অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പന്നി വളര്‍ത്തല്‍ രീതികള്‍

ആമുഖം

ഏറ്റവും അനുയോജ്യമായ പന്നിജനുസ്സേതാണെന്നു ചോദിക്കുന്ന കര്‍ഷകരുണ്ട്‌. എന്നാല്‍ ഓരോ ജനുസ്സിനും അതിന്റേതായ ഗുണവും പോരായ്‌മകളുമുണ്ട്‌. പന്നിജനുസ്സിനെ തിരഞ്ഞെടുക്കുന്നത്‌, നാം എന്തിനുവേണ്ടി വളര്‍ത്തുന്നു? ഏതു രീതിയില്‍ വളര്‍ത്തുന്നു? കാലാവസ്ഥ വളര്‍ത്താനുള്ള സൗകര്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഓരോ ജനുസ്സും ശരീരപ്രകൃതിയിലും നിറത്തിലും വ്യത്യസാപ്പെട്ടിരിക്കുന്നു. നിറം, ചെവിയുടെ നീളം, തൂക്കം, പുറംഭാഗത്തിന്റെ ആകൃതി എന്നിവയില്‍ ഓരോ ജനുസ്സും വ്യത്യാസമുണ്ട്‌. അതിനു പുറമേ വളര്‍ച്ചാനിരക്ക്‌, രോഗപ്രതിരോധശക്തി, പ്രത്യുല്‍പ്പാദനക്ഷമത, മാതൃത്വഗുണം എന്നിവയിലും വ്യത്യാസം കാണും.

ഇനങ്ങള്‍

ലാന്‍ഡ്‌റേസ്‌

വെള്ളനിറത്തിലുള്ള പന്നിയാണിത്‌. നീളമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ ചെവിയും ചെറിയ തലയും ഇതിന്റെ പ്രത്യേകതകളാണ്‌. കഴുത്തും ശരീരവും നീളംകൂടിയതാണ്‌. പ്രത്യുല്‍പ്പാദനക്ഷമത കൂടിയ ഇനമാണിത്‌. ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷിയുമുണ്ട്‌. എന്നാല്‍ ബലം കുറഞ്ഞ കാലുകള്‍ ഈ പന്നിയുടെ ദോഷവശമാണ്‌. ഈ ഇനം പന്നികള്‍ക്ക്‌ ഉയര്‍ന്ന ഊര്‍ജ്ജം അടങ്ങിയ തീറ്റ നല്‍കുമ്പോള്‍ ഇറച്ചിയുടെ ഗുണമേന്മ കുറയുന്നതായി കണ്ടിട്ടുണ്ട്‌. ഫിലിപ്പൈന്‍സിലും സിങ്കപ്പൂരിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ ഇനത്തെയാണ്‌ വളര്‍ത്തിവരുന്നത്‌. ഉഷ്‌ണപ്രദേശങ്ങളിലും ഈ ഇനം നന്നായി വളരുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ലാര്‍ജ്‌ വൈറ്റ്‌ യോര്‍ക്ക്‌ഷെയര്‍

ഇംഗ്ലണ്ടാണ്‌ ജന്മസ്ഥലം. നീളം കുറഞ്ഞ്‌ നിവര്‍ന്നുനില്‍ക്കുന്ന ചെവി, വളഞ്ഞ പിറകുവശം, കുഴിഞ്ഞ മുഖം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. ഉയര്‍ന്ന വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും ഇവയ്‌ക്കുണ്ട്‌. നല്ല മാതൃത്വഗുണവും ഉയര്‍ന്ന പാലുല്‍പ്പാദനവും മൂലം ധാരാളം കുഞ്ഞുങ്ങളെ ലഭിക്കും. ബേക്കണ്‍ നിര്‍മ്മാണത്തിനു യോജിച്ച ഇറച്ചിയാണ്‌ ഇവയുടെ വേറൊരു പ്രത്യേകത. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്‌ എന്ന പ്രശ്‌നം ഈ ഇനത്തിനുണ്ട്‌.

ഡ്യൂറോക്ക്‌

ചുവപ്പുനിറത്തിലോ മഞ്ഞനിറത്തിലോ സ്വര്‍ണ്ണനിറത്തിലോ ഇവയെ കാണാം. മുന്നോട്ടു തള്ളിനില്‍ക്കുന്ന ചെറിയ ചെവികളാണ്‌ ഇവയുടെ പ്രത്യേകത. താരതമ്യേന ചെറിയ ഇനമാണിത്‌. തൊലിക്കടിയില്‍ കട്ടികുറഞ്ഞ കൊഴുപ്പുള്ളതുകൊണ്ട്‌ ഇറച്ചി ഗുണം കൂടുതലാണ്‌. ഏത്‌ പ്രതികൂല കാലാവസ്ഥയിലും ഇവ വളരും.

ഹാംപഷെയര്‍

അമേരിക്കയാണ്‌ ഇവയുടെ ജന്മസ്ഥലം. കറുത്ത നിറത്തിലുള്ള ഇവയുടെ കഴുത്തിന്റെ ഭാഗത്ത്‌ വെള്ളനിറത്തില്‍ ബെല്‍റ്റ്‌ പോലെ കാണാം. നേരേ നില്‍ക്കുന്ന ചെവി, നീളമുള്ള മുഖം എന്നിവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍. ഇവയ്‌ക്ക്‌ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും മാതൃഗുണവുമുണ്ട്‌. കൂടാതെ ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, ഗുണമേന്മയുള്ള മാംസം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്‌.

ബെര്‍ക്ക്‌ഷെയര്‍

ഇംഗ്ലണ്ടാണ്‌ ജന്മസ്ഥലം. കറുപ്പുനിറമുള്ള ഈ ഇനത്തിന്റെ നാലു കാലുകളുടെ അറ്റത്തും മുഖത്തും വാലിന്റെ അറ്റത്തും വെളുത്തനിറമാണുള്ളത്‌. മുഖം വളഞ്ഞതാണ്‌. നല്ല പ്രത്യുല്‍പ്പാദനശേഷിയുള്ള ഇവ നന്നായി വളരുകയും ചെയ്യും. ആറു മാസം പ്രായമെത്തിയാല്‍ 70-80 കി.ഗ്രാം തൂക്കമുണ്ടാകും.

പോളണ്ട്‌ ചൈന

ഇതിന്റെ നിറം ബെര്‍ക്ക്‌ഷെയറിന്റേതുപോലെതന്നെ. ഇവയ്‌ക്ക്‌ ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുണ്ട്‌. ഇവയെ ഹോട്ട്‌ടൈപ്പ്‌, ബിഗ്‌ ടൈപ്പ്‌ പോളണ്ട്‌ ചൈന എന്നും അറിയപ്പെടുന്നു. ചൈനയിലെ വലിയ പന്നികളെയും പ്രജനനം നടത്തി ഉരുത്തിരിച്ചെടുത്താണ്‌ പോളണ്ട്‌ ചൈന.

പൈട്രെയിന്‍

നല്ല ഇറച്ചി ഇനമാണിത്‌. കറുപ്പും വെളുപ്പും അടങ്ങിയ പുള്ളികളാണ്‌ ദേഹത്ത്‌. നിവര്‍ന്നു നില്‍ക്കുന്നതാണ്‌ ചെവി. തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും മറ്റു ജനുസ്സുകളെക്കാള്‍ കുറവാണ്‌. ഇതിന്റെ ശുദ്ധ ഇനം വളരെക്കുറവാണ്‌.

സങ്കരയിനങ്ങള്‍

ടോപിഗ്‌സ്‌ (ഡാലന്റ്‌)

ഹോളണ്ടിലാണ്‌ ഈ ഇനത്തെ ഉരുത്തിരിച്ചെടുത്തത്‌. ടോപിഗ്‌സ്‌ എന്ന കമ്പനിയാണ്‌ ഈ ഇനം ഉണ്ടാക്കിയത്‌. ലാന്‍ഡ്‌ റൈസ്‌, പൈട്രെയിന്‍, ലാര്‍ജ്‌ വൈറ്റ്‌ എന്നീ ഇനങ്ങളുടെ രക്തം ടോപിഗ്‌സ്‌ ഇനത്തിലുണ്ട്‌. ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌, തീറ്റപരിവര്‍ത്തനശേഷി, ശക്തിയുള്ള കാലുകള്‍, ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമത എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌.

സോഗേര്‍സ്‌

ബെല്‍ജിയത്തിലെ ഒരു കമ്പനി ഉണ്ടാക്കിയെടുത്ത ഇനമാണിത്‌. ഇതില്‍ ലാര്‍ഡ്‌ വൈറ്റ്‌, ലാന്‍ഡ്‌റേസ്‌, പൈട്രെയിന്‍ എന്നീ ഇനങ്ങളുടെ രക്തമുണ്ട്‌. ഇവയ്‌ക്ക്‌ നല്ല മാതൃത്വഗുണവും ഉല്‍പ്പാദനശേഷിയുമുണ്ട്‌.

ഹൈപര്‍

ഹോളണ്ടിലെ യൂറോബ്രിഡു എന്ന കമ്പനി വികസിപ്പിച്ചെടുത്തതാണ്‌ ഈ ജനുസ്സ്‌. പെണ്‍പന്നി പരമ്പരയില്‍ പൈട്രെയിന്‍, ഡ്യൂറോക്ക്‌ എന്നിവയാണ്‌ പ്രജനനത്തിനുപയോഗിച്ച അടിസ്ഥാന ഇനങ്ങള്‍. പെണ്‍ പന്നിയിനങ്ങളില്‍ വീനിങ്‌ ഗുണങ്ങള്‍, ലിറ്റര്‍വലിപ്പം എന്നീ മേന്മകള്‍ക്കാണ്‌ പ്രാധാന്യം കൊടുത്തതെങ്കില്‍ ആണ്‍പന്നിയിനങ്ങളില്‍ മാംസഗുണം തീറ്റപരിവര്‍ത്തനശേഷി എന്നിവയ്‌ക്കാണ്‌ പ്രാധാന്യം കൊടുത്തത്‌.

കാംബറോ

പി.ഐ.സി. എന്ന കമ്പനി 35 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ വികസിപ്പിച്ചെടുത്തയിനമാണിത്‌. സന്താനോല്‍പ്പാദനത്തിനു പേരുകേട്ടവയാണിവ. കൂടാതെ ഇവ നന്നായി മെരുങ്ങുകയും ചെയും. നല്ല മാതൃഗുണവും വളര്‍ച്ചാനിരക്കും ഇതിന്റെ പ്രത്യേകതകളാണ്‌.

സോഗേര്‍സ്‌

ബെര്‍ജിയത്തിലെ ഒരു കമ്പനി ഉണ്ടാക്കിയെടുത്ത ഇനമാണിത്‌. ഇതില്‍ ലാര്‍ജ്‌ വൈറ്റ്‌, ലാന്‍ഡ്‌റേസ്‌, പൈട്രെയിന്‍ എന്നീ ഇനങ്ങളുടെ രക്തമുണ്ട്‌. ഇവയ്‌ക്ക്‌ നല്ല മാതൃത്വഗുണവും ഉല്‍പ്പാദനശേഷിയുമുണ്ട്‌.

ഹൈപര്‍

ഹോളണ്ടിലെ യൂറോബ്രഡു എന്ന കമ്പനി വികസിപ്പിച്ചെടുത്തതാണ്‌ ഈ ജനുസ്സ്‌. പെണ്‍പന്നി പരമ്പരയില്‍ പൈട്രെയിന്‍, ഡ്യൂറോക്ക്‌ എന്നിവയാണ്‌ പ്രജനനത്തിനുപയോഗിച്ച അടിസ്ഥാന ഇനങ്ങള്‍. പെണ്‍ പന്നിയിനങ്ങളില്‍ വീനിങ്‌ഗുണങ്ങള്‍, ലിറ്റര്‍വലിപ്പം എന്നീ മേന്മകള്‍ക്കാണ്‌ പ്രാധാന്യം കൊടുത്തതെങ്കില്‍ ആണ്‍പന്നിയിനങ്ങളില്‍ മാംസഗുണം തീറ്റപരിവര്‍ത്തനശേഷി എന്നിവയ്‌ക്കാണ്‌ പ്രാധാന്യം കൊടുത്തത്‌.

കാംബറോ

പി.ഐ.സി. എന്ന കമ്പനി 35 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ വികസിപ്പിച്ചെടുത്തിനമാണിത്‌. സന്താനോല്‍പ്പാദനത്തിനു പേരുകേട്ടവയാണിവ. കൂടാതെ ഇവ നന്നായി മെരുങ്ങുകയും ചെയ്യും. നല്ല മാതൃഗുണവും വളര്‍ച്ചാനിരക്കും ഇതിന്റെ പ്രത്യേകതകളാണ്‌.

ജെ.എസ്‌.ആര്‍. ഹെല്‍ത്ത്‌ ബ്രെഡു

ലാര്‍ജ്‌വൈറ്റ്‌, ലാന്‍ഡ്‌റേസ്‌, ഡ്യൂറോക്ക്‌ എന്നീ ഇനങ്ങള്‍ സങ്കരമാണിത്‌. ഇവയ്‌ക്ക്‌ നല്ല മാതൃഗുണമുണ്ട്‌.

പന്നികളുടെ തിരഞ്ഞെടുപ്പ്‌

പന്നിവളര്‍ത്തല്‍ ലാഭകരമാകണമെങ്കില്‍ പന്നികള്‍ സാമ്പത്തികപ്രാധാന്യമുള്ള ഗുണങ്ങള്‍ ഉള്ളവയും അത്തരം ഗുണങ്ങള്‍ പാരമ്പര്യമായി കൈമാറുന്നവയുമായിരിക്കണം. വളര്‍ത്തിവരുമ്പോള്‍ ഗുണമേന്മ കുറഞ്ഞു വരുന്നവയെ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്‌.
തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ മൂന്നു കാര്യങ്ങള്‍ക്കുവേണ്ടിയാണ്‌.
1. വീനിങ്‌ നടത്തുമ്പോള്‍ ഏറ്റവും തീറ്റപരിവര്‍ത്തനശേഷി കുഞ്ഞുങ്ങളെ ലഭിക്കണം.
2. നന്നായി വളരുകയും ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി ഉള്ളതുമായിരിക്കണം.
3. നല്ല മാംസഗുണം ലഭ്യമാക്കണം.
പ്രജനനത്തിനുവേണ്ടി പന്നികളെ തിരഞ്ഞെടുക്കുമ്പോള്‍ ഇവയുടെ ശാരീരികഗുണങ്ങള്‍ മനസ്സിലാക്കിയിരിക്കണം. ഒരു പന്നിയെ നോക്കിയെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
$ ഒരു വശം നോക്കുമ്പോള്‍: ബാലന്‍സ്‌, ശരീരത്തിന്റെ നീളം, ഉയരം, ഹാം വളര്‍ച്ച, കാലിന്റെ ബലം, നടത്തം, അതാതു ജനുസ്സിന്റെ ഗുണങ്ങള്‍ എന്നിവ ശ്രദ്ധിക്കണം.
$ പിറകുവശം: പിന്‍കാലിന്റെ നില്‍പ്പ്‌, ഹാം വളര്‍ച്ച, ലോയിന്‍, വീതി എന്നിവ.
$ മുന്‍വശം: തലയെടുപ്പ്‌, തോളിന്‍രെ ഭാഗം, മുന്‍കൈയുടെ നില്‍പ്പ്‌, മുഖം എന്നിവ.
തുടക്കത്തില്‍ പ്രജനനത്തിനുപയോഗിക്കുന്നതും പിന്നീട്‌ ഒഴിവാക്കുന്നതിനുപകരം എടുക്കുന്നതും നല്ല ഗുണമേന്മയുള്ളതുമായിരിക്കണം. ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ തീറ്റ പരിവര്‍ത്തനശേഷി, മാതൃഗുണം, പ്രത്യുല്‍പ്പാദനക്ഷമത, രോഗപ്രതിരോധശേഷി എന്നീ ഗുണങ്ങളാണ്‌ സാധാരണയായി നോക്കുന്നത്‌.

തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങള്‍

പന്നികളെ തിരഞ്ഞെടുക്കുമ്പോള്‍ അതിനെ മൂന്നു ഭാഗത്തുനിന്നും വീക്ഷിക്കണം. 2-6 മാസങ്ങള്‍ക്കകം ഇവയെ തിരഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌. ഒരു വശത്തുനിന്നും ആദ്യം നോക്കുക, ശരീരവടിവ്‌, നീളം, തുടയുടെ വികാസം, കാലിന്റെ ശക്തി, നടത്തം, ജനുസ്സ്‌ ഗുണം എന്നിവ പരിശോധിക്കണം. പിറകില്‍നിന്നും നിരീക്ഷിക്കുമ്പോള്‍ പിന്‍കാലിന്റെ രൂപം, തുടയുടെ രൂപം, ശരീരത്തിന്റെയും അടിഭാഗത്തിന്റെയും വീതി എന്നിവ ശ്രദ്ധിക്കണം. മുന്‍ഭാഗത്തുനിന്നും പരിശോധിക്കുമ്പോള്‍ തലയുടെ രൂപം, ചുമലിന്റെ ആകൃതി, മുന്‍കാലുകള്‍ എന്നിവ നോക്കണം. മുഖം പ്രസരിപ്പുള്ളതുമായിരിക്കണം.
പ്രത്യുല്‍പ്പാദനക്ഷമതാവളര്‍ച്ച: നന്നായി വളരുന്ന പന്നികളെ നോക്കി തിരഞ്ഞെടുക്കണം. ഫാമിലെ രേഖകള്‍ സൂക്ഷിച്ചാല്‍ ഈ കാര്യങ്ങള്‍ മനസ്സിലാക്കാം. ഒരു പ്രസവത്തില്‍ 10-12 കുഞ്ഞുങ്ങളെ പ്രസവിച്ച ലിറ്ററില്‍നിന്നു വേണം പന്നികളെ തിരഞ്ഞെടുക്കേണ്ടത്‌. ഇവയ്‌ക്കെല്ലാം ശരാശരി ഒരേ തൂക്കവുമുണ്ടായിരിക്കണം.
ബാക്ക്‌ ഫാറ്റ്‌: ഒന്നര ഇഞ്ചില്‍ കൂടുതല്‍ പിന്‍വശത്ത്‌ കൊഴുപ്പു (ബാക്ക്‌ ഫാറ്റ്‌)ള്ളതിനെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.
തീറ്റ പരിവര്‍ത്തനശേഷി: ഒരു കി.ഗ്രാം ശരീരതൂക്കം വെക്കാന്‍ കഴിക്കേണ്ട തീറ്റയുടെ അളവാണിത്‌. ഏറ്റവും കുറച്ച്‌ തീറ്റതിന്ന്‌ കൂടുതല്‍ വളരുന്നവയെ തിരഞ്ഞെടുക്കണം. ഇതും ഫാമിലെ ഫീഡിങ്‌ രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. 1 കി.ഗ്രാം ശരീരവളര്‍ച്ചയ്‌ക്ക്‌ 3 കി.ഗ്രാം തീറ്റ എന്നാണ്‌ കണക്ക്‌.
പാലുല്‍പ്പാദനശേഷി: പ്രസവത്തില്‍ ലിറ്ററിന്റെ എണ്ണം കൂടുമ്പോള്‍ അവയെ പാലൂട്ടുന്നതിന്‌ കൂടുതല്‍ മുലക്കാമ്പുകള്‍ തള്ളപ്പന്നികള്‍ക്കുണ്ടാകണം. ഒരേ അകലത്തില്‍ നന്നായി വികസിച്ച പ്രവര്‍ത്തനനിരതമായ 6 ജോഡി മുലക്കാമ്പുകള്‍ ഇവയ്‌ക്കുണ്ടാകണം. പാലുല്‍പ്പാദനശേഷി കുറഞ്ഞ തള്ളപ്പന്നികളുടെ കുഞ്ഞുങ്ങള്‍ക്ക്‌ വളര്‍ച്ചാനിരക്ക്‌ കുറവായിരിക്കും. വളരാത്തതും അടുത്തടുത്തതുമായ മുലക്കാമ്പുള്ളവയെ ഒഴിവാക്കണം.
പ്രത്യുല്‍പ്പാദന അവയവങ്ങള്‍: പ്രത്യുല്‍പ്പാദന അവയവങ്ങള്‍ മിക്കതും ശരീരത്തിനകത്തായതുകൊണ്ട്‌ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്‌. എന്നാലും വലിപ്പം കുറഞ്ഞ യോനിയുള്ളവയെ ഒഴിവാക്കാം. പിറകുവശം താഴത്തായി യോനി സ്ഥിതിചെയ്യുന്നതാണ്‌ നല്ലത്‌. എളുപ്പത്തില്‍ പ്രസവിക്കാനും ഇണചേരാനും ഇത്‌ സഹായിക്കുന്നു.
കാലുകള്‍: പാസ്റ്റേണ്‍ ഭാഗത്തെത്തുമ്പോള്‍ ചെറിയ ചെരിവു വേണം. കാലുകള്‍ക്ക്‌ നല്ല ബലമുള്ള എല്ലുകളുണ്ടാകണം. നീളംകൂടിയ കാലുകളുള്ളവയെ തിരഞ്ഞെടുക്കരുത്‌.
ശരീരവടിവ്‌: നീളമുള്ള ശരീരം നല്ല ഗുണമാണ്‌. ശരീരത്തിന്‌ നീളം കൂടുമ്പോള്‍ മുലക്കാമ്പുകള്‍ തമ്മിലുള്ള അകലം വര്‍ധിക്കാനും സാധ്യതയുണ്ട്‌. അതിനു പുറമേ നല്ല മാംസഗുണവുമുണ്ടാകും. ശരീരത്തിന്റെ വീതി എല്ലാ ഭാഗങ്ങളിലും ശരാശരി ഒരേപോലെയായിരിക്കണം. എന്നാല്‍ പിറകു ഭാഗം നെഞ്ചുഭാഗത്തെക്കാള്‍ കുറച്ചു വീതികൂടുന്നതാണ്‌ അഭികാമ്യം.
വലിപ്പം: ഏറ്റവും വലിപ്പമുള്ളവയെ വേണം തിരഞ്ഞെടുക്കാന്‍. വീനിങ്‌ തൂക്കം, പ്രസവദിവസതൂക്കം എന്നിവകൂടി പരിശോധിക്കുന്നത്‌ നന്നായിരിക്കും.
സന്ധികള്‍: നന്നായി വികസിച്ച തുട, അടിഭാഗം, ചുമല്‍ എന്നിവ പ്രജനനത്തിനുപയോഗിക്കുന്നവയ്‌ക്ക്‌ ഉണ്ടായിരിക്കണം. ബലക്ഷയമുള്ള സന്ധികളുള്ളവയ്‌ക്ക്‌ ഗര്‍ഭിണിയായാല്‍ ബുദ്ധിമുട്ടുണ്ടാകും.
പിന്‍ഭാഗം: പിറകുവശം ചെറിയ ആര്‍ച്ചുപോലെയിരിക്കുന്നത്‌ നല്ലതാണ്‌. ഇത്തരം പന്നികളുടെ പിന്‍കാലുകള്‍ക്ക്‌ നല്ല ഭാരം താങ്ങാനുള്ള കഴിവുണ്ടാകും. ഗര്‍ഭിണിപന്നികള്‍ക്ക്‌ ഇത്‌ ഗുണം ചെയ്യും.
മാതൃഗുണം: ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ മുഴുവനായും പാലൂട്ടി വളര്‍ത്തിയെടുക്കാനുള്ള കഴിവാണിത്‌. ചില പന്നികള്‍ സ്വന്തം കുഞ്ഞുങ്ങളെ തിന്നാറുണ്ട്‌. ഇത്തരം പന്നികളെ ഒഴിവാക്കണം. ശ്രദ്ധയില്ലാതെ കുഞ്ഞുങ്ങളുമേല്‍ തള്ള കിടന്ന്‌ കുഞ്ഞുങ്ങള്‍ ചത്തുപോകാറുണ്ട്‌. ഇത്‌ മോശം മാതൃഗുണമായാണ്‌ കണക്കാക്കുന്നത്‌.
പാരമ്പര്യരോഗങ്ങളും വൈകല്യങ്ങളും: ശാരീരികവൈകല്യങ്ങളും പാരമ്പര്യരോഗങ്ങളും ഉള്ളവയെ ഒഴിവാക്കണം. അന്തര്‍പ്രജനനം നടക്കുന്ന പന്നികളിലാണ്‌ ഈ പ്രശ്‌നം കൂടുതലുള്ളത്‌. ഹെര്‍ണിയ, അണ്ണാക്കില്‍ കീറല്‍ എന്നിവ പാരമ്പര്യരോഗങ്ങളാണ്‌.

ആണ്‍പന്നികളുടെ തിരഞ്ഞെടുപ്പ്‌

15-20 പെണ്‍പന്നിക്ക്‌ ഒരു ആണ്‍പന്നി മതിയാകുന്നതുകൊണ്ടുതന്നെ ആണ്‍പന്നിയുടെ തിരഞ്ഞെടുപ്പ്‌ കുറച്ചുകൂടി എളുപ്പമാണ്‌.
1. സ്വഭാവം: ആക്രമണസ്വഭാവമുള്ളതും മെരുങ്ങാത്തതുമായ പന്നികളെ വളര്‍ത്തിയെടുക്കാനും ഇണചേര്‍ക്കാനും ബീജം ശേഖരിക്കാനുമൊക്കെ ബുദ്ധിമുട്ടാണ്‌. അത്തരം പന്നികളെ ഒഴിവാക്കണം.
2. തള്ളപ്പന്നിയുടെ ഗുണങ്ങള്‍: തിരഞ്ഞെടുക്കുന്ന ആണ്‍പന്നിയുടെ തള്ളയുടെ ഗുണങ്ങളും കണക്കിലെടുക്കണം. ലിറ്ററിന്റെ എണ്ണം, വീനിങ്‌ സമയത്തെ കുഞ്ഞുങ്ങളുടെ എണ്ണം, ലിറ്ററിന്റെ മൊത്തം തൂക്കം, പാലുല്‍പ്പാദനം, മാതൃഗുണം എന്നിവ പരിശോധിക്കണം.
3. കാര്യക്ഷമത: തീറ്റപരിവര്‍ത്തനശേഷി, വളര്‍ച്ചാനിരക്ക്‌, 104 കി.ഗ്രാം എത്തുന്ന പ്രായം എന്നിവയാണ്‌ കാര്യക്ഷമതയില്‍ നോക്കുന്നത്‌. ആണ്‍പന്നിയെ തിരഞ്ഞെടുക്കുമ്പോള്‍ അവയ്‌ക്ക്‌ 155 ദിവസത്തില്‍ കൂടുതല്‍ പ്രായം പാടില്ല. 125 കി.ഗ്രാം തീറ്റ കഴിച്ചാല്‍ 45 കി.ഗ്രാം തൂക്കം ലഭിക്കണം. ഈ തൂക്കം 27 കി.ഗ്രാം മുതല്‍ 104 കി.ഗ്രാം വരെയുള്ള കാലയളവിലായിരിക്കുകയും വേണം.
4. ബാക്ക്‌ഫാറ്റ്‌: ബാക്ക്‌ഫാറ്റിന്റെ കട്ടിനോക്കിയാണ്‌ അതിന്റെ മാംസഗുണം കണക്കാക്കുന്നത്‌. ഇത്‌ ഒരു പാരമ്പര്യഗുണവും കൂടിയാണ്‌.
5. പ്രത്യുല്‍പ്പാദനഗുണങ്ങള്‍: തിരഞ്ഞെടുക്കുന്ന ആണ്‍പന്നിയുടെ തള്ളപ്പന്നിക്ക്‌ നല്ല അകിടും 12-ലധികം മുലക്കാമ്പും ഉണ്ടായിരിക്കണം. മുലക്കാമ്പുകള്‍ നല്ല അകലത്തിലുമായിരിക്കണം. മുടന്തും അംഗവൈകല്യവുമുള്ള ആണ്‍പന്നിയെ ഒഴിവാക്കണം. കാലുകള്‍ക്ക്‌ നല്ല ബലമുള്ളതായിരിക്കണം. വലിപ്പം വളരെ കുറഞ്ഞതും വളരെ കൂടിയതുമായ വൃക്ഷണങ്ങളുള്ള ആണ്‍പന്നികളെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ആണ്‍പന്നികളെ 6-7 മാസം പ്രായത്തിലാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. ആണ്‍പന്നികളെ 9-ാം മാസത്തില്‍ ഇണചേര്‍ക്കാനുപയോഗിക്കാം. അതുകൊണ്ട്‌ ഇണചേര്‍ക്കുന്നതിനു 2 മാസം മുമ്പെങ്കിലും ആണ്‍പന്നികളെ വാങ്ങിച്ചിരിക്കണം. പന്നിയുടെ ആരോഗ്യ, ശാരീരികനിലകള്‍ പരിശോധിക്കാനും പരിശീലിപ്പിക്കാനുംവേണ്ടിയാണിത്‌. ബീജഗുണം നല്ലതായിരിക്കണം. ഒരു തവണ ശേഖരിക്കുന്ന ബീജത്തില്‍ ശരാശരി 10-15 ബില്യണ്‍ ബീജമുണ്ടായിരിക്കണം.

പെണ്‍പന്നികളുടെ തിരഞ്ഞെടുപ്പ്‌

പെണ്‍പന്നികളുടെ തിരഞ്ഞെടുപ്പ്‌ ഇനി പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. 2-ാം മാസത്തിലും 6-ാം മാസത്തിലുമാണ്‌ തിരഞ്ഞെടുത്ത്‌ മാറ്റേണ്ടത്‌.
1. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത
2. കൊഴുപ്പിന്റെ അളവ്‌ (ബാക്ക്‌ഫാറ്റ്‌) കുറഞ്ഞത്‌
3. ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി
4. നന്നായി വളര്‍ന്ന മുലക്കാമ്പുകള്‍
5. ബലമുള്ള കാലുകളും കുളമ്പുകളും
6. നല്ല മാതൃഗുണം
7. ഉയര്‍ന്ന പ്രത്യുല്‍പ്പാദന ക്ഷമത
8. നല്ല ശരീരവടിവ്‌, വലിപ്പം
ലിറ്റര്‍ വലിപ്പം 10-12 ഉള്ളതില്‍നിന്നുവേണം തിരഞ്ഞെടുക്കാന്‍ വീനിങ്‌ വളര്‍ച്ച ഉയര്‍ന്ന നിരക്കിലുള്ളതിനും പ്രാധാന്യം കൊടുക്കണം. 1.2 ഇഞ്ച്‌ ബാക്ക്‌ഫാറ്റുള്ളത്‌ നല്ലതാണ്‌. നല്ല വളര്‍ച്ചയെത്തിയ അകിടും മുലക്കാമ്പും ഉണ്ടായിരിക്കണം. ചുരുങ്ങിയത്‌ പ്രവര്‍ത്തനക്ഷമമായ 6 ജോഡി മുലക്കാമ്പെങ്കിലും ഉണ്ടാകണം.
തൂങ്ങിനില്‍ക്കുന്ന അകിടുള്ളതും തീരെ വളര്‍ച്ചയെത്താത്ത അകിടുള്ളതും ഒഴിവാക്കണം. വളരെ ചെറിയ യോനിയുള്ളതിനെയും തിരഞ്ഞെടുക്കരുത്‌. നല്ല ശരീരവടിവും നീളവുമുള്ള പന്നിയെവേണം തിരഞ്ഞെടുക്കാന്‍ അതുകൂടാതെ ഒരു ലിറ്ററില്‍ ഏറ്റവും വളര്‍ച്ചയെത്തിയവയായിരിക്കും ഏറ്റവും നല്ലത്‌. പന്നിയുടെ പിറകുവശം ആര്‍ച്ചുപോലെ കാണുന്നതാണ്‌ നല്ലത്‌. നേരത്തെ പ്രായപൂര്‍ത്തിയെത്തുന്നവയ്‌ക്ക്‌ മുന്‍ഗണന നല്‍കണം. സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നവയെയും പാലൂട്ടാത്തവയെയും ഒഴിവാക്കണം. അംഗവൈകല്യമുള്ളവയെയും തിരഞ്ഞെടുക്കരുത്‌.

തിരഞ്ഞെടുപ്പ്‌ തത്ത്വങ്ങള്‍

പെഡിഗ്രി രീതി: ഒരു പന്നിയുടെ വ്യക്തിഗത പാരമ്പര്യഗുണങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ്‌ നടത്തുന്ന രീതിയാണിത്‌. ഇതിനായി ഇവയുടെ ഏറ്റവും അടുത്ത തലമുറകളുടെ ഗുണങ്ങളാണ്‌ പരിഗണിക്കപ്പെടുന്നത്‌. ഇതിനായി ഗുണങ്ങളുടെ റെക്കാര്‍ഡുകള്‍ പരിശോധിക്കേണ്ടതുണ്ട്‌. കൃത്യമായി രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന ഫാമുകളില്‍ മാത്രമേ ഇത്‌ സാധ്യമാകൂ.
വ്യക്തിഗത ഒഴിവാക്കല്‍ രീതി: ഇവിടെ ഓരോ പാരമ്പര്യഗുണങ്ങള്‍ക്കും കുറഞ്ഞ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി ഓരോ പന്നിയെയും തിരഞ്ഞെടുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു.
ഉദാ:
1. ലിറ്റര്‍ എണ്ണം 7-ല്‍ കുറവുള്ള പന്നികളെ ഒഴിവാക്കുക.
2. വീനിങ്‌ തൂക്കം 18 കി.ഗ്രാമില്‍ കുറവുള്ളവയെ ഒഴിവാക്കുക.
3. ദിവസത്തെ വര്‍ധന 900 ഗ്രാമില്‍ കുറവുള്ളവയെ ഒഴിവാക്കുക.
ഈ രീതിയുടെ ഏറ്റവും ദോഷവശം ഒരു ഗുണത്തെ മാത്രം അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കുകയോ തള്ളുകയോ ചെയ്യുന്ന എന്നുള്ളതാണ്‌.
ടാന്റം രീതി: പ്രത്യേക ഗുണം ഒരു നിശ്ചിത അളവില്‍ ലഭ്യമാകുന്നതുവരെ തിരഞ്ഞെടുപ്പ്‌ നടത്തുന്ന രീതിയാണിത്‌. ഉദാ: ലിറ്റര്‍ വലിപ്പം കൂട്ടുന്നതിനുവേണ്ടി തിരഞ്ഞെടുപ്പ്‌ നടത്തുന്ന സാമ്പത്തികലാഭം പല ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഈ രീതി ശാസ്‌ത്രീയമല്ല.

പാരമ്പര്യഗുണങ്ങള്‍

പന്നികളെ തിരഞ്ഞെടുക്കുമ്പോഴും ഒഴിവാക്കുമ്പോഴും സാമ്പത്തിക പ്രാധാന്യമുള്ള ഗുണങ്ങളാണ്‌ കൂടുതലായും പരിഗണിക്കുന്നത്‌. തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്ന ഗുണങ്ങളാണ്‌ പാരമ്പര്യഗുണങ്ങള്‍. എല്ലാ ഗുണങ്ങളും ഒരേ അളവില്‍ പുതിയ തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നില്ല. പാരമ്പര്യഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനെ മൂന്നായി തരംതിരിക്കാം.
1. ഉയര്‍ന്ന പാരമ്പര്യഗുണം. 0.3
2. ഇടത്തരം പാരമ്പര്യഗുണം. 0.15-0.3
3. കുറഞ്ഞ പാരമ്പര്യഗുണം 0-0.15
പൊതുവായി പറഞ്ഞാല്‍ പ്രത്യുല്‍പ്പാദന ഗുണങ്ങള്‍ക്കു കുറഞ്ഞ പാരമ്പര്യഗുണമാണുള്ളത്‌. വളര്‍ച്ചാനിരക്ക്‌, ഫാറ്റനിങ്‌ തുടങ്ങിയവയ്‌ക്ക്‌ ഇടത്തരവും ശരീരഗുണങ്ങള്‍, ശരീരവടിവ്‌, മാംസഗുണം എന്നിവയ്‌ക്ക്‌ ഉയര്‍ന്ന പാരമ്പര്യഗുണങ്ങളുമാണുള്ളത്‌.

സൂചികരീതി

പല പാരമ്പര്യഗുണങ്ങളുടെ ഒരു സൂചിക തയാറാക്കുന്ന രീതിയാണിത്‌. ഈ രീതിയില്‍ വിവിധ ഗുണങ്ങളുടെ പ്രാധാന്യത്തെ ആനുപാതികമായി പരിഗണിക്കുന്നു. മൃഗത്തിന്റെ മിക്ക ഗുണങ്ങളെയും പരിഗണിച്ച്‌ ഒരു റാങ്കിങ്‌ നടത്താന്‍ കഴിയുന്നു. ഗുണങ്ങളില്‍ കാലാവസ്ഥ വരുത്തുന്ന മാറ്റങ്ങള്‍ പോലും പരിഗണിക്കപ്പെടുന്നു.
SI=240+(100) (AG Kg)
BF- Back fat
ADG - Average Daily Gain
FCR - Food Convertion Ratio

പ്രജനനരീതികള്‍

പ്രത്യുല്‍പ്പാദനത്തിന്റെ ഫലമായി സങ്കരയിനമോ ശുദ്ധ ഇനമോ ഉല്‍പ്പാദിപ്പിക്കുവാന്‍ വേണ്ടി അലവംബിക്കുന്ന വിവിധങ്ങളായ പ്രജനനരീതികളുണ്ട്‌.

അന്തഃപ്രജനനം (Inbreeding)

രക്തബന്ധത്തില്‍പ്പെട്ടവ ഇണചേരുന്ന രീതിയാണിത്‌. ഇത്തരം രീതികളില്‍ പന്നികളുടെ സാദൃശ്യഗുണങ്ങള്‍ കൂടുതലായി കാണുകയും ഒളിഞ്ഞുനിന്നിരുന്ന മോശം ഗുണങ്ങള്‍ പുറത്തുവരികയും ചെയ്യും. അതുകൊണ്ടുതന്നെ പന്നികളില്‍ അന്തഃപ്രജനനം നല്ലതല്ല. അന്തഃപ്രജനനത്തിന്റെ ശതമാനം കൂടുന്തോറും പന്നിക്കുഞ്ഞുങ്ങളുടെ മരണനിരക്കും കൂടുന്നതായി കണ്ടുവരുന്നു. കുറഞ്ഞ വളര്‍ച്ചാനിരക്ക്‌, കുറഞ്ഞ രോഗപ്രതിരോധശേഷി, വന്ധ്യത, ഗര്‍ഭമലസല്‍, അംഗവൈകല്യം എന്നിവ അന്തഃപ്രജനനം കൊണ്ടുണ്ടാകുന്നതാണ്‌. കൂടാതെ കുറഞ്ഞ ലിറ്റര്‍ വലിപ്പം, കുറഞ്ഞ വീനിങ്‌ തൂക്കം, കുറഞ്ഞ ജനനത്തൂക്കം എന്നീ പ്രശ്‌നങ്ങളുണ്ടാകും.

ശുദ്ധപ്രജനനം

ഒരേ ജനുസ്സില്‍പ്പെട്ടവയെ പ്രജനനം നടത്തുന്ന രീതിയാണിത്‌. ശുദ്ധജനുസ്സില്‍പ്പെട്ടവയെ ഉല്‍പ്പാദിപ്പിക്കുവാന്‍ ഇതുവഴി സാധിക്കുന്നു. ശുദ്ധപ്രജനനം നടത്തുമ്പോഴും അന്തഃപ്രജനനം ഒഴിവാക്കേണ്ടതുണ്ട്‌.

സങ്കരപ്രജനനം

വ്യത്യസ്‌ത ജനുസ്സുകള്‍ തമ്മില്‍ പ്രജനനം നടത്തുന്ന രീതിയാണിത്‌. ഇത്തരം രീതിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ മാതൃ-പിതൃപന്നികളെക്കാളും ഗുണമേന്മ കൂടും. മാംസോല്‍പ്പാദനത്തിനുവേണ്ടിയാണ്‌ ഇത്തരം പ്രജനനം അലവംബിക്കുന്നത്‌. ജനനത്തൂക്കം, വീനിങ്‌ തൂക്കം, ലിറ്റര്‍ വലിപ്പം, വീനിങ്‌ എണ്ണം എന്നിവ വര്‍ധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ എന്നിവയും ഇതിന്റെ മേന്മകളാണ്‌. സങ്കരപ്രജനനം പലരീതിയില്‍ ചെയ്യാം.

രണ്ടുവഴി ക്രോസ്‌

രീതി-1: രണ്ടിനങ്ങളെ പരസ്‌പരം പ്രജനനം നടത്തുന്ന രീതിയാണിത്‌.
ഉദാ: ലാര്‍ജ്‌ വൈറ്റ്‌ യോര്‍ക്ക്‌ ഷെയര്‍ (LWLR) x ലാന്‍ഡ്‌റേസ്‌

മൂന്നുവഴി ക്രോസ്‌ അച്ഛന്‍ അമ്മ
ലാര്‍ജ്‌ വൈറ്റ്‌ യോര്‍ക്ക്‌ഷെയര്‍ x ലാന്‍ഡ്‌റേസ്‌
LWLR x ഡ്യൂറോക്ക്‌
DU LWLR

ഗ്രേഡിങ്‌ അപ്‌: ശുദ്ധജനുസ്സ്‌ ഇനങ്ങളെ നാടന്‍ ഇനങ്ങളുമായി പല തവണ ക്രോസ്‌ ചെയ്‌ത്‌ ശുദ്ധജനുസ്സിന്റെ ശതമാനം കൂട്ടുന്ന രീതിയാണിത്‌.
ഉദാ:
ശുദ്ധജനുസ്സ്‌ x 100% നാടന്‍
(PB)
(1) 50% PB x 100% PB
(2) 75% PB x 100% PB
(3) 87.5% PB
ഇത്തരത്തില്‍ ക്ലോസ്‌ ചെയ്യുമ്പോള്‍ 3-ാം തലമുറ 87% ശുദ്ധജനുസ്സ്‌ ആയിരിക്കും.

ക്രിസ്‌ ക്ലോസിങ്‌: വ്യത്യസ്‌ത ജനുസ്സില്‍പെട്ട ആണ്‍പന്നികളെ ഉപയോഗിച്ച്‌ ഒന്നിടവിട്ട തലമുറയുമായി പ്രജനനം നടത്തുന്ന രീതിയാണിത്‌.

ആദ്യക്രോസിങ്‌-പെണ്‍പന്നി x ആണ്‍പന്നി
A B
രണ്ടാം ക്രോസിങ്‌ AB x B
50% A 
50% B
മൂന്നാം ക്രോസിങ്‌ A B A x B
75% A
25% B
നാലാം ക്രോസിങ്‌ 37.15% Ax A
62.25% B
അഞ്ചാം ക്രോസിങ്‌ 68.75% AxB
31.25% B
തുടരുന്നു

ഇതുപോലെ മൂന്നു ജനുസ്സുകളെ ഉപയോഗിച്ച്‌ ഒന്നിടവിട്ട്‌ തലമുറയുമായി പ്രജനനം നടത്താവുന്നതാണ്‌.

ഉദാ: പെണ്‍ A   ആണ്‍ B  
ഒന്നാം തലമുറ AB x C
50% A
50% B
രണ്ടാം തലമുറ ABC x A
25% A
25% B
50% C
മൂന്നാം തലമുറ A B C x A
62.5% A
12.5% B
25% C
നാലാം തലമുറ 31.25 A
62.5 B
12.5 C

ഒഴിവാക്കല്‍ (Culling)

ഫാമില്‍ ആവശ്യമില്ലാത്തതും നിശ്ചയിക്കപ്പെട്ട ഗുണങ്ങളില്ലാത്തതുമായ പന്നികളെ ഒഴിവാക്കുന്നതിനെയാണ്‌ ഒഴിവാക്കല്‍ എന്നു പറയുന്നത്‌. ശക്തമായ രീതിയില്‍ ഒഴിവാക്കല്‍ നടത്തുന്ന ഫാമുകള്‍ നല്ല ഗുണമേന്മ വേഗം കൈവരിക്കും. ഒഴിവാക്കപ്പെടുന്നവയ്‌ക്കു പകരം വെക്കാന്‍ ഗുണമേന്മയുള്ള മൃഗങ്ങളുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ്‌ ഒഴിവാക്കല്‍ ചെയ്യുന്നത്‌. ഫാമുകളില്‍ 30-40 ശതമാനം വരെ ഒഴിവാക്കുന്നത്‌ ഗുണമേന്മ വര്‍ധിക്കുന്നത്‌ ത്വരിതഗതിയിലായിരിക്കും. ഒഴിവാക്കുന്നതിനുമുമ്പ്‌ ആ പന്നിയുടെ ഗുണങ്ങളെക്കുറിച്ച്‌ വ്യക്തമായ രേഖകളുണ്ടായിരിക്കണം. മൊത്തം ഒഴിവാക്കുന്നവയില്‍ 4 ശതമാനം ഉപയോഗം കഴിഞ്ഞതും 17 ശതമാനം ഉല്‍പ്പാദനം കുറഞ്ഞതും 12 ശതമാനം വന്ധ്യതയുള്ളതും 6 ശതമാനം മുടന്തുള്ളതും 6 ശതമാനം പാല്‍ കുറവുള്ളതുമാണ്‌.
ഒഴിവാക്കല്‍ പ്രക്രിയയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കണം.
1. ലിറ്റര്‍ വലിപ്പം: ആദ്യപ്രസവത്തില്‍ ലിറ്റര്‍ വലിപ്പം കുറഞ്ഞവയ്‌ക്ക്‌ ഒരു അവസരം കൂടി നല്‍കണം. ലിറ്റര്‍ വലിപ്പം 8-ല്‍ കുറവുള്ളതിനെ ഒഴിവാക്കാം.
2. ഉല്‍പ്പാദനകാലം: പന്നിയുടെ ശരാശരി പ്രത്യുല്‍പ്പാദനചക്രം 159 ദിവസമാണ്‌. ഇതില്‍ 10 ദിവസം കൂടുതലെടുക്കുന്നവയെ ഒഴിവാക്കാം.
3. വറ്റുകാലം: നീണ്ട വറ്റുകാലം ഉള്ള പന്നികളെ ഒഴിവാക്കണം. വീനിങ്ങിനു ശേഷമുള്ള 3 മുതല്‍ 7 ദിവസങ്ങള്‍കകുള്ളില്‍ പന്നികള്‍ മദികാണിക്കും. ഇത്‌ 10 ദിവസത്തില്‍ കൂടുതലായതിനെ ഒഴിവാക്കണം.
4. മാതൃഗുണം: സ്ഥിരമായി കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതിരിക്കുന്നതും തിന്നുന്നതുമായ പന്നിയെ ഒഴിവാക്കേണ്ടതാണ്‌.
5. അനുസരണ: അനുസരതീരെയില്ലാത്ത പന്നികളെ പരിശീലിപ്പിക്കുവാനും ഇണചേര്‍ക്കുവാനും കൃത്രിമ ബീജാധാനം നടത്താനും ബുദ്ധിമുട്ടുണ്ടാകും. ഇത്തരം പന്നികളെ ഒഴിവാക്കേണ്ടതാണ്‌.
6. പാലുല്‍പ്പാദനം: 8 പന്നിക്കുഞ്ഞുങ്ങളെ വളര്‍ത്താനാവശ്യമായ പാലുല്‍പ്പാദിപ്പിക്കാത്തവയെ ഒഴിവാക്കേണ്ടിവരും. അകിടൂവിക്കരോഗം വന്ന്‌ അകിടു കേടായതും പാരമ്പര്യമായി പാലുല്‍പ്പാദനം കുറഞ്ഞതുമായതിനെ ഒഴിവാക്കാം.
7. പന്നിക്കുഞ്ഞുങ്ങളുടെ ഗുണം: കുഞ്ഞുങ്ങളുടെ തൂക്കം, വൈകല്യങ്ങള്‍ എന്നിവ പരിഗണിക്കണം. മൊത്തം കുഞ്ഞുങ്ങളില്‍ 10%ത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളുടെ ജനനത്തൂക്കം 1 കി.ഗ്രാമില്‍ താഴെയാണെങ്കില്‍ അത്തരം പന്നികളെ ഒഴിവാക്കണം. അതിനുപുറമേ ഹെര്‍ണിയ, മലദ്വാരമില്ലായ്‌മ, ക്രിപ്‌റ്റോര്‍ക്കിടിസം തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയെ ഒഴിവാക്കാം.
8. മറ്റു കാര്യങ്ങള്‍: ബ്രൂസല്ലോസിസ്‌, ലെപ്‌റ്റോസ്‌പൈറോസിസ്‌ തുടങ്ങിയ രോഗങ്ങള്‍മൂലം ഗര്‍ഭമലസല്‍ ഉണ്ടാകും. ഇത്തരം പന്നികളെ ഒഴിവാക്കുന്നതാണ്‌. അകിടുവീക്കം വന്ന്‌ പാലുല്‍പ്പാദനം തീര്‍ത്തും ഇല്ലാതെപോയ പന്നികളെയും ഒഴിവാക്കണം. ശക്തി കുറഞ്ഞ കാലുകളും കുളമ്പും ഉള്ളവയെ പ്രജനനത്തിനുപയോഗിക്കുന്നത്‌ നല്ലതല്ല. ഇത്തരം പന്നികളെ ഒഴിവാക്കാം. വര്‍ഷത്തില്‍ രണ്ടു പ്രസവം എന്ന കണക്കില്‍ 10 വര്‍ഷത്തില്‍ 20 പ്രസവംവരെ അപൂര്‍വ്വം പന്നികളില്‍നിന്നു ലഭിച്ചതായി രേഖകളുണ്ട്‌. എന്നാല്‍ 6-7 പ്രസവം കഴിയുമ്പോഴേക്കും ലിറ്റര്‍ സൈസ്‌ കുറയുന്നതായി കാണാം. ഇത്തരം പന്നികളെയും ഒഴിവാക്കാം.
ഇതിനു പുറമേ ഇടയ്‌ക്കിടെ അകിടുവീക്കം വരുന്നതിനെയും പന്നിക്കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ വളരെ കൂടുതലുള്ളതിനെയും ഒഴിവാക്കണം. കൂടാതെ കപടഗര്‍ഭം കാണിക്കുന്നവയെയും എന്നും ആരോഗ്യപ്രശ്‌നം കാണിക്കുന്നവയെയും ഒഴിവാക്കാം.

കൂടുനിര്‍മ്മാണം

പന്നിവളര്‍ത്തലില്‍ കൂടുനിര്‍മ്മാണം വളരെ പ്രധാനപ്പെട്ടതാണ്‌. കൂട്ടിനുള്ളില്‍ പന്നികള്‍ക്കു വ്യക്തിഗതചലനത്തിനുള്ള സൗകര്യം, തൊഴിലാളികളുടെ ജോലിഭാരം കുറയ്‌ക്കല്‍, ആരോഗ്യപരമായ ചുറ്റുപാടും ശുചിത്വവും ഉറപ്പാക്കല്‍, വിസര്‍ജ്ജ്യങ്ങളുടെ നീക്കം എന്നീ സൗകര്യങ്ങള്‍ക്കനുസൃതമായാണ്‌ കൂടുകള്‍ ഡിസൈന്‍ ചെയ്യുന്നത്‌. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥമാറ്റങ്ങള്‍ പന്നിയുടെ ആരോഗ്യതതെ പെട്ടെന്ന്‌ ബാധിക്കുന്നതിനാല്‍ കൂടുകള്‍ ഒരുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കുംവരെ കൂട്ടിനുള്ളിലെ സൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആള്‍പാര്‍പ്പില്ലാത്തതും പൊതുജനങ്ങള്‍ സഞ്ചരിക്കാത്തതുമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. തീറ്റ ലഭ്യമായതും (ഹോട്ടല്‍ അവശിഷ്‌ടങ്ങളും സാന്ദ്രീകൃത തീറ്റയും) യാത്രാസൗകര്യമുള്ളതുമായ സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്‌. വൈദ്യുതി, ജലം എന്നിവയും യഥേഷ്‌ടം ലഭ്യമാക്കണം. മറ്റ്‌ ഫാമുകളില്‍നിന്നും വീടുകളില്‍നിന്നും ഏറ്റവും ദൂരത്തായിരിക്കണം ഫാമിനുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത്‌. ജലം വാര്‍ന്നു പോകാനും അവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍കൂടി ഉണ്ടാകണം. ഫാം കെട്ടിടം എടുക്കാനായി ലഭിച്ചിരിക്കേണ്ട നിയമപരമായ അനുവാദം കിട്ടുന്ന സ്ഥലമേ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ. വെള്ളത്തിന്റെ അളവു കണക്കാക്കാനായി മൊത്തം പന്നിക്കാവശ്യമായ തീറ്റയുടെ മൂന്നിരട്ടിയുടെ കൂടെ 30 ശതമാനം വെള്ളം കഴുകാനും 15 ശതമാനം വേസ്റ്റായി പോകുന്നതുംകൂടി കൂട്ടിയതാണ്‌. മറ്റ്‌ പന്നിഫാമുകളില്‍നിന്നും ഒരു കിലോമീറ്ററെങ്കിലും ദൂരമുണ്ടായിരിക്കണം തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്‌.

കെട്ടിടം പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കൂട്ടില്‍ പന്നികള്‍ക്കാവശ്യമായ കാലാവസ്ഥാഘടകങ്ങള്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ രോഗങ്ങള്‍ വര്‍ധിക്കുകയും പ്രത്യുല്‍പ്പാദന നിരക്ക്‌ കുറയുകയും ചെയ്യും.
2. കെട്ടിടത്തില്‍ നല്ല കാറ്റോട്ടമുണ്ടായിരിക്കണം. പന്നിക്ക്‌ ഒരു കി.ഗ്രാം ശരീരഭാരത്തിന്‌ 103 ക്യുബിക്‌ ശുദ്ധവായുവും കൂട്ടില്‍ ആവശ്യമാണ്‌.
3. തൊഴിലാളികളുടെ സേവനം ഏറ്റവും കുറഞ്ഞ അളവില്‍ ഉപയോഗിക്കത്തക്കവിധമായിരിക്കണം കൂട്‌ ഒരുക്കേണ്ടത്‌.
4. കൂട്ടില്‍ നല്ല നീര്‍വാര്‍ച്ചയുണ്ടാകണം. സ്ഥലത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തായിരിക്കണം കൂടു കെട്ടേണ്ടത്‌. കൂടാതെ തറയ്‌ക്ക്‌ രണ്ട്‌ ശതമാനം ചെരിവും കൊടുക്കണം.
5. ശുചിത്വം പാലിക്കാന്‍ പറ്റുന്ന തരത്തില്‍ വേണം കൂടു കെട്ടേണ്ടത്‌. എളുപ്പം കഴുകാനും വൃത്തിയാക്കാനും കഴിയണം. മിനുസമുള്ള ചുമരും പരുപരുപ്പുള്ള തറയുമാണ്‌ അഭികാമ്യം.
6. പന്നികള്‍ക്കും പണിക്കാര്‍ക്കും സുരക്ഷിതത്വം ലഭിക്കുന്ന തരത്തിലേ കൂടു കെട്ടാവൂ. കൂടിന്‌ ആവശ്യത്തിനുള്ള ഉയരവും നടപ്പാതയും വേണം.
7. എലികള്‍, മറ്റ്‌ വന്യമൃഗങ്ങള്‍, പക്ഷികള്‍ എന്നിവ കൂടുകളില്‍ കയറാത്തവിധം രൂപകല്‍പ്പന ചെയ്യണം
8. കെട്ടിടസാമഗ്രികള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. തുരുമ്പെടുക്കുന്ന വസ്‌തുക്കള്‍ ഒഴിവാക്കണം. പന്നികള്‍ തട്ടിയാല്‍ പൊട്ടുന്നതോ കടിച്ചുകളയാന്‍ കഴിയുന്നതോ ആയ വസ്‌തുക്കള്‍ ഉപയോഗിക്കാം.
ഭാവിവികസനം കൂടി കണ്ടുകൊണ്ടുവേണം കൂട്‌ രൂപകല്‍പന ചെയ്യണ്ടത്‌. തീറ്റ സൂക്ഷിക്കാനും അവശിഷ്‌ടം നീക്കം ചെയ്യാനുള്ള സൗകര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിവേണം കൂടു നിര്‍മ്മിക്കാന്‍.
പന്നിക്കൂട്‌ പണിയുന്നതിനുമുമ്പ്‌ കുറച്ച്‌ ഫാമുകള്‍ സന്ദര്‍ശിക്കുന്നത്‌ നല്ലതാണ്‌. ഫാം ഉടമകളുമായും സംസാരിക്കണം. അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളുംകൂടി കൂടൊരുക്കുമ്പോള്‍ പരിഗണിക്കണം.
ദിശ: കിഴക്കുപടിഞ്ഞാറു ദിശയില്‍ വേണം കെട്ടിടം കെട്ടേണ്ടത്‌. ഒരേ അളവില്‍ വെയിലും ചൂടും കൂട്ടില്‍ ലഭിക്കാന്‍ ഇത്‌ സഹായിക്കും.
കാറ്റോട്ടം: കൂട്ടിനുള്ളില്‍ നല്ല കാറ്റോട്ടം ഉണ്ടാകണം. കൂട്ടിനുള്ളിലെ ദുര്‍ഗന്ധം നീങ്ങാനും ശുദ്ധമായ നീങ്ങാനും ശുദ്ധമായ വായു കൂട്ടിലെത്തണം. ഉയര്‍ന്ന ചൂടുള്ള ദിവസങ്ങളില്‍ കാറ്റോട്ടമുണ്ടെങ്കില്‍ കൂട്ടില്‍ ജലാംശം കുറയുകയും അതുവഴി ചൂടു കുറയുകയും ചെയ്യും.
കാറ്റോട്ടം നന്നായി ലഭിക്കണമെങ്കില്‍ കൂടുകള്‍ തമ്മില്‍ 15 മീറ്ററെങ്കിലും അകലം വേണം. കെട്ടിടങ്ങള്‍ക്കിടയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുകയും വേണം. ചുറ്റുമതില്‍ കെട്ടുമ്പോള്‍ മതിലിന്‌ ഉയരം കൂടിയാല്‍ കാറ്റോട്ടം കുറയും. അതുപോലെതന്നെ വീതികൂടിയ കൂടുകള്‍ നിര്‍മ്മിച്ചാലും കൂട്ടിനകത്ത്‌ ചൂടു കൂടും. അതുകൊണ്ടുതന്നെ 10 മീറ്ററില്‍ കൂടുതല്‍ വീതിയില്‍ കൂടുകെട്ടരുത്‌.
വെള്ളം കൊടുക്കാനുള്ള സൗകര്യം
ശുദ്ധമായ വെള്ളം കൃത്യമായ അളവില്‍ ആവശ്യമുള്ള സമയത്ത്‌ നല്‍കുവാനുതകുന്ന തരത്തില്‍ വേണം കൂടു പണിയാന്‍. വെള്ളം ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കാനുള്ള സൗകര്യമുണ്ടായിരിക്കണം. പന്നിക്കാവശ്യമായ വെള്ളത്തിന്റെ 4 ശതമാനം തീറ്റയില്‍നിന്നും 19 ശതമാനം ഉപാപചയ പ്രവര്‍ത്തനങ്ങളില്‍നിന്നും ലഭിക്കുമ്പോള്‍ ബാക്കി 77 ശതമാനംകൂടി വെള്ളമായിത്തന്നെ നല്‍കണം.
പന്നിക്കാവശ്യമുള്ള വെള്ളത്തിന്റെ അളവ്‌ അതിന്റെ ഉല്‍പ്പാദനസമയത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും പന്നികള്‍ക്ക്‌ ദിനംപ്രതി 7-12 ലിറ്റര്‍ വെള്ളം വേണം.
നിപ്പിള്‍ രീതിയില്‍ വെള്ളം കൊടുക്കുന്നതാണ്‌ ഏറ്റവും അഭികാമ്യം. മിനിട്ടില്‍ 600-700 മി.ലിറ്റര്‍ വെള്ളം ലഭിക്കുന്ന നിപ്പിളുകള്‍ ഉപയോഗിക്കണം. രണ്ടുതരത്തിലുള്ള നിപ്പിളുകള്‍ ലഭ്യമാണ്‌. കുടിക്കുമ്പോള്‍ വെള്ളം വരുന്നതും തള്ളിയാല്‍ വെള്ളം വരുന്നതും. ആദ്യത്തെ നിപ്പിള്‍ തറയില്‍നിന്നും 70-85 സെ.മീ. ഉയരത്തിലാണ്‌ ഘടിപ്പിക്കുന്നവയ്‌ക്ക്‌ ബൈറ്റ്‌ നിപ്പിളും വ്യക്തിഗത കൂട്ടില്‍ പുഷ്‌ നിപ്പിളുമാണ്‌ നല്ലത്‌.
പന്നികള്‍ക്ക്‌ തീറ്റപ്പാത്രത്തിലും വേറെ പാത്രതതിലും വെള്ളം കൊടുക്കാമെങ്കിലും ഓട്ടോമാറ്റിക്‌ നിപ്പിള്‍ തന്നെയാണ്‌ ഏറ്റവും ഉത്തമം. ഇത്‌ കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പണിച്ചെലവും വെള്ളം പാഴാകുന്നതും കുറയ്‌ക്കാം.

ഗ്രൂപ്പുകള്‍ കൂടുകള്‍

4-5 പന്നികളെ ഒരു ഗ്രൂപ്പാക്കി പാര്‍പ്പിക്കുവാന്‍ ഇത്തരം കൂടുകള്‍ ഉപയോഗിക്കാം. പന്നികളെ കൂട്ടമായി പാര്‍പ്പിക്കുമ്പോള്‍ ഇവ പെട്ടെന്നു മദി കാണിക്കും. കൂടാതെ മദി കണ്ടുപിടിക്കാനും എളുപ്പമാണ്‌. എന്നാല്‍ ചില പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്‌. പരസ്‌പരം ആക്രമിക്കാനും തീറ്റയ്‌ക്കുവേണ്ടി പോരടിക്കാനും സാധ്യതയുണ്ട്‌. കൂട്ടമായി വളരുമ്പോള്‍ കാലിന്‌ രോഗസാധ്യത കൂടുതലാണ്‌. വ്യക്തിഗതഗുണമേന്മകള്‍ പഠിക്കാനും ബുദ്ധിമുട്ടുണ്ടാകും.

തറനിര്‍മ്മാണം: കോണ്‍ക്രീറ്റ്‌ തറ

തറ കൂടുതല്‍ മിനുസമുള്ളതാകാന്‍ പാടില്ല. ചെറിയ അളവില്‍ മുരുമുരുപ്പു വേണം താനും. ആണ്‍പന്നികള്‍ക്കുള്ള തറനിര്‍മ്മാണത്തിന്‌ കോണ്‍ക്രീറ്റ്‌ ബ്ലോക്കുകളോ ഇഷ്‌ടികളോ മരപ്പലകകളോ ഉപയോഗിക്കാം. കോണ്‍ക്രീറ്റുകൊണ്ട്‌ തറ നിര്‍മ്മിക്കുമ്പോള്‍ നല്ല രീതിയില്‍തന്നെ ചെയ്യണം. പന്നിയുടെ വിസര്‍ജ്ജ്യവസ്‌തുക്കളിലുള്ള ആസിഡുകള്‍ തറ പെട്ടെന്നു കേടു വരുത്തും. പരുക്കനായിട്ടുള്ള തറകള്‍ പണിതാല്‍ കാലുകള്‍ക്ക്‌ കേടുവരികയും വിടവുകള്‍ക്കിടയില്‍ വെള്ളം കെട്ടിനിന്ന്‌ അണുബാധയുണ്ടാകുകയും ചെയ്യും. തറയ്‌ക്ക്‌ രണ്ടു ശതമാനം ചെരിവുണ്ടായിരിക്കണം. ഓരോ മീറ്ററിനും രണ്ടു സെ.മീ. ആഴം കനാലിന്റെ ഭാഗത്തേക്ക്‌ വേണമെന്നര്‍ത്ഥം.
പ്ലാറ്റ്‌ഫോം തറകളും പണിയാം. തറ വൃത്തിയാക്കാനും വിസര്‍ജ്ജ്യം നീക്കാനും ഇത്തരം തറകള്‍ സഹായിക്കുമെങ്കിലും തീറ്റ പാഴാകുന്നതും പരസ്‌പരം ആക്രമിക്കുമ്പോള്‍ കൂടുതല്‍ അപകടം പറ്റുന്നതും ഇതിന്റെ പ്രശ്‌നങ്ങളാണ്‌. കൂടാതെ ചെലവ്‌ കൂടുകയും ചെയ്യും. ഇത്തരം തറയില്‍ പലകകള്‍ തമ്മിലുള്ള അകലം രണ്ടര സെ.മീറ്ററില്‍ കൂടരുത്‌.
മേല്‍സറസൂര: കൂട്ടിലെ ഊഷ്‌മാവു നിയന്ത്രിക്കുന്നതില്‍ മേല്‍ക്കൂര പ്രധാന പങ്കുവഹിക്കുന്നു. അലുമിനിയം, ആസ്‌ബസ്റ്റോസ്‌, ഓല എന്നിവ മേല്‍ക്കൂരയായി ഉപയോഗിക്കാം. മേല്‍ക്കൂരയ്‌ക്കു തറയില്‍നിന്ന്‌ രണ്ടു മീറ്ററെങ്കിലും ഉയരം വേണം. ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയാണെങ്കില്‍ ഉയരം മൂന്നു മീറ്റര്‍ വരെയാകാം. മേല്‍ക്കൂരയുടെ ചെരിവ്‌ രണ്ടു മീറ്റര്‍ ഉയരമുള്ളതിന്‌ 45 ഡിഗ്രിയും മൂന്നു മീറ്റര്‍ ഉയരമുള്ളതിന്‌ 25 ഡിഗ്രിയും വേണം.
കൂടുകളിലെ മുറികള്‍ വേര്‍തിരിക്കുന്ന ചുമരിന്‌ ഒരു മീറ്റര്‍ ഉയരം വേണം. ഇത്‌ ഹോളോബ്രിക്‌സ്‌ കൊണ്ടോ ജി.ഐ. പൈപ്പുകൊണ്ടോ പണിയാം. ചുമര്‍ മിനുസമുള്ളതും മൂര്‍ച്ചയുള്ള വസ്‌തുക്കളില്ലാത്തതുമായിരിക്കണം. തറനിരപ്പില്‍നിന്നും 10 സെ.മീ. ഉയരത്തിലാണ്‌ സമാന്തര ബാര്‍ ഘടിപ്പിക്കേണ്ടത്‌. കുഞ്ഞനെയുള്ള ബാറുകള്‍ അര ജി.ഐ. പൈപ്പാണെങ്കില്‍ 10 സെ.മീറ്ററും 10 എം.എം. വ്യാസമുള്ള സ്റ്റീല്‍ ബാറാണെങ്കില്‍ 5 സെ.മീറ്ററും വിടവുവേണം. തീറ്റസ്ഥലത്തിന്‌ 2� മീറ്റര്‍ നീളം വേണം. ഡോറുകള്‍ 70 സെ.മീ. വീതിയുള്ള ജി.ഐ. ഫ്രെയിമില്‍ ഇരുമ്പുബാറുകള്‍ ഘടിപ്പിച്ചുണ്ടാക്കാം. വഴിക്ക്‌ 1.2-1.5 മീറ്റര്‍ വീതി വേണ്ടിവരും.

സ്ഥലസൗകര്യം

കൂട്ടിനുള്ളില്‍ അമിതമായ സ്ഥലം കൊടുക്കുന്നതും കുറച്ചു സ്ഥലം കൊടുക്കുന്നതും പ്രശ്‌നമുണ്ടാക്കും. കൂട്ടംകൂടി വളരുമ്പോള്‍ പസസ്‌പരം ആക്രമിക്കാനും വാല്‍ കടിക്കാനും സാധ്യതയുണ്ട്‌. ആവശ്യത്തില്‍ കൂടുതല്‍ സ്ഥലം നല്‍കിയാല്‍ കൂടിന്റെ നിര്‍മ്മാണച്ചെലവ്‌ കൂടും.
വളരുന്ന പന്നികളെ 4-5 എണ്ണത്തെ ഒന്നിച്ചു വളര്‍ത്തുന്നതാണ്‌ കൈകാര്യം ചെയ്യാന്‍ എളുപ്പം. വളരുന്ന പന്നികള്‍ക്കുള്ള സ്ഥലസൗകര്യം കണ്ടുപിടിക്കുന്നത്‌ (5 എണ്ണത്തിന്‌):
ട്രഫ്‌ നീളം = 0.35 x 5= 1.75
വിസ്‌തീര്‍ണ്ണം കിടക്കാനുള്ളത്‌ = (0.73)x 5= 3.52
കിടക്കാനുള്ളതിന്‍രെ സ്ഥലം = 3.52/ 1.75=2
നീളം = 1.4
വിസര്‍ജ്ജ്യസ്ഥലം = (0.52)x 5=2.52
വിസര്‍ജ്ജ്യസ്ഥലം = 2.52/1.75
നീളം =1.4

ആണ്‍പന്നികളുടെ കൂട്‌

ആണ്‍പന്നികളെ ഒറ്റയ്‌ക്കുതന്നെ പാര്‍പ്പിക്കുന്നതാണ്‌ നല്ലത്‌. അവ പരസ്‌പരം ആക്രമിക്കാനും അതുവഴി പരിക്കുപറ്റാനും സാധ്യതയുണ്ട്‌. എന്നാല്‍ മറ്റു പന്നികളില്‍നിന്നും തീര്‍ത്തും ഒറ്റപ്പെടുത്തിയാല്‍ ഇണചേരാനുള്ള തൃഷ്‌ണ കുറയുകയും ചെയ്യും. ആയതിനാല്‍ വളരുന്ന പെണ്‍പന്നികളുടെ അടുത്തോ ഡ്രൈ പന്നികളുടെ അടുത്തോ കൂടു പണിയണം.

ഹോള്‍ഡിങ്‌ പെന്‍

2 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും ഉണ്ടായിരിക്കണം. ഹോള്‍ഡിങ്‌ പെന്‍ പണിയുകയാണെങ്കില്‍ ഇണചേര്‍ക്കാന്‍ വേറൊരു കൂടു പണിയേണ്ടിവരും. ഹോള്‍ഡിങ്‌ പെന്‍ രണ്ടുരീതിയില്‍ പണിയാം. തറ മുഴുവനും കോണ്‍ക്രീറ്റ്‌ ചെയ്‌തതും പാതി കോണ്‍ക്രീറ്റും പാതി പ്ലാറ്റ്‌ഫോമുള്ളതും.
ഹോള്‍ഡിങ്‌ കം മേറ്റിങ്‌ പെന്‍: താമസിപ്പിക്കാനും ഇണചേര്‍ക്കാനും ഈ കൂട്‌ ഉപയോഗിക്കാം. ഇതിന്‌ 3 x4 വിസ്‌തീര്‍ണ്ണം വേണം. ഇത്രയും വിസ്‌തീര്‍ണ്ണമുണ്ടായാല്‍ ഇണചേരുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. 2.5x3, 2.5x3.5, 3x 3 അളുവുകളിലും കൂടും പണിയാം. ഇതിനു പുറമേ 2.5 -3 മീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലും കൂടു പണിയാം. ഈ കൂട്ടില്‍ തറ വഴുവഴുക്കുപ്പുള്ളതാകാന്‍ പാടില്ല. ശരീരത്തില്‍ മുറിവുണ്ടാകത്തക്ക വസ്‌തുക്കളൊന്നും തന്നെ കൂട്ടില്‍ പാടില്ല.

ഇണചേര്‍ക്കാനുള്ള കൂട്‌

ഈ കൂട്ടില്‍ വെച്ചാണ്‌ ഇണചേര്‍ക്കുന്നത്‌. ആണ്‍പന്നിക്കും പെണ്‍പന്നിക്കും യഥേഷ്‌ടം സഞ്ചരിക്കാനുള്ള സ്ഥലം കൂട്ടിലുണ്ടാകണം. വൃത്താകൃതിയിലോ ചതുരാകൃതിയിലോ കൂട്‌ പണിയാം. വൃത്താകൃതിയിലാണെങ്കില്‍ 2.5-3 മീറ്റര്‍ വ്യാസം വേണം. ഈ കൂട്ടിലും തറ വഴുക്കാത്തതായിരിക്കണം.

പാലൂട്ടുന്ന പന്നിക്കുള്ള കൂട്‌

ഈ കൂടുതന്നെ പ്രസവക്കൂടായും ഉപയോഗിക്കാം. ഇതില്‍ പന്നിക്ക്‌ കിടക്കുവാനുള്ള സ്ഥലവും കൊടുക്കണം. ഇത്തരം കൂട്ടില്‍ പന്നികളെ പ്രസവത്തിന്‌ 3-7 ദിവസങ്ങള്‍ക്കു മുമ്പ്‌ പ്രവേശിപ്പിക്കാം. പ്രസവിച്ച്‌ 2-3 ആഴ്‌ചവരെ നിര്‍ത്തുകയും ചെയ്യാം. പന്നിക്കുഞ്ഞുങ്ങളെ രക്ഷിക്കാനായി ഗാര്‍ഡ്‌ റെയില്‍സ്‌ പണിയാം. തള്ളപ്പന്നികള്‍ കുഞ്ഞുങ്ങളുടെ പുറത്തുകിടന്ന്‌ മരണപ്പെടുന്നത്‌ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. പന്നിക്കുഞ്ഞുങ്ങള്‍ക്കുള്ള സ്ഥലം ഒരു വശത്തായും രണ്ടു കോണുകളിലായും പണിയാം. ഇങ്ങനെ ചെയ്യുമ്പോള്‍ തള്ളപ്പന്നിക്ക്‌ കുറച്ചു കൂടുതല്‍ സ്ഥലം ലഭിക്കും. 3 ആഴ്‌ച മുതല്‍ വീനിങ്‌ വരെ വളര്‍ത്താന്‍ ഈ കൂട്‌ കൂടുതല്‍ ഗുണംചെയ്യും. പന്നിക്കുഞ്ഞുങ്ങള്‍ വളരുന്ന ഭാഗത്തെ ചുമരിന്‌ 0.6 മീറ്റര്‍ ഉയരം മാത്രമേ പാടുള്ളൂ.

പ്രസവത്തിനുള്ള ക്രേറ്റ്‌

ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക്‌ മാറ്റാവുന്ന കൂടാണിത്‌. പന്നികളെയും കുഞ്ഞുങ്ങളെയും പ്രസവിച്ച്‌ 2-3 ആഴ്‌ചവരെ ഈ കൂട്ടില്‍ വളര്‍ത്താം. പന്നിയെയും കുഞ്ഞുങ്ങളെയും വ്യക്തമായി കാണാന്‍ കഴിയുമെന്നതും എളുപ്പത്തില്‍ വൃത്തിയാക്കാമെന്നതുമാണിതിന്റെ പ്രത്യേകതകള്‍. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സ്ഥലം കൂട്ടുവാന്‍ കഴിയില്ല എന്ന പ്രശ്‌നമുണ്ട്‌. കാസ്റ്റ്‌ ഇരുമ്പ്‌, പ്ലാസ്റ്റിക്‌ എന്നിവയിലേതെങ്കിലും തറനിര്‍മ്മാണത്തിനുപയോഗിക്കാം. വശങ്ങള്‍ക്ക്‌ മുക്കാല്‍ ഇഞ്ച്‌ വ്യാസമുള്ള ജി.ഐ. പൈപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്‌.

വീനിങ്‌ പന്നികളുടെ കൂട്‌

വീനിങ്‌ നടത്തിയ ഉടനെയാണ്‌ പന്നിക്കുഞ്ഞുങ്ങള്‍ക്കു രോഗം പിടിപെടുന്നത്‌. തീറ്റയിലെ മാറ്റം മുലപ്പാലിന്റെയും തള്ളപ്പന്നിയുടെയും അഭാവം എന്നിവ പന്നിക്കുഞ്ഞുങ്ങളില്‍ സംഘര്‍ഷം സൃഷ്‌ടിക്കും. 10-ല്‍ കൂടുതല്‍ വീനിങ്‌പന്നികളെ ഒരു കൂട്ടില്‍ നിര്‍ത്തരുത്‌. ഫാരോയിങ്‌-റിയറിങ്‌ കൂട്ടിന്റെ രണ്ടുവശത്തുമുള്ള പെട്ടി മാറ്റിയാല്‍ ഇത്‌ വീനിങ്‌ കുഞ്ഞുങ്ങള്‍ക്ക്‌ ഉപയോഗിക്കാം.

പ്രത്യുല്‍പ്പാദനം

ഒരു പന്നിഫാമിന്റെ വിജയത്തെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാനഘടകമാണ്‌ ഒരു പെണ്‍പന്നി വര്‍ഷത്തില്‍ എത്ര കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നുവെന്നത്‌. ഇത്‌ പ്രധാനമായതും ഇണചേരലിനെയും യഥാസമയം മദിലക്ഷണങ്ങള്‍ കണ്ടുപിടിച്ച്‌ കൃത്രിമബീജാധാനം നടത്തുന്നതിനെയും ആശ്രയിച്ചിരിക്കുന്നു.
പന്നികള്‍ വരും തലമുറയെ സൃഷ്‌ടിക്കുന്ന പ്രക്രിയയെ മൊത്തമായി പറയുന്നതാണ്‌ പ്രത്യുല്‍പ്പാദനം

ആണ്‍പന്നിയുടെ പ്രായപൂര്‍ത്തി

ബീജം ശുക്ലത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴാണ്‌ ആണ്‍പന്നികള്‍ പ്രായപൂര്‍ത്തിയെത്തുന്നത്‌. വൃഷണങ്ങളില്‍ ബീജം ഉണ്ടാകുന്ന പ്രക്രിയയാണ്‌ സ്‌പെര്‍മറ്റോജനിസിസ്‌. ഇത്‌ 35 ദിവസമെടുക്കുന്നു. ദിവസം 10-15 ബില്യണ്‍ ആണ്‍ബീജങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ഒരു തുടര്‍പ്രവര്‍ത്തനമാണിത്‌.
ആണ്‍പന്നികള്‍ പ്രായപൂര്‍ത്തിയെത്തുന്നതിനെ ബാധിക്കുന്ന ഘടകങ്ങള്‍
$ ജനിതകഘടന
$ പ്രായം
$ പോഷണം
$ പരിസരം
$ ആരോഗ്യം
$ ആവര്‍ത്തിച്ചുള്ള ഉപയോഗം

ഒരാണ്‍പന്നി പ്രജനനത്തിനു തയാറാക്കുന്നതെപ്പോള്‍?

$ 9 മാസത്തില്‍ കുറയാതെ പ്രായമുണ്ടായിരിക്കണം.
$ ഒരു സാധാരണ വലിപ്പമുള്ള പെണ്‍പന്നിയുടെ പുറത്തുകയറാനുള്ള ലൈംഗികതൃഷ്‌ണയും ഉണ്ടായിരിക്കണം.
$ ഗര്‍ഭധാരണനിരക്ക്‌ കൂട്ടാന്‍ ആവശ്യത്തിന്‌ ഗുണവും ശുക്ലവും ഉള്ള ശുക്ലം ഉല്‍പ്പാദിപ്പിക്കുകയും വേണം.
ആണ്‍പന്നിയുടെ ജനനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗങ്ങളും ധര്‍മ്മങ്ങളും
ആണ്‍പന്നിയുടെ പ്രത്യുല്‍പ്പാദനവ്യവസ്ഥയിലെ പ്രാഥമിക അവയവങ്ങളാണ്‌ വൃഷണങ്ങള്‍. ഇവ പുംബീജത്തെയും ആണ്‍ഹോര്‍മോണുകളെയും ദ്വിതീയ ലൈംഗികഗുണങ്ങള്‍ ഉണ്ടാകുന്നതിനും ഇണചേരാനുള്ള താല്‍പര്യങ്ങള്‍ ഉണ്ടാകുന്നതിനും അത്യാവശ്യമാണ്‌. വൃഷണസഞ്ചിയിലാണ്‌ വൃഷണങ്ങള്‍ കാണപ്പെടുന്നത്‌. വൃഷണങ്ങളുടെ താപനില നിയന്ത്രിക്കാന്‍ ഇവ ശരീരത്തിനു പുറത്തായാണ്‌ സ്ഥിതിചെയ്യുന്നത്‌.
പുംബീജങ്ങള്‍ വൃഷണത്തില്‍നിന്നും എപിഡിഡൈമിഡിലേക്ക്‌ സഞ്ചരിക്കുന്നു. ഇതിന്‌ ഏകദേശം 2 ആഴ്‌ച സമയമെടുക്കും.
എപിഡിഡൈമിഡിന്‌ നാലു ധര്‍മ്മങ്ങളുണ്ട്‌
1. പുംബീജങ്ങളെ വഹിച്ചുകൊണ്ടുപോകുക
2. പുംബീജങ്ങളുടെ സാന്ദ്രീകരണം
3. പുംബീജങ്ങളുടെ സംഭരണം
4. പുംബീജങ്ങളുടെ വളര്‍ച്ച
എപിഡിഡൈമിഡില്‍നിന്ന്‌ പുംബീജം ബീജവാഹിനിക്കുഴലിലേക്ക്‌ (ഇതൊരു പേശിനിര്‍മ്മിതമായ കുഴലാണ്‌) മൂത്രാശയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ശുക്ലത്തിനും മൂത്രത്തിനും പുറത്തേക്കു പോകാന്‍ ഒരു കുഴല്‍ മൂത്രത്തിലൂടെ ഈ കുഴല്‍വഴി പുറത്തുപോകുന്നു.
ബീജവിസര്‍ജ്ജനത്തിനു മുമ്പ്‌ പുംബീജങ്ങള്‍ 3 സഹായകഗ്രന്ധികളില്‍കൂടി കടന്നുപോകുന്നു. അതായത്‌, ഈ ഗ്രന്ഥികളില്‍ ചില ദ്രാവകങ്ങളും ജെല്ലും പുറപ്പെടുവിക്കുന്നു. ഇത്‌ ശുക്ലത്തിന്റെ അളവിന്റെ 90% വരും.
പുംബീജത്തിനു പോഷണം നല്‍കുന്നതും ജലം ലവണത്വം എന്നിവ ക്രമീകരിക്കുന്നതും ഇതാണ്‌. ശുക്ലത്തിന്റെ ദ്രാവകാംശത്തിന്റെ ഭൂരിഭാഗവും പുറപ്പെടുവിക്കുന്നത്‌ വെസികുലാര്‍ ഗ്രന്ഥി എന്ന ഏറ്റവും വലിയ ഗ്രന്ഥിയാണ്‌. പ്രോസ്റ്റേറ്റ്‌ ഗ്രന്ഥി ദ്രാവകവും ലവണവും പുറപ്പെടുവിക്കുന്നു. അങ്ങനെ ശുക്ലത്തിന്റെ അളവു കൂടുകയും പുംബീജങ്ങളെ വഹിച്ചുകൊണ്ടു പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു. ബള്‍ബോയൂറിത്രല്‍ അല്ലെങ്കില്‍ കൗപേര്‍സ്‌ ഗ്രന്ഥിയാണ്‌ ജെല്ലിനറെ ഉറവിടം.
പെണ്‍പന്നികളില്‍ ആദ്യത്തെ അണ്ഡവിസര്‍ജ്ജനം അല്ലെങ്കില്‍ മദിയാണ്‌ പ്രായപൂര്‍ത്തിയെത്തിയതിന്റെ സൂചന. ഈ സമയത്ത്‌ പെണ്‍പന്നികള്‍ ആണ്‍പന്നികളെ സ്വീകരിക്കും.

പെണ്‍പന്നികളില്‍ പ്രായപൂര്‍ത്തിയെ ബാധിക്കുന്ന ഘടകങ്ങള്‍

$ ജനിതകഘടന
$ പ്രായം
$ പോഷണം
$ കാലാവസ്ഥ
$ ആണ്‍പന്നിയുടെ സാമീപ്യം
$ ചുറ്റുപാട്‌
$ പുറമേനിന്നുള്ള ഹോര്‍മോണുകള്‍

ഒരു പെണ്‍പന്നി പ്രജനനത്തിനു തയാറാകുന്നതെപ്പോള്‍?

$ 8 മാസത്തില്‍ കുറയാതെ പ്രായം
$ 100-120 കി.ഗ്രാം ശരീരഭാരം
$ 2 പ്രാവശ്യമെങ്കിലും മദിലക്ഷണങ്ങള്‍ കാണിച്ചിരിക്കുക.

പന്നി :മദികാലം

$ ആണ്‍പന്നിയെ ഈ സമയങ്ങളില്‍ മാത്രമേ പെണ്‍പന്നി സ്വീകരിക്കൂ.
$ മദികാലം 1-5 ദിവസം നീണ്ടുനില്‍ക്കുമെങ്കിലും ശരാശരി 2-3 ദിവസമാണ്‌.
പ്രായമായ പെണ്‍പന്നികള്‍ക്ക്‌ മറ്റുള്ളവയെക്കാള്‍ മദികാലം നീണ്ടുനില്‍ക്കും. കാരണം അവയുടെ ഹോര്‍മോണുകളുടെ അസ്ഥിരതയാണ്‌. കാരണം ചില തള്ളപ്പന്നികള്‍ മദിയിലാണെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ഇവയെ നിശ്ശബ്‌ദമദിക്കാര്‍ എന്നു പറയും. ഈ പ്രക്രിയയെ നിശ്ശബ്‌ദമദി എന്നും പറയുന്നു.

മദിചക്രം

രണ്ട്‌ തുടര്‍ച്ചയായ മദികാലങ്ങള്‍ക്കിടയിലുള്ള സമയത്തെയാണ്‌ മദിചക്രം എന്നു പറയുന്നത്‌. ഇത്‌ സാധാരണയായി 18-24 ദിവസമാണ്‌. ശരാശരി 21 ദിവസം ഈ ചക്രം ഓരോ ജീവിയുടെയും പ്രത്യേകതയാണ്‌. അതായത്‌ 21 ദിവസം ദൈര്‍ഘ്യമുള്ള ഒരു പെണ്‍പന്നി എല്ലാ 21 ദിവസവും മദിയില്‍ വരുന്നു. ഇതിനിടയില്‍ ഗര്‍ഭിണിയായില്ലെങ്കില്‍ പരിസ്ഥിതിയിലെ പല ഘടകങ്ങളും മദിചക്രത്തെ ബാധിക്കുന്നു. മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ ഹോര്‍മോണുകള്‍ ഉപയോഗിച്ച്‌ നമുക്ക്‌ ഇതിനെ നിയന്ത്രിക്കാം.

മദിയുടെ ഘട്ടങ്ങള്‍; പ്രവര്‍ത്തനങ്ങള്‍

$ ബോര്‍ ഘട്ടം I -പെണ്‍പന്നി ആണ്‍പന്നിക്കു വേണ്ടി നില്‍ക്കും. പക്ഷേ, സൂക്ഷിപ്പുകാരനുവേണ്ടി നില്‍ക്കില്ല.
$ ഇന്‍സെമിനേഷന്‍ ഘട്ടം-പെണ്‍പന്നി ആണ്‍പന്നിക്കും സൂക്ഷിപ്പുകാരനുംവേണ്ടി നില്‍ക്കും.
$ ബോര്‍ ഘട്ടം II- പെണ്‍പന്നിയുടെ മദിഘട്ടം കഴിയുന്നു. (സാധാരണ സ്ഥിതിയിലേക്ക്‌ തിരിച്ചുപോകുന്നു.)
മദിചക്രത്തിന്റെ നിയന്ത്രണം വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്‌. പ്രധാനമായും ഹൈപ്പോതലാമിക്‌-പറ്റിയൂട്ടറി-ഒവേറിയന്‍ ആക്‌സില്‍നിന്നും പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളുടെ നിയന്ത്രണത്തിലാണ്‌ ജനനേന്ദ്രിയവ്യവസ്ഥ. ശരീരത്തിന്റെ ഒരു ഭാത്തുള്ള കോശങ്ങള്‍ പുറപ്പെടുവിച്ച്‌ രക്തത്തില്‍ക്കൂടി മറ്റു സ്ഥലങ്ങളിലുള്ള വേറെ കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാസവസ്‌തുക്കളാണ്‌ ഹോര്‍മോണുകള്‍.
ഒരു പ്രത്യേക സമയത്ത്‌, പ്രകാശനം, മണം, സ്‌പര്‍ശം തുടങ്ങിയ ചില ഉത്തേജനങ്ങള്‍ മസ്‌തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നതിനാല്‍ പന്നിയുടെ ജൈവഘടികാരം ഉദ്ദീപിപ്പിക്കപ്പെടുന്നു. പുറമേനിന്നുള്ള ഈ ഉദ്ദീപനങ്ങള്‍ ഹൈപോതലാമസിന്‌ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനുള്ള സൂചന നല്‍കുന്നു. ഈ ഹോര്‍മോണ്‍ ആന്റീരിയര്‍ പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉദ്ദീപിപ്പിച്ച്‌ എഫ്‌.എസ്‌.എച്ച്‌. (FSH) പുറപ്പെടുവിക്കുന്നു. ഈ ഹോര്‍മോണ്‍ (ഫോളിക്കിള്‍സ്റ്റിമുലേറ്റിങ്‌ ഹോര്‍മോണ്‍) നേരേ അണ്ഡാശയത്തില്‍ പ്രവര്‍ത്തിച്ച്‌ അവിടെയുള്ള ഗ്ലോബുകള്‍ കുമിളകളാകാനും ഗ്രാഫിയന്‍ ഫോളിക്കിളുകളാകാനും കാരണമാകുന്നു. ഫോളിക്കിളിന്റെ ഭിത്തികള്‍ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. മദിലക്ഷണങ്ങള്‍ പ്രകടമാകുന്നതിന്‌ പ്രധാന കാരണം ഈസ്‌ട്രജനാണ്‌.
രക്തത്തില്‍കൂടി മസ്‌തിഷ്‌കത്തിലേക്ക്‌ ആവശ്യത്തിന്‌ ഈസ്‌ട്രജന്‍ എത്തുമ്പോള്‍ ഇത്‌ പിറ്റിയൂട്ടറിക്ക്‌ FSH ന്റെ നിര്‍മ്മാണം നിര്‍ത്താനുള്ള സൂചന ലഭിക്കും. കാരണം ഫോളിക്കിള്‍സ്‌ വളര്‍ന്നു കഴിഞ്ഞു. ഇതിനുശേഷം പിറ്റിയൂട്ടറി ഗ്രന്ഥി ലുട്ടിനൈസിങ്‌ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇത്‌ ഫോളിക്കിളിനുള്ളിലെ അണ്ഡം പുറത്തു വരുന്നതിനു കാരണമാകുന്നു. ഈ പ്രക്രിയയാണ്‌ അണ്ഡവിസര്‍ജ്ജനം. ഓരോ പാകമായ ഫോളിക്കിളില്‍നിന്നും 4-6 മണിക്കൂറില്‍ ഓരോ അണ്ഡം വിസര്‍ജ്ജിക്കപ്പെടുന്നു.

മദി കണ്ടുപിടിക്കാന്‍

മദിലക്ഷണം കണ്ടുപിടിക്കുന്നത്‌ രാവിലെയും വൈകുന്നേരവുമാണ്‌. മദിലക്ഷണം താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍നിന്നും വ്യക്തമായി മനസ്സിലാക്കാം.

പ്രത്യേകതകള്‍

മദിയുടെ തുടക്കം

നല്ല മദിസമയം

മദി കഴിഞ്ഞത്‌

 

 

 

 

ഇണചേരാന്‍ നിന്നുകൊടുക്കുക

പുറത്തുനിന്നാലോ കൈകൊണ്ട്‌ ശക്തിയായി അമര്‍ത്തിയാലോ നിന്നുതരില്ല

നിന്നുതരം. പുറകുവശം വളച്ചുപിടിക്കും

നിന്നുതരില്ല

 

 

 

 

യോനിഭാഗം

ചുവപ്പുനിറം, വീര്‍ത്തത്‌, കുറച്ചു മാച്ച്‌ കാണാം

പിങ്ക്‌നിറം, കുറച്ച്‌ വീര്‍ത്തത്‌. കട്ടിയുള്ള മാച്ച്‌

മങ്ങിയ നിറം, തീരെ
വീര്‍ത്തിട്ടുണ്ടാകില്ല.

 

 

 

 

സ്വഭാവം

അക്ഷമ കാണിക്കും. മറ്റുള്ളതിന്റെ  പുറത്തു കയറും. എന്നാല്‍ പുറത്തു കയറാന്‍ നിന്നു കൊടുക്കില്ല. ഇടയ്‌ക്കിടെ മൂത്രമൊഴിക്കും. തീറ്റകുറയും.

ശാന്തമാകും. പുറത്തുകയറാന്‍ നിന്നുകൊടു ക്കും. മറ്റുള്ളതിന്റെ പുറത്തുകയറും. ആണ്‍പന്നിയെ സ്വീകരിക്കും.

സാധാരണപോലെ

 

 

 

 

കാലാവധി

2 ദിവസം

1 ദിവസം

1 ദിവസം

 

 

 

 

ഇണചേര്‍ക്കാമോ

പാടില്ല

ചേര്‍ക്കാം

പാടില്ല


മദിസമയത്ത്‌ 50-60 മണിക്കൂറുവരെ ഇണചേരുമെങ്കിലും ആദ്യ 24-32 മണിക്കൂറില്‍ ഇണചേര്‍ന്നാലാണ്‌ ഗര്‍ഭധാരണനിരക്ക്‌ കൂടിക്കാണുന്നത്‌.
മദിസമയം കണ്ടുപിടിക്കാനായി പെണ്‍പന്നിയുടെ പുറംഭാഗത്ത്‌ രണ്ടും കൈകൊണ്ടും അമര്‍ത്തിനോക്കാം. പന്നി അനങ്ങാതിരിക്കുകയാണെങ്കില്‍ നല്ല സമയമാണെന്ന്‌ അനുമാനിക്കാം. ചില ഫാമുകളില്‍ പന്നിയുടെ പുറത്തുകയറി ഇരുന്നാലും ഇവ നീങ്ങാതെ നില്‍ക്കുന്നതു കാണാം. സൂക്ഷിച്ചുവച്ചിരിക്കുന്ന പന്നിയുടെ ബീജം പെണ്‍പന്നിയുടെ മൂക്കിന്റെ ഭാഗത്ത്‌ സ്‌പ്രേചെയ്‌താല്‍ പെണ്‍പന്നി ഇണ ചേരാന്‍ നിന്നുകൊടുക്കും. ആണ്‍പന്നിയുടെ മണമുള്ള സെക്‌സ്‌ ഓഡര്‍ എയിറോസോള്‍ എന്ന ഒരു മരുന്ന്‌ വാങ്ങാന്‍ കിട്ടും. ഈ മരുന്ന്‌ പെണ്‍പന്നിയുടെ മൂക്കില്‍ സ്‌പ്രേ ചെയ്‌താലും പന്നി അനങ്ങാതെ നില്‍ക്കുന്നതു കാണാം. വാസക്‌ടമി ചെയ്‌ത്‌ വന്ധീകരിച്ച ആണ്‍പന്നിയെ പെണ്‍പന്നിയുടെ പുറത്തുകയറാന്‍ അനുവദിക്കുക. പെണ്‍പന്നി അനങ്ങാതെ നിന്നുകൊടുക്കുകയാണെങ്കില്‍ ഇണചേര്‍ക്കാന്‍ നല്ല സമയമാണെന്ന്‌ അനുമാനിക്കാം.
പ്രത്യുല്‍പ്പാദനം സംബന്ധിച്ചുള്ള രജിസ്റ്ററുകള്‍ കൃത്യമായ സൂക്ഷിക്കുകയും ബാഹ്യലക്ഷണങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്‌താല്‍ മദി കണ്ടു പിടിക്കാനും അതുവഴി കൃത്യസമയത്ത്‌ ഇണചേര്‍ക്കാനും കഴിയും.

ഇണചേര്‍ക്കേണ്ടതെപ്പോള്‍?

മദിലക്ഷണം കണ്ടശേഷം കൃത്യസമയത്ത്‌ ഇണചേര്‍ത്താല്‍ മാത്രമെ ചെന പിടിക്കുകയുള്ളു. കൃത്രിമബീജാധാനമാണെങ്കിലും പ്രകൃത്യാല്‍ ഇണചേരുകയാണെങ്കിലും ഇണചേര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയും വൈകുന്നേരവുമാണ്‌. മദി തുടങ്ങി 36 മണിക്കൂറിനകം ഇണ ചേര്‍ക്കുകയും വേണം. പന്നികളില്‍ അണ്ഡവിസര്‍ജ്ജനം നടക്കുന്നത്‌ നിലനില്‍ക്കുന്ന മദിയില്‍ എത്തിയശേഷമുള്ള 40 മണിക്കൂര്‍ മുമ്പുതന്നെ ബീജം അവിടെ ഉണ്ടായിരിക്കണം. ഇങ്ങനെയായാല്‍ കുട്ടികളുടെ എണ്ണം കൂടാനും ചെനപിടിക്കാനും സാധ്യത കൂടുതലാണ്‌. കൃത്രിമ ബീജാധാനം നടത്തുകയാണെങ്കില്‍ നിലനില്‍ക്കുന്ന മദി തുടങ്ങി 12-24 മണിക്കൂറിനുശേഷം ചെയ്യണം. 8-12 മാസം പ്രായമായ ആണ്‍പന്നിയില്‍നിന്ന്‌ ആഴ്‌ചയില്‍ 1 തവണ ബീജം ശേഖരിക്കുകയോ ഇണചേര്‍ക്കുകയോ ചെയ്യാം. എന്നാല്‍ 13 മാസത്തിനു മുകളില്‍ പ്രായമായാല്‍ ആഴ്‌ചയില്‍ രണ്ടുതവണയാകാം. നീണ്ട കാലയളവില്‍ ഇണചേര്‍ക്കുകയോ ബീജം ശേഖരിക്കുകയോ ചെയ്യാതിരുന്നാലും ബീജത്തിന്റെ ഗുണം കുറഞ്ഞ്‌ ചെനപിടിക്കാന്‍ സാധ്യത കുറയുകയും ചെയ്യും. പന്നിവളര്‍ത്തല്‍ ലാഭകരമാണെങ്കില്‍ 80-90 ശതമാനമെങ്കിലും ഗര്‍ഭധാരണനിരക്കുകണ്ടാകണം. ഗര്‍ഭധാരണനിരക്ക്‌ 60 ശതമാനത്തില്‍ കുറഞ്ഞാല്‍ ആണ്‍പന്നിയെ മാറ്റുകയോ ബീജം പരിശോധിക്കുകയോ ചെയ്യണം.
ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭപാത്രത്തിനകത്ത്‌ അഞ്ചില്‍ താഴെ ഭ്രൂണങ്ങളേ ഉള്ളൂവെങ്കില്‍ പ്രസ്‌തുത ഗര്‍ഭം അലസിപ്പോകും. അഞ്ചില്‍ കൂടുതല്‍ ഭ്രൂണമുണ്ടെങ്കില്‍ അതു വളരുവാന്‍ തുടങ്ങും. ഇണചേര്‍ന്ന്‌ മൂന്ന്‌ ആഴ്‌ചയ്‌ക്കു ശേഷമാണ്‌ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ ഒട്ടിച്ചേര്‍ന്ന്‌ വളര്‍ച്ച തുടങ്ങുന്നത്‌. ആദ്യത്തെ 35 ദിവസം ഭ്രൂണാവസ്ഥയിലായിരിക്കും. ആദ്യഘട്ടത്തില്‍ ഭ്രൂണം നശിച്ചുകഴിഞ്ഞാല്‍ 9-10 ദിവസങ്ങള്‍ക്കകം പന്നി വീണ്ടും മദിയിലെത്തും.

ഗര്‍ഭപരിശോധന

ശരാശരി ഗര്‍ഭകാലം 114 ദിവസമാണ്‌. ഇണചേര്‍ന്ന്‌ പിന്നീട്‌ മദിലക്ഷണം കാണിക്കാതിരുന്നാല്‍ ചെനപിടിച്ചുവെന്ന്‌ അനുമാനിക്കാം. വിവിധ ഉപകരണങ്ങളുടെ സഹായത്തോടെയും ഗര്‍ഭപരിശോധന സാധ്യമാണ്‌.
1. അള്‍ട്രാസൗണ്ട്‌ എക്കോ സ്‌കാനിങ്‌: ഗര്‍ഭപാത്രത്തിലെ വെള്ളത്തിന്റെ സാമീപ്യമാണ്‌ ഇതില്‍ കണ്ടുപിടിക്കുന്നത്‌. ചെനപിടിച്ച്‌ 25-30 ദിവസങ്ങളാകുമ്പോഴേക്കും ഗര്‍ഭപാത്രത്തില്‍ വെള്ളം കണ്ടുപിടിക്കാവുന്ന അളവിലുണ്ടാകും. ദിവസങ്ങള്‍ കൂടുതലായാല്‍ ഈ രീതി ഉപയോഗിച്ച്‌ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം, കുഞ്ഞിന്റെ ശരീരം മൊത്തം ഗര്‍ഭപാത്രത്തിലുള്ള കൂടുതലായിരിക്കും.
2. അള്‍ട്രാസൗണ്ട്‌ ഡ്രോപ്ലര്‍ ടെസ്റ്റ്‌: ഏറ്റവും കൃത്യതയോടെ ഗര്‍ഭ പരിശോധന നടത്തുന്ന രീതിയാണിത്‌. മിക്കവാറും 98 ശതമാനത്തിലും തെറ്റുപറ്റാറില്ല. ചെനപിടിച്ച്‌ 26 ദിവസം മുതല്‍ പരിശോധന നടത്താം. പരിചയമില്ലാത്ത ആളുകള്‍ പരിശോധിച്ചാല്‍ തെറ്റു സംഭവിക്കാറുണ്ട്‌. പരിശോധിക്കാനായി അവസാനത്തെ മുലക്കാമ്പില്‍നിന്നും 2-3 സെ.മീ. പിറകിലായി ഉപകരണം പിടിക്കണം.
പ്രെഗടോണ്‍ ഉപകരണമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ തുടര്‍ച്ചയായി ബീപ്‌ ശബ്‌ദം കേട്ടാല്‍ ചെനയുണ്ടെന്ന്‌ അനുമാനിക്കാം. മെഡേറ്റ കമ്പനിയുടെ ഉപകരണമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ മൂന്നുതരത്തിലുള്ള ശബ്‌ദം കേള്‍ക്കാം.
3. ഹോര്‍മോണ്‍ പരിശോധന: ഗര്‍ഭത്തെ നിലനിര്‍ത്തുന്ന ഹോര്‍മോണായ പ്രൊജിസ്‌ട്രോണിന്റെ സാന്നിധ്യം കണ്ടെത്തുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. ഇണചേര്‍ന്ന്‌ 22-ാം ദിവസം പന്നിയുടെ രക്തസാമ്പിളെടുത്താണ്‌ പരിശോധിക്കുന്നത്‌. ഇത്‌ ചെലവേറിയതും സമയമെടുക്കുന്നതുമാണ്‌. കാഷ്‌ഠം പരിശോധിച്ച്‌ ഗര്‍ഭപരിശോധന നടത്താനുള്ള ഗവേഷണങ്ങള്‍ നന്നുവരുന്നത്‌.
4. യോനി-ബയോപ്‌സി: പ്രത്യേക ഉപകരണമുപയോഗിച്ച്‌ യോനിയില്‍നിന്നും തൊലിയെടുത്ത്‌ പരിശോധിച്ചാല്‍ ഗര്‍ഭം കണ്ടുപിടിക്കാം. ഇത്‌ ചെലവേറിയതും സമയമെടുക്കുന്നതുമാണ്‌.
5. കൈകൊണ്ട്‌ പരിശോധന: കന്നുകാലികളില്‍ ചെനപരിസോധിക്കുന്നതുപോലെ മലദ്വാരത്തില്‍ കൈകടത്തി പരിശോധിക്കുന്ന രീതിയാണിത്‌. ചെലവുകുറഞ്ഞ രീതിയാണെങ്കിലും പന്നിയെ നിയന്ത്രിച്ചു പരിശോധിക്കുവാന്‍ പ്രയാസമുണ്ടാകും.
കൃത്രിമബീജാധാനത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍

1. ഏറ്റവും മികച്ച ആണ്‍പന്നിയുടെ തലമുറയുണ്ടാക്കാം.
2. ഗുണം കൂടിയ ആണ്‍പന്നിയുടെ തലമുറയെ കൂടുതലായി ഉല്‍പ്പാദിപ്പിക്കാം.
3. ഏറ്റവും എളുപ്പവും ചെലവുകുറഞ്ഞതുമായ പ്രജനനപ്രക്രിയ
4. ബീജം കൊണ്ടുപോകാനും കൊണ്ടുവരാനും സാധിക്കുന്നു. അതുകൊണ്ട്‌ വിദേശയിനങ്ങളെ കൊണ്ടുവരാന്‍ കഴിയുന്നു.
5. വലിപ്പവ്യത്യാസമുള്ള പന്നികളിലും ചെനപിടിപ്പിക്കാം.
6. ആണ്‍പന്നിയുടെ അഭാവത്തിലും പ്രജനനം നടത്താം.

ദോഷങ്ങള്‍

1. ശീതീകരിച്ച ബീജം കുത്തിവെച്ചാല്‍ 50 ശതമാനത്തില്‍ താഴെ മാത്രമെ ചെനപിടിക്കുന്നുള്ളു.
2. കൃത്യസമയത്ത്‌ ചെയ്‌തില്ലെങ്കില്‍ ചെനപിടിക്കുന്ന ശതമാനം വളരെ കുറവാണ്‌.

കൃത്രിമബീജാധാനത്തിന്റെ വിജയം നാലു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

1. കൃത്യമായി മദിലക്ഷണം കണ്ടുപിടിക്കുക.
2. കൃത്യസമയത്തു കുത്തിവെക്കുക.
3. ശരിയായ രീതിയില്‍ കുത്തിവെക്കുക.
4. ശരിരായ രീതിയില്‍ ബീജം ശേഖരിക്കുക, സൂക്ഷിക്കുക, കൈകാര്യം ചെയ്യുക.

ബീജശേഖരണം നടത്തുന്നതിന്‌ ആവശ്യമായ ഉപകരണങ്ങള്‍ ഇവയാണ്‌:

1. ശേഖരിക്കാനുള്ള ഉപകരണം
2. അണുനശീകരണം നടത്തിയ സര്‍ജിക്കല്‍ ഗോസ്‌
3. ഡിസ്‌പോസിബിള്‍ ലാറ്റെക്‌സ്‌ ഗ്ലാസ്‌
ബീജം ചെറിയതോതിലുള്ള രാസഘടകങ്ങളുടെ സാമീപ്യത്തിലും ചൂടിലും നശിക്കുന്നതിനാല്‍ ബീജശേഖരണത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ശുചിയായി സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം.

ബീജശേഖരണം

ബീജശേഖരണം നടത്തുവാന്‍ പന്നികള്‍ക്കും പരിശീലനം ആവശ്യമാണ്‌. 10 മാസം പ്രായമാകുന്നതിനു മുമ്പുതന്നെ പരിശീലിപ്പിക്കാന്‍ തുടങ്ങണം.
ശേഖരിക്കുന്നയാള്‍ ഫാമില്‍ പന്നിയുടെ കൂടെത്തന്നെ കുറേനേരം ചെലവഴിക്കണം. പന്നിയോട്‌ സംസാരിക്കുകയും തലോടുകയും വേണം. പന്നിയുമായി ഒരു ബന്ധം രൂപപ്പെടാന്‍ അതിനെ ഡമ്മിയുടെ അടുത്തേക്ക്‌ കൊണ്ടുപോകണം. ഡമ്മിയെ സ്വീകരിക്കാത്ത സാഹചര്യത്തില്‍ പന്നിയെ ഡമ്മിയുടെ അടുത്തേക്കു കൊണ്ടുപോയി അതിന്റെ തല ഡമ്മിയില്‍ ഉരസുക. തുടര്‍ന്ന്‌ ഡമ്മിയില്‍ തലോടുകയും ഉരസുകയും ചെയ്യണം. ആ സമയത്തെല്ലാം പന്നിയുമായി സംസാരിക്കണം. 2-3 ദിവസങ്ങളില്‍ ഇതാവര്‍ത്തിച്ചാല്‍ പന്നി ഡമ്മിയുടെ പുറത്തുകയറാന്‍ തുടങ്ങും.
ഡമ്മിയുടെ പുറത്തു കയറിക്കഴിഞ്ഞാല്‍ ഉടനെതന്നെ ഗ്ലൗസിട്ട കൈകൊണ്ട്‌ പന്നിയുടെ ലിംഗത്തിന്റെ പുറത്ത്‌ തടവിക്കൊടുക്കണം. ഈ സമയത്ത്‌ ലിംഗം പുറത്തേക്കു തള്ളിവരുന്നതു കാണാം. അപ്പോള്‍ ലിംഗത്തിന്റെ അറ്റം മെല്ല്‌ അമര്‍ത്തി ലോക്കു ചെയ്യണം. അപ്പോള്‍ ബീജം പുറത്തേക്കു വരുന്നതു കാണാം. ഈ കൃത്യം 2-3 ദിവസങ്ങള്‍കൂടി ആവര്‍ത്തിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ ബീജം ശേഖരിച്ചുതുടങ്ങാം.
ഡമ്മിയുടെ അടുത്തു കൊണ്ടുപോകുന്നതിനുമുമ്പ്‌ ലിംഗഭാഗം മെല്ലെ തലോടി അതിനകത്തുള്ള മൂത്രവും പ്രെപിറ്റ്വല്‍ ജലവും നീക്കം ചെയ്‌ത്‌ കടലാസ്‌ ടവ്വല്‍കൊണ്ട്‌ തുടയ്‌ക്കുക. പിന്നീട്‌ പന്നിയെ ഡമ്മിയുടെ അടുത്തേക്കു കൊണ്ടുപോകുക. ഡമ്മയുടെ പുറത്തു കയറാന്‍ ആവശ്യത്തിനു സമയം അനുവദിക്കണം. ഡമ്മിയുടെ പുറത്തു കയറിയാല്‍ ഉടനെ ഗ്ലൗസിട്ട കൈകൊണ്ട്‌ ലിംഗം മെല്ലെ പിടിക്കുകയും കൈ പെണ്‍പന്നിയുടെ സെര്‍വിക്‌സിന്റെ രൂപത്തില്‍ പിടിക്കുകയും ചെയ്‌താല്‍ ലിംഗം അതില്‍ ലോക്കു ചെയ്യുകയും സെമണ്‍ പുറത്തുവരികയും ചെയ്യും. പുറത്തേക്കു വരുന്ന സെമണ്‍ അഞ്ചു ഭാഗമായാണു കാണുക.
1. ജെല്‍ ഭാഗം
2. തെളിഞ്ഞ ഭാഗം
3. ബീജം നിറഞ്ഞ ഭാഗം
4. തെളിഞ്ഞ ഭാഗം
5. ജെല്‍ഭാഗം
ബീജം ശേഖരിക്കുന്നതിന്‌ 5-20 മിനിട്ടുകള്‍ വേണ്ടിവരും.

കുത്തിവയ്‌ക്കേണ്ടതെപ്പോള്‍

മദിലക്ഷണം തുടങ്ങി 40 മണിക്കൂറിനുശേഷമാണ്‌ അണ്ഡവിസര്‍ജ്ജനം നടക്കുന്നത്‌. ശേഖരിച്ചയുടനെ ബീജം കുത്തിവയ്‌ക്കുകയാണെങ്കില്‍ അണ്ഡവിസര്‍ജ്ജനത്തിന്‌ 12 മണിക്കൂര്‍ മുമ്പേ ചെയ്യണം. അതിന്റെ അര്‍ത്ഥം മദിസമയത്തു തുടങ്ങി 28 മണിക്കൂറിനുശേഷം കുത്തിവയ്‌ക്കണം. എന്നാല്‍ മദി കൃത്യസമയത്തു കണ്ടുപിടിക്കാന്‍ പലപ്പോഴും കഴിയാത്തതിനാല്‍ 12 മുതല്‍ 16 മണിക്കൂര്‍ ഇടവിട്ട്‌ രണ്ടുതവണ കുത്തിവയ്‌ക്കുന്നതാണ്‌ അഭികാമ്യം.
ആണ്‍പന്നിയുടെ അടുത്തു കൊണ്ടുവന്നശേഷം പെണ്‍പന്നിയുടെ പുറത്ത്‌ കൈകൊണ്ട്‌ അമര്‍ത്തിയാല്‍ അതു നിന്നുതരികയാണെങ്കില്‍ 8-12 മണിക്കൂറിനുശേഷം കുത്തിവെയ്‌ക്കുന്നതാണ്‌ അഭികാമ്യം. ഒരു തവണ കുത്തിവെച്ച്‌ 8-12 മണിക്കറിനുശേഷം വീണ്ടും കുത്തിവെക്കാം. ഒരു തവണയെ കുത്തിവയ്‌ക്കുന്നുള്ളുവെങ്കില്‍ മദി തുടങ്ങി `സ്റ്റാന്റിങ്‌ ഹീറ്റ്‌' (ആണ്‍ പന്നിയുടെ സാമീപ്യത്തില്‍ പെണ്‍പന്നിയുടെ പുറത്ത്‌ അമര്‍ത്തിയാല്‍ നിന്നു തരുന്ന അവസ്ഥ) 24-32 മണിക്കൂറിനുള്ളില്‍ കുത്തിവയ്‌ക്കണം.

ബീജം കുത്തിവയ്‌ക്കുന്ന വിധം

പ്രകൃത്യാല്‍ ഇണചേരുന്ന സാഹചര്യത്തോട്‌ സമമായിത്തന്നെ കുത്തിവയ്‌ക്കുന്നതാണ്‌ അനുയോജ്യം. കുത്തിവയ്‌ക്കുന്നതിനു മുമ്പായി പന്നിയുടെ യോനീഭാഗം കുതിര്‍ത്ത്‌ പഞ്ഞികൊണ്ട്‌ തുടയ്‌ക്കുക. ആണ്‍പന്നിയുടെ സാമീപ്യത്തില്‍ വേണം കുത്തിവയ്‌ക്കാന്‍. ആണ്‍പന്നിയുടെ അടുത്തുകൊണ്ടുവന്നശേഷം പെണ്‍പന്നിയുടെ പുറത്ത്‌ അമര്‍ത്തുക. അതോടൊപ്പം യോനിയിലും അകിടിലും തലോടുകയും വേണം.
പന്നിയുടെ ഗര്‍ഭാശയഹോണുകള്‍ക്ക്‌ ഒന്നര മീറ്ററെങ്കിലും നീളം കാണാം. ബീജത്തിന്‌ ഇത്രയും നീളം സഞ്ചരിക്കുവാന്‍ കഴിവില്ലതാനും. ഇണചേരാനുള്ള തൃഷ്‌ണയുടെ ഭാഗമായി തലച്ചോറില്‍ ഉത്തേജനംവഴി ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സടോക്‌സിന്‍ ഹോര്‍മോണ്‍ ഗര്‍ഭാശയപേശികളില്‍ സങ്കോചമുണ്ടാക്കുകയും ബീജത്തെ അണ്ഡനാളിയിലേക്കു വലിക്കുകയും ചെയ്യുന്ന ഈ പ്രക്രിയ നടന്നാല്‍ മാത്രമേ ചെനപിടിക്കാന്‍ സാധ്യതയുള്ളു.
കത്തീറ്ററിന്റെ അറ്റത്തും യോനീമുഖത്തും കുറച്ച്‌ സെമണ്‍ നനയ്‌ക്കുക. കത്തീറ്റര്‍ മെല്ലെ അകത്തു കയറ്റുക. മൂത്രാശയത്തിലേക്കു കടക്കാതെ നോക്കണം. മൂത്രാശയത്തില്‍ കടന്നാല്‍ കത്തീറ്റര്‍വഴി മൂത്രം വരുന്നതു കാണാം. തടസ്സം അനുഭവപ്പെടുന്നതുവരെ കത്തീറ്റര്‍ കടത്തുക. അറ്റം സ്‌ക്രൂപോലെയുള്ള കത്തീറ്റര്‍ ആന്റി ക്ലോക്ക്‌ രീതിയില്‍ തിരിക്കുക. ഇങ്ങനെ ചെയ്‌താല്‍ കത്തീറ്റര്‍ സെര്‍വിക്‌സില്‍ കുടുങ്ങിക്കിടക്കും.
15-20 ഡിഗ്രി സെന്റിഗ്രേഡില്‍ സൂക്ഷിച്ചിരിക്കുന്ന ബീജം ഉപയോഗത്തിന്‌ അരമണിക്കൂര്‍ മുമ്പ്‌ ചൂടുള്ള (അന്തരീക്ഷ ഊഷ്‌മാവ്‌) സ്ഥലത്ത്‌ വച്ചിരിക്കണം. ബീജപാത്രത്തിന്റെ അടപ്പ്‌ മുറിച്ചുനീക്കി കത്തീറ്ററുമായി ബന്ധിപ്പിക്കുക. അതിനുശേഷം ബീജംബോട്ടില്‍ ഉയര്‍ത്തുക. മെല്ലെ അമര്‍ത്തിയാല്‍ ബീജം ഗുരുത്വാകര്‍ഷണബലംകൊണ്ടും ഗര്‍ഭാശയത്തിന്റെ സങ്കോചംകൊണ്ടും ഗര്‍ഭാശയത്തിലേക്ക്‌ ഒഴുകിത്തുടങ്ങും. ബീജം സ്വതന്ത്രമായി ഒഴുകുന്നില്ലെങ്കില്‍ കത്തീറ്ററിന്റെ അറ്റം സെര്‍വിക്‌സില്‍ അമര്‍ന്നുപോയിട്ടുണ്ടാകാം. ഈ അവസരത്തില്‍ കത്തീറ്റര്‍ കുറച്ച്‌ പുറകോട്ടുവലിക്കുകയോ തിരിക്കുകയോ ചെയ്യുക. ഇണചേരാനുള്ള തൃഷ്‌ണ കുറഞ്ഞാലും ബീജത്തിന്റെ ഒഴുക്ക്‌ കുറയും. ഈ അവസരത്തില്‍ ലൈംഗിക ഉത്തേജനം ലഭിക്കാനായി പുറത്തും തോളിന്റെ ഭാഗത്തും അമര്‍ത്തിക്കൊടുക്കുകയും യോനിയിലും അകിടിലും തലോടുകയും വേണം. ബീജം മുഴുവന്‍ ഒഴുകിത്തീരാന്‍ 10 മിനിട്ടെങ്കിലും വേണം. ബീജം തീര്‍ന്നശേഷവും കത്തീറ്റര്‍ കുറച്ചുനേരം അവിടെത്തന്നെ പിടിക്കുന്നത്‌ ബീജം അണ്ഡവാഹിനിക്കുഴല്‍വരെ ഒഴുകിയെത്തുന്നതിന്‌ സഹായിക്കും.

ബീജാധാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പെണ്‍പന്നിയെ പേടിപ്പിക്കാതെ കൈകാര്യം ചെയ്യുക.
2. ആണ്‍പന്നിയുടെ സാമീപ്യത്തില്‍ പെണ്‍പന്നി പിറകുവശത്ത്‌ അമര്‍ത്തിയാല്‍ നിന്നുതരുന്നത്‌ രാവിലെ കാണുകയാണെങ്കില്‍ അതിനെ അതേദിവസം വൈകിട്ട്‌ കുത്തിവയ്‌ക്കാം. വൈകിട്ടു കാണുകയാണെങ്കില്‍ അതിനെ അതേദിവസം രാവിലെ കുത്തിവയ്‌ക്കാം.
3. തെളിഞ്ഞ കറ പോകുകയാണെങ്കില്‍ അത്‌ നല്ല സമയമല്ല. കറ ക്രീം നിറമാണെങ്കില്‍ കുത്തിവയ്‌ക്കാന്‍ നല്ല സമയമാണ്‌.
4. ശുചിയായ ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക.
5. പെണ്‍പന്നിക്ക്‌ ലൈംഗിക ഉത്തേജനം വന്നശേഷം മാത്രം കൃത്രിമ ബീജാധാനം നടത്തുക.
6. സെമണ്‍ സാവധാനം ഒഴുകിത്തീരാന്‍ അനുവദിക്കുക
7. കത്തീറ്റര്‍ അടഞ്ഞുപോകുന്നത്‌ സസൂക്ഷ്‌മം നിരീക്ഷിക്കുക.

നിശ്ശബ്‌ദമദി

താഴെപ്പറയുന്ന കാരണങ്ങള്‍കൊണ്ട്‌ ഒരു പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നി നിശ്ശബ്‌ദമദി കാണിക്കാം.
$ ചില ഇനങ്ങളില്‍ പന്നികള്‍ പ്രായപൂര്‍ത്തിയെത്തുന്നത്‌ വൈകിയായിരിക്കും. ചൂടുകാലത്ത്‌ നിശ്ശബ്‌ദമദി കാണിക്കാറുണ്ട്‌. കൂട്ടില്‍ പന്നികളുടെ എണ്ണം ക്രമാതീതമായി കൂടുക, ഉത്‌കണ്‌ഠ, പീഡനം എന്നിവ.
എല്ലാ പെണ്‍പന്നികളും ദുര്‍ബലമായ മദിലക്ഷണങ്ങളാണ്‌ കാണിക്കുന്നതെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
$ പ്രായത്തില്‍ കവിഞ്ഞുള്ള ശരീരഭാരമുണ്ടോയെന്നു നോക്കുക. മൃഗ ഡോക്‌ടറെക്കൊണ്ട്‌ പരിശോധിപ്പിക്കുക, പുതിയ ചുറ്റുപാടുകളുമായി ശരിയായി ഇണങ്ങിച്ചേരാന്‍ സഹായിക്കുക, പുതിയ രീതിയിലുള്ള ഫ്‌ളഷിങ്‌. ഇണചേര്‍ക്കാന്‍ കൊണ്ടുപോകുന്നതിന്‌ ഏകദേശം 2-3 ആഴ്‌ച മുന്‍പുതന്നെ വേണ്ടത്ര തീറ്റ നല്‍കുക. ഇത്‌ അണ്ഡവിസര്‍ജ്ജനം കൂട്ടാന്‍ സഹായിക്കും. വളരുന്ന പന്നിക്കു കൊടുക്കുന്നതോ പാലൂട്ടുന്ന പന്നികള്‍ക്കു കൊടുക്കുന്നതോ ആയ ഭക്ഷണരീതി അലവംബിക്കുക.
ദുര്‍ബലമായ മദിലക്ഷണങ്ങള്‍ കാണിക്കുന്നത്‌ ഒഴിവാക്കാനുള്ള വഴികള്‍:
$ തിരഞ്ഞെടുക്കാനുള്ള കൂട്ടത്തെയും പ്രജനനത്തിനുപയോഗിക്കുന്ന ആണ്‍പന്നികളെയും അടുത്തടുത്ത്‌ വളര്‍ത്തുന്നത്‌.
$ പ്രകോപനവും മല്‍സരവും മദിയെ പ്രചോദിപ്പിക്കുന്നു.
$ ആണ്‍പന്നികളെ ദുര്‍ബലമദി കാണിക്കുന്ന കൂട്ടത്തില്‍ ഇടുകയും അവയ്‌ക്ക്‌ കറങ്ങാന്‍ ആവശ്യത്തിനു സ്ഥലം ഉണ്ടെന്ന്‌ ഉറപ്പുവരുത്തുകയും വേണം.
$ നേരത്തെ ആണ്‍പന്നിയുള്ള ഒരു കൂട്ടിലേക്ക്‌ ദുര്‍ബലമദി കാണിക്കുന്ന പെണ്‍പന്നികളെ താമസിപ്പിക്കുക.
$ ആവശ്യത്തിന്‌ കൂട്ടില്‍ വെളിച്ചം ലഭ്യമാക്കുക.

മദിയില്ലായ്‌മ

ഒരു പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നിക്ക്‌ അല്ലെങ്കില്‍ ഒരു അമ്മപ്പന്നിക്ക്‌ മദി കാണിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയാണ്‌ ഇത്‌. ഇതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങള്‍ ഒന്നുകില്‍ മദി കണ്ടുപിടിക്കുന്നതിലുള്ള പരാജയം അല്ലെങ്കില്‍ പന്നി ഗര്‍ഭിണിയാരിക്കുക എന്നിവയാണ്‌. പ്രായപൂര്‍ത്തിയെത്തിയ പന്നികളിലും അമ്മപ്പന്നികളില്‍ കുട്ടികളെ മാറ്റിപാര്‍പ്പിച്ചതിനുശേഷവുമാണ്‌ മദിയില്ലായ്‌മ കാണുന്നത്‌.

പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നികളില്‍ കാണുന്ന മദിയില്ലായ്‌മ

പ്രായപൂര്‍ത്തിയെത്തുന്നതിന്‌ സഹായിക്കുന്ന ഒരുകൂട്ടം ഹോര്‍മോണുകള്‍ പെണ്‍പന്നികളുടെ വളര്‍ച്ചയുമായും പ്രായവുമായും ബന്ധപ്പെട്ടിരിക്കുന്നു. സങ്കരയിനം പന്നികള്‍ ഏതാണ്ട്‌ 160 ദിവസം (5 മാസം) പ്രായം മുതല്‍ക്കു തന്നെ മദിലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നു. പക്ഷേ, ചില വിദേശ ഇനങ്ങളാകട്ടെ ഇതിലും നേരത്തെ മദിയിലെത്തുന്നു.
ഒരു പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നിയില്‍ മദിയില്ലായ്‌മയുടെ പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്‌:
1. ഇനം: ശുദ്ധരക്തമുള്ള പന്നികള്‍ സാധാരണയായി സങ്കരയിനത്തെക്കാള്‍ സാവധാനത്തിലാണ്‌ മദിലെത്തുന്നത്‌.
2. പ്രായം, പൂര്‍ണ്ണവളര്‍ച്ചയില്ലായ്‌മ.
3. മോശം ചുറ്റപാട്‌
4. പേടിപ്പിക്കുക, സമ്മര്‍ദ്ദം കൂട്ടുക.
5. പന്നികളെ സഞ്ചാരസ്വാതന്ത്രമില്ലാതെ വളര്‍ത്തുക.
6. അടച്ചിട്ട കെട്ടിടത്തില്‍ വളര്‍ത്തുക.
7. മുടന്ത്‌, വേദന
8. ആണ്‍പന്നികളുമായും അവയുടെ ഫിറമോണുമായും ബന്ധമില്ലാത്ത അവസ്ഥ
9. വെളിച്ചം കുറഞ്ഞ കൂട്‌. ദിവസവും 14 മണിക്കൂര്‍ കുറഞ്ഞ വെളിച്ചം ലഭിക്കുന്ന പന്നികളില്‍ മദിയില്ലായ്‌മയുണ്ടാകും.
10. സൂര്യാഘാതം മൂലം തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങള്‍
11. രോഗാവസ്ഥ

പോംവഴികള്‍

1. പെണ്‍പന്നികളെ മേച്ചില്‍പുറങ്ങളില്‍ കൊണ്ടുപോവുകയോ ദിവസവും കുറച്ചു മണിക്കൂര്‍ ഓടിക്കുകയോ ചെയ്യുക.
2. എല്ലാ ദിവസവും 14 മണിക്കൂറെങ്കിലും പകല്‍ വെളിച്ചം നല്‍കു.
3. ബാഹ്യലൈംഗികഅവയവങ്ങളുടെ വളര്‍ച്ചയും ഘടനയിലുള്ള തകാറുകളും പരിശോധിക്കുക.
4. നല്ല ആരോഗ്യം. ഒരു പെണ്‍പന്നിയുടെ ആരോഗ്യസ്ഥിതി അത്‌ മദിയിലെത്തുമോ എന്ന്‌ തീരുമാനിക്കുന്ന ഒരു പ്രധാന ഘടകമാണ്‌. മദിയിലെത്തുന്നത്‌ തടയുന്ന രോഗലക്ഷണങ്ങളൊന്നും തന്നെയുമില്ല എന്ന്‌ ഉറപ്പുവരുത്തുക.
5. പരിസ്ഥിതിയുമായി ഇണക്കിച്ചേര്‍ക്കുക. പന്നികള്‍ക്ക്‌ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ഒരു ചുറ്റുപാട്‌ ആവശ്യമാണ്‌. മറ്റു സ്ഥലങ്ങളില്‍നിന്നു കൊണ്ടുവരുന്ന പെണ്‍പന്നികളെ ഇണചേര്‍ക്കുന്നതിനു മുന്‍പ്‌ 6-8 ആഴ്‌ച സമയം ചുറ്റുപാടുമായി ഇണക്കുക.
6. നല്ല പോഷണം: ഓരോന്നിനും തീറ്റ നല്‍കുന്ന രീതിയും അതിലുള്‍പ്പെടുത്തേണ്ട വസ്‌തുക്കളും ഇനത്തെ ആശ്രയിച്ചിരിക്കും. കൂടാതെ താമസസ്ഥലം, അന്തരീക്ഷം, ഊഷ്‌മാവ്‌, കെട്ടിടം എന്നിവയെയും ആശ്രയിച്ചിരിക്കുന്നു.
7. പന്നിയുടെ ശരീരശാസ്‌ത്രപരമായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുക. ഏകദേശം 165-200 ദിവസംകൊണ്ട്‌ ഒരു പെണ്‍പന്നി മദിയിലെത്തുന്നു. ആണ്‍പന്നിയോടു കൂടുതല്‍ അടുത്തിടപഴകാനായി ഒരു കൂട്ടില്‍നിന്ന്‌ മറ്റൊരു കൂട്ടിലേക്കു മാറ്റുന്നത്‌ മദിയുണ്ടാകാന്‍ പ്രചോദനം നല്‍കും. ഒരു പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍പന്നിയെ ഉപയോഗിച്ച്‌ ദിവസവും മദി കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നത്‌ ഗുണം ചെയ്യും.

മദിയില്ലായ്‌മ അമ്മപ്പന്നികളില്‍

കുട്ടികളെ മുഴുവനായോ അല്ലെങ്കില്‍ 3-4 എണ്ണത്തെയോ അമ്മയുടെ അടുത്തുനിന്ന്‌ മാറ്റുന്നത്‌ അമ്മയുടെ പാലുല്‍പ്പാദനത്തില്‍ കുറവുവരുത്തുന്നു. തുടര്‍ന്ന്‌ പാലുല്‍പ്പാദനം നില്‍ക്കുന്നു. പാലുല്‍പ്പാദനം നിന്നുകഴിഞ്ഞാല്‍ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളുടെ അളവ്‌ കൂടുന്നു. ഇത്‌ അമ്മപ്പന്നിയെ മദിയിലേക്കു തിരിച്ചു കൊണ്ടുവരും. കുഞ്ഞുങ്ങളെ വേര്‍പെടുത്തിയശേഷം 6-7 ദിവസത്തിനുള്ളില്‍ അമ്മപ്പന്നി മദിലക്ഷണങ്ങള്‍ കാണിക്കും. ഉടനെ ഇണചേര്‍ത്താല്‍ ഗര്‍ഭധാരണ നിരക്കും കുട്ടികളുടെ എണ്ണവും കൂടുന്നു. കുഞ്ഞുങ്ങളെ അമ്മയില്‍നിന്നും വേര്‍പെടുത്തുന്നതിനും (വീനിങ്‌) ഇണ ചേരുന്നതിനിടയിലുള്ള കാലയളവ്‌ പ്രജനനക്ഷമതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
അമ്മപ്പന്നികളില്‍ മദിലക്ഷണങ്ങള്‍ കാണാതിരിക്കുകയോ വൈകുകയോ ചെയ്യുന്നതിനുള്ള കാരണങ്ങള്‍:
1. ആരോഗ്യക്കുറവ്‌: പ്രത്യേകിച്ചും മുലയൂട്ടുന്ന ആദ്യത്തെ 2-3 ആഴ്‌ചകളില്‍ വീനിങ്‌തൊട്ട്‌ സര്‍വീസ്‌ വരെയുള്ള കാലയളവും പ്രജനനകക്ഷമതയും തീറ്റയെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്‌ ഫോളിക്കിളുകളെ പ്രചോദിപ്പിക്കുകയും അങ്ങനെ അണ്ഡവിസര്‍ജ്ജനത്തിന്റെ നിരക്ക്‌ കൂട്ടുകയും ചെയ്യുന്നു.
2. അമിതഭക്ഷണം വിശപ്പില്ലായ്‌മയ്‌ക്കും അതുവഴി മദിയില്ലായ്‌മയ്‌ക്കും കാരണമാകാം.
3. ജലദൗര്‍ലഭ്യം: ഒരു മുലയൂട്ടുന്ന പന്നി ദിവസവും 40 ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കുന്നു. വെള്ളം കുറഞ്ഞാല്‍ മദിയില്ലായ്‌മ കാണും.
4. സുഖകരമല്ലാത്ത താമസസ്ഥലം, അന്തരീക്ഷോഷ്‌മാവ്‌ വളരെ കുറയുന്നത്‌ തുടങ്ങിയവ പന്നികളുടെ ശരീരഭാരം കുറയുന്നതിനിടയാക്കുന്നു. തീറ്റയെടുക്കുന്നതിലാകട്ടെ യാതൊരു വര്‍ധനയും ഉണ്ടാവുകയുമില്ല. വളെ ഉയര്‍ന്ന അന്തരീക്ഷോഷ്‌മാവ്‌ മദിയില്ലായ്‌മയുണ്ടാക്കും.
5. അമ്മപ്പന്നികള്‍ക്ക്‌ ശരീരഭാരം കുറയാനിടയാക്കുന്ന പരിസ്ഥിതി ഘടകങ്ങള്‍. ഉദാ: നനഞ്ഞ പ്രസവക്കൂടുകള്‍, അമിതമായ കാറ്റ്‌, ജലദൗര്‍ലഭ്യം, വിശപ്പില്ലായ്‌മയും അനുബന്ധരോഗങ്ങളും കേടു വന്ന തീറ്റ.
6. 10%-ത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ അമ്മയില്‍നിന്നും വേര്‍തിരിക്കുകയാണെങ്കില്‍ അത്‌ പെട്ടെന്ന്‌ മദിലക്ഷണങ്ങള്‍ അമ്മപ്പന്നിയിലുണ്ടാക്കുമെങ്കിലും മുഴുവന്‍ കുഞ്ഞുങ്ങളെയും വീനിങ്‌ നടത്തുമ്പോള്‍, ഇത്‌ കുറഞ്ഞ അണ്ഡവിസര്‍ജ്ജനനിരക്കിനും വൈകിയുള്ള മദിക്കും കാരണമാകുന്നു. മുലയൂട്ടുന്ന സമയത്ത്‌ മദിലക്ഷണങ്ങള്‍ കാണിക്കുന്നു പന്നികളില്‍ ഗര്‍ഭധാരണനിരക്ക്‌ കുറവായിരിക്കും. ഇവയെ ഇണ ചേര്‍ക്കരുത്‌.

പോംവഴികള്‍

1. മുലയൂട്ടുന്ന പന്നികളുടെ ശരീരഭാരനഷ്‌ടം കുറയ്‌ക്കുക: മുലയൂട്ടുന്ന കാലയളവില്‍ പന്നികളിലെ ശരീരഭാരനഷ്‌ടം 15 കി.ഗ്രാമില്‍ കൂടുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.
2. പ്രസവത്തിനുശേഷം പന്നികള്‍ക്ക്‌ നല്ല തീറ്റ നല്‍കുക: പ്രസവത്തിനു മൂന്നു ദിവസത്തിനുശേഷം പന്നികള്‍ക്ക്‌ നല്ല തീറ്റ കൊടുത്തുതുടങ്ങണം. പന്നികളുടെ വിശപ്പ്‌ കുട്ടികളുടെ എണ്ണം എന്നിവയ്‌ക്കനുസരിച്ച്‌ ഊര്‍ജ്ജം കൂടുതലുള്ള തീറ്റ നല്‍കുക.
3. വെള്ളം: ആവശ്യത്തിനു വെള്ളം നല്‍കണം. നിപ്പിള്‍ ഫ്‌ളോ മിനിട്ടില്‍ രണ്ടു ലിറ്ററെങ്കിലും ഉണ്ടായിരിക്കണം. നിപ്പിളുകള്‍ ഇടയ്‌ക്കിടെ പരിശോധിക്കുകയും ഒരു പന്നി എത്ര സമയം കുടിക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കുകയും വേണം.
4. തീറ്റ നശിച്ചുപോകുന്നത്‌ തടയുക. ദിവസത്തില്‍ 3 പ്രാവശ്യമെങ്കിലും തീറ്റപ്പാത്രം പരിശോധിക്കണം.
5. ഒരു നല്ല വാസസ്ഥാനം നല്‍കുക.
6. നല്ല പോഷണം: തീറ്റരീതികളും അതിന്റെ ഘടകങ്ങളും ഇനത്തെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ പന്നിയെ വളര്‍ത്തുന്ന പരിസ്ഥിതി, താമസം, കൂട്ടിലെ ചൂട്‌ എന്നിവയെയും ആശ്രയിച്ചിരിക്കുന്നു.

കൂട്ടില്‍ പ്രകാശത്തിനുള്ള പ്രാധാന്യം

പെണ്‍പന്നികള്‍ക്ക്‌ ദിവസവും 14-15 മണിക്കൂര്‍ വെളിച്ചം നല്‍കിയാല്‍ അവ:
1. പെട്ടെന്ന്‌ പ്രായപൂര്‍ത്തിയെത്തുന്നു
2. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഭാരം അമിതമാകില്ല.
3. അണ്ഡവിസര്‍ജ്ജനനിരക്കില്‍ വ്യത്യാസമില്ല.
4. പെണ്‍പന്നിയും ആണ്‍പന്നിയും കൂടുതല്‍ പ്രവര്‍ത്തനനിരതമായിരിക്കും.
വീനിങ്‌ തൊട്ട്‌ ഇണചേര്‍ക്കുന്നതുവരെയുള്ള കാലയളവ്‌ കുറയ്‌ക്കാന്‍ വീനിങ്ങിനുശേഷം 16 മണിക്കൂര്‍ 250 വാട്ട്‌ വെളിച്ചം നല്‍കുന്നത്‌ സഹായിക്കുന്നു.
കൂടുതല്‍ വെളിച്ചം നല്‍കുന്നത്‌ കൂടുതല്‍ സമയം മദിലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനും സഹായിക്കുന്നു.

പരിപാലനം

ഡ്രൈപന്നികളുടെ പരിപാലനം

വീനിങ്‌ മുതല്‍ ഇണചേരല്‍വരെയുള്ള ഉല്‍പ്പാദനമില്ലാത്ത കാലമാണ്‌ ഡ്രൈ കാലയളവ്‌. ഗര്‍ഭകാലം, മുലയൂട്ടല്‍ കാലയളവ്‌, വീനിങ്‌ തൊട്ട്‌ ഇണചേരല്‍ വരെയുള്ള കാലയളവ്‌ തുടങ്ങിയ സമയങ്ങളില്‍ നല്‍കുന്ന ശ്രദ്ധയോടെയുള്ള പരിപാലനം വീനിങ്‌ കഴിഞ്ഞാലുടന്‍ പന്നികളെ ഇണ ചേര്‍ക്കുന്നതിന്‌ സഹായിക്കും.
വീനിങ്‌ കഴിഞ്ഞ്‌ 3-7 ദിവസങ്ങള്‍ക്കുള്ളില്‍ ഒരുനല്ല തള്ളപ്പന്നി മദിയിലേക്ക്‌ തിരിച്ചുവരുകയും ഇണചേരുന്നതിന്‌ തയാറാകുകയും ചെയ്യും. ഇത്‌ സംഭവ്യമാകണമെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. എല്ലായ്‌പ്പോഴും തള്ളപ്പന്നികളെ നല്ല ആരോഗ്യത്തോടെയും ശാരീരികസ്ഥിതിയോടെയും സംരക്ഷിക്കുക. നല്ല ആരോഗ്യമുള്ള പന്നികള്‍ പെട്ടെന്ന്‌ മദിയിലേക്ക്‌ എത്തുന്നു. മുലയൂട്ടുന്ന കാലയളവില്‍ പന്നിയുടെ ശരീരസ്ഥിതിക്ക്‌ നല്ല ശ്രദ്ധ കൊടുക്കേണ്ടതാവശ്യമാണ്‌. ഈ സമയത്താണ്‌ പന്നിക്ക്‌ ഭാരനഷ്‌ടം ഉണ്ടാകുന്നത്‌.
2. മുലയൂട്ടുന്ന കാലയളവ്‌ ആറാഴ്‌ചയില്‍ കൂടരുത്‌. ആറാഴ്‌ചയില്‍ കൂടുതലാണെങ്കില്‍ ഡ്രൈകാലവും കൂടും.
3. വീനിങ്ങിന്റെ ദിവസം പന്നിക്ക്‌ തീറ്റകൊടുക്കരുത്‌. ഇത്‌ പന്നിക്ക്‌ പെട്ടെന്ന്‌ മദിലക്ഷണങ്ങള്‍ കാണിക്കുന്നതിനുള്ള സമ്മര്‍ദ്ദമായി ഭവിക്കും. ഉയര്‍ന്ന അന്തരീക്ഷതാപനിലയുള്ള സ്ഥലങ്ങളില്‍ വെള്ളം കൊടുക്കാതിരിക്കരുത്‌. പുതുതായി വീനിങ്‌ ചെയ്‌ത അമ്മപ്പന്നികള്‍ക്ക്‌ വെള്ളം കൊടുക്കുന്നതിന്റെ അളവ്‌ കുറയ്‌ക്കാവുന്നതാണ്‌.
4. വീനിങ്‌ ചെയ്‌ത പന്നികളെ ആണ്‍പന്നികളുടെ കൂടെയിടുക. ഇത്‌ മദിലക്ഷണങ്ങള്‍ പെട്ടെന്നു പ്രത്യക്ഷപ്പെടാന്‍ സഹായിക്കും. പെണ്‍പന്നികളുടെ കൂടുകള്‍, തീറ്റബോക്‌സുകള്‍, സ്റ്റാളുകള്‍ എന്നിവ ആണ്‍പന്നിയുടെ കൂടിനടുത്താക്കുക. ഒരു വാസക്‌ടമി ചെയ്‌ത ആണ്‍പന്നിയെ മദിലക്ഷണങ്ങള്‍ കണ്ടെത്താനും മദിലക്ഷണങ്ങള്‍ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്നതിനും ഉപയോഗിക്കാം.
5. വീനിങ്ങിനു 10-12 ദിവസങ്ങള്‍ക്കുശേഷവും പെണ്‍പന്നി മദിലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ അവസാനമാര്‍ഗ്ഗമെന്ന നിലയില്‍ ഹോര്‍മോണ്‍ ഇന്‍ജക്‌ഷന്‍ നല്‍കാവുന്നതാണ്‌.
6. 8 തവണയിലധികം പ്രസവിച്ച പ്രായമായ പന്നികള്‍ മദിയില്‍ തിരിച്ചെത്താന്‍ വളരെ സമയമെടുക്കും.
7. വേനല്‍ക്കാലത്ത്‌ പന്നികള്‍ക്ക്‌ കഴിയുന്നത്ര തണുപ്പ്‌ നല്‍കേണ്ടതാണ്‌. ചൂടുമൂലമുള്ള സമ്മര്‍ദ്ദം മദി വൈകാന്‍ കാരണമാകും.
8. ഡ്രൈ പെണ്‍പന്നികളെ ദിവസത്തില്‍ 2 പ്രാവശ്യം മദിലക്ഷണങ്ങള്‍ക്കു പരിശോധിക്കുക. മദിലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ വൈകുന്നത്‌ ഫാമിലെ വീനിങ്‌തൊട്ട്‌ സര്‍വ്വീസ്‌വരെയുള്ള കാലയളവ്‌ വര്‍ധിക്കാനിടയാക്കുന്നു. തീറ്റനല്‍കുന്ന സമയങ്ങളില്‍ മദി ലക്ഷണങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാം. ഒരു പെണ്‍പന്നിയെയോ ടീസര്‍ ആണ്‍പന്നിയെയോ ഉപയോഗിച്ച്‌ ബാക്ക്‌പ്രഷര്‍ ടെസ്റ്റ്‌ നടത്താം.
9. നല്ല പെണ്‍പന്നികളെ മാത്രം പ്രജനനത്തിനുപയോഗിക്കുക. മോശം പെണ്‍പന്നികളെ ഒഴിവാക്കുക.
10. വീനിങ്ങിനുശേഷം അമ്മപ്പന്നികളെ മേച്ചില്‍പ്പുറങ്ങളില്‍ മേയാന്‍ അനുവദിക്കുന്നത്‌ കാലുകള്‍ക്ക്‌ ബലം നല്‍കും.
11. ശരിയായ സമയത്ത്‌ പ്രജനനം നടത്തുക. ഉചിത സമയത്ത്‌ അല്ലാതെ ചെയ്യുന്ന ബീജാധാനം ഗര്‍ഭധാരണനിരക്കും കുഞ്ഞുങ്ങളുടെ എണ്ണവും കുറയാനിടയാകുന്നു.
12. പറ്റുമെങ്കില്‍ ഒരു കൂട്ടിലെ അല്ലെങ്കില്‍ ഒരു മേച്ചില്‍പ്പുറത്തെ മുഴുവന്‍ പെണ്‍പന്നികളെയും ഒരുമിച്ച്‌ ഡ്രൈ ചെയ്യുക. ഒരു പന്നിക്ക്‌ രണ്ട്‌ സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വേണം. ഒരുമിച്ചു താമസിപ്പിക്കുന്നത്‌ പരസ്‌പരം ഇടപഴകുന്നത്‌ വര്‍ധിപ്പിക്കുമെന്നതിനാല്‍ മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ കാരണമാകുന്നു.
13. മേച്ചില്‍പുറങ്ങളില്‍ വളര്‍ത്തുന്ന, പ്രജനനത്തിനുപയോഗിക്കുന്ന പന്നികള്‍ക്ക്‌ വേനല്‍ക്കാലത്ത്‌ ആവശ്യത്തിന്‌ തണല്‍ നല്‍കുക.
14. കൂടുതല്‍ വ്യായാമം കിട്ടുന്ന രീതിയില്‍ താമസം, തീറ്റസൗകര്യം എന്നിവ ക്രമീകരിക്കുക.
15. പന്നികളുടെ കൂട്‌ വൃത്തിയാക്കി അണുനാശിനി തളിക്കുക.

ശുചിത്വവും അണുനശീകരണവും കാര്യക്ഷമമാക്കുന്നതിനു താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്‌.

1. വളം, കിടക്കുന്ന സ്ഥലത്തെ അവശിഷ്‌ടങ്ങള്‍, ഒട്ടിപ്പിടിച്ച അഴുക്ക്‌, പൊടി എന്നിവ നീക്കംചെയ്യുക. തറ, ഭിത്തി, മേല്‍ക്കൂര എന്നിവയില്‍നിന്നും അഴുക്കും പൊടിയും നീക്കി വൃത്തിയായി സൂക്ഷിക്കുക.
2. കൂടും ഉപകരണങ്ങളും ഡിറ്റര്‍ജന്റ്‌ ചേര്‍ത്ത ദ്രാവകത്തിലോ സോപ്പു വെള്ളത്തിലോ കുതിര്‍ത്തുവെച്ച്‌ കഴുകുക.
3. ഒറ്റയ്‌ക്കുള്ള കൂടുകള്‍ വൃത്തിയാക്കുന്നതിന്‌ ഏറ്റവും കാര്യക്ഷമവും സാധാരണവുമായ മാര്‍ഗ്ഗം ഹൈ പ്രഷര്‍ സ്‌പ്രേയര്‍ ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ എളുപ്പം. ശുചിയാക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കാം. പന്നികളെ കുളിപ്പിച്ചതിനുശേഷം ഉണങ്ങാന്‍ അനുവദിക്കുക.
4. തറ, ഭിത്തി, മേല്‍ക്കൂര, ഉപകരണങ്ങള്‍ എന്നിവയ്‌ക്ക്‌ അനുയോജ്യമായ അണുനാശിനികള്‍ ഉപയോഗിക്കുകയും ഉണങ്ങാനനുവദിക്കുകയും വേണം.
5. സാധിക്കുമെങ്കില്‍ കൂടുകള്‍ മൂന്നു ദിവസമോ അധികമോ ഒഴിച്ചിടുക.

ഗര്‍ഭിണിപ്പന്നികളുടെ പരിപാലനം

ഇണചേരലിന്റെയും പ്രത്യുല്‍പ്പാദനത്തിന്റെയും ഏറ്റവും പ്രധാനവും അവസാനവുമായ കാര്യം വിജയകരമായി പെണ്‍പന്നികളെ പരിപാലിക്കുക എന്നതാണ്‌. ശരിയായി പരിപാലിച്ചാല്‍ തീരുമാനിച്ചുറപ്പിച്ച സമയത്തുതന്നെ പ്രസവം നടക്കുകയും കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യും. വീനിങ്‌ കഴിഞ്ഞയുടനെതന്നെ മദിലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. പ്രസവിക്കാത്ത പന്നികളുടെയും ഒഴിവാക്കുന്നവയുടെയും എണ്ണം കുറയും. കൂടുതല്‍ ഉല്‍പ്പാദനവും കുറഞ്ഞ ചെലവും പന്നിവളര്‍ത്തലില്‍നിന്നു പ്രതീക്ഷിക്കാം. ഇത്‌ സംഭവ്യമാകണമെങ്കില്‍ താഴെപ്പറയുന്ന പരിപാലനരീതി അവലംബിക്കുക.

പ്രസവനിയന്ത്രണം

25 ദിവസം വരെ പന്നികളെ കൃത്യമായി പരിശോധിച്ച്‌ രേഖപ്പെടുത്തിവയ്‌ക്കുന്നത്‌ ഏത്‌ പന്നിയാണ്‌ മദിയിലേക്ക്‌ തിരിച്ചുവരുന്നത്‌ എന്ന്‌ കണ്ടുപിടിക്കാന്‍ സഹായിക്കും. ഇത്‌ കമ്പ്യൂട്ടര്‍, ചുമര്‍ചാര്‍ട്ട്‌, സൗകലണ്ടര്‍ (sow calendar) എന്നിവ ഉപയോഗിച്ച്‌ ചെയ്യാവുന്നതാണ്‌.
ഇണചേര്‍ന്ന്‌ 21 ദിവസത്തിനുശേഷമാണ്‌ മദിയിലേക്കു തിരിച്ചുവരേണ്ടതെങ്കിലും ഇത്‌ 18-ഓ ആകാം. അതുകൊണ്ട്‌ 21-നു മുന്‍പും പിന്‍പും ശ്രദ്ധിക്കുക. ഈ സമയങ്ങളില്‍ ദിവസം 2 പ്രാവശ്യം പന്നികളെ ശ്രദ്ധിക്കണം.
മദിയിലേക്കു തിരിച്ചെത്തിയോ എന്ന്‌ ബാക്ക്‌പ്രഷര്‍ അല്ലെങ്കില്‍ ബോര്‍ ടെസ്റ്റുകള്‍ നടത്തി മനസ്സിലാക്കാം. ശരിയായ രീതിയിലുള്ള ഒരു കൂട്‌ ഇതിനെ സഹായിക്കുന്നു. ഇണചേരാനുള്ള കൂടുണ്ടെങ്കില്‍ പെണ്‍പന്നിയെ ആണ്‍പന്നിയുടെ അടുത്തേക്കു കൊണ്ടുപോവുക. പെണ്‍പന്നികളെ സ്റ്റാളുകളിലാണ്‌ സൂക്ഷിക്കുന്നതെങ്കില്‍ ആണ്‍പന്നിയെ അവിടേക്കു കൊണ്ടുപോയി പരിശോധിക്കാം. വളരെയികം പന്നികള്‍ ഇണചേരലിനുശേഷവും മദിയിലേക്കു തിരിച്ചുവരുന്ന കൂട്ടത്തില്‍ ഗര്‍ഭപരിശോധന നടത്തുന്നത്‌ ഗുണം ചെയ്യും.
പന്നികള്‍ മദിയിലെത്തിയാലും ഇല്ലെങ്കിലും രണ്ടാംവട്ടം ഇണചേരലിനു 36 ദിവസം മുതല്‍ 48-ാം ദിവസം വരെ മദിലക്ഷണങ്ങള്‍ കണ്ടുപിടിക്കാം. ഈ സമയത്ത്‌ ഒരു കര്‍ഷകന്‌ പന്നി മദിയിലെത്തുന്നില്ലെങ്കില്‍ അതിന്റെ ശാരീരികസ്ഥിതികൂടി കണക്കിലെടുത്തും അത്‌ ഗര്‍ഭിണിയാണെന്ന്‌ അനുമാനിക്കും. പ്രസവത്തിന്‌ 30 ദിവസങ്ങള്‍ മുമ്പുതൊട്ട്‌ തീറ്റ അലവന്‍സ്‌ നല്‍കുക.

തീറ്റ

പന്നിക്കു കൊടുക്കുന്ന തീറ്റയുടെ അളവ്‌ കൂട്ടേണ്ടതിനുള്ള കാരണങ്ങള്‍ ഇവയാണ്‌:
1. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച
2. മുലയൂട്ടല്‍ കാലഘട്ടത്തിലേക്കുള്ള സംഭരണം.

മറ്റു കാര്യങ്ങള്‍

1. പേനിനു ചികില്‍സ: ആദ്യഘട്ടം പ്രസവത്തിന്‌ 14 ദിവസം മുന്‍പ്‌ സോപ്പും സ്‌കബറും ഉപയോഗിച്ച്‌ നന്നായി പന്നിയെ വൃത്തിയാക്കിയശേഷം ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട്‌ മെയ്‌ഞ്ചിനും പേനിനും എതിരായി മരുന്നു പ്രയോഗിക്കുക. ഇവ സ്‌പ്രേ, ഇന്‍ജക്‌ഷന്‍, പൊടി എന്നിങ്ങനെ ലഭ്യമാണ്‌.
2. വിരയിളക്കല്‍: പ്രസവത്തിനു 10 ദിവസം മുന്‍പ്‌, അമ്മപ്പന്നിയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന്‌ ഇത്‌ അത്യന്താപേക്ഷിതമാണ്‌. തീറ്റയിലൂടെയോ (ചെലവ്‌ കുറവ്‌) ഇന്‍ജക്‌ഷനായോ നല്‍കാം.
3. മെയ്‌ഞ്ച്‌, പേന്‍ ചികില്‍സ: രണ്ടാം ഘട്ടം- പ്രസവത്തിനു 7 ദിവസം മുന്‍പ്‌ അമ്മപ്പന്നിയുടെ ശരീരത്തില്‍ ബാക്കിയുള്ള മെയ്‌ഞ്ചിന്റെയും പേനിന്റെയും മുട്ടകളെ നശിപ്പിക്കാനാണ്‌ ഈ രണ്ടാംഘട്ട ചികില്‍. ഇന്‍ജക്‌ഷന്‍ മരുന്നുകളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാംഘട്ട ചികില്‍സയുടെ ആവശ്യമില്ല.
4. പ്രസവക്കൂട്ടിലേക്കു മാറ്റം: പ്രസവത്തിന്‌ 7 ദിവസം മുമ്പ്‌ പുതിയ അന്തരീക്ഷവുമായി താദാത്മ്യം പ്രാപിക്കുന്നതിനുവേണ്ടി നേരത്തേതന്നെ പെണ്‍പന്നികളെ പ്രസവക്കൂട്ടിലേക്കു മാറ്റുക.
5. തീറ്റ അലവന്‍സ്‌ കുറയ്‌ക്കുക: പ്രസവത്തിന്‌ 3 ദിവസം മുന്‍പ്‌ മലബന്ധം ഇല്ലാതാക്കാനും വിഷമമില്ലാതെ പ്രസവിക്കാനും ഇത്‌ സഹായിക്കുന്നു.
6. പ്രസവക്കൂടുകള്‍ ചൂടുള്ളതും ഉണക്കമുള്ളതും വരണ്ടതല്ലാത്തതുമായിരിക്കുന്നത്‌ വയറിളക്കവും പന്നിക്കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മറ്റു രോഗങ്ങളും തടയാന്‍ സഹായിക്കുന്നു. പ്രസവക്കൂടുകളില്‍ ഓരോ പ്രാവശ്യവും വൃത്തിയാക്കി അണുനാശിനി തളിക്കുക. പ്രസവങ്ങള്‍ക്കിടയില്‍ 3 ദിവസം തൊട്ട്‌ 1 ആഴ്‌ചവരെ പ്രസവക്കൂട്‌ ഒഴിച്ചിടുന്നത്‌ രോഗകാരികളായ അണുക്കള്‍ പെരുകുന്നത്‌ തടയാന്‍ സഹായിക്കും. അമ്മപ്പന്നി പന്നിക്കുട്ടികളുടെ മേല്‍ കിടക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടം തടയാന്‍ ഫാരോയിങ്‌ ക്രേറ്റസ്‌, ഗാര്‍ഡ്‌ റെയില്‍സ്‌ എന്നിവയുണ്ടാക്കാം.
7. പന്നി പ്രസവിക്കുന്ന സമയത്ത്‌ ഓരോ മണിക്കൂറിലും അവയെ നിരീക്ഷിക്കുക. ജനിച്ച കുഞ്ഞുങ്ങളെ അവയുടെ പുറത്തെ മറുപിള്ളയും മറ്റും മാറ്റി വായും മൂക്കും വൃത്തിയാക്കുക. പന്നിക്കുട്ടികളെ ബ്രുഡര്‍ലാമ്പ്‌ അല്ലെങ്കില്‍ ഒരു ഹീറ്റ്‌ ലാമ്പിന്റെ ചുവട്ടില്‍ വയ്‌ക്കുന്നത്‌ തണുപ്പില്‍നിന്നും സംരക്ഷിക്കും.
8. ജനിച്ച ഉടനെതന്നെ കൊളസ്‌ട്രം കുടിപ്പിക്കേണ്ടതാണ്‌. പന്നിക്കുട്ടികളുടെ പൊക്കിള്‍കൊടി മുറിച്ചുമാറ്റി ടിന്‍ചര്‍ അയഡിന്‍ പുരട്ടിക്കൊടുക്കണം.
9. പ്രസവിച്ച പന്നികള്‍ക്ക്‌ ആന്റിബയോട്ടിക്കുകള്‍ നല്‍കാറുണ്ട്‌. ഇവ ഇന്‍ജക്‌ഷനായാണ്‌ നല്‍കുന്നതെങ്കില്‍ ഒരു തവണ പ്രസവത്തിന്റെ ദിവസം അല്ലെങ്കില്‍ അടുത്തടുത്ത 3 ദിവസങ്ങളില്‍ ഒരു തവണ വീതം നല്‍കണം. തീറ്റയില്‍ക്കൂടിയാണെങ്കില്‍ പ്രസവിച്ച ദിവസം തൊട്ട്‌ 10-14 ദിവസം തുടര്‍ച്ചയായി നല്‍കുക.
ഇനി പറയുന്നവകൂടി ചെയ്യുക
1. ജനിച്ച ദിവസംതന്നെ കുഞ്ഞുങ്ങളുടെ പല്ലുകള്‍ ക്ലിപ്‌ ചെയ്യുക.
2. 0-3 ദിവസംവരെ ഇരുമ്പുസത്ത്‌ ഇന്‍ജക്‌ഷന്‍ നല്‍കണം.
3. 0-10 ദിവസം പ്രായത്തില്‍ വന്ധീകരണം ചെയ്യാം.
4. വൃത്തിയുള്ള നല്ല വെള്ളം കുടിക്കാന്‍ എപ്പോഴും ലഭ്യമായിരിക്കണം. പന്നിക്ക്‌ പാലുല്‍പ്പാദനത്തിന്‌ ഇത്‌ അത്യാവശ്യമാണ്‌.
5. ജീവകം A, E, D എന്നിവ വീനിങ്ങിനു മുന്‍പ്‌ ഒരു പ്രാവശ്യമോ അല്ലെങ്കില്‍ വീനിങ്ങിന്റെ ദിവസമോ നല്‍കണം.
6. വാക്‌സിനേഷന്‍: പന്നി നല്ല ആരോഗ്യസ്ഥിതിയിലാണെങ്കില്‍ ആദ്യത്തെ ആഴ്‌ചതൊട്ടുതന്നെ വാക്‌സിന്‍ കൊടുത്തുതുടങ്ങാം.
7. രോഗങ്ങള്‍ കൂടുതലാണെങ്കില്‍ ഒരു മൃഗഡോക്‌ടറുടെ ഉപദേശപ്രകാരം തീറ്റയില്‍ക്കൂടി മരുന്നു നല്‍കണം.
8. സാധാരണ നല്‍കാറുള്ള എല്ലാ വാക്‌സിനുകളും നല്‍കുക.
9. ബാഹ്യ-ആന്തരിക പരാദങ്ങള്‍ക്കെതിരായി മരുന്നു ചെയ്യുക.

പ്രസവിച്ച പന്നിയുടെ പരിപാലനം

ഒരു പന്നിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാലഘട്ടമാണ്‌ ജനനം മുതല്‍ വീനിങ്‌ വരെയുള്ള സമയം. വീനിങ്ങിനു മുന്‍പ്‌ നാലില്‍ ഒന്ന്‌ എന്ന കണക്കിന്‌ കുഞ്ഞുങ്ങള്‍ക്ക്‌ മരണം സംഭവിക്കുന്നു. ഇതില്‍ കൂടുതല്‍ ശതമാനം മരണവും പ്രസവം കഴിഞ്ഞ്‌ ആദ്യ ആഴ്‌ചയിലായിരിക്കും.

പന്നിക്കുഞ്ഞുങ്ങളുടെ പരിപാലനം

പന്നികള്‍ പ്രസവിക്കുമ്പോള്‍ സാധാരണയായി കുഞ്ഞുങ്ങളുടെ തല അല്ലെങ്കില്‍ പിന്‍ഭാഗം ആദ്യം വരുന്നരീതിയിലാണ്‌ ജനിക്കുന്നത്‌. ചിലപ്പോള്‍ ഒരു പന്നിക്കുട്ടി മുഴുവനായും പ്ലാസന്റയാല്‍ പൊതിഞ്ഞു പുറത്തുവരാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പന്നിക്കുഞ്ഞിനെ ഇതില്‍നിന്നു പുറത്തെടുത്തില്ലെങ്കില്‍ ശ്വാസതടസ്സം ഉണ്ടാകും.

പൊക്കിള്‍ക്കൊടി സംരക്ഷണം

പുറത്തു വന്നയുടനെ പൊക്കിള്‍ക്കൊടി വിച്ഛേദിക്കരുത്‌. ഇത്‌ രോഗാണുക്കള്‍ക്ക്‌ എളുപ്പത്തില്‍ ഉള്ളില്‍ കയറാന്‍ സഹായികമാകും. അത്‌ സ്വയം ഉണങ്ങി അടര്‍ന്നു പോകുന്നതാണ്‌. ഇതിന്‌ സാധാരണ ജനനത്തിനുശേഷം 6 മണിക്കൂറെടുക്കും. എന്നാല്‍ അവശരായ പന്നിക്കുട്ടികളില്‍ കൂടുതല്‍ സമയമെടുക്കും. പൊക്കിള്‍കൊടിയില്‍നിന്ന്‌ രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ ശരീരത്തില്‍നിന്ന്‌ 1-2 ഇഞ്ച്‌ അകലെ പൊക്കിള്‍കൊടിയില്‍ ഒരു വൃത്തിയുള്ള നൂല്‍കൊണ്ടു കെട്ടുക. പൊക്കിള്‍ക്കൊടിയുടെ അഗ്രം ദിവസവും അണുനാശിനിയില്‍ മുക്കുന്നത്‌ പിന്നീടുള്ള പ്രശ്‌നങ്ങള്‍ (നാവല്‍ഇല്‍, ഗ്രീസിപിഗ്‌, ആര്‍ത്രൈറ്റിസ്‌) കുറയ്‌ക്കുന്നതിന്‌ സഹായിക്കും.

പല്ല്‌ ക്ലിപ്‌ ചെയ്യുക, വാല്‍ മുറിക്കുക

ജനനത്തിന്‌ ഏതാനും മണിക്കൂറുകള്‍ക്കുശേഷം തന്നെ ഈ രണ്ടു കാര്യങ്ങളും ചെയ്യാം. കുട്ടികള്‍ തമ്മിലുള്ള ആക്രമണം ഒഴിവാക്കാനും അമ്മയുടെ അകിടിലുള്ള അപകടം കുറയ്‌ക്കാനുമാണ്‌ നീഡില്‍ പല്ലുകള്‍ ക്ലിപ്‌ ചെയ്യുന്നത്‌. പല്ലിന്റെ കൂര്‍ത്ത അഗ്രം ഒരു ടീത്ത്‌ ക്ലിപ്പര്‍ അല്ലെങ്കില്‍ ഇലക്‌ട്രിക്‌ വയര്‍ കട്ടര്‍കൊണ്ടു മുറിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. (കീഴ്‌ത്താടിയിലെ 4-ഉം മേല്‍ത്താടിയിലെ 4-ഉം പല്ലുകളാണ്‌ ക്ലിപ്പ്‌ ചെയ്യേണ്ടത്‌). ഏറ്റവും അടിയില്‍വച്ച്‌ ക്ലിപ്പു ചെയ്യുന്നത്‌ മോണമുറിഞ്ഞ്‌ രക്തസ്രാവവും മറ്റു രോഗാണുബാധയും ഉണ്ടാക്കുമെന്നതിനാല്‍ അത്‌ ഒഴിവാക്കേണ്ടതാണ്‌.
വീനിങ്ങിന്റെയും ഫാറ്റനിങ്ങിന്റെയും സമയത്ത്‌ വാല്‍ കടിക്കുന്നത്‌ ഒഴിവാക്കാനാണ്‌ വാല്‍ മുറിക്കുന്നത്‌. താഴെ പറയുന്നവ വാല്‍ മുറിക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളാണ്‌. സൈഡ്‌കട്ടറോ ഇലക്‌ട്രിക്‌ വാല്‍മുറിയന്ത്രമോ ഉപയോഗിക്കാം. ജനിച്ച്‌ കഴിയുന്നത്ര പെട്ടെന്ന്‌ വാല്‍ മുറിക്കുക. മുറിവ്‌ ചെറുതും രക്തസ്രാവമില്ലാത്തതുമായതിനാല്‍ പെട്ടെന്ന്‌ ഉണങ്ങും. വാല്‍ വളരെ ചെറുതാക്കി മുറിക്കരുത്‌. പെണ്‍പന്നികളില്‍ യോനിയുടെ അറ്റവും ആണ്‍പന്നികളില്‍ വൃഷണത്തിന്റെ മധ്യവും വാല്‍മുറിക്കാനുള്ള മാനദണ്ഡമായി കണക്കാക്കാം. മുറിക്കാനുപയോഗിച്ച കട്ടറുകള്‍ വൃത്തിയാക്കുക. ബാക്‌ടീരിയബാധയ്‌ക്ക്‌ സാധ്യതയുള്ളതിനാല്‍ വാല്‍ മുറിക്കാനും പല്ല്‌ ക്ലിപ്പു ചെയ്യാനും ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

ബ്രൂഡിങ്‌

ഉയര്‍ന്ന അന്തരീക്ഷതാപനില പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ വലിയ പന്നികളെക്കാള്‍ സുഖപ്രദമായിരിക്കും. പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ബ്രൂഡര്‍ താപനില 300C-320C. രണ്ട്‌ 75 watt അല്ലെങ്കില്‍ മൂന്ന്‌ 50 watt ഇലക്‌ട്രിക്‌ ബള്‍ബുകള്‍ ഇതിനായി ഉപയോഗിക്കാം. അതിരാവിലെ 1 മണി മുതല്‍ 4 മണിവരെ ചൂട്‌ കൊടുക്കണം.
പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ ഉചിതമായ താപനില അവയുടെ സ്വഭാവത്തില്‍നിന്നും മനസ്സിലാക്കാം. പന്നിക്കുഞ്ഞുങ്ങള്‍ അമ്മയുടെയോ ചൂട്‌ സ്രോതസ്സിന്റെയോ അടുത്ത്‌ നില്‍കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ താപനില കുറവാണെന്ന്‌ അനുമാനിക്കാം. അമ്മയുടെ അടുത്ത്‌ പക്ഷേ, ചൂട്‌സ്രോതസ്സില്‍ നിന്നകന്ന്‌ കൂട്ടംകൂടി നില്‍ക്കുകയാണെങ്കില്‍ താപനില വളരെ കൂടുതലായിരിക്കും. പന്നിക്കുട്ടികള്‍ കൂട്ടില്‍ ഒരുപോലെ എല്ലായിടത്തും ഉണ്ടെങ്കില്‍ ഉചിതമായ താപനിലയായിരിക്കും.

ഇയര്‍നോച്ചിങ്‌

ഇത്‌ ജനിച്ചയുടന്‍ ചെയ്യേണ്ടത്‌. പന്നികളെ തിരിച്ചറിയുന്നതിനുവേണ്ടിയാണ്‌ ഇത്‌ ചെയ്യുന്നത്‌.

കൊളസ്‌ട്രം (കന്നിപ്പാല്‍)

മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയില്‍നിന്ന്‌ പ്ലാസന്റയിലൂടെയാണ്‌ ഇമ്മ്യൂണോഗ്ലോബുലിന്‍ ലഭിക്കുന്നത്‌. വളരുന്ന ഗര്‍ഭസ്ഥശിശുവിലേക്ക്‌ അമ്മയുടെ രക്തത്തിലൂടെ ആന്റിബോഡികള്‍ പ്രവഹിക്കുന്നു. അമ്മയ്‌ക്ക്‌ ബാധിച്ച രോഗങ്ങളുടെ തരവും വ്യാപ്‌തിയുമനുസരിച്ചിരിക്കും കുഞ്ഞിന്റെ പ്രതിരോധശക്തി. എന്നാല്‍ പന്നിയുടെ പ്ലാസന്റയിലൂടെ ആന്റിബോഡികള്‍ക്ക്‌ ഇത്തരത്തില്‍ സഞ്ചരിക്കാന്‍ സാധിക്കില്ല.
പന്നിക്കുഞ്ഞുങ്ങള്‍ കന്നിപ്പാല്‍ കുടിക്കുമ്പോള്‍ ഈ പ്രത്യേകതരം ആന്റിബോഡി കുടലിന്റെ ആവരണത്തിലൂടെ ആഗീരണം ചെയ്യപ്പെട്ട്‌ രക്തത്തിലെത്തുന്നു. അതിനാല്‍ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പ്രതിരോധശേഷി ജനനത്തിനുശേഷമാണ്‌ അമ്മയില്‍നിന്ന്‌ ലഭിക്കുന്നത്‌. അമ്മയില്‍നിന്ന്‌ ലഭിക്കുന്നത്‌. ഇതിന്‌ പാസ്സീവ്‌ ഇമ്മ്യൂണിറ്റി എന്നു പറയും. ഈ ഇമ്മ്യൂണിണോഗ്ലോബുലിനെ ദഹിപ്പിക്കാതെ ആഗീരണം ചെയ്യാനുള്ള കഴിവ്‌ ജനിച്ച 36 മണിക്കൂറിനുള്ളില്‍ നഷ്‌ടപ്പെടുന്നു. മാത്രമല്ല ഈ കാലയളവിനുശേഷം കഴിക്കുന്ന കന്നിപ്പാല്‍ ആമാശയത്തിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനം മൂലം ദഹിക്കുകയും ചെയ്യും.


അഗതികുഞ്ഞുങ്ങളെ വളര്‍ത്തല്‍

അമ്മയുടെ പാലുല്‍പ്പാദനം കുറവോ കുഞ്ഞുങ്ങളുടെ എണ്ണം കൂടുതലോ ആണെങ്കില്‍ മുഴുവന്‍ കുഞ്ഞുങ്ങളെയോ കുറച്ച്‌ എണ്ണത്തിനെയോ ഒരു വളര്‍ത്തമ്മയുടെ അടുത്തേക്ക്‌ മാറ്റാം. ഒരേ ദിവസം പ്രസവിച്ച പന്നിയില്ലെങ്കില്‍ 1-2 ദിവസം മുന്‍പോ പിന്‍പോ പ്രസവിച്ച പന്നികളെ ഇങ്ങനെ ഉപയോഗപ്പെടുത്താം. എല്ലായ്‌പ്പോഴും ലിറ്ററിലെ വലിയ കുഞ്ഞുങ്ങളെ വളര്‍ത്തമ്മയുടെ അടുത്തേക്കു മാറ്റുക കാരണം അവയ്‌ക്ക്‌ പുതിയ ലിറ്ററിലെ കുഞ്ഞുങ്ങളുമായി മല്‍സരിക്കാന്‍ സാധിക്കും.
പന്നിക്കുഞ്ഞുങ്ങള്‍ അമ്മപ്പന്നിയാല്‍ അമര്‍ന്നു മരണപ്പെടുന്നത്‌ സര്‍വ സാധാരണമാണ്‌. ഇതിനു കാരണങ്ങള്‍ താഴെ പറയുന്നവയാണ്‌.
1. തള്ളയുടെ പിന്‍കാലുകള്‍ക്ക്‌ ബലമില്ലെങ്കില്‍ കിടക്കാന്‍ ശ്രമിക്കുമ്പോള്‍ അവ പെട്ടെന്ന്‌ വീണുപോകും.
2. അവശരായ പന്നിക്കുട്ടികള്‍ക്ക്‌ പെട്ടെന്ന്‌ എഴുന്നേറ്റുമാറാന്‍ സാധിക്കാതെ വരിക.
3. വഴുക്കുള്ള നിലവും ശരിയല്ലാത്ത ഹര്‍ഡിലുകളും തെറ്റായ കൂടുനിര്‍മ്മാണവും
4. ചൂടുസംവിധാനം ശരിയല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ അമ്മയ്‌ക്കുചുറ്റും കൂടും.
5. വെള്ളത്തിന്റെ ലഭ്യതയിലുള്ള കുറവുമൂലം പന്നികള്‍ വെള്ളം കുടിക്കാന്‍ കൂടെക്കൂടെ എഴുന്നേറ്റുനില്‍ക്കാനും കിടക്കാനും ഇടയാക്കും.
6. അകന്ന കാലുള്ള പന്നിക്കുഞ്ഞുങ്ങള്‍ (സ്‌പ്ലേലെഗ്‌)
ചിലപ്പോള്‍ കാലിലെ പേശികള്‍ക്ക്‌ ബലമില്ലാത്ത ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ എഴുന്നേറ്റുനില്‍ക്കാനോ ശരിയായി നടക്കാനോ സാധിക്കുന്നില്ല. പ്രത്യേക ലെഗ്‌ടാപ്പിങ്‌ അല്ലെങ്കില്‍ ടൈയിങ്‌ ക്രമീകരണങ്ങള്‍ ഉപയോഗിച്ച്‌, വളഞ്ഞ കാലുള്ള പന്നികളെ ശരിയാക്കാന്‍ സാധിക്കും. താഴ്‌ന്ന താപനിലയും വഴുക്കുള്ള തറയും ഇതിനു കാരണങ്ങളാണ്‌.
കാലുകള്‍ നാട ഉപയോഗിച്ച്‌ ബന്ധിപ്പിക്കുന്നത്‌ സ്‌പ്ലേലെഗ്‌ ഉള്ള പന്നികളെ നടക്കാന്‍ സഹായിക്കും. സാധാരണ മൂന്നു ദിവസത്തിനുള്ളില്‍ ഒരു പന്നിക്കുഞ്ഞിന്‌ നില്‍ക്കുവാന്‍ കഴിയും. ഇല്ലെങ്കില്‍ ആ പന്നിക്കുഞ്ഞിന്‌ സ്‌പ്ലേലെഗുണ്ടെന്ന്‌ അനുമാനിക്കാം.

ജനനത്തിനുശേഷം ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

ഇരുമ്പ്‌ കുത്തിവയ്‌പ്‌: ചുവന്ന രക്താണുക്കളില്‍ ഹീമോഗ്ലോബിന്‍ നിര്‍മ്മാണത്തിന്‌ ഇരുമ്പ്‌ അത്യാവശ്യമാണ്‌. ശരീരത്തില്‍ ഓക്‌സിജനെ വഹിക്കുന്നത്‌ ഹിമോഗ്ലോബിന്‍ ആണ്‌. പോഷണക്കുറവു മൂലമുള്ള വിളര്‍ച്ച തടയുന്നതിന്‌ ഇരുമ്പ്‌ സഹായിക്കുന്നു.
ജനനസമയത്ത്‌, പന്നിക്കുഞ്ഞിന്റെ ശരീരത്തില്‍ 50 മി.ഗ്രാം ഇരുമ്പ്‌ സംഭരണം ഉണ്ടാകും. പന്നിക്കുട്ടിക്ക്‌ ജനിച്ച്‌ രണ്ടാഴ്‌ചയില്‍ കൂടുതല്‍ ജീവിക്കാന്‍ ഇത്‌ മതിയാവില്ല.
ആദ്യത്തെ ആഴ്‌ച ദിവസവും 7 മി.ഗ്രാമും പിന്നീടുള്ള 3 ആഴ്‌ച ദിവസവും 10 മി.ഗ്രാമും ഇരുമ്പ്‌ പന്നിക്കുഞ്ഞുങ്ങള്‍ക്കാവശ്യമാണ്‌. അമ്മയുടെ പാലില്‍നിന്ന്‌ 1-2 മി.ഗ്രാം ഇരുമ്പ്‌ മാത്രമേ കുഞ്ഞിനു ലഭിക്കുന്നുള്ളൂ. അതിനാല്‍ ഇരുമ്പിന്റെ സ്രോതസ്സ്‌ പാല്‍ മാത്രമാണെങ്കില്‍ വിളര്‍ച്ചമൂലം വളരെയധികം നഷ്‌ടം ഉണ്ടാകും.

ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍

1. വിശപ്പില്ലായ്‌മ
2. മന്ദഗതിയിലുള്ള വളര്‍ച്ച
3. മോശം തൊലി, രോമം എന്നിവ
4. ശോഷിച്ച പന്നിക്കുട്ടികള്‍
5. വിളര്‍ച്ച (അനിമീയ)
6. അസ്വസ്ഥത
7. ശ്വസിക്കാന്‍ വിഷമം
ജനിച്ച്‌ ഒന്നു തൊട്ട്‌ മൂന്നു ദിവസം വരെ ഇരുമ്പ്‌ കുത്തിവയ്‌പ്‌ നല്‍കാം. ഒരു മില്ലിയില്‍ 50 മി.ഗ്രാം ഉള്ള കുത്തിവയ്‌പാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ നാലു മില്ലിയുടെ ഒരു ഡോസോ രണ്ടു മില്ലി വീതം രണ്ടു ഡോസ്‌ മൂന്നാം ദിവസവും ഒരാഴ്‌ചയ്‌ക്കുശേഷവും ആയോ നല്‍കാം. ഇവ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌.

ആഹാരത്തിലൂടെയും ഇരുമ്പു കൊടുക്കാം.

$ മേല്‍മണ്ണ്‌: കൂടിന്റെ ഒരു ഭാഗത്ത്‌ ദിവസവും മണ്ണിടുക. മണ്ണ്‌ ഇരുമ്പിന്റെ ഒരു പ്രകൃത്യായുള്ള സ്രോതസ്സാണ്‌.
$ കമ്പോസ്റ്റ്‌: പന്നിക്കുട്ടിയുടെ തീറ്റയിലോ മില്‍ക്ക്‌ റീപ്ലെയ്‌സറിലോ ഒരു കൈ നിറയെ കമ്പോസ്റ്റ്‌ കലര്‍ത്തി ദിവസവും നല്‍കുക.
$ അയണ്‍-കോപ്പര്‍ പെല്ലെറ്റുകള്‍: പെല്ലെറ്റുകള്‍ തീറ്റയില്‍ കലര്‍ത്തി നല്‍കാം. ഇവ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌.
$ അയണ്‍ പോസ്റ്റ്‌/ദ്രാവകം: ജനനസമയത്ത്‌ വായില്‍ കൊടുക്കുകയോ അമ്മയുടെ അകിടില്‍ പുരട്ടുകയോ ചെയ്യാം. കുടിവെള്ളത്തില്‍ അകലര്‍ത്തിയും നല്‍കാം.

പന്നിക്കുട്ടികളില്‍ ഇരുമ്പ്‌ വിഷബാധ

ഇരുമ്പ്‌ കൂടുതലായാല്‍ അത്‌ പന്നിക്കുട്ടികളില്‍ വിഷബാധയുണ്ടാക്കും. വിഷബാധയുണ്ടാകുന്ന ഡോസ്‌ 3-10 ദിവസം പ്രായമുള്ള പന്നികളില്‍ 600 മി.ഗ്രാം/കി.ഗ്രാം ശരീരഭാരമാണ്‌. തീറ്റയെടുക്കുന്നതും ശരീരഭാരവര്‍ധനയും കുറയും. ശരീരത്തിലെ ഇരുമ്പിന്റെ അളവ്‌ കൂടുന്നത്‌ ഫോസ്‌ഫറസിന്റെ അളവ്‌ കുറയ്‌ക്കുന്നു. ഇത്‌ റിക്കെറ്റ്‌ രോഗത്തിനിടയാക്കും. ചിലപ്പോള്‍ മരണവും സംഭവിക്കാം.

വൃഷണച്ഛേദം

ഒരു ചെറിയ ഓപ്പറേഷന്‍വഴി വൃഷണങ്ങള്‍ മുറിച്ചുമാറ്റാം. ശുചിത്വവും മറ്റു മുന്‍കരുതലുകളും എടുക്കുകയാണെങ്കില്‍ സാധാരണയായി യാതൊരു സങ്കീര്‍ണ്ണതകളും ഉണ്ടാവില്ല. ഈ ഓപ്പറേഷന്‍ ഒരു മുറിവുരീതിയിലോ രണ്ടു മുറിവുരീതിയിലോ ചെയ്യാം. രണ്ടു രീതിയും ഫലപ്രദമാണ്‌.
ഇത്‌ ഏതു പ്രായത്തിലും ചെയ്യാമെങ്കിലും 0-10 ദിവസം പ്രായമാണ്‌ നല്ലത്‌. ഈ സമയം പന്നിക്കുട്ടികള്‍ തീരെ ചെറുതും ആന്റിബയോഡികളുടെ സംരക്ഷണത്തിനുള്ളിലും ആയിരിക്കും. 10 ദിവസം പ്രായമാണ്‌ വൃഷണച്ഛേദത്തിന്‌ ഏറ്റവും ഉചിതം. കാരണം ഇവയ്‌ക്ക്‌ 21 ദിവസത്തില്‍ ചെയ്യുന്നവയെക്കാള്‍ ഭാരം വീനിങ്‌ സമയത്തുണ്ടാകും.

വൃഷണച്ഛേദത്തിനു മുമ്പ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

$ എല്ലാ ആണ്‍പന്നിക്കുട്ടികളും ആരോഗ്യവാന്മാരെന്ന്‌ ഉറപ്പുവരുത്തുക. ഏതെങ്കിലും അസുഖം കാണുകയാണെങ്കില്‍ ഓപ്പറേഷന്‍ മാറ്റിവയ്‌ക്കുക. (ഉദാ. വയറിളക്കം).
$ കുടലിറക്കം (ഹെര്‍ണിയ)പോലുള്ള അസുഖങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തുന്നത്‌ പിന്നീടുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ തടയാന്‍ സഹായിക്കും.
$ വൃഷണച്ഛേദസമയത്ത്‌ ഛര്‍ദ്ദിക്കുന്നത്‌ തടയാന്‍ അന്നേദിവസം ഭക്ഷണം കൊടുക്കാതിരിക്കുക.
$ വൃഷണച്ഛേദത്തിന്‌ തൊട്ടുമുമ്പോ പിമ്പോ കൂടുകളില്‍നിന്ന്‌ മാറ്റുന്നത്‌ സമ്മര്‍ദ്ദം ഉണ്ടാകും.
$ വൃഷണച്ഛേദത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍/സങ്കീര്‍ണ്ണതകള്‍ ഇവയാണ്‌.
$ വൃഷണച്ഛേദത്തെ തുടര്‍ണ്ടാകുന്ന വ്രണങ്ങള്‍ വളര്‍ച്ച മുരടിപ്പിക്കുകയും മറ്റ്‌ ആന്തരികരോഗബാധകള്‍ക്ക്‌ (ടെറ്റനസ്‌) കാരണമാക്കുകയും ചെയ്യുന്നു. വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍ അഴുക്കുപുരണ്ട സ്‌കാല്‍പല്‍ ബ്ലേഡ്‌, വയറിളക്കം പിടിച്ച പന്നിക്കുട്ടി എന്നി സന്ദര്‍ഭങ്ങളിലാണ്‌ ഇത്‌ സാധാരണയായി സംഭവിക്കുന്നത്‌. വൃഷണഛേദം കഴിഞ്ഞുടനെ പന്നിക്കുട്ടികളെ കുളിപ്പിക്കുന്നതും ഒഴിവാക്കുക.
$ വൃഷണച്ഛേദത്തിനുശേഷമുള്ള കുടലിറക്കം, വൃഷണങ്ങള്‍ ശക്തിയോടെ പുറത്തേക്ക്‌ വലിച്ചെടുക്കുമ്പോള്‍ സ്‌പേര്‍മാറ്റിക്‌ കോഡിനുമേല്‍ അമിത വലിവ്‌ ഉണ്ടാക്കുകയും ഇത്‌ ഇന്‍ഗ്വിനല്‍ കനാലിന്‌ തകരാറ്‌ സംഭവിക്കുന്നതിനിടയാക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കുടല്‍ ഇതുവഴി പുറത്തേക്ക്‌ വരാം.
$ രക്തസ്രാവം: ഓപ്പറേഷന്റെ സമയത്ത്‌ എത്രത്തോളം പന്നിക്കുട്ടി കുതറുന്നുവോ അത്രത്തോളം രക്തസ്രാവത്തിന്‌ സാധ്യത കൂടുന്നു. അതിനാല്‍ കഴിയുന്നത്ര പെട്ടെന്ന്‌ വൃഷണച്ഛേദം ചെയ്‌തുതീര്‍ക്കാന്‍ ശ്രമിക്കുക.

വൃഷണച്ഛേദം കൊണ്ടുള്ള പ്രയോജനങ്ങള്‍:

$ ആണ്‍പന്നികളുടെ അസഹീനയമായ മണം ഒഴിവാക്കുന്നു. പന്നികളെ 5 മാസം പ്രായമുള്ളപ്പോള്‍ ഒഴിവാക്കുകയാണെങ്കില്‍ ഈ മണത്തെപ്പറ്റി ഭയക്കാനില്ല എന്നാണ്‌ പറയപ്പെടുന്നത്‌. കാരണം, പഠനങ്ങള്‍ പറയുന്നത്‌ ബോര്‍ഓഡര്‍ പന്നി പ്രായപൂര്‍ത്തിയെത്തുമ്പോഴാണ്‌ (6 മാസം) കാണിക്കുന്നത്‌ എന്നിരുന്നാലും 2% പന്നികള്‍ ഇത്‌ കാണിക്കാം.
$ അപ്രതീക്ഷതമായ ഇണചേരല്‍ തടയുന്നു. കൃഷിക്കാര്‍ ഇത്‌ തടയാന്‍ ആണ്‍പന്നികളെയും പെണ്‍പന്നികളെയും പ്രത്യേകം വളര്‍ത്തുന്നു.
$ വൃഷണച്ഛേദം നടത്തിയ പന്നികളെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്‌. കാരണം, അവ കൂടുതല്‍ സൗമ്യരായിരിക്കും.

വൃഷണച്ഛേദം കൊണ്ടുള്ള ദോഷഫലങ്ങള്‍

$ മറ്റ്‌ ആണ്‍പന്നികളെക്കാള്‍ വൃഷണച്ഛേദം ചെയ്‌തവയുടെ വളര്‍ച്ചയുടെ തോത്‌ കുറവായിരിക്കും. എന്നാല്‍ തീറ്റ പരിവര്‍ത്തനശേഷി കൂടുതലാണ്‌.
$ വൃഷണച്ഛേദം നടത്താത്ത ആണ്‍പന്നികളുടെ മാംസം നല്ലതായിരിക്കും.
$ വൃഷണച്ഛേദത്തിനുശേഷം വളര്‍ച്ചനിരക്ക്‌ കുറയുകയും സമ്മര്‍ദ്ദം കൂടുകയും ചെയ്യും (പ്രത്യേകിച്ചും പ്രായമായ പന്നികളില്‍ ചെയ്യുമ്പോള്‍).

വീനിങ്ങിനുശേഷമുള്ള പരിപാലനം

$ നല്ല വായസഞ്ചാരവും ഉണക്കവും ഉള്ള വരള്‍ച്ചയില്ലാത്ത കിടപ്പു സ്ഥലം നല്‍കുക. വരണ്ടു തണുത്ത കെട്ടിടങ്ങളില്‍ താമസിക്കുന്ന പന്നികള്‍ക്ക്‌ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയേറുകയും അതുവഴി അവയുടെ ശരീരഭാരവര്‍ധന കുറയുകയും ചെയ്യും. തണുപ്പിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ കൂടുതല്‍ കിടപ്പുസാമഗ്രികള്‍കൂടി നല്‍കേണ്ടതുണ്ട്‌. വേനല്‍ക്കാലത്ത്‌ ആവശ്യത്തിന്‌ തണലും വേണം.
$ പന്നികളെ പ്രായം കണക്കാക്കാതെ വലിപ്പത്തിനനുസരിച്ച്‌ പ്രത്യേകം ഗ്രൂപ്പുകളാക്കുക. ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 20-ല്‍ കൂടരുത്‌.
$ ഖരരൂപത്തിലുള്ള തീറ്റ നേരത്തെ കൊടുത്ത്‌ ശീലിപ്പിക്കുന്ന പന്നികള്‍ക്ക്‌ ഭക്ഷണരീതിയില്‍ പെട്ടെന്നുള്ള മാറ്റത്തെ അതിജീവിക്കുവാന്‍ സാധിക്കും.
$ ആരോഗ്യമുള്ള പന്നിക്കുട്ടികള്‍ ആവശ്യത്തിലധികം തീറ്റ കഴിക്കുന്നത്‌ തടയാന്‍ വീനിങ്ങിന്റെ ദിവസം തീറ്റയുടെ അളവ്‌ കുറയ്‌ക്കണം.
$ തീറ്റ അലവന്‍സ്‌ പല സമയങ്ങളിലായി നല്‍കുക.
$ വ്യത്യസ്‌ത ലിറ്ററിലെ കുഞ്ഞുങ്ങളെ തമ്മില്‍ കലര്‍ത്തുന്നത്‌ സമ്മര്‍ദ്ദത്തിനിടയാക്കുന്നതിനാല്‍ അത്‌ തടയുക.
$ വീനിങ്ങിനുശേഷമുള്ള വയറിളക്കം തടയാന്‍ മരുന്നു കലര്‍ത്തിയ ശുചിയായ വെള്ളം 3 ദിവസം നല്‍കുക.
$ പന്നിക്കുട്ടികള്‍ക്ക്‌ ഉണക്കമുള്ള സ്ഥലം ലഭ്യമാക്കണം. നനഞ്ഞ്‌ തണുത്ത അന്തരീക്ഷം മൃഗങ്ങള്‍ക്ക്‌ പല രോഗങ്ങള്‍ക്കും കാരണമാകും.
$ പന്നിക്കുട്ടികള്‍ക്ക്‌ പകരം അമ്മയെ വീനിങ്ങിന്റെ സമയത്ത്‌ കൂട്ടില്‍നിന്ന്‌ മാറ്റുക. വീനിങ്ങിനുശേഷം 3-5 ദിവസം പന്നിക്കുഞ്ഞുങ്ങളെ പ്രസവക്കൂട്ടില്‍തന്നെ താമസിപ്പിക്കുക. മറ്റു പന്നിക്കുട്ടികളുമായി ചേര്‍ക്കുന്നതിനുമുമ്പുതന്നെ നിലവിലുള്ള ചുറ്റുപാടുമായി താദാത്മ്യം പ്രാപിക്കാന്‍ ഇത്‌ സഹായിക്കുന്നു.
$ സമീകൃതാഹാരം നല്‍കുക. മുലയൂട്ടുന്ന പന്നികള്‍ക്കും പന്നിക്കുട്ടികള്‍ക്കും രോഗനിയന്ത്രണത്തിന്‌ ഒരുപോല പ്രധാനമായ ഒരു കാര്യമാണ്‌ നല്ല തീറ്റ അതുപോലെ എല്ലായ്‌പ്പോഴും നല്ല കുടിവെള്ളവും ലഭ്യമാക്കണം.
$ കൃത്യമായ ചികില്‍സ വഴി ബാഹ്യ-ആന്തരപരാദങ്ങളെ നിയന്ത്രിക്കുക.
$ രോഗബാധിതരായ പന്നിക്കുട്ടികളെ കഴിയുന്നത്ര അകറ്റിനിര്‍ത്തുകയും ചത്ത മൃഗങ്ങളെ ഉടന്‍തന്നെ മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ വേണം.
$ ഫാറ്റനിങ്ങിനുവേണ്ടി വാങ്ങിയ പന്നിക്കുട്ടികളെ മറ്റു പന്നികളില്‍ നിന്നകറ്റി 2 ആഴ്‌ച നിരീക്ഷിക്കുക. പന്നികളെ കൂടുതല്‍ കൈകാര്യം ചെയ്യരുത്‌. അവയ്‌ക്ക്‌ അണുനാശിനി തളിച്ച്‌ നീര്‍വാര്‍ച്ചയുള്ള കൂടുകള്‍ നല്‍കുക. തീറ്റയിലോ കുടിവെള്ളത്തിലോ ആന്റിബയോട്ടിക്കുകള്‍ കലര്‍ത്തി 3 ദിവസം തുടര്‍ച്ചയായി നല്‍കുന്നത്‌ വീനിങ്‌ മൂലമുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കും. ആദ്യത്തെ 7 ദിവസങ്ങളില്‍ വിരയിളക്കുന്നത്‌ അധികസമ്മര്‍ദ്ദത്തിന്‌ കാരണമാകും.
$ ആദ്യത്തെ 7 ദിവസങ്ങളില്‍ ദിവസവും രാവിലെയും ഉച്ചയ്‌ക്കും കുടിവെള്ളത്തില്‍ ആന്റിബയോട്ടിക്‌ മരുന്ന്‌ നല്‍കുന്നത്‌ വളരെ നല്ലതാണ്‌.
$ തള്ളപ്പന്നിയെ ഗര്‍ഭകാലത്ത്‌ വിരയിളക്കിയതാണെങ്കില്‍ 2-3 മാസം പ്രായമുള്ളപ്പോള്‍ പന്നിക്കുട്ടിയെ വിരയിളക്കിയാല്‍ മതി. അല്ലെങ്കില്‍ വീനിങ്ങിന്‌ 1-2 ആഴ്‌ചകള്‍ക്കുശേഷം വിരയിളക്കാം. പുതുതായി വാങ്ങിയ പന്നിക്കുട്ടികളാണെങ്കില്‍ അവയെ വാങ്ങിയതിന്‌ 2-4 ആഴ്‌ചകള്‍ക്കുശേഷം വിരയിളക്കിയാല്‍ മതിയാകും.
$ വാക്‌സിനേഷന്‍: 30-60 ദിവസം പ്രായത്തില്‍ ഹോഗ്‌ കോളറ വാക്‌സിന്‍ നല്‍കാം. പുതുതായി വാങ്ങിയ പന്നികളുടെ വാക്‌സിനേഷന്‍ റെക്കോഡ്‌ പരിശോധിക്കേണ്ടതാണ്‌.

വീനിങ്‌ പന്നിക്കുട്ടികളുടെ പരിപാലനം

വാലുകടിക്കുക, ചെവികടിക്കുക, വയറുരയ്‌ക്കുക, കടിപിടി എന്നിവയെല്ലാം പന്നിക്കുട്ടികളെ ഒരു കൂട്ടില്‍ അടച്ചിടുമ്പോള്‍ കണ്ടുവരുന്ന ചില സ്വഭാവദൂഷ്യങ്ങളാണ്‌. ഈ സ്വഭാവദൂഷ്യങ്ങള്‍ പന്നികളുടെ വളര്‍ച്ചയെ ബാധിക്കും. കുറഞ്ഞ വായുസഞ്ചാരം, പോഷണം, ഒരു കൂട്ടില്‍ കൂടുതല്‍ പന്നികള്‍ വിരസത എന്നിവയൊക്കെ ഈ സ്വഭാവദൂഷ്യങ്ങള്‍ക്ക്‌ കാരണമാകാം. ചുറ്റുപാട്‌, കൂട്ടിലെ പന്നികളുടെ എണ്ണം, തീറ്റയുടെയും കുടിവെള്ളത്തിന്റെയും ലഭ്യത, അക്രമകാരികളായ പന്നികളെ മാറ്റിനിര്‍ത്തുക എന്നീ കാര്യങ്ങള്‍ക്ക്‌ പ്രത്യേക ശ്രദ്ധ നല്‍കണം.

പുതുതായി കൊണ്ടുവന്ന വിനേര്‍സിന്‌ സമ്മര്‍ദ്ദങ്ങള്‍ കുറയ്‌ക്കാന്‍

1. പന്നികളെ കയറ്റുന്നതിനു മുന്‍പേ കൂട്‌ വൃത്തിയാക്കി അണുനാശിനി തളിക്കുക. ഇത്‌ പന്നിക്ക്‌ സാവകാശം പുതിയ കൂട്ടിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാന്‍ സഹായിക്കും. യാത്രാക്ഷീണം കൊണ്ട്‌ തളര്‍ന്ന പന്നികളെ വൃത്തിയില്ലാത്ത കൂട്ടില്‍ താമസിപ്പിക്കുകകൂടി ചെയ്‌താല്‍ അത്‌ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക്‌ വഴിവയ്‌ക്കും.
2. പന്നികള്‍ക്ക്‌ ഊഷ്‌മളമായ സ്വീകരണം നല്‍കുക
3. പന്നികള്‍ക്ക്‌ ആവശ്യത്തിന്‌ സ്ഥലം നല്‍കുക (തിരക്കു കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും). വലിപ്പത്തിനനുസരിച്ച്‌ അവയെ ഗ്രൂപ്പുകളാക്കി തിരിക്കുക. അവശരായ പന്നിക്കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്തുക.
4. തീറ്റ, കുടിവെള്ളം എന്നിവ എളുപ്പത്തില്‍ കിട്ടുന്നവിധത്തിലായിരിക്കണം ക്രമീകരിക്കേണ്ടത്‌.
5. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ തീറ്റനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ നല്ലതായിരിക്കും. കാരണം എത്തുന്നതിനു മണിക്കൂറുകള്‍ മുന്‍പു തന്നെ പന്നികള്‍ പട്ടിണിയിലായിരിക്കും. ഈ സമയത്ത്‌ അമിത ഭക്ഷണം ദഹനപ്രശ്‌നങ്ങളുണ്ടാക്കും.
6. തീറ്റയില്‍ സാവധാനം (രണ്ടാഴ്‌ച കൊണ്ട്‌) മാറ്റം വരുത്തുക. ഉദാ: സ്റ്റാര്‍ട്ടര്‍ തീറ്റയില്‍നിന്ന്‌ ഗ്രോവര്‍ തീറ്റയിലേക്ക്‌. ഇത്‌ ചെറിയ മൃഗങ്ങളുടെ കാര്യത്തിലെങ്കിലും പ്രായോഗികമാക്കുക. കാരണം അവരുടെ വയര്‍ തീറ്റയിലെ മാറ്റങ്ങള്‍ക്ക്‌ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.

പരസ്‌പരാക്രമണം കുറയ്‌ക്കാനുള്ള വഴികള്‍

പന്നികളെ ഇടകലര്‍ത്തുന്നത്‌ വളരെ ശ്രദ്ധിച്ചുവേണം. ഇല്ലെങ്കില്‍ പരസ്‌പരം ആക്രമിക്കും. പലപ്പോഴും ഇടകലര്‍ത്തിയുടനെ പന്നികള്‍ പരസ്‌പരം മല്‍സരിക്കാന്‍ തുടങ്ങും. മുഖത്തോടു മുഖം നോക്കി തോളുകള്‍ തമ്മില്‍ തള്ളിയാണ്‌ ആക്രമണം തുടങ്ങുന്നത്‌. കുറച്ചു കഴിയുമ്പോള്‍ ഒരു പന്നിക്കുട്ടി തളരുന്നു. പിന്നീടത്‌ ഒഴിഞ്ഞുമാറുന്നു. കൂട്‌ അടച്ചിട്ടിരിക്കുന്നതിനാല്‍ മൃഗങ്ങള്‍ക്ക്‌ തുടര്‍ന്നും ചെവിക്കും വാലിനും കടിയേല്‍ക്കുന്നു. രക്തസ്രാവം പന്നികളെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ പന്നികള്‍ ആക്രമണത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നു. പ്രവചിക്കാവുന്ന തരത്തിലുള്ള ഇത്തരം മല്‍സരങ്ങള്‍ ഒന്നോ അതിലധികമോ പന്നിക്കുട്ടികളുടെ മരണത്തിനിടയാകുന്നു. ഇത്‌ തടയേണ്ടത്‌ അത്യാവശ്യമാണ്‌.
പരസ്‌പരം മല്‍സരം കുറയ്‌ക്കുകയോ തടയുകയോ ചെയ്യാന്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ സഹായിക്കും.
1. നേരത്തേ ഒരു ലിറ്റര്‍ ഉള്ള കൂട്ടിലേക്ക്‌ പന്നിക്കുട്ടികളെ ഉള്‍ക്കൊള്ളിക്കരുത്‌. കാരണം ഇതിന്റെ സാമ്രാജ്യം സംരക്ഷിക്കുന്നതിന്‌ കൂടുതല്‍ മല്‍സരത്തിനിടയാക്കും. ഇടകലര്‍ത്തുന്നത്‌ പുതിയൊരു കൂട്ടിലായിരിക്കണം നടത്തേണ്ടത്‌. വൈകിട്ട്‌ കൂടുമാറ്റഇയാല്‍ ആക്രമണസ്വഭാവം കുറയ്‌ക്കാന്‍ സഹായിക്കും.
2. പന്നികള്‍ക്ക്‌ കളിക്കാന്‍ ബോള്‍, ചെയിന്‍ അല്ലെങ്കില്‍ അവയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഏതെങ്കിലും സാധനം കൊടുത്ത്‌ അവയെ കളിയില്‍ വ്യാപൃതരാക്കുക.
3. ചെവിയുടെയും വാലിന്റെയും ചുറ്റും ക്രെസോള്‍ പോലുള്ള ദ്രാവകങ്ങള്‍ സ്‌പ്രേചെയ്യുക. ഇത്‌ അവയുടെ ഘ്രാണ ശക്തിയെ ബാധിക്കുകയും ചീത്തമണം കടിക്കുന്നത്‌ തടയുകയും ചെയ്യുന്നു. ആദ്യ ദിവസം 2 തവണയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ സ്‌പ്രേ ചെയ്യുക.
4. ആക്രമണത്തിന്‌ ഉത്തേജിതരായ മൃഗങ്ങളെ പ്രത്യേകം നിരീക്ഷിക്കുക. 48 മണിക്കൂറിനുള്ളില്‍ അവ സ്ഥിരത കൈവരിക്കും.

വീനര്‍ പന്നിക്കുട്ടികളുടെ യാത്രയിലുള്ള സംഘര്‍ഷം കുറയ്‌ക്കുന്നവിധം

1. യാത്രയ്‌ക്ക്‌ 2-3 ദിവസങ്ങള്‍ക്കുമുന്‍പ്‌ കുടിവെള്ളത്തില്‍ വിറ്റാമിനുകളും ഇലക്‌ട്രോലൈറ്റും ചേര്‍ത്തു നല്‍കുക.
2. ചൂടു കുറയ്‌ക്കുവാനായി അതിരാവിലെയോ രാത്രിയിലോ കൊണ്ടു പോകാന്‍ ശ്രദ്ധിക്കുക. വാഹനം നല്ല വായു സഞ്ചാരമുള്ളതായിരിക്കണം. പന്നികള്‍ക്ക്‌ നേരിട്ട്‌ വെയില്‍ കൊള്ളാന്‍ പാടില്ല.
3. വീനര്‍ പന്നികളെ യാത്രയ്‌ക്കിടയില്‍ നനയ്‌ക്കുന്നതു നല്ലതല്ല.
4. പന്നിക്കുട്ടികള്‍ വാഹനത്തിലേക്കു നടന്നുകയറുന്നതാണ്‌ നല്ലത്‌. അവയെ എടുത്തുകയറ്റുന്നത്‌ അപകടം വരുത്തും. വണ്ടിക്കകത്ത്‌ വൈക്കോലോ ഉണങ്ങിയ പുല്ലോ വിരിച്ചുകൊടുക്കുന്നത്‌ നല്ലതാണ്‌.
5. നീളമുള്ള വാഹനത്തില്‍ കള്ളികള്‍ തിരിച്ചുനിര്‍ത്തുന്നതാണ്‌ നല്ലത്‌.
6. യാത്രയ്‌ക്കുമുന്‍പ്‌ വയര്‍നിറച്ച്‌ തീറ്റയും വെള്ളവും നല്‍കരുത്‌.

തീറ്റയും തീറ്റക്രമവും

പന്നികളുടെ ആമാശയം മനുഷ്യരുടേതുപോലെ ഒറ്റ അറയുള്ളതാണ്‌. അതുകൊണ്ടുതന്നെ കന്നുകാലികള്‍ തിന്നുന്നതുപോലെ നാരുള്ള തീറ്റ അധികം തിന്നുവാന്‍ കഴിയില്ല. കൃത്യമായ അളവില്‍ കൃത്യസയമത്ത്‌ ഗുണമേന്മയുള്ള തീറ്റ കൊടുത്താല്‍ മാത്രമേ പന്നിവളര്‍ത്തല്‍ ലാഭത്തിലാക്കാന്‍ കഴിയൂ. മൊത്തം പരിപാലനച്ചെലവിന്റെ 80 ശതമാനത്തിലധികവും തീറ്റച്ചെലവാണ്‌.
പന്നിയുടെ വളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനത്തിനും നിരവധി പോഷകങ്ങള്‍ ആവശ്യമാണ്‌. മാംസ്യം, ഊര്‍ജ്ജം, വിറ്റാമിനുകള്‍, മൂലകങ്ങള്‍ എന്നിവ വിവിധ അളവിലും രൂപത്തിലും കൊടുക്കേണ്ടിയിരിക്കുന്നു. ഓരോ പ്രായത്തിലും പ്രായത്തിലും പ്രത്യുല്‍പ്പാദനഘട്ടത്തിലും ഇതിന്റെ അളവില്‍ വ്യത്യാസപ്പെട്ടിരിക്കും.
പന്നിയുടെ തീറ്റയില്‍ ഉണ്ടായിരിക്കേണ്ട പോഷകങ്ങള്‍ ഘടകം, മാംസ്യം, കൊഴുപ്പ്‌, നാര്‌, കാല്‍സ്യം, ഫോസ്‌ഫറസ്‌, ലൈസീന്‍, മെതിയോണിന്‍, ഊര്‍ജ്ജം.
മാംസ്യം: ശരീരവളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനത്തിനും ശരീരനിലനില്‍പ്പിനും മാംസ്യം ആവശ്യമാണ്‌. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്‌ക്കും പാലുല്‍പ്പാദനത്തിനും മാംസ്യം ആവശ്യമാണ്‌. അമിനോ ആസിഡുകളാണ്‌ മാംസ്യത്തിന്റെ ഘടകങ്ങള്‍. മാംസ്യത്തിന്റെ ഗുണമേന്മ മാംസ്യത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളുടെ അളവും ഇനവും ആശ്രയിച്ചിരിക്കുന്നു.
ഗര്‍ഭിണിയായ ഒരു പന്നിക്ക്‌ 0.28 കി.ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്‌. ഇത്രയും മാംസ്യം കിട്ടുവാന്‍ 14 ശതമാനം മാംസ്യം അടങ്ങിയ 2 കി.ഗ്രാം തീറ്റകൊടുക്കണം.
കൊഴുപ്പ്‌: കൊഴുപ്പ്‌ ഊര്‍ജ്ജദായക പദാര്‍ത്ഥമാണ്‌. അന്നജത്തെക്കാള്‍ രണ്ടര ഇരട്ടി ഊര്‍ജ്ജം കൊഴുപ്പില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പില്‍ ലയിക്കുന്ന എ ഡി ഇ വിറ്റാമിനുകളും ഇതില്‍ ഉണ്ടായിരിക്കും. ഗര്‍ഭിണിപ്പന്നികള്‍ക്കു പ്രസവത്തിനു മുന്‍പ്‌ കൊഴുപ്പ്‌ അടങ്ങിയ തീറ്റ കൊടുക്കുകയാണെങ്കില്‍ കുട്ടികളുടെ മരണനിരക്ക്‌ കുറയുന്നതായി കണ്ടിട്ടുണ്ട്‌. കൊഴുപ്പ്‌ തീറ്റയില്‍ ചേര്‍ത്താല്‍ കന്നിപ്പാലിന്റെ ഉല്‍പ്പാദനം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്‌.
മൂലകങ്ങള്‍: പന്നികള്‍ക്ക്‌ 14 മൂലകങ്ങള്‍ അത്യാവശ്യമാണ്‌. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്‌ക്ക്‌ ഇത്‌ അത്യാവശ്യമാണുതാനും. കൂടാതെ ശരീരത്തിന്റെ ഉപാചയപ്രവര്‍ത്തനങ്ങള്‍ക്കും മൂലകങ്ങള്‍ വേണം.
പന്നിയുടെ തീറ്റയില്‍ നല്ല അളവില്‍ ചേര്‍ക്കേണ്ട രണ്ടു മൂലകങ്ങളാണ്‌ കാല്‍സ്യവും സോഡിയവും. എന്നാല്‍ തീറ്റയില്‍ ജന്തുജന്യമാംസ്യത്തിന്റെ അളവു കുറയുമ്പോള്‍ ഫോസ്‌ഫറസുകൂടി അധികം നല്‍കേണ്ടിവരും. വളരെ കുറച്ച്‌ ആവശ്യമുള്ള സൂക്ഷ്‌മമൂലകങ്ങളാണ്‌ കോപ്പര്‍, ഇരുമ്പ്‌, അയഡിന്‍, സെലീനിയം എന്നിവ.
വിറ്റാമിന്‍: വളരെ കുറഞ്ഞ അളവില്‍ ആവശ്യമുള്ളതും എന്നാല്‍ ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്യാവശ്യം വേണ്ടതുമാണ്‌ വിറ്റാമിനുകള്‍. മിക്ക വിറ്റാമിനുകളും തീറ്റയില്‍നിന്നു ലഭിക്കുമെങ്കിലും ചിലവ തീറ്റയില്‍ പ്രത്യേകം ചേര്‍ക്കേണ്ടിവരും. ചില വിറ്റാമിന്റെ അഭാവത്തില്‍ രോഗങ്ങള്‍വരെ പിടിപെടാം. ഇരുമ്പ്‌, കോപ്പര്‍ തുടങ്ങിയവയുടെ അഭാവത്തില്‍ വിളര്‍ച്ചപോലുള്ള രോഗങ്ങള്‍ പിടിപെടും.
വെള്ളം: ശരീരത്തിന്റെ 70 ശതമാനവും വെള്ളമാണ്‌. 10 ശതമാനംവരെ ശരീരത്തിലെ വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ മരണംവരെ സംഭവിക്കാം. തീറ്റയില്‍ ജലമുണ്ടെങ്കിലും പന്നികള്‍ക്ക്‌ കുടിക്കാനുള്ള ജലം പ്രത്യേകം കൊടുക്കണം. ഓരോ കി.ഗ്രാം ഉണങ്ങിയ തീറ്റ തിന്നുമ്പോഴും 2-5 ലിറ്റര്‍ വെള്ളം പന്നിക്ക്‌ കഴിക്കേണ്ടിവരും. എന്നാല്‍ ഒരു പന്നിക്ക്‌ കൊടുക്കേണ്ട വെള്ളത്തിന്റെ അളവ്‌ അവയുടെ പ്രായം, ഉല്‍പ്പാദനകാലം, കാലാവസ്ഥ, തീറ്റ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വളരുന്ന പെണ്‍പന്നിക്ക്‌ ദിനംപ്രതി 18-23 ലിറ്റര്‍ വെള്ളം വേണം. ഗര്‍ഭിണിപ്പന്നികള്‍ക്ക്‌ ഓരോ കി.ഗ്രാം തീറ്റ തിന്നുമ്പോഴും 3 ലിറ്റര്‍ വെള്ളം കൊടുക്കണം. എന്നാല്‍ വേനലില്‍ ഇതിന്റെ അളവ്‌ വര്‍ധിക്കും.
പ്രത്യുല്‍പ്പാദനത്തിലുള്ള പന്നികളുടെ തീറ്റക്രമം ബ്രീഡിങ്ങിനുള്ള പന്നികള്‍ക്ക്‌ സമീകൃതതീറ്റ കൃത്യ അളവില്‍ കൊടുത്താല്‍ മാത്രമേ ഉല്‍പ്പാദനക്ഷമത നിലനിര്‍ത്താനാകൂ. പ്രത്യുല്‍പ്പാദനഗുണങ്ങള്‍ പാരമ്പര്യമാണെങ്കിലും തീറ്റയും വളരുന്ന പരിസ്ഥിതിയും ഒരു പരിധിവരെ ഉല്‍പ്പാദനക്ഷമതയെ സ്വാധീനിക്കും. എത്ര ജനിതക ഗുണമേന്മയുള്ള പന്നിയായാലും ശാസ്‌ത്രീയ തീറ്റക്രമം പാലിച്ചില്ലെങ്കില്‍ ഈ ഗുണങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. മിക്ക പന്നിഫാമുകളിലും വര്‍ഷത്തില്‍ 30-40 ശതമാനം പെണ്‍പന്നികലെ മാറ്റാറുണ്ട്‌. പെണ്‍പന്നികള്‍ പ്രത്യുല്‍പ്പാദന പ്രായമെത്തുന്നത്‌ 5-7 മാസമാകുമ്പോഴാണ്‌. ഈ കാലം തീറ്റയെയും ആശ്രയിച്ചിരിക്കുന്നു. പെണ്‍പന്നികള്‍ക്ക്‌ 60-70 കി.ഗ്രാം തൂക്കമെത്തുമ്പോള്‍ അവയെ തിരഞ്ഞെടുക്കണം. ഇത്തരം പന്നികള്‍ക്ക്‌ ഇണചേര്‍ക്കുന്ന പ്രായമാകുന്നതുവരെ ആവശ്യത്തിനു തീറ്റ നല്‍കണം. എന്നാല്‍ ഇണചേര്‍ക്കുന്നതിനു 10-14 ദിവസങ്ങള്‍ക്കുമുമ്പ്‌ തീറ്റയുടെ അളവു കുറയ്‌ക്കുകയാണെങ്കില്‍ അണ്ഡവിസര്‍ജ്യത്തിന്റെ അളവ്‌ വര്‍ധിക്കുന്നതായി കണ്ടുവരുന്നു. ഈ കാലയളവില്‍ തീറ്റയില്‍ കാല്‍സ്യം, ഫോസ്‌ഫറസ്‌ എന്നീ മൂലകങ്ങളുടെ അളവു കുറയാതിരിക്കാനും ശ്രദ്ധിക്കണം. ഈ മൂലകങ്ങളുടെ കുറവുമൂലം പന്നി ഗര്‍ഭിണിയായാല്‍ കാലിനു ബലക്ഷയം സംഭവിക്കും.
വളരുന്ന പന്നികളുടെ തീറ്റയില്‍ മാംസ്യത്തിന്റെ കുറവുണ്ടായാല്‍ ഇവ പ്രത്യുല്‍പ്പാദന പ്രായത്തിലെത്തുന്നതിനു കാലതാമസം നേരിടും. അതുകൊണ്ടുതന്നെ തീറ്റയില്‍ 14% മാംസ്യം അടങ്ങിയിരിക്കണം. കൂടാതെ 0.7% ലൈസിന്‍, 0.95% കാല്‍സ്യം, 0.8% ഫോസ്‌ഫറസ്‌ എന്നിവ ഉണ്ടായിരിക്കണം.
പ്രജനനത്തിന്‌ പ്രായമാകുന്നതിനു തൊട്ടുമുമ്പ്‌ തീറ്റയില്‍ കുറവുവന്നാല്‍ ബാക്ക്‌ ഫാറ്റ്‌ കുറയുകയും പ്രത്യുല്‍പ്പാദനക്ഷമതയില്‍ കുറവുവരികയും ചെയ്യും. ഓരോ പ്രസവം കഴിയുമ്പോഴും പെണ്‍പന്നിയുടെ ബാക്ക്‌ ഫാറ്റ്‌ കുറയുന്നതായി കാണാം. ബാക്ക്‌ ഫാറ്റ്‌ 7 മി.മീ. കുറഞ്ഞാല്‍ പ്രത്യുല്‍പ്പാദനത്തെ ബാധിക്കും. അതുകൊണ്ട്‌ പ്രത്യുല്‍പ്പാദനത്തിനു പ്രായമാകുന്നതിനുമുമ്പുതന്നെ ആവശ്യത്തിനു തീറ്റകൊടുക്കണം.
നന്നായി തീറ്റ നല്‍കി വളര്‍ത്തിയ പെണ്‍പന്നിയെ 120 കി.ഗ്രാം തൂക്കമെത്തിയാല്‍ ഇണചേര്‍ക്കാം. ആ സമയത്ത്‌ ഇവയ്‌ക്ക്‌ 16-18 മി.മീ. ബാക്ക്‌ ഫാറ്റ്‌ ഉണ്ടാകും. ഗര്‍ഭകാലത്ത്‌ 25-30 കി.ഗ്രാം തൂക്കം കൂടുകയും ബാക്ക്‌ ഫാറ്റിന്റെ കട്ടി 2-4 മി.മീ. വര്‍ധിക്കുകയും ചെയ്യും. പ്രസവമാമ്പോഴേക്കും ബാക്ക്‌ ഫാറ്റിന്റെ കട്ടി 20 മി.മീ.ഉം തൂക്കം 145-150 കി.ഗ്രാമും എത്തിയിരിക്കം. ഏറ്റവും അനുയോജ്യമായ അവസ്ഥയാണിത്‌. ഇത്തരം പന്നികള്‍ക്ക്‌ നീണ്ട ഉല്‍പ്പാദനകാലമുണ്ടാകും.

ഡ്രൈപന്നിയുടെ തീറ്റക്രമം

വീനിങ്‌ കഴിഞ്ഞയുടനെ പന്നികള്‍ക്ക്‌ ഫ്‌ളഷിങ്‌ ചെയ്യാറുണ്ട്‌. ഇണചേര്‍ക്കുന്നതിനുമുമ്പ്‌ കൂടുതല്‍ ഊര്‍ജ്ജദായകമായ തീറ്റ നല്‍കുന്ന രീതിയാണ്‌ ഫ്‌ളഷിങ്‌. ഫ്‌ളഷിങ്‌ നടത്തിയാല്‍ അണ്ഡവിസര്‍ജ്ജനം കൂടുകയും അതുവഴി കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഫ്‌ളഷിങ്‌ 10 ദിവസം വരെ ചെയ്യാറുണ്ട്‌.

ഗര്‍ഭിണിപ്പന്നി

കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കും പ്രസവിച്ചുകഴിഞ്ഞാല്‍ പാലുല്‍പ്പാദനത്തിനും ആവശ്യമായ വരുന്ന പോഷകങ്ങള്‍ ഗര്‍ഭിണിപ്പന്നിക്ക്‌ കൊടുക്കേണ്ടതുണ്ട്‌. ഗര്‍ഭകാലത്തിന്റെ അവസാന ഒരു മാസക്കാലം തീറ്റ 15% വര്‍ധിപ്പിച്ചുകൊടുക്കണം. ഗര്‍ഭകാലത്ത്‌ ശരീരത്തില്‍ കരുതിവയ്‌ക്കുന്ന പോഷകങ്ങളാണ്‌ പാലുല്‍പ്പാദനത്തെ സഹായിക്കുന്നത്‌. ഗര്‍ഭകാലത്ത്‌ പന്നികളുടെ തൂക്കം 32 കി.ഗ്രാമെങ്കിലും വര്‍ധിക്കണം. ഇതിന്റെ അര്‍ത്ഥം ദിനംപ്രതി 300 ഗ്രാമെങ്കിലും തൂക്കം വര്‍ധിക്കണം. ഇത്രയും തൂക്കം ലഭിക്കാന്‍ 2 കി.ഗ്രാമെങ്കിലും കൂടുതല്‍ തീറ്റ കൊടുക്കണം. ഗര്‍ഭിണിപ്പന്നികള്‍ക്ക്‌ അമിത തീറ്റ കൊടുക്കുന്നതും പ്രശ്‌നമാണ്‌. അമിതവണ്ണംവച്ചാല്‍ പ്രസവത്തിനും തടസ്സം നേരിടും. അതുകൊണ്ടുതന്നെ തീറ്റക്രമം ശാസ്‌ത്രീയമായിരിക്കണം. പ്രസവത്തിന്‌ 3-5 ദിവസങ്ങള്‍ക്കു മുന്‍പ്‌ നാരുള്ള തീറ്റ കൊടുത്താല്‍ മലബന്ധം ഒഴിവാക്കാം. പ്രസവത്തിന്‌ 7-10 ദിവസങ്ങള്‍ക്കു മുന്‍പ്‌ വേണമെങ്കില്‍ പാലൂട്ടുന്ന പന്നിക്കുള്ള തീറ്റ കൊടുത്തു തുടങ്ങാം. പ്രസവത്തിനു തൊട്ടു മുന്‍പുള്ള മൂന്നു ദിവസങ്ങളില്‍ തീറ്റയുടെ അളവു കുറയ്‌ക്കുന്നതാണ്‌ നല്ലത്‌.

ആണ്‍പന്നികളുടെ തീറ്റക്രമം

പ്രായപൂര്‍ത്തിയായ ഒരു ആണ്‍പന്നിയുടെ തീറ്റയുടെ അളവ്‌ ഇണചേര്‍ക്കുന്ന അല്ലെങ്കില്‍ ബീജം ശേഖരിക്കുന്ന തവണകളെയും ശരീരസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു. ആഴ്‌ചയില്‍ ഒരു തവണ ഇണചേര്‍ക്കുന്നതിന്‌ ദിനംപ്രതി രണ്ട്‌ കി.ഗ്രാം തീറ്റവേണ്ടിവരും. 15-20 കി.ഗ്രാം തൂക്കമെത്തിയാല്‍ ആവശ്യത്തിനു തീറ്റ നല്‍കണം. 89 കി.ഗ്രാം തൂക്കമെത്തുന്നതുവരെ ഇതു തുടരാം. പിന്നീട്‌ തീറ്റയുടെ അളവ്‌ നിയന്ത്രിക്കണം. അമിതമായി തീറ്റ നല്‍കിയാല്‍ ആണ്‍പന്നികള്‍ക്ക്‌ വണ്ണം കൂടുകയും ഇണചേരാന്‍ താല്‍പര്യം കുറയുകയും ചെയ്യും. എന്നാല്‍ ശരീരവളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനത്തിനും ആവശ്യമായ തീറ്റ നല്‍കുകയും വേണം. ആവശ്യത്തിന്‌ തീറ്റ നല്‍കാതിരുന്നാല്‍ ബീജത്തിന്റെ ഗുണം കുറയുക, ഉല്‍പ്പാദനകാലം കുറയുക, കുറഞ്ഞ രോഗ പ്രതിരോധശേഷി, ഇണചേരാനുള്ള ആസക്തി കുറയുക എന്നീ പ്രശ്‌നങ്ങളുണ്ടാകും. സാന്ദ്രീകൃതതീറ്റ അമിതമായി നല്‍കാതിരിക്കാന്‍ നാരുള്ള പച്ചിലകളും കൊടുത്ത്‌ വയര്‍ നിറയ്‌ക്കാവുന്നതാണ്‌.

മുലയൂട്ടുന്ന തള്ളപ്പന്നിയുടെ തീറ്റക്രമം

പ്രസവശേഷം പന്നികള്‍ക്ക്‌ തീറ്റ ക്രമമായി വര്‍ധിപ്പിച്ചുകൊടുക്കേണ്ടതാണ്‌. പെട്ടെന്നു തീറ്റ കൂടുതല്‍ കൊടുത്താല്‍ പാലുല്‍പ്പാദനം പെട്ടെന്ന്‌ കൂടുകയും അത്‌ അകിടുവീക്കം ഉണ്ടാക്കുകയും ചെയ്യും. തള്ളപ്പന്നയുടെ ശരീരസ്ഥിതികൂടി പരിഗണിക്കണം. മെലിഞ്ഞവയാണെങ്കില്‍ അര കി.ഗ്രാം കുറയ്‌ക്കുകയോ ചെയ്യാം. പന്നിക്കുഞ്ഞുങ്ങളുടെ എണ്ണവും തീറ്റ കണക്കാക്കുമ്പോള്‍ നോക്കണം. ഒരു പന്നിക്കുട്ടിക്ക്‌ 300 ഗ്രാം തീറ്റ എന്ന തോതില്‍ തള്ളയ്‌ക്കു തീറ്റ നല്‍കണം. 12 പന്നിക്കുഞ്ഞുങ്ങളുണ്ടെങ്കില്‍ പാലുല്‍പ്പാദനത്തിനു മാത്രമായി 3.6 കി.ഗ്രാം തീറ്റ നല്‍കണം. മുലയൂട്ടുന്ന പന്നിക്കും ആവശ്യത്തില്‍ കൂടുതല്‍ തീറ്റ നല്‍കിയാല്‍ അമിതവണ്ണം വയ്‌ക്കുകയും കാലിനു ബലം കുറയുകയും ചെയ്യും. തീറ്റ കുറവായാല്‍ പാലുല്‍പ്പാദനം കുറയുകയും അതുവഴി കുഞ്ഞുങ്ങള്‍ ക്ഷീണിക്കുകയും ചെയ്യും.
തീറ്റ ക്രമീകരിച്ച നല്‍കിയാല്‍ നല്ല ആരോഗ്യമുള്ളതും വളര്‍ച്ചയുള്ളതുമായ കുഞ്ഞുങ്ങളെ ലഭിക്കും. മാത്രമല്ല തള്ളപ്പന്നിക്ക്‌ ദീര്‍ഘ ഉല്‍പ്പാദനകാലം ലഭിക്കുകയും ചെയ്യും.
കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പന്നികള്‍ക്ക്‌ കൂടുതല്‍ തീറ്റ കൊടുക്കേണ്ടതുണ്ടെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ചൂടു കാലാവസ്ഥയിലും ഇത്തരം പന്നികള്‍ കൂടുതല്‍ തീറ്റ കഴിക്കുവാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ അവലംബിച്ചാല്‍ മതിയാകും.
1. തീറ്റ നനച്ചു നല്‍കുക.
2. ശുദ്ധമായ തണുത്ത വെള്ളം ആവശ്യത്തിനു നല്‍കുക.
3. തീറ്റ നല്‍കുന്ന തവണകള്‍ കൂട്ടുക. ദിനംപ്രതി 3-4 തവണ തീറ്റ നല്‍കാം.
4. നല്ല ഗുണമേന്മയുള്ളതും പഴകാത്തതുമായ തീറ്റ നല്‍കുക.
5. നാരുള്ള പച്ചിലകള്‍ അമിതമായി നല്‍കാതിരിക്കുക.
പാലുല്‍പ്പാദനം തീറ്റയെ മാത്രമല്ല പ്രസവിച്ച തവണയെയും ആശ്രയിച്ചിരിക്കും.

പന്നിക്കുഞ്ഞുങ്ങളുടെ തീറ്റക്രമം

പന്നിക്കുഞ്ഞുങ്ങള്‍ക്കു പ്രസവിച്ച്‌ 5-7 ദിവസം പ്രായമാകുമ്പോള്‍തന്നെ ക്രീപ്‌ ഫീഡിങ്‌ നല്‍കണം. രണ്ടാഴ്‌ച പ്രായമായാല്‍ പ്രീസ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കിത്തുടങ്ങണം. തീറ്റ നല്‍കി തുടങ്ങുമ്പോള്‍ വയറിളകിയാല്‍ തീറ്റ തല്‍ക്കാലത്തേക്ക്‌ നിര്‍ത്തണം. പന്നിക്കുഞ്ഞുങ്ങള്‍ക്കു തീറ്റകൊടുത്തു പഠിപ്പിക്കാനായി ഒരുപിടി നനയ്‌ക്കാത്ത തീറ്റ പാത്രത്തിലിട്ടുകൊടുക്കുക. അതു തിന്നു തുടങ്ങിയാല്‍ ഉടനെ ക്രീപ്‌ ഫീഡിങ്‌ തുടങ്ങാം.

ക്രീപ്‌ ഫീഡിങ്‌ കൊണ്ടുള്ള മെച്ചങ്ങള്‍

1. ഒരേ വലിപ്പത്തിലുള്ള പന്നിക്കുഞ്ഞുങ്ങളെ ലഭിക്കുന്നു.
2. മരണനിരക്ക്‌ കുറയുന്നു
3. വീനിങ്‌ തൂക്കം കൂടുന്നു
4. ദഹനസംബന്ധമായ രോഗങ്ങള്‍ കുറയുന്നു.
5. വീനിങ്‌ നടത്തിയശേഷം ഉണ്ടാകാറുള്ള പ്രശ്‌നങ്ങള്‍ കുറയുന്നു.
6. ഉണങ്ങിയ തീറ്റ തിന്നു പഠിക്കുന്നു.
7. തള്ളപ്പന്നി ക്ഷീണിക്കുന്നില്ല.

അനാഥ പന്നിക്കുഞ്ഞുങ്ങളുടെ തീറ്റക്രമം

അനാഥ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ കന്നിപ്പാല്‍ കൊടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. മറ്റ്‌ പന്നികളുടെ കന്നിപ്പാല്‍ കുടിപ്പിക്കുന്നതാണ്‌ ഏറ്റവും അഭികാമ്യം. അതു ലഭ്യമല്ലെങ്കില്‍ കന്നിപ്പാലിന്‌ പകരം താഴെ കൊടുത്തിരിക്കുന്ന ഒരു മിശ്രിതം ഉണ്ടാക്കാവുന്നതാണ്‌.
പശുവിന്‍പാല്‍ ഒരു ലിറ്റര്‍
300 മില്ലി മുട്ട ഉടച്ചത്‌
ഒരു മില്ലി പെന്‍സിലിന്‍
അഞ്ചു മില്ലി വയറിളകാതിരിക്കാനുള്ള മരുന്ന്‌

കൊടുക്കേണ്ട വിധം

ഒരു മണിക്കൂര്‍ ഇടവിട്ട്‌ അഞ്ചു മില്ലി വീതം കൊടുത്തുതുടങ്ങണം. ഇത്‌ ക്രമമായി വര്‍ധിപ്പിച്ച്‌ മണിക്കൂര്‍ ഇടവിട്ട്‌ 30 മില്ലി വരെയാകാം. 30 മില്ലി കുടിക്കുവാന്‍ 2-3 മിനിട്ട്‌ മതിയാകും. ഇതില്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ ദഹനക്കേടുണ്ടെന്ന്‌ സംശയിക്കണം. പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ 6-7 കി.ഗ്രാം തൂക്കമെത്തുന്നതുവരെ ഇതേ മിശ്രിതം തന്നെ നല്‍കാവുന്നതാണ്‌.

വീനിങ്‌ പന്നിക്കുഞ്ഞുങ്ങളുടെ തീറ്റക്രമം

വീനിങ്‌ പന്നിക്കുഞ്ഞുങ്ങളുടെ പരിപാലനം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്‌. തീറ്റയിലുണ്ടാകുന്ന മാറ്റം, പാല്‍ ലഭിക്കാത്ത അവസ്ഥ എന്നിവ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കും. പാല്‍ ദഹിപ്പിച്ചുകൊണ്ടിരിക്കുന്ന ദഹനവ്യൂഹത്തില്‍ മറ്റ്‌ തീറ്റകള്‍ ചെല്ലുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. പുതിയ തീറ്റ ദഹിപ്പിക്കാനവശ്യമായ ദഹനരസങ്ങളുടെ ഉല്‍പ്പാദനവും ദഹനവ്യൂഹത്തില്‍ കുറഞ്ഞിരിക്കും. അതുകൊണ്ടാണ്‌ വീനിങ്‌ കഴിഞ്ഞയുടനെ ദഹനവ്യൂഹമായതില്‍ അമ്ലത്വം കൂടുതലായിരിക്കും. അമ്ലത്വം കുറയ്‌ക്കുവാനായി കക്കകള്‍ പൊടിച്ച്‌ തീറ്റയില്‍ ചേര്‍ക്കാം. 3-4 ആഴ്‌ച പ്രായമുള്ള പന്നിക്കുഞ്ഞുങ്ങളുടെ ആമാശയത്തില്‍ ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ പുറപ്പെടുവിക്കുന്നതിനുള്ള കഴിവ്‌ കുറവായിരിക്കും. അതുകൊണ്ടുതന്നെ തീറ്റയില്‍ 0.85-0.9 ശതമാനം മാത്രമേ കക്കപ്പൊടി ചേര്‍ക്കാവൂ. 1-2 ശതമാനം ഓര്‍ഗാനിക്‌ അമ്ലങ്ങള്‍ (ലാക്‌ടിക്‌ അസറ്റിക്‌) തീറ്റയില്‍ ചേര്‍ത്താലും ദഹനക്കേടുകള്‍ ഒഴിവാക്കാം.
തീറ്റയില്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ത്താല്‍ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ 10-20 ശതമാനം കണ്ട്‌ വളര്‍ച്ച കൂടും. കൂടാതെ 125 പി.പി.എം. അളവില്‍ തുരിശ്‌ തീറ്റയില്‍ പൊടിച്ചു ചേര്‍ത്താല്‍ തീറ്റപരിവര്‍ത്തനശേഷി വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്‌.
വീനിങ്‌ നടത്തിയ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റയില്‍ ബി കോംപ്ലക്‌സ്‌ വിറ്റാമിനുകള്‍ ചേര്‍ത്തുകൊടുക്കുന്നത്‌ ഗുണം ചെയ്യും.

പന്നിയുടെ തീറ്റയെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങള്‍

1. അന്തരീക്ഷതാപനില: ചൂടുദിവസങ്ങളില്‍ പന്നികള്‍ തീറ്റകഴിക്കുന്നത്‌ കുറയും.
2. പന്നികളുടെ സ്വഭാവം: ചില പന്നികള്‍ ആക്രമണസ്വഭാവമുള്ളവരായിരിക്കും. പലപ്പോഴും ഓരോ കൂട്ടിലെയും ഒരു പന്നിക്കെങ്കിലും ആവശ്യാനുസരണം തീറ്റ ലഭിക്കാതെവരാം.
3. തീറ്റ ലഭ്യത: ആവശ്യത്തിന്‌ തീറ്റസ്ഥലത്തിന്റെയും തീറ്റയുടെയും ലഭ്യത.
4. ആവശ്യത്തിനു വെള്ളം: ഒരു കി.ഗ്രാം തീറ്റയ്‌ക്ക്‌ 3-6 ലിറ്റര്‍ വെള്ളം പന്നികള്‍ കുടിക്കും. ശരിയായ തീറ്റരീതി ശ്രദ്ധിക്കണം. തീറ്റയുടെ അളവില്‍ ആഴ്‌ചതോറും ക്രമീകരണം നടത്തണം. അമിതമായി ഭക്ഷണം നല്‍കുന്നത്‌ തീറ്റ നഷ്‌ടപ്പെടുന്നതിനിടയാക്കും. തീറ്റക്കുറവ്‌ താഴ്‌ന്ന വളര്‍ച്ചാനിരക്കിനും കാരണമാകും.

വിവിധയിനം ചേരുവകള്‍

ചോളം: ഊര്‍ജ്ജദായകമായ തീറ്റയാണിത്‌. സ്റ്റാര്‍ട്ടര്‍ തീറ്റയുടെ 85% വരെ ചോളം ചേര്‍ക്കാം. ഗര്‍ഭിണിപ്പന്നിക്കുള്ള തീറ്റയില്‍ 25% വരെ മാത്രമെ ചോളം ചേര്‍ക്കാവൂ. മഞ്ഞച്ചോളത്തില്‍ വിറ്റാമിന്‍ എ, ബി 12, ഡി എന്നിവയും അടങ്ങിയിട്ടുണ്ട്‌.
ഗോതമ്പ്‌: ഇതും ഊര്‍ജ്ജദായകമായ തീറ്റയാണ്‌. പോഷകഘടനയില്‍ ചോളത്തിനു താഴെയാണ്‌ സ്ഥാനം. ഗോതമ്പു നുറുക്കിയത്‌ ചേര്‍ക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. നന്നായി പൊടിച്ച ഗോതമ്പ്‌ തീറ്റയില്‍ ചേര്‍ക്കരുത്‌.
അരി: ഇതും ഊര്‍ജ്ജദായക പദാര്‍ത്ഥമാണ്‌. പോഷകഘടനയില്‍ ഗോതമ്പിനു തുല്യമാണ്‌. ഒരു കി.ഗ്രാം അരി അര കി.ഗ്രാം ചോളത്തിനു തുല്യമാണ്‌.
കപ്പ: കപ്പ പൊടിച്ചത്‌, പച്ചക്കപ്പ, കപ്പയില എന്നിവ തീറ്റയായി നല്‍കാറുണ്‌. കപ്പയിലയില്‍ നല്ലതോതില്‍ മാംസ്യം അടങ്ങിയിട്ടുണ്ട്‌. കപ്പ തീറ്റയായി നല്‍കുമ്പോള്‍ 0.2 ശതമാനം മെത്തിയോണിന്‍ ചേര്‍ത്തു നല്‍കിയാല്‍ വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും വര്‍ധിക്കുന്നതായി കാണാം. ഇതേ ഗുണം പാം ഓയില്‍, ഗ്ലൂക്കോസ്‌ എന്നിവ കപ്പയുടെ കൂടെ ചേര്‍ത്താലും ലഭിക്കും. കപ്പയിലയിലെ ഹൈഡ്രോസയനിക്‌ അമ്ലത്തെ നിര്‍വീര്യമാക്കാന്‍ ഗ്ലൂക്കോസിനു കഴിയും.
മധുരക്കിഴങ്ങ്‌: ഉണങ്ങിയ മധുരക്കിഴങ്ങിന്‌ ചോളത്തിന്റെ 90 ശതമാനം പോഷകമൂല്യമുണ്ട്‌. ഇതു കൊടുക്കുമ്പോള്‍ 30-40 ശതമാനംവരെ ധാന്യം കുറയ്‌ക്കുവാന്‍ കഴിയും.
മൊളാസ്സസ്‌: ഫാറ്റനിങ്‌ പന്നികളില്‍ 30 ശതമാനവും പന്നിക്കുഞ്ഞുങ്ങളില്‍ 5 ശതമാനവും മൊളാസ്സസ്‌ തീറ്റയില്‍ ചേര്‍ക്കാം. 13 ശതമാനം മാംസ്യമടങ്ങിയ തീറ്റയില്‍ 30 ശതമാനം മൊളാസ്സസ്‌ ചേര്‍ത്തപ്പോള്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്ക്‌ രേഖപ്പെടുത്തുകയുണ്ടായി.
തവിട്‌: ചോളത്തിന്‍രെ 67 ശതമാനം ഗുണം തിവിടിനുണ്ട്‌. തീറ്റയില്‍ 40 ശതമാനംവരെ ചേര്‍ക്കാം. കൂടിയ അളവില്‍ നാരുള്ളതിനാല്‍ വളരുന്ന പന്നികളുടെ തീറ്റയില്‍ ചേര്‍ക്കുന്നതാണ്‌ അഭികാമ്യം. ഇതില്‍ കൂടിയ അളവില്‍ തയമിന്‍ അടങ്ങിയിരിക്കുന്നു.

മാംസ്യം അടങ്ങിയ തീറ്റകള്‍

സോയാബീന്‍ മീല്‍: മാംസ്യം ലഭിക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതാണ്‌ സോയാബീന്‍. ഇതില്‍ 45.8 ശതമാനം മാംസ്യം അടങ്ങിയിരിക്കുന്നു. തീറ്റയില്‍ 20-25 ശതമാനംവരെ ചേര്‍ക്കാവുന്നതാണ്‌. സോയാബീനിന്റെ വര്‍ധിച്ചുവരുന്ന വില കാരണം തീറ്റയിലെ മാംസ്യസ്രോതസ്സിനായി മറ്റ്‌ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
മീറ്റ്‌ മീല്‍: മിക്കപ്പോഴും മറ്റ്‌ കം ബോണ്‍ മീലാണ്‌ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്‌. സോയാബീനിന്റെ 89 ശതമാനം പോഷകഗുണം ഇതിനുണ്ട്‌. തീറ്റയില്‍ 15 ശതമാനം വരെ മീറ്റ്‌ മീല്‍ ചേര്‍ക്കാം.
ഫിഷ്‌ മീല്‍: എണ്ണയെടുത്തശേഷം പൊടിച്ചെടുക്കുന്നതാണ്‌ ഫിഷ്‌മീല്‍. തീറ്റയില്‍ 2-10 ശതമാനംവരെ ഉപയോഗിക്കാം. ഫിഷ്‌മീലില്‍ 50 ശതമാനംവരെ മാംസ്യം അടങ്ങിയിരിക്കുന്നു. ഫിനിഷര്‍ പന്നികള്‍ക്ക്‌ ഫിഷ്‌മീല്‍ കൊടുക്കരുത്‌.
ചെമ്മീന്‍പൊടി: സോയാബീനിന്റെ 54 ശതമാനം പോഷകഗുണം ചെമ്മീന്‍പൊടിക്കുണ്ട്‌. സോയാബീനും ചെമ്മീന്‍പൊടിയും തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല വളര്‍ച്ച ലഭിക്കുന്നതായാണ്‌ അനുഭവം.
ബ്ലഡ്‌ മീല്‍: സോയാബീനിന്റെ 75 ശതമാനം ഗുണം ഇതിനുണ്ട്‌. തീറ്റയില്‍ 5% വരെ ഉള്‍പ്പെടുത്താം.
ആഫ്രിക്കന്‍ ഒച്ചുകള്‍: കേരളത്തില്‍ പലയിടങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത വന്നിട്ടുണ്ട്‌. അവ കൂടുതലായാല്‍ വലിയ ശല്യമായിത്തീരാറുണ്ട്‌. ഇത്തരം ഒച്ചുകളെ 30 മിനിട്ട്‌ പുഴുങ്ങി തോടുകളഞ്ഞ്‌ പന്നിക്കു തീറ്റയായി നല്‍കാവുന്നതാണ്‌. തീറ്റയില്‍ 20% വരെ ചേര്‍ക്കാം. ചില സ്ഥലങ്ങളില്‍ ഫിഷ്‌ മീലിനുപകരമായി ഇത്‌ ഉപയോഗിക്കാറുണ്ട്‌.
എള്ളിന്‍പിണ്ണാക്ക്‌: സോയാബീനിന്റെ 89% പോഷകമൂല്യം ഇതിനുണ്ട്‌. പക്ഷേ, തീറ്റയില്‍ 2-5 ശതമാനമെ ചേര്‍ക്കാറുള്ളു. വളരുന്ന പന്നികള്‍ക്കാണ്‌ ഇവ കൊടുക്കുന്നത്‌.
പരുത്തിക്കുരുപ്പിണ്ണാക്ക്‌: ഇതില്‍ ഗോസ്സിപോള്‍ എന്ന വിഷം അടങ്ങിയിരിക്കുന്നതുകൊണ്ട്‌ തീറ്റയില്‍ 10 ശതമാനം മാത്രമേ ചേര്‍ക്കാറുള്ളു. ഇതില്‍ 41 ശതമാനം മാംസ്യം അടങ്ങിയിരിക്കുന്നു.
കടലപ്പിണ്ണാക്ക്‌: സോയാബീനിന്റെ പോഷകമൂല്യം ഇതിനുമുണ്ടെങ്കിലും പൂപ്പല്‍ വിഷസാധ്യതയുള്ളതിനാല്‍ ഇതിന്റെ ഉപയോഗം കുറവാണ്‌. തീറ്റയുടെ 5% വരെ ഇതു ചേര്‍ക്കാറുണ്ട്‌.

രോഗങ്ങള്‍

പ്രജനനത്തിനുപയോഗിക്കുന്ന പന്നികളില്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും

കുളമ്പുരോഗം

ആഫ്‌തോ എന്ന വൈറസ്‌ പരത്തുന്ന ഒരു രോഗമാണിത്‌. ഈ രോഗം എല്ലാ ഇരട്ടക്കുളമ്പുള്ള ജീവികളെയും ബാധിക്കുന്നു.
മൃഗങ്ങളുടെയും മൃഗ ഉല്‍പ്പന്നങ്ങളുടെയും അന്തര്‍ദേശീയ വ്യാപാരത്തിന്‌ കുളമ്പുരോഗം ഒരു പ്രധാന തടസ്സമാണ്‌. അതുകൊണ്ട്‌ ഈ രോഗത്തിന്റെ നിയന്ത്രണത്തിനും ഉന്മൂലനത്തിനും ഗവേഷണത്തിനുമായി വന്‍തുക മാറ്റിവച്ചിരിക്കുകയാണ്‌. തല്‍ഫലമായി മറ്റേത്‌ മൃഗരോഗങ്ങളെക്കാളും കുളമ്പുരോഗത്തെക്കുറിച്ച്‌ നാം കൂടുതലറിയണം.
ഇത്‌ സാധാരണയായി പന്നി, പശു, എരുമ എന്നിവയെ മാരകമായി ബാധിക്കുന്നു. എല്ലാതരം മൃഗങ്ങളെയും ബാധിക്കുന്നതും കാറ്റില്‍ക്കൂടിപ്പോലും പകരുന്ന എന്നുള്ളതുമാണ്‌ ഈ രോഗത്തിന്‌ ഇത്രയും പ്രാധാന്യം നല്‍കുന്നത്‌. അതിനാല്‍ ഈ രോഗത്തിന്റെ നിയന്ത്രണം വളരെ വൈഷമ്യമേറിയതും ചെലവേറിയതുമാണ്‌.

പകരുന്ന രീതികള്‍

രോഗം പകരുന്നത്‌ പ്രധാനമായും ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്‌. വൈറസ്‌ ആദ്യം ഇടതൊണ്ടയില്‍വച്ചാണ്‌ പെരുകുന്നത്‌. ചിലപ്പോള്‍ അത്‌ നാവിലേക്കു വ്യാപിക്കുന്നു. ഇതിനെത്തുടര്‍ന്ന്‌ കോറണറി ബാന്റിലും മൂക്കിന്റെ ഭാഗത്തും കുമിളുകള്‍ പ്രത്യക്ഷപ്പെടുന്നു. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട്‌ 3-7 ദിവസം കഴിയുമ്പോഴേക്കും രോഗപ്രതിരോധശേഷി കൈവരിക്കുന്നു. പക്ഷേ, ഇത്‌ 6 മാസംവരെയേ നിലനില്‍ക്കുകയുള്ളു.

രോഗലക്ഷണങ്ങള്‍

പന്നികളില്‍ ആദ്യം കണ്ടുവരുന്ന ലക്ഷണങ്ങള്‍ മുടന്ത്‌, തീറ്റയോടുള്ള വിരക്തി എന്നിവയാണ്‌. ചില പന്നികളില്‍ മന്ദതയും 40.5 ഡിഗ്രി സെല്‍ഷ്യസ്‌ വരെ പന്നിയും കണ്ടുവരുന്നു. പന്നിക്കുട്ടികളില്‍ ഹൃജയാഘാതം മൂലം പെട്ടെന്നുള്ള മരണം സാധാരണമാണ്‌. കുമിളകള്‍ക്ക്‌ 30 മി.മീ. വരെ വ്യാസം ഉണ്ടാവുന്നതാണ്‌. കുമിളകള്‍ ആദ്യം കണ്ടുവരുന്നത്‌. മൂക്കിലും ചുണ്ടിലും ആണെങ്കിലും കുളമ്പിലെ കുമിളകള്‍ക്കാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌. പ്രസവംകഴിഞ്ഞയുടനെയുള്ള പന്നികളില്‍ മുലക്കണ്ണുകളില്‍ കുമിളകള്‍ കണ്ടുവരാറുണ്ട്‌. അതോടൊപ്പം പെണ്‍പന്നികളിലും മറ്റു ചില പന്നികളിലും വായില്‍നിന്ന്‌ നുരയും പതയും പ്രവഹിക്കുന്നതും വായ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നതും കാണാം. മുടന്തും കാണപ്പെടാറുണ്ട്‌. 24 മണിക്കൂറിനുള്ളില്‍ മിക്ക കുമിളകളും പൊട്ടിയിരിക്കും. ചുണ്ടിലും മുലക്കണ്ണിലും ഇതിന്റെ ഫലമായി ആഴം കുറഞ്ഞകുഴികളും പ്രത്യക്ഷപ്പെടുന്നു. കുളമ്പിലാകട്ടെ തുടര്‍ന്നുണ്ടാകുന്ന അണുബാധയും മുറിവുകളും വലിയ വ്രണങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കുന്നു.
യഥാസമയം പന്നികളെ നശിപ്പിച്ചില്ലെങ്കില്‍, ചിലതിന്റെ കുളമ്പ്‌ മുഴുവനായും നഷ്‌ടപ്പെട്ടേക്കാം. പനികാരണം പെണ്‍പന്നികള്‍ക്ക്‌ ഗര്‍ഭം അലസാം. പെട്ടെന്നുള്ള രോഗാക്രമണം ചില പന്നികളില്‍ മരണകാരണമാകുന്നു. മുടന്തുള്ള ആണ്‍പന്നികള്‍ ഇണചേരാന്‍ വൈമുഖ്യം കാണിക്കുന്നു. തല്‍ഫലമായി വന്ധ്യതയുണ്ടാകും.

പന്നിപ്പനി (ഹോഗ്‌ കോളറ)

തെക്കുകിഴക്കന്‍ ഏഷ്യയിലെയും പസഫിക്‌ മേഖലയിലെയും എല്ലാ പ്രായത്തില്‍പ്പെട്ട പന്നികളിലും സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു വൈറസ്‌ രോഗമാണ്‌ പന്നിപ്പനി. വൈറസാണ്‌ ഈ രോഗം ഉണ്ടാക്കുന്നത്‌.
ഹോഗ്‌ കോളറയുടെ പ്രാധാന്യം: ലോകത്തില്‍ വളരെയധികം സാമ്പത്തികനഷ്‌ടത്തിനു കാരണമാകുന്ന ഒരു വൈറല്‍ രോഗമാണ്‌ പന്നിപ്പനി.
പ്രതിരോധകുത്തിവയ്‌പ്‌ നല്‍കാത്ത ഒരു കൂട്ടത്തിലെ എല്ലാ പന്നികളെയും ഇത്‌ ബാധിക്കുന്നു. ഉയര്‍ന്ന മരണനിരക്ക്‌ ഈ രോഗത്തിന്റെ തീവ്രത കൂട്ടുന്നു.
ഒരൊറ്റ സിറോടൈപ്പ്‌ മാത്രമേ ഈ വൈറസിനുള്ളൂ എന്നതിനാല്‍ നിര്‍വീര്യമാക്കിയ വാക്‌സിനുകള്‍ വളരെ ഫലപ്രദമാണ്‌.
ഗര്‍ഭാവസ്ഥയില്‍ പന്നിക്കുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗം, മരണം, മമ്മിഫിക്കേഷന്‍ (ചുക്കിയുണങ്ങിയ കുഞ്ഞുങ്ങള്‍). ഗര്‍ഭച്ഛിദ്രം, അവശരും വൈകല്യമുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനം എന്നിവയ്‌ക്ക്‌ കാരണമാകുന്നു.

പ്രതിരോധവും നിയന്ത്രണവും

പന്നിപനിബാധിത രാജ്യങ്ങളില്‍നിന്ന്‌ പ്രജനനത്തിനുള്ള പന്നികള്‍, പന്നിയിറച്ചി, പന്നിയിറച്ചികൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കുക, വിമാനം കപ്പല്‍ മുതലായവയിലെ അടുക്കള അവശിഷ്‌ടങ്ങള്‍ പന്നികള്‍ക്ക്‌ ഭക്ഷണമായി കൊടുക്കാതെ നശിപ്പിക്കുക.
പന്നിപ്പനിബാധിത രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്‌പുകള്‍ വ്യാപകമായി നടത്തിവരുന്നു. കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങളും രോഗസംക്രമണനിവാരണവും നടത്തേണ്ടതാണ്‌. ഫലപ്രദമായ ചികില്‍സ ഇതിന്‌ ലഭ്യമല്ല.

സ്‌മേഡി രോഗം

പന്നിപ്പനിക്കും ഇതിനും ഒരേ ലക്ഷണമാണ്‌. തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ലബോറട്ടറി പരിശോധനയിലൂടെയേ സാധ്യമാവുകയുള്ളൂ. ഈ അസുഖം ഒരുപറ്റം പന്നികളെ ബാധിക്കുമ്പോള്‍ വന്ധ്യത മാത്രമായിരിക്കും ലക്ഷണം. ഗര്‍ഭസ്ഥശിശുവിന്റെ മരണം, ഒരു പ്രസവത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലുള്ള കുറവ്‌, ചുക്കിച്ചുളിഞ്ഞ കുഞ്ഞുങ്ങള്‍. ചാപിള്ള, അവശരായ കുഞ്ഞുങ്ങള്‍ എന്നിവ വഴിയോ പകരുന്നില്ല. അതിനാല്‍ അടിസ്ഥാനപരമായ ഫാം ജൈവ സുരക്ഷാക്രമീകരണങ്ങള്‍വഴി ഇതിനെ തടയാം. എന്നിരുന്നാലും വേവിക്കാതെയും ഉണക്കിയും മറ്റു സൂക്ഷിക്കുന്ന മാംസത്തില്‍ അണുക്കള്‍ നിലനില്‍ക്കും.

പകരുന്ന രീതി

ഈ രോഗം സാധാരണയായി വായുവിലൂടെയും ശ്വസനത്തിലൂടെയും പകരുന്നു. ചിലപ്പോള്‍ നേത്രപടലം, ജനനേന്ദ്രിയം, ത്വക്കിലുള്ള മുറിവുകള്‍ എന്നിവയിലൂടെയും പകരാം. രോഗാവസ്ഥയെ 3 ആയി തരംതിരിക്കാം. 1.കഠിനമായത്‌, 2. ദീര്‍ഘസ്ഥായിയായത്‌, 3. ജന്മനാ ഉള്ളത്‌. സാധാരണയായി രോഗാണു ശരീരത്തില്‍ പ്രവേശിച്ച്‌ 2-6 ദിവസങ്ങള്‍ക്കുശേഷമാണ്‌ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത്‌. വീര്യം കുറഞ്ഞതും ഇടത്തരം ശക്തിയുള്ളതുമായ വൈറസുകളാണ്‌ ദീര്‍ഘസ്ഥായിയായ രോഗാവസ്ഥയ്‌ക്കു കാരണം. ദീര്‍ഘമേറിയതും ഇടവിട്ടുള്ളതുമായ രോഗകാലഘട്ടം പന്നികള്‍ തരണം ചെയ്‌തേക്കാം. രോഗം ബാധിച്ച പന്നികളില്‍ രോഗശമനം, രോഗപുനരാഗമനം, മരണം ഇതൊക്കെ സംഭവിക്കാം. വൈറസിന്‌ മറുപിള്ളയിലൂടെ തള്ളപ്പന്നിയുടെ ഗര്‍ഭാശയത്തിലുള്ള കുഞ്ഞിനെ ബാധിക്കാന്‍ സാധിക്കും. കുഞ്ഞിന്റെ രോഗപ്രതിരോധസംവിധാനം വികസിക്കുന്നതിനു മുമ്പാണിതെങ്കില്‍ താഴെ പറയുന്നവ സംഭവിച്ചേക്കാം.
ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവയായി തോന്നുമെങ്കിലും അവശരായിരിക്കും. ഈ കുഞ്ഞുങ്ങള്‍ ആദ്യമൊന്നും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും രോഗവാഹകരായി വളരുന്നു. ഇവ വൈറസിനെ സംക്രമിപ്പിക്കുന്നതിനാല്‍ മറ്റു പന്നികള്‍ക്ക്‌ അപകടമാണ്‌. ആഴ്‌ചകളോ മാസങ്ങളോ കഴിയുമ്പോള്‍ ഇവയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം. ഇത്‌ പനിയില്ലാതെ തീവ്രത കുറഞ്ഞ്‌ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായിരിക്കും.

പ്രതിരോധം

പാര്‍വോ വൈറസ്‌ വളരെ സ്ഥിരതയുള്ളതും സാംക്രമികസ്വഭാവം വളരെക്കാലം നിലനില്‍ക്കുന്നതിനുമായതിനാല്‍ പ്രതിരോധനടപടികള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്‌. ഫാമുകള്‍ കര്‍ക്കശമായ വിലക്ക്‌ ഏര്‍പ്പെടുത്തിയാലും ഈ രോഗാണുബാധയുണ്ടാകാം. പ്രധാനമായും രോഗാണു വരുന്ന വഴികള്‍ പുതിയ സ്റ്റോക്ക്‌, ആളുകള്‍, എലികള്‍, പിന്നെ മറ്റു മൃഗങ്ങള്‍ എന്നിവയാണ്‌.
പ്രജനനത്തിന്‌ ഒരു മാസമെങ്കിലും മുമ്പേ പ്രായപൂര്‍ത്തിയെത്തിയപെണ്‍പന്നികളെയും പ്രജനനത്തിന്‌ ഉപയോഗിക്കുന്ന പുതിയ സ്റ്റോക്കിനെയും പന്നിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുക. അതുകൂടാതെ ഒരു രോഗബാധിത കൂട്ടത്തിലാണെങ്കില്‍ രോഗപ്രതിരോധമാര്‍ഗ്ഗമായി പ്രജനനത്തിന്‌ ഉപയോഗിക്കുന്നതിനു മുമ്പ്‌ പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നികളെ വയസ്സായ പെണ്‍പന്നികളുടെ കൂട്ടത്തിലാക്കുകയും അവയുടെ തീറ്റയില്‍ പന്നികളുടെയും പന്നിക്കുട്ടികളുടെയും കാഷ്‌ഠം കലര്‍ത്തുകയോ ചെയ്യാം. രോഗബാധിതരായ പന്നികളുടെ മറുപിള്ളയും ചാപിള്ളയും തീറ്റയായി കൊടുക്കുകയും ചെയ്യാം (ഉണക്കിയോ കഷണങ്ങളാക്കിയോ തീറ്റയില്‍ കലര്‍ത്തിയോ നല്‍കാം).
പ്രായപൂര്‍ത്തിയായ പെണ്‍പന്നികള്‍, ആണ്‍പന്നികള്‍, തള്ളപ്പന്നികള്‍ (2-ാം പ്രസവംവരെ മാത്രം) എന്നിവയ്‌ക്ക്‌ നല്‍കാവുന്ന ഒരു പാര്‍വ്വോ വൈറസ്‌ വാക്‌സിന്‍ ലഭ്യമാണ്‌.

എലിപ്പനി

ലെപ്‌റ്റോ സ്‌പൈറ വിഭാഗത്തില്‍പ്പെടുന്ന ഒരു ബാക്‌ടീരിയ ആണ്‌ ഈ രോഗത്തിനു കാരണം. ഇതു മനുഷ്യര്‍ക്കും വരുന്ന ഒരു അസുഖമാണ്‌ എന്നത്‌ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. പനി, തലവേദന പേശികളുടെ വേദന, മരവിപ്പ്‌ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍.

മറ്റു രോഗലക്ഷണങ്ങള്‍

ഗര്‍ഭകാലത്തിന്റെ അവസാനഘട്ടില്‍ (90-110) കണ്ടുവരുന്ന ഗര്‍ഭഛിദ്രം.

രോഗസംക്രമണം

ഈ രോഗം പകരുന്നത്‌ മൂത്രത്തില്‍ക്കൂടിയാണ്‌. ഈ രോഗാണു കിഡ്‌നിയില്‍ നിലനില്‍ക്കുന്നതു കാരണം പ്രതിരോധസംവിധാനത്തിന്‌ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. തല്‍ഫലമായി ഈ മൃഗങ്ങള്‍ എപ്പോഴും സാംക്രമികകാരികളായി നില്‍ക്കുകയും തുടര്‍ച്ചയായി രോഗാണുവിനെ സംക്രമിപ്പിക്കുകയും ചെയ്യും.

ചികില്‍സ

ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ ചികില്‍സിക്കാം. സെപ്‌റ്റോമൈസിനാണ്‌ ഏറ്റവും ഫലപ്രദമാണ്‌ മരുന്ന്‌.

പ്രതിരോധം

പ്രധാന പ്രതിരോധമാര്‍ഗ്ഗങ്ങള്‍:
$ ഫാം രോഗാണുവിമുക്തമാക്കുക, രോഗം ബാധിച്ച മൃഗങ്ങളെയും പുതിയ മൃഗങ്ങളെയും നിലവിലുള്ള കൂട്ടത്തില്‍നിന്ന്‌ വേര്‍പെടുത്തുക.
$ കൂടും ഉപകരണങ്ങള്‍ വൃത്തിയാക്കി അണുവിമുക്തമാക്കുക. രോഗാണു പകരുന്നത്‌ വാഹകരായ മൃഗങ്ങളുടെ മൂത്രത്തില്‍ക്കൂടിയാണ്‌. അണുക്കള്‍ക്ക്‌ വളരെക്കാലം മൂത്രം കലര്‍ന്ന വെള്ളത്തില്‍ നിലനില്‍ക്കാന്‍ സാധിക്കും.
$ സംശയിക്കപ്പെടുന്ന അരുവികളില്‍നിന്നുള്ള വെള്ളം ഉപയോഗിക്കാതിരിക്കുക.
$ ജലസംഭരണികളും ടാങ്കുകളും വൃത്തിയാക്കുകയും മാലിന്യവിമുക്തമാക്കുകയും ചെയ്യുക, ഒരിക്കല്‍ ഈ രോഗം ഒരു കൂട്ടത്തില്‍ കണ്ടെത്തിയാല്‍ എല്ലായ്‌പ്പോഴും മൂത്രം നീക്കം ചെയ്യുകയും രോഗാണുവിമുക്തമാക്കുകയും എല്ലാ ദിവസവും സ്ലറി നീക്കം ചെയ്യുകയും വേണം.
$ എലികളെ ഉന്മൂലനാശം വരുത്തുക. എലികളാണ്‌ എലിപ്പനി പരത്തുന്നത്‌. എലിപ്പനിക്കുള്ള വാക്‌സിന്‍ ലഭ്യമാണ്‌.
രോഗാണു സ്ഥിരമായി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രജനനത്തിനുപയോഗിക്കുന്ന പന്നികളെ ക്രമാനുസൃതമായി പ്രതിരോധകുത്തിവയ്‌പു നല്‍കാറുണ്ട്‌. പക്ഷേ, രോഗാണുവിനെ കണ്ടെത്താത്ത സ്ഥലങ്ങില്‍ ഇതിന്റെ ആവശ്യമില്ല. ഈ വാക്‌സിന്‍ മറ്റു ബാക്‌ടീരിയ വാകിസിനുകളെപ്പോലെ സ്ഥൂലമായ പ്രതിരോധശേഷി നല്‍കുന്നില്ല. എങ്കിലും ലക്ഷണങ്ങള്‍ തടയാന്‍ തക്കനിലയില്‍ പ്രതിരോധത്തെ ഉയര്‍ത്തുന്നുണ്ട്‌.
വ്യത്യസ്‌ത വിഭാഗത്തിലുള്ള കന്നുകാലിവര്‍ഗ്ഗങ്ങളെ വേര്‍തിരിച്ച്‌ സൂക്ഷിക്കുക. ആരോഗ്യമുള്ള സ്റ്റോക്കിനെ വാങ്ങുക, പഴയ സ്റ്റോക്കിനെ മാറ്റി പുതിയതിനെ പ്രവേശിപ്പിക്കുമ്പോള്‍ അവ രോഗാണുവാഹകരല്ലെന്ന്‌ ഉറപ്പുവരുത്തുക.

ബ്രൂസെല്ലോസിസ്‌

ബ്രൂസെല്ല സൂയി എന്ന രോഗാണുവാണ്‌ ഈ രോഗത്തിനു കാരണം. ബ്രൂസെല്ലസൂയിസ്‌ അത്രയധികം സാംക്രമികകാരിയല്ല. ഇത്‌ ഒരു കൂട്ടത്തിനുള്ളില്‍ വളരെ സാവധാനത്തിലേ പടരുകയുള്ളൂ. പ്രയോജനകരമായ മുന്‍കരുതലുകള്‍ എടുക്കുകയാണെങ്കില്‍ ഈ രോഗത്തെ പന്നിക്കൂട്ടത്തില്‍നിന്നും അകറ്റിനിര്‍ത്താന്‍ സാധിക്കും. പക്ഷേ, ഇതൊരു അപകടകരമായ രോഗമായതിനാല്‍ എപ്പോഴും സൂക്ഷിക്കേണ്ടതാണ്‌. ഇത്‌ മനുഷ്യനിലേക്ക്‌ പകരുന്ന രോഗമാണ്‌. കര്‍ഷകനും ഫാമിലെ മറ്റു ജീവനക്കാര്‍ക്കും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ മനുഷ്യനിലേക്ക്‌ പകരുന്ന രോഗമാണ്‌. കര്‍ഷകനും ഫാമിലെ മറ്റു ജീവനക്കാര്‍ക്കും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ മനുഷ്യനിലേക്ക്‌ പകരുന്ന രോഗമാണ്‌. കര്‍ഷകനും ഫാമിലെ മറ്റു ജീവനക്കാര്‍ക്കും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഒരിക്കല്‍ ഫാമിലെ കൂട്ടത്തിനെ ഇത്‌ ബാധിക്കുകയാണെങ്കില്‍ പിന്നെ അതിനെ ഇല്ലാതാക്കാന്‍ വിഷമകരമാണ്‌. ദീര്‍ഘകാല പ്രജനന നഷ്‌ടങ്ങള്‍ ഉണ്ടാക്കുന്ന വിഷമകരമാണ്‌. ദീര്‍ഘകാല പ്രജനന നഷ്‌ടങ്ങള്‍ ഉണ്ടാക്കുന്ന ഈ രോഗം മനുഷ്യരില്‍ അന്‍ഡുലന്റ്‌ പനി എന്ന രോഗമുണ്ടാകുന്നു.

രോഗലക്ഷണങ്ങള്‍

പ്രജനനത്തിനുപയോഗിക്കുന്ന ആണ്‍പന്നികളില്‍ ഓര്‍ക്കൈറ്റിസിന്‌ (വൃഷണങ്ങള്‍ക്കുണ്ടാകുന്ന രോഗബാധ) കാരണമാകുന്നു. ഇത്‌ താല്‍ക്കാലികമോ സ്ഥിരമോ ആയ വന്ധ്യതയുണ്ടാക്കും. വൃഷണങ്ങളിലും മറ്റ്‌ ആണ്‍ജനനേന്ദ്രിയഗ്രന്ഥികളിലും ഈ രോഗാണു പെറ്റുപെരുകയും അതിനുശേഷം ശുക്ലത്തിലൂടെ ദീര്‍ഘകാലം പുറത്തുപോകുകയും ചെയ്യുന്നു. ആണ്‍പന്നിയുടെ ജനനേന്ദ്രിയവ്യൂഹത്തിലുണ്ടാകുന്ന ഈ രോഗാണുബാധ സ്ഥിരമാണ്‌. ഇതുണ്ടാക്കുന്ന നഷ്‌ടം നികത്താനാകുന്നതല്ല.
പ്രജനനത്തിനുപയോഗിക്കുന്ന പെണ്‍പന്നികളില്‍ ഗര്‍ഭകാലത്തിന്റെ ഏതു സമയത്തും നടക്കാവുന്ന ഗര്‍ഭച്ഛിദ്രമാണ്‌ പ്രധാന ലക്ഷണം. തള്ളപ്പന്നികളില്‍ വരുന്ന ഈ രോഗാണുബാധ സ്ഥിരമല്ല. താനേ ഇത്‌ ഒഴിവായിപ്പോകും. പുതിയതായി ജനിച്ച പന്നിക്കുട്ടികളില്‍ ചാപിള്ളയായും അവശയായും കാണും. എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയ പന്നികളില്‍ മുടന്ത്‌, പിന്‍ഭാഗത്തിന്റെ തളര്‍ച്ച, ശരീരാഗ്രങ്ങളിലും മറ്റു ശരീരഭാഗങ്ങളിലും പരുക്കുകള്‍ എന്നിവയുണ്ടാകും. വളരുന്ന പന്നികളിലും പ്രായപൂര്‍ത്തിയെത്തിവയിലും മുലകുടിക്കുന്ന പന്നിക്കുട്ടികളിലും ശരീരത്തിനു മുഴുവനായോ പിന്‍ഭാഗത്തിനു മാത്രമോ തളര്‍ച്ച അനുഭവപ്പെടാം. ഇതിനു കാരണം സുഷുമ്‌നയ്‌ക്ക്‌ സംഭവിക്കുന്ന തകരാറാണ്‌. ചില പന്നികള്‍ സന്ധികള്‍ക്കുണ്ടാകുന്ന വീക്കത്തോടെ മുടന്തരാകുന്നു.

ചികില്‍സ

പ്രായോഗികമായി ഒരു ചികില്‍സയും ലഭ്യമല്ല. രോഗബാധിതരായ മുഴുവന്‍ മൃഗങ്ങളെയും കൊന്നുകളഞ്ഞ്‌ മൃതശരീരം മറവുചെയ്യുകയോ കത്തിക്കുകയോ ചെയ്യുക.

പ്രതിരോധം

ആരോഗ്യമുള്ള ബ്രൂസല്ലരോഗാണുബാധിതരല്ലാത്ത പന്നികളെ വാങ്ങുക. ശരിയായ ക്വാരന്റയിന്‍ നടപ്പിലാക്കുക. ആരോഗ്യമുള്ള പന്നിക്കൂട്ടവും രോഗബാധിതരായ പന്നികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുക. മൃഗങ്ങളില്‍ ബ്രൂസെല്ലോസിസിന്റെ പരിശോധന നടത്തുക (രക്തപരിശോധന) ആവര്‍ത്തിച്ച്‌ രക്തപരിശോധന നടത്തുകയും രോഗബാധിതരായ മൃഗങ്ങളെ കൂട്ടത്തില്‍നിന്ന്‌ ഒഴിവാക്കുകയും ചെയ്യുക. കുറച്ചു പന്നികള്‍ മാത്രം രോഗബാധിതരാണെങ്കില്‍ മാത്രമേ ഇത്‌ പ്രായോഗികമാവുകയുള്ളു. കൂടുതല്‍ പന്നികള്‍ പോസിറ്റീവ്‌ ആണെങ്കില്‍ ഇത്‌ ഒരു പരാജയമായിരിക്കും. ചത്ത മൃഗങ്ങളെയും ചാപിള്ളയും ശരിയായി മറവു ചെയ്യുക.

കപട പേവിഷബാധ

ഇതും വൈറസ്‌ ഉണ്ടാക്കുന്ന രോഗമാണ്‌. ഈ രോഗം നാഡീവ്യവസ്ഥയെയും ശ്വസനേന്ദ്രിയവ്യവസ്ഥയെയുമാണ്‌ ബാധിക്കുന്നത്‌. പന്നിക്കുഞ്ഞുങ്ങളുടെ ഉയര്‍ന്ന മരണനിരക്കാണ്‌ പ്രധാനലക്ഷണങ്ങള്‍. പ്രായപൂര്‍ത്തിയെത്തിയ പന്നികളില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകാതെ ഗര്‍ഭച്ഛിദ്രം. ചാപിള്ള എന്നിവ കാണാം.
അസുഖം ഭേദമായ മൃഗങ്ങള്‍ രോഗബാധയ്‌ക്ക്‌ 7-14 ദിവസത്തനുള്ളില്‍ രോഗപ്രതിരോധശേഷി പ്രകടിപ്പിക്കുന്നു. എങ്കിലും രോഗബാധയുള്ള അമ്മപ്പന്നികള്‍ക്ക്‌ ജനിച്ച പന്നിക്കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന പ്രതിരോധശേഷി ഇടതൊണ്ടയിലുണ്ടാകുന്ന അണുബാധ തടയണമെന്നില്ല. മുലകുടിക്കുന്ന കുഞ്ഞുങ്ങളില്‍ മരണനിരക്ക്‌ 100% വരെയാകാം. പ്രായമായ പന്നികളില്‍ ഇത്‌ അത്ര കഠിനമല്ല.
ഈ രോഗത്തിന്‌ വാഹകമൃഗങ്ങള്‍ സാധാരണമാണ്‌. ഇവയില്‍ 170 ദിവസത്തോളം രോഗാണുബാധ നിലനില്‍ക്കുന്നു. എലികള്‍ ഈ രോഗത്തിന്റെ സംഭരണിയായി പ്രവര്‍ത്തിക്കും. കാറ്റില്‍ക്കൂടി 21 കി.മീ. അകലംവരെ ഈ രോഗം പകരാം. മലത്തില്‍ ഈ രോഗാണു 4-7 ആഴ്‌ചകള്‍വരെ നിലനില്‍ക്കുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍

പന്നിക്കുഞ്ഞുങ്ങള്‍: പന്നിക്കുഞ്ഞുങ്ങളില്‍ രോഗാണുബാധയുണ്ടായി 3-7 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നു. ചര്‍ദ്ദിയോ വയറിളക്കമോ ഉണ്ടാകാം. പിന്നീട്‌ വിറച്ച്‌ അവശരായിത്തീരുന്നു. വട്ടത്തില്‍ കറങ്ങുക, പട്ടിയെപ്പോലെ ഇരിക്കുക, ഞരമ്പുവലി, തലയിടിക്കുക എന്നീ ലക്ഷണങ്ങള്‍ കാണിച്ച്‌ 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുന്നു.
പ്രായപൂര്‍ത്തിയായ പന്നികള്‍ രോഗബാധയുള്ള 50%-ത്തോളം ഗര്‍ഭിണികളിലും ഇത്‌ ഗര്‍ഭച്ഛിദ്രമോ അല്ലെങ്കില്‍ ചാപിള്ളയായതോ ചീഞ്ഞതോ ആയ പന്നിക്കുഞ്ഞുങ്ങളുടെ ജനനത്തിനു കാരണമാകുന്നു. ഈ ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക്‌ തുടര്‍ച്ചയായി വന്ധ്യതയുമുണ്ടാകും. പന്നിക്കുഞ്ഞുങ്ങളെ നേരത്തേ അമ്മപ്പന്നിയില്‍നിന്ന്‌ വേര്‍തിരിക്കുകയാണെങ്കില്‍ അത്‌ ലിറ്ററിന്റെതന്നെ മരണത്തിനു കാരണമാകാം. ആണ്‍പന്നികള്‍ക്കും രോഗബാധയുണ്ടാകാം. രോഗബാധയുണ്ടായി 10-14 ദിവസത്തിനുള്ളില്‍ 1-2 ആഴ്‌ച ശുക്ലത്തിന്റെ ഗുണം കുറഞ്ഞിരിക്കും. കൂടാതെ ആണ്‍ബീജത്തിനു വൈകല്യങ്ങളുമുണ്ടാകാം.

ചികില്‍സയും നിയന്ത്രണവും

നിലവില്‍ ഒരു ചികില്‍സയും സാധ്യമല്ല. അനുബന്ധമായ മറ്റു രോഗബാധകള്‍ പ്രത്യേകിച്ചു ശ്വസനേന്ദ്രിയവ്യൂഹവുമായി ബന്ധപ്പെട്ടത്‌ തടയാനും ബാക്‌ടീരിയമൂലമുള്ള അപകടങ്ങള്‍ കുറയ്‌ക്കാനും ആന്റിബയോട്ടിക്കുകള്‍ കൊടുക്കാവുന്നതാണ്‌.
കൂടുതല്‍ രോഗസാധ്യതയുള്ള സ്ഥലങ്ങളില്‍ ക്രമമായി പ്രതിരോധ കുത്തിവയ്‌പുകള്‍ അനുശാസിക്കാറുണ്ട്‌. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിരോധശേഷി ഉണ്ടാകുന്ന ഒരേ ഒരു സീറോടൈപ്പ്‌ വൈറസ്‌ മാത്രമേ കപടപേവിഷബാധയ്‌ക്കുള്ളൂ. പ്രതിരോധകുത്തിവയ്‌പെടുക്കുന്ന പന്നികള്‍ക്കും രോഗബാധയുണ്ടാകാം. എങ്കിലും വൈറസിന്റെ വളര്‍ച്ച നിയന്ത്രിതമായിരിക്കും. അതുകൊണ്ടുതന്നെ പരിസരത്ത്‌ വൈറസ്‌ പടരുന്നതും കുറയും. ഗര്‍ഭിണികളില്‍നിന്ന്‌ വൈറസ്‌ ഗര്‍ഭസ്ഥശിശുക്കളിലേക്ക്‌ പകരുന്നത്‌ തടയാനും പ്രതിരോധകുത്തിവയ്‌പ്‌ സഹായിക്കുന്നു. കുത്തിവയ്‌പ്‌ എടുത്ത അമ്മപ്പന്നികളില്‍നിന്ന്‌ കന്നിപ്പാലിലൂടെ പ്രതിരോധശേഷി കുട്ടികള്‍ക്ക്‌ കിട്ടുന്നു. ഈ പ്രതിരോധശേഷി 6-8 ആഴ്‌ചവരെ നിലനില്‍ക്കും. ഈ പ്രായത്തിലാണ്‌ വൈറസ്‌ കൂടുതല്‍ അപകടകാരിയാവുന്നത്‌. വാക്‌സിനിലെ വൈറസ്‌ പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്നതിനുമുന്‍പുതന്നെ അമ്മയില്‍നിന്നുള്ള ആന്റിബോഡികള്‍ അവയെ നിര്‍വീര്യമാക്കുന്നു എന്നതിനാല്‍ ഈ പ്രായത്തിലുള്ള പന്നിക്കുട്ടികള്‍ക്ക്‌ പ്രതിരോധകുത്തിവയ്‌പെടുക്കുന്നതുകൊണ്ട്‌ വലിയ പ്രയോജനമുണ്ടാകാറില്ല.

രോഗനിര്‍മ്മാര്‍ജ്ജനത്തിനു സഹായകമായ വഴികള്‍

ചത്ത പന്നികളുടെ ശരിയായ രീതിയിലുള്ള ഒഴിവാക്കല്‍ (ദഹിപ്പിക്കുകയോ മറവുചെയ്യുകയോ ചെയ്യുക). പ്രജനനത്തിനുവേണ്ടി രോഗപരിശോധന കഴിഞ്ഞ പന്നികളെ മാത്രം വാങ്ങുകയും അവയെ 30 ദിവസം നിലവിലുള്ള കൂട്ടത്തില്‍നിന്നു മാറ്റി താമസിപ്പിക്കുകയും ചെയ്യുക. മാംസത്തിനുപയോഗിക്കുന്ന പന്നികളെ രോഗമില്ലാത്ത ഫാമുകളില്‍നിന്നും വാങ്ങു. സന്ദര്‍ശകരെ നിയന്ത്രിക്കുക. തെരുനായ്‌ക്കള്‍, പൂച്ചകള്‍, വന്യജീവികള്‍ എന്നിവയെ പരിസരത്തുനിന്നകറ്റുക. പ്രദര്‍ശനത്തിനുപയോഗിച്ച മൃഗങ്ങളെ 30 ദിവസം കൂട്ടത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കുക. പന്നികളെയും പശുക്കളെയും പ്രത്യേകം പ്രത്യേകം താമസിപ്പിക്കുക.

പോര്‍സൈന്‍ റീപ്രൊഡക്‌ടീവ്‌& റെസ്‌പിറേറ്ററി സിന്‍ഡ്രോം

ഇത്‌ ആര്‍ട്ടിവൈറസുണ്ടാക്കുന്ന ഒരു പുതിയ രോഗമാണ്‌. ശ്വാസകോശത്തിലെ പ്രതിരോധകോശങ്ങളോട്‌ വൈറസിന്‌ ഒരു പ്രത്യേക ആകര്‍ഷണമുണ്ട്‌. പ്രതിരോധകോശങ്ങള്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയുടെ ഒരു ഭാഗമാണ്‌. ശരീരത്തെ ആക്രമിക്കുന്ന ബാക്‌ടീരിയയെയും വൈറസിനെയും ഇവ ആഹരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ വൈറസിനെ നശിപ്പിക്കാന്‍ ഈ കോശങ്ങള്‍ക്ക്‌ കഴിയില്ല. മാത്രമല്ല, വൈറസ്‌ ഈ കോശത്തിനുള്ളില്‍ പെരുകുകയും അവയെ നശിപ്പിക്കുകയും ചെയ്യും.
ഒരിക്കല്‍ ഒരു പന്നിക്കൂട്ടത്തില്‍ ഈ വൈറസ്‌ കയറിയാല്‍ അത്‌ അനിശ്ചിതകാലത്തോളം കര്‍മ്മക്ഷമമായി നില്‍ക്കുന്നു. മൂക്കില്‍ക്കൂടിയുള്ള സ്രാവം, ഉമിനീര്‌, മലം മൂത്രം എന്നിവയില്‍ക്കൂടിയാണ്‌ ഈ വൈറസ്‌ പകരുന്നത്‌. ഇത്‌ കാറ്റില്‍ക്കൂടി 3 കി.മീ. അകലെവരെയെത്തുന്നുവെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. പ്രത്യുല്‍പ്പാദനത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്‌:
$ കുറഞ്ഞ പ്രസവനിരക്ക്‌
$ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലുള്ള കുറവ്‌
$ ചാപിള്ള
$ പെണ്‍പന്നികളില്‍ പ്രജനനത്തിലുള്ള കഴിവുകുറവ്‌
$ നേരത്തേയുള്ള പ്രസവം (3-5 ദിവസം)
$ കൂടുതല്‍ ഗര്‍ഭച്ഛിദ്രം
(ഗര്‍ഭത്തിന്റെ അവസാനഘട്ടങ്ങളില്‍)

രോഗലക്ഷണങ്ങള്‍

രോഗാണു ആദ്യമായി പ്രജനനത്തിനുപയോഗിക്കുന്ന ഒരു കൂട്ടത്തെ ബാധിക്കുകയാണെങ്കില്‍ മുലയൂട്ടുന്നതും അല്ലാത്തതുമായ പെണ്‍പന്നികളിലും മുല കുടിക്കുന്ന പന്നിക്കുട്ടികളിലുമാണ്‌ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്‌. രോഗലക്ഷണങ്ങള്‍ പ്രധാനമായും പ്രത്യുല്‍പ്പാദന വ്യവസ്ഥയെയും ശ്വസനേന്ദ്രിയവ്യവസ്ഥയെയുമാണ്‌ ബാധിക്കുന്നത്‌ എന്നിരുന്നാലും ചെവിയുടെ നീലനിറമാണ്‌ ആദ്യമായി കാണുന്ന രോഗലക്ഷണം. അതുകൊണ്ട്‌ ഈ രോഗത്തിന്‌ പ്രാരംഭദശയില്‍ ബ്ലൂ ഇയര്‍ പിഗ്ഗ്‌ എന്നും പറയാറുണ്ട്‌. ചെവി നീലനിറമാകുന്നത്‌ ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളില്‍ ഒന്നാണ്‌.
പന്നിക്കുട്ടികള്‍, മുല കുടിക്കുന്ന കുഞ്ഞുങ്ങള്‍, മാംസത്തിനുവേണ്ടിയുള്ള പന്നികള്‍ എന്നിവ ശ്വാസതടസ്സലക്ഷണങ്ങള്‍ കാണിക്കുന്നു.
വൈറസ്‌ ഒരു കൂട്ടത്തിനെ ആദ്യമായി ബാധിക്കുമ്പോള്‍ കാണുന്ന ഒരു സാധാരണ പ്രശ്‌നമാണ്‌ ഇത്‌. തീവ്രമായ ഒരു രോഗത്തിന്റെ പ്രാരംഭദശയില്‍ ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ വളരെ ദുര്‍ബലരായിരിക്കും. വയറിളക്കം, ന്യൂമോണിയ, ചുമ എന്നിവ സാധാരണ കാണുന്ന ലക്ഷണങ്ങളാണ്‌.
മാംസത്തിനുവേണ്ടി വളര്‍ത്തുന്ന പന്നികളില്‍ അമ്മയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ച 1-3 ആഴ്‌ചകള്‍ക്കുള്ളില്‍ രോഗം പ്രകടമാകുന്നു. വിളറിയ തൊലി, ചെറിയ ചുമ, തുമ്മല്‍ ശ്വസനനിരക്കിലുള്ള വര്‍ധന എന്നിവയാണ്‌ ലക്ഷണങ്ങള്‍. ഒരിക്കല്‍ ഈ രോഗം എല്ലാ കൂട്ടത്തെയും ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ മാത്രമേ പ്രാധാന്യമര്‍ഹിക്കുന്നുള്ളൂ. അപ്പോള്‍ കഠിനമായ ന്യൂമോണിയ, ഇടവിട്ടുള്ള വിശപ്പില്ലായ്‌മ, ശരീരം ക്ഷയിക്കുക എന്നിവയും കാണാം.
കൂടുതല്‍ ഊര്‍ജ്ജവും ജീവകങ്ങളും അടങ്ങിയ തീറ്റ നല്‍കുകയാണ്‌ ചികില്‍സാരീതി.

മറ്റു രോഗങ്ങള്‍

മാസ്റ്റൈറ്റിസ്‌ മെട്രൈറ്റിസ്‌-അഗലക്‌സിയ സിന്‍ഡ്രോം

പ്രസത്തിനുശേഷം പന്നികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണിത്‌. ഈ രോഗത്തിന്റെ ഫലമായി പട്ടിണികൊണ്ട്‌ പന്നിക്കുഞ്ഞുങ്ങള്‍ ചത്തുപോകാറുണ്ട്‌. കൂടാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ മറ്റു രോഗങ്ങള്‍ക്കുള്ള സാധ്യതയും ഏറുന്നു.
പന്നിക്കുഞ്ഞുങ്ങള്‍ അകിടുവീക്കം ബാധിച്ച മുലകളില്‍നിന്ന്‌ പാല്‍ കുടിക്കാന്‍ വിസമ്മതിക്കുന്നു.
മെട്രൈറ്റിസ്‌ അഥവാ ഗര്‍ഭാശയത്തിലുണ്ടാകുന്ന അണുബാധ സുഖപ്രസവത്തിനുശേഷമോ വിഷമപ്രസവത്തിനുശേഷമോ അല്ലെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിനുശേഷമോ ഉണ്ടാകാം. ഇത്‌ അഗലക്‌സിയ സിന്‍ഡ്രോമിന്റെ ഒരു ഭാഗമായതിനാല്‍ ഒന്നിച്ച്‌ ഒരു രോഗമായാണ്‌ കാണപ്പെടുന്നത്‌.
സ്‌ട്രെപ്‌റ്റോകോക്കസ്‌, എസ്‌ചറിഷിയകോളി, എന്ററോബാക്‌ടര്‍ എയ്‌റോജിനസ്‌, ക്ലെബ്‌സിയെല്ല എയ്‌റോജിനസ്‌, ക്ലെബ്‌സിയെല്ലാ ന്യൂമോണിയ എന്നിവയാണ ഗര്‍ഭാശയ അണുബാധയുള്ള പന്നികളില്‍ സാധാരണയായി കണ്ടെത്തിയ രോഗാണുക്കള്‍. ഈ രോഗമുള്ള പെണ്‍പന്നികളും അമ്മപ്പന്നികളും സാധാരണയായി ഭക്ഷണത്തോട്‌ വിമുക്തതയും മന്ദതയും കാണിക്കുന്നു. പ്രസവിച്ച്‌ 1-3 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. പന്നികള്‍ വിറച്ചു കിടക്കുന്നതായി കാണാം.
ശരീരോഷ്‌മാവ്‌ 400C-410C വരെയെത്തുന്നു. അകിടിനു നല്ല ചൂടും പാലു ചുരത്തുന്നതിനു തടസ്സവും ഉണ്ടാകുന്നു. 2-3 ദിവസം കഴിയുമ്പോഴേക്കും കട്ടിയുള്ള മഞ്ഞനിറത്തിലുള്ള ദ്രാവകം യോനിയില്‍ക്കൂടി പുറത്തേക്കൊഴുകുന്നതായി കാണാം.
മറുപിള്ളയും ഗര്‍ഭസ്ഥശിശുവും പുറത്തുപോകാത്തതുകൊണ്ട്‌ ഇവ എടുക്കുന്നതുമൂലം ഉണ്ടാകുന്ന അണുബാധയാണ്‌ ഇതിനു കാരണം. വെള്ളംപോലുള്ള, വൃത്തികെട്ട മണത്തോടുകൂടിയ യോനിസ്രവം ആയിരിക്കും. പ്രധാന ലക്ഷണം പനി, വിശപ്പില്ലായ്‌മ, പാലില്ലായ്‌മ എന്നിവയും ഉണ്ടാകും.

അകിടുവീക്കം

ഇത്‌ അകിടിനുണ്ടാകുന്ന അണുബാധയാണ്‌. സൂക്ഷ്‌മമായി പരിശോധിച്ചാല്‍ അകിടിന്റെ ഓരോ ഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന അണുബാധ കണ്ടുപിടിക്കാന്‍ സാധിക്കും. സ്‌ട്രെപ്‌റ്റോകോക്കൈ, സ്റ്റെഫൈലോകോക്കൈ, സ്‌ഫീറോഫോറസ്‌, നെക്രോഫോറസ്‌, ആക്‌ടിനോമൈസിസ്‌ബോവിസ്‌, ആക്‌ടിനോബാസില്ലസ്‌ലിഗ്നോറസി, കോറിനിബാക്‌ടീരിയം പയോജിനസ്‌, മൈകോബാക്‌ടീരിയം ട്യൂബര്‍ക്കുലോസിസ്‌ എന്നിവയാണ്‌ അമ്മപ്പന്നികളില്‍ അകിടുവീക്കത്തിനു കാരണമാകുന്ന ബാക്‌ടീരീയകള്‍.
സ്‌ട്രെപ്‌റ്റോകോക്കിക്‌/സ്റ്റെഫൈലോകോക്കിക്‌ മാസ്റ്റൈറ്റിസ്‌: അകിടിന്റെ ഒന്നോ രണ്ടോ ഭാഗങ്ങളെ ബാധിക്കുന്നതാണിത്‌. ഈ അണുബാധ മുഖ്യമായും അകിട്‌ ഗ്രന്ഥിയെയാണ്‌ ബാധിക്കുന്നത്‌. അതിനാല്‍ വളരെ കുറച്ച്‌ മാത്രമേ മറ്റു ശരീരഭാഗങ്ങളെ ബാധിക്കുന്നുള്ളൂ. പാല്‍ കുറവായിരിക്കും. അല്ലെങ്കില്‍ തീരെ വറ്റിയിരിക്കും. അസുഖം ബാധിച്ച ഗ്രന്ഥികള്‍ നശിച്ചു പോവുകയോ അടുത്ത പ്രസവത്തില്‍ പാലുല്‍പ്പാദിപ്പാന്‍ കഴിയാതെ വരികയോ ചെയ്യുന്നു.
ആക്‌ടിനോമൈസിസ്‌ ബോവിഡേ/ആക്‌ടിനോ ബാസില്ലസ്‌ ലിഗ്നോറ സമാസ്റ്റൈറ്റിസ്‌: അകിടില്‍ തരിപോലുള്ള വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെടുന്നു. അത്‌ പിന്നീട്‌ വലിയ വ്യാസമുള്ള ട്യൂമര്‍ ആയി മാറും.

കോളിഫോം മാസ്റ്റൈറ്റിസ്‌

ഇതുമൂലം വിഷബാധ ഉണ്ടാകുന്ന പന്നികള്‍ മന്ദതയോടെ എപ്പോഴും കിടപ്പായിരിക്കും. ശരീരതാപനില 400C വരെയാകും. അസുഖം ബാധിച്ച ഭാഗത്തെ തൊലി പര്‍പ്പിള്‍നിറമാകുന്നു, കൂടാതെ ആ ഭാഗം നീരുവച്ച വീങ്ങിയിരിക്കും. അമ്മയില്‍നിന്നും വേര്‍പെടുത്തുകയോ പാലിനു പകരംവയ്‌ക്കാവുന്നതെന്തെങ്കിലും കൊടുക്കുകയോ ചെയ്യാത്ത പക്ഷം പന്നികളില്‍ അടുത്ത പ്രസവത്തില്‍ പാല്‍ കുറയും.

പാലില്ലാത്ത അവസ്ഥയും പാല്‍ കുറഞ്ഞ അവസ്ഥയും

ഇത്‌ പ്രസവത്തിനുശേഷം ആദ്യ ദിവസങ്ങളില്‍തന്നെ കുറച്ച്‌ പന്നിക്കുഞ്ഞുങ്ങളുടെയോ അല്ലെങ്കില്‍ മുഴുവന്‍ ലിറ്ററിന്റെതന്നെയോ മരണത്തിനിടയാക്കുന്നു. കൂടാതെ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പ്രതിരോധശേഷി നല്‍കുന്ന കൊളസ്‌ട്രം കിട്ടാതെയും വരുന്നു.
പ്രസവത്തിനുശേഷം 2-3 ദിവസത്തിനുള്ളില്‍തന്നെ ഈ അവസ്ഥ പ്രത്യക്ഷപ്പെടുന്നു. പാലുല്‍പ്പാദനം ഇല്ലാത്ത അവസ്ഥയിലെത്തിയ പന്നികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും നെഞ്ചമര്‍ത്തി കിടക്കുകയും ചെയ്യും ചില പന്നികള്‍ നേരേ കിടന്നു കുഞ്ഞുങ്ങളെ മുല കുടിക്കാന്‍ അനുവദിക്കുമെങ്കിലും പാല്‍ ചുരത്താന്‍ സാധിക്കാതെവരുന്നു. തള്ളപ്പന്നികള്‍ പകുതിയോ മുഴുവനായോ പട്ടിണിയിലായിരിക്കും. അകിട്‌ കട്ടിയോടെയും ചുവന്നുമിരിക്കും. ടോക്‌സീമിയയും പനിയും കാരണം പന്നികള്‍ വിറച്ചുകൊണ്ടിരിക്കും. മലം ഉണങ്ങി വളരെ കുറച്ചുമാത്രമേ ഉണ്ടാവുകയുള്ളൂ.
പാലില്ലാത്ത അവസ്ഥയ്‌ക്ക്‌ കാരണങ്ങള്‍ പലതാകാം. അമിതഭക്ഷണം, ദഹനവ്യൂഹത്തിനേറ്റ പരിക്ക്‌, ഗര്‍ഭാശയത്തിന്റെ ചലനമില്ലായ്‌മ, രണ്ടാം ഘട്ടത്തിലുള്ള ഗര്‍ഭാശയ അണുബാധ എന്നിവ ഇതില്‍ ചിലതാണ്‌.

ചികില്‍സയും പ്രതിരോധവും

അണുബാധ, സമ്മര്‍ദ്ദം, നല്ല പോഷണത്തിന്റെ ലഭ്യതയില്ലായ്‌മ, മലബന്ധവും ഗര്‍ഭാശയ അണുബാധയും മൂലമുണ്ടാകുന്ന വിഷബാധ എന്നിവയാണ്‌ അകിടുവീക്കം, ഗര്‍ഭാശയപഴുപ്പ്‌ എന്നീ രോഗങ്ങള്‍ക്ക്‌ കാരണങ്ങള്‍. പ്രസവത്തിനുമുമ്പും പിമ്പുമുള്ള ഭക്ഷണരീതിയിലുള്ള തകരാറും ഇതിനു കാരണമാണ്‌.
ഗര്‍ഭാശയത്തിലുള്ള അവശിഷ്‌ടങ്ങള്‍ പുറത്തു പോകാത്തതും വിഷബാധയുണ്ടാക്കുന്നതുമാണ്‌. ഓക്‌സിനോടസിന്‍ ഇന്‍ജക്‌ഷന്‍, മറുപിള്ള, രക്തം, മറ്റു സ്രവങ്ങള്‍ എന്നിവ പുറത്തുപോകാന്‍ സഹായിക്കുന്നു. ഒരു വീര്യം കുറഞ്ഞ ആന്റിസെപ്‌റ്റിക്‌ ഉപയോഗിച്ച്‌ ഗര്‍ഭപാത്രം കഴുകാവുന്നതാണ്‌. അല്ലെങ്കില്‍ പേരയുടെ ഇല കഷായം വച്ചതോ ഉപയോഗിച്ച്‌ കഴുകാം.
പന്നികളില്‍ സമ്മര്‍ദ്ദം കുറയ്‌ക്കുക എന്നത്‌ ഒരു പ്രധാന കാര്യമാണ്‌. അമ്മപ്പന്നികളെ പ്രസവത്തിനു 3-7 ദിവസം മുമ്പുതന്നെ പ്രസവക്കൂട്ടിലേക്ക്‌ മാറ്റുക. ഇത്‌ അവയ്‌ക്ക്‌ ഈ കൂടുമായി ഇണങ്ങിച്ചേരാന്‍ സഹായകമാകും. ശാന്തമായി പന്നികളെ കൈകാര്യം ചെയ്യുക. ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത്‌ അണുബാധ തടയാന്‍ സഹായിക്കും. അകിടുവീക്കം, ഗര്‍ഭാശയപഴുപ്പ്‌ എന്നിവ കാരണം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറിളക്കം തീറ്റയില്‍കൂടി മരുന്നു നല്‍കി ചികില്‍സിക്കാം.

പ്രസവാന്തരനാഡീതളര്‍ച്ച

ഇത്‌ പ്രധാനമായും പ്രസവത്തിന്റെ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദംമൂലമാണ്‌ സംഭവിക്കുന്നത്‌. പ്രസവമെടുക്കുമ്പോള്‍ ശരിയല്ലാത്ത രീതിയില്‍ ഗര്‍ഭാശയം കൈകാര്യം ചെയ്യുന്നത്‌ അണുബാധയ്‌ക്ക്‌ കാരണമാകുന്നു. ഈ രോഗം ബാധിച്ച പന്നികള്‍ പട്ടിയിരിക്കുന്നതുപോലെ ഇരിക്കുകയോ തീറ്റയെടുക്കുമ്പോള്‍ പിന്‍കാലുകളില്‍ കിടക്കുകയോ ചെയ്യുന്നു. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികില്‍സ അനിവാര്യമാണ്‌.
പോഷകാഹാരക്കുറവും ഈ രോഗത്തിനു കാരണമാകാറുണ്ട്‌. ഇതിലൊന്ന്‌ കാല്‍സ്യത്തിന്റെ കുറവാണ്‌. സാധാരണയായി കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളതും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്നതുമായ പന്നികളില്‍ ആണ്‌ ഇത്‌ കണ്ടുവരുന്നത്‌. പന്നികള്‍ അതിന്റെ എല്ലുകളില്‍ സംഭരിച്ചിരിക്കുന്ന കാല്‍സ്യം പാലുല്‍പ്പാദിപ്പിക്കുന്നതിനുപയോഗിക്കുന്നു. ഇതിന്റെ കൂടെ തീറ്റയുടെ ഗുണത്തിലുള്ള കുറവുംകൂടിയാകുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുകയും പന്നികള്‍ നടക്കാനാവാതെ തളര്‍ന്നുപോവുകയും ചെയ്യുന്നു. നാഡീവ്യൂഹത്തിലെ ആവേഗങ്ങള്‍ക്ക്‌ സഞ്ചരിക്കുന്നതിനും പേശികള്‍ക്ക്‌ ചലിക്കാനും കാല്‍സ്യം അത്യാവശ്യമാണ്‌. ശരീരത്തിലുള്ള സംഭരിച്ച കാല്‍സ്യത്തിന്റെ കുറവും ഇതിനു കാരണമാണ്‌.

മറുപിള്ള പോകാതിരിക്കുക

ഇത്‌ സാധാരണയായി മേച്ചില്‍പ്പുറങ്ങളില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പ്രസവിക്കുന്ന വലിയ പന്നികളില്‍ കാണുന്നതാണ്‌. പ്രധാന ലക്ഷണങ്ങള്‍ എന്നു പറയാവുന്നത്‌ ചെറിയ കഷണങ്ങളായി മറുപിള്ള പോവുകയാണ്‌. കൂടെ ചീത്തമണത്തോടുകൂടിയ യോനീസ്രവങ്ങളും ഉണ്ടാകും. മറുപിള്ള പോകാതിരിക്കുന്നത്‌ അണുബാധയ്‌ക്കും വിഷബാധയ്‌ക്കും അങ്ങനെ ആ മൃഗത്തിന്റെ മരണത്തിനും കാരണാകും. ഇതിന്റെ ലക്ഷണങ്ങള്‍ ഗര്‍ഭാശയ അണുബാധയ്‌ക്കും സമാനമാണ്‌. 3-5 ദിവസം ഗര്‍ഭപാത്രം കഴുകി ആന്റിബയോട്ടിക്‌ ഇന്‍ജക്‌ഷനുകള്‍ കൊടുക്കാവുന്നതാണ്‌.

യോനീനാളഭ്രംശം

പ്രസവത്തിനു മുമ്പോ പിമ്പോ ഇത്‌ സംഭവിക്കാം. എന്നിരുന്നാലും സാധാരണയായി ഗര്‍ഭകാലത്തിന്റെ അവസാനഘട്ടങ്ങളിലാണ്‌ കണ്ടുവരുന്നത്‌. പ്രസവത്തിന്‌ അനുയോജ്യമല്ലാത്ത ശാരീരികസ്ഥിതി, പന്നിക്കൂടിന്റെ കുത്തനെയുള്ള ചെരിവ്‌ എന്നിവയാണ്‌ ഇതിന്റെ കാരണങ്ങള്‍.
ഭ്രംശം സംഭവിക്കുന്നതിനു മുമ്പോ പിമ്പോ പന്നി മുക്കാന്‍ തുടങ്ങുന്നു. ചുവന്ന യോനീനാളം യോനിയിലൂടെ പുറത്തേക്കു തള്ളിനില്‍ക്കും. ഇതിന്റെ പുറംഭാഗത്തിനു മുറിവു സംഭവിക്കുകയും അണുബാധയുണ്ടാകുകയും ചെയ്യുന്നു.
ഇതിനെത്തുടര്‍ന്നുണ്ടാകുന്ന അസൗകര്യം പന്നിയെ കൂടുതല്‍ മുക്കാന്‍ പ്രേരിപ്പിക്കും. അത്‌ പിന്നെ ഭ്രംശത്തിന്‌ കാരണമാകുന്നു. ചിലപ്പോള്‍ മൂത്രാശയത്തനും ഭ്രംശം സംഭവിക്കാം. ഭ്രംശം ചെറുതാണെങ്കില്‍ കഴുകി വൃത്തിയാക്കി ആന്റിസെപ്‌റ്റിക്‌ ക്രീം പുരട്ടി അതിനെ പൂര്‍വ്വസ്ഥിതിയിലേക്ക്‌ തള്ളിക്കയറ്റാം. പക്ഷേ, കൈകള്‍കൊണ്ട്‌ യോനീനാളത്തിന്‌ അപകടം സംഭവിക്കാതെ സൂക്ഷിക്കണം. പറ്റുമെങ്കില്‍ പന്നിയുടെ പിന്‍ഭാഗം ഉയര്‍ത്തിവയ്‌ക്കുക. ഭ്രംശം കൂടുതല്‍ അപകടകരമാണെങ്കില്‍ പ്രത്യേക തുന്നല്‍ ഇടേണ്ടതായി വരും.

ഗര്‍ഭാശയഭ്രംശം

ഇത്‌ കൂടുതലായും പ്രസവത്തിനുശേഷമാണ്‌ കണ്ടുവരുന്നത്‌. യോനിയില്‍ക്കൂടി ഗര്‍ഭാശയം അകംതിരിഞ്ഞ്‌ പുറത്തുവരുന്നു. ഗര്‍ഭാശയം നല്ലവെള്ളം ഉപയോഗിച്ച്‌ കഴുകി വീര്യം കുറഞ്ഞ ആന്റിസെപ്‌റ്റിക്കുകള്‍ പുരട്ടിയശേഷം തള്ളിക്കയറ്റുക. പിന്‍ഭാഗം ഉയര്‍ത്തിവയ്‌ക്കുന്നത്‌ ഭ്രംശം സംഭവിച്ച ഭാഗത്തേക്കുള്ള രക്തചംക്രമണം കുറയ്‌ക്കും.
അസ്വസ്ഥതമൂലമുള്ള മുക്കല്‍കൊണ്ട്‌ ഗര്‍ഭാശയഭ്രംശം സംഭവിക്കാം. പ്രസവത്തിന്റെ സമയത്ത്‌ പരുക്കനായ രീതിയിലും വെപ്രാളത്തിലും വൃത്തിയില്ലാതെ പന്നികളെ കൈകാര്യം ചെയ്യുന്നത്‌ അസ്വസ്ഥതയ്‌ക്ക്‌ ഒരു കാരണമാണ്‌. കാല്‍സ്യത്തിന്റെ കുറവ്‌ ഗര്‍ഭാശയേപശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അങ്ങനെ ഇത്‌ ഗര്‍ഭാശയഭ്രംശത്തിന്‌ വഴി തെളിക്കുകയും ചെയ്യും. പ്രസവത്തിനു കുറച്ച്‌ ദിവസങ്ങള്‍ക്കുമുമ്പാണ്‌ ഭ്രംശം സംഭവിക്കുന്നതെങ്കില്‍ പന്നി പ്രസവിക്കുന്നതുവരെ ഗര്‍ഭാശയം തള്ളിക്കയറ്റി വയ്‌ക്കേണ്ടതാണ്‌. ഇതിന്‌ ചിലപ്പോള്‍ സിസേറിയന്‍തന്നെ വേണ്ടിവന്നേക്കാം. കൂടുതല്‍ ഗൗരവതരമായ സന്ദര്‍ഭങ്ങളില്‍ പന്നിയെ കശാപ്പു ചെയ്യുകയായിരിക്കും പ്രായോഗികം. ഈ സ്ഥിതിയില്‍ പന്നിക്ക്‌ ഷോക്കും മരണവും സംഭവിക്കും. ചിലതിനെ കൃത്യസമയത്തുള്ള വൈദ്യസഹായംകൊണ്ട്‌ രക്ഷിക്കാന്‍ സാധിച്ചേക്കും. ഇത്തരം പന്നികളെ വീനിങ്‌ കഴിഞ്ഞാലുടന്‍ നശിപ്പിക്കുക. കാരണം ഗര്‍ഭാശയഭ്രംശം വീണ്ടും ഉണ്ടാകാനിടയുണ്ട്‌.

രക്തസ്രാവം

പ്രസവത്തിനുശേഷം പന്നികള്‍ക്ക്‌ കടുത്ത രക്തസ്രവാമുണ്ടാവുകയാണെങ്കില്‍ അതു തടയേണ്ടത്‌ അനിവാര്യമാണ്‌. അഡ്രിനാലിന്‍ പുറമേ പുരട്ടുന്നത്‌ ചെറിയ മുറിവുകളില്‍നിന്നുള്ള രക്തസ്രാവം നിര്‍ത്തും. ജീവകം കെ, കാല്‍സ്യം എന്നിവ രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കുന്നു.

വിഷമപ്രസവം

ഇത്‌ തിരിച്ചറിയാന്‍ സഹായിക്കുന്ന രണ്ട്‌ കാര്യങ്ങള്‍:
1. ആദ്യ പന്നിക്കുട്ടി ജനിച്ച്‌ 30 മിനിട്ട്‌ കഴിഞ്ഞ്‌ ഒന്നും വരാത്തത്‌
2. അമ്മപ്പന്നി ആയാസപ്പെട്ടുകൊണ്ടിരുന്നിട്ടും പന്നിക്കുഞ്ഞുങ്ങളൊന്നും പുറത്തുവരുന്നില്ല.
പ്രസവത്തിന്‌ സഹായകമായ ഓക്‌സിടോസിന്‍ ഇന്‍ജക്ഷന്‍ കൊടുക്കുന്നതിനുമുമ്പുതന്നെ വിഷമപ്രസവത്തിന്റെ കാരണം മനസിലാക്കണം. ഈ മരുന്ന്‌ അകാരണമായി ആവശ്യമില്ലാതെ ഉപയോഗിക്കുന്നത്‌ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പന്നിക്ക്‌ അമിതമായ പ്രസവവേദനയുണ്ടാക്കും. വയറ്റിലെ പേശികളുടെ ചുരുക്കം മൂലം വയറുവേദനയും ഛര്‍ദ്ദിയും ഗര്‍ഭാശയപേശികള്‍ക്ക്‌ കോച്ചിവലിവ്‌ പന്നിക്കുട്ടികള്‍ ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗത്ത്‌ തങ്ങാന്‍ ഇടയാക്കും. അതുവഴി പന്നിക്കുഞ്ഞുങ്ങള്‍ ഭാഗികമായി ഞെരുങ്ങി ബലഹീനരായി ചിലപ്പോള്‍ മരണത്തിനും കാരണമാകും. ചിലയവസരത്തില്‍ ഗര്‍ഭാശയം പൊട്ടിയും തള്ളപ്പന്നി മരണപ്പെടാറുണ്ട്‌.
പ്രൈമറി ഇന്‍ര്‍ഷ്യ (പ്രഥമ ജഡത്വം): ഇതില്‍ ദുര്‍ബലമായ അല്ലെങ്കില്‍ വേഗം കുറഞ്ഞ പ്രസവമായിരിക്കും. ചിലപ്പോള്‍ പന്നിക്കുഞ്ഞുങ്ങളൊന്നും തന്നെ പുറത്തുവരികയില്ല. പാല്‍ ചുരത്തുക, യോനിസ്രവം തുടങ്ങി പ്രസവത്തിന്റെ എല്ലാ ലക്ഷണങ്ങളും പന്നി കാണിക്കുമെങ്കിലും മുക്കുകയോ പ്രസവിക്കുകയോ ചെയ്യുകയില്ല. ചിലപ്പോള്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ അത്ര ആയാസമില്ലാതെ പ്രസവിക്കുകയും പിന്നെ പ്രസവം നടക്കാതിരിക്കുകയും ചെയ്‌തേക്കാം.
ഇതിന്‌ കാരണങ്ങള്‍ പലതാണ്‌: കൂടുതല്‍ എണ്ണം കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ ഗര്‍ഭാശയഭിത്തി കൂടുതല്‍ വികസിക്കുകയും അത്‌ പിന്നീട്‌ ഗര്‍ഭാശയഭിത്തിയുടെ ചുരുങ്ങലിനെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ കാല്‍സ്യത്തിന്റെ കുറവും ഗര്‍ഭാശയത്തിന്റെ ചുരുങ്ങലിനെ ബാധിക്കുന്നു. വേഗത്തില്‍ വളരുന്ന കൂടുതല്‍ പന്നിക്കുട്ടികളെ പ്രസവിക്കുന്നതും കൂടുതല്‍ പാല്‍ ചുരത്തുന്നതുമായ പുതിയ ഇനം പന്നികളെ കാല്‍സ്യത്തിന്റെ ആവശ്യം ശരിയായി മനസ്സിലാക്കാത്തതും മനസ്സിലാക്കാത്തതും ഈ അവസ്ഥയുണ്ടാക്കും. അണുബാധ കൊണ്ടുണ്ടാകുന്ന വിഷബാധ ഗര്‍ഭാശയത്തിന്റെ ചലനം തടസ്സപ്പെടുത്തും. പേടിപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യുമ്പോള്‍ പന്നികള്‍ അഡ്രിനാലിന്‍ പുറപ്പെടുവിച്ച്‌ സമ്മര്‍ദ്ദത്തോട്‌ പ്രതികരിക്കുന്നു. ഇത്‌ പ്രസവത്തെ തടസ്സപ്പെടുത്തും. പന്നികളുടെ ശാരീരകക്ഷമതയും അതിന്റെ പ്രസവവുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ട്‌.
ആന്തരിക പരിശോധനയ്‌ക്കുശേഷം കാരണം കണ്ടുപിടിച്ച്‌ ശരിയായ ചികില്‍സ നല്‍കുക. ബാഹ്യ ആന്തരിക പരിശോധനകള്‍ക്കുശേഷവും ഒരു കാരണവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓക്‌സിടോസിന്‍ ഇന്‍ജക്‌ഷന്‍ നല്‍കാവുന്നതാണ്‌. കുഞ്ഞുങ്ങളെ പുറന്തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഗര്‍ഭാശപേശികള്‍ക്കുണ്ടാകുന്ന തളര്‍ച്ചയും കൂടാതെ അമ്മപ്പന്നിക്കുണ്ടാകുന്ന തളര്‍ച്ചയും ഇതിനു കാരണങ്ങളാണ്‌.
പ്രസവം സാധാരണയായി തുടങ്ങുന്നു. പിന്നീട്‌ ആയാസമുണ്ടാക്കുന്നുവെങ്കിലും ഒന്നും സംഭവിക്കുന്നില്ല. പെട്ടെന്നു കണ്ടുപിടിച്ച്‌ ശരിയാക്കിയില്ലെങ്കില്‍ ആയാസം സംവിധാനം നില്‍ക്കുകയും പന്നി തളര്‍ന്നുപോവുകയും ചെയ്യുന്നു. സാധാരണ ഓക്‌സിടോസിന്‍ ഈ അവസ്ഥയില്‍ നിര്‍ദേശിക്കാറില്ല. മെലിഞ്ഞ പന്നികള്‍ക്ക്‌ മുലയൂട്ടുന്ന സമയത്തും പ്രസവത്തിന്റെ ആദ്യഘട്ടങ്ങളിലും ശരീരഭാരനഷ്‌ടം സംഭവിക്കുകയും പിന്നീട്‌ അടുത്ത പ്രസവത്തിനുള്ളില്‍ നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാതെവരികയും ചെയ്യുന്നതാണ്‌. തുടര്‍ന്ന്‌ ഇത്‌ ഒരു തുടര്‍രോഗമായി മാറുകയും പന്നികള്‍ക്ക്‌ പ്രജനനശേഷി നഷ്‌ടപ്പെടാനും ഒരു പക്ഷേ, മരണത്തിനും ഇടയാക്കുന്നു. ഈ അവസ്ഥയ്‌ക്ക്‌ പരാദബാധ, കുറഞ്ഞ താപനില, മുലയൂട്ടുന്ന സമയത്ത്‌ ആവശ്യത്തിനു ഭക്ഷണം ലഭിക്കാത്ത അവസ്ഥ എന്നിങ്ങനെ ഒരുപാട്‌ കാരണങ്ങള്‍ ഉണ്ടാകാം. ഈ സമയത്തുണ്ടാകുന്ന ഭാരനഷ്‌ടം ഒരിക്കലും നികത്തപ്പെടുന്നില്ല.
താപനില ക്രമീകരിക്കുകയും (220C) വിരമരുന്ന്‌ നല്‍കുകയും ചെയ്യേണ്ടതാണ്‌. മുലയൂട്ടുന്ന കാലയളവിലും ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളിലും ആവശ്യത്തിനു ഭക്ഷണം നല്‍കുന്നത്‌ പന്നിയുടെ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത്‌ മുലയൂട്ടുന്ന കാലയളവില്‍ കൊഴുപ്പ്‌ തീറ്റയില്‍കൂടി ഉള്‍പ്പെടുത്തി ഊര്‍ജ്ജം കൂട്ടുന്നതുവഴി സാധിക്കും. വീനിങ്ങിനുശേഷം അമ്മപ്പന്നികളുടെ ഭാരം കണക്കാക്കുന്നത്‌ പ്രസവങ്ങള്‍ക്കിടയിലുള്ള ഭാരവര്‍ധന മനസ്സിലാക്കുന്നതിന്‌ സഹായിക്കും. ഗര്‍ഭകാലഘട്ടത്തില്‍ ആവശ്യമായ അളവില്‍ തീറ്റ കിട്ടുന്നതിന്‌ അവയെ ഗ്രൂപ്പുകളായി തിരിക്കുന്നതും നല്ലതാണ്‌.

പന്നിക്കുഞ്ഞുങ്ങളിലും വീനിങ്‌ നടത്തിയവയിലും സാധാരണയായി കണ്ടുവരുന്ന രോഗങ്ങള്‍

പന്നിക്കുഞ്ഞുങ്ങളുടെ വയറിളക്കം

പന്നിക്കുഞ്ഞുങ്ങളില്‍ തീറ്റരീതിക്കനുസരിച്ച്‌ കാഷ്‌ഠത്തിന്റെ നിലയിലും വ്യത്യാസമുണ്ടായിരിക്കുമെന്നതിനാല്‍ ചെറുകുടലിന്റെയോ വന്‍കുടലിന്റെയോ അസുഖം മൂലം കൂടുതല്‍ ജലാംശം ഉണ്ടാകുമ്പോള്‍ വയറിളക്കം ഉണ്ടാകും. ചെറുകുടലിനുണ്ടാകുന്ന അസുഖംമൂലം ഛര്‍ദ്ദി, മലത്തില്‍ രക്തം, ദഹിക്കാത്ത തീറ്റഭാഗങ്ങള്‍ എന്നിവയും അളവില്‍ കൂടുതല്‍ മലവും ഉണ്ടാകും. ഛര്‍ദ്ദി ചിലപ്പോള്‍ മാത്രമേ വന്‍കുടലിന്റെ അസുഖത്തില്‍ കാണുന്നുള്ളൂ. എന്നാലും രക്തം, കഥം എന്നിവ കലര്‍ന്ന കാഷ്‌ഠം ഇടയ്‌ക്കിടെ ഇടും. അതില്‍ കഫക്കെട്ടും കാണാം.
മിക്കപ്പോഴും രോഗചരിത്രം, ലക്ഷണങ്ങള്‍, മരണാന്തരപരിശോധനാഫലങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ പന്നിക്കുഞ്ഞുങ്ങളിലെ വയറിളക്കത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയും. എന്നാല്‍ പലപ്പോഴും ലക്ഷണങ്ങള്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സഹായകമാകുന്നില്ല. ഇതിനു കാരണം ഒരു രോഗകാരിക്കുതന്നെ പലതരം ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതും ഇതിനോടനുബന്ധിച്ച്‌ മറ്റു രോഗങ്ങള്‍ ഉണ്ടാകുന്നതാണ്‌. അതിനാല്‍ കഴിയുന്നത്ര രോഗവിവരങ്ങള്‍ ശേഖരിച്ചാലേ ഒരു നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂ.
ഒരു രോഗകാരി ഉണ്ട്‌ എന്ന ഒറ്റകാരണംകൊണ്ട്‌ ഒരു കൂട്ടത്തില്‍ രോഗം പ്രത്യക്ഷപ്പെടണമെന്നില്ല. ചുറ്റുപാടും മറ്റു പരിപാലനപ്രശ്‌നങ്ങളും വഴി ഇതിനുവേണ്ട ഒരു അന്തരീക്ഷം സൃഷ്‌ടിക്കുമ്പോഴാണ്‌ രോഗം തല പൊക്കുന്നത്‌. അതിനാല്‍ വയറിളക്കം തടയാന്‍ രോഗകാരികളായ അണുക്കളെ മാത്രം നശിപ്പിച്ചാല്‍ പോര നല്ല ചുറ്റുപാടും പരിപാലനരീതിയും കൂടി വേണം.
അമ്മപ്പന്നികളെ സാധാരണ വയറിളക്കം ഉണ്ടാക്കുന്ന മിക്ക രോഗാണുക്കളും ബാധിക്കുന്നില്ല. പന്നിക്കുഞ്ഞുങ്ങളുടെ വയറിളക്കത്തിന്‌ പ്രധാനകാരണങ്ങള്‍ പാലിന്റെ ലഭ്യതയും കൂട്ടിലെ അണുക്കള്‍ക്കുള്ള അനുകൂല അന്തരീക്ഷ ഊഷ്‌മാവുമാണ്‌.
കുട്ടിപന്നികള്‍ക്ക്‌ 330C എന്ന ഊഷ്‌മാവ്‌ വളരെ പ്രാധാന്യമുണ്ട്‌. അതായത്‌ 330 ഊഷ്‌മാവില്‍ അവയ്‌ക്ക്‌ ശരീരതാപനില നിലനിര്‍ത്താന്‍ അധികം ഊര്‍ജ്ജം ഉപയോഗിക്കേണ്ട ആവശ്യമില്ല. ഒരു പന്നിയുടെ അനുയോജ്യ അന്തരീക്ഷതാപം വായുവില്‍ക്കൂടിയുള്ള താപവിനിമയം, തറയില്‍ കൂടിയുള്ള താപവാഹനം. നനഞ്ഞ ഉപരിതലങ്ങളും ആര്‍ദ്രതയും മൂലമുള്ള ബാഷ്‌പീകരണം, ഭിത്തികളിലൂടെയും ജനാലകളിലൂടെയുമുള്ള താപസംവാഹനം എന്നിവയുടെ ഒരു സംയോജനമാണ്‌. തണുത്ത്‌ നനഞ്ഞ തറയും കിടപ്പുസ്ഥലവുമെല്ലാം ബാക്‌ടീരിയകള്‍ക്ക്‌ വളരാന്‍ അനുയോജ്യമായതും പന്നിക്കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി കുറയ്‌ക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്‌ടിക്കും. ഇത്‌ രോഗം പ്രത്യക്ഷപ്പെടുന്നതിനിടയാക്കും.

പാലിന്റെ ദൗര്‍ലഭ്യം

ഇത്‌ പന്നിക്കുട്ടികളില്‍ വയറിളക്കത്തിന്റെ സാധ്യത കൂട്ടുന്നു. പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ ആന്റിബോഡീസും ശരീരതാപനില നിലനിര്‍ത്താനുള്ള ഊര്‍ജ്ജത്തിനും ആവശ്യത്തിന്‌ പാല്‍ കിട്ടേണ്ടതാണ്‌. പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പാലിന്റെ ലഭ്യത കുറയുന്നു എന്ന കാര്യവും രോഗത്തിന്റെ തീവ്രത കൂട്ടുന്നു.

ചികില്‍സയും നിയന്ത്രണവും

വ്യവസായവല്‍ക്കരിക്കപ്പെട്ട ഫാമുകളില്‍ പതിവായി ഇ.കോളിക്കെതിരായി അമ്മപ്പന്നികള്‍ക്ക്‌ കുത്തിവയ്‌പെടുക്കാറുണ്ട്‌. എന്നിരുന്നാലും പ്രസവത്തിനു മുമ്പെടുക്കുന്ന പ്രതിരോധകുത്തിവയ്‌പിന്‌ ഫലംകിട്ടാന്‍ ആവശ്യത്തിന്‌ കൊളസ്‌ട്രവും പാലും പന്നിക്കുഞ്ഞിനു കൊടുക്കാറുണ്ടതാണ്‌.
അതിനാല്‍ കൊളസ്‌ട്രം ആവശ്യത്തിനു കൊടുക്കേണ്ടതാണ്‌. കൊളസ്‌ട്രത്തില്‍ ആന്റിബോജി ഉള്ളതിനാല്‍ ഇവ കുഞ്ഞുപന്നികളെ ആദ്യത്തെ കുറച്ച്‌ ആഴ്‌ചകളില്‍ സംരക്ഷിക്കുന്നു. ക്വാറന്റെയിന്‍ സമയത്ത്‌ കിട്ടുന്ന സ്വാഭാവിക പ്രതിരോധശക്തി സാധാരണ ഫാമില്‍ കാണുന്ന രോഗാണുക്കളില്‍നിന്ന്‌ പെണ്‍പന്നികളെ സംരക്ഷിക്കുന്നു. രോഗം തടയാനായി ഫാമില്‍ ശരിയായ വായുസഞ്ചാരം കൊടുക്കണം. ദിവസവും പതിവായി ശുചീകരണം നടത്തുക, കിടക്കുന്ന സ്ഥലം ഉണക്കി വൃത്തിയാക്കി സൂക്ഷിക്കുക എന്നിവ കൂടി ചെയ്യണം. ക്രീപ്പ്‌ സ്ഥലം ചൂടുള്ളതായി സൂക്ഷിക്കുന്നത്‌ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പ്രതിരോധശേഷി കൂട്ടുന്നതിന്‌ സഹായിക്കും.
ഇ.കോളി ഉണ്ടാക്കുന്ന വയറിളക്കമാണെങ്കില്‍ ഇരുമ്പ്‌ നല്‍കുന്നത്‌ തല്‍കാലം നിര്‍ത്തുക. ഈ ബാക്‌ടീരിയയുടെ വളര്‍ച്ചയ്‌ക്ക്‌ ഇരുമ്പ്‌ ആവശ്യമാണ്‌. അതിനാല്‍ ഇരുമ്പ്‌ നല്‍കുകയാണെങ്കില്‍ അത്‌ ബാക്‌ടീരിയയുടെ ഭക്ഷണമായി ഭവിക്കും.
ഇലിക്‌ട്രോലൈറ്റ്‌ കൊടുക്കുന്നത്‌ നിര്‍ജ്ജലീകരണം തടയുന്നതിന്‌ സഹായിക്കും. നിരവധി ഇലക്‌ട്രോലൈറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ചില സമയങ്ങളില്‍ ക്രിപ്പ്‌ ഫീഡ്‌ വയറിളക്കം ഉണ്ടാകാറുണ്ട്‌. അങ്ങനെയാണെങ്കില്‍ 1-3 ദിവസം ക്രിപ്പ്‌ ഫീഡ്‌ ഒഴിവാക്കുക.
അമ്മപ്പന്നിയുടെ ആര്‍ജ്ജവം പരിശോധിക്കുക. ചിലപ്പോള്‍ കുട്ടികളിലെ വയറിളക്കത്തിനു കാരണം അമ്മപ്പന്നിയുടെ രോഗാണുബാധയുള്ള പാല്‍ കുടിക്കുന്നതോ അല്ലെങ്കില്‍ പാലിന്റെ കുറവോ ആകാം. ഈ സന്ദര്‍ഭങ്ങളില്‍ പന്നിയെ പരിശോധിക്കുകയും കാരണം കണ്ടെത്തിയാല്‍ വളര്‍ത്തമ്മയെ ഉപയോഗിക്കുകയും ചെയ്യാം.

വീനിങ്‌ ചെയ്‌ത പന്നിക്കുട്ടികളിലെ വയറിളക്കം

പ്രായമുള്ള പന്നികളില്‍ കാണുന്ന വയറിളക്കം ഒരു രോഗത്തിന്റെ ലക്ഷണമോ ഭാഗമോ ആകാം. ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ രോഗം ശരീരത്തെ മുഴുവന്‍ ബാധിക്കുന്നതാണോ അല്ലെങ്കില്‍ ദഹനവ്യവസ്ഥയെ മാത്രം ബാധിക്കുന്നതാണോ അതോ ചെറുകുടലിനെയോ വന്‍കുടലിനെയോ അല്ലെങ്കില്‍ രണ്ടിനെയും കൂടിയോ ബാധിക്കുന്നതാണോ എന്ന്‌ കണ്ടുപിടിക്കേണ്ടതാണ്‌.
പന്നിക്കുഞ്ഞുങ്ങളുടെ ജീവിതത്തിലെ സമ്മര്‍ദ്ദമേറിയ ഘട്ടമാണ്‌ വീനിങ്‌. ആ സമയത്ത്‌ ഒരുപാട്‌ മാറ്റങ്ങള്‍ സംഭവിക്കുന്നു.
അമ്മയുടെ പാല്‍ കിട്ടുന്നില്ല. അതിലൂടെ ലഭിച്ചിരുന്ന ആന്റിബോഡിസിന്റെ സംരക്ഷണം നഷ്‌ടമാകുന്നു.
ഖരരൂപത്തിലുള്ള തീറ്റമാത്രമേ ലഭിക്കുന്നുള്ളൂ എന്നതിനാല്‍ പന്നിക്കുട്ടികളുടെ ദഹമവ്യൂഹം അതുമായി താദാത്മ്യം പ്രാപിക്കാന്‍ സമയമെടുക്കുന്നു.
അമ്മയില്‍നിന്ന്‌ വേര്‍തിരിക്കുന്നതുതന്നെ പലതരം സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകും- കാരണം പന്നിക്കുട്ടികളെ മറ്റു പന്നികളുള്ള കൂട്ടിലേക്ക്‌ മാറ്റുന്നത്‌ സമ്മര്‍ദ്ദം കൂട്ടും.
സമ്മര്‍ദ്ദം ഏറിയ ഈ സന്ദര്‍ഭങ്ങളില്‍ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പെട്ടെന്ന്‌ വിധേയരായിത്തീരുന്നു.

അണുബാധമൂലമല്ലാത്ത വയറിളക്കം

ഇത്‌ പ്രധാനമായും തീറ്റ ആഗീരണം ചെയ്യാത്തതുമൂലമാണ്‌ സംഭവിക്കുന്നത്‌. വീനിങ്ങിന്റെ സമയത്തുള്ള സമ്മര്‍ദ്ദവും ഭക്ഷണത്തിലുള്ള പെട്ടെന്നുള്ള വ്യതിയാനവുമാണ്‌ കാരണം. ഈ സമ്മര്‍ദ്ദങ്ങള്‍ പന്നിയുടെ ശരീരത്തില്‍ ജൈവികമാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
മലത്തില്‍ കൂടിയ അളവില്‍ കൊഴുപ്പും അന്നജവും കാണപ്പെടുന്നു. 
ചെറുകുടലിന്റെ ആവരണത്തിന്‌ നാശം സംഭവിക്കുന്നതുമൂലം ഭക്ഷണം ആഗീരണം ചെയ്യുന്നത്‌ തടയുന്നു. ഇത്‌ പ്രധാനമായും വീനിങ്ങിന്‌ 1-10 ദിവസങ്ങള്‍ക്കുശേഷമാണ്‌ കണ്ടുവരുന്നത്‌. ഇത്‌ ഇ.കോളിപോലുള്ള ബാക്‌ടീരിയകളുടെ ആക്രമണത്തിന്‌ കാരണമാകുന്നു. ഇതിന്റെ ഫലമായി ഭക്ഷണത്തിന്റെ ആഗീരണം നടക്കാത്തതുമൂലം നിര്‍ജ്ജലീകരണവും വയറിളക്കവും ഉണ്ടാകും. ഇത്തരം പന്നിക്കുഞ്ഞുങ്ങളുടെ കണ്ണുകള്‍ കുഴിഞ്ഞുതാഴ്‌ന്നുപോവുകയും ചെയ്യുന്നു.

നീര്‍ക്കെട്ട്‌ രോഗം

സാധാരണയായി ഒന്നോ രണ്ടോ പന്നിക്കുഞ്ഞുങ്ങളില്‍ മറ്റു യാതൊരു ലക്ഷണങ്ങളുമില്ലാത്ത മരണത്തോടെയാണു പ്രകടമാകുന്നത്‌. പന്നിക്കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരും വലിപ്പമുള്ളവരും ആയിരിക്കും. അമിതഭക്ഷണം അവരുടെ കുടലില്‍ പെട്ടെന്ന്‌ സമ്മര്‍ദ്ദമുണ്ടാകാനും അങ്ങനെ അമ്ലത്വത്തില്‍ വ്യതിയാനം വരികയും അത്‌ വിഷമുല്‍പ്പാദിപ്പിക്കുന്ന ബാക്‌ടീരിയകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഇത്തരം ബാക്‌ടീരിയ പുറപ്പെടുവിക്കുന്ന വിഷങ്ങള്‍ കലകളില്‍നിന്നുള്ള ജലം രക്തക്കുഴലിനു പുറത്തുവരാനും അങ്ങനെ കലകളില്‍ വെള്ളം അടിഞ്ഞുകൂടാനും കാരണമാകുന്നു. ഇതാണ്‌ നീര്‌ ആയി കാണുന്നത്‌. പ്രധാനമായും കണ്‍പോളകളിലും കഴുത്തിലും സ്വനതന്തുക്കളിലും ബാധിക്കുന്നുവെന്നതിനാല്‍ വീനേര്‍സ്‌ ഒരു പ്രത്യേക ശബ്‌ദം പുറപ്പെടുവിക്കുന്നു. തലച്ചോറില്‍ നീര്‌ വയ്‌ക്കുകയാണെങ്കില്‍ മുന്നോട്ടും പിറകോട്ടും ആടിക്കൊണ്ടുള്ള നടത്തം, വിറയല്‍ കാലിട്ടടിക്കുക, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറില്ല.

സന്ധിവാതം

പന്നികളിലെ മുടന്തിന്‌ ഒരു പ്രധാന കാരണമാണിത്‌. സന്ധികള്‍ക്കും അനുബന്ധകലകള്‍ക്കുമുണ്ടാകുന്ന അണുബാധമൂലമാണ്‌ ഇതുണ്ടാകുന്നത്‌. ബാക്‌ടീരിയ, മൈകോപ്ലാസ്‌മ എന്നിവയാണ്‌ രോഗഹേതു.

ബാക്‌ടീരിയമൂലമുള്ള സന്ധിവാതം

ഗുരുതരമായതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ ഈ രോഗം 1-3 ആഴ്‌ച പ്രായമുള്ള പന്നികളില്‍ കണ്ടുവരുന്നു. പന്നികള്‍ അനുബന്ധരോഗംമൂലമാണ്‌ മരണമടയുന്നത്‌. സാധാരണയായി ചുറ്റുപാടുകളെയും കൈകാര്യം ചെയ്യുന്ന രീതിയെയും ആശ്രയിച്ചാണ്‌ ഈ രോഗം കണ്ടുവരുന്നത്‌. പൊക്കിള്‍ക്കൊടിയിലൂടെയും കാലിലും ത്വക്കിലും ഉള്ള ചെറിയ മുറിവുകളിലൂടെയുമാണ്‌ ബാക്‌ടീരിയ അകത്തുകടക്കുന്നത്‌.
അണുബാധയുണ്ടായാല്‍ പനി. പരുപരുത്ത രോമങ്ങള്‍, മന്ദത, മുടന്ത്‌ എന്നിവ കാണാം. രോഗം പുരോഗമിക്കുന്നതനുസരിച്ച്‌ പന്നിക്ക്‌ ഭാരനഷ്‌ടം, നീര്‍കെട്ട്‌ എന്നിവയും കാണാം. രോഗം ബാധിച്ച പന്നികളില്‍ വളര്‍ച്ച മുരടിക്കുകയും ജീവിതകാലം മുഴുവന്‍ വാതം ഉള്ളവയും ആയിരിക്കും. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പെനിസിലിന്‍ ഇഞ്ചക്‌ഷന്‍ ഉപകാരപ്രദമാണ്‌. അണുബാധ ദീര്‍ഘസ്ഥായി ആണെങ്കില്‍ ചികില്‍സയ്‌ക്കുള്ള പ്രതികരണം വളരെ മോശമായിരിക്കും.

മൈകോപ്ലസ്‌മല്‍ ആര്‍ത്രൈറ്റിസ്‌

ഇതിനു കാരണം പ്രധാനമായും രണ്ടുതരം മൈകോപ്ലാസ്‌മയാണ്‌. കഠിനമായ ഹ്രസ്വസ്ഥായിയാ ആര്‍ത്രൈറ്റിസ്‌ 10 ആഴ്‌ച കൂടുതല്‍ പ്രായമുള്ള പന്നികളിലാണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ മറ്റ്‌ ചിലതരം മൈകോപ്ലാസ്‌മ ഹ്രസ്വസ്ഥായിയും ദീര്‍ഘസ്ഥായിയും ആയ സന്ധിവാതം മൂന്നു മുതല്‍ 10 വരെ ആഴ്‌ച പ്രായമുള്ള പന്നികളിലാണ്‌ രോഗം ഉണ്ടാക്കുന്നത്‌. പന്നികളുടെ സന്ധിവാതം ന്യൂമോണിയയുടെ അനുബന്ധരോഗമായാണ്‌ കാണപ്പെടുന്നത്‌. പരുത്ത രോഗമങ്ങളും മന്ദതയുമാണ്‌ നേരത്തേ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍.
രോഗം പുരോഗമിക്കുന്നതിനനുസരിച്ച്‌ പന്നിക്ക്‌ വയറുവേദനയും നെഞ്ചുവേദനയും തുടങ്ങും. വലിഞ്ഞുപിടിക്കുന്ന ചലനങ്ങളോടെ മുന്‍പിന്‍ കാലുകള്‍ നീട്ടിയിരിക്കും. വിശപ്പില്ലായ്‌മ, ശ്വാസം കഴിക്കാനുള്ള പ്രയാസം, ചെറിയ ചൂട്‌ എന്നിവ മറ്റു ലക്ഷണങ്ങളാണ്‌. പന്നികള്‍ ചരിഞ്ഞുകിടക്കാതെ നെഞ്ചിന്മേല്‍ കിടക്കും. കൂടാതെ മുടന്തും സന്ധികള്‍ക്ക്‌ വീക്കവും വരും.
രോഗത്തിന്റെ ശരിയായ പരിപാലനം എന്നത്‌ പന്നികളില്‍ സമ്മര്‍ദ്ദം കുറയ്‌ക്കുകയും ന്യുമോണിയ, വയറിളക്കം എന്നിവമൂലമുള്ള സന്ധി വീക്കത്തിന്‌ കാരണമാകുന്ന അണുബാധ തടയുകയും ചെയ്യുക എന്നതാണ്‌.

പൊക്കിള്‍ക്കൊടിമൂലമുണ്ടാകുന്ന അണുബാധ

സ്‌ട്രോപ്‌റ്റോകോക്കസ്‌ ബാക്‌ടീരിയയാണ്‌ ഇതിനു നിദാനം. ആദ്യത്തെ ആഴ്‌ചകളില്‍ പന്നിക്കുഞ്ഞുങ്ങളുടെ മരണത്തിനിത്‌ കാരണമാക്കുന്നു. സാധാരണയായി അണുബാദ പ്രസവിച്ചു കുറച്ചുസമയത്തിനുള്ളില്‍തന്നെ പൊക്കില്‍ക്കൊടിയിലൂടെ പന്നിക്കുഞ്ഞിനുള്ളിലെത്തുന്നു. ചിലപ്പോള്‍ ഈ അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ മുറിവുകളിലൂടെയും ആകാം.
പന്നിക്കുഞ്ഞുങ്ങള്‍ ക്ഷീണിച്ച്‌ മരണപ്പെടുന്നു. ചില രോഗംബാധിച്ച പന്നികള്‍ ജീവിക്കുമെങ്കിലും രോഗലക്ഷണങ്ങള്‍ പിന്നീടേ കാണിക്കുന്നുള്ളൂ. പഴുപ്പോടുകൂടിയ വീക്കമാണ്‌ ആദ്യം കാണുന്ന ലക്ഷണം. പിന്നീട്‌ വിശപ്പില്ലായ്‌മ, വയറിളക്കം, ഭാരനഷ്‌ടം. ഉയര്‍ന്ന പനി, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ കാണിക്കും.
നടക്കാന്‍ പറ്റാത്തവിധം വീര്‍ത്ത സന്ധികള്‍, വിഷബാധ എന്നിവ രോഗം പുരോഗമിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്നു. പ്രതിരോധശേഷി കുറയുന്നത്‌ ന്യുമോണിയയ്‌ക്ക്‌ സാധ്യത കൂട്ടും.
പ്രസവക്കൂട്ടില്‍ നല്ല ശുചിത്വം പാലിക്കുന്നത്‌ ഇത്‌ തടയാന്‍ സഹായിക്കും. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി ഒരു അണുനാശിനി ഉപയോഗിച്ചു തുടയ്‌ക്കുന്നത്‌ നന്നായിരിക്കും. പ്രസവക്കൂട്‌ ഉണക്കമുള്ളതും ചെറുചൂടുള്ളതും ആവശ്യത്തിന്‌ വായുസഞ്ചാരമുള്ളതുമായിരിക്കണം. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പെനിസിലിന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ എന്നീ മരുന്നുകള്‍ ഉപയോഗിക്കാം. പക്ഷേ, രോഗം പൂര്‍ണ്ണമായും ബാധിച്ചാല്‍ പിന്നെ തിരിച്ചു വരവ്‌ സാധ്യമല്ല.

മെനിഞ്ചൈറ്റിസ്‌ (മെനിഞ്ചസിന്റെ അണുബാധ)

ഈ രോഗത്തില്‍ പന്നിക്കുഞ്ഞുങ്ങളെ അനക്കമില്ലാതെയോ അണ്ഡരായോ കാണാം. ചിലപ്പോള്‍ അവ വിറയല്‍ കാണിച്ചു മരണപ്പെടുന്നു. രോഗ കാരണം സ്‌ട്രെപ്‌റ്റോകോക്കസ്‌ ബാക്‌ടീരിയ ആണ്‌. വീനിങ്‌ കഴിഞ്ഞ പന്നിക്കുഞ്ഞുങ്ങള്‍ രോഗം മൂലം മരണപ്പെടുന്നില്ലെങ്കില്‍ 40.60 C -41.70 C വരെ പനിയുണ്ടാക്കും. വിറയല്‍, തളര്‍ച്ച, കാലിട്ടടിക്കുക, നടുവളച്ചുപിടിക്കുക എന്നീ ലക്ഷണങ്ങള്‍ മരണത്തിനുമുമ്പേ കാണാം. ലക്ഷണങ്ങള്‍ ബാധിച്ച പന്നികലെ അവയുടെ തുറിച്ചുള്ള നോട്ടം, നിയന്ത്രണമില്ലാത്ത നടത്തം എന്നിവ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും.

വിറയല്‍ രോഗം

നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുടെ ഫലമായാണ്‌ ഇത്‌ കാണുന്നത്‌. പ്രസവത്തിനുശേഷം പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ വിറയല്‍ കാരണം പാലു കുടിക്കാന്‍ കഴിയാതെ വരുന്നു. അതിനാല്‍ മരണം പട്ടിണിമൂലമായിരിക്കും. ഈ രോഗത്തിന്റെ മറ്റ്‌ കാരണങ്ങള്‍ ഇവയാണ്‌.
1. ഹോഗ്‌ കോളറയും സ്യൂഡോറാബീസും മൂലം ഗര്‍ഭകാലത്തും മുലകുടിക്കുന്ന സമയത്തും പന്നിക്കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അണുബാധ.
2. ലിംഗപരമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ പാരമ്പര്യപ്രശ്‌നങ്ങള്‍
3. അമ്മപ്പന്നിക്ക്‌ ഗര്‍ഭകാലത്തുണ്ടാകുന്ന വിഷബാധ
4. രക്തത്തില്‍ കാല്‍സ്യത്തിന്റെയോ ഗ്ലൂക്കോസിന്റെയോ കുരവ്‌.
6. ടെറ്റനസ്‌
സ്വയം നിയന്ത്രിക്കപ്പെടുന്ന പേശികള്‍ക്കുണ്ടാകുന്ന അനിയന്ത്രിതമായ കോച്ചിവലിയാണ്‌ ടെറ്റനസിന്റെ പ്രധാന ലക്ഷണം. ക്ലോസ്‌ട്രിഡിയം ടെറ്റനിയാണ്‌ രോഗകാരി. മണ്ണില്‍ കാണപ്പെടുന്ന ബാക്‌ടീരിയയ്‌ക്ക്‌ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുന്നു. എല്ലാ പ്രായത്തില്‍പ്പെട്ട പന്നികളെയും ഇത്‌ ബാധിക്കുന്നു. എന്നാലും ചെറുപ്രായത്തിലുള്ള പന്നികളെയാണ്‌ കൂടുതല്‍ ബാധിക്കുന്നത്‌. ഇവയ്‌ക്ക്‌ ശരീരത്തിലെ മുറിവിലൂടെയും പൊക്കിള്‍ക്കൊടിയിലൂടെയുമാണ്‌ പ്രധാനമായും അണുബാധയുണ്ടാകുന്നത്‌.
ബാക്‌ടീരിയകള്‍ സാധാരണയായി മുറിവില്‍ക്കൂടി ശരീരത്തില്‍ കയറുന്നു. ഈ രോഗത്തിന്റെ ഇന്‍കുബേഷന്‍ കാലം ശരാശരി 10-14 ദിവസമാണ്‌. വഴങ്ങാത്ത നടത്തമാണ്‌ ആദ്യലക്ഷണം. രോഗം പുരോഗമിക്കുമ്പോള്‍ പേശികള്‍ക്ക്‌ കോച്ചിവലിയുണ്ടാകുന്നു. ഉയര്‍ത്തിപ്പിടിച്ച തല, നടക്കാനുള്ള വിഷമം, നീട്ടിപ്പിടിച്ചവാല്‍ എന്നിവയാണ്‌ മറ്റു ലക്ഷണങ്ങള്‍. രോഗം പെട്ടെന്നു തീവ്രമാകുന്നു. പിന്നീട്‌ കഠിനമായ ഞരമ്പുവലി, ഉയര്‍ന്ന ശ്വസനനിരക്ക്‌, വായില്‍നിന്നും പത വരുക എന്നിവ കാണാം. ശ്വസനത്തിനു സഹായിക്കുന്ന പേശികള്‍ക്ക്‌ ബലക്ഷയം സംഭവിക്കുന്നതിനാല്‍ ശ്വാസതടസ്സം മൂലമാണ്‌ മരണം സംഭവിക്കുന്നത്‌.
ടെറ്റനസ്‌ ബാധയില്‍ പ്രതിരോധത്തിനും ശുചിത്വത്തിനും മുറിവുകളുടെ ചികില്‍സയ്‌ക്കും ഊന്നല്‍ നല്‍കുന്നു. ടെറ്റനസ്‌ ടോക്‌സായിഡ്‌ (ടി.ടി.) ഉപയോഗിച്ച്‌ പ്രതിരോധിക്കാന്‍ കഴിയും. ചികില്‍സയ്‌ക്കായി ആന്റിബയോട്ടിക്കുകള്‍, ടെറ്റനസ്‌ ആന്റിടോക്‌സിന്‍, പെന്‍സിലിന്‍, ടെട്രാസൈക്ലിന്‍ എന്നിവ ഉപയോഗിക്കാം.

