Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുനര്‍ജ്ജനി കേരളം

2018 ജൂണ്‍ മുതലുള്ള കാലവര്‍ഷക്കാലത്ത് കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ കാര്‍ഷികപാരമ്പര്യത്തിനാണ് വന്‍ ആഘാതമുണ്ടായത്.

2018 ജൂണ്‍ മുതലുള്ള കാലവര്‍ഷക്കാലത്ത് കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ കാര്‍ഷികപാരമ്പര്യത്തിനാണ് വന്‍ ആഘാതമുണ്ടായത്. കര്‍ഷകരും കര്‍ഷകതൊഴിലാളികളും കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മറ്റുള്ളവരും സാങ്കേതിക വിദഗ്ധരും ഒറ്റക്കെട്ടായി ഈ ആഘാതം മറികടക്കുന്നതിനുള്ള അതിജീവനത്തിന്റെ പാതയിലാണിന്ന്. അതിവേഗമാണ് കേരളത്തില്‍ അതിജീവനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും
നടപ്പാക്കിയതും. നാല് മാസംകൊണ്ട് പഴയതെല്ലാം തിരിച്ചുപിടിക്കാനായില്ലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ വിജയകരമാക്കാന്‍ കഴിഞ്ഞുവെന്നുള്ളത് പ്രതീക്ഷ നല്‍കുന്നതാണ്. കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്
ആവിഷ്‌ക്കരിച്ചിട്ടുള്ള പുനര്‍ജ്ജനി പദ്ധതിയുടെ ബാനറിലാണ് ഏകോപന പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് മഹാപ്രളയത്തില്‍ 19100 കോടി രൂപയുടെ കാര്‍ഷിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.മൃഗസംരക്ഷണ മേഖലയിലും, ക്ഷീരമേഖലയിലും ഉണ്ടായ നഷ്ടംകൂടി കണക്കിലെടുത്താല്‍ കൃഷി ഉപജീവനമായ കേരളീയര്‍ക്ക് ഉണ്ടായ നഷ്ടം ഏകദേശം 30000 കോടിയിലധികം കവിയും. കൃഷിയിടം നഷ്ടപ്പെട്ടും മണ്ണൊലിപ്പ് മൂലവും ചതുപ്പുകളിലും വയലുകളിലും മണ്ണ് നിറഞ്ഞും പൂര്‍ണമായും കൃഷിയിടം നഷ്ടപ്പെട്ട അനേകം മേഖലകള്‍ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടായിട്ടുണ്ട്. ആലപ്പുഴ, തൃശ്ശൂര്‍, വയനാട്, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിട്ടുള്ളത്. വിത്തും വിളയും നശിച്ചവരും നഷ്ടപ്പെട്ടവരും ഒരുവേള പ്രതീക്ഷ നഷ്ടപ്പെട്ടവരായിരുന്നു. എന്നാല്‍ പ്രളയത്തിന്റെ കണക്കെടുപ്പിനൊപ്പം തന്നെ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി വിത്തും മറ്റ് ജീവനോപാധികളും നല്‍കുന്നതിന് വളരെയേറെ ശ്രദ്ധയുണ്ടായി. ഇതിന്റെ ഭാഗമായി നാല്‍ക്കാലികളുടെ വിതരണം, കോഴിക്കുഞ്ഞുങ്ങളുടെ വിതരണം, കാര്‍ഷിക വിളകളുടെ വിത്ത് വിതരണം തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍ഷകരിലെത്തിക്കാന്‍ സാധിച്ചു. ഈ വര്‍ഷത്തെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് 2018
ഡിസംബര്‍ 27 മുതല്‍ 30 വരെ തൃശ്ശൂരില്‍ വൈഗ എന്ന പേരില്‍ കൃഷി ഉന്നതിമേള നടക്കുന്നത്.കാര്‍ഷികമേഖലയുടെ പുനര്‍ജ്ജനി പ്രധാന വിഷയമാക്കി പ്രധാന വിളകളായ സുഗന്ധവ്യഞ്ജനങ്ങള്‍, പഴം പച്ചക്കറി, പുഷ്പകൃഷി എന്നീമേഖലകളെ ഫോക്കസ് ചെയ്താണ് പുനര്‍ജ്ജനി നടക്കുന്നത്. ജീവനോപാധികളെ അടിസ്ഥാനപ്പെടുത്തിയും കാര്‍ഷികമേഖലയുടെ പുനരധിവാസവും പ്രളയപശ്ചാത്തലവും പ്രളയംകൊണ്ട് കാര്‍ഷികമേഖലയില്‍ ഉണ്ടായ അനന്തര ഫലങ്ങളും എല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയാണ് വൈഗ കൃഷി ഉന്നതിമേള. കാര്‍ഷികമേഖലയിലെ വിദഗ്ധരും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരും ശാസ്ത്രജ്ഞരും എല്ലാം സമ്മേളിക്കുന്ന മേള എല്ലാംകൊണ്ടും സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരിനെ മൂന്ന് ദിവസമെങ്കിലും കാര്‍ഷിക തലസ്ഥാനമാക്കുമെന്നതില്‍ സംശയമില്ല. പ്രധാനമായും കാര്‍ഷികമേഖലയിലെ കര്‍ഷകര്‍ ആഗ്രഹിക്കുന്ന അവരുടെ പ്രതീക്ഷകളെക്കുറിച്ചാണ് ഈ പരമ്പര ചര്‍ച്ച ചെയ്യുന്നത്.
1) മികച്ച വിത്തിനങ്ങളുടെ ശേഖരണം കേരളത്തില്‍ ഓരോ കാര്‍ഷിക വിളയിലും പരമ്പരാഗതമായതും ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതുമായ നൂറുകണക്കിന് ഇനം വിത്തുകള്‍ കര്‍ഷകര്‍ സംരക്ഷിച്ചുപോന്നിരുന്നു. എന്നാല്‍ ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും മൂലം അപൂര്‍വമായ ഈ വിത്തിനങ്ങളില്‍ പലതും നശിച്ചു. വീണ്ടെടുക്കാനാവാത്ത വിധമാണ് പലതും നശിച്ചത്. പല വിത്തുകളും ഇനി ഒരിക്കലും തിരികെ ലഭിക്കാത്തവയുമാണ്. ഇത്തരം വിത്തുകളുടെ നഷ്ടമാണ് കാര്‍ഷികമേഖലയിലുണ്ടായ ഏറ്റവും പ്രധാന നഷ്ടം. സര്‍ക്കാരോ സര്‍ക്കാരിതര ഏജന്‍സികളോ നടത്തുന്ന കോടികളുടെ കണക്കെടുപ്പില്‍ ഇവ ഉള്‍പ്പെടാറില്ല. എന്നാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സമ്പത്ത് ഈ വിത്തുകളായിരുന്നു. നെല്‍വിത്തുകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി വിത്തുകള്‍, പഴവര്‍ഗ്ഗങ്ങളുടെ വിത്തുകള്‍ അങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട സകല മേഖലകളിലെയും വിത്ത് നഷ്ടം പരിഹരിക്കുന്നതിന് ഇനിയൊരു പതിറ്റാണ്ടെങ്കിലും വേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സര്‍ക്കാതിര ഏജന്‍സികളുടെ ഭാഗത്തുനിന്നും ഇതിനുള്ള ശ്രമം അടിയന്തിരമായി ഉണ്ടാകണം.ജില്ലാടിസ്ഥാനത്തിലും പഞ്ചായത്തടിസ്ഥാനത്തിലും പ്രാദേശിക അടിസ്ഥാനത്തിലും വിത്ത് രജിസ്റ്ററും വിത്ത് ബാങ്കും ഉണ്ടാക്കുന്നതിനും ഇനിയെങ്കിലും അവ നഷ്ടപ്പെടാതിരിക്കാന്‍ കരുതലായി വിത്ത് സംഭരണവും പ്രധാന അജണ്ടയായി നടപ്പിലാക്കേണ്ടതാണ്. എങ്കില്‍മാത്രമേ വരുംകാലങ്ങളിലാണെങ്കിലും പരമ്പരാഗതമായ ഈ അപൂര്‍വ്വയിനം വിത്തുകള്‍ നമുക്ക് വീണ്ടെടുക്കാനാകൂ.
2) ജൈവവൈവിധ്യ ശോഷണം പരിഹരിക്കല്‍ മഹാപ്രളയത്തെതുടര്‍ന്നും മണ്ണിടിച്ചിലിനെ തുടര്‍ന്നും ജൈവ വൈവിധ്യമേഖലയിലുണ്ടായ ശോഷണം വിവരിക്കാനാവാത്തതാണ്. വിത്തുകളുടെ നഷ്ടംപോലെ മണ്ണിന്റെ ഘടന മാറിയതും മേല്‍മണ്ണ് നഷ്ടമായും ചതുപ്പുകളില്‍ എക്കല്‍ അടിഞ്ഞും ഉണ്ടായ ജൈവശോഷണം കാര്‍ഷിക മേഖലയേയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. മലമ്പ്രദേശങ്ങളില്‍ നിത്യഹരിത വനങ്ങളടക്കം മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും ഇരയായതിനാല്‍ അവിടങ്ങളിലുണ്ടായ ജൈവവൈവിധ്യ നഷ്ടം താഴെ സമതലങ്ങളിലും നീര്‍ച്ചാലുകളിലും നീരുറവകളിലും വരെ ബാധിച്ചിരിക്കുകയാണ്.കുളങ്ങള്‍, പരമ്പരാഗത നീരുറവകള്‍ എന്നിവ ഇനി വീണ്ടെടുക്കണമെങ്കില്‍ കൂട്ടായ കഠിന പ്രയത്‌നം അത്യാവശ്യമാണ്. അപൂര്‍വ്വമായ സസ്യലതാതികള്‍, ജീവജാലങ്ങള്‍, ജന്തുക്കള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെല്ലാം ജൈവവൈവിധ്യ മേഖലയിലുണ്ടായ നഷ്ടങ്ങളാണ്. പല സ്ഥലത്തും ഇപ്പോഴും കണക്കെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. കൃഷിയിടങ്ങളില്‍ പോലും നിലനിന്നിരുന്ന ജൈവസമ്പത്ത് നശിച്ചതിനാല്‍ കര്‍ഷകരെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കാര്‍ഷിക വിളകളുടെ താളം തെറ്റിക്കുന്ന തരത്തിലാണ് ജൈവവൈവിധ്യശോഷണം ഉണ്ടായിട്ടുള്ളത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ശ്രമഫലമായി എല്ലാ പഞ്ചായത്തുകളിലും ജൈവവൈവിധ്യ രജിസ്റ്ററുകള്‍ ജനപങ്കാളിത്തത്തോടെ രൂപീകരിച്ചിരുന്നു. വീണ്ടും അതേ താല്‍പര്യത്തോടെ ഈ രജിസ്റ്ററുകള്‍ പരിശോധന നടത്തിസ്ഥലങ്ങളില്‍ വേണ്ട പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ ജൈവവൈവിധ്യശോഷണത്തിന്റെ ആഴം വ്യക്തമാകൂ. ഇതിനുള്ള നേതൃത്വം കൃഷിവകുപ്പുമായി ചേര്‍ന്ന് മറ്റു വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ ഉണ്ടായെങ്കില്‍ മാത്രമേ നഷ്ടമായ വൈവിധ്യം നമുക്ക് തിരിച്ചുപിടിക്കാനാകൂ.
3) വളര്‍ന്നുവരുന്ന കാര്‍ഷിക കൂട്ടായ്മകള്‍ കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി കണ്ട പുതിയ പ്രവണതയായിരുന്നു കാര്‍ഷിക മേഖലയിലേക്കുള്ള കൂടുതല്‍ ആളുകളുടെ തിരിച്ചുവരവ്. മഹത്തായ കാര്‍ഷിക പാരമ്പര്യം വീണ്ടെടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമം നടക്കുന്നതിനിടെയാണ് മഹാപ്രളയം ഉണ്ടായത്. വിത്തും വിളയും വിളവും നശിച്ച് നഷ്ടത്തിലായ കര്‍ഷകര്‍ വളരെ നിരാശിതരാണ്. ഇവരെ പഴയ രീതി യില്‍ കൂട്ടായ്മയിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ ഗൗരവകരമായ ഇടപെടലുകള്‍ അത്യാവശ്യമാണ്. ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍, സഹകരണ സംഘങ്ങള്‍, ഉല്‍പാദക കമ്പനികള്‍, സന്നദ്ധ സംഘടനകള്‍, സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയുടെയെല്ലാം സംയുക്തമായ ഏകോപനത്തോടുകൂടിയ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ കൂട്ടായ്മ വീണ്ടെടുക്കാനാകൂ. നെല്‍കൃഷി,പച്ചക്കറി കൃഷി, പാലുല്‍പാദനം, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം,വിപണനം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ ഏകോപനം അത്യാവശ്യമായി വന്നിരിക്കുകയാണ്. പുഷ്പകൃഷി, പഴംപച്ചക്കറി കൃഷിയിലുള്ള അനന്തസാധ്യകള്‍ തിരിച്ചറിഞ്ഞ് നൂതനമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു.കാര്‍ഷികമേഖലയിലുണ്ടായ ചില പദ്ധതികളുടെ പരാജയം പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. ദേശീയ അന്തര്‍ദ്ദേശീയ തലത്തിലുള്ള വിദഗ്ധരുടെ സൗജന്യസേവനം കൃഷിയിടത്തില്‍ ലഭ്യമാക്കണം. കേവലം സാമ്പത്തിക സബ്‌സിഡികള്‍ എന്നതില്‍നിന്നുപരിയായി സാങ്കേതികവും സാമ്പത്തികവുമായ സഹായമാണ് കര്‍ഷകന് ഇന്നാവശ്യം.
4) പ്രതീക്ഷ നല്‍കുന്ന ഉല്‍പാദക കമ്പനികള്‍
കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ പുത്തന്‍ പ്രതീക്ഷ നല്‍കുന്ന സംവിധാനമാണ് ഉല്‍പാദക കമ്പനികള്‍. നബാര്‍ഡിനു കീഴിലും അല്ലാതെ സ്വതന്ത്രമായും ഏകദേശം 200ഓളം ഉല്‍പാദക കമ്പനികള്‍ കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പകുതിയോളം കമ്പനികള്‍ക്കും നബാര്‍ഡ്
സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കുന്നുണ്ട്. കൃഷിയില്‍ നിന്നുള്ള ഉല്‍പാദനവും കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നുള്ള സംസ്‌ക്കരണവും മൂല്യവര്‍ദ്ധിത ഉല്‍പാദനവും അവയുടെ പാക്കിംഗും വിപണനവും കൃത്യമായ രീതിയില്‍ ചെയ്തുവരുന്നവയാണ് ഉല്‍പാദക കമ്പനികള്‍. കര്‍ഷകര്‍ തന്നെ ഓഹരി ഉടമകളാണെന്നതിനാല്‍ ലാഭത്തിന്റെ വിഹിതവും കര്‍ഷകരിലേക്ക് എത്തുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം കര്‍ഷകരും ഇന്ന് ഉല്‍പാദക കമ്പനികളില്‍ അംഗങ്ങളല്ല. ഉല്‍പാദക കമ്പനികളില്‍ അംഗങ്ങളായവര്‍പോലും യഥാര്‍ത്ഥത്തില്‍ ഇവയുടെ ഗുണം തിരിച്ചറിഞ്ഞിട്ടില്ല. ആയതിനാല്‍ നിലവിലുള്ള കമ്പനികളെ ഉത്തേജിപ്പിക്കുന്നതിനും കര്‍ഷകരായ ഓഹരി ഉടമകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു കമ്പനിപോലും ഇല്ലാത്ത പ്രദേശങ്ങളില്‍ പുതിയ കാര്‍ഷികോല്‍പാദക കമ്പനികള്‍ ആരംഭിക്കുന്നതിനും ശ്രമം ഉണ്ടാവണം.ഉല്‍പാദന വിപണന മേഖലയില്‍ വലിയൊരു ഇടപെടലും ഏകോപനവും നടത്താന്‍ സാധിക്കുന്നുവെന്നതിനാല്‍ ആത്യന്തികമായി കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കായിരിക്കും ഇതുകൊണ്ടുള്ള യഥാര്‍ത്ഥ പ്രയോജനം ലഭിക്കുക.

സി.വി.ഷിബു
2.875
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top