অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കോഴി വളര്‍ത്തല്‍

കോഴികള്‍ക്ക് നല്‍കേണ്ട സമീകൃതാഹാരം

തീറ്റയുടെ കാര്യത്തില്‍ കോഴികള്‍ ഒരു പ്രത്യേക സ്വഭാവമുള്ളവരാണ്. അവര്‍ തന്നെ തീറ്റയുടെ അളവ് നിശ്ചയിക്കും.

കോഴിവളര്‍ത്തലിന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകമാണ് കോഴിത്തീറ്റ. ഗവേഷണത്തിലൂടെ നാല്‍പതില്‍പ്പരം വ്യത്യസ്ത പോഷകങ്ങള്‍ കോഴിത്തീറ്റയില്‍ അടങ്ങിയിരിക്കണമെന്ന്‌ കണ്ടിരുന്നു. മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് കോഴികളെ വളര്‍ത്തുന്നത്.

ഇവയ്ക്കുള്ള പോഷകങ്ങളെ ജലം-മാംസ്യം-കൊഴുപ്പ്-ധാന്യകങ്ങള്‍-അസംസ്‌കൃതനാര്-ധാതുക്കള്‍ എന്നിങ്ങനെ ആറായി വിഭജിക്കുന്നു. കൂടാതെ ജീവകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

തീറ്റയുടെ കാര്യത്തില്‍ കോഴികള്‍ ഒരു പ്രത്യേക സ്വഭാവമുള്ളവരാണ്. അവര്‍ തന്നെ തീറ്റയുടെ അളവ് നിശ്ചയിക്കും. 40 ആഴ്ചകള്‍ വരെ പ്രായമുള്ള മുട്ടക്കോഴികളിലാണ് ഈ കഴിവ് പരമാവധി കാണുന്നത്.

ഒരു കോഴി ശരാശരി 300 കിലോ കാലറി ഊര്‍ജം അകത്താക്കുന്നു. ഒരു കിലോഗ്രാം തീറ്റയില്‍ 3000 കി.കാലറി ഉപാപചയ ഊര്‍ജം ഉണ്ടെങ്കില്‍ അവ 100 ഗ്രാം തിന്നുന്നു. 270 കി.കാലറി ആണെങ്കില്‍ അവ 111 ഗ്രാം തിന്നുന്നു. ഈ നിയമം ഒരു പരിധി വരെ ശരിയാണ്.

മുട്ടയിടുന്ന ഒരു കോഴിക്ക് ഏകദേശം 3 ഗ്രാം കാല്‍സ്യം കിട്ടിയിരിക്കണം. കാല്‍സ്യവും ഫോസ്ഫറസും ജീവകം 'ഡി' യും കൂടി വേണം. ഇവ ശരിയായ അനുപാതത്തിലുണ്ടെങ്കില്‍ ആഗിരണം ശരിയായ രീതിയില്‍ നടക്കും.

ജീവകം ഡി ആഗിരണത്തിന് സഹായിക്കുന്നു. കോഴികള്‍ കട്ടികുറഞ്ഞ തോലുള്ള മുട്ടയിടുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളുടെ തകരാറ് മൂലമാണ്.

ഒരു മുട്ടയില്‍ ഏകദേശം 2 ഗ്രാം കാല്‍സ്യമുണ്ട്. കക്ക പൊടിച്ച് കൂട്ടില്‍ ഒരു സ്ഥലത്ത് മണ്‍ചട്ടിയിലോ മറ്റുപാത്രങ്ങളിലോ വച്ചുകൊടുക്കാം. മുട്ടത്തോട് തന്നെ പൊടിച്ച് കൊടുക്കുന്നത് നല്ലതാണ്.

അടച്ചിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ജീവകം ഡി തീറ്റയില്‍ കൊടുക്കാം. സസ്യജന്യ തീറ്റ സാധനങ്ങളിലെ 'ഫോസ്ഫറസ്' ജീവകം-ഡി എന്നിവ ചുരുങ്ങിയ തോതില്‍ മാത്രം കോഴികള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. വളരെ ചുരുങ്ങിയ അളവില്‍ മാത്രം ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ മാംഗനീസ്, സിങ്ക്, അയൊഡിന്‍, ഇരുമ്പ് , ചെമ്പ് എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു. ഇവയുടെ അഭാവം തൈറോയിഡ്, ഗോയിറ്റര്‍, വിളര്‍ച്ച, മുട്ട വിരിയാതിരിക്കല്‍ എന്നിവയ്ക്ക് കാരണമാകും.

  1. കൂട്ടിലിട്ട്‌ വളര്‍ത്തുന്ന കോഴികള്‍ക്ക് ധാതുലവണ മിശ്രിതം തീറ്റയില്‍ നല്‍കണം
  2. കന്നുകാലികളുടെ ധാതുമിശ്രിതം കോഴികള്‍ക്ക് നല്‍കരുത്
  3. കോഴിത്തീറ്റയില്‍ 0.5 % ശതമാനം കറിയുപ്പ് ചേര്‍ക്കരുത്
  4. കന്നുകാലികളുടെ ധാതുമിശ്രിതത്തില്‍ ഫോസ്ഫറസ് കോഴികളുടേതിനേക്കാള്‍ കാല്‍സ്യം കുറവുമാണ്. മാംഗനീസിന്റെ അളവിലും വ്യത്യാസമുണ്ട്.
  5. കോഴിത്തീറ്റയില്‍ ശരിയായ അളവില്‍ ഉപ്പ് ചേര്‍ക്കണം.
  6. കുടിക്കാനുള്ള വെള്ളം 24 മണിക്കൂറും ലഭ്യമാക്കണം
  7. മനുഷ്യര്‍ക്ക്  ആവശ്യമുള്ള ജീവകങ്ങളില്‍ 'ജീവകം-സി' ഒഴിച്ച് എല്ലാം തന്നെ കോഴികള്‍ക്ക് ആവശ്യമാണ്.
  8. ജീവകം എ, ബി, ഡി 3 എന്നിവയുടെ കുറവ് നികത്താന്‍ അരി, തവിട്, ഗോതമ്പ് തവിട് എന്നിവ നല്‍കാം
  9. മത്സ്യത്തിലും പച്ചിലകളിലും ധാരാളം ജീവകം അടങ്ങിയിട്ടുണ്ട്. തമ്മില്‍ കൊത്തുന്നത് ഒഴിവാക്കണം
  10. വെള്ളം കുടിക്കുന്നത് 15 മുതല്‍ 20 മിനിട്ട് ഇടവിട്ട് ആയിരിക്കണം
  11. തീറ്റയുടെ മൂന്നിരട്ടി വെള്ളം കോഴികള്‍ക്ക് നല്‍കണം, കാലത്ത് തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുന്നത് നല്ലതാണ്
  12. കോഴികള്‍ക്ക് വേണ്ട ധാതുലവണവും തീറ്റയും തിരഞ്ഞെടുക്കാം. ആദായകരമായി കോഴിവളര്‍ത്തലിന് ഇത് സഹായിക്കും

കോഴിക്കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ ഫാം

അടുക്കള മുറ്റത്ത് വളര്‍ത്താന്‍ പറ്റുന്ന കോഴിക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഫാമുകളില്‍ വാങ്ങാന്‍ കിട്ടും

അടുക്കളമുറ്റത്ത് വളര്‍ത്താന്‍ പറ്റുന്ന കോഴിക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഫാമുകളില്‍നിന്ന് മിതമായ നിരക്കില്‍ വാങ്ങാന്‍ കിട്ടും. താറാവ്, ടര്‍ക്കി കുഞ്ഞുങ്ങളെയും ലഭ്യമാണ്. മാത്രമല്ല മുട്ട, കോഴിവളം എന്നിവയും ലഭ്യമാണ്.

വിശദവിവരങ്ങള്‍:

  1. റീജണല്‍ പൗള്‍ട്രിഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം.  ഫോണ്‍: 0471 2730804 ഗ്രാമശ്രീ പുള്ളിക്കോഴികള്‍. മുട്ട: വര്‍ഷത്തില്‍ 180. വില: പൂവന്‍ എട്ടുരൂപ, പിട 20 രൂപ (ഒരു ദിവസം പ്രായമായ കുഞ്ഞ്).
  2. ജില്ലാ ടര്‍ക്കിഫാം, കുരീപ്പുഴ, കൊല്ലം: 0474 2799222. ബെല്‍സില്‍ സ്മാള്‍ വൈറ്റ് ടര്‍ക്കി കുഞ്ഞുങ്ങള്‍ ഒരു മാസം പ്രായം. വില 140 രൂപ, ടര്‍ക്കിമുട്ട ഏഴുരൂപ.
  3. സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍, ആലപ്പുഴ. 04792452277 ഗ്രാമലക്ഷ്മി കരിമ്പുള്ളിക്കോഴി മുട്ട വര്‍ഷത്തില്‍ 180 (ആസ്ട്രലോര്‍പ്, വൈറ്റ്‌ലഗോണ്‍ എന്‍, പി ഇനങ്ങളില്‍നിന്ന് വെറ്ററിനറി സര്‍വകലാശാല  വികസിപ്പിച്ചത്).  അതുല്യ (വൈറ്റ് ലഗോണ്‍, എന്‍, പി ഇനങ്ങളില്‍നിന്ന് വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ചത്) മുട്ട: 311. വില: പൂവന്‍  എട്ടുരൂപ, പിട 20 രൂപ  . കടക്‌നാഥ് മധ്യപ്രദേശ് കരിങ്കോഴി വില 30 രൂപ (ഒരുദിവസം പ്രായമായ കുഞ്ഞ്).
  4. താറാവ് വളര്‍ത്തല്‍കേന്ദ്രം, നിരണം, പത്തനംതിട്ട. 0469 2711898. ചാര, ചെമ്പല്ലി (കുട്ടനാടന്‍ താറാവുകള്‍) കുഞ്ഞ് 15 രൂപ ഒരുദിവസം പ്രായം. വിഗോവ (വിയറ്റ്‌നാം ഇറച്ചിത്താറാവുകള്‍) കുഞ്ഞ് 40 രൂപ  ഒരു ദിവസം പ്രായം, ഭക്ഷ്യയോഗ്യമായ മുട്ട ആറുരൂപ. താറാവ് വളം  കിലോ 1.50 രൂപ.
  5. റീജണല്‍ പൗള്‍ട്രിഫാം, മണര്‍ക്കാട്, കോട്ടയം. 04812373710 ഗ്രാമശ്രീ പുള്ളിക്കോഴികള്‍. മുട്ട180. അതുല്യ (വൈറ്റ്‌ലഗോണ്‍, എന്‍, പി  ഇനങ്ങളില്‍നിന്ന് വെറ്ററിനറി സര്‍വകലാശാല  വികസിപ്പിച്ചത്) മുട്ട 311. 
    റോഡ് ഐലന്റ് റെഡ് മുട്ടക്കോഴികള്‍ മുട്ട 280. വില: പൂവന്‍ എട്ടുരൂപ, പിട 20രൂപ. ഭക്ഷ്യയോഗ്യമായ മുട്ട 80 രൂപ/കിലോ.
  6. ജില്ലാ പൗള്‍ട്രിഫാം, കോലാനി, ഇടുക്കി. 04862221138 ഗ്രാമശ്രീ പുള്ളിക്കോഴികള്‍. മുട്ട 180. വില: പൂവന്‍ എട്ടുരൂപ, പിട 20രൂപ
  7. റീജണല്‍ പൗള്‍ട്രിഫാം, കൂവപ്പടി, എറണാകുളം 04842523559 ഗ്രാമശ്രീ പുള്ളിക്കോഴികള്‍. മുട്ട 180. വില: പൂവന്‍ എട്ടുരൂപ, പിട 20രൂപ
  8. റീജണല്‍ പൗള്‍ട്രിഫാം, മലമ്പുഴ, പാലക്കാട്. 04912815206 ഗ്രാമശ്രീ  പുള്ളിക്കോഴികള്‍. മുട്ട 180.  വില: പൂവന്‍ എട്ടുരൂപ, പിട 20രൂപ ഗ്രാമപ്രിയ (മുട്ടയിട്ട് തീര്‍ന്ന കോഴികള്‍) കിലോ 80 രൂപ.
  9. ജില്ലാ പൗള്‍ട്രിഫാം, ആതവനാട്, മലപ്പുറം: 7034402943 ഗ്രാമശ്രീ മുട്ട 180. വില  പൂവന്‍ എട്ടുരൂപ, പിട 20രൂപ
  10. റീജണല്‍ പൗള്‍ട്രിഫാം, ചാത്തമംഗലം, കോഴിക്കോട്  ഫോണ്‍ : 04952287481 ഗ്രാമശ്രീ പുള്ളിക്കോഴികള്‍. മുട്ട 180. വില  പൂവന്‍ എട്ടുരൂപ, പിട 20രൂപ
  11. റീജണല്‍ പൗള്‍ട്രിഫാം, മുണ്ടയാട്, കണ്ണൂര്‍: 04972721168 ഗ്രാമശ്രീ പുള്ളിക്കോഴികള്‍. മുട്ട 180.  വില: പൂവന്‍ എട്ടുരൂപ, പിട 20രൂപ.  ഗ്രാമപ്രിയ (മുട്ടയിട്ട് തീര്‍ന്ന കോഴികള്‍) കിലോ 80 രൂപ  കോഴിവളം 1.50
  12. വെറ്ററിനറി സര്‍വകലാശാല  മണ്ണുത്തി പൗള്‍ട്രിഫാം  04872371178, 2370117 ഗ്രാമശ്രീ, ഗ്രാമലക്ഷ്മി പൂവന്‍9 രൂപ, പിട27 രൂപ. അസില്‍ വര്‍ണക്കോഴികള്‍
  13. തിരുവാഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളേജ്  04924 208206  ഗ്രാമശ്രീ, സുവര്‍ണ (വൈറ്റ്‌ലഗോണ്‍: റോഡ്  ഐലന്‍ഡ് റെഡ്  മുട്ട 180. പൂവന്‍ഒമ്പതുരൂപ, പിട27 രൂപ. ബി.വി 380 (അഞ്ചാഴ്ച  പ്രായം) പിട 110 രൂപ (എട്ടാഴ്ച) പിട 170 രൂപ.

മികച്ച വിദേശയിനം മുട്ടക്കോഴികള്‍

അത്യുത്പാദനശേഷിയുള്ള വിദേശയിനം കോഴികളെയോ സങ്കരയിനങ്ങളെയോ വളര്‍ത്തിയാല്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാം

കേരളത്തില്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാനുള്ള ഏകമാര്‍ഗം അത്യുത്പാദനശേഷിയുള്ള വിദേശയിനം കോഴികളെയോ അവയുടെ സങ്കരയിനങ്ങളെയോ കൂടുതലായി വളര്‍ത്തുക എന്നതുമാത്രമാണ്.

ഇക്കൂട്ടത്തില്‍ വൈറ്റ്‌ലഗോണ്‍, മൈനോര്‍ക്ക എന്നീയിനം കോഴികളെ മുട്ടയ്ക്കായി വളര്‍ത്താം. മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്താവുന്ന ഇനങ്ങളാണ് റോഡ് ഐലന്റ് റെഡ്, ന്യൂഹാംഷെയര്‍, വൈറ്റ് പ്ലിമത്ത് റോക്ക് എന്നിവ.

ഇക്കൂട്ടത്തില്‍ പ്രധാനയിനങ്ങളായ വൈറ്റ്‌ലഗോണ്‍, മൈനോര്‍ക്ക, റോഡ് ഐലന്റ് റെഡ് എന്നിവയുടെ പ്രത്യേകതകള്‍:
വൈറ്റ്‌ലഗോണ്‍: ലോകത്തിലേറ്റവും പ്രസിദ്ധമായ കോഴിയാണിത്. ഏറ്റവുമധികം മുട്ടയിടുന്ന കോഴിയും ഇതുതന്നെ. പേരുപോലെ ഇവയ്ക്ക് തൂവെള്ള നിറമാണ്. ഇറ്റലിയാണ് ഉത്ഭവം. കോഴികള്‍ വലുപ്പത്തില്‍ ശരാശരിയാണെങ്കിലും ഉന്മേഷവാന്മാരായിരിക്കും. നീണ്ട ചുണ്ട്, പ്രകടമായ നെഞ്ച്, ഒറ്റപ്പൂവ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

അഞ്ചുമാസമാവുമ്പോഴേക്കും മുട്ടയിട്ടുതുടങ്ങും. പൂവന്‍കോഴികള്‍ക്ക് മൂന്നുകിലോയും പിടയ്ക്ക് രണ്ടരക്കിലോയും തൂക്കംകാണും. മൈനോര്‍ക്ക: സ്‌പെയിനില്‍ ഉത്ഭവിച്ച ഇനമാണിത്. നിറം വെളുപ്പ് മുതല്‍ കറുപ്പുവരെയാണ്. മുട്ടകള്‍ വലിപ്പം കൂടിയവയാണ്.

റോഡ് ഐലന്റ് റെഡ്: മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന കോഴിയാണിത്. ആര്‍.ഐ.ആര്‍. എന്ന ചുരുക്കപ്പേരില്‍ ഇതറിയപ്പെടുന്നു. ഇത് ചുവന്ന ലഗോണ്‍ കോഴിയാണെന്നൊരു തെറ്റിദ്ധാരണ സാധാരണക്കാരിലുണ്ട്. ഇംഗ്ലണ്ടിലാണ് ഉത്ഭവം. കോഴിമുട്ടയ്ക്ക് തവിട്ടുനിറമാണ്. മാംസം വളരെ സ്വാദുള്ളതാണ്. ശരാശരി മുട്ടയുത്പാദനം വര്‍ഷത്തില്‍ 150 ആണ്. പൂവന് നാലുകിലോഗ്രാമും പിടയ്ക്ക് മൂന്നു കിലോഗ്രാമും ഭാരം കാണും. വൈറ്റ്‌ലഗോണ്‍, റോഡ് ഐലന്റ് റെഡ് സങ്കരയിനം കോഴികള്‍ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യമാണ്.

റോഡോവൈറ്റ് കുഞ്ഞുങ്ങളെ വീട്ടുമുറ്റത്ത് വളര്‍ത്താം

വെള്ളത്തൂവലുകളില്‍ സ്വര്‍ണനിറത്തൂവലുകള്‍ ഇടകലര്‍ന്ന ഇവയുടെ മുട്ടയ്ക്ക് തവിട്ടുനിറമാണ്

വീട്ടുമുറ്റത്ത് വളര്‍ത്താന്‍ യോജിച്ച സങ്കരയിനം മുട്ടക്കോഴിയാണ് റോഡോവൈറ്റ്. ഈയിനത്തിന്റെ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായി. വെറ്ററിനറി സര്‍വകലാശാല കോഴിവളര്‍ത്തല്‍ മേഖലയിലെ ശാസ്ത്രജ്ഞര്‍ ഡോ. പി. അനിതയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ പ്രത്യേകയിനമാണ് റോഡോ വൈറ്റ്.

മുട്ടക്കോഴിയിനങ്ങളായ റോഡ് ഐലന്‍ഡ് റെഡ്, വൈറ്റ്‌ലഗോണ്‍ എന്നിവയുടെ സങ്കരയിനമാണിവ. വര്‍ഷത്തില്‍ ഇരുന്നൂറോളം മുട്ട ലഭിക്കുന്ന റോഡോ വൈറ്റ് കോഴികള്‍ അഞ്ചാമത്തെ മാസത്തില്‍ മുട്ടയിടാന്‍ തുടങ്ങും.

വെള്ളത്തൂവലുകളില്‍ സ്വര്‍ണനിറത്തൂവലുകള്‍ ഇടകലര്‍ന്ന ഇവയുടെ മുട്ടയ്ക്ക് തവിട്ടുനിറമാണ്. വീട്ടുമുറ്റത്ത് വളര്‍ത്താന്‍ യോജിച്ച റോഡോവൈറ്റ്  കോഴിക്കുഞ്ഞുങ്ങളെ നികുതിയടക്കം 30 രൂപ നിരക്കില്‍ തിരുവാഴാംകുന്ന് വളര്‍ത്തുപക്ഷി ഗവേഷണ കേന്ദ്രത്തില്‍നിന്ന് ലഭിക്കും.

മുട്ടക്കോഴി വളര്‍ത്താം; ആദായം നേടാം

വിവിധ സാഹചര്യങ്ങളില്‍ കോഴി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

വീട്ടുമുറ്റത്തും വാണിജ്യാടിസ്ഥാനത്തിലും ശാസ്ത്രീയമായ രീതിയില്‍ കോഴിവളര്‍ത്തല്‍ സംരംഭത്തില്‍ ഏര്‍പ്പെടാം. വിവിധ സാഹചര്യങ്ങളില്‍ കോഴി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഇനങ്ങള്‍

ഗ്രാമലക്ഷ്മി (ആസ്‌ട്രോവൈറ്റ),ഗ്രാമപ്രിയ, അതുല്യ (ഐ.എല്‍.എം90), കലിംഗാ ബ്രൗണ്‍ (റോഡോവൈറ്റ്), പാസ്സ് ജ്യോതി, ഗിരിരാജ തുടങ്ങിയ സങ്കര വര്‍ഗക്കോഴികളാണ് കേരളത്തിന് അനുയോജ്യം. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിന്റെ സ്ഥാപനങ്ങളിലും സ്വകാര്യ ഹാച്ചറികളിലും കോഴിക്കുഞ്ഞുങ്ങള്‍ ലഭിക്കും.

വീട്ടുവളപ്പില്‍

hen

10-12 കോഴികളെ വീട്ടുവളപ്പില്‍ പകല്‍സമയം തുറന്നുവിട്ട് തീറ്റിപ്പോറ്റുകയും രാത്രികാലങ്ങളില്‍ മാത്രം കൂടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന രീതി അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും നിറഞ്ഞ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണ്.

ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഒരു കോഴിക്ക് ഒരു ചതുരശ്ര അടി സ്ഥലം അനുവദിക്കണം. 4 അടി നീളവും 3 അടി വീതിയും 2 അടി പൊക്കവുമുള്ള കൂട്ടില്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. കൂട് തറനിരപ്പില്‍ നിന്നും 1-2 അടി ഉയരത്തില്‍ കാലുകള്‍ കൊടുത്തുവെയ്ക്കുന്നതാണ് നല്ലത്. കൂട്ടിനുള്ളില്‍ തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും സജ്ജീകരിക്കണം. സുരക്ഷിതമായതും യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്ന കൂടുകളായിരിക്കണം നിര്‍മിക്കേണ്ടത്. കമ്പിവേലികള്‍ കൊണ്ടോ ചെലവ്‌ കുറഞ്ഞ കൂടുകള്‍ പ്രാദേശികമായി നിര്‍മിക്കാം. കൂട് വീടിന്റെ പരിസരത്തുള്ള ഉയര്‍ന്ന പ്രദേശത്താണ് വെക്കേണ്ടത്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാന്‍ പറ്റുന്ന തരത്തിലുള്ളവയുമായിരിക്കണം.

പച്ചക്കറി കൃഷിയും ചെടികളും മറ്റും വീട്ടുമുറ്റത്തുണ്ടെങ്കില്‍ കോഴികള്‍ അവ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അടുത്തടുത്ത് വാസസ്ഥലങ്ങള്‍ ഉള്ളപ്പോള്‍ വീടുകളിലെ കോഴികളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഇത്തരക്കാര്‍ക്ക് കോഴിക്കൂടിനു ചുറ്റും ഒരു കോഴിക്ക് 5 ചതുരശ്ര അടി എന്ന കണക്കില്‍ കമ്പിവേലിയോ പ്‌ളാസ്റ്റിക് വലയോ കൊണ്ട് വേലികെട്ടിത്തിരിച്ച് പകല്‍ സമയം തുറന്നുവിടാം.

കോഴിക്കൂടും പരിസരവും പതിവായി വൃത്തിയാക്കണം. കാലാകാലങ്ങളില്‍ റിപ്പയര്‍ ചെയ്തു പെയിന്റടിക്കുകയും മാറ്റി സ്ഥാപിക്കുകയും വേണം.

പത്തില്‍കൂടുതല്‍ കോഴിക്കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍

chick

ഡീപ്പ് ലിറ്റര്‍ (അറുക്കപ്പൊടി ഉപയോഗിച്ച്) സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം. മുട്ടയുല്‍പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്ക് 2.25 ചതുരശ്ര അടി സ്ഥലം അനുവദിക്കണം. എഗ്ഗര്‍ നഴ്‌സറിയാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം മതിയാകും. ഡിപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം. മുട്ടയുല്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം മതിയാകും. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ഒരു ദിവസം പ്രായമാകുമ്പോള്‍ മുതലുള്ള കോഴിക്കുഞ്ഞുങ്ങളെ കൃത്രിമച്ചൂട് നല്‍കി വളര്‍ത്താന്‍ സാധിക്കുന്നു.

പട്ടണങ്ങളില്‍

കമ്പിഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം.  45 x 40 x 23 സെന്റീമീറ്റര്‍ വലിപ്പമുള്ള ഒരു കൂട്ടത്തില്‍ നാല് കോഴികളെ വരെ വളര്‍ത്താം. കൂടിന്റെ തറയ്ക്ക് മുന്നിലേക്ക് ചെറിയ ചരിവ് നല്‍കുന്നു. മുട്ടശേഖരിക്കാന്‍ ഇത് രണ്ടു തട്ടായി വളര്‍ത്തിയാല്‍ കൂടുതല്‍ കോഴികളെ വളര്‍ത്താം. കൂടിനുള്ളില്‍ തന്നെ തീറ്റയ്ക്കും വെള്ളത്തിനുമുള്ള പ്രത്യേക തരത്തിലുള്ള പാത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ഓരോ തട്ടിലെയും കാഷ്ഠം അടിയിലുള്ള ട്രേയില്‍ ശേഖരിക്കപ്പെടും.

ടെറസ്സില്‍

100 കോഴികളെ വരെ ടെറസ്സില്‍ അഥവാ മട്ടുപ്പാവില്‍ വളര്‍ത്തുന്നതിനുള്ള കൂടുകള്‍ ലഭ്യമാണ്.

വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍

കാലാവസ്ഥയിലെ മാറ്റങ്ങള്‍ ബാധിക്കാത്ത ഇ.സി ഹൗസുകളിലോ എലിവേറ്റഡ് ഷെഡ്ഡുകളിലോ കൂടുകളില്‍ വളര്‍ത്താവുന്നതാണ്. ഒരു കൂട്ടില്‍ 25,000-30,000 വരെ കോഴികളെ വളര്‍ത്താം. ഇത്തരം ഷെഡ്ഡുകളില്‍ ഒരു തൊഴിലാളി മതിയാകും. തീറ്റയും വെള്ളവും ഓട്ടോമാറ്റിക് രീതിയിലാണ് നല്‍കുന്നത്. മുട്ടശേഖരണവും പ്രതിരോധ കുത്തിവെയ്പും വരെ യന്ത്രവല്‍ക്കരണത്തിലൂടെ നടക്കുന്നു. എന്നാല്‍ വളരെയധികം മുതല്‍മുടക്ക് ഈ രീതിയിലുണ്ട്.

പരിപാലനം

മുട്ടക്കോഴിവളര്‍ത്തല്‍ ലാഭകരമാക്കാന്‍ ശാസ്ത്രീയ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. മുട്ടക്കോഴികളുടെ വളര്‍ച്ചാഘട്ടത്തെ മൂന്നായി തിരിച്ചിരിക്കുന്നു.

0-8 ആഴ്ച - കോഴിക്കുഞ്ഞുങ്ങള്‍

9-19 ആഴ്ച - വളരുന്ന കോഴികള്‍

20 ആഴ്ച മുതല്‍ വലിയ കോഴികള്‍

കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനം (ബ്രൂഡിംഗ്)

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തൂവല്‍ വളര്‍ച്ച എത്തുന്നതുവരെ കൃത്രിമ ചൂട് നല്‍കി വളര്‍ത്തുന്നതിനെയാണ് ബ്രൂഡിംഗ്‌ എന്ന് പറയുന്നത്. അന്തരീക്ഷത്തിലെ ചൂടിനെ ആസ്പദമാക്കിയാണ് ബ്രൂഡിംഗ് കാലാവധി നിശ്ചയിക്കുന്നത്. സാധാരണ 2-3 ആഴ്ചയാണ് ബ്രൂഡിംഗ് കാലാവധി. മഴക്കാലമെങ്കില്‍ 3-4 ആഴ്ച വരെയാകാം. ബ്രൂഡിംഗിനായി ഡിപ്പ് ലിറ്റര്‍ കൂടുകളോ ബാറ്ററി ബ്രൂഡിംഗ് കൂടുകളോ തെരഞ്ഞെടുക്കാം. കോഴിക്കുഞ്ഞുങ്ങള്‍ എത്തുന്നതിന് രണ്ട് ആഴ്ച മുന്‍പ് കൂടൊരുക്കല്‍ തുടങ്ങണം.

ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി എന്ന നിരക്കില്‍ ഏതെങ്കിലും അണുനാശിനി ഉപയോഗിച്ച് കൂടിന്റെ തറ, ചുമരുകള്‍ എന്നിവിടങ്ങളില്‍ 3:1 എന്ന അനുപാതത്തില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും കൂടി കലര്‍ത്തി വെള്ളയടിക്കണം. അതിനുശേഷം കൂട് ഉണങ്ങാനായി സമയം അനുവദിക്കുക.

കൂട് നല്ല പോലെ ഉണങ്ങിയശേഷം തറയില്‍ വിരിപ്പായി അറുക്കപ്പൊടി, ചിന്തേരു പൊടി, ചെറുതായി നുറുക്കിയ വയ്‌ക്കോല്‍, നിലക്കടലത്തോട് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. കൂട്ടില്‍ വിരിയിക്കുന്നതിനുമുന്‍പായി ഇവ വെയിലത്ത് നന്നായി ഉണക്കണം. കോഴിക്കുഞ്ഞുങ്ങളുടെ കാലുകള്‍ക്ക് ക്ഷതം സംഭവിക്കാതിരിക്കാന്‍ അതില്‍ ഉള്ള മുള്ളാണികള്‍, കൂര്‍ത്ത തടിച്ചീളുകള്‍,മറ്റു കട്ടിയുള്ള വസ്തുക്കള്‍ എന്നിവ മാറ്റുക.

തറയില്‍ 5 സെന്റീ മീറ്റര്‍ കനത്തില്‍ വേണം, ലിറ്റര്‍ വിരിയിക്കാന്‍. അതിനുമുകളില്‍ 250 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനായി ഒരു മീറ്റര്‍ വ്യാസമുള്ള കുട്ടയോ തകരമോ ഹോവറായി കെട്ടിതൂക്കുകയോ ഇഷ്ടിക കൊണ്ട് പൊക്കി വയ്ക്കുകയോ ചെയ്യാം. അതില്‍ നിന്ന് കൃത്രിമ ചൂട് നല്‍കുന്നതിനായി ഒരു കോഴിക്കുഞ്ഞിന് ഒരു വാട്ട് എന്ന നിരക്കില്‍ 40 വാട്ടിന്റെയും 60 വാട്ടിന്റെയും ബള്‍ബുകള്‍ തൂക്കിയിടാം. ബള്‍ബുകള്‍ തറയില്‍ നിന്ന് 50 സെന്റീമീറ്റര്‍ ഉയരത്തിലായിരിക്കണം. ഹോവര്‍ അതിനനുസൃതമായി ക്രമീകരിക്കുക. കോഴിക്കുഞ്ഞുങ്ങള്‍ ബ്രൂഡറിന് വെളിയിലേക്ക് പോകാതിരിക്കാന്‍ 1 അടി പൊക്കമുള്ളതും ഹോവറില്‍ നിന്നും 2 അടി വ്യാസമുള്ളതുമായ ചിക് ഗാര്‍ഡ് ഉപയോഗിക്കണം.

തീറ്റ

8 ആഴ്ച വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സമീകൃതാഹാരമാണ് സ്റ്റാര്‍ട്ടര്‍ തീറ്റ. സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 20 ശതമാനം പ്രോട്ടീന്‍ അഥവാ മാംസ്യം ഉണ്ടായിരിക്കണം. വിവിധ കമ്പനികളുടെ തരിരൂപത്തിലും ഗുളിക രൂപത്തിലുമുള്ള തീറ്റ മാര്‍ക്കറ്റില്‍ ലഭ്യമാണ്. മഞ്ഞച്ചോളം, കടലപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, ഉണക്കക്കപ്പ, ഗോതമ്പ്,നുറുക്ക് അരി, ഉപ്പില്ലാത്ത ഉണക്കമീന്‍ ,ധാതുലവണമിശ്രിതം ഇവയൊക്കെ വേണ്ടുന്ന അളവില്‍ പൊടിച്ചുചേര്‍ത്തതാണ് സമീകൃത തീറ്റ.

ആദ്യത്തെ 2-3 ദിവസം തീറ്റ ഹോവറിനു കീഴില്‍ പേപ്പറിലോ ട്രേകളിലോ നല്‍കാവുന്നതാണ്. അതിനുശേഷം കുഞ്ഞുങ്ങള്‍ക്കുള്ള ഗ്രില്‍ വച്ച് നീണ്ട തീറ്റപാത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

പ്രതിരോധ കുത്തിവെപ്പുകള്‍

നമ്മുടെ നാട്ടിലെ കോഴികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളായ മാരക്‌സ്, കോഴിവസന്ത, കോഴിവസൂരി, ഐ.ബി.ഡി എന്നിവയ്‌ക്കെതിരെ നിര്‍ബന്ധമായും കുത്തിവെയ്പ് എടുക്കണം. കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ ഹാച്ചറികളില്‍ നിന്നും മാരക്‌സ് രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് നല്‍കാറുണ്ട്.

കര്‍ഷകര്‍ നിര്‍ബന്ധമായും നല്‍കേണ്ട കുത്തിവെയ്പ്പുകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ് പാലോട് എന്ന മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തില്‍ നിന്നും മൃഗാശുപത്രികള്‍ മുഖേനയും, മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ വാങ്ങാവുന്നതാണ്. വീട്ടുവളപ്പില്‍ വളര്‍ത്തുന്ന കോഴികള്‍ക്കും പ്രതിരോധ കുത്തിവെയ്പുകള്‍ ബാധകമാണ്. പ്രതിരോധ കുത്തിവെപ്പുകള്‍ അതിരാവിലെ നല്‍കുന്നതാണ് ഉത്തമം. പ്രതിരോധ കുത്തിവെപ്പു മൂലമുള്ള ക്ഷീണം ഒഴിവാക്കാനായി വിറ്റാമിന്‍ സി പോലുള്ള മരുന്നുകള്‍ നല്‍കാവുന്നതാണ്.

കടപ്പാട് : മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 7/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate