অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പശു വളര്‍ത്തല്‍

പശു വളര്‍ത്തല്‍

ആമുഖം

നല്ല പശുക്കളെ തിരഞ്ഞെടുക്കുക എന്നതാണ്‌ ക്ഷീരോല്‍പ്പാദനമേഖലയിലെ മുഖ്യ കടമ്പ. ഉല്‍പ്പാദനശേഷികൂടിയ ഹോള്‍സ്റ്റയിന്‍ ഇനത്തെ തിരഞ്ഞെടുത്ത്‌ അതിനുവേണ്ട പ്രത്യേക പരിചരണങ്ങള്‍ നല്‍കി മെച്ചപ്പെട്ട ഉല്‍പ്പാദനം നേടിയെടുക്കുന്ന അനവധി കര്‍ഷകര്‍ നമ്മുടെ നാട്ടിലുണ്ട്‌. ജേഴ്‌സിയുടെ കൊഴുപ്പുകൂടിയ പാലും അവയുടെ ലളിതമായ പരിപാലനരീതികളും കൊണ്ട്‌ അവയ്‌ക്ക്‌ പ്രാധാന്യം കൊടുക്കുന്ന കര്‍ഷകരുമുണ്ട്‌. ബാംഗ്ലൂര്‍, ഊട്ടി, കോയമ്പത്തൂര്‍, സേലം, കൃഷ്‌ണഗിരി, ഈറോഡ്‌, പൊള്ളാച്ചി, ഒട്ടംചിത്തിര, തേങ്ങാപട്ടണം, തെങ്കാശി, മധുര തുടങ്ങിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ്‌ പശുക്കള്‍ പ്രധാനമായും കേരളത്തിലെത്തുന്നത്‌

ഇനങ്ങള്‍

സാഹിവാള്‍

പഞ്ചാബ്‌, ഡല്‍ഹി, ഉത്തര്‍പ്രദേശ്‌, ബീഹാര്‍ എന്നീ സ്ഥലങ്ങളില്‍ സാഹിവാള്‍ വര്‍ഗത്തില്‍പ്പെട്ട പശുക്കളെ ധാരാളമായി കണ്ടുവരുന്നു. ഏറ്റവും കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളാണ്‌ ഈ ഇനത്തില്‍പ്പെട്ടത്‌. ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ്‌ ഇതിനുള്ളത്‌. മാംസളവും കട്ടിയുള്ളതുമായ ശരീരം, കുറുകിയ കൊമ്പ്‌, അയവുള്ള തൊലി, ഞാന്നുകിടക്കുന്ന താട എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്‌. 
പശുക്കള്‍ക്ക്‌ വലിപ്പമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ അകിടാണുള്ളത്‌. ശരാശരി ഒരാണ്ടില്‍ 1500 കിലോഗ്രാം പാല്‍ കിട്ടുന്നു. എന്നാല്‍ ചില ഡയറി ഫാമുകളില്‍ സംരക്ഷിക്കുന്ന ഈ ഇനത്തിലുള്ള പശുക്കള്‍ക്ക്‌ ശരാശരി ഒരു പ്രസവത്തിന്‌ 2500 കിലോഗ്രാം പാല്‍വരെ കിട്ടുന്നുണ്ട്‌. സാധാരണയായി രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യം 14 മാസത്തോളമാണ്‌.

സുനന്ദിനി

കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സങ്കരപ്രജനനത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ഇനമാണ്‌ സുനന്ദിനി. ഈ ഇനത്തിന്‌ 62.5 ശതമാനം വിദേശരക്തമുണ്ട്‌. ഹോള്‍സ്റ്റൈല്‍ ഫ്രീഷ്യന്‍, ജഴ്‌സി, ബ്രൗണ്‍സ്വിസ്‌ തുടങ്ങിയ ഇനങ്ങളുടെ പാരമ്പര്യമാണ്‌ സുനന്ദിനി ഇനത്തിനുള്ളത്‌. നാടന്‍ ഇനങ്ങളില്‍ ഒന്നോ അതില്‍ കൂടുതലോ വിദേശ ഇനങ്ങളുടെ പാരമ്പര്യമുള്ള സിന്തറ്റിക്‌ ജനുസ്സാണ്‌ സുനന്ദിനി. 1990 മുതല്‍ ബ്രൗണ്‍സ്വിസ്‌ ഇനത്തിന്റെ ഉപയോഗം നിര്‍ത്തലാക്കിയതോടു കൂടി ജഴ്‌സി, എച്ച്‌.എഫ്‌. എന്നീ വിദേശ ഇനങ്ങളുടെ പാരമ്പര്യമാണ്‌ ഇപ്പോഴുള്ള സുനന്ദിനിയിലുള്ളത്‌. 
1994-ല്‍ കെ.എല്‍.ഡി. ബോര്‍ഡ്‌ സുനന്ദിനിപ്പശുവിന്റെ പ്രത്യേകതകള്‍ നിശ്ചയിച്ചിട്ടുള്ളത്‌ ഇതാണ്‌:
പൂര്‍ണ്ണവളര്‍ച്ചയെത്തിയാലുള്ള തൂക്കം - 350-400 കി.ഗ്രാം
ആദ്യപ്രസവം പ്രായം - 28-32 മാസം
ആദ്യപ്രസവത്തിലെ പാലുല്‍പ്പാദനം - 2700-3000 കി.ഗ്രാം.
കൊഴുപ്പ്‌ - 4%
ശരാശരി പാലുല്‍പ്പാദനം - 3500 കി.ഗ്രാം. (ഒരു കറവക്കാലം)
സുനന്ദിനിക്കാളയുടെ ബീജം തമിഴ്‌നാട്‌, രാജസ്ഥാന്‍, ബംഗാള്‍, സിക്കിം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചുവരുന്നു.

സിന്ധി

പടിഞ്ഞാറന്‍ പാകിസ്ഥാനിലെ കറാച്ചിയും അതിനു ചുറ്റുമുള്ള സിന്ധ്‌ പ്രവിശ്യയുമാണ്‌ സിന്ധിയുടെ ആവാസമേഖല. എന്നാല്‍ ഈയിനത്തെ മിക്കസ്ഥലങ്ങളിലും കാണാം. ചുവന്ന ശരീരമുള്ള ഇവയുടെ അകിട്‌, മുഖം, പിന്‍കാലുകള്‍, താട എന്നിവിടങ്ങളില്‍ വെളുത്ത പുള്ളികള്‍ കണ്ടെന്നുവരാം. ഏതു കാലാവസ്ഥയുമായും പൊരുത്തപ്പെടാനുള്ള സിന്ധിയുടെ കഴിവ്‌ ഒന്നു വേറെതന്നെയാണ്‌. കൃത്രിമ ബീജാധാന പരിപാടിയുടെ ആദ്യനാളുകളില്‍ കേരളത്തിലെ നാടന്‍ ഇനങ്ങളുടെ പാലുല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ സിന്ധി വിത്തുകാളകളുടെ ബീജം ഉപയോഗിച്ചിരുന്നു. മെച്ചപ്പെട്ട സിന്ധി ഇനങ്ങളുടെ ശരാശരി പ്രതിദിന പാലുല്‍പ്പാദനം 4.5-6.5 കിലോഗ്രാം ആണ്‌. മുന്നൂറു ദിവസത്തെ ഒരു കറവക്കാലത്ത്‌ ഇവയ്‌ക്ക്‌ 3500-4000 ലിറ്റര്‍ പാല്‍ ലഭിക്കുന്നു.

താര്‍പാര്‍ക്കര്‍

പശ്ചിമപാകിസ്ഥാനില്‍ സിന്ധിന്റെ തെക്കുപടിഞ്ഞാറെ പ്രദേശങ്ങളാണ്‌ താര്‍പാര്‍ക്കര്‍ പശുക്കളുടെ ജന്മസ്ഥലം. രാജസ്ഥാന്‍, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. വെളുപ്പുകലര്‍ന്ന ചാരനിറമാണിവയ്‌ക്കുള്ളത്‌. ഒതുങ്ങിയ ദേഹം, സാമാന്യം നീളം കൂടിയ കൊമ്പുകള്‍, അല്‍പം തള്ളിനില്‍ക്കുന്ന നെറ്റിത്തടം, ശക്തിയുള്ളതും പുഷ്‌ടിയുള്ളതുമായ അവയവങ്ങള്‍, പൊക്കിളിന്റെ ഭാഗത്ത്‌ തൂങ്ങിനില്‍ക്കുന്ന തൊലി മുതലായവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്‌. ഈ പശുക്കളില്‍നിന്നും ഒരു പ്രസവത്തിന്‌ ശരാശരി 2500 കിലോഗ്രാം പാല്‍ ലഭിക്കുന്നതാണ്‌. താര്‍പാര്‍ക്കര്‍ ഇനത്തില്‍പ്പെട്ട കാളകളെ ജോലി ചെയ്യിക്കുന്നതിനും പറ്റിയതാണ്‌. പ്രായപൂര്‍ത്തിയായ കാളയ്‌ക്ക്‌ 500 കി.ഗ്രാമും പശുവിന്‌ 295 കി.ഗ്രാമും തൂക്കമുണ്ടാകും.

ഗിര്‍

സൗരാഷ്‌ട്രത്തില്‍പ്പെട്ട ദക്ഷിണ കത്തിയവാറിലെ ഗിര്‍വനങ്ങളാണ്‌ ഗിര്‍ പശുക്കളുടെ ജന്മദേശം. രാജപുട്ടാന, ബറോഡ മുതലായ സ്ഥലങ്ങളിലും ഇവയെ കാണാന്‍ കഴിയും. കനത്ത നെറ്റിത്തടവും വീണുകിടക്കുന്ന നീളം കൂടിയ ചെവികളുമാണ്‌ ഇവയുടെ പ്രത്യേകതകള്‍. ദേഹത്തില്‍ ചുവപ്പും വെള്ളയും കലര്‍ന്ന നിറങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിരിക്കും. ഈ ഇനം പശുവിന്‌ നല്ല ആകൃതിയുള്ള അകിടും സാമാന്യം നല്ല വലിപ്പമുള്ള മുലക്കാമ്പുമുണ്ട്‌. ഒരു കറവക്കാലത്ത്‌ 2000 കിലോഗ്രം വരെ പാല്‍ ലഭിക്കും.

ഡിയോണി

മഹാരാഷ്‌ട്രയിലെ മറാത്ത്‌വാഡ ഭാഗത്തും കര്‍ണ്ണാടകയിലും ആന്ധ്രാപ്രദേശിലും ഈ ഇനത്തെ കണ്ടുവരുന്നു. മഹാരാഷ്‌ട്രയിലെ ലാത്തൂര്‍, ഉദ്‌ഗിര്‍ പ്രദേശമാണ്‌ ഇതിന്റെ ജന്മനാട്‌. 300 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗിര്‍ ഇനങ്ങളില്‍ നിന്നുണ്ടായതാണിവ എന്നു വിശ്വസിക്കുന്നു. കറുത്ത പുള്ളികളോടുകൂടിയ വെള്ളനിറമാണ്‌ മിക്കതിനും. തൂങ്ങിനില്‍ക്കുന്ന ചെവിയും പൊന്തിനില്‍ക്കുന്ന നെറ്റിത്തടവും ഗിര്‍ ഇനത്തിന്റേതുപോലെയാണ്‌. കാളകളില്‍ പൂഞ്ഞ നന്നായി വളര്‍ന്നിരിക്കും. നല്ല വലിപ്പമുള്ള ഡിയോണിക്കാളകള്‍ക്ക്‌ 680 കി.ഗ്രാമും പശുക്കള്‍ക്ക്‌ 485 കി.ഗ്രാമും തൂക്കമെത്തും. ഡിയോണി പശുക്കള്‍ക്ക്‌ ഒരു കറവക്കാലത്ത്‌ 1230 കി.ഗ്രാം വരെ പാല്‍ ലഭിക്കും. പാലിന്‌ 4.3 ശതമാനം കൊഴുപ്പും 9.69 ശതമാനം എസ്‌.എന്‍.എഫും ഉണ്ട്‌. കാളകള്‍ നല്ല പണിക്കാളകളാണ്‌. ഒരു ജോഡി കാളകള്‍ റബ്ബര്‍ ടയറുള്ള കാളവണ്ടിയില്‍ 30 ക്വിന്റല്‍ ഭാരം വരെ വലിക്കാന്‍ ശേഷിയുള്ളവയാണ്‌.

ഹല്ലികര്‍

കര്‍ണ്ണാടകയിലെ മൈസൂരാണ്‌ ഇവയുടെ ജന്മനാടെങ്കിലും മാണ്‌ഡ്യ, ബാംഗ്ലൂര്‍, ഹസ്സന്‍ തുടങ്ങിയ സ്ഥലങ്ങളിലും കണ്ടുവരുന്നു. ഹല്ലികര്‍ പണിവര്‍ഗത്തില്‍പ്പെടുന്ന ഇനമാണ്‌. പാലുല്‍പ്പാദനം വളരെ കുറവാണ്‌. 2 കി.ഗ്രാമാണ്‌ ദിനംപ്രതി പാലുല്‍പ്പാദനം. പ്രായപൂര്‍ത്തിയായ കാളയ്‌ക്ക്‌ 340 കി.ഗ്രാമും പശുവിന്‌ 225 കി.ഗ്രാമും തൂക്കമുണ്ടാകും. പശുവിനെയും പണിക്കായി ഉപയോഗിച്ചു വരുന്നു.

ഹരിയാന

പണിക്കും പാലിനും വേണ്ടി വളര്‍ത്തി വരുന്ന ഈ ഇനം ഹരിയാനയുടെ മിക്ക ഭാഗങ്ങളിലും കണ്ടുവരുന്നു. മിക്കതിനും വെള്ളനിറമാണ്‌. അപൂര്‍വ്വമായി നേരിയ ഗ്രേനിറത്തിലും കാണാം. ചെറിയ കൊമ്പും, കറുത്ത തൊലിയും കണ്‍പുരികവും ഇവയുടെ പ്രത്യേകതയാണ്‌. ഒരു കറവക്കാലത്തെ പാലുല്‍പ്പാദനം 1754 കി.ഗ്രാമാണ്‌. 5.3 ശതമാനം വരെ കൊഴുപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

കാങ്കായം

തമിഴ്‌നാട്ടില്‍ കാങ്കായം, ദശാപുരം, ഈറോഡ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ കാണുന്ന ഇനമാണിത്‌. കാങ്കായം ഒരു പണിവര്‍ഗകാലിയാണ്‌. ജനിക്കുമ്പോള്‍ ചുവപ്പുനിറമുള്ള കന്നുകുട്ടികള്‍ വളരുമ്പോള്‍ ചാരനിറമാകും. പൂഞ്ഞയും പിന്‍ഭാഗവും കറുത്തിരിക്കും. പ്രായപൂര്‍ത്തിയെത്തിയ കാളകള്‍ക്ക്‌ 640 കി.ഗ്രാമും പശുവിന്‌ 380 കി.ഗ്രാമും ഭാരമുണ്ടാകും. ശരാശരി പാലുല്‍പ്പാദനം ഒരു കറവക്കാലത്ത്‌ 540 കി.ഗ്രാമാണ്‌.

കാങ്ക്‌റെജ്‌

ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള ഇനമാണിത്‌. രാജസ്ഥാന്‍, ഗുജറാത്ത്‌ തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവരുന്നു. വടക്കേ ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ പണിക്കാളകളായും ഭാരം വലിക്കുന്ന ജോലിയിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌ ഈ ഇനത്തെയാണ്‌. കട്ടിയുള്ള വലിയ കൊമ്പ്‌ തൂങ്ങിയ ചെവി, ചെറിയ മുഖം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. പ്രായപൂര്‍ത്തിയായ കാള 550 കി.ഗ്രാമും പശു 400 കി.ഗ്രാമും തൂക്കമുണ്ടാകും. ഒരു കറവക്കാലത്തെ പാലുല്‍പ്പാദനം 1746 കി.ഗ്രാമാണ്‌.

കില്ലാരി

മഹാരാഷ്‌ട്രയിലെ കോലാപൂര്‍, സോളാപൂര്‍, സത്താര ജില്ലകളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. ഹല്ലികര്‍, അമൃതമഹല്‍ എന്നീ ഇനങ്ങളില്‍നിന്ന്‌ ഉരുത്തിരിഞ്ഞതാണെന്നു കരുതുന്നു. കില്ലാരി എന്ന വാക്കിനര്‍ത്ഥം `കാലികളുടെ കൂട്ടം' എന്നാണ്‌. വെള്ളനിറമാണെങ്കിലും മുന്‍ഭാഗത്തും പിന്‍ഭാഗത്തും ചാരനിറം കാണും. പ്രായപൂര്‍ത്തിയായ കാളയ്‌ക്ക്‌ 625 കി.ഗ്രാമും, പശുവിന്‌ 350 കി.ഗ്രാമും തൂക്കമുണ്ടാകും. പാലുല്‍പ്പാദനം ഒരു കറവക്കാലത്ത്‌ 1200 കി.ഗ്രാം വരെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കില്ലാരി കാളകള്‍ക്ക്‌ നല്ല വിലയുണ്ട്‌. മത്സരത്തില്‍ പങ്കെടുക്കുന്ന കാളകള്‍ക്ക്‌ 50,000 മുതല്‍ 1 ലക്ഷം വരെ വിലയുണ്ടാകും.

റെഡ്‌ കന്താരി

മഹാരാഷ്‌ട്രയിലെ കന്താര്‍, ലാത്തൂര്‍ ജില്ലകളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. ചുവന്ന നിറമാണിതിന്‌. ഏറ്റവും നല്ല പണിവര്‍ഗ ഇനമാണിത്‌. കാന്താര്‍ രാജ്യത്തെ രാജാവായിരുന്ന കന്‍ഹാര്‍ രാജാവിന്റെ മകന്‍ സോമദിരോയി ആണ്‌ അച്ഛന്റെ ഓര്‍മ്മയ്‌ക്കായി ഈ ഇനത്തിന്‌ റെഡ്‌ കന്‍ഹാര്‍ എന്ന്‌ പേരിട്ടത്‌. പിന്നീടത്‌ റെഡ്‌ കന്താരി ആയതാണെന്ന്‌ അനുമാനിക്കുന്നു. വലിയ പൂഞ്ഞ, ഉന്തിയ നെറ്റിത്തടം തൂങ്ങിയ ചെവി എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. ഒരു കറവക്കാലത്തെ പാലുല്‍പ്പാദനം 600 കി. ഗ്രാമാണ്‌.

വെച്ചൂര്‍

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ കണ്ടുവരുന്ന ചെറിയ ഇനമാണ്‌ വെച്ചൂര്‍. ശരാശരി പാലുല്‍പ്പാദനം ഒരു കറവക്കാലത്ത്‌ 900 കി.ഗ്രാമാണ്‌. പശുക്കള്‍ക്ക്‌ 125 കി.ഗ്രാം തൂക്കമുണ്ടാകും. നേരിയ ചുവപ്പ്‌, കറുപ്പ്‌, വെള്ള എന്നീ നിറങ്ങളില്‍ വെച്ചൂര്‍ പശുവിനെ കാണാം. ചെറിയ കൊമ്പ്‌, കുറുകിയ കാല്‍, നീളമുള്ള വാല്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്‌. തൃശ്ശൂരിലെ കാര്‍ഷിക സര്‍വ്വകലാശാലയിലെ വെറ്ററിനറി കോളേജില്‍ ഈ ഇനത്തെ സംരക്ഷിച്ചുവരുന്നു.

കാസര്‍ഗോഡ്‌ പശു

കാസര്‍ഗോഡ്‌ ജില്ലയില്‍ കണ്ടുവരുന്ന ചെറിയ ഇനം പശുവാണിത്‌. ഉയര്‍ന്ന രോഗപ്രതിരോധശേഷിയുണ്ടെങ്കിലും പാലുല്‍പ്പാദനം വളരെക്കുറവാണ്‌. 2-3 ലിറ്റര്‍ പാലാണ്‌ പ്രതിദിന ഉല്‍പ്പാദനം. വളരെ സൗമ്യശീലമുള്ള ഈ പശുക്കളെ വീടുകളില്‍ വളര്‍ത്താന്‍ നല്ലതാണ്‌. കുറച്ചുതീറ്റ മാത്രമേ ഇവയ്‌ക്കു വേണ്ടൂ. ഈ ഇനത്തെ ഒരു ജനുസ്സായി അംഗീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ നടന്നുവരുന്നു.

ഓംഗോള്‍

ആന്ധ്രാപ്രദേശിലെ ഓംഗോള്‍, പ്രകാശം എന്നീ സ്ഥലങ്ങളില്‍ കണ്ടുവരുന്ന ഇനമാണിത്‌. ഇന്‍ഡ്‌സ്‌ നദീതീരത്തുനിന്നും 4000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആര്യന്മാര്‍ കൊണ്ടുവന്ന ഇനമാണിത്‌. വെള്ളനിറമാണ്‌ പശുക്കള്‍ക്കുള്ളതെങ്കിലും കാളകളുടെ കഴുത്തിലും തലയിലും കറുത്തനിറമുണ്ടാകും. പ്രായപൂര്‍ത്തിയെത്തിയ പശുവിന്‌ 450 കി.ഗ്രാംമും കാളയ്‌ക്ക്‌ 600 കി. ഗ്രാമും തൂക്കമുണ്ടാകും. ശരാശരി കറവക്കാല പാലുല്‍പ്പാദനം 680 കി.ഗാമാണ്‌. പാലില്‍ 4.2% കൊഴുപ്പും ഉണ്ടാകും. കാളകള്‍ നല്ല പണിക്കാളകളാണ്‌.പ്രദര്‍ശന മത്സരത്തിലെ വിധിനിര്‍ണ്ണയവും എളുപ്പമാകില്ല. സങ്കരയിനം പശുക്കളെയാണിപ്പോള്‍ പാലിനായി വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നത്‌. സുനന്ദിനി, ജഴ്‌സി, ബ്രൗണ്‍സ്വിസ്‌, നോള്‍സ്റ്റൈല്‍ ഫ്രീഷന്‍ എന്നിവയാണ്‌ ഇക്കൂടെ പ്രധാനം. 

സങ്കരയിനങ്ങള്‍

സുനന്ദിനി

കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സങ്കരപ്രജനനത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ഇനമാണ്‌ സുനന്ദിനി. ഈ ഇനത്തിന്‌ 62.5 ശതമാനം വിദേശരക്തമുണ്ട്‌. ഹോള്‍സ്റ്റൈല്‍ ഫ്രീഷ്യന്‍, ജഴ്‌സി, ബ്രൗണ്‍സ്വിസ്‌ തുടങ്ങിയ ഇനങ്ങളുടെ പാരമ്പര്യമാണ്‌ സുനന്ദിനി ഇനത്തിനുള്ളത്‌. നാടന്‍ ഇനങ്ങളില്‍ ഒന്നോ അതില്‍ കൂടുതലോ വിദേശ ഇനങ്ങളുടെ പാരമ്പര്യമുള്ള സിന്തറ്റിക്‌ ജനുസ്സാണ്‌ സുനന്ദിനി. 1990 മുതല്‍ ബ്രൗണ്‍സ്വിസ്‌ ഇനത്തിന്റെ ഉപയോഗം നിര്‍ത്തലാക്കിയതോടു കൂടി ജഴ്‌സി, എച്ച്‌.എഫ്‌. എന്നീ വിദേശ ഇനങ്ങളുടെ പാരമ്പര്യമാണ്‌ ഇപ്പോഴുള്ള സുനന്ദിനിയിലുള്ളത്‌. 
1994-ല്‍ കെ.എല്‍.ഡി. ബോര്‍ഡ്‌ സുനന്ദിനിപ്പശുവിന്റെ പ്രത്യേകതകള്‍ നിശ്ചയിച്ചിട്ടുള്ളത്‌ ഇതാണ്‌:
പൂര്‍ണ്ണവളര്‍ച്ചയെത്തിയാലുള്ള തൂക്കം - 350-400 കി.ഗ്രാം
ആദ്യപ്രസവം പ്രായം - 28-32 മാസം
ആദ്യപ്രസവത്തിലെ പാലുല്‍പ്പാദനം - 2700-3000 കി.ഗ്രാം.
കൊഴുപ്പ്‌ - 4%
ശരാശരി പാലുല്‍പ്പാദനം - 3500 കി.ഗ്രാം. (ഒരു കറവക്കാലം)
സുനന്ദിനിക്കാളയുടെ ബീജം തമിഴ്‌നാട്‌, രാജസ്ഥാന്‍, ബംഗാള്‍, സിക്കിം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചുവരുന്നു.

കരണ്‍സ്വിസ്‌

സഹിവാള്‍, ബ്രൗണ്‍സ്വിസ്‌ എന്നീ ജനുസുകളുടെ സങ്കരയിനമാണിത്‌. ഈ ഇനത്തില്‍ 50 ശതമാനം മുതല്‍ 75 ശതമാനംവരെ ബ്രൗണ്‍സ്വിസ്‌ രക്തമാണുള്ളത്‌. ഇതിന്റെ കാളകള്‍ നല്ല പണിക്കാളകളാണ്‌. ഹരിയാനയിലെ കര്‍ണാലിലുള്ള ദേശീയ ഡയറിഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഈ ഇനത്തിന്റെ നിറം ചാരവും ബ്രൗണ്‍നിറവുമാണ്‌. പശുക്കള്‍ക്ക്‌ 400-500 കി.ഗ്രാമും കാളകള്‍ക്ക്‌ 600-750 കി.ഗ്രാമും തൂക്കമുണ്ടാകും. ഒരു കറവക്കാലത്തെ പാലുല്‍പ്പാദനം 5000-6000 കി.ഗ്രാമാണ്‌. പാലില്‍ 4.78% കൊഴുപ്പുമുണ്ട്‌.

കരണ്‍ഫ്രീസ്‌

താര്‍പാര്‍ക്കര്‍, ഫ്രീഷ്യന്‍ ഇനങ്ങളുടെ സങ്കരയിനമാണിത്‌. ഈ ഇനത്തില്‍ 28 ശതമാനം മുതല്‍ 50 ശതമാനം വരെ ഫ്രീഷ്യന്‍ ജനുസിന്റെ രക്തമുണ്ട്‌. ഏറ്റവും ഉയര്‍ന്ന പ്രതിദിന പാലുല്‍പ്പാദനം 20-25 കി.ഗ്രാം ആണ്‌. കര്‍ണാലിലെ ദേശീയ ക്ഷീര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്‌ തന്നെയാണ്‌ ഈ ഇനത്തേയും വികസിപ്പിച്ചെടുത്തത്‌.

വിദേശവര്‍ഗകാലികള്‍

വളരെയധികം ക്ഷീരോല്‍പ്പാദനശേഷിയുള്ള വിദേശ ഇനത്തില്‍പ്പെട്ട വിത്തുകാളകളെ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഇറക്കുമതി ചെയ്‌ത്‌ അതില്‍ നിന്നുള്ള ബീജസങ്കലനം വഴി നമ്മുടെ നാട്ടിലെ കാലികളുടെ നിലവാരം മെച്ചപ്പെടുത്തി വരികയാണ്‌. അതിനാല്‍ വിദേശകാലികളെപ്പറ്റി ചില വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത്‌ പ്രയോജനപ്രദമായിരിക്കും.

ജേഴ്‌സി

ഇംഗ്ലീഷ്‌ ചാനലിലുള്ള ജേഴ്‌സിദ്വീപാണ്‌ ജേഴ്‌സി വര്‍ഗത്തിന്റെ ജന്മസ്ഥലം. സാധാരണയായി ഇളം ചുവപ്പുനിറമാണ്‌ ഈ ഇനം പശുക്കള്‍ക്കുള്ളത്‌. എന്നാല്‍ കടും തവിട്ടുനിറവും, കറുപ്പുനിറവും വെള്ളയും മറ്റു നിറങ്ങളും ചേര്‍ന്നവയെയും കാണാന്‍ സാധിക്കും. ജേഴ്‌സി പശുക്കള്‍ സാമാന്യം വലിപ്പം കുറഞ്ഞതും അധികം കൊഴുത്തു തടിച്ചിരിക്കാത്തതുമാണ്‌. ഈ ഇനത്തിലുള്ള പശുക്കള്‍ക്ക്‌ 400 മുതല്‍ 500 കിലോഗ്രാം വരെ തൂക്കം വരും. കാളകള്‍ക്ക്‌ 600 മുതല്‍ 800 കിലോഗ്രാം വരെ തൂക്കം കാണും. 4500 ലിറ്റര്‍ വരെ ഒരാണ്ടില്‍ ഒരു പശുവില്‍നിന്നും പാല്‍ കിട്ടുന്നുണ്ട്‌. ശരിയായ ആകൃതിയുള്ളതും വികസിച്ചതുമായ അകിടും അതില്‍ നല്ല ക്രമത്തില്‍ കാണപ്പെടുന്ന മുലക്കാമ്പുകളും കുഴിഞ്ഞ നെറ്റിത്തടവും ഈ ഇനത്തിന്റെ പ്രത്യേകതകളാണ്‌. ഇളം മഞ്ഞനിറമുള്ള ഇതിന്റെ പാലിനു മറ്റിനം പശുക്കളുടെ പാലിനെക്കാള്‍ കൊഴുപ്പ്‌ കൂടുതലുണ്ട്‌.

ബ്രൗണ്‍സ്വിസ്‌

സ്വിറ്റ്‌സര്‍ലണ്ടിലെ ആല്‍പ്‌സിന്റെ കിഴക്കും വടക്കുമാണ്‌ ഈ വര്‍ഗം കാലികളുടെ ജന്മസ്ഥലം. തടിച്ചുകൊഴുത്ത അവയവങ്ങളും സാമാന്യം വലിപ്പമുള്ള ശരീരവുമാണ്‌ ഈ ഇനത്തിനുള്ളത്‌. അകിട്‌ അത്ര വികസിച്ചതായി തോന്നുകയില്ലെങ്കിലും അവയുടെ ഘടന ശരീരത്തിന്‌ ഒരഴകാണ്‌. ഒരു പ്രസവത്തിന്‌ 5000 കിലോഗ്രാം വരെ പാല്‍ തരുന്നതിനു കഴിവുള്ള പശുക്കളാണ്‌ ഇവ. സാധാരണയായി ഇളംതവിട്ടുനിറവും ചിലപ്പോള്‍ കടും തവിട്ടുനിറവും കണ്ടുവരുന്നു. 
പ്രായപൂര്‍ത്തിയായ ഒരു പശുവിന്‌ 500 മുതല്‍ 700 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഈ ഇനത്തിലുള്ള കാളകള്‍ക്ക്‌ 800 മുതല്‍ 1000 കിലോഗ്രാം വരെ തൂക്കമുണ്ട്‌. എല്ലാത്തരം പുല്ലുകളും മറ്റു തീറ്റസാധനങ്ങളും തിന്ന്‌ അവയെ പാലാക്കി മാറ്റാനുള്ള കഴിവ്‌ ഈ ഇനത്തില്‍പ്പെട്ട പശുക്കള്‍ക്കുണ്ട്‌. പുല്‍മേടുകളില്‍ക്കൂടി നടന്നു മേയുന്നതിനുള്ള സാമര്‍ത്ഥ്യം ബ്രൗണ്‍സ്വിസ്‌ പശുക്കളുടെ പ്രത്യേകതയാണ്‌. പ്രായപൂര്‍ത്തിയെത്താന്‍ 3-4 വയസ്സുവരെ വേണ്ടിവരുമെന്നത്‌ ഇതിന്റെ ന്യൂനതയാണ്‌.

ഹോള്‍സ്റ്റൈന്‍-ഫ്രീഷിയന്‍

യൂറോപ്പിന്റെ വടക്കുപടിഞ്ഞാറേ സമതലപ്രദേശത്ത്‌ ഏകദേശം 2000 വര്‍ഷങ്ങളായി ഈ വര്‍ഗം പശുക്കള്‍ സംരക്ഷിക്കപ്പെട്ടുവരുന്നു. ഹോളണ്ടിന്റെ വടക്കുഭാഗത്ത്‌ ഫ്രീസിലണ്ട്‌ എന്ന സ്ഥലത്താണ്‌ ഇവയുടെ ഉല്‍ഭവം. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഈ ഇനം പശുക്കള്‍ക്ക്‌ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറമാണുള്ളത്‌. എന്നാല്‍ യൂറോപ്പില്‍ ചുവപ്പും വെള്ളയും ഇടകലര്‍ന്ന നിറങ്ങള്‍ ഉള്ളവയും ഉണ്ട്‌. ഹോള്‍സ്റ്റൈന്‍-ഫ്രീഷിയന്‍ എന്ന നാമത്താല്‍ മറ്റു രാജ്യങ്ങളില്‍ അറിയപ്പെടുന്ന ഈ വര്‍ഗത്തെ അമേരിക്കയില്‍ ചുരുക്കി ഹോള്‍സ്റ്റൈന്‍ എന്നാണ്‌ വിളിക്കുന്നത്‌. 
പ്രായപൂര്‍ത്തിയെത്തിയ ഈ ഇനം പശുക്കള്‍ക്ക്‌ 500 മുതല്‍ 800 വരെ കിലോഗ്രാം തൂക്കം വരും. വളരെ അധികം പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇനം പശുക്കളാണിവ. ഒരു കറവക്കാലത്ത്‌ 6500 കിലോഗ്രാമില്‍ കൂടുതല്‍ പാല്‍ ലഭിക്കുന്നതാണ്‌. ഈ ഇനത്തിന്റെ പാലിന്‌ കൊഴുപ്പിന്റെ ശതമാനം കുറഞ്ഞിരിക്കും. ശരാശരി 3.37 ശതമാനം കൊഴുപ്പ്‌ ഉണ്ടായിരിക്കും. നമ്മുടെ നാട്ടിലെ ചൂടു കാലാവസ്ഥ ഇവയ്‌ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും. കുളമ്പിലുണ്ടാകുന്ന രോഗങ്ങള്‍, അകിടുവീക്കം, സന്ധിരോഗങ്ങള്‍ എന്നിവ ഈ ഇനത്തിന്‌ കൂടുതലായി കണ്ടുവരുന്നു.

എയര്‍ഷെയര്‍

സ്‌കോട്ട്‌ലണ്ടിന്റെ തെക്കു പടിഞ്ഞാറുഭാഗത്തുള്ള `എയര്‍' എന്ന സ്ഥലമാണ്‌ ഈ പശുക്കളുടെ ജന്മനാട്‌. ചുവപ്പും വെള്ളയും കലര്‍ന്ന നിറമാണിതിനുള്ളത്‌. ഇതിന്റെ വൃത്താകൃതിയും വികസിച്ചതുമായ അകിട്‌ ഇതിനൊരലങ്കാരമായി കാണപ്പെടുന്നു. 5000 കിലോഗ്രാം പാല്‍ ഒരു കറവക്കാലത്ത്‌ ലഭിക്കുന്നതാണ്‌. പ്രായപൂര്‍ത്തി വന്ന പശുക്കള്‍ക്ക്‌ 500 കിലോഗ്രാം തൂക്കം വരും. കാളകള്‍ക്ക്‌ 750 മുതല്‍ 1000 കിലോഗ്രാം വരെ തൂക്കമുണ്ടാകും. നീളമുള്ളതും വളഞ്ഞതുമായ കൊമ്പുകളാണുള്ളത്‌. പുല്‍ത്തകിടികളില്‍ മേയുന്നതിന്‌ ഈ വര്‍ഗം പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്‌. ഗോണ്‍സി, ഷോര്‍ട്ട്‌ ഹോണ്‍, റെഡ്‌ പോള്‍സ്‌ മുതലായവയാണ്‌ മറ്റ്‌ വിദേശയിനം കാലികള്‍. 

വിദേശത്തെ ഇന്ത്യന്‍കാലികള്‍

ഇന്ത്യന്‍ കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിച്ചത്‌ വിദേശയിനം കാലികളുടെ വരവോടെയാണെങ്കില്‍ വിദേശത്തുള്ള കന്നുകാലികളുടെ രോഗപ്രതിരോധശേഷിയും ശാരീരിക വളര്‍ച്ചയും കൂട്ടുവാന്‍ ഇന്ത്യന്‍ കാലികളുടെ സഹായവും വേണ്ടിവന്നു. ഇന്ത്യന്‍ കാലികളുടെ രോഗപ്രതിരോധശേഷി ശാന്തപ്രകൃതം, ശാരീരികദൃഢത, ഉഷ്‌ണം ചെറുക്കുവാനുള്ള കഴിവ്‌, ബാഹ്യപരാദങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയാണ്‌ വിദേശികള്‍ പ്രയോജനപ്പെടുത്തിയത്‌. 
യൂറോപ്പിലും തെക്കേഅമേരിക്കയിലും, ഇന്ത്യന്‍ കാലികളെ `സെബു' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. അമേരിക്കന്‍ ഐക്യനാടുകളില്‍ ഇവയെ `ബ്രഹ്മ' എന്നാണ്‌ വിളിക്കുന്നത്‌. യൂറോപ്പ്‌, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ്‌ ഇന്ത്യന്‍ ജനുസ്സുകളെ കൊണ്ടുപോയത്‌. പാലുല്‍പ്പാദനത്തിനും രോഗപ്രതിരോധശേഷിക്കും, ശാരീരികവളര്‍ച്ചയ്‌ക്കും പേരുകേട്ട ഗിര്‍, സിന്ധി, സാഹിവാള്‍ എന്നിവയും നല്ല ശാരീരികക്ഷമതയും വളര്‍ച്ചയുമുള്ള ആന്ധ്രാപ്രദേശിലെ ഓംഗോള്‍ എന്ന ജനുസ്സിനെയുമാണ്‌ വിദേശികള്‍ കൊണ്ടുപോയത്‌. ബ്രഹ്മാ കന്നുകാലികളുടെ വികസനത്തിനായി തെക്കേ അമേരിക്ക വന്‍പദ്ധതിതന്നെ നടപ്പിലാക്കിയിട്ടുണ്ട്‌. വളരെയേറെ യൂറോപ്യന്‍ ജനുസ്സുകളുമായി ബ്രഹ്മകാലികളെ ഇണ ചേര്‍ത്ത്‌ തൃപ്‌തികരമായ ഇറച്ചിക്കാലികളെ വികസിപ്പിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. 
തെക്കേ അമേരിക്കയില്‍ സങ്കരപ്രജനനം വഴി നല്ല പണിക്കാളകളെയും ഇറച്ചിക്കാലികളെയും ഉല്‍പ്പാദിപ്പിച്ചു. ദക്ഷിണ ടെക്‌സാസിലെ കിങ്‌റാഞ്ചില്‍ ബ്രഹ്മാവിത്തുകാളകളെ ഷോര്‍ട്ട്‌ ഹോണ്‍ പശുക്കളുമായി സങ്കരണം നടത്തി സാന്താഗര്‍ട്രുഡിസ്‌ എന്ന ഒരു പുതിയ ജനുസ്സ്‌ വികസിപ്പിച്ചെടുത്തു. ഇതില്‍ 8-ല്‍ 3 ഭാഗം ബ്രഹ്മയും 8-ല്‍ 5 ഭാഗം ഷോര്‍ട്ടുഹോണുമാണ്‌. വലിയ ഇറച്ചിക്കാലികളായ ഇവയ്‌ക്കു പ്രായപൂര്‍ത്തിയായ പശുവിന്‌ 720 കി.ഗ്രാമും കാളയ്‌ക്ക്‌ 900 കി.ഗ്രാം തൂക്കമുണ്ട്‌. കൊമ്പുള്ളതും കടുത്ത ചുവപ്പുനിറത്തോടുകൂടിയതുമായ ഇതിന്റെ ചെവി തൂങ്ങിനില്‍ക്കുന്നതുമാണ്‌. മിതോഷ്‌ണമേഖലയിലും സാമാന്യം വരണ്ട മേഖലയിലും മേച്ചിലിനുപറ്റിയ മൃഗങ്ങളാണിവ. പരുഷാഹാരങ്ങളുടെ മേച്ചിലിനും താപസഹനശക്തിക്കും രോഗപ്രതിരോധശക്തിക്കും മേന്മയേറിയ ജനുസാണിത്‌.
അര്‍ജന്റീനയില്‍ ഓംഗോള്‍ ജനുസ്സുമായി സങ്കരണം നടത്തിയുണ്ടാക്കിയ പുതിയ ഇനമാണ്‌ അവിടത്തെ ഏറ്റവും നല്ല കന്നുകാലി ജനുസ്സ്‌. അതുപോലെ ഗിര്‍ജനുസ്സ്‌ ബ്രസീലിലെ കാലികളുമായി പ്രജനനം നടത്തി വികസിപ്പിച്ചെടുത്ത കാലികളാണ്‌ അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാലികള്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്‌.

പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍

1. വര്‍ഗഗുണം 2. ഉല്‍പ്പാദനക്ഷമത 3. പാരമ്പര്യം 4. പാലിന്റെ ഗുണം 5. പശുവിന്റെ സ്വഭാവം 6. ശരീരഘടന 7. ആരോഗ്യം
2. ഉല്‍പ്പാദനക്ഷമത: കൂടുതല്‍ ഉല്‍പ്പാദനശേഷിയുള്ള പശുക്കളെ വാങ്ങാന്‍ പോകുന്നവര്‍ സാധിക്കുമെങ്കില്‍ അടുപ്പിച്ച്‌ മൂന്നുനേരം തുടര്‍ച്ചയായി കറവ നോക്കിയിട്ടു വാങ്ങുന്നതായിരിക്കും നല്ലത്‌. കൂടുതല്‍ പാലുള്ളവ പൊതുവെ കൂടുതല്‍ ആദായകരമായിരിക്കും. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നില്ല.
3. പാരമ്പര്യം: പശുവിന്റെ ചരിത്രം പരിശോധിക്കണം, കൂടെക്കൂടെ പ്രസവിക്കുന്ന പതിവുള്ളതാണോ, നേരത്തെ പ്രായപൂര്‍ത്തിയായതാണോ, ചെന പിടിക്കാന്‍ എളുപ്പമുള്ളതാണോ, ദൈര്‍ഘ്യമുള്ള കറവക്കാലമുള്ളവയാണോ എന്നിവ നോക്കിയിട്ടു വാങ്ങുന്നതായിരിക്കും നല്ലത്‌.
4. പാലിന്റെ ഗുണം: പാലിന്റെ ഗുണം അനുസരിച്ച്‌ വിലകൊടുക്കുന്ന സമ്പ്രദായം പ്രചരണത്തിലായതുകൊണ്ട്‌ ഗുണമേന്മയുള്ള പാലുള്ള ഉരുക്കളായിരിക്കണം.
5. പശുവിന്റെ സ്വഭാവം: പശു ഉണക്കമുള്ളതും ശാന്തസ്വഭാവമുള്ളതുമാണോ എന്നു നോക്കണം.
6. ശരീരഘടന: രണ്ടു പ്രാവശ്യത്തിലധികം പ്രസവിച്ചിട്ടില്ലാത്തതും അധികം പ്രായമില്ലാത്തവയുമായിരിക്കണം.
7. ആരോഗ്യം: രോഗമില്ലാത്തവയാണോ എന്നു പരിശോധിക്കണം. അകിടുവീക്കം വന്നിട്ടുള്ളവയാണോ എന്നും നോക്കിയിരിക്കണം. കുളമ്പുദീനം പോലുള്ള രോഗം വന്നിട്ടുള്ളതാണോ എന്നറിയാന്‍ പശുവിനെ നടത്തി നോക്കണം.
$ നമ്മള്‍ വളര്‍ത്താന്‍ ഉദേശിക്കുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടുന്ന സാഹചര്യത്തില്‍ ജീവിക്കുന്ന പശുക്കള്‍ അല്ലെങ്കില്‍ കാലാവസ്ഥയും തീറ്റയുമായി പൊരുത്തപ്പെടാതെ പാല്‍ കുറയാനും രോഗം വരാനും ഇടയാകും.
$ പ്രസവിച്ച്‌ അധികം മാസങ്ങള്‍ കഴിയാത്തവയായിരിക്കണം. ഇളം കറവയിലുള്ളവയായിരിക്കണം.
$ പശുക്കുട്ടിയുള്ള പശു ആയിരുന്നാല്‍ കൂടുതല്‍ നന്നായിരിക്കും.
$ പശുവിന്റെ ആരോഗ്യംപോലെ പശുക്കുട്ടിയും ആരോഗ്യമുള്ളതാണോ എന്ന്‌ നോക്കണം. തീര്‍ത്തും ആരോഗ്യം ഇല്ലാത്ത കുട്ടികള്‍ മരണപ്പെടാന്‍ സാധ്യത കൂടുതലാണ്‌.
$ തിളങ്ങുന്ന കണ്ണുകളും ശ്രദ്ധയുള്ള ചെവികളുമായിരിക്കണം. കണ്ണില്‍ക്കൂടി വെള്ളം ഒലിച്ചുകൊണ്ടിരിക്കുന്നത്‌ നല്ല ലക്ഷണമല്ല.
$ രോമം മിനുസമുള്ളതും ചര്‍മ്മം അയവുള്ളതും മുടി കൊഴിച്ചിലും ചര്‍മ്മരോഗങ്ങളും ഇല്ലാത്തവയുമായിരിക്കണം.
$ ശരീരം മേനിക്കൊഴുപ്പുള്ളതായിരിക്കണം. എന്നാല്‍ ശരീരം തടിച്ചു കൊഴുത്തതായിരിക്കാന്‍ പാടില്ല. കഴിക്കുന്ന ആഹാരം സ്വന്തം ശരീരപുഷ്‌ടിക്കുവേണ്ടി അധികം ഉപയോഗപ്പെടുത്താതെ പാലിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതായിരിക്കണം. ഇങ്ങനെയുള്ള പശുക്കള്‍ അധികം തടിച്ചിരിക്കുകയില്ല.
$ നല്ലവണ്ണം തീറ്റയും വെള്ളവും എടുക്കുന്നവയായിരിക്കണം.
$ അകിട്‌ വലിപ്പവും വിസ്‌താരമുള്ളതും, മാര്‍ദ്ദവമുള്ളതും, ശരീരത്തോട്‌ ബലമായി ഉറപ്പിച്ചിട്ടുള്ളതും, കറവയ്‌ക്കുശേഷം ചുരുങ്ങുന്നതുമായിരിക്കണം. മുലക്കാമ്പുകള്‍ വലിപ്പമുള്ളതും, അകന്നു നില്‍ക്കുന്നതും പിന്‍വശത്തുനിന്നു നോക്കുമ്പോള്‍ ഒരേ ലവലില്‍ ഉള്ളതുമായിരിക്കണം.
$ ഒരു ചുരയ്‌ക്കുതന്നെ പാല്‍ മുഴുവന്‍ തരുന്നവയായിരിക്കണം.
$ പാല്‍ ഞരമ്പുകള്‍ തടിച്ചതും വളഞ്ഞു പുളഞ്ഞും പല ശാഖകളോടുകൂടിയതുമായിരിക്കണം.
$ ചാണകം കറുപ്പുനിറത്തോടുകൂടിയതും കഫം പുരളാത്തതും, അധികം അയവും മുറുക്കവും ഇല്ലാത്തവയും ആയിരിക്കണം.
$ നടക്കുമ്പോള്‍ പിഴവില്ലാത്തതായിരിക്കണം.
$ ഭഗത്തില്‍ തുന്നലുകളുണ്ടെങ്കില്‍ പ്രസവം തകരാറുവന്നിട്ടുള്ളവയാണ്‌ എന്ന്‌ അനുമാനിക്കാം.
$ കറവപ്പശുക്കളില്‍ സ്‌ത്രൈണസ്വഭാവം മുന്നിട്ടുനില്‍ക്കണം. പശുവിന്റെ ഒരു വശത്തുനിന്നു നോക്കുമ്പോള്‍ പൂഞ്ഞിയില്‍നിന്നും പിന്നിലേക്കു വരുംതോറും വീതികൂടി ആഴമേറിയ ദേഹം ആയിരിക്കണം. ഇതു കൂടുതല്‍ ആഹാരം കഴിക്കാനുള്ള കഴിവിനെയും കൂടുതല്‍ ഉല്‍പ്പാദനക്ഷമതയെയും കാണിക്കുന്നു. ഇടുപ്പെല്ലുകള്‍ അകന്ന്‌ വീതി കൂടിയ മുതുകുള്ള പശുക്കളുടെ ആന്തരിക ലൈംഗികാവയവങ്ങള്‍ വലിപ്പം കൂടുതല്‍ ഉള്ളതായിരിക്കും. കുട്ടിയെ പ്രയാസം കൂടാതെ പ്രസവിക്കാനുള്ള കഴിവിനെ ഇതു കാണിക്കുന്നു. പശുവിന്റെ മുന്‍ഭാഗത്ത്‌ മുന്‍കാലുകള്‍ അകന്ന്‌ നെഞ്ചിന്റെ വിസ്‌താരം കൂടിയിരിക്കുന്നതു ശ്വസനേന്ദ്രിയങ്ങളുടെ വലുപ്പത്തെയും, ശരീരത്തിന്റെ മൊത്തം ആരോഗ്യസ്ഥിതിയെയും പ്രദര്‍ശിപ്പിക്കുന്നു.
$ വര്‍ഗലക്ഷണങ്ങള്‍
നിറം, വലിപ്പം, കൊമ്പ്‌ ഇവ കൂടാതെ ജനുസ്സിന്റെ സവിശേഷലക്ഷണങ്ങള്‍ ഇതില്‍ പരിഗണിക്കണം.
തല: സാമാന്യനീളവും ഭംഗിയുള്ളതും വലിയ നാസാദ്വാരങ്ങളോടുകൂടിയ വിസ്‌താരമേറിയ മോന്ത, നേരിയതും ഉറപ്പുള്ളതുമായ താടി, പ്രകാശിക്കുന്ന വലിയ കണ്ണുകള്‍ സ്വല്‍പം കുഴിഞ്ഞ്‌ വിസ്‌താരമുള്ള കീഴ്‌നെറ്റി (കണ്ണുകള്‍ക്കിടയിലുള്ള ഭാഗം).
തോള്‍പ്പലക: ഉന്തി മുഴച്ചുനില്‍ക്കാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളുമായി ഇഴുകിച്ചേര്‍ന്നിരിക്കണം.
പുറംഭാഗം: ഉറപ്പുള്ളതും വളവില്ലാത്തതുമായിരിക്കണം.
ഇടുപ്പ്‌: വിസ്‌തൃതവും ഉറപ്പുള്ളതും ഒരേ നിരപ്പിലുള്ളതുമായിരിക്കണം.
പുഷ്‌ഠം: വിസ്‌താരമുള്ളതും നീളമുള്ളതും വാലിന്റെ ഉത്ഭവസ്ഥാനം മുതല്‍ ഇടുപ്പുവരെ വളവില്ലാത്തതും ആയിരിക്കണം.
അരക്കെട്ട്‌: വീതി കൂടിയും പുറംഭാഗവുമായി ഒരേ നിരപ്പിലും ഇരിക്കണം. കൂടുതല്‍ തടിച്ചിരിക്കാന്‍ പാടില്ല.
കൂരെല്ലുകള്‍: അരയ്‌ക്ക്‌ അല്‍പം താഴെയായി അകന്നിരിക്കണം. വാലിന്റെ ഉത്ഭവസ്ഥാനം കൂരെല്ലുകള്‍ക്ക്‌ അല്‍പം മുകളഇലായി വൃത്തിയില്‍ ഒതുങ്ങിയിരിക്കണം.
വാല്‍: നീണ്ട്‌ ചുവടോടടുക്കുന്തോറും കൂര്‍ത്തുവരണം. വാല്‍ക്കൊന്ത (രോമപാളി) അഴകുള്ളതായിരിക്കണം.
പില്‍കാലുകള്‍: കാല്‍ത്തള മുതല്‍ ഹോക്‌ സന്ധിവരെ ലംബമായിരിക്കണം. പിന്നില്‍നിന്നു നോക്കുമ്പോള്‍ കാലുകള്‍ അകന്നും ഋജുവായും കാണപ്പെടണം. എല്ലുകള്‍ പരന്നതും ഉറപ്പുള്ളതുമായിരിക്കണം. കാല്‍ത്തള ഇടത്തരം നീളമുള്ളതും ശക്തവുമായിരിക്കണം. അതൊരു കുഷ്യന്‍പോലെ പ്രവര്‍ത്തിക്കണം. ഹോക്‌ വൃത്തിയായി രൂപം പൂണ്ടതായിരിക്കണം.
കാലുകള്‍: അകന്നിരിക്കണം; ചതുരാകൃതിയിലായിരിക്കണം. ശക്തിയുള്ളതായിരിക്കണം; മുന്‍കാലുകള്‍ കുത്തനെ ആയിരിക്കണം.
പാദം: കുറിയതും ഉരുണ്ടതും ആയിരിക്കണം. കാലടി നിരപ്പായും ഉപ്പൂരി ബലവത്തായും ഇരിക്കണം.
ഡയറി ലക്ഷണങ്ങള്‍
പ്രസരിപ്പും പോണ്‍ ആകൃതിയും ഉണ്ടായിരിക്കണം. ആവശ്യത്തിലധികം പേശികള്‍ ഇല്ലാതിരിക്കണം.
കഴുത്ത്‌: നീണ്ട്‌ കട്ടികുറഞ്ഞതും തോളും മാറിടവുമായി ഇഴുകിച്ചേര്‍ന്നുമിരിക്കണം. തൊണ്ടയും താടയും സുസ്‌പഷ്‌ടമായിരിക്കണം.
വാരിയെല്ല്‌: അകന്നതും പരന്നതും നീളമുള്ളതും വികസിച്ചതുമായിരിക്കണം.
പള്ള: ഗഹനമായി വളഞ്ഞ്‌ വ്യക്തമായിരിക്കണം.
തുടകള്‍: പാര്‍ശ്വഭാഗങ്ങളില്‍ പരന്നും, ഉള്ളിലേക്ക്‌ വളഞ്ഞും ഇരിക്കണം. പിന്നില്‍നിന്നു വീക്ഷിക്കുമ്പോള്‍ അകന്നിരിക്കണം. ഇങ്ങനെയായാല്‍ അകിടിനു കൂടുതല്‍ സ്ഥല കിട്ടും.
തോല്‍: ഇടത്തരം കനമുള്ളതും അയഞ്ഞതും വഴക്കമുള്ളതുമായിരിക്കണം.
ശരീരവ്യാപ്‌തി: കന്നിന്റെ വലിപ്പത്തിനനുസരിച്ച്‌ ശരീരാന്തര്‍ഭാഗവും വലുതായിരിക്കും. അതിനു കൂടുതല്‍ ദഹനശേഷിയും ഉറപ്പും ഓജസ്സും ഉണ്ടായിരിക്കും.
ഉദരവൃത്തം: അകന്നും വികസിച്ചും ഉറച്ച വാരിയെല്ലുകളെക്കൊണ്ട്‌ താങ്ങിനില്‍ക്കുന്നതുമായിരിക്കണം. വീതിയും ഘനവും പിന്നോട്ടുപോകും തോറും കൂടിവരണം (പോണ്‍ ആകൃതിവേണം).
ഔരസവൃത്തം: നീണ്ട്‌ വികസിച്ച മുന്‍വാരിയെല്ലുകള്‍ ഉള്ളതുകാരണം ഈ ഭാഗം വലുതായിരിക്കണം. മുന്‍കാലുകള്‍ക്കിടയിലുള്ള ഔരസഭാഗം വീതികൂടിയിരിക്കണം.
അകിടുസ്വഭാവങ്ങള്‍
അകിട്‌ വിശാലമായും ഉറപ്പായി ശരീരത്തോട്‌ ചേര്‍ന്നും ഇരിക്കണം. കേടുപാടില്ലാത്തതും കൂടുതല്‍ ക്ഷീരോല്‍പ്പാദനശേഷിയുള്ളതും നീണ്ടകാലം ഉപകരിക്കുന്നതുമായ അകിട്‌ തിരിച്ചറിയണം.
അകിടിന്റെ വലിപ്പവും ആകൃതിയും: നീണ്ട്‌ വീതികൂടിയിരിക്കണം. ഇടത്തരം ആഴമേ പാടുള്ളൂ. മുന്നോട്ട്‌ ഉന്തിനില്‍ക്കണം. അകിടിന്റെ വിവിധഭാഗങ്ങള്‍ സന്തുലിതാവസ്ഥയിലായിരിക്കണം.
ഘടന: മൃദുവും വഴങ്ങുന്നതും വലിച്ചാല്‍ വലിയുന്നതും പാല്‍ കറന്നാല്‍ മുഴുവന്‍ ചുരുങ്ങുന്നതുമായിരിക്കണം. വേണ്ടത്ര നീളവും വലിപ്പവും ഐക്യരൂപ്യമുള്ളതുമായിരിക്കണം. ഉരുണ്ടിരിക്കണം. പാല്‍ ഒഴുകുന്നതിനു തടസ്സം ഉണ്ടാകരുത്‌. അകന്ന്‌ ഒരു ചതുരത്തിന്റെ നാലു മൂലകളിലായിട്ടായിരിക്കണം മുലക്കാമ്പുകളുടെ സ്ഥാനം. അകിടിന്റെ സിരകള്‍ നീണ്ടതും സ്‌പഷ്‌ടവും വളഞ്ഞതും, ശാഖകളോടുകൂടിയതും, ധാരാളം വലിപ്പം കൂടിയ ക്ഷീരകൂപങ്ങളോടുകൂടിയവയുമായിരിക്കണം.
$ ക്ഷീരോല്‍പ്പാദനശേഷിയുള്ള പശുക്കളുടെ ലക്ഷണങ്ങള്‍
കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിവുള്ള പശുക്കളുടെ സാമാന്യലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. ശാസ്‌ത്രീയമായി പശുക്കളെ സംരക്ഷിക്കുന്ന ഡയറി ഫാമുകളില്‍ അനുദിനം ഓരോ പശുക്കളില്‍നിന്നു ലഭിക്കുന്ന തിരിച്ചറിയുന്നതിനു നല്ലൊരു മാര്‍ഗമാണ്‌. എന്നാല്‍ ഇത്‌ പ്രായോഗികമല്ലാത്ത സാഹചര്യത്തില്‍ വേറെ മാര്‍ഗം അവലംബിക്കേണ്ടിയിരിക്കുന്നു.
ഒരു പശുവിനു ധാരാളം പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കഴിവ്‌, ഏകദേശം അതിന്റെ അകിടിന്റെ വലിപ്പം, ആകൃതി മുതലായവയെ ആശ്രയിച്ചിരിക്കും. കറവ കഴിഞ്ഞാല്‍ അകിടിന്റെ വലിപ്പം നന്നായി ചുരുങ്ങണം. കാഴ്‌ചയില്‍ കുതിരയുടെ ആകൃതിപോലുള്ള പശുക്കള്‍ക്കും, അധികം തടിച്ച ശരീരഘടനയുള്ള പശുക്കള്‍ക്കും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുവാനുള്ള കഴിവുണ്ടായിരിക്കുകയില്ല. പശുവിന്റെ പിന്‍ഭാഗം വിസ്‌താരം കുറഞ്ഞ്‌ ഒതുങ്ങിയിരുന്നാല്‍ ഗര്‍ഭപാത്രം ചെറുതായിരിക്കാനേ സാധ്യതയുള്ളൂ. ഒതുങ്ങിയിരിക്കുന്ന ഭാഗത്തുകൂടി കിടാവു പുറത്തേക്കു വരുന്നതിനു പ്രയാസമാകയാല്‍ പ്രസവത്തിനു വൈഷമ്യം ഉണ്ടാകാനിടയുണ്ട്‌.

സ്ഥലം തെരഞ്ഞെടുക്കല്‍

തൊഴുത്തിനായി സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
$ വീട്ടില്‍നിന്നും കുറച്ച്‌ അകലെ വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ളതും അല്‍പം ഉയര്‍ന്നതുമായ സ്ഥലമാണ്‌ അനുയോജ്യം. 
$ ശുദ്ധജലസ്രോതസ്സുകള്‍ ഒരിക്കലും വറ്റിപ്പോകരുത്‌.
$ ചാണകവും മൂത്രവും മലിനീകരണം ഉണ്ടാകാത്ത രീതിയില്‍ ശേഖരിച്ചു വെക്കുവാനും ഉപയോഗപ്പെടുത്തുവാനുമുള്ള സൗകര്യം ഉണ്ടായിരിക്കണം. 
$ നല്ല വായുസഞ്ചാരവും തണലുമുള്ള സ്ഥലമാണുത്തമം. 
$ പശുക്കള്‍ക്ക്‌ ആവശ്യമുള്ള തീറ്റപ്പുല്‍ കൃഷി ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കണം. 
$ വ്യാവസായികാടിസ്ഥാനത്തില്‍ പശുവളര്‍ത്തല്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കുപരി മറ്റു ചില കാര്യങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്‌. 
$ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍നിന്നും വ്യവസായശാലകളില്‍നിന്നും അകലെയുള്ള സ്ഥലമാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. 
$ വൈദ്യുതി ലഭ്യമാക്കണം.
$ തീറ്റവസ്‌തുക്കള്‍ കൊണ്ടുവരുന്നതിനും ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനും അനുയോജ്യമായ ഗതാഗതസൗകര്യം ലഭ്യമാക്കണം. 
$ വിപണിയുടെ സാമീപ്യം അനിവാര്യമാണ്‌. 
$ പശുക്കള്‍ക്ക്‌ ആവശ്യത്തിന്‌ വൈദ്യസഹായം ലഭിക്കുവാനുള്ള സൗകര്യവും ജോലിക്കാരുടെ ലഭ്യതയും പരിഗണിക്കേണ്ടതുണ്ട്‌.
$ കിഴക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ തൊഴുത്ത്‌ നിര്‍മ്മിക്കുവാനുള്ള സ്ഥലസൗകര്യം ഉണ്ടായിരിക്കണം.
$ ആവശ്യമെങ്കില്‍ ഭാവിയില്‍ കൂടുതല്‍ വികസനത്തിന്‌ അനുയോജ്യമായ പ്രദേശമായിരിക്കണം.
$ കറവപ്പശുക്കള്‍ക്കും കറവ വറ്റിവയ്‌ക്കും കിടാക്കള്‍ക്കും പ്രത്യേകം തൊഴുത്തുണ്ടായിരിക്കണം. പ്രസവിക്കാനുള്ള പശുക്കളെ രാത്രിയിലും മറ്റും കാവലിരിക്കുന്നതിനായി സൗകര്യപ്രദമായ സ്ഥലത്ത്‌ വിസ്‌താരമുള്ള മുറികളുള്ള തൊഴുത്ത്‌ ആവശ്യമാണ്‌. സാധാരണ തൊഴുത്തില്‍ നിന്നും കുറെ അകലെയായി അസുഖം പിടിപെടുന്ന പശുക്കള്‍ക്കായി പ്രത്യേകം തൊഴുത്തുണ്ടായിരിക്കണം. കൂടാതെ പാല്‍ കറന്ന്‌ അരിച്ച്‌ തിട്ടപ്പെടുത്തി വെക്കുന്നതിനും കന്നുകാലികള്‍ക്കുള്ള തീറ്റസാധനങ്ങള്‍, മരുന്നുകള്‍ മുതലായവ സൂക്ഷിക്കുന്നതിനുമുള്ള മുറികള്‍ തൊഴുത്തിനോടനുബന്ധിച്ചുണ്ടായിരിക്കണം. പശുക്കളുടെ എണ്ണമനുസരിച്ച്‌ തൊഴുത്ത്‌ പ്ലാന്‍ ചെയ്യേണ്ടതാണ്‌. ഓട്ടോമാറ്റിക്‌ രീതിയില്‍ കുടിക്കാനുള്ള വെള്ളം ലഭ്യമാക്കുവാന്‍ ഫ്‌ളഷ്‌ടാങ്ക്‌ സംവിധാനം ഒരുക്കാവുന്നതാണ്‌.

തൊഴുത്തിന്റെ ഘടകങ്ങള്‍

തറ

സിമന്റ്‌, കോണ്‍ക്രീറ്റ്‌ ഇട്ടതും എന്നാല്‍ തെന്നാത്തവിധം രൂപരേഖകളുള്ള തറയാണുത്തമം. തറയ്‌ക്ക്‌ 30 സെ.മീറ്റര്‍ ഉയരം മതിയാകും. 40 സെന്റിമീറ്ററിന്‌ 1 സെന്റിമീറ്റര്‍ എന്ന തോതില്‍ തറയ്‌ക്ക്‌ ചരിവ്‌ നല്‍കുന്നത്‌ വെള്ളം, മൂത്രം എന്നിവ കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകുവാന്‍ സഹായകമാകും. തറയില്‍ സിമന്റ്‌ ഇടുമ്പോള്‍ ലൈനുകള്‍ ഇട്ടും അലുമിനിയം ഗ്രില്ലുകള്‍ പതിപ്പിച്ചും തറ പരുപരുത്തതാക്കിയാല്‍ പശുവിന്റെ കാല്‍ വഴുതി വീഴാതിരിക്കുവാന്‍ സഹായിക്കും. തറയില്‍ വിള്ളലുകളോ കുഴികളോ ഉണ്ടായാല്‍ അവ യില്‍ മലിനവസ്‌തുക്കള്‍ അടിഞ്ഞുകൂടി അകിടുവീക്കംപോലുള്ള രോഗങ്ങള്‍ വരാനിടയാകും. വഴുക്കാതിരിക്കാന്‍ റബ്ബര്‍ഷീറ്റുകള്‍ ഇട്ടു കൊടുക്കാവുന്നതാണ്‌.

ഭിത്തി

മേല്‍ക്കൂരയ്‌ക്ക്‌ താങ്ങായി വര്‍ത്തിക്കുന്ന ഭിത്തികള്‍ ഉരുക്കളെ കാറ്റില്‍നിന്നും രക്ഷിക്കുന്നു. 2 ഇഷ്‌ടിക വീതിയില്‍ 1 മീറ്റര്‍വരെ ഭിത്തികള്‍ കെട്ടിപ്പൊക്കി അകവശം പ്ലാസ്റ്റര്‍ ചെയ്യേണ്ടതാണ്‌. മേല്‍ക്കൂരകള്‍ക്കായി ഭിത്തിയില്‍നിന്നും തൂണുകള്‍ കെട്ടിപ്പൊക്കാം. നല്ല വായുസഞ്ചാരം ലഭിക്കുന്നതിനും ഉള്ളിലെ ചൂടു കുറയ്‌ക്കുന്നതിനും ഭിത്തികള്‍ക്കു കുറഞ്ഞത്‌ 3 മീറ്റര്‍ ഉയരമുണ്ടായിരിക്കണം. കൂടുതല്‍ തണുത്ത കാറ്റടിക്കുന്ന സ്ഥലങ്ങളില്‍ ജാളിവര്‍ക്കുകള്‍ നടത്താവുന്നതാണ്‌.

മേല്‍ക്കൂര

ഓടുകൊണ്ടോ ആസ്‌ബസ്റ്റോസ്‌ കൊണ്ടോ മേല്‍ക്കൂര നിര്‍മ്മിക്കാം. മേല്‍ക്കൂരയ്‌ക്ക്‌ 1 മീറ്ററിന്‌ 25 സെന്റിമീറ്റര്‍ എന്ന തോതില്‍ ചരിവുണ്ടായിരിക്കണം. മഴ പെയ്യുമ്പോള്‍ തൊഴുത്തിനുള്ളിലേക്ക്‌ വെള്ളം കയറുന്നത്‌ തടയാന്‍ മേല്‍ക്കൂര ഭിത്തിയില്‍നിന്ന്‌ ചുരുങ്ങിയത്‌ 75 സെന്റിമീറ്റര്‍ തള്ളി നില്‍ക്കണം.

തൊഴുത്തിന്റെ വലിപ്പം

തൊഴുത്തിന്റെ വലിപ്പം അതില്‍ കെട്ടാന്‍ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു പശുവിനാവശ്യമായ നീളം 1.8 മീറ്ററും വീതി 1.2 മീറ്ററുമാണ്‌. 10 പശുക്കളെവരെ ഒറ്റവരിയായി കെട്ടത്തക്ക രീതിയില്‍ തൊഴുത്ത്‌ ക്രമീകരിക്കാം. പശുക്കളുടെ എണ്ണം പത്തില്‍ കൂടിയാല്‍ അവരെ രണ്ട്‌ വരികളായി കെട്ടുന്നതാണുത്തമം.

ചെറിയതരം തൊഴുത്ത്‌

മൂന്നോ നാലോ പശുക്കളെ വളര്‍ത്തുന്നതിന്‌ ചെറിയതരം തൊഴുത്ത്‌ നിര്‍മ്മിക്കുന്നതാണ്‌ അഭികാമ്യം. ഇതിനായി 4.8 മീറ്റര്‍ വീതിയും 8 മീറ്റര്‍ നീളവുമുള്ള ഒരു ഷെഡ്‌ പണിയാവുന്നതാണ്‌. ഏറ്റവും മുന്നിലായി 2.2 മീറ്റര്‍ നീളമുള്ള വരാന്തയും പുല്ലും വയ്‌ക്കോലും സൂക്ഷിക്കുവാനുള്ള സ്ഥലവും കൂടാതെ കിടാക്കളെ കെട്ടുവാനുള്ള സ്ഥലവുമുണ്ടായിരിക്കണം. അതിനുശേഷം തീറ്റ നല്‍കുവാനുള്ള 1.5 മീറ്റര്‍ വീതിയുള്ള പാത, 75 സെന്റിമീറ്റര്‍ വീതിയുള്ള പുല്‍ത്തൊട്ടി, പശുവിന്‌ കിടക്കാന്‍ 1.6 മീറ്റര്‍ നീളമുള്ള സ്ഥലം 45 സെന്റിമീറ്റര്‍ വീതിയുള്ള ചാണകച്ചാല്‍, അതിന്‌ പുറകിലായി 1 മീറ്റര്‍ വീതിയുള്ള നടവഴി, നടവഴിയുടെ പിന്നിലായി 1 മീറ്റര്‍ ഉയരമുള്ള അരഭിത്തി എന്നിവ വേണ്ടതാണ്‌. ചാണകച്ചാലിന്റെ ഒരറ്റം ഒരു കുഴിയിലേക്ക്‌ തുറക്കുന്ന രീതിയില്‍ സജ്ജീകരിക്കേണ്ടതാണ്‌. തൊഴുത്തിന്റെ വശങ്ങളില്‍ 3 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ്‌ തൂണുകള്‍ സ്ഥാപിക്കണം. രണ്ട്‌ കറവപ്പശുക്കളും അവയുടെ കിടാക്കളും മാത്രമുള്ള ഒരു സാധാരണ കര്‍ഷകനെ സംബന്ധിച്ചിടത്തോളം വീടിനോട്‌ ചേര്‍ന്ന്‌ ഒരു ചായ്‌പ്‌പോലെ തൊഴുത്ത്‌ നിര്‍മ്മിക്കുന്നതാണ്‌ ലാഭകരം.

ഒറ്റവരി തൊഴുത്ത്‌

പശുക്കളുടെ സംഖ്യ പത്തോ അതില്‍ കുറവോ ആണെങ്കില്‍ അവയെ വരിയായി കെട്ടത്തക്കവിധത്തില്‍ തൊഴുത്ത്‌ ക്രമീകരിക്കാം. ഇത്തരം തൊഴുത്തിന്‌ 6 മീറ്റര്‍ വീതിയും 14.4 മീറ്റര്‍ നീളവുമുണ്ടായിരിക്കണം. 1 മീറ്റര്‍ വീതിയുള്ള ഫീഡിങ്‌ പാസേജ്‌, 60 സെ.മീ. വീതിയുമുള്ള തീറ്റത്തൊട്ടി, പശുക്കള്‍ക്ക്‌ കിടക്കാന്‍ 1.8-2.2 മീറ്റര്‍ നീളമുള്ള സ്ഥലം, 30 സെ.മീ.വീതിയുള്ള ചാണകച്ചാല്‍, ഏറ്റവും പുറകിലായി 1.2 മീറ്റര്‍ വീതിയുള്ള നടവഴി എന്നിവ ക്രമീകരിക്കേണ്ടതാണ്‌. 10 പശുക്കള്‍ക്ക്‌ ആവശ്യമായ തീറ്റയും മറ്റു സാമഗ്രികളും സൂക്ഷിച്ചുവെക്കുന്നതിന്‌ ഒരു ഫീഡ്‌ സ്റ്റോര്‍ നിര്‍മ്മിക്കേണ്ടതും അത്യാവശ്യമാണ്‌.

രണ്ട്‌ നിര തൊഴുത്ത്‌

കൂടുതല്‍ പശുക്കള്‍ ഉള്ളപ്പോള്‍ അവയെ രണ്ട്‌ നിരയായി കെട്ടിയാല്‍ തൊഴുത്തിന്റെ നീളം വളരെയധികം കുറയ്‌ക്കാവുന്നതാണ്‌. രണ്ട്‌ നിരകളിലായി പശുക്കളെ കെട്ടുന്ന തൊഴുത്തില്‍ പശുക്കളെ രണ്ട്‌ രീതിയില്‍ ക്രമീകരിക്കാം.

അഭിമുഖസമ്പ്രദായം

ഈ രീതിയില്‍ പശുക്കള്‍ രണ്ടു നിരയില്‍ പരസ്‌പരം അഭിമുഖമായി നില്‍ക്കും. തൊഴുത്തിന്റെ മധ്യത്തില്‍ 2.1 മീറ്റര്‍ വീതിയുള്ള ഇടനാഴിയും അതിന്റെ ഇരുവശത്തും 80 സെ.മീ. വീതിയുമുള്ള തീറ്റത്തൊട്ടിയും ഉണ്ടായിരിക്കണം. പുല്‍ത്തൊട്ടിയിലേക്ക്‌ തലയിട്ടു നില്‍ക്കുന്ന പശുക്കള്‍ പരസ്‌പരം അഭിമുഖമായി നില്‍ക്കുന്നു. പുല്‍ത്തൊട്ടിക്കു പുറകില്‍ പശുവിനു നില്‍ക്കുവാനായി 1.8 മീറ്റര്‍ നീളമുള്ള സ്ഥലവും അതിനു പിന്നിലായി 30 സെ.മീ. വീതിയുള്ള ചാണകച്ചാലും അതിനു തൊട്ടു പിന്നിലായി 1.2 മീ. വീതിയുള്ള വരാന്ത പരിശോധകന്‌ നടക്കുന്നതിനും ചാണകം കോരിക്കൊണ്ടുപോകുന്ന കൈവണ്ടി കൊണ്ടുപോകാനും ഉപകരിക്കും.

അഭിമുഖസമ്പ്രദായത്തിന്റെ മേന്മ

മദ്ധ്യഭാഗത്തുള്ള ഇടനാഴിയിലൂടെ രണ്ട്‌ നിരയിലുള്ള പശുക്കള്‍ക്കും തീറ്റ പെട്ടെന്ന്‌ നല്‍കാന്‍ കഴിയും. മേയുന്നതിന്‌ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന പശുക്കള്‍ വളരെ വേഗം തൊഴുത്തില്‍ കടന്ന്‌ അവയുടെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ബഹിര്‍മുഖസമ്പ്രദായം

പശുക്കള്‍ തൊഴുത്തിന്റെ ഇരുവശങ്ങളിലും പരസ്‌പരം പിന്തിരിഞ്ഞ്‌ നില്‍ക്കുന്ന രീതിയാണിത്‌. ഈ രീതിയനുസരിച്ച്‌ തൊഴുത്തിന്റെ മദ്ധ്യത്തില്‍ 1.5 മീ. വീതിയുള്ള ഒരു ഇടനാഴിയും അതിന്റെ ഇരുവശങ്ങളിലായി ചാണകച്ചാലും ഉണ്ടായിരിക്കും. പുല്‍ത്തൊട്ടിയുടെ പുറംഭിത്തിക്കു വെളിയില്‍ 1.12 മീറ്റര്‍ വീതിയുള്ള ഒരു ചെറുവരാന്ത തീറ്റവസ്‌തു കൊണ്ടുപോകാനായി ഉണ്ടായിരിക്കണം.

ബഹിര്‍മുഖസമ്പ്രദായത്തിന്റെ മേന്മ

കറവ, ബ്രഷ്‌ ചെയ്യല്‍, ചാലിലെ ചാണകം നീക്കല്‍ തുടങ്ങി ഒരു കര്‍ഷകന്റെ ജോലിയുടെ 60 ശതമാനവും പശുവിന്റെ പിന്‍ഭാഗത്താണു ചെയ്യുന്നത്‌. എല്ലാ പശുക്കളുടെയും പിന്‍ഭാഗം തൊഴുത്തിന്റെ മദ്ധ്യഭാഗത്തേക്കു തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ തൊഴുത്തിലെ പ്രവൃത്തികള്‍ കാര്യക്ഷമതയോടും എളുപ്പത്തിലും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കുന്നു. മദ്ധ്യഭാഗത്തുള്ള വഴിയിലൂടെ കറവയന്ത്രം ഇരുഭാഗത്തേക്കും ഉപയോഗിക്കാന്‍ എളുപ്പമാണ്‌. ഇരുഭാഗത്തുമുള്ള ചാണകം കൈവണ്ടിയില്‍ എളുപ്പം നീക്കം ചെയ്യാം. ഉരുക്കള്‍ വെളിയിലേക്ക്‌ മുഖം തിരിച്ച്‌ നില്‍ക്കുന്നതിനാല്‍ അവയ്‌ക്ക്‌ കൂടുതല്‍ ശുദ്ധവായു ലഭിക്കുന്നു. അകിടുവീക്കം, വയറിളക്കം, മൂത്രാശയരോഗങ്ങള്‍ എന്നിവ മദ്ധ്യേയുള്ള വഴിയിലൂടെ എളുപ്പം മനസ്സിലാക്കാം. അഭിമുഖമായി നില്‍ക്കാത്തതിനാല്‍ ശ്വാസകോശരോഗങ്ങള്‍ അന്യോന്യം പകരുന്നതിനുള്ള സാദ്ധ്യത വളരെ വിരളമാണ്‌.

പശുവിനെ കുത്തിവെപ്പിക്കാന്‍ പറ്റിയ സമയം

പശുക്കളില്‍ മദികാലത്തിന്റെ പരിധി (24-48) മണിക്കൂറാണ്‌. മദിയുടെ രണ്ടാമത്തെ പകുതിയിലാണ്‌ അണ്‌ഡവിസര്‍ജ്ജനം ഉണ്ടാവുക. കുത്തിവയ്‌ക്കപ്പെടുന്ന ബീജത്തിന്റെ സങ്കലനശേഷി പരമാവധി ആറുമണിക്കൂര്‍ മാത്രമേ നിലനില്‍ക്കൂ. പുറത്തുവരുന്ന അണ്‌ഡത്തിന്റെ പരമാവധി ആയുസ്സ്‌ 24 മണിക്കൂറാണ്‌. മദി തുടങ്ങിയ ഉടനെതന്നെ കുത്തിവെച്ചാല്‍ അണ്‌ഡവിസര്‍ജ്ജനം ഉണ്ടാവുന്നതിനു മുമ്പുതന്നെ ബീജത്തിന്റെ ചലനശേഷി നഷ്‌ടപ്പെടുവാന്‍ ഇടയുണ്ട്‌. അതിനാല്‍ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത കുറയും. അണ്‌ഡത്തിന്റെ ആയുസ്സ്‌ 24 മണിക്കൂര്‍ ഉണ്ടെന്നതിനാല്‍ മദികാലത്തിന്റെ അവസാനത്തോടടുപ്പിച്ച്‌ കുത്തിവെക്കുന്നതാണ്‌ നല്ലത്‌. വളരെ വൈകിയതിനുശേഷം കുത്തിവെച്ചാല്‍ ചിലപ്പോള്‍ ഗര്‍ഭം ധരിച്ചേക്കാമെങ്കിലും കിടാവിന്‌ അംഗവൈകല്യം ഉണ്ടാകാന്‍ സാദ്ധ്യതകൂടും. കൃത്യമായി നിരീക്ഷിക്കുകയും ശ്രദ്ധിച്ച്‌ പരിപാലിക്കുകയും ചെയ്യുന്ന പശുക്കളില്‍ മാത്രമേ മദി എപ്പോള്‍ തുടങ്ങി എപ്പോള്‍ അവസാനിച്ചു എന്നൊക്കെ പറയാന്‍ കഴിയൂ. അഴിച്ചുവിടുന്ന പശുക്കളിലും മറ്റും മദിലക്ഷണം കണ്ടാല്‍ അപ്പോള്‍തന്നെ കുത്തിവെപ്പിക്കുകയും പിറ്റേന്നും മദി നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ രണ്ടാമതൊരു പ്രാവശ്യംകൂടി കുത്തിവെപ്പിക്കുകയും ചെയ്യുന്നതാണുത്തമം. കേരളത്തില്‍ ഒരു പശു ഗര്‍ഭംധരിക്കാന്‍ ശരാശരി 2.6 കുത്തിവെപ്പ്‌ വേണ്ടിവരുന്നുണ്ട്‌. 100 ബീജാദാനം ചെയ്യുമ്പോള്‍ 35-40 എണ്ണം മാത്രമേ ഫലപ്രാപ്‌തിയിലെത്തുന്നുള്ളൂ. ഇതിനു പ്രധാന കാരണം കുത്തിവെക്കുന്ന സമയം ശരിയാവാത്തതാണ്‌. കര്‍ഷകരുടെ ശ്രദ്ധയും കൃത്യനിഷ്‌ഠയുംകൊണ്ട്‌ മാത്രമേ ഗര്‍ഭധാരണത്തോത്‌ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ.
മദിയുടെ അവസാനലക്ഷണമാണ്‌ ഗര്‍ഭപാത്രത്തില്‍നിന്നുള്ള രക്തസ്രാവം (മെറ്റീസ്‌ട്രല്‍ ബ്ലീഡ്‌ങ്‌). തീര്‍ത്തും സാധാരണമായ ഒരു പ്രക്രിയയാണിത്‌. പക്ഷേ രക്തം കലര്‍ന്ന അഴുക്ക്‌ പോയതിനുശേഷം കുത്തിവെപ്പിക്കുന്നതുകൊണ്ട്‌ പ്രയോജനമില്ല. രക്തം കലര്‍ന്ന അഴുക്ക്‌ കണ്ടാല്‍ ആ തീയതി കുറിച്ചിടുകയും അതിനുശേഷം 18 ദിവസം മുതല്‍ പശുവിനെ കൃത്യമായി നിരീക്ഷിക്കുകയും വേണം. മദിലക്ഷണം പ്രകടമായാല്‍ കൃത്യസമയത്തുതന്നെ കുത്തിവെപ്പിക്കാന്‍ ഇതുമൂലം സാധിക്കും. പശുവിന്റെ ഓരോ മദി നഷ്‌ടമാകുന്നതിനും നാം കനത്ത വില നല്‍കണം എന്നോര്‍ക്കുക. ഗര്‍ഭധാരണം വൈകുന്നത്‌ രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിക്കാനും ഉല്‍പ്പാദനമില്ലാതെ പശുവിനെ തീറ്റിപ്പോറ്റേണ്ട ഗതികേടിനും ഇടയാക്കും. അങ്ങനെ നോക്കുമ്പോള്‍ പിറ്റേദിവസം ഒന്നുകൂടി കുത്തിവെക്കുന്നതിന്റെ സാമ്പത്തികനഷ്‌ടം തുച്ഛമാണ്‌.

ക്രമ നമ്പര്‍

മദിലക്ഷണങ്ങള്‍
തുടങ്ങിയ സമയം

കുത്തിവെപ്പിന്‌
യോജിച്ച സമയം

കുത്തിവെപ്പിന്‌
യോജിക്കാത്ത സമയം

1.

രാവിലെ 9 മണിക്കു മുമ്പായി

വൈകുന്നേരം

പിറ്റേദിവസം

2.

9 മണി മുതല്‍ 12 മണി വരെ

അതേദിവസം

പിറ്റേദിവസം വൈകുന്നേരം

3.

ഉച്ചയ്‌ക്ക്‌ ശേഷം

പിറ്റേദിവസം 
ഉച്ചയ്‌ക്കു മുമ്പ്‌

പിറ്റേദിവസം ഉച്ചയ്‌ക്കുശേഷം

ഗര്‍ഭലക്ഷണങ്ങള്‍

മദിയുടെ അഭാവം: ഗര്‍ഭം ധരിച്ച പശു പിന്നീട്‌ മദിലക്ഷണങ്ങള്‍ കാണിക്കുകയില്ല. മദിയുടെ അഭാവം മാത്രംകൊണ്ട്‌ പശു ഗര്‍ഭിണിയാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ സാധ്യമല്ല.
കിടാരികളില്‍ അകിടിന്റെ ക്രമമായ വളര്‍ച്ച: നാലു മാസം മുതല്‍ മുലക്കാമ്പുകളില്‍ പശപോലെയുള്ള ദ്രാവകം കാണാം. അകിടു വളരാന്‍ തുടങ്ങുകയും ചെയ്യും.
ശരീരത്തിനു കൊഴുപ്പും മിനുസവും വര്‍ധിക്കുക: ഉദരം വലുതാവുക. പശുക്കള്‍ ക്രമേണ ശാന്തപ്രകൃതികളാകുക തുടങ്ങിയവ ഗര്‍ഭലക്ഷണങ്ങളാണ്‌.
ഗര്‍ഭ പരിശോധന
മുകളില്‍ പറഞ്ഞ ലക്ഷണങ്ങളുള്ള പശുക്കള്‍ ഗര്‍ഭവതികളായേക്കാം എന്നല്ലാതെ അത്‌ ഉറപ്പിച്ചു പറയാന്‍ സാധ്യമല്ല. ബീജാദാനം കഴിഞ്ഞ്‌ മദിലക്ഷണം കാണിക്കാത്ത പശുക്കളെ പരിശോധന നടത്തി ഗര്‍ഭമുണ്ടെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. 2-4 മാസത്തിനകമാണ്‌ ഗര്‍ഭപരിശോധന നടത്താന്‍ പറ്റിയ സമയം. കൈ മലദ്വാരത്തിലൂടെ കടത്തി ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ച തപ്പിനോക്കി ഗര്‍ഭനിര്‍ണയം നടത്തുന്ന രീതി മാത്രമേ ഇപ്പോള്‍ പ്രാബല്യത്തിലുള്ളൂ. ആധുനിക യന്ത്രങ്ങളോ ലബോറട്ടറി പരിശോധനകളോ മൃഗങ്ങളുടെ കാര്യത്തില്‍ പ്രാവര്‍ത്തികമായിട്ടില്ല. ശരിയായി ചെയ്‌താല്‍ തീര്‍ത്തും അപകടരഹിതവും കൃത്യതയുള്ളതുമാണ്‌ ഈ പരിശോധന. എന്നാല്‍ താഴെ പറയുന്ന അവസ്ഥകളില്‍ തെറ്റുകള്‍ പറ്റാന്‍ സാധ്യതയുണ്ട്‌.
1. ഗര്‍ഭം 4-6 മാസംവരെയാമെങ്കില്‍ ഗര്‍ഭപാത്രം ഉദരത്തിന്റെ താഴേക്ക്‌ ഇറങ്ങിവരുന്നതിനാല്‍ പെട്ടെന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല.
2. മൂത്രാശയത്തില്‍ മൂത്രം നിറഞ്ഞിരുന്നാല്‍ ചിലപ്പോള്‍ ഗര്‍ഭമാണെന്ന്‌ തെറ്റിദ്ധരിച്ചേക്കാം.
3. ഗര്‍ഭപാത്രത്തില്‍ വെള്ളം നിറഞ്ഞിരിക്കുക, പഴുപ്പ്‌ നിറഞ്ഞിരിക്കുക, ഗര്‍ഭപാത്രത്തിന്റെ അസാധാരണ വളര്‍ച്ചകള്‍ എന്നിവ ഗര്‍ഭമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കും.
പശു ഗര്‍ഭം ധരിച്ചിട്ടുണ്ടോ എന്ന്‌ എത്രയും നേരത്തെ അറിയുന്നത്‌ ലാഭകരമായ കന്നുകാലിവളര്‍ത്തലിനു വളരെ അത്യാവശ്യമാണ്‌.

ഭ്രൂണമാറ്റം

കൃത്രിമ പ്രജനനപ്രക്രിയിലെ ഏറ്റവും നൂതനമായ മാര്‍ഗമാണ്‌ ഭ്രൂണമാറ്റം. `വാടകയ്‌ക്ക്‌ ഒരു ഗര്‍ഭപാത്രം' എന്ന മനുഷ്യരുടെ സങ്കല്‍പ്പത്തെ അനുസ്‌മരിപ്പികുന്നതാണ്‌ ഭ്രൂണമാറ്റ പ്രക്രിയ. കൃത്രിമബീജാദാനം വഴി ഉല്‍കൃഷ്‌ടമായ കാളയ്‌ക്കു പതിനായിരക്കണക്കിനു കുട്ടികള്‍ ജനിക്കുന്നു. എന്നാല്‍ ഉല്‍കൃഷ്‌ടഗുണമുള്ള ഒരു പശുവിനു ജീവിതത്തില്‍ ഏഴോ എട്ടോ കുട്ടികള്‍ മാത്രമേ ജനിക്കൂ. സാധാരണപശുവിന്റെ അണ്ഡാശയത്തില്‍ ഏകദേശം 50000 അണ്ഡങ്ങള്‍ ഉണ്ടായിരിക്കും. പ്രത്യേകമരുന്നുകള്‍ ഉപയോഗിച്ച്‌ ഒരു മദിയില്‍ വളരെയധികം അണ്ഡങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നു. 80-100 അണ്ഡങ്ങള്‍ ഒരേ സമയം ഉണ്ടാകും. ഈ പശുവിനു വളരെ നല്ല ഒരു കാളയുടെ ബീജം കൊണ്ട്‌ കുത്തിവെക്കുന്നു. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഭ്രൂണങ്ങളെ ഗര്‍ഭപാത്രത്തില്‍നിന്നും പുറത്തെടുത്ത്‌, പ്രത്യേക മരുന്നുപയോഗിച്ച്‌ ഒരേസമയം വളരെയധികം പശുക്കളെ മദിയില്‍ എത്തിച്ച്‌ പശുക്കളില്‍ ഭ്രൂണം നിക്ഷേപിച്ച്‌ വളര്‍ത്തിയെടുക്കുന്നു. ഉയര്‍ന്ന സാങ്കേതികപരിജ്ഞാനവും ഉപകരണങ്ങളും ആവശ്യമുള്ള ഈ പ്രക്രിയ ഇപ്പോള്‍ വന്‍കിട ഫാമുകലില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. സമീപഭാവിയില്‍തന്നെ ബീജം നിറയ്‌ക്കുന്ന സ്‌ട്രോകളില്‍ ഭ്രൂണംവെച്ച്‌ ഗാഢശീതീകരണം നടത്തി കര്‍ഷകരുടെ പശുക്കള്‍ക്ക്‌ നിക്ഷേപിക്കാവുന്ന സാഹചര്യം ഉണ്ടായേക്കും.

ഗര്‍ഭകാല സംരക്ഷണം

ഗര്‍ഭമുള്ള പശുവിന്‌ ഗര്‍ഭമില്ലാത്ത പശുവിനു കൊടുക്കുന്നതില്‍ കൂടുതല്‍ സംരക്ഷണം നാം കൊടുക്കേണ്ടതാണ്‌. കിടാവിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ ഘടകങ്ങള്‍ തള്ളയില്‍നിന്നും പൊക്കിള്‍കൊടിവഴിയാണു കിട്ടിയിലേക്കെത്തിച്ചേരുന്നത്‌. പശുവിന്‌ ചെനയുള്ള അവസരത്തില്‍ പോഷകാംശങ്ങളടങ്ങിയ നല്ല ആഹാരങ്ങള്‍ കൊടുക്കേണ്ടതാണ്‌. മോശമായതും പോഷകാംശം കുറഞ്ഞതുമായ ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നതുമൂലം പലവിധ രോഗങ്ങള്‍ക്കും കാരണമായിത്തീരുന്നു. ശരിയായ തീറ്റയുടെ അഭാവത്തില്‍ ആരോഗ്യം നഷ്‌ടപ്പെട്ട പശുവിന്റെ പ്രസവം വിഷമമേറിതാകനിടയുണ്ട്‌.
പ്രസവസമയം അടുത്ത പശുക്കളെ, പ്രത്യേകിച്ചു നിരപ്പില്ലാത്ത സ്ഥലത്തുകൂടി, കൂടുതല്‍ ദൂരം നടത്തുകയോ ഓടിക്കുകയോ ചെയ്യരുത്‌. അവയെ ഭയപ്പെടുത്തുകയോ മറ്റു കാലികളുമായി കുത്തുകൂടുന്നതിന്‌ അനുവദിക്കുകയോ അരുത്‌. കുട്ടികളും നായ്‌ക്കളും പശുക്കളെ വിരട്ടി ഓടിക്കാനിടയാക്കരുത്‌. ചെയുള്ള പശുക്കളെ സാംക്രമികഗര്‍ഭസ്രാവം ഉണ്ടായിട്ടുള്ള പശുക്കളുടെകൂടെ വിടുകയോ അങ്ങനെയുള്ള സ്ഥലത്തു കെട്ടുകയോ ചെയ്യരുത്‌. പ്രസവം അടുത്ത പശുക്കള്‍ക്കു പതിവായും ക്രമമായും തീറ്റകൊടുത്തുകൊണ്ടിരിക്കുന്നതിനും മറ്റും സംരക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്‌. അവയ്‌ക്ക്‌ എപ്പോഴും ആവശ്യത്തിനു ശുദ്ധജലം കുടിക്കാന്‍ സൗകര്യമുണ്ടായിരിക്കുന്നത്‌ കൂടാതെ കൂടിയ ചൂടില്‍നിന്നും തണുപ്പില്‍നിന്നും രക്ഷനേടാനുള്ള പ്രതിവിധികളും ചെയ്‌തിരിക്കേണ്ടതാണ്‌. പശുവിനു പ്രസവിക്കാനുള്ള തൊഴുത്ത്‌ ബാക്കിയുള്ള തൊഴുത്തുകളില്‍നിന്നും അകന്നിരിക്കണം. പ്രസവത്തിന്‌ ഒരാഴ്‌ചമുമ്പ്‌ പശുവിനെ പ്രസവത്തൊഴുത്തിലേക്കു മാറ്റണം.

പ്രസവതീയതി നിര്‍ണയം

ചെയറ്റ ഒരു പശു സാധാരണയായി 265-290 ദിവസത്തിനിടയ്‌ക്ക്‌ പ്രസവിക്കുന്നതാണ്‌. പ്രസവത്തിനു ശരാശരി 285 ദിവസം ആവശ്യമാണ്‌. പശുവിന്റെ പ്രസവത്തിനുള്ള ഏകദേശ തീയതി അറിഞ്ഞിരുന്നാല്‍ പ്രസവത്തിനു മുമ്പായി ചില മുന്‍കരുതലുകള്‍ ചെയ്യുന്നതിനു സാധിക്കും. ഇതില്‍ കൊടുത്തിട്ടുള്ള പട്ടികയില്‍നിന്നും ഏകദേശമായ തീയതി കണക്കാക്കാവുന്നതാണ്‌.
ഉദാ: ജനുവരി 11-ാം തീയതി കൃത്രിമ ബീജസങ്കലനം നടത്തിയ ഒരു പശുവിന്‌ ഒക്‌ടോബര്‍ 21-ാം തീയതി പ്രസവത്തിന്‌ ഏകദേശമായ ഒരു തീയതിയായി കണക്കാക്കാവുന്നതാണ്‌. സാധാരണയായി കാളക്കിടാക്കളെ പ്രസവിക്കുന്നതിന്‌ പശുക്കിടാക്കളെക്കാള്‍ രണ്ടുമൂന്നു ദിവസം കൂടുതല്‍ ആവശ്യമായി വരുന്നു. എരുമകള്‍ക്കു ഗര്‍ഭകാലം ശരാശരി 310 ദിവസമാണ്‌.

പ്രസവതീയതിനിര്‍ണ്ണയ പട്ടിക

ബീജസങ്കലനരീതി

പ്രസവത്തിനു സാധ്യതയുള്ള തീയതി

ജനുവരി 1

ഒക്‌ടോബര്‍ 11

ഫെബ്രുവരി 1

നവംബര്‍ 11

മാര്‍ച്ച്‌ 1

ഡിസംബര്‍ 9

ഏപ്രില്‍ 1

ജനുവരി 9

മേയ്‌ 1

ഫെബ്രുവരി 8

ജൂണ്‍ 1

മാര്‍ച്ച്‌ 11

ജൂലായ്‌ 1

ഏപ്രില്‍ 10

ഓഗസ്റ്റ്‌ 1

മേയ്‌ 11

സെപ്‌റ്റംബര്‍ 1

ജൂണ്‍ 11

ഒക്‌ടോബര്‍ 1

ജൂലായ്‌ 11

നവംബര്‍ 1

ഓഗസ്റ്റ്‌ 11

ഡിസംബര്‍ 1

സെപ്‌റ്റംബര്‍ 11

 

പ്രസവത്തിനുമുമ്പ്‌ ചെയ്യേണ്ട പരിചരണങ്ങള്‍

പശുക്കള്‍ ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ പ്രസവിക്കുന്നതുവരെ അവയുടെ ആഹാരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഗര്‍ഭധാരണ സമയത്ത്‌ പശുവിനു പുറമെ ഗര്‍ഭസ്ഥ കിടാവിനുംകൂടി ആഹാരം അത്യന്താപേക്ഷിതമാണെന്ന വസ്‌തുത വിസ്‌മരിച്ചുകളയരുത്‌. പശു പ്രസവിക്കുന്നതിനു രണ്ടുമാസം മുമ്പ്‌ കറവ വറ്റിയിരിക്കണം. കറവ വറ്റിക്കുന്നതിനായി പശു പ്രസവിക്കുന്നതിനു മൂന്നുമാസം മുമ്പുതന്നെ ആഹാരത്തിന്റെ അളവുവിട്ട ദിവസങ്ങളിലും അവസാന ആഴ്‌ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യവും പശുവിനെ കറക്കുകയും ചെയ്‌താല്‍ മതി. കറവ നിര്‍ത്തുന്ന അവസാന ദിവസം മമ്മിടെല്‍ എന്ന ഓയിന്‍മെന്റ്‌ ഒരു ട്യൂബ്‌കൊണ്ട്‌ രണ്ട്‌ മുലക്കാമ്പിലും കയറ്റിയാല്‍ അകിടുവീക്കത്തെ തടയാം. പ്രസവത്തിനു രണ്ടുമായ മുമ്പു മുതല്‍ പശുവിനു ഗുണമുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ആഹാരസാധനങ്ങളും പച്ചപ്പുല്ലും ആവശ്യത്തിനു നല്‍കേണ്ടതാണ്‌.
പശുവിനെ ദിവസേന കുളിപ്പിക്കേണ്ട ആവശ്യമില്ല. വൃത്തിയുള്ള തൊഴുത്താണെങ്കില്‍ ദേഹത്തില്‍ ചാണകം അധികം പുളുവാന്‍ ഇടവരുന്നതല്ല. ശരീരത്തില്‍ ചാണകവും മൂത്രവും പറ്റിപ്പിടിച്ചുണ്ടെങ്കില്‍ ആ ഭാഗങ്ങള്‍ മാത്രം കഴുകി വൃത്തിയാക്കേണ്ടതാണ്‌. സാധിക്കുമെങ്കില്‍ കിടക്കുവാന്‍ ആവശ്യമുള്ളത്ര ഉണങ്ങിയ പുല്ലോ വൈക്കോലോ ഇട്ടുകൊടുക്കേണ്ടതാണ്‌. ദിവസവും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ബ്രഷ്‌ ചെയ്‌തു കൊടുക്കുന്നത്‌ വളരെ നല്ലതായിരിക്കും. ശരീരം രോമാവൃതമായിട്ടുള്ള ഒന്നിനെയും കുളിപ്പിക്കേണ്ട ആവശ്യമില്ല. രോമം ഇല്ലാത്തവയെ ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം കുളിപ്പിക്കാം. പ്രസവം അടുത്തവരുന്ന പശുവിനെ പ്രസവത്തിന്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വിശാലമായ ഒരു മുറിയില്‍ അഴിച്ചുവിടുന്നതു നന്നായിരിക്കും.
പ്രസവത്തിന്‌ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ പശുവിന്റെ അകിടു വികസിക്കുകയും അകിടിലും മുലയിലും കന്നിപ്പാല്‍ (കോളസ്‌ട്രം) നിറയുകയും ചെയ്യുന്നു. പ്രസവത്തിന്‌ ഒരാഴ്‌ച മുമ്പ്‌ തീറ്റയില്‍ കൂടുതല്‍ ഭാഗം ഗോതമ്പു തവിടോ ഉമി കൂടാതെയുള്ള അരിത്തവിടോ ചേര്‍ത്തു കൊടുക്കേണ്ടതാണ്‌. ഇത്‌ ചാണകം സാധാരണഗിതിയില്‍ അയഞ്ഞുപോകുന്നതിന്‌ ഉപകരിക്കും. അമിതമായ ഭക്ഷണം കൊടുത്ത്‌ ശ്വാസംമുട്ടല്‍ ഉണ്ടാകാതിരിക്കുന്നതിനു ശ്രദ്ധിക്കണം. പശുവിന്റെ അകിട്‌ സാവധാനത്തില്‍ തിരുമ്മിക്കൊടുക്കുന്നതു കറവയ്‌ക്കു കൂടുതല്‍ ഇണങ്ങുന്നതിനും സഹായിക്കും. ആദ്യ പ്രസവമാണെങ്കില്‍ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നതു കൊള്ളാം. സാധാരണഗതിയില്‍ പ്രസവവേദന ആരംഭിച്ചു മൂന്നുനാലു മണിക്കൂറിനകം പശു പ്രസവിക്കുന്നതാണ്‌. എന്നാല്‍ ആദ്യപ്രസവത്തിനു കുറച്ചുകൂടി സമയം വേണ്ടിവന്നേക്കാം. പ്രസവത്തിനു തടസമോ തകരാറോ ഉണ്ടെന്നു ബോധ്യമായാല്‍ കഴിയുന്നതും വേഗം വിദഗ്‌ധസഹായം തേടേണ്ടതാണ്‌.

ഗര്‍ഭം ധരിക്കാതിരിക്കാനുള്ള കാരണങ്ങള്‍

കന്നുകാലി വളര്‍ത്തല്‍ എന്ന തൊഴിലിന്റെ നിലനില്‍പ്പുതന്നെ ഗര്‍ഭധാരണത്തിലും പ്രസവത്തിലും ആയതിനാല്‍ ഉരു യഥാസമയം ഗര്‍ഭം ധരിക്കുകയും ആരോഗ്യമുള്ള കിടാവിനെ പ്രസവിക്കുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ഗര്‍ഭം ധരിക്കാതിരിക്കാനുള്ള കാരണങ്ങളെ പ്രധാനമായും നാലായി തിരിക്കാം. 
1. ജന്മവൈകല്യങ്ങള്‍
2. പരിചരണക്കുറവ്‌
3. പശുവിന്റെ രോഗങ്ങള്‍
4. പ്രത്യുല്‍പ്പാദനാവയവങ്ങളുടെ പ്രവര്‍ത്തനവൈകല്യം
ജന്മവൈകല്യങ്ങള്‍
1. ഭാഗികമായോ പൂര്‍ണ്ണമായോ പ്രത്യുല്‍പ്പാദനവ്യൂഹത്തിന്റെ അഭാവം.
2. ഒന്ന്‌ ആണും ഒന്ന്‌ പെണ്ണുമായി ജനിക്കുന്ന ഇരട്ടകളില്‍ പെണ്‍ശിശു വന്ധ്യതയുള്ളതായിരിക്കും.
പോഷണന്യൂനത
1. ചെറുപ്പകാലത്ത്‌ ശരിയായ പോഷണം ലഭിക്കാത്ത പശുക്കുട്ടികള്‍ മദി കാണിക്കാനും ഗര്‍ഭം ധരിക്കാനും വളരെ വൈകുകയോ ചിലപ്പോള്‍ തീരെ ഗര്‍ഭം ധരിക്കാതിരിക്കുകയോ ചെയ്യും.
2. തീറ്റയില്‍ ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും കുറവ്‌ ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കാം.
3. വിരശല്യം മൂലം വളര്‍ച്ച മുരടിച്ച കിടാരികളില്‍ ഗര്‍ഭധാരണം താമസിച്ചേക്കാം.
4. യഥാസമയം മദി തിരിച്ചറിഞ്ഞ്‌ കുത്തിവെപ്പിക്കുന്നതിലുള്ള അശ്രദ്ധ.

രോഗങ്ങള്‍

1. പശുവിനുണ്ടാകുന്ന ചില രോഗങ്ങള്‍ ഗര്‍ഭധാരണം തടസ്സപ്പെടുത്തിയേക്കാം.
2. അണുബാധ : ഗര്‍ഭപാത്രത്തിനുണ്ടാകുന്ന അണുബാധ പല കാരണങ്ങളാലാകാം. അനവസരത്തിലുള്ള കുത്തിവെപ്പ്‌, സ്വാഭാവിക ലൈംഗികബന്ധം, കാളയില്‍നിന്നു പകരുന്ന രോഗങ്ങള്‍, വിഷമകരമായ പ്രസവം, മറുപിള്ള നീക്കംചെയ്യല്‍, ഗര്‍ഭമലസല്‍ എന്നിവ മൂലം ഗര്‍ഭപാത്രത്തിന്‌ അണുബാധയുണ്ടാകാം. അണുബാധമൂലം ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭിത്തിയില്‍ തടിപ്പു വരികയും ഗര്‍ഭധാരണം അസാദ്ധ്യമാവുകയും ചെയ്യുന്നു.
പ്രത്യുല്‍പ്പാദന അവയവങ്ങളുടെ പ്രവര്‍ത്തനവൈകല്യം
1. മദിലക്ഷണങ്ങള്‍ തീരെ കാണിക്കാതിരിക്കുക : പല കാരണങ്ങള്‍ കൊണ്ട്‌ പശു തീരെ മദിലക്ഷണങ്ങള്‍ കാണിക്കുകയില്ല.
2. നിശ്ശബ്‌ദമദി : പശു മദിയില്‍ വരുന്നുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ പുറമേക്കു കാണിക്കാതിരിക്കുക. മദി തിരിച്ചറിയാത്തതിനാല്‍ കുത്തിവെപ്പിക്കാന്‍ കഴിയില്ല.
3. അണ്ഡവിസര്‍ജനം നടക്കാതിരിക്കല്‍: പശു യഥാക്രമം മദിയില്‍ വരുന്നുണ്ടെങ്കിലും അണ്ഡം പുറത്തു വരാത്തതിനാല്‍ ഗര്‍ഭധാരണം നടക്കുന്നില്ല.
4. അണ്ഡാശയ രോഗങ്ങള്‍: അണ്ഡാശയത്തിലെ അസാധാരണ വളര്‍ച്ചകള്‍ കാരണം ഈസ്‌ട്രജന്റെ അളവ്‌ ശരീരത്തില്‍ വര്‍ധിക്കുന്നു. അതിനാല്‍ പശു എപ്പോഴും മദിലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടിരിക്കും.
5. ഇടക്കാല മദി: ചില പശുക്കളില്‍ രണ്ടു മദികള്‍ക്കിടയ്‌ക്ക്‌ അണ്ഡവിസര്‍ജ്ജനം ഇല്ലാത്ത ഒരു മദികൂടി കാണാം. ഏതാണ്‌ ശരിയായ മദി എന്നറിയാത്തതിനാല്‍ എല്ലാ മദിയിലും കുത്തിവെക്കേണ്ടതായി വരും.

പ്രസവത്തിനുശേഷം ശ്രദ്ധിക്കേണ്ടവ

സാധാരണയായി പശു പ്രസവിച്ച്‌ അഞ്ചെട്ടു മണിക്കൂറിനകം മറുപിള്ള പുറത്തുവരും. എന്നാല്‍ 24 മണിക്കൂറിനുശേഷവും അതു പുറത്തു പോകുന്നില്ലെങ്കില്‍ വെറ്ററിനറി ഡോക്‌ടറെക്കൊണ്ട്‌ നീക്കം ചെയ്യിക്കേണ്ടതാണ്‌. `മാച്ച്‌' വേണ്ടവിധത്തില്‍ നീക്കം ചെയ്‌തില്ലെങ്കില്‍ ഗര്‍ഭാശയസംബന്ധമായ സുഖക്കേടുകള്‍ക്കിടയാക്കും. 
പുറത്തുവരുന്ന മാച്ച്‌ പശു തിന്നാതിരിക്കുന്നതിനുവേണ്ട മുന്‍കരുതലുകള്‍ ചെയ്യേണ്ടതാണ്‌. പശുക്കള്‍ മാച്ചു തിന്നുന്നപക്ഷം പാല്‍ കുറയുമെന്നാണു കണ്ടെത്തിയിരിക്കുന്നത്‌. പശുവിന്റെ ആമാശയത്തിലെത്തുന്ന മാച്ച്‌ ചെറിയ മാംസഗോളങ്ങളായിത്തീര്‍ന്ന്‌ ആമാശയഭിത്തികളിലെ അറകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നതിനാല്‍ പശു ശരിയായി തീറ്റ തിന്നാതെയും അയവിറക്കാതെയുമിരിക്കുന്നു. തന്നിമിത്തം പാലുല്‍പ്പാദനം കുറയുകയും ചെയ്യും. കൂടാതെ മറുപിള്ളയില്‍ പാല്‍ കുറയ്‌ക്കുന്ന ഈസ്‌ട്രോജന്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ട്‌.
ആദ്യത്തെ പ്രസവത്തില്‍ പശുവിന്റെ അകിട്‌ കണക്കിലധികം നീര്‍ക്കെട്ടു വികസിക്കുകയും സ്‌പര്‍ശിച്ചാല്‍ വേദന അനുഭവപ്പെടുകയും ചെയ്‌തേക്കാം. അകിടില്‍ ചെറുതായി ചൂടുവെയ്‌ക്കുകയും ഗ്ലിസറിന്‍ മാഗ്‌സല്‍ഫ്‌ മിശ്രിതം ഉണ്ടാക്കി പുരട്ടുകയും ചെയ്യുന്നത്‌ ഫലപ്രദമാണ്‌.
സാധാരണയായി നാട്ടിന്‍പുറങ്ങളില്‍ പശുക്കള്‍ പ്രസവിച്ചു കഴിഞ്ഞാല്‍ അതിന്റെ തുമ്പില്‍ ചാരം വാരിയിടാറുണ്ട്‌. ഇതു നിമിത്തം ടെറ്റനസ്‌ പോലെ മാരകമായ രോഗങ്ങള്‍ ഉണ്ടായി പശുക്കള്‍ ചത്തുപോകുന്നതിനു പോലും കാരണമാകുന്നതിനാല്‍ ഇത്തരം നടപടികള്‍ ഒഴിവാക്കേണ്ടതാണ്‌.
പശുക്കളുടെ പ്രസവശേഷം സാധാരണ ഗര്‍ഭപാത്രത്തില്‍നിന്നും തവിട്ടുനിറത്തിലുള്ള അഴുക്ക്‌ പോകാറുണ്ട്‌. എന്നാല്‍ പുറത്തു പോകുന്ന ദ്രാവകത്തില്‍ ദുര്‍ഗന്ധം ഉള്ളതായി അനുഭവപ്പെട്ടാല്‍ മാത്രമേ ചികല്‍സിക്കേണ്ടതുള്ളൂ.
പശുക്കള്‍ പ്രസവിച്ചു കഴിഞ്ഞാലുടന്‍ വാഴക്കുല പഴുപ്പിച്ചു കൊടുക്കുക. തെങ്ങിന്റെ ചൊട്ട ഇടിച്ചു കൊടുക്കുക, നെല്ല്‌ പുഴുങ്ങി കൊടുക്കുക, കഞ്ഞിവെച്ചു കൊടുക്കുക തുടങ്ങിയ നാടന്‍പ്രയോഗങ്ങള്‍ മൂലം പലപ്പോഴും ദഹനക്കേട്‌ ഉണ്ടാകാറുണ്ട്‌. തന്നിമിത്തം തുടര്‍ന്നു പാല്‍ കിട്ടാതെ വരുന്ന ഒരവസ്ഥയില്‍ എത്തിച്ചേരുന്നതാണ്‌. പശുക്കള്‍ പ്രസവിച്ചു കഴിഞ്ഞുള്ള ദിവസങ്ങളില്‍ ദഹനത്തിനു സഹായകരമായ പോഷകാംശങ്ങളുള്ള ആഹാരസാധനങ്ങളാണു കൊടുക്കേണ്ടത്‌. സ്ഥിരമായി കൊടുത്തുവരുന്ന ആഹാരങ്ങള്‍ തന്നെ കൊടുക്കാം. എന്നാല്‍ പിണ്ണാക്കിന്റെ അംശം കുറച്ചു ദിവസം കുറയ്‌ക്കണം.
ശരിയായ ആഹാരം കിട്ടി വരുന്ന പശു പ്രസവിച്ച്‌ 40 ദിവസം കഴിയുമ്പോള്‍ മദിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതാണ്‌. എന്നാല്‍ പശുവിന്റെ ആരോഗ്യത്തെ മുന്‍നിര്‍ത്തി രണ്ടാമത്തെയോ മൂന്നാമത്തെയോ മദിക്കു വീണ്ടും കൃത്രിമബീജസങ്കലനം നടത്താവുന്നതാണ്‌. ഇതിനെതിരായ പല തെറ്റിദ്ധാരണകളും നമ്മുടെ നാട്ടില്‍ നിലവിലുണ്ട്‌. ഈ സമയത്ത്‌ പശുവിന്‌ ബീജസങ്കലനം നടത്തിയാല്‍ കിട്ടിക്കൊണ്ടിരിക്കുന്ന പാലിന്റെ അളവു കുറഞ്ഞു പോകുമെന്നോ പാലിനു പുളിരസം ഉണ്ടാകുമെന്നോ സംശയിക്കുന്നവരുണ്ട്‌. ഈ ധാരണ തെറ്റാണ്‌. പശുവിനെ താമസിച്ചു ബീജസങ്കലനം നടത്തുന്നതുമൂലം ആദായമില്ലാത്ത കാലം ദീര്‍ഘിക്കുന്നതിനും തന്നിമിത്തം സാമ്പത്തികമായ നഷ്‌ടം നേരിടുന്നതുമാണ്‌. തക്കസമയത്തു ബീജസങ്കലനെ നടത്തിയില്ലെങ്കില്‍ ചില പശുക്കള്‍ക്ക്‌ ചെന പിടിക്കാനും വിഷമം നേരിടാറുണ്ട്‌.

പശുക്കിടാക്കളുടെ സംരക്ഷണം

ഇന്നത്തെ കിടാക്കളാണു നാളത്തെ കാലിസമ്പത്ത്‌. അതിനാല്‍ ഒരു നല്ല നാളെയെ വിഭാവനം ചെയ്യുന്ന നാം ഇപ്പോഴുള്ള കന്നുകാലികളില്‍നിന്നും മെച്ചമായ ഒരു വര്‍ഗത്തെ ഉല്‍പ്പാദിപ്പിക്കുന്നതിനു പരിശ്രമിക്കണം. അതിനു കിടാക്കളെ ചെറുപ്പം മുതല്‍ തന്നെ വളരെ ശ്രദ്ധയോടുകൂടി സംരക്ഷിക്കേണ്ടതാണ്‌. നല്ലയിനവും ജന്മനാതന്നെ വേണ്ടത്ര ശരീരപുഷ്‌ടിയുമുള്ള കിടാഫലം കിട്ടുകയുള്ളൂ. ആരോഗ്യവും പുഷ്‌ടിയുമുള്ള കിടാക്കളെ ലഭിക്കുന്നതിനു മെച്ചമായ വിത്തുകാളയില്‍നിന്നുള്ള ബീജം കുത്തിവയ്‌ക്കുകയും ശരിയായ ആഹാരം കൊടുത്തു പശുവിനെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്‌. ഗര്‍ഭത്തിലെ ശിശുവിന്റെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ്‌ പ്രസവശേഷം കുട്ടിയുടെ മേന്മ തിട്ടപ്പെടുത്തുന്നത്‌. അതിനാല്‍ പശു പ്രസവിക്കുന്നതിനു രണ്ടുമാസം മുമ്പു മുതലെങ്കിലും പോഷകാംശങ്ങളും ധാതുപദാര്‍ത്ഥങ്ങളുമടങ്ങിയ ഗുരുത്വാഹാരങ്ങളും പച്ചപ്പുല്ലും ആവശ്യത്തിനു കൊടുക്കേണ്ടതാണ്‌.

പ്രഥമശുശ്രൂഷകള്‍

പശു പ്രസവിച്ചാലുടനെ കിടാവിനു ശ്വാസോച്ഛ്വാസത്തിനു തടസമുണ്ടാകത്തക്ക എന്തെങ്കിലും നാസാദ്വാരത്തെ ആവരണം ചെയ്‌തിട്ടുണ്ടെങ്കില്‍ അതു നീക്കിക്കളയണം. സാധാരണയായി പ്രസവാനന്തരം പശുക്കള്‍ കിടാക്കളെ നക്കി വൃത്തിയാക്കിക്കൊള്ളും. എന്നാല്‍ പശുവില്‍നിന്നും ജനനത്തോടുകൂടിത്തന്നെ കിടാക്കളെ മാറ്റി വളര്‍ത്തുന്നുവെങ്കില്‍, പശു പ്രസവിക്കുമ്പോള്‍ അതിന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്‌ കിടാവിനെ ഒരു പ്രത്യേക സ്ഥലത്ത്‌ എടുത്തു കിടത്തി നല്ല തുണിക്കൊണ്ട്‌ ശരീരം തുടച്ചു വൃത്തിയാക്കണം.
തള്ളപ്പശുവില്‍നിന്നും കിടാവിനെ മാറ്റി വളര്‍ത്തുന്നതിനു വീനിങ്‌ എന്നാണു പറയുന്നത്‌. വീനിങ്‌ രീതിയില്‍ തള്ളയില്‍നിന്നും വേര്‍പെടുത്തിയ കിടാവിനെ ഈര്‍പ്പമില്ലാത്തതും വൃത്തിയുള്ളതുമായ തൊഴുത്തില്‍ ഉണങ്ങിയ വയ്‌ക്കോല്‍ വിരിച്ച്‌ അതില്‍ കിടത്തേണ്ടതാണ്‌. കിടാവിന്റെ ദേഹത്തില്‍നിന്ന്‌ അര ഇഞ്ചു നീളത്തില്‍ പൊക്കിള്‍ക്കൊടിയെ അണുരഹിതമായ നൂലുകൊണ്ടു കെട്ടിയശേഷം കെട്ടിന്റെ അര ഇഞ്ചു താഴെവെച്ചു പൊക്കിള്‍കൊടി മുറിച്ചുകളഞ്ഞു ടിന്‍ചര്‍ അയോഡിന്‍ പുരട്ടണം. ഇപ്രകാരം ചെയ്‌തില്ലെങ്കില്‍ പൊക്കിള്‍കൊടിയില്‍ക്കൂടി കിടാവിന്റെ ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നതിനിടയാക്കുന്നതാണ്‌. കൂടാതെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പൊക്കിള്‍കൊടിയില്‍ ഈച്ച മുട്ടയിട്ടു പുഴു വരുന്നതിനും ഇടയായേക്കാം.
ആരോഗ്യമുള്ള ഒരു കിടാവിനു ശരിയായ ശുശ്രൂഷകള്‍ ലഭിക്കുന്ന പക്ഷം പ്രസവത്തിനുശേഷം ഒരു മണിക്കൂറിനകം എഴുന്നേറ്റു നടക്കുവാന്‍ സാധിക്കുന്നു. സങ്കരവര്‍ഗത്തില്‍പ്പെട്ട കിടാക്കള്‍ക്ക്‌ 25 മുതല്‍ 30 കി.ഗ്രാം വരെ തൂക്കം കാണും.

കന്നിപ്പാല്‍

ചുവന്ന മഞ്ഞനിറത്തോടുകൂടിയതും ഒരു പ്രത്യേക വാസനയുള്ളതും അല്‍പം കയ്‌പുള്ളതും അമ്ലസ്വഭാവമുള്ളതും കട്ടികൂടുയതുമായ ഒരു ദ്രാവകമാണിത്‌. ഇതു ചൂടാക്കിയാല്‍ എളുപ്പം കട്ടിയാകും. കന്നിപ്പാലില്‍ ധാരാളം രോഗപ്രതിരോധവസ്‌തുക്കള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ മലശോധനയ്‌ക്കുള്ള വസ്‌തുക്കളും അടങ്ങിയിട്ടുണ്ട്‌.
പശു പ്രസവിച്ച്‌ ഒരാഴ്‌ചത്തേക്ക്‌ ആ പശുവിന്റെ പാല്‍തന്നെ അതിന്റെ കിടാവിനു കൊടുക്കണം. പിറന്നുവീണ കിടാവിന്‌ അതിന്റെ ശരീരത്തില്‍ രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധനിര സ്വന്തമായി കെട്ടിപ്പടുക്കാനുള്ള കഴിവ്‌ ഏതാനും ആഴ്‌ചത്തേക്ക്‌ ഉണ്ടായിരിക്കുകയില്ല. ആ കാലത്ത്‌ തള്ളപ്പശുവില്‍നിന്നു കന്നിപ്പാല്‍വഴി ലഭിക്കുന്ന പ്രതിരോധശേഷിയാണ്‌ പ്രയോജനപ്പെടുന്നത്‌. സാധാരണ പാലില്‍ അടങ്ങിയിരിക്കുന്നതിലേറെ മാംസ്യവും ജീവകങ്ങളും (ജീവകം എ.ഡി.ഇ.) നെയ്യും അടങ്ങിയിരിക്കുന്നതോടൊപ്പം പ്രതിരോധനിരയായിവര്‍ത്തിക്കുന്ന ഗ്ലോബു ലിന്‍ എന്ന പദാര്‍ത്ഥവും കന്നിപ്പാലിലുണ്ട്‌. സാധാരണ പാലിനെക്കാള്‍ വേഗത്തില്‍ ദഹിക്കുന്നതിനു സഹായിക്കുന്നതാണ്‌ കന്നിപ്പാല്‍. ജനിച്ചു നാലഞ്ചുദിവസത്തേക്ക്‌ കന്നിപ്പാല്‍ കൊടുക്കുന്നതിനു കന്നിപ്പാല്‍. ജനിച്ചു നാലഞ്ചുദിവസത്തേക്ക്‌ കന്നിപ്പാല്‍ കൊടുക്കുന്നതിനു സൗകര്യപ്പെടാതിരുന്നാല്‍ താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ ചേര്‍ത്ത്‌ കൊടുക്കാവുന്നതാണ്‌.
മുട്ട -1
ചെറുചൂടുവെള്ളം- 300 മി.ലി.
ആവണക്കെണ്ണ- അര ടീസ്‌പൂണ്‍
മീനെണ്ണ - 1ടീസ്‌പൂണ്‍
പശുവിന്‍ പാല്‍- 500 മി.ലി.
കിടാക്കള്‍ക്കു കൊടുക്കുന്ന പാലിന്റെ അളവ്‌ കൂടുകയോ പാല്‍ കറക്കുമ്പോഴുള്ള ചൂടില്‍നിന്നും തണുക്കുകയോ ചെയ്‌താല്‍ ദഹനക്കേടും വയറിളക്കവും ഉണ്ടാകുന്നതാണ്‌. അതിനു കിടാക്കള്‍ക്കു കൊടുത്തുകൊണ്ടിരിക്കുന്ന പാലിന്റെ അളവ്‌ കുറയ്‌ക്കുകയും ചികില്‍സ ചെയ്യുകയും വേണം.

പശുവിനെ കറക്കുന്നതിനുമുമ്പ്‌

പശുവിനെ കറക്കുന്നതിനുമുമ്പ്‌ അതിന്റെ അകിടും മുലക്കാമ്പുകളും കഴുകി വൃത്തിയാക്കിയശേഷം ഒരു നല്ല തുണികൊണ്ട്‌ തുടച്ച്‌ വെടിപ്പാക്കണം. അവിടെ തങ്ങി നില്‍ക്കുന്ന പൊടി, ചെറിയ രോമങ്ങള്‍, അഴുക്ക്‌ എന്നിവ തുടച്ചു നീക്കണം. ഒരു പശുവിന്‌ ഉപയോഗിക്കുന്ന തുണി വേറൊന്നിന്‌ ഉപയോഗിക്കുന്നെങ്കില്‍ അണുനാശിനിയില്‍ കഴുകണം. പത്തു പശുക്കളെ വീതം തുടച്ചു കഴിഞ്ഞ്‌ പിന്നീട്‌ പുതിയ അണുനാശിനി ഉപയോഗിക്കേണ്ടതാണ്‌. പശുവിനെ കറക്കുന്നതിനുമുമ്പും പിമ്പും കറവക്കാരന്‍ സോപ്പോ അണുനാശിനിദ്രാവകമോ ഉപയോഗിച്ച്‌ കൈ കഴുകേണ്ടതാണ്‌. ഇത്‌ മറ്റു പശുക്കളിലേക്ക്‌ രോഗം പകരാതിരിക്കാന്‍ സഹായിക്കും.
കറവയ്‌ക്കുള്ള സമയം രാവിലെയും വൈകിട്ടും ഏകദേശം തുല്യമായി വിഭജിക്കുന്നതും കൊള്ളാം. പശുവിന്റെ അകിടില്‍നിന്നും വളരെ വേഗത്തിലും വൃത്തിയായും പൂര്‍ണമായും പാല്‍ കറന്നെടുക്കുന്നതിന്‌ പ്രത്യേകപരിചയവും സാമര്‍ത്ഥ്യവും കറവക്കാര്‍ക്കു വേണം. പരിചയസമ്പന്നനായ ഒരു കറവക്കാരന്‍ ഏതാനും നിമിഷങ്ങള്‍കൊണ്ട്‌ പാല്‍ കറക്കുന്നതോടൊപ്പം തന്നെ പശുവിന്‌ ഏറ്റവും യോജിച്ച വിധത്തിലായിരിക്കും ഈ കൃത്യം നിര്‍വഹിക്കുന്നതും. കൂടുതല്‍ വേഗത്തിലും മുഴുവനായും പാല്‍ കറന്നെടുത്താല്‍ സാവകാശത്തില്‍ കറക്കുന്നതിനെക്കാള്‍ കൂടുതല്‍ അളവില്‍ പാല്‍ കിട്ടുകയും കൊഴുപ്പിന്റെ ശതമാനം കൂടിയിരിക്കുകയും ചെയ്യും. സാധാരണയായി കിടാവിനെ കൂടാതെ കറക്കുന്ന പശുവിന്റെ പാല്‍ മുഴുവനായും കറന്നെടുക്കുന്നതിന്‌ 7 മിനിറ്റില്‍കൂടുതല്‍ എടുത്താല്‍ പാല്‍ കുറയും. പശു ചുരത്തുന്ന അവസരത്തില്‍ പാല്‍ പ്രത്യേക ഗ്രന്ഥികളില്‍നിന്ന്‌ ഊറി അകിടിന്റെ ചുവട്ടിലും മുലക്കാമ്പുകളിലുമായി ശേഖരിക്കുന്നു. കറവപ്പശുവിന്റെ രക്തത്തിലുള്ള ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പാല്‍ ചുരത്തലിനെ നിയന്ത്രിക്കുന്നു. അകിടു തുടയ്‌ക്കുന്നതും വൃത്തിയാക്കുന്നതും പ്രസ്‌തുത ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. കറവയുടെ വേഗത്തെ സഹായിക്കുന്നത്‌ മുലയുടെ വലിപ്പവും അതിന്റെ ഘടനയും മുലയില്‍നിന്നുള്ള പാലിന്റെ വേഗവും ആണ്‌. പശുവിനെ കറക്കുന്നത്‌ എപ്പോഴും നിശ്ചിത സമയത്തായിരിക്കണം. ക്രമം തെറ്റി കറക്കുന്നതും സമയം പെട്ടെന്ന്‌ വ്യത്യാസപ്പെടുത്തുന്നതും പാല്‍ ചുരത്തലിനെ ബാധിക്കുന്നു. രണ്ടു തവണ കറക്കുന്നതിനിടയ്‌ക്ക്‌ 12 മണിക്കൂറില്‍ കുറഞ്ഞ സമയമേ ഉണ്ടായിരിക്കാവൂ.
ശുചിത്വത്തിനു ഹാനികരമല്ലാത്ത വിധത്തില്‍ എണ്ണ, വാസലയില്‍ മുതലായവ മുലക്കാമ്പില്‍ പുരട്ടി പശുവിനെ കറക്കാവുന്നതാണ്‌. മഞ്ഞുകലാത്ത്‌ പാല്‍, വെളിച്ചെണ്ണ എന്നിവ പുരട്ടി കറന്നാല്‍ മുലക്കാമ്പുകള്‍ വരണ്ടു കീറുന്നതിനും വ്രണതമാകുന്നതിനും ഇടായകും. കൂടാതെ ഇത്‌ വൃത്തിഹീനമായ ഒരു രീതിയാണ്‌. അകിടില്‍ ഒന്നും പുരട്ടാതെയും നനയ്‌ക്കാതെയും പശുവിനെ കറക്കുന്നതാണ്‌ മെച്ചമായ രീതി. ആദ്യം കറന്നെടുക്കുന്ന പാല്‍ ഒരു സ്‌ട്രിപ്പ്‌ കപ്പില്‍ കറന്ന്‌ നിറവ്യത്യാസമോ തരികളോ ഉണ്ടോ എന്നു പരിശോധിക്കേണ്ടതാണ്‌. രോഗം ബാധിച്ച അകിടുള്ള പശുക്കളെ മാറ്റി പ്രത്യേക സ്ഥലത്തു നിര്‍ത്തുകയും അതിനെ അവസാനം കറക്കുകയും ചെയ്യണം. പശു പ്രസവിച്ചതിനുശേഷം ഏതാനും ദിവസത്തേക്ക്‌ അകിടിലെ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനായി ദിവസത്തില്‍ മൂന്നുനാലു പ്രാവശ്യം പാല്‍ കറന്നെടുക്കുന്നതു നല്ലതാണ്‌. പിന്നീട്‌ ദിവസം രണ്ടു പ്രാവശ്യം കറന്നാലും മതിയാകും. ഒരു ദിവസം രണ്ടു പ്രാവശ്യം കറന്നാല്‍ കിട്ടുന്ന പാലിന്റെ അളവില്‍ കൂടുതല്‍ പാല്‍ മൂന്നു പ്രാവശ്യം കറന്നാല്‍ കിട്ടുന്നതാണ്‌. ഇതിനു കാരണം പശുക്കളില്‍ പാല്‍ ഊറുന്നത്‌ തുടര്‍ച്ചയായുള്ള ഒരു പ്രക്രിയയാണ്‌ എന്നുള്ളതാണ്‌.

പശുവിനെ ശരിയായി കറക്കുന്ന രീതി

പശുവിനെ കറക്കാന്‍ തയാറാക്കിയാല്‍ ഒന്നൊന്നര മിനിറ്റിനകം പശു പാല്‍ ചുരത്തും. ഉടനെതന്നെ കറക്കാന്‍ ശ്രമിക്കണം. കറവക്കാരന്‍ ഒരേസമയത്തു രണ്ടു കൈകളും ഉപയോഗിച്ചു പശുവിനെ കറക്കുന്നതു നന്നായിരിക്കും. നല്ല വലിപ്പമുള്ള മുലക്കാമ്പുകളുള്ള പശുവാണെങ്കില്‍ തള്ളവിരലും ചൂണ്ടുവിരലും മുലക്കാമ്പിന്റെ അഗ്രത്തു വലയമായി വച്ചു മുഴുവന്‍ കൈകൊണ്ടു കറക്കുകയാണ്‌ വേണ്ടത്‌. കറക്കുമ്പോള്‍ മുലക്കാമ്പിന്റെ അഗ്രം ബലമായി അമര്‍ത്തി വിരലുകളുടെ അറ്റങ്ങള്‍ ഉള്ളം കൈയിലേക്കു ഞെരുക്കി പാല്‍ കറക്കേണ്ടതാണ്‌. ചെറിയ മുലക്കാമ്പുകളുള്ള പശുക്കളെ കറക്കുമ്പോള്‍ മുലക്കാമ്പിന്റെ അഗ്രഹം തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയ്‌ക്കായി പിടിച്ചുകൊണ്ട്‌ വിരലുകള്‍ ക്രമമായി താഴോട്ടു നീക്കി പാല്‍ കറക്കണം. തള്ള വിരലിന്റെ മുട്ടുകൊണ്ട്‌ സമ്മര്‍ദ്ദം ചെലുത്തി കറക്കുന്ന രീതി ഒഴിവാക്കണം. അതുമൂലം കാലക്രമത്തില്‍ മുലക്കാമ്പുകളുടെ ഉള്‍ഭാഗത്ത്‌ ക്ഷതമുണ്ടാകുന്നതിന്‌ ഇടയാക്കും. കറവയുടെ അവസാനം വലിച്ചു കറക്കുന്നത്‌ നന്നായിരിക്കും. കറന്നു കഴിഞ്ഞശേഷം അകിടില്‍ പാല്‍ ഒട്ടും അവശേഷിക്കരുത്‌. അകിടില്‍ പാല്‍ കെട്ടിക്കിടന്നാല്‍ വീണ്ടും ഊറിക്കൂടുന്നതിനെ തടസപ്പെടുത്തും. കൂടാതെ അവസാനം കറന്നെടുക്കുന്ന പാലിന്‌ കൂടുതല്‍ കൊഴുപ്പുമുണ്ടായിരിക്കും. മുഴുവന്‍ പാലും കറന്നെടുത്തില്ലെങ്കില്‍ കൊഴുപ്പ്‌ കൂടിയ ഭാഗം നഷ്‌ടപ്പെടുന്നതാണ്‌. കറവസമയത്തു പശുവിന്റെ രണ്ടു കാലുകളും ഒരു ചരടുകൊണ്ട്‌ ബന്ധിച്ചാല്‍ അപ്രതീക്ഷിതമായി പശു കാല്‍ എടുത്താലും പാല്‍ നഷ്‌ടപ്പെടാതിരിക്കും.

കറവപ്പശുവിന്റെ സംരക്ഷണം

കന്നുകാലികള്‍ക്ക്‌ മൂന്നാമത്തെ ആഴ്‌ചയില്‍ തുടങ്ങി 6 മാസംവരെ എല്ലാ മാസവും വിരമരുന്ന്‌ കൊടുക്കുകയെന്നതാണ്‌ നാട്ടുനടപ്പ്‌. എന്നാല്‍ കന്നുകാലികള്‍ക്ക്‌ ഏത്‌ പ്രായത്തിലും വിരബാധയുണ്ടാകുമെന്നതാണ്‌ സത്യം. ബാഹ്യമായ ലക്ഷണമൊന്നും കാണിക്കാതെയുണ്ടാകുന്ന ഈ വിരബാധ പക്ഷേ, പാലുല്‍പ്പാദനം ഗണ്യമായി കുറയ്‌ക്കും. നമ്മുടെ നാട്ടിലെ കന്നുകാലികള്‍ക്ക്‌ പ്രായഭേദമന്യേ വിരബാധയുണ്ടെന്നാണ്‌ കണക്ക്‌. ഇതില്‍ 80% കറവപ്പശുകള്‍ക്കും വിരബാധയുണ്ടാകും. പ്രസവശേഷം വിരബാധ കൂടുതലായി കാണാം.
ഗര്‍ഭിണിപ്പശുക്കളില്‍ വിരയുടെ ലാര്‍വ പലതരം ഹോര്‍മോണുകളുടെ സാന്നിധ്യത്തില്‍ വളരാതെ മുരടിച്ചു നില്‍ക്കും. പ്രസവശേഷം അതു പെട്ടെന്ന്‌ വളര്‍ച്ച പ്രാപിക്കുകയും വിരബാധ രൂക്ഷമാകുകയും ചെയ്യും.
പ്രസവിച്ചയുടനെയുണ്ടാകുന്ന ഈ വിരബാധ ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടു തന്നെ ഉല്‍പ്പാദനശേഷി നമുക്ക്‌ ചൂഷണം ചെയ്യുവാന്‍ കഴിയാതെ പോകുന്നു. ഗുണനിലവാരം കുറഞ്ഞ തീറ്റയും അശാസ്‌ത്രീയ തീറ്റക്രമവും കൂടിയാകുമ്പോള്‍ ഉല്‍പ്പാദനക്ഷമത ഒന്നുകൂടി പിറകോട്ടു പോകുന്നു.
ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള പശുക്കള്‍ക്ക്‌ വിരബാധമൂലം ഉല്‍പ്പാദനത്തിനാനുപാതികമായി തീറ്റയെടുക്കുവാന്‍ കഴിയാതെ വരികയും കീറ്റോസിസ്‌ രോഗമുണ്ടാകുകയും ചെയ്യും. ഇത്തരത്തില്‍ വിരബാധയുള്ള പശുക്കള്‍ക്ക്‌ പ്രസവത്തോടുകൂടി ക്ഷീണിച്ച്‌ പാലുല്‍പ്പാദനം ദിവസം കഴിയും തോറും കുറഞ്ഞുവരും.
പശുക്കളുടെ ചാണകം പരിശോധിച്ചു മാത്രം വിരമരുന്ന്‌ കൊടുക്കുക എന്നത്‌ പ്രായോഗികമല്ല. കാരണം, വിരബാധയേറ്റ എല്ലാ സമയത്തും വിരകളുടെ മുട്ട ചാണകത്തിലുണ്ടാകണമെന്നില്ല. ചാണകം പരിശോധിച്ച്‌ വിരകളുടെ മുട്ട കാണാത്ത സാഹര്യത്തിലും പശുക്കള്‍ക്ക്‌ വിരമരുന്ന്‌ കൊടുത്താല്‍ മുട്ട കാണാത്ത സാഹചര്യത്തിലും പശുക്കള്‍ക്ക്‌ വിരമരുന്ന്‌ കൊടുത്താല്‍ പാലുല്‍പ്പാദനം വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്‌. കൂടാതെ കൃത്യസമയത്ത്‌ മദിലക്ഷണം കാണിക്കുവാനും ചെന പിടിക്കുവാനുള്ള സാധ്യതയും കൂടുതലാണ്‌.
പശു പ്രസവിച്ച ദിവസം തന്നെ ഒരു വെറ്ററിനറി ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വിരമരുന്ന്‌ കൊടുക്കുക. തുടര്‍ന്ന്‌ ഓരോ മൂന്നു മാസം കൂടുമ്പോഴും ഇത്‌ ആവര്‍ത്തിക്കണം. ഇടയ്‌ക്ക്‌ വയറിളക്കം, തീറ്റയോട്‌ വിമുഖത, ഉല്‍പ്പാദനത്തില്‍ കുറവ്‌ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ചാണകം പരിശോധിച്ച്‌ ചികില്‍സ നടത്തേണ്ടിവരും.
ശരിയായ തീറ്റയും സംരക്ഷണവുമില്ലെങ്കില്‍ കറവപ്പശുക്കളില്‍നിന്ന്‌ കിട്ടാവുന്ന പാല്‍ മുഴുവനും ലഭിക്കുകയില്ല. കണക്കിലധികം ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നത്‌ പ്രയോജനരഹിതവും സാമ്പത്തികമായി നഷ്‌ടവുമായിരിക്കും. അവയ്‌ക്ക്‌ ആരോഗ്യകരമായ പരിസരങ്ങളും മനുഷ്യരില്‍നിന്നുള്ള ദയാപുരസ്സരമായ പെരുമാറ്റവും ആവശ്യമാണ്‌. പശുവില്‍നിന്നും മുഴുവന്‍ പാലും ലഭിക്കണമെന്നുണ്ടെങ്കില്‍ അതിനെ കറക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്‌.

കറവയന്ത്രം

നല്ല കറവക്കാരനെ കിട്ടാത്തതാണ്‌ ഡയറിഫാമുകള്‍ ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നം. നമ്മുടെ പശുക്കളുടെ ഉല്‍പ്പാദനക്ഷമത മുഴുവനായും നമുക്കു ലഭിക്കണമെങ്കില്‍ പരിപാലനത്തോടൊപ്പം നല്ല കറവയും വേണം. പശുക്കളുടെ എണ്ണം കൂടുമ്പോള്‍ കറവ മിനക്കെട്ട പണിയായി മാറുന്നു. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള കാലികളെ 7 മിനിട്ടിനകം കറന്നെടുക്കുക ശ്രമകരമായ ജോലിയാണ്‌. കൈകൊണ്ടു കറക്കുമ്പോള്‍ മുലക്കാമ്പിനുണ്ടാകുന്ന ക്ഷതങ്ങള്‍ വേറെയും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇതിനെല്ലാം പരിഹാരമായി ഇന്ന്‌ ആധുനിക കറവയന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. മുഴുവന്‍ ഓട്ടോമാറ്റിക്‌, പാതി ഓട്ടോമാറ്റിക്‌ യന്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. കറവയന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുമുമ്പ്‌ അതേക്കുറിച്ച്‌ അറിയുന്നത്‌ നന്നായിരിക്കും.
കറവയന്ത്രം ഉപയോഗിക്കുന്നതിനെക്കറുച്ച്‌ കര്‍ഷകരില്‍ നിരവധി തെറ്റായ ധാരണകളുണ്ട്‌. അകിടില്‍ പാല്‍ തീര്‍ന്നാല്‍ യന്ത്രം ചോരവലിച്ചെടുക്കുമെന്നുവരെ തെറ്റായി ധരിച്ചവര്‍ നിരവധിയാണ്‌. ഒരു കന്നുകുട്ടി അകിടില്‍നിന്നും പാല്‍ കുടിക്കുന്ന അതേ തത്ത്വം തന്നെയാണ്‌ കറവയന്ത്രത്തിലുള്ളത്‌. അതുകൊണ്ടുതന്നെ കറവയന്ത്രം അകിടിനും മുലക്കാമ്പിനും യാതൊരു വിധ തകരാറുകളും ഉണ്ടാക്കുന്നില്ല.
1. പള്‍സേറ്റര്‍
2. ടീറ്റ്‌ കപ്പും പൈപ്പുകളും
3. ബക്കറ്റ്‌
എന്നീ ഭാഗങ്ങളാണ്‌ കറവയന്ത്രത്തിനുള്ളത്‌. പ്രവര്‍ത്തനരീതി
കറവയന്ത്രം പ്രവര്‍ത്തിക്കുന്ന ആദ്യഘട്ടത്തില്‍ കറവയന്ത്രത്തിലും പൈപ്പിലും ഒരു ശൂന്യത ഉണ്ടാക്കുന്നു. ഈ ശൂന്യത അളക്കാനായി മീറ്ററുണ്ട്‌.
പൈപ്പില്‍ പകുതി വാക്വം ഉണ്ടായാല്‍ മീറ്ററില്‍ 50 കിലോ പാസ്‌ക്കല്‍ റീഡിങ്‌ കാണിക്കും. തുടര്‍ന്ന്‌ പള്‍സേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഷെല്ലിനും ലൈനറിനും ഇടയില്‍ ഇടവിട്ട്‌ വാക്വം ഉണ്ടാക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു. ടീറ്റ്‌ കപ്പില്‍ ഷെല്ലിനും ലൈനറിനുമിടയില്‍ വായു കടക്കുമ്പോള്‍ ലൈന്‍ മുലക്കാമ്പില്‍ പിടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ്‌ ഉണ്ടാക്കുന്നത്‌. പള്‍സേറ്റര്‍ പ്രവര്‍ത്തിച്ചു ടീറ്റ്‌ കപ്പില്‍ ശൂന്യതയുണ്ടാക്കുമ്പോള്‍ മുലക്കാമ്പിലെ ദ്വാരത്തിലൂടെ പാല്‍ പുറത്തേക്കു വരുന്നു. ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കുമ്പോള്‍ പാല്‍ മുഴുവനായും മില്‍ക്ക്‌ കാനില്‍ നിറയുന്നു. പാല്‍ കറന്നെടുത്ത്‌ തീര്‍ന്നാല്‍ പള്‍സേറ്റര്‍ ഓഫ്‌ ചെയ്‌ത്‌ കപ്പ്‌ ഊരിയെടുക്കാവുന്നതാണ്‌. പള്‍സേറ്റര്‍ ഒരു മിനിട്ടില്‍ 40-60 തവണയെങ്കിലും ശൂന്യതയുണ്ടാക്കുകയും ഒഴിവാക്കുകയും ചെയ്യും. ഇതുണ്ടാക്കുന്ന അനുപാതത്തെ പള്‍സേഷന്‍ അനുപാതമെന്നു പറയുന്നു. ഉദാ: പള്‍സേഷന്‍ അനുപാതം 1:1 ആണെങ്കില്‍ മിനിട്ടില്‍ 50 തവണ പള്‍സേഷന്‍ ഉള്ള ഒരു കറവയന്ത്രത്തില്‍ 50 ശതമാനം സമയം മുലക്കാമ്പില്‍ ലൈനര്‍ അമര്‍ത്തുകയും 50 ശതമാനം സമയം പാല്‍ വലിക്കുകയും ചെയ്യും. പള്‍സേഷന്‍ അനുപാതം 1:1 ആണെങ്കില്‍ 60 ശതമാനം സമയം പാല്‍ വലിക്കുകയും 40 ശതമാനം സമയം ലൈനര്‍ മുലക്കാമ്പില്‍ അമരുകയും ചെയ്യും. 2:1, 1:1, 1:1 എന്നീ അനുപാതത്തിലുള്ള യന്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌.
എല്ലാ ടീറ്റ്‌ കപ്പിലും ഒരേ സമയത്ത്‌ ലൈനര്‍ അമരുകയും പിന്നീട്‌ ഒരേ സമയത്ത്‌ പാല്‍ വലിക്കുകയും ചെയ്യുന്ന യന്ത്രങ്ങളും രണ്ട്‌ ടീറ്റ്‌ കപ്പില്‍ ഒരു സമയത്ത്‌ ലൈനര്‍ അമരുമ്പോള്‍ മറ്റേ ടീറ്റ്‌ കപ്പില്‍ പാല്‍ വലിച്ചെടുക്കുന്ന യന്ത്രങ്ങളും ലഭ്യമാണ്‌.
ലൈനറുകള്‍ കേടായാല്‍ ഉടനെ മാറ്റേണ്ടതാണ. സിന്തറ്റിക്‌ റബ്ബര്‍ സിലിക്കോണ്ട തുടങ്ങിയവകൊണ്ടുണ്ടാക്കിയ ലൈനറുകള്‍ ലഭ്യമാണ്‌. സിന്തറ്റിക്‌ റബ്ബര്‍കൊണ്ടുണ്ടാക്കിയ ലൈനര്‍ 1200 തവണ കറന്നശേഷം മാറ്റണം. റബ്ബറാണെങ്കില്‍ 500-700 കറവയിലും സിലിക്കോണാണെങ്കില്‍ 5000-10000 കറവയിലും മാറ്റണം.
കറവയന്ത്രത്തിലെത്തിയ പാല്‍ പൈപ്പന്‍ ലൈന്‍വഴി വലിയ ടാങ്കുകളില്‍ ശേഖരിക്കാന്‍ കഴിയും. ഈ ടാങ്കില്‍നിന്നും പമ്പുപയോഗിച്ച്‌ വലിയ ശേഖരിണികളിലേക്ക്‌ മാറ്റാം. ഇതിനിടയില്‍ അരിപ്പയിലൂടെ കടത്തി പാല്‍ അരിക്കാനും കഴിയും. അരിച്ചെടുത്ത പാല്‍ പാക്കറ്റിലാക്കിയും വിപണനം നടത്താം. ഇതിനായി ഓട്ടോ മാറ്റിക്‌ പേക്കിങ്‌ യന്ത്രവും കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന പേക്കിങ്‌ യന്ത്രവും മാര്‍ക്കറ്റില്‍ ലഭ്യമാണ്‌.
പശുക്കളുടെ എണ്ണമനുസരിച്ച്‌ പൈപ്പ്‌ ലൈനിന്റെ വലിപ്പം വ്യത്യാസപ്പെടും.
പാതിയന്ത്രവല്‍കൃത കറവയന്ത്രങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. ഇതില്‍ ശൂന്യതയുണ്ടാക്കുന്നത്‌ കൈകൊണ്ടു പ്രവര്‍ത്തിക്കുന്ന പമ്പുപയോഗിച്ചാണ്‌. വൈദ്യുതിയില്ലാത്ത സ്ഥലത്തും ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിക്കാം.

കിടാങ്ങള്‍ക്കുള്ള കൂട്‌

ഫാമുകളില്‍ കിടാക്കളെ പ്രായമനുസരിച്ച്‌ പല വിഭാഗങ്ങളിലായി തിരിച്ച്‌ പ്രത്യേക മുറികളിലായി പാര്‍പ്പിക്കുകയാണു ചെയ്യുന്നത്‌. 3 മാസംവരെ പ്രായമുള്ളവ, 3-6 മാസംവരെ പ്രായമുള്ളവ, 6 മാസം മുതല്‍ 1 വയസ്സ്‌ വരെ പ്രായമുള്ളവ എന്നിങ്ങനെ.

പ്രസവമുറി

പ്രസവമടുത്ത ഉരുക്കളെ പ്രത്യേകം തയ്യാറാക്കിയ പ്രസവമുറികളിലേക്ക്‌ മാറ്റുന്നതാണു നല്ലത്‌. ഏകദേശം 12 അടി നീളവും 12 അടി വീതിയുമുള്ള ഒരു മുറി പശുക്കള്‍ക്കു പ്രസവത്തിനായി ഉണ്ടാക്കിയിരിക്കണം. ഇതിനു ചുറ്റും 1.2 മീറ്റര്‍ ഉയരമുള്ള ഭിത്തി കെട്ടിയിരിക്കേണ്ടതാണ്‌. തീറ്റ കൊടുക്കുന്നതിനുള്ള തീറ്റത്തൊട്ടിയും വെള്ളത്തൊട്ടിയും മുറിയില്‍ ഉണ്ടാകണം. 
തൊഴുത്തിനുള്ളിലെ ചൂടു കുറയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
$ കിഴക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ നീളത്തില്‍ തൊഴുത്ത്‌ നിര്‍മ്മിച്ചാല്‍ തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ പതിക്കുന്ന സൂര്യപ്രകാശം കുറയുകയും ചൂട്‌ കുറയുകയും ചെയ്യും. 
$ മേല്‍ക്കൂരയില്‍നിന്നുള്ള ചൂട്‌ കുറയ്‌ക്കുവാന്‍ മുകളില്‍ വെള്ള പൂശുകയും താഴെ തെര്‍മ്മോക്കോള്‍ വെക്കുകയോ ടാര്‍പോളീന്‍ ഷീറ്റ്‌ വലിച്ച്‌ കെട്ടുകയോ ചെയ്യുക. 
$ ആസ്‌ബസ്റ്റോസ്‌ മേല്‍ക്കൂരയുടെ മുകളില്‍ വേനല്‍ക്കാലത്ത്‌ ഓലയിടാവുന്നതാണ്‌. 
$ തൊഴുത്തിനുള്ളിലുള്ള വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുവാന്‍ ഉള്ളില്‍ ഫാനുകള്‍ ഘടിപ്പിക്കാവുന്നതാണ്‌.
$ തൊഴുത്തിലുള്ള ചൂടിന്റെ പ്രധാന കാരണം പ്രതിഫലനവികിരണങ്ങളാണ്‌. ചുറ്റുപാടുമുള്ള പ്രതിഫലനവികിരണങ്ങളെ ഒഴിവാക്കാന്‍ തൊഴുത്തിനു ചുറ്റും പുല്ല്‌ വെച്ചുപിടിപ്പിക്കാം.

പ്രജനനരീതികള്‍

നമ്മുടെ രാജ്യത്തിലെ കന്നുകാലികളുടെ ഉല്‍പ്പാദനനിലവാരം അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടുവരേണ്ടത്‌ ഇന്നത്തെ ഒരാവശ്യമാണ്‌. ശാസ്‌ത്രസമ്മതമായ വര്‍ഗോല്‍പ്പാദന മാര്‍ഗങ്ങളിലൂടെ ഉല്‍പ്പാദനക്ഷമതയുള്ള പുതിയ ജനുസ്സ്‌ കന്നുകാലികളെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ഇപ്പോഴത്തെ പ്രജനനരീതികള്‍കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പശുവിന്‌ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കഴിവ്‌ പ്രധാനമായും വംശപാരമ്പര്യത്തെയും സാഹചര്യത്തെയും ആശ്രയിച്ചാണിരിക്കുന്നതെന്ന്‌ ഒന്നാമദ്ധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. പ്രജനനപദ്ധതികളുടെ വിജയവും പരാജയവും കണക്കാക്കുന്നത്‌ തലമുറകളില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ജീനുകളുടെ സംഖ്യയെയും അവയെ അടുത്ത തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുവാന്‍ മൃഗങ്ങള്‍ക്കുള്ള കഴിവിനെയും അനുസരിച്ചാണ്‌.

പശുക്കള്‍ക്ക്‌ ജന്മനാ വര്‍ദ്ധിച്ച ക്ഷീരോല്‍പാദനശേഷി ലഭിച്ചിട്ടില്ലെങ്കില്‍ അവയെ കാര്യക്ഷമമായി പരിപാലിച്ചതുകൊണ്ടോ വളരെ മെച്ചമായ തീറ്റസാധനങ്ങള്‍ കൊടുത്തതുകൊണ്ടോ പാല്‍ വര്‍ദ്ധിക്കുകയില്ല. അതിനാല്‍ പാലിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്‌ കാലികളുടെ മെച്ചപ്പെട്ട ഒരു തലമുറയെ കരുപ്പിടിപ്പിക്കേണ്ടതാണ്‌. അതിനായി പലതരം പ്രജനനരീതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌.

അന്തഃപ്രജനനം

ഒരേ വര്‍ഗത്തില്‍ത്തന്നെ അന്യോന്യം രക്തബന്ധമുള്ളവയെ തമ്മില്‍ ഇണചേര്‍ക്കുകയോ ബീജസങ്കലനം നടത്തുകയോ ചെയ്യുന്നതിന്‌ അന്തഃപ്രജനനം എന്നു പറയുന്നു. ഇപ്രകാരമുള്ള വര്‍ഗോല്‍പ്പാദനം സുദൃഢമായ ചില സ്വഭാവവിശേഷങ്ങള്‍ നിലനിര്‍ത്തുന്നതിന്‌ സാധിക്കും. കാളയുടെയും പശുവിന്റെയും പ്രകൃതിദത്തമായ ഉല്‍കൃഷ്‌ടഗുണങ്ങള്‍ കിടാക്കളില്‍ പകര്‍ത്തുകയാണ്‌ ഈ രീതികൊണ്ട്‌ പ്രധാനമായി ഉദ്ദേശിക്കുന്നത്‌. എന്നാല്‍ ദീര്‍ഘകാലത്തേക്ക്‌ ഇത്തരത്തിലുള്ള വര്‍ഗോല്‍പ്പാദനം തുടര്‍ന്നുകൊണ്ടു പോകുന്നത്‌ ആശാസ്യമല്ല. കാലക്രമത്തില്‍ സന്താനപരമ്പരകള്‍ക്ക്‌ ശരീരദാര്‍ഢ്യം കുറയുന്നതിനും തദ്വാര എളുപ്പത്തില്‍ രോഗാധീനമാകുന്നതിനും ഇടയാകുന്നതാണ്‌. നിഷ്‌കര്‍ഷയോടുകൂടിയ തെരഞ്ഞെടുപ്പ്‌ നടത്തുന്നപക്ഷം കാലികളില്‍ ചില സ്ഥിരഗുണങ്ങള്‍ നിലനിര്‍ത്തുന്നതിന്‌ ഈ മാര്‍ഗം ഉപയോഗപ്പെടുത്താവുന്നതാണ്‌.

സംവൃത അന്തഃപ്രജനനം

വളരെ അടുത്ത ബന്ധമുള്ള മൃഗങ്ങളെ ഇണചേര്‍ക്കുന്ന രീതിക്ക്‌ സംവൃത അന്തഃപ്രജനനം എന്നു പറയുന്നു. ഉദാ: അച്ഛന്‍ x മകള്‍, അമ്മ x മകന്‍, സഹോദരി x സഹോദരന്‍.

ക്രമിക അന്തഃപ്രജനനം

രക്തബന്ധമുള്ളതും എന്നാല്‍ വളരെ അടുത്ത ബന്ധമില്ലാത്തതുമായ മൃഗങ്ങളുടെ ഇണചേര്‍ക്കലിനെ ക്രമിക അന്തഃപ്രജനനം എന്നാണു പറയുന്നത്‌. കാലികളില്‍ ചില സ്ഥിരഗുണങ്ങള്‍ നിലനിര്‍ത്തുന്നതിന്‌ ഈ സമ്പ്രദായം പ്രയോജനപ്പെടുന്നതാണ്‌.

ബഹിര്‍പ്രജനനം

ഒരേ വര്‍ഗത്തിലുള്ള കന്നുകാലികളില്‍ പരസ്‌പര രക്തബന്ധമില്ലാത്തവയെ തമ്മില്‍ ഇണചേര്‍ക്കുകയോ കൃത്രിമബീജസങ്കലനം നടത്തുകയോ ചെയ്യുക. ഇതിന്റെ പ്രധാനോദ്ദേശ്യം ഒന്നിന്റെ പോരായ്‌മകളെ മറ്റൊന്നിന്റെ ഉല്‍കൃഷ്‌ടഗുണങ്ങളുമായി ബന്ധപ്പെടുത്തി അനുകൂലഫലം ഉണ്ടാക്കുകയെന്നതാണ്‌. ശ്രദ്ധാപൂര്‍വ്വമായ മേല്‍നോട്ടവും പരിരക്ഷണവും ഉണ്ടെങ്കില്‍ മെച്ചമായ തലമുറയെ ഉല്‍പ്പാദിപ്പിക്കുന്നതിന്‌ ഈ മാര്‍ഗം ഫലപ്രദമാണ്‌.

ഉദ്‌വംശനം

ഒരു വര്‍ഗത്തിലുള്ള ഏറ്റവും മെച്ചപ്പെട്ട വിത്തുകാളയെ മാത്രം ഉപയോഗിച്ച്‌ ഇണചേര്‍ക്കുകയോ കൃത്രിമബീജസങ്കലനം നടത്തുകയോ ചെയ്‌താല്‍ ആ വര്‍ഗം കാലക്രമത്തില്‍ മെച്ചപ്പെടുന്നതാണ്‌. പക്ഷേ, ഇതുമൂലം ഗണ്യമായ പുരോഗതിയുണ്ടാകുന്നതിന്‌ കാലതാമസമുണ്ടാകും. നല്ല വര്‍ഗം വിത്തുകാളയെ ഉപയോഗിച്ച്‌ നാടന്‍കാലികളുടെ വംശത്തെ മെച്ചപ്പെടുത്തുന്നതിനാണ്‌ ഈ മാര്‍ഗം ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഇപ്രകാരം ഉണ്ടായ ഒന്നാം തലമുറയിലെ പശുക്കിടാക്കളെ അവയുടെ പിതൃവര്‍ഗത്തില്‍പ്പെട്ടതും അതുപോലെ ഗുണങ്ങളോടുകൂടിയതുമായ മറ്റൊരു വിത്തുകാളയെക്കൊണ്ട്‌ ഇണ ചേര്‍ക്കണം. ഇങ്ങനെ അഞ്ചോ ആറോ തലമുറകള്‍ കഴിയുമ്പോള്‍ മെച്ചപ്പെട്ട ഗുണങ്ങള്‍ ആ തലമുറയിലെ കിടാക്കള്‍ക്ക്‌ ലഭിക്കുന്നതാണ്‌.

ബഹിസ്സങ്കരണം

ഒരേ വര്‍ഗത്തില്‍പ്പെട്ടതും തമ്മില്‍ രക്തബന്ധമില്ലാത്തതുമായ മൃഗങ്ങളെ ഇണചേര്‍ക്കുന്നതിനെയാണു ബഹിസ്സങ്കരണം എന്നു പറയുന്നത്‌. കഴിഞ്ഞ നാലു തലമുറകളില്‍ ബന്ധമൊന്നും ഇല്ലാത്ത രണ്ടു കാലികളെ തിരഞ്ഞെടുത്ത്‌ ഇണചേര്‍ക്കുന്നു.

സങ്കരപ്രജനനം

നല്ല ഇനത്തില്‍പ്പെട്ട രണ്ടു വര്‍ഗങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഇണ ചേര്‍ത്ത്‌ ഒരു സങ്കരജാതിയെ ഉല്‍പ്പാദിപ്പിക്കുന്നതിനെയാണ്‌ സങ്കരപ്രജനനം എന്നു പറയുന്നത്‌. 
ഉദാ : ജേര്‍സിക്കാളയും സിന്ധിപ്പശുവും ഇണചേര്‍ത്തുണ്ടാകുന്ന സങ്കര ഇനം. ഇപ്രകാരമുണ്ടാകുന്ന സങ്കരവര്‍ഗങ്ങള്‍ക്ക്‌ മാതാപിതാക്കന്മാരെക്കാള്‍ വലിപ്പവും പ്രസരിപ്പും ഉല്‍പ്പാദനശേഷിയും ഉണ്ടായിരിക്കും. സങ്കര ഇനങ്ങളില്‍ കണ്ടുവരുന്ന അമിതമായ പ്രസരിപ്പിനെ സങ്കരവീര്യം എന്നു പറയുന്നു. ഒന്നാം തലമുറയില്‍ ഈ സങ്കരവീര്യം കൂടുതല്‍ പ്രകടമായിരിക്കും.
സങ്കരവര്‍ഗത്തിന്റെ ആ ഒന്നാം തലമുറയ്‌ക്ക്‌ വര്‍ഗഗുണമുള്ള കാളയില്‍ നിന്നും 50 ശതമാനവും രണ്ടാം തലമുറയ്‌ക്ക്‌ 75 ശതമാനവും മൂന്നാം തലമുറയ്‌ക്ക്‌ 87.5 ശതമാനവും ഗുണങ്ങള്‍ പൈതൃകമായി ലഭിക്കുന്നതാണ്‌. മൂന്നും നാലും അനന്തരതലമുറകളിലും ഇങ്ങനെ ലഭിക്കുന്ന കിടാക്കള്‍ക്ക്‌ സാധാരണയില്‍ വലിപ്പം കുറഞ്ഞും വേഗത്തില്‍ സുഖക്കേടുകള്‍ പിടിപെടുന്നതിന്‌ സാദ്ധ്യതയുള്ളതായും കണ്ടുവരുന്നു. ഈ ദൂഷ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗം നിശ്ചിത ശതമാനം നല്ലവര്‍ഗം കന്നുകാലികളുടെ സ്വഭാവം സ്ഥിരമായി നിലനിര്‍ത്തുകയാണ്‌. ഇതിന്‌ 75 ശതമാനം വിദേശസ്വഭാവമുള്ള മെച്ചപ്പെട്ട കാളകളുടെ ബീജം ഉപയോഗിച്ച്‌ 50 ശതമാനം വിദേശസ്വഭാവമുള്ള പശുക്കളില്‍നിന്ന്‌ 62.5 ശതമാനം വിദേശസ്വഭാവവും 37.5 ശതമാനം നാടന്‍ സ്വഭാവവും ഉള്ള കിടാക്കളെ ഉല്‍പ്പാദിപ്പിക്കുകയാണ്‌. ഈ ക്രമം ആവര്‍ത്തിക്കുന്നപക്ഷം ഒരു നിശ്ചിത ശതമാനം വിദേശസ്വഭാവം പശുക്കളില്‍ നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുന്നതാണ്‌.

നിര്‍ധാരണം

വര്‍ഗോല്‍പ്പാദനത്തിനായി ഒരുകൂട്ടം പശുക്കളില്‍നിന്നും ഏറ്റവും നല്ലവയെ തിരഞ്ഞെടുക്കുന്നതിനാണ്‌ നിര്‍ദ്ധാരണം എന്നു പറയുന്നത്‌.

തിരഞ്ഞുമാറ്റല്‍

ഒരുകൂട്ടം പശുക്കളില്‍നിന്ന്‌ വര്‍ഗോല്‍പ്പാദനത്തിന്‌ ഉപകരിക്കാത്തവയും ഉല്‍പ്പാദനക്ഷമത കുറഞ്ഞവയും നല്ല ഇനത്തിന്റെ ലക്ഷണമില്ലാത്തവയുമായ പശുക്കളെ വേര്‍തിരിച്ചുമാറ്റുന്നതിനെയാണ്‌ തിരഞ്ഞുമാറ്റല്‍ എന്നു പറയുന്നത്‌. പ്രകടനരൂപത്തിന്റെ അടിസ്ഥാനത്തിലും പാരമ്പര്യഗുണത്തിന്റെ അടിസ്ഥാനത്തിലും വംശാവലിയുടെ അടിസ്ഥാനത്തിലും നിര്‍ധാരണം നടത്താവുന്നതാണ്‌. സങ്കരപ്രജനനം മൂലം ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുള്ള കാലികളെ ശ്രദ്ധാപൂര്‍വ്വമായ നിര്‍ധാരണവും തിരഞ്ഞുമാറ്റലും നടത്തിയാല്‍ പ്രത്യേക ഗുണങ്ങളോടുകൂടിയ ഒരു പുതിയ കാലിവര്‍ഗത്തെ രൂപപ്പെടുത്തി എടുക്കാവുന്നതാണ്‌.

കൃത്രിമബീജസങ്കലനം

വിത്തുകാളകളുടെ ബീജം ശേഖരിച്ച്‌ അതിനെ നേര്‍പ്പിച്ച്‌ മദിയുള്ള പശുക്കളുടെ യോനിയില്‍ പ്രത്യേക ഉപകരണങ്ങള്‍ വഴി നിക്ഷേപിക്കുന്നതിനെയാണ്‌ പശുക്കളുടെ `കൃത്രിമബീജസങ്കലനം' എന്നു പറയുന്നത്‌.
ശാസ്‌ത്രീയമായ കൃത്രിമബീജസങ്കലനമാണ്‌ മെച്ചപ്പെട്ട പ്രജനനത്തിന്‌ ഏറ്റവും പറ്റിയ മാര്‍ഗം. പശുക്കളുടെ ക്ഷീരോല്‍പ്പാദനശേഷിയും കാളകളുടെ പ്രവര്‍ത്തനശക്തിയും പ്രധാനമായും അവയ്‌ക്ക്‌ പൈതൃകമായി ലഭിക്കുന്ന വര്‍ഗഗുണത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ പ്രജനനത്തിന്‌ മേല്‍ത്തരം വിത്തുകാളകളെക്കൊണ്ട്‌ പശുക്കളെ ഇണചേര്‍ക്കുകയോ അവയുടെ ബീജം സംഭരിച്ച്‌ കൃത്രിമബീജസങ്കലനം നടത്തുകയോ ചെയ്യേണ്ടതാണ്‌. നല്ലയിനം വിത്തുകാളകളുടെ ബീജം കൂടുതല്‍ പശുക്കള്‍ക്ക്‌ ഗര്‍ഭധാരണം നടത്തുവാന്‍ ഉപയോഗപ്പെടുന്നുവെന്നതാണ്‌ കൃത്രിമബീജസങ്കലനത്തിന്റെ പ്രത്യേകത. ഒരു വിത്തുകാളയെ സാധാരണരീതിയില്‍ അതിന്റെ ആയുഷ്‌കാലം മുഴുവന്‍ ഇണചേര്‍പ്പിച്ചാല്‍ ഏകദേശം അഞ്ഞൂറോളം കിടാക്കളെ ലഭിക്കുന്നതാണ്‌. എന്നാല്‍ കൃത്രിമബീജസങ്കലനം മൂലമാണെങ്കില്‍ അയ്യായിരത്തിലധികം കിടാക്കള്‍ക്ക്‌ ജന്മം കൊടുക്കാന്‍ സാധിക്കും. 
ക്രിസ്‌ത്വബ്‌ദം 1322-ാമാണ്ടില്‍ ഒരു അറബിപ്രമാണി കുതിരയില്‍ കൃത്രിമബീജസങ്കലനം നടത്തിയതാണ്‌ മൃഗങ്ങളില്‍ ആദ്യത്തെ കൃത്രിമബീജസങ്കലനശ്രമം. 1780-ല്‍ ഒരു ഇറ്റാലിയന്‍ ശാസ്‌ത്രജ്ഞനായ ലാസാറോ സ്‌പാലന്‍സാനി ആദ്യമായി മത്സ്യങ്ങളിലും പിന്നീട്‌ നായ്‌ക്കളിലും ഈ സമ്പ്രദായം പരീക്ഷിച്ചുനോക്കി. അതൊരു വിജയമായിരുന്നു. 1907-ല്‍ ഈവാനോഫ്‌ റഷ്യയിലാണ്‌ ആദ്യമായി കന്നുകാലികളില്‍ ഈ സമ്പ്രദായം ഒരു ഉപാധിയായി സ്വീകരിച്ച്‌ ഒരു കേന്ദ്രം ആരംഭിച്ചത്‌. 
ഇന്ത്യയില്‍ ആദ്യമായി കൃത്രിമബീജസങ്കലനം പരീക്ഷിച്ച്‌ അതില്‍ വിജയിച്ചത്‌ 1939-ല്‍ ഡോക്‌ടര്‍ സാമ്പത്ത്‌കുമാരനായിരുന്നു. അതിനുശേഷം ഇന്ത്യയിലെ പല സ്ഥലങ്ങളിലും കൃത്രിമബീജസങ്കലനപ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു. നമ്മുടെ കേരളത്തിലെ കുഗ്രാമങ്ങളില്‍പ്പോലും കൃത്രിമബീജസങ്കലനപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുണ്ട്‌.

ബീജശേഖരണം

നല്ല കടുപ്പമുള്ള റബ്ബര്‍കുഴലിന്റെ ഉള്‍ഭാഗത്ത്‌ അതിനെക്കാള്‍ അല്‍പം നീളം കൂടിയതും കനം കുറഞ്ഞതുമായ വേറൊരു റബ്ബര്‍ ഉറ വയ്‌ക്കുക. റബ്ബര്‍ ഉറയുടെ രണ്ടറ്റവും വളച്ചതിനുശേഷം കട്ടിയുള്ള റബ്ബര്‍ കുഴലുമായി ബന്ധിക്കുക. ഈ രണ്ട്‌ റബ്ബര്‍ ആവരണങ്ങള്‍ക്കും ഇടയിലുള്ള സ്ഥലം 1050F മുതല്‍ 1100F വരെ ചൂടുള്ള വെള്ളംകൊണ്ട്‌ നിറയ്‌ക്കുക. ഇങ്ങനെ തയ്യാറാക്കിയ റബ്ബര്‍ കുഴലിന്റെ ഒരു ഭാഗത്ത്‌ ഒരു റബ്ബര്‍കോണ്‍ ഘടിപ്പിച്ച്‌ ഇതിന്റെ കീഴ്‌ഭാഗത്ത്‌ അളവുകുറികളുള്ള ഒരു ടെസ്റ്റ്യൂബ്‌ പിടിപ്പിച്ചിരിക്കണം. റബ്ബര്‍കോണ്‍ ഘടിപ്പിക്കാത്ത വശത്ത്‌ വാസ്‌ലയിന്‍ പുരട്ടിയിരിേക്കണ്ടതാണ്‌. പശുവിന്റെ മുകളില്‍ വിത്തുകാളയെ കയറാനനുവദിക്കുക. ഈ സമയത്ത്‌ ബീജം സംഭരിക്കുന്ന ആള്‍ അയാളുടെ വലതുകൈയില്‍ കൃത്രിമയോനി സ്വല്‍പം ചരിച്ചുപിടിച്ചുകൊണ്ട്‌ വിത്തുകാളയുടെ ലിംഗത്തിനെ ഇടതുകൈകൊണ്ട്‌ സാവധാനത്തില്‍ കൃത്രിമയോനിയിലേക്ക്‌ വെച്ചുകൊടുത്താല്‍ അതിലേക്ക്‌ വിത്തുകാള ബീജം വിസര്‍ജ്ജിച്ചുകൊള്ളും.
പ്രായപൂര്‍ത്തിയെത്തിയ ഒരു വിത്തുകാള ഒരു പ്രാവശ്യം 10 മില്ലി ലിറ്റര്‍ വരെ ബീജം സ്രവിക്കുന്നതാണ്‌. 1 മില്ലിലിറ്റര്‍ ബീജവിസര്‍ജ്ജനത്തില്‍ 100 കോടിമുതല്‍ 750 കോടിവരെ ബീജാണുക്കള്‍ ഉണ്ടായിരിക്കും. സംഭരിച്ചെടുത്ത ബീജം സൂക്ഷ്‌മദര്‍ശിനി തുടങ്ങിയ ഉപകരണങ്ങളുപയോഗിച്ച്‌ ശാസ്‌ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കുകയും കൂടുതല്‍ പശുക്കളില്‍ ബീജാവാപം നടത്തുന്നതിനായി ഗര്‍ഭോല്‍പ്പാദനത്തിന്‌ ഫലപ്രദമാകത്തക്ക അനുപാതത്തില്‍ നേര്‍പ്പിക്കുകയും ചെയ്യുന്നു. 
1 മില്ലിലിറ്റര്‍ നേര്‍പ്പിച്ച ലായനിയില്‍ ഉദ്ദേശം 1-11/2 കോടി ബീജം ഉണ്ടായിരിക്കേണ്ടതാണ്‌. ആയതിനാല്‍ പശുവിന്‌ കൃത്രിമബീജസങ്കലനം നടത്തുമ്പോള്‍ 1 മില്ലിലിറ്ററില്‍ കൂടുതല്‍ ബീജം ഉപയോഗിക്കേണ്ട ആവശ്യമില്ല. 
ബീജത്തില്‍ അടങ്ങിയിട്ടുള്ള കോടിക്കണക്കിനു ബീജാണുക്കളില്‍ ഒന്നു മാത്രമേ ഗര്‍ഭോല്‍പ്പാദനത്തിനാവശ്യമാകുന്നുള്ളുവെന്നതിനാല്‍ ഇങ്ങനെ നേര്‍പ്പിക്കുന്നതുമൂലം സാധാരണയുള്ള ഇണചേര്‍പ്പിക്കലില്‍ ഒരു പ്രാവശ്യം സ്രവിക്കപ്പെടുന്ന ബീജം കൂടുതല്‍ പശുക്കള്‍ക്ക്‌ ഗര്‍ഭോല്‍പ്പാദനം നടത്തുവാന്‍ ഉപയോഗപ്പെടുന്നുവെന്നല്ലാതെ ഗര്‍ഭോല്‍പാദനത്തെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ല. അന്തരീക്ഷത്തിലുള്ള നൈട്രജന്‍ തണുപ്പിച്ച്‌ ദ്രാവകമാക്കിയാല്‍ അതിന്റെ ഊഷ്‌മാവ്‌ -1960C ആയിരിക്കും. ഈ ദ്രാവകമാണ്‌ ഗാഢശീതീകരണത്തിന്‌ ഉപയോഗിക്കുന്നത്‌. നൈട്രജന്‍ ദ്രാവകമായിത്തന്നെ സൂക്ഷിക്കുന്നതിന്‌ പ്രത്യേകതരം ഫ്‌ളാസ്‌കുകള്‍ ആവശ്യമാണ്‌. 
വിത്തുകാളയില്‍നിന്നും ശേഖരിച്ചെടുക്കുന്ന ബീജത്തിന്റെ വ്യാപ്‌തം, ആപേക്ഷികസാന്ദ്രത, ദ്രാവകത്തിന്റെ ചലനം എന്നിവ പരിശോധിക്കുന്നു. പിന്നീട്‌ ട്രിസ്‌ലായകത്തില്‍ നേര്‍പ്പിച്ചെടുക്കുന്നു. തണുപ്പിക്കുമ്പോള്‍ ബീജാണുക്കള്‍ക്ക്‌ ആഘാതം ഏല്‍ക്കാതിരിക്കുവാന്‍ ട്രിസ്‌ലായകത്തില്‍ ഗ്ലിസറോള്‍ ചേര്‍ക്കുന്നുണ്ട്‌. ബീജാണുക്കള്‍ക്ക്‌ വേണ്ട പോഷകാംശങ്ങള്‍ ലഭിക്കുവാനായി ഫ്രക്‌ടോസും ചേര്‍ക്കുന്നുണ്ട്‌. 
100 മില്ലി ലായകം തയ്യാറാക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള സാധനങ്ങള്‍ ആവശ്യമാണ്‌. 
കോഴിമുട്ടയുടെ മഞ്ഞക്കരു - 25 മില്ലി
ഫ്രക്‌ടോസ്‌ - 2 ഗ്രാം 
പെനിസിലിന്‍ (ക്രിസ്റ്റലൈന്‍) - 50,000 ക.ഡ. 1.u 
സ്‌ട്രെപ്‌ടോമൈസിന്‍ - 50,000 മൈക്രോഗ്രാം
ഗ്ലിസറോള്‍ - 8 മില്ലി
സോഡിയം സിട്രേറ്റ്‌ ഡൈഹൈഡ്രേറ്റ്‌ - 3.2%
കൃത്രിമബീജസങ്കലനം നടത്തേണ്ട സമയത്ത്‌ തണുത്തിരിക്കുന്ന സ്‌ട്രോ പുറത്തെടുത്തു വൃത്തിയായ ഒരു തുണിയില്‍ ഒരു മിനിട്ട്‌ നേരത്തേക്ക്‌ സൂക്ഷിക്കുന്നു. പിന്നീടതു സാധാരണ വെള്ളത്തില്‍ അല്‍പസമയം വയ്‌ക്കുന്നു. വെള്ളത്തില്‍നിന്നും പുറത്തെടുത്തു തുടച്ച്‌ അന്തരീക്ഷത്തിലെ താപനിലയിലെത്തിച്ചശേഷം പ്രത്യേകതരം ഇന്‍സെമിനേഷന്‍ ഗണ്‍ ഉപയോഗിച്ചു ബീജസങ്കലനം നടത്താം. 
കൃത്രിമബീജസങ്കലനത്തിന്റെ വിജയത്തിനു വളരെ പ്രധാനമായ ഒരു ഘടകമാണ്‌ നല്ല ബീജം ഉപയോഗിക്കുകയെന്നത്‌. സൂക്ഷ്‌മദര്‍ശിനിയില്‍ക്കൂടി നോക്കിയാല്‍ ഏതാണ്ട്‌ വാലുമാക്രിയുടെ രൂപത്തിലിരിക്കുന്ന ബീജാണുവിന്റെ വാല്‍ ചുരുണ്ടവയോ പിളര്‍ന്നവയോ ആയിരുന്നാല്‍ അത്‌ ഉപയോഗത്തിനു പറ്റിയതല്ല. വിത്തുകാളയില്‍നിന്നും സംഭരിക്കുന്ന ബീജത്തില്‍ ബീജാണുക്കളുടെ എണ്ണം വളരെ കുറഞ്ഞിരുന്നാലും ഉപയോഗയോഗ്യമല്ല. 
മെച്ചപ്പെട്ടതും വംശാവലി ഉള്ളതുമായ വിത്തുകാളകളില്‍നിന്നും ശേഖരിക്കുന്ന ബീജമായിരിക്കണം കൃത്രിമബീജസങ്കലനത്തിന്‌ ഉപയോഗിക്കേണ്ടത്‌. ബീജസംഭരണത്തിനായി ഉപയോഗിക്കുന്ന വിത്തുകാള എല്ലാത്തരം പകര്‍ച്ചവ്യാധികളില്‍നിന്നും വിമുക്തമായിരിക്കണം. 
സാധാരണയായി ഒരു വിത്തുകാളയെക്കൊണ്ട്‌ ഒരു പശുവിനെ ഇണചേര്‍പ്പിച്ചാല്‍ ചന പിടിച്ചില്ലെങ്കില്‍ അതില്‍നിന്നുണ്ടായേക്കാവുന്ന നഷ്‌ടം വലുതായി കണക്കാക്കുന്നില്ല. എന്നാല്‍ വിത്തുകാളയില്‍നിന്നും സംഭരിച്ചെടുക്കുന്ന ബീജം നേര്‍പ്പിച്ച്‌ അനേകം പശുക്കള്‍ക്ക്‌ കൃത്രിമബീജസങ്കലനം നടത്തുമ്പോള്‍ ഗര്‍ഭം ധരിക്കാതിരുന്നാലുള്ള നഷ്‌ടം ഭീമമായിരിക്കും. ആകയാല്‍ വിത്തുകാളയില്‍നിന്നും ശേഖരിച്ചെടുക്കുന്ന ബീജാണുക്കളില്‍ യാതൊരുവിധ മാലിന്യങ്ങളോ രോഗാണുക്കളോ കലരുവാന്‍ ഇടയാകാതെ സൂക്ഷിക്കേണ്ടതാണ്‌. ബീജസംഭരണത്തിനും ബീജസങ്കലനത്തിനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുനാശനം ചെയ്‌തതായിരിക്കണം. അങ്ങനെ ചെയ്യാതെ ബീജസങ്കലനം നടത്തുന്നപക്ഷം പശുവിനും രോഗം പിടിപെടാനിടയുണ്ട്‌.

മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന വിധം

ശാസ്‌ത്രീയമായി മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതെങ്ങനെയാണ്‌ മനസ്സിലാക്കുന്നതുവഴി വളരെ എളുപ്പത്തില്‍ അവയെ നിയന്ത്രണവിധേയമാക്കാം. മനുഷ്യനെക്കാള്‍ വളരെയധികം ബലവും വലിപ്പവുമുള്ള മൃഗങ്ങളെ നിഷ്‌പ്രയാസം നിയന്ത്രിച്ചു നിര്‍ത്താന്‍ അവയുടെ മനഃശാസ്‌ത്രവും പെരുമാറ്റ രീതികളും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. നിയന്ത്രിക്കുന്നയാള്‍ക്കും മൃഗത്തിനും യാതൊരുവിധ ക്ഷതവുമേല്‍ക്കാത്ത രീതിയിലുള്ള നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്‌. 
ഉരുവിനെ പേരുവിളിച്ചു സമീപിക്കുന്നതാണ്‌ ഉത്തമം. സാധാരണയായി മൃഗത്തിന്റെ ഇടതുവശത്തുകൂടി സമീപിക്കുന്നതാണ്‌ നല്ലത്‌. നേരെ മുന്നില്‍ നിന്നോ കൈയില്‍ വടി പിടിച്ചോ മൃഗത്തെ സമീപിക്കുന്നത്‌ നല്ലതല്ല. മൃഗത്തെ സമീപിച്ചു കഴിഞ്ഞാലുടനെതന്നെ അതിന്റെ തലയും കഴുത്തും നിയന്ത്രിക്കണം. അപരിചിതര്‍ മൃഗത്തിന്റെ പെരുമാറ്റരീതി ഉടമസ്ഥനോടു ചോദിച്ചു മനസ്സിലാക്കിയതിനുശേഷമേ മൃഗത്തെ സമീപിക്കുവാന്‍ പാടുള്ളൂ. 
സമീപിക്കുന്നയാള്‍ക്കും തന്നെ ഭയമാണെന്ന തോന്നല്‍ ഉരുവിനുണ്ടാകാന്‍ പാടില്ല. സമീപിക്കുന്നയാള്‍ക്ക്‌ ഉള്‍ഭയമുണ്ടോ ഇല്ലയോ എന്ന സംഗതി ഉരുവിന്‌ വളരെയെളുപ്പം തിരിച്ചറിയുവാന്‍ സാധിക്കുമെന്നതിനാല്‍ തൊഴിക്കാനോ കുത്താനോ കിട്ടിയ അവസരം മുതലാക്കുവാന്‍ ശ്രമിക്കും. അപരിചിതമായ ഉരുക്കളെ കൈകാര്യം ചെയ്യുമ്പോള്‍ അതിനെ പരിചരിക്കുന്നയാളോ ഉടമയോ സമീപത്തുണ്ടായിരിക്കാന്‍ നിഷ്‌കര്‍ഷിക്കേണ്ടതാണ്‌.
തുറസ്സായ സ്ഥലത്ത്‌ കെട്ടിയിട്ടിരിക്കുന്ന മൃഗത്തെ നിയന്ത്രിക്കുവാന്‍ ഇനി പറയുന്ന മാര്‍ഗം അവലംബിക്കാം. ഉരുവിനെ ഒരു മരത്തിനോടോ തൂണിനോടോ ചേര്‍ത്തു കെട്ടുക. അതിനുശേഷം തല നിയന്ത്രിക്കുന്നയാള്‍ മൃഗത്തിന്റെ ഇടതുവശത്തു നിന്നിട്ട്‌ വലതു കൈകൊണ്ട്‌ ഇടതുകൊമ്പിനു പിന്നിലൂടെ വലതുകൊമ്പിന്റെ ചുവട്ടില്‍ ബലമായി പിടിക്കണം. അതിനോടൊപ്പംതന്നെ ഇടതുകൈകൊണ്ട്‌ കീഴ്‌ത്താടിയിലും പിടിക്കുക. ഇതിനു പകരമായി വലതുകൈകൊണ്ട്‌ നേരത്തേ വിവരിച്ച വിധം വലതുകൊമ്പിന്റെ ചുവട്ടില്‍ പിടിച്ചശേഷം മറ്റേ കൈയുടെ തള്ളവിരല്‍, ചൂണ്ടുവിരല്‍ എന്നിവ കൊണ്ട്‌ മൂക്കിനുള്ളില്‍ കടത്തിപിടിക്കാം. ഇതിനുശേഷം ആവശ്യമെങ്കില്‍ മറ്റൊരാള്‍ ഉരുവിന്റെ വലതുവശത്തുനിന്ന്‌ ഇടതുകൈകൊണ്ട്‌ വാലുപിടിച്ചു മടക്കി മുതുകിനോടു ചേര്‍ത്തു വയ്‌ക്കുകയും വലതുകൈകൊണ്ട്‌ പൂഞ്ഞിനു തൊട്ടുപിന്നില്‍ മുതുകില്‍ തൊലി കൂട്ടിപ്പിടിക്കുകയും ചെയ്യണം. ഈ രീതി അനുവര്‍ത്തിക്കുന്നതുവഴി ഉരു വളരെ നല്ല രീതിയില്‍ നിയന്ത്രണവിധേയമാകും. വളരെയധികം ബഹളമുണ്ടാക്കുന്ന ഉരുക്കളെ നിയന്ത്രിക്കാന്‍ മറ്റൊരു മാര്‍ഗമുപയോഗിക്കാം. കയറിന്റെ ഒരറ്റം പശുവിന്റെ കഴുത്തില്‍ കെട്ടിയതിനുശേഷം മറ്റേയറ്റം മുന്നോട്ടടുത്ത്‌ ഉരുവിനെ കെട്ടിയിരിക്കുന്ന തൂണിനെ ചുറ്റി മറുവശത്തുകൂടി പിന്നോട്ടെടുത്ത്‌ ഉരുവിന്റെ പുറകിലൂടെ കറക്കി മറുവശത്തു കൊണ്ടുവന്ന്‌ കഴുത്തിലെ ചുറ്റിലൂടെയെടുത്ത്‌ 
തൂണില്‍ കെട്ടാവുന്നതാണ്‌. മൂക്കുകയറുള്ള മൃഗങ്ങളുടെ മൂക്കുകയറില്‍ പിടിക്കുന്നതുവഴി അവയെ നിയന്ത്രിക്കാം. എന്നാല്‍ ചില മൃഗങ്ങളുടെ മൂക്കുകയറില്‍ പിടിക്കുന്നത്‌ അവയ്‌ക്ക്‌ വളരെയേറെ ഇഷ്‌ടക്കേടുണ്ടാക്കും. തൊഴുത്തിനുള്ളില്‍ കെട്ടിയിട്ടിരിക്കുന്ന മൃഗത്തിന്റെ തല നിയന്ത്രിക്കുന്നതിന്‌ മുകളില്‍ വിവരിച്ച മാര്‍ഗംതന്നെ ഉപയോഗപ്പെടുത്താവുന്നതാണ്‌. 
തൊഴിക്കുന്ന കറവമാടുകളെ നിയന്ത്രിച്ചുനിര്‍ത്തി പാല്‍ മുഴുവന്‍ കറന്നെടുക്കാന്‍ ചില ശാസ്‌ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്‌. എട്ടിന്റെ ആകൃതിയില്‍ പിന്‍കാല്‍മുട്ടിനു മുകളിലായി ഒരു കയര്‍കൊണ്ട്‌ കെട്ടിടാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്നതുവഴി മൃഗത്തിന്‌ തൊഴിക്കാനാവാതെ വരും. കയറിന്റെ ഒരറ്റം കാലിന്റെ മുട്ടിനു മുകളില്‍ കെട്ടിയതിനുശേഷം മറ്റേയറ്റം ഏതെങ്കിലും തൂണിനോടോ ഭിത്തിയിലുള്ള കൊളുത്തിനോടോ ചേര്‍ത്തുകെട്ടുക. 
പശുവിനെ കിടത്തി പരിശോധിക്കേണ്ട പല അവസരങ്ങളുമുണ്ടാകാം. കല്ലോ കുറ്റിയോ ഒന്നുമില്ലാത്ത നിരപ്പായ സ്ഥലമാണ്‌ മൃഗത്തെ കിടത്തുവാന്‍ പറ്റിയത്‌. നല്ല കനത്തില്‍ പുല്ലു വളരുന്ന സ്ഥലം തിരഞ്ഞെടുക്കാം. പുല്ലില്ലാത്ത സ്ഥലത്ത്‌ കരിയിലയോ കച്ചിയോ നിരത്തിയിടാവുന്നതാണ്‌. ഏകദേശം എട്ടു മീറ്റര്‍ നീളമുള്ള കയറിന്റെ ഒരറ്റത്തൊരു കുടുക്കിട്ട്‌ രണ്ടു കൊമ്പിന്റെയും ചുവട്ടിലായി കെട്ടിയശേഷം മറ്റേയറ്റം കൊണ്ട്‌ മുന്‍കാലുകള്‍ക്കു പിന്നിലായും അകിടിനു മുന്നിലായും രണ്ടു സ്ഥലങ്ങളില്‍ ഉടലിനെ ചുറ്റിക്കെട്ടുക. 
കയറിന്റെ അറ്റം ഇതിനുശേഷം പിന്നോട്ടു നീട്ടിപ്പിടിക്കുക. ഇത്രയും കഴിഞ്ഞാല്‍ പശുവിനെ മറിച്ചിടുവാന്‍ ശ്രമിക്കാം. പശുവിനെ മറിച്ചിടേണ്ട വശത്തിന്‌ എതിര്‍ദിശയില്‍ പശുവിന്റെ തല തിരിച്ചു പിടിക്കണം. അതിനുശേഷം കയറിന്റെയറ്റം മറിച്ചിടേണ്ട വശത്തേക്കു ചരിച്ചുപിടിച്ചുകൊണ്ട്‌ പിന്നോട്ടു വലിക്കുക. ഇങ്ങനെ ചെയ്യുന്നതോടുകൂടി പശു കൂനിക്കൂടി നിലത്തുവീഴുന്നു. നിലത്തു വീണാലുടനെതന്നെ ഒന്നുകില്‍ തല നിലത്തോടു ചേര്‍ത്തുവച്ച്‌ അമര്‍ത്തിപ്പിടിക്കുകയോ അല്ലെങ്കില്‍ തല ചരിച്ച്‌ ശരീരത്തോടു ചേര്‍ത്ത്‌ അമര്‍ത്തിപ്പിടിക്കുകയോ ചെയ്യേണ്ടതാണ്‌. ഇത്രയും കഴിഞ്ഞ്‌, ഒരാള്‍ തുടഭാഗത്ത്‌ നന്നായി അമര്‍ത്തിപ്പിടിക്കുന്ന സമയത്ത്‌ മറ്റേയാള്‍ നാലുകാലുകളും കൂട്ടിക്കെട്ടിയിടണം. 
ഏതാണ്ട്‌ 8 മീറ്റര്‍ നീളമുള്ള ഒരു കയറിന്റെ മധ്യഭാഗം കഴുത്തിനു മുകളിലായി വച്ച്‌ രണ്ടറ്റവും കീഴോട്ട്‌ ഇടുക. കഴുത്തിന്റെ അടിവശത്തുവച്ച്‌ അവ അങ്ങോട്ടുമിങ്ങോട്ടും എടുത്ത്‌ ചിത്രത്തില്‍ കാണുന്നതുപോലെ കൈയുടെ അകവശത്തുകൂടി മുകളിലേക്ക്‌ കൊണ്ടുവരുക. എന്നിട്ട്‌ എതിര്‍ദിശകളില്‍ കൂടി കയര്‍ കൊണ്ടുവന്നു തുടയ്‌ക്കും. അകിടിനും ഇടയിലൂടെ പുറകോട്ട്‌ എടുത്ത്‌ അറ്റങ്ങള്‍ വലിച്ചുപിടിച്ചാല്‍ മതി. മറ്റു കാര്യങ്ങള്‍ ആദ്യത്തെ രീതിയിലെപ്പോലെതന്നെ ചെയ്‌താല്‍ മതിയാകും.

കന്നുകാലി പ്രദര്‍ശനമല്‍സരങ്ങള്‍

നല്ല കന്നുകാലികളുടെ ഉടമസ്ഥനെ കണ്ടെത്താനും ആദരിക്കാനുമുള്ള ഒരു വഴിയാണ്‌ കന്നുകാലി പ്രദര്‍ശന മല്‍സരങ്ങള്‍. ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍തന്നെ പിടിച്ചുനിര്‍ത്താനും കൂടുതല്‍ പേരെ ഇതിലേക്ക്‌ ആകര്‍ഷിക്കുവാനും കര്‍ഷകരുടെയിടയില്‍ നല്ലയിനം കന്നുകാലികളെ നന്നായി വളര്‍ത്തുവാനുമുള്ള ഒരു മല്‍സരബുദ്ധി ഉണ്ടാക്കിയെടുക്കുകയുമാണ്‌ പ്രദര്‍ശന മല്‍സരം കൊണ്ടുദ്ദേശിക്കുന്നത്‌. ഇന്ത്യയില്‍ വര്‍ഷത്തില്‍ 2600 ലധികം ജില്ലാതല പ്രദര്‍ശനമല്‍സരങ്ങള്‍ നടത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. 1936-ല്‍ കന്നുകാലി പ്രദര്‍ശന സൊസൈറ്റി രൂപീകരിച്ചതുമുതല്‍ ദേശീയ കന്നുകാലി പ്രദര്‍ശനമല്‍സരങ്ങള്‍ നടത്തിവരുന്നുണ്ട്‌.
കേരളത്തില്‍ മൃഗസംരക്ഷണവകുപ്പ്‌, ക്ഷീരവികസനവകുപ്പ്‌, ക്ഷീരസംഘങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത്‌-ബ്ലോക്ക്‌-ജില്ലാതലങ്ങളിലായാണ്‌ പല്‌പപോഴും പ്രദര്‍ശന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌.
നന്നായി സംഘടിപ്പിക്കുന്ന പ്രദര്‍ശനമല്‍സരങ്ങള്‍ ക്ഷീരകര്‍ഷകനെ സംബന്ധിച്ചിടത്തോളം ഒരാഘോഷം തന്നെയാണ്‌. വിജയികള്‍ക്കുള്ള വലിയ സമ്മാനത്തുകയും പാരിതോഷികവും പ്രദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. പല പഞ്ചായത്തുകളിലും ജനകീയാസൂത്രണത്തിന്റെ ഭാഗമായിത്തന്നെ പ്രദര്‍ശനമല്‍സരങ്ങള്‍ ഇപ്പോള്‍ നടത്തിവരുന്നുണ്ട്‌.
കന്നുകാലി പ്രദര്‍ശനം നടത്തുന്നതിനു മുമ്പായി സംഘാടകരും പങ്കെടുക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ഇതെക്കുറിച്ചുള്ള അറിവില്ലായ്‌മ പ്രദര്‍ശനത്തിനുശേഷം പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്‌. വിധ നിര്‍ണയത്തിലെയും നടത്തിപ്പിലെയും അപാകതകളായിരിക്കും പ്രശ്‌നവിഷയങ്ങള്‍. ഇതേക്കുറിച്ചള്ള ബോധവല്‍ക്കരണത്തിന്റെ അഭാവമാണ്‌ ഇതിനു കാരണം. വളരെ സാങ്കേതികത്വം നിറഞ്ഞതാണ്‌ കന്നുകാലി പ്രദര്‍ശനത്തിന്റെ വിധിനിര്‍ണയം. പങ്കെടുക്കുന്ന ഉടമസ്ഥരുടെയും സംഘാടകരുടെയും സഹകരണം നല്ല വിധിനിര്‍ണയത്തിന്‌ അത്യന്താപേക്ഷിതമാണ്‌.
പലപ്പോഴും പ്രദര്‍ശനമല്‍സരത്തില്‍ പങ്കെടുക്കുന്ന മൃഗങ്ങളുടെ എണ്ണം നോക്കിയാണ്‌ മല്‍സരത്തിന്റെ വിജയം വിലയിരുത്തുന്നത്‌. എന്നാല്‍ ഏറ്റവും നല്ല കന്നുകാലികളെ പ്രദര്‍ശിപ്പിക്കുന്ന മല്‍സരമാണ്‌ ഏറ്റവും നല്ലത്‌. അതുകൊണ്ടുതന്നെ ഒരു നല്ല പ്രദര്‍ശനമല്‍സരത്തിലെ വിധിനിര്‍ണയവും എളുപ്പമാകില്ല.
പ്രദര്‍ശനമല്‍സരങ്ങളിലെ പ്രശ്‌നങ്ങളൊഴിവാക്കുവാന്‍ ഇതിന്റെ സംഘാടകരും പങ്കെടുക്കുന്നവരും ചില മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തണം. മൃഗങ്ങളെ കൊണ്ടുവരുവാന്‍ സൗകര്യമുള്ള തുറന്ന സ്ഥലത്തായിരിക്കണം പ്രദര്‍ശനം സംഘടിപ്പിക്കേണ്ടത്‌. നല്ല വെയിലത്തും മഴക്കാലത്തും പ്രദര്‍ശനം നടത്തരുത്‌. രാവിലെയോ വൈകുന്നേരമോ നടത്തുന്നതാണു നല്ലത്‌.
പശു, കിടാരി, കിടാവ്‌ എന്നീ മൂന്നു വിഭാഗങ്ങളിലായി വേണം പ്രദര്‍ശനം നടത്തുവാന്‍. ഓരോ വിഭാഗത്തിനും നല്‍കേണ്ടുന്ന സമ്മാനങ്ങളും നേരത്തെ നിശ്ചയിച്ചിരിക്കണം.
കുളമ്പുരോഗം തുടങ്ങിയ പകര്‍ച്ചവ്യധികള്‍ ഉള്ള സമയങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടത്തരുത്‌.
പ്രദര്‍ശനത്തിനു മുമ്പുതന്നെ ഉടമസ്ഥന്റെ പേര്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ഒരു നമ്പര്‍ മൃഗത്തിന്റെ കഴുത്തില്‍ കെട്ടിത്തൂക്കണം. പ്രദര്‍ശനമല്‍സരങ്ങളില്‍ വിധികര്‍ത്താവാക്കേണ്ടത്‌ പരിചയമുള്ളതും സ്ഥലവാസിയല്ലാത്തതുമായ സാങ്കേതിക വിദഗ്‌ധനെ ആയിരിക്കണം. എല്ലാ മൃങ്ങളെയും രജിസ്റ്റര്‍ ചെയ്‌ത്‌ പ്രദര്‍ശനസ്ഥലത്ത്‌ കെട്ടിയ ഉടനെതന്നെ വിധിനിര്‍ണയം തുടങ്ങണം.
പ്രദര്‍ശനത്തിനു മുമ്പു മൃഗങ്ങളെയും ഒരുക്കേണ്ടതുണ്ട്‌. പ്രസവത്തിനു ദിവസങ്ങള്‍ക്കു മുമ്പോ പ്രസവിച്ചയുടനെയോ പ്രദര്‍ശനത്തിനു കൊണ്ടുപോകരുത്‌. രോഗംവന്നവയെയും ഒഴിവാക്കേണ്ടതാണ്‌. പ്രദര്‍ശനസ്ഥലം ദൂരെയാണെങ്കില്‍ വാഹനത്തില്‍വേണം കൊണ്ടുപോകുവാന്‍.
പ്രദര്‍ശനത്തിനു കൊണ്ടുപോകുന്നതിനു മുമ്പായി മൃഗത്തെ നല്ലവെള്ളത്തില്‍ കുളിപ്പിച്ച്‌ ഉണങ്ങിയ തുണികൊണ്ട്‌ തുടച്ചശേഷം ശരീരം മുഴുവനും ബ്രഷ്‌ ചെയ്യണം. ചെള്ള്‌ മുതലായ പരാദങ്ങളെ എടുത്തുകളയണം. വാലറ്റം സോപ്പുപയോഗിച്ച്‌ കഴുകി തുടച്ചശേഷം ചീര്‍പ്പ്‌ ഉപയോഗിച്ചു ചീകി വൃത്തിയാക്കണം. പ്രദര്‍ശനത്തിനു കൊണ്ടുപോകുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പുതന്നെ കുറേശ്ശെ തീറ്റയും വെള്ളവും കൊടുക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രദര്‍ശനത്തിനു തൊട്ടു മുമ്പു വയര്‍ നിറയെ തീറ്റ കൊടുക്കുന്നത്‌ അഭികാമ്യമല്ല.
കുളമ്പിന്റെ അധികം നീളമുള്ള ഭാഗം മുറിക്കണം. ചെവിയിലെയും തലയിലെയും നീളമുള്ള രോമങ്ങള്‍ വെട്ടി വൃത്തിയാക്കണം. വാലിലെ രോം 10 ഇഞ്ചില്‍ കൂടരുത്‌. കൊമ്പ്‌ നീളമുള്ളതാണെങ്കില്‍ 1 ഇഞ്ചുവരെ രക്തം വരാതെ മുറിച്ചു മാറ്റാം. കൊമ്പിന്റെ പ്രതലം പരുക്കനാണെങ്കില്‍ ഉരച്ചുമിനുസ്സപ്പെടുത്തണം. ട്രൈപോളീന്‍ പൗഡര്‍ എണ്ണയില്‍ ചേര്‍ത്ത്‌ പോളീഷ്‌ ചെയ്യാം. കഴുത്തിലോ കൊമ്പിലോ അലങ്കാരങ്ങള്‍ കെട്ടിത്തൂക്കരുത്‌. ശരീരത്തില്‍ എണ്ണയോ മരുന്നുകളോ പുരട്ടരുത്‌. അകിടു വല്ലാതെ നിറഞ്ഞിരിക്കുകയാണ്‌ എങ്കില്‍ കുറച്ചു കറന്നെടുക്കാം.
വിധിനിര്‍ണയം നടന്നുകൊണ്ടിരിക്കുമ്പോള്‍ മൃഗങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യരുത്‌. സമ്മാനം പ്രതീക്ഷിച്ചെത്തുന്ന ഉടമസ്ഥന്‍ അതു കിട്ടിയില്ലെങ്കില്‍ ദേഷ്യം പ്രകടിപ്പിക്കുകയോ വിധികര്‍ത്താക്കളെയും സംഘാടകരെയും കുറ്റപ്പെടുത്തുകയോ ചെയ്യരുത്‌. ഉടമസ്ഥന്‍ തന്റെ മൃഗത്തെ വിലയിരുത്തുന്നതുപോലെയല്ല ഒരു സാങ്കേതിക വിദഗ്‌ധന്‍ വിലയിരുത്തുന്നത്‌. കുറെ കര്‍ഷകര്‍ ഒരു മൃഗത്തിനു സമാനസാധ്യത കല്‍പ്പിച്ചാല്‍ ഒരുപക്ഷേ, സാങ്കേതികവിദഗ്‌ധന്‍ തിരഞ്ഞെടുക്കുന്നത്‌ മറ്റൊന്നായിരിക്കും.
വിധിനിര്‍ണയം ഒരുപാട്‌ ശാസ്‌ത്രീയതത്ത്വങ്ങള്‍ക്കു വിധേയമായിട്ടാണ്‌ നടത്തുന്നത്‌. ഇതിനായി മൃഗത്തിന്റെ ഗുണങ്ങളെ പലതായി വിഭജിച്ചു മാര്‍ക്കിടാറാണ്‌ പതിവ്‌. വിധി കര്‍ത്താവിന്റെ മനസില്‍ 100-ല്‍ 100 മാര്‍ക്കും നല്‍കാവുന്ന ഒരു യഥാര്‍ത്ഥ്യമൃഗത്തെ താരതമ്യം ചെയ്‌താണ്‌ ഒരു നല്ല വിധി കര്‍ത്താവ്‌ മാര്‍ക്കിടുക.

കറവപ്പശുവിന്റെ വില നിശ്ചയിക്കുവാന്‍

കേരളത്തില്‍ ഈയടുത്ത കാലത്ത്‌ കറവപ്പശുക്കളുടെ വിലയില്‍ അമിതമായ വര്‍ധനവുണ്ടായി. നല്ലയിനം പശുക്കളുടെ ദൗര്‍ലഭ്യം, പാലിന്റെ വിലവര്‍ധന എന്നിവയൊക്കെ ഇതിനൊരു കാരണമായി പറയാമെങ്കിലും ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ ഒരു വീട്ടില്‍ ഒരു പശു, മിനി ഡയറി യൂണിറ്റ്‌ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയതോടെ കുറേപ്പേര്‍ ഈ മേഖലയിലേക്കു പുതിയതായി കടന്നുവന്നതാണ്‌ മുഖ്യകാരണം.
കന്നുകുട്ടികളെ വളര്‍ത്തിയെടുക്കുന്ന ശീലം മിക്ക കര്‍ഷകരും ഉപേക്ഷിച്ചമട്ടാണ്‌. കറവയുള്ള പശുക്കളെ നേരിട്ടു വാങ്ങുന്നതിലാണ്‌ മിക്കവാര്‍ക്കും താല്‍പര്യം. കൂടാതെ ആവശ്യക്കാര്‍ വര്‍ധിച്ചതോടുകൂടി പശുക്കളുടെ എണ്ണയെക്കാള്‍ കൂടുതല്‍ ഏജന്റുമാരും ബ്രോക്കര്‍മാരും ഈ രംഗം കൈയടക്കിയതും കറവപ്പശുക്കള്‍ക്ക്‌ വില കൂടാന്‍ കാരണമായി.
യാതൊരു മാദനണ്ഡങ്ങളുമില്ലാതെ മൂന്നോ നാലോ ബ്രോക്കര്‍മാര്‍ കൈമാറി അവശ്യക്കാരന്റെ കൈയിലെത്തുമ്പോഴേക്കും യഥാര്‍ത്ഥ വിലയിലും ഇരട്ടി കൊടുക്കേണ്ടിവരുന്നു. എന്നാല്‍ കറപ്പശുക്കള്‍ക്കു വില നിശ്ചയിക്കുന്നതിനു ശാസ്‌ത്രീയ മാനദണ്ഡങ്ങള്‍ അലവംബിച്ചാല്‍ ഇത്തരത്തിലുള്ള പോരായ്‌കള്‍ പരിഹരിക്കുവാനു പശുവിനെ വില്‍ക്കുന്നയാള്‍ക്കും വാങ്ങുന്നയാള്‍ക്കും നഷ്‌ടമില്ലാത്ത അവസ്ഥയുണ്ടാക്കുവാനും അതുവഴി ബ്രോക്കര്‍മാരുടെ ഇടപെടല്‍ ഒരു പരിധിവരെ ഒഴിവാക്കുവാനും കഴിയും.
പശുവിന്റെ കമ്പോളവില നിശ്ചയിക്കുന്നതിനു രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്‌തമായ മാനദണ്ഡങ്ങളാണ്‌ സ്വീകരിച്ചുപോരുന്നത്‌. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാറുമില്ല. സംഘടിത ഡയറിഫാമുകളില്‍ പശുവിന്റെ പ്രായത്തെയും പാല്‍ ഉല്‍പ്പാദനക്ഷമതയെയും കണക്കാക്കിയാണ്‌ വില നിശ്ചയിക്കുന്നത്‌.
ചില സ്ഥലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ അവരുടെ പശുവിന്റെ വില നിശ്ചയിക്കുന്നതിനായി, പശുവിന്റെ ജനിതകഗുണം, ദിവസപാലുല്‍പ്പാദനം, പ്രസവത്തിന്റെ തവണകള്‍, കറവയുടെ ഘട്ടം, പശുവിന്റെ മൊത്തത്തിലുള്ള ശാരീരകസ്ഥിതി എന്നിവ കണക്കാക്കാറുണ്ട്‌. ഇതുമൂലം വിദേശ ജനുസ്സുകള്‍ക്കും സങ്കരയിനം പശുക്കള്‍ക്കും ശാരീരിക വലിപ്പമുള്ളതിനും വില കൂടും. എന്നാല്‍ ഇത്തരത്തിലുള്ള വിലനിര്‍ണ്ണയം അശാസ്‌ത്രീയമാണ്‌. കറവപ്പശുക്കളുടെ വില നിശ്ചയിക്കുന്നത്‌ സര്‍ക്കാര്‍ ഫാമുകളില്‍ ശാസ്‌ത്രീയമായ മാനദണ്‌ഡങ്ങളാണ്‌ പാലിക്കാറുള്ളത്‌. ഒരു പരിധിവരെ ക്ഷീരകര്‍ഷകര്‍ക്കും ഈ രീതി തന്നെ അവലംബിക്കാവുന്നതാണ്‌. 
ഒരു ലിറ്റര്‍ പാലിന്റെ ഇന്നത്തെ വിലയുടെ 35 ശതമാനത്തെ പശുവിന്റെ ആദ്യ പ്രസവത്തിലെ മൊത്തം പാലുല്‍പ്പാദനംകൊണ്ട്‌ ഗുണിച്ചാല്‍ കിട്ടുന്നതാണ്‌ പശുവിന്റെ അടിസ്ഥാനവില. 
ഉദാ: ഒരു ലിറ്റര്‍ പാലിന്റെ ഇന്നത്തെ വില 18 രൂപ. ഇതിന്റെ 35 ശതമാനം 6.3. ആദ്യ വര്‍ഷത്തിലെ മൊത്തം പാലുല്‍പ്പാദനം 2,500 ലിറ്ററാണെങ്കില്‍ അടിസ്ഥാനവില 2,500: 6.30=15750/ ആയിരിക്കും. 
പശു പ്രസവിച്ച്‌ തവണകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ഒരു പരിധിവരെ പാലുല്‍പ്പാദനം വര്‍ദ്ധിക്കുകയും പിന്നീടത്‌ കുറയുകയുമാണ്‌ പതിവ്‌. അതു മാത്രമല്ല പശു പ്രസവിച്ച്‌ തവണകള്‍ കൂടുമ്പോള്‍ ആയുഷ്‌കാല ഉല്‍പ്പാദനത്തിലും കുറവുണ്ടാകും. അതുകൊണ്ടു വില നിശ്ചയിക്കുമ്പോള്‍ ഈ കാര്യങ്ങള്‍കൂടി കണക്കിലെടുക്കണം. അതിനുവേണ്ടി ഓരോ പ്രസവത്തിനും ഓരോ ഘടകം കൊടുത്തിട്ടുണ്ട്‌. അടിസ്ഥാനവിലയെ ഈ ഘടകം കൊണ്ടു ഗുണിച്ചാല്‍ കിട്ടുന്നതാണ്‌ പശുവിന്റെ വില.

പ്രസവിച്ച 
തവണകള്‍

1

2

3

4

5

6

7

8

9നു
മുക
ളില്‍

ഘടകം

1

1.05

1.05

0.94

0.77

0.62

0.500

.41

0.33

എന്നിങ്ങനെയാണ്‌
* ഉദാ: ആദ്യപ്രസവത്തിന്റെ 2500 ലിറ്റര്‍ പാലുണ്ടാകുന്ന പശുവിന്റെ 4-ാമത്തെ പ്രസവത്തില്‍ വില്‍ക്കുകയാകയാണെങ്കില്‍ അതിന്റെ വില 2500 x 6.3 0.94 = 14805/ആയിരിക്കും. 
ഇനി പശുവിന്റെ ആദ്യപ്രസവത്തിലെ ഉല്‍പ്പാദനം അറിയാതെ വരികയും പശു കറവയിലുമാണെങ്കില്‍ അടിസ്ഥാനവില കണക്കാക്കുവാന്‍ ആ കറവയില്‍ ഏറ്റവും കൂടുതല്‍ കിട്ടിയ ഒരു ദിവസത്തെ പാലിന്റെ അളവിനെ 200 കൊണ്ടും 6.3 കൊണ്ടും ഗുണിച്ചായിരക്കും. 
ഉദാ : 15 ലിറ്റര്‍ കറക്കുന്ന പശുവിന്റെ അടിസ്ഥാനവില 
200 x 15 x 6.3 = 18900/ആയിരിക്കും.
ഇനി കറവയുടെ ഘടകത്തിനനുസരിച്ചും വിലയില്‍ വ്യത്യാസം വരാം. കൂടാതെ പശു ഗര്‍ഭിണിയായാലും വില വര്‍ദ്ധിക്കും. ഈ രണ്ടു കാര്യങ്ങളും കണക്കിലെടുക്കുവാനായി 8 തരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച്‌ ഓരോ ഗ്രൂപ്പിനും ഓരോ ഘടകം നല്‍കിയിട്ടുണ്ട്‌. പശുവിന്റെ അടിസ്ഥാനവിലയെ ഈ 
ഘടകം കൊണ്ട്‌ ഗുണിച്ചാല്‍ കിട്ടുന്നതായിരിക്കും പശുവിന്റെ വില. 
പശുവിന്റെ യഥാര്‍ത്ഥ വില.
ഗ്രൂപ്പ്‌
1. പ്രസവിച്ച്‌ 90 ദിവസം തികയാത്തത്‌
2. 90 മുതല്‍ 180 ദിവസമായതും ഗര്‍ഭിണിയും
3. 90 മുതല്‍ 180 ദിവസമായതും ഗര്‍ഭമില്ലാത്തതും
4. 181 ദിവസം മുതല്‍ 274 ദിവസമായതും ഗര്‍ഭിണിയും
5. 181 മുതല്‍ 274 ദിവസമായതും ഗര്‍ഭമില്ലാത്തതും
6. 275 ദിവസത്തിനു മുകളില്‍ 5 മാസത്തിനു മുകളില്‍ ഗര്‍ഭിണി 0.75
7. 275 ദിവസത്തിനു മുകളില്‍ 5 മാസത്തിനു താഴെ ഗര്‍ഭിണി 0.60
8. 275 ദിവസത്തിനു മുകളില്‍ ഗര്‍ഭിണിയല്ലാത്തത്‌ 0.3
ഉദാ : 2500 ലിറ്റര്‍ ആദ്യപ്രസവത്തില്‍ ഉല്‍പ്പാദനം ഉണ്ടായിരുന്ന പശുവിനെ 4-ാമത്തെ പ്രസവത്തില്‍ പ്രസവിച്ച്‌ 240 ദിവസവും 4 മാസം ഗര്‍ഭിണിയുമായ പശുവിന്റെ വില 2500:6.3:0.94:0.75 = 11100/
ഇങ്ങനെ ഈ രണ്ടു ടേബിളുകളും നോക്കി ഏതു തരത്തില്‍പ്പെട്ട കറവ പശുവിന്റെയും വില കണക്കാക്കാവുന്നതാണ്‌. ഈ ടേബിളുകള്‍ എവിടെയെങ്കിലും എഴുതിവെച്ചാല്‍ നന്നായിരിക്കും.

കൃത്രിമബീജസങ്കലനരീതികള്‍

റെക്‌ടോവജീനല്‍ രീതി

റെക്‌ടോവജീനല്‍ രീതിയില്‍ ബീജാദാനം നടത്തുന്നയാള്‍ ഇടതുകൈ പശുവിന്റെ മലദ്വാരത്തില്‍ക്കൂടി ഗര്‍ഭപാത്രത്തിന്റെ സെര്‍വിക്‌സിനെ പിടിക്കുന്നു. പിന്നീട്‌ വലതുകൈകൊണ്ട്‌ എ.ഐ. ഗണ്‍ പിടിച്ച്‌ യോനിയില്‍ കടത്തി ബീജം സെര്‍വിക്‌സില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്‌തമായ ബീജാണുവും അണ്‌ഡാശയത്തില്‍നിന്നും പുറത്തേക്കു വരുന്ന അണ്‌ഡവും സംയോജിച്ച്‌ ഗര്‍ഭമുണ്ടാകുന്നു. മദി അവസാനിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അണ്‌ഡാശയത്തില്‍നിന്നും അണ്‌ഡം പുറത്തേക്കുവന്ന്‌ അണ്‌ഡവാഹിനികളില്‍ പ്രവേശിക്കുന്നു. ബീജാണുവുമായി സംയോജനം നടക്കാതെവന്നാല്‍ ഈ അണ്‌ഡം നിര്‍ജ്ജീവമോ നിര്‍വീര്യമോ ആയിത്തീരും.

സ്‌പെക്കുലം രീതി

സ്‌പൈക്കുലം എന്ന ഉപകരണം പശുവിന്റെ യോനിയില്‍ കടത്തി ഗര്‍ഭപാത്രത്തിലെ സെര്‍വിക്‌സി (cervix)ല്‍ എ.ഐ. ഗണ്‍ ഉപയോഗിച്ച്‌ ഒരു സിറിഞ്ചിനോട്‌ ബന്ധിച്ചിട്ടുള്ള കണ്ണാടിക്കുഴലില്‍ ശേഖരിച്ചിരിക്കുന്ന ബീജം നിക്ഷേപിക്കുന്നു. സ്‌പെക്കുലം ഉപയോഗിക്കുമ്പോള്‍ അണുരഹിതമായിരിക്കണം. സ്‌പെക്കുലത്തില്‍ വാസലിന്‍ പുരട്ടിയാല്‍ യോനിയില്‍ കടത്തുന്നതിനു സഹായകരമായിരിക്കും. സ്‌പെക്കുലം രീതി ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.

കൃത്രിമബീജാദാനത്തിന്റെ മെച്ചങ്ങള്‍

1. ഓരോ നൈസര്‍ഗിക സംഭോഗത്തിലും ഏകദേശം 4000-5000 മില്യണ്‍ ശുക്ലം പശുവിന്റെ ജനനേന്ദ്രിയത്തില്‍ പതിക്കുന്നു. ഗര്‍ഭധാരണത്തിന്‌ ഇത്രയേറെ ശുക്ലാണുക്കളുടെ ആവശ്യമില്ല. ഫലപ്രദമായ ബീജസംയോഗത്തിന്‌ 10-12 മില്യണ്‍ ശുക്ലാണുക്കളെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാല്‍ മതി. ഒരു നൈസര്‍ഗികസംഭോഗംമൂലം പശുവില്‍ നിക്ഷേപിക്കുന്ന ശുക്ലംകൊണ്ട്‌ 400 പശുക്കള്‍ക്കു ബീജാദാനം നടത്താന്‍ സാധിക്കും. 
2. `വിത്തുഗുണം പത്തുഗുണം' എന്നു പ്രസിദ്ധമാണല്ലോ. കന്നുകുട്ടിക്കു ലഭിക്കുന്ന ഗുണങ്ങള്‍ കാളയില്‍നിന്നും പശുവില്‍നിന്നുമാണെന്നു സ്‌പഷ്‌ടം. ഒരു നല്ല വിത്തുകാളയ്‌ക്ക്‌ നൈസര്‍ഗിക സംഭോഗം വഴി നൂറോ ഇരുനൂറോ കുട്ടികള്‍ ജനിക്കുമ്പോള്‍ കൃത്രിമ ബീജാദാനം വഴി പതിനായിരക്കണക്കിന്‌ കുട്ടികളെ ലഭിക്കുന്നു.
3. ഒരു നല്ല വിത്തുകാളയുടെ സംരക്ഷണച്ചെലവ്‌ വളരെ കൂടുതലാണ്‌. കര്‍ഷകര്‍ക്ക്‌ വിത്തുകാളകളെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഇല്ലാതാകുന്നു. 
4. ഓരോ ഘട്ടത്തിലും കര്‍ശനമായ തെരഞ്ഞെടുക്കല്‍ നടത്തി വളരെ ഉല്‍കൃഷ്‌ടമായ കാളകളെ മാത്രമേ ബീജം ശേഖരിക്കുവാന്‍ ഉപയോഗിക്കുകയുള്ളൂ. 100 കാളക്കുട്ടികളെ വളര്‍ത്തിയാല്‍ അവയില്‍നിന്നും പത്തോ പതിനഞ്ചോ എണ്ണത്തിനെ മാത്രമേ വിത്തുകാളകളായി തിരഞ്ഞെടുക്കുകയുള്ളൂ. 
5. വിത്തുകാളയില്‍കൂടി പകരുന്ന ബ്രൂസല്ലോസിസ്‌, വിബ്രിയോസിസ്‌ തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി തടയാന്‍ സാധിക്കുന്നു. പശുക്കളില്‍ ഗര്‍ഭം അലസല്‍ ഉണ്ടാക്കുന്ന രോഗാണുക്കളാണ്‌ ഇവ. 
6. കൃത്രിമബീജാദാനത്തിനു മുമ്പ്‌ ശുക്ലം പരിശോധിക്കുന്നതുകൊണ്ട്‌ മോശപ്പെട്ട ശുക്ലം തിരസ്‌കരിക്കുവാന്‍ സാധിക്കുന്നു. 
7. ബ്രീഡിങ്‌ പോളിസി അനുസരിച്ച്‌ നാടന്‍ പശുക്കളെ ശുദ്ധമായ വിദേശജനുസ്സിലുള്ള കാളയെക്കൊണ്ടാണ്‌ ഇണ ചേര്‍ക്കേണ്ടത്‌. ഈ കാളകള്‍ വളരെ ഭാരം കൂടിയവയും നാടന്‍ പശുക്കള്‍ വളരെ ചെറുതുമായതിനാല്‍ ഇണചേരുമ്പോള്‍ പശുക്കള്‍ക്ക്‌ കാളയുടെ ഭാരം താങ്ങാന്‍ സാധിക്കില്ല. ഇതിനുള്ള പരിഹാരംകൂടിയാണ്‌ കൃത്രിമബീജാദാനം.
8. മെച്ചപ്പെട്ട ചില വിത്തുകാളകള്‍ ചിലപ്പോള്‍ ക്ഷതങ്ങള്‍ മൂലം സംഭോഗത്തിനു കഴിവില്ലാത്തതായി തീരുന്നു. ഈ കാളകളുടെയും ബീജം ശേഖരിച്ച്‌ ബീജാദാനത്തിന്‌ ഉപയോഗിക്കാം. 
9. ചില പശുക്കള്‍ മദിയുള്ളപ്പോഴും വിത്തുകാളയെ പുറത്തുകയറാന്‍ അനുവദിക്കുകയില്ല. ഇവയ്‌ക്ക്‌ കൃത്രിമ ബീജാദാനം സ്വീകാര്യമാണ്‌. 
10. ഒരു പ്രജനന പരിപാടിയിലുള്ള മാറ്റം കൃത്രിമബീജാദാനത്തിലൂടെ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു. 
11. പ്രൊജനി ടെസ്റ്റിങ്‌ നടത്തി വളരെ കൂടുതല്‍ ഉല്‍പ്പാദനശേഷിയുള്ള കിടാക്കളെ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിവുള്ള കാളയെ കണ്ടുപിടിക്കാന്‍ കഴിയുന്നു. ദ്രവീകൃതനൈട്രജനില്‍ ബീജം സൂക്ഷിക്കാമെന്നതിനാല്‍ കാളയുടെ മരണശേഷവും വളരെക്കാലം അതിന്റെ കുട്ടികളെ ഉല്‍പ്പാദിപ്പിക്കാം. 
12. പഠനപ്രക്രിയയില്‍ വളരെ പെട്ടെന്ന്‌ ഫലം സിദ്ധിക്കുവാന്‍ കൃത്രിമബീജാദാനം മൂലം കഴിയുന്നു. ഉദാ: ഏതെങ്കിലും പ്രത്യേക മരുന്നിന്‌ ഗര്‍ഭധാരണ ശതമാനം കൂട്ടാനുള്ള കഴിവ്‌ പരിശോധിക്കുക.

കൃത്രിമബീജാദാനത്തിന്റെ ദോഷങ്ങള്‍

കൃത്രിമബീജാദാനത്തിന്‌ ചില ദോഷങ്ങളുണ്ട്‌. എങ്കിലും മേന്മകളുമായി തട്ടിച്ചു നോക്കുമ്പോള്‍ അവയത്ര ഗണ്യമല്ല. 
1. കൃത്രിമബീജാദാനത്തിന്‌ സാങ്കേതിക പരിജ്ഞാനമുള്ളവരുടെ സേവനം ആവശ്യമാണ്‌.
2. വാര്‍ത്താവിനിമയ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും ഇല്ലാത്തിടത്ത്‌ ഈ പരിപാടി വിജയിക്കുകയില്ല.
3. ശ്രദ്ധാപൂര്‍വ്വം കാളയെ പരിശോധിച്ചില്ലെങ്കില്‍ ബ്രൂസല്ലോസിസ്‌, വിബ്രിയോസിസ്‌ തുടങ്ങിയ രോഗങ്ങള്‍ വളരെ എളുപ്പം പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ട്‌.
4. ജനിതക വൈകല്യങ്ങള്‍ ഉള്ള കാളകളെ പ്രത്യക്ഷത്തില്‍ തിരിച്ചറിയുക പ്രയാസമാണ്‌. കാളയ്‌ക്ക്‌ ജനിതക വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ വളരെയധികം കുട്ടികള്‍ വൈകല്യമുള്ളതായി ജനിക്കുന്നു.
5. വിത്തുകാളയുടെയും പശുക്കളുടെയും പരിപാലനത്തെ ആശ്രയിച്ചാണ്‌ ഇതിന്റെ വിജയം നിലകൊള്ളുന്നത്‌. കര്‍ഷകരുടെ ഉത്തരവാദിത്വം വളരെ കൂടുതലാണ്‌. പശുവിന്റെ മദി തിരിച്ചറിയാതെ വിട്ടുപോയാല്‍ അത്‌ വന്‍ സാമ്പത്തിക നഷ്‌ടത്തിന്‌ ഇടവരുത്തും.
6. അനവസരത്തിലുള്ള ബീജാദാനം നടത്താനിടവന്നാല്‍ ഗര്‍ഭം അലസിപ്പോകും.
7. ഗര്‍ഭമുള്ള പശുക്കളില്‍ ബീജാദാനം നടത്താനിടവന്നാല്‍ ഗര്‍ഭം അലസിപ്പോകും. 
നൈസര്‍ഗിക സംഭോഗം മൂലമുള്ള ഉത്തേജനം ബീജസംയോഗത്തിന്‌ ആവശ്യമാണെന്ന്‌ ഒരു തെറ്റിദ്ധാരണയുണ്ട്‌. ശരിയായ കൃത്രിമ ബീജാദാനത്തില്‍നിന്നും ബീജസംയോഗത്തിനാവശ്യമായ ഉത്തേജനം ലഭിക്കുകതന്നെ ചെയ്യും.

മദിചക്രം

പശുക്കള്‍ക്ക്‌ മദികാലത്ത്‌ ആന്തരികവും ബാഹ്യവുമായുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയുള്ള അറിവ്‌ കര്‍ഷകര്‍ക്ക്‌ അത്യാവശ്യമാണ്‌. ആരോഗ്യമുള്ള, പ്രായപൂര്‍ത്തിയായ പശുവിന്റെ എല്ലാ പ്രത്യുല്‍പ്പാദനാവയവങ്ങള്‍ക്കും താളാത്മകാവൃത്തിയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനെയാണ്‌ മദിചക്രം എന്നു പറയുന്നത്‌. ആദ്യമായി മദി ഉണ്ടാകുന്ന പ്രായത്തിനാണ്‌ പ്രായപൂര്‍ത്തി എന്നു പറയുന്നത്‌. 
അടുപ്പിച്ചടുപ്പിച്ചുള്ള രണ്ടു മദികള്‍ തമ്മിലുള്ള ഇടവേളയാണ്‌ മദിചക്രം. പശുക്കളില്‍ ഇത്‌ 21 ദിവസമാണ്‌ (18-24 ദിവസം). മദിചക്രത്തിന്‌ നാല്‌ ദിശകള്‍ ഉണ്ട്‌. പ്രോഈസ്‌ട്രം, ഈസ്‌ട്രം, മെറ്റീസ്‌ട്രം, ഡസ്‌ട്രം എന്നിവയാണ്‌ അവ. ഇതില്‍ ഈസ്‌ട്രം എന്നു പറയുന്ന മദികാലം മാത്രമേ കര്‍ഷകര്‍ക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

മദിലക്ഷണങ്ങള്‍

ഇണചേരലിനുള്ള അഭിവാഞ്‌ഛയുടെ ഘട്ടമാണ്‌ മദികാലം. ഈ സമയത്തു മാത്രമേ പശു ഇണചേരലിനുവേണ്ടി കാളയെ സ്വീകരിക്കൂ.
1. അസ്വസ്ഥത, നിയന്ത്രണംവിട്ട്‌ ഓടുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു.
2. ഇടവിട്ടിടവിട്ട്‌ മൂത്രം ഒഴിക്കുക. 
3. മറ്റു പശുക്കളുടെ പുറത്തു കയറുക.
4. മറ്റു പശുക്കള്‍ക്ക്‌ പുറത്തുകയറാന്‍ സ്വയം നിന്നു കൊടുക്കുക.
5. സാധാരണയില്‍നിന്നും അല്‍പം വ്യത്യസ്‌തമായ ശബ്‌ദത്തോടുകൂടിയുള്ള തുടര്‍ച്ചയായ കരച്ചില്‍.
6. മദിയുള്ള പശുവിന്റെ ഭഗം മറ്റു പശുക്കള്‍ മണക്കുന്നു.
7. വാല്‍ ഒരു വശത്തേക്കു മാറ്റിപ്പിടിക്കുക.
8. തീറ്റ തിന്നാതിരിക്കുക, ചെറിയ വയറിളക്കം.
9. ഈറ്റം ചുവന്ന്‌ തടിച്ചിരിക്കുകയും ഭഗത്തിലൂടെ പളുങ്കുനിറമുള്ള ദ്രാവകം ഒലിക്കുകയും ചെയ്യുന്നു. ഈ ദ്രാവകം വാലിലും പിന്‍ഭാഗത്തും പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. 
ഇവ മദിയുടെ സാധാരണ ലക്ഷണങ്ങളാണ്‌. മുകളില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഒരേ പശുവില്‍ കണ്ടെന്നു വരില്ല. തീവ്രതയും വ്യത്യാസപ്പെടാം. ഇതില്‍ ഏതെങ്കിലും ചില ലക്ഷണങ്ങള്‍ കണ്ടാല്‍ പശുവിനെ കുത്തിവെപ്പിക്കേണ്ടതാണ്‌.

മദിചക്ര രക്തംപോക്ക്‌

ചില പശുക്കളില്‍ മദി അവസാനിച്ചതിനുശേഷം രക്തം കലര്‍ന്ന അഴുക്ക്‌ പോകാറുണ്ട്‌. ഇതാണ്‌ മെറ്റീസ്‌ട്രല്‍ ബ്ലീഡിങ്‌ എന്നറിയപ്പെടുന്നത്‌. ഇത്‌ എല്ലാ പശുക്കളിലും കണ്ടെന്നും വരില്ല. ഇതില്‍ അസാധാരണമായിട്ടൊന്നുമില്ല. ഏതാനും മണിക്കൂറുകള്‍ക്കകം ഇത്‌ താനെ നിലച്ചുകൊള്ളും. ഗര്‍ഭധാരണവുമായി ഇതിനു ബന്ധമില്ല.

ഹൈടെക്‌ ഫാം

ഹൈടെക്‌ ഫാമുകളില്‍ ഓരോ ആവശ്യത്തിനും പ്രത്യേകം ഷെഡ്ഡുകള്‍ പണിയണം. പുറമെയുള്ള റോഡിനോടു ചേര്‍ന്ന്‌ പാല്‍ വില്‍പ്പന നടത്തുന്നതിനുള്ള മില്‍ക്‌ ഹൗസ്‌, എല്ലാ പശുക്കള്‍ക്കുമുള്ള തീറ്റ ഉല്‍പ്പാദിപ്പിക്കുന്നതിനും സൂക്ഷിച്ചുവെക്കുന്നതിനുമുള്ള സെന്‍ട്രല്‍ ഫീഡ്‌ സ്റ്റോര്‍, ഫാമിലേക്ക്‌ പുതിയതായി കൊണ്ടുവരുന്ന പശുക്കളെ പാര്‍പ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ക്വാറന്റയ്‌ന്‍ ഷെഡ്‌ എന്നിവ ഉണ്ടായിരിക്കും. അസുഖം ബാധിച്ച പശുക്കളെ മാറ്റി പാര്‍പ്പിക്കുന്നതിന്‌ ഐസോലേഷന്‍ ഷെഡ്‌, പുല്ല്‌ മുറിക്കുവാനുള്ള ചാഫ്‌ കട്ടിങ്‌ സ്റ്റേഷന്‍, കിടാരികള്‍ക്കുള്ള ഹീഫര്‍ ഷെഡ്‌, പ്രസവവാര്‍ഡ്‌, കറവയുള്ള പശുക്കളെ പാര്‍പ്പിക്കുന്നതിനുള്ള മില്‍ക്കിങ്‌ ആനിമല്‍ ഷെഡ്‌, പാല്‍ കറക്കാന്‍ വേണ്ടി മാത്രമുള്ള മില്‍ക്കിങ്‌ പാര്‍ലര്‍, കിടാങ്ങള്‍ക്കുള്ള കാഫ്‌ ഷെഡ്‌, കറവ വറ്റിയ പശുക്കളെ പാര്‍പ്പിക്കുന്നതിനുള്ള ഡ്രൈ അനിമല്‍ ഷെഡ്‌, സൈലോ സംവിധാനം, ചാണകം സൂക്ഷിക്കുവാനുള്ള ഡങ്‌ പിറ്റ്‌, മാനേജരുടെ വസതി, തൊഴിലാളികളുടെ വസതി തുടങ്ങിയ വിപുലമായ സംവിധാനങ്ങള്‍ ഇവയെയെല്ലാം പരസ്‌പരം ബന്ധിപ്പിക്കുന്ന റോഡുകള്‍ ഇവയെല്ലാം ശാസ്‌ത്രീയമായി സംവിധാനം ചെയ്‌തവയാണ്‌ ഹൈടെക്‌ ഫാം.

പ്രസവാനന്തര മദി

പ്രസവശേഷം ഗര്‍ഭാശയം പൂര്‍വ്വസ്ഥിതിയില്‍ ആകുന്നതിനെ ഉള്‍വലനം എന്നു പറയുന്നു. അടുത്ത ഗര്‍ഭധാരണത്തിന്‌ തയ്യാറാവാന്‍ ഇത്‌ ആവശ്യമാണ്‌. ഗര്‍ഭാശയത്തിന്റെ ഉള്‍വലനം പ്രസവിച്ച്‌ 30-40 ദിവസത്തിനകം നടക്കുന്നു. പ്രസവശേഷം 45-60 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യമദിലക്ഷണം കാണിക്കും. പ്രസവശേഷം ആദ്യത്തെയോ രണ്ടാമത്തെയോ മദിയില്‍തന്നെ കുത്തിവെപ്പിക്കാം. പശുവിന്റെ കറവ 10 മാസമാസമാകുമ്പോഴേക്കും 6-7 മാസം ഗര്‍ഭം ആയിട്ടുണ്ടാവും. തുടര്‍ന്ന്‌ രണ്ടുമാസം വറ്റുകാലം അനുവദിച്ചാല്‍ ഓരോ വര്‍ഷവും ഓരോ കിടാവ്‌ എന്ന ലക്ഷ്യം നിറവേറ്റാനാകും. രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി കുറയ്‌ക്കേണ്ടത്‌ ലാഭകരമായ പാലുല്‍പ്പാദനത്തില്‍ അത്യാവശ്യമാണ്‌.
ആദ്യത്തെ തവണ പശുവിന്‌ ചെനപിടിച്ചില്ലെങ്കില്‍ 18 ദിവസത്തിനും 22 ദിവസത്തിനും ഇടയ്‌ക്ക്‌ മദിയിളക്കം ആവര്‍ത്തിക്കുന്നതാണ്‌. മൂന്നും അതില്‍ കൂടുതലും പ്രാവശ്യം ബീജസങ്കലനം നടത്തിയിട്ടും ഗര്‍ഭം ധരിക്കാതിരിക്കുന്ന പശുക്കളെ ചികിത്സിക്കേണ്ടതാണ്‌. ഒരു പശുവിന്‌ കൃത്രിമബീജസങ്കലനം നടത്തിയതിനുശേഷം മദിയുടെ ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ രണ്ടു മാസത്തിനുശേഷവും മൂന്നുമാസത്തിനു മുമ്പുമുള്ള സമയത്തും ഒരു വെറ്ററിനറി ഡോക്‌ടറെക്കൊണ്ട്‌ പശുവിനെ പരിശോധിപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതുമൂലം ചിലപ്പോള്‍ എട്ടൊന്‍പതു മാസങ്ങള്‍ കാത്തിരുന്നിട്ടു നിരാശപ്പെടാതിരിക്കുന്നതിനു സാധിക്കും.
ചില പശുക്കള്‍ പ്രസവിച്ച്‌ ഒരുമാസം കഴിയുമ്പോള്‍ 21 ദിവസം ഇടവിട്ട്‌ ഒന്നോ രണ്ടോ പ്രാവശ്യം മദിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീടു കറവ വറ്റുന്നതുവരെ മദിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ചില പശുക്കിടാങ്ങള്‍ ഏകദേശം രണ്ടുവയസ്സു കഴിഞ്ഞതിനുശേഷമേ മദി കാണിക്കാറുള്ളൂ. മറ്റു ചിലതില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ളില്‍ നടക്കുന്നുണ്ടെങ്കിലും പുറമെ പ്രത്യക്ഷമായ അടയാളങ്ങളൊന്നും കണ്ടെന്നുവരില്ല.

ഗര്‍ഭധാരണത്തോത്‌ വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

1. കൃത്രിമ ബീജദാനത്തിന്‌ കൊണ്ടുവരുന്ന പശുക്കളെ വളരെയധികം നടത്തരുത്‌. അഥവാ നടത്തിക്കൊണ്ടുവരികയാണെങ്കില്‍ മതിയായ വിശ്രമം നല്‍കി ശരീരം തണുപ്പിച്ചതിനു ശേഷം മാത്രമേ കുത്തിവെപ്പിക്കാന്‍ പാടുള്ളൂ. 
2. കഴിവതും ദിവസത്തിന്റെ ചൂടു കുറഞ്ഞ മണിക്കൂറുകളില്‍ അതായത്‌ രാവിലെയോ വൈകുന്നേരമോ മാത്രമേ കുത്തിവെപ്പിക്കുവാന്‍ പാടുള്ളൂ.
3. കുത്തിവെപ്പിച്ചു കഴിഞ്ഞും മദി നീണ്ടു നില്‍ക്കുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കണം. പിറ്റേദിവസം അഴുക്കു കണ്ടാല്‍ രണ്ടാമതൊരു തവണകൂടി കുത്തിവെപ്പിക്കണം.
4. കുത്തിവെപ്പിച്ചതിന്റെയും ചികിത്സിച്ചതിന്റെയും കൃത്യമായ കണക്കും റസീറ്റും സൂക്ഷിക്കണം.
5. പശു വീണ്ടും മദിലക്ഷണം കാണിക്കുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കണം. മദിലക്ഷണം കാണിച്ചില്ലെങ്കില്‍ രണ്ടര നാല്‌ മാസത്തിനകം പരിശോധിപ്പിച്ച്‌ പശു ഗര്‍ഭവതിയാണോയെന്ന്‌ ഉറപ്പാക്കണം.
6. കുത്തിവെപ്പിച്ച പശുക്കളെ അധികം ഓടിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്‌.
7. കുത്തിവെപ്പിച്ച പശുക്കളെ അധികം ഓടിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്‌.
8. കുത്തിവെപ്പിച്ചതിനുശേഷം പിന്‍വശത്ത്‌ ചാക്ക്‌ നനച്ചിടുന്നതും വെള്ളം സ്‌പ്രേ ചെയ്‌തു തണുപ്പിക്കുന്നതും നല്ലതാണ്‌.
9. മദിയുടെ ആരംഭം കൃത്യമായി കണ്ടുപിടിക്കുകയും അതിനനുസരിച്ച്‌ ശരിയായ സമയത്ത്‌ ബീജാദാനം നടത്തുവാന്‍ ശ്രദ്ധിക്കുകയും വേണം.
10. കുത്തിവെപ്പിച്ച ദിവസവും തുടര്‍ന്നുള്ള രണ്ടു ദിവസവും തീറ്റയില്‍ അല്‍പം നിയന്ത്രണം ആകാം. 
അമിതമായ തീറ്റ ശരീരോഷ്‌മാവ്‌ വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കും.

വീനിങ്‌

സാധാരണയായി നമ്മുടെ പശുക്കളെ കറക്കുന്നതിനു മുമ്പും പിമ്പും കിടാക്കളെക്കൊണ്ട്‌ കുടിപ്പിക്കുകയാണു പതിവ്‌. ധാരാളം കറവപ്പശുക്കളെ സംരക്ഷിക്കുന്ന ഡയറിഫാമുകളില്‍ കിടാക്കളെ കുടിപ്പിച്ചു പശുക്കളെ കറക്കുന്നതു പ്രായോഗികമായി പല വിഷമങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. അതിനാല്‍ ഒരു പശുവില്‍നിന്നും ഒട്ടുംതന്നെ പാല്‍ കറന്നെടുക്കാതെ ആ പശുവിന്റെ കൂടെ പല കിടാക്കളെ വിട്ടു കുടിപ്പിക്കുന്ന നേഴ്‌സിങ്‌ പശു മൂലം കിടാക്കളെ വളര്‍ത്തുന്ന പതിവ്‌ പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്‌.
ഈ രീതികളില്‍നിന്നും വ്യത്യസ്‌തമായി പശു പ്രസവിക്കുമ്പോള്‍ത്തന്നെയോ രണ്ടുമൂന്നു ദിവസങ്ങള്‍ക്കു ശേഷമോ കിടാവിനെ പശുവില്‍നിന്നും മാറ്റിയിട്ടു പാല്‍ കറന്ന്‌ ഒരു പാത്രത്തില്‍ വച്ചുകൊടുത്തു കുടിപ്പിച്ചു വളര്‍ത്തുന്ന രീതിയാണ്‌ വീനിങ്‌. ഇതു പശുവിന്റെ ആദ്യപ്രസവംമുതല്‍ ആരംഭിക്കുകയാണെങ്കില്‍ കറവയ്‌ക്കു വിഷമമുണ്ടാകില്ല. നാടന്‍ പശുവില്‍നിന്നും കിടാവിനെ മാറ്റി കറക്കുകയാണെങ്കില്‍ പ്രസവസമയത്തു പശുവിന്റെ കണ്ണകള്‍ മൂടിക്കൊണ്ട്‌ കിടാവിനെ മാറ്റുന്നതായിരിക്കും ഉത്തമം. കാരണം, വദേശയിനം പശുക്കളെക്കാള്‍ കിടാക്കളോടു കൂടുതല്‍ പ്രതിപത്തി നാടന്‍പശുക്കള്‍ കാണിച്ചുവരുന്നതുകൊണ്ട്‌ കിടാക്കളെ കണ്ടശേഷം അവയെ കൂടാതെ പശുക്കളെ കറക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും.
വീനിങ്‌ രീതിയില്‍ കിടാവിനു പാല്‍ പ്രത്യേകം കറന്നുകൊടുത്തു വളര്‍ത്തുകയാണെങ്കില്‍ കിടാവിന്റെ തൂക്കത്തിന്റെ പത്തു ശതമാനം ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യമായി കൊടുക്കേണ്ടതാണ്‌. അതായത്‌, ഏകദേശം 30 കി.ഗ്രാം തൂക്കമുള്ള ഒരു കിടാവിനു 3 കി.ഗ്രാം പാല്‍ ഒരു ദിവസം കൊടുക്കണം. ഒരു ദിവസം രണ്ടു പ്രാവശ്യം പാല്‍കൊടുത്തു വളര്‍ത്തുന്ന കിടാക്കളെക്കാള്‍ മെച്ചമായിരിക്കും ആ അളവു പാല്‍തന്നെ മൂന്നു പ്രാവശ്യമായ പാല്‍കൊടുത്തു വളര്‍ത്തുന്ന കിടാക്കള്‍. രണ്ടുമൂന്ന്‌ ആഴ്‌ച പ്രായമാകുമ്പോള്‍ കിടാക്കള്‍ പുല്ലും മറ്റു തീറ്റസാധനങ്ങളും കുറേശ്ശെ തിന്നുതുടങ്ങും. ആദ്യ മാസത്തിന്റെ ആദ്യത്തെ 14 ദിവസത്തില്‍ 2 ലിറ്റര്‍ പാല്‍ 3 നേരമായി കൊടുക്കുകയും പിന്നീട്‌ 2 ലിറ്റര്‍ 2 നേരമാക്കിയും മൂന്നാം മാസത്തില്‍ 1 ലിറ്റര്‍ വൈകുന്നേരമായും കൊടുത്ത്‌ മൂന്നാം മാസം അവസാനത്തോടുകൂടി പാല്‍ തീരെ കൊടുക്കാതിരിക്കുകയും ചെയ്യാം. പാല്‍ മാറ്റുന്നതനുസരിച്ചു ഗുരുതാഹാരം ക്രമത്തില്‍ കൊടുക്കുകയും വേണം. ഇങ്ങനെ ചെയ്‌താല്‍ ജനിക്കുമ്പോള്‍ 30 കി.ഗ്രാം തൂക്കമുള്ള കിടാവ്‌ രണ്ടാം മാസത്തില്‍ 60 കി.ഗ്രാമും മൂന്നാം മാസത്തില്‍ 130 കി.ഗ്രാമും തൂക്കം വെക്കും.
പ്രകൃതിദത്തമായിത്തന്നെ കിടാക്കള്‍ അവയുടെ തള്ളയില്‍നിന്നും പാല്‍ കുടിക്കുന്നതിനുള്ള പ്രവണത കാണിക്കും. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്‌തമായ വീനിങ്‌ രീതി അഭ്യസിപ്പിക്കുന്നതിനു നാം കുറെ പരിശ്രമിക്കേണ്ടതാണ്‌. പ്രസവശേഷം പരസഹായം കൂടാതെ കിടാവ്‌ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ആ പശുവിന്റെതന്നെ പാല്‍ കറന്ന്‌ ഒരു പാത്രത്തില്‍വെച്ച്‌ ആ കിടാവിനെ കുടിപ്പിക്കുന്നതിനു പരിചയിപ്പിക്കണം. കൈവിരല്‍ പാലില്‍ മുക്കി കിടാവിന്റെ വായില്‍ വച്ചുകൊടുക്കണം. നുണഞ്ഞു തുടങ്ങിയാല്‍ സാവധാനം കൈവിരല്‍ പാത്രത്തിലേക്കു താഴ്‌ത്തുക. പിന്നീട്‌ കിടാവിന്റെ വായില്‍നിന്നും വിരല്‍ മാറ്റിക്കൊടുക്കണം. വിരലില്‍നിന്നെന്നപോലെ കിടാവു പാത്രത്തില്‍നിന്നു പാല്‍ കുടിച്ചു തുടങ്ങും. ഇങ്ങനെ ഒന്നു രണ്ടു ദിവസങ്ങള്‍ പരിചയിപ്പിച്ചാല്‍ കിടാവ്‌ താനെ പാത്രത്തില്‍നിന്നും പാല്‍ കുടിച്ചു കൊള്ളും.

വീനിങ്ങുകൊണ്ടുള്ള പ്രയോജനങ്ങള്‍

കിടാവിനെ അതിന്റെ തള്ളയുടെ അകിടില്‍നിന്നും പാല്‍ കുടിപ്പിക്കുന്നതിനുപകരം പാല്‍ കറന്നുകൊടുത്തു വളര്‍ത്തുന്ന വീനിങ്‌ രീതി കൊണ്ട്‌ പല പ്രയോജനങ്ങളുമുണ്ട്‌.
കിടാക്കള്‍ക്ക്‌ നിശ്ചിത അളവില്‍ പാല്‍ കറന്നുകൊടുക്കുന്നതുകൊണ്ട്‌ ആവശ്യത്തിലധികം പാല്‍ കുടിച്ച്‌ ദഹനക്കേട്‌ ഉണ്ടാകാതിരിക്കുന്നതിനു വീനിങ്‌ രീതി സഹായിക്കും. കൂടാതെ കിടാവ്‌ ചത്തുപോകുന്ന പക്ഷം പശുവിന്റെ കറവയെ അതു ബാധിക്കാത്തതുകൊണ്ട്‌ സാമ്പത്തികമായി പശുവിന്റെ കറവയെ അതു ബാധിക്കാത്തതുകൊണ്ട്‌ സാമ്പത്തികമായി ഈ രീതി പ്രയോജനപ്രദമാണ്‌. നമ്മുടെ നാടന്‍ പശുക്കള്‍ മിക്കതും കിടാക്കള്‍ ചത്തുപോയാല്‍ കറക്കാന്‍ അനുവദിക്കുകയില്ല. ഒരു പശുവിന്‌ ഒരാണ്ടില്‍ കിട്ടുന്ന പാലിന്റെ ആകെത്തുക ക്ലിപ്‌തമായി എടുക്കുന്നതിനു സാധിക്കുന്നതാണ്‌. വളര്‍ത്താനുദ്ദേശിക്കാത്ത കിടാക്കളെ പശുവിന്റെ കറവയുടെ അവസാനം വരെ കാത്തിരിക്കാതെ ഏതവസരത്തിലും വില്‍ക്കുന്നതിനു സാധിക്കുന്നു. സാമ്പത്തികമായി നോക്കിയാല്‍ ആവശ്യമില്ലാത്ത കിടാക്കളെയും മോശമായതിനെയും വിറ്റുകളയുന്നത്‌ ആദായകരമാണ്‌. പശുവിനെ കറക്കുന്നതിനു കിടാവിന്റെ ആവശ്യം ഉണ്ടെങ്കില്‍ കറവ വറ്റുന്നതുവരെ, അതായത്‌ എട്ടൊന്‍പതു മാസത്തില്‍ കൂടുതല്‍ കാലദൈര്‍ഘ്യം, കിടാവിനെക്കൊണ്ട്‌ കുടിപ്പിച്ചെങ്കില്‍ മാത്രമേ കറവ സാധ്യമാകയുള്ളൂ. എന്നാല്‍ വീനിങ്‌ രീതിയില്‍ പ്രസവത്തില്‍തന്നെ കിടാവിനെ തള്ളയില്‍നിന്നും മാറ്റുന്നപക്ഷം നാലഞ്ചുമാസം പ്രായമാകുമ്പോള്‍ കിടാക്കള്‍ക്കു കൊടുക്കുന്ന പാലിന്റെ അളവ്‌ കുറയ്‌ക്കുകയോ മുഴുവനായി നിര്‍ത്തുകയോ ചെയ്‌തിട്ട്‌ മറ്റു തീറ്റ സാധനങ്ങള്‍ കൊടുക്കുകയും പാല്‍ മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയും ചെയ്യാം. ധാരാളം പശുക്കളെ കറക്കുന്ന ഒരു തൊഴുത്തില്‍ പല കിടാക്കളെ കൊണ്ടുപോയി പാല്‍ കറന്നെടുക്കുന്നതു വലിയ ബുദ്ധിമുട്ടും സമയനഷ്‌ടവുമാണ്‌. അപ്രതീക്ഷിതമായി കിടാവിനെ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും കെട്ടഴിഞ്ഞു തള്ളയുടെ അടുത്തെത്തിയാല്‍ പാല്‍ മുഴുവന്‍ കുടിച്ചുകളയും. വീനിങ്‌ രീതിയിലുള്ള പശുക്കള്‍ക്ക്‌ മദിയുടെ ലക്ഷണങ്ങള്‍ നേരത്തെ വരാറുണ്ട്‌. മേല്‍പറഞ്ഞ പ്രയോജനങ്ങളെല്ലാമുണ്ടെങ്കിലും വീനിങ്‌ രീതിയില്‍ കിടാക്കളെ വളര്‍ത്തുന്നതിനു സാധാരണരീതിയില്‍ കിടാക്കളെ സംരക്ഷിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടും പ്രത്യേക പരിപാലനവും ആവശ്യമാണ്‌. കൃത്യമായ അളവില്‍ പാല്‍ കൊടുക്കുന്നതിലും അണുരഹിതമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും എപ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ആരംഭത്തില്‍ കിടാവിനെ പാല്‍ കുടിപ്പിക്കുവാന്‍ പരിശീലിപ്പിക്കുന്നതിനും മൂന്നുനാലു ദിവസത്തേക്ക്‌ കന്നിപ്പാല്‍ കറന്നുകൊടുക്കുന്നതിനും കിടാക്കള്‍ക്കു കൊടുക്കുന്ന പാലിന്റെ ചൂട്‌ 370c ആയിരിക്കുന്നതിനും ശ്രദ്ധിക്കണം.

കിടാക്കളുടെ കൊമ്പുകളയല്‍

ഇന്ത്യയിലെ വിവിധതരം കന്നുകാലികളുടെ പ്രത്യേകരീതിയിലുള്ള കൊമ്പുകള്‍ അവയ്‌ക്ക്‌ ഒരു അലങ്കാരമാണ്‌. കൊമ്പുകളുടെ അഭാവത്തില്‍ പ്രകൃതി കന്നുകാലികള്‍ക്ക്‌ കൊടുത്തിട്ടുള്ള ഭംഗി നഷ്‌ടപ്പെടുകയാണ്‌. എന്നാല്‍ പല പ്രായത്തിലുള്ള പശുക്കളെ ഒന്നിച്ചു വളര്‍ത്തുന്ന ഡയറികളില്‍ പശുക്കള്‍ തമ്മില്‍തമ്മിലും മനുഷ്യര്‍ക്കും കൊമ്പുമൂലം ഉപദ്രവം ഉണ്ടാകാനിടയുള്ളതുകൊണ്ട്‌ കൊമ്പ്‌ ഇല്ലാതാക്കുന്നതു നല്ലതാണ്‌.
കിടാക്കളുടെ കൊമ്പ്‌ വളരാതിരിക്കുന്നതിനു കൊമ്പു മുളച്ചുവരുന്ന ഭാഗം കോസ്റ്റിക്‌ പൊട്ടാഷ്‌ എന്ന രാസവസ്‌തുകൊണ്ട്‌ പൊള്ളിക്കുന്ന രീതിയാണ്‌ കിടാവിന്റെ കൊമ്പു മുളച്ചുവരുന്ന ഭാഗത്തെ രോമം വെട്ടിക്കളഞ്ഞശേഷം ചുറ്റിലും വാസിലിന്‍ പുരട്ടിയിട്ട്‌ കോസ്റ്റിക്‌ പൊട്ടാഷ്‌ കൊണ്ട്‌ പുറംതൊലി ഇളകിപ്പോയി ചുമപ്പുനിറമാകുന്നതുവരെ ഉരയ്‌ക്കണം.
കൊമ്പു മുളയ്‌ക്കേണ്ട ഭാഗത്തെ തൊലി കുറച്ചെങ്കിലും ശേഷിച്ചാല്‍ ആ ഭാഗത്തുകൂടി കൊമ്പിന്റെ അംശം മുളച്ചുവരും. കോസ്റ്റിക്‌ പൊട്ടാഷ്‌ കൈയില്‍ സ്‌പര്‍ശിക്കാതെയും കിടാവിന്റെ കണ്ണില്‍ വീഴാതെയും ശ്രദ്ധിക്കണം. കൊമ്പു കളഞ്ഞയുടനെ മറ്റു കിടാക്കള്‍ ആ ഭാഗത്തു നക്കുന്നതിന്‌ അനുവദിക്കരുത്‌. കോസ്റ്റിക്‌ പൊട്ടാഷ്‌ പുരട്ടിയ ഭാഗത്തെ തൊലിയും ചേര്‍ന്ന്‌ ഉണങ്ങിയിരിക്കുന്ന പൊറ്റയും ഒരാഴ്‌ചയ്‌ക്കകം വേര്‍പെട്ടുപോകുന്നതാണ്‌.
ഇലക്‌ട്രിക്‌ ഡിഹോണര്‍ ഉപയോഗിച്ച്‌ കൊമ്പു മുളച്ചുവരുന്ന ഭാഗത്തെ തൊലി പൊള്ളിച്ചാല്‍ കൊമ്പു മുളച്ചുവരുന്നതല്ല. ഈ ഉപകരണം 5000c വരെ ചൂടാക്കി 10 സെക്കന്റിനകം കൊമ്പു മുളച്ചുവരുന്ന ഭാഗത്തെ തൊലിപൊള്ളിക്കാന്‍ സാധിക്കും. ഈ രീതിയില്‍ കൊമ്പു കളയുന്നതു വളരെ സൗകര്യപ്രദമാണ്‌

കന്നുകാലികളെ തിരിച്ചറിയല്‍

ആധുനിക കാലത്തു കന്നുകാലി വളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടതോടുകൂടി ഓരോ മൃഗത്തെയും സംബന്ധിച്ചുള്ള ക്ലിപ്‌തമായ വിവരങ്ങള്‍ എഴുതി സൂക്ഷിച്ചു വരുന്നുണ്ട്‌. ഇങ്ങനെയുള്ള വംശാവലിക്കണക്ക്‌ സൂക്ഷിക്കണമെങ്കില്‍ ഓരോ മൃഗത്തെയും പ്രത്യേക അടയാളങ്ങള്‍കൊണ്ട്‌ തിരിച്ചറിയണം. ഇപ്രകാരം സ്ഥിരമായ ചില നമ്പരുകള്‍ കന്നുകാലികളുടെ ശരീരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കിടാക്കളുടെ വലത്തേ ചെവിയുടെ അകഭാഗത്ത്‌ ഒരു പ്രത്യേകതരം കൊടില്‍കൊണ്ട്‌ നമ്പരുകള്‍ രേഖപ്പെടുത്തുന്നു. ഇതിന്‌ `റ്റാടൂയിങ്‌' എന്നാണു പറയുന്നത്‌. കിടാക്കള്‍ക്ക്‌ വളരെ ചെറുപ്പത്തില്‍ത്തന്നെ ഇതു ചെയ്യാവുന്നതാണ്‌. ഇതു കന്നുകാലികളെ തരംതിരിച്ചു മനസിലാക്കുന്നതിനു ഉപകരിക്കുന്നു. നമ്പരുകള്‍ ക്രമപ്പെടുത്തിയശേഷം ഒരു കട്ടിപേപ്പറില്‍ പരീക്ഷിച്ചു നോക്കിയിട്ട്‌ ചെവിയുടെ അകത്തുവശത്തു പ്രസ്‌ ചെയ്‌ത്‌ പ്രത്യേകതരം മഷി പുരട്ടി ഉണങ്ങുമ്പോള്‍ സ്ഥിരനമ്പരുകളായിത്തീരുന്നു.
നമ്പരുകള്‍ കൊടുത്തിയിട്ടുള്ള ലോഹത്തകിടോ, പ്ലാസ്റ്റിക്‌ നമ്പരുകളോ ചെവിയില്‍ പ്രസ്‌ ചെയ്‌ത്‌ ക്രമനമ്പുരകള്‍ രേഖപ്പെടുത്തുന്ന രീതികളും നിലവിലുണ്ട്‌.
ക്ലിപ്‌സ്‌, റ്റാഗ്‌സ്‌, നോസ്‌ പാറ്റേണ്‍ഹോണ്‍ ബ്രാണ്‍ഡ്‌, ഹൂഫ്‌ ബ്രാണ്‍ഡ്‌, സ്‌കില്‍ ബ്രാണ്‍ഡ്‌ മുതലായ മാര്‍ഗങ്ങളും കന്നുകാലികളെ തിരിച്ചറിയുന്നതിനായി ഉപയോഗിച്ചു വരുന്നു.
കിടാക്കളുടെ സംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. കിടാക്കളെ വില്‍ക്കുകയോ, ആരെയെങ്കിലും ഏല്‍പ്പിക്കുകയോ ചെയ്യുന്നതുവരെ അതിനെക്കുറിച്ചുള്ള സകല വിവരങ്ങളും എഴുതി ഭദ്രമായി സൂക്ഷിച്ചിരിക്കണം. ഓരോ മൃഗത്തിനും പ്രത്യേകമായിട്ടുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന വംശാവലി ഷീറ്റ്‌ ഉണ്ടായിരിക്കണം. അതില്‍ ഓരോന്നിന്റെയും വളര്‍ച്ചയെ സംബന്ധിച്ചും, തന്തയെയും തള്ളയെയും സംബന്ധിച്ച വിവരങ്ങളും, കൃത്രിമബീജസങ്കലനം, രോഗങ്ങള്‍ മുതലായവയെപ്പറ്റിയും എഴുതിയിരിക്കണം.
മാസംതോറും കിടാക്കളുടെ തൂക്കം എടുക്കുന്നതായാല്‍ അവയുടെ ശരീരത്തിന്റെ ഭാരമനുസരിച്ചുള്ള വളര്‍ച്ചയെപ്പറ്റി നമുക്ക്‌ അറിവു ലഭിക്കുന്നതാണ്‌. അതനുസരിച്ച്‌ അനുദിനമുള്ള തീറ്റയും ക്രമീകരിക്കാന്‍ നമുക്കു സാധിക്കും.
ഇഞ്ച്‌, അളവ്‌ അടയാളപ്പെടുത്തിയിട്ടുള്ള ഒരു ടേപ്പ്‌ ഉപയോഗിച്ച്‌ പശുവിന്റെ കഴുത്തിനു പിന്നിലായി മുന്‍ കൈകളോടു ചേര്‍ന്ന്‌ ഹൃദയത്തിനു ചുറ്റുമായുള്ള വണ്ണം ഇഞ്ച്‌ കണക്കില്‍ എടുക്കണം. അതിനു Girth (G) എന്നാണു പറയുന്നത്‌. കഴുത്തിന്റെ സ്ഥാനം (Shoulder point) മുണമുന (Pin bone) വരെയുള്ള നീളവും (Length)(L) ഇഞ്ച്‌ കണക്കില്‍ എടുക്കണം. 
ഒരു കിടാവിന്റെ സംരക്ഷണത്തിനു സാധാരണ പരിധിയില്‍ കൂടുതല്‍ ചെലവു വരാതിരിക്കുന്നതിന്‌ അതിന്റെ തീറ്റ സംബന്ധിച്ച കാര്യങ്ങളില്‍ ചെറുപ്പത്തില്‍തന്നെ വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തിരിക്കേണ്ടതാണ്‌. ശരിയായ വിധത്തില്‍ തീറ്റ കൊടുത്ത്‌ സങ്കരവര്‍ഗത്തില്‍പ്പെട്ട ഒരു കിടാവിനെ ചെനയേറ്റു പ്രസവം വരെ വളര്‍ത്തിക്കൊണ്ടുപോകുന്നതിന്‌ 25000 രൂപ ചെലവാകുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. സങ്കരവര്‍ഗത്തില്‍പ്പെട്ട കിടാക്കള്‍ സാധാരണയായി 30 മാസം പ്രായമാകുമ്പോള്‍ പ്രസവിക്കും.

കിടാക്കളുടെ സമീകൃതാഹാരം

പശുവിന്റെ ക്ഷീരോല്‍പ്പാദനശേഷിയും ശരീരപുഷ്‌ടിയും ജന്മസിദ്ധമാണെങ്കിലും ഈ ഘടകങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്‌ ആഹാരം വളരെ പ്രധാനമായ പങ്കുവഹിക്കുന്നുണ്ട്‌. ശരിയായ ആഹാരക്രമം ഒരു മൃഗത്തെ അതിന്റെ വംശപാരമ്പര്യത്തിന്‌റെ എല്ലാ ഗുണങ്ങളും മുഴുവനായി പ്രയോജനപ്പെടുത്തുന്നതിനു സഹായിക്കുന്നു.
നാടന്‍ ഇനങ്ങളെ അപേക്ഷിച്ച്‌ വേഗം പ്രായപൂര്‍ത്തിയെത്തുന്ന ജേഴ്‌സി, എച്ച്‌.എഫ്‌. എന്നീ സങ്കരവര്‍ഗ കിടാക്കള്‍ക്കു പോഷണം കൂടുതലുള്ള ആഹാരസാധനങ്ങളും ധാതുമിശ്രിതങ്ങളും കൊടുക്കണം. സമീകൃതാഹാരം കിടാക്കളുടെ വളര്‍ച്ചയ്‌ക്ക്‌ അത്യന്താപേക്ഷിതമാണ്‌. ധാന്യകം, മാംസ്യം, കൊഴുപ്പ്‌, വിറ്റാമിനുകള്‍, ധാതുക്കള്‍ ഇവ ചേര്‍ത്തുണ്ടാകുന്ന കന്നകാലിത്തീറ്റകള്‍ കിടാക്കള്‍ക്ക്‌ ആവശ്യാനുസരണം കൊടുക്കേണ്ടതാണ്‌.
പശു, ഭക്ഷണം അയവിറക്കുന്ന ഒരു ജീവിയാണെങ്കിലും ഒരു കിടാവു പിറന്നാലുടനെ അതിന്റെ ആമാശയം പൂര്‍ണ വളര്‍ച്ചയെത്തിയതായിരിക്കില്ല. അതിനാല്‍ ആമാശയത്തിന്റെ അറകള്‍ പശുവില്‍ എന്നപോലെ പ്രവര്‍ത്തനനിരതമാകുകയില്ല. അതുകൊണ്ട്‌ കിടാക്കള്‍ക്ക്‌ രണ്ടു മാസത്തേക്കെങ്കിലും പാല്‍ മുഖ്യാഹാരമായി ലഭിക്കേണ്ടതാണ്‌. തീറ്റ തിന്നാറാകുമ്പോള്‍ മുതല്‍ പുല്ലും വൈക്കോലും മറ്റാഹാരങ്ങളും ആവശ്യാനുസരണം കൊടുത്താല്‍ മാത്രമേ കിടാക്കള്‍ക്കു ശരിയായ വളര്‍ച്ച കിട്ടുകയുള്ളൂ.
ഒരു കിടാവ്‌ ജനിക്കുമ്പോഴുള്ള തൂക്കം അതിന്റെ തള്ളയുടെ 1/13, 1/16 ആയിരിക്കുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അതനുസരിച്ച്‌ ഒരു ജേഴ്‌സി സങ്കരവര്‍ഗം കിടാവിന്റെ തൂക്കം ഏകദേശം 20 കി.ഗ്രാം ആയിരിക്കും.
കിടാവിനെ കുടിപ്പിച്ചു പശുവിനെ കറക്കുകയാണെങ്കില്‍ ഒരു മുല കറക്കാതെ കിടാവിനായി വിട്ടുകൊടുക്കുന്ന പതിവുണ്ട്‌. ഇപ്രകാരം ചെയ്യുമ്പോള്‍ പശുവില്‍നിന്നും കിട്ടുന്ന പാലിന്റെ അളവും കിടാവിന്റെ ശരീര തൂക്കവും കണക്കിലെടുക്കേണ്ടതാണ്‌. ഒരു ദിവസം 8 ലിറ്ററിലധികം പാല്‍ തരുന്ന പശുവാണെങ്കില്‍ കിടാവിന്റെ ആവശ്യത്തിനായി ഒരു മുല കറക്കാതെ വിട്ടുകൊടുക്കാവുന്നതാണ്‌.
സാധാരണയായി പല ഡയറി ഫാമുകളിലും നെയ്യ്‌ എടുത്ത ശേഷമുള്ള തിരിച്ച പാലും (സ്‌കിംമില്‍ക്ക്‌) സാധാരണ പാലും കൂട്ടിച്ചേര്‍ത്തു കിടാക്കളുടെ പ്രായത്തിനനുസരിച്ചു കൊടുത്തുവരുന്നുണ്ട്‌. തിരിച്ച പാല്‍ ചേര്‍ക്കുമ്പോള്‍ പാലിന്റെ മൊത്തത്തിലുള്ള അളവ്‌ കൂട്ടിക്കൊടുക്കണം.
കന്നുകുട്ടികളുടെ വളര്‍ച്ചകൂട്ടാന്‍ കാഫ്‌സ്റ്റാര്‍ട്ടര്‍
നേരത്തേ പാലുകുടി മാറ്റുന്ന കന്നുകുട്ടികള്‍ക്കു നല്‍കാനായി തയാറാക്കുന്ന തീറ്റയ്‌ക്കാണ്‌ `കാഫ്‌സ്റ്റാര്‍ട്ടര്‍' അഥവാ കിടാവ്‌ ആരംഭകം എന്നു പറയുന്നത്‌. ഇതില്‍ അസംസ്‌കൃത നാര്‌ കുറച്ചുമാത്രം അടങ്ങിയിട്ടുള്ളതും ധാരാളം ധാതക്കളും മാംസ്യവും ജീവകങ്ങളും ചേര്‍ത്തതുമാണ്‌. ഇതിനായി പൊടിച്ച ധാന്യങ്ങള്‍, പിണ്ണാക്ക്‌, പയര്‍വര്‍ഗങ്ങള്‍ എന്നിവയോടൊപ്പം ധാതുലവണങ്ങളും ജീവകങ്ങളും ചേര്‍ത്ത്‌ മീന്‍പൊടിവരെ ചേര്‍ക്കാറുണ്ട്‌.
കന്നുകുട്ടിക്ക്‌ 10 ദിവസം പ്രായമാകുമ്പോള്‍തന്നെ കാഫ്‌സ്റ്റാര്‍ട്ടര്‍ നല്‍കി തുടങ്ങാം. ഇതിനായി കന്നുകുട്ടികള്‍ക്ക്‌ പരിശാലനം നല്‍കേണ്ടിവരും. പാല്‍ കുടിച്ചു കഴിഞ്ഞയുടനെ കന്നുകുട്ടിയുടെ വായിലും നാക്കിലും കുറച്ചു തീറ്റതേച്ച്‌ കൊടുക്കണം. ക്രമേണ അവ തീറ്റതിന്നു തുടങ്ങും. കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ കാഫ്‌സ്റ്റാര്‍ട്ടര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

തീറ്റക്രമം

പശുക്കളില്‍ ഒരു കറവക്കാലം അവസാനിച്ച്‌ അടുത്ത കറവവരെയുള്ള കാലഘട്ടമാണ്‌ കറവ വറ്റിയ ഒരു കാലമായി കണക്കാക്കുന്നത്‌. കറവ വറ്റിയ ഒരു കാലാവധി ഏകദേശം രണ്ടുമാസം പശുക്കള്‍ക്ക്‌ ആവശ്യമാണ്‌. അതു പ്രധാനമായി കഴിഞ്ഞ കറവക്കാലത്തെ ശരീരത്തിന്റെ ക്ഷീണം മാറി ശരീരം പുഷ്‌ടി പ്രാപിക്കുന്നതിനും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്‌ക്കും അടുത്ത പ്രസവത്തിന്‌ തയാറെടുക്കുന്നതിനുമാണ്‌.
നാടന്‍പശുക്കളില്‍ കറവയില്ലാത്ത കാലയളവ്‌ വളരെ ദീര്‍ഘമാണ്‌. എന്നാല്‍ സങ്കരവര്‍ഗത്തില്‍ കറവയില്ലാത്ത കാലദൈര്‍ഘ്യം കുറച്ചാണെങ്കിലും സമയത്ത്‌ കൃത്രിമബീജസങ്കലനം നടത്തി ചെയേല്‍പ്പിക്കാത്തതുമൂലം കറവയില്ലാത്ത കാലം ദീര്‍ഘിക്കുന്നു. അതിനാല്‍ ആദായമില്ലാത്ത കാലയളവില്‍ പശുവിനെ സംരക്ഷിക്കുന്നത്‌ പലര്‍ക്കും ദുഷ്‌കരമാണ്‌. അതിനു പ്രതിവിധിയായി പലരും സ്വീകരിച്ചിരിക്കുന്ന മാര്‍ഗം കറവക്കാലം വരെ പശുവിനെ സംരക്ഷിച്ചിട്ട്‌ കിട്ടുന്ന വിലയ്‌ക്ക്‌ വില്‍ക്കുകയാണ്‌. പട്ടണങ്ങളില്‍ പലരും കറവയില്ലാത്ത പശുക്കളെ സംരക്ഷിക്കാറില്ല. അതിനാല്‍ പശുവളര്‍ത്തല്‍ ആദായമില്ലാത്ത ഒരു തൊഴിലായിട്ടാണ്‌ പലരും കരുതുന്നത്‌.
കാലിസംരക്ഷണത്തില്‍ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്‌ ആഹാരത്തിനാണ്‌. കന്നുകാലികളെ, വിശേഷിച്ച്‌ കറവയുള്ള പശുക്കളെ, ശാസ്‌ത്രീയമായി തീറ്റി സംരക്ഷിച്ചില്ലെങ്കില്‍ അവ യഥാസമയം പ്രസവിക്കുകയോ പരമാവധി പാല്‍ തരികയോ ചെയ്യുകയില്ല. കൂടാതെ അവ പല രോഗങ്ങള്‍ക്കും വിധേയമാകുകയും കാലിവളര്‍ത്തല്‍ നഷ്‌ത്തില്‍ കലാശിക്കുകയും ചെയ്യും. കന്നുകാലികളുടെ ആഹാരത്തിലും അവയുടെ സംരക്ഷണത്തിലും വേണ്ടപോലെ ശ്രദ്ധിക്കുകയാണെങ്കില്‍ കാലിവളര്‍ത്തല്‍ ഒരു ആദായകരമായ തൊഴിലാക്കി മാറ്റാന്‍ സാധിക്കും.
കേരളത്തിലാകെ 26 ലക്ഷത്തിലധികം കാലികളും എരുകമളും ഉണ്ട്‌. ഇത്രയേറെ കന്നുകാലികളുണ്ടായിരുന്നിട്ടും പാലിന്റെ പ്രതിശീര്‍ഷ ലഭ്യത കേരളത്തെ സംബന്ധിച്ചിടത്തോളം 220 മില്ലിയില്‍ താഴെയാണ്‌. ക്ഷീരോല്‍പ്പാദനം വര്‍ധിപ്പിക്കാനാവശ്യമായ പല പരിപാടികളും രൂപം കൊണ്ടിട്ടുണ്ടെങ്കിലും ഉല്‍പ്പാദനശേഷിയുള്ള കാലികളെ തീറ്റുവാന്‍ ശരിയായ തീറ്റ ലഭ്യമല്ലെന്നത്‌ ഈ പരിപാടികളുടെ വിജയത്തെ തടസപ്പെടുത്തുന്നുണ്ട്‌. പൊതുവായ മേച്ചില്‍ സ്ഥലങ്ങളുടെയും വിപുലമായ കാലിത്തീറ്റകൃഷിയുടെയും അഭാവം കാലിത്തീറ്റയുടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു.
അയവെട്ടുന്ന മൃഗങ്ങള്‍ക്ക്‌ അതിന്റെ ദഹനേന്ദ്രിയ വ്യൂഹത്തിന്റെ പ്രത്യേകതകള്‍ക്കനുസൃതമായ ആഹാരമാണാവശ്യം. മനുഷ്യര്‍ക്കു പറ്റുന്നത്‌ മൃഗങ്ങള്‍ക്കു ചേരുകയില്ല. ചോറ്‌ മനുഷ്യര്‍ക്കു നല്ലതാണെങ്കിലും പശുക്കള്‍ക്ക്‌ അധികം കൊടുത്താല്‍ ദോഷമാണ്‌. കന്നുകാലികള്‍ക്കു കൊടുക്കുന്ന സമീകൃതാഹാരത്തില്‍ ആവശ്യാനുസരണം നാരും പരുഷാഹാരങ്ങളും ആഹാരം ദഹിക്കുന്നതും രുചികരവും, വയര്‍ നിറയാന്‍ മതിയായ അളവിലും ഉള്ളതായിരിക്കണം.

സാന്ദ്രിതാഹാരം

നാരു കുറവുള്ളതും മൊത്തം ദഹ്യപോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതുമായ പദാര്‍ത്ഥങ്ങളെയാണ്‌ സാന്ദ്രിതാഹാരങ്ങള്‍ എന്നു പറയുന്നത്‌. ഉദാ: ധാന്യങ്ങള്‍, പിണ്ണാക്കുകള്‍.
സാന്ദ്രിതാഹാരങ്ങള്‍ വെള്ളത്തില്‍ കലക്കി കൊടുത്താല്‍ ദഹിക്കാതെ ചാണകത്തില്‍കൂടി നഷ്‌ടപ്പെടാനിടയുണ്ട്‌.

പരുഷാഹാരങ്ങള്‍

നാരുകള്‍ കൂടുതലുള്ളതും മൊത്തം ദഹ്യപോഷകങ്ങള്‍ കുറവുള്ളതുമായ ആഹാരപദാര്‍ത്ഥങ്ങളെ പരുഷാഹാരങ്ങള്‍ എന്നു പറയുന്നു. ഉദാ: പച്ചപ്പുല്ല്‌, വൈക്കോല്‍, സസ്യവിളകള്‍, ഇലകള്‍. 18 %ത്തില്‍ അധികം അസംസ്‌കൃതനാര്‌ അടങ്ങിയിട്ടുള്ള കാലിത്തീറ്റകളാണ്‌ ഈ ഇനത്തില്‍പ്പെടുന്നത്‌. പരുഷാഹാരങ്ങള്‍ ശരിയായ ദഹനത്തിന്‌ ആവശ്യമാണ്‌. പരുഷാഹാരങ്ങള്‍ പിണ്ണാക്കുപോലുള്ള സാന്ദ്രിതാഹാരങ്ങളെക്കാള്‍ ചെലവ്‌ കുറവാണ്‌. പ്രത്യേകിച്ച്‌ നാം തന്നെ കൃഷി ചെയ്‌തുണ്ടാക്കുകയാണെങ്കില്‍ എന്നാല്‍ കൂടുതല്‍ പാലുള്ള പശുക്കളുടെ ഉല്‍പ്പാദനത്തിനാവശ്യമായ പോഷകങ്ങള്‍ പരുഷാഹാരങ്ങളില്‍നിന്നുമാത്രം ലഭ്യമാക്കാന്‍ സാധിക്കാത്തിനാല്‍ അവയ്‌ക്കു സാന്ദ്രിതാഹാരം കൊടുത്തേ മതിയാകൂ. ആഹാരത്തില്‍ 40 %മെങ്കിലും പരുഷാഹാരം ഇല്ലെങ്കില്‍ പാലിലെ കൊഴുപ്പ്‌ കുറയാനിടയാകും.
പരുഷാഹാരങ്ങളെ അവയില്‍ അടങ്ങിയിരിക്കുന്ന ജലാംശത്തിന്റെ അടിസ്ഥാനത്തില്‍ ശുഷ്‌ക അഥവാ ഉണങ്ങിയ പരുഷാഹാരങ്ങളെന്നും (ഉദാ: ഉണക്കപ്പുല്ല്‌, വൈക്കോല്‍) സരസ പരുഷാഹാരങ്ങളെന്നും (ഉദാ: പച്ചപ്പുല്ല്‌, ഇലകള്‍) തരംതിരിക്കാം. സരസ പരുഷാഹാരങ്ങളില്‍ 70 % എങ്കിലും ജലാംശം ഉണ്ടായിരിക്കും.
ആഹാരസാധനങ്ങളിലെ ജലാംശം ഒഴിച്ചുള്ള ഭാഗത്തിനാണ്‌ ശുഷ്‌ക പദാര്‍ത്ഥങ്ങള്‍ അഥവാ ഉണക്കപദാര്‍ത്ഥങ്ങള്‍ എന്നു പറയുന്നത്‌. പച്ചപ്പുല്ലില്‍ 70-80 % ജലാംശവും, ബാക്കി ശുഷ്‌കപദാര്‍ത്ഥവുമാണ്‌. ഒരു പശുവിന്‌ അതിന്റെ ഭാരത്തിന്റെ 2-3 % ശുഷ്‌കപദാര്‍ത്ഥങ്ങള്‍ ആവശ്യമാണ്‌. ഉണക്കപ്പുല്ലിലും വൈക്കോലിലും ശുഷ്‌കപദാര്‍ത്ഥങ്ങള്‍ കൂടുതലായിരിക്കും.

ദഹ്യമാംസ്യം

ദഹനപ്രക്രിയയില്‍ എല്ലാ മാംസ്യവും ദഹിച്ച്‌ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയില്ല. ദഹിച്ചുപയോഗപ്പെടുത്താന്‍ സാധിക്കുന്നവയെ ദഹ്യമാംസ്യം എന്നു പറയുന്നു. നല്ല കാലിത്തീറ്റയില്‍ ധാരാളം ദഹ്യമാംസ്യം അടങ്ങിയിരിക്കും. കന്നുകാലികളുടെ ശരീരത്തിന്റെ വളര്‍ച്ചയ്‌ക്കും പോഷണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന അമിനോ ആസിഡുകളെ പ്രദാനം ചെയ്യുന്നത്‌ മാംസ്യമാണ്‌. ശരീരത്തിലുള്ള ഗ്രന്ഥികളിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക്‌ ആവശ്യമുള്ള പാക്യജകം പ്രദാനം ചെയ്യുന്നതിനു വേണ്ടത്ര സഹായിക്കുന്നതിനും മാംസ്യം ആവശ്യമാണ്‌. ശരീരത്തിനാവശ്യമുള്ള ചൂടും ശക്തിയും നല്‍കുന്നതിന്‌ മാംസ്യം കൂടിയേ തീരൂ. കിടാക്കളുടെ വളര്‍ച്ചയ്‌ക്കും പശുക്കളുടെ ഗര്‍ഭോല്‍പ്പാദനത്തിനും ക്ഷീരോല്‍പ്പാദനത്തിനും മാംസ്യം ആവശ്യമാണ്‌. ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവ്‌ ആവശ്യത്തില്‍ കൂടുതലായാല്‍ അതിനെ ശരീരത്തിലേക്കു വേണ്ട ഊര്‍ജ്ജം നല്‍കുവാനായി ഉപയോഗിക്കുന്നു. ആരോഗ്യമുള്ള പശുവിന്റെ ദേഹത്തില്‍ 17.5 %വും പാലില്‍ 3.5% വും മാംസ്യം ഉണ്ടായിരിക്കും.

മൊത്തദഹ്യപോഷകങ്ങള്‍

കഴിക്കുന്ന ആഹാരത്തില്‍, ദഹിച്ച്‌ ശരീരത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിവുള്ള അംശത്തെ `ദഹ്യപോഷകങ്ങള്‍' എന്നു പറയുന്നു. ഇതില്‍ ദഹ്യ മാംസ്യവും കൊഴുപ്പും നാരും അടങ്ങിയിരിക്കണം. ഗുരുത്വാഹാരങ്ങളില്‍ ദഹ്യപോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്‌. ഇളം പുല്ലിലും പയറുവര്‍ഗചെടികളിലും ദഹ്യപോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

വെള്ളം

കാലികളുടെ ദഹനക്രിയ ശരിയാക്കുന്നതിനും ഭക്ഷണസാധനങ്ങളിലെ പോഷകാംശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനും ശരീരത്തിന്റെ ചൂട്‌ ക്രമീകരിക്കുന്നതിനും വെള്ളം അത്യാവശ്യമാണ്‌. ദേഹത്തിലുണ്ടാകുന്ന വര്‍ജ്ജ്യവസ്‌തുക്കളെ ഇല്ലാതാക്കുന്നതിനും വെള്ളം സഹായിക്കുന്നു. പശുക്കള്‍ക്ക്‌ ആവശ്യപ്പെടുമ്പോള്‍ കുടിക്കത്തക്കവിധം ശുദ്ധജലം സംഭരിച്ചിരിക്കണം. ഒരു സാധാരണ പശുവിന്‌ 60 ലിറ്റര്‍ വെള്ളം ദിവസേന ആവശ്യമാണ്‌. കറവപ്പശുക്കള്‍ക്ക്‌ ഇതിനു പുറമേ 1ലിറ്റര്‍ പാലിന്‌ 3 ലിറ്റര്‍ വെള്ളം എന്ന കണക്കിന്‌ കൊടുക്കേണ്ടതാണ്‌. ജോലി ചെയ്യുന്ന കാലികള്‍ക്ക്‌ അവയുടെ പ്രവര്‍ത്തനശേഷി വര്‍ധിക്കുന്നതിനും കൂടുതല്‍ വെള്ളം കൊടുക്കേണ്ടതാണ്‌. ഉഷ്‌ണകാലങ്ങളില്‍ കാലികള്‍ക്ക്‌ കൂടുതല്‍ വെള്ളം ആവശ്യമാണ്‌. മൃഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെള്ളം 100%വും ദേഹത്തിലേക്ക്‌ ആഗീരണം ചെയ്യപ്പെടുന്നു. ആരോഗ്യമുള്ള പശുവിന്റെ ദേഹത്തില്‍ 50% വെള്ളത്തിന്റെ അംശമാണുള്ളത്‌. മൃഗങ്ങള്‍ക്ക്‌ ആഹാരം കൂടാതെ കുറേക്കാലം ജീവിക്കുവാന്‍ കഴിയും. പക്ഷേ, വെള്ളം കൂടാതെ ജീവിക്കുവാന്‍ സാധ്യമല്ല. കാലികള്‍ക്കു വെള്ളം കൊടുക്കുന്ന പാത്രങ്ങള്‍ ശുചിത്വമുള്ളതായിരിക്കുന്നതിന്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ഖനിജങ്ങള്‍ (ധാതുക്കള്‍)

കാല്‍സ്യം, ഫോസ്‌ഫറസ്‌, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ക്ലോറിന്‍, സള്‍ഫര്‍ എന്നിവ ആഹാരത്തില്‍ അടങ്ങിയിരിക്കേണ്ട പ്രധാന ഖനിജ പദാര്‍ത്ഥങ്ങളാണ്‌. പ്രായപൂര്‍ത്തിയായ ഒരു മൃഗത്തിന്റെ ദേഹത്തില്‍ 4.5 % ധാതുലവണങ്ങള്‍ ഉണ്ടാകും. ധാതുലവണങ്ങള്‍ കന്നുകാലികളുടെ അസ്ഥിവ്യൂഹത്തിന്റെയും പല്ലുകളുടെയും ശരിയായ വളര്‍ച്ചയ്‌ക്കും അവയുടെ തേയ്‌മാനം പരിഹരിക്കുന്നതിനും അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണ്‌. കന്നുകാലികള്‍ക്കാവശ്യമായ ധാതുക്കള്‍, കാല്‍സ്യം, സോഡിയം, ഭാവകം, മഗ്നീഷ്യം, അയോഡിന്‍, ചെമ്പ്‌, ഇരുമ്പ്‌, കോബോള്‍ട്ട്‌ മുതലയാവയാകുന്നു. ഇവയടങ്ങിയ ആഹാരസാധനങ്ങള്‍ ചെനയുള്ള പശുക്കള്‍ക്കും, കറവപ്പശുക്കള്‍ക്കും, കിടാക്കള്‍ക്കും ശരിയായ തോതില്‍ കൊടുക്കേണ്ടതാണ്‌. സമീകൃതാഹാരത്തില്‍ ധാതുപദാര്‍ത്ഥ മിശ്രിതം കലര്‍ത്തുന്നതുകൊണ്ട്‌ മൃഗങ്ങള്‍ക്കു വേണ്ടത്ര ധാതുലവണങ്ങള്‍ ലഭിക്കുന്നു. ഇവയ്‌ക്കു പുറമേ കറിയുപ്പും ആഹാരത്തില്‍ ചേര്‍ക്കേണ്ടതാണ്‌.
പ്രായപൂര്‍ത്തിയായ ഒരു പശുവിന്‌ ദിവസം 10-12ഗ്രാം ഫോസ്‌ഫറസ്‌ സാധാരണ ശാരീരിക പ്രവര്‍ത്തനത്തിന്‌ ആവശ്യമാണ്‌. എന്നാല്‍ കറവപ്പശുവിന്‌ ഈ അളവില്‍ വളരെ കൂടുതല്‍ ആവശ്യമുണ്ട്‌. മാംസ്യം കൂടുതലുള്ള ആഹാരസാധനങ്ങളില്‍ ഫോസ്‌ഫറസ്‌ വളരെ ഉണ്ടായിരിക്കും. അതിനാല്‍ അത്തരം ആഹാരസാധനങ്ങള്‍ സുലഭമായി കൊടുക്കേണ്ടതാണ്‌.
കാല്‍സ്യത്തിന്റെ കുറവുകൊണ്ട്‌ പാല്‍പ്പനി വന്നു നല്ല കറവപ്പശുക്കള്‍ ചാകാറുണ്ട്‌. ധാതുക്കളുടെ കുറവ്‌ വന്ധ്യതയ്‌ക്കും കാരണമാകുന്നു. അതിനാല്‍ കാലിത്തീറ്റയോടൊപ്പം ധാതുക്കള്‍ പ്രത്യേകമായി കൊടുക്കണം. പല പേരിലുള്ള ധാതുമിശ്രിതങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്‌. കറിയുപ്പില്‍നിന്നും ചില ധാതുക്കള്‍ (അയഡിന്‍) പശുക്കള്‍ക്കു ലഭിക്കുന്നു.

വിറ്റാമിനുകള്‍

വിറ്റാമിന്‍ എ,ഡി എന്നിവ കിടാക്കളുടെ ശാരീരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യസംരക്ഷണത്തിനും ക്രമമായ വളര്‍ച്ചയ്‌ക്കും അത്യാവശ്യമാണ്‌. `എ' ജീവകം പച്ചപ്പുല്ലില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കാലികള്‍ക്കു ധാരാളം പച്ചപ്പുല്ലുകള്‍ കൊടുക്കേണ്ടതും ഡി. ജീവകം ലഭിക്കാന്‍ സൂര്യപ്രകാശം ഏല്‍ക്കത്തക്കവിധത്തില്‍ അവയെ തുറന്ന സ്ഥലത്തു വിടേണ്ടതുമാണ്‌.
വിറ്റാമിന്‍ `എ'യുടെ അപര്യാപ്‌തത നിമിത്തം പശുക്കളില്‍ ഗര്‍ഭോല്‍പ്പാദനം നടക്കാതെ വരാറുണ്ട്‌. അപ്രകാരമുള്ള പശുക്കള്‍ക്ക്‌ കൃത്രിമമായി നിര്‍മിച്ച ജീവകങ്ങള്‍ (Vit.A. 20000-30000 1u) കൊടുക്കാവുന്നതാണ്‌.
സാധാരണയായി പച്ചപ്പുല്ല്‌ കൂടുതല്‍ കൊടുക്കുന്ന പശുക്കള്‍ക്ക്‌ വിറ്റാമിന്‍ `എ'യുടെ അഭാവം ഉണ്ടാകുകയില്ല. കാരണം, പച്ചപ്പുല്ലില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ എന്ന ഘടകം പശുക്കളുടെ ദഹനേന്ദ്രിയത്തില്‍വെച്ച്‌ വിറ്റാമിന്‍ `എ'യായി മാറ്റപ്പെടുന്നു എന്നുള്ളതാണ്‌. വിറ്റാമിന്റെ കുറവുകൊണ്ട്‌ ചെന പിടിക്കാനും താമസിക്കും. ഇളം പുല്ലുള്ള കാലങ്ങളില്‍ പശുക്കള്‍ അധികം മദിയില്‍ വരാറുള്ളത്‌ അതുകൊണ്ടാണ്‌. വിറ്റാമിന്‍ ഡി ലഭിക്കുന്നതിനായി മൃഗങ്ങളെ രാവിലത്തെയും വൈകുന്നേരത്തെയും ഇളംവെയില്‍ കൊള്ളാനനുവദിക്കണം.

പോഷകങ്ങളും റേഷനും

പോഷകങ്ങളും റേഷനും
പശുവിനു കൊടുക്കുന്ന ആഹാരത്തില്‍ ആവശ്യമായ എല്ലാ പോഷകങ്ങളും മതിയായ അളവില്‍ ഉണ്ടായിരിക്കണം. ഒരു മൃഗത്തിന്‌ ഒരു ദിവസം ആവശ്യമായ ആഹാരത്തെ `റേഷന്‍' എന്നു പറയുന്നു.
സമീകൃതാഹാരം എന്നാല്‍ പ്രതിദിനം ആവശ്യമുള്ള പോഷകങ്ങള്‍ ശരിയായ അളവില്‍ അടങ്ങിയിരിക്കുന്ന തീറ്റയോ തീറ്റമിശ്രിതമോ ആണ്‌.
റേഷന്റെ 1/3 ഭാഗം പരുഷാഹാരത്തില്‍നിന്നും ബാക്കി സാന്ദ്രിതാഹാരത്തില്‍നിന്നുമാണ്‌ ലഭിക്കേണ്ടത്‌. പരുഷാഹാരത്തിന്റെ 1/3 ഭാഗമെങ്കിലും പച്ച സസ്യങ്ങളായിരിക്കണം.
റേഷനെ സംരക്ഷണ റേഷനെന്നും ഉല്‍പ്പാദന റേഷനെന്നും രണ്ടായി തിരിക്കാം.
സംരക്ഷണ റേഷന്‍
യാതൊരു പണിയും ചെയ്യാത്തതും പാലുല്‍പ്പാദനം ഇല്ലാത്തതുമായ ഒരു മൃഗത്തിനു ജീവിക്കാന്‍ മാത്രം ആവശ്യമുള്ള ആഹാരത്തെയാണ്‌ സംരക്ഷണ റേഷന്‍ എന്നു പറയുന്നത്‌. വൈക്കോലാണ്‌ പ്രധാന ആഹാരമെങ്കില്‍ പ്രായപൂര്‍ത്തിയായ ഒരു പശുവിന്‌ 1.25-1.5 കിലോ സാന്ദ്രിതാഹാരം സംരക്ഷണ റേഷനായി ദിനംപ്രതി നല്‍കണം. പച്ചപ്പുല്ല്‌ ധാരാളമായിട്ടുണ്ടെങ്കില്‍ (25 കിലോ) സംരക്ഷണ റേഷനായുള്ള സാന്ദ്രിതാഹാരം കൊടുക്കേണ്ടതില്ല.
ഒരു കിലോ സാന്ദ്രിതാഹാരമിശ്രിതം 20 കിലോ നല്ലയിനം പച്ചപ്പുല്ലുനോടോ 8 കി.ഗ്രാം പയര്‍വര്‍ഗച്ചെടികളോടോ താരതമ്യപ്പെടുത്തണം.
250 കി.ഗ്രാം തൂക്കമുള്ള ഒരു സാധാരണ പശുവിന്‌ സംരക്ഷണാവശ്യത്തിനു മാത്രമായി ഏകദേശം 25 കിലോ പച്ചപ്പുല്ല്‌ നല്‍കിയാല്‍ മതി. അല്ലെങ്കില്‍ 1 ¼ കിലോ സാന്ദ്രിതാഹാരമിശ്രിതവും 4-5 കി.ഗ്രാം വൈക്കോലും മതിയാകും. പിന്നീട്‌ ഓരോ 50 കി.ഗ്രാം ശരീരതൂക്കത്തിനും ¼ കി.ഗ്രാം സാന്ദ്രിതാഹാരമിശ്രിതം നല്‍കണം. വൈക്കോല്‍ മാത്രം നല്‍കുകയാണെങ്കില്‍ വിറ്റാമിന്‍ എ മിശ്രിതമോ മീനെണ്ണയോ കൊടുക്കണം. അല്ലെങ്കില്‍ 2-3 കിലോ പച്ചപ്പുല്ല്‌ കൊടുത്താല്‍ വിറ്റാമിന്‍ എയുടെ കുറവ്‌ നികത്താന്‍ സാധിക്കും.
ഉല്‍പ്പാദനറേഷന്‍
കറവപ്പശുകള്‍ക്കു പാല്‍പ്പാദിപ്പിക്കുന്നതിനും ഗര്‍ഭമുള്ളവയ്‌ക്ക്‌ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്‌ക്കും മാംസത്തിനുവേണ്ടി വളര്‍ത്തുന്നവയ്‌ക്ക്‌ മാംസ വളര്‍ച്ചയ്‌ക്കും പണിയെടുക്കുന്നവയ്‌ക്ക്‌ അധികം ജോലി ചെയ്യുന്നതിനും ആവശ്യമായ അധികം തീറ്റയെ ഉല്‍പ്പാദനറേഷന്‍ എന്നു പറയുന്നു.
കറവപ്പശുക്കള്‍ക്ക്‌ ശരീരസംരക്ഷണത്തിനായി ദിനംപത്രി 1 ¼, 1 ½, കിലോ സാന്ദ്രിതാഹാരത്തിനു പുറമേ പാലുല്‍പ്പാദനത്തിനു പ്രത്യേകം സാന്ദ്രിതാഹാരം നല്‍കണം. അതു പാലിന്റെ അളവിനെയും പാലില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവിനെയും പുരുഷാഹാരത്തിന്റെ ഗുണത്തെയും അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെടുത്തേണ്ടതാണ്‌. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓരോ 2.5 മുതല്‍ 3 ലിറ്റര്‍ പാലിലും 1 കിലോ സാന്ദ്രിതാഹാരം പരുഷാഹാരത്തിനു പുറമേ നല്‍കണമെന്നതാണൊരു ഏകദേശ കണക്ക്‌. ഉദാഹരണമായി 4 % കൊഴുപ്പടങ്ങിയിട്ടുള്ള 10 കി.ഗ്രാം പാലുള്ള ഒരു പശുവിനു ശരീരസംരക്ഷണത്തിനും പാലുല്‍പ്പാദനത്തിനുമായി ഏകദേശം 5.5 കി.ഗ്രാം സാന്ദ്രിതാഹാര മിശ്രിതം നല്‍കണം. 40-45 ഗ്രാം കറിയുപ്പും നല്‍കണം. എന്നാല്‍ പച്ചപ്പുല്ല്‌ ധാരാളം കൊടുക്കാന്‍ സാധിക്കുമെങ്കില്‍ സാന്ദ്രിതാഹാരത്തിന്റെ അളവ്‌ കുറച്ചു താഴെ പറയുന്ന അളവില്‍ കൊടുക്കാം.
ഗുണമുള്ള പച്ചപ്പുല്ല്‌ - 40 കി.ഗ്രാം
സാന്ദ്രിതാഹാരം - 2.5 കി.ഗ്രാം
ധാതുമിശ്രിതം - 30-35 ഗ്രാം
കറിയുപ്പ്‌ -40-45 ഗ്രാം
വൈക്കോലാണ്‌ പ്രധാന ആഹാരമെങ്കില്‍ 5 ലിറ്റര്‍ പാല്‍ തരുന്ന ഒരു സാധാരണ ചെറിയ പശുവിന്‌ നല്‍കേണ്ട സാന്ദ്രിതകാലിത്തീറ്റ.
ശരീര സംരക്ഷണത്തിന്‌ - 1.5 കി.ഗ്രാം
പാലുല്‍പ്പാദനത്തിന്‌ - 2.0 കി.ഗ്രാം
പശുക്കളുടെ ആമാശയത്തില്‍ ബി വിറ്റാമിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ കാലിത്തീറ്റയുടെകൂടെ പ്രത്യേകം ബി വിറ്റാമിനുകള്‍ നല്‍കേണ്ടതില്ല. എന്നാല്‍ പശുക്കുട്ടിക്കു ഭക്ഷണത്തിലെ കുറവ്‌ നികത്താന്‍ പ്രത്യേകം വിറ്റാമിനുകള്‍ ചേര്‍ക്കേണ്ടതാവശ്യമാണ്‌.
ഗര്‍ഭമുള്ള പശുക്കള്‍
ഗര്‍ഭമുള്ളവയ്‌ക്കു ശരീരസംരക്ഷണത്തിനും പാലുല്‍പ്പാദനത്തിനും വേണ്ട പോഷകങ്ങള്‍ക്കു പുറമേ 1 കി.ഗ്രാം സാന്ദ്രിതാഹാരമിശ്രിതം കുട്ടിയുടെ വളര്‍ച്ചയ്‌ക്ക്‌ ഏഴാം മാസം മുതല്‍ കൊടുക്കണം. ഏഴു മാസം കഴിഞ്ഞ്‌ കറവ നിര്‍ത്തുകയും ശിശുവിന്റെ വളര്‍ച്ചയ്‌ക്കും പശുവിന്റെ സംരക്ഷണത്തിനും കൂടി നല്ല ഇനത്തിലുള്ള പശുവാണെങ്കില്‍ 2½ കി.ഗ്രാം വരെ സാന്ദ്രിതാഹാരം കൊടുക്കുകയും വേണം.
പ്രസവത്തോടുകൂടി ആഹാരക്രമം മാറ്റി പ്രത്യേകാഹാരങ്ങള്‍ കൊടുക്കുവാന്‍ പാടില്ല. ഇത്‌ ദഹനക്കേടിന്‌ ഇടയാക്കും. ഗര്‍ഭമുള്ള പശുക്കള്‍ക്ക്‌ ധാതുലവണമിശ്രിതം അത്യാവശ്യമായി ചേര്‍ക്കേണ്ടതാണ്‌. അതു കുട്ടിയുടെ ശരിയായ വളര്‍ച്ചയ്‌ക്കു സഹായിക്കും. പ്രസവത്തോടടുത്ത്‌ എളുപ്പം ദഹിക്കുന്ന ആഹാരങ്ങള്‍ കൊടുക്കണം.

തീറ്റച്ചെലവ്‌ എങ്ങനെ കുറയ്‌ക്കാം

ചെലവുകൂടിയ തീറ്റക്രമം: 300 കിലോ തൂക്കമുള്ളതും ദിവസം 10 ലിറ്റര്‍ പാല്‍ തരുന്നതുമായ പശുവിന്‌ ചിലര്‍ കൊടുക്കാറുള്ളത്‌.
കറവയുള്ളതും കറവയില്ലാത്തതും ചെനയുള്ളതുമായ വിഭാഗത്തില്‍പ്പെടുന്ന പശുക്കളുടെ തീറ്റക്രമം (ശരാശരി 250ഗ്രാം ശരീരഭാരമുള്ളത്‌)
പച്ചപ്പുല്ല്‌ ധാരാളം ലഭ്യമാണെങ്കില്‍ വൈക്കോലാണ്‌ പ്രധാന പരുഷാഹാരമെങ്കില്‍ പച്ചപ്പുല്ല്‌ സാന്ദ്രിതാഹാരം

വൈക്കോല്‍

കറവയില്ലാത്തവയ്‌ക്ക്‌ കറവയുള്ളവയ്‌ക്ക്‌ ചെനയുള്ളവയ്‌ക്ക്‌ ഓരോ 2.5 3 കി.ഗ്രാം.
പാലിനും 1 കി.ഗ്രാം സാന്ദ്രിതാഹാരം എന്ന തോതില്‍ ഏഴാം മാസം മുതല്‍ പ്രസവം വരെ ഉല്‍പ്പാദനറേഷന്റെ കൂടെ 1 കി.ഗ്രാം സാന്ദ്രിതാഹാരം 30 കി.ഗ്രാം 30 കി.ഗ്രാം 1 2 5 0
കി.ഗ്രാം 1.250 കി.ഗ്രാം സംരക്ഷണറേഷനായും ഓരോ 2.53 കിലോ പാലിനും 1 കി.ഗ്രാം വീതം ഉല്‍പ്പാദനറേഷനായും സംരക്ഷണ റേഷന്‍+ഉല്‍പ്പാദനറേഷന്‍+ 1 കി.ഗ്രാം സാന്ദ്രിതാഹാരം 3 കി.ഗ്രാം 5 കി.ഗ്രാം 5 കി.ഗ്രാം 6 കി.ഗ്രാം 6 കി.ഗ്രാം 6 കി.ഗ്രാം.
ഓരോ 50 കിലോ അധിക തൂക്കത്തിനും 250 ഗ്രാം സാന്ദ്രിതാഹാര മിശ്രിതവും അര കിലോ വൈക്കോലും 2-4 കിലോ പച്ചപ്പുല്ലും അധികമായി കൊടുക്കണം.

റേഷന്‍ തയാറാക്കുന്ന വിധം

300 കി.ഗ്രാം ശരീരഭാരമുള്ളതും 4 ശതമാനം കൊഴുപ്പുള്ള 7 കി.ഗ്രാം പാല്‍ ദിവസേന ഉല്‍പ്പാദിപ്പിക്കുന്നതുമായ ഒരു പശുവിന്‌ റേഷന്‍ തയാറാക്കണമെന്നിരിക്കട്ടെ. നമുക്ക്‌ ലഭിക്കാവുന്ന കാലിത്തീറ്റകള്‍ കടലപ്പിണ്ണാക്ക്‌, എള്ളിന്‍ പിണ്ണാക്ക്‌, മരച്ചീനി, തവിട്‌, പരുത്തിക്കുരു, ഗിനിപ്പുല്ല്‌, വൈക്കോല്‍ എന്നിവയാണെന്ന്‌ കരുതുക.
ആദ്യമായി പശുവിന്റെ സംരക്ഷണത്തിനും ഉല്‍പ്പാദനത്തിനും ആവശ്യമായ മൊത്തം പോഷകഘടകങ്ങള്‍ തിട്ടപ്പെടുത്തണം. പിന്നീട്‌ ലഭ്യമായ തീറ്റ സാധനങ്ങളുപയോഗിച്ചൊരു പരീക്ഷണറേഷന്‍ ഉണ്ടാക്കണം (ഈ റേഷന്‍ എല്ലാ പോഷണങ്ങളും വേണ്ട അളവില്‍ നല്‍കാനുതകുന്നതല്ലെങ്കില്‍ തീറ്റയുടെ അളവുകള്‍ കൂട്ടിയോ കുറച്ചോ റേഷന്‍ ക്രമീകരിക്കണം).
ലഭ്യമായ തീറ്റകള്‍ അനുയോജ്യമായ അനുപാതത്തില്‍ നല്‍കി മേല്‍പറഞ്ഞ പോഷകാവശ്യങ്ങള്‍ നിറവേറ്റണം. ആദ്യമായി താഴെ പറയും പ്രകാരം തീറ്റ സാധനങ്ങള്‍ ഉപയോഗിച്ച്‌ ഒരു സാന്ദ്രിതാഹാരക്കൂട്ട്‌ തയാറാക്കി നോക്കുക. ഇതില്‍ ഏകദേശം 15 ശതമാനം ദഹ്യമാംസ്യവും (DCP)75 ശതമാനം മൊത്തം ദഹ്യപോഷകങ്ങളുമുണ്ടായിരിക്കും.
മേല്‍പ്പറഞ്ഞ തീറ്റസാധനങ്ങളിലെ ടി.ഡി.എന്‍.ന്റെയും ഡി.സി.പി.യുടെയും ശതമാനത്തെ ഓരോന്നിന്റെയും അളവു കൊണ്ട്‌ ഗുണിച്ചാണ്‌ ഈ റേഷനിലെ ടി.ഡി.എന്‍.വും ഡി.സി.പി.യും കണക്കാക്കുന്നത്‌. ഉദാഹരണത്തിനു നിലക്കടലപ്പിണ്ണാക്കിന്റെ ഡി.സി.പി. ശതമാനമായ 41.75നെ 21/100 കൊണ്ടു ഗുണിച്ച്‌ ഡി.സി.പി. 8.76 എന്നു കണക്കാക്കുന്നു.
മേല്‍ കാണിച്ച ഒരു കി.ഗ്രാം തീറ്റ മിശ്രിതത്തില്‍ 0.16 കി.ഗ്രാം ഡി.സി.പി.യും 0.73 കി.ഗ്രാം ടി.ഡി.എന്‍.വും 0.9 കി.ഗ്രാം ശുഷ്‌കദ്രവ്യവും അടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട്‌ പശുവിന്‌ റേഷന്‍ താഴെ കാണുന്ന പ്രകാരം തയാറാക്കാം.
മേല്‍പ്പറഞ്ഞ റേഷനില്‍ ധാതുമിശ്രിതം ദിവസേന 40 ഗ്രാം വീതം കൊടുക്കേണ്ടതാണ്‌. റേഷന്‍ തയാറാക്കുമ്പോള്‍ ആവശ്യത്തില്‍ അധികം ടി.ഡി.എന്‍.വും ഡി.സി.പി.യും അടങ്ങിയിരിക്കുന്നതഭിലഷണീയമാണ്‌.

പാലിന്റെ ഗുണനിലവാരവും വിലയും

പാലിന്റെ ഗുണനിയന്ത്രണത്തിന്‌ ആധാരമായ അടിസ്ഥാന പോഷകങ്ങളുടെ നിലവാരം നിശ്ചയിച്ചിരിക്കുന്നത്‌ 1955-ലെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരമാണ്‌ (Prevention of food Adulteration Act, 1955). പാലിന്റെ പോഷകഘടകങ്ങളായ കൊഴുപ്പ്‌ കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ (SNF) എന്നിവ എത്ര ശതമാനം വേണമെന്ന്‌ ഈ നിലവാരപ്പട്ടികയില്‍ വ്യക്തമായി നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഓരോ സംസ്ഥാനത്തിനും പ്രത്യേകമായ ഗുണനിലവാരപ്പട്ടിക ഉണ്ട്‌. കേരളത്തില്‍ ഒരു ലിറ്റര്‍ പശുവിന്‍ പാലില്‍ ഏറ്റവും കുറഞ്ഞത്‌ 3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളും ഉണ്ടായിരിക്കണമെന്നാണ്‌ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്‌. എരുമപ്പാലിനാണെങ്കില്‍ ഇത്‌ യഥാക്രമം 5 ശതമാനവും 9 ശതമാനവും ആണ്‌. പാലിന്റെ ഘടകങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അളവിനെക്കാള്‍ 0.1 ശതമാനം കുറവുണ്ടെങ്കില്‍ പോലും കര്‍ശനമായ ശിക്ഷാവിധിയാണ്‌ നേരിടേണ്ടിവരിക.
പാലിന്റെ ഗുണനിലവാരത്തിന്റെ മാനദണ്ഡമായി വിദേശരാജ്യങ്ങളില്‍ പോഷകങ്ങളുടെ അളവും പാലില്‍ കലര്‍ന്നിട്ടുള്ള അണുജീവികളുടെ എണ്ണവും ഒപ്പം നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. ഭൗതികവും രാസികവുമായ ഗുണനിയന്ത്രണം പരക്കെ അംഗീകരിച്ചു നടപ്പാക്കിയിട്ടുണ്ടെങ്കിലും അണുജീവികളുടെ എണ്ണം നിര്‍ണയിക്കുന്ന ഗുണനിയന്ത്രണം (Bacteriological quality control) ഇനിയും നമ്മള്‍ നടപ്പാക്കിത്തുടങ്ങിയിട്ടില്ല.
പാലിന്റെ അളവ്‌ നോക്കി വില നിശ്ചയിക്കുന്ന രീതിയാണ്‌ ഇന്നും പല ക്ഷീരസഹകരണ സംഘങ്ങളും അനുവര്‍ത്തിച്ചു വരുന്നത്‌. അതായത്‌, ഏത്‌ പാലാണെങ്കിലും ലിറ്ററിന്‌ ഒരേ വില. ഇത്‌ മായം ചേര്‍ക്കലിനെ പ്രോല്‍സാഹിപ്പിക്കുകയാണു ചെയ്യുന്നത്‌. ഇത്‌ നിരുല്‍സാഹപ്പെടുത്തുന്നതിനും ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്നതിനും ഉദ്ദേശിച്ചാണ്‌ ഗുണനിലവാരം നോക്കി വില നിശ്ചയിക്കുന്ന രീതി (Quantity pricing) നടപ്പിലാക്കി വരുന്നത്‌.
പാലിലെ കൊഴുപ്പിനും കൊഴുപ്പിതര ഖരവസ്‌തുക്കള്‍ക്കും വില നിശ്ചയിച്ചുകൊണ്ടുള്ള ദ്വിമുഖ വിലനിര്‍ണയരീതിയാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. 1.1.1997 മുതല്‍ പ്രാബല്യത്തില്‍ വന്ന വില നിര്‍ണയപ്പട്ടികയനുസരിച്ച്‌ ഒരു ലിറ്റര്‍ കൊഴുപ്പിന്‌ (FAT) 78 രൂപ 62 പൈസയും ഒരു ലിറ്റര്‍ കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ക്ക്‌ (SNF) 75 രൂപ 54 പൈസ പ്രകാരവുമാണ്‌ വില കൊടുക്കുന്നത്‌. ഇങ്ങനെ വില നിര്‍ണയിക്കുമെങ്കിലും 8 ശതമാനത്തില്‍ കുറഞ്ഞ കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ക്ക്‌ (SNF) ഒരു പോയിന്റിന്‌ 4 പൈസ നിരക്കില്‍ പിഴയായി കുറവു ചെയ്യും. അതുപോല 8.5 ശതമാനത്തില്‍ കൂടുതലുള്ള SNF-ന്‌ ഒരു പോയിന്റിന്‌ 4 പൈസ നിരക്കില്‍ പ്രോത്സാഹനവും നല്‍കും. ഇനി 3 ശതമാനത്തില്‍ കുറഞ്ഞ കൊഴുപ്പിതര പദാര്‍ത്ഥങ്ങളോ ഇവ രണ്ടും ഒരുമിച്ചോ വരികയാണെങ്കില്‍ കൊഴുപ്പിന്റെ വില മാത്രമേ കൊടുക്കുകയുള്ളൂ.
മായം ചേര്‍ക്കല്‍ നിരോധന നിയമമനുസരിച്ച്‌ പശുവിന്‍ പാല്‍, എരുമപ്പാല്‍, ആട്ടിന്‍പാല്‍ ഇവയ്‌ക്കൊക്ക പ്രത്യേകം ഗുണനിലവാരം നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. പ്രസ്‌തുത ഗുണനിലവാരത്തില്‍ കുറഞ്ഞ പാല്‍ വിപണനം നട്‌തുന്നത്‌ കുറ്റകരമാണ്‌.

ക്ഷീരോല്‍പ്പന്നങ്ങള്‍

പാല്‍ ഒരു സമീകൃതാഹാരമായതുകൊണ്ട്‌ അതിനു തുല്യമായ വേറൊരു ഭക്ഷണസാധനം കണ്ടുപിടിക്കുക പ്രയാസമാണ്‌. പാലില്‍ ശരീരപോഷണത്തിന്‌ ആവശ്യമായ എല്ലാ മാംസ്യഘടകങ്ങളും ഒത്തു ചേര്‍ന്നിട്ടുണ്ട്‌. ഇരുമ്പും, അയോഡിനും ഒഴികെ ബാക്കി ദേഹത്തനാവശ്യമായ എല്ലാവിധ ധാതുലവണങ്ങളും, പ്രത്യേകിച്ച്‌ കാല്‍സ്യവും ഫോസ്‌ഫറസും, പാലിലുണ്ട്‌. പ്രായമായവരുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനും കുട്ടികളുടെ വളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുന്നതുമായ വിറ്റാമിനുകളും പാലില്‍ അടങ്ങിയിട്ടുണ്ട്‌.
പാലില്‍ അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും ശരിയായ തോതില്‍ ശരീരത്തിനു ലഭിക്കുവാനുള്ള മാര്‍ഗം പാല്‍ അതേപടി ഉപയോഗിക്കുക എന്നുള്ളതാണ്‌. എന്നാല്‍ പാല്‍ കേടുകൂടാതെ അധികസമയം സൂക്ഷിക്കുക സാധ്യമല്ല. ഇതിനു പ്രതിവിധിയായി പാലില്‍നിന്നും പലതരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി കേടുവരാതെ സൂക്ഷിച്ചുവരുന്നു. പാലില്‍നിന്നും പ്രധാനമായി വേര്‍തിരിച്ചു ഭാവഭേദപ്പെടുത്തി സൂക്ഷിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ താഴെ പറയുന്നവയാണ്‌. ക്രീം, വെണ്ണ, നെയ്യ്‌, ചീസ്‌, കേസിന്‍, പാല്‍പ്പൊടി, കോവ, തൈര്‌.

ക്രീം

പശുവിനെ കറന്നയുടനെ പാല്‍ ശേഖരിച്ച്‌ 24 മണിക്കൂര്‍ നേരത്തേക്കു സാമാന്യം കുഴിയുള്ള ഒരു പാത്രത്തില്‍ അനക്കാതെ വച്ചിരുന്നാല്‍ ക്രീം മുകളില്‍ വരുന്നതാണ്‌. ഇപ്രകാരം സൂക്ഷിക്കുന്ന പാലിന്റെ ഊഷ്‌മാവ്‌ 600 ആയിരുന്നാല്‍ ശരിയായ അളവില്‍ ക്രീം ലഭിക്കുന്നതായിരിക്കും. പാത്രത്തിന്റെ ഉപരിതലത്തില്‍ വന്നുകൂടുന്ന ക്രീം ഒരു സ്‌പൂണ്‍ ഉപയോഗിച്ച്‌ ശ്രദ്ധയോടുകൂടി ശേഖരിച്ചെടുക്കേണ്ടതാണ്‌. ഇപ്രകാരം ക്രീം ശേഖരിക്കുമ്പോള്‍ 0.5 ശതമാനം ക്രീം നഷ്‌ടപ്പെടും. പാലിന്റെ തുല്യ അളവ്‌ വെള്ളം ചേര്‍ത്ത്‌ മേല്‍പ്പറഞ്ഞ രീതിയില്‍ പാല്‍ വച്ചിരുന്നാല്‍ ക്രീം ലഭിക്കുന്നതിന്റെ അളവു കൂടിയിരിക്കും.
ക്രീം സെപ്പറേറ്ററിന്റെ പ്രവര്‍ത്തനം: ക്രീം സെപ്പറേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച്‌ വേഗത്തിലും പൂര്‍ണമായും പാലിലുള്ള ക്രീം വേര്‍തിരിച്ചെടുക്കാവുന്നതാണ്‌. ഈ ഉപകരണം അപകേന്ദ്രശക്തികൊണ്ടാണു പ്രവര്‍ത്തിക്കുന്നത്‌. ഒന്നിച്ചു ചേര്‍ന്നിരിക്കുന്ന രണ്ടു ദ്രാവകങ്ങള്‍ പൊതുവായ ഒരു അക്ഷത്തില്‍ കറങ്ങുമ്പോള്‍ തമ്മില്‍ വേര്‍പെടുന്നു. ഇതാണു പാലില്‍നിന്നും ക്രീം വേര്‍തിരിയുന്നതിന്റെ തത്ത്വം. ആപേക്ഷികസാന്ദ്രത കുറവുള്ളത്‌ കറങ്ങിക്കൊണ്ടിരിക്കുന്ന അക്ഷത്തിന്റെ സമീപത്തേക്കും ആപേക്ഷികസാന്ദ്രത കൂടുതലുള്ളതു കറങ്ങിക്കൊണ്ടിരിക്കുന്ന അക്ഷത്തില്‍നിന്നും ദൂരത്തേക്കും നീങ്ങുന്നതാണ്‌. ഡിസ്‌ക്കുകളിലേക്കു പാല്‍ ഒഴുകിക്കൊണ്ടിരിക്കുന്നതിനുവേണ്ടി പാല്‍ ശേഖരിക്കുന്നതിനുള്ള ഒരു പാത്രവും അക്ഷത്തില്‍ ശക്തിയായി കറങ്ങിക്കൊണ്ടിരിക്കുന്ന ഡിസ്‌ക്കുകളും അതില്‍നിന്നും ക്രീം, `സ്‌കിം പാല്‍' (തിരിച്ചുപാല്‍) ഇവ വെവ്വേറെ തിരിഞ്ഞ്‌ ഒഴുകുന്നതിനുള്ള കുഴലുകളും ഉണ്ട്‌. പാല്‍ ഒഴിച്ച്‌ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍ കമഴ്‌ത്തി ഒന്നിച്ച്‌ അടുക്കിവച്ചിരിക്കുന്ന ഡിസ്‌ക്കുകളില്‍ പാല്‍ വ്യാപിച്ച്‌ അപകേന്ദ്രശക്തിമൂലം ക്രീം പാലില്‍നിന്നും വേര്‍പെട്ട്‌ ക്രീം സ്‌ക്രൂവിന്റെ ദ്വാരത്തില്‍ക്കൂടി പുറത്തേക്കുള്ള കുഴലില്‍ പ്രവേശിച്ച്‌ പ്രത്യേക പാത്രത്തില്‍ ശേഖരിക്കുന്നു. ക്രീം വേര്‍തിരിഞ്ഞശേഷമുള്ള പാല്‍ (തിരിച്ചുപാല്‍) പുറത്തേക്കുള്ള മറ്റൊരു കുഴലില്‍ക്കൂടി പ്രത്യേക പാത്രത്തില്‍ ശേഖരിക്കുന്നു. ഈ സ്‌കീം പാലില്‍ സാധാരണ 0.1 ശതമാനം നെയ്യടങ്ങിയിരിക്കും.
ക്രീം സെപ്പറേറ്റര്‍ ഉപകരണത്തില്‍ ഉപയോഗിക്കുന്ന പാല്‍ നല്ല തുണികൊണ്ട്‌ അരിച്ചു വൃത്തിയാക്കിയതും അധികം ചൂടുള്ളതോ വളരെ തണുത്തതോ ആയിരിക്കുകയുമരുത്‌. പാലില്‍നിന്നും ക്രീം നന്നായി വേര്‍തിരിച്ചെടുക്കുന്നതിന്‌ 1000 ഊഷ്‌മാവ്‌ ഉണ്ടായിരിക്കുന്നതുകൊള്ളാം. ക്രീം സെപ്പറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ശക്തിയും ഉള്ളില്‍ക്കൂടി കടക്കുന്ന പാലിന്റെ അളവുമനുസരിച്ച്‌ പാലില്‍നിന്നും ക്രീം നല്ലതുപോലെ വേര്‍തിരിയുന്നതാണ്‌. കൈകൊണ്ടു കറക്കി പ്രവര്‍ത്തിപ്പിക്കാവുന്നതും വൈദ്യുതശക്തി ഉപയോഗിച്ചു നടത്തിവരുന്നതുമായ ക്രീം സെപ്പറേറ്റുകള്‍ പ്രചാരത്തിലുണ്ട്‌.
ക്രീം സെപ്പറേറ്ററുകള്‍ ഉപയോഗത്തില്‍ വന്നതോടുകൂടി പാല്‍ കറന്നെടുത്ത ഉടനെതന്നെ ക്രീം സെപ്പറേറ്റര്‍ ഉപയോഗിച്ച്‌ പാലില്‍നിന്നും ക്രീം വേര്‍തിരിച്ചെടുത്ത്‌ വിവിധതരം ക്ഷീരോല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി വരുന്നു.

ചെഡാര്‍ ചീസ്‌

വന്‍തോതില്‍ ചീസ്‌ നിര്‍മിക്കുന്നതിനു പ്രത്യേകതരം ഉപകരണങ്ങള്‍ ആവശ്യമാണ്‌. ചീസുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന പാല്‍ അണുരഹിതമായ പാത്രങ്ങളില്‍ വൃത്തിയായി കറന്നെടുക്കേണ്ടതാണ്‌. പാല്‍ പാസ്‌ചറൈസ്‌ ചെയ്‌ത്‌ അണുവിമുക്തമാക്കാവുന്നതാണ്‌. 3.5 ശതമാനം നെയ്യുള്ള പാല്‍ ചീസുണ്ടാക്കുന്നതിന്‌ മതിയാകും. ചീസുണ്ടാക്കുന്ന പാത്രത്തിന്‌ ചീസ്‌ വാറ്റ്‌ എന്നാണു പറയുക. ഇത്‌ രണ്ടു പാളി സ്റ്റീല്‍ തകിടുകള്‍കൊണ്ട്‌ നിര്‍മിച്ചിട്ടുള്ളതിനാല്‍ ചൂടുവെള്ളമോ തണുത്ത വെള്ളമോ ഒഴിച്ചുകൊടുത്ത്‌ ചീസ്‌ വാറ്റിലുള്ള പാലിന്റെ ചൂടു ക്രമീകരിക്കുവാന്‍ സാധിക്കും.
ചീസുണ്ടാക്കുന്നതിന്‌ അണുവിമുകമായ പാല്‍ ചീസ്‌ വാറ്റില്‍ ഒഴിച്ച്‌ ഭദ്രമായി മൂടിവയ്‌ക്കണം. പാലിന്റെ ചൂട്‌ 300C ആയിരിക്കണം. പ്രത്യേകം തയാറാക്കിയിട്ടുള്ള സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ ഉറ ഒരു ശതമാനം, പാലില്‍ ചേര്‍ത്ത്‌ 10 മിനിട്ട്‌ ഇളക്കണം. ഉറയുടെ അമ്ലത്വം 0.75 മുതല്‍ 0.90 വരെ ശതമാനം ആകാം. ആവശ്യമെങ്കില്‍ ചീസ്‌ കളര്‍ ചേര്‍ക്കാവുന്നതാണ്‌. പാല്‍ കട്ടിയാക്കുന്നതിനായി റെന്നറ്റ്‌ ചേര്‍ക്കണം. റെന്നറ്റ്‌ സാധാരണയായി പ്രായം കുറഞ്ഞ കിടാങ്ങളുടെ ആമാശയത്തില്‍നിന്നും ശേഖരിച്ചെടുത്ത്‌ പ്രത്യേകം തയാറാക്കിയിട്ടുള്ളതാണ്‌. ചീസ്‌ വാറ്റിലെ റെന്നറ്റ്‌ ചേര്‍ത്ത്‌ ഒരു മണിക്കൂര്‍ സമയത്തോളം നിശ്ചലമായി വച്ചിരിക്കണം. കൈവിരല്‍ പാലില്‍ താഴ്‌ത്തിയാല്‍ കട്ടിയായോ എന്നു മനസിലാക്കാം. കട്ടിയായി തീര്‍ന്ന പദാര്‍ത്ഥത്തെ ചീസ്‌ കത്തികൊണ്ട്‌ ചെറുകഷണങ്ങളായി മുറിക്കണം. 20 മിനിട്ട്‌ കഴിഞ്ഞ്‌ മൂന്നിലൊന്നു ഭാഗം വെള്ളമായി മാറുന്നതാണ്‌. ഇതിനു വേ എന്നാണു പറയുന്നത്‌. ഇത്‌ അരിച്ച്‌ മാറ്റിക്കളയണം. ചീസ്‌ വാറ്റിന്റെ ഇരട്ടി പാളിക്കകത്ത്‌ ചൂടുവെള്ളം ഒഴിച്ചു കൊടുത്ത്‌ പാത്രത്തിലെ പാകമായി വരുന്ന ചീസിന്റെ ചൂട്‌ 400F വരെ ഉയര്‍ത്തണം. പിന്നീട്‌ ചീസ്‌ വാറ്റിലെ വെള്ളം മുഴുവനായും അരിച്ചു മാറ്റണം.
ചീസ്‌ വാറ്റില്‍ ശേഷിക്കുന്ന കഷണങ്ങള്‍ അതില്‍ വരിവരിയായി അടുക്കി വയ്‌ക്കണം. നടുവില്‍കൂടി കിനിഞ്ഞുവരുന്ന വെള്ളം ഒഴിച്ചു പോകാന്‍ സൗകര്യമുള്ള രീതിയിലായിരിക്കണം കഷണങ്ങള്‍ വയ്‌ക്കേണ്ടത്‌. കട്ടിയായിത്തീര്‍ന്ന ചീസ്‌, തുണിയില്‍ പൊതിഞ്ഞു വെള്ളത്തിന്റെ അംശം മുഴുവനായും ഞെക്കിക്കളയണം. കട്ടിയായിത്തീര്‍ന്ന ഈ ചീസ്‌ ബ്ലോക്കുകള്‍ പ്രത്യേകം നിര്‍മിച്ചിട്ടുള്ള പൊടിക്കുന്ന ഉപകരണത്തില്‍വച്ച്‌ ചെറു കഷണങ്ങളാക്കാം. ശുദ്ധി ചെയ്‌ത ഉപ്പും ഇതില്‍ ചേര്‍ത്ത്‌ പ്രത്യേക ആകൃതിയിലുള്ള പെട്ടികളില്‍വച്ച്‌ ചെറുകഷണങ്ങളാക്കണം. ശുദ്ധി ചെയ്‌ത ഉപ്പും ഇതില്‍ ചേര്‍ത്ത്‌ പ്രത്യേക ആകൃതിയിലുള്ള പെട്ടികളില്‍ തുണിവെച്ച്‌ അതിലിട്ട്‌ നിറയ്‌ക്കണം. അടുപ്പുകള്‍കൊണ്ട്‌ പെട്ടികള്‍ ഭദ്രമായി മൂടി ചീസ്‌ പ്രസ്സില്‍ വെച്ച്‌ മര്‍ദ്ദിക്കണം. ഒരു ദിവസം കഴിഞ്ഞു ചീസ്‌ പ്രസ്സില്‍നിന്നും പുറത്തെടുക്കുന്ന ചീസ്‌, ബ്രെയിന്‍ ലായനിയില്‍ മൂന്നുനാലു ദിവസങ്ങള്‍ സൂക്ഷിക്കും. അതില്‍നിന്നും പുറത്തെടുത്ത്‌ ചീസ്‌ ഉണങ്ങുമ്പോള്‍ പാരഫിന്‍ മെഴുക്‌ ഉരുക്കി ചീസിന്റെ പുറമേ തേച്ചു പിടിപ്പിക്കണം. ഇപ്രകാരമുള്ള ചീസ്‌ കട്ടകള്‍ ബാക്‌ടീരിയായുടെ പ്രവര്‍ത്തനം മൂലം പാകപ്പെടുന്നതിനായി കോള്‍ഡു സ്റ്റോറുകളില്‍ പല മാസങ്ങള്‍ സൂക്ഷിക്കേണ്ടതാണ്‌.
പോഷകമൂല്യമുള്ള ഈ ആഹാരപദാര്‍ത്ഥം എളുപ്പത്തില്‍ ദഹിത്തു ചേരാവുന്ന രീതിയിലുള്ളതാണ്‌. മാംസപേശികളുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രോട്ടീനും അസ്ഥികളുടെ വളര്‍ച്ചയ്‌ക്കാവശ്യമായ കാല്‍സ്യവും ഊര്‍ജ്ജം തരുന്ന ലാക്‌ടോസും ഇതില്‍ അടങ്ങിയിരിക്കുന്നു.

കേസിന്‍

പാലില്‍ ക്രീം വേര്‍തിരിച്ച ശേഷമുള്ള സ്‌കിം പാല്‍ കേസിന്‍ ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്‌. സാധാരണയായി പലരും തിരിച്ച പാല്‍ ഉപയോഗശൂന്യമായി കരുതി നഷ്‌ടപ്പെടുത്തുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ തിരിച്ച പാലില്‍നിന്നും കേസിന്‍ നിര്‍മാണം ആധാകരമാണ്‌. റെന്നറ്റ്‌ ചേര്‍ത്ത്‌ സള്‍ഫ്യൂരിക്കാസിഡ്‌, ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ മുതലായവ ചേര്‍ത്തും കേസിന്‍ ഉണ്ടാക്കി വരുന്നു,
കേസിന്‍ പലതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ഉപയോഗപ്രദമായ ഒരു സാധനമാണ്‌. മരുന്നുകള്‍ പാകപ്പെടുത്തുന്നതിനും, പ്ലാസ്റ്റിക്‌ സാധനങ്ങള്‍ നിര്‍മിക്കുന്നതിനും, പെയിന്റ്‌ പോലെയുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്നതിനും വാട്ടര്‍പ്രൂഫ്‌ പേപ്പറുകള്‍ ഉണ്ടാക്കുന്നതിനും, ഷൂ പോളിഷീഷ്‌ പോലെയുള്ള സാധനങ്ങളുണ്ടാക്കുന്നതിനും കേസിന്‍ ഉപയോഗിച്ചു വരുന്നു.
1. ആസിഡ്‌ കേസിന്‍
തിരിച്ച പാലില്‍ നെയ്യുടെ ഭാഗം ഉണ്ടെങ്കില്‍ കേസിന്‍ മെച്ചമായിരിക്കുകയില്ല. നെയ്യ്‌ നിശ്ശേഷം ഇല്ലാതാക്കുന്നതിനായി തിരിച്ച പാല്‍ ഒരു പ്രാവശ്യം കൂടി ക്രീം സെപ്പറേറ്ററില്‍ക്കൂടി തിരിക്കുന്നതു കൊള്ളാം.
ഒരു പാത്രത്തില്‍ തിരിച്ച പാല്‍ എടുക്കണം. അതില്‍ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്‌ ആസിഡ്‌, അസെറ്റിക്‌ ആസിഡ്‌ ഇവയില്‍ ഏതെങ്കിലും ഒന്ന്‌ തുള്ളിതുള്ളിയായി പാത്രത്തില്‍ ചുറ്റിലും ഒഴിക്കണം. നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കുകയും ചെയ്യണം. തിരിച്ച പാലിനകത്തുള്ള കേസിന്‍ കട്ടപിടിച്ചു ചുരുങ്ങുകയും വെള്ളമായിട്ടുള്ള ഭാഗം, വേ (Whey) തെളിഞ്ഞു മാറുകയും ചെയ്യുന്നു. വേയില്‍നിന്നും കേസിന്‍ അരിച്ചു വേര്‍തിരിച്ചെടുക്കണം. അതു തുണിയിലിട്ട്‌ നല്ലവണം ഞെക്കി വെള്ളം മുഴുവനായും മാറ്റിക്കളയണം. ചെറുകഷണങ്ങളായി നുറുക്കിയിട്ട്‌ സൂര്യപ്രകാശത്തിലോ മാറ്റേതെങ്കിലും രീതിയിലോ ഉണക്കിയെടുക്കണം. ഉണക്കിക്കിട്ടുന്ന കേസിന്‍ പായ്‌ക്ക്‌ ചെയ്‌തു സൂക്ഷിക്കാവുന്നതാണ്‌.
2. റെന്നറ്റ്‌ കേസിന്‍
തിരിച്ച പാല്‍ ഏകദേശം 930F വരെ ചൂടാക്കിയിട്ട്‌ 50 കി.ഗ്രാം പാലിന്‌ 4 മുതല്‍ 5 വരെ മി.ലി. റെന്നറ്റ്‌ ചേര്‍ത്ത്‌ ഏകദേശം 30 മിനിട്ടുനേരം അനക്കാതെ വച്ചിരിക്കണം. കട്ടയായിത്തീരുമ്പോള്‍ കഷണങ്ങളായി മുറിച്ചു ചൂടാക്കുകയും ഇളക്കുകയും ചെയ്‌തുകൊണ്ടിരിക്കണം. വെള്ളമായിട്ടുള്ള ഭാഗം നീക്കിക്കളഞ്ഞ്‌ ആദ്യം ചെറിയ ചൂടുവെള്ളത്തിലും പിന്നീട്‌ സാധാരണ വെള്ളത്തിലും കഴുകണം. വെള്ളം മുഴുവനായി നീക്കിക്കളഞ്ഞ ശേഷം ചെറുകഷണങ്ങളായി മുറിച്ച്‌ സൂര്യപ്രകാശത്തിലോ മറ്റുവിധത്തിലോ ഉണക്കാവുന്നതാണ്‌. ഉണങ്ങിയശേഷം കേസിന്‍ പായ്‌ക്ക്‌ ചെയ്‌തു സൂക്ഷിക്കാം.

പാല്‍പ്പൊടി

പാലില്‍നിന്നും വെള്ളം ബാഷ്‌പീകരിച്ചാണ്‌ പാല്‍പ്പൊടയുണ്ടാക്കുന്നത്‌. നനവു കുറഞ്ഞ പാല്‍പ്പൊടി വളരെക്കാലം കേടുകൂടാതെയിരിക്കും. സാധാരണയായി മൂന്ന്‌ വിധത്തില്‍ പാല്‍പ്പൊടിയുണ്ടാക്കി വരുന്നു.
1. ഡൊഫ്‌ ഡ്രൈയിങ്‌ രീതി (Dough Drying)
2. ഫിലിം ഡ്രൈയിങ്‌ രീതി (Film Drying)
3. സ്‌പ്രേ ഡ്രൈയിങ്‌ രീതി (Spray Drying)
ഡൊഫ്‌ ഡ്രൈനിങ്‌ രീതിയില്‍ പാല്‍പ്പൊടിയുണ്ടാക്കുന്നതിന്‌ ആദ്യമായി പാല്‍ കട്ടിയാക്കുന്നു. ഇതിനായി സാധാരണ രീതിയില്‍ ഒരു തുറന്ന പാത്രത്തിലോ ഒരു വാക്വം പാത്രത്തിലോ പാല്‍ ഒഴിച്ചു ചൂടാക്കി വറ്റിക്കുന്നു. ഇപ്രകാരം കിട്ടുന്ന വസ്‌തു പിന്നീട്‌ പൊടിച്ച്‌ നേര്‍മ്മയുള്ള പൊടിയാക്കുന്നു. ഫിലിം ഡ്രൈയിങ്‌ രീതിയില്‍ പാല്‍പൊടിയുണ്ടാക്കുന്നതിന്‌ ഡ്രം മാതിരിയിലുള്ളതും അതില്‍ ചൂടു സംഭരിച്ചിട്ടുള്ളതും സാവധാനത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു വീപ്പയുടെ ഉപരിതലത്തില്‍ സ്‌പര്‍ശിക്കുന്ന പാല്‍ വീപ്പയുടെ ചൂടുകൊണ്ട്‌ പൊടിയായി അതില്‍ പറ്റിപ്പിടിച്ചിരിക്കും. വീപ്പ കറങ്ങുമ്പോള്‍ അതില്‍ ചേര്‍ത്തു ഘടിപ്പിച്ചിരിക്കുന്ന കത്തിപോലെയുള്ള ഉപകരണം വീപ്പയില്‍ ചുരണ്ടിയിട്ടു പാല്‍പ്പൊടി ഒരു പാത്രത്തിലേക്കു വീഴ്‌ത്തിക്കൊണ്ടിരിക്കും. ഇപ്രകാരം ശേഖരിച്ചെടുക്കുന്ന വേറൊരു പൊടിക്കുന്ന യന്ത്രത്തിലിട്ട്‌ മാര്‍ദ്ദവമായി പൊടിച്ചെടുക്കുന്നു.
സ്‌പ്രേ ഡ്രൈയിങ്‌ രീതിയില്‍ പാല്‍പ്പൊടിയുണ്ടാക്കുന്നതിന്‌ ചൂടുവായുവുള്ള ഒരു വീപ്പയിലേക്കു വളരെ ചെറിയ ദ്വാരങ്ങളില്‍കൂടി പാല്‍ വളരെ ശക്തിയായി സ്‌പ്രേ ചെയ്യുന്നു. ചൂടു വായുവുമായി കലര്‍ന്ന്‌ പാലിലുള്ള ജലാംശം ഇല്ലാതായിട്ട്‌ പാല്‍പ്പൊടി വീപ്പയുടെ അകവശത്തും ചുവട്ടിലുമായി പറ്റിപ്പിടിച്ചിരിക്കുന്നു. ഇതു പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള ഒരു ഉപകരണത്തിന്റെ പ്രവര്‍ത്തനഫലമായി ഒന്നിച്ചു ശേഖരിക്കപ്പെടുന്നു. ഇപ്രകാരം ലഭിക്കുന്ന പാല്‍പ്പൊടി അരിച്ചടുത്താല്‍ മതിയാകുന്നതാണ്‌. വീണ്ടും പൊടിക്കേണ്ട ആവശ്യമില്ല. വായുവിന്റെ സമ്പര്‍ക്കം ഇല്ലാതെ ടിന്നലടച്ചും, പ്ലാസ്റ്റിക്‌ ഷീറ്റ്‌, പ്രത്യേകതരം പേപ്പര്‍ മുതലായവയില്‍ പാല്‍പ്പൊടി പായ്‌ക്ക്‌ ചെയ്‌തും സൂക്ഷിച്ചുവരുന്നു.

കോവ

ശുദ്ധമായ പാല്‍ ചൂടാക്കി അതിലടങ്ങിയിരിക്കുന്ന വെള്ളത്തിന്റെ നല്ലൊരംശം വറ്റിച്ചു കുഴമ്പിനെക്കാള്‍ സ്വല്‍പം കൂടി കട്ടിയാക്കി എടുക്കുന്ന ക്ഷീര പദാര്‍ത്ഥമാണു കോവ.
ഒരു ലോഹപാത്രത്തില്‍ നാലഞ്ചു ലിറ്റര്‍ പാല്‍ തുടരെ ഇളക്കിക്കൊണ്ടിരിക്കണം. പാത്രത്തിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കുന്ന പാലിന്റെ അംശങ്ങളെ ചുരണ്ടി പാലിനോടു ചേര്‍ക്കണം. കുഴമ്പുപരുവത്തില്‍ ആകുന്നതുവരെ ശക്തിയായി തിളപ്പിക്കുക. ജലാംശം മിക്കവാറും വറ്റി ഗോളാകൃതിയാകുമ്പോള്‍ ചൂടു കുറയ്‌ക്കണം. തുടരെ ഇളക്കുന്നതുമൂലം പാലിലുള്ള ജലാംശം വേഗം ആവിയായി പോകുന്നതിനും കുഴമ്പുപാകത്തില്‍ എത്തുന്നതിനും സഹായകമാകും.
പാല്‍ നല്ലതുപോലെ കുഴമ്പുപാകത്തിലായെന്നു കണ്ടാല്‍ അടുപ്പില്‍നിന്നും പാത്രം ഇറക്കിവച്ചു നല്ലവണ്ണം ഇളക്കുക. വറ്റിയ പാല്‍ ഉരുകളായി മാറുന്നതു കാണാം. ഇതാണു കോവ. ഇതു സാധാരണയായി മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്നു.

തൈര്‌

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ ഒന്‍പതു ശതമാനവും തൈരാക്കി ഉപയോഗിക്കുകയാണ്‌. പാല്‍ നല്ലവണ്ണം ചൂടാക്കി തിളപ്പിച്ച്‌ അതിലുണ്ടായേക്കാവുന്ന ബാക്‌ടീരിയയെ നശിപ്പിക്കണം. പിന്നീട്‌ പാല്‍ തണുത്ത്‌ അന്തരീക്ഷത്തിലെ ഊഷ്‌മാവിലാകുമ്പോള്‍ കുറേ നല്ല ഉറ അതില്‍ കലര്‍ത്തി അനക്കാതെ വച്ചിരിക്കണം. ഏതാനും മണിക്കൂറുകള്‍കൊണ്ട്‌ ബാക്‌ടീരിയായുടെ പ്രവര്‍ത്തനഫലമായി നല്ല സ്വാദുള്ള തൈരായി രൂപാന്തരപ്പെടുന്നു. പൊതുവില്‍ തൈര്‌ അമ്ല പ്രധാനമാണ്‌.

പാല്‍ സൂക്ഷിക്കുവാന്‍ പാസ്‌ച്ചുറൈസേഷന്‍

പാലിന്റെ ഗുണത്തില്‍ യാതൊരു മാറ്റവും ഉണ്ടാകാതെയും അതേസമയം സൂക്ഷ്‌മാണുജീവികളെ നശിപ്പിക്കുവാന്‍ ഉതകുന്ന വിധത്തിലും ഒരു പ്രത്യേക താപനിലവരെ ചൂടാക്കുകയും പിന്നീട്‌ പെട്ടെന്ന്‌ തണുപ്പിക്കുകയും ചെയ്‌തു വളരെനേരം കേടുവരാതെ സൂക്ഷിക്കുവാന്‍ പാസ്‌ച്ചുറൈസേഷന്‍ രീതികൊണ്ടു കഴിയും.
ഇപ്പോള്‍ രണ്ടു പാസ്‌ച്ചുറൈസേഷന്‍ സമ്പ്രദായങ്ങള്‍ നിലവിലിരിക്കുന്നുണ്ട്‌.
ഹോള്‍ഡര്‍രീതി: ഈ സമ്പ്രദായപ്രകാരം പാല്‍ 630C വരെ ചൂടാക്കി അതേ ചൂടില്‍ 30 മിനിട്ടു നേരം വയ്‌ക്കുന്നു.
ഫ്‌ളാഷ്‌ രീതി (HTST): പാല്‍ 1600F വരെ ചൂടാക്കി 15 സെക്കന്റ്‌ നേരം വയ്‌ക്കുന്നു. ഇപ്പോള്‍ സാധാരണയായി പാല്‍ പാസ്‌ച്ചുറൈസ്‌ ചെയ്യുന്നത്‌ ഈ രീതിയിലാണ്‌. ഇപ്രകാരം സംസ്‌കരിച്ചെടുക്കുന്ന പാലില്‍ 90-95 ശതമാനം സൂക്ഷ്‌മാണുക്കളും നഷ്‌ടപ്പെടും. പാസ്‌ച്ചുറൈസ്‌ ചെയ്‌ത പാലില്‍ വീണ്ടും സൂക്ഷ്‌മാണുക്കളും നഷ്‌ടപ്പെടും. പാസ്‌ച്ചുറൈസ്‌ ചെയ്‌ത പാലില്‍ വീണ്ടും സൂക്ഷ്‌മാണുക്കള്‍ കടന്നുകൂടാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. കൂടാതെ പാലില്‍ നശിപ്പിക്കപ്പെടാതെ അവശേഷിക്കുന്ന സൂക്ഷ്‌മാണുക്കളെ പ്രവര്‍ത്തനരഹിതമാക്കാന്‍ ആവശ്യമായ തണുപ്പുള്ള മുറിയില്‍ (400F) പാല്‍ സൂക്ഷിക്കേണ്ടതാണ്‌.
പാല്‍ പാസ്‌ച്ചുറൈസ്‌ ചെയ്യുന്നതുകൊണ്ട്‌ കൂടുതല്‍ സമയത്തേക്കു കേടുകൂടാതെ സൂക്ഷിക്കുന്നതിനും വിദൂരസ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കുന്നതിനും സാധിക്കുന്നു. പാസ്‌ച്ചുറൈസ്‌ ചെയ്യുന്നതുകൊണ്ട്‌ പാലിലെ പോഷകാംശങ്ങള്‍ക്കു യാതൊരു മാറ്റവും വരുന്നില്ല. സൂക്ഷ്‌മാണുക്കള്‍ ഇല്ലാത്തതുകൊണ്ട്‌ ആഹാരമായി പാല്‍ ഉപയോഗിക്കാവുന്നതാണ്‌.

ജൈവപാല്‍

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും ഫലമായി ദേശീയ അന്തര്‍ദ്ദേശീയതലത്തില്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വിപണനത്തിന്‌ വലിയ മല്‍സരം തന്നെ നടക്കുകയാണ്‌.
പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വിപണിയെ ബാധിക്കുന്ന പ്രധാന പ്രശ്‌നം ഇവയുടെ ഗുണമേന്മക്കുറവാണ്‌. നമ്മുടെ ഉല്‍പ്പന്നങ്ങളിലുള്ള കീടനാശിനികളുടെയും ആന്റിബയോട്ടിക്കുകളുടെയും ഉയര്‍ന്ന അളവ്‌ അന്തര്‍ദ്ദേശീയ വിപണിയില്‍ നമ്മുടെ ഉല്‍പ്പന്നങ്ങളെ സ്വീകാര്യമല്ലാതാക്കുന്നു. ഗുണമേന്മക്കുറവ്‌ പ്രാദേശിക വിപണിയെയും ബാധിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന്റെ പല ഭാഗത്തും ഇടയ്‌ക്കിടെ റിപ്പോര്‍ട്ട്‌ ചെയ്‌തുകൊണ്ടിരിക്കുന്ന ഭ്രാന്തിപ്പശുരോഗം, ജപ്പാന്‍ജ്വരം, ആന്ത്രകാസ്‌ എന്നീ ജന്തുജന്യരോഗങ്ങള്‍ മൂലം ജന്തുജന്യ ഉല്‍പ്പന്നങ്ങളോട്‌ ജനങ്ങള്‍ക്ക്‌ പൊതുവേ താല്‍പര്യം കുറഞ്ഞുവരികയാണ്‌. അതുകൊണ്ടുതന്നെ വികസിതരാജ്യങ്ങളിലും, ഒരു പരിധിവരെ വികസ്വരരാജ്യങ്ങളിലുമുള്ളവര്‍, ജൈവ ഉല്‍പ്പന്നങ്ങളെ സ്വീകരിക്കുവാന്‍ മുന്നോട്ടുവന്നു.
അറുപതുകളിലാരംഭിച്ച ജൈവകൃഷി പല രാജ്യങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. ജൈവകൃഷി പോലെതന്നെ ജൈവപാലും ഉല്‍പ്പാദിപ്പിച്ചു തുടങ്ങി. ജൈവക്ഷീരോല്‍പ്പന്നങ്ങളുടെ വിപണനസാധ്യത സംബന്ധിച്ചുള്ള വിവിധ പഠനങ്ങളില്‍നിന്നും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആകെ ക്ഷീരോല്‍പ്പന്നങ്ങളുടെ വിപണനത്തിന്‍രെ 15 ശതമാനം ജൈവക്ഷീരോല്‍പ്പന്നങ്ങള്‍ കൈയടക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ ലഭിക്കുന്ന പാലില്‍ പലതരത്തിലുള്ള മായങ്ങളും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കുന്നുണ്ട്‌. അതിനു പുറമേ പശുവിനു കൊടുക്കുന്ന തീറ്റകള്‍ വഴി പാലിലെത്തുന്നത്‌ ഡി.ഡി.റ്റി., ബി.എച്ച്‌.സി., എന്റോസല്‍ഫാന്‍ തുടങ്ങിയ കീടനാശിനികളാണ്‌. ഇതിനെല്ലാം പുറമേ ശുചിത്വക്കുറവുമൂലം മാരകങ്ങളായ പലതരം ബാക്‌ടീരിയകളും പാലില്‍ കടന്നെത്തുന്നു.
പാലിലും പാലുല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന എന്നിവയുടെ അളവും
കേരളത്തില്‍ വിപണനം ചെയ്യപ്പെടുന്ന പാലിന്റെ ഗുണമമേന്മയെക്കുറിച്ച്‌ നടന്ന പഠനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി.
27% പാലിലും കൊഴുപ്പിന്റെ അംശം കുറവായിരുന്നു.
28% പാലിലും മായം ചേര്‍ത്തിരുന്നു. പഞ്ചസാര, വെള്ളം, അമോണിയം സള്‍ഫേറ്റ്‌, സോപ്പ്‌ എന്നിവ പാലില്‍ കകണ്ടെത്തി.
24% പാലിലും കൊഴുപ്പ്‌ കുറവായിരുന്നു.
20% പാലിലും മനുഷ്യന്റെ വിസര്‍ജ്യത്തില്‍ കാണുന്ന ഇ.കോളൈ ബാക്‌ടീരിയയെ കണ്ടെത്തി. ഇതിനുപുറമേ പലതരത്തിലുള്ള ആന്റിബയോട്ടിക്കുകളും, ഹോര്‍മോമുകളും പാലില്‍ കണ്ടെത്തി. പാലിലൂടെ പകരാന്‍ സാധ്യതയുള്ള രോഗങ്ങളാണ്‌ ക്ഷയം, ബ്രൂസല്ലോസിസ്‌, ആന്ത്രാക്‌സ്‌, സാള്‍മണല്ലോസിസ്‌, മഞ്ഞപ്പിത്തം എന്നിവ.
ഒരു സമ്പൂര്‍ണ്ണ ആഹാരമെന്ന്‌ നാം വിശേഷിപ്പിക്കുന്ന പാല്‍ ഇത്രയും മോശമാകാന്‍ കാരണം ഉല്‍പ്പാദനപ്രക്രിയയില്‍ നാം ജാഗരൂകരാകാത്തതു കൊണ്ടാണ്‌. ഗുണമേന്മയുള്ള പാല്‍ ഉല്‍പ്പാദിപ്പിക്കാനും അതുവഴി പ്രാദേശിക ഉപഭോഗം വര്‍ധിപ്പിക്കുവാനും ഒരു പരിധിവരെ വിദേശവിപണി കണ്ടെത്താനും കഴിയും

എന്താണ്‌ ജൈവപാല്‍?

രോഗമില്ലാത്ത കന്നുകാലികള്‍ക്ക്‌ കീടനാശിനിയോ രാസവളമോ ഉപയോഗിക്കാതെ പ്രകൃതിദത്തമായി ഉല്‍പ്പാദിപ്പിച്ച്‌ കാലിത്തീറ്റയും പച്ചപ്പുല്ലും കൊടുത്ത്‌ ഉല്‍പ്പാദിപ്പിക്കുന്ന പാലാണ്‌ ജൈവപാല്‍.
കേന്ദ്രവാണിജ്യ-വ്യവസായവകുപ്പ്‌ ജൈവ പാലുല്‍പ്പാദനത്തിന്‌ വേണ്ട മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയുണ്ടായി. ഇതുപ്രകാരം മൃഗങ്ങളെ അവയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്കിണങ്ങുന്ന അവസ്ഥയില്‍ വളര്‍ത്തണം. അവയ്‌ക്കാവശ്യമായ ചലനസ്വാതന്ത്ര്യം നല്‍കണം. ആവശ്യമായ ശുദ്ധമായ വായുവും സൂര്യപ്രകാശവും ലഭിക്കുകയും വേണം. എന്നാല്‍ അവയ്‌ക്ക്‌ സഹിക്കുവാന്‍ കഴിയുന്നതിനുമപ്പുറമുള്ള ചൂടും മഴയും നിയന്ത്രിക്കേണ്ടതാണ്‌. മൃഗങ്ങളെ ഒറ്റയ്‌ക്ക്‌ കൂട്ടിലിട്ടു വളര്‍ത്താന്‍ പാടില്ല.
ജൈവമൃഗപരിപാലനരീതി നടപ്പാക്കുന്നതിന്‌ അല്‍പം സമയമെടുക്കും. ഇതിനെ പരിവര്‍ത്തനകാലം എന്നു പറയുന്നു. ജൈവപാലുല്‍പ്പാദിപ്പിക്കുവാന്‍ വേണ്ടത്‌ 1 വര്‍ഷമാണ്‌. ഒരു വര്‍ഷത്തിനുശേഷം പാലും പാലുല്‍പ്പാദത്തെയും ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ചത്‌ എന്ന ലേബലോടെ വില്‍ക്കാവുന്നതാണ്‌. പരിവര്‍ത്തനസമയത്തുള്ള പാലും പാലുല്‍പ്പന്നങ്ങളും പരിവര്‍ത്തനകാലത്ത്‌ ഉല്‍പ്പാദിപ്പിച്ചത്‌ എന്ന രീതിയില്‍ വിപണനം നടത്താം.
ജൈവപാലുല്‍പ്പാദനത്തിനു വേണ്ടി വളര്‍ത്തുന്നവ ജൈവകൃഷിയിടത്തില്‍ ജനിച്ചു വളരുന്നവയായിരിക്കണം. ജൈവ കന്നുകാലികളെ ലഭ്യമല്ലാതെ വന്നാല്‍ 4 ആഴ്‌ച പ്രായമായ പശുക്കുട്ടികളെ പരമ്പരാഗതമായി വളര്‍ത്തുന്ന ഫാമില്‍നിന്നും വാങ്ങാവുന്നതാണ്‌. വംശവര്‍ധനയ്‌ക്കായി തിരഞ്ഞെടുക്കുന്ന ഇനങ്ങളെ പരമ്പരാഗത കൃഷിയിടത്തില്‍നിന്നും പത്തു ശതമാനം വരെ കൊണ്ടുവരാന്‍ അനുവാദമുണ്ട്‌. എന്നാല്‍ അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളിലും, കൃഷിയിടത്തിന്റെ വിസ്‌തൃതി ഗണ്യമായി കുറയുന്ന അവസരത്തിലും ചെറിയ കൃഷിയിടത്തിലും 10 ശതമാനത്തില്‍ കൂടുതല്‍ കൊണ്ടുവരാന്‍ അനുവദിക്കും.
പ്രജനനത്തിന്‌ പ്രകൃത്യാലുള്ള രീതിയാണ്‌ അഭികാമ്യം. എന്നാല്‍ കൃത്രിമബീജാദാനം അനുവദിച്ചിട്ടുണ്ട്‌. ഭ്രൂണമാറ്റം അനുവദനീയമല്ല. മൃഗങ്ങളെ വേദനിപ്പിക്കാത്ത രീതിയിലുള്ള വരിയുടയ്‌ക്കല്‍, കൊമ്പുമുറിക്കല്‍ എന്നിവയും അനുവദിച്ചിട്ടുണ്ട്‌.
ജൈവപാലുല്‍പ്പാദനത്തിലെ ഏറ്റവും വലിയ കടമ്പതീറ്റ നല്‍കുന്നതിലെ മാനദണ്ഡങ്ങളാണ്‌. തീറ്റയുടെ 50% അതാതു കൃഷിയിടങ്ങളിലെ നിന്നുതന്നെ ഉണ്ടായതാവണം. ജൈവഫാമുകളില്‍നിന്നും തീറ്റകള്‍ കിട്ടാതെ വന്നാല്‍ 15% വരെ തീറ്റ പരമ്പരാഗത കൃഷിയിടത്തില്‍നിന്നും കൊണ്ടുവരാം. എന്നാല്‍ അഞ്ചു വര്‍ഷത്തിനുശേഷം ഇത്‌ 10 ശതമാനമാക്കി കുറയ്‌ക്കണം. എന്നാല്‍ കാലാവസ്ഥയിലുണ്ടാകുന്ന കഠിനമായ മാറ്റങ്ങളിലും ജൈവകൃഷി അതിന്റെ പ്രാഥമിക അവസ്ഥയിലാണെങ്കിലും ഈ അളവില്‍ മാറ്റം വരുത്താവുന്നതാണ്‌.
തീറ്റയില്‍ താഴെ പറയുന്നവ ഒന്നുംതന്നെ ചേര്‍ക്കരുത്‌
1. കൃത്രിമ വളര്‍ച്ചാസഹായികള്‍
2. വിശപ്പുണ്ടാക്കുന്ന കൃത്രിമ വസ്‌തുക്കള്‍
3. പ്രിസര്‍വേറ്റീവുകള്‍
4. കൃത്രിമ നിറങ്ങള്‍
5. യൂറിയ
6. കശാപ്പുശാലയിലെ അവശിഷ്‌ടങ്ങള്‍
7. വിസര്‍ജ്യവസ്‌തുക്കള്‍
8. ലായകമുപയോഗിച്ചുണ്ടാക്കുന്ന പിണ്ണാക്കുകള്‍
9. ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത തീറ്റകള്‍
മൃഗചികില്‍സയ്‌ക്ക്‌ ആയുര്‍വേദം, ഹോമിയോ, യുനാനി, അക്യുപങ്‌ചര്‍ തുടങ്ങിയ രീതികള്‍ അവലംബിക്കണം. ചെടികളുപയോഗിച്ചുകൊണ്ടുള്ള നാടന്‍ രീതികളും അനുവദിച്ചിട്ടുണ്ട്‌.
അപൂര്‍വ്വം അവസരങ്ങളില്‍ മറ്റ്‌ വഴികളില്ലെങ്കില്‍ അലോപ്പതി ചികില്‍സ നടത്താം. എന്നാല്‍ ആ മൃഗത്തിന്റെ പാലും ഇറച്ചിയും ഉപയോഗിക്കുവാനുള്ള കാലാവധി സാധാരണയില്‍നിന്നും ഇരട്ടിയായിരിക്കും.
പ്രത്യുല്‍പ്പാദന തകരാറുകള്‍ക്ക്‌ വേറെ വഴികളില്ലെങ്കില്‍ ഹോര്‍മോണ്‍ ചികില്‍സ ചെയ്യാം. അപ്പോഴും കാലാവധി ഇരട്ടിയായിരിക്കും. മൃഗങ്ങളെ കൊണ്ടുപോകുന്ന അവസരത്തില്‍ മൃഗക്ഷേമം ഉറപ്പു വരുത്തണം.
കേരളത്തില്‍ ഈ രീതിയില്‍ കന്നുകാലി വളര്‍ത്തല്‍ സാധ്യമാകുമോ എന്നു സംശയം തോന്നാം. ജൈവകൃഷി അവലംബിക്കുന്ന നൂറുകണക്കിനു കൃഷിക്കാര്‍ കേരളത്തിലുണ്ട്‌. ഇവരുടെ കൃഷിയിടത്തില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ ജൈവമൃഗമായിരിക്കും. ജൈവപറമ്പില്‍നിന്ന്‌ ലഭിക്കുന്ന കൃഷി അവശിഷ്‌ടങ്ങള്‍ തീറ്റയായി നല്‍കാം. അതിനു പുറമേ ശീമക്കൊന്ന, പീലിവാക എന്നിവ വേലികളില്‍ കൃഷി ചെയ്യാം. പ്ലാവ്‌, തെങ്ങ്‌ തുടങ്ങിയ ഫോര്‍ഡര്‍ മരങ്ങളുടെ ഇലയും ജൈവതീറ്റയാണ്‌. ജൈവരീതിയില്‍ ഇനങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന അത്യുല്‍പ്പാദനശേഷിയുള്ള അസോളയും തീറ്റയായി ഉപയോഗിക്കും. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന മള്‍ബറിയില, വാഴയില എന്നിവയും കന്നുകാലികള്‍ക്ക്‌ തീറ്റയായി നല്‍കാം. ചക്ക, മഴമരത്തിന്റെ കായ, പുളിങ്കുരു എന്നിവയും ജൈവ തീറ്റതന്നെയാണ്‌. പൊക്കാളി നെല്‍വയലുകളില്‍ ജൈവനെല്‍കൃഷി തുടങ്ങിയാല്‍ അതില്‍നിന്നു കിട്ടുന്ന വൈക്കോലും തവിടും ജൈവതീറ്റയായിരിക്കും.
ജൈവരീതിയില്‍ പരിപാലിക്കുന്ന മൃഗത്തിനു പൊതുവേ രോഗങ്ങള്‍ കുറവായിരിക്കും. കൂടാതെ അവയുടെ ഉല്‍പ്പാദനകാലയളവ്‌ കൂടുകയും ചെയ്യും. ചികില്‍സാച്ചെലവുകളും കുറഞ്ഞിരിക്കും. പാലിന്റെ ഉല്‍പ്പാദനം കുറച്ചു കണ്ടാലും വിലയില്‍ നല്ല മാറ്റമുള്ളതിനാല്‍ ബുദ്ധിമുട്ടുണ്ടാകില്ല.
ജൈവപാലിന്‌ നല്ല വിപണിയുള്ളതായി നഗരങ്ങളില്‍ നടത്തിയ സര്‍വെ കാണിക്കുന്നു. ലിറ്ററിന്‌ ....... രൂപയ്‌ക്കുപോലും ആളുകള്‍ ജൈവപാല്‍ വാങ്ങിക്കുവാന്‍ തയാറാണ്‌.
ജൈവപാലിന്റെ അന്തര്‍ദേശീയ വിപണിയും കണ്ടെത്താന്‍ കഴിയും. വൈവിധ്യമാര്‍ന്ന ഔഷധച്ചെടികളുടെ കലവറയായ കേരളത്തില്‍ മൃഗചികില്‍സയ്‌ക്കും ആയുര്‍വേദത്തെയും നാട്ടറിവുകളെയും ഒരു പരിധിവരെ ആശ്രയിക്കാവുന്നതാണ്‌. മൃഗചികില്‍സക്കാവശ്യമായ ആയുര്‍വേദ മരുന്നുകള്‍ക്കു വിദേശങ്ങളില്‍ വന്‍ ഡിമാന്റാണുള്ളത്‌.

പാലിലെ മായം

പാലില്‍ വെള്ളം ചേര്‍ത്തും പാലില്‍ ലയിച്ചു ചേരുന്ന പഞ്ചസാര, അരിമാവ്‌ മുതലായവ കലര്‍ത്തിയുമാണ്‌ മായം ചേര്‍ക്കുന്നത്‌. കൂടാതെ പാലിലുള്ള കൊഴുപ്പിന്റെ കുറെ ഭാഗം എടുക്കുകയും തിരിച്ചപാല്‍ ചേര്‍ക്കുകയും ചെയ്യുന്നുണ്ട്‌. ചില പരീക്ഷണങ്ങള്‍ മൂലം പാലില്‍ മായം ചേര്‍ക്കുന്നതു കണ്ടുപിടിക്കാവുന്നതാണ്‌.
പാലിന്റെ ആപേക്ഷികസാന്ദ്രത ചുരുങ്ങിയിട്ടുണ്ടെയിലോ, കൊഴുപ്പിന്റെയും ഇതരദ്രവ്യങ്ങളുടെയും ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലോ പാലില്‍ വെള്ളം ചേര്‍ത്തിട്ടുള്ളതായി അനുമാനിക്കാം. ഇതിനു സാധാരണയായി റീഡിങ്‌ നോക്കി കണ്ടുപിടിക്കുന്നു. റീഡിങ്‌ നോക്കി കണ്ടുപിടിക്കുന്നു. ലാക്‌ടോ മീറ്റര്‍ കൊണ്ടു പരിശോധിക്കുമ്പോള്‍ പാലിന്റെ ഊഷ്‌മാവുകൂടി കണക്കിലെടുക്കേണ്ടതാണ്‌.
വെണ്ണയുടെ ശതമാനം ചുരുങ്ങിയും ഇതര ഘനദ്രവ്യങ്ങളുടെ ശതമാനവും ആപേക്ഷികസാന്ദ്രതയും കൂടിയും കണ്ടാല്‍ പാലില്‍നിന്നും വെണ്ണ എടുത്തതായി അനുമാനിക്കാം. ഇതിന്‌ പാലിലുള്ള നെയ്യുടെ ശതമാനം ഗേര്‍ബര്‍ പരീക്ഷണം വഴി കണ്ടുപിടിക്കാവുന്നതാണ്‌. പശുവിന്‍ പാലിന്‌ സാധാരണ 4.5 ശതമാനം നെയ്യ്‌ കാണുന്നതാണ്‌.
ഒരു ടെസ്റ്റ്‌ട്യൂബില്‍ 5 മി.ലി. പാലെടുത്ത്‌ ഏതാനും തുള്ളി അയോഡിന്‍ ഒഴിക്കണം. നല്ലവണ്ണം കുലുക്കിയതിനുശേഷം പരിശോധിച്ചാല്‍ നീലനിറമാണെങ്കില്‍ പാലില്‍ അരിമാവു ചേര്‍ത്തിട്ടുണ്ടെന്നു മനസിലാക്കാം.
ഒരു ടെസ്റ്റ്‌ട്യൂബില്‍ 5 മി.ലി. പാല്‍ എടുത്ത്‌ അതില്‍ അല്‍പം റെസാസുറിയന്‍ ചേര്‍ത്തു കുലുക്കണം. അതില്‍ 5 മി.ലി. ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ കൂടി ചേര്‍ക്കുക. നല്ലതുപോലെ കുലുക്കിയശേഷം ചൂടുവെള്ളത്തില്‍ ഏതാനും മിനിട്ടുകള്‍ വച്ചശേഷം പരിശോധനയില്‍ ഇളം ചുവപ്പു നിറമാണു കാണുന്നതെങ്കില്‍ പാലില്‍ പഞ്ചസാര ചേര്‍ന്നിട്ടുള്ളതായി അനുമാനിക്കാം.
പാലില്‍ വെള്ളം ചേര്‍ത്താല്‍ ലാക്‌ടോമീറ്റര്‍ റീഡിങ്‌ കുറവായി കാണിക്കും. എന്നാല്‍ പാലില്‍ വെള്ളം ചേര്‍ത്തതിനുശേഷം അരിമാവ്‌, പഞ്ചസാര, പാല്‍പ്പൊടി മുതലായവയും കൂടി ചേര്‍ത്താല്‍ ലാക്‌ടോ മീറ്റര്‍ റീഡിങ്‌ കൂടുതലായി കാണിക്കും.
പാല്‍ഗുണനിലാവരം പരിശോധനയ്‌ക്ക്‌ ഇന്ന്‌ ആധുനികയന്ത്രങ്ങള്‍ ലഭ്യമാണ്‌. മില്‍കോടെസ്റ്റര്‍ ഉപയോഗിച്ചാല്‍ കൊഴുപ്പും, എസ്‌.എന്‍.എഫും അറിയാന്‍ കഴിയും.

ചാണകം

പശുവിനും അതിന്റെ ചാണകത്തിനും പണ്ടു മുതലേ ഭാരതീയര്‍ നല്‍കിപ്പോരുന്ന പ്രാമുഖ്യം സുവിദിതമാണല്ലോ. ഒരു കാര്‍ഷികരാജ്യമായ ഇന്ത്യയിലെ ഗ്രാമീണജനതയുടെ ജീവിതത്തോട്‌ അവയ്‌ക്ക്‌ അഭേദ്യമായ ബന്ധമുള്ളതിനാല്‍ അത്ഭുതപ്പെടാനില്ല. കൃഷിക്കു വളം ചേര്‍ക്കുന്നതിനാണ്‌ മുഖ്യമായും ചാണകം ഉപയോഗിക്കുന്നത്‌. എന്നാല്‍ ചാണകഗ്യാസ്‌ പ്ലാന്റ്‌ കണ്ടുപിടിച്ചതോടെ ശാസ്‌ത്രീയയുഗത്തില്‍ ജീവിക്കുന്ന ആധുനിക ഭാരതീയര്‍ക്കും ചാണകം ഒരു വിശിഷ്‌ട സാധനമായിത്തീര്‍ന്നിരിക്കുന്നു.
കൃഷികള്‍ക്ക്‌ ഉപയുക്തമായ വളം
ചെലവും ബുദ്ധിമുട്ടു കുറഞ്ഞതും കൃഷികള്‍ക്ക്‌ ഏറ്റവും അനുയോജ്യവുമായ ഒരു വളമാണ്‌ ചാണകം. ഒരു പശുവില്‍നിന്നും ഒരാണ്ടില്‍ എട്ടു ടണ്‍ ചാകണം ലഭിക്കുന്നുണ്ടെന്നുള്ള വസ്‌തുത പലരും മനസിലാക്കിയിരിക്കുകയില്ല. ലോകത്തിലാകെയുള്ള കന്നുകാലികളുടെ നാലിലൊന്നു ഭാഗം ഇന്ത്യയിലാണ്‌. ഒരു കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ ഇങ്ങനെ ലഭിക്കുന്ന വളം കൃഷികള്‍ക്ക്‌ അത്യന്താപേക്ഷിതമാണ്‌. എന്നാല്‍ നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ കന്നുകാലികളില്‍നിന്നും ലഭിക്കുന്ന വളത്തില്‍ പകുതിപോലും കൃഷിസ്ഥലങ്ങളില്‍ ചെന്നെത്തുന്നില്ല. ചാണകത്തില്‍ വലിയൊരു പങ്ക്‌ ഉണക്കി വിറകിനായി ഉപയോഗിക്കുന്നു. മറ്റുള്ളത്‌ നിശ്ചിതസ്ഥാനങ്ങളില്‍ സൂക്ഷിക്കാത്തതുമൂലം വെയില്‍കൊണ്ടും മഴ നനഞ്ഞും കുറേ നഷ്‌ടപ്പെട്ടതിനുശേഷമാണ്‌ കൃഷികള്‍ക്ക്‌ ഉപയോഗിക്കുന്നത്‌.
കന്നുകാലികള്‍ക്കു കിടക്കുന്നതിനായി തീറ്റയ്‌ക്ക്‌ ഉപയോഗിക്കാത്ത വൈക്കോല്‍, ഇലകള്‍, അറക്കപ്പൊടി മുതലായ സാധനങ്ങള്‍ വിരിച്ചുകൊടുത്താല്‍ അതില്‍ മൂത്രവും മറ്റു ചേര്‍ന്നു നല്ല വളമായി രൂപാന്തരപ്പെടുന്നു. ദിവസവും തൊഴുത്തു വൃത്തിയാക്കി ഒരു കുഴിയില്‍ ഈ സാധനങ്ങള്‍ ശേഖരിക്കുകയോ തൊഴുത്തില്‍ ദിവസവും ഓരോ അടുക്ക്‌ പുതിയ വൈക്കോല്‍ വിരിച്ചുകൊടുക്കുകയോ ചെയ്‌ത്‌ ഇവ സൂക്ഷിക്കാവുന്നതാണ്‌. നാലഞ്ചു മാസത്തിനകം ഏറ്റവും നല്ല വളമായി ഇവ രൂപാന്തരപ്പെടും. എല്ലാ ദിവസവും കുറേ സൂപ്പര്‍ ഫോസ്‌ഫേറ്റ്‌ വിതറി മൂത്രവുമായി യോജിപ്പിച്ചാല്‍ കൃഷികള്‍ക്ക്‌ അത്യുത്തമമായ വളമായിത്തീരും.
കന്നുകാലിവളം മഴ നനയാതെ സൂക്ഷിച്ചില്ലെങ്കില്‍ 40 ശതമാനത്തോളം പോഷകയോഗ്യമായ സാധനങ്ങള്‍ വളത്തില്‍നിന്നും നഷ്‌ടപ്പെടുന്നതാണ്‌. മൂന്ന്‌ അടി താഴ്‌ച, നാലോ അഞ്ചോ അടി വീതി, പതിനഞ്ചോ ഇരുപതോ അടി നീളം ഇവയോടുകൂടി ഒരു കുഴിക്കു മേല്‍ക്കൂര ഉണ്ടാക്കി ചാണകവും മൂത്രവും കൂടി ശേഖരിച്ചു സൂക്ഷിച്ചാല്‍ വളത്തിന്റെ ഗുണത്തിനു മാറ്റമൊന്നും സംഭവിക്കുന്നില്ല.

ചാണകത്തില്‍നിന്നു വാതകോല്‍പ്പാദനം

ചാണകത്തില്‍നിന്നു വാതകോല്‍പ്പാദനം
ചാണകം പ്രധാനമായും കൃഷികള്‍ക്ക്‌ വളത്തിനായിട്ടാണല്ലോ ഉപയോഗിക്കുന്നത്‌. എന്നാല്‍ വിറകിനു ക്ഷാമമുള്ള ചില പ്രദേശങ്ങളില്‍ ചാണകം ഉണക്കി (വറളികളാക്കി) തീ കത്തിക്കാന്‍ ഉപയോഗിക്കുന്നുണ്ട്‌. ഇന്ത്യയില്‍ ഏകദേശം അമ്പതു ശതമാനം ചാണകം വിറകിനാണ്‌ ഉപയോഗിക്കുന്നത്‌. വിറകിന്റെ ക്ഷാമം പരിഹരിക്കുവാന്‍ മറ്റൊരു മാര്‍ഗം കണ്ടുപിടിച്ചാല്‍ ഇപ്പോള്‍ തീ കത്തിക്കാനുപയോഗിക്കുന്ന ചാണകം കൂടി ഇവിടത്തെ ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കാമായിരുന്നു. ഈ പ്രശ്‌നം ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശ്രദ്ധയ്‌ക്കും വിഷയമായി. അതിന്റെ ഫലമായി ചാണകം കൃഷിക്കും വിറകിനുപകരമായി ഗ്യാസ്‌ ശേഖരിച്ചു തീ കത്തിക്കാവുന്നതുമായ ഒരു പദ്ധതി കണ്ടുപിടിക്കുകയുണ്ടായി.
ചാണകത്തില്‍നിന്നുണ്ടാകുന്ന മീഥേല്‍ എന്ന വാതകം കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അവരുടെ കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളിലും വീടുകളിലും അടുപ്പുകളഇല്‍ തീ കത്തിക്കുന്നതിനും വിളക്കുകള്‍ കത്തിക്കുന്നതിനും ആദായകരമായി ഉപയോഗിക്കാം. ചാണകം മാത്രമല്ല കന്നുകാലികളുടെ മൂത്രവും വേഗം ചീഞ്ഞഴുകുന്ന തരം പച്ചിലകളും ഉപയോഗശൂന്യമായ മറ്റു സാധനങ്ങളും വാതകോല്‍പ്പാദനം നിര്‍മിക്കാന്‍ മതിയാകും. ഒന്നോ രണ്ടോ വര്‍ഷം വിറകിനും മണ്ണെണ്ണയ്‌ക്കും മറ്റുമായി ചെലവഴിക്കേണ്ടി വരുന്ന തുകയോ ഇത്തരം ഒരു പ്ലാന്റ്‌ നിര്‍മിക്കുന്നതിനാകുകയുള്ളൂ. പ്രാരംഭച്ചെലവുകള്‍ വഹിച്ചുകഴിഞ്ഞാല്‍ പിന്നീട്‌ വര്‍ഷംതോറും പണം ചെലവഴിക്കേണ്ടി വരികയില്ല. നിരവധി സ്ഥാപനങ്ങളും ഏജന്‍സികളും ഇതിലേക്കായി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്‌.
ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന വാതകം വളരെ മെച്ചപ്പെട്ടതാണ്‌. കൂടാതെ വിറകില്‍നിന്നും മണ്ണെണ്ണയില്‍നിന്നുമുണ്ടാകുന്ന കരിയും പുകയും ഗ്യാസ്‌ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാത്തതിനാല്‍ അടുക്കളയും പാചകോപയോഗത്തിനുള്ള ഉപകരണങ്ങളും വൃത്തിയായിരിക്കും. വിറകും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാരണം നേത്രരോഗങ്ങളും ശ്വാസകോശരോഗങ്ങളും വളരെ വര്‍ധിക്കാനിടയുണ്ട്‌. അത്‌ ഇത്തരം ഗ്യാസ്‌ പ്ലാന്റ്‌ മൂലം ഒഴിവാക്കാം. ഇതിനുപുറമേ പ്രത്യേകതരം മാന്റില്‍ ഉപയോഗിച്ച്‌ വാതകം മൂലം വിളക്കുകള്‍ കത്തിക്കാം. കൂടുതല്‍ ചാണകം ലഭിക്കാന്‍ സാധ്യതയുള്ള കന്നുകാലികള്‍ കത്തിക്കാം. കൂടുതല്‍ ചാണകം ലഭിക്കാന്‍ സാധ്യതയുള്ള കന്നുകാലി വളര്‍ത്തല്‍കേന്ദ്രങ്ങളില്‍ പമ്പ്‌സെറ്റുകളോ പാല്‍ശീതീകരണ യന്ത്രങ്ങളോ പ്രവര്‍ത്തിപ്പിക്കുന്നതിലേക്കും ഈ വാതകം ഉപയോഗിക്കാം.
ഗ്യാസ്‌ പ്ലാന്റുകളിലെ ഉപയോഗം കഴിഞ്ഞു ലഭിക്കുന്ന ചാണകം വളരെ മെച്ചപ്പെട്ടതായിരിക്കും. സാധാരണ ചാണകത്തില്‍ ഉണ്ടായിരിക്കുന്നതിന്റെ ഇരട്ടിയോളം പാക്യജനകം ഗ്യാസ്‌ പ്ലാന്റുകളില്‍ ദഹിച്ച ചാണകത്തില്‍ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്‌. കൂടാതെ ഇപ്രകാരം ദഹിച്ച ചാണകത്തില്‍ കൃഷി നാശകാരികളായ കൃമികളും കീടങ്ങളും കളകളുടെ വിത്തുകളും വളരെ കുറവായിരിക്കും. അങ്ങനെ മെച്ചപ്പെട്ട തരം വളം ഉല്‍പ്പാദിപ്പിക്കുന്നതിലേക്കും ഈ ഗ്യാസ്‌പ്ലാന്റുകള്‍ ഉപകരിക്കുന്നതാണ്‌.

നിര്‍മാണരീതി

അഞ്ചു മുതല്‍ എട്ടു വരെ അംഗങ്ങളുള്ള ഒരു കുടുംബത്തിന്‌ ഏകദേശം 100 ഘനയടി വാതകം പാചകാവശ്യങ്ങള്‍ക്കായി വേണ്ടിവരുമെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. അഞ്ചോ ആറോ കന്നുകാലികളില്‍നിന്നു ലഭിക്കുന്ന ചാണകം കൊണ്ട്‌ 100 ഘനയടി വാതകം ദിവസേന ഉല്‍പ്പാദിപ്പിക്കാം. തറനിരപ്പില്‍നിന്ന്‌ ഏതാണ്ട്‌ 15 അടി താഴ്‌ചയും 7 അടി വ്യാസമുള്ള ഒരു കുഴി എടുക്കുക. കുഴിയുടെ അടിഭാഗം 9 ഇഞ്ച്‌ ഘനത്തില്‍ സിമന്റ്‌ കോണ്‍ക്രീറ്റ്‌ ഇടണം. അതിനുശേഷം 4 അടി 6 ഇഞ്ച്‌ ഉള്‍വ്യാസത്തില്‍ കിണറുപോലെ 11 അടി 6 ഇഞ്ച്‌ പൊക്കത്തില്‍ കെട്ടുക.
ചാണകവും വെള്ളവും കലക്കുവാന്‍ കുഴിയുടെ സൗകര്യപ്രദമായ ഒരു ഭാഗത്തുനിന്ന്‌ ഏകദേശം 18 അടി നീളവും 4 ഇഞ്ച്‌ വ്യാസവുമുള്ള ഒരു സിമന്റു കുഴല്‍ കിണറിന്റെ അടിഭാഗത്തേക്ക്‌ ഇറക്കിയിരിക്കണം. കുഴലിന്റെ ചുവടറ്റം അടിത്തറയില്‍നിന്നും ഒന്നോ ഒന്നരയോ അടി പൊങ്ങിയും ഏതാണ്ട്‌ മധ്യത്തായും ഉറപ്പിക്കണം. ചാണകവും വെള്ളവും തുല്യയളവില്‍ നന്നായി കലക്കി കുഴിയിലേക്ക്‌ ഒഴുക്കിവിടുന്നതിനാണ്‌ ഈ കുഴല്‍.
4 അടി 6 ഇഞ്ച്‌ ഉള്‍വ്യാസത്തിലും 11 അടി 6 ഇഞ്ച്‌ പൊക്കത്തിലും കിണര്‍ കെട്ടിയശേഷം സെന്‍ട്രല്‍ ഗൈഡ്‌ പൈപ്പും അതിനോടു ചേര്‍ന്ന ഫ്രയിമും വയ്‌ക്കണം. ഫ്രയിം വച്ചതിനുശേഷം ഫ്രയിമിന്റെ പൊക്കത്തില്‍ ഭിത്തി കെട്ടിയുയര്‍ത്തണം. കിണറിനുള്ളിലേക്ക്‌ ചരിഞ്ഞുനില്‍ക്കുന്ന ഒരു അരഞ്ഞാണായി ഈ ഭാഗം കെട്ടേണ്ടതാണ്‌. വാതകകുമിളകളെ വാതക സംഭരണിയിലേക്കു നിയന്ത്രിച്ചു വിടുന്നതിനാണ്‌ ഇത്‌. ഇത്രയും കഴിഞ്ഞാല്‍ ഗൈഡ്‌പൈപ്പില്‍നിന്ന്‌ 2 അടി 8 ഇഞ്ച്‌ ഉള്‍വ്യാസാര്‍ദ്ധത്തില്‍ (5 അടി 4 ഇഞ്ച്‌ വ്യാസം) 3 അടി 6 ഇഞ്ച്‌ പൊക്കത്തില്‍ കിണര്‍ കെട്ടി പൂര്‍ത്തിയാക്കുക.
ചാണകവും വെള്ളവും കലക്കി ഗ്യാസ്‌ പ്ലാന്റിലേക്ക്‌ ഒഴുക്കുന്നതിനുള്ള കുഴല്‍ തറനിരപ്പില്‍നിന്ന്‌ 2 അടിയെങ്കിലും ഉയര്‍ന്നിരിക്കണം. കുഴലിന്റെ മുകള്‍ഭാഗത്ത്‌ ആവശ്യമായ വലിപ്പത്തില്‍ (സാധാരണ 2:2:1½) ഒരു തൊട്ടി ഇഷ്‌ടികയും സിമന്റുമുപയോഗിച്ച്‌ കെട്ടണം. അതുപോലെതന്നെ കിണറിന്റെ അരഞ്ഞാണില്‍നിന്ന്‌ 2 അടി 9 ഇഞ്ച്‌ പൊക്കത്തില്‍, പുറത്തേക്കുവരുന്ന ചാണകം ശേഖരിച്ചുനിര്‍ത്താന്‍ സൗകര്യപ്രദമായ സ്ഥാനത്ത്‌, ഒരു കുഴല്‍ ഉറപ്പിക്കണം. കെട്ടുകനത്തില്‍നിന്ന്‌ ഒരു അടി പുറത്തേക്കു നീണ്ടുനിന്നാല്‍ മതിയാകും ഈ നിര്‍ഗമനക്കുഴല്‍. ഈ കുഴലിനെ പുറത്തേക്കു വരുന്ന ചാണകം ശേഖരിച്ചുനിര്‍ത്താന്‍ ആവശ്യമുള്ള വലിപ്പത്തില്‍ ഉള്ള വളക്കുഴിയുമായി ബന്ധിപ്പിക്കാവുന്നതാണ്‌.
5 അടി വ്യാസവും 3 അടി പൊക്കവുമുള്ള ഒരു പാത്രമാണ്‌ വാതക സംഭരണി. ഇതിന്റെ അടിഭാഗം തുറന്ന്‌ ചുറ്റും മുകള്‍ഭാഗവും 12, 14 ഗേജ്‌ എം.എസ്‌. തകിടുകൊണ്ടു നിര്‍മിച്ചിരിക്കും. ഇതിന്റെ ഉറപ്പിലേക്കായി അകവശത്ത്‌ ഇരുമ്പുകമ്പി ഉപയോഗിച്ച്‌ ഒരു ഫ്രയിം ഉണ്ടായിരിക്കും. ഈ വാതക സംഭരണിയുടെ മധ്യത്തിലൂടെ, കിണറ്റില്‍ ഉറപ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ഗൈഡ്‌ പൈപ്പിനെക്കാള്‍ ½ ഇഞ്ച്‌ വ്യാസം കൂടിയ ഒരു ജി.ഐ. പൈപ്പ്‌ ഉണ്ടായിരിക്കും, വാതകസംഭരണി കിണറ്റില്‍ കമഴ്‌ന്നുകിടക്കുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാതകം അതില്‍ കടക്കുകയും വാതകസമ്മര്‍ദ്ദത്താല്‍ ഉയരുകയും ചെയ്യുന്നു. അപ്പോള്‍ വാതകസംഭരണിയുടെ കീഴ്‌മേലുള്ള ചലനത്തെ നിലയ്‌ക്കു നിര്‍ത്തുവാനാണ്‌ വാതകസംഭരണിയിലുള്ള പൈപ്പും ഗൈഡ്‌ പൈപ്പും സഹായിക്കുന്നത്‌. വാതകസംഭരണിയുടെ മുകളില്‍ മധ്യഭാഗത്തുനിന്ന്‌ ഏതാണ്ട്‌ ഒന്നര അടി വിട്ട്‌ ഒരു മെയിന്‍ വാല്‍വ്‌ ഉണ്ടായിരിക്കണം. അറുപതടിയില്‍ കൂടാത്ത ദൂരമേ ഗ്യാസ്‌ അടുപ്പുകള്‍ക്കും വിളക്കുകള്‍ക്കും പ്ലാന്റില്‍നിന്ന്‌ ഉള്ളുവെങ്കില്‍ ¾ ഇഞ്ച്‌ വീല്‍ വാല്‍വ്‌ മതിയാകും. ¾ ഇഞ്ച്‌ വ്യാസമുള്ള ജി.ഐ. പൈപ്പോ ആല്‍ക്കത്തീന്‍ പൈപ്പോ ഉപയോഗിച്ചു വാതകം കൊണ്ടുപോകാവുന്നതാണ്‌. ഈ വാതകത്തിനു പറ്റിയതരം ഗ്യാസ്‌ അടുപ്പുകളും വിളക്കുകളും ഇപ്പോള്‍ ലഭ്യമാണ്‌.

കടപ്പാട് : ജീവലോകം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate