অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഓണത്തിനൊരുമുറം പച്ചക്കറി

ജൈവ കീടനിയന്ത്രണമാര്‍ഗങ്ങള്‍

താഴെ പറയുന്ന ജൈവ കീടനാശിനികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.

വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം

ഒരു ലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ 5ഗ്രാം ബാര്‍സോപ്പ് ലയിപ്പിക്കുക.ഇതില്‍ 20ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേര്‍ക്കുക.20മില്ലി വേപ്പെണ്ണയും കൂടി ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് ഇലകളുടെ രണ്ടു വശത്തും തളിച്ചുകൊടുക്കുക.പച്ചക്കറി വിളകളിലെ നീരൂറ്റികുടിക്കുന്ന കീടങ്ങള്‍ക്കെതിരെ ഇത് പ്രയോഗിക്കാം.ചിത്രകീടങ്ങള്‍ക്കെതിരെ രാവിലെ 8മണിക്ക്മുമ്പ് മിശ്രിതം പ്രയോഗിക്കേണ്ടതാണ്.

വേപ്പെണ്ണ എമല്‍ഷന്‍

വേപ്പെണ്ണ എമല്‍ഷനിലെ പ്രധാന ചേരുവകകള്‍ വേപ്പെണ്ണയും ബാര്‍സോപ്പുമാണ്.60ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ത്തിളക്കുക.ഇത് പത്തിരട്ടി വെള്ളത്തില്‍ (പതിനഞ്ച് ലിറ്റര്‍)ചേര്‍ത്ത് പയറിനെ ആക്രമിക്കുന്ന ചിത്രകീടം,പേനുകള്‍ എന്നിവക്കെതിരായി തളിക്കാം.ലായിനി ചെടികളില്‍ നന്നായി പിടിച്ചിരിക്കുന്നതിനും വ്യാപിക്കുന്നതിനും സോപ്പ് സഹായിക്കുന്നു.ലായനി ഇരുപതിരട്ടി വെള്ളം ചേര്‍ത്ത് പാവല്‍,പടവലം മുതലായ വിളകളില്‍ നീരൂറ്റികുടിക്കുന്ന കീടങ്ങള്‍,ഇലതീനിപുഴുക്കള്‍,വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാം.

വേപ്പിന്‍ കഷായം

100 ഗ്രാം വേപ്പില 5 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌,തണുത്തശേഷം ചെടികളില്‍ തളിച്ചുകൊടുക്കാം.വെണ്ട,വഴുതന തുടങ്ങിയ വിളകളില്‍ നടുന്നതിന് ഒരാഴ്ച മുന്‍പ് തുടങ്ങി വേപ്പില ചേര്‍ത്ത വെള്ളമൊഴിച്ചു കൊടുക്കുന്നത് നിമാവിരകളെ ഒരു പരിധിവരെ നിയന്ത്രിക്കും.

വേപ്പിന്‍ പിണ്ണാക്ക്

തടങ്ങളില്‍ അടിവളത്തോടൊപ്പം ഉപ്പിന്‍റെ അംശമില്ലാത്ത,ഗുണമേന്മയുള്ള വേപ്പിന്‍ പിണ്ണാക്ക് ചെര്‍ത്തുകൊടുക്കുന്നത് ട്രൈക്കോഡര്‍മ പോലെയുള്ള മിത്രകുമിളുകളുടെ വളര്‍ച്ചയെ ത്വരിതപെടുത്തുന്നു.വേപ്പിന്‍ പിണ്ണാക്ക്,ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാന്‍ നല്ലതാണ്.ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ ഇവ മണ്ണില്‍ ചേര്‍ക്കണം.

പുകയിലക്കഷായം

250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക.അതിനുശേഷം പുകയിലക്കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക.60 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക.സോപ്പ് ലായിനി പുകയില കഷായവുമായി നന്നായി യോജിപ്പിക്കുക.ഈ ലായിനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.മുഞ്ഞ,മീലിമുട്ട,ഇലതീനിപ്പുഴുക്കള്‍,ശല്ക്കകീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിനു ഇത് ഉപയോഗിക്കാവുന്നതാണ്.

ഗോമൂത്ര-കാന്താരിമുളക് മിശ്രിതം

ഒരു കൈനിറയെ കാന്താരിമുലകരച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക.ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ്‌ ലയിപ്പിച് ചേര്‍ത്തിളക്കുക.ഈ മിശ്രിതം 10ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച് അരിച്ചെടുത്ത് മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.കാറ്റിന്‍റെ ദിശയില്‍ വേണം ചെടികളില്‍ മിശ്രിതം തളിക്കേണ്ടത്.

മീന്‍ അമിനോ ആസിഡ്

പച്ചമത്സ്യവും ശര്‍ക്കരയും കൂടി പുളിപ്പിച് തയ്യാറാക്കുന്ന വളര്ചാത്വരകമാണിത്.ചീഞ്ഞ് തുടങ്ങിയ പരുവത്തിലുള്ള പച്ച മീന്‍ 1കിലോ (മത്തിയാണ് നല്ലത്)വാങ്ങി ചെറിയ കഷണങ്ങളാക്കി മുറിച് 1കി.ലോ ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി ഒരു മണ്‍ കാലത്തില്‍ 10 ദിവസം അടച്ചു സൂക്ഷിക്കുക.10ദിവസം കഴിയുമ്പോള്‍ മിശ്രിതം തവിട്ടു നിറത്തിലുള്ള കൊഴുത്ത ദ്രാവകമായി പരുവപ്പെട്ടു കഴിയും.

ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച് ചെടികളുടെ ഇലകളില്‍ തളിക്കാം.ദ്രാവകം വായു നിബദ്ധമായി അടച്ചാല്‍ രണ്ടു മാസത്തോളം സൂക്ഷിക്കാം.

വെളുത്തുള്ളി,മുളക് സത്ത്

വെളുത്തുള്ളി-50 ഗ്രാം

പച്ചമുളക് -25ഗ്രാം

ഇഞ്ചി -50ഗ്രാം

വെളുത്തുള്ളി 50ഗ്രാം,100 മി.ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞത് അരച് പേസ്റ്റ് ആക്കുക.ഇതേ പോലെ മുളക് 25 ഗ്രാം 50മി.ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 50ഗ്രാം 100 മി.ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരിച്ചു തളിക്കുക.ഇത് കായീച്ച.തണ്ടുത്തുരപ്പന്‍,ഇലച്ചാടികള്‍,പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.

വേപ്പിന്‍കുരു സത്ത്(5% വീര്യം)

50ഗ്രാം വേപ്പിന്‍കുരു ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നാ തോതില്‍ ഉപയോഗിക്കാം.മൂപ്പെത്തിയ വെപ്പോന്‍കുരു പൊടിച് കിഴികെട്ടി വെള്ളത്തില്‍ 12മണിക്കൂര്‍ മുക്കി വയ്ക്കുക.അതിനുശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക.ഇളം തവിട്ടു നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക.ഈ ലായിനി നേരിട്ട് തളിക്കാം.തണ്ടുതുരപ്പന്‍,കായ്തുരപ്പന്‍,ഇലതീനി പുഴുക്കള്‍ എന്നിവക്കെതിരെ ഫലപ്രദം.

പപ്പായ ഇലസത്ത്

100 മി.ലിറ്റര്‍ വെള്ളത്തില്‍ 50ഗ്രാം നുറുക്കിയ പപ്പായ ഇലമുക്കി ഒരു രാത്രി ഇട്ടുവെക്കുക.ഇല അടുത്ത ദിവസം ഞെരടിപിഴിഞ്ഞ് എടുത്ത സത്ത് മൂന്ന് നാല് ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക.ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദം.

പ്രധാന ജൈവവളങ്ങള്‍

കാലിവളം/കരക്കവളം

കാലിത്തൊഴുത്തില്‍ നിന്നും ലഭിക്കുന്ന ചാണകവും ഗോമൂത്രവും തീട്ടപുല്ലിന്റെ അവശിഷ്ട്ടങ്ങളും ചെര്‍ത്തുണ്ടാകിയെടുക്കുന്നതാണ് കാലിവളം.ഒരു മീറ്റര്‍ താഴ്ചയിലും 1.5-2 മീറ്റര്‍ വീതിയിലും ലഭ്യമായ നീളത്തിലും ദീര്‍ഘചതുരാകൃതിയില്‍ ഒരു കുഴിയെടുക്കണം.ഗോമൂത്രംആഗിരണം ചെയ്യാനായി ജൈവാവഷിഷ്ട്ടങ്ങള്‍ കാലിത്തൊഴുത്തില്‍ ദിവസവും വിതറിയിടനം.ഗോമൂത്രം കലര്‍ന്ന ജൈവാവഷിഷ്ട്ടവും ചാണകവും ദിവസവും തൊഴുത്തില്‍നിന്ന് നീക്കം ചെയ്ത് കുഴിയില്‍ നിക്ഷേപിക്കുക.കുഴിനിരഞ്ഞ് 50 സെ.മി ഉയര്‍ന്നാല്‍ അത് മണ്ണിന്റെയും ചാനകത്തിന്റെയും മിശ്രിതം കൊണ്ട് മൂടണം.വായുവിന്‍റെ അസാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി 3-4 മാസത്തിനുള്ളില്‍ കാലിവളം തയ്യാറാക്കുന്നു.

മണ്ണിര കമ്പോസ്റ്റ്

മണ്ണിന്‍റെ  ഉപരിതലത്തില്‍ ജൈവാംശം മാത്രം ആഹാരമായി കഴിക്കുന്ന ഇനത്തില്‍പെട്ട മണ്ണിരകളെ കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കാം.മണ്ണിരകമ്പോസ്റ്റ്ഉണ്ടാകാന്‍ നമ്മുടെ മണ്ണിനും കാലാവസ്ഥക്കും ഏറ്റവും അനുയോജ്യം യൂഡ്രില്ലസ്യുജീനിയേ (ആഫ്രിക്കന്‍ മണ്ണിര)എന്നാ ശാസ്ത്രീയ നാമമുള്ള മണ്ണിരകളാണ്.മണ്ണിരയുടെ ആമാശയത്തില്‍വെച്ച് ജൈവവസ്ത്തുക്കള്‍ നന്നായി പൊടിക്കപെടുകയും എന്‍സൈമുകള്‍ പോഷകമൂലകങ്ങളെ ചെടികള്‍ക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യുന്ന രൂപത്തിലേക്ക് മാറ്റുകയും ചെയും.കമ്പോസ്റ്റ് നിര്‍മ്മാണത്തിന് സഹായിക്കുന്ന സൂഷ്മാണുക്കളുടെ വര്‍ദ്ധനക്ക് ഈ പ്രക്രിയ ഉപകരിക്കും.

മണ്ണിര കമ്പോസ്റ്റ്ഉണ്ടാക്കാന്‍ പഴയ സിമന്‍റ് ടാങ്കുകളോ ടെറാകോട്ടയില്‍ നിര്‍മ്മിച്ച ഓവലാകൃതിയിലുള്ള വലിയ കൂടങ്ങളോ ഉപയോഗിക്കാം.കൃഷിയിടങ്ങളില്‍ ചതുരാകൃതിയില്‍ കുഴിയെടുത്ത് അതിലും മണ്ണിരകമ്പോസ്റ്റ്ഉണ്ടാക്കാവുന്നതാണ്.

കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു മുന്‍പായി മണ്ണിരകളെ പ്രജനനം നടത്തേണ്ടതാണ്.കൃത്രിമമായി മണ്ണിരകളുടെ പ്രജനനം നടത്താനായി 1:1 എന്ന തോതില്‍ ജൈവാവഷിഷ്ട്ടവും ചാണകവും കലര്‍ത്തി മണ്ണിരകളെ അതില്‍ നിക്ഷേപിച്ചാല്‍ മതിയാകും.ഗാര്‍ഹികഅവശിഷ്ട്ടങ്ങള്‍ ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് മണ്ണുകൊണ്ട് നിര്‍മ്മിച്ച റെഡിമേയ്ഡ് പ്ലാന്‍റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.പച്ചക്കറികളില്‍ മണ്ണിരകമ്പോസ്റ്റ് ആവശ്യത്തിനുമാത്രം ഉപയോഗിക്കുക.

ഇത് കൂടാതെ എല്ലുപൊടി,കോഴിവളം,മത്സ്യവളം പിണ്ണാക്ക് വളങ്ങള്‍,ചാരം എന്നിവയും ജൈവവളങ്ങളായി ഉപയോഗിക്കാവുന്നതാണ്.പ്രത്യേക ജൈവവളകൂട്ടുകളായ പഞ്ചഗവ്യം,ജൈവസ്ലറി എന്നിവയും പച്ചക്കറികള്‍ക്ക് വളരെ ഉത്തമമാണ്.

ജീവാണുവളങ്ങള്‍

മണ്ണിലുള്ള ഉപകാരികളായ സൂഷ്മാണുക്കളെ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന അസ്സറ്റൊബാക്ടര്‍,അസോസ്പൈരില്ലം,മൈക്കോറൈസ മുതലായ ജീവാണുക്കള്‍ വിപണിയില്‍ ലഭ്യമാണ്.ഇവ അന്തരീക്ഷ നൈട്രജനെ നേരിട്ട് വലിച്ചെടുത്ത് അമോണിയയാക്കി ചെടികള്‍ക്ക് നകുകയും സസ്യ വളര്‍ച്ച ത്വരിതപെടുത്തുന്നതിന് സഹായിക്കുന്ന ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.ഇവ വിത്തുകളില്‍ പുരട്ടിയോ,പറിച്ചുനടുന്ന തൈകളുടെ വേരുകള്‍ ഇവയടങ്ങുന്ന ലായനിയില്‍ മുക്കിയോ,മണ്ണില്‍ നേരിട്ട് ജൈവവളങ്ങളുടെ കൂടെ ചേര്‍ത്തോ ഉപയോഗിക്കാം.

ജീവാണുവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ജീവാണുവളങ്ങള്‍ ഗുണമേന്മയുള്ളതും പ്രവര്‍ത്തന കാലാവധി കഴിയാത്തതുമായിരിക്കണം.
  2. നേരിട്ട് സൂര്യപ്രകാശം പതിക്കാതെ സൂക്ഷിക്കുക.
  3. ജീവാണുക്കളുടെ വളര്‍ച്ച ത്വരിതപെടുത്തുന്നതിന് ജൈവവളം ചേര്‍ക്കുന്നത് നല്ലതാണ്.
  4. വേനല്‍ കാലങ്ങളില്‍ ജലസേചനം വളപ്രയോഗത്തോടൊപ്പം നടത്തേണ്ടതാണ്.

ജൈവകീടരോഗ നിയന്ത്രണം

ജൈവ കീടരോഗ നിയന്ത്രണത്തിന് പലതരം മിത്രകുമിള്‍,മിത്രബാക്ടീരിയ എന്നിവയെ ഉപയോഗിക്കുന്നു.

ട്രൈക്കോഡര്‍മ,സ്യുടോമോണാസ്,ബ്യുവേറിയ,വെര്‍ട്ടി സീലിയം തുടങ്ങിയവ ഇതില്‍ പെടും.

ട്രൈക്കോഡര്‍മ ഉണക്കിപൊടിച്ച ചാണകത്തിന്‍റെയോ കമ്പോസ്ടിന്‍റെ കൂടെയോ ചേര്‍ത്തിളക്കി രണ്ടാഴ്ച ഇട്ടതിനു ശേഷം മണ്ണില്‍ ചേര്‍ത്ത് കൊടുക്കാം.1കി.ഗ്രാം ട്രൈക്കോഡര്‍മ,10 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്ക്,90 കി.ഗ്രാം ഉണക്കി പൊടിച്ച ചാണകം എന്നിവ നന്നായി കൂട്ടിച്ചേര്‍ത്ത് തണലത്ത് 2ആഴ്ച വയ്ക്കുക.ഇടയ്ക്ക് ഇളക്കികൊടുക്കുവാനും ഈര്‍പ്പം നിലനിര്‍ത്തുവാനും ശ്രദ്ധിക്കണം.ഈ മിശ്രിതം പോട്ടിംഗ് മിശ്രിതത്തിന്റെ കൂടെ ചേര്‍ക്കാവുന്നതാണ്.ഏതൊരു സസ്യവും മണ്ണില്‍ നടുമ്പോള്‍ ഈ മിശ്രിതം ചേര്‍ക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുക

ചാരം കലര്‍ന്ന ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കരുത്.

മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.

കാലാവധി കുറഞ്ഞവ ഉപയോഗിക്കാതിരിക്കുക.

കടപ്പാട്:ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate