Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / സുസ്ഥിര കാര്‍ഷിക ഇടപെടലുകള്‍ / മഴവെള്ളക്കൊയ്ത്ത്: അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മാതൃകയാവുന്നു.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഴവെള്ളക്കൊയ്ത്ത്: അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മാതൃകയാവുന്നു.

മഴവെള്ളക്കൊയ്ത്ത്: അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മാതൃകയാവുന്നു.

സി.വി.ഷിബു.
അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മഴവെള്ളക്കൊയ്ത്തിനായി നിര്‍മിച്ച 15 കുളങ്ങളും നിറഞ്ഞു. കാലവർഷത്തിൽ  പെയ്ത കനത്ത മഴയാണ് കുളങ്ങള്‍ നിറയുന്നതിനു സഹായകമായത്. പെരുമഴയില്‍ കരകവിയുമെന്ന ഘട്ടത്തില്‍ പൂപ്പൊലി ഗ്രൗണ്ടിലെ മൂന്നു കുളങ്ങളില്‍നിന്നു വെള്ളം തുറന്നുവിടേണ്ടിയും വന്നു. മുഴുവന്‍ കുളങ്ങളിലുമായി ഏകദേശം 30 കോടി ലിറ്റര്‍ വെള്ളമാണ് ശേഖരിച്ചിരിക്കുന്നത്. ഇത് വരുന്ന വേനലില്‍ ഗവേഷണ കേന്ദ്രത്തിലെ മുഴുവന്‍ കൃഷിയാവശ്യത്തിനും തികയുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി. രാജേന്ദ്രന്‍ പറഞ്ഞു.
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലാണ്   അമ്പലവയലിലെ  മേഖല കാര്‍ഷിക ഗവേഷണകേന്ദ്രം. കൈവശമുള്ള 87 ഹെക്ടര്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളിലാണ് മഴവെള്ളക്കൊയ്ത്തിനു  കുളങ്ങള്‍ നിര്‍മ്മിച്ചത്. 2014ലെ വേനലിലായിരുന്നു ആദ്യ കുളത്തിന്റെ നിര്‍മാണം.10 സെന്റ് മുതല്‍ 60 സെന്റ് വരെ വിസ്തൃതിയുള്ളതാണ് കുളങ്ങള്‍.
അന്താരാഷ്ട്ര പുഷ്പമേളയായ    പൂപ്പൊലി ഗ്രൗണ്ടിലെ  രണ്ടു വലിയ കുളങ്ങള്‍ക്ക് നാലരക്കോടി ലിറ്റര്‍ വീതം വെള്ളം ശേഖരിക്കാന്‍  ശേഷിയുണ്ട്.  മറ്റു ഭാഗങ്ങളിലെ കുളങ്ങളില്‍ മൂന്നെണ്ണത്തിനു മൂന്നു കോടി ലിറ്റര്‍ വീതം ശേഷിയാണുള്ളത്. ഏറ്റവും ഒടുവില്‍ ഗവേഷണ കേന്ദ്രം ഓഫീസിനടുത്തായി നിര്‍മിച്ച  ചെറിയ കുളത്തില്‍ 30 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനാകും. 51 മീറ്റര്‍ നീളവും അത്രതന്നെ വീതിയും ഏഴ് മീറ്റര്‍ ആഴവും ഉളളതാണ്ഏതാനും കുളങ്ങള്‍. ഇവയില്‍ ചിലതില്‍ 12 വര്‍ഷം വരെ ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മഴവെള്ളം ശേഖരിക്കുന്നത്.
മഴവെള്ള സംഭരണത്തിന്റെ അമ്പലവയൽ മാതൃക പഠിക്കാൻ ധാരാളം പേർ ഇവിടെ എത്താറുണ്ട്. ചിലവ് ചുരുങ്ങിയ രീതിയിലുള്ള മഴവെള്ള സംഭരണികളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. 2017- വയനാട്ടിൽ എക്കാലത്തെയും വലിയ മഴക്കുറവ് ഉണ്ടാവുകയും വേനൽ കടുക്കുകയും ചെയ്തപ്പോൾ ഫാമിന്റെ ആവശ്യത്തിനുള്ള ഭൂരിഭാഗം വെള്ളവും ലഭിച്ചത് ഈ മഴവെള്ള സംഭരണികളിൽ നിന്നാണ്. അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയുടെ വലിയ വിജയത്തിന് പിന്നിലും  ഇവിടുത്തെ കുളങ്ങളും മഴവെള്ള സംഭരണികളും വലിയ  പങ്ക് വഹിക്കുന്നുണ്ട്-
മുഴുവന്‍ കുളങ്ങളിലും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യകൃഷി നടത്താനുള്ള നീക്കം നടന്നുവരികയാണെന്നു ഗവേഷണകേന്ദ്രം മേധാവി പറഞ്ഞു. ഇതിനു കാര്‍ഷിക സര്‍വകലാശാലയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഗവേഷണ കേന്ദ്രത്തിനു കീഴില്‍ രൂപീകരിച്ച നാല് സ്വയംസഹായസംഘങ്ങളെ മത്സ്യകൃഷിക്കു നിയോഗിക്കാനാണ് പദ്ധതി. നാല് സംഘങ്ങളിലുമായി 50 അംഗങ്ങളുണ്ട്. മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് 10 ലക്ഷം രൂപ സബ്‌സിഡി അനുവദിക്കും. ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നത്. മഴവെള്ളക്കൊയ്ത്തിനായി നിര്‍മിച്ചതില്‍ ഏതാനും  കുളങ്ങളില്‍ നിലവില്‍  കട്‌ല, രോഹു, കാര്‍പ് തുടങ്ങിയ ഇനം മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്.
1945ല്‍ അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ആരംഭിച്ച തോട്ടമാണ് 1972ലെ കാര്‍ഷിക സര്‍വകലാശാല രൂപീകരണത്തിനു പിന്നാലെ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്.  കാപ്പി, കുരുമുളക്, നെല്ല്, തെങ്ങ്, കമുക്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തീറ്റപ്പുല്ലുകള്‍, പൂച്ചെടികള്‍ തുടങ്ങിയവയുടെ വിജയകരമായ കൃഷിയില്‍ കര്‍ഷകര്‍ക്ക്  നേരിട്ടും അല്ലാതെയും മാര്‍ഗനിര്‍ദേശം നല്‍കുന്ന ഗവേഷണകേന്ദ്രം നല്ലയിനം നടീല്‍വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. കൃഷി ആധുനികവത്കരിച്ച്  ലാഭകരമാക്കുന്നതിനുള്ള അറിവ് കര്‍ഷകരിലേക്ക് പകരുന്നതില്‍ ഗവേഷണകേന്ദ്രത്തിന് സര്‍ക്കാരും വിവിധ ഏജന്‍സികളും  മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നു ഡോ.രാജേന്ദ്രന്‍ പറഞ്ഞു.
പൂപ്പൊലി കൂടാതെ അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റ് ,അന്താരാഷ്ട്ര ചക്ക മഹോത്സവം എന്നിവയുടെയും സ്ഥിരം വേദിയാണ് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം.
2.93548387097
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top