অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എരുമ ഇനങ്ങള്‍

എരുമ

ഇന്ത്യയില്‍ എരുമകളെ കൃഷിയാവശ്യങ്ങള്‍ക്കും, പാലുല്‍പാദനത്തിനും, ചരക്കു ഗതാഗതത്തിനും ഉപയോഗിക്കുന്നു. എരുമകള്‍ പശുവിനേക്കാള്‍ അധികം പാല്‍ ഉല്‍പാദിപ്പിക്കുന്നു, പാലിന് കൂടുതല്‍ കൊഴുപ്പുണ്ട്. ഒരു വര്‍ഷം ഇന്ത്യയില്‍ മുപ്പത് ദശലക്ഷം ടണ്‍ എരുമ പാല്‍ ഉല്‍പാദിപ്പിക്കുന്നു. ഇന്ത്യയിലെ പ്രധാന ഇനം എരുമകള്‍ ബദാവരി, ജാഫ്രാബാദി, മേഹസാനി, മുറ, നാഗപ്പൂരി, നിലി/രവി, സ്രുതി എന്നിവയാണ്. കേരളത്തില്‍ പ്രധാനമായും മുറ, സ്രുതി എന്നീ രണ്ടുതരം എരുമകളാണ് ഉള്ളത്.

മുറ ഇനത്തില്‍പ്പെട്ട എരുമകള്‍ ഒരു കറവ കാലത്ത് ശരാശരി രണ്ടായിരം മുതല്‍ രണ്ടായിരത്തി അഞ്ഞൂറ് ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നു. സ്രുതി ഇനത്തില്‍പ്പെട്ട എരുമകള്‍ ഒരു കറവ കാലത്ത് ശരാശരി ആയിരത്തി അഞ്ഞൂറ് ലിറ്ററില്‍ താഴെ പാല്‍ ഉല്‍പാദിപ്പിക്കുന്നു.
ജലദൗര്‍ലഭ്യം, മികച്ച ജനുസ്സിന്‍റെ അഭാവം, കൃഷിക്കാര്‍ക്കുള്ള താത്പര്യക്കുറവ് എന്നിവ കേരളത്തില്‍ എരുമവളര്‍ത്തല്‍ വ്യാപകമാകാത്തതിനുള്ള പ്രധാന കാരണങ്ങള്‍. കേരളത്തില്‍ എരുമവളര്‍ത്തല്‍ വ്യാപകമല്ലെങ്കിലും എരുമകളെ ലാഭകരമായി വളര്‍ത്താവുന്നതാണെന്ന തെളിയിച്ചു കഴിഞ്ഞു. നാടന്‍ എരുമകള്‍ക്ക് പാലുത്പാദനം കുററ്വാണ്. എന്നാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ലഭ്യമായ പല നല്ല ജനുസ്സുകളേയും നമുക്കിവിടെ വളര്‍ത്താം.

കേരളത്തിന് അനുയോജ്യമായ എരുമ ജനുസ്സുകള്‍

മെഹ്സാന

മെഹ്സാന
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ സ്വദേശികളായ ഈ ജനുസ്സുകള്‍ മികച്ച പാലുത്പാദനത്തിനും ദീര്‍ഘകാല കറവയ്ക്കും പേരുകേട്ടവയാണ്. സൂര്‍ത്തി, മുറ ജനുസ്സുകളുടെ സങ്കരയിനമാണ് മെഹ്സാന. ഇടത്തരം ശരീരവലിപ്പമുള്ള ഇവയുടെ ശരാശരി തൂക്കം 500 കിലോഗ്രാം വരും. ഒരു കറവയില്‍ 1500 - 2000 കിലോഗ്രാം വരെ പാല്‍ ലഭിക്കും. കറവ 300 ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കും. കൊന്പുകള്‍ക്ക് അരിവാളിന്‍റെ ആകൃതിയാണ്. കഴുത്തിന്‍റെ ത്വക്കില്‍ മടക്കുകളും കാണാം. കാലുകള്‍ക്ക് നീളക്കുറവും കുളന്പുകള്‍ക്ക് വീതി കൂടുതലും കറുത്ത നിറവും ആണ്. വാലിന് സാമാന്യം നീളവും വണ്ണവുമുണ്ട്. വാലിലെ രോമങ്ങള്‍ കറുത്തതാണ്.

സൂര്‍ത്തി


ഗുജറാത്തിലെ തന്നെ പരോട്ടാര്‍, കെയിറ, ബറോഡ, ആനന്ദ് എന്നീ പ്രദേശങ്ങളില്‍ കാണുന്ന ജനുസ്സാണിത്. പ്രായമായ എരുമയ്ക്ക് 600-700 കിലോഗ്രാം ഭാരമുണ്ടാകും. ശാന്തസ്വഭാവമുള്ള ഇതിന് ഉയരം കുററ്വാണ്. സാമാന്യം നീളമുള്ള കൊന്പുകള്‍ പരന്നതും അരിവാളിന്‍റെ ആകൃതിയുമുള്ളതാണ്. കറുത്ത നിററ്വും, തവിട്ടു നിററ്വും കാണാറുണ്ട്. ചില നല്ലയിനം സൂര്‍ത്തികളില്‍ കഴുത്തില്‍ രണ്ടുവെള്ളവരകള്‍ കാണാം. കൊന്പുകള്‍ക്കിടയിലുള്ള ഭാഗം ഉരുണ്ടിരിക്കും. നാസാരന്ധ്രങ്ങളും മൂക്കും വലുതാണ്. ചിലപ്പോള്‍ പുരികങ്ങളില്‍ വെള്ളരോമങ്ങള്‍ കാണാം. സാമാന്യം വലിപ്പമുള്ള ചെവിയുടെ അകം ചുവന്നിരിക്കും. 300 ദിവസത്തെ കറവക്കാലത്ത് 1500 കിലോഗ്രാം പാല്‍ ലഭിക്കും.

നാഗ്പൂരി

മഹാരാഷ്ട്രയിലെ നാഗ്പൂര്‍, വിദര്‍ഭ എന്നീ സ്ഥലങ്ങളിലും ആന്ധ്രാപ്രദേശിലെ ഹൈദ്രാബാദ്, മദ്ധ്യപ്രദേശിലെ ബീഹാര്‍ എന്നിവിടങ്ങളിലും ഈ ജനുസ്സുകള്‍ ധാരാളമായി കാണപ്പെടുന്നു. ശരാശരി 20 ഇഞ്ച് നീളമുള്ള പരന്ന കൊന്പുകളുണ്ട്. നാഗ്പൂരി എരുമകള്‍ക്ക് 450 കിലോ തൂക്കമുണ്ടാകും. ത്വക്ക് കനം കുറഞ്ഞതും കറുത്തതുമാണ്. കിടാരികള്‍ മൂന്നര മുതല്‍ നാലര വയസ്സിനകം മദി കാണിക്കും. 280 ദിവസത്തെ കറവക്കാലത്ത് 1500 കിലോഗ്രാം പാല്‍ ലഭിക്കും. പാലില്‍ 7 ശതമാനം കൊഴുപ്പുണ്ട്. ഇവയ്ക്ക് ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുണ്ട്.

മുറ


നല്ല കൊഴുപ്പുള്ള പാലുത്പ്പാദിപ്പിക്കുന്ന ജനുസ്സായ മുറയുടെ സ്വദേശം തെക്കന്‍ പഞ്ചാബും ദില്ലിയുമാണ്്. ഒരു കറവക്കാലത്ത് ശരാശരി 2000 കിലോഗ്രാം പാല്‍ കിട്ടും. വിസ്താരമുള്ള ഉയര്‍ന്ന നെറ്റിത്തടം, കനം കുറഞ്ഞുതൂങ്ങിയ ചെവികള്‍, ചുരുണ്ടുമടങ്ങിയ ചെറിയ കൊന്പുകള്‍, കനം കുറഞ്ഞ നീണ്ട വാല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ രോമങ്ങള്‍ കുറവായിരിക്കും.

ജാഫറബാദി

തെക്കന്‍ കത്ത്യയവാര്‍, ജാഫറബാദ് എന്നീ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. നീളം കൂടിയ ഈ ജനുസ്സിന് 500 കിലോ ശരീരഭാരമുണ്ട്. തലയും കഴുത്തും വലുതാണ്. നെറ്റിത്തടം വളരെ വിസ്തൃതമായിരിക്കും. കൊന്പുകള്‍ തടിച്ചതും നീളം കുറഞ്ഞതുമാണ്. കൊന്പുകള്‍ ഉത്ഭവസ്ഥാനത്തു നിന്ന് കുറച്ചു താണശേഷം വീണ്ടും ഉയരുന്നു. ഒരു കറവക്കാലത്ത് 2500 കിലോഗ്രാം പാല്‍ തരും. കേരളത്തില്‍ വളര്‍ത്തുന്ന ചില ജാഫറബാദി എരുമകള്‍ ഒരു കറവക്കാലത്ത് 5000 കിലോഗ്രാം പാല്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

നീലി


സത്ലജ് നദീതാഴ്വരയിലാണ് നീലിയുടെ പിറവി. ശരീരം സാമാന്യം വലുതും തല നീണ്ടതുമാണ്. കണ്ണുകള്‍ക്കടിയിലുള്ള ഭാഗം കുഴിഞ്ഞിരിക്കും. കൊന്പുകള്‍ നീളം കുറഞ്ഞ് ചുരുണ്ടതാണ്. നീളമുള്ള വാല്‍ നിലത്തുമുട്ടും. പ്രായമായ നീലിയ്ക്ക് 500 കിലോഗ്രാം തൂക്കമുണ്ടാകും. ഒരു കറവയില്‍ 1800 കിലോഗ്രാം പാല്‍ ലഭിക്കും.

നാടന്‍ എരുമകള്‍


വലുപ്പം കുറഞ്ഞ ഈ എരുമകളുടെ പാലുല്പാദന ശേഷിയും കുറവാണ്. നാടന്‍ എരുമകളുടെ എണ്ണം വളരെ കുററ്വാണ്. കര്‍ണ്ണാടകയിലെ കൂടകൂഭാഗങ്ങളില്‍ ഇപ്പോഴും ഇവയെ വളര്‍ത്തി വരുന്നുണ്ട്. ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ഇവയെ ചാണകത്തിനും, ഇറച്ചിയ്ക്കും വേണ്ടിയാണ് വളര്‍ത്തുന്നത്. നീണ്ട കൊന്പുകള്‍ മുകളിലോട്ട് വളര്‍ന്ന് വളഞ്ഞ് കീഴോട്ട് തൂങ്ങി കിടക്കും. ശരീരം രോമാവൃതമായിരിക്കും. ഒരു കറവക്കാലത്ത് 500 കിലോഗ്രാം വരെ പാല്‍ ലഭിക്കും.

കടപ്പാട് : കേരള കാർഷിക സർവകലാശാല

അവസാനം പരിഷ്കരിച്ചത് : 5/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate