Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍ - അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

തയ്ക്കുമ്പളം കൃഷിചെയ്യാം

കുക്കുർബിറ്റേസി (Cucurbitaeceae) സസ്യകുടുംബത്തിൽപ്പെടുന്ന ഫലവർഗയിനമാണ് തയ്ക്കുമ്പളം. ശാസ്ത്രനാമം കുക്കുമിസ് മെലോ (Cucumis melo). കക്കിരിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഉത്തരേന്ത്യയിലെ ഒരു പ്രധാന പച്ചക്കറിയാണിത്.ബീഹാര്‍ , ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിൽ ഇത് വൻതോതിൽ കൃഷി ചെയ്യുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും തയ്ക്കുമ്പളം കൃഷിചെയ്യുന്നുണ്ട്.

നിലത്തുപടർന്നുവളരുന്ന വാർഷിക സസ്യമാണ് തയ്ക്കുമ്പളം. തണ്ട് കുറുകിയതും കോണീയവും നേർത്ത രോമങ്ങളുള്ളതുമാണ്. നീണ്ടപത്ര വൃന്തങ്ങളോടു കൂടിയ ഇതിന്‍റെ  ഇലകൾഏകാന്തരന്യാസരീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഹൃദയാകാരത്തിലുള്ള പത്രപാളിയുടെ അരിക് ദന്തുരമായിരിക്കും. ഇലയുടെ ഉപരിതലം രോമിലമാണ്. ഇലയുടെ കക്ഷ്യങ്ങളിൽ നിന്ന് പ്രതാനങ്ങളും പുഷ്പങ്ങളും ഉണ്ടാകുന്നു.

ഫലത്തിന്‍റെ ആകൃതിയിലും രുചിയിലും  തയ്ക്കുമ്പളം വൈവിധ്യം പുലർത്തുന്നു. ഫലങ്ങളുടെ പുറന്തൊലിക്ക് ഇളം മഞ്ഞയോ പച്ചയോ  നിറമായിരിക്കും. ഉപരിതലം മിനുസമുള്ളതോ ജാലിതരൂപമോ പലതരം അടയാളങ്ങളോടു കൂടിയതോ ആയിരിക്കും.ഫലത്തിന്‍റെ കഴമ്പ് വെള്ള, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലോ ഇവയുടെ നിറഭേദങ്ങളിലോ ആയിരിക്കും. പോഷകമൂല്യമുള്ള ഈ ഫലം അപൂർവമായേ പാചകം ചെയ്ത് കറിയായി ഉപയോഗിക്കാറുള്ളൂ. മാംസ്യം, കൊഴുപ്പ്, കാത്സ്യം  കാര്‍ബോഹൈഡ്രേറ്റ്, നാര്, പഞ്ചസാര, ഇരുമ്പ്,  ജീവകം സി, ജലാംശം എന്നിവ അടങ്ങിയതാണിത്.

കൃഷിയിറക്കു കാലം

നദീതീരങ്ങളിലെ മണൽ കലർന്ന മണ്ണിലാണ് ഇത് അധികവും കൃഷിചെയ്തു വരുന്നത്. നവംബർ-മാർച്ച് മാസങ്ങളാണ് കൃഷിയിറക്കു കാലം. ഒരു രാത്രി മുഴുവൻ വിത്തു കുതിർത്തു വച്ചശേഷമാണ് വിതയ്ക്കുന്നത്. കായ്കളുടെ പുറംതൊലിയുടെ നിറഭേദമാണ് വിളവെടുപ്പിന് ആധാരം. മൂപ്പെത്തിയ ഫലങ്ങളുടെ ഞെട്ടിനുചുറ്റും വിള്ളലുണ്ടായി തണ്ടിൽ അടയാളം അവശേഷിപ്പിച്ചുകൊണ്ട് അടർന്നു താഴെ വീഴുന്നു.

രോഗങ്ങൾ

ചൂർണപൂപ്പ്, ഇലപ്പുള്ളിരോഗം, മൃദുരോമപ്പൂപ്പ്, ഇലപ്പേനുകൾ തുടങ്ങിയ രോഗങ്ങളും കീടങ്ങളും ഇതിനെ ബാധിക്കാറുണ്ട്. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളെ നട്ടുവളർത്തുകയാണ് ഏറ്റവും നല്ല മാർഗം.

മാര്‍ച്ച് ‌-ഏപ്രില്‍ മാസങ്ങളില്‍ കാച്ചില്‍ നടാം

കാച്ചില്‍ നടാന്‍ സമയമായി. മാര്‍ച്ച്‌-- ഏപ്രില്‍ മാസങ്ങളാണ് നടീല്‍ സമയം. നല്ല നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണ്ണാണ് കൃഷിക്ക് യോജിച്ചത്. 250-300 ഗ്രാം വരെ തൂക്കം വരുന്ന മുറിച്ച കിഴങ്ങു കഷണങ്ങളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്. ദ്രുതഗതിയിലുള്ള കാച്ചില്‍ ഉത്പാദന സമ്പ്രദായത്തില്‍ 30 ഗ്രാം തൂക്കമുള്ള കിഴങ്ങു കഷണങ്ങളാണ് നടാനുത്തമം.

15-20 സെന്‍റിമീറ്റര്‍ താഴ്ചയില്‍ കിളച്ച്‌ 45 സെന്‍റിമീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് മുക്കാല്‍ ഭാഗത്തോളം മേല്‍മണ്ണും കാലിവളവും ഇട്ട് കൂനകൂട്ടണം. മുറിച്ച കിഴങ്ങു കഷണങ്ങള്‍ കൂനകളില്‍ 90x90 സെന്‍റിമീറ്റര്‍ അകലത്തില്‍ നടണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 3000 മുതല്‍ 3700 കി.ഗ്രാം വിത്ത് ആവശ്യമാണ്.

75x75 സെന്‍റിമീറ്റര്‍ അകലത്തില്‍ തയ്യാറാക്കിയ കൂനകളില്‍ ചെറുകിഴങ്ങ് നടാം. 1800-2700 കി.ഗ്രാം ചെറുകിഴങ്ങ് വിത്ത് ഒരു ഹെക്ടര്‍സ്ഥലത്ത് നടുന്നതിന് ആവശ്യമാണ്. കിഴങ്ങ് നട്ടതിനുശേഷം പുതയിടണം. തെങ്ങ്, കമുക്, വാഴ, റബ്ബര്‍, കാപ്പി എന്നീ വിളകള്‍ക്കൊപ്പം കാച്ചില്‍ ഇനങ്ങള്‍ ഇടവിളയായി കൃഷിചെയ്യാം.

തെങ്ങിന്‍ ചുവട്ടില്‍നിന്നും രണ്ട് മീറ്റര്‍ അര്‍ധവ്യാസത്തിലുള്ള സ്ഥലം വിട്ടിട്ട് ബാക്കിയുള്ള സ്ഥലത്ത് ഏകദേശം 9000 കാച്ചില്‍ ചെടികള്‍ 90x90 സെ.മീ. അകലത്തില്‍ ഇടവിളയായി കൃഷിചെയ്യാം. ശ്രീകല, ശ്രീകീര്‍ത്തി, ശ്രീപ്രിയ എന്നീ കാച്ചില്‍ ഇനങ്ങളാണ് ഇടവിളയായി കൃഷിചെയ്യാന്‍ ഉത്തമം.

നേന്ത്രന്‍, റോബസ്റ്റ വാഴകളുടെ ഇടയ്ക്ക് 3.6x1.8 മീറ്ററായി ക്രമീകരിച്ച്‌ 1500 വാഴക്കന്ന് ഒരു ഹെക്ടറില്‍ നടണം. രണ്ടുവരി വാഴക്കിടയില്‍ മൂന്നുവരി കാച്ചില്‍ നടാം. വാഴത്തോപ്പില്‍ 8000 കാച്ചില്‍ച്ചെടികള്‍ ഒരു ഹെക്ടറില്‍ നടാം. റബ്ബറിനിടയില്‍ ആദ്യത്തെ 3-4 വര്‍ഷം വരെ കാച്ചില്‍ ഇനങ്ങള്‍ ഇടവിളയായി കൃഷി ചെയ്യാം. കമുകിന്‍ തോപ്പില്‍ ചുവട്ടില്‍നിന്ന് ഒരു മീറ്റര്‍ മാറ്റി ഉദ്ദേശം 7000 കാച്ചില്‍ച്ചെടികള്‍ നടാം. നട്ടുകഴിഞ്ഞ് 9-10 മാസമാകുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം.

ശര്‍ക്കര പ്രാണികള്‍ കിഴങ്ങിനെ കൃഷിസ്ഥലത്തും സംഭരണസ്ഥലത്തും ആക്രമിക്കാതിരിക്കാന്‍ ഏഴു മില്ലിവേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മൂന്നു മില്ലി സോപ്പ്ലായനിയും ചേര്‍ത്ത് നടുന്നതിനു മുമ്പായി 10 മിനിറ്റ് മുക്കിവെയ്ക്കുക

കോവല്‍കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവല് നടുമ്പോള്‍ നാല് മുട്ടുകളെങ്കിലുമുള്ള തണ്ടാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. നടുമ്പോള്‍ രണ്ട് മുട്ട് മണ്ണിന് മുകളില്‍ നില്‍ക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വെയിലുള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ കൊണ്ട് തണല്‍ നല്‍കുന്നത് നല്ലതാണ്. അധികം നനവ് ആവശ്യമില്ലാത്ത കൃഷിയാണിത്. പക്ഷേ വേനല്‍കാലത്ത് ഇടവിട്ട് നനച്ച് കൊടുക്കുന്നത് കൂടുതല്‍വിളവ് ലഭിക്കാന്‍ സഹായിക്കും. കായ്ഫലം ലഭിച്ച് തുടങ്ങിയാല്‍ ഒരു തോരനും മെഴുക്ക്‌വരട്ടിക്കുമുള്ളത് നിത്യവും ലഭിക്കുമെന്നതാണ് കോവലിന്‍റെ ഏറ്റവുംവലിയ പ്രത്യേകത. അധികം മൂപ്പെത്തുന്നതിന് മുന്‍പ് വിളവെടുക്കുന്ന കോവയ്ക്കയാണ് കുറേക്കൂടി നല്ലത്. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഹൃദയത്തിന്റെയും വൃക്കയുടെയും തലച്ചോറിന്‍റെയും ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ്വി വിദഗ്ദ്ധര്‍ പറയുന്നത്. ശരീരത്തിലെ മാലിന്യങ്ങളെ നീക്കി സംരക്ഷണം ഉറപ്പ് നല്‍കാനും കോവയ്ക്കയ്ക്ക് കഴിയും. പ്രമേഹം ഉള്‍പ്പെടെയുള്ള പലരോഗങ്ങളുടെയും പ്രകൃതിദത്തമായ പ്രതിവിധിയായും കോവലിനെ കാണുന്നുണ്ട്.

കോവല്‍ ചെടിയുടെ വള്ളികള്‍ മരങ്ങളിലേക്ക് കയറ്റി വിടാതെ നമുക്ക്കയ്യെത്തി പറിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക പന്തലിട്ട് അതിലേക്ക് വള്ളികള്‍ കയറ്റി വിടണം. കൂടുതല്‍ കായ്ഫലം കിട്ടാനും ഇത് സഹായിക്കും. ടെറസിന് മുകളില്‍ പന്തലിട്ട് കോവല്‍ വളര്‍ത്തിയാല്‍ വീടിനുള്ളില്‍ പ്രകൃതിദത്തമായ തണുപ്പും കറികള്‍ക്ക് വിഷരഹിതമായ കോവയ്ക്കയും യഥേഷ്ടം ലഭിക്കും.
വലിയ വളപ്രയോഗങ്ങളൊന്നും കോവലിന് ആവശ്യമില്ല. സാധാരണ ഉപയോഗിക്കുന്ന ചാമ്പലും ചാണകപ്പൊടിയും കരിയിലകളും ചപ്പുമൊക്കെ കോവലിന് പര്യാപ്തമായ വളങ്ങളാണ്. രാസവളത്തിന്‍റെ  ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.വെര്‍മിവാഷ് അല്ലെങ്കില്‍ ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്തു രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. മറ്റ്കാര്‍ഷിക വിളകളെ കീടങ്ങള്‍ ബാധിക്കുന്നത് പോലെ കോവലിനെ കീടങ്ങള്‍ കൂടുതലായി ബാധിക്കാറില്ല. കീടങ്ങള്‍ ആക്രമിച്ചാലും ജൈവ കീടനാശിനികള്‍ കൊണ്ട് തന്നെ അവയെ തുരത്താനും കഴിയും. വി.എഫ്.സി.കെ യിലും ചില കൃഷി വിജ്ഞാനകേന്ദ്രങ്ങളിലും നഴ്‌സറികളിലും കോവല്‍ തണ്ടുകള്‍ യഥേഷ്ടം വാങ്ങാന്‍ലഭിക്കും

മരത്തക്കാളി

ഊട്ടി , കൊടൈക്കനാൽ തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന സസ്യമാണ് മരത്തക്കാളി. ഏകദേശം ആറ്‌ മീറ്റർ വരെ വളരുന്ന കട്ടി കുറഞ്ഞ ചെറു വൃക്ഷമാണിത് . രണ്ടു വർഷമാകുമ്പോൾ കായ്ച്ചു തുടങ്ങും . ഇലകൾ വലുതും , രോമമുള്ളതുമാണ്. കായ്കൾ മുട്ടയുടെ ആകൃതിയുള്ളതും നാലഞ്ച് സെൻ‍റി മീറ്റർ നീളമുള്ളതും വയലറ്റ് നിറമുള്ളതുമാണ് .പഴുക്കുമ്പോൾ നല്ല ചുവപ്പാകും . പല നിറത്തിലുള്ള കായ്കളുണ്ട്‌. . സോളാനം ബെറ്റാസിയം (Solanum betaceum) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മരത്തക്കാളി സത്യത്തിൽ വഴുതന കുടുംബാംഗമാണ്. ഇതു പുളിയുള്ള പഴമായി ഉപയോഗിക്കുന്നു .

ഇടുക്കി ജില്ലയിലെ  കാന്തല്ലൂരിലും മരത്തക്കാളി സമൃദ്ധമായി വളരുന്നു. പരമാവധി അഞ്ചുമീറ്റർ വരെ ഉയരത്തിൽ വളരും, വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കൾക്ക് കടുംചുവപ്പ്, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളാകാം. വിത്തു വഴിയും തണ്ടുകള്‍ മുറിച്ചുനട്ടും മരത്തക്കാളി കൃഷി ചെയ്യാം.

ഉർവച്ചീര കൃഷിചെയ്യാം

കമ്പോസിറ്റേ സസ്യകുലത്തിൽപെടുന്ന ഒരു ഇലക്കറി വിളയാണ് ഉർവച്ചീര. ഒരു വാർഷിക ഔഷധ സസ്യമാണിത്.  ഇതിന്‍റെ  ശാസ്ത്രനാമം: ലാക്റ്റ്യുക്ക സറ്റൈവ (Lactuca sativa).

ഏകദേശം ഒരു മീറ്റര്   ഉയരത്തിൽ വളരുന്ന ഇതിന്‍റെ ഇല പാകം ചെയ്യാതെ തന്നെ സാലഡ്  ആയി ഭക്ഷിക്കാവുന്നതാണ്.

കൃഷിരീതി

ശീതമേഖലയിൽ നന്നായി വളരുന്ന ഈ ചെടി  സെപ്റ്റംബര് , ഫെബ്രുവരി മാസങ്ങളില് കേരളത്തില് കൃഷി ചെയ്യാവുന്നതാണ്.  വിത്തു പാകി തൈകളാക്കി പറിച്ചു നട്ടാണ് ഇവ വളർത്തുന്നത്. ചീര വളർത്തുന്നതുപോലെതന്നെ ഇതും വളർത്താം.

വിളവെടുപ്പ്

ചെടികൾക്ക് രണ്ടുമാസത്തെ വളർച്ചയെത്തുമ്പോൾ മുതൽ ഇല നുള്ളി തുടങ്ങാം. സാലഡിനു പുറമേ കാബേജ് പാകം ചെയ്യുന്നതുപോലെ ഇതും പാകം ചെയ്ത് ഉപയോഗിക്കാം. വിശിഷ്ടങ്ങളായ മാംസക്കറികളും  മറ്റു ചില വിഭവങ്ങളും അലങ്കരിക്കൻ വേണ്ടിയും ഉർവച്ചീരയുടെ ഇല ഉപയോഗിക്കാറുണ്ട്

പാഷന്‍ഫ്രൂട്ട് വീട്ടില്‍ തന്നെ കൃഷി ചെയ്യാം

മിക്ക വീടുകളിലും കാണാവുന്ന ഒരു വിളയാണ് പാഷന്‍ഫ്രൂട്ട്. ഒരു വള പ്രയോഗവും കൂടാതെ വേഗത്തില്‍ തന്നെ ഇത് വളരുകയും ചെയുന്നു. നിരവധി ഔഷധഗുണങ്ങള്‍ ഉള്ള ഒരു ഫലമാണിത്. ഇത് ജ്യൂസ് രൂപത്തിലും ഭക്ഷിക്കുന്നത് ശരീരത്തിലെ തളര്‍ച്ച അകറ്റാന്‍ സഹായിക്കും. യാതൊരു ആയാസവുമില്ലാതെ എവിടെയും പടര്‍ന്നു കയറുന്നവള്ളിച്ചെടി വര്‍ഗ്ഗത്തില്‍പ്പെട്ട പാഷന്‍ഫ്രൂട്ട് സീസണില്‍ നിറയെ കായ്ക്കുകയും ചെയ്യും.

കേരളത്തില്‍ ഹൈറേഞ്ചുകളിലാണ് പാഷന്‍ഫ്രൂട്ട് കൃഷി നടക്കുന്നത്. പാഷന്‍ഫ്രൂട്ടിന് സാധാരണയായി നല്ല വെയില്‍ ആവിശ്യമാണെങ്കിലും ശക്തമായകാറ്റ് കൃഷിക്ക് അനുയോജ്യമല്ല. നല്ല നനവും വളക്കൂറുള്ള മണ്ണും ഉണ്ടെങ്കില്‍വിളവ് കൂടുതല്‍ ലഭിക്കും. സാധാരണ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരംകൂടുന്നത് ചെടിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും.

പാഷന്‍ഫ്രൂട്ട് വിത്തുകള്‍ മുളപ്പിച്ചും അതുകൂടാതെ തണ്ടുകള്‍ മുളപ്പിച്ച്‌ തൈകളാക്കിയും നടാവുന്നതാണ് വിത്തുകള്‍ വെള്ളത്തില്‍ 2 ദിവസമെങ്കിലും മുക്കിവച്ചശേഷം പാകാവുന്നതാണ്. തുടര്‍ന്ന് 2 ആഴ്ച പാകമായ തൈകള്‍ പോളിബാഗുകളിലേക്ക്മാറ്റേണ്ടതാണ്. വേഗത്തില്‍ കായ്ഫലം ലഭിക്കാന്‍ തണ്ടുകള്‍ മുളപ്പിച്ച തൈകളാണ് ഉത്തമം, ഏവിടെയും പടര്‍ത്താമെങ്കിലും പന്തലിട്ട് പടര്‍ത്തുന്ന ശാസ്ത്രീയ കൃഷിരീതിയാണ് നല്ലത്.

പന്തലിന് ഏഴടി ഉയരം വേണം. തൈ നടുമ്പോള്‍ അഞ്ചുകിലോഗ്രാം ജൈവവളവും 25 ഗ്രാംനൈട്രജന്‍, 10 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാസ്യം എന്നീ രാസവളങ്ങളും, രണ്ടു മുതല്‍ നാലുവര്‍ഷം വരെ പ്രായമായ ചെടികള്‍ക്ക് 10 കിലോഗ്രാം ജൈവവളം 80 ഗ്രാം നൈട്രജന്‍ 80 ഗ്രാം ഫോസ്ഫറസ് 60 ഗ്രാം പൊട്ടാസ്യം എന്ന അളവില്‍ വളം നല്‍കണം. ഇതിലേറെ പ്രായമുള്ള ചെടികള്‍ക്ക് 15 കിലോഗ്രാം ജൈവവളവും എന്‍.പി.കെ. 150 ഗ്രാം, 50 ഗ്രാം 100 ഗ്രാം എന്ന അളവിലും നല്‍കേണ്ടതാണ്.

പര്‍പ്പിള്‍, മഞ്ഞ എന്നീ രണ്ടു നിറങ്ങളിലുള്ള പാഷന്‍ഫ്രൂട്ട് ഇനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്തു വരുന്നുണ്ട്. ഇതില്‍ പര്‍പ്പിള്‍ ഇനത്തിന് മധുരം മഞ്ഞയേക്കാള്‍ കൂടുതലാണ്. മഞ്ഞനിറത്തിലുള്ളവ ഗോള്‍ഡന്‍ ഫ്രൂട്ട് എന്നും അറിയപ്പെടുന്നുണ്ട്, ഇവ ശ്രീലങ്കയില്‍ നിന്നാണ് നമ്മുടെ നാട്ടില്‍എത്തിയത്. പര്‍പ്പിള്‍ ഇനത്തേക്കാള്‍ പുളിരസം കൂടുതലാണ് ഇവയ്ക്ക്.ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ മഞ്ഞ ഈ രണ്ടു നിറങ്ങളിലുമുള്ള കായ്കള്‍ തമ്മില്‍ സങ്കരണം നടത്തി കാവേരി എന്ന പേരില്‍ ഒരു ഹൈബ്രഡ് ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക്പര്‍പ്പിള്‍ നിറമാണ്.

പാഷന്‍ഫ്രൂട്ട് ഒരു ഔഷധവും കൂടിയാണ്. മൈഗ്രേന്‍ പ്രശ്നത്തില്‍ നിന്നും എന്നന്നേക്കുമായി മോചനം ആഗ്രഹിക്കുന്നവര്‍ പാഷന്‍ഫ്രൂട്ട് സ്ഥിരമായികഴിക്കുക. ആസ്മാരോഗത്തിന്‍റെ ശമനത്തിന് ഇത് ഉത്തമമാണ്. കൂടാതെ ഇതില്‍അടങ്ങിയിട്ടുള്ള പാസിഫോറിന്‍ ശരീരവേദന ശമിപ്പിക്കുന്നതിനും ഉന്മേഷംവീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും പാഷന്‍ഫ്രൂട്ട് കഴിക്കാം. ഇത് മറ്റു പഴങ്ങളോടൊപ്പം ചേര്‍ത്തും അല്ലാതെയും ജ്യൂസായി കഴിക്കാവുന്നതാണ്.

എരുമപ്പാവല്‍

ഭക്ഷ്യ യോഗ്യമായ ഒരു പച്ചക്കറിയാണ് എരുമപ്പാവൽ . നെയ്പ്പാവൽ, വെൺപാവൽ, കാട്ടുകൈപ്പയ്ക്ക, മുള്ളൻപാവൽ, വാതുക്ക എന്നീപേരുകളിൽ ഇത് വ്യത്യസ്ത പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ശരാശരി 10 സെന്റിമീറ്റർ വരെ വലിപ്പവും മദ്ധ്യഭാഗത്ത് നാലു സെന്റിമീറ്റർവരെ വ്യാസവുമുള്ള എരുമപ്പാവലിന്‍റെ കായ്കൾക്കു് ഏകദേശം 30 മുതൽ 100 ഗ്രാംവരെ തൂക്കം കാണും. തൊലിക്കുപുറത്തു് മൃദുവും കനം കുറഞ്ഞതുമായ മുള്ളുകൾകാണാം. നന്നായി മൂത്തതും എന്നാൽ പഴുത്തിട്ടില്ലാത്തതുമായ കായ്കൾക്കു്പച്ചനിറമാണു്.

പാവൽ വർഗ്ഗത്തിൽ (Momordica) ഉൾപ്പെടുന്ന, പ്രാദേശികമായ ഭക്ഷ്യപ്രാധാന്യമുള്ള ഈ പച്ചക്കറിപശ്ചിമഘട്ടത്തിനു പുറമെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഫലം മത്സ്യമാംസാദികളോട് ചേർത്ത് കറിയായോ മെഴുക്കു പുരട്ടിയായോ ഉണക്കി വറുത്തോഭക്ഷിക്കാം.

കേരളത്തിലേയും കർണ്ണാടകത്തിലേയും ആദിദ്രാവിഡ വിഭാഗങ്ങൾ മരുന്നിനും ഭക്ഷണത്തിനും ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണു്എരുമപ്പാവൽ.

മറ്റുപയോഗങ്ങൾ

ഭക്ഷ്യവസ്തുക്കൾക്കു നിറം ചേർക്കാൻ പ്രകൃതിജന്യമായ അസംസ്കൃതവസ്തു എന്ന നിലയിൽ എരുമപ്പാവലിന്‍റെ കായ്കൾക്കുള്ളിലെ മാംസളമായ ദശ ഉപയോഗയോഗ്യമാണെന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടു്.  ഇതു കൂടാതെ നൈസർഗ്ഗിക സൌന്ദര്യവർദ്ധക ക്രീം ആയും ലിപ് സ്റ്റിൿ ആയും ഈ ദശ സംസ്കരിച്ചെടുക്കാവുന്നതാണു്. അതിൽ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ (lycopene)ആണു് ഇതിനുപോൽബലകമായ രാസവസ്തു. ജലത്തിൽ ചേരുമ്പോൾ കടുംചുവപ്പു നിറമുണ്ടാക്കുന്ന പദാർത്ഥമാണു് ലൈക്കോപീൻ..

ഞാവല്‍ നടാം

30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ഞാവൽ. പച്ചനിറം സമൃദ്ധമായ ഇലകളുടെ ഭാരത്താൽ തൂങ്ങിക്കിടക്കുന്ന ശാഖകളുള്ള ഞാവൽ മാർച്ച്-ഏപ്രിൽ മാസത്തോടെ നന്നായി പൂക്കുന്നു. പൂക്കൾക്ക് വെള്ള നിറമാണ്. പഴുത്ത കായ്കൾ നല്ല കറുപ്പുകലർന്ന കടും നീല നിറത്തിൽ കാണപ്പെടുന്നു.

നിറയെ ശിഖരങ്ങളോടെ പന്തലിച്ചും ചിലയിടത്ത് നേരെ മേലോട്ടും വളരുന്ന ഒരുവൃക്ഷമാണ് ഞാവൽ. 100-ലേറെ വർഷം ജീവിക്കും. പ്രായമേറുന്തോറും കട്ടികൂടിവരുന്ന പുറം തൊലിയാണ്. തടവിയാൽ തന്നെ ഏറ്റവും പുറംതൊലി അടർന്നുപോവും. ഉള്ളിലെ തൊലിയുടെ പുറംവശത്തിന് കട്ടികുറഞ്ഞ ഒരുപച്ച പുറംഭാഗമുണ്ട്. ഇളം‌പച്ചനിറമുള്ള പുതിയ കമ്പുകൾ വളരുംതോറും ബ്രൗൺ നിറത്തിലാവും. കട്ടിയുള്ള ഇലകൾ, വളരുംതോറും മിനുസം നഷ്ടപ്പെടും. നുള്ളിയോ കടിച്ചോ നോക്കിയാൽ മാങ്ങയോടു സാമ്യമുള്ള ഒരു രുചിയും മണവും അനുഭവപ്പെടും . പൊഴിയുന്നതിനു മുൻപ് നിറം ചുവപ്പാവും. പഴയ കമ്പുകളിലും തടിയിലും വെള്ളനിരത്തിലുള്ള പൂക്കളുടെ കുലകൾ ഉണ്ടാവുന്നു. ഉരുണ്ടും നീണ്ടുരുണ്ടുമിരിക്കുന്ന പച്ചനിറത്തിലുള്ള കായകൾ പഴുക്കുമ്പോൾ നല്ലതിളക്കമുള്ള കറുപ്പായി മാറുന്നു. നിലത്തുവീണാൽ ചതഞ്ഞുപോവും. നിയതമായ ആകൃതിയില്ലാത്ത വിത്തുകൾ കൂടിച്ചേർന്ന് നീണ്ടുരുണ്ട് ഒരു ചെറിയ സ്തരത്തിനുള്ളിലായായിട്ടാണ് പഴത്തിനുള്ളിൽ ഉണ്ടാവുക.

ഹിമാലയത്തിനു തെക്കുള്ള ഏഷ്യയാണ് ഞാവലിന്‍റെ ജന്മദേശം. അവിടങ്ങളിൽ അവവ്യാപകമായി കൃഷി ചെയ്തുവരുന്നു. ഏഷ്യയിൽ നിന്നുമാണ് ഞാവൽ ആഫ്രിക്കയിൽ എത്തിയത്. ഇന്ന് ഞാവൽ മധ്യരേഖാപ്രദേശങ്ങളിലാകെ വളർത്തുന്നു. ജാവയിലും, ഫ്ലോറിഡയിലും കൃഷിചെയ്യുന്നുണ്ട്. പോർച്ചുഗീസ് കോളനി വൽക്കരണകാലത്ത്ഇന്ത്യയിൽ നിന്നുമാണ് ബ്രസീലിലേക്ക് ഞാവൽ കൊണ്ടുപോയത്. പെട്ടെന്നു തന്നെ പലപക്ഷികളുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറിയ ഞാവൽ പലയിടത്തും വിതരണംചെയ്യപ്പെട്ടു.

നനവുള്ള ഇടങ്ങളിൽ നിൽക്കുന്ന ഞാവൽ മരങ്ങൾ പൂർണ്ണമായും ഇലപൊഴിക്കാറില്ല. പുതിയ ഇലകൾ വന്നതിനു ശേഷമേ പഴയ ഇലകൾ വീണുപോകാറുള്ളൂ. എന്നാൽ വരണ്ട സ്ഥലങ്ങളിലുംജലക്ഷാമമുള്ളിടത്തും ഇലകൾ പൂർണ്ണമായിത്തന്നെ പൊഴിക്കാറുണ്ട്. മാർച്ച് മുതൽ മെയ് വരെയാണ് പൂക്കാലം. തേനീച്ചകളും ഈച്ചകളും കാറ്റുമാണ് പരാഗണത്തിനു സഹായിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ പഴങ്ങൾ വിളയുന്നു. പക്ഷികളും അണ്ണാനും മനുഷ്യരും ഇഷ്ടത്തോടെ ഭക്ഷിക്കുന്നതിനാൽ വിത്തുവിതരണം ഒരു പ്രശ്നമേ ആവാറില്ല. പഴം തിന്നു കഴിഞാൽ നാവിന്‍റെ നിറം നീലയായി മാറാറുണ്ട്.

പുനരുദ്‌ഭവം

ഓരോ കുരുവിലും നാലഞ്ചു വിത്തുകൾ ഉണ്ടാവും. മിക്ക കായകളും മുളയ്ക്കുമ്പോൾ ഒന്നിലധികം തൈകൾ ഉണ്ടാവും. മരത്തിന്‍റെ ചുവട്ടിൽ ധാരാളം തൈകൾ മുളച്ചുവരും. ആദ്യകാലങ്ങളിൽ നല്ല പരിചരണം അഭികാമ്യമാണ്. വലുതായിക്കഴിഞ്ഞാൽ പ്രത്യേക കരുതൽ ആവശ്യമില്ല. കമ്പുമുറിച്ചുനട്ടും പതിവച്ചും പുതിയ തൈകൾ ഉണ്ടാക്കാം.

നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അലങ്കാര വൃക്ഷമായിനടുമ്പോൾ 12 മുതൽ 16 മീറ്റർ വരെ അകലവും കാറ്റിനെ തടയുന്ന ആവശ്യത്തിനുനടുമ്പോൾ 6 മീറ്റർ അകലവും അഭികാമ്യമാണ്. വളരെവേഗം വളരുന്ന ഒരു വൃക്ഷമാണ്ഞാവൽ. 2 വർഷം കൊണ്ടുതന്നെ 4 മീറ്റർ ഉയരം വയ്ക്കും. 4 വർഷം ആകുമ്പോൾ തന്നെപൂത്തുതുടങ്ങും. മരം മുറിച്ച കുറ്റികളിൽ നിന്നും നന്നായി വളർന്നുവരും. മുപ്പതോളം പുതുതൈകൾ കുറ്റികളിൽ നിന്നും വളർന്നുവരാം. മിക്കതിനും നല്ലകരുത്തും ഉണ്ടാവും. കള മാറ്റുന്നത് വളർച്ചയ്ക്ക് നല്ലതാണ്. ചെറുപ്പത്തിൽ തണൽ ഇഷ്ടമാണ്. പഴത്തിൽനിന്നും ലഭിക്കുന്ന ഉടനെ കായ്കൾ നടുന്നതാണ് ഉത്തമം. രണ്ടാഴ്ച കൊണ്ട് തന്നെ മുളയ്ക്കൽ ശേഷി നഷ്ടപ്പെടുന്നു.

പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾകുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി  ഉണ്ടാക്കാം. ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചിലപട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. ചില സ്ഥലങ്ങളിൽ ആൾക്കാർ പല്ലുവൃത്തിയാക്കാൻ ഞാവലിന്‍റെ  കമ്പുകൾ ഉപയോഗിക്കാറുണ്ട്. നിറയെ തേനുള്ള പൂക്കളിൽനിന്നും തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ  സംരക്ഷിച്ചില്ലെങ്കിൽഏതാനും മാസങ്ങൾക്കുള്ളിൽ ഈ തേൻ മോശമാവാറുണ്ട്. നന്നായി കത്തുന്ന തടിവിറകായും കരിയുണ്ടാക്കാനും കൊള്ളാം. തടി പലവിധ ആവശ്യങ്ങൾക്ക്ഉപയോഗിച്ചുവരുന്നു. നനവു സഹിക്കുന്നതും ചിതൽ തിന്നാത്തതുമാണ് തടി. ഗിത്താർഉണ്ടാക്കാൻ തടി നല്ലതാണ്. മീൻവലകൾക്ക് ചായം കൊടുക്കാൻ ഉതകുന്ന ഒരു കറ ഞാവലിന്‍റെ തടിയിൽ നിന്നും കിട്ടുന്നു. ഫിലിപ്പൈൻസിൽ ഞാവൽപ്പഴം വ്യാപകമായിവാറ്റി മദ്യം ഉണ്ടാക്കാറുണ്ട്. ഇല വാറ്റിയാൽ ലഭിക്കുന്ന എണ്ണ സോപ്പിനു സുഗന്ധം നൽകാൻ ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്ടങ്ങളിൽ തണൽമരമായി ഞാവൽ വളർത്താറുണ്ട്. ശ്രദ്ധയോടെ മുറിച്ചുനിർത്തിയാൽ നല്ലൊരു വേലിയായും ഞാവൽ വളർത്തിയെടുക്കാം.

ഞാവലിന്‍റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇലകരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ. ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എ യും ജീവകം സിയും അടങ്ങിയിരിക്കുന്നു. ഇലയും കായും തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. . ഉണക്കിപ്പൊടിച്ച കുരുപ്രമേഹത്തിന് വളരെ ഫലപ്രദമാണ്. ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേർപ്പിച്ച പഴച്ചാറ് തൊണ്ട വേദനയ്ക്കുള്ള ഔഷധമാണ്. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്‌ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്‍റിബയോട്ടിക് ശേഷിയുണ്ട്. ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്.

കീടബാധ

പല കീടങ്ങളും ഞാവലിനെ ആക്രമിക്കാറുണ്ട്. ചില കീടങ്ങൾ ഇല തിന്നു തീർക്കാറുണ്ട്. മറ്റുചിലവ തളിരിൽ നിന്നും, പൂക്കുലകളിൽ നിന്നും നീരൂറ്റി കുടിച്ച് അവ പൊഴിഞ്ഞു പോവാൻ കാരണമാകുന്നു. പഴയീച്ചകൾ പഴത്തെ ആക്രമിക്കാറുണ്ട്. വലിയപക്ഷികൾ ചിലവ പഴങ്ങൾ മൊത്തമായി തിന്നുതീർക്കുന്നു. ആസ്ത്രേലിയയിൽ ഒരിനം വവ്വാലുകളുടെ പ്രിയ ഭക്ഷണമാണ് ഞാവൽപ്പഴങ്ങൾ.

നമുക്കും കൃഷി ചെയ്യാം മലബാര്‍ ചെസ്റ്റ്നട്ട്

വിദേശങ്ങളില്‍ മലബാര്‍ ചെസ്റ്റ്നട്ട് അറിയപ്പെടുന്നത് മണി ട്രീഎന്നാണ്. ഫ്രഞ്ച് പീനട്ട് എന്നും ഇത് അറിയപ്പെടുന്നുണ്ട്. സാധാരണ പിസ്തയില്‍ നിന്ന് വ്യത്യസ്തമായി നിലക്കടലയുടെ രുചിയാണ് ഇതിന്. തെക്കേ അമേരിക്കയാണ് ജന്മദേശം. പച്ചിറ അക്വാട്ടിക്കയെന്നാണിതിന്‍റെ ശാസ്ത്രനാമം.നല്ല നീര്‍വാര്‍ച്ചയുള്ള, വളക്കൂറുള്ള പശിമരാശി മണ്ണില്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് പച്ചിറ നന്നായി വളരുന്നു. വരള്‍ച്ചയെ ഒരു പരിധിവരെചെറുക്കുന്ന ചെടി തണലിലും നന്നായി വളര്‍ച്ച കാണിക്കുമെങ്കിലും കായ്പിടിത്തം കുറവായിരിക്കും.

കൃഷിചെയ്യാം

കൂടിയാല്‍ഏഴ്-എട്ട് മീറ്റര്‍ വരെ മാത്രം പൊക്കം വെക്കുന്ന പച്ചിറയുടെ മരത്തില്‍നല്ല തിളങ്ങുന്ന പച്ച നിറത്തിലുള്ള ചെറിയ വട്ടത്തിലുള്ള ഇലകളുണ്ടാകും.ചെറുപ്രായത്തില്‍ ഇതിന്‍റെ തൊലിക്കും മിനുസമാര്‍ന്ന പച്ച നിറമായിരിക്കും.വിത്തുകള്‍ പാകിയോ കമ്പുകള്‍ മുറിച്ചുനട്ടോ എയര്‍ ലെയറിങ് നടത്തിയോ പുതിയതൈകള്‍ ഉണ്ടാക്കാം.

നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. പത്തു ദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. ബഡ്ഡ് ചെയ്ത തൈകള്‍ നന്നായി വേരു പിടിച്ചതിനു ശേഷമേ മാറ്റി നടാവൂ. മുളച്ച്‌ ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍വന്നാലോ പറിച്ച്‌ മാറ്റി നടാവുന്നതാണ്. അതിരുകളില്‍ പൊക്കത്തില്‍ ജൈവ വേലിപോലെ പുരയിടങ്ങളില്‍ നട്ടുവളര്‍ത്താം. തടങ്ങളില്‍ രണ്ടര മീറ്റര്‍ ഇടവിട്ട് നട്ട് കൃഷിചെയ്യാം.

കൃഷി ചെയ്യുമ്പോള്‍ മുളച്ച്‌രണ്ടാഴ്ചയ്ക്കു ശേഷം. നന്നായി അടിവളം ചേര്‍ത്ത മണ്ണ് നിറച്ച കുഴിയിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. കുഴിക്ക് രണ്ട് അടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. പറിച്ചു നടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം.

ചില കര്‍ഷകര്‍ ചെടി തഴച്ചുവളരാന്‍ 50 കിലോഗ്രാം യൂറിയയും 200 കിലോ സൂപ്പര്‍ഫോസ്ഫേറ്റും 50 കിലോ പൊട്ടാഷും ഹെക്ടറിലേക്ക് അടിവളമായി നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തം ചീഞ്ഞു പോവും. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരു പൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം. നല്ല പ്രതിരോധശേഷിയുള്ള ഇനമായതിനാല്‍രോഗ-കീടബാധയൊന്നും ഇതിന് ഏല്‍ക്കാറില്ല. മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍കായ്ക്കുന്ന ഇത് വര്‍ഷം മുഴുവനും കായ തരുന്ന ഇനമാണ്.

തിളങ്ങുന്ന പച്ചനിറമുള്ള ഇലകളും നേര്‍ത്ത സൂചിപോലുള്ള ഇതളുകളോടെയുള്ള ഇളം മഞ്ഞപൂക്കളാണ് ഇതിനുണ്ടാവുക. ഇളം ഇലകളും പൂവുകളും ഉപ്പേരി വെക്കാനും കറിവെക്കാനും ഉപയോഗിച്ചു വരുന്നു. പച്ചനിറത്തിലുണ്ടാകുന്ന കായകള്‍ 10 മുതല്‍ 15 സെമീവരെ നീളം വെക്കുന്നു. ഒരു കുലയില്‍ത്തന്നെ മൂന്നും നാലും കായകള്‍ ഉണ്ടാകുന്നു. ഇതിന്‍റെ ഉള്ളില്‍ കാണപ്പെടുന്ന ഇളം കാപ്പി നിറത്തില്‍ വെള്ളവരകളോടുകൂടിയ വിത്തുകള്‍ കഴിക്കാവുന്നത്. ഇവ നേരിട്ടും വറുത്തും പൊടിയാക്കി മാവിന്‍റെ രൂപത്തിലും ഭക്ഷണമാക്കാം. നമ്മുടെ ഒഴിഞ്ഞ പറമ്പിലും പറമ്പിന്‍റെ അതിരുകളിലും നട്ട് വളര്‍ത്താവുന്നതാണ്.

നെല്ലിക്ക കൃഷി : അറിയേണ്ടകാര്യങ്ങള്‍

സൗന്ദര്യവും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യാന്‍ കഴിവുള്ളപ്പോള്‍ ഒരു നെല്ലിക്ക മരമെങ്കിലും വീട്ടുതൊടിയില്‍ ഉള്ളത് നല്ലതല്ലേ. അധികം പരിരക്ഷയില്ലാതെ തന്നെ തണല്‍ വിരിച്ച്‌ പന്തലിച്ച്‌ നില്‍ക്കുന്ന നെല്ലി ഏതു ഭൂപ്രകൃതിയിലും നടാം. അല്‍പം പരിചരിച്ചാല്‍ മാത്രം മതി.

കൃഷി രീതി
വിത്തു പാകി മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ നട്ടും ഒട്ടു തൈകള്‍ ഉപയോഗിച്ചുമാണ് പൊതുവേ നെല്ലി കൃഷി ചെയ്യുന്നത്. ഒട്ടുതൈ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പെട്ടെന്ന്തന്നെ വിളവ് ലഭിക്കും. അതേസമയം വിത്താണെങ്കില്‍ പുറന്തോടിന്കട്ടിയുള്ളതു കാരണം മുളയ്ക്കാന്‍ വൈകും. വിത്ത് വേര്‍പെടുത്തിയും നടാവുന്നതാണ്. അതിന് നെല്ലിക്ക വിത്ത് പാറപ്പുറത്ത് നിരത്തി മൂന്നോ നാലോ ദിവസം വെയില്‍ കൊള്ളിക്കണം. പുറന്തോട്പൊട്ടിവരുന്ന വിത്തുകള്‍ ശേഖരിച്ച്‌ പാകാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നത്. നടുന്ന സമയത്ത് പത്ത് കിലോ ചാണകപ്പൊടി, എല്ലുപൊടി, മേല്‍മണ്ണ് എന്നിവ ചേര്‍ത്ത് പരുവപ്പെടുത്തി ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 8x8 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്തു വേണം കൃഷിചെയ്യേണ്ടത്. ഒട്ടു തൈകളാണ് നടുന്നതെങ്കില്‍ ഒട്ടിച്ച ഭാഗം മണ്ണിനടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

തൈകള്‍നട്ട് 10 വര്‍ഷം കഴിയുമ്പോള്‍ കായ്ഫലം തന്നു തുടങ്ങും. നെല്ലിയുടെ കായികവളര്‍ച്ച ഏപ്രില്‍- -, ജൂലായ് വരെയായിരിക്കും. പുതിയ ചില്ലകള്‍ ഉണ്ടാവുന്നതിനൊപ്പം പൂവിടാനും ആരംഭിക്കും. കായ്കള്‍ ജനുവരി-ഫെബ്രുവരി മാസം പാകമാവും. ഒരു മരത്തില്‍നിന്ന് 30-35 കിലോ കായ്കള്‍ ഒരു വര്‍ഷം ലഭിക്കും. നെല്ലിക്കയില്‍ ഇരുമ്പ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ സി, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ ബി ത്രി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കേരളത്തിന്‍റെ കാലാവസ്ഥയില്‍ നടാന്‍ അനുയോജ്യമായ വിളയാണ് നെല്ലിക്ക. നട്ട് കഴിഞ്ഞാല്‍ ഉയരം വയ്ക്കുന്നതിനനുസരിച്ച്‌ താങ്ങ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശക്തികുറഞ്ഞ കമ്പുകള്‍ കാറ്റിലാടുന്നതിനും വളയുന്നതിനും കാരണമാകും. ശരിയായ വളര്‍ച്ചയ്ക്ക് താങ്ങു കൊടുക്കുന്നതാണ് നല്ലത്. കൃത്യമായ ഇടവേളകളില്‍ വെള്ളമൊഴിച്ചു കൊടുക്കണം. നനയ്ക്കുന്നത് കുറക്കാന്‍ ചുവട്ടില്‍ പുതയിടുന്നതും നല്ലതാണ്. തൈ രണ്ട് മൂന്ന വര്‍ഷം വരെ പുതയിടലും ജല ലഭ്യതയും ശ്രദ്ധിക്കുന്നതോടൊപ്പേം കളകള്‍ മാറ്റുകകൂടി ചെയ്താല്‍ കൂടുതല്‍ വിളവുലഭിക്കും.

വീട്ടുമുറ്റത്തെ മുന്തിരികൃഷി

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണമെന്നു മാത്രം. വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്.

മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥ കൃഷിക്ക്പറ്റിയതാണ്.  പിന്നെ മണ്ണ്, അത് ഏതായാലും രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലും ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് അഞ്ച്ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങു കമ്പ് നാട്ടണം.

മിതമായി ദിവസവും നനയ്ക്കുകയും വേണം. ടെറസ്സിലാണ്പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളി വളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടിപന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.

ചെടി വളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം.തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്‍റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്‌ വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തി മാറ്റുകയും ചെയ്യണം.

അതുകഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളം പച്ചനിറത്തിലുള്ള പൂക്കളും വന്നു തുടങ്ങും. വീണ്ടും രണ്ടാഴ്ചകഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തി മാറ്റണം.അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം.

ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം. കവാത്തിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചു തന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചു വെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും കൊമ്പു കോതിയാല്‍ ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം.

നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും. മാസത്തിലൊരു തവണ ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച്മണ്ണിട്ട് മൂടണം. ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്കും പുറത്തിടാം. രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും നല്‍കണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകുമെന്നും മുന്തിരിക്കൃഷിയില്‍ വിജയം നേടിയകര്‍ഷകര്‍ പറയുന്നു. അല്പമൊന്നും കഷ്ടപ്പെട്ടാല്‍ ചൂടില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്ന പടര്‍ന്ന വളളികളും നാവില്‍ മധുരം കിനിയുന്ന മുന്തിരിക്കനികളും സ്വന്തമാക്കാം….

അടുക്കളത്തോട്ടത്തില്‍ വെളുത്തുള്ളിയും കൃഷിചെയ്യാം

അടുക്കളത്തോട്ടത്തില്‍ നടാന്‍ ഉത്തമമായ പച്ചക്കറി ഇനമാണ് വെളുത്തുള്ളി. പാചകത്തിനു ഉത്തമമായ ചേരുവയാണ് വെളുത്തുള്ളി.  ശൈത്യകാലം വെളുത്തുള്ളി കൃഷിക്ക് യോജിച്ചതല്ല. മണ്ണ് ഉണങ്ങിക്കിടക്കുന്ന സമയമാണ് അനുയോജ്യം. പ്രതികൂല കാലാവസ്ഥകളില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്നത് ഫലപ്രദമാകില്ല.
വേരുപിടിപ്പിക്കാന്‍ മണ്ണില്‍ തണുപ്പ് അധികരിക്കുന്നതിന് മുമ്പ് വെളുത്തുള്ളി നടണം. ഇത് വേഗത്തില്‍ വേര് പിടിക്കാന്‍ സഹായിക്കും. ചെടിയില്‍ പച്ചനിറത്തിലുള്ള മുള കാണുന്നത് അനുകൂല ലക്ഷണമാണ്. എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ് വെളുത്തുള്ളി. കൃഷിക്ക് മുമ്പായി മണ്ണ്തയ്യാറാക്കേണ്ടതുണ്ട്. വളക്കൂറുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക്അനിവാര്യമാണ്.
കൃഷി തുടങ്ങുന്നതിന് മുമ്പ്അനുയോജ്യമായ ഇനം തെരഞ്ഞെടുക്കുക. കടുപ്പമുള്ള കഴുത്തുള്ളതും മൃദുലമായ കഴുത്തുള്ളതുമായ ഇനങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. ഇതിലാദ്യത്തേതിന് കട്ടിയുള്ള തണ്ടാവും ഉണ്ടാവുക. അഗ്രഭാഗത്ത് ചുരുളലുമുണ്ടാകും. മൃദുലമായ കഴുത്തുള്ള ഇനത്തില്‍ കൂടുതല്‍ മുളകളുണ്ടാവും. വലിയ മുളകളുള്ളവ വേണം നടാനുപയോഗിക്കേണ്ടത്. ചെറിയവ ഉണ്ടാകുന്നത് അടുക്കളയിലെ ആവശ്യത്തിന്ഉപയോഗിക്കാം.
നടീല്‍ മുള മുകളില്‍ വരുന്ന തരത്തില്‍ വേണം വെളുത്തുള്ളി നടാന്‍. കൃഷിചെയ്യുന്ന സ്ഥലത്തെ മണ്ണ് ഇളക്കിയിടണം. പല തരം ഇനങ്ങള്‍ നടുന്നുണ്ടെങ്കില്‍ അവ വേര്‍തിരിക്കാനും ശ്രദ്ധിക്കണം.
നടീലില്‍ മാത്രമല്ല കാര്യം. പതിവായി ശ്രദ്ധ നല്കണം. വെള്ളവും, വളവും ആവശ്യത്തിന് നല്കുകയും വേണം. ദിവസത്തില്‍ രണ്ട് തവണ വളം ചേര്‍ക്കാം. മീന്‍കുഴമ്പും കടല്‍ച്ചെടി മിശ്രിതവും ഉപയോഗിക്കാം. അധികം വെള്ളം വെളുത്തുള്ളിക്ക് ആവശ്യമില്ലെങ്കിലും ആവശ്യത്തിന് വെള്ളം വേണം. മണ്ണ് നനവുള്ളതാണോ, ഉണങ്ങിയതാണോ എന്നത് ശ്രദ്ധിക്കണം. മണ്ണ് ഒരിഞ്ച് ആഴത്തില്‍ വരണ്ടതാണെങ്കില്‍ നനയ്‌ക്കേണ്ടതുണ്ട്.

വിളവെടുപ്പ്: അഞ്ചോ ആറോ ഇല വന്നാല്‍ വിളവെടുക്കാം. വേനല്‍ക്കാലത്തിന്‍റെ ആരംഭത്തിലോ ശൈത്യകാലത്തോ വിളവെടുക്കാം. ഇവ ശേഖരിച്ച് ഇലയടക്കം കെട്ടുകളാക്കി തൂക്കിയിടാം.വെളുത്തുളളിക്ക് ശരീരത്തിലെ രക്തശുദ്ധീകരണത്തിനു കാര്യമായ സംഭാവന നല്‍കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തയോട്ടം വര്‍ധിപ്പിക്കുവാനും ശരീരത്തിന് പുഷ്ടിവരുത്താനും വെളുത്തുളളി സ്ഥിരമായി കഴിച്ചാല്‍ മതി. വിഷജീവികള്‍ക്ക് വെളുത്തുളളിയുടെ മണം അരോചകമാണ്. പാമ്പുകളെ തുരത്തുന്നതിനു വെളുത്തുളളി ഉപയോഗിക്കുന്നത് സര്‍വസാധാരണമാണ്

വിത്ത് മുളപ്പിച്ചും ചീര പാകാം

ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമെന്തെന്ന് ചോദിച്ചാല്‍ പാകിയ വിത്തിന്‍റെ ഭൂരിഭാഗവും ഉറുമ്പുകള്‍ കൊണ്ടുപോകുന്നു, ചീര വിത്തുകള്‍മുളച്ചുവരുന്ന സമയത്ത് തന്നെ ധാരാളം കളകളും മുളച്ചുവരുന്നു, മണ്ണിലടങ്ങിയ പോഷകങ്ങള്‍ കളകള്‍ കൈയടക്കുകയും ചെയ്യും. വിത്തുകളുടെ നഷ്ടമൊഴിവാക്കാന്‍ കൃഷിയിടത്തിന്റെ അതിരുകളില്‍ കീടനാശിനി പ്രയോഗിക്കുകയോ അരിപ്പൊടി വിതറുകയോചെയ്യുകയാണ് പ്രതിവിധി. ജൈവകൃഷിയിലേക്കുള്ള പ്രയാണത്തില്‍ കീടനാശിനി പ്രയോഗത്തിന് പ്രസക്തിയില്ലാതായി. അരിപ്പൊടി തിന്ന് കൃഷിയിടത്തിലേക്കെത്തുന്ന ഉറുമ്പുകളും സജീവമായി. ഇത്തരത്തില്‍ കൃഷിമോശമായി. ഇതില്‍ നിന്നും മോചനമേകാന്‍ വേറൊരു മാര്‍ഗ്ഗമിതാ.
കൃഷിയിടങ്ങളില്‍ കളശല്യം ഒരു പരിധിവരെ കുറയ്ക്കുന്നതിനും വിത്ത് പരമാവധി കൃഷിയോഗ്യമാക്കുന്നതിനും ഈ രീതി സഹായകരമാണ്. ഒരു സെന്റ് സ്ഥലത്തേക്കാവശ്യമുള്ള വിത്തിന്റെ അളവ് നാല് ഗ്രാമാണ്. നമ്മുടെകൃഷിയിടത്തിന്റെ വിസ്തൃതിക്കനുസരിച്ച് വിത്തളവ് കണ്ടെത്തുക. വിത്തുകള്‍ വാങ്ങിക്കുമ്പോള്‍ കാലാവധി കഴിഞ്ഞവ ഒഴിവാക്കി പുതിയ വിത്തുകള്‍ വാങ്ങണം.വാങ്ങിയ ചീരവിത്ത് 20 ഗ്രാം / മി.ലി. സ്യൂഡോമോണാസ് ഒരു ലിറ്റര്‍ക്രമത്തില്‍ ലയിപ്പിച്ച ലായനിയില്‍ വെള്ള പരുത്തിത്തുണിയില്‍ കെട്ടിമുക്കിവെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് തുണിക്കെട്ട് നീക്കം ചെയ്ത് പളുങ്ക്ഭരണിയിലോ വെള്ള പ്ലാസ്റ്റിക് ഭരണിയിലോ ഇട്ട് പാത്രം മൂടി വെക്കുക. 23 ദിവസത്തിനകം വിത്തുകള്‍ മുളച്ചുവരും. വേരുകള്‍ തുണിക്ക് പുറത്തേക്ക് വരും. ഈസമയത്ത് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിപ്പാകാം.
പാകാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി പരുവപ്പെടുത്തി സെന്‍റ്ഒന്നിന് 100 കി.ഗ്രാം ഉണക്കച്ചാണകപ്പൊടിയോ ജൈവവളമോ ചേര്‍ത്ത കൃഷിയിടത്തിലേക്ക് വിത്ത്പാകാം. തുണി കെട്ടഴിച്ച് വേരുകള്‍ കെട്ടുപിണഞ്ഞിരിക്കുന്നവ സാവധാനം കൈകൊണ്ട് മാറ്റണം. ഇങ്ങിനെ വേര്‍തിരിക്കുമ്പോള്‍ അല്പാല്പം വേരുകള്‍പൊട്ടിയെന്നുവരാം. ഇത് കാര്യമാക്കേണ്ടതില്ല.

കടപ്പാട് :ഇന്‍ഫോ മാജിക്

2.8125
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top