Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മൃഗ സംരക്ഷണം / വളർത്തു മത്സ്യങ്ങളിലെ നങ്കൂരപ്പുഴു (Anchor worm) ബാധ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വളർത്തു മത്സ്യങ്ങളിലെ നങ്കൂരപ്പുഴു (Anchor worm) ബാധ

വളർത്തു മത്സ്യങ്ങളിൽ വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് നങ്കൂരപ്പുഴു (Anchor worm) ബാധ

വളർത്തു മത്സ്യങ്ങളിൽ വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് നങ്കൂരപ്പുഴു (Anchor worm) ബാധ. മത്സ്യങ്ങളുടെ ശരീരത്തിൽ ചരടുപോലെ തൂങ്ങിക്കിടക്കുന്ന ഈ പരാദജീവികൾ യഥാർത്ഥത്തിൽ പുഴുക്കളല്ല, മറിച്ച് ആർത്രോപോഡ വിഭാഗത്തിൽപ്പെട്ട കോപ്പിപോഡുകൾ ആണ്. വെള്ള കലർന്ന പച്ചനിറത്തിലോ ചുവപ്പു നിറത്തിലോ ആണ് ഇവ കണ്ടുവരുന്നത്. നങ്കൂരം പോലുള്ള ഇവയുടെ ശിരസ്സ് മത്സ്യങ്ങളുടെ മാംസത്തിലും ആന്തരിക അവയവങ്ങളിലും തുളച്ച് കയറുന്നു. ബാധ ഉണ്ടായാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ ഡസൻ കണക്കിന് പരാദങ്ങൾ ഓരോ മീനിലും ഉണ്ടാവും. മറ്റ് മത്സ്യങ്ങളിലേയ്ക്കും പരാദബാധ അതിവേഗം വ്യാപിക്കും.

നങ്കൂരപ്പുഴു തുളഞ്ഞു കയറിയ ഭാഗത്ത് രക്തം വാർന്നൊഴുകുന്ന ധാരാളം മുറിവുകൾ ഉണ്ടാകുന്നു. മത്സ്യങ്ങൾ ആഹാരം സ്വീകരിക്കുന്നത് നന്നേ കുറയുകയും ഉന്മേഷക്കുറവുള്ളവയായി തീരുകയും ചെയ്യുന്നു. വ്രണങ്ങളിൽ ബാക്ടീരിയ ബാധയുണ്ടാവുകയും മത്സ്യങ്ങൾ ഒന്നൊന്നായി ചത്തുപോവുകയും ചെയ്യും. പരാദബാധയുള്ള മത്സ്യങ്ങൾ കട്ടിയായ പ്രതലങ്ങളിൽ നിരന്തരം ശരീരം ഉരസുന്നതായി കാണാം.

ഒട്ടുമിക്ക വളർത്തു മത്സ്യങ്ങളിലും നങ്കൂരപ്പുഴു ബാധ ഉണ്ടാവാറുണ്ടെങ്കിലും സിപ്രിനിഡെ കുടുംബത്തിലെ കട്ല, രോഹു, മൃഗാൾ, കോമൺകാർപ്പ്, ഫിംബ്രിയേറ്റസ് എന്നിവയിലാണ് വളരെ സാധാരണയായി കാണുന്നത്. അലങ്കാര മത്സ്യങ്ങളിൽ ഗോൾഡ് ഫിഷ്, കോയി എന്നിവയിലും നങ്കൂരപ്പുഴു ബാധ കൂടുതലായി കണ്ടുവരുന്നു.

അധിക തീറ്റ നൽകുന്നതോ ധാരാളം ജൈവ മാലിന്യങ്ങൾ ഉള്ളതോ ആയ കുളങ്ങളിലാണ് നങ്കൂരപ്പുഴു ബാധ കൂടൂതലായും ഉണ്ടാവുന്നത്. വർഷത്തിൽ ഏതു സമയത്തും ബാധ ഉണ്ടാവാമെങ്കിലും മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് പരാദ ബാധക്കുള്ള സാദ്ധ്യത കൂടുതൽ.

അക്വേറിയത്തിൽ നങ്കൂരപ്പുഴുബാധ തടയുന്നതിന് ഒന്നോ രണ്ടോ ടീ സ്പൂൺ കറിയുപ്പ് ചേർക്കുന്നത് ഫലപ്രദമായി കണ്ടിട്ടുണ്ട്. രോഗബാധ ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യങ്ങളെ പിടിച്ചെടുത്ത് പരാദങ്ങളെ ചവണകൊണ്ട് വലിച്ചശേഷം കത്രിക കൊണ്ട് മുറിച്ച് മാറ്റുക. നങ്കൂരപ്പുഴു തുളച്ചു കയറിയ ഭാഗത്തെ രക്തം വാർന്നൊഴുകിയ മുറിവുകളെ രോഗതീവ്രതയനുസരിച്ച് 10 മുതൽ 25 വരെ പി.പി.എം ഗാഢതയുള്ള പൊട്ടാസിയം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുക. എന്നാൽ വളർത്തു കുളങ്ങളിൽ ഈ രീതി പ്രായോഗികമല്ല.

കുളങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ ഒരു ടാങ്കിൽ പൊട്ടാസിയം പെർമാംഗനേറ്റ് ചേർത്ത ജലത്തിൽ മത്സ്യങ്ങൾ അസ്വസ്ഥത കാണിക്കും വരെ ഇട്ട് കുളത്തിലേയ്ക്ക് തിരികെ നിക്ഷേപിക്കുന്നത് രോഗാരംഭത്തിൽ ഫലപ്രദമാണ്. രണ്ട് ആഴ്ചയിലൊരിക്കൽ ഈ വിധത്തിൽ ചെയ്യേണ്ടിവരും. രോഗം ബാധിച്ച മത്സ്യങ്ങളെ കറിയുപ്പ് ചേർത്ത ജലത്തിൽ അല്പനേരം മുക്കിയ ശേഷം പൊട്ടാസിയം പെർമാംഗനേറ്റ് ലായനിയിൽ ഇട്ടതിനുശേഷം ശുദ്ധജലത്തിലേയ്ക്ക് മാറ്റുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.

നങ്കൂരപ്പുഴുവിന്റെ മുട്ടകളും മുട്ട വിരിഞ്ഞുണ്ടാവുന്ന ലാർവ്വകളും ജലത്തിലുണ്ടാവുമെന്നതിനാൽ കുളത്തിലെ ജലം മാറ്റി പുതുജലം നിറക്കാനും മാലിന്യങ്ങൾ പരമാവധി നീക്കം ചെയ്യാനും ശ്രദ്ധിക്കണം.

വെള്ളം മലിനപ്പെടാതിരിക്കാൻ ജലസ്ഥിരതയും നല്ല ഗുണമേന്മയുമുള്ള തീറ്റ മാത്രം ഉപയോഗിക്കണം. രോഗബാധയുള്ള കുളങ്ങളിൽ ഉപയോഗിക്കുന്ന വല, ബക്കറ്റ്, ഉപകരണങ്ങൾ എന്നിവ മറ്റ് കുളങ്ങളിൽ ഉപയോഗിക്കുന്നത് രോഗം വ്യാപിക്കാൻ ഇടയാക്കും. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുമ്പ് കുളത്തിന്റെ അടിത്തട്ട് ഉഴുത് വെയിലത്ത് നന്നായി ഉണക്കുന്നത് രോഗബാധ ചെറുക്കുന്നതിന് ഉത്തമമാണ്.
- കെ. ജാഷിദ് -
Source : facebook
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top