Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആഗസ്റ്റ് മാസത്തെ കൃഷിപ്പണികള്‍

കൂടുതല്‍ വിവരങ്ങള്‍

പ്രധാനവിളകള്‍ക്ക് വളപ്രയോഗം

നെല്ലിന് മുഞ്ഞ, ചാഴി എന്നീ കീടങ്ങള്‍ക്കെതിരെ ജാഗ്രത

തെങ്ങില്‍ കൊമ്പന്‍ചെല്ലി, പൂങ്കുലച്ചാഴി എന്നിവയുടെ

ആക്രമണസാധ്യത

കമുകിന് കൂമ്പുചീയല്‍, മഹാളി രോഗസാധ്യത

കുരുമുളകിന് ദ്രുതവാട്ടരോഗത്തില്‍ നിന്നും രക്ഷ

നേന്ത്രവാഴയ്ക്ക് വിളവെടുപ്പ്

കശുമാവിന്‍തോപ്പില്‍ കളനിയന്ത്രണം

കൂര്‍ക്ക വള്ളികള്‍ നടാം

നെല്ല്

 

രണ്ടാവിള നട്ട പാടങ്ങളില്‍ മേല്‍വളപ്രയോഗം തുടരാം. കതിരിടുന്നതിന് 30 ദിവസം മുമ്പെങ്കിലും വളപ്രയോഗം നടത്തണം. മധ്യകാലമൂപ്പുള്ള ഇനങ്ങള്‍ക്ക് ഹെക്ടറൊന്നിന് 49 കിലോഗ്രാം യൂറിയയും 38 കിലോഗ്രാം പൊട്ടാഷും (അതായത് നിര്‍ദ്ദേശിക്കപ്പെട്ട പാക്യജനകത്തിന്‍റെ മൂന്നിലൊന്നു ഭാഗവും പൊട്ടാഷിന്‍റെ പകുതിഭാഗവും എന്ന തോതില്‍) നല്‍കണം. കുലവാട്ടം കാണുകയാണെങ്കില്‍ എഡിഫന്‍ഫോസ് 1 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി തളിക്കണം. മുഞ്ഞയുടെ ഉപദ്രവം കൂടുതലായാല്‍ 4 ഗ്രാം കാര്‍ബാറില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായനി തളിക്കണം. കതിര്‍ നിരന്നാല്‍ ചാഴി ശല്യം വര്‍ധിക്കും. കാര്‍ബാറില്‍ മേല്‍പറഞ്ഞ അളവില്‍ സ്പ്രേ ചെയ്താല്‍ ചാഴിയുടെ ഉപദ്രവം കുറയ്ക്കാം. മരുന്നു തളിക്കുന്നത് ഉച്ചകഴിഞ്ഞുള്ള സമയത്താകണം. വിത്തെടുക്കാന്‍ കൃഷിചെയ്യുന്ന പാടങ്ങളില്‍ കള്ളക്കതിരുകള്‍ നീക്കണം.

തെങ്ങ്

ജലസേചന സൗകര്യമുള്ള തോട്ടങ്ങളില്‍ രണ്ടാം ഗഡു രാസവളം ഇപ്പോള്‍ നല്‍കാം. ആകെ ശുപാര്‍ശ ചെയ്ത വളങ്ങളുടെ നാലില്‍ ഒരു ഭാഗമാണ് നല്‍കേണ്ടത്. 250 ഗ്രാം യൂറിയ, 380 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഒരു തെങ്ങിന് വേണം. ഓലമഞ്ഞളിപ്പ് മാറ്റുന്നതിന് മഗ്നീഷ്യം സള്‍ഫേറ്റ് 500 ഗ്രാം വീതം തെങ്ങിന്‍തടത്തില്‍ ചേര്‍ക്കണം. മഴയുടെ ശക്തി കുറയുന്നതോടെ താഴ്ന്ന സ്ഥലങ്ങളില്‍ കൂനകൂട്ടി പുതുതായി തെങ്ങിന്‍തൈനടീല്‍ തുടങ്ങാം. പച്ചിലവളച്ചെടികള്‍ തെങ്ങിന്‍തടത്തില്‍ വളര്‍ത്തിയിട്ടുണ്ടെങ്കില്‍ അവ പൂക്കുന്നതോടെ പിഴുത് തടത്തിലിട്ട് മണ്ണുകൊണ്ടു മൂടണം. ചെമ്പന്‍ ചെല്ലി, പൂങ്കുലച്ചാഴി എന്നിവയുടെ ആക്രമണം ഉണ്ടോ എന്ന് നിരീക്ഷിക്കണം. നാമ്പോലകള്‍ മഞ്ഞളിക്കുക, തടിയില്‍ ദ്വാരങ്ങള്‍ വീഴുകയും അതിലൂടെ തവിട്ടുനിറമുള്ള ദ്രാവകം ഒലിച്ചിറങ്ങുകയും ചെയ്യുക ചെമ്പന്‍ചെല്ലിയുടെ ആക്രമണലക്ഷണങ്ങളാണ്. മച്ചിങ്ങ, പൊഴിച്ചില്‍, മച്ചിങ്ങയുടെ പുറത്ത് കുത്തുകള്‍ കാണുക, അവ ഉള്ളിലേക്ക് ചുരുങ്ങിയിരിക്കുക എന്നിവയാണ് പൂങ്കുലച്ചാഴിയുടെ ഉപദ്രവലക്ഷണം. തേങ്ങയുടെ ആകൃതി മാറിപടുതേങ്ങ ഉണ്ടാകുന്നു. ചെമ്പന്‍ചെല്ലിയുടെ ആക്രമണം പ്രാരംഭദശയില്‍ തന്നെ നിയന്ത്രിക്കണം. ഇതിന് 20 ഗ്രാം കാര്‍ബാറില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി കീടബാധയുള്ള ദ്വാരങ്ങള്‍ അടച്ചശേഷം അല്‍പം മുകളിലായി താഴേക്ക് ചരിച്ച് ഒരു ദ്വാരമുണ്ടാക്കി അതില്‍ ചോര്‍പ്പ് വച്ച് തെങ്ങിന്‍ തടിയുടെ ഉള്ളില്‍ ഒഴിച്ചുകൊടുക്കണം. കീടനാശിനി ലായനി തടിക്കുള്ളില്‍ ഇറങ്ങിയശേഷം ചോര്‍പ്പ് മാറ്റി ദ്വാരം അടയ്ക്കുക. കൂടാതെ തെങ്ങിന്‍റെ പുറംതൊലിയില്‍ മുറിവുണ്ടാക്കാതെയും ഓലവെട്ടുമ്പോള്‍ 1 മീറ്റര്‍ നീളത്തില്‍ മടല്‍ നിര്‍ത്തിയും വെട്ടാന്‍ ശ്രദ്ധിക്കണം. പൂങ്കുലച്ചാഴിയെ നിയന്ത്രിക്കാന്‍ 2.5 ഗ്രാം ഫോറേറ്റ് കീടനാശിനി ചെറുസുഷിരങ്ങളിട്ട കൊച്ചു പായ്ക്കറ്റുകളില്‍ നിറച്ച് 2 എണ്ണം വീതം പൂങ്കുലത്തണ്ടില്‍ കെട്ടിവെക്കണം. കീടനാശിനി പ്രയോഗിക്കേണ്ടി വരുകയാണെങ്കില്‍ കാര്‍ബാറില്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി കുലകളിലും മണ്ടയിലും ഉച്ചയ്ക്കുശേഷം തളിച്ചുകൊടുക്കാം.

കമുക്

ചെളികലര്‍ന്ന മണ്ണില്‍ തൈ നടുന്നതിന് അനുയോജ്യമായ സമയമാണ്. 2.7 ത 2.7 മീറ്റര്‍ അകലത്തില്‍ തെക്ക്-വടക്ക് ദിശയില്‍ കുഴികള്‍ തയ്യാറാക്കണം. 60 സെ.മീറ്റര്‍ നീളം, വീതി, ആഴം ഉള്ള കുഴികള്‍ തയ്യാറാക്കി 15 സെന്‍റീമീറ്റര്‍ കനത്തില്‍ മേല്‍മണ്ണ് ചേര്‍ത്തശേഷം വേണം തൈ നടാന്‍. ഇലകളുടെ എണ്ണം കൂടുതലും ഉയരം കുറഞ്ഞതുമായ 12-18 മാസം പ്രായമുള്ള തൈകളാണ് ഗുണമേډയുള്ളവ. മഴ ശമിക്കുന്നതോടെ വളപ്രയോഗം നടത്താം. മരത്തിനുചുറ്റും ഒരു മീറ്റര്‍ അകലത്തില്‍ തടം എടുത്ത് 12 കിലോഗ്രാം കാലിവളം, 100 ഗ്രാം യൂറിയ, 100 ഗ്രാം മസ്സൂറിഫോസ്, 120 ഗ്രാം പൊട്ടാഷ് എന്നീ വളങ്ങള്‍ ചേര്‍ത്ത് തടം മൂടണം. വേരുതീനിപ്പുഴുക്കളുടെ ആക്രമണം കാണുന്ന സ്ഥലങ്ങളില്‍ കാലവര്‍ഷം കഴിഞ്ഞ് കവുങ്ങൊന്നിന് 15 ഗ്രാം ഫോറേറ്റ് എന്ന കീടനാശിനി തടങ്ങളില്‍ വിതറി മണ്ണുമായി ചേര്‍ക്കുക. കൂമ്പുചീയല്‍, മഹാളി എന്നീ രോഗങ്ങള്‍ക്കെതിരെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം കാലവര്‍ഷം കഴിഞ്ഞ് തളിക്കണം.

കുരുമുളക്

 

ദ്രുതവാട്ടരോഗത്തിനെതിരെ കുമിള്‍നാശിനി തളിച്ചുക്കാം. കാലവര്‍ഷം ശമിക്കുന്നതോടെ 1 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തയ്യാറാക്കി കൊടികളില്‍ തളിക്കുക. തിരികളില്‍ പരാഗണം നടക്കുന്ന അവസരത്തില്‍ കുമിള്‍നാശിനി പ്രയോഗിക്കരുത്. തിരികളുടെ ഇളംമഞ്ഞനിറം മാറുകയും പച്ചനിറമാകുകയും ചെയ്യുമ്പോള്‍ പരാഗണം പൂര്‍ത്തിയായി എന്ന് അനുമാനിക്കാം. രണ്ടാം രാസവളപ്രയോഗം ഈ മാസം നല്‍കണം. കാലവര്‍ഷത്തിനുമുമ്പ് 1/3 ഭാഗം വളം നല്‍കിയിട്ടുണ്ടെങ്കില്‍ ബാക്കി 2/3 ഭാഗം ഇപ്പോള്‍ നല്‍കണം. അല്ലെങ്കില്‍ മുഴുവന്‍ രാസവളവും ഇപ്പോള്‍ ചേര്‍ത്തക്കുക. കൊടിയുടെ പ്രധാന തണ്ടില്‍ നിന്നും 30 സെ.മീറ്റര്‍ അകലത്തില്‍ അര്‍ധവൃത്താകൃതിയില്‍ വളം ചേര്‍ത്ത് മണ്ണിട്ടുമൂടണം. ഓരോ കൊടിക്കും വര്‍ഷംതോറും 110 ഗ്രാം യൂറിയ, 225 ഗ്രാം മസ്സൂറി ഫോസ്, 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നതാണ് പൊതുശുപാര്‍ശ. നട്ട് ഒരു വര്‍ഷം പ്രായമായ വള്ളികള്‍ക്ക് മൂന്നിലൊന്നു ഭാഗവും രണ്ടുവര്‍ഷം പ്രായമായവയ്ക്ക് മൂന്നില്‍ രണ്ടു ഭാഗവും മൂന്നാംവര്‍ഷം മുതല്‍ മുഴുവന്‍ വളവും നല്‍കണം. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ 500 ഗ്രാം വീതം കുമ്മായം കൊടികള്‍ക്ക് നല്‍കുന്നത് ഉത്പാദനവര്‍ധനവിന് ഉപകരിക്കും. ട്രൈക്കോഡെര്‍മ ചേര്‍ക്കുകയാണെങ്കില്‍ 50 ഗ്രാം ഒരു കിലോ ചാണകപ്പൊടിയോടൊപ്പം കലര്‍ത്തി മണ്ണില്‍ ചേര്‍ക്കണം. രാസവളപ്രയോഗവും ട്രൈക്കോഡെര്‍മ ചേര്‍ക്കലും തമ്മില്‍ 30-45 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണം. കൊടികള്‍ക്ക് ശരിയായി വെയില്‍ കിട്ടാന്‍ താങ്ങുവൃക്ഷത്തിന്‍റെ തലപ്പുകള്‍ ഇപ്പോള്‍ കോതിക്കൊടുക്കാം. പച്ചിലകള്‍ കൊടിച്ചുവട്ടില്‍ പുതയിടുന്നതിനും ഉപയോഗിക്കാം.

വാഴ

ജലസേചിത നേന്ത്രന്‍കൃഷിയുടെ വിളവെടുപ്പ് ആരംഭിക്കാം. നനയില്ലാത്ത വാഴക്കൃഷിയില്‍ കളനശീകരണവും മേല്‍വളപ്രയോഗവും തുടരാം. കുറുനാമ്പ് രോഗം ബാധിച്ച വാഴകള്‍ തോട്ടത്തില്‍നിന്നും വെട്ടിമാറ്റി നശിപ്പിക്കണം. കുറുനാമ്പു ബാധിച്ച വാഴയുടെ ഇലകള്‍ നീളവും വീതിയും കുറഞ്ഞ് കുറുകി, വളര്‍ച്ച മുരടിച്ചുപോകുന്നു. കുലകള്‍ തീരെ ചെറുതായിരിക്കും. എന്നാല്‍ രോഗം ബാധിച്ച വാഴകള്‍ മിക്കവാറും കുലയ്ക്കാറില്ല. ഈ മാരകരോഗത്തിന് കാരണമായ വൈറസിനെ പരത്തുന്നത് പോളകള്‍ക്കുള്ളില്‍ വസിക്കുന്ന ഇലപ്പേനുകളാണ്. ഇതിനെ നിയന്ത്രിക്കാന്‍ വാഴ നടുന്ന സമയത്ത് 20 ഗ്രാം ഫോറേറ്റ് ചുവട്ടില്‍ ഇടുകയും വീണ്ടും 75 ദിവസവും 165 ദിവസവും കഴിയുമ്പോള്‍ ഇലക്കവിളുകളില്‍ ഇട്ടുകൊടുക്കുകയുമാണ് വേണ്ടത്. രോഗബാധിതമായ വാഴകള്‍ തോട്ടത്തില്‍ നിന്നും വേരോടെ പിഴുതു നശിപ്പിക്കണം. രോഗപ്രതിരോധ ശേഷിയുള്ള ഞാലിപ്പൂവന്‍, കൂമ്പില്ലാക്കണ്ണന്‍ എന്നീ വാഴകള്‍ നടുന്നതും ഫലപ്രദമാണ്.

കശുമാവ്

തളിരുകള്‍ മൂപ്പെത്തുന്നു. തോട്ടങ്ങളില്‍ അരിവാള്‍ ഉപയോഗിച്ചോ കളനാശിനി പ്രയോഗിച്ചോ കളനിയന്ത്രണം നടത്താം. 20 ശതമാനം വീര്യമുള്ള പാരക്വാട്ട് എന്ന കളനാശിനി ഹെക്ടറൊന്നിന് 2 ലിറ്റര്‍ വീതം 400-500 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. അല്ലെങ്കില്‍ 40 ശതമാനം വീര്യമുള്ള ഗ്ലൈഫോസേറ്റ് എന്ന കളനാശിനി ഹെക്ടറൊന്നിന് 2 ലിറ്റര്‍, 400-500 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഈ മാസം ഒരു പ്രാവശ്യം തളിച്ചുകൊടുത്താലും മതി. തണ്ടുതുരപ്പന്‍റെ ആക്രമണം കണ്ടാല്‍ ഉളി കൊണ്ട് ആക്രമണവിധേയമായ ഭാഗം ചെത്തി വൃത്തിയാക്കി കാര്‍ബാറില്‍ എന്ന കീടനാശിനി 0.2 ശതമാനം വീര്യത്തില്‍ പുരട്ടിക്കൊടുക്കണം. ഇതിന് 4 ഗ്രാം കാര്‍ബാറില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയാണ് വേണ്ടത്. തോട്ടങ്ങളിലെ നശിച്ച മരങ്ങളും ചപ്പുചവറുകളും മാറ്റി തോട്ടം വൃത്തിയാക്കി സൂക്ഷിക്കണം. മരക്കൊമ്പുകള്‍ കോതുന്നതിനും അനുയോജ്യമായ സമയമിതാണ്. വലിയമരങ്ങളുടെ താഴ്ന്നുകിടക്കുന്ന ശാഖകളും ഉണങ്ങിയ കൊമ്പുകളും സൗകര്യപ്രദമായി മുറിച്ചുമാറ്റാം. ചെറിയ മരങ്ങള്‍ 1 മീറ്റര്‍ പൊക്കം വരെ ശാഖകള്‍ ഉണ്ടാകാത്തവിധം കൊമ്പുകള്‍ മുറിച്ചാല്‍ കുടരൂപത്തില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

കിഴങ്ങുവര്‍ഗ വിളകള്‍

 

മരച്ചീനിക്ക് കളനീക്കലും മേല്‍വളപ്രയോഗവും തുടരാം. ഹെക്ടറൊന്നിന് 110 കിലോ യൂറിയയും 85 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും എന്ന തോതില്‍ മേല്‍വളം നല്‍കണം. കുര്‍ക്കക്കൃഷിക്ക് വള്ളികള്‍ നടാം. ശ്രീകാര്യത്തുള്ള കേന്ദ്ര/കിഴങ്ങുവര്‍ഗവിള/ഗവേഷണസ്ഥാപനം പുറത്തിറക്കിയ 'ശ്രീധര'അത്യുത്പാദനശേഷിയുള്ള കൂര്‍ക്കയിനമാണ്. ഇതിന് 5 മാസം മൂപ്പുണ്ട്. ഒന്നര മാസം പ്രായമുള്ള വള്ളികളുടെ അഗ്രഭാഗത്തുനിന്നും 10-15 സെ.മീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്താണ് നടേണ്ടത്. പ്രധാന കൃഷിയിടം കിളച്ച് 30 സെ. മീറ്റര്‍ അകലത്തില്‍ നടണം. നിലമൊരുക്കുമ്പോള്‍ 10 ടണ്‍ കാലിവളവും ഒരു ഹെക്ടറിന് നല്‍കണം. പകുതി പാക്യജനകം (68 കിലോ യൂറിയ) മുഴുവന്‍ ഭാവകം (300 കിലോ റോക്ക് ഫോസ്ഫേറ്റ്), പകുതി ക്ഷാരം (83 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) എന്നിവ നടുമ്പോള്‍ നല്‍കണം. നട്ട് 45 ദിവസത്തിനുശേഷം മേല്‍വളപ്രയോഗം നടത്താം.

അടുക്കളത്തോട്ടത്തില്‍ ഈ മാസം

മുളകുകൃഷിക്ക് അനുയോജ്യമായ സമയമാണ്. വിത്തിനുവേണ്ടി കൃഷി ചെയ്യുമ്പോള്‍ ഈ മാസം വിത്തിടുകയും അടുത്തമാസം പറിച്ചുനടുകയുമാവാം. സെന്‍റൊന്നിന് 100 കിലോഗ്രാം എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. 50 സെ. മീറ്റര്‍ അകലത്തില്‍ വരമ്പുകള്‍ എടുത്ത് 45 സെ. മീറ്റര്‍ അകലത്തില്‍ 4-5 ഇലപ്രായമായ തൈ നടാം. ജ്വാലാസഖി, ജ്വാലാമുഖി, മഞ്ജരി, ഉജ്ജ്വല എന്നിവ നല്ലയിനം വിത്തുകളാണ് തുറസായ സ്ഥലത്ത് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ തൈ നടുന്നതിന് ശ്രദ്ധിക്കണം. തډൂലം കടചീയല്‍ രോഗം നിയന്ത്രിക്കാം. ചീരക്കൃഷിക്കും നല്ല സമയമാണ്. പ്രത്യേകം തയ്യാറാക്കിയ തവാരണകളില്‍ പൊടിമണലും അരിപ്പൊടിയും ചേര്‍ത്ത് വിത്തു പാകുക. നേരിയ കനത്തില്‍ അതിനുമീതേ പൊടിമണല്‍ വിതറണം. ഉറുമ്പിന്‍റെ ശല്യം കുറയ്ക്കുന്നതിന് പൊടിരൂപത്തിലുള്ള കീടനാശിനികള്‍ നഴ്സറിക്കു ചുറ്റും വിതറാം. ദിവസവും നനയ്ക്കണം. 4-5 ഇല പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാം. പാവല്‍, പടവലം, വെള്ളരി എന്നിവയുടെ വിളവെടുപ്പ് തുടരാം. പച്ചക്കറികളില്‍ കീട-രോഗബാധയുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കണം. പച്ചത്തുള്ളന്‍ പോലുള്ള കീടങ്ങളെ നിയന്ത്രിക്കുവാന്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം രണ്ടാഴ്ചയിലൊരിക്കല്‍ ഇലകളുടെ അടിഭാഗത്ത് തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്. മൊസേക്ക്, കൊച്ചിലരോഗം ബാക്ടീരിയല്‍വാട്ടം എന്നിവ കാണുന്ന ചെടികളെ പിഴുതുമാറ്റണം. പാവല്‍, പടവലം, വെള്ളരി, തക്കാളി, വഴുതന എന്നിവയുടെ വിത്ത് സംസ്ക്കരിക്കുന്നതിന് പഴുത്ത കായ്കള്‍ മുറിച്ച് വിത്തടങ്ങിയ മാംസളഭാഗം വെള്ളത്തില്‍ ഇടണം. 12 മണിക്കൂര്‍ പുളിപ്പിച്ച ശേഷം മുകളില്‍ പൊങ്ങിക്കിടക്കുന്ന ഭാഗങ്ങള്‍ മാറ്റി പാത്രത്തിലെ വെള്ളത്തില്‍ അടിഞ്ഞ വിത്തുകള്‍ ശേഖരിച്ച് 3 മണിക്കൂര്‍ വെയിലത്ത് ഉണക്കിയശേഷം ഒരാഴ്ച തണലത്ത് ഉണക്കുക. വിത്ത് കോണ്‍ക്രീറ്റ് തറയിലിട്ട് ഉണക്കരുത്.

3.04081632653
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top