অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആഫ്രിക്കന്‍ ഒച്ചുകള്‍

ആഫ്രിക്കന്‍ ഒച്ചുകള്‍

ആഫ്രിക്കന്‍ ഒച്ചുകള്‍

ലോകത്തെ 100 അതിനികൃഷ്ടരായ അക്രമിജീവിവര്‍ഗങ്ങളില്‍ ഒന്നാണ് ഭീമന്‍ ആഫ്രിക്കാന്‍ ഒച്ച്. കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ശല്യം രൂക്ഷമായിക്കഴിഞ്ഞു. കാര്‍ഷിക വിളകള്‍ അടക്കമുള്ള വിവിധ സസ്യങ്ങളെ ആക്രമിക്കുന്നതിനാലും കുടിവെള്ള സ്രോതസ്സുകള്‍, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ കൂട്ടമായെത്തി അവയുടെ കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുന്നതിനാലും ചത്ത ഒച്ചുകള്‍ ചീയുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകുന്നതിനാലും ഇവയുടെ നിയന്ത്രണം അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു.പ്രത്യേകതകള്‍അക്കാറ്റിന ഫൂലിക്ക  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ഒച്ചുകള്‍ കിഴക്കന്‍ ആഫ്രിക്കയുടെ തീരപ്രദേശങ്ങളിലെ ദ്വീപുകളില്‍നിന്ന് വിവിധ മാര്‍ഗേണ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നതാണ്. ഇവയെ ഇന്ത്യയില്‍ 1847ല്‍ പശ്ചിമ ബംഗാളിലും കേരളത്തില്‍ ആദ്യമായി 1970കളില്‍ പാലക്കാടുമാണ് കണ്ടുതുടങ്ങിയത്. 2005 മുതല്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും കേരളത്തിലെ മിക്ക ജില്ലകളിലും ഇവയെ കണ്ടുവരികയും ചെയ്യുന്നു.

നാശനഷ്ടം


പുല്ലുവര്‍ഗം ഒഴികെ മറ്റെല്ലാ ചെടികളും, പ്രത്യേകിച്ചും തൈകള്‍, തളിരുകള്‍, കാബേജ് വര്‍ഗം, വെള്ളരിവര്‍ഗം, കൊക്കോ, പപ്പായ, ഇലയും പഴവും, വാഴ, റബര്‍ തുടങ്ങി 500-ലേറെ വിവിധ സസ്യങ്ങള്‍, പായലുകള്‍, അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍ പേപ്പര്‍, തടി, ചെറിയ കല്ലുകള്‍, എല്ലുകള്‍, കോണ്‍ക്രീറ്റ് കഷണങ്ങള്‍ തുടങ്ങി വിവിധ ജൈവ-അജൈവ വസ്തുക്കളെ ഇത് ആഹാരമാക്കുന്നു. 80,000 ത്തോളം പല്ലുകളുള്ള റിബണ്‍പോലെയുള്ള റാഡുല എന്ന അവയവം ആഹാരം കടിച്ചുമുറിച്ചു തിന്നാന്‍ ഇവയെ സഹായിക്കുന്നു. സ്വാഭാവികമായുള്ള ആഹാരശൃംഖലയില്‍ കടന്നുകയറ്റം നടത്തി പരിസ്ഥിതിസന്തുലനം താറുമാറാക്കുന്നു. പുതിയ കടന്നുകയറ്റക്കാരനായതുകൊണ്ട് ഇവയ്ക്ക് ശത്രുക്കള്‍ കുറവാണ്. ഇവയുടെ കാഷ്ഠത്തില്‍നിന്നും കൊക്കോയുടെ കായ് അഴുകല്‍, മഹാളി, കൂമ്പുചീയല്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഹേതുവായ ഫൈറ്റോഫ്തോറ കുമിളിനെ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ ഒച്ചിന്റെ ശരീരത്തിലുള്ള ഒരു നിമാവിര മനുഷ്യരില്‍ മെനിഞ്ചൈിറ്റിസ് ബാധ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. ഒച്ചിനെ നന്നായി പാകംചെയ്യാതെ ഭക്ഷിക്കുന്നവരിലാണ് ഇതു കണ്ടുവരുന്നത്; ഇവ സഞ്ചരിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന സ്രവത്തില്‍ ഇവയുടെ സാന്നിധ്യം കണ്ടുപിടിച്ചിട്ടില്ല.

കേരളത്തിലുള്ള ആഫ്രിക്കന്‍ ഒച്ചില്‍ നിമാവിര ഉണ്ടോയെന്നുള്ള പഠനങ്ങള്‍ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ നടക്കുന്നുണ്ട്, ഫലം അറിയാറായിട്ടില്ല. ചിലരില്ലെങ്കിലും ഒച്ചിനെ നേരിട്ട് സ്പര്‍ശിക്കുമ്പോള്‍ ചൊറിച്ചിലും വ്രണങ്ങളും ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഒരുകാരണവശാലും ഇവയെ സ്പര്‍ശിക്കരുത്. പെറുക്കിയെടുക്കേണ്ടിവരുമ്പോള്‍ കട്ടിയുള്ള ഗ്ലൗസ് ധരിക്കണം. കൂടാതെ ഒരു ബാക്ടീരിയയുടെ സാന്നിധ്യം പ്രതിരോധശേഷി കുറഞ്ഞ ആളുകളില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങളുാക്കുന്നു. നിയന്ത്രണംകരയിലെ ഏറ്റവും വിനാശകാരിയായ ഒച്ച് എന്ന കുപ്രസിദ്ധിയാര്‍ജിച്ച ഭീമന്‍ ആഫ്രിക്കന്‍ ഒച്ചിന്റെ നിയന്ത്രണം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു.ഒച്ചുബാധയുള്ള സ്ഥലങ്ങളില്‍നിന്നു ചെടികള്‍, ജൈവവളം, മണ്ണ്, കാര്‍ഷിക പണിയായുധങ്ങള്‍, തടി, വാഹനങ്ങള്‍ എന്നിവ മറ്റു സ്ഥലത്തേക്ക് പോകുമ്പോള്‍ ഇവ ഒച്ചുവിമുക്തമാണെന്ന് (ഒച്ചുകളും മുട്ടകളും ഉള്‍പ്പെടെ) ഉറപ്പുവരുത്തുക.ഒളിയിടങ്ങള്‍ നശിപ്പിക്കല്‍, ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കുക, കുറ്റിക്കാടുകള്‍ തെളിക്കുക, ഓടകള്‍ വൃത്തിയാക്കുക, കൂട്ടിയിട്ടിരിക്കുന്ന ദ്രവിച്ച മരക്കഷണങ്ങള്‍, തടികള്‍ എന്നിവ നീക്കം ചെയ്യുക. ഗൃഹപരിസരം വൃത്തിയായി സൂക്ഷിക്കുക.

മിന്നാമിനുങ്, ഉപ്പന്‍ (ചകോരം, ചെമ്പോത്ത്) എന്നിവ ഒച്ചുകളെ ആക്രമിച്ചുതിന്നുന്നു്. പക്ഷെ ഇതു കൊണ്ടു മാത്രം നിയന്ത്രണമാകുന്നില്ല. താറാവ്, കോഴി, പന്നി, മീന്‍ എന്നിവയ്ക്ക് തീറ്റയായി ഇവയെ നല്‍കാം. മലേഷ്യയിലും ശ്രീലങ്കയിലും താറാവിനും മീനിനും തീറ്റയായി ഈ ഒച്ചുകളെ ഉപയോഗിച്ചിരുന്നു. ഒച്ചു നിയന്ത്രണത്തിനായി വിവിധ രാജ്യങ്ങളില്‍ താറാവിനെ ഉപയോഗിച്ചിരുന്നതായി ശാസ്ത്രലേഖനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.കീടനാശിനികള്‍ ഉപയോഗിച്ചുള്ള നിയന്ത്രണം ഉപദ്രവകാരികളല്ലാത്ത പല ജീവജാതികളെയും കൊന്നൊടുക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പൂര്‍ണമായ ഒച്ചുനിയന്ത്രണം സാധിക്കുകയുമില്ല. അതിനാല്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് അവരവരുടെ സ്ഥലത്തെ ഒച്ചുവിമുക്തമാക്കാന്‍ വൈകുന്നേരങ്ങളിലും പുലര്‍വേളകളിലും ഒച്ചിനെ തേടിയിറങ്ങി കൊന്നുനശിപ്പിക്കുകതന്നെ വേണം.

നഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കുന്ന ഭക്ഷ്യവസ് തുക്കള്‍ (കാബേജ് ഇല/പപ്പായ ഇല/പഴം തുടങ്ങിയവ) നിരത്തുക. ഇവയിലേക്ക് ഒച്ച് ആകര്‍ഷിച്ചെത്തും. ഇങ്ങനെ കൂട്ടംകൂടുന്ന ഒച്ചുകളെ ശേഖരിച്ച് തോടുപൊട്ടിച്ച് താറാവിനോ കോഴിക്കോ നല്‍കാം. അല്ലെങ്കില്‍ നശിപ്പിക്കാം. ഇത്തരത്തില്‍ ആകര്‍ഷിച്ചെത്തുന്ന ഒച്ചുകളെ പുകയിലക്കഷായം, തുരിശ് മിശ്രിതം എന്നിവ തളിച്ച് കൊല്ലാനാണ് സംസ്ഥാന വനഗവേഷണ കേന്ദ്രം ശുപാര്‍ശചെയ്യുന്നത്. ഇതിനായി 25 ഗ്രാം പുകയില ഒന്നരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരുലിറ്ററായി കുറുക്കുക, അരിച്ച് തണുപ്പിക്കുക. ഒരുലിറ്റര്‍ വെള്ളത്തില്‍ 60 ഗ്രാം തുരിശ് ലയിപ്പിക്കുക; ഇവ കൂട്ടിക്കലര്‍ത്തിയശേഷം ഒച്ചുകളുടെ മേല്‍ തളിക്കുക.പുകയിലക്കഷായം ഉണ്ടാക്കുന്നതിനു പകരം അക്ടാര എന്ന കീടനാശിനി ഒരുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തുരിശു ലായനിയുമായി ചേര്‍ത്താലും മതി. ഒച്ചുകളെ ഉപ്പ് ഉപയോഗിച്ചും നശിപ്പിക്കാം.

തയ്യാറാക്കിയത്: മനു സി ആര്‍, ഡോ. പൂര്‍ണ്ണിമ യാദവ് പി ഐ, ഡോ. നോബിള്‍ എബ്രഹാം 
(കേരള കാര്‍ഷിക സര്‍വകലാശാലകൃഷിവിജ്ഞാനകേന്ദ്രം, കൊല്ലം)

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate