অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അടുത്ത ഹരിതവിപ്ലവം ഹരിതഗൃഹകൃഷിയിലൂടെ

ആമുഖം

ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യ ഒരു കാർഷികരാജ്യമായതുകൊണ്ട് നമുക്ക് മറ്റു രാഷ്ട്രങ്ങളുടെയിടയിൽ സാമ്പത്തികമായി ഉയർന്നുവരണമെങ്കിൽ നമ്മുടെ കാർഷിക വിഭവങ്ങൾക്ക് വികസിതരാജ്യങ്ങളുടെ ഉത്പന്നങ്ങളോട് കിടപിടിക്കാൻ കഴിയണം. അതിനാൽ നമ്മുടെ കാർഷികമേഖലയ്ക്ക് ഉയർന്ന ഉത്പാദനക്ഷമതയും സുസ്ഥിരമായ സമ്പദ്ഘടനയും ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യകൾ അനിവാര്യമാണ്. ഓരോ വിളയ്ക്കും ഏറ്റവും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കണമെങ്കിൽ അതിനുചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശം, അന്തരീക്ഷത്തിലേയും മണ്ണിലേയും താപനില, വേരുമണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായുസഞ്ചാരവും, അന്തരീക്ഷവായുവിന്റെ ഘടന എന്നിവ ചെടിക്ക് ഏറ്റവും അനുയോജ്യമായ അളവിലായിരിക്കണം. എന്നാൽ നാം കാലാകാലങ്ങളായി അനുവർത്തിക്കുന്ന കൃഷിമുറകൾകൊണ്ട് ചെടികളുടെ വേരുമണ്ഡലത്തിലുള്ള മണ്ണിലെ വായുസഞ്ചാരം, ഫലപുഷ്ടി എന്നിവ ക്രമീകരിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ശരിയായ നന, പുതയിടൽ തുടങ്ങിയ മാർഗങ്ങളിലൂടെ മണ്ണിലെ താപനില ഒരളവുവരെ ക്രമീകരിക്കാൻ കഴിയുന്നതാണ്. തുറസായ കൃഷിഭൂമിയിൽ നാം പരമ്പരാഗതമായി അനുവർത്തിക്കുന്ന മാർഗങ്ങളിലൂടെ അന്തരീക്ഷത്തിലെ താപനില, പ്രകാശത്തിന്റെ തീവ്രതയും ദൈർഘ്യവും, വായുവിൽ അടങ്ങിയിരിക്കുന്ന വിവിധ മൂലകങ്ങളുടെ അളവ് എന്നിവ ക്രമീകരിക്കാൻ സാധിക്കില്ല. സംരക്ഷിത കൃഷിരീതിയിൽ ഈ ഘടകങ്ങൾ പൂർണമായോ ഭാഗികമായോ ക്രമീകരിക്കാൻ കഴിയും. ഓരോ ഹരിതഗൃഹത്തിനും (greenhouse) അതിന്റെ അന്തരീക്ഷത്തെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് അതിന്റെ രൂപകല്പനയേയും അതിൽ അന്തരീക്ഷം ക്രമീകരിക്കാനുപയോഗിച്ചിട്ടുള്ള സംവിധാനത്തേയും ആശ്രയിച്ചാണിരിക്കുന്നത്.

ഏതുതരം സസ്യമാണ് ഹരിതഗൃഹത്തിൽ വളർത്താനുദ്ദേശിക്കുന്നത്, അതിന്റെ ഉത്പന്നങ്ങൾക്ക് വിപണിയിലുള്ള വിലയും പ്രാധാന്യവും, കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഹരിതഗ്യഹത്തിന്റെ രൂപകല്പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള സംവിധാനവും തെരഞ്ഞെടുക്കേണ്ടത്.

സംരക്ഷിത കൃഷിരീതി അഥവാ ഹരിതകൃഷി

സംരക്ഷിത കൃഷിരീതിയിൽ ചെടികൾ വളർത്താനായി ആവശ്യത്തിനു വലുപ്പമുള്ള ഹരിതഗ്യഹങ്ങൾ നിർമ്മിക്കുന്നു. ഇവ ഹരിതഗ്യഹത്തിൽ വളരുന്ന ചെടികൾക്കു ചുറ്റുമുള്ള അന്തരീക്ഷത്തെ പുറത്തുള്ള അന്തരീക്ഷത്തിൽനിന്നും വേർതിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിന്റേയും രൂപകല്പനക്കനുസരിച്ച് ചെടികൾക്ക് ചുറ്റുമുള്ള അന്തരീക്ഷനിലയും വ്യത്യാസപ്പെട്ടിരിക്കുന്നു.

സംരക്ഷിതകൃഷിയിൽ നൂതനസാങ്കേതികവിദ്യകളായ സൂക്ഷ്മജലസേചനം, മണ്ണിതര മാധ്യമ കൃഷി, ഫെർട്ടിഗേഷൻ, സൂക്ഷ്മ (പജനനം, ഉയർന്ന ഉത്പാദനക്ഷമതയുള്ള ഹൈബ്രിഡ് വിത്തുകൾ, പ്ലാസ്റ്റിക്ക് പുത, സൂര്യപ്രകാശത്തിന്റെ തീക്ഷണതയുടെ നിയന്ത്രണം, രാത്രി-പകൽ ദൈർഘ്യത്തിന്റെ നിയന്ത്രണം, കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു. പല ആകൃതിയിലും വലുപ്പത്തിലും വിവിധ തരം നിർമ്മാണ സാധനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഹരിതഗൃഹങ്ങളുമുണ്ട്. ചെലവ് കുറഞ്ഞതും ലളിതവുമായ ഹരിത ഗൃഹങ്ങൾ മുതൽ വളരെ ചെലവേറിയതും ഉയർന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുമുള്ള ഹരിതഗൃഹങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. മൈൽഡ് സ്റ്റീൽ പൈപ്പ് (എം.എസ്. പൈപ്പ്), ഗാൽവനൈസ്ഡ് അയൺ പൈപ്പ് (ജി.ഐ. പൈപ്പ്) കോൺക്രീറ്റ് അഥവാ ഇഷ്ടിക ഉപയോഗിച്ചുള്ള തൂൺ, ജി. ഐ. പൈപ്പോ/എം.എസ്. പെപ്പ് ഉപയോഗിച്ചുള്ള മേൽക്കൂരയുടെ ചട്ടക്കൂട് എന്നിവയാണ് ഹരിതഗൃഹങ്ങളുടെ അടിസ്ഥാനഘടകങ്ങൾ, ചെലവ് കുറഞ്ഞ ഹരിതഗൃഹങ്ങൾ ഉണ്ടാകുന്നതിന് മുള, കവുങ്ങ്, ചൂളമരത്തിന്റെ തടി എന്നിവ ഉപയോഗിക്കാം, ഹരിതഗ്യഹങ്ങളുടെ മേൽക്കൂരയും വശങ്ങളും മറയ്ക്കുന്നതിന് സാധാരണയായി യു.വി. സ്റ്റെബിലൈഡ് പോളി എത്തിലീൻ ഷീറ്റുകൾ ആണ് ഉപയോഗിക്കുന്നത്. ഈ ഷീറ്റുകൾ ഹരിതഗൃഹത്തിനുള്ളിലേക്ക് അൾട്രാവയലറ്റ് രശ്മികളെ കടത്തിവിടില്ല. അൾട്രാ വയലറ്റ് രശ്മികളെ ഇത്തരം ഷീറ്റുകൾ തടയുന്നതുകൊണ്ട് ചെടികൾ കൂടുതൽ ആരോഗ്യത്തോടെ വളരുന്നു. ഹരിതഗൃഹങ്ങളിൽ, യു.വി. രശ്മികളില്ലാത്തതിനാൽ ചിലയിനം പ്രാണികളുടെയും ബാക്ടീരിയകളുടേയും കുമിളുകളുടേയും പ്രവർത്തന ശേഷി വളരെ കുറവായിരിക്കും. അതിനാൽ ഹരിതഗൃഹങ്ങളിൽ വളരുന്ന ചെടികൾക്ക് ഇവയുടെ ആക്രമണവും വളരെ കുറവായിരിക്കും. ഹരിതഗൃഹത്തിനുളളിൽ വളർത്താൻ ചെടികൾ തെരഞ്ഞടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണിയിലെ സാധ്യതയും മുൻനിർത്തിയാണ്. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനങ്ങളിൽനിന്നും താഴെപ്പറയുന്ന ചെടികൾ ഹരിതഗ്യഹത്തിൽ വളർത്താൻ യോജിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പച്ചക്കറികൾ: തക്കാളി, സലാഡ്, കുക്കുമ്പർ, പയറിനങ്ങൾ, വിവിധയിനം മുളകുകൾ, കാപ്സിക്കം, ചെറിത്തക്കാളി, വെണ്ട, ബ്രോക്കോളി, കാബേജ്, കോളിഫ്ളവർ, ഉള്ളി, പച്ചിലവർഗച്ചെടികൾ (ചീര, പാലക്ക്), വഴുതന, ബീൻസ് മുതലായവ

പഴവർഗങ്ങൾ: സ്ട്രോബറി,മുന്തിരി, വാഴ, തണ്ണിമത്തൻ, മസ്ക്മെലൻ

പൂച്ചെടികൾ: റോസ്, ജെർബറ, കാർണേഷൻ, ഓർക്കിഡ്, ആന്തൂറിയം, ക്രിസാന്തിമം, ലില്ലികൾ

മറ്റുള്ളവ: പുകയില, നഴ്സറികൾ

ഹരിതഗൃഹത്തിൽ ചെടികളുടെ ഉയർന്ന ഗുണനിലവാരമുള്ള തൈകൾ ഉണ്ടാക്കി വിപണനം നടത്തുന്നത് വളരെ ആദായകരമായി കണ്ടിട്ടുണ്ട്.