ഗ്രീസ്‌ പന്നിരോഗം

സ്റ്റെഫൈലോകോക്കസ്‌ ബാക്‌ടീരിയ തൊലിപ്പുറത്തുണ്ടാക്കുന്ന ഒരു അസുഖമാണിത്‌. ആദ്യം തൊലി ചുവന്നുതുടങ്ങുകയും പിന്നീട്‌ നനവുള്ളതായും പൊറ്റപിടിച്ചും കാണുന്നു. തലയില്‍നിന്നും തുടങ്ങിയ ഇത്‌ ശരീരം മുഴുവന്‍ പടരുന്നു. ഇതിന്‌ മെയ്‌ഞ്ചിനോടു സാദൃശ്യം തോന്നുമെങ്കിലും പൊറ്റകള്‍ പെട്ടെന്ന്‌ ഇളക്കിക്കളയാന്‍ സാധിക്കും. അതിനു താഴെയുള്ള തൊലി നനഞ്ഞും പരന്നും ചുവന്നുമിരിക്കും. ഇതില്‍ ചൊറിച്ചില്‍ സാധാരണമല്ല.
രോഗം വരുന്നത്‌ തടയുന്നതാണ്‌ ഏറ്റവും നല്ലത്‌. കുഞ്ഞുങ്ങളുടെ കൂടും പ്രസവക്കൂടും ദിവസവും വൃത്തിയാക്കുക. ചൂടുള്ളതും ഉണങ്ങിയതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക, പേനോ മെയ്‌ഞ്ചോ കാണുകയാണെങ്കില്‍ ശരിയായ നിയന്ത്രണരീതി അവലംബിക്കണം. നേരത്തേ കണ്ടുപിടിക്കുകയാണെങ്കില്‍ വിജയകരമായി ഈ രോഗം ചികില്‍സിച്ചു മാറ്റാം. പെനിസിലിന്‍ അല്ലെങ്കില്‍ ടെട്രാസൈക്ലിന്‍ ഇന്‍ജക്‌ഷന്‍ 3-4 ദിവസം കൊടുക്കുന്നത്‌ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ഉപകരിക്കും. രോഗം പടര്‍ന്നുകഴിയുകയാണെങ്കില്‍ പന്നിയെ സോപ്പും വെള്ളവും അണുനാശിനിയും ഉപയോഗിച്ച്‌ കുളിപ്പിക്കുക.

പിറ്റൈറിയാസിസ്‌ റോസിയസുയിസ്‌

ഇത്‌ ഒറ്റ പന്നിയിലോ ഒരു ലിറ്ററില്‍ മുഴുവനോ കാണാം. സാധാരണയായി ഒരു ലിറ്ററില്‍ 2-3 പന്നിക്കുഞ്ഞുങ്ങളെയാണ്‌ ബാധിക്കുന്നത്‌. 2-4 ആഴ്‌ച പ്രായമുള്ളപ്പോള്‍ ആണ്‌ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. വയര്‍ തുടകള്‍ എന്നിവിടങ്ങളില്‍ 2-3 സെ.മീ. വിസ്‌താരമുള്ള ചുവന്ന പാടുകളായി തുടങ്ങുന്നു. പിന്നീട്‌ അത്‌ പടര്‍ന്ന്‌ ചുവന്ന വലിയ വട്ടങ്ങളായി മാറുന്നു. മധ്യഭാഗത്ത്‌ രോഗബാധയുണ്ടാവില്ല.
ചെതുമ്പലുകളുടെ അഗ്രം പിന്നീട്‌ പുറത്തോട്ടു വളരുകയും അങ്ങനെ വളയങ്ങളായി തടിച്ച്‌ പൊങ്ങുകയും ചെയ്യുന്നു. മധ്യഭാഗത്തെ ചെതുമ്പലുകള്‍ ഇല്ലാതാക്കുന്നു. ഇത്‌ മുഴുവന്‍ ശരീരത്തിലും പടരുന്നു. ഒന്നില്‍ കൂടുതല്‍ പന്നികളെ ബാധിക്കുമെങ്കിലും അവ ആരോഗ്യമുള്ളവരായിരിക്കും. 2-3 മാസത്തിനുള്ളില്‍ ത്വക്ക്‌ പൂര്‍വ്വസ്ഥിതിയിലെത്തും.
രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍പോലും ചൊറിച്ചില്‍ അനുഭവപ്പെടുന്നില്ല. ഇത്‌ പലപ്പോഴും വട്ടച്ചൊറിയുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌.

വട്ടച്ചൊറി

ഡെര്‍മറ്റോമൈകോസിസ്‌ എന്നും ഇത്‌ അറിയപ്പെടുന്നു. ഇതൊരു ഫംഗസ്‌ രോഗമാണ്‌. ചുവന്ന ചെതുമ്പലുകളും ചെറിയ കുമിളകളുമായാണ്‌ തുടങ്ങുന്നത്‌. പിന്നീട്‌ ചെതുമ്പലുകള്‍ ബ്രൗണ്‍ അല്ലെങ്കില്‍ ചുവന്ന നിറത്തില്‍ അഗ്രം ഉയര്‍ന്ന്‌ കാണുന്നു. ചെതുമ്പലുകള്‍ വൃത്താകൃതിയില്‍ പടര്‍ന്ന്‌ മറ്റു ഭാഗത്തേക്ക്‌ വ്യാപിക്കുന്നു. ബീറ്റാഡിന്‍, കുമിള്‍നാശിനികള്‍ എന്നിവ ഉപയോഗിച്ചു ചികില്‍സിക്കാം, ഏറ്റവും നല്ല പ്രതിരോധമാര്‍ഗ്ഗം ശുചിത്വമാണ്‌.

വളരുന്ന പന്നികളില്‍ കണ്ടുവരുന്ന ശ്വാസകോശരോഗങ്ങള്‍

പന്നിവ്യവസായത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌ പന്നികള്‍ക്ക്‌ പകരുന്ന ശ്വാസകോശരോഗങ്ങള്‍. വൈറസ്‌, ബാക്‌ടീരിയ എന്നിവയാണ്‌ രോഗമുണ്ടാക്കുന്നത്‌.

ന്യുമോണിയ

ന്യുമോണിയ ബാധിച്ച പന്നിയുടെ ശ്വാസകോശത്തില്‍നിന്നും പലതരം സൂക്ഷ്‌മാണുക്കളെയും വേര്‍തിരിച്ചെടുത്തിട്ടുണ്ടെങ്കിലും ഒരു രോഗം വരാന്‍ സാധ്യതയുള്ള മൃഗത്തില്‍ കുത്തിവെച്ചാല്‍ ന്യുമോണിയ ഉണ്ടാക്കാന്‍ കഴിയുന്നവ വളരെ കുറച്ചേയുള്ളൂ.
പന്നികള്‍ ഒരു കൂട്ടം സൂക്ഷ്‌മാണുക്കള്‍ക്ക്‌ വിധേയരാകുകയും പരിസ്ഥിതിയും സമ്മര്‍ദ്ദവും പന്നിയുടെ പ്രതിരോധശേഷി കുറയ്‌ക്കുകയും ചെയ്യുമ്പോഴാണ്‌ ന്യുമോണിയ ഉണ്ടാകുന്നത്‌. ന്യുമോണിയ ഉണ്ടാക്കുന്ന രോഗകാരികള്‍ എല്ലാ ഫാമിലും ഉണ്ടെങ്കിലും ചില ഫാമുകളില്‍ രോഗം തീവ്രവവും മറ്റു ചിലതില്‍ വളരെ തീവ്രത കുറഞ്ഞതുമാകാന്‍ കാരണം അവിടങ്ങിലെ ചുറ്റുപാട്‌ ആണ്‌.

  • ഫാം രീതി

ഫാമിനടുത്തുതന്നെ പന്നികളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാമുകളില്‍ ദൂരെനിന്നും പന്നികളെ വാങ്ങിക്കുന്ന ഫാമുകളിലെക്കാള്‍ ന്യുമോണിയ സാധ്യത കുറവായിരിക്കും. കാരണം പുറത്തുനിന്നും ഇറച്ചിക്കായുള്ള പന്നികളെ വാങ്ങുന്നവയില്‍ പന്നികള്‍ക്ക്‌ വ്യത്യസ്‌ത അളവിലുള്ള പ്രതിരോധശക്തിയും അണുബാധയും ഉണ്ടാകും. അതുകൊണ്ടുതന്നെ ഫാമിനാവശ്യമായ പന്നിക്കുഞ്ഞുങ്ങളെ അവിടെത്തന്നെ വളര്‍ത്തുന്ന സാഹചര്യത്തില്‍ രോഗം കുറവായിരിക്കും.

  • ഫാമിന്റെ വലിപ്പം

ഫാമിന്റെ വലിപ്പ വര്‍ധനയ്‌ക്കനുസരിച്ച്‌ ന്യുമോണിയ ബാധിച്ച പന്നികളുടെ ശതമാനം വര്‍ധിക്കും. കൂടാതെ വലിയ ഒരു കൂട്ടത്തിലേക്ക്‌ എപ്പോഴും പന്നികള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ അത്തരം കൂട്ടത്തിന്‌ പ്രതിരോധശേഷി ഉണ്ടാകുന്നില്ല. അതുകൊണ്ട്‌ ഇടയ്‌ക്കിടെ പന്നികളെ പുറത്തുനിന്ന്‌ കൊണ്ടുവരുന്ന വലിയ ഫാമുകളില്‍ ശ്വാസകോശരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു.
ഒരു ബില്‍ഡിങ്ങില്‍ ഉള്‍ക്കൊള്ളാവുന്ന പന്നികളുടെ എണ്ണം വായുവില്‍ കൂടിയും സ്‌പര്‍ശംമൂലവുമാണ്‌ ന്യൂമോണിയ പകരുന്നത്‌. അതിനാല്‍ മൃഗങ്ങള്‍ പരസ്‌പരം അടുത്തുവരുന്നത്‌ രോഗസാധ്യതയും കൂടുന്നു. കുറച്ചു പന്നികളുള്ള കെട്ടിടത്തിനെക്കാള്‍ കൂടുതല്‍ പന്നികളുള്ള കെട്ടിടത്തിലായിരിക്കും രോഗസാധ്യത കൂടുതല്‍.
വ്യക്തിഗതസ്ഥലസൗകര്യം: കുറച്ചു സ്ഥലത്ത്‌ താമസിക്കുന്ന പന്നികള്‍ പരസ്‌പരം വളരെ അടുത്തായിരിക്കും എന്നതിനാല്‍ രോഗാണുക്കളുടെ വ്യാപനം കൂടും. കൂടാതെ പന്നികള്‍ തമ്മില്‍ കടിക്കാനും തിന്നാനും വിസര്‍ജ്ജനത്തിനും സ്ഥലത്തിനും മല്‍സരം നടക്കുന്നതുമൂലമുള്ള സമ്മര്‍ദ്ദവും കൂടുമ്പോള്‍ രോഗസാധ്യത വര്‍ധിക്കുന്നു.

  • വായുസഞ്ചാരം

കൂടുകളില്‍ വളര്‍ത്തുന്ന പന്നികള്‍ക്ക്‌ ആവശ്യത്തിന്‌ വായുസഞ്ചാരം ലഭിക്കണം.

  • താപനില

ക്രിട്ടിക്കല്‍ ഊഷ്‌മാവിന്‌ താഴെയാണ്‌ താപനിലയെങ്കില്‍ പന്നികള്‍ക്ക്‌ ന്യൂമോണിയ വരാന്‍ സാധ്യത കൂടും.

  • അമോണിയ

അമോണിയ സ്വസനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പന്നികള്‍ക്ക്‌ അസുഖമുണ്ടാക്കുകയും ചെയ്യുന്നു. 100-150 പി.പി.എം. അമോണിയയുള്ള കൂട്ടില്‍ 5 ആഴ്‌ച താമസിപ്പിച്ചാല്‍ പന്നികള്‍ക്ക്‌ മൂക്കില്‍നിന്നും കണ്ണില്‍നിന്നും വായില്‍നിന്നും വെള്ളംവരും.

  • പരാദങ്ങള്‍

ചില വിരകളുടെ ലാര്‍വകള്‍ പന്നികളില്‍ ന്യുമോണിയ ഉണ്ടാക്കുന്നു. മെയ്‌ഞ്ചും ന്യുമോണിയയ്‌ക്ക്‌ കാരണമാകാം. മെയ്‌ഞ്ചിന്‌ ചികില്‍സ നടത്താത്ത കാലത്തോളം വയറിളക്കവും ചുമയും മാറാത്തതായി അനുഭവങ്ങളുണ്ട്‌.

രോഗലക്ഷണങ്ങള്‍

കടുത്ത പനിയും തീറ്റയെടുക്കുന്നതില്‍ കുറവുമാണ്‌ ലക്ഷണങ്ങള്‍. കടുത്ത ശ്വാസതടസ്സം പെട്ടെന്നുള്ള മരണത്തിനു കാരണമാകുന്നു. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. മരണത്തിനുമുമ്പോ ശേഷമോ മൂക്കില്‍നിന്നോ വായില്‍നിന്നോ രക്തം കലര്‍ന്ന പത വരും.

രോഗത്തിന്‌ സഹായിക്കുന്ന മറ്റ്‌ കാരണങ്ങള്‍

1. വരള്‍ച്ച
2. പന്നികളെ കൂട്ടത്തില്‍ കലര്‍ത്തുക, പുതിയ ഗ്രൂപ്പുണ്ടാക്കുക.
3. വ്യത്യസ്‌ത ഫാമുകളില്‍നിന്നുള്ള ഇറച്ചിപ്പന്നികളെ കൂട്ടമായി വളര്‍ത്തുക
4. കൂട്ടില്‍ അണുക്കളുടെ സാമീപ്യം
5. പന്നികള്‍ക്കുള്ള അമിതവണ്ണം

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

വിശപ്പില്ലായ്‌മ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്‌, മന്ദത, പട്ടയെപ്പോലെ ഇരിക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്ന പന്നികള്‍ക്ക്‌ ആന്റിബയോട്ടിക്‌ ഇന്‍ജക്‌ഷന്‍ നല്‍കുക. അസുഖം മാറുന്നതുവരെ ദിവസവും രണ്ടുനേരം ഇന്‍ജക്‌ഷന്‍ നല്‍കണം. ഈ മാര്‍ഗ്ഗം കൂടുതല്‍ സമയമെടുക്കുന്നതും ജോലി ഭാരമുള്ളതും ചെലവേഴിയതുമാണ്‌. കുടിവെള്ളത്തില്‍ മരുന്നു കലക്കി നല്‍കുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌. കൂടുതല്‍ മൃഗങ്ങളെ കാര്യമായി ബാധിക്കുകയാണെങ്കില്‍ തീറ്റയില്‍ ആന്റിബയോട്ടിക്‌സ്‌ നല്‍കുന്നതു കൊണ്ടു കാര്യമില്ല. കൂടാതെ രോഗാണുവിനെ നശിപ്പിക്കത്തക്ക അളവ്‌ ആന്റിബയോട്ടിക്‌ രക്തത്തില്‍ കൈവരിക്കുന്നത്‌ തീറ്റയില്‍ നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക്‌ കഴിയില്ല.

പന്നിഫ്‌ളൂ
വൈറസാണ്‌ രോഗകാരി. ഇന്‍ക്യുബേഷന്‍ കാലം 1-3 ദിവസമോ ചിലപ്പോള്‍ 4 മണിക്കൂര്‍ മാത്രമോ ആകാം.
രോഗലക്ഷണങ്ങള്‍: എല്ലാ പ്രായത്തിലുള്ളവയെയും ബാധിക്കുമെങ്കിലും വളരുന്നവയിലും ഇറച്ചിപ്പന്നികളിലുമാണ്‌ കൂടുതലായും കാണപ്പെടുന്നത്‌.
വൈറസ്‌ ബാധയ്‌ക്കുശേഷം 1-3 ദിവസത്തിനുള്ളില്‍ രോഗം പ്രത്യക്ഷപ്പെടുന്നു. ഇറച്ചിക്കായി വളര്‍ത്തുന്ന പന്നികള്‍ക്ക്‌ തുമ്മല്‍, മൂക്കൊലിപ്പ്‌, കണ്ണീരൊലിപ്പ്‌, ചുമ എന്നിവയോടുകൂടി പുറം വളഞ്ഞിരിക്കും. പന്നികള്‍ ഒരുമിച്ചുകൂടി നില്‍ക്കുന്നു. ബല പ്രയോഗിച്ചു നടത്താന്‍ ശ്രമിച്ചാല്‍ അവ കഠിനമായ ശ്വാസതടസ്സങ്ങള്‍ കാണിക്കും. പനി 420C വരെയെത്താം. ഇത്‌ അലസതയ്‌ക്കും മന്ദത, വിശപ്പില്ലായ്‌മ എന്നിവയ്‌ക്കും തല്‍ഫലമായി ഭാരനഷ്‌ടത്തിനും കാരണമാകും. തിരിച്ചുവരവ്‌ പെട്ടെന്നായിരിക്കും. രോഗം പ്രത്യക്ഷപ്പെട്ട 7 ദിവസത്തിനുള്ളില്‍ മരണം വളരെ കുറവായിരിക്കും (1%).

സമ്മര്‍ദ്ദമുണ്ടാക്കുന്ന ഘടകങ്ങള്‍

1. യാത്ര
2. വ്യത്യസ്‌ത പന്നികളെ ഒന്നിച്ചിടുക
3. രോഗം ബാധിച്ചവയെ മാറ്റിയിടാതിരിക്കുക
4. വ്യത്യസ്‌തമായ ദൈനംദിന അന്തരീക്ഷചൂട്‌
5. കൂട്ടില്‍ അമിത എണ്ണം പന്നികള്‍

ചികില്‍സ

അനുബന്ധരോഗങ്ങള്‍ തടയാന്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം (ഉദാ. കുരളടപ്പന്‍). വെള്ളത്തിലൂടെയോ ഇന്‍ജക്‌ഷനായോ ആന്റിബയോട്ടിക്കുകള്‍ നല്‍കാവുന്നതാണ്‌. രോഗം ബാധിച്ച പന്നികള്‍ക്ക്‌ വിശപ്പില്ലാത്തതിനാല്‍ തീറ്റയില്‍ മരുന്നു നല്‍കാന്‍ പറ്റില്ല.

അട്രോഫിക്‌ റൈനൈറ്റിസ്‌

പാസ്‌പുറെല്ല മള്‍ട്ടോസിഡ എന്ന ബാക്‌ടീരിയ ഉണ്ടാക്കുന്ന വിഷമാണ്‌ ഈ രോഗത്തിനു കാരണം. മൂക്കിലെ കോശങ്ങളില്‍ ഈ ബാക്‌ടീരിയ അള്ളിപ്പിടിച്ച്‌ ടര്‍ബിനേറ്റുകളുടെ നാശത്തിനിടയാക്കുകയും അങ്ങനെ മൂക്ക്‌ വളഞ്ഞുപോവുകയും ചെയ്യുന്നു. പൊടിപടലങ്ങള്‍, തണുത്ത കാറ്റ്‌ എന്നിവ ബാക്‌ടീരിയയെ മൂക്കില്‍ പെരുകാന്‍ സഹായിക്കുന്നു.
തള്ളപ്പന്നികളില്‍നിന്ന്‌ പന്നിക്കുഞ്ഞുങ്ങളിലേക്ക്‌ ഈ രോഗം പകരാം. പക്ഷേ, 3 ആഴ്‌ച പ്രായത്തിനുശേഷം ഒരു പന്നിയില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ഇത്‌ വെള്ളത്തുള്ളികളിലൂടെയാണ്‌ പകരുന്നത്‌.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

ആന്റിബയോട്ടിക്കുകള്‍: ആദ്യമായി ടെസ്റ്റ്‌ നടത്തി ഏത്‌ മരുന്നിനാണ്‌ ബാക്‌ടീരിയ കൂടുതല്‍ സെന്‍സിറ്റീവ്‌ എന്ന്‌ കണ്ടെത്തണം. അമ്മയില്‍നിന്ന്‌ കുഞ്ഞുങ്ങളിലേക്ക്‌ പകരുന്നത്‌ തടയാന്‍ ഗര്‍ഭത്തിന്റെ അവസാനമാസത്തില്‍ ഓക്‌സിടെട്രസൈക്ലിനോ സല്‍ഫൊണാമൈഡോ നല്‍കാം. കൂടാതെ 21-28 ദിവസ പ്രായത്തില്‍ മൂന്നോ നാലോ ആന്റിബയോട്ടിക്‌ ഇന്‍ജക്‌ഷനുകള്‍ നല്‍കാവുന്നതാണ്‌.
വാക്‌സിനേഷന്‍: പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ വാക്‌സിനേഷനും നല്‍കാം. ഇതില്‍ ശരിയായ ടോക്‌സിന്‍ ഉപയോഗിച്ച്‌ പ്രസവത്തിനുമുമ്പ്‌ തള്ളപ്പന്നിയെ വാക്‌സിനേറ്റ്‌ ചെയ്യണം. ബാക്‌ടീരിയ ബാധിക്കുന്നതിന്‌ രണ്ടാഴ്‌ച മുമ്പ്‌ നല്‍കേണ്ടതാണ്‌.

ബാഹ്യപരാദങ്ങള്‍

മെയ്‌ഞ്ച്‌ (മണ്‌ഡരി) സാര്‍കോപ്‌റ്റിസ്‌ സ്‌കാബീ എന്ന മൈറ്റ്‌ ഉണ്ടാകുന്ന രോഗമാണിത്‌. ഈ മൈറ്റുകള്‍ ത്വക്കിനടിയില്‍ വളരെ ഉള്ളിലേക്ക്‌ ടണലുകള്‍ കുഴിച്ച്‌ മുട്ടയിടുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ്‌ ലാര്‍വ പുറത്തുവരുന്നു. ഇത്‌ പിന്നീട്‌ നിംഫുകളായശേഷം പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. മുട്ടയില്‍നിന്നും പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്‍മൈറ്റാകാന്‍ 10-15 ദിവസം വേണ്ടിവരും. ആര്‍ദ്രത കൂടുതലുള്ള അന്തരീക്ഷത്തില്‍ പന്നിയുടെ ശരീരത്തിലല്ലാതെ ഇവയ്‌ക്ക്‌ നാലാഴ്‌ചയോളം ജീവിക്കാന്‍ സാധിക്കും. വരണ്ട കാലാവസ്ഥയ്‌ക്കും വെയിലിനും അവയെ രണ്ടു ദിവസത്തിനുള്ളില്‍ നശിപ്പിക്കാന്‍ കഴിയും. ചെവി, കാലിനിടയിലുള്ള ഭാഗം, വയറ്‌, കഴുത്ത്‌ തുടങ്ങി ചൂടുള്ള ഭാഗങ്ങളില്‍ തുടങ്ങുന്ന രോഗം പിന്നീട്‌ മുഴുവന്‍ ശരീരത്തെയും ബാധിക്കുന്നു.
അസ്വസ്ഥയും ചൊറിച്ചിലുമാണ്‌ ആദ്യ ലക്ഷണങ്ങള്‍. ആദ്യം ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട്‌ അത്‌ പൊറ്റകളും പൊതുമ്പലുകളുമായി മാറുന്നു. കുറച്ചു കഴിയുമ്പോള്‍ ത്വക്ക്‌ പരുപരുത്ത്‌ ചെതുമ്പലുകള്‍ കൊണ്ട്‌ പൊതിഞ്ഞിരിക്കും.

മൈറ്റ്‌ ബാധിച്ചാലുണ്ടാകുന്ന അപകടങ്ങള്‍

1. അമ്മയില്‍നിന്ന്‌ കുഞ്ഞുങ്ങളിലേക്ക്‌ ഈ രോഗം പകരും.
2. ലിറ്ററില്‍നിന്നോ കൂട്ടില്‍നിന്നോ രോഗം മറ്റുള്ളതിലേക്ക്‌ പകരും
3. ഉണങ്ങാത്ത വ്രണങ്ങള്‍ സൃഷ്‌ടിക്കും.
4. ഈച്ചശല്യവും വ്രണങ്ങളില്‍ പുഴുബാധയുമുണ്ടാക്കും.
കൂടാതെ മൈറ്റ്‌ബാധ പന്നികളുടെ ശരീരഭാരം കൂടുന്നതിന്റെ തോത്‌ കുറച്ച്‌ വളരെയധികം സാമ്പത്തികനഷ്‌ടം ഉണ്ടാക്കുന്നു.

പേന്‍ബാധ: പന്നിപ്പേന്‍ ഒരു ഷഡ്‌പദമാണ്‌. ഇത്‌ പന്നികളുടെ ത്വക്കില്‍ ഒട്ടിപ്പിടിച്ച്‌ രക്തം കുടിച്ച്‌ മുറിവുകളുണ്ടാക്കുന്നു. ഇവ രോമത്തിനു മേലാണ്‌ മുട്ടയിടുന്നത്‌. ഈ മുട്ടകള്‍ നഗ്നനേത്രങ്ങള്‍കൊണ്ടു കാണാന്‍ സാധിക്കും. 2-3 ആഴ്‌ചകള്‍കൊണ്ട്‌ മുട്ടവിരിഞ്ഞ്‌ ലാര്‍വ പുറത്തുവരുന്നു. 2-3 ആഴ്‌ചകള്‍കൂടി കഴിഞ്ഞാല്‍ അവ പൂര്‍ണ്ണവളര്‍ച്ചയെത്തും. നിലത്തു വീണ മുട്ടകളും വിരിഞ്ഞ്‌ പേനാകും. പന്നികളെ കൂട്ടില്‍നിന്നും മാറ്റിയാലും 2-6 ആഴ്‌ചകളോളം പേനകള്‍ പന്നിക്കൂട്ടില്‍ ജീവനോടെ ഇരിക്കും. അതിനാല്‍ പന്നികളെ മാറ്റിയശേഷം കൂട്‌ കഴുകി പേന്‍നാശിനി തളിക്കേണ്ടതിനാല്‍ പന്നികളെ മാറ്റിയശേഷം കൂട്‌ കഴുകി പേന്‍നാശിനി തളിക്കേണ്ടത്യാവശ്യമാണ്‌. ഈ പേനുകള്‍ പന്നിപ്പനിയും പന്നിവസൂരിയും പരത്തുന്നു.
ചികില്‍സയും നിയന്ത്രണവും: പ്രജനനത്തിനുപയോഗിക്കുന്ന പന്നികളില്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ആരംഭിക്കണം. ഇവയെ പ്രസവക്കൂട്ടിലേക്ക്‌ മാറ്റുന്നതിനുമുമ്പ്‌ പന്നികളെ നന്നായി കുളിപ്പിക്കേണ്ടതാണ്‌. ഇത്‌ കുട്ടികളിലേക്ക്‌ പകരുന്നത്‌ തടയും.
ആണ്‍പന്നികള്‍ പരാദബാധയുടെ ഒരു സ്ഥിരം ഉറവിടമായി നിലനില്‍ക്കുന്നതിനാല്‍ അവയെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. പുതിയ ബ്രൂഡിങ്‌ സ്റ്റോക്കിനെ മറ്റുള്ളവയില്‍നിന്ന്‌ വേര്‍തിരിച്ച്‌ ചികില്‍സ നല്‍കുകയും നിലവിലുള്ള കൂട്ടത്തില്‍ ശരിയായ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത്‌ മെയ്‌ഞ്ച്‌, പേന്‍ എന്നിവ മൂലമുള്ള സാമ്പത്തികനഷ്‌ടം തടയാന്‍ സഹായിക്കും.
മെയ്‌ഞ്ചിന്റെയും പേനിന്റെയും നിയന്ത്രണം: മെയ്‌ഞ്ചിനുള്ള ചികില്‍സ 7 ദിവസത്തിനുശേഷം തുടരേണ്ടതാണ്‌. കാരണം ആദ്യ ചികില്‍സയ്‌ക്ക്‌ മൈറ്റിനെയും മുട്ടകളെയും നശിപ്പിക്കാനേ കഴിയൂ.
അമ്മപ്പന്നികള്‍: സ്വയം ലക്ഷണങ്ങള്‍ കാണിക്കാത്തപ്പോഴും പന്നിക്കുഞ്ഞുങ്ങള്‍ പരാദബാധയുടെ ഉറവിടം തള്ളപ്പന്നികളാണ്‌. പ്രസവത്തിനു 14ഉം 7ഉം ദിവസങ്ങള്‍ക്കുമുമ്പ്‌ നന്നായി കുളിപ്പിച്ചശേഷം ചികില്‍സ നല്‍കുക.
പന്നിക്കുഞ്ഞുങ്ങള്‍: നഴ്‌സറി കൂടുകളിലേക്കും ഫാറ്റനിങ്‌ കൂടുകളിലേക്കും മാറ്റുന്നതിനുമുമ്പുതന്നെ ചികില്‍സിക്കുക. രണ്ടാമത്തെ ചികില്‍സ കൂടുമാറ്റത്തിന്റെ ആദ്യദിവസംതന്നെ ചെയ്യുക. ആദ്യ ചികില്‍സ കൂടുമാറ്റത്തിന്റെ ആദ്യദിവസവും രണ്ടാമത്തേത്‌ ഒരാഴ്‌ചയ്‌ക്കുശേഷവും നല്‍കാവുന്നതാണ്‌.
ഫാറ്റ്‌നേര്‍സ്‌: മേല്‍ വിവരിച്ചുപോലെ ചെയ്യുകയാണെങ്കില്‍ ചികില്‍സ ആവശ്യമില്ല.
പെണ്‍പന്നികള്‍: ആദ്യമായി ഇണചേര്‍ക്കുന്നതിനുമുമ്പ്‌ ചികില്‍സിക്കുക.
ആണ്‍പന്നികള്‍: വര്‍ഷത്തില്‍ രണ്ടു തവണ ചികില്‍സിക്കുക.
പുതിയ സ്റ്റോക്ക്‌: ഫാമിലെത്തിയ ആദ്യ ദിവസവും ഏഴു ദിവസത്തിനുശേഷവും ചികില്‍സ നല്‍കുക. മെയ്‌ഞ്ച്‌ നിയന്ത്രണപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ എല്ലാ പന്നികളെയും വൃത്തിയാക്കി അണുനാശിനി തളിക്കുക. പക്ഷേ, മൂന്നാഴ്‌ചയില്‍ താഴെ പ്രായമുള്ള പന്നികളെ ചികില്‍സിക്കരുത്‌.
ആന്തരപരാദങ്ങള്‍
എല്ലാ വിരകള്‍ക്കും ഒരുപോലെയുള്ള ജീവിതചക്രമാണെങ്കിലും ഓരോ ഘട്ടത്തിന്റെയും ദൈര്‍ഘ്യവും പ്രാധാന്യവും ഇനങ്ങള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. വലിയ ഉരുണ്ട വിരകളും ചാട്ടവിരകളും ഉപദ്രവകാരികളാണ്‌. അവയുടെ മുട്ട വിഴുങ്ങിക്കഴിഞ്ഞാല്‍ മാത്രമേ വിരിയുകയുള്ളൂ.

ഉരുളന്‍വിര

ഇവ സാധാരണയായി ഉരുണ്ട വിരകള്‍ അല്ലെങ്കില്‍ അസ്‌കാരിഡ്‌സ്‌ എന്നറിയപ്പെടുന്നു. ഇവ ആന്തരികപദാരങ്ങളാണ്‌. കരള്‍-ശ്വാസകോശം എന്നിവയില്‍കൂടി സഞ്ചരിച്ച്‌ പല നാശങ്ങളും ഉണ്ടാക്കുന്നു.
അകത്തുചെന്ന മുട്ടകള്‍ ചെറുകുടലിന്റെ ഭിത്തിയില്‍ എത്തുകയും അവിടെവച്ച്‌ ലാര്‍വ പുറത്തുവരികയും ചെയ്യുന്നു. ഇവ കരളിലൂടെ സഞ്ചരിച്ച്‌ ഒരാഴ്‌ച അവിടെ നില്‍ക്കുകയും പിന്നീട്‌ രക്തത്തിലൂടെ ശ്വാസകേശത്തിലെത്തുന്നു. അവിടെനിന്ന്‌ ചുമയിലൂടെ പന്നി ഇവയെ വിഴുങ്ങുന്നു. അങ്ങനെ ഇവ ചെറുകുടലിലെത്തി പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. ഇവ മുട്ടയിടുകയും ഈ മുട്ടകള്‍ മലത്തിലൂടെ പുറത്തുപോവുകയും ചെയ്യുന്നു. ഇവയുടെ സഞ്ചാരം പന്നികളില്‍ ശ്വാസകോശത്തില്‍ അണുബാധയും വയറ്റില്‍ അസുഖങ്ങളും ഉണ്ടാക്കുന്നു.
പെണ്‍വിരകള്‍ ഒരു ദിവസം രണ്ടു ലക്ഷം മുട്ടകളിലുടം. ഇവ മലത്തിലൂടെ പുറത്തെത്തുന്നു. ചൂടുള്ള നനഞ്ഞ അന്തരീക്ഷത്തില്‍ ഇവ 8 ആഴ്‌ചകള്‍ കൊണ്ട്‌ രോഗബാധയ്‌ക്ക്‌ തയാറാക്കുന്നു. പന്നി ഇവയെ കഴിക്കുമ്പോള്‍ ഈ ചക്രം തുടരുന്നു.

ശ്വാസകോശവിര

ഈ വിരകള്‍ ശ്വാസകോശത്തില്‍ താമസിച്ച്‌ ശ്വാസകോശങ്ങള്‍ക്ക്‌ കേടുവരുത്തി ന്യുമോണിയപോലുള്ള രോഗങ്ങള്‍ക്ക്‌ കാരണമാക്കുന്നു. ഇവ മൂലമുണ്ടാകുന്ന നാശം മറ്റു ബാക്‌ടീരിയ, വൈറസ്‌ തുടങ്ങിയവ മൂലമുള്ള അണുബാദയ്‌ക്ക്‌ വഴിതെളിക്കുന്നു. ഇവയുടെ മുട്ട പാകമാവുന്നത്‌ മണ്ണിരയുടെ ശരീരത്തിലാണ്‌. പന്നികള്‍ക്ക്‌ രോഗബാധയുണ്ടാകുന്നത്‌ മണ്ണിരയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മാത്രമാണ്‌. പന്നികള്‍ മണ്ണിരയെ വിഴുങ്ങുമ്പോള്‍ അതിനുള്ളിലെ ലാര്‍വ കുടലിന്റെ ഭിത്തി തുളച്ച്‌ ശ്വാസകോശത്തിലേക്ക്‌ സഞ്ചരിക്കുന്നു.

നൂല്‍വിരകള്‍

ചളിയില്‍ വളരുന്ന പന്നികളിലാണ്‌ ഇത്‌ കണ്ടുവരുന്നത്‌. ഇവ പന്നിക്കുഞ്ഞുങ്ങളിലാണ്‌ കൂടുതല്‍ അപകടം ഉണ്ടാക്കുന്നത്‌. ഈ പരാദത്തിന്‌ ചുറ്റുപാടില്‍ ജീവിക്കുന്നതിന്‌ സ്വതന്ത്രജീവിതഘട്ടമുണ്ട്‌. എന്നിരുന്നാലും പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്‍വിരകള്‍ ചെറുകുടലിലാണ്‌ ജീവിക്കുന്നത്‌. ലാര്‍വ ഉള്‍ക്കൊള്ളുന്ന മുട്ടകള്‍ മലത്തില്‍ക്കൂടി പുറത്തുവരുന്നു. ലാര്‍വ ത്വക്കിലൂടെയോ ഭക്ഷണത്തിലൂടെയോ ഗര്‍ഭസ്ഥശിശുവിന്റെ കലകളിലൂടെയുള്ള സഞ്ചാരത്തിലൂടെയോ രോഗബാധയുള്ള പന്നികളുടെ പാലിലൂടെയോ പകരാം. കുഞ്ഞുങ്ങള്‍ക്ക്‌ പ്രധാനമായും അമ്മയുടെ പാലിലൂടെയാണ്‌ രോഗം പിടിപെടുന്നത്‌. പാലിലൂടെ ലാര്‍വ നേരേ ചെറുകുടലിലെത്തി പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. വയറിളക്കം, നിര്‍ജ്ജലീകരണം, വളര്‍ച്ച മുരടിക്കുക, ചുറുചുറുക്ക്‌ നഷ്‌ടപ്പെടുക എന്നിവയാണ്‌ സാധാരണ ലക്ഷണം. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം.

പകരുന്ന വഴികള്‍

പന്നികള്‍ക്ക്‌ ആന്തരവിരകള്‍ താഴെപ്പറയുന്ന വഴികളിലൂടെ പകരാം.
1. മലത്തിലുള്ള മുട്ടകള്‍ വായിലൂടെ അകത്ത്‌ കയറാം
2. ത്വക്കിലൂടെ
3. പാലിലൂടെ
4. പ്ലാസന്റയിലൂടെ
നിയന്ത്രണം: മുട്ടകള്‍ വളരെ പ്രതിരോധമുള്ളവയാണ്‌. ചിലപ്പോള്‍ അഞ്ച്‌ വര്‍ഷംവരെ രോഗകാരികളായി നിലനിക്കുന്നു. പല അണുനാശിനികളും മുട്ടകള്‍ക്കെതിരായി ഫലപ്രദമല്ല. ഏറ്റവും നല്ലത്‌ പരാദബാധ കഴിയുന്നത്ര താഴ്‌ന്ന തോതില്‍ ആക്കി നിര്‍ത്തുക എന്നതാണ്‌. പരാദങ്ങളുടെ ജീവിതചക്രം തടസ്സപ്പെടുത്തുകയാണ്‌ മറ്റൊരു മാര്‍ഗ്ഗം. ഇത്‌ താഴെപ്പറയുന്ന രീതികളില്‍ സാധിക്കുന്നതാണ്‌.
പൊതുവായ ശുചിത്വം: കൂടുകള്‍ പതിവായി വൃത്തിയാക്കുകയും അണുനാശിനി തളിക്കുകയും ചെയ്യുന്നത്‌ വയറ്റിലെയും കിഡ്‌നിയിലെയും വിരകളുടെ ലാര്‍വയുടെ എണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ശരിയായ വിരയിളക്കല്‍ പരിപാടി വയറ്റിലുള്ള പൂര്‍ണ്ണവളര്‍ച്ചയെത്തിയ വിരകളെ നശിപ്പിക്കുന്നതിന്‌ സഹായിക്കുന്നു. മനുഷ്യവിസര്‍ജ്യം ശരിയായി മറവുചെയ്യുന്നത്‌ വിരകളെ നിയന്ത്രിക്കുന്നതിന്‌ സഹായകമാണ്‌. എലികളുടെ നിയന്ത്രണവും അടുക്കളഅവശിഷ്‌ടങ്ങള്‍ വേവിച്ചതിനുശേഷംമാത്രം പന്നികള്‍ക്കു നല്‍കുന്നതും പേശികളില്‍ കാണുന്ന വിരകളെ നിയന്ത്രിക്കുന്നു. പന്നികളെ പൂട്ടിയിടുന്നത്‌ ശ്വാസകോശവിരയെ നിയന്ത്രിക്കുന്നു. എത്ര പ്രാവശ്യം വിരയിളക്കണം എന്നത്‌ കൂടിന്റെ അവസ്ഥ, തറ, ശുചിത്വം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വിരയിളക്കല്‍ പരിപാടി

തള്ളപ്പന്നികള്‍

പ്രസവത്തിന്‌ 7-14 ദിവസത്തിനുമുമ്പ്‌ വിരയിളക്കുക
പ്രസവക്കൂട്ടിലേക്ക്‌ മാറ്റുന്നതിനുമുമ്പ്‌ വിരയിളക്കുക
പ്രസവക്കൂട്ടിലുള്ള സമയത്ത്‌ വിരയിളക്കരുത്‌

പന്നിക്കുട്ടികള്‍

8-12 ആഴ്‌ച പ്രായമുള്ളപ്പോള്‍ അല്ലെങ്കില്‍ 15-20 കി.ഗ്രാം ഭാരമുള്ളപ്പോള്‍ വിരയിളക്കുന്നതാണ്‌ അഭികാമ്യം. കൂടുതല്‍ പരാദബാധയുള്ള സ്ഥലങ്ങളില്‍ ആദ്യം വിരയിളക്കിയതിനു 1-2 മാംസങ്ങള്‍ക്കുശേഷം ഒരിക്കല്‍കൂടി ചെയ്യാവുന്നതാണ്‌.

ആണ്‍പന്നികള്‍

ഒരു വര്‍ഷം 2-4 തവണ

പുതിയ സ്റ്റോക്ക്‌

കഴിയുന്നത്ര പെട്ടെന്ന്‌ വിരയിളക്കുക

വളര്‍ത്തുന്ന പെണ്‍പന്നികള്‍:

ബ്രീഡിങ്ങിന്‌ രണ്ടാഴ്‌ച മുമ്പ്‌ വിരയിളക്കുക.

മരുന്നു നല്‍കാവുന്ന സാധാരണ വഴികള്‍
1. ഇന്‍ജക്‌ഷന്‍: പേശികളില്‍ വളരെ ഉള്ളില്‍ മരുന്നു നിക്ഷേപിക്കുകയാണ്‌ ഇതുവഴി ചെയ്യുന്നത്‌. സാധാരണയായി കഴുത്തിലും തുടയിലുമുള്ള പേശികളിലാണ്‌ ഇന്‍ജക്‌ഷന്‍ ചെയ്യുന്നത്‌. ആന്റിബയോട്ടിക്കുകള്‍, ജീവകങ്ങള്‍, വാക്‌സിനുകള്‍ എന്നിവ ഈ രീതിയില്‍ നല്‍കാം.
2. ത്വക്കിനടിയില്‍: ഇതില്‍ മരുന്നു നിക്ഷേപിക്കപ്പെടുന്നത്‌ ത്വക്കിനും പേശികള്‍ക്കും ഇടയിലാണ്‌. സാധാരണയായി കഴുത്ത്‌, ചെവി, കക്ഷം എന്നിവിടങ്ങളിലെ തൊലിക്കടിയിലാണ്‌ ചെയ്യുന്നത്‌. ഹോര്‍മോണുകള്‍, ചില വാക്‌സിനുകള്‍ ആര്‍സനിക്കലുകള്‍ എന്നിവ ഈ രീതിയില്‍ നല്‍കാം.
3. ഇന്‍ട്രാപെരിടോണിയല്‍ (ip): പെരിടോണിയല്‍ കാവിറ്റിയിലാണ്‌ മരുന്ന്‌ നിക്ഷേപിക്കുന്നത്‌. നല്ല പരിശീലനവും പരിചയവും ഉണ്ടെങ്കില്‍ മാത്രമേ ശരിയായി ഇത്‌ നല്‍കാന്‍ പറ്റൂ. സീറവും ഇലക്‌ട്രോലൈറ്റുകളാണ്‌ ഈ രീതിയില്‍ നല്‍കുന്നത്‌.
4. ഇന്‍ട്രാഡെര്‍മല്‍ റൂട്ട്‌: ഒരു കൂട്ടത്തെ വാക്‌സിനേറ്റ്‌ ചെയ്യുന്നതിന്‌ ഏറ്റവും വേഗമേറിയ മാര്‍ഗ്ഗം. ഒരു ഹൈപ്രഷര്‍ ജെറ്റ്‌എയര്‍ ഉപയോഗിച്ചാണ്‌ മരുന്ന്‌ തൊലിപ്പുറത്ത്‌ നിക്ഷേപിക്കുന്നത്‌.
5. ഇന്‍ട്രാവിന്‌സ്‌ (iv): ഈ രീതി പ്രയോഗിക്കാന്‍ പരിശീലനവും കഴിവും വേണം. കാരണം മരുന്ന്‌ രക്തത്തില്‍ എത്തേണ്ടതാണ്‌. പന്നികളില്‍ ചെവിയിലെ സിരകളിലാണ്‌ നല്‍കുന്നത്‌. ശരിയായ രീതിയില്‍ ചെയ്‌തില്ലെങ്കില്‍ മൃഗങ്ങള്‍ ഷോക്ക്‌ ബാധിച്ച്‌ ചത്തുപോകാം എന്നതിനാല്‍ വളരെ സൂക്ഷിച്ചുമാത്രമേ ഇത്‌ ചെയ്യാവൂ. പക്ഷേ, പന്നികളില്‍ ഇത്‌ സാധാരണയായി ഉപയോഗിക്കാറില്ല.

മാംസസംസ്‌കരണം

ശരിയായ പരിപാലനമുറകളും തീറ്റക്രമവും അലവംബിക്കുകയാണെങ്കില്‍ ഒരു പന്നി 8 മുതല്‍ 10 മാസംവരെ പ്രായമാകുമ്പോള്‍ 70-90 കി.ഗ്രാം തൂക്കംവെച്ച്‌ കശാപ്പിന്‌ പാകമാകുന്നു. ഈ പ്രായത്തിലും തൂക്കത്തിലും കശാപ്പ്‌ ചെയ്യുകയാണെങ്കില്‍ ഗുണമേന്മയുള്ള മാംസം ലഭ്യമാകും.
കൊല്ലുവാനുദ്ദേശിക്കുന്ന പന്നികളെ രണ്ടു ദിവസം ആഹാരം കൊടുക്കാതെ വെള്ളം മാത്രം കൊടുത്ത്‌ നിര്‍ത്തേണ്ടതാണ്‌. കുടലില്‍നിന്നുള്ള വിസര്‍ജ്ജ്യങ്ങള്‍ പരമാവധി പുറത്തുപോകുന്നതിന്‌ ഇത്‌ സഹായിക്കുന്നു. ഒരു കാപ്‌റ്റീവ്‌ ബോള്‍ട്ട്‌ പിസ്റ്റലോ ചുറ്റികയോ ഉപയോഗിച്ച്‌ നെറ്റിയിലിടിച്ച്‌ ബോധം കെടുത്തണം. വൈദ്യുതിഷോക്ക്‌ കൊടുത്ത്‌ ബോധം കെടുത്തുന്ന ഇലക്‌ട്രിക്‌സ്റ്റണ്ണര്‍ എന്ന ഉപകരണവും ഇന്നുപയോഗിച്ചുവരുന്നു. ബോധം കെടുത്തിയശേഷം തലകീഴായി തൂക്കിയിട്ട്‌ കഴുത്തില്‍ ചങ്കിനു നേര്‍ക്ക്‌ നീളമുള്ള ഒരു കത്തിയിറക്കി ഹൃദയം മുറിക്കുന്നു. രക്തം വാര്‍ന്നുപോയശേഷം 65-70 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ പത്തുമിനിട്ടു മുക്കിയിടുക. രോമം ഇളകുന്ന പരുവത്തിലായാല്‍ വെള്ളത്തില്‍നിന്ന്‌ പുറത്തെടുത്ത്‌ കത്തികൊണ്ടോ ചിരട്ടപ്പൂളുകൊണ്ടോ രോമം വടിച്ചുനീക്കണം. രോമം നീക്കിയശേഷം ഒരു ബ്ലോലാബ്‌ ഉപയോഗിച്ചു നീക്കം ചെയ്യാന്‍ പറ്റാത്ത രോമം പൂര്‍ണ്ണമായും കരിച്ചുകളയണം. പിന്നീട്‌ കാല്‍മുട്ടില്‍ ഒരു കൊളുത്ത്‌ കടത്തി തലകീഴായി തൂക്കിയിടണം. കഴുത്ത്‌ മുറിച്ചുതല നീക്കംചെയ്‌തശേഷം വയറും നെഞ്ചും തുറക്കുക. വന്‍കുടലിന്റെ ഗുദഭാഗം ഒരു ചരടുകൊണ്ട്‌ കെട്ടിയശേഷം മൂത്രസഞ്ചി, ലിംഗാവയവങ്ങള്‍, ആന്തരാവയവങ്ങള്‍, ശ്വാസകോശം, ഹൃദയം എന്നിവ നീക്കം ചെയ്യുക. കരളിനടുത്ത്‌ കാണുന്ന പിത്താശയം പൊട്ടാതെ മാറ്റണം. സാധാരണയായി കരളും ഹൃദയവും മാംസത്തോടൊപ്പം എടുക്കാറുണ്ട്‌.
കുളമ്പുകള്‍ നീക്കംചെയ്‌തശേഷം കാര്‍ക്കസ്‌ കട്ടര്‍ ഉപയോഗിച്ച്‌ രണ്ടായി മുറിക്കുന്നു. രണ്ടു മണിക്കൂറിനുശേഷം ഇത്‌ 2.2 മുതല്‍ 4.5 ഡിഗ്രി സെല്‍ശ്യസില്‍ 24 മണിക്കൂര്‍ തണുപ്പിക്കുന്നു. പിന്നീട്‌ വിപണനത്തിനാവശ്യമായ രീതിയില്‍ മുറിച്ചെടുക്കുന്നു.

കടപ്പാട് : ജീവലോകം

അവസാനം പരിഷ്കരിച്ചത് : 3/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate