര് സ്ത്രീകള്‍ക്കു പ്രസവസമയത്ത് നല്കാറുണ്ട്. നാട്ടുവൈദ്യത്തില്‍ കുഷ്ഠം, കരള്‍രോഗം, വസൂരി, പ്ലൂറസി, ന്യൂമോണിയ, പനി എന്നിവയ്ക്ക് ഉത്തമ ഔഷധമായും കൂവരകിനെ പരിഗണിക്കുന്നു. ഇതില്‍ നിന്നും ലഘുപാനീയങ്ങളും ലഹരി പാനീയങ്ങളും ഉണ്ടാക്കാം. കൂവരകിന്റെ വൈക്കോല്‍ കാലിത്തീറ്റായായും ഉപയോഗിക്കാം.
പുല്ലുവര്‍ഗ്ഗത്തില്‍പെട്ട ധാന്യവിളയാണ് റാഗി. എത്യോപ്യയില്‍ ജന്മം കൊണ്ടതാണെങ്കിലും ആദ്യമായി കൃഷി ചെയ്തത് ഇന്ത്യയിലും ആഫ്രിക്കയിലുമാണ്. കൂവരകിന് പല പ്രത്യേകതകളുണ്ട്. ഏകവര്‍ഷിയാണ് കൂവരക്. എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഇത് ഏത് മണ്ണിലും വളരും. ഇതിന്റെ വളര്‍ച്ചക്ക് ധാരാളം സൂര്യപ്രകാശം വേണം. കൂടുതല്‍ മഴലഭിക്കുന്ന കാലത്തു റാഗി വിളയാറില്ല. ചെമ്മണ്ണും ഫലഭൂയിഷ്ഠമായ മണ്ണും റാഗിക്കൃഷിക്ക് അഭികാമ്യമാണ്. ഏതുകാലാവസ്ഥയിലും പഞ്ഞപ്പുല്ലു കൃഷിചെയ്യാമെങ്കിലും ഈര്‍പ്പമേറിയ അന്തരീക്ഷമാണ് ഏറെ യോജിച്ചത്. കാറ്റിലൂടെയാണ് പരാഗണം നടക്കാറ്. വിത്തുവഴിയാണ് കൂവരകില്‍ പ്രത്യൂല്പാദനം സാധ്യമാകുന്നത്. രണ്ടാഴ്ചക്കുള്ളില്‍ മുളയ്ക്കുന്ന വിത്ത് 3-5 മാസമാകുന്നതോടെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. ധാന്യക്കതിര്‍ മഞ്ഞകലര്‍ന്ന ബ്രൗണ്‍ നിറമാകുമ്പോള്‍ വിളവെടുക്കാം
ഭാരതത്തില്‍ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ശതാവരി. ഇത് ആയുര്‍വേദത്തിലെ ജീവന പഞ്ചമൂലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു സസ്യമാണ്.അയവുള്ളതും ഈര്‍പ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയും ചെയ്യുന്നു.
കിഴങ്ങുവേരുകള്‍ ഉള്ള ആരോഹി സസ്യമാണിത്. ഇലകള്‍ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തില്‍ നിന്നും ഉത്ഭവിക്കുന്ന ശാഖകള്‍ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന് 6 കര്‍ണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്..
പ്രധാനമായും രണ്ടുതരം ശതാവരികളാണ് കേരളത്തില്‍ കണ്ടുവരുന്നത്. അധികം ഉയരത്തില്‍ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തില്‍ പടര്‍ന്നു വളരുന്നവയും മുള്ളുകള്‍ അല്പം വളഞ്ഞതുമാണ്. ജനുവരി – മാര്‍ച്ച് മാസങ്ങളില്‍ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വള്‍ഗ്ഗം അധികം ഉയരത്തില്‍ പടരാത്തവയും നേരെയുള്ള മുള്ളുകള്‍ ഉള്ളതുമാണ്. ജൂണ്‍ – സെപ്റ്റംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു.
ഒരു ആയുര്‍വേദ ഔഷധസസ്യമാണ് ബ്രഹ്മി. നെല്‍കൃഷിക്ക് സമാനമായ രീതിയിലാണ് ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നത്. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റര്‍ വരെ വ്യാസം വരുന്ന പൂക്കള്‍ക്ക് നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പില്‍ നിന്ന് 1200 മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ബ്രഹ്മി കാണപ്പെടുന്നു. ആയുര്‍വേദം ഔഷധസസ്യമാണ് ബ്രഹ്മി. നെല്‍കൃഷിക്ക് സമാനമായ രീതിയിലാണ് ബ്രഹ്മിവ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നത്. … കാണപ്പെടുന്നു. നമ്മുടെ നാട്ടില്‍ ധാരാളമായി കൃഷിചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്.
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയാറാക്കുന്നതിലേക്കായി ബ്രഹ്മി വന്‍ തോതില്‍ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. നവജാതശിശുക്കള്‍ക്ക് മലബന്ധം മാറുവാന്‍ ബ്രഹ്മിനീര് ശര്‍ക്കര ചേര്‍ത്തു കൊടുക്കുന്നു. ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേര്‍ത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാന്‍ ഉത്തമമാണ്
നമ്മുടെ നാട്ടില്‍ ഉഷ്ണമേഖലാ വനങ്ങളിലും നാട്ടില്‍ പുറങ്ങളിലും നന്നായി വളരുന്ന ഒരു വള്ളിചെടിയാണ് അമൃത് . വൃക്ഷങ്ങളില്‍ പടര്‍ന്നു കയറി വളരുന്ന വള്ളി ചെടി ആണിത് . അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറ കോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതും ടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്.
ഇതൊരു ലതാസസ്യമാണ്. ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം. കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി വന്‍മരങ്ങളില്‍ പടര്‍ന്നു കയറുന്നവയാണ്.
കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തില്‍ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാല്‍ നല്ല പച്ചനിറമായിരിക്കും.
ആകൃതിയില്‍ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു.കാട്ടമൃതിന്റെ ഇല വലുപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്. അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച് ഏതെങ്കിലും മരക്കൊമ്പില്‍ വച്ചിരുന്നാ ല്‍ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളര്‍ന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത് ഇലകള്‍ മുളച്ചും വരും.ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്. ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍. പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്. വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്.
ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ക്ക് ഹൃദയാകൃതിയാണ്. മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു. ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്. രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്. ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.
ഇന്ത്യയില്‍ സര്‍വ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ് കടുക്.ഭാരതത്തില്‍ കറികളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ് കടുക്. മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയില്‍ഇട്ട് വറുത്ത് ചേര്‍ക്കുന്നു. ഈ സസ്യം ഭാരതത്തില്‍ ഉടനീളം വളരുന്നതുമാണ്. ശൈത്യകാല വിള എന്നരീതിയില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, സംസ്ഥാനങ്ങളിലും വ്യാവസായിക അടിസ്ഥാനത്തില്‍ എണ്ണ എടുക്കുന്നതിനായി മാത്രം മധ്യപ്രദേശ്, ബീഹാര്‍ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷി ചെയ്തുവരുന്നു.
ഔഷധങ്ങളുടെ ദേവനായ ഈസ്കൽ പസാണ് കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാര്‍ വിശ്വസിക്കുന്നു.കറികള്‍ക്ക് രുചി കൂട്ടുന്നതിനു മാത്രമല്ലാതെ, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പ്രത്യേകിച്ച് അച്ചാര്‍ വിഭവങ്ങള്‍ക്ക് കേടുവരാതെ ഏറെനാള്‍ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു. ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നല്‍കപ്പെടുന്ന സെലനിയം എന്ന പോഷകം കടുകില്‍ നിന്നും നിര്‍മ്മിക്കുന്നതാണ്.
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ (Aloe vera, Barbados Aloe, Medicinal Aloe). പേരില്‍ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് .
മാംസളപര്‍ണങ്ങള്‍(പോളങ്ങള്‍) ഉള്ള ഒരു രസഭരസസ്യമാണ് കറ്റാര്‍വാഴ. ഈ സസ്യം സ്ത്രീകള്‍ക്കുണ്ടാകുന്ന പല അസുഖങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നു. ഇലകള്‍ നേരെ നിവര്‍ന്നോ വശത്തേക്ക് അല്പം ചരിഞ്ഞോ നില്‍ക്കുന്നു. ഇതിന്റെ പൂക്കള്‍ക്ക് ചുമപ്പു കലര്‍ന്ന മഞ്ഞ നിറമായിരിക്കും. ഫലം ഉരുണ്ടിരിക്കും. വിത്തുകള്‍ക്ക് കറുപ്പു നിറമാണ്. കഫപിത്തവാതരോഗങ്ങള്‍ ഇത് ശമിപ്പിക്കുന്നു. ഗര്‍ഭാശയപേശികളെയും ഗര്‍ഭാശയധമനികളെയും ഉത്തേജിപ്പിക്കാന്‍ ഇത് നല്ല ഔഷധമാണ്. രക്തശുദ്ധി വര്‍ദ്ധിപ്പിക്കാനും ഗുല്മം,പ്ലീഹാരോഗങ്ങള്‍,യകൃത് രോഗങ്ങള്‍ എന്നിവയ്ക്കും കറ്റര്‍വാഴ ഔഷധം നല്ലതാണ്. ഇല(പോള) ആണ് ഔഷധയോഗ്യഭാഗം.
രോഗങ്ങള്‍ക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തില്‍ വളരുന്നു. ഇലകള്‍ ജലാംശം നിറഞ്ഞ് വീര്‍ത്തവയാണ്. ഇലകളുടെ അരികില്‍ മുള്ളുകള്‍ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു
സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. (Sandal wood tree) ഭാരതീയര്‍ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളില്‍ പ്രസാദമായി നല്‍കുന്നു. മരത്തിന്റെ കാതലില്‍ നിന്നും ചന്ദനത്തൈലവും നിര്‍മ്മിക്കുന്നു. . ശാസ്ത്രീയനാമം Santalum album (Linn) എന്നാണ്. ലോകത്തില്‍ തന്നെ വളരെ വിരളമായ ചന്ദനമരങ്ങള്‍ ഇന്ത്യയില്‍ മൈസൂര്‍, കുടക്, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ വളരുന്നു. കേരളത്തില്‍ മൂന്നാറിനടുത്തുള്ള മറയൂര്‍ വനമേഖലയിലാണ് ചന്ദനത്തിന്റെ തോട്ടങ്ങള്‍ ഏറെയും ഉള്ളത് . ടിപ്പുസുല്‍ത്താന്റെ കാലം മുതല്‍ക്ക് ഇത് രാജകീയവൃക്ഷമായി അറിയപ്പെടുന്നു.
ഇന്ത്യയിലെ ദക്ഷിണമേഖലയിലെ ചില വരണ്ട വനങ്ങളിലാണ് ചന്ദനം സ്വാഭാവികമായി വളരുന്നത്. നീലഗിരി മലനിരകളില്‍ നിന്ന് വടക്ക് ധാർവാർ വരെ ഏകദേശം 490 കി.മീ, കൂർഗ് മുതല്‍ ആന്ധ്രാപ്രദേശിലെ കുപ്പം വരെ ഏകദേശം 400 കി.മീ പ്രദേശങ്ങളിലാണ് ഇന്ത്യയില്‍ ഇവ സ്വാഭാവികമായി വളരുന്നത്. കാവേരി നദീതീരത്തുള്ള വരണ്ട ഇലകൊഴിയും വനങ്ങളിലും കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലുമുള്ള പീഠഭൂമികളിലും ചന്ദനം വളരുന്നു. ഇന്ത്യയില്‍ കേരളം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‍,ഒറീസ്സ, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഘണ്ഡ്, മണിപ്പൂര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇവ വളരുന്നതായി കണ്ടുവരുന്നത്. ഇവിടെയെല്ലാം എണ്ണത്തില്‍ വളരെ കുറവാണ് മരങ്ങള്‍ . സുഗന്ധവും കുറവായിരിക്കും. എന്നാല്‍ പശ്ചിമ ബംഗാളിലെ മരങ്ങള്‍ ക്ക് സുഗന്ധം കൂടുതലാണ്. കര്‍ണ്ണാടകത്തിലും കേരളത്തിലും ഇവ വച്ച് പിടിപ്പിച്ച് വളര്‍ത്തുന്നുണ്ട്.
“കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ വലിച്ചെറിയുക” – എന്നൊരു പ്രയോഗം തന്നെ നമുക്കിടയിലുണ്ട്. പക്ഷേ കറിവേപ്പില അങ്ങിനെ വലിച്ചെറിയപ്പെടേണ്ടവയല്ലെന്ന് താഴെകൊടുത്തിരിക്കുന്ന കറിവേപ്പിലയുടെ ചില ഉപയോഗങ്ങളില്‍ നിന്നും മനസിലാകും.
1. കറിവേപ്പില ചതച്ചിട്ട മോര് ദിവസം പല പ്രാവശ്യം കുടിക്കുന്നത് അതിസാരം കുറയുന്നതിന് നല്ലതാണ്.
2. ഇഞ്ചിനീരില്‍ കറിവേപ്പില ചതച്ചിട്ട് കുടിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസ്, വയറുവേധന എന്നിവയ്ക്ക് ഔഷധമാണ്.
3. കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണ മുടി വളരുന്നതിനും, അകാലനര തടയുന്നതിനും നല്ലതാണ്.
4. തൊക്‌രോഗമായ Eczema യ്ക്ക് കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേര്‍ത്ത മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
5. ദിവസം 10 കറിവേപ്പില ഏകദേശം 3 മാസത്തോളം കഴിച്ചാല്‍ ഡയബറ്റിസ് കുറയും
6. കിഡ്നി സംബന്തമായ ചില അസുഖങ്ങള്‍ക്ക് കറിവേപ്പില്‍നിന്നു ഔഷധം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
7. കറിവേപ്പിന്റെ തൊലിയില്‍ നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍കലോയ്ഡുകള്‍ ലഭ്യമാണ്.
8. ചില സോപ്പുകള്‍ക്ക് സുഗന്ധം കൊടുക്കാന്‍ കറിവേപ്പില ഉപയോഗിക്കുന്നുണ്ട്.
കറിവേപ്പില ഫ്രിഡ്ജില്‍ കുറച്ചു ദിവസങ്ങള്‍ കേടുകൂടാതെ ഇരിക്കുമെങ്കിലും ഫ്രെഷ് ആയ ഇലകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളില്‍ പെടുന്നു നവരനെല്ല്. ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് കൊണ്ട് പല രോഗങ്ങളും മാറ്റാന്‍ സാധിക്കും. വാതത്തിന് നവരനെല്ലാണ് അവസാന മാര്‍ഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളില്‍ നവര ഗോതമ്പ്, തെന, ചോളാണ്ടി എന്നിവയ്ക്കും ചേര്‍ത്തിരിക്കുന്നു.
കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈയിനം നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തില്‍ കുഞ്ഞിനെല്ല്, എരുമക്കരി, നെടുവാലി, വേല്‍വാലി, ചെമ്പാവ്, കവുങ്ങിന്‍ പൂതാല, കളമപ്പാരി, നരിക്കാരി, വരകന്‍, പൂവാളി, തനവല, കരിങ്കുറുവ, പെരുനെല്ല്, ഉളിങ്കത്തി, വലനെല്ല്, ചിറ്റേനി, ആനൂരി, ചെന്നെല്ല് തുടങ്ങിയ നെല്‍വിത്തിനങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ടെങ്കിലും ഞവരയുടെ ശ്രേഷ്ഠത ഒന്നുവേറെത്തന്നെയാണ്.
നാട്ടുവൈദ്യത്തില്‍ പ്രായഭേദ്യമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നന്‍വാഴയുടെ) ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്. ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും. ബീജവര്‍ധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവര വളരെ ഗുണം ചെയ്യുന്നു. ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെ പ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേര്‍ത്ത് പാലില്‍ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയ സമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്. ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ (ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍ മെലിച്ചില്‍ എന്നിവക്കും ഈ ലേപനം ഗുണകരമാണ്.
പേരെടുത്ത സുഗന്ധവിളയാണ് കറുവ. രണ്ടുതരം സുഗന്ധ തൈലങ്ങള്‍ കറുവയില്‍നിന്ന് വേര്‍തിരിക്കുന്നു. തൊലി തൈലവും ഇലതൈലവും. സിന്നമോമം വെറം എന്നാണ് കറുവയുടെ സസ്യനാമം.നിരവധിയിനങ്ങളുണ്ടെങ്കിലും പ്രധാനമായും തേന്‍ (മധുര) ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് വികസിപ്പിച്ച നവശ്രീ, നിത്യശ്രീ എന്നീ തൊലിക്കുവേണ്ടിയുള്ള അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ ഹെക്ടറിന് പ്രതിവര്‍ഷം 55 കിലോ ഉണക്കത്തൊലി തരുന്നു.
ഒഡിസി 130 അഥവാ സുഗന്ധിനി എന്ന ഇനം ഇലതൈലത്തിനുവേണ്ടിയുള്ളതാണ്. ഇത് ഓടക്കാലി സുഗന്ധതൈല-മരുന്നുചെടി ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചതാണ്. ഇതിന്റെ പച്ചിലയില്‍ 1.6% തൈലവും, തൈലത്തില്‍ 94% യൂജീനോളും ഉണ്ട്. പ്രതിവര്‍ഷം വൃക്ഷമൊന്നിന് 300 ഗ്രാം തോതില്‍ ഒരു ഹെക്ടറില്‍നിന്ന് 125-150 കി.ഗ്രാം ഇലതൈലം ലഭിക്കും.
വ്യത്യസ്ത കാലാവസ്ഥകളില്‍ കറുവ കൃഷിചെയ്യാം. സമുദ്രനിരപ്പില്‍നിന്ന് 1800 കി.മീ ഉയരംവരെ തഴച്ചുവളരുന്നു. ജൈവാംശം കൂടിയ മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് അത്യുത്തമം. വെള്ളക്കെട്ട് നന്നല്ല.വിത്തുതൈകളാണ് പ്രധാന നടീല്‍വസ്തു. മാതൃഗുണങ്ങള്‍ സംരക്ഷിക്കാന്‍ കായിക പ്രവര്‍ദ്ധനരീതികളാണ് നന്ന്. കമ്പുമുറിച്ചു നട്ടും, പതിവച്ചും, ടിഷ്യുകള്‍ച്ചര്‍ വഴിയും ഇതു സാധിക്കാം. അങ്കുരണശേഷി വേഗം നഷ്ടമാകുന്നതിനാല്‍ വിത്ത് ശേഖരിച്ചാലുടന്‍ പാകി മുളപ്പിക്കണം.
വെറ്റിലകൃഷി
മേടം മുതല്‍ ഇടവം (കാലവര്‍ഷാരംഭത്തില്‍) കര്‍ക്കിടകം വരെയാണ് ഇതിന്റെ പരിധി. വെള്ളം കെട്ടി നില്‍ക്കാത്ത നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് ഇതു കൃഷിചെയ്യുന്നത്. കൂടാതെ വെയിലും ആവശ്യമാണ്. ഏരി ഉണ്ടാക്കി മൂന്നോ നാലോ കമ്പ് നീളത്തിലെടുത്ത് കുറച്ച് ചെരിച്ച് മണ്ണില്‍ താഴ്ത്തി ഒരു കമ്പില്‍ ചാരി കയറുകൊണ്ട് കെട്ടുക. മരുന്നായി ഉപയോഗിക്കുന്നത് തുരിശാണ്. തറിയുടെ മുകളില്‍ കയറിക്കഴിഞ്ഞാല്‍ വെറ്റില നുള്ളാം. വെറ്റിലയുടെ മുകളിലേക്ക് നില്‍ക്കുന്ന (തൂങ്ങിക്കിടക്കുന്ന) ഇളം തൂമ്പ്, നീര്‍വാര്‍ച്ചയുള്ള സ്ഥലം, അരക്കോല്‍ (ഏതാണ്ട് 1 മീറ്റര്‍ ) വീതിയില്‍ കള്ളിയാക്കി നടാവുന്നതാണ്. നട്ടതിനു ശേഷം ചുറ്റും മറകെട്ടുക. ദിവസത്തില്‍ 4 നേരമെങ്കിലും 15 ദിവസം നനക്കണം. അതിനുശേഷം 45 ദിവസം 2 നേരം നനക്കണം. 40 ദിവസം കഴിഞ്ഞാല്‍ തൂമ്പ് വരും. പിന്നെ ഇല നനയാന്‍ നനച്ചാല്‍ മതി. 5 മാസമായാല്‍ 15 ദിവസം ഇടവിട്ട് വെറ്റില നുള്ളണം. വിദേശത്തേക്ക് കയറ്റി അയക്കുന്ന വെറ്റില 40 ദിവസങ്ങള്‍ക്കു ശേഷമാണ് നുള്ളുന്നത്. ചാരവും ഉണങ്ങിയ ചാണകപ്പൊടിയും വളമായി ഉപയോഗിക്കാം. കൂടാതെ കോഴിക്കാഷ്ഠവും ആട്ടിന്‍കാഷ്ഠവും കൂടി ഉപയോഗിക്കാം. പ്രാണികളില്‍ നിന്ന് രക്ഷനേടാന്‍ മഞ്ഞുള്ള സമയത്ത് ഇലകളില്‍ ചാരം വിതറിയാല്‍ മതി. വെറ്റിലയുടെ പുറം ഭാഗത്ത് തലപരന്ന് മണ്ണിരയുടെ രൂപത്തില്‍ ഉള്ളതാണ് വെറ്റിലപാമ്പ്. ഇതു കൊണ്ടാണ് ചുണ്ണാമ്പു പുരട്ടുന്നത്. വെററില ദഹനത്തിന് സഹായിക്കുന്നു. കുട്ടികള്‍ക്ക് രാപ്പനി പോലുള്ള അസുഖങ്ങള്‍ക്ക് വെറ്റിലനീരില്‍ കൊമ്പന്‍ചാതി ഗുളിക കൊടുക്കുന്നു. ചില വാതരോഗങ്ങള്‍ക്ക് എണ്ണ കാച്ചുമ്പോള്‍ വെറ്റില ഞെട്ടി ചേര്‍ക്കുന്നു.
ഇന്‍ഡോനീഷ്യക്കാര്‍ അത്ഭുത ഔഷധസസ്യമായി കരുതുന്ന ‘മകോട്ടദേവ’ ഇന്ത്യയിലുമെത്തി. സര്‍വരോഗ സംഹാരിയെന്ന് അന്നാട്ടുകാര്‍ കരുതുന്ന മകോട്ടദേവ എന്ന വാക്കിന്റെ അര്‍ഥം ‘ദൈവത്തിന്റെ കിരീടം’ എന്നാണ്.
ചെറുസസ്യമായി കാണുന്ന മകോട്ടദേവയ്ക്ക് ചെറിയ ഇലകളും പച്ചനിറമുള്ള തണ്ടുകളുമാണ് ഉണ്ടാവുക. ഈ നിത്യഹരിത സസ്യത്തില്‍ വിരിയുന്ന ചെറുകായ്കള്‍ പഴുക്കുമ്പോള്‍ ചുവപ്പുനിറമായി തീരും. കായ്കള്‍ക്കുള്ളിലുള്ള ചെറുവിത്തുകളെ പൊതിഞ്ഞുകാണുന്ന മാംസളഭാഗമാണ് ഔഷധമായി ഇന്‍ഡോനീഷ്യയില്‍ ഉപയോഗിക്കുന്നത്. ഉണക്കിയെടുത്ത നാരുകള്‍നിറഞ്ഞ പുറംതൊലിക്കഷ്ണങ്ങള്‍ ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ പ്രമേഹവും രക്തസമ്മര്‍ദവും കുറയുമെന്ന് പറയുന്നു. സമുദ്രനിരപ്പില്‍നിന്ന് ആയിരത്തി ഇരുനൂറ്് മീറ്റര്‍ വരെ ഉയരത്തില്‍ മകോട്ടദേവ വളരും. വിത്തുകളാണ് നടീല്‍വസ്തു.
ചെറുകൂടകളില്‍ കുളിര്‍പ്പിച്ച് തൈകള്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് നടാം. രണ്ടുവര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് തുടങ്ങും. രോഗ കീടാക്രമണങ്ങള്‍ മകോട്ടദേവയില്‍ കുറവാണ്. മലേഷ്യയിലും ഇവ പല രോഗങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലും ഇപ്പോള്‍ മകോട്ടദേവ പരീക്ഷണാര്‍ഥം വളര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.
രാമച്ചത്തിന്റെ ചുവട്ടില്‍ നിന്ന് പൊട്ടി വളരുന്ന ചിനപ്പുകളാണ് നടീല്‍ വസ്തു. ഒരു വര്‍ഷം പ്രായമായ രാമച്ചത്തിന്റെ ചെടിയില്‍ നിന്ന് ഇപ്രകാരംചിനപ്പുകള്‍ അടര്‍ത്തി എടുക്കാം. വിളവെടുത്ത രാമച്ചത്തിന്റെ തലഭാഗവും വേരും നീക്കി കെട്ടുകളാക്കി നനഞ്ഞ ചാക്കില്‍ കെട്ടി വെച്ചാണ് വേര് മുളപ്പിക്കുന്നത്. ഇത് നിരപ്പാക്കിയ കൃഷിയിടത്തില്‍ ഞാറ്‍ നടുമ്പോലെ നടുന്നതാണ്. ധാരാളം മണല്‍ കലര്‍ന്ന പശിമരാശി മണ്ണും ഇളക്കം ഉള്ളതുമായമണ്ണാണ് ഇതിന്റെ കൃഷിക്ക് യോജിച്ചത്. മണല്‍ മണ്ണില്‍ ജൈവാംശം കുറവായതിനാല്‍ ആവശ്യത്തിന് പുറമേ നിന്ന് ചേര്‍ത്തു കൊടുക്കേണ്ടി വരും. രാമച്ച കൃഷിക്ക് ചാരം നല്ലതാണ്. വിവിധ കമ്പോസ്റ്റുകള്‍ വേപ്പിന്‍പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയെല്ലാം വളമായി നല്‍കാം. ഏക്കറിന് 200 ടിന്‍ ചാരവും ചേര്‍ ക്കാം. കടലപിണ്ണാക്കാണ് മറ്റൊരു വളം. മേയ് ജൂണ്‍ മാസത്തില്‍ ഇത് ചേര്‍ക്കാം. സെപ്റ്റംബറില്‍ ഓലയുടെ അറ്റം അരിഞ്ഞു മാറ്റും. ചിനപ്പുകളുടെ എണ്ണം ഗണ്യമായി കൂടാന്‍ ഇത് സഹായിക്കും.
മാതൃസസ്യം 30-50 സെന്റീമീറ്റര്‍ വളരുമ്പോഴാണ് ഇല കോതേണ്ടത്. തുടര്‍ന്ന് 500-700 കിലോഗ്രാം കടലപ്പിണ്ണാക്ക് ചേര്‍ക്കണം. പൈപ്പിന്റെ വായ്ഭാഗം കൈകൊണ്ട് പൊത്തി വെള്ളം ചീറ്റിയാണ് നന. നട്ടു കഴിഞ്ഞ് തുടര്‍ച്ചയായി മൂന്ന് ദിവസം നനക്കണം. പിന്നീട് നാലു ദിവസത്തിലൊരിക്കലും ആഴ്ച്ചയിലൊരിക്കലും എന്ന രീതിയിലും നനക്കാം. വേര് അസംസ്കൃ വസ്തുവാക്കിയുള്ള വിപണനമാണ് ലക്ഷ്യമെങ്കില്‍ 10 മാസത്തിനു ശേഷം വിളവെടുക്കാം. രാമച്ച തൈലമെടുക്കാനാണെങ്കില്‍ ചുരുങ്ങിയത് ഒന്നര വര്‍ഷത്തെ മൂപ്പു വേണം. കൈകോട്ട് കൊണ്ട് ഒരു ഭാഗം നന്നായി താഴ്ത്തി രാമച്ചം കടപുഴകിയെടുക്കുന്നതാണ് വിളവെടുപ്പ് രീതി. കിടക്ക, ചെരുപ്പ്, വിശറി, പായ, തൊപ്പി, തലയിണ, കര്‍ട്ടനുകള്‍ , കാര്‍കുഷ്യനുകള്‍ , സീറ്റ് കവറുകള്‍ , തുടങ്ങിയ വിവിധ തരം ഉല്‍പന്നങ്ങളാണ് രാമച്ച വേരു കൊണ്ട് ഉണ്ടാക്കുന്നത്
നല്ല തണലും തണുപ്പും സ്ഥിരമായ നനവുള്ള മണ്ണും വെറ്റില കൃഷിക്ക് അത്യന്താപേക്ഷിതമാണ്. ഉഷ്ണമേഖലാ വനപ്രദേശത്തുള്ള കാലാവസ്ഥയാണ് വെറ്റില കൃഷിക്ക് അനുയോജ്യം. കേരളത്തില്‍ കാലവര്‍ഷക്കാലത്ത് 2300-3000 മി.മി വരെ മഴ ലഭിക്കുന്ന തീരപ്രദേശങ്ങളില്‍ ഇത് കൃഷി ചെയ്തു വരുന്നു. തെങ്ങും മാവും പ്ലാവും മറ്റും ഇടതൂര്‍ന്നു നില്ക്കുന്ന പറമ്പുകളില്‍ വെറ്റില സുലഭമായി കൃഷി ചെയ്യുന്നുണ്ട്.ചൂടുള്ള വരണ്ട കാറ്റ് വെറ്റിലക്കൊടിയുടെ ഇളം കൂമ്പുകള്‍ കരിച്ചു കളയുന്നു. ഇത്തരം സ്ഥലങ്ങളില്‍ മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടായിരുന്നാലും വെറ്റില വാടി പോകും. ശക്തിയായി വീശുന്ന കാറ്റുമൂലം വെറ്റിലകള്‍ തമ്മിലുരസി കീറിപോകാറുണ്ട്. .നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് വെറ്റിലകൃഷിക്ക് ആവശ്യം. വെട്ടുകല്‍പ്രദേശത്തും, മണല്‍കലര്‍ന്ന ലോമമണ്ണിലും വെറ്റില നല്ലവണ്ണം വളരും. അടിയില്‍ കട്ടിസ്തരമുള്ളതും താഴ്ചയുള്ളതുമായ ചെളിമണ്ണ്, വെള്ളം കെട്ടിനില്‍ക്കുന്നതും ഓരു കയറുന്നതിനും ഇടയുള്ള താഴ്ന്ന പ്രദേശങ്ങള്‍ എന്നിവ വെറ്റിലകൃഷിക്ക് അനുയോജ്യമല്ല. നീര്‍വാര്‍ച്ച കുറഞ്ഞ മണ്ണില്‍ വെറ്റിലക്കൊടികള്‍ മഞ്ഞളിച്ചുപോകും.
വിത്തും വിതയും
കേരളത്തില്‍ സാധാരണ പ്രധാന വിളകള്‍ക്കിടയിലാണ് വെറ്റില വളര്‍ത്താറ്. അതിനാല്‍ സ്ഥലം തിരഞ്ഞെടുക്കുന്നതിലും വെറ്റില കൃഷിക്കുവേണ്ടി മണ്ണൊരുക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ട ആവശ്യമില്ല.10-15 മീറ്റര്‍ വരെ നീളവും, 75 സെ.മീ. വീതം വീതിയും ആഴവുമുള്ള ചാലുകള്‍ കീറിയാണ് സാധാരണ കൊടികള്‍ നടുന്നത്. ചാലുകള്‍ തമ്മില്‍ 1 മീ. അകലം ഉണ്ടായിരിക്കണം. ഇതില്‍ 15-30 സെ.മീ. അകലത്തില്‍ കൊടികള്‍ നടുകയാണ് പതിവ്.
നടാനുള്ള വള്ളികള്‍
മൂപ്പുള്ള കൊടിയുടെ തലപ്പ് മുറിച്ചെടുത്താണ് നടാന്‍ ഉപയോഗിക്കുന്നത്. കൊടിയുടെ കീഴററത്തുള്ള തലപ്പുകളോ, പൊടിപ്പുകളോ നടാന്‍ ഉപയോഗിക്കരുത്. അവ മുളയ്ക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും. സാധാരണയായി 1 മീ. നീളമുള്ള കൊടിത്തലപ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ കുറഞ്ഞത് മൂന്നു മുട്ടെങ്കിലും ഉണ്ടായിരിക്കണം.ഒരു ഹെക്ടറിന് ഏകദേശം 20000 -25000 വരെ തലപ്പുകള്‍ വേണ്ടി വരും. 2-3 വര്‍ഷം പ്രായമായ കൊടികളില്‍നിന്നാണ് നടാനുള്ള തലപ്പുകള്‍ എടുക്കുന്നത്. കരുത്തുള്ള മുകുളങ്ങളും മുട്ടുകളില്‍ ധാരാളം ചെറുവേരുകളും ഉള്ള വള്ളിതലപ്പുകളാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്.
നടീല്‍ സമയം
അന്തരീക്ഷത്തില്‍ ഈര്‍പ്പം ഉള്ള സമയം വേണം നടീലിന് തിരഞ്ഞെടുക്കാന്‍. നടുന്ന സമയത്ത് അധികം തണുപ്പുണ്ടായാല്‍ അത് വള്ളികള്‍ മുളയ്ക്കുന്നതിനെ ബാധിക്കും. തുടര്‍ച്ചയായ മഴയും നല്ലതല്ല. ചൂടും മഴയും അനുകൂലമായ സാഹചര്യങ്ങളില്‍ താങ്ങുചെടികളുടെ തരം അനുസരിച്ച് വെറ്റിലക്കൊടി നടണം.
ഉദാഹരണമായി തെങ്ങിന്‍തോട്ടങ്ങളിലോ മറ്റു വൃക്ഷങ്ങളുടെ തോട്ടങ്ങളിലോ ആണെങ്കില്‍ വെറ്റിലക്കൊടി നേരത്തെ നടാം. താങ്ങുചെടികള്‍ വെച്ചുപിടിപ്പിക്കേണ്ട പക്ഷം അവ വളര്‍ന്ന് വെറ്റിലയ്ക്ക് താങ്ങും നല്‍കാന്‍ പാകമാകുമ്പോഴെ വെറ്റിലക്കൊടികള്‍ നടാവൂ.പൊതുവേ ഉപവിളയായി കൃഷിചെയ്യുന്ന പക്ഷം ഇടവരക്കൊടി മെയ്- ജൂണ്‍ മാസങ്ങളിലും,തുലാക്കൊടി ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലുമാണ് നടുന്നത്.
നടുന്ന രീതി
ചാലുകളില്‍ നടുമ്പോള്‍ താഴത്തെ മുട്ട് മണ്ണിനടിയിലും രണ്ടാമത്തെ മുട്ട് തറനിരപ്പിലുമായിരിക്കണം. നീളമുള്ള തലപ്പുകള്‍ അല്‍പ്പം വളച്ച് തണ്ടിന്‍റെ അഗ്രം മണ്‍നിരപ്പിന് മുകളിലായിരിക്കത്തക്കവണ്ണം താങ്ങിനോട് ചേര്‍ത്ത് നടണം. നടുന്നതിനു മുമ്പ് തടങ്ങള്‍ മണ്ണിന് ഈര്‍പ്പം ഉണ്ടാക്കണം . നടുമ്പോള്‍ തലപ്പിനു ചുവട്ടിലുള്ള മണ്ണ് ബലമായി അമര്‍ത്തണം. തലപ്പ് മണ്ണില്‍ ചേര്‍ന്നിരിക്കുന്നതിനും എളുപ്പത്തില്‍ വേരു പിടിക്കുന്നതിനും ഇതു സഹായിക്കുന്നു. പൂമാളി കൊണ്ട് നനക്കുന്നതാണ് നല്ലത്. തലപ്പുകള്‍ മണ്ണില്‍ പിടിച്ചുകഴിഞ്ഞാല്‍ വെള്ളം കുറേശ്ശെ ഒഴുക്കി നനച്ചുതുടങ്ങാം.
ഉഷ്ണമിതോഷ്ണ മേഖലാ പ്രദേശങ്ങള്‍ മഞ്ഞള്‍ കൃഷിക്ക് അനുയോജ്യമാണ്.ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷമാണിതിനാവശ്യം . മഴയെ മാത്രം ആശ്രയിച്ചും ജലസേചനത്തിന്റെ സഹായത്തോടെയും മഞ്ഞള്‍ കൃഷി ചെയ്യാം. വാര്‍ഷിക വര്‍ഷപാതം 1000 മി.മീറ്ററില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ജലസേചനത്തിന്റെ ആവശ്യം വരികയില്ല. നട്ട ഉടനെ മിതമായ മഴയും വളര്‍ച്ചാദശയില്‍ സാമാന്യം നല്ല മഴയും വിളവെടുപ്പുകാലത്ത് മഴയില്ലായ്മയുമാണ് ഉത്തമം . കേരളം, ആസ്സാം, ഒറീസ്സ എന്നീ സംസ്ഥാനങ്ങളില്‍ മഴയെ മാത്രം ആശ്രയിച്ചാണ് മഞ്ഞള്‍ കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പു മുതല്‍ 1200 മീറ്റര്‍ ഉയരം വരെയുള്ള സ്ഥലങ്ങള്‍ ഇതിന്റെ കൃഷിക്കനുയോജ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് ഉയരം കൂടും തോറും മഞ്ഞളിന്റെ ഗുണമേന്മ കൂടും. ഇളക്കമുള്ളതും ജൈവാശം കൂടിയതുമായ മണ്ണാണ് മഞ്ഞളിന് വേണ്ടത്. ആഴത്തില്‍ കിളച്ചിളക്കിയ മണ്ണില്‍ കണ്ടങ്ങളെടുത്ത് അതിലുള്ള ഇളകിയ മണ്ണില്‍ മഞ്ഞള്‍ നടുന്നത് ഇതിനാണ്. പൊടിയുന്നതും ഉലര്‍ച്ചയുള്ളതുമായ ലോമമണ്ണും, അലുവിയല്‍ മണ്ണും, ക്ഷാരമണ്ണും പറ്റിയവയല്ല. കേരളത്തിലെ നീര്‍വാര്‍ച്ചയുള്ള ചെങ്കല്‍മണ്ണില്‍ സാമാന്യം നല്ല വിളവ് ലഭിക്കാറുണ്ട്.
മഴയെ ആശ്രയിച്ചുള്ള കൃഷി രീതിയില്‍ ചതുരത്തിലോ ദീര്‍ഘചതുരത്തിലോ ഉള്ള കണ്ടങ്ങളിലാണ് മഞ്ഞള്‍ നടുക. ചതുരകണ്ടത്തിന്റെ ഓരോ വശവും ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ നീളമുള്ളവയായിരിക്കും. ദീര്‍ഘചതുരത്തിലുള്ള കണ്ടമാണെങ്കില്‍ നീളം കൂടിയ വശത്തിന് രണ്ടു മുതല്‍ ഏഴു മീറ്റര്‍ വരെയുമാകാം. ഓരോ കണ്ടത്തിനും 20-25 സെ.മീ. ഉയരവും രണ്ടു കണ്ടങ്ങള്‍ തമ്മില്‍ 40-45 സെ.മീ.അകലവുമാണ് സാധാരണ കൊടുക്കുക.
ഇടവിളയായി തെങ്ങിന്‍തോപ്പിലോ ഓരമുള്ള സ്ഥലങ്ങളില്‍ ഇഞ്ചി,കപ്പ,എന്നീ വിളകളുമായി പരിക്രമണത്തിലോ ആണ് സാധാരണ മഞ്ഞള്‍ നടുക. ഓരമുള്ള സ്ഥലങ്ങളില്‍ റബ്ബര്‍ നടുമ്പോള്‍ ആദ്യത്തെ രണ്ടു മൂന്നു കൊല്ലങ്ങളില്‍ മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന് വളക്കൂറുണ്ടാക്കുന്നതിനും മഞ്ഞള്‍ നടാറുണ്ട്. ഇത്തരം ചെരിവുള്ള സ്ഥലങ്ങളില്‍ മഞ്ഞള്‍ നടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യമുണ്ട്. മഞ്ഞള്‍ കൃഷി ചെയ്ത് വളക്കൂറുള്ള മണ്ണ് ഒഴുക്കിക്കളയരുത്. കണ്ടങ്ങളുടെ നീളം കൂടിയ വശം ചെരിവിന് കുറുകെയായിരിക്കണം. അതുപോലെ തന്നെ ഒരു നിരയിലുള്ള കണ്ടങ്ങളുടെ ഇടയ്ക്കുള്ള കുറുകെയുള്ള ചാലുകള്‍ അടുത്തടുത്ത നിരകളിലുള്ള കുറുകെ വരുന്ന ചാലുകള്‍ക്ക് നേരെയാകരുത്.തന്മൂലം ചെരിവിന് അനുകൂലമായി താഴേക്ക് തുടര്‍ച്ചയായി ചാലുകളുണ്ടാവുകയില്ല. മഴവെള്ളത്തിന് ഒഴുക്കില്‍പ്പെട്ട് മണ്ണൊലിപ്പ് നടത്തുവാനും സാധിക്കാതെ വരും.
ജലസേചനം നടത്തി മഞ്ഞള്‍ നടുമ്പോള്‍ വേറൊരു രീതിയിലാണ് നടുക. ഇവിടെ കണ്ടങ്ങള്‍ക്കു പകരം ഏരികളായാണ് മാടുക. ഏരികള്‍45 സെ.മീ. അകലത്തില്‍ മാടി അതില്‍ 25 സെ.മീ. അകലത്തില്‍ മഞ്ഞള്‍ നടുകയാണ് പതിവ്. എന്നാല്‍ ഇവിടെയും ഏരികള്‍ക്കു പകരം കണ്ടങ്ങള്‍ ഉണ്ടാക്കിയാല്‍ നിശ്ചിത സ്ഥലത്ത് കൂടുതല്‍ മഞ്ഞള്‍ നടുവാന്‍ സാധിക്കുന്നതുകൊണ്ട് 50 മുതല്‍80 ശതമാനം വരെ കൂടുതല്‍ മഞ്ഞള്‍ വിളയിപ്പിക്കാമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
നീളം കൂടിയ വശത്തിന് രണ്ടു മുതല്‍ ഏഴു മീറ്റര്‍ വരെ നീളമുണ്ടായിരിക്കും . ഇത്തരം കണ്ടങ്ങളുടെ വീതി ഒന്ന് മുതല്‍ ഒന്നര മീറ്റര്‍ വരെയുമായിരിക്കും. ഓരോ കണ്ടത്തിനും 20-25 സെ.മീ. ഉയരവും,രണ്ടു കണ്ടങ്ങള്‍ തമ്മില്‍ 40-45 സെ.മീ. അകലവുമാണ് സാധാരണ കൊടുക്കുക.
ചെടികള്‍ തമ്മിലുള്ള അകലം മഞ്ഞള്‍ക്കൃഷിയില്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കണ്ടങ്ങളുടെ അരികുകളും മൂലകളും തട്ടിനിരപ്പാക്കിയ ശേഷം 25 x 25 സെ.മീ. അകലത്തില്‍ മഞ്ഞള്‍ നടാം . എന്നാല്‍ കളിമണ്ണ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിരകള്‍ തമ്മില്‍ 46 സെ.മീറ്ററും നിരകളില്‍ ചെടികള്‍ തമ്മില്‍ 23 സെ.മീറ്ററും അകലം കൊടുക്കുന്നത് നന്നായിരിക്കുമെന്നാണ് കണ്ടിട്ടുള്ളത്. മറ്റു തരം മണ്ണുകളില്‍ വളക്കൂറനുസരിച്ച് 30 x 20 സെ.മീറ്ററോ 30 x 15 സെ.മീറ്ററോ അകലം കൊടുക്കാം. നമ്മുടെ സംസ്ഥാനത്ത് നിരകള്‍ തമ്മില്‍ 30 സെ.മീറ്ററും നിരയില്‍ ചെടികള്‍ തമ്മില്‍ 15 സെ.മീ. അകലവും കൊടുക്കുവാനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. എന്നാല്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ നടത്തിയ പഠനത്തില്‍ നിന്നും 25 x 25 സെ.മീ അകലത്തില്‍ നടുന്നതാണ് കൂടുതല്‍ വിളവു ലഭിക്കുവാന്‍ ഉത്തമമെന്ന് കാണുകയുണ്ടായി.
തേഞ്ഞുതീരാറായ ചെറിയ തൂമ്പകള്‍ കൊണ്ടാണ് സാധാരണ മഞ്ഞള്‍ക്കുഴി കുത്തുക. മുഴത്തിന് രണ്ട് കുഴി എന്നതാണ് സാധാരണ കണക്ക്. തടങ്ങളില്‍ നിശ്ചിത അകലത്തിലും 5 സെ.മീ. മുതല്‍ 10 സെ.മീ. താഴ്ചയിലും ചെറുകുഴികളുണ്ടാക്കി മഞ്ഞള്‍ നടുന്നു. രണ്ടിഞ്ച് ആഴത്തിലാണ് മഞ്ഞള്‍ നടേണ്ടത്. കുഴികള്‍ മൂടുവാന്‍ പാകത്തിന് ഉണക്കിപ്പൊടിച്ച ചാണകപ്പൊടി ഇട്ടശേഷം കുഴികളുടെ അരികുകള്‍ തട്ടി കുഴിയെല്ലാം മൂടുന്നു. പിന്നീട് പച്ചിലകൊണ്ട് പുതവെയ്ക്കുകയും ചെയ്യുന്നു.
നട്ട് ഒരു മാസം കഴിയുന്നതോടെ മഞ്ഞള്‍ കിളിര്‍ത്തു തുടങ്ങും. മുളച്ചു നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. നാലു മാസം കഴിഞ്ഞാല്‍ പിന്നെ വളര്‍ച്ച കുറയുകയും പ്രകന്ദങ്ങളുടെ വളര്‍ച്ച കൂടുകയും ചെയ്യും.
തുടര്‍ച്ചയായി ഒരേ മണ്ണില്‍ത്തന്നെ മഞ്ഞള്‍ നടുന്നതായാല്‍ വിളവ് കുറഞ്ഞുപോകും. ഒരു വിളകഴിഞ്ഞ് കുറഞ്ഞത് രണ്ട് മൂന്ന് കൊല്ലത്തെ ഇടയെങ്കിലും ഇതിന് അനുവദിക്കേണ്ടതുണ്ട്. തെങ്ങ്, കമുക് എന്നീ വിളകളുടെ കൂടെയൊരു മിശ്രവിളയായിട്ടാണ് സാധാരണയായി മഞ്ഞള്‍ കൃഷിചെയ്യാറ്. റബ്ബര്‍ തൈകള്‍ വെച്ചുകഴിഞ്ഞുള്ള ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ മഞ്ഞള്‍ ഒരിടവിളയായി നടാറുണ്ട്.മഞ്ഞള്‍ക്കണ്ടങ്ങള്‍ക്കുള്ളില്‍ത്തന്നെ കാച്ചിലും, പയറും, മുളകും ഇടവിളയായി കൃഷിയിറക്കാവുന്നതാണ്.
ചുവരുകളിലെ വിടവുകള്‍ക്കിടയിലും മരപ്പൊത്തുകളിലും കല്ലിടുക്കുകളിലുമെല്ലാം സ്വാഭാവികമായി കാണപ്പെടുന്ന ചെറുതേനീച്ച അഥവാ സ്‌റ്റിംഗ്ലസ് ബീ ഉല്‍പാദിപ്പിക്കുന്ന ചെറുതേന്‍ അത്യന്തം ഔഷധഗുണം നിറഞ്ഞതാണ്. ഒട്ടനവധി ഔഷധസസ്യങ്ങളില്‍ നിന്നും തേനും പൂമ്പൊടിയും ശേഖരിക്കുന്നതാണ് ചെറുതേനീച്ചയുടെ തേനിന്റെ ഔഷധഗുണത്തിന് കാരണമെന്ന് കരുതുന്നു.
ശരീരത്തിനാവശ്യമായ മിക്ക മൂലകങ്ങളും അടങ്ങിയിട്ടുള്ളതാണ് തേൻ. വർദ്ധിച്ച തോതിൽ ഊർജ്ജം പ്രദാനം ചെയ്യുന്നു . ഈ ഊർജ്ജം വളരെ വേഗം രക്‌തത്തിൽ ലയിക്കുന്നതിനാൽ വേഗത്തിൽ ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. രക്‌തത്തിലെ ഹീമോഗ്ളോബിന്റെ അളവ് വർദ്ധിക്കാനും രക്‌തം ശുദ്ധീകരിക്കാനും തേൻ അത്യുത്തമമാണ്. ഇതിലടങ്ങിയ കാൽസ്യം ആന്തരിക ഗ്രന്‌ഥികളുടെ പ്രവർത്തനം ക്രമീകരിക്കുന്നു. കാൽസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന ഓസ്‌റ്റിയോ പൊറോസിസ് അകറ്റാൻ തേൻ കഴിക്കുന്നത് നല്ലതാണ്. തേനിൽ അർബുദത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾഅടങ്ങിയിട്ടുണ്ട്.
തുളസി, തെറ്റി, കീഴാര്‍നെല്ലി, തഴുതാമ, നീലയമരി എന്നിങ്ങനെ നിരവധി ഔഷധസസ്യങ്ങളുടെ ചെറുപൂക്കളില്‍ നിന്നും ചെറുതേനീച്ച പൂമ്പൊടിയും തേനും ശേഖരിക്കുന്നുണ്ട്. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു നല്‍കുന്ന ആയൂര്‍വ്വേദമരുന്നുകള്‍ ചാലിച്ചു നല്‍കാന്‍ ചെറുതേന്‍ ആവശ്യമായതോടെ അടുത്തകാലത്ത് ഇതിന്റെ ഡിമാന്റു കൂടി. ഒരു കിലോഗ്രാം ചെറുതേനിന് 1500 രൂപയിലേറെയാണ് വില.
വാണിജ്യാടിസ്‌ഥാനത്തിലുള്ള ചെറുതേനീച്ച വളര്‍ത്തല്‍ മെല്ലിപ്പോണികള്‍ച്ചര്‍ എന്നറിയപ്പെടുന്നു. കേരളത്തില്‍ ചെറുതേനീച്ച വളര്‍ത്തല്‍ വ്യാപിപ്പിക്കാന്‍ അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമെല്ലാം ഒഴിവുസമയം ഫലപ്രദമായി വിനിയോഗിക്കാന്‍ യോജിച്ച സംരംഭമാണ് ചെറുതേനീച്ച വളര്‍ത്തല്‍. സ്വന്തമായി കൃഷിഭൂമിയില്ലാത്തവര്‍ക്കും ലാഭകരമായി ചെയ്യാം.
മതിലുകളിലും മരപ്പൊത്തുകളിലും സ്വാഭാവികമായി കാണപ്പെടുന്ന ചെറുതേനീച്ചയുടെ ഫെറല്‍ കോളണികളെ ചെറുവാവട്ടമുള്ള മണ്‍കലങ്ങളിലോ പി.വി.സി. പൈപ്പും ബെന്റുകളും ഉപയോഗിച്ചോ വളര്‍ത്തുന്നതിനു വേണ്ടി ശേഖരിക്കാം. മുളങ്കൂടുകള്‍, മണ്‍ചട്ടി, മണ്‍കലം, ചിരട്ട, പിവിസി പൈപ്പ്, തടിപ്പെട്ടികള്‍ എന്നിവയിലെല്ലാം കര്‍ഷകര്‍ ചെറുതേനീച്ചകളെ വളര്‍ത്തുന്നുണ്ട്. 1960 സി.സി വ്യാപ്‌തമുള്ള മുളങ്കൂടുകളാണ് ചെറുതേനീച്ച വളര്‍ത്താന്‍ നല്ലതെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മുളങ്കൂടുകള്‍ സുലഭമല്ലാത്തതിനാല്‍ ഇതേ വ്യാപ്‌തമുള്ള തടിപ്പെട്ടികള്‍ നിര്‍മ്മച്ചും ഇവയെ വളര്‍ത്താം. ഇതിനു യോജിച്ച തടിപ്പെട്ടികള്‍ വെള്ളായണിയിലേ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രത്തില്‍ രൂപകല്‍പന ചെയ്‌തു വികസിപ്പിച്ചെടുത്തിട്ടുണ്ട്‌്.
മുളന്തണ്ട് സമാന്തരമായി നീളത്തില്‍ മുറിക്കുന്നതുപോലെ തടിപെട്ടിയുടെ രണ്ടു തുല്യഭാഗങ്ങള്‍ സമാന്തരമായി വരത്തക്ക വിധമാണ് നിര്‍മാണം. ഇരുട്ട് ഏറെ ഇഷ്‌ടപ്പെടുന്ന ജീവികളാണ് ചെറുതേനീച്ചകള്‍. മഴ, വെയില്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കിവേണം ചെറുതേനീച്ചപെട്ടികള്‍ സ്‌ഥാപിക്കാന്‍.
മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ചെറുതേന്‍ വിളവെടുപ്പ്. തേനെടുക്കാന്‍ തേനീച്ച കോളണി തുറക്കുമ്പോള്‍ ധാരാളം വേലക്കാരി ഈച്ചകള്‍ ചത്തു പോകാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ഒന്നോ- ഒന്നരയോ ലിറ്റര്‍ വ്യാപ്‌തമുള്ള കുടിവെള്ള കുപ്പികളുടെ പാര്‍ശ്വങ്ങളില്‍ ആണി കൊണ്ട് ദ്വാരങ്ങളിട്ട് അവയെ മാറ്റിയതിനുശേഷം വേണം തേനെടുക്കാന്‍. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് ചെറുതേനീച്ച കോളണികള്‍ വിഭജിക്കാന്‍ അനുയോജ്യമായ സമയം. മറ്റു തേനീച്ചകള്‍ക്കെന്ന പോലെ ചെറുതേനീച്ചകള്‍ക്കും ക്ഷാമകാലത്തു കൃത്രിമാഹാരം നല്‍കണം. മറ്റു തേനീച്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതേന്‍ ഉല്‍പാദനം കുറവാണ്. ഒരു കോളണിയില്‍ നിന്നും 250-850 മില്ലിലിറ്റര്‍ തേന്‍ വരെ ലഭിക്കും.
ഒട്ടനവധി രോഗങ്ങള്‍ക്കെതിരെയുള്ള സിദ്ധൗഷധമാണ് ചെറുതേന്‍. ജലാംശംകുറവായതിനാല്‍ മറ്റു തേന്‍ പോലെ ഇത് പ്രത്യേകം സംസ്‌കരിക്കേണ്ടതില്ല. വെയിലുകൊണ്ട് ചൂടാക്കിയാല്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാം. ചെറുതേന്‍ ചേര്‍ത്ത ഔഷധം നല്‍കി നിരവധി രോഗങ്ങള്‍ ഗൃഹചികിത്സയിലൂടെതന്നെ ഭേദമാക്കാം. ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാനും ചര്‍മ്മസൗന്ദര്യവും മുഖകാന്തിയും കൂട്ടാനും ചെറുതേന്‍ അത്യുത്തമമാണ്. അമിതവണ്ണം കുറക്കുന്നതിനും നേത്രരോഗങ്ങള്‍ മൂത്രാശയരോഗങ്ങള്‍, ഉദരരോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവയിലൂടെയെല്ലാം ചികിത്സയിലും ചെറുതേന്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.
തേൻ
പുഷ്പങ്ങളിൽ നിന്ന് തേനീച്ചകൾ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേൻ. മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.തേൻ ഒരു മൃതസഞ്ജീവനി ആണെന്നു പറയുന്നതിൽ തെറ്റില്ല. തേൻ ഒരു മൃതസഞ്ജീവനിഒരു പോലെ ഉത്തമമാണ് തേൻ. തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി ബാക്‌ടീരിയൽ ഘടകങ്ങളും രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നവയാണ്. മാത്രമല്ല ഈ ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് ചർമ്മത്തിന് സംരക്ഷണം നൽകുന്നതും. ദിവസവും രാവിലെ വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ തോനൊഴിച്ച് കഴിക്കുന്നത് വണ്ണം കുറയാൻ സഹായിക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നു. മാത്രമല്ല തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫ്ളവനോയിഡുകളും ചില കാൻസറുകളെയും പ്രതിരോധിക്കും. ശരീരത്തിലെ കൊളാജനെ നശിപ്പിക്കാൻ കഴിവുണ്ട് ഈ ആന്റി ഓക്‌സിഡന്റുകൾക്ക്. വിറ്റാമിൻ സി, കാത്സ്യം, ഇരുന്പ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് തേൻ. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കിടക്കുന്നതിനു മുൻപ് പാലിൽ രണ്ടു തുള്ളി തേൻകൂടി ചേർത്ത് കുടിച്ചാൽ മതിയാകും.
സുഗന്ധം നല്‍കാന്‍ ഉപയോഗിക്കാവുന്ന ഇലച്ചെടിയാണ് ‘രംഭയില അഥവാ ബിരിയാണിക്കൈത’ മൊളുക്കാസ് ദ്വീപസമൂഹങ്ങളില്‍ ജന്മംകൊണ്ട രംഭയില മലയാളനാട്ടിലും പ്രചാരംനേടിവരികയാണ്. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളില്‍ വളരെ നേരത്തേതന്നെ ചിലര്‍ ഇത് വളര്‍ത്തിവന്നിരുന്നു. പല നഴ്‌സറികളിലും രംഭയിലച്ചെടി വില്പന നടന്നുവരുന്നുണ്ട്.
താഴമ്പക എന്ന തഴക്കൈതയുടെ വിഭാഗത്തില്‍പ്പെട്ട ചെടിയാണിത്. സസ്യശാസ്ത്രത്തില്‍ പണ്ടാനസ് അമാരിലിഫോളിയസ് എന്നും ‘പണ്ടാനസ് ലാറ്റിഫോളിയസ്’ എന്നും പറയും. സാധാരണഗതിയില്‍ ഈ ചെടി പൂക്കില്ല. എന്നാല്‍, മൊളുക്കാസ് ദ്വീപില്‍ വളരെ അപൂര്‍വമായി ആണ്‍പുഷ്പങ്ങള്‍ ഉത്പാദിപ്പിക്കാറുണ്ട്.
ഇത് തെക്കുകിഴക്കേഷ്യ, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, ബോര്‍ണിയോ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ ഇന്ത്യയിലും ഈ ചെടി പ്രചാരത്തിലുണ്ട്. കേരളത്തിലെ നഗരങ്ങളില്‍ പലരും ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും നട്ടുപിടിപ്പിച്ചുവരുന്നുണ്ട്. കൈതവര്‍ഗമാണിത്.
ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്ക് സുഗന്ധവും രുചിയും നല്‍കാന്‍ ഇല ചേര്‍ക്കുന്നു. അലങ്കാര സസ്യമായി നടാന്‍ ഇത് നല്ലതാണ്. കറികള്‍ക്കും മാംസാഹാരത്തിനും മണംപകരാന്‍ ഇല ഉപയോഗിക്കുകയും ചെയ്യാം. ചോറും തേങ്ങാപ്പാലും രംഭയിലയുമടങ്ങിയ ‘നാസികുനിങ്’ എന്ന വിശിഷ്ട വിഭവം ഇന്‍ഡൊനീഷ്യയില്‍ ഏറെ പ്രിയമുള്ളതാണ്.
പാചകത്തിന് പുറമേ ഐസ്‌ക്രീം, പുഡ്ഡിങ്, മധുരവിഭവനിര്‍മാണം എന്നിവയിലും ഇതുപയോഗിച്ചുവരുന്നു. ശീതളപാനീയങ്ങള്‍ക്ക് നിറവും ഗന്ധവും പകരാനും നല്ലതാണ്.
സ്വാഭാവികമായി വളരുന്നവയസരത്തില്‍ ഉദ്ദേശം ഒന്നരമീറ്ററോളം ഉയരത്തില്‍ ശിഖരങ്ങളില്ലാതെ, ഒറ്റത്തടിയായിട്ടാണ് ഈ ചെടി വളരുന്നത്. ഇതില്‍ത്തന്നെ ചെറിയതരം ഇലകളോടുകൂടിയ കുറ്റിച്ചെടിയായി നില്‍ക്കുന്ന ഒരിനവുമുണ്ട്. വലിപ്പമേറിയ ഇലകള്‍ തരുന്നയിനവുമുണ്ട്. സാവധാനത്തിലേ വളര്‍ന്നുപൊങ്ങുകയുള്ളൂ. ഇതിന്റെ കടഭാഗത്തുനിന്ന് നിറയെ ചിനപ്പുകള്‍ പൊട്ടാറുണ്ട്. നിത്യഹരിത ഇലച്ചെടിയായതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട് ഉദ്യാനത്തിലും വെക്കാം.
ബസുമതി അരിക്ക് സുഗന്ധം നല്‍കുന്നതുപോലെ രംഭച്ചീരയിലയ്ക്കും സുഗന്ധം നല്‍കുന്ന ഘടകം ‘അസറ്റെല്‍ പൈറോളീന്‍’ ആണ്. ബസുമതിയിലേതിനേക്കാള്‍ കൂടുതല്‍ അളവിലാണ് ഈ ഘടകം രംഭയിലുള്ളത്.
ഈ ഇല ചൂടുവെള്ളത്തിലോ വെയിലത്തോ ഇട്ട് വാട്ടിയെടുത്താല്‍ നല്ല സുഗന്ധം പുറത്തുവരും. ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നുണ്ട്. മാതൃചെടിയുടെ ചുവട്ടില്‍നിന്ന് വളരുന്ന കുഞ്ഞുതൈകള്‍ നടാം. ജൈവവളങ്ങള്‍ നല്‍കി കൃഷിയിറക്കാം. തൈ നട്ട് അഞ്ചാറുമാസമായാല്‍ ഇല നുള്ളി ഉപയോഗിക്കാം. സാധാരണ അരിയുടെ കൂടെ നാലഞ്ചിലയിട്ട് പാകംചെയ്താല്‍ ബസുമതിയരിപോലെ മണം ലഭിക്കും. ഗവേഷണഫലമായി രംഭയിലയില്‍നിന്ന് ഔഷധഗുണമുള്ള ‘പന്‍ഡാനില്‍’ എന്ന മാംസ്യം വേര്‍തിരിച്ചിട്ടുണ്ട്. ഇതിന് ഫ്ലൂ, ഹെര്‍പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. ദന്തരോഗത്തിനും ഉദരരോഗത്തിനും ദഹനക്കേടിനും നല്ലതാണ് രംഭയില.
രംഭയിലയിട്ടുണ്ടാക്കിയ ഗന്ധച്ചായ ചില രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു. വായ്‌നാറ്റം വരാതിരിക്കാന്‍ ഇത് ചവച്ചുതുപ്പിയാല്‍ മതി.
ഇത് ഏത് കാലാവസ്ഥയിലും നന്നായി വളരും. രംഭയിലയെ വയനാട്ടില്‍ ചിലര്‍ ഗന്ധപുല്ല് എന്നാണ് പറയുന്നത്. പുട്ട് ചുടുന്നതിനൊപ്പവും ചക്കയപ്പം തയ്യാറാക്കുന്നതിനൊപ്പവും ഇതിട്ടാല്‍ നല്ലമണവും രുചിയും കിട്ടും.
പറമ്പുകളിലും കുറ്റിക്കാടുകളിലുമൊക്കെ വ്യാപകമായി കണ്ടിരുന്ന മത്തിപ്പുളി ഇന്ന് അപൂര്‍വമാണ്. ഇതിന്റെ ഒേട്ടറെ ഔഷധഗുണങ്ങള്‍ ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്.മത്തിപ്പുളിയുടെ പുളിരസമുള്ള പുറമിതള്‍ മീന്‍കറിയില്‍ പുളിക്ക് പകരം ചേര്‍ത്തിരുന്നു. മൂന്നു മീറ്റര്‍വരെ ഉയരം വെക്കുന്നതാണ് ഈ ചെടി. കായ് മൂത്ത് താനെ പൊട്ടി പുറത്തുവരുന്ന വിത്ത് വീണാണിത് മുളയ്ക്കുന്നത്.
മാംസളമായ പൂക്കളുടെ പുറമിതളിന് നല്ല ചുവപ്പ് നിറമാണ്. പഞ്ചാബിലെ ‘ഐ.എസ്.എഫ്. കോളേജ് ഓഫ് ഫാര്‍മസിയില്‍’ മത്തിപ്പുളിയുടെ ഔഷധമേന്മകളെക്കുറിച്ച് പഠനം നടന്നു.
ജേണല്‍ ഓഫ് ന്യൂട്രിഷന്‍, ജേര്‍ണല്‍ ഓഫ് എത്തനോഫാര്‍മക്കോളജി, കറണ്ട് മെഡിസിനല്‍ കെമിസ്ട്രി തുടങ്ങിയ ജേണലുകളില്‍ മത്തിപ്പുളിയുടെ മേന്മകളെക്കുറിച്ച് പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, കൊഴുപ്പുകോശങ്ങളുടെ രൂപംകൊള്ളല്‍ എന്നിവ തടയാന്‍ മത്തിപ്പുളിയിലെ ഘടകങ്ങള്‍ക്കാവുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങളും കരളിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നവയും മത്തിപ്പുളിയില്‍നിന്ന് വേര്‍തിരിച്ചു. ബീജത്തിന്റെ ചലനശേഷി മെച്ചപ്പെടുത്താന്‍ ഇതിന്റെ സത്തിനാവുമെന്നാണ് മറ്റൊരു കണ്ടെത്തല്‍.
Courtesy : Mathrubhumi
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന ലക്ഷ്‌മിതരു എന്ന നിത്യഹരിത വൃക്ഷത്തിന് കേരളത്തിലും ആരാധകരേറുന്നു. ജീവനകലയുടെ ആചാര്യനായ ശ്രീശ്രീ രവിശങ്കാണ്‌് ഈ അത്ഭുത ഔഷധവൃക്ഷത്തിന് ഇന്ത്യയില്‍ അടുത്തകാലത്ത് വന്‍ പ്രചാരം നല്‍കിയത്. സിമറൂബ ഗ്ലൗക്ക എന്ന ശാസ്‌ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ വൃക്ഷം മധ്യ അമേരിക്കന്‍ സ്വദേശിയാണ്. 1960 കളില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സിന്റെ മഹാരാഷ്‌ട്ര അമരാവതിയിലെ കേന്ദ്രം ഈ വൃക്ഷത്തെ ഇന്ത്യയില്‍ കൊണ്ടുവന്നു. ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണമാണ് വൃക്ഷത്തെ ദേശീയശ്രദ്ധയില്‍ എത്തിച്ചത്. എണ്ണവൃക്ഷം, പാരഡൈസ് ട്രീ, അസൈടുനോ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ സമുദ്രതീരം മുതല്‍ സമുദ്രനിരപ്പില്‍നിന്നു 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന വൃക്ഷമാണ് ലക്ഷ്‌മിതരു.
കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങല്‍ കുറയ്‌ക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങിവരുന്നതിനും ലക്ഷ്‌മിതരുവിന്റെ ഇലകള്‍ ചേര്‍ത്ത കഷായം സഹായിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തകാലത്ത് വന്‍ പ്രചാരം നേടിക്കൊടുത്തത്. ഇതിന്റെ ഇലകളിലുള്ള ക്വാസിനോയിഡ്‌സ്, ഗ്ലാക്കാറൂബിനോന്‍ തുടങ്ങിയ രാസസംയുക്‌തങ്ങള്‍ക്ക് ട്യൂമറുകളും രക്‌താര്‍ബുദവും തടയാനുള്ള ശേഷിയുണ്ട്. വലിയ മുതല്‍മുടക്കില്ലാത്ത ആരോഗ്യ ഇന്‍ഷൂറന്‍സാണ് ഈ വൃക്ഷം. ഗര്‍ഭാശയരോഗങ്ങള്‍, വയറിളക്കം, ചിക്കന്‍ഗുനിയ മലേറിയ, അള്‍സര്‍, ഉദരരോഗങ്ങള്‍ എന്നിവക്കെതിരേയും ഫലപ്രദമാണ്.
ഈ വൃക്ഷത്തിന്റെ ഇലകള്‍, പഴം, തടി, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വിത്തില്‍ 65 ശതമാനം എണ്ണ ഉള്ളതിനാല്‍ പാചക എണ്ണയായും ഉപയോഗിക്കാം. ഇതില്‍ നിന്നുമുള്ള ഭക്ഷ്യഎണ്ണ എല്‍സാല്‍വഡോര്‍ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ വിപണനംചെയ്യുന്നുണ്ട്. എണ്ണ ബയോഡീസലായും ഉപയോഗിക്കാം. പഴത്തിന്റെ പള്‍പ്പില്‍ 11 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നും ജൂസ്, ജാം, വൈന്‍, ചോക്കലേറ്റ് തുടങ്ങിയവ തയ്യാറാക്കാം. സ്വാഭാവികമായ നിറവും നല്ല രുചിയും ആകര്‍ഷകമായ ഗന്ധവുമുണ്ട്. വിത്തില്‍നിന്നും എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക് നല്ല ജൈവവളമാണ്. ഇലയും ചവറും മണ്ണിന്റെ ജൈവാശം കൂട്ടും. ഇലകള്‍ മണ്ണിരകള്‍ക്ക് ഏറെ ഇഷ്‌ടമായതിനാല്‍ മണ്ണിര കമ്പോസ്‌റ്റ് നര്‍മാണത്തിന് നല്ലതാണ്. പഴത്തിന്റെ പള്‍പ്പും. വെര്‍മികമ്പോസ്‌റ്റുണ്ടാക്കാന്‍ മികച്ചതാണ്. തടിക്ക് ഉരുണ്ട ആകൃതിയാണ്. 10 വര്‍ഷം പ്രായമുള്ള വൃക്ഷത്തില്‍ നിന്നും 5-10 ക്യൂബിക് അടി തടി ലഭിക്കും. ഇതിന്റെ എണ്ണ പാചക എണ്ണയായി ഉപയോഗിക്കുന്നതിനു പുറമെ സോപ്പ്, ഷാമ്പൂ, ലൂബ്രിക്കന്റുകള്‍, ഗ്രീസ്, പെയിന്റ്, വാര്‍ണിഷ്, മെഴുകുതിരി തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.
പാരിസ്‌ഥിതിക മൂല്യമുള്ള വൃക്ഷമാണ് ലക്ഷ്‌മിതരു. പാഴ്‌നിലങ്ങളെ ഫലഭൂയിഷ്‌ഠമാക്കി മാറ്റാന്‍ വൃക്ഷത്തിന് ശേഷിയുണ്ട്. മണ്ണു സംരക്ഷണവും ജലസംരക്ഷണവും ഒരുപോലെ നിര്‍വഹിക്കുന്ന ലക്ഷ്‌മി തരു നീര്‍വാഴ്‌ച്ചയില്ലാത്ത പ്രദേശങ്ങളിലും വളര്‍ത്താന്‍ യോജിച്ച വൃക്ഷമാണ്. അഞ്ചെട്ടു മാസം മഴയില്ലെങ്കിലും പിടിച്ചുനില്‍ക്കും. ചരല്‍മണ്ണിലും മണല്‍ മണ്ണിലും വെട്ടുകല്‍ പ്രദേശങ്ങളിലും കറുത്ത മണ്ണിലും സമതലങ്ങളിലും കുന്നിന്‍ ചെരിവുകളിലുമെല്ലാം നന്നായി വളരും. 5 ഡിഗ്രി മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള കാലാവസ്‌ഥയില്‍ ഇത് വളരും. മറ്റു വൃക്ഷങ്ങള്‍ വളരാത്ത മണ്ണിലും വളര്‍ത്താം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലായിരിക്കണം വൃക്ഷം നട്ടുവളര്‍ത്തേണ്ടത്. മണ്ണൊലിപ്പ് തടയുന്നതോടൊപ്പം ഭൂഗര്‍ഭ ജലസംരക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അതിരുകളിലും ബണ്ടുകളിലുമെല്ലാം വൃക്ഷം നട്ടുപിടിപ്പിക്കാം. പാതയോരങ്ങളില്‍ തണലും അഴകും കൂട്ടാനും നട്ടുപിടിപ്പിക്കാം. ഇടവിളയായും തോട്ടമായും കൃഷിചെയ്യാം. ആറുവര്‍ഷം കൊണ്ട് 10-15മീറ്‌ര്‍ ഉയരത്തില്‍ വളരും. വിത്തു നട്ടുണ്ടാകുന്ന തൈകള്‍ ആറുവര്‍ഷത്തിനുള്ളിലും ഗ്രാഫ്‌റ്റ് നട്ടുണ്ടാകുന്ന തൈകള്‍ നാലുവര്‍ഷത്തിനുള്ളിലും പൂത്തുതുടങ്ങും. ഡിസംബര്‍- ജനുവരിയാണ് പൂക്കുന്ന കാലം. വിളവെടുത്ത ഉടന്‍ വിത്തു നടണം. രണ്ട്- മൂന്ന് മാസം പ്രായമുള്ള തൈകള്‍ മഴക്കാലത്ത് നടാം. 45-45-45 സെന്റിമീറ്റര്‍ നീളത്തിലും വീതിയിലുമുള്ള ആഴത്തിലുമുള്ള കുഴികളെടുത്ത് പാതിഭാഗം മേല്‍മണ്ണും ബാക്കിഭാഗം ജൈവവളവും നിറച്ച് തൈകള്‍ നടാം. മണ്ണില്‍ ഈര്‍പ്പമുണ്ടെങ്കില്‍ വിത്തു നേരിട്ട് നട്ടും ഈ വൃക്ഷം വളര്‍ത്താം. ഒരു ഹെക്‌ടറില്‍ നിന്നും ശരാശരി 1000-2000 കിലോഗ്രാം ഭക്ഷ്യഎണ്ണ ലഭിക്കും.
കടപ്പാട്-എന്‍റെകൃഷി.കോം
അവസാനം പരിഷ്കരിച്ചത് : 2/15/2020
വാഴ, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍, അവയുടെ ഫലങ്...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