অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പന്നി വളര്‍ത്തല്‍ - വ്യാവസായികാടിസ്ഥാനത്തില്‍

പന്നി വളര്‍ത്തല്‍ - വ്യാവസായികാടിസ്ഥാനത്തില്‍

ആമുഖം

കേരളത്തിലെ ജനങ്ങളിൽ 90 ശതമാനം പേരും സസ്യേതര വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പണ്ടുകാലം മുതലേ ആടുമാടുകളുടെയും പന്നിയുടെയും മാംസം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വ്യാവസായികാടിസ്ഥാനത്തിൽ മാംസോത്പാദനം നടത്തുന്നത് ഇന്ത്യയിൽ ഏറെ ആദായകരമായ ബിസിനസാണ്. ആഗോളതലത്തിൽ മികച്ച രീതിയിൽ മാംസത്തിനായി വളർത്താവുന്ന ഒട്ടേറെ പന്നിയിനങ്ങളുണ്ട്. ഇതിൽ, ഇന്ത്യയുടെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ ഏറെ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് പന്നിവളർത്തൽ സമൂഹത്തിൽ അത്ര മതിപ്പില്ലാത്തതായി പരിഗണിച്ചിരുന്നു. താഴെയ്ക്കിടയിലുള്ള ആളുകളാണ് ഇത് തൊഴിലായി സ്വീകരിച്ചിരുന്നത് എന്ന തോന്നലാണ് ഇതിനുകാരണം. എന്നാൽ, ഈ

സാഹചര്യങ്ങൾക്ക് ഇന്ന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യാവസായികാടിസ്ഥാനത്തിലുള്ള പന്നിവളർത്തലിന് ഇന്ന് സമൂഹത്തിലെ എല്ലാത്തരം ആളുകളും മുന്നോട്ടുവരുന്നു. മികച്ച വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ ആധുനിക ഫാമുകളിൽ ശാസ്ത്രീയരീതിയിൽ പന്നികളെ വളർത്താൻ തയാറാകുന്നുണ്ട്. ചൈന, റഷ്യ, അമേരിക്ക, ബ്രസീൽ, പടിഞ്ഞാറൻ ജർമ്മനി എന്നിവയാണ് ലോകത്തിൽതന്നെ ഏറ്റവുമധികം പന്നികളെ വളർത്തുന്നത്. ഇന്ത്യയുടെ കാര്യത്തിൽ കേരളമാണ് ഏറ്റവുമധികം പന്നിമാംസം ഭക്ഷിക്കുന്നത്. പുരയിടത്തിൽ വളർത്തുന്നതിനു പുറമെ ചെറുകിട, ഇടത്തരം പന്നിവളർത്തൽ യൂണിറ്റുകൾ കേരളത്തിൽ ആദായകരമായി നടത്തിക്കൊണ്ടുപോകുന്നുണ്ട്.

പന്നിവളർത്തലിന്‍റെ നേട്ടങ്ങൾ

മറ്റ് ഏത് മൃഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും എളുപ്പത്തിൽ വളരുന്നവയാണ് പന്നികൾ. ഉയർന്ന തീറ്റപരിവർത്തന ശേഷിയാണ് പന്നികളുടെ ഒരു ഗുണം. തിന്നുന്ന തീറ്റ ശരീരത്തിൽ മാംസമാക്കി മാറ്റുന്നതിനുള്ള കഴിവാണിത്. ചെടികൾ, പുല്ല്, ധാന്യങ്ങൾ, മില്ലുകളിൽനിന്നുള്ള ഉപോത്പന്നങ്ങൾ, കേടായ ഭക്ഷ്യവസ്തുക്കൾ, ചവറ് എന്നു തുടങ്ങി എന്തും പന്നികൾ ആഹാരമാക്കും. വളരെയെളുപ്പത്തിൽ വളരുമെന്നതുപോലെ എട്ട് മുതൽ ഒൻപത് മാസത്തിനുള്ളിൽ ഒരു പന്നിയെ ഇണചേർക്കാം. വർഷത്തിൽ രണ്ടുപ്രാവശ്യം ഇവ പ്രസവിക്കും. ഓരോ പ്രസവത്തിലും എട്ടു മുതൽ 12 വരെ കുഞ്ഞുങ്ങളുണ്ടാകും.

പന്നികളെ വളർത്തുന്നത് എളുപ്പമാണ്. അധിക മൂലധനമോ മുതൽമുടക്കോ ഇല്ലാതെതന്നെ ഇവയ്ക്കുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും സാധിക്കും. ശരീര തൂക്കത്തിന്‍റെ ഭൂരിഭാഗവും ഭക്ഷ്യയോഗ്യമാണ് എന്നതാണ് മറ്റൊരു കാര്യം. അറുപത് മുതൽ എൺപത് വരെ ശതമാനം മാംസവും ഭക്ഷിക്കാനാകും. പന്നിമാംസ്യം ഏറ്റവും പോഷക സമൃദ്ധവും രുചികരവുമായ മാംസമാണ്. ഇതിൽ ഉയർന്ന തോതിൽ കൊഴുപ്പും ഊർജ്ജവും ഉണ്ട്. ജലാംശം കുറവാണ്.

ഇവയുടെ കാഷ്ഠം ചെടികൾക്ക് വളമായി ഉപയോഗിക്കുന്നുണ്ട്. എല്ലാത്തരം വിളകൾക്കും വളമായും മീനുകൾക്ക് തീറ്റയായും നല്കാം. പന്നികളുടെ കൊഴുപ്പ് പന്നികളുടെ തീറ്റയിലും പെയിന്റുകളിലും സോപ്പിലും രാസവ്യവസായങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ആവശ്യകത ദിനംപ്രതി ഉയർന്നുവരികയാണ്. പന്നികൾ മുടക്കുമുതലിന് അനുസൃതമായി ആദായം നല്കിക്കൊണ്ടേയിരിക്കും. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്നുതന്നെ ഇവയെ മാംസത്തിനായി ഉപയോഗിക്കാം. ഏഴു മുതൽ എട്ടു മാസം പ്രായമാകുമ്പോൾത്തന്നെ ഇവയ്ക്ക് 70 മുതൽ 100 കിലോ വരെ ഭാരമുണ്ടായിരിക്കും. ആഭ്യന്തര വിപണിയിൽ പന്നിമാംസത്തിന് മികച്ച ഡിമാൻഡുണ്ട്. ബേക്കൺ, ഹാം, പോർക്ക് സോസേജ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾ വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാനും സാധ്യതകളുണ്ട്.

സ്വന്തമായി ഭൂമിയില്ലാത്തവർക്കും ചെറുകിട കർഷകർക്കും ജോലിയില്ലാത്തതും വിദ്യാഭ്യാസമുള്ളതുമായ ചെറുപ്പക്കാർക്കും ഗ്രാമീണ വനിതകൾക്കും പന്നിവളർത്തൽ മികച്ച വരുമാനമാർഗമാക്കാവുന്നതാണ്. ചുരുക്കത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ പന്നികളെ വളർത്തുന്നത് മികച്ച ആദായം നല്കുന്നതും രാജ്യത്തിന് മികച്ച വരുമാനമുണ്ടാക്കിക്കൊടുക്കുന്നതുമാണ്.

പന്നി ഫാമുകൾ

സാങ്കേതികവിദ്യയിൽ മികച്ച വളർച്ചയുണ്ടായതോടെ കുറഞ്ഞ സൗകര്യത്തിൽ കൂടുതൽ പന്നിമാംസം ഉത്പാദിപ്പിക്കാൻ കഴിയും. വ്യത്യസ്ത ഉപയോഗത്തിനായി വിവിധ തരത്തിൽ പന്നികളെ വളർത്താം. സാധാരണയായി കേരളത്തിന് യോജിക്കുന്ന മൂന്ന് രീതികളാണ്

 1. ഫാറ്റനിംഗ് യൂണിറ്റ് - മാംസത്തിനായി പന്നികളെ വളർത്തുന്ന യൂണിറ്റുകൾ
 2. ബ്രീഡിംഗ് യൂണിറ്റ് - കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകൾ
 3. പന്നിക്കുഞ്ഞുങ്ങളെ മാംസത്തിനായി വളർത്തുന്നതിന് ലഭ്യമാക്കുന്ന യൂണിറ്റുകൾ.

ഓരോ പ്രദേശത്തെയും അടിസ്ഥാനസൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും കണക്കിലെടുത്തുവേണം പന്നിവളർത്തൽ യൂണിറ്റുകൾ തെരഞ്ഞെടുക്കാൻ. എത്രമാത്രം പണം മുടക്കാൻ കഴിയും, തൊഴിലാളികളെ ലഭ്യമാണോ, സ്ഥലം ലഭ്യമാണോ, ഗതാഗത സൗകര്യം, പന്നികളെ കൈകാര്യം ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം. സാമൂഹിക, പാരിസ്ഥിതിക കാര്യങ്ങൾ പ്രത്യേകം കണക്കിലെടുക്കണം.

ഭക്ഷണാവശിഷ്ടങ്ങൾ എളുപ്പത്തിൽ ലഭ്യമാകുകയും കൈകാര്യം ചെയ്യാൻ അധികസൗകര്യങ്ങൾ ലഭ്യമല്ലാതിരിക്കുന്ന സാഹചര്യവുമാണെങ്കിൽ മാംസത്തിനായി മൃഗങ്ങളെ വളർത്തുന്നത് തെരഞ്ഞെടുക്കാം. അറുപത് ദിവസം പ്രായമായ പന്നിക്കുഞ്ഞുങ്ങളെ വേണം ഇത്തരം യൂണിറ്റുകളിൽ വളർത്തുന്നതിനായി തെരഞ്ഞെടുക്കേണ്ടത്. പേരെടുത്ത ഫാമുകളിൽനിന്ന് വേണം കുഞ്ഞുങ്ങളെ കണ്ടെത്താൻ. ആറു മാസത്തിനുള്ളിൽ നൂറു മുതൽ 120 കിലോ വരെ ഭാരമെത്തുന്ന ഇനങ്ങളെ വേണം വളർത്താൻ.

വിവിധതരം പന്നിയിനങ്ങൾ

ഏറ്റവും മികച്ച ഇനം ഏത് എന്നാണ് സാധാരണഗതിയിൽ കർഷകർ ചോദിക്കുന്ന ആദ്യ ചോദ്യം. എന്നാൽ, ഓരോന്നിനും ഓരോ സവിശേഷ ഗുണങ്ങളുണ്ട്. ഇവയുടെ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് സ്വന്തം ആവശ്യത്തിന് അനുയോജ്യമായത് ഏത് എന്ന് കർഷകർ തിരിച്ചറിയണം.

വിവിധ ഇനങ്ങളുടെ സവിശേഷതകൾ പരിചയപ്പെടാം.

 • ലാൻഡ്റേയ്സ്

സാധാരണയായി ഫാമുകളിൽ വളർത്തുന്ന വെളുത്ത നിറമുള്ള ഇനമാണിത്. നീളത്തിൽ താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള ചെവികളും ചെറിയ തലയുമാണ് ഇവയ്ക്ക്. കഴുത്തും ഉടലും നീളമുള്ളതും മുൻകാലുകളുടെ തോൾ ഭാഗത്ത് വണ്ണം കുറഞ്ഞവയുമായിരിക്കും. വശങ്ങൾക്ക് വീതി കൂടിയും പിൻഭാഗത്ത് വീതി കുറഞ്ഞുമിരിക്കും. കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള കഴിവും ഉയർന്ന തീറ്റപരിവർത്തനശേഷിയും ഇതിന്റെ പ്രത്യേകതകളാണ്. ഇവയ്ക്ക് പല രോഗങ്ങൾക്കെതിരേയും പ്രതിരോധശേഷിയില്ല.

 • ലാർജ് വൈറ്റ് യോക്ക് ഷെയർ

വെളുത്ത മാംസമാണ് ഇവയ്ക്ക്. ഇടത്തരം വലിപ്പത്തിലുള്ള പകുതി മാത്രം നിവർന്നു നിൽക്കുന്ന ചെവികളും ചുരുണ്ട വാലും മുന്നോട്ട് ആഞ്ഞതുപോലെയുള്ള ശരീരവുമാണ്. മുഖത്തിന് ലാൻഡ്റേയ്സിന്റെയത്ര നീളമില്ല. വളരെ വേഗം വളരുന്നതും നല്ല രീതിയിൽ തീറ്റപരിവർത്തനശേഷിയുള്ളതും ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാകുന്നതും കുഞ്ഞുങ്ങളെ കാര്യമായി പാൽ കൊടുത്ത് വളർത്താൻ ശേഷിയുള്ളവയുമാണ് ഇവ. ഇവയുടെ മാംസം ബേക്കൺ നിർമിക്കാൻ നല്ലതാണ്. ഇവയെ കൂട്ടിൽ വളർത്താൻ നല്ലതാണെങ്കിലും ചെളിയും അഴുക്കിലും ഇവ നന്നായി വളരില്ല.

 • ഹാംഷയർ

കറുത്ത നിറത്തിലുള്ള ഇനമാണ്. ഇവയുടെ തോൾഭാഗത്തായി മുൻകാലുകൾ മൂടുന്ന രീതിയിൽ വെളുത്തനിറമുണ്ടാകും. ഇവ വലിപ്പത്തിൽ ചെറുതും ശക്തമായ കുറുകിയ കാലുകളുള്ളതും നിവർന്ന ചെവിയുള്ളതുമാണ്. ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാകുന്നതും നന്നായി കുഞ്ഞുങ്ങളെ നോക്കുന്നവയുമാണിത്. നല്ല രീതിയിൽ തൂക്കം വർദ്ധിക്കുന്നതിനും അധികകൊഴുപ്പില്ലാത്ത മാംസം ലഭ്യമാക്കുന്നതിനും ഈയിനം നല്ലതാണ്.

 • ബെർക്ക് ഷെയർ
 • കറുത്തനിറത്തിൽ ശരീരത്തിൽ ആറിടത്ത് വെളുത്ത പാടുകളുള്ള ഇനമാണിത്. വീതിയുള്ള കുറുകിയ മുഖവും നീളം കുറഞ്ഞ മൂക്കും ഇടത്തരം വലിപ്പത്തിൽ നിവർന്നു നിൽക്കുന്ന ചെവിയുമാണ് ഇവയ്ക്ക്. നീളമേറിയതും ഇടത്തരം ശരീരവലിപ്പവുമുള്ള ബർക്ക്ഷെയറിന് മുന്നോട്ട് ആഞ്ഞത് പോലെയുള്ള ശരീരപ്രകൃതിയാണ്. ഇവയുടെ മാംസം ഒന്നാന്തരമാണ്. എന്നാൽ, അധികം കുഞ്ഞുങ്ങളുണ്ടാവുകയില്ല. തീറ്റപരിവർത്തനശേഷിയിലും ദിവസേന തൂക്കം വർദ്ധിക്കുന്ന കാര്യത്തിലും പിന്നോക്കമാണ്.
 • ഡ്യൂറോക്

മാംസത്തിനായി വളർത്തുന്ന ചുവപ്പ് നിറത്തിൽ ചെറിയ മുന്നോട്ട് വളർന്നുനിൽക്കുന്ന ചെവികളോടു കൂടിയവയാണ് ഈയിനം. ചെവി മൂന്നിൽ രണ്ട് ഭാഗം നിവർന്നും മൂന്നിൽ ഒരു ഭാഗം തൂങ്ങിയുമിരിക്കും. ശരീരത്ത് അവിടെവിടെയായി കറുത്ത പാടുകൾ കാണാം. മികച്ച ശരീരഘടനയും ശക്തമായ കാലുകളുമുള്ള ഈയിനം വളരെ വേഗം വളരും. ചെളിയും അഴുക്കും നിറഞ്ഞ സാഹചര്യത്തോട് ഇണങ്ങി വളരുന്നവയാണ്. രോഗങ്ങളോട് മികച്ച പ്രതിരോധശേഷിയുണ്ട്. കൂടുതൽ കുട്ടികളുണ്ടാകുന്ന ഈയിനം കുട്ടികളെ നന്നായി നോക്കും, അതുകൊണ്ടുതന്നെ ബ്രീഡിംഗിനായി ഉപയോഗിക്കാം. ഗുണമേന്മയുള്ള മാംസം, ദിവസേന തൂക്കം വർദ്ധിപ്പിക്കാനുളള കഴിവ്, തീറ്റപരിവർത്തനശേഷി എന്നിവ പ്രത്യേകം എടുത്തുപറയണം.

പരിതസ്ഥിതിയും ജനിതകപ്രത്യേകതകളുമാണ് പന്നികളുടെ പ്രകടനത്തെ നിശ്ചയിക്കുന്നത്. ആഹാരം, കൂട്, ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധ, കാലാവസ്ഥ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് എഴുപത് ശതമാനം വളർച്ചയേയും നിശ്ചയിക്കുന്നത്. 30 ശതമാനം ജനിതകഘടകങ്ങൾക്ക് പ്രാധാന്യമുണ്ട്.

കൂട്

പന്നികളുടെ ഉത്പാദനത്തിൽ കൂട് വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ രീതിയിൽ നിർമിച്ചവയാവണം പന്നിക്കൂടുകള്‍. വലിയ പന്നികൾക്ക് സൗകര്യപ്രദമായി കഴിയാനുള്ള സ്ഥലസൗകര്യം ഉണ്ടാവാൻ പ്രത്യേകം (ശദ്ധിക്കണം. ഓരോ പന്നികൾക്കും സ്വതന്തമായി വസിക്കുന്നതിനും തൊഴിലാളികൾക്ക് സൗകര്യപ്രദമായി അവയെ പരിചരിക്കുന്നതിനും ആരോഗ്യവും ശുചിത്വവും നിലനിർത്തുന്നതിനും സൗകര്യം വേണം. പന്നിക്കാഷ്ഠം ശരിയായ രീതിയിൽ സംസ്കരിക്കാൻ പ്രത്യേകസൗകര്യം വേണം.

കാലാവസ്ഥയിലെ വലിയ വ്യതിയാനങ്ങൾ പന്നികളെ ബാധിക്കും. പന്നിക്കൂടിനുള്ളിലെ കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ പന്നികൾക്ക് ശ്വാസകോശ, ആമാശയ രോഗങ്ങളുണ്ടാകാൻ ഇടയാക്കും. അത് പന്നികളുടെ വളർച്ചയേയും ബാധിക്കും. ഗുണമേന്മയില്ലാത്ത കൂടുകൾ തീറ്റപരിവർത്തന ശേഷി, തൂക്കത്തിലുള്ള ദൈനംദിന വർദ്ധന എന്നിങ്ങനെയുള്ള കാര്യങ്ങളേയും ബാധിക്കാം. കൂടുകളുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്തോ ഗാൽവനൈസ്ഡ് അയൺ (ജിഐ) പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ചതോ ആവണം. തറ കോൺക്രീറ്റ് ഉപയോഗിച്ചുള്ളതും മൺനിരപ്പിൽ നിന്ന് ഒരടി ഉയരത്തിലുമുള്ളതുമായിരിക്കണം. തറയ്ക്ക് രണ്ട് ശതമാനം ചെരിവുണ്ടായിരിക്കാൻ ശ്രദ്ധിക്കുക. വശത്തിലെ ഭിത്തികൾക്ക് 1.2 മീറ്റർ എങ്കിലും ഉയരമുണ്ടായിരിക്കണം. ചൂട് പരമാവധി കുറയ്ക്കാൻ കോറുഗേറ്റഡ് ജിഐ പൈപ്പ്, ആബസ്റ്റോസ് തുടങ്ങിയവ ഉപയോഗിച്ചു വേണം മേൽക്കൂര നിർമ്മിക്കാൻ. കൂട്ടിൽ നിന്നുള്ള അഴുക്കുചാൽ ബയോഗ്യാസ് ടാങ്കിലേയ്ക്ക് വേണം തുറക്കാൻ. കൂട്ടിലെ തുറന്നു കിടക്കുന്ന ഭാഗങ്ങൾ നൈലോൺ നെറ്റ് ഉപയോഗിച്ച് മറയ്ക്കണം.

പന്നിക്കൂട് ഏത് ദിശയിൽ വേണം നിർമിക്കാൻ?

പന്നിക്കൂടിന്‍റെ മുൻവശം കിഴക്കോട്ടും പിൻവശം പടിഞ്ഞാറോട്ടും വേണം നിർമിക്കാൻ. ഇത് പന്നികൾക്ക് അധികം വെയിലേൽക്കാതിരിക്കാനും തുല്യമായ രീതിയിൽ സൂര്യപ്രകാശം ലഭ്യമാക്കുന്നതിനും സഹായിക്കും. മറ്റ് ദിശയിലേയ്ക്ക് നിർമ്മിക്കുന്ന കൂടുകളിൽ ദിവസത്തിൽ ചില സമയങ്ങളിൽ അസഹ്യമായ ചൂട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ശരിയായ രീതിയിൽ വായു സഞ്ചാരം ഉറപ്പാക്കുന്നതായിരിക്കണം കൂടുകൾ. കൂട്ടിനുള്ളിലേയ്ക്ക് ശുചിയായ വായു കടന്നു ചെല്ലാനും ഉള്ളിലെ വായു പുറത്തേയ്ക്ക് പോകാനും സൗകര്യമുണ്ടായിരിക്കണം. കൂട്ടിൽനിന്നുള്ള ദുർഗന്ധം പുറത്തേയ്ക്ക് പോകുന്നതിന് കൃത്യമായ വെന്റിലേഷൻ സഹായിക്കും. കൂട്ടിലെ ഈർപ്പവും ചൂടും കുറയ്ക്കുന്നതിനും വെന്റിലേഷൻ ആവശ്യമാണ്.

കൂടുകൾ വ്യത്യസ്തരീതികളിലുള്ള വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിൽ നിർമിക്കാം. സ്വാഭാവികമായ രീതിയിലുള്ള വായുസഞ്ചാരം കാറ്റിനെ ആശ്രയിച്ചാണ്. ഒരു വശത്തുനിന്ന് ഉള്ളിലേയ്ക്ക് കടക്കുന്ന വായു മുകളിലേയ്ക്ക് വലിച്ചെടുത്ത് പുറത്തേയ്ക്ക് പോകും. എന്നാൽ, ഇവിടെ വായുസഞ്ചാരം സാവകാശത്തിലാകും. ഫാൻ ഉപയോഗിച്ചാൽ കൂട്ടിനുള്ളിലെ ചൂട് കുറച്ചു നിർത്താൻ സാധിക്കും. തുടർച്ചയായ വായുപ്രവാഹം ഉറപ്പാക്കാൻ പല ദിശയിലേയ്ക്ക് കറങ്ങുന്നതരം ഫാനുകളും ടർബൈനുകളും ഉപയോഗിക്കാം.

പന്നിക്കൂടുകൾ ഒരിക്കലും അടുത്തടുത്തായി നിർമിക്കരുത്. നല്ല വെന്റിലേഷനുകളോടെ പത്ത് മുതൽ പതിനഞ്ച് മീറ്റർ വരെ അകലം വേണം കൂടുകൾ തമ്മിൽ. എന്നാൽ, ഭൂമിയുടെ ഉയർന്ന വില പരിഗണിക്കുമ്പോൾ ഇത് പലപ്പോഴും പ്രായോഗികമല്ല. കൂടുകൾക്ക് ഇടയിലുള്ള സ്ഥലത്ത് മരങ്ങൾ നട്ടുവളർത്തുന്നത് പാരിസ്ഥിതികമായ തുലനത്തിനും ചൂട് കുറയ്ക്കുന്നതിനും സഹായിക്കും.

പന്നിക്കൂട്ടിലെ ഉപകരണങ്ങൾ

തീറ്റപ്പാത്രം

തറയിലോ അൽപ്പം ഉയരത്തിലോ തീറ്റപ്പാത്രങ്ങൾ നിർമിക്കാം. ജിഐ, സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ കൊണ്ടും പാത്രങ്ങൾ നിർമിക്കാം. എന്നാൽ തറനിരപ്പിൽ നിർമ്മിക്കുമ്പോൾ കോൺക്രീറ്റിൽ നിർമ്മിച്ച തീറ്റസ്ഥലങ്ങളാണ് സാധാരണ ഉപയോഗിക്കുന്നതും നീണ്ടുനിൽക്കുന്നതും. പന്നികൾക്ക് കയറിക്കിടന്ന് തീറ്റ അഴുക്കാക്കാൻ കഴിയാത്ത രീതിയിൽ വേണം തീറ്റസ്ഥലം നിർമിക്കാൻ. ഏകദേശം നാൽപ്പത് സെന്റീമീറ്റർ നീളവും നാൽപ്പത് സെന്റീമീറ്റർ വീതിയും 15 സെന്റീമീറ്റർ ഉയരവും ഉള്ളതായിരിക്കണം തീറ്റപ്പാത്രം. നീളം കൂടിയ ശരീരമുള്ള പെൺപന്നികൾക്ക് ഉയരത്തിലാണ് തീറ്റപ്പാത്രം സ്ഥാപിക്കുന്നത്. അവയുടെ തല പാത്രത്തിന്‍റെ അടിഭാഗം വരെ കടത്താൻ കഴിയുന്ന രീതിയിൽ സജ്ജീകരിക്കുന്നതിനാൽ സ്ഥലം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. അതുവഴി ചെലവും കുറയ്ക്കാം.

തീറ്റ പാഴാക്കിക്കളയാത്ത രീതിയിൽ വേണം ഇവ നിർമ്മിക്കാൻ. സ്വയമേവ പ്രവർത്തിക്കുന്ന സംവിധാനത്തിൽ തീറ്റയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ശക്തമായതും ദീർഘകാലം നീണ്ടുനിൽക്കുന്നതും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതുമായിരിക്കണം. ആവശ്യത്തിന് തീറ്റ ഉൾക്കൊള്ളാൻ തീറ്റപ്പാത്രങ്ങൾക്ക് കഴിയണം.

കുടിവെള്ളം

പന്നികളുടെ ശരീരത്തിൽ 42 മുതൽ 74 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുണ്ട്. തീറ്റയിൽ നിന്ന് നാലു ശതമാനം ജലാംശവും ഉപാപചയ പ്രവർത്തനങ്ങൾ വഴി 19 ശതമാനവും കുടിവെള്ളത്തിലൂടെ 77 ശതമാനവും ജലം ശരീരത്തിൽ ലഭ്യമാകുന്നു. തീറ്റയ്ക്കൊപ്പമോ പ്രത്യേകമായോ കുടിവെള്ളം നല്കാം. തീറ്റപ്പാത്രത്തിൽ ഒഴിച്ചോ പ്രത്യേക പാത്രത്തിൽ നിറച്ചോ സ്വയം പ്രവർത്തിക്കുന്ന നിപ്പിൾ സംവിധാനം വഴിയോ വെള്ളം നല്കാം. സാധാരണയായി മികച്ച രീതിയിൽ ജലം ലഭ്യമാക്കാൻ നിപ്പിൾ സംവിധാനമാണ് നല്ലത്.

വിവിധ പ്രായത്തിലുള്ള പന്നികള്‍ക്ക് തൂക്കത്തിന് അനുസരിച്ച് പരുഷാഹാരം നല്‍കുന്നതിന്‍റെ അളവ്

പന്നിയുടെ തൂക്കം (കിലോയില്‍)

പ്രതിദിനം ഒരു പന്നിക്ക് നല്‍കേണ്ട അളവ്

25

2.0

50

3.2

100

5.3

150

6.8

200

7.5

250

8.3

ജൈവസുരക്ഷാ സംവിധാനങ്ങൾ

ഉയർന്ന ആരോഗ്യസ്ഥിതി നിലനിർത്തുന്നതിനായി പന്നിഫാമുകളിൽ പുറമേ നിന്നുളള മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രവേശനം കുറിയ്ക്കണം. ജൈവ സുരക്ഷാ പ്രതിരോധം എന്നാണ് ഇത് അറിയപ്പെടുന്നത്.

തീറ്റ

കന്നുകാലികളെ അപേക്ഷിച്ച് പന്നികൾക്ക് അധിക നാരടങ്ങിയ തീറ്റ ദഹിപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ എളുപ്പത്തിൽ ദഹിക്കുന്ന കട്ടിയാഹാരം നല്കണം. തീറ്റയിൽ ചേർക്കുന്ന എല്ലാ ധാന്യങ്ങളും പൊടിച്ചാണ് ചേർക്കേണ്ടത്. ശരിയായ രീതിയിലുള്ള തീറ്റ നൽകുന്നത് പന്നി വളർത്തലിലെ ലാഭത്തെ നിശ്ചയിക്കും. പന്നിക്കുഞ്ഞുങ്ങൾക്കും വളരുന്ന പ്രായത്തിലുള്ളവയ്ക്കും പ്രായപൂർത്തിയായവയ്ക്കും പ്രത്യേക തീറ്റക്രമമാണ് വേണ്ടത്. ഇതിന്‍റെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പട്ടികയിൽ കൊടുത്തിരിക്കുന്നു.

മാംസത്തിനായി വളർത്തുന്ന പന്നികൾക്ക് ഹോട്ടൽ അവശിഷ്ടങ്ങളും കോഴിയുടെ അവശിഷ്ടങ്ങളും കൊടുക്കുന്ന രീതി കേരളത്തിൽ ഉണ്ട്. ഹോട്ടൽ അവശിഷ്ടങ്ങളിൽനിന്നും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പ്രത്യേകമായി വേർതിരിച്ചതിനു ശേഷം വേണം പന്നികൾക്ക് നല്കാൻ. കോഴി അവശിഷ്ടങ്ങൾ വേവിച്ചതിനുശേഷം മാത്രം നല്കുക. പന്നികളുടെ പ്രായവും വലിപ്പവും അനുസരിച്ചാണ് ഇത്തരം തീറ്റകൾ എത്രമാത്രം നല്കണമെന്ന് തീരുമാനിക്കുന്നത്. ഇത്തരം അവശിഷ്ടങ്ങൾ കൊടുക്കുമ്പോൾ കട്ടിയാഹാരത്തിന്റെ അളവ് കുറയ്ക്കാം. ശരീരത്തിന് ആവശ്യമായ ധാതുക്കൾ ലഭ്യമാക്കുന്നതിനാണിത്. പന്നികൾക്ക് തുടക്കത്തിൽ സ്റ്റാർട്ടർ തീറ്റയും പിന്നീട് ഭക്ഷ്യാവശിഷ്ടങ്ങളും നല്കി ശീലിപ്പിക്കുന്നതാണ് നല്ലത്.

വിവിധ പ്രായത്തിലുളള പന്നികൾക്ക് തീറ്റയിൽ ചേർത്തുകൊടുക്കേണ്ട പോഷകങ്ങളുടെ അളവ്

പോഷകങ്ങൾ (ശതമാനം)

മുലകുടി മാറുന്ന പ്രായംവരെ

ഗ്രോവർ തീറ്റ


ഫിനിഷർ തീറ്റ

 

പിണ്ണാക്ക്

16-18

 

14-16

13-14

 

മൃഗപോഷകം

8-10

 

4

2

ധാന്യങ്ങൾ (ശീമച്ചോളം, അരിച്ചോളം, തിന, മറ്റ് ധാന്യങ്ങൾ)

60-65

50-55

 

40-50

ഗോതമ്പുതവിട്/അരിത്തവിട്

5

10

20

ലൂസറീൻ മീൽ ലഭ്യമാണെങ്കിൽ

 

5-8

 

 

ധാതുക്കളുടെ കൂട്ട്

0.5

 

0.5

 

0.5

 

ആന്റിബയോട്ടിക് ചേരുവ (മില്ലിഗ്രാമിൽ)

40

20

10

 

 

പന്നിവളർത്തലിന് സാങ്കേതിക സഹായവുമായി എംപിഐ

പന്നിവളർത്തലിൽ കർഷകർക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് കേന്ദ്രസർക്കാർ ശാസ്ത്രീയമായ രീതിയിൽ പന്നിവളർത്തലിന് പഞ്ചവത്സര പദ്ധതിയിൽ പ്രോത്സാഹനം നല്കിയിരുന്നു. ഇതിന്റെ ഭാഗമായി എട്ട് ബേക്കൺ ഫാക്ടറികൾ സ്ഥാപിക്കുകയും ഗ്രാമീണമേഖലകളിൽ പന്നികളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് നടപടികളെടുക്കുകയും ചെയ്തു.

ഇതോടനുബന്ധിച്ച് കാർഷികമേഖലയിലെയും അനുബന്ധരംഗങ്ങളിലേയും കുറഞ്ഞ വളർച്ച കണക്കിലെടുത്ത് ദേശീയ വികസന കൗൺസിൽ (എൻഡിസി) പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതിനായി അധിക കേന്ദ്രസഹായ പദ്ധതി (ആർകെവിവൈ) നടപ്പിലാക്കിയിരുന്നു. കന്നുകാലി വളർത്തലിനും ആടുവളർത്തലിനും പന്നിവളർത്തലിനും പരിശീലനം നൽകുന്നതിനും ഈ രംഗത്തെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുമെല്ലാം ഇതിൽ പദ്ധതികൾ നിർദ്ദേശിച്ചിരുന്നു.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൂത്താട്ടുകുളത്തെ ബേക്കൺ ഫാക്ടറി ഇപ്പോൾ അറിയപ്പെടുന്നത് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് (എംപിഐ) എന്നാണ്. വിവിധതരം മാംസം ഉത്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി ഇത് പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ആർകെവിവൈയുടെ കീഴിൽ പന്നി വളർത്തൽ പദ്ധതികൾ എംപിഐ നടപ്പിലാക്കിയിരുന്നു. 2014-15 വർഷത്തിലെ പദ്ധതിയിൽ 500 കർഷരാണ് ഈ പദ്ധതിയുടെ ഉപയോക്താക്കളായി തെരെഞ്ഞെടുക്കപ്പെട്ടത്. ഈ പദ്ധതിയിലേക്ക് പന്നിവളർത്തലിൽ താത്പര്യമുള്ള കർഷകർക്ക് സബ്സിഡി സഹിതം കൂട്, ബയോഗ്യാസ്പ്ലാന്റ് എന്നിവ നിർമിക്കുന്നതിനും പന്നിക്കുഞ്ഞുങ്ങളെയും തീറ്റയും വാങ്ങുന്നതിനും എംപിഐ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ പന്നികളെ വളർത്തുന്നതിനും എംപിഐ സമീപിക്കാവുന്നതാണ്.

മികച്ച ഗുണമേന്മയുള്ള പന്നികളെ വൃത്തിയുളള സാഹചര്യത്തിൽ രോഗങ്ങളില്ലാതെ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സുസ്ഥിരമായ മാതൃകയിൽ പന്നികളെ വളർത്തുന്നതിന് കർഷകർക്ക് സഹായ ഹസ്തമാവുകയാണ് ഇതുവഴി ചെയ്യുന്നത്. എംപിഐയുടെ ഉത്പാദനത്തിനായി അസംസ്കൃത വസ്തുക്കൾ തുടർച്ചയായി ലഭ്യമാക്കുന്നതിനും മാംസോത്പാദനത്തിന്‍റെ മൂല്യശ്യംഖല വർദ്ധിപ്പിക്കുന്നതിനും ഇതുവഴി കഴിയും. ബ്രാൻഡ് ചെയ്ത് പോർക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് അവസരമൊരുക്കിയതും എംപിഐയാണ്. എംപിഐയുടെ ഇത്തരം പദ്ധതികൾ വഴി ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കുന്നതിനും സ്ഥിരമായ ജോലിസാധ്യത ഉറപ്പാക്കുന്നതിനും അതേസമയം ഗുണമേന്മയുള്ളതും ബ്രാൻഡ് ചെയ്തതുമായ പന്നിമാംസം എംപിഐ ഔട്ട്ലറ്റുകളിലൂടെ വിറ്റഴിക്കുന്നതിനും സാധിക്കുന്നു.

പന്നികളിലെ രോഗങ്ങള്‍

പാൽകുടി മാറുന്ന പരുവത്തിൽ എല്ലാ കുഞ്ഞുങ്ങൾക്കും പന്നിപ്പനിക്കെതിരേയും കുളമ്പ് രോഗത്തിനെതിരേയും കുത്തുവയ്പ് നടത്താം. ഹോഗ് കോളറയ്ക്കെതിരേ മുലകുടി മാറുന്ന പ്രായത്തിൽ പ്രതിരോധ കുത്തിവയ്പ് നല്കണം. സ്വൈന്‍ എറിസിപെലാസ് രോഗത്തിനെതിരേ മുലകുടി മാറുന്ന പ്രായത്തിലും പിന്നീട് മൂന്നുനാല് മാസത്തിനുശേഷം ബൂസ്റ്റർ ഡോസും നല്കണം. എന്നാൽ മറ്റ് രോഗങ്ങൾക്കെതിരേ ആദ്യ വാക്സിനേഷന്റെ ഫലം ഒരു വർഷം വരെ നീണ്ടു നിൽക്കും. മാംസത്തിനായി വളർത്തുന്ന പന്നികൾക്ക് കൃത്യമായ ഇടവേളകളിൽ വിരമരുന്ന് നല്കണം. ഇണ ചേർക്കുന്നതിനായി വളർത്തുന്ന പന്നികൾക്ക് ബ്രൂസല്ലോസിസിസ്, ലെപ്റ്റോസ്പൈറോസിസ് തുടങ്ങിയ രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കണം.

വിളർച്ച

പന്നിക്കുഞ്ഞുങ്ങളിൽ സാധാരണ പോഷകക്കുറവുകൊണ്ടുണ്ടാകുന്ന രോഗമാണ് വിളർച്ച. അയൺ വായിലൂടെയോ കുത്തിവയ്പുവഴിയോ നല്കുന്നതാണ് ഇത് തടയുന്നതിനുള്ള മാർഗം. ഫെറസ് സൾഫേറ്റ് (0.5 ശതമാനം പത്ത് ലിറ്റർ ചൂട് വെള്ളത്തിൽ കലക്കിയത്) തള്ളപ്പന്നിയുടെ അകിടിൽ തളിച്ചുകൊടുക്കുകയോ തേച്ചു കൊടുക്കുകയോ ആണ് ചെയ്യുന്നത്. പന്നിക്കുഞ്ഞുങ്ങൾ തീറ്റ തിന്നുന്നതുവരെ ദിവസവും ഇത് തുടരാം. അയൺ-ഡെക്സ്ട്രാൻ സംയുക്തങ്ങൾ കുത്തിവച്ചാൽ വിളർച്ച തടയാം.

 • പന്നിപ്പനി

പന്നികൾ തീറ്റയും വെള്ളവും കഴിക്കാൻ താത്പര്യം കാണിക്കില്ല. ശക്തമായി ശ്വാസം വലിക്കുന്നത് പന്നിപ്പനിയുടെ ലക്ഷണമാണ്. വെള്ളനിറമുളള പന്നികളിൽ തൊലിപ്പുറമെ ചുവന്നപാടുകൾ കാണും. വയറിളക്കവും കാഷ്ടത്തിൽ രക്താംശവും കണ്ടേക്കാം. ചെവികൾ താഴ്ന്നുകിടക്കുന്നത് ഒരു ലക്ഷണമാണ്. കണ്ണുകൾ വിളറിയും ത്വക്കും രോമങ്ങളും ശോഭയില്ലാതെയും കാണപ്പെടും. വാലുകൾ താഴ്ന്നുകിടക്കും. പനിയുള്ള പന്നികൾ കൂട്ടത്തിൽ നിന്ന് മാറി നിൽക്കും. ജനിച്ച് രണ്ടു മുതൽ നാല് ആഴ്ചക്കുള്ളിൽ പന്നികൾക്ക് വാക്സിൻ നല്കുന്നത് പന്നിപനിക്കെതിരേയുള്ള പ്രതിരോധത്തിന് അത്യാവശ്യമാണ്.

 • കുളമ്പ് രോഗം

പടർന്നുപിടിക്കുന്ന വൈറൽ രോഗമാണ് കുളമ്പ് രോഗം (Foot & mouth disease). കുളമ്പ് രോഗത്തിനെതിരേ ആറുമാസം പ്രായത്തിലും തുടർന്ന് നാലുമാസത്തെ ഇടവേളയിൽ ബൂസ്റ്റർ ഡോസും നല്കണം. പന്നികളിൽ ഇവ അത്ര കഠിനമല്ലെങ്കിലും കന്നുകാലികളിലേയ്ക്കും മറ്റു മൃഗങ്ങളിലേയ്ക്കും പടരുന്നതിനും അപകടകരമാകുന്നതിനും സാധ്യതയുണ്ട്. രോഗമുള്ള പന്നികളുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ ഏർപ്പെട്ടാൽ രോഗം പടരാം. വായുവിലൂടെയോ ഉമിനീരിലൂടെയോ മൂക്കിൽ നിന്നുള്ള സ്രവങ്ങൾ വഴിയോ മൂത്രം വഴിയോ കാഷ്ടം വഴിയോ ശുക്ളം വഴിയോ ഭക്ഷ്യാവശിഷ്ടങ്ങൾ വഴിയോ രോഗം പടരാം.

കുളമ്പുരോഗം പടർന്ന് മൂന്നുദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. രോഗമുള്ള പന്നികളുടെ നാവിൽ കുരുക്കൾ കാണപ്പെടും. പന്നികളുടെ വായിൽ നിന്ന് ഉമിനീര് പുറത്തേയ്ക്ക് ഒഴുകും. കാലിലെ തൊലി വേർപെട്ടുപോകും. രോഗമുള്ള പന്നികൾ കാലിലെ മുറിവ് മൂലം കാലുകൾ കുടയുന്നതും മുടന്തുന്നതും കാണാം. കൃത്യമായ ഇടവേളകളിൽ വാക്സിനേഷൻ നടത്തുകയും രോഗമുണ്ടാവാതിരിക്കാൻ ജൈവസുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയും വേണം.

 • ഹോഗ് കോളറ

പന്നികളിൽ വളരെയധികം പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണ് ഹോഗ് കോളറ. തീവ്രതയനുസരിച്ച് ഇത് വിവിധ രീതിയിൽ കാണപ്പെടുന്നു. രക്ത കോശങ്ങളെ ബാധിക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യും. രോഗമുള്ള പന്നികളിൽ നിന്ന് നേരിട്ടോ രോഗമുള്ള പന്നികളിൽനിന്നു മലിനമായ ഭക്ഷ്യവസ്തുക്കൾ വഴിയോ രോഗം പടരാം. അഞ്ച് മുതൽ പത്തു ദിവസത്തിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടാം. നാൽപ്പത് മുതൽ നൂറു ശതമാനം വരെ രോഗാവസ്ഥയും വിവിധയിനങ്ങളുടെ പ്രതിരോധശേഷി അനുസരിച്ച് പൂജ്യം മുതൽ നൂറു ശതമാനം വരെ മരണവും സംഭവിക്കാം. തൊലിയിൽ ചുവന്ന പാടുകൾ കാണും, ഛർദ്ദിയും മലബന്ധവും മ്ലാനതയും കാണും. വെപ്രാളം കാണിച്ച് ഒന്ന് ഒന്നിനോട് ചേർന്നു നിൽക്കാനുള്ള പ്രവണതയും കാണിക്കും. നായ്ക്കളെപ്പോലെ ഇരിക്കാനുള്ള പ്രവണത, വാത്തകളെപ്പോലെ നടക്കുക, തുഴയുന്നതുപോലെ കാണിക്കുക എന്നിവയും രോഗലക്ഷണങ്ങളാണ്. ഗർഭിണികളിൽ രോഗമുണ്ടായാൽ ഗർഭമലസലുണ്ടാകാം. കൃത്യമായ ഇടവേളകളിൽ വാക്സിനേഷൻ നല്കുന്നതാണ് രോഗങ്ങളെ പടിക്കു പുറത്തുനിർത്താനുള്ള മാർഗം.

ഡോ. ഐറീൻ ഗ്രേസ് കുര്യൻ

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ, കൂത്താട്ടുകുളം

കടപ്പാട്: കര്‍ഷകമിത്രം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate