സി.വി.ഷിബു
നൂറ്റാണ്ടുകളുടെ വയനാടൻ ജൈവ പൈതൃകവും കാർഷിക പാരമ്പര്യവും ലോകത്തെ അറിയിക്കാൻ ചെറുവയൽ രാമൻ ബ്രസീലിലേക്ക് .ബ്രസീലിലെ ബലേനില്‍ നടക്കുന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വയനാട്ടിലെ കുറിച്യ സമുദായത്തിൽ നിന്നുള്ള പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും പങ്കെടുക്കും. . ആമസോണ്‍ നദീ തീരത്തുള്ള നഗരത്തില്‍ ആഗസ്റ്റ് ഏഴ് മുതൽ പത്ത് നടക്കുന്ന പന്ത്രണ്ടാമത് വംശീയ ജൈവശാസ്ത്ര സിമ്പോസിയത്തിലാണ് രാമന്‍ പങ്കെടുക്കുക. നരവംശശാസ്ത്രഞ്ജനും ക്രസ്റ്റ് പ്രൊജക്ട് അസോസിയേറ്റുമായ ജയ്ശ്രീകുമാറും ഉള്‍പ്പെടെ രണ്ടു പേരാണ് ബലേം കോണ്‍ഗ്രസ്സില്‍ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
പാര ഫെഡറല്‍ സര്‍വകലാശാലയിലെ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും നിയമജ്ഞനുമായ ഡോ.ഷാജി തോമസ് മുഖേനയാണ് ചെറുവയല്‍രാമന് ഈ അവസരം ഒരുങ്ങിയത്. പാരഫെഡറല്‍ സര്‍വകലാശാലയും പാരമീസ് എമിലി ഗോള്‍ഡന്‍ മ്യൂസിയവും സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ബ്രസാലിയന്‍ സൊസൈറ്റി ഓഫ് എന്‍തോബയോളളജിയും സഹകരിക്കുന്നു. 1988 ലായിരുന്നു ആദ്യത്തെ വംശീയ ജൈവശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിരുന്നത്.ബലേം പ്രഖ്യാപനം എന്ന പേരില്‍ ഈ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്‍ ലോകമെമ്പാടും അറിയപ്പെടുകയുണ്ടായി. ലോക ഗോത്രവര്‍ഗ്ഗ സമുദായങ്ങളും ജൈവബന്ധവും പാരമ്പര്യ അറിവുകളുമെല്ലാം ഇവിടെ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു. പ്രകൃതി വിഭവങ്ങളുടെയും പാരമ്പര്യ അറിവുകളെയും ഉപയോഗപ്പെടുത്തുന്നതിനും അതിനുള്ള അവകാശത്തെയും ബലേം കോണ്‍ഗ്രസ്സ് മുന്നോട്ടു വെച്ചു. ഇത് ആഗോളപരമായി ഒരു രേഖയുമായി മാറി.
ബലേം പ്രഖ്യാപനത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും എന്ന പൊതു ആശയത്തിലാണ് ഇത്തവണ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നത്. ലോകത്ത് ആകെയുള്ള മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വംശീയ ജൈവശാസ്ത്രം എന്ന മേഖലയുടെയും ബലേം പ്രഖ്യാപനത്തിന്റെയും പ്രാധാന്യം സമ്മേളനം വിലയിരുത്തും.
തദ്ദേശീയ ജനവിഭാഗങ്ങളുടെ പരമ്പരാഗതമായ ജീവിതശൈലിയും പ്രകൃതി വിഭവങ്ങളുടെ ഉപയോഗവും ആസ്പദമാക്കി ശാസ്ത്രീയവും സാമൂഹികവും നൈതികവുമായ അന്വേഷണങ്ങളും ഈ സമ്മേളനത്തിന്റെ പ്രമേയമാണ്. കുടിയിറക്കപ്പെടുന്ന ജനതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള വേദികൂടിയാണിത്. 2000 ത്തോളം ഗോത്രവര്‍ഗ്ഗ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളുടെ ഗോത്രകലാരൂപങ്ങളും ഇവിടെ അരങ്ങേറും. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആദിവാസികളുടെ സംഗമ വേദി കൂടിയാണിത്. വയനാട്ടിലെ ജൈവപൈതൃകവും ആ പൈതൃകം സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഇവിടുത്തെ പാരമ്പര്യ കർഷകർക്കും ലഭിച്ച അംഗീകാരമാണിതെന്ന് രാമൻ പറഞ്ഞു. കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമാണ് മാനന്തവാടി കമ്മന സ്വദേശിയായ രാമൻ.തൊണ്ടിയും വെളിയനും ഞവരയും ചോമാലയും മുതൽ വയനാട്ടിൽ മുമ്പുണ്ടായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണിയിൽ ഉള്ളതുമായ 150 ൽ പരം പരമ്പരാഗത നെൽവിത്തിനങ്ങളിൽ 65 ലധികം നെൽവിത്തുകൾ ശേഖരിച്ച് സ്വന്തം വയലിൽ കൃഷി ചെയ്ത് ,ആ വിത്തുകളും അവയെക്കുറിച്ചുള്ള അറിവുകളും പുതുതലമുറക്ക് കൈമാറുന്ന ചെറുവയൽ രാമൻ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തന്റെ ജീവിതം ജൈവ പൈതൃക സംരക്ഷണത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയ രാമൻ 2011-ൽ ഹൈദരാബാദിൽ നടന്ന 11 രാജ്യങ്ങളുടെ ജൈവവൈവിധ്യ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജീനോം സേവ്യർ അവാർഡ് നേടിയ ചെറുവയൽ രാമൻ നെല്ലിന്റെ ജീവിക്കുന്ന ജീൻ ബാങ്കർ എന്നാണിന്ന് അറിയപ്പെടുന്നത്.
അവസാനം പരിഷ്കരിച്ചത് : 2/15/2020