Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിളകള്‍ക്ക് നനയും തണലും

കൂടുതല്‍ വിവരങ്ങള്‍

നെല്ല്

മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ് തരിശിടുന്ന പാടങ്ങൾ വിരിപ്പ് പൊടി വിതയ്ക്കുവേണ്ടി ഉഴവു നടത്താൻ സമയമായി. വിരിപ്പിലെ നെല്ലിൽ കീടങ്ങൾ, രോഗങ്ങൾ, കളകൾ എന്നിവയുടെ ഉപദ്രവം കുറയ്ക്കുന്നതിന് ഇത് നല്ല മാർഗമാണ്. മുണ്ടകന്റെ വിത്ത് ഈർപ്പം തട്ടാത്ത സാഹചര്യങ്ങളിൽ ശരിയായി ഉണക്കി സൂക്ഷിക്കണം. ശരിക്കുണങ്ങിയ വിത്ത്. പൊട്ടിച്ചു നോക്കിയാൽ നടുവിൽ സൂചിക്കനത്തിൽ മാത്രം വെളുപ്പ് അവശേഷിക്കുന്ന പരുവമാണ് പാകം. പുഞ്ചവിളയ്ക്ക് നനയും കീട നിയന്ത്രണവും പ്രധാനം. ഇടത്തരം മൂപ്പുള്ള ഇനങ്ങൾക്ക് വൈകി വിതച്ച പാടങ്ങളിൽ വിതച്ച് 55-60 ദിവസം കഴിഞ്ഞ് ഏക്കറിന് 20 കിലോഗ്രാം യൂറിയയും 15 കിലോഗ്രാം പൊട്ടാഷും ചേർക്കണം. പോളരോഗം, കുലവാട്ടം, മുതലായ കുമിൾ രോഗസാധ്യതയുള്ള പാടത്ത് സ്യുഡോമോണാസ് കൾച്ചർ 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാറാക്കിയ ലായനി തളിക്കുകയോ ഇതേ ബാക്ടീരിയൽ കൾച്ചർ ഒരു കിലോഗ്രാം 50 കിലോ ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേർത്തുവച്ചശേഷം വിതറുകയോ ചെയ്യാം.

കമുക്

വളപ്രയോഗം കഴിഞ്ഞ മാസം നടത്തിയിട്ടില്ലെങ്കിൽ ചെടിയൊന്നിന് 100 ഗ്രാം യൂറിയ, 100 ഗ്രാം മസൂറിഫോസ്, 12 0 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കുക. ജലസേചനം തുടരുക.

തെങ്ങ്

നന തുടരണം. കായൽ വരമ്പുകളിലെ തെങ്ങിന് മണൽ ഇട്ടുകൊടുക്കുക. മണൽ മണ്ണിൽ തെങ്ങിൻ ചുവട്ടിൽ ചെളി ഇറക്കുക. വിത്തുതേങ്ങ ശേഖരണം തുടരാം. നനയ്ക്കാൻ സൗകര്യമുള്ള പ്രദേശങ്ങളിൽ തൈകൾ നടാം. തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കിൽ കീടാക്രമണം ഗുരുതരമായുള്ള ഓലകൾ വെട്ടി നീക്കി കത്തിച്ചു കളയുക. കീടബാധ ശ്രദ്ധയിൽപ്പെട്ടാലുടൻ തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ബാധിക്കുന്ന എതിർ പ്രാണികളെ വൻതോതിൽ തുറന്നുവിട്ട് തെങ്ങോലപ്പുഴുവിനെ നശിപ്പിക്കാം. കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ടങ്കിൽ 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ തുറന്നു വിടണം. കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പരാദപ്രാണി വളർത്തൽ കേന്ദ്രങ്ങളിൽനിന്നും എതിർ പ്രാണികളെ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിന് മുൻകരുതലെന്ന നിലയിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളിൽ പാറ്റാഗുളിക 10 ഗ്രാം (4 എണ്ണം) വച്ച് മണൽകൊണ്ട് മൂടുകയോ, വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം) തുല്യ അളവിൽ മണലുമായി ചേർത്തിടുകയോ ചെയ്യുക.

കശുമാവ്

വിളവെടുപ്പും വിത്തണ്ടിശേഖരണവും തുടരാം. അത്യുത്പാദനശേഷിയുള്ള ഇനങ്ങളിൽനിന്ന് ഒട്ടു കമ്പ് ശേഖരിച്ച് ഒട്ടുതൈ ഉണ്ടാക്കാം. തടിതുരപ്പന്റെ ശല്യമുണ്ടാകാൻ സാധ്യതയുണ്ട്.

പുറമെ കാണുന്ന വേരിലും തടിയുടെ ചുവട്ടിലുമാണ് ഈ കീടത്തിന്റെ ഉപദ്രവം. പുഴു ഉള്ളിലുണ്ടെങ്കിൽ സുഷിരവും അതിലൂടെ ചണ്ടിയും പുറത്തുവരും. മൂർച്ചയുള്ള ഉളികൊണ്ട് സുഷിരം വൃത്തിയാക്കി പുഴുവിനെ പുറത്തെടുത്ത് കൊല്ലുക. 2 ആഴ്ച കൂടുമ്പോൾ ഉപ്രദവം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മരം ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്.

കുരുമുളക്

കൊടിത്തലകൾ മുറിച്ചെടുത്ത് വേര് പിടിപ്പിക്കാൻ തവാരണകളിൽ പാകാം. കിളിഞ്ഞിൽ നാടൻമുരിക്ക് പെരുമരം തുടങ്ങിയ താങ്ങുമരങ്ങളുടെ കൊമ്പുകൾ മുറിച്ച് താങ്ങു കാലുകൾ ശേഖരിക്കുന്ന പണിയും നനയും തുടരണം.

കേടുപോക്കലിനും പുതുകൃഷിക്കും വേണ്ടി തൈനടീലിനുള്ള കുഴികൾ എടുക്കുന്നത് തുടരാം. എടുത്ത് കുഴികളിൽ ജൈവവളങ്ങളും മേൽമണ്ണും ഇട്ടു മൂടണം. തവാരണ നനയ്ക്കാം.

ജാതി/ഗ്രാമ്പൂ

വിളവെടുപ്പ് തുടരുന്നു. മഴ ലഭിക്കുന്നതുവരെ അഞ്ചു ദിവസത്തിലൊരിക്കൽ നന്നായി നനയ്ക്കുക. ചുവട്ടിൽ പുതയിടുക. കനത്ത വെയിലുണ്ടങ്കിൽ തണൽ നൽകണം. എന്നാൽ തണൽ അധികമായാൽ കായ്പിടുത്തം കുറയും.

എള്ള്

സസ്യസംരക്ഷണ നടപടികൾ ആവശ്യാനുസരണം നടത്തുക. 15-20 ദിവസം ഇടവിട്ട് ജലസേചനം ചെയ്യണം.

വാഴ

നേന്ത്രന് നന പ്രധാനം. പുതയിട്ടാൽ നനയുടെ ഇടവേള കൂട്ടാം. 5 മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയ, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെടിയൊന്നിന് നൽകുക. കുല പുറത്തുവന്ന ഉടനെയും ഇതേ തോതിൽ വളപ്രയോഗം നടത്താം. വാഴയ്ക്ക് താങ്ങ് കൊടുക്കണം.

പിണ്ടിപ്പുഴുവിനെതിരേ ജാഗ്രത പുലർത്തുക. ഇതിന് തോട്ടം വൃത്തിയായി സൂക്ഷിക്കുക, പുറംഭാഗത്തുള്ള വാഴത്തടകൾ അഞ്ചാം മാസം മുതൽ അടർത്തിയെടുത്തശേഷം താഴെപ്പറയുന്ന മാർഗങ്ങളിൽ ഏതെങ്കിലും അനുവർത്തിക്കുക. വാഴത്തടയ്ക്ക് ചുറ്റും ചെളി പൂശുക, കീടാക്രമണം ശ്രദ്ധയിൽപ്പെടുകയാണങ്കിൽ ചെളിക്കൂട്ടിനൊപ്പം മൂന്നുശതമാനം വീര്യത്തിലുള്ള (30 മില്ലി ലിറ്റർ) വേപ്പെണ്ണ എമൽഷൻ ചെളിക്കൂട്ടുമായി ചേർത്ത് തടിയിൽ പുരട്ടുക. വേപ്പ് അധിഷ്ഠിത കീടനാശിനികൾ വാഴക്കവിളുകളിൽ ഒഴിച്ചുകൊടുക്കുക. കുലവെട്ടിയ ശേഷമുള്ള വാഴത്തട രണ്ടടി നീളത്തിൽ മുറിച്ച് നെടുകെ പിളർന്ന് അഞ്ചു മാസം പ്രായമുള്ള വാഴത്തോട്ടങ്ങളിൽ അവിടവിടെയായി വയ്ക്കുക. വണ്ടുകൾ ഇവയ്ക്കുള്ളിൽ കൂടിയിരിക്കുന്നത് കാണാം. ഇവയെ ശേഖരിച്ച് നശിപ്പിക്കണം.

മാവ്

തൈകൾക്ക് ആഴ്ചയിൽ രണ്ടു നന. വളർന്നവയ്ക്ക് കണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാൽ ആഴ്ചയിൽ ഒരു തവണ നനയ്ക്കുന്നത് നല്ലതാണ്. കായീച്ചയെ തുരത്താൻ മാവ് പൂത്തു തുടങ്ങുമ്പോൾ തന്നെ മീതെൽ യൂജിനോൾ കെണി 25 സെന്റിന് ഒരു കെണി എന്ന തോതിൽ സ്ഥാപിക്കാം. ഇത് കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ ഗവേഷണകേന്ദ്രങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.

ഇഞ്ചി/മഞ്ഞൾ

പുതുമഴ കിട്ടിയാലുടൻ ഇഞ്ചിയും മഞ്ഞളും നടാൻ സ്ഥലം ഒരുക്കുക. വിത്തിനായി സൂക്ഷിക്കുന്ന ഇഞ്ചിയിലോ മഞ്ഞളിലോ അഴുകലുണ്ടായാൽ കേടുള്ളവ മാറ്റണം.

മരച്ചീനി, ചേന

കുംഭക്കപ്പയ്ക്ക് മഴ കിട്ടുന്നില്ലെങ്കിൽ നനയ്ക്കുക. ചേനയുടെ നടീൽ തുടരാം. കഴിഞ്ഞ മാസം നട്ട വിത്തുകൾ ഉണങ്ങിയിട്ടുണ്ടങ്കിൽ അവ മാറ്റി പകരം വിത്ത് നടണം. തടങ്ങളിൽ കരിയില പുത നൽകണം. കഴിയുമെങ്കിൽ 2-3 നന കൊടുക്കാം.

ഏലം

വിളവെടുപ്പ് തീരുന്നു. പോളീബാഗ് നഴ്സറിക്കുള്ളിൽ ആവശ്യാനുസരണം നനയ്ക്കുക. കേടുപോക്കലിനും പുതുകൃഷിക്കും വേണ്ട തൈകൾ നടുന്നതിനുള്ള കുഴികൾ എടുക്കുക. നിലവിലുള്ള തോട്ടങ്ങളിൽ നന, പുതയിടീൽ, മണ്ണിടീൽ, നീർച്ചാലുകൾ വൃത്തിയാക്കൽ എന്നിവ ചെയ്യുക.

അടുക്കളത്തോട്ടത്തിൽ ഈ മാസം

ചീര ഈ മാസം നടാം, സെന്റിന് അഞ്ചു ഗ്രാം വിത്തു വേണം. വിത്തു പാകി തൈകൾ പറിച്ചു നടണം, അരുൺ, കണ്ണാറ ലോക്കൽ എന്ന ചുമന്ന ഇനങ്ങളും മോഹിനി എന്ന പച്ച ഇനവും നന്നായി വളരും. സെന്റിന് 100 കിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേർക്കണം.

കടപ്പാട്: കര്‍ഷകന്‍

 

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top