ഹരിതഗൃഹം അഥവാ ഗ്രീൻഹൗസ്

ഹരിതഗൃഹം എന്നു പറയുമ്പോൾ പച്ചനിറമുള്ള നെറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നാണ് പലരുടേയും ധാരണ. എന്നാൽ നാം സാധാരണയായി കാണുന്നത് പച്ചനിറമുള്ള ഷെയ്ഡ്നെറ്റ് കൊണ്ടുണ്ടാക്കിയവ ഷേയ്ഡ്ഹൗസുകളാണ്. സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുക മാത്രമാണ് ഇത്തരം ഷേയ്ഡ് നെറ്റുകൾ ചെയ്യുന്നത്. ഹരിതഗൃഹം അഥവാ ഗ്രീൻഹൗസ്, ഗ്രീൻഹൗസ് ഇഫക്ട് എന്ന പദവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

സൂര്യപ്രകാശത്തിൽ അൾട്രാവയലറ്റ് രശ്മികളും നമുക്ക് കാണാൻ കഴിയുന്ന രശ്മികളും ഇൻഫ്രാറെഡ് രശ്മികളും ആണുള്ളത്. ചെടികൾ നമുക്ക് കാണാൻ കഴിയുന്ന രശ്മികൾ ഉപയോഗിച്ച് പ്രകാശസംശ്ലേഷണം ചെയ്യുന്നു. ഇൻഫ്രാറെഡ് രശ്മികൾ ഇലകളെയും മറ്റും ചൂടാക്കുകയാണ് ചെയ്യുന്നത്. അൾട്രാവയലറ്റ് രശ്മികൾ UV-A, UV-B, UV-C എന്നിങ്ങനെ മൂന്നുതരത്തിലാണുള്ളത്. ഇതിൽ UV-B യും UV-C യും ചെടികൾക്ക് ദോഷകരമാണ്. UV-A, ചെടികളുടെ ഫലങ്ങളുടെ നിറം, സ്വാദ്, മണം എന്നിവയെ സ്വാധീനിക്കുന്നു. അതിനാൽ ചില സ്റ്റെബിലൈസറുകൾ UV-B, UV-C, UV-A ലോങ്ങ് ഇൻഫ്രാറെഡ് രശ്മികൾ എന്നിവ കടത്തിവിടാത്ത വിധത്തിലാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ 381 നാനോമീറ്റർ വരെ തരംഗദൈർഘ്യമുള്ള UV-A രശ്മികളും തടയപ്പെടുന്നു. യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീൻ ഷീറ്റ് ഉപയോഗിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന രശ്മികളും ഷോർട്ട് ഇൻഫ്രാറെഡ് രശ്മികളും 381 മുതൽ 400 നാനോമീറ്റർ തരംഗദൈർഘ്യമുള്ള UV-A രശ്മികളും ഹരിതഗൃഹത്തിനുള്ളിലേക്ക് കടത്തി വിടുന്നുണ്ട്. ഷോർട്ട് ഇൻഫ്രാറെഡ് രശ്മികൾ, ഷീറ്റുകൾ, ചെടികളുടെ ഇലകൾ, മണ്ണ് എന്നിവയിൽ തട്ടി പ്രതിഫലിക്കുമ്പോൾ ലോങ് ഇൻഫ്രാറെഡ് രശ്മികളായി മാറുന്നു. അതിനാൽ രശ്മികൾക്ക് ഹരിതഗൃഹത്തിൽനിന്ന് തിരിച്ചു പോകാൻ കഴിയാതാകുന്നു. ലോങ്ങ് ഇൻഫ്രാറെഡ് രശ്മികളെ ഷീറ്റ് കടത്തിവിടാത്തതിനാൽ ഹരിതഗൃഹത്തിലെ ചൂട് മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ (വെന്റിലേഷൻ സംവിധാനങ്ങൾ ഒന്നും ഇല്ലെങ്കിൽ) കൂടാൻ കാരണമാകുന്നു. ഇത് അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങൾ (green house gases) മൂലമുണ്ടാക്കുന്ന ഗ്രീൻഹൗസ് ഇഫക്ടിന് തുല്യമായ പ്രതിഭാസമായതിനാലാണ് ഹരിതഗൃഹത്തിന് ഗ്രീൻഹൗസ് എന്ന പേര് ലഭിച്ചത്. പാശ്ചാത്യ നാടുകളിൽ തണുത്ത കാലാവസ്ഥയായതിനാൽ ചൂടുകൂടുന്നത് വലിയ ഗുണം ചെയ്യും. എന്നാൽ നമ്മുടെ നാട്ടിൽ ഹരിതഗൃഹങ്ങളിൽ ചൂടു കുറയ്ക്കുകയാണ് വേണ്ടത്.

ഹരിതഗൃഹത്തിലെ കൃഷിയുടെ ഗുണമേന്മകൾ

ഹരിതഗൃഹകൃഷി അനുവർത്തിക്കുന്നതുമൂലം ഒരു യൂണിറ്റ് കൃഷിഭൂമിയിൽ ഒരു യൂണിറ്റ് ജലം കൊണ്ട് ഉണ്ടാക്കാവുന്ന കാർഷിക വിഭവങ്ങളുടെ അളവ് പതിന്മടങ്ങ് വർദ്ധിപ്പിക്കാനാകും.

തുറസായ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ഓരോ വിളകളും കാലോചിതമായേ കൃഷി ചെയ്യാനാകൂ. എന്നാൽ ഹരിതഗൃഹത്തിനുള്ളിലെ ഈർപ്പവും താപനിലയും നിയന്ത്രിക്കാൻ കഴിയുന്നതിനാൽ ഏതുവിളകളും (സ്വയം പരാഗണശേഷിയുള്ള വിളകൾ) ഏതു സമയത്തും ഏതു സ്ഥലത്തും ഹരിതഗൃഹത്തിനുളളിൽ കൃഷി ചെയ്യാൻ സാധിക്കും. അതിനാൽ ചെടികളുടെ ഫലങ്ങൾ അവയുടെ ലഭ്യത വളരെ പരിമിതമായിരിക്കുന്ന സമയത്ത് വിപണിയിൽ എത്തിക്കുവാനും കർഷകന് മുന്തിയ വില നേടുവാനും കഴിയും. ഇതിനായി വിളവിറക്കുന്ന സമയം വേണ്ടവിധം ക്രമീകരിച്ചാൽ മാത്രം മതിയാകും. ഹരിതഗൃഹത്തിലെ ഒരു യൂണിറ്റ് സ്ഥലത്തിന്റെ ഉത്പാദനക്ഷമത തുറസായ സ്ഥലത്തെ അപേക്ഷിച്ച് 300 മുതൽ 1000 ശതമാനം വരെ കൂടുതലായിരിക്കും. ഹരിതഗൃഹത്തിലെ ചെടികൾ ലംബമായി നടാൻ കഴിയുന്നതിനാൽ പുറത്ത് 8000 ചതുരശ്രമീറ്റർ നടാൻ കഴിയുന്നത്രയും ചെടികൾ 1000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഹരിതഗൃഹത്തിൽ നടാൻ കഴിയും. ഇതിനുപുറമെ, ഹരിതഗൃഹങ്ങളിൽ വളരുന്ന ചെടികൾ തുറസായ സ്ഥലത്ത് വളരുന്നവയെ അപേക്ഷിച്ച് വളരെ ഗുണമേന്മയുളള പൂക്കളും ഫലങ്ങളും ഉത്പാദിപ്പിക്കും.

ചെടികളിൽ നിന്നും മണ്ണിൽനിന്നും വെള്ളം നഷ്ടമാവുന്നത് ഹരിതഗൃഹങ്ങളിൽ താരതമ്യേന വളരെ കുറവായതിനാൽ പാരമ്പര്യകൃഷിരീതികളെ അപേക്ഷിച്ച് 30 മുതൽ 70 ശതമാനം വരെ വെള്ളം ലാഭിക്കാനാകും. പാരമ്പര്യ ജലസേചനരീതികൾക്ക് 30 മുതൽ 40 ശതമാനം മാത്രം കാര്യക്ഷമതയുള്ളപ്പോൾ സൂക്ഷ്മ ജലസേചനരീതിയിൽ 75 മുതൽ 95 ശതമാനം വരെ കാര്യക്ഷമമായി ജലം ചെടികൾക്ക് നൽകുന്നു.

സൂക്ഷ്മ കൃഷിയിൽ ഓരോ സ്ഥലത്തേയും മണ്ണിലെ മൂലകങ്ങളുടെ അളവ് കൃത്യമായി കണ്ടു പിടിച്ച് ചെടിക്ക് ആവശ്യമായ അളവിൽ അതിന്റെ വേരുമണ്ഡലത്തിൽത്തന്നെ വെള്ളവും വളവും നൽകുകയാണ് ചെയ്യുന്നത്. വെള്ളത്തോടൊപ്പം വളവും ചെടികൾക്ക് ലഭ്യമായ രൂപത്തിൽ, കൃത്യമായ അളവിൽ, പല തവണകളായി നൽകുന്നതിനാൽ ചെടികളുടെ വളർച്ചയും ഉത്പാദനക്ഷമതയും ഗണ്യമായി വർദ്ധിക്കുന്നു. വളം വേരു മണ്ഡലത്തിന് താഴേക്ക് ഊർന്നിറങ്ങി ഭൂഗർഭജലം മലിനീകരിക്കപ്പെടുന്നത് അവസ്ഥയും ഉണ്ടാകുന്നില്ല. അതിനാൽ വളം 30 മുതൽ 50 ശതമാനം ലാഭിക്കാൻ കഴിയും.

ഹരിതഗൃഹങ്ങളിൽ രോഗകീടബാധകൾ വളരെ കുറവായിരിക്കും. മുഴുവനായി അടച്ചുകെട്ടിയതും പൂർണമായി നിയന്ത്രിത അന്തരീക്ഷവുമുള്ള ഹരിതഗൃഹങ്ങളിൽ രോഗകീടബാധ ദുർലഭമായേ ഉണ്ടാകാറുള്ളൂ. സാധാരണ ജൈവകീടാനാശിനികൾ ഉപയോഗിച്ചാണ് കീടനിയന്ത്രണം നടത്തുന്നത്. ഹരിതഗൃഹങ്ങളിൽ വിത്തുകൾ മുളയ്ക്കുന്നതിനും ഗ്രാഫ്റ്റ് ചെയ്ത കമ്പുകൾ പിടിച്ചു കിട്ടുന്നതിനുമുള്ള സാധ്യത തുറസായ സ്ഥലത്തെ അപേക്ഷിച്ച് 97-99 ശതമാനം വരെ കൂടുതലാണ്.

ടിഷ്യൂകൾച്ചർ ചെയ്ത ചെടികൾ, തുറസായ കൃഷിയിടത്തിൽ നേരിട്ട്വ യ്ക്കുന്നതിനു മുമ്പ് കുറച്ചു ദിവസം ഹരിതഗൃഹങ്ങളിൽ വച്ചാൽ കൂടുതൽ ചെടികൾ കേടുകൂടാതെ സംരക്ഷിച്ചെടുക്കാനാകും. ഹരിതഗ്യഹങ്ങളിൽ ടിഷ്യൂകൾച്ചർ ചെയ്ത ചെടികൾ വയ്ക്കുമ്പോൾ രാത്രിയും പകലും അവയ്ക്കനുയോജ്യമായ ഈർപ്പവും താപനിലയും ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ടിഷ്യൂകള്‍ച്ചര്‍ ചെയ്ത ചെടികള്‍ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഹരിതഗൃഹങ്ങളിൽ വയ്ക്കേണ്ടത്. രോഗകീടബാധ കുറയ്ക്കുന്നതിനായി ഹരിതഗ്യഹത്തിന്റെ നിലം കോൺക്രീറ്റ് ചെയ്ത്, അതിനു മുകളിൽ പ്ലാസ്റ്റിക് കവറുകളിൽ നട്ട ടിഷ്യൂകൾച്ചർ ചെയ്ത ചെടികൾ നിരത്തുന്നതാണ് നല്ലത്. ഹരിതഗൃഹങ്ങളിൽ 30 മുതൽ 45 ദിവസം വരെ ടിഷ്യൂകൾച്ചർ ചെയ്ത ചെടികൾ വച്ചശേഷം തുറസായ സ്ഥലത്ത് നടുകയാണെങ്കിൽ 98 മുതൽ 100 ശതമാനം വരെ ചെടികൾ പിടിച്ചുകിട്ടുന്നതായി കണ്ടിട്ടുണ്ട്.

ഹരിതഗൃഹങ്ങളിൽ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന നൂതന കൃഷിരീതികൾ ഇന്ന് പ്രചാരത്തിലുണ്ട്. രാസലായനി, ചകിരിച്ചോറ്, കമ്പോസ്റ്റ്, നെല്ലിന്റെ ഉമി, വെർമിക്കുലേറ്റ്, പെർലൈറ്റ്, പീറ്റ്മോസ് എന്നീ മാധ്യമങ്ങളിൽ ചെടികൾ നട്ട് ഹരിതഗൃഹങ്ങളിൽ വളർത്തുന്ന രീതിക്ക് വളരെ പ്രചാരം ലഭിച്ചു വരുന്നു. ചകിരിച്ചോറാണ് മണ്ണിതര മാധ്യമമായി കൂടുതലായി ഉപയോഗിച്ചുവരുന്നത്.

ഹരിതഗൃഹകൃഷി രീതിയിൽ ജലസേചനം, ഫെർട്ടിഗേഷൻ, കാലാവസ്ഥാനിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ യന്ത്രവത്ക്കരണം വഴി നിയന്ത്രിക്കാനാകും. ഈ കൃഷിരീതിയിൽ വെള്ളവും വളവും ജലസേചനസംവിധാനത്തിലൂടെ കൊടുക്കുന്നതിനാലും, മേൽമണ്ണ് നനയാത്തതിനാലും, കളകളുടെ വളർച്ച വളരെ കുറവായിരിക്കും എന്നതിനാലും കൂലിച്ചെലവ് ഏകദേശം 66 മുതൽ 77 ശതമാനം വരെ ലാഭിക്കാനാകും. ഹരിതഗൃഹത്തിൽ ചെടികൾക്ക് അനുയോജ്യമായ കാലാവസ്ഥ സംജാതമാക്കാൻ കഴിയുന്നതുകൊണ്ട് ചെടികൾക്ക് വളരാൻ തീരെ അനുയോജ്യമല്ലാത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിൽപോലും കൃഷി സാദ്ധ്യമാക്കാനും നല്ല ഉത്പാദനക്ഷമത കൈവരിക്കാനുമാകും.

കേരളത്തിൽ കൃഷിയ്ക്കായി ഉപയോഗിക്കുന്ന വെള്ളം തുറസായ കിണറിലേയോ കുഴൽകിണറിലേയോ വെള്ളമായതുകൊണ്ട് മാലിന്യം താരതമ്യേന കുറവായിരിക്കും. അതിനാൽ ജലസേചന സംവിധാനം അടഞ്ഞുപോകാനുള്ള സാധ്യത താരതമ്യേന കുറവാണ്. ഓരോ ജില്ലയിലും ആവശ്യത്തിന് ഹരിതഗൃഹങ്ങളുണ്ടെങ്കിൽ അവിടേയ്ക്ക് ആവശ്യമായ പച്ചക്കറികൾ 365 ദിവസവും ഉത്പാദിപ്പിക്കാൻ കഴിയും. ഉയർന്ന ഗുണമേന്മയുള്ള പച്ചക്കറികളും പൂക്കളും ഉത്പാദിപ്പിക്കാൻ കഴിയുന്നതുകൊണ്ട്, അവ അന്യരാജ്യങ്ങളിലേയ്ക്ക് കയറ്റിയയച്ച് കൂടുതൽ വിദേശനാണ്യം നേടാനാകും.  നല്ല ആരോഗ്യമുള്ളതും ഒരേ വലുപ്പമുള്ളതും വൈറസ് രോഗവിമുക്തവുമായ നടീൽ വസ്തുക്കൾ ഹരിതഗൃഹത്തിൽ ഉണ്ടാക്കാനാകും. ഇവ ഉപയോഗിക്കുന്നതുവഴി ഹരിതഗൃഹകർഷകർക്ക് ഒന്ന് മുതൽ ഒന്നര മാസം വരെ ലാഭിക്കാനും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനും സാധിക്കും. ഹൈടെക് നഴ്സറി ഹരിതഗൃഹത്തിൽ വളരെ വിജയകരമായി നടത്തിക്കൊണ്ടുപോകാം. ഉയർന്ന ഗുണമേന്മയുള്ള പുതിയതരം വിത്തുകൾ ഉത്പാദിപ്പിക്കു ന്നതിന് ഹരിതഗൃഹം വളരെ പ്രയോജനപ്രദമാണ്. ഹരിതഗൃഹത്തിൽ ചെടികൾക്ക് അനുയോജ്യമായ കാലാവസ്ഥയും മറ്റ് അവശ്യവിഭവങ്ങളും പ്രദാനം ചെയ്യുന്നതിനാലും ചെടികളെ മറ്റു ചെടികളിൽ നിന്നും വേർതിരിച്ച് സംരക്ഷിക്കുന്നതിനാലും പുതിയ തരം വിത്തുകൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ഉത്പാദിപ്പിക്കാനാകും. ചെടികൾ മുകളിലോട്ട് ലംബമായി വളർത്തുന്നതിനാൽ ഹരിതഗൃഹത്തിലെ മുഴുവൻ വ്യാപ്തവും ഉപയോഗപ്പെടുത്താനാകും. അതുകൊണ്ടാണ് ഹരിതഗൃഹകൃഷിയിൽ 100 ശതമാനത്തിലധികം വിസ്തീർണം ഉപയോഗിക്കാൻ കഴിയും എന്നു പറയുന്നത്. അതിനാൽ രണ്ട്-രണ്ടര ഏക്കർ സ്ഥലത്ത് നടാൻ കഴിയുന്ന അത്രയും ചെടികൾ 1000 ചതുരശ്രമീറ്റർ ഹരിതഗൃഹത്തിൽ നടാനാകും.

വിവിധ ഇനം സംരക്ഷിത സസ്യഗൃഹങ്ങൾ

പല വിധത്തിലുള്ള സസ്യഗൃഹങ്ങളുണ്ട്. ഓരോ സസ്യഗൃഹങ്ങളും ഓരോ ആവശ്യത്തിനു വേണ്ടിയാണ് ഉണ്ടാക്കുന്നത്. ആവശ്യം അറിഞ്ഞ് നിർമ്മിച്ചില്ലെങ്കിൽ ശരിയായ പ്രയോജനം ലഭിക്കില്ല.

സംരക്ഷിതസസ്യഗൃഹങ്ങൾക്ക് (പധാനമായും ഒരു ചട്ടക്കൂടും (structure) അതിനുമുകളിൽ മേയാനായി ഉപയോഗിക്കുന്ന ആവരണവും (covering/glazing material) സസ്യഗൃഹാന്തരീക്ഷത്തെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സംവിധാനവും (ഇത് എല്ലാ സസ്യഗൃഹങ്ങളിലുമുണ്ടാകില്ല) ആണുള്ളത്. അടുത്തകാലം വരെ സംരക്ഷിത സസ്യഗ്യഹങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടി സാധനസാമഗ്രികൾ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ ഇന്ന്, ഹരിതഗ്യഹനിർമാണസാമഗ്രികൾ മുതൽ ഹരിതഗൃഹത്തിലെ അന്തരീക്ഷം, ജലസേചനം, ഫെർട്ടിഗേഷൻ എന്നിവയെ സ്വയമേവ നിയന്ത്രിക്കാൻ കഴിയുന്ന യന്ത്രസാമഗ്രികൾവരെ ഇന്ത്യയിൽ ലഭ്യമാണ്. ഓരോ സ്ഥലത്തെയും കാലാവസ്ഥയ്ക്കും അതിൽ വളർത്താൻ ഉപയോഗിക്കുന്ന ചെടികൾക്കും അനുസരിച്ച് വിവിധ ആകൃതിയിലുള്ള സസ്യഗൃഹങ്ങൾ നിർമ്മിച്ചു വരുന്നു. ആകൃതിക്ക് അനുസരിച്ച് അതിനുള്ളിലെ കാലാവസ്ഥയും മാറും. വിവിധ ആകൃതിയിലുള്ള ഹരിതഗൃഹങ്ങൾ നമുക്ക് പരിചയപ്പെടാം.

    മിസ്റ്റ് ചേംബർ (Mist Chamber)

ഗ്രാഫ്റ്റ് ചെയ്ത കമ്പുകൾ പെട്ടെന്ന് വേരുപിടിച്ച് കിട്ടുന്നതിനാണ് പ്രധാനമായും മിസ്റ്റ് ചേംബറുകൾ ഉപയോഗിക്കുന്നത്. അതിനാൽ മിസ്റ്റ് ചേംബറിൽ 80 ശതമാനത്തിൽ കൂടുതൽ ഈർപ്പം നിലനിർത്തേണ്ടി വരും. ഇതിനായി ചേംബറിൽ ആവശ്യത്തിന് മിസ്റ്ററുകൾ (misters) അഥവാ ഫോഗറുകൾ പ്രവർത്തിപ്പിക്കണം. മിസ്റ്റ് ചേംബറിലെ താപനിലയും ഈർപ്പവും നിയന്ത്രിക്കുന്നതിനായി ഫാനും പാഡും സംവിധാനം അല്ലെങ്കിൽ മിസ്റ്റുകളും എക്സ്ഹോസ്റ്റ് ഫാനും സംവിധാനം ആണ് സ്ഥാപിക്കേണ്ടത്.

താരതമ്യേന ഉയരവും (മൂന്നുമീറ്ററോ അതിൽ കുറവോ) വലിപ്പവും കുറഞ്ഞ സസ്യഗൃഹമാണ് മിസ്റ്റ് ചേംബർ, കമാനരൂപത്തിലോ കോൺസൈറ്റ് രൂപത്തിലോ ഉള്ള ചട്ടക്കൂടിനെ യു.വി. സ്റ്റെബിലൈസ്ഡ് ഷീറ്റ് ഉപയോഗിച്ച് മുഴുവനായും ആവരണം ചെയ്താണ് മിസ്റ്റ് ചേംബർ ഉണ്ടാക്കുന്നത്.

അധികം വെയിലില്ലാത്ത സ്ഥലത്തോ മരങ്ങൾക്കിടയിലോ സ്ഥാപിച്ചിട്ടുള്ള മിസ്റ്റ് ചേംബറുകൾക്ക് ഇത്തരം ചട്ടക്കൂട് മതിയാകും. എന്നാൽ നല്ല വെയിലുള്ള സ്ഥലങ്ങളിൽ ചട്ടക്കൂടിന്റെ മേൽക്കൂര യു.വി സ്റ്റെബിലൈസ്ഡ് പോളിഎത്തിലീൻ ഷീറ്റും വശങ്ങൾ ഷെയ്ഡ് നെറ്റും കൊണ്ട് ആവരണം ചെയ്യണം. മേൽക്കൂര മേഞ്ഞ യു.വി.സ്റ്റെബിലൈസ്ഡ് പോളി എത്തിലീൻ ഷീറ്റിനു താഴെ 50 ശതമാനത്തിന്റെ ഷെയ്ഡ് നെറ്റ് തറയ്ക്ക് സമാന്തരമായി വിരിച്ചിരിക്കണം. ചട്ടക്കൂടിനുള്ളിൽ ടണലുകൾ നിർമ്മിച്ച് അതിൽ വേണം ഗ്രാഫ്റ്റുകൾ വയ്ക്കാൻ.

ടണൽ നിർമ്മിക്കാൻ ലാറ്ററൽ പൈപ്പോ ഏകദേശം 1 മീറ്റർ ഉയരവും വിസ്താരവുമുള്ള മരത്തിന്റെ ചുള്ളിയോ ഒന്നര മീറ്റർ ഇടവിട്ട് ആർച്ച് പോലെ വളച്ചുവച്ച് അതിനുമുകളിൽ യു.വി. ഷീറ്റോ അഗ്രിനെറ്റോ കൊണ്ട് ആവരണം ചെയ്താൽ മതിയാകും. ഇവ ഷെയ്ഡ് ഹൗസിന്റെ വശങ്ങൾക്ക് സമാന്തരമായി നീളത്തിൽ നിർമ്മിക്കുന്നതാണ് നല്ലത്. രണ്ട് ടണലുകള്‍ക്കിടയ്ക്ക് നടക്കാനായി 50 മഴമറപ്പുരകളിൽ കൃഷി ചെയ്താൽ സാമാന്യം നല്ല വിളവു കിട്ടും. മഴമറപ്പുരകളുടെ മുകൾഭാഗം മാത്രമെ യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീൻ ഷീറ്റുകൊണ്ട് ആവരണം ചെയ്യുന്നുള്ളൂ. വശങ്ങൾ തുറന്നിരിക്കും. അതിനാൽ മഴമറപ്പുരകളിലെ താപനിലയും ഈർപ്പവും പുറത്തുള്ള അന്തരീക്ഷത്തിൽനിന്ന് വലിയ വ്യത്യാസം കാണില്ല. ഇത്തരം ചട്ടക്കൂടുകൾ, ചെടികളെ മഴ, ശക്തിയായ കാറ്റ്, യു.വി. രശ്മികൾ, തീക്ഷ്ണമായ സൂര്യ രശ്മികൾ എന്നിവയിൽനിന്നും രക്ഷിക്കുന്നു. കൂടാതെ പക്ഷികൾ, കീടങ്ങൾ എന്നിവയിൽനിന്നും ഒരു പരിധിവരെ സംരക്ഷണം നൽകുന്നു. ഇത്തരം ചട്ടക്കൂടുകൾ ചെറിയ തോതിൽ പച്ചക്കറി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറി ഉത്പാദനം ഇത്തരം ചട്ടക്കൂടുകളിൽ ബുദ്ധിമുട്ടായിരിക്കും.

    തണൽ വീട് (Shade house)

ആന്തൂറിയം, ഓർക്കിഡ് തുടങ്ങിയ ചെടികൾക്ക് താരതമ്യേന കുറച്ചു ചൂടും പ്രകാശവും മതി. ആവശ്യത്തിനു വലിപ്പത്തിൽ പണിത ചട്ടക്കൂടിനു മുകളിലും വശങ്ങളിലും തണൽവല അല്ലെങ്കിൽ ഷെയ്ഡ്നെറ്റ് ഉപയോഗിച്ച് ആവരണം ചെയ്താണ് തണൽവീട് നിർമ്മിക്കുന്നത്. കേരളത്തിൽ തണൽവീട് നിർമ്മിക്കുമ്പോൾ മേൽക്കൂര യു.വി. ഷീറ്റ് ഉപയോഗിച്ച് ആവരണം ചെയ്യണം. ഇല്ലെങ്കിൽ മഴക്കാലത്ത് ചെടികൾ നശിച്ചു പോകും. എച്ച്.ഡി. പി. ഇ. (high density poly ethelene) കൊണ്ടാണ് തണൽ വല നിർമ്മിക്കുന്നത്. ഇതിന് ഭാരം വളരെ കുറവും നല്ല ഉറപ്പും ഉണ്ടായിരിക്കും.

യു.വി. സ്റ്റെബിലൈസ്ഡ്സും (യു.വി. രശ്മി തട്ടിയാല്‍ എളുപ്പം കേടുവരാത്തത്) അല്ലാത്തതുമായ തണല്‍വലകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത് സൂര്യപ്രകാശത്തിന്‍റെ ഉയര്‍ന്ന തീവ്രത, ചൂട്, തണുപ്പ്, കാറ്റ്, മഞ്ഞ്, കീടാനുക്കള്‍, പക്ഷികള്‍ എന്നിവയില്‍ നിന്നും ചെടികളെ സംരക്ഷിക്കുന്നു. ഇവ പല നിറങ്ങളില്‍ ലഭ്യമാണ്. 25 ശതമാനം മുതല്‍ 90 ശതമാനം വരെ തണല്‍ തരുന്ന വലകൾ വിപണിയിൽ ലഭ്യമാണ്. സൂര്യപ്രകാശത്തെ ചിന്നിച്ചിതറിപ്പിക്കുന്നതും പ്രകാശത്തിന്റെ ഗുണത്തെ നിയന്ത്രിക്കാൻ കഴിയുന്നതുമായ വലകളും ഇന്ന് ലഭ്യമാണ്. പ്രകാശത്തിന്റെ വർണ്ണരാജിയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ ചെടികളുടെ വളർച്ച, ചെടികൾക്ക്പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും വേണ്ട സമയം, കായകൾ പൂർണ്ണ വളർച്ച പ്രാപിക്കുന്നതിനു വേണ്ട സമയം, പൂക്കളുടെയും കായ്കളുടേയും ഗുണമേന്മ എന്നിവ നിയന്ത്രിക്കാനാകും. സൂര്യരശ്മിയെ പ്രതിഫലിപ്പിച്ച് താപനില നിയന്ത്രിക്കാൻ കഴിയുന്ന അലുമി വലകളും ഇന്ന് നിലവിലുണ്ട്. ഇവ അൾട്രാവയലറ്റ് രശ്മികളെ കടത്തിവിടുന്നില്ല. ഇവയുടെ ഇരു വശങ്ങൾക്കും ഇൻഫ്രാറെഡ് രശ്മികളെ പ്രതിഫലിപ്പിക്കാനുളള കഴിവുണ്ട്. ഇത്തരം വലകൾ പകൽസമയത്ത് ഇൻഫ്രാറെഡ് രശ്മികളെ ഹരിതഗൃഹത്തിനു പുറത്തേയ്ക്ക് പ്രതിഫലിപ്പിച്ച് കളയുന്നതിനാൽ ചൂട് കുറയ്ക്കുകയും രാത്രിസമയത്ത് ഇൻഫ്രാറെഡ് രശ്മികളെ ഹരിത ഗൃഹത്തിൽനിന്നും പുറത്തുപോകാതെ അതിനുള്ളിലേക്കുതന്നെ പ്രതി ഫലിപ്പിച്ച് ഹരിതഗൃഹത്തിലെ താപനില ഉയർത്തുകയും ചെയ്യുന്നു.

അതിനാൽ മഞ്ഞുള്ള സ്ഥലങ്ങളിൽ, രാത്രിയിൽ, കൊടുംതണുപ്പിൽ ചെടികൾ കേടുവരുന്നതിൽ നിന്നും തടയാനാകും. അതുപോലെ ജലകണങ്ങൾ ഇലകളിൽ ഘനീഭവിക്കുന്നത് ഇല്ലാതാക്കാനും കഴിയും. ഇത് ചെടികളെ രോഗകീടബാധയിൽനിന്നും രക്ഷിക്കാനിടയാക്കുന്നു. ഓരോ സ്ഥലത്തെയും കാലാവസ്ഥയ്ക്കും ചെടികൾക്കും അനുയോജ്യമായ തണൽ തരുന്ന തണൽവലകൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

    റോ കവറുകൾ (Row covers)

ചെടികളെ കുറച്ചുകാലം കടുത്ത തണുപ്പ്, മഞ്ഞ് എന്നിവയിൽനിന്നും രക്ഷിക്കാനായി റോ കവറുകൾ ഉപയോഗിക്കാം. സ്റ്റീൽ ട്യൂബുകളോ, മുളകളോ, പി.വി.സി. പൈപ്പുകളോ വളച്ചാണ് ഒരു മീറ്റർ വരെ ഉയരമുള്ള ടണലുകളുടെ ചട്ടക്കൂടുകൾ ഉണ്ടാക്കുന്നത്. അതിനുശേഷം മുകൾഭാഗം പോളി എത്തിലീൻ ഷീറ്റ് കൊണ്ട് മുഴുവനായും ആവരണം ചെയ്യുന്നു. ട്രാക്ടർ ഉപയോഗിച്ച് എളുപ്പത്തിൽ ഇത്തരം ചട്ടക്കൂടുകൾ നിർമ്മിക്കാൻ കഴിയും. ചെടികളുടെ വളർച്ചയ്ക്ക് യോജിച്ച കാലാവസ്ഥ സംജാതമാകുമ്പോൾ അവ എടുത്തുമാറ്റുകയാണ് ചെയ്യുന്നത്. കേരളത്തിൽ ഇത്തരം ഹരിതഗൃഹത്തിന് പ്രാധാന്യമില്ല. മഞ്ഞുകാലത്ത്, നല്ല തണുപ്പുള്ള രാജ്യങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഇവ ഉപയോഗിച്ചുവരുന്നു.

    വാക് ഇൻ ടണൽ (Walk in tunnel)

നല്ല തണുപ്പുള്ള സ്ഥലങ്ങളിൽ പച്ചക്കറിയുടെ ചെടികളോ പൂച്ചെടികളോ വളർത്താൻ ഇത്തരം ചട്ടക്കൂടുകൾ ഉപയോഗപ്പെടുത്താം. വളരെ എളുപ്പത്തിലും പരിമിതമായ ചെലവിലും ഇവ നിർമ്മിക്കാൻ കഴിയും.

    ഹരിതഗൃഹങ്ങൾ (Greenhouse)

ഇത്തരം സസ്യഗൃഹങ്ങളുടെ മേൽക്കൂരയും വശങ്ങളും യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലിൻ ഷീറ്റുകൾ / ഗ്ലാസുകൾ / പോളി കാർബണേറ്റ് / എക്രിലിക് ഷീറ്റുകൾ എന്നിവയിലേതെങ്കിലും കൊണ്ട് ആവരണം ചെയ്തിരിക്കും. ഇവയ്ക്കുള്ളിലെ താപനില, ഈർപ്പം, പ്രകാശത്തിന്റെ ദൈർഘ്യവും തീവ്രതയും, വായുവിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് എന്നിവ വിവിധ മാർഗങ്ങളിലൂടെ, അവയ്ക്കുള്ളിൽ വളർത്തുന്ന ചെടികൾക്ക് അനുയോജ്യമായ അളവിൽ, ക്രമീകരിക്കാം. ഈ ഘടകങ്ങൾ പൂർണ്ണമായോ ഭാഗികമായോ ക്രമീകരിക്കാൻ കഴിഞ്ഞാൽ സ്ഥലകാലഭേദമന്യേ ഏത് വിളകളും ഇവയ്ക്കുള്ളിൽ കൃഷി ചെയ്യാം. പല ആകൃതിയിലുള്ള ഹരിതഗൃഹ ചട്ടക്കൂടുകൾ ഇന്ന് പ്രചാരത്തിലുണ്ട്.

അവയിൽ പ്രധാനമായത് താഴെ പറയുന്നവയാണ്. ഓരോ സ്ഥലത്തെയും കാലാവസ്ഥയ്ക്കനുസൃതമായി, അതിനുള്ളിൽ വളർത്താനുദ്ദേശിക്കുന്ന ചെടികൾക്കനുയോജ്യമായ കാലാവസ്ഥ സംജാതമാക്കാൻ കഴിയുന്ന ആകൃതിയിലുള്ള ഹരിതഗൃഹമാണ് തെരഞ്ഞെടുക്കേണ്ടത്.

  • ചായ്ച്ചിറക്കിയ ഹരിതഗൃഹം (Lean-to type)

ഇത്തരം ഹരിതഗൃഹം ഏതെങ്കിലും കെട്ടിടത്തിന്റെ വശത്തേക്ക് ചായ്ച്ചിറക്കിയാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പരമാവധി സമയം സൂര്യരശ്മികൾ കിട്ടുന്നതും (6 മണിക്കൂറെങ്കിലും സൂര്യ പ്രകാശം ലഭിച്ചിരിക്കണം) നിഴൽ വീഴാത്തതുമായ വശം നോക്കി ഹരിതഗൃഹം പണിയുവാൻ ശ്രദ്ധിക്കണം. നിർമ്മാണച്ചെലവ് താരതമ്യേന കുറവായിരിക്കും.

  • ത്രികോണ മുഖത്തോടു കൂടിയത് (Gable type)

ഇവയുടെ മേൽക്കൂര കുത്തനെ ചരിഞ്ഞതും വശങ്ങൾ ലംബവുമാണ്. ഇത്തരം ഹരിതഗൃഹങ്ങളാണ് കേരളം പോലെ മഴയും ചൂടും കൂടുതലുള്ള ഉഷ്ണമേഖലാപ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യം. മഴവെള്ളം, മഞ്ഞ് എന്നിവയെ എളുപ്പത്തിൽ ഒഴുക്കി വിടാൻ ഇത്തരം മേൽക്കൂരകൾ സഹായിക്കുന്നു. ഹരിതഗൃഹത്തിലെ ചൂട് കുറയ്ക്കുന്നതിന് മേൽക്കൂരയുടെ ചെരിവ് 30 ഡിഗ്രിയിൽ കൂടുതലായിരിക്കുന്നതാണ് നല്ലത്. ഇത്തരം ഒറ്റ ഹരിതഗൃഹത്തിന് (single span gable greenhouse) തറ വിസ്തീർണ്ണത്തിനനുസരിച്ച് കാര്യക്ഷമമായ വലുപ്പം 7 മുതൽ 9 മീറ്റർ വരെ വീതിയും, മദ്ധ്യ ഭാഗത്ത് 5 മുതൽ 7.5 മീറ്റർ വരെയും വശങ്ങളിൽ 3 മുതൽ 4 മീറ്റർ വരെ ഉയരവും ഉണ്ടായിരിക്കണം.

  • കോൺസൈറ്റ് (Quonset)

ഇവയുടെ വശങ്ങൾ ലംബവും മേൽക്കൂര കമാനരൂപ (arch shape)ത്തിലുമാണ്. സ്റ്റീലിന്റേയോ അലൂമിനിയത്തിന്റേയോ മരത്തിന്റേയോ പട്ടികകൾ വളച്ച് കമാനരൂപത്തിൽ കെട്ടി എളുപ്പത്തിൽ മേൽക്കൂര നിർമ്മിക്കാം. ത്രികോണ മുഖത്തോടുകൂടിയ ഹരിതഗൃഹത്തെ അപേക്ഷിച്ച് കോൺസൈറ്റ് ആകൃതിയിലുള്ള ഹരിതഗൃഹത്തിൽ നിർമ്മാണത്തിനുപയോഗിക്കുന്ന സാധനസമഗ്രികൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനാകും. നിർമ്മാണച്ചെലവും താരതമ്യേന കുറവാണ്. ഇത്തരം ആകൃതിയിലുള്ള ഹരിതഗൃഹത്തിനുള്ളിലേക്ക് കൂടുതൽ സൂര്യരശ്മി കടത്തിവിടുന്നതിനാൽ ഒരേ വലുപ്പമുള്ള ത്രികോണ മുഖത്തോടു കൂടിയ ഹരിതഗൃഹത്തെ അപേക്ഷിച്ച് കോൺസൈറ്റ് ഹരിതഗൃഹത്തിൽ താപനില കൂടുതലായിരിക്കും.

  • അറക്കവാൾ വായ്ത്തല പോലെ ആകൃതിയുള്ളവ (Saw tooth type)

രണ്ടോ അതിലധികമോ ഹരിതഗൃഹങ്ങൾ അറക്കവാളിന്റെ വായയുടെ ആകൃതിയിൽ ഒരുമിച്ചു നിർത്തി ക്രമീകരിച്ചിരിക്കുന്നു. ഇത്തരം ഹരിതഗൃഹങ്ങളുടെ നിർമ്മാണച്ചെലവും അദ്ധ്വാനഭാരവും ഓരോ ഹരിതഗൃഹവും ഒറ്റക്കൊറ്റയ്ക്ക് നിർമ്മിക്കുന്നതിലും കുറവായിരിക്കും. ഇതിന്റെ ഓരോ സ്പാനിന്റെയും (span) വീതി, ഏഴു മുതൽ 10 മീറ്റർ വരെ ആവുന്നതാണ് നല്ലത്. 10 മീറ്ററായാൽ നിർമ്മാണച്ചെലവു കുറവായിരിക്കും. എന്നാൽ വീതി കൂടുമ്പോൾ ചൂട് കൂടാൻ ഇടയുണ്ട്. അതിനാൽ ഓരോ സ്പാനിന്റെയും വീതി എട്ട് മീറ്റർ ആക്കുന്നതാണ് നല്ലത്. വലിയ ഹരിതഗൃഹങ്ങൾ അറക്കവാൾത്തലയുടെ ആകൃതിയിൽ നിർമ്മിക്കുന്നതാണ് നല്ലത്.

എയ്റോഡൈനാമിക് അഥവാ മൻസാഡ് ടൈപ്പ് (Mansard type)

ഇത്തരം ഹരിത ഗൃഹത്തിന്റെ മേൽക്കൂര കമാനം പോലെ വളഞ്ഞതും വശങ്ങൾ ചെരിഞ്ഞതുമാണ്. ഈ ആകൃതി, മറ്റേതൊരു ആകൃതിയേയും അപേക്ഷിച്ച് കൂടുതൽ സൂര്യരശ്മി ഹരിതഗൃഹത്തിനുള്ളിലേക്ക് കടത്തിവിടുന്നു. തണുപ്പുരാജ്യങ്ങളിൽ മഞ്ഞുകാലത്ത് ഏറ്റവും കാര്യക്ഷമമായി സൂര്യരശ്മി ഉപയോഗിക്കാനാണ് ഇത്തരം ഹരിതഗൃഹങ്ങൾക്ക് രൂപം നൽകിയത്. വിജനമായ സ്ഥലങ്ങളിൽ ഹരിതഗൃഹത്തെ കാറ്റു പിടിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ ഈ രൂപകല്പനയാണ് നല്ലത്. എന്നാൽ ഇത്തരം ഹരിതഗൃഹങ്ങളുടെ വശങ്ങളും ചരിഞ്ഞിരിക്കുന്നതുകൊണ്ട് അവിടെ ചൂട് വളരെ കൂടുതലായിരിക്കും.

ഉഷ്ണമേഖലാപ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഇത്തരം ഹരിതഗൃഹങ്ങൾ ഒട്ടും യോജിച്ചതല്ല. അതിനു പുറമെ, ചരിഞ്ഞ വശങ്ങളിൽ രണ്ടു മീറ്ററോളം വീതിയിൽ കൃഷി ചെയ്യാനാകാത്തവിധം ചൂടുള്ളതിനാൽ കർഷകർക്ക് ഇത്തരം ഹരിതഗൃഹങ്ങൾ നിർമ്മിക്കുന്നത് നഷ്ടമാണ്. മഴക്കാലത്ത് വശങ്ങളിലുള്ള പോളി എത്തിലീൻ ഷീറ്റ് നിവർത്തിയിട്ടില്ലെങ്കിൽ ഹരിതഗൃഹത്തിൽ മഴവെളളം ഇറ്റാൻ കാരണമാകും. ഹരിതഗൃഹത്തിൽ ഈർപ്പം കൂടുതലായിരിക്കുകയും ചെയ്യും. മഴയില്ലാത്ത സമയത്ത് ഷട്ടർ പൊക്കി വച്ചില്ലെങ്കിൽ ഹരിതഗൃഹത്തിലെ ചൂട് ക്രമാതീതമായി ഉയരുകയും ചെയ്യും. വശങ്ങളിലെ ഷീറ്റ് പൊക്കിവെച്ചാലും വശങ്ങൾ ലംബമായ ഹരിതഗൃഹത്തെ അപേക്ഷിച്ച് ഈ ഭാഗത്ത് ചൂട് വളരെ കൂടുതലായിരിക്കും. ഹരിതഗൃഹം എം.എസ്. പൈപ്പ് ഉപയോഗിച്ച് നിർമ്മിച്ചാൽ ജി.പി.ജി.ഐ. പൈപ്പ് കൊണ്ടു നിർമ്മിക്കുന്നതിനേക്കാൾ ചെലവ് കുറയും. എന്നാൽ എം. എസ് പൈപ്പുകൾ തുരുമ്പിക്കുന്നതിനാൽ വെള്ളനിറത്തിലുള്ള പെയിന്റോ, അലുമിനിയം പെയിന്റോ അടിച്ചിരിക്കണം. രണ്ട് വർഷത്തിലൊരിക്കൽ നിശ്ചയമായും പെയിന്റ് ചെയ്തിരിക്കണം. ഈ ചട്ടക്കൂടിന് പത്ത് വർഷമാണ് ജീവിതദൈർഘ്യം കണക്കാക്കിയിരിക്കുന്നത്. ജി.പി. പൈപ്പാണെങ്കിൽ 4 വർഷം കൂടുമ്പോൾ പെയിന്റ് അടിക്കണം. അതേസമയം ജി.ഐ. പൈപ്പ് 20 വർഷത്തേക്ക് പെയിന്റ് അടിക്കേണ്ടി വരില്ല. ചട്ടക്കൂട് ഉണ്ടാക്കാനുപയോഗിക്കുന്ന പൈപ്പ് പെയിന്റടിച്ചാൽ അത് ചട്ടക്കൂട് ആവരണം ചെയ്യാൻ ഉപയോഗിക്കുന്ന മൾട്ടിലെയർ യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീൻ ഷീറ്റിന്റെ ഗുണനിലവാരം കുറയ്ക്കും. അതിനാൽ ഹരിതഗൃഹം നിർമ്മിക്കുന്നതിന് ജി.ഐ. പൈപ്പ് ഉപയോഗിക്കുന്നതാണ് ഉചിതം. ഇടയ്ക്ക് പെയിന്റ് അടിച്ചുകൊടുക്കേണ്ടതും ഗുണമേന്മയും നോക്കിയാൽ ജി.ഐ. പൈപ്പ് തന്നെയാണ് ഏറ്റവും ലാഭകരമാകുക. ഓരോ സ്ഥലത്തെയും കാലാവസ്ഥയ്ക്കനുസരിച്ചും വളർത്തേണ്ട ചെടിക്കൾക്കനുസൃതമായും നമ്മുടെ കൈവശമുള്ള പണത്തിനുസരിച്ചും വേണം ചട്ടക്കൂട് തെരഞ്ഞെടുക്കാൻ. വളരെ ലളിതമായ സ്വാഭാവിക വെന്റിലേഷൻ സംവിധാനം മുതൽ പൂർണമായി അതിയന്ത്രവൽക്കരണം   ചെയ്ത ഹരിതഗൃഹങ്ങൾ വരെയുണ്ട്. സംരക്ഷിത ഗൃഹങ്ങളുടെ രൂപകല്‍പന കര്‍ഷകന്‍റെ ആവശ്യത്തിനനുസരിച്ച് വേണം തീരുമാനിക്കാന്‍. ഉത്പന്നങ്ങളുടെ വിപണനസാധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്.

സ്ഥലം തെരഞ്ഞെടുക്കല്‍

നീർവാർച്ചയുള്ള സ്ഥലം തെരഞ്ഞടുക്കണം. ഹരിതഗൃഹത്തിന്റെ അടിഭാഗം പുറത്തുള്ള ഭൂമിയിൽനിന്നും 20 മുതൽ 30 സെ.മീ. ഉയർന്നിരിക്കത്തക്കവണ്ണം മണ്ണിട്ടുയർത്തണം. ഹരിതഗൃഹം പണിയുന്ന സ്ഥലത്ത് നിഴൽ ഉണ്ടാകാൻ പാടില്ല. ഏതെങ്കിലും മരങ്ങളോ കെട്ടിടമോ അടുത്തുണ്ടെങ്കിൽ അതിന്റെ ഉയരത്തിന്റെ രണ്ട്-രണ്ടര ഇരട്ടി അകലം വിട്ടിട്ട് ഹരിതഗൃഹം നിർമ്മിക്കാൻ ശ്രദ്ധിക്കണം. എന്നാൽ വിജനമായ സ്ഥലത്ത് നിർമ്മിച്ചാൽ, ശക്തിയായ കാറ്റ് ഹരിതഗൃഹത്തിന് കേടുപാടുണ്ടാക്കാനിടയുണ്ട്. അതിനാൽ ഹരിതഗൃഹത്തിന്‍റെ 30 മീറ്റര്‍ അകലത്തിലെങ്കിലും കാറ്റിന്‍റെ ശക്തി കുറയ്ക്കാനുതകുന്ന മരങ്ങളോ കെട്ടിടങ്ങളോ ഉണ്ടായിരിക്കണം.

  • ഹരിതഗൃഹം നിര്‍മ്മിക്കുന്ന സ്ഥലത്തെ മണ്ണിന്‍റെ pH 5.5 നും 6.5നും ഇടയ്ക്കും EC ഒന്നില്‍ താഴെയും ആയിരിക്കണം. വെള്ളത്തിന്റെ പി.എച്ച് 5.4 നും 6.8 നും ഇടയ്ക്കും ഇ.സി 0.5 മില്ലി സീമൻ/സെ.മീറ്ററിൽ താഴെയും ആയിരിക്കണം. ഹരിതഗൃഹത്തിലേക്കും അവിടെനിന്ന് വിപണിയിലേക്കും സാധനങ്ങൾ എത്തിക്കുന്നതിനുള്ള ഗതാഗതസൗകര്യം ഉണ്ടായിരിക്കണം. പമ്പ് സെറ്റ്, പവർ സ്പ്രേയർ എന്നിവ പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതി അല്ലെങ്കിൽ സൗരോർജ്ജം ഉണ്ടായിരിക്കണം. ഹരിതഗൃഹത്തിലെ കാര്യങ്ങൾ ചെയ്യുന്നതിന് ആവശ്യമായ പണിക്കാരും കൃഷി ഇറക്കുന്നതിനാവശ്യമായ പൈസയും കരുതണം. പിന്നീട് വികസനത്തിനു കഴിയുംവിധം കൂടുതൽ സ്ഥലസൗകര്യം ഉണ്ടായിരിക്കണം. അന്തരീക്ഷ മലിനീകരണമുള്ള സ്ഥലമാണെങ്കിൽ ഷീറ്റ് പെട്ടെന്നു കേടുവരാനുളള സാധ്യതയുണ്ട്. അതിനാൽ അന്തരീക്ഷമലീനികരണം ഇല്ലാത്ത സ്ഥലമായിരിക്കണം ഹരിതഗൃഹം നിർമ്മിക്കാൻ തെരഞ്ഞെടുക്കേണ്ടത്. വളരെ അധികം കൃഷി നടന്നുകൊണ്ടിരിക്കുന്ന ഒരു കൃഷിയിടത്തിന്റെ നടുവിൽ ഹരിതഗൃഹം നിർമിക്കാതെ, ഒരു വശത്തേക്ക് മാറ്റി സ്ഥാപിക്കാൻ ശ്രദ്ധിക്കണം. കീടരോഗബാധ കുറയ്ക്കാൻ ഇത് ഉപകരിക്കും.

ക്രമീകരണം (Orientation)

കേരളത്തിൽ ഹരിതഗൃഹം തെക്കുവടക്കു ദിശയിൽ പണിയുന്നതാണ്നല്ലത്. തെക്കു വടക്കു ദിശയിൽ പണിയുന്ന ഹരിതഗൃഹത്തിൽ ചൂട് താരതമ്യേന കുറവായിരിക്കുമെന്നു മാത്രമല്ല, ഹരിതഗ്യഹത്തിന് അടുത്തു നിൽക്കുന്ന മരത്തിന്റേയോ കെട്ടിടത്തിന്റേയോ നിഴൽ ഒരു സ്ഥലത്തു മാത്രമായി നിൽക്കാതെ നീങ്ങിക്കൊണ്ടിരിക്കുമെന്നതിനാൽ ഒരു പ്രത്യേക സ്ഥലത്തെ ഉത്പാദനക്ഷമത കുറയ്ക്കുന്നില്ല. അതിനാൽ കേരളത്തിൽ ഹരിതഗൃഹങ്ങൾ തെക്കു വടക്കു ദിശയിൽ നിർമ്മിക്കുന്നതാണ് ഉത്തമം. എന്നാൽ പലസ്ഥലങ്ങളിലും തെക്കു-വടക്കു ദിശയിൽ പണിയുന്നത് സൗകര്യക്കുറവാണെങ്കിൽ സൗകര്യമനുസരിച്ച് ഹരിത ഗൃഹത്തിൽ നിഴൽ വരാത്ത വിധം പണിയാൻ ശ്രദ്ധിക്കണം.

വലിപ്പം

നമ്മുടെ ആവശ്യത്തിനനുസരിച്ചാണ് ഹരിതഗൃഹത്തിന്റെ വലിപ്പം നിശ്ചയിക്കേണ്ടത്. വ്യാവസായികാവശ്യത്തിനു വേണ്ടി നിർമ്മിക്കുന്ന ഹരിതഗൃഹത്തിന് ചുരുങ്ങിയത് 1000 ച. മീറ്ററെങ്കിലും വലുപ്പം ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് അതുകൊണ്ടു ജീവിച്ചു പോകാനാകൂ. എപ്പോഴും നമ്മുടെ ചട്ടക്കൂടിന്റെ വലുപ്പം നിശ്ചയിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങളും ഉറപ്പുവരുത്തണം. എല്ലാ കാര്യങ്ങളും സന്തുലിതാവസ്ഥയിൽ പോയാൽ മാത്രമേ ഏതു സംരംഭവും വിജയിക്കൂ എന്ന കാര്യം പ്രത്യേകം ഓർമിക്കണം.

വെള്ളത്തിന്റെയും ജോലിക്കാരുടെയും വൈദ്യുതിയുടെയും ലഭ്യത, പണത്തിന്റെ ലഭ്യത, നടാനുദ്ദേശിക്കുന്ന ചെടികൾ, വിപണന സൗകര്യം, ഏതുതരം വിപണിയാണ് ലക്ഷ്യമാക്കുന്നത് എന്നീ കാര്യങ്ങൾ മനസിരുത്തിവേണം എത്ര വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹം നിര്‍മ്മിക്കണമെന്ന് നിശ്ചയിക്കാന്‍.

ഉയരം

ഹരിതഗൃഹത്തിലെ താപനില, അതിന്റെ വിസ്തീർണം കൂടുന്നതിനനുസരിച്ച് കൂടുന്നതായാണ് കണ്ടിട്ടുള്ളത് (പ്രത്യേകിച്ചും ഹരിതഗൃഹത്തിന്റെ വീതി കൂടുന്നതിനനുസരിച്ച്). അതേസമയം ഹരിതഗൃഹത്തിന്റെ ഉയരം കൂട്ടിയാൽ താപനില താഴുന്നതാണ്. അതിനാൽ തറ വിസ്തീർണ്ണം കൂടുന്നതിനനുസരിച്ച് ഹരിതഗൃഹത്തിന്റെ ഉയരം കൂട്ടിയാൽ ചെടികൾക്കനുകൂലമായ താപനില നിലനിർത്താനാകും.

നിർമാണം

ഹരിതഗൃഹം നിർമിക്കുന്നതിന് ജി.ഐ. പൈപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ജി.പി. പൈപ്പും എം. എസ്. പൈപ്പും വേഗം തുരുമ്പിക്കും. എം. എസ്. പൈപ്പ് രണ്ടു വർഷം കൂടുമ്പോൾ പെയിന്റ് ചെയ്യേണ്ടി വരും. പൈപ്പിന്റെ പെയിന്റ് ചെയ്ത ഭാഗം ഷീറ്റിൽ തട്ടുമ്പോൾ ഷീറ്റിന്റെ ഗുണമേന്മ കുറയാൻ കാരണമാകും. ജി.പി. പൈപ്പും നാലു വർഷം കഴിഞ്ഞാൽ തുരുമ്പിക്കും. എന്നാൽ ജി.ഐ. പൈപ്പ് കൊണ്ടു നിർമിച്ച ചട്ടക്കൂടുകൾ 20 വർഷം വരെ തുരുമ്പിക്കുകയില്ല. ചില നിർമാതാക്കൾ ജി.ഐ. പൈപ്പിനു പകരം ജി.പി. പൈപ്പ് ഉപയോഗിക്കുന്നുണ്ട്. കർഷകർക്ക് ജി. എ. പൈപ്പും ജി.പി. പൈപ്പും വേർതിരിച്ചറിയാത്തതിനാൽ കബളിപ്പിക്കാൻ വളരെ എളുപ്പമാണ്. ഒന്നു ശ്രദ്ധ വച്ചാൽ ഇവ തിരിച്ചറിയാൻ എളുപ്പമാണ്. ജി.ഐ. പൈപ്പിന് നല്ല മിനുസവും തിളക്കവും കാണും. എന്നാൽ ജി.പി. പൈപ്പിന് അത്ര മിനുസം കാണില്ല. പൈപ്പിന്റെ ജോയിന്റ് പൈപ്പിനകത്തും പുറത്തും വ്യക്തമായി കാണാൻ കഴിയും.

ഹരിതഗൃഹം നിർമിക്കുമ്പോൾ വെൽഡിങ്ങ് ഇല്ലാത്ത രീതിയിലായിരിക്കണം നിർമിക്കേണ്ടത്. ഓരോ പൈപ്പും നട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഹരിതഗൃഹ നിർമാണത്തിന് ഉപയോഗിക്കുന്ന എല്ലാ പൈപ്പുകളും 2 മില്ലി മീ. കനം ഉള്ളതായിരിക്കണം. ഒരു ചതുരശ്രമീറ്റർ ഹരിതഗൃഹം നിർമിക്കാൻ ഏകദേശം 5.72 - 6.0 കിലോ ജി. ഐ. പൈപ്പ് വേണ്ടി വരും. അതായത് 1000 ചതുരശ്രമീറ്റർ ഹരിതഗൃഹം നിർമ്മിക്കാൻ 5750-6000 കിലോ ജി. ഐ. പൈപ്പ് വേണ്ടിവരും.

ആദ്യം ഹരിതഗൃഹത്തിന്റെ പ്ലാൻ തയ്യാറാക്കണം. അതിനുശേഷം നിഴൽ വരാത്തതും അനുകൂലമായ കാലാവസ്ഥ നൽകുന്നതുമായ രീതിയിൽ ചട്ടക്കൂട് നിർമ്മിക്കുന്നതിനായി കുറ്റി അടിക്കണം. ആദ്യം ഫൗണ്ടേഷൻ പൈപ്പ് (അസ്ഥിവാര പൈപ്പ്) ഉറപ്പിക്കുന്നതിന് കുഴികൾ കുഴിക്കണം. 40 സെ.മീ. വ്യാസവും 75 സെ.മീ. ആഴവുമുള്ള കുഴികൾ 4 മീറ്റർ ഇടവിട്ട് കുഴിക്കണം (കോളങ്ങൾ തമ്മിലുള്ള അകലം 4 മീറ്റർ ആയിരിക്കുന്നതാണ് നല്ലത്). ഉറപ്പില്ലാത്ത മണ്ണാണെങ്കിൽ ഹരിതഗൃഹങ്ങളുടെ അസ്ഥിവാരത്തിന് 90 സെ. മീറ്റർ ആഴം നിശ്ചയമായും നൽകണം. പില്ലറിന്റെ അസ്ഥിവാരം ടെലിസ്കോപ്പിക് ആയി നിർമിക്കണം. അസ്ഥിവാര പൈപ്പ് കുഴിയിൽ ഇറക്കിവച്ച് 1:2:4 മിശ്രിതം ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തതിനുശേഷം 10 ദിവസം നല്ലപോലെ വെള്ളം ഒഴിച്ചു കൊടുക്കണം. അതിനുശേഷം കോളം പൈപ്പ് അസ്ഥിവാര പൈപ്പിനു മുകളിൽ ഇറക്കിവച്ച് ബോൾട്ട് ചെയ്യണം. ഈ വിധത്തിൽ ഹരിതഗൃഹത്തിന്റെ പില്ലറുകൾ സ്ഥാപിച്ചാൽ കാറ്റ് ശക്തിയായി വീശുമ്പോൾ ഹരിതഗൃഹത്തിന് ഒരു പരിധിവരെ കാറ്റിനെ പ്രതിരോധിക്കാനാകും (അസ്ഥിവാര പൈപ്പിനും പില്ലർ പൈപ്പിനും ഇടയ്ക്ക് ചെറിയ ഗ്യാപ് ഉള്ളതിനാൽ). അസ്ഥിവാര പൈപ്പിന്റെ വ്യാസം പ്രത്യേക സംവിധാനം ഉപയോഗിച്ച് ചുരുക്കി അതിലേയ്ക്ക് അതേ വ്യാസമുള്ള കോളം പില്ലർ പൈപ്പ് ഇറക്കി വയ്ക്കുന്ന രീതിയാണ് ഇസ്രയേൽ പോലുള്ള രാജ്യങ്ങളിൽ ചെയ്തു വരുന്നത്. ഇന്ന് കേരളത്തിലും ഇതിനു വേണ്ട സംവിധാനം ഉണ്ട്.

ചില ഹരിതഗൃഹ നിർമാതാക്കൾ അസ്ഥിവാര പൈപ്പിനുള്ളിൽ കോളം പൈപ്പ് ഇറക്കി വച്ച് ഈ രണ്ടുപൈപ്പിനും ഇടയ്ക്കുള്ള വിടവ് വെൽഡ് ചെയ്തു വരുന്നു. ഇങ്ങനെ ചെയ്താൽ കാറ്റിനെ പ്രതിരോധിക്കാൻ കഴിയില്ല എന്നു മാത്രമല്ല, വെൽഡ് ചെയ്ത ഭാഗം തുരുമ്പിക്കാനും ശക്തി ക്ഷയിക്കാനും കാരണമാകുന്നു. ജി. ഐ. പൈപ്പ് ഉപയോഗിച്ച് ഹരിതഗൃഹം നിർമ്മിക്കുമ്പോൾ അതിന്റെ ഓരോ ട്രസ്സുകളും അതിന്റെ ഭാഗങ്ങളും വെവ്വേറെ നിർമിച്ച് നട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിക്കണം. ചില നിർമാതാക്കൾ ഇരുപ്പുകളിലും പ്ലേറ്റ് വെൽഡ് ചെയ്ത് അവ തമ്മിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഈ രീതി ശരിയല്ല. പൈപ്പിനെ ടാപ്പർ ചെയ്തും സ്ട്രാപ് ഉപയോഗിച്ചും ബോൾട്ട് ചെയ്യുന്നതാണ് ശരിയായ രീതി. അപ്പോൾ വെൽഡിങ്ങിന്റെ ആവശ്യം വരുന്നില്ല. അതേസമയം ആവശ്യമെങ്കിൽ ഊരി മാറ്റാനും കഴിയും.

എല്ലാ പില്ലറുകളും സ്ഥാപിച്ചതിനു ശേഷം ചട്ടക്കൂടിന്റെ മറ്റ് ഭാഗങ്ങളും ഘടിപ്പിക്കുന്നു. അതിനുശേഷം ഹരിതഗൃഹത്തിന്റെ മുകൾഭാഗം 5 പാളികളുള്ള 200 മൈക്രോണിന്റെ യു. വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീൻ ഷീറ്റ് ഉപയോഗിച്ച് ആവരണം ചെയ്യുന്നു. ഇതിനായി ഷീറ്റ് ഉറപ്പിക്കേണ്ട ഭാഗങ്ങളിലെല്ലാം ജി.ഐ. പൈപ്പിനോട് അലൂമിനിയം പ്രൊഫൈൽ, സെൽഫ് ഡ്രില്ലിങ് സ്ക്രൂ ഉപയോഗിച്ച് ഘടിപ്പിക്കണം. അലൂമിനിയം പ്രോഫൈലിനുള്ളിൽ പോളി എത്തിലീൻ ഷീറ്റ് കടത്തിവച്ച് അതിനുള്ളിൽ പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ജി.ഐ.യുടെ സിഗ്സാഗ് സ്പ്രിങ് കടത്തി വച്ചാണ് പോളി എത്തിലീൻ ഷീറ്റ് ഘടിപ്പിക്കുന്നത്. മഴയുള്ളപ്പോഴോ അന്തരീക്ഷം കൂടുതൽ തണുത്തിരിക്കുമ്പോഴോ വളരെയധികം ചൂടുള്ളപ്പോഴോ ഷീറ്റ് ഇടാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ 10.30 നും 12.30 –നും ഇടയ്ക്കും വൈകിട്ട് 3 മണിക്കും 5 മണിക്കും ഇടയ്ക്ക് മിതമായ ചൂടുള്ളപ്പോൾ ഷീറ്റ് ഇടുന്നതാണ് നല്ലത്. ഷീറ്റ് മുകളിൽനിന്നും താഴോട്ട് നല്ല പോലെ വലിച്ച് ചുളിയാതെ ഘടിപ്പിക്കണം. ഷീറ്റ് ചുളിഞ്ഞാൽ ചുളിവുള്ള ഭാഗത്ത് പൊടി അടിക്കുന്നതിനും പിന്നീട് ആൽഗയും ഫംഗസും വളരുന്നതിനും കാരണമാകും. വശങ്ങളിൽ ഇൻസെക്ട് പ്രൂഫ് നെറ്റ് അലുമിനിയം പ്രോഫൈലും സിഗ്സാഗ് സ്പ്രിങ്ങും ഉപയോഗിച്ച് മുൻപു പറഞ്ഞതുപോലെ ഘടിപ്പിക്കണം.

മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന പോളി എത്തിലീൻ ഷീറ്റിനു താഴെ പ്രകാശത്തിന്റെ സാന്ദ്രത ക്രമീകരിക്കുന്നതിനുവേണ്ടി ആവശ്യത്തിന് തണൽ തരുന്ന തണൽ വലകള്‍ ഗട്ടറിന്‍റെ ഉയരത്തിൽ സ്ഥാപിക്കണം. താഴെനിന്ന് നിവർത്തിയിടാനും ചുരുക്കിയിടാനും കഴിയുംവിധമാണ് തണൽ വലകൾ ഘടിപ്പിക്കേണ്ടത്. ഹരിതഗൃഹത്തിന്റെ വശങ്ങളിൽ ഇൻസെക്റ്റ് പ്രൂഫ് നെറ്റ് (40 മെഷ്നെറ്റ്) താഴെ മുതൽ കൊടുത്താൽ കൂടുതൽ വെന്റിലേഷൻ ലഭിക്കും. തന്മൂലം ചൂട് കുറയും. എന്നാൽ, മഴ പെയ്യുമ്പോൾ ചെടികളിലേക്ക് വെള്ളവും മണ്ണും തെറിക്കാനിടയുണ്ട്. ഇത് രോഗബാധ ഉണ്ടാകാൻ കാരണമാകും. മാത്രമല്ല, നെറ്റിനു മുകളിൽ മണ്ണ് തെറിച്ച് അടയാനും കാരണമാകുന്നു. എന്നാൽ, ഹരിതഗൃഹത്തിന്റെ തറനിരപ്പിൽ നിന്നും 40-60 സെ.മീ. ഉയരത്തിൽ

വോവൺ പ്ലാസ്റ്റിക്ക് കൊണ്ട് ഏപ്രൺ കൊടുക്കുന്നത് നല്ലതാണ്. കീടങ്ങളുടെ ശല്യം കുറയ്ക്കാനും ഇതാണ് നല്ലത്. പല നിർമാതാക്കളും താഴെ 1,25 1.75 മീറ്റർ ഉയരംവരെ യു.വി. സ്റ്റെബിലൈസ്ഡ് ഷീറ്റുകൾ കൊണ്ട് ഏപ്രൺ കൊടുക്കുന്നതായി കണ്ടുവരുന്നു. ഇത് ശരിയല്ല. സ്കെർട്ടിങ്ങിന്റെ ഉയരം 80 സെ.മീറ്ററിൽ കൂടുതൽ കൊടുക്കാത്തതാണ് നല്ലത്. അല്ലെങ്കിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. വോവൻ പ്ലാസ്റ്റിക്ക് ഇൻസെക്റ്റ് നെറ്റിനോട്തുന്നി ചേർക്കാം. എന്നാൽ ഇങ്ങനെ തുന്നി ചേർത്താൽ വോവൺ പ്ലാസ്റ്റിക്കിനോ നെറ്റിനോ ഏതെങ്കിലും ഒരു ഭാഗത്ത് ചെറിയ കേടു വന്നാൽ മുഴുവൻ നെറ്റും മാറ്റേണ്ടിവരും. വോവൺ പ്ലാസ്റ്റിക്ക് ഇൻസെക്റ്റ് നെറ്റിനോട് ചേർത്തുവയ്ക്കന്നതിന് അലൂമിനിയം ചാനൽ ജി.ഐ. പൈപ്പ്, സിഗ്സാഗ് സ്പ്രിങ്ങ് എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.

ഏപ്രൺ 35-40 സെ.മീ. എങ്കിലും താഴോട്ടും പിന്നീട് 20 സെ.മീ. തിരശ്ചീനമായും മണ്ണിനടിയിൽ പോകത്തവിധം സ്ഥാപിക്കണം. കീടബാധ കുറയ്ക്കാൻ ഇത് ഉപകരിക്കും. കാട്ടുപന്നി, പെരുച്ചാഴി മുതലായ ജീവികളുടെ ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ഏപ്രൺ ഇഷ്ടിക കൊണ്ട് പണിയുന്നതാണ് നല്ലത്. പക്ഷെ ഇത് നിര്‍മ്മാണ ചെലവ് കൂട്ടും. ഹരിതഗൃഹത്തിന്റെ മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന വെള്ളം ഹരിതഗൃഹത്തിനുള്ളിലേയ്ക്ക് ഒഴുകി വരാതിരിക്കാനായി മേൽക്കൂര വശങ്ങളിലേക്ക് തിരശ്ചീനമായി 60-70 സെ.മീ. നീട്ടിയെടുക്കുകയോ മേൽക്കൂരയിലൂടെ ഒഴുകി വെള്ളം ഗട്ടർ പൈപ്പ് ഉപയോഗിച്ച് ശേഖരിച്ച് ഹരിതഗൃഹത്തിന് ദോഷം വരാത്തവിധം ടാങ്കിലോ കുളത്തിലോ മറ്റോ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കുകയോ വേണം. മേൽക്കൂരയിൽ നിന്നും വെള്ളം ശേഖരിക്കാനുള്ള സംവിധാനം ഒരുക്കിയാൽ മഴക്കാലത്ത് ഹരിതഗൃഹത്തിലേക്ക് വെള്ളം ഒഴുകി വരു ന്നത് തടയാനാകും. ഹരിതഗൃഹത്തിന്റെ എല്ലാ വശങ്ങളിലും ഒന്നര അടി വീതിയിലും ഉയരത്തിലും തിട്ട പിടിപ്പിക്കണം. ഈ തിട്ടയോടു ചേർന്ന് രണ്ടു വശങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള ചാലും (ഒന്നര അടി വീതിയിലും ഒരടി ആഴത്തിലും) നിർമിക്കണം. ഹരിതഗൃഹത്തിന്റെ മേൽക്കൂരയിൽനിന്നും ഒഴുകി വരുന്ന മഴവെള്ളം പൈപ്പിന്റെ സഹായത്താൽ ശേഖരിച്ച് മഴവെള്ള സംഭരണിയിലേക്ക് തിരിച്ചുവിട്ടാൽ ഹരിതഗൃഹത്തിലെ ചെടികൾ നനയ്ക്കാനായി ഉപയോഗിക്കാം. ഹരിതഗൃഹത്തിന് രണ്ടു വാതിലുകൾ കൊടുത്താൽ രോഗകീടബാധ കുറവായിരിക്കും. വാതിലുകൾ വശങ്ങളിലേക്ക് തള്ളിനീക്കാൻ കഴിയുന്ന തരത്തിൽ ആയാൽ ആവശ്യത്തിനുമാത്രം തുറക്കാൻ കഴിയുന്നതിനാൽ പ്രാണികൾ ഉള്ളിൽ കയറുന്നത് കുറയ്ക്കാം. ഇത്തരം വാതിലുകൾ കൂടുതൽ വീതിയിൽ (രണ്ടു മീറ്റർ വരെ) കൊടുക്കാൻ കഴിയുന്നതുകൊണ്ട് ടില്ലർ ഹരിതഗൃഹത്തിൽ കയറ്റി ഉഴാനും വളം, തൈകൾ തുടങ്ങിയ സാധനങ്ങൾ ഹരിതഗൃഹത്തിലെത്തിക്കാനും ചെടികളുടെ ഫലങ്ങൾ ഹരിതഗൃഹത്തിൽ നിന്ന് കയറ്റി കൊണ്ടുപോകാനും കഴിയും. ഹിഞ്ച് ഘടിപ്പിച്ച വാതിലാണങ്കിൽ രണ്ടു വാതിലുകളും നേർക്കുനേരെ വരുന്ന വിധം ഘടിപ്പിക്കാതെ എതിർദിശയിലേക്ക് തുറക്കുന്ന വിധത്തിൽ സ്ഥാപിക്കുന്നതാണ് നല്ലത്. ഹരിതഗൃഹത്തിന്റെ വാതിലിൽ വിന്റ് കർട്ടൻ ഘടിപ്പിച്ചാൽ കീടങ്ങൾ ഹരിതഗൃഹത്തിൽ കടക്കുന്നത് തടയാനാകും. ഹരിതഗൃഹത്തിന് വശങ്ങളിലും മേൽക്കൂരയിലും വെന്റിലേഷൻ കൊടുക്കണം. മേൽക്കൂരയിലെ വെന്റിലേറ്റർ കാറ്റ് എവിടേക്കാണോ വീശുന്നത് ആഭാഗത്തു കൊടുക്കാൻ ശ്രദ്ധിക്കണം. വെന്റിലേറ്ററുകളിൽ 40 മെഷ് വലിപ്പമുള്ള ഇൻസെക്റ്റ് പ്രൂഫ് നെറ്റ് കൊടുത്തിരിക്കണം. 1000 ച.മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള ഹരിതഗൃഹങ്ങൾക്ക് 76 മി.മീറ്റർ വ്യാസവും 300 മുതൽ 1000 ച.മീ. തറ വിസ്തീർണ്ണമുള്ള ഹരിതഗൃഹത്തിന്റെ പില്ല.റുകൾക്ക് രണ്ടര ഇഞ്ചും 300 ച.മീറ്ററിൽ താഴെ വിസ്തീർണമുള്ള ഹരിതഗൃഹത്തിന് 65 മി.മീറ്റർ വ്യാസമുള്ള ജി.ഐ. പൈപ്പുകൾ കോളം പൈപ്പായി ഉപയോഗിക്കാം. 60 മി.മീറ്ററിൽ താഴെ വ്യാസമുള്ള പൈപ്പുകൾ കോളം/പില്ലർ പൈപ്പുകളായി ഉപയോഗിക്കരുത്.

വിവിധ ആവശ്യങ്ങള്‍ക്കു വേണ്ട ഹരിതഗൃഹത്തിന്‍റെ വലിപ്പം

ആവശ്യം

വിസ്തീര്‍ണ്ണം

വീട്ടാവശ്യത്തിന്

0 – 30

ചില്ലറ വില്‍പ്പന

500 – 1000

മൊത്തം വില്‍പ്പന

1,000 – 10,000

അന്തര്‍ദേശീയ വിപണി

10,000 – 100,000


ഹരിതഗൃഹത്തിന്‍റെ തറ വിസ്തീര്‍ണ്ണത്തിനനുസരിച്ച് ഹരിതഗൃഹത്തിന്‍റെ വശങ്ങളിലും നടുവിലും കൊടുക്കേണ്ട ഉയരം (സമതലങ്ങളില്‍)

തറ വിസ്തീര്‍ണ്ണം

ഗട്ടര്‍ ഉയരം/വശങ്ങളിലെ ഉയരം

നടുവിലത്തെ ഉയരം (റിഡ്ജ് ഉയരം)(ഉയരം)

40

2.75

5.25

80

3

5.75

120

3.25

6

200

3.5

6-6.5

500

4

7-7.5

1000

4.0-4.5

7.25-7.5

>1000

4-4.25

7.5-8.0

ഹരിതഗൃഹത്തില്‍ സ്വാഭാവിക വെന്റിലേഷനോടൊപ്പം ഫോഗര്‍ സിസ്റ്റവും (അമിത താപനില കുറയ്ക്കാന്‍) കൊടുക്കണം.

ഡോ.പി.സുശീല

കടപ്പാട്: കര്‍ഷകമിത്രം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate