ചക്ക ഉല്പന്ന നിർമ്മാതാക്കൾ സംഘടനയുണ്ടാക്കി: അജാം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
സംസ്ഥാനത്ത് ചക്ക ഉല്പന്ന നിർമ്മാതാക്കൾ സംഘടനയുണ്ടാക്കി. ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായതോടെയാണ് ചക്ക ഉല്ന്നങ്ങൾ നിർമ്മിക്കുന്നവർ അസോസിയേഷൻ ഓഫ് ജാക്ക് ഫ്രൂട്ട് ആന്റ് അഗ്രോ പ്രൊഡക്ട് മാനുഫാക്ചറേഴ്സ് ( അജാം ) എന്ന പേരിൽ സംഘടനയുണ്ടാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. . ചക്ക ഉല്പന്നങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുക, പുതിയ വിപണി കണ്ടെത്തുക , ആഭ്യന്തര- വിദേശ വിപണിയിൽ കേരളത്തിൽ നിന്നുള്ള ചക്ക വിഭവങ്ങൾ എത്തിക്കുക , ദേശീയ അന്തർദേശീയ പ്രദർശനങ്ങളിൽ കൂട്ടായി പങ്കെടുക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ .കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പത്ത് കമ്പനികളാണ് അജാം എന്ന സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്. പാലക്കാട് സ്വദേശി ആൻറണി പ്രസിഡണ്ടും കാസർഗോഡ് സ്വദേശി ജസ്റ്റിൻ സെക്രട്ടറിയുമായ ഭരണ സമിതിയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പത്ത് കമ്പനികളുടെ 65 ഉല്പന്നങ്ങളുമായി സംഘടനയുടെ നേതൃത്വത്തിൽ അമ്പലവയലിൽ നടക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിൽ പ്രവർത്തകർ എത്തിയിട്ടുണ്ട്. പത്ത് കമ്പനികളിലായി ഇപ്പോൾ ആയിരത്തോളം പേർ ജോലി ചെയ്യുന്നുണ്ടന്ന് അജാം ട്രഷററും ഇടുക്കി ശാന്തൻപാറയിലെ പ്ലാന്റ് സാ എന്ന കമ്പനിയുടെ സംരംഭകനുമായ മണലിച്ചിറയിൽ ദിലീഷ് പറഞ്ഞു. ചെറുകിട സംരംഭമായാണ് ഭൂരിഭാഗം പേരും ആദ്യം ചക്കയുൽപ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയത്.
കിലോക്ക് അഞ്ച് രൂപക്കാണ് ഇപ്പോൾ ഉൽപ്പന്ന നിർമ്മാതാക്കൾ ചക്ക കർഷകരിൽ നിന്ന് വാങ്ങുന്നത്. ആവശ്യം വർദ്ധിക്കുമ്പോൾ കിലോക്ക് 17 രൂപ വരെ കർഷകർക്ക് നൽകാറുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ ചെറുകിട സംരംഭകരെക്കൂടി സംഘടനയിൽ അംഗങ്ങളാക്കി പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് ഇവർ പറഞ്ഞു. താൽപ്പര്യമുള്ളവർക്ക് 9387611267 എന്ന നമ്പറിൽ ഭാരവാഹികളുമായി ബന്ധപ്പെടാം.
വാഹികളുമായി ബന്ധപ്പെടാം.
കടപ്പാട്: പി.കെ.സിജു, കെ.ജാഷിദ്, പി.ഫാരിസ്, ജിൻസ് തോട്ടുങ്കര, അഹല്യ യു, ഷഹന ഷെറിൻ, ഒ.എസ്. ശ്രുതി, പി.എസ്.അശ്വതി, കൃഷ്ണപ്രിയ ( വയനാട് പ്രസ്സ് അക്കാദമി )