অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെമ്മരിയാട്

പ്രയോജനങ്ങൾ

ചെമ്മരിയാടില്‍ നിന്നു പാല്‍, മാംസം, കന്പിളി, തുകല്‍, വളം എന്നീ പല വിധത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതുകൊണ്ട് ഗ്രാമപ്രദേശങ്ങളിലെ സന്പത്ഘടനയില്‍ ഇവയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ചെമ്മരിയാടിന്‍റെ വളര്‍ത്തലില്‍ ഇതു കൂടാതെ മറ്റു പ്രയോജനം ഏറെയാണ്.

ചെമ്മരിയാട് വളര്‍ത്താന്‍ വിലയേറിയ കൂടുകളുടെ ആവശ്യമില്ല. അതുകൊണ്ടു തന്നെ മറ്റു വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ച് അദ്ധ്വാനവും കുറവാണ്.
അടിസ്ഥാന മൂലധനം കുറവായതും, ആടുകള്‍ പെട്ടെന്ന് പെറ്റുപെരുകുന്നതും ഇവയുടെ ഗുണങ്ങളാണ്.
പല വിധത്തിലുള്ള ചെടികള്‍ ഭക്ഷിക്കുന്നതു കൊണ്ട് ഇവയുടെ പരിപാലനം മറ്റു വളര്‍ത്തുമൃഗങ്ങളെ അപേക്ഷിച്ച് സുഗമമാണ്.
ചെമ്മരിയാടില്‍ നിന്ന് പല തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതുകൊണ്ട് കര്‍ഷകന് പല വിധത്തിലുള്ള വരുമാനവും ഇവയില്‍ നിന്നു ലഭിക്കുന്നു.
ഇന്ത്യയില്‍ 2003- ലെ കണക്കനുസരിച്ച് 6.14 കോടി ചെമ്മരിയാടുകളുണ്ട്. എന്നിരിന്നാലും കേരളത്തില്‍ അവയുടെ എണ്ണം വെറും 4000 മാത്രമേ ഉള്ളു.

ചെമ്മരിയാടിന്‍റെ തിരഞ്ഞെടുക്കല്‍



കേരളത്തിന്‍റെ ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ പലതരം ചെമ്മരിയാടിന്‍റെ ഇനങ്ങള്‍ ഉണ്ട്. ഇതനുസരിച്ച് വേണം ഇനങ്ങളെ തിരഞ്ഞെടുക്കുവാന്‍. സങ്കരയിനങ്ങള്‍ ആടുകളാണ് വളര്‍ത്താന്‍ നല്ലത്. ആരോഗ്യമുള്ള 12 മുതല്‍ 18 മാസം പ്രായമുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ വേണം തിരഞ്ഞെടുക്കാന്‍. ഇവയ്ക്കു രോഗപ്രതിരോധനത്തിനുള്ള വാക്സിനേഷന്‍ നല്‍കേണ്ടതാണ്. ഇനങ്ങളെ തിരഞ്ഞെടുക്കുന്പോള്‍ ഒരു പ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുന്നവയും രണ്ടു പ്രസവങ്ങള്‍ക്കിടയില്‍ ദൈര്‍ഘ്യം കുറവുള്ളതുമായവയെ തിരഞ്ഞെടുക്കുവാന്‍ നല്ല ശരീരവലിപ്പവും ഊര്‍ജസ്വലതയുമുള്ള മുട്ടനാടുകളെ വേണം ഇണചേര്‍ക്കുന്നതിന് ഉപയോഗിക്കുവാന്‍.

ലൈംഗികാസക്തി, ഇണചേരുവാനുള്ള കഴിവ് എന്നിവയും പരിഗണിക്കണം. ഒന്നിലധികം കുട്ടികളുടെ കൂടെയുണ്ടായ മുട്ടന് മുന്‍ഗണന നല്‍കണം. കേരളത്തിന്‍റെ കാലാവസ്ഥക്ക് അനുയോജ്യമായ ചെമ്മരിയാട് ഇനങ്ങളാണ് ഡെക്കാനി, ബെല്ലാരി, നെല്ലൂര്‍, മാണ്ട്യ, ഹസ്സന്‍, മാച്ചേരി, വേന്പൂര്‍, നീല്‍ഗിരി എന്നിവ..

പരിപാലനം


ചെമ്മരിയാടിന്‍റെ പരിപാലനം

ഗര്‍ഭിണിയായതും, പ്രസവിക്കാറായതും, മുലയൂട്ടുന്നവയുമായ ചെമ്മരിയാടിന്‍റെ പരിപാലനം വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണ്. കുഞ്ഞുങ്ങളുടെ മരണസംഖ്യ കുറക്കാന്‍ ഈ ഘട്ടത്തിലെ ശുശ്രൂഷക്ക് നല്ല പങ്കുണ്ട്. അതുകൊണ്ട് ഈ അവസ്ഥയിലൂടെ ആടുകളെ ഇടക്കിടെ കൈകാര്യം ചെയ്യുന്നത് കുറക്കണം. ഗര്‍ഭിണിയായ ആടുകളെ മറ്റു ആടുകളില്‍ നിന്നും അകറ്റി പാര്‍പ്പിച്ച് അവയ്ക്കു വ്യത്യസ്ഥ സമീകൃത ആഹാരം നല്‍കണം.

ഗര്‍ഭിണികളായ ആടുകള്‍ക്ക് പ്രസവത്തിന് രണ്ടു മാസം മുന്പ് തൊട്ട് 100--200 ഗ്രാം ഖരാഹാരം കൊടുക്കുന്നതാണ് ഉത്തമം. പ്രസവത്തിന്‍റെ 3--4 ആഴ്ചകള്‍ക്ക് മുന്‍പ് ഇവയ്ക്ക് കൂടുതല്‍ തീറ്റ കൊടുക്കണം. 142 മുതല്‍ 150 ദിവസം കൊണ്ട് ചെമ്മരിയാട് പ്രസവിക്കുന്നു. പ്രസവാനന്തരം ശുശ്രൂഷയും കൂടിന്‍റെ വൃത്തിയും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

ആട്ടിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം

ആദ്യത്തെ ആഴ്ചയില്‍ തള്ളയുടെ കൂടെ നിന്ന് കുട്ടികളെ ആവശ്യാനുസരണം പാല്‍ കുടിക്കുവാന്‍ അനുവദിക്കണം. കന്നിപ്പാല്‍ കുറഞ്ഞ ആടുകളുടെ കുട്ടികള്‍ക്ക് മറ്റു ആടുകളുടെ കന്നിപ്പാല്‍ കൊടുക്കാവുന്നതാണ്. രണ്ടാമത്തെ ആഴ്ചയില്‍ ദിവസം നാല് പ്രാവശ്യവും പിന്നീട് ക്രമമായി കുറച്ച് ഒരു മാസം പ്രായമാകുന്പോഴേക്കും ദിവസം രണ്ടു പ്രാവശ്യവും പാല്‍ കൊടുക്കണം.

മൂന്ന് മാസം പ്രായമാകുന്നതോടുകൂടി പാലുകുടി നിര്‍ത്താം. രണ്ടാഴ്ച പ്രായമാകുന്പോള്‍ മുതല്‍ കുട്ടികള്‍ക്ക് ഖരാഹാരം കുറേശ്ശെ കൊടുത്ത് തുടങ്ങാം. മൂന്ന് മാസം കഴിഞ്ഞാല്‍ മറ്റു തീറ്റകളും പുല്ലും മാത്രം മതിയാകും. ആറുമാസം പ്രായമാകുന്നതോടുകൂടി വളര്‍ച്ചയെത്തിയ ആടുകളുടെ മിശ്രിതം കൊടുത്താല്‍ മതി. മാംസാവശ്യത്തിനു വേണ്ടി ആടിനെ വളര്‍ത്തുന്പോള്‍ കുട്ടികളെ നല്ലപോലെ തള്ളയാടിന്‍റെ പാല്‍ കുടിപ്പിക്കണം. ചെവിയില്‍ പച്ചകുത്തുകയോ ടാഗ് ചെയ്യുകയോ വഴി കുഞ്ഞുങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും.

ആട്ടിന്‍ കുട്ടികളെ പാര്‍പ്പിക്കുന്പോള്‍ ഒരു കുട്ടിക്ക് 0.8--1.0 ചതുരശ്രമീറ്റര്‍ സ്ഥലം കൊടുക്കണം. ഇതുപ്രകാരം 120 ആടുകളെ പാര്‍പ്പിക്കാന്‍ 18 മീ. -6 മീ. വലുപ്പമുള്ള കൂടുകള്‍ ഉപയോഗിക്കാം. കൂട്ടിന്നടിയില്‍ 6 ഇഞ്ച് കനത്തില്‍ മണല്‍ വിരിക്കുന്നത് നന്നായിരിക്കും. ദിവസവും കൂട് വൃത്തിയാക്കണം. കൂടിന്‍റെ ഉള്ളില്‍ വെള്ളത്തൊട്ടി (5 മീ $ 20 സെ.മീ. $ 15 സെ.മീ) പണിത് കൂടിന്‍റെ മൂലയില്‍ 10 സെ.മീ. ഉയരത്തില്‍ ഉറപ്പിക്കണം. ഓരോ ആടിനും വേണ്ടി 10 സെ.മീ. ഉയരത്തില്‍ തീറ്റത്തൊട്ടിയും (30 സെ.മീ $ 20 സെ.മീ $ 15 സെ.മീ.) ഉണ്ടായിരിക്കണം.

രോഗ നിയന്ത്രണം



തൊലിക്ക് പുറമേ ഉള്ള പരാദങ്ങളെ അകറ്റാന്‍ ആടുകളെ അവയുടെ രോമം കളഞ്ഞ് കീടനാശിനി കലര്‍ന്ന വെള്ളത്തില്‍ മുക്കിയെടുക്കേണ്ടതാണ്. രോഗങ്ങളെ ചെറുക്കാന്‍ ചെമ്മരിയാടുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ടതാണ്. ചെമ്മരിയാടില്‍ കാണുന്ന രോഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

കുളമ്പുദീനം

തീറ്റ തിന്നുവാന്‍ വൈമനസ്യം, നടക്കുന്പോള്‍ ഞൊണ്ടല്‍, ഉയര്‍ന്ന പനി, വായില്‍ക്കൂടി ഉമിനീര്‍ ഒലിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.

കാലിവസന്ത

അതിതീവൃമായ വയറിളക്കം, ശക്തമായ പനി എന്നിവയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍.

അടപ്പന്‍

പെട്ടെന്നുള്ള ശക്തമായ പനി, രോഗം ബാധിച്ച മൃഗങ്ങള്‍ അധികം താമസിയാതെ ചത്തുപോകുക എന്നിവ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

പ്രതിരോധ കുത്തിവെപ്പ്

മുകളില്‍ കൊടുത്തിരുക്കുന്ന രോഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ട സമയം താഴെ കൊടുത്തിരിക്കുന്നു.

കുളമ്പു രോഗം: 6--8 ആഴ്ച, തുടര്‍ന്ന് എല്ലാം 6--9 മാസം
അടപ്പന്‍: 3--4 മാസം, തുടര്‍ന്ന് എല്ലാം 3 വര്‍ഷം
കാലി വസന്ത: 3 മാസം
ആന്ത്രാക്സ്: 4--9 മാസം, തുടര്‍ന്ന് എല്ലാം വര്‍ഷം

 

കടപ്പാട് :കേരള കാർഷിക സർവകലാശാല

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate