Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷികരംഗത്തെ പുത്തന്‍ മാതൃക

വിശദ വിവരങ്ങള്‍

വയനാട് സോഷ്യല്‍ സര്വ്വീസ് സൊസൈറ്റി: കാര്ഷികരംഗത്ത് സമഗ്ര ഇടപെടല്‍ -ആമുഖം

കാര്‍ഷിക മേഖലയിലെ സുതാര്യവും കണിശതയാര്‍ന്നതുമായ ഇടപെടലുകളിലൂടെ വയനാട്ടിലെ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജൈവകൃഷി വ്യാപന പദ്ധതിക്ക് രൂപം നല്‍കിയ വയനാട് കാര്‍ഷിക സൊസൈറ്റിയില്‍ 10,000ത്തിലധികം കര്‍ഷകര്‍ അംഗങ്ങളായുണ്ട്. 1999ല്‍ കര്‍ഷകരുടെ എണ്ണം കേവലം 80 മാത്രമായിരുന്നു. കര്‍ഷകരെ സംഘടിപ്പിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്തുക, ഫാം ക്ലബ്ബുകള്‍ രൂപീകരിക്കുക, കാര്‍ഷിക ബോധവത്കരണം യഥാസമയം നടത്തുക, അന്താരാഷ്ട്ര തലത്തിലുള്ള ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുക്കുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുക, സംസ്‌കരിക്കുക, കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുക തുടങ്ങി കാര്‍ഷികരംഗത്ത് സമഗ്രമായ ഇടപെടലാണ് സൊസൈറ്റി നടത്തുന്നത്

കര്‍ഷകരെയും ജൈവകൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിലുപരി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വയനാട് ജില്ലയിലെ സാമൂഹ്യ-സേവന-വികസന പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ഒരു സന്നദ്ധ സംഘടന കൂടിയാണ്. മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രവര്‍ത്തന പ്രസ്ഥാനമായി 1974 ലാണ് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്. വയനാട് ജില്ലയെകൂടാതെ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, കേളകം ഗ്രാമപഞ്ചായത്തകള്‍, മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക്, തമിഴ്‌നാട്ടിലെ നീലഗിരി ജില്ല എന്നിവയാണ് ഈ വര്‍ഷം റൂബി ജൂബിലി ആഘോഷിക്കുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലകള്‍. ജനകീയ സംഘാടനം, സാമൂഹ്യാധിഷ്ഠിത സംഘടനകളുടെ രൂപീകരണം, ജൈവകൃഷി വ്യാപനം, ആദിവാസി വികസന പ്രവര്‍ത്തനങ്ങള്‍, നീര്‍ത്തട വികസന പദ്ധതികള്‍, ആരോഗ്യ ശുചിത്വ പദ്ധതികള്‍, പരമ്പരാഗത ഊര്‍ജ്ജ സ്രോതസുകളുടെ ഉപയോഗം, ക്ഷേമ പദ്ധതികള്‍, സൗജന്യ നിയമ സഹായം, ജലനിധി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും സൊസൈറ്റി സജീവമാണ്., ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പിള്ളില്‍, അഡ്വ. ഫാ. ജോണ്‍ ചൂരപ്പുഴയില്‍, ജെനറല്‍ കോര്‍ഡിനേറ്റര്‍ പി എ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍

കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ലെന്നതാണ്. ഈ പരിമിതി മറികടക്കാന്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സൊസൈറ്റി.
വെള്ളക്കുരുമുളക്, ഡീ ഹൈഡ്രേറ്റഡ് ഗ്രീന്‍ പെപ്പര്‍, പെപ്പര്‍ ഇന്‍ ബ്രൈന്‍, കുരുമുളക് പൊടി, നുറുക്കിയ കുരുമുളക്, ടീ കട്ട് കുരുമുളക് തുടങ്ങി പത്തിലധികം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കുരുമുളകില്‍ നിന്ന് മാത്രമായി സൊസൈറ്റി വിപണിയില്‍ എത്തിക്കുന്നുണ്ട്. ദ്വാരകയിലുള്ള സൊസൈറ്റിയുടെ സുഗന്ധവിള സംസ്‌കരണ കേന്ദ്രത്തില്‍ പെപ്പര്‍ ഇന്‍ ബ്രൈന്‍, വെള്ളക്കുരുമുളക് എന്നിവ തയ്യാറാക്കുന്നുണ്ട്. ഇതിലേക്കാവശ്യമായ പച്ചക്കുരുമുളക് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജൈവകര്‍ഷകരില്‍ നിന്നാണ് സമാഹരിക്കുന്നത്. സൊസൈറ്റിയുടെ വെള്ളക്കുരുമുളക് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. സാധാരണയായി ചാക്കില്‍ കെട്ടിയിട്ട് വെള്ളക്കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്നതിന് പകരം ഇവിടെ പ്രത്യേക തരം ബാക്ടീരിയ കള്‍ച്ചര്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ കൂടിയ അളവിലാണ് ഉല്‍പ്പാദനം. ഇതുകൂടാതെ ഇഞ്ചിയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ ഇഞ്ചി ചിപ്‌സ്, നുറുക്കിയ ഇഞ്ചി, ടീ കട്ട് ഇഞ്ചി, ഇഞ്ചിപ്പൊടി എന്നിവയും വിപണിയില്‍ എത്തിക്കുന്നു. തെരുവപ്പുല്ല്, സര്‍വ സുഗന്ധിയില, കായ്, ഗ്രാമ്പൂ, കറുവപ്പട്ട, മഞ്ഞള്‍, ജാതി, ഏലം, കുടംപുളി തുടങ്ങി വയനാട്ടിലെ ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിച്ച് കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റി നടത്തുന്നത്.

ബയോവിന്‍ അഗ്രോ പ്രൊസസ്സിംഗ് സെന്റര്‍

പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ചക്കയുള്‍പ്പടെയുള്ള പഴവര്‍ഗങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, കാപ്പി തുടങ്ങിയവയില്‍ നി ന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും വയനാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ ജൈവ ഉല്‍പ്പന്നങ്ങളും ആഭ്യന്തര, അന്താരാഷ്ട്ര വിപണിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ബയോവിന്‍ അഗ്രോ പ്രൊസസ്സിംഗ് സെന്ററിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഈ വര്‍ഷം സെന്റര്‍ കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ജനറല്‍ കോര്‍ഡിനേറ്റര്‍ പി എ ജോസ് പറയുന്നു. നിലവില്‍ അമേരിക്ക, കാനഡ, ജെര്‍മനി, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്‌സ് എന്നീ വിദേശ രാജ്യങ്ങളിലേക്കും കൊച്ചി ലുലു മാള്‍ ഉള്‍പ്പടെയുള്ള ഇന്ത്യയിലെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുമാണ് വയനാട്ടിലെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇതിലൂടെ പൊതുവിപണിയിലെ വിലയേക്കാള്‍ അഞ്ച് മുതല്‍ നൂറ് ശതമാനം വരെ അധികവില കിട്ടുന്നുണ്ടെന്നും ജോസ് വെളിപ്പെടുത്തുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 8 കോടിയിലധികം രൂപയുടെ വില്‍പ്പനയാണ് സൊസൈറ്റി നടത്തിയിട്ടുള്ളത്. 

സഹായത്തിന് റേഡിയോ മാറ്റൊലിയും, ആത്മ വയനാടും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ജൈവകൃഷി വ്യാപന പദ്ധതിക്ക് നബാര്‍ഡ്, കൃഷി വകുപ്പ്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍, സ്‌പൈസസ് ബോര്‍ഡ്, കോഫീ ബോര്‍ഡ്, കിന്‍ഫ്ര, കേരള കാര്‍ഷിക സര്‍വ്വകലാശാല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് തുടങ്ങിയവരുടെ സാങ്കേതിക സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് യഥാസമയം അറിവു നല്‍കുന്നതിനായി സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന 'റേഡിയോ മാറ്റൊലിയും', 'ആത്മ വയനാടും' ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. കര്‍ഷകര്‍ക്ക് സഹായകമായ ഇത്തരം കാര്‍ഷിക വിജ്ഞാന വ്യാപന പരിപാടികള്‍ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

3.0350877193
R E VINOD Apr 27, 2016 12:55 PM

ഉപാകാരാപ്രഥമ്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top