Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ സംരക്ഷണ രീതികള്‍

വിവിധ തരത്തിലുള്ള മൃഗ സംരക്ഷണ രീതികള്‍

വളര്‍ത്തുമൃഗങ്ങളില്‍ തണുപ്പുകാല രോഗങ്ങള്‍

തണുപ്പുകാലത്തു വളർത്തുമൃഗങ്ങളിൽ രോഗങ്ങൾ വരാനുള്ള സാധ്യതയേറെയാണെന്നും ഇക്കാരണത്താൽ കർഷകർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മൃഗസംരക്ഷണവകുപ്പ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പൂപ്പൽ വിഷബാധ, കുളമ്പുരോഗം, വയറുപെരുപ്പം, ദഹനക്കേട്, കുരലടപ്പൻ, കരിങ്കാലി (കരിങ്കൊറു), തൊലിപ്പുറത്തുള്ള പരാദരോഗങ്ങൾ, ബെബിസിയോസിസ്, തെയിലേറിയാസിസ്, കോക്സിഡിയോസിസ് എന്നിവയാണു കന്നുകാലികളെ പ്രധാനമായും തണുപ്പുകാലത്തു ബാധിക്കുന്ന രോഗങ്ങൾ. ശ്വാസകോശങ്ങളിൽ ഏറ്റവും മാരകം ന്യൂമോണിയയാണ്.

പനി, ഇടയ്ക്കിടെയുള്ള ചുമ, മൂക്കിൽക്കൂടിയുള്ള പഴുപ്പ്, വിശപ്പില്ലായ്മ, ശ്വാസതടസ്സം, വായ തുറന്നു ശ്വാസം വിടുക എന്നിവയാണു പ്രാരംഭലക്ഷണങ്ങൾ. ഉരുക്കളെ നല്ലതുപോലെ കാറ്റും വെളിച്ചവും കയറുകയും പൊടിപടലങ്ങൾ ഇല്ലാത്തതുമായ അന്തരീക്ഷത്തിലേക്കു മാറ്റണം. വെള്ളം വെട്ടിത്തിളപ്പിച്ച്, വാവട്ടം കുറഞ്ഞ പാത്രത്തിൽ എടുത്തു രണ്ടു–മൂന്ന് തുള്ളി ടിങ്ചർ ബൻസോയിനോ, യൂക്കാലിയോ ഒഴിച്ച് ആവി മൂക്കിലേക്കു കൊള്ളിക്കുന്നതു നല്ലതാണ്.

ദ്രവരൂപത്തിലുള്ള മരുന്നുകൾ രോഗം ഗുരുതരമാക്കും. ആന്റി ബയോട്ടിക്കുകൾ അടങ്ങിയ കുത്തിവയ്പ്പ് എടുക്കുന്നത് ഉത്തമം. ധാന്യങ്ങളിലും പിണ്ണാക്കിലും വളരുന്ന പൂപ്പലിലെ വിഷാംശമാണ് പൂപ്പൽ വിഷബാധയ്ക്കു കാരണമാകുന്നത്. വിശപ്പില്ലായ്മ, പാലുൽപാദനത്തിൽ കുറവ്, ക്ഷീണം, മഞ്ഞപ്പിത്തം തുടങ്ങിയവാണു രോഗലക്ഷണങ്ങൾ. തീറ്റ വെയിലത്ത് ഇട്ടു ചൂടാക്കുന്നതു വിഷാംശം കുറയ്ക്കും. ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് കുളമ്പു രോഗം. രോഗാണുക്കൾ വായുവിലൂടെയും തീറ്റയിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കും.

കടുത്ത പനി, മൂക്കിൽനിന്നു നീരൊലിപ്പ്, ഉമിനീർസ്രവം, തീറ്റ തിന്നാതിരിക്കൽ, അയവിറക്കാതിരിക്കൽ, പാൽ കുറയുന്നതു തുടങ്ങിയവയാണു പ്രാരംഭ രോഗലക്ഷണങ്ങൾ. വായിലും കുളമ്പുകൾക്കിടയിലും ചെറിയ കുമിളകൾ ഉണ്ടാകുകയും അവ പൊട്ടി വ്രണങ്ങളാകുകയും ചെയ്യും. രോഗം വന്നവയെ മറ്റുള്ളവയിൽനിന്നു മാറ്റിപ്പാർപ്പിക്കണം. കുത്തിവയ്പ്പാണു രോഗപ്രതിരോധത്തിനുള്ള മാർഗം. ആമാശയത്തിൽ വാതകങ്ങളുടെ ആധിക്യം നിമിത്തം ഉണ്ടാകുന്ന രോഗമാണു വയറുപെരുപ്പം. ഭക്ഷണത്തിലെ ക്രമക്കേട്, പയറുവർഗ ചെടികൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തൽ, വിഷച്ചെടികൾ തീറ്റയിൽ കലരുന്നത് എന്നിവയാണു കാരണങ്ങൾ. വിശപ്പില്ലായ്മ, അയവെട്ടാനുള്ള വിമുഖത, ഉദരസ്തംഭനം, കലശലായ ക്ഷീണം, മലബന്ധം–വയറിളക്കം, വായിൽക്കൂടി പച്ചനിറം കലർന്ന വെള്ളം വരുന്നത് എന്നിവയാണു രോഗലക്ഷണങ്ങൾ.

∙ പന്നികളെ ബാധിക്കുന്ന രോഗങ്ങൾ ന്യൂമോണിയ, പന്നി ഫ്ലൂ, പന്നിപ്പനി എന്നിവയാണു പ്രധാനമായും വളർത്തു പന്നികളെ ബാധിക്കുന്ന രോഗങ്ങൾ. തുമ്മൽ, മൂക്കൊലിപ്പ്, കണ്ണീരൊലിപ്പ്, ചുമ എന്നിവയാണു പന്നി ഫ്ലൂവിന്റെ രോഗലക്ഷണങ്ങൾ. വളരെയധികം സാമ്പത്തിക നഷ്ടത്തിനു കാരണമാകുന്ന വൈറൽ രോഗമാണു പന്നിപ്പനി. ഉയർന്ന മരണനിരക്കു രോഗത്തിന്റെ തീവ്രത കൂട്ടുന്നു.

∙ കോഴികളിലെ രോഗങ്ങൾ രക്താതിസാരം, പരാദങ്ങൾ, വസൂരി, വസന്ത എന്നിവയാണു തണുപ്പുകാലത്തു കോഴികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും ആന്റി ബയോട്ടിക്കുകളിലൂടെയും രോഗത്തെ പടികടത്താം.

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബിജു ജെ. ചെമ്പരത്തി, പബ്ലിക് റിലേഷൻസ് ഓഫിസർ, ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ്)

ജെറിന്റെ മെറി തത്തകൾ

>

കോലഞ്ചേരി ചേരമോളയിൽ വീട്ടിൽ ഭക്ഷ്യസംസ്കരണത്തിൽ ബിരുദാനന്തരബിരുദം നേടിയ ഒരു ചെറുപ്പക്ക‍ാരനുണ്ട്, ജെറിൻ. വയസ്സ് മുപ്പത്തിരണ്ടേ ആകുന്നുള്ളൂ. 20 സെന്റോളം വരുന്ന സ്ഥലത്ത് മൂന്നു ഡസനോളം വരുന്ന വിദേശ വർണത്തത്തകളുടെ കൂടാരങ്ങളൊരുക്കി തന്റെ വീട്ട‍ുമുറ്റം പക്ഷിപ്രേമികളുടെ പറുദീസയാക്കി മാറ്റിയിരിക്കുന്നു ജെറിൻ.

കുഞ്ഞിലേ തുടങ്ങിയതാണ് ജെറിന്റെ പക്ഷിപ്രേമം. ഫെ‍ഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ ജോസഫും അമ്മ ജെസിയും അതിനു കൂട്ടുചേർന്നപ്പോൾ ഫാൻസി പ്രാവുകളും വർണക്കോഴികളുമൊക്കെ വീട്ടിലേക്കു വന്നു. കലാലയവിദ്യാഭ്യാസകാലത്താണ് ജെറിൻ ചുവടുമാറ്റിയത്. വിദേശ വർണത്തത്തകളിലായി കമ്പം. മക്കാ തത്തകളും കൊനൂർ തത്തകളും കൊക്കറ്റ‍ുകളുമൊക്കെയായി ഇന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തത്തകളുടെ ഉടമ മാത്രമല്ല, നല്ലൊരു ബ്രീഡറുമാണ് ജെറിൻ.

തത്തകൾ ഏറെയുണ്ടെങ്കിലും മക്കാ തത്തകളും കൊക്കറ്റുകളും ഗ്രേ പാരറ്റുകളുമൊക്കെയാണ് ഈ യുവാവിന്റെ പ്രണയഭാജനങ്ങൾ. 21 അടി നീളത്തിലും 10 അടി ഉയരത്തിലുമായി വലിയ ബ്രീഡിങ് കേജുകൾ പണിതിട്ടുണ്ട്. മക്കാ തത്തകൾക്കായി നാലു കേജുകളും ചാരത്തത്തകൾക്കായി എട്ടു കേജുകളുമുൾപ്പെടെ മൊത്തം പതിനേഴോളം കേജുകൾ സ്വന്തമായുണ്ട്. നേരിട്ട് സൂര്യപ്രകാശവും മഴയും പതിക്കാത്ത രീതിയിലാണ് ഈ കൂടുകളുടെ നിർമിതി. മഹാഗണിയും തേക്കും പുളിയും മാവുമൊക്കെ ഒരുക്കിയ തണലിലാണ് കൂടാരങ്ങളുടെ സ്ഥാനം.

അനുകരണ സാമർഥ്യം ഏറെയുള്ള ആഫ്രിക്കൻ ചാരത്തത്തകൾ ഒൻപതു ജോടിയോളമുണ്ട്. ബ്ലൂ ആൻഡ് ഗോൾഡ് മക്കാ തത്തകളുടെയും വിലയേറിയ സ്കാർലറ്റ് തത്തകളുടെയും പ്രജനനത്തിൽ വിജയിച്ചതാണ് ജെറിനെ ഈ രംഗത്തു താരമാക്കിയത്.

മികച്ച പ്രജനനജോടികളെ കണ്ടെത്തുന്നതിൽ സമർഥനാണ് ജെറിൻ. വലിയ കൂട്ടിൽനിന്ന് അവയെ തിരഞ്ഞുപി‌ടിച്ചുമാറ്റി ബ്രീഡിങ് കേജുകളിലിടും. മുട്ടയിടാൻ പ്രത്യേകം നെസ്റ്റ് ബോക്സുകളുണ്ട്. മുട്ടകൾ വിരിയിക്കാൻ ആർദ്രതയും താപനിലയുമൊക്കെ സജ്ജീകരിച്ച ഇൻകുബേറ്ററുമുണ്ട്. ആദ്യത്തെ ഒന്നു രണ്ട് മുട്ടകൾ അടയിരുന്ന് വിരിയിച്ചശേഷം മറ്റുള്ളവ ഉപേക്ഷിക്കുന്നതാണ് മിക്ക പക്ഷികളുടെയും പതിവ്. ഇതൊഴിവാക്കാനാണ് ഇൻകുബേറ്റർ. കൊച്ചിയിൽ സ്വകാര്യ കമ്പനിയിലെ മാനേജരായ ജെറിന്റെ പക്ഷിപരിപാലനം രാവിലെ ആറുമണിക്ക് തുടങ്ങി ഒൻപതുമണിയോടെ പൂർത്തിയാകും. ഗോൾഡൻ പാരക്ക‍ീറ്റ്, ഗോൾഡൻ കൊനൂർ, അംബ്രല്ലാ കൊക്കറ്റു, പാം കൊക്കറ്റു, മൊളൂക്കൻ കൊക്കറ്റു എന്നിവയുടെ പ്രജനനത്തിലൂടെ മികച്ച കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചും പക്ഷിപ്ര‍േമികളുടെ കൂട്ടായ്മ സൃഷ്ടിച്ചും ജെറിൻ മുന്നേറുന്നു. ഓരോന്നിന്റെയും പ്രജനനതന്ത്രങ്ങൾ മന:പ്പാഠമാക്കണം. അതിനു നിരന്തര നിരീക്ഷണമേ വഴിയുള്ളൂ.

 

‌ബൊളീവിയൻ സ്കാർലറ്റ് നിയന്ത്രിത പ്രജനനത്തിനു പറ്റിയ ഇനമാണ്. എന്തും കഴിക്കും എന്നതാണ് ഇവയുടെ ഗുണം. ചെറുപ്രായത്തിൽത്തന്നെ പരിശീലിപ്പിക്കാം. പഴവർഗങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു ഗ്രീൻവിങ്ഡ് മക്കാവ്.

മാംസ്യവും കൊഴുപ്പും നാരുകളുമൊക്കെ ചേർന്ന വിദേശനിർമിത തീറ്റകളാണ് ജെറിൻ നൽകുന്നത്. കുഞ്ഞ‍ുങ്ങൾക്കു ഹാൻഡ് ഫീഡിങ് ഫോർമുലയും മുതിർന്നവയ്ക്കു ബെനിലെക്സ് (ബീക്സ് ഇന്റർനാഷണൽ) ഫീഡ് മിക്സുമാണ് നൽകുന്നത്.

ഈ രംഗത്തേക്കു പുതുതായി വരുന്നവർക്കു വിവരങ്ങൾ നൽകാനും നിലവിലുള്ളവർക്ക് പ്രജനനതന്ത്രങ്ങൾ കൈമാറാനും വിപണന സൗകര്യമൊരുക്കാനുമായി എ.വി. കൾച്ചർ അസോസിയേഷൻ ഓഫ് കേരള എന്ന സംഘടന ജെറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

ഫോൺ: (ജെറിൻ) – 99614 55889

വീട്ടിൽ പൂച്ചയെ വളർത്തുന്നവർ അറിയാൻ

 

പൂച്ചക്കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ടെങ്കിൽ രണ്ടുമാസം പ്രായമായവയെ വാങ്ങാം. ഈ സമയം വരെ തള്ളപ്പൂച്ചയു‌ടെ കൂടെയായിരിക്കും ഇവ കഴിയുക. രോഗലക്ഷണങ്ങൾ ഇല്ലാത്ത ഊർജ്ജസ്വലതയോടെ കളിക്കുന്ന ജാഗ്രതയുള്ള പൂച്ചക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാം. ജനനസമയത്ത് 70–130 ഗ്രാം തൂക്കം വരുന്ന പൂച്ചക്കുഞ്ഞുങ്ങൾ ഈ സമയത്ത് 400–900 ഗ്രാം ശരീരഭാരമെത്തിയിരിക്കും. ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പരിശോധിച്ചറിയുക. വീട്ടിലെ പുതിയ അംഗമായെത്തുന്ന പൂച്ചക്കുഞ്ഞിനോട് സൗമ്യതയും സ്നേഹവും കാണിക്കണം. കൂടുതൽ ശ്രദ്ധ സൗഹൃദം സമ്മാനിക്കും. എന്നാൽ അമിത വാത്സല്യം കാട്ടേണ്ട. വീട്ടിലെ കുട്ടികളുടെ അശ്രദ്ധമായ പെരുമാറ്റവും കെട്ടിപ്പിടുത്തവും ഒഴിവാക്കണം. ഇതൊരു കളിപ്പാട്ടമല്ലായെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം.

പകൽ സ്വതന്ത്രമായി വിട്ട് രാത്രിയിൽ ഒരു ചെറിയ പെട്ടിയിൽ തുണിയോ, ന്യൂസ് പേപ്പറോ വിരിച്ച് നൽകാം. ഉടമയു‌ടെ വീടിനെ പൂച്ചക്കുഞ്ഞ് സ്വന്തമെന്ന് കരുതുന്നതു വരെ 2–3 ദിവസം വാതിലും ജനലും അടച്ച് മുറിയിൽ പാർപ്പിക്കുക. 4–5 ദിവസത്തേക്ക് ഏകാന്തത ഒഴിവാക്കാൻ അ‌ടുത്ത് ഒരു ‌ടൈംപീസ് വെച്ചുകൊടുക്കുക. വീട്ടിലെ മറ്റു മൃഗങ്ങളുമായി സാവധാനം മാത്രം പരിചയപ്പെടുത്തുക. ആദ്യ ദിവസങ്ങളിൽ പൂച്ചക്കുഞ്ഞുങ്ങൾ നിരന്തരമായി കരയുന്നത് വിശന്നിട്ടാണെന്ന് കരുതി തീറ്റ അധികം നൽകരുത്. പുതിയ പരിസരത്തോട് ഇണങ്ങുന്ന പൂച്ച സ്വയം ദേഹം നക്കിത്തുടയ്ക്കുന്നു. ഉടമയുടെ വീട് തന്നെയാണ് പൂച്ചയുടെ വീട്. വീടിനുള്ളിൽ തുറന്ന് വിട്ടോ, പ്രത്യേക പൂച്ചക്കൂടുകളിലോ വളർത്താം. വീടിന്റെയുള്ളിൽ ഉറങ്ങാനും വിശ്രമിക്കാനും ഉള്ള സ്ഥലം പൂച്ചതന്നെ കണ്ടെത്തും. അവിടെ മരപ്പെ‌ട്ടിയോ, ചൂരൽ കൊണ്ടുള്ള കൊട്ടയോ നൽകാം. സ്വന്തമായി താമസസൗകര്യം പൂച്ചയ്ക്ക് ആവശ്യമില്ലെങ്കിലും ചില പ്രത്യേക സൗകര്യങ്ങൾ പൂച്ചകൾക്ക് ഒരുക്കി നൽകേണ്ടതുണ്ട്. മലമൂത്ര വിസർജ്ജനം ന‌ത്താനുള്ള ലിറ്റർ ബോക്സ്, ടോയ്‍ലറ്റ് ട്രേ, തീറ്റ, വെള്ളപ്പാത്രങ്ങൾ, വിരിപ്പ്, കിടക്ക, സ്ക്രാച്ചിങ്ങ് പോസ്റ്റ് തുടങ്ങിയവയോടൊപ്പം നഖം വെട്ടി, ചീപ്പ്, ബ്രഷ്, കളിപ്പാട്ടങ്ങൾ, ടൂത്ത്ബ്രഷ് എന്നിവയും ഒരുക്കാം.

വീടിനകത്താണ് പൂച്ചകൾ മലമൂത്ര വിസർജ്ജനം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ലിറ്റർ ബോക്സ് ഒരുക്കണം. ഇതിനായി പൂച്ചകൾക്ക് അനായാസം കയറാൻ കഴിയുന്ന ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ മണ്ണ് ട്ര‍േയിൽ മണ്ണോ, മണലോ, അറക്കപ്പൊടിയോ നിറയ്ക്കുക. ഭക്ഷണം നൽകി കുറച്ചു സമയത്തിനുശേഷം പൂച്ചക്കുട്ടിയെ ലിറ്റർ ബോക്സിനുള്ളിൽവെച്ച് മണ്ണ് ഒന്ന് മാന്തിക്കൊടുക്കണം. വെളിയിൽ കാഷ്ഠിക്കുന്ന പൂച്ച കാട്ടാറുള്ള മണ്ണ് മാന്തി വിസർജ്ജനം ചെയ്ത് മൂടുന്ന സ്വഭാവം അനുകരിക്കുകയാണ് ഇവ ചെയ്യുന്നത്. ഒരിക്കൽ വിസർജ്ജിച്ച സ്ഥലത്തുതന്നെ അവ വീണ്ടും വിസർജ്ജിക്കും. നഖങ്ങൾ ഉരച്ച് മൂർച്ചവരുത്തുന്ന പൂച്ചകളുടെ സ്വഭാവം പലപ്പോഴും വീടിനുള്ളിൽ ശല്യമാകാറുണ്ട്. പുറത്തേക്ക് പോകാൻ അവസരമുള്ള പൂച്ച മരത്തടിയിലും മറ്റും ഉരസി ഈ സ്വഭാവം കാണിക്കും. വീടിനുള്ളിൽ കഴിയുന്ന പൂച്ച പലപ്പോഴും ഫർണിച്ചറുകൾ ഉരസി വൃത്തികേടാക്കുന്നു. ഇതു തടയാൻ ഉരുണ്ട തടിയിൽ കയർ ചുറ്റി കുത്തിവച്ച് സ്ക്രാച്ചിങ്ങ് പോസ്റ്റ് നൽകാം. കുട്ടിക്കാലത്ത് പല്ലിന്റെ അസ്വസ്ഥത മാറ്റാൻ ഉടമയുട‌െ കൈകളിൽ കടിക്കുന്ന പൂച്ചയു‌ടെ സ്വഭാവം ഒഴിവാക്കാൻ മുറിയിൽ പ്ലാസ്റ്റിക് സ്‌ട്രോകളോ, കളിപ്പാട്ടങ്ങളോ നൽകണം.

8–10 മാസം പ്രായത്തിൽ പൂച്ചകൾ പ്രായപൂർത്തിയെത്തുന്നു. ഒരു വയസാണ് ആരോഗ്യപരമായ പ്രജനനത്തിന് പറ്റിയ സമയം. 15–21 ദിവസമാണ് മദിചക്രത്തിന്റെ ദൈർഘ്യം. മദി സമയം 2–4 ദിവസം. 55–65 ദിവസമാണ് ഗർഭകാലം. ഗർഭാവസ്ഥയിൽ മുലക്കാമ്പുകൾ ചുവന്നുതടിച്ചു വരികയും അകിടിനു ചുറ്റുമുള്ള രോമങ്ങൾ കൊഴിയുകയും ചെയ്യുന്നു. പ്രസവം അടുക്കാറായാൽ പെട്ടിയിൽ വിരിപ്പായി ന്യൂസ് പേപ്പർ നൽകി കിറ്റനിങ്ങ് ബോക്സ് ഒരുക്കുക. പ്രസവ ലക്ഷണങ്ങൾ തുടങ്ങി 12 മണിക്കൂർ കഴിഞ്ഞും പ്രസവം നടന്നില്ലെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. പ്രസവിച്ച ഉടനെ കുഞ്ഞുങ്ങൾ മുലപ്പാൽ കുടിച്ചു തുടങ്ങുന്നു. തള്ളപ്പൂച്ച കുട്ടികളുടെ ദേഹം തുടച്ചു വൃത്തിയാക്കുന്നു. ഈ സമയത്ത് കുട്ടികൾ പൂച്ചയുടെ അടുത്ത് പോകരുത്. 7–10 ദിവസങ്ങൾക്കുള്ളിൽ കണ്ണുകൾ തുറക്കുന്ന ഇവ 3 ആഴ്ച പ്രായത്തിൽ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നു. പ്രജനന‌ത്തിന് താൽപര്യമില്ലെങ്കിൽ പൂച്ചകളെ ആറുമാസം പ്രായം കഴിയുമ്പോൾ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വ‍ിധേയമാക്കാം.

ശ്രദ്ധിച്ചു നൽകണം പൂച്ചയ്ക്ക് ഭക്ഷണം

കറ തീർന്ന മാംസഭുക്കാണ് പൂച്ച. ഇവയുടെ ശാരീരിക സ്വഭാവ പ്രത്യേകതകൾ ഇരയെ പിടിച്ചു തിന്നാൻ രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. അതിനാൽ പൂച്ചകളെ പൂർണ്ണമായൊരു വെജിറ്റേറിയൻ ഭക്ഷണത്തിൽ വളർത്താൻ ബുദ്ധിമുട്ടാണ്. മാംസത്തിൽ നിന്നു ലഭിക്കുന്ന ടോറിൻ പോലുള്ള അമിനോ ആസി‍ഡുകൾ പൂച്ചകൾക്ക് അനിവാര്യമാണ്. ടോറിൻ ഏറ്റവുമധികം ഉള്ള എലിയും, മീനും പൂച്ചകൾക്ക് പ്രിയങ്കരമാകുന്നതിന്റെ കാരണവും ഇതുതന്നെയായിരിക്കും. നായകൾക്ക് ആവശ്യമുള്ളതിനേക്കാൾ ഇരട്ടി പ്രോട്ട‍ീൻ പൂച്ചകളുടെ ഭക്ഷണത്തിൽ വേണം. കൂടാതെ പത്തുശതമാനത്ത‍ോളം കൊഴുപ്പും വേണം.

നായയുടെയും, മനുഷ്യന്റെയും ഭക്ഷണം ശാസ്ത്രീയമായി പൂച്ചകൾക്ക് ചേർന്നതല്ല. മാംസഭുക്കായ പൂച്ചയ്ക്ക് പ്രോട്ട‍ീൻ നൽകാൻ മാംസം, മത്സ്യം എന്നിവ നൽകാം. കൂടെ പുഴുങ്ങിയ മുട്ട, നേർപ്പിച്ച പാൽ, എന്നിവയും നൽകാം. അന്നജം ലഭിക്കാൻ ചോറ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം. വിറ്റാമിനുകൾ ലഭിക്കാൻ അൽപ്പം കാരറ്റ് തുടങ്ങിയ പച്ചക്കറികൾ നൽകാം. സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് പൂച്ചകൾക്ക് കുറവാണ്. വീട്ടിൽ തയ്യാറാക്കുന്ന തീറ്റ 25–50 ഗ്രാം / ഒരു കിലോഗ്രാം ശരീരഭാരത്തിന് എന്ന അളവിൽ നൽകാം. എല്ലില്ലാത്ത മാംസവും മത്സ്യവും മാത്രം നൽകുമ്പോൾ കാൽസ്യം, വിറ്റമിൻ എ എന്നിവയുടെ കുറവുണ്ടാകാമെന്നതിനാൽ എല്ലിൻ പൊടി, ലിവർ എന്നിവ നൽകാം. മീനെണ്ണയും വിറ്റമിൻ എ നൽകും.

ചിക്കന്റെ കഴുത്ത് വേവിച്ച് നൽകുന്നത് നല്ലത്. ധാരാളം ശുദ്ധജലം നൽകണം വലിയ ഒരെല്ല് കടിക്കാനായി ഇട്ടുകൊടുക്കാം. പൂച്ചകൾ പലപ്പോഴും പുല്ല് തിന്നാറുണ്ട്. വിറ്റ‌മിനുകൾ ലഭിക്കുന്നതോടൊപ്പം ശരീരം വൃത്തിയാക്കുമ്പോൾ ഉള്ളിൽ പോകുന്ന രോമം ഛർദ്ദിച്ച് പുറത്ത് കളയാനും ഇത് സഹായിക്കുന്നു. വേവിക്കാത്ത മാംസം, മത്സ്യം, പച്ചമുട്ട ഇവ പൂച്ചകൾക്ക് നൽകരുത്. ഇത് ബാക്ടീരിയ, പരാദബാധകൾക്ക് കാരണമാകും. വലിയ അളവിൽ പാൽ നൽകരുത്. വിറ്റമിൻ മിശ്രിതം നൽകുമ്പോൾ ലിവർ അധികമായി നൽകരുത്. ചോക്കളേറ്റ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കാം. എല്ലും മുള്ളും പൂച്ചയ്ക്ക് വേണ്ട. ഭക്ഷണക്രമത്തിൽ ഏറെ ശുചിത്വം പാലിക്കുന്നതിനാൽ വൃത്തിയുള്ള പുതിയ തീറ്റ നൽകണം. അമിത ഭക്ഷണം ജീവിതശൈലീരോഗങ്ങൾക്ക് വഴി വയ്ക്കുന്നു ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും അധികം ഭക്ഷണവും ശുദ്ധജലവും വേണം.

പൂച്ചകൾക്ക് ആവശ്യമായ സംതുലിത തീറ്റയെന്നത് അവകാശപ്പെടുന്ന ഖരരൂപത്തിലുള്ള റെഡിമെയ്ഡ് തീറ്റകൾ ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്. വില കൂടുതലാണെങ്കിലും പോഷകാഹാരപ്രദമായിരിക്കും ഇത്തരം തീറ്റകൾ. പൂച്ചകളുടെ പ്രായത്തിനും തൂക്കത്തിനും അനുസരിച്ച് നൽകേണ്ട കൃത്യമായ അളവുകൾ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും. കുട്ട‍ികൾ, വളരുന്ന പൂച്ചകൾ, പ്രായം കൂടിയവർക്ക്, ഗർഭിണികൾക്ക്, രോഗികൾക്ക് തുടങ്ങിയ പല അവസ്ഥയുള്ളവർക്കും നൽകാവുന്ന തീറ്റകളുണ്ട്.

ജനനസമയത്ത് 100–125 ഗ്രാം വരുന്ന പൂച്ചക്കുട്ടി ഒരു വർഷം കൊണ്ട് മുപ്പത് മടങ്ങോളം തൂക്കം നേടുന്നതിനാൽ ഈ പ്രായത്തിൽ നല്ല ഭക്ഷണം തന്നെ നൽകണം. ജനിച്ചു വീഴുന്ന കുട്ട‍ികൾ ആദ്യത്തെ രണ്ടു ദിവസം തള്ളയുടെ കന്നിപ്പാൽ കുടിക്കുന്നു. രോഗപ്രതിരോധശേഷി നൽകാൻ ഇത് നിർണ്ണായകം. ആദ്യത്തെ നാലാഴ്ച പാൽ തന്നെ മുഖ്യഭക്ഷണം. ഉണർന്നിരിക്കുന്ന ഓരോ മണിക്കൂറും കുഞ്ഞുങ്ങൾ പാൽ കുടിക്കുന്നു. നാലാഴ്ച കഴിയുന്നതോടെ ആഹാരവും നൽകി തുടങ്ങണം. പരിപ്പ്, പച്ചക്കറികൾ മുതലായവ നന്നായി വേവിച്ച് നൽകണം. മറ്റ് ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങുന്നതോ‌ടെ പാ‍ൽ കുടിയ്ക്കുന്നത് കുറയുന്നു. തള്ളയുടെ അകിടിൽ പാ‍ൽ വറ്റുന്ന പത്ത് ആഴ്ച പ്രായത്തോടെ മത്സ്യം, മാംസം തുടങ്ങിയ ആഹാരത്തിലേക്ക് മാറാവുന്നതാണ്. പിന്ന‍ീട് പാൽ നേർപ്പിച്ച് മാത്രം നൽകണം. ഗർഭിണികൾക്ക് 25% തീറ്റ അധികം വേണം. മൂലയൂട്ടുന്ന പൂച്ചകൾക്ക് 2–4 ഇരട്ടി ഭക്ഷണവും ധാരാളം ശുദ്ധജലവും നൽകണം. തനതായ ശാരീരിക സ്വഭാവ പ്രത്യേകതകൾ ഉള്ള പൂച്ചകൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. വലിയ പൂച്ചകളിൽ പോലും കുട്ടിത്തം നിലനിൽക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കാരണം പൂ‍ച്ച വലുതായാലും ചെറുതായാലും ഉടമകൾക്ക് അവ അരുമ തന്നെയാണ്.

ഓമനമൃഗങ്ങൾക്ക് എക്സ്ട്രാ കെയർ

വീട്ടിൽ ഓമനമൃഗങ്ങളെ വാങ്ങും മുമ്പ് ഓർക്കേണ്ട കാര്യങ്ങൾ

വെറുതെ ഒരു തോന്നലിൽ പട്ടിക്കുട്ടിയെ വളർത്താമെന്നു തീരുമാനിച്ചാൽ ആദ്യത്തെ കൗതുകം തീരുമ്പോൾ അതിനെ കുളിപ്പിക്കാനും തീറ്റ കൊടുക്കാനും നേരമില്ലാതാകും. പിന്നത്തെ ചിന്ത അതിനെ എങ്ങനെ ഒഴിവാക്കാം എന്നാകും. ആവേശത്തിന് തീരുമാനമെടുക്കും മുമ്പ് ഇക്കാര്യങ്ങൾ മനസ്സിൽ വച്ചോളൂ.

ശ്രദ്ധ കൊടുക്കുമെന്ന് ഉറപ്പിക്കുക
ഒരു ദിവസത്തേക്കു മാത്രമായി പെറ്റ്സിനെ വളർത്താനല്ല, കുറച്ചുകാലത്തേക്ക് ഇത് കൂടെയുണ്ടാകും എന്ന കാര്യം മറക്കരുത്. എല്ലായ്പ്പോഴും അതിനെ ഒരുപോലെ ശ്രദ്ധിക്കാൻ പറ്റുമോ എന്ന് ആലോചിക്കണം. ഏത് മൃഗമായാലും അതിനെ പരിചരിക്കാനായുള്ള സമയം ഉണ്ടെന്ന് ഉറപ്പു വരുത്തണം. അവയ്ക്കാവശ്യമായ പരിചരണവും സ്നേഹവും നൽകാനുള്ള ഉത്തരവാദിത്തം വളർത്തുന്നവർക്കുണ്ട്. പെറ്റ്സിനെ വളർത്തുന്നത് അമിത ചെലവുള്ള കാര്യമല്ല. എന്നാൽ പണച്ചെലവില്ലാത്ത കാര്യവുമല്ല. ഒരു നിശ്ചിത തുക എല്ലാ മാസവും ഓമനയ്ക്കായി നീക്കിവയ്ക്കേണ്ടിവരും.

ജീവിതശൈലിക്ക് ചേരുമോ?
നിങ്ങൾക്ക് ഇഷ്ടമുള്ള പെറ്റ്സിന്റെയെല്ലാം സ്വഭാവവും ആവശ്യങ്ങളും അറിയാൻ ശ്രമിക്കുക. അതിൽ നിന്ന് നിങ്ങളുടെ കുടുംബത്തിനു ചേരുന്ന മൃഗത്തെ തിരഞ്ഞെടുത്താൽ മതി. മിക്ക മൃഗങ്ങൾക്കും പകൽ സമയത്തും ശ്രദ്ധ ആവശ്യമായി വരാം. കൂടുതൽ നേരം വീട്ടിലുണ്ടാകുമെന്നുണ്ടെങ്കിൽ മാത്രം അത്തരം മൃഗങ്ങളെ വളർത്തുക. വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവരോടും ചേർന്നു പോകുന്നവയെ തിരഞ്ഞെടുക്കണം. പെറ്റ്സിനെ കഴിയുമെങ്കിൽ അവയുടെ ഇളംപ്രായത്തിൽ തന്നെ വീട്ടിൽ കൊണ്ടു വരുന്നതാണു നല്ലത്.

വീടൊരുക്കാം
ഓമനമൃഗങ്ങൾക്ക് അവയുടേതായ ലോകം നൽകുക. ഭക്ഷണസാധനങ്ങളും കാണുന്നതിനോടെല്ലാമുള്ള കൗതുകവുമാണ് ഇവയെ അപകടത്തിലേക്കു ചാടിക്കുന്നത്. കത്തി, വിഷമുള്ള വസ്തുക്കൾ എന്നിവ ഇവയുടെ കണ്ണിൽപ്പെടാതെ നോക്കിക്കോളൂ. എന്തു കാര്യത്തിനും കൃത്യമായ നിയന്ത്രണം ശീലിപ്പിക്കണം. പെറ്റ്സിന് എളുപ്പത്തിൽ കിട്ടുന്ന രീതിയിൽ വീട്ടിലെ ഭക്ഷണസാധനങ്ങൾ വയ്ക്കരുത്.

ഓമനമൃഗത്തെ വാങ്ങും മുമ്പേ അതിനാവശ്യമായ തീറ്റസാധനങ്ങളും കളിപ്പാട്ടങ്ങളും സോപ്പുമെല്ലാം വീട്ടിൽ റെഡിയാക്കി വയ്ക്കണം. ഓരോന്നും എങ്ങനെ ഉപയോഗിക്കണമെന്ന് വീട്ടിലുള്ള എല്ലാവരും അറിഞ്ഞിരിക്കുന്നതു നന്ന്.

ചെക്അപ് വേണം
പെറ്റ്സിനും വേണം റെഗുലർ ചെക്ക് അപ്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നതിനു മുമ്പേ കണ്ടുപിടിക്കാൻ ഇതുപകരിക്കും. ഓമനയെ സ്വന്തമാക്കിയ ഉടൻ വെറ്ററിനറി ഡോക്ടറെ കണ്ടോളൂ. എപ്പോഴെല്ലാം ചെക്ക് അപ് വേണമെന്നും ഭക്ഷണരീതിയെയും അളവുകളെയും കുറിച്ചും വാക്സിനേഷനുകൾ, മരുന്നുകൾ എന്നിവയെക്കുറിച്ചും അസുഖ ലക്ഷണങ്ങളെക്കുറിച്ചും ധാരണ കിട്ടും. അത്യാവശ്യ ഘട്ടങ്ങളിൽ തിരഞ്ഞു നടക്കാൻ ഇടവരാത്ത രീതിയിൽ ഡോക്ടറുടെയും ആശുപത്രിയുടെയും നമ്പർ സേവ് ചെയ്തു വയ്ക്കുക. അവയ്ക്കു നൽകുന്നത് യോജിച്ച ഭക്ഷണമാണോ എന്നും കൃത്യമായ അളവിലാണോ എന്നും പ്രത്യേകം ശ്രദ്ധിക്കണം.
പെറ്റ്സിന്റെ വൃത്തി പരമപ്രധാനമാണ്. കൃത്യമായൊരു ക്ലീനിങ് ഷെഡ്യൂൾ തയാറാക്കി പരമാവധി പാലിക്കുക. വലിയ ഇടവേളയില്ലാതെ ഗ്രൂമിങ്, ബ്രഷിങ്, ചെള്ളും നഖങ്ങളും വൃത്തിയാക്കൽ എന്നിവ ചെയ്യണം.

പൂച്ച ഒരു സ്റ്റാറ്റസ് സിംബൽ

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നു ചോദിക്കുന്നവർ കേൾക്കുക, എലിയെ പിടിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് വീടിന്റെ അലങ്കാരവും സ്റ്റാറ്റസ് സിംബലുമായി പൂച്ചകൾ മാറിയിരിക്കുന്നു. പല വിദേശ രാജ്യങ്ങളിലും എണ്ണത്തിലും ജനപ്രീതിയിലും ഓമനമൃഗമെന്ന നിലയിൽ ഇവർ നായ്ക്കളെ കടത്തിവെട്ടിയിരിക്കുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെ വീടിനുള്ളിൽ വളർത്തപ്പെടുന്ന അരുമയായതിനാൽ അവരുടെ പരിപാലനത്തെക്കുറിച്ചുള്ള അറിവ് പൂച്ച പ്രേമികൾക്ക് ഏറെ പ്രധാനമാണ്.

ഊഷ്മളമായ സൗഹൃദവും ഊർജ്ജസ്വലമായ ജീവിതരീതിയുമാണ് പൂച്ചകളുടെ മുഖമുദ്ര. പരിമിതമായ സ്ഥലസൗകര്യങ്ങളിലും കുറഞ്ഞ ചിലവിലും വളർത്താമെന്നത് ഓമനമൃഗമെന്നനിലയിൽ ഇവർക്ക് ആകർഷണം നൽകുന്നു. ഉടമയുടെ സമയം ഏറെ അപഹരിക്കാതെ, ഏറെ ആശ്രയിക്കാതെ ശാന്തനായി ഒറ്റയാനായി ഉറക്കവും അൽപ്പം കറക്കവുമായി സ്വയം പര്യാപ്തനാവാൻ പൂച്ചയ്ക്ക് കഴിയുന്നു. നിത്യേനയുള്ള നടത്തമോ വ്യായാമമോ നിർബന്ധമില്ല. അതിനാൽ ഫ്ലാറ്റുകളിൽ കഴിയുന്നവർ, വീട്ടിൽ തന്നെ ജീവിതം തളച്ചിടുന്ന വൃദ്ധർ, തിരക്കേറിയ ജീവിതം നയിക്കുന്നതുമൂലം അരുമമൃഗത്തിനായി ഏറെ സമയം ചിലവഴിക്കാനില്ലാത്തവർ എന്നിവർക്കൊക്കെ പൂച്ചകൾ കൂട്ടുകാരായി ചേരും. യജമാനസ്നേഹത്തെക്കാൾ താമസിക്കുന്ന വീടിനോടും പരിസരത്തോടുമുള്ള ബന്ധമാണ് പൂച്ചയുടെ പ്രത്യേകത. ഇനിയും മെരുങ്ങാത്ത വന്യഭാവങ്ങളുമായി ജീവിക്കുന്ന ഇവർക്ക് ഇവയെ മനസിലാക്കിയുള്ള പരിചരണമാണ് വേണ്ടത്.

ലോകത്താകമാനം അൻപതോളം പൂച്ച ജനുസ്സുകളുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ബലനീസ്, അങ്കോറ, സൊമാലി, സയാമീസ്, പേർഷ്യൻ, അബിസീനിയൻ, മാൻക്സ്, ബിർമൻ, ബ്രിട്ടീഷ് ഷോർട്ട് ഹെയർ സ്പിനിക്സ്, റെക്സ്, റോഗ്, ബംഗാൾ, ബോംബെ, ഹിമാലയൻ തുടങ്ങിയവയാണ് പ്രധാന ജനുസ്സുകൾ. രോമക്കുപ്പായത്തിന്റെ നീളം, നിറം, ശരീര വലിപ്പം, വാലിന്റെ നീളം, കണ്ണിലെ കൃഷ്ണമണിയുടെ നിറം എന്നീ ശാരീരിക പ്രത്യേകതകളിലും സ്വഭാവ സവിശേഷതകളിലും ഈ ജനുസ്സുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ശുദ്ധജനുസ്സുകൾ ഏറെയുണ്ടെങ്കിലും നാടൻ എന്നോ സങ്കരയിനം എന്നോ വിളിക്കാവുന്ന പൂച്ചകളാണ് കേരളത്തിൽ ബഹുഭൂരിപക്ഷവും. എന്നാൽ പേർഷ്യൻ, സയാമീസ് തുടങ്ങിയ ഏതാനും വിദേശജനുസ്സുകൾ നമ്മുടെ നാട്ടിലും ഇപ്പോൾ ജനപ്രിയതാരങ്ങളായിരിക്കുന്നു.

ഉടമയുടെ താമസസ്ഥലത്തിന്റെ പ്രത്യേകത, സ്ഥല ലഭ്യത, പ്രായം, കുട്ടികളുടെ പ്രായം, പൂച്ചകളുടെ ശരീര–സ്വഭാവ പ്രകൃതം, രോമാവരണം തുടങ്ങിയ ഗുണങ്ങൾ നോക്കിയാവണം ജനുസ്സിന്റെ തിരഞ്ഞെടുപ്പ്. ഓമനമൃഗമെന്ന നിലയിൽ വളർത്താൻ സങ്കരയിനമായാലും മതി എന്നാൽ പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽപ്പന ന‌ടത്താനാണെങ്കിൽ ശുദ്ധജനുസ്സുകളെ വളർത്താം. ബുദ്ധിയും സ്നേഹവും സൗഹൃദഭാവവും ആൺ, പെൺ പൂച്ചകളിൽ ഒരേപോലെയായതിനാൽ ഇവർ തമ്മിൽ അധികം വിവേചനം വേണം. നീളൻ രോമങ്ങളുള്ള ഇനങ്ങൾക്ക് കൂടുതൽ പരിചരണം വേണ്ടിവരുമെന്ന് ഓർക്കുക.

പേർഷ്യൻ പൂച്ച

ഇറാനാണ് പേർഷ്യൻ പൂച്ചകളുടെ ജന്മദേശം. പിന്നീടവ യൂറോപ്പിൽ സ്റ്റാറ്റസ് സിംബലായി വളർന്നു. വിവിധ നിറങ്ങളിൽ കാണപ്പെടുന്ന ഇവരുടെ പ്രത്യേകത കമ്പിളി പോലെയുള്ള നീളൻ രോമങ്ങളാണ്. കുറിയ ഇരുണ്ട ശരീരം, ചെറിയ കഴുത്ത്, വലിയ തല, പരന്ന മുഖം, കുറുകിയ തടിച്ച കാലുകൾ, വിശാലമായ നെഞ്ച്, ചെറിയ ചെവികൾ എന്നീ പ്രത്യേകതകളുമുണ്ട്. സ്നേഹസമ്പന്നരായ ഇവർ വീടിനുള്ളിൽ ‌ഒതുങ്ങി കൂടുമെങ്കിലും ഏകാന്തവാസം ഇഷ്ടപ്പെടുന്നില്ല. ശുദ്ധ ജനുസിന് 3–6 കിലോഗ്രാം ഭാരം വരുന്നു. ഫ്ളാറ്റുകളിലും, വീടിനുള്ളിലും വളർത്താൻ അനുയോജ്യമായ ഇവയുടെ നീണ്ട രോമക്കുപ്പായം ചീകി മിനുക്കാൻ സമയവും ശ്രദ്ധയും വേണം. ബ്ര‌ിട്ടനിലെ ആദ്യ പൂച്ച ജനുസ്സായ ഇവ ബ്രിട്ടീഷ് ലോങ്ങ് ഹെയർ എന്നും അറിയപ്പെടുന്നു. നീലക്കണ്ണുകളുള്ള പൂച്ചകളാണ് സയാമീസ്. 'V' ആകൃതിയിലുള്ള മുഖവും വലിയ ചെവികളും ഇവയ്ക്കുണ്ട്. തൂവെള്ള നിറമുള്ള പൂച്ചക്കുട്ടികൾ വലുതാകുമ്പോൾ മങ്ങിയ തവിട്ടു നിറമാകുന്നു മൂക്ക്, വായ, ചെവി, കാലുകൾ എന്നിവ കടുത്ത തവിട്ടു നിറമാകും.

ഡോ. സാബിൻ ജോർജ്
അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്ട്മെന്റ് ‌ഓഫ് എൽ.പി.എം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ– 680651
Email: drsabinlpm@yahoo.com

പൂച്ചകൾക്കും പതിവായി ബ്രഷ് ചെയ്യണം

 

തനിയെ കളിച്ചും കറങ്ങി നടന്നും ഊർജ്ജസ്വലരായി ജീവിക്കുന്ന പൂച്ചകൾക്ക് ദിവസേന വ്യായാമം പ്രത്യേകം ആവശ്യമില്ല. നീണ്ട രോമങ്ങളുള്ള പൂച്ചകളു‌ടെ ദേഹം എല്ലാ ദിവസവും ചീകി മിനുസപ്പെടുത്തണം. എല്ലാ ദിവസവും കുറഞ്ഞത് പതിനഞ്ചു മിനിട്ടെങ്കിലും പൂച്ചയു‌ടെ കൂടെ കളിക്കാൻ സമയം കണ്ടെത്തണം. പതിവായി പല്ലുകൾ ബ്രഷ് ചെയ്യണം. മൂന്നാഴ്ചയെങ്കിലും കൂടുമ്പോൾ നഖങ്ങൾ വെട്ടുകയും ആഴ്ചയിലൊരിക്കൽ ചെവിയുടെ ഉൾഭാഗം വൃത്തിയാക്കുകയും വേണം. ഇടയ്ക്കിടെ കുളിപ്പിക്കേണ്ട ആവശ്യമില്ല. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ മാത്രം മതി. ഏറെ ശുചിത്വബോധമുള്ള പൂച്ചകൾ ശരീരം പതിവായി തുടച്ച് വൃത്തിയാക്കുന്നു.

സാംക്രമിക, പരാദ രോഗങ്ങൾക്കു പുറമേ പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങൾ പൂച്ചകൾക്ക് വരാം. ആരോഗ്യ കാര്യങ്ങളിൽ ഫാമിലി വെറ്ററിനറി ഡോക്ടറുമായി ചേർന്നുള്ള തീരുമാനങ്ങൾ എടുക്കണം. പൂച്ചക്കുട്ടികൾക്ക് 1, 3, 6 മാസങ്ങളിലും വലിയ പൂച്ചകൾക്ക് 6 മാസം ഇടവേളയിലും വിരമരുന്ന് നൽകണം. പ്രസവത്തിന് 15 ദിവസം മുമ്പും പ്രസവശേഷം ഒരു മാസത്തിനു ശേഷവും വിരമരുന്ന് നൽകാം. പേവിഷബാധ, പാൻലൂക്കോപീനിയ തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെയ്പ് നൽകണം. 3 മാസം പ്രായത്തിൽ പേവിഷബാധയുടെ കുത്തിവെപ്പും 6–8 ആഴ്ചയിലെ ലൂക്കോപീനിയ മരുന്നും നൽകുക.

പ്രതിരോധ കുത്തിവെയ്പുകൾക്ക് ഒരാഴ്ച മുമ്പും വിരമരുന്ന് നൽകണം. പേവിഷബാധ, ടോക്സോപ്ലാസ്മോസിസ് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളവയാണ്. വീടിനകത്തു കഴിയുന്ന മൃഗങ്ങളായതിനാൽ ഇത്തരം ജന്തുജന്യരോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം. ടോക്സോപ്ലാസ്മോസിസ് രോഗം ഗർഭിണികളിൽ ഗർഭമലസൽ ഉണ്ടാക്കാമെന്നതിനാൽ ഗർഭിണികൾ പൂച്ചകള‌ുമായി അടുത്ത് ഇടപഴകരുത്. മാത്രമല്ല പൂച്ചയുടെ‌ വിസർജ്ജ്യം വീഴുന്ന മുറ്റവും പരിസരവും വൃത്തിയാക്കുമ്പോഴും ശ്രദ്ധവേണം.

ഡോ. സാബിൻ ജോർജ്
അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്ട്മെന്റ് ‌ഓഫ് എൽ.പി.എം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ– 680651
Email: drsabinlpm@yahoo.com

പുതിയ പക്ഷികൾ കൂട്ടിലേക്കു വരുമ്പോൾ

 

ഓമനിച്ചുവളർത്തുന്ന പക്ഷിക്കൂട്ടം വിപുലമാക്കുന്നത് പക്ഷിപ്രേമികൾക്ക് ഏറെ സന്തോഷകരമാണ്. അതേസമയം പുതിയ അംഗങ്ങൾ എത്തിച്ചേരുമ്പോൾ ഏറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. കൂട്ടിലേക്കു പുതുതായി വരുന്ന പക്ഷികൾക്കു നേരിടേണ്ടിവരുന്ന ക്ലേശം അഥവാ സമ്മർദം, അതിഥികൾ രോഗവുമായി വരാനുള്ള സാധ്യത എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക പരിപാലനം, നിരീക്ഷണം, ചികിത്സാ സൗകര്യമൊരുക്കൽ എന്നിവയെല്ലാം വേണ്ടിവരും.

പുത്തൻ കൂട്ടുകാർ പുതിയ വീടിനെ തങ്ങളുടെ തട്ടകമായി കണ്ട് തൂവലുകൾ പൊഴിച്ച് പുത്തൻ തൂവലുകളുടെ നിറപ്പകിട്ടിൽ എത്തുകയും നിലവിലുള്ള അംഗങ്ങൾ രോഗഭീഷണിയില്ലാതെ അതിഥികളെ അംഗീകരിക്കുകയും ചെയ്യുന്നതുവരെ പ്രത്യേക ശ്രദ്ധ വേണം. പുതിയ പക്ഷികളെ നിശ്ചിത സമയത്തേക്കു പ്രത്യേക കൂടുകളിൽ അല്ലെങ്കിൽ സൗകര്യങ്ങളിൽ പാർപ്പിച്ചതിനു ശേഷമേ സ്ഥിരം കൂടുകൾ അല്ലെങ്കിൽ ഏവിയറികളിലേക്കു മാറ്റാവൂ. ഇത്തരം മാറ്റിനിർത്തലിനെ ക്വാറന്റൈൻ (quarantine) എന്നാണു പറയുക. ഈ ഇറ്റാലിയൻ വാക്കിന്റെ അർഥത്തിൽ 40 ദിവസം എന്ന കണക്കാണുള്ളത്. പല പക്ഷിപ്രേമികളും 2—3 ആഴ്ചയാണ് ക്വാറന്റൈൻ അനുവർത്തിക്കാറുള്ളതെങ്കിലും 40—42 ദിവസമാണ് വിദഗ്ധർ നിർദേശിക്കുന്നത്.

പുതിയ പക്ഷികൾ തീർത്തും അപരിചിത സാഹചര്യത്തിലേക്കാണ് വരുന്നത്. അതും പലപ്പോഴും ദീർഘയാത്രയ്ക്കു ശേഷം. ദൂരയാത്ര, പുതിയ അന്തരീക്ഷം, പരിചിതമല്ലാത്ത ഭക്ഷണം, പുത്തൻ കൂടുകളും വാസസ്ഥലങ്ങളും, പുതിയ ഉടമ തുടങ്ങി പക്ഷികളിൽ സമ്മർദം ഉണ്ടാക്കുന്ന പല സാഹചര്യങ്ങളുമുണ്ട്. അതിനാൽ പക്ഷിക്കൂട്ടിലെ സമ്മർദം കുറച്ച് അവയെ പുതിയ ചുറ്റുപാടുകളുമായി ഇണങ്ങാൻ പ്രാപ്തരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതോടെ ആരോഗ്യമുള്ള പക്ഷികൾക്കു പോലും രോഗമുണ്ടാകാം. സമ്മർദം താങ്ങാനാവാതെ ഭക്ഷണവും ജലപാനവും പോലും ഉപേക്ഷിച്ചെന്നുവരാം. ഇങ്ങനെ പട്ടിണികിടന്നോ നിർജലീകരണം മൂലമോ പക്ഷികൾ ചത്തുപോകാം. അതിനാൽ ക്വാറന്റൈൻ കാലമായ നാൽപതു ദിവസങ്ങളിൽ ആദ്യത്തെ ഒരാഴ്ച പുതിയ പക്ഷികളുടെ ക്ലേശം കുറയ്ക്കാൻ ശ്രദ്ധിക്കണം.

പുതുതായി വരുന്ന പക്ഷികളെ ക്വാറൻറൈൻ കൂടാതെ നിലവിലുള്ള പക്ഷികൾക്കൊപ്പം താമസിപ്പിക്കുന്നത് അപകടമാണ്. പുതിയവരെ പഴയ അംഗങ്ങൾ ആക്രമിക്കാനിടയുണ്ട്. ഇതും പക്ഷികളിൽ സമ്മർദമായി മാറുന്നു. പക്ഷികളെ കൂട്ടമായി പാർപ്പിക്കുന്ന കൂടുകളിൽ രൂപപ്പെടുന്ന സാമൂഹിക അധികാര ശ്രേണിയിൽ പുതുമുഖങ്ങൾ പിൻതള്ളപ്പെടും. മേധാവിത്വമുള്ള പഴയവർ ഉയർന്ന ചില്ലകളും വിശ്രമസ്ഥലങ്ങളും കൈയടക്കുകയും അതിഥികൾക്കു തീറ്റപ്പാത്രംവരെ നിഷേധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പലവിധ സമ്മർദങ്ങളിൽ പെട്ടുപോകുന്ന പക്ഷികൾക്കു ക്ലേശലഘൂകരണത്തിനായി ക്വാറന്റൈൻ സമയത്ത് പ്രത്യേക പരിചരണം നൽകണം. നിലവിലുള്ള പക്ഷികളെ പാർപ്പിക്കുന്ന കൂട്ടിൽനിന്നു പരമാവധി അകലെ ക്വാറന്റൈൻ കൂട് (quarantine cage) തയാറാക്കണം. 4 അടി നീളം, 2 അടി വീതി, 3 അടി ഉയരമുള്ള ഒരു കൂട്ടിൽ ഫിഞ്ചസ്, ബഡ്ജറിഗർ പോലുള്ള പത്തു പക്ഷികളെയെങ്കിലും പാർപ്പിക്കാം.

നിർജലീകരണത്തിൽനിന്നു രക്ഷ നൽകാൻ തുടക്കത്തിൽതന്നെ ഇലക്ട്രോലൈറ്റ് ലായനികളോ, കരിക്കിൻവെള്ളമോ നൽകാം. സമ്മർദാവസ്ഥ രോഗത്തിലേക്കു വഴിമാറുന്നതു തടയാൻ നല്ലത് പ്രോബയോട്ടിക്കുകൾ കൊടുക്കുകയാണ്. ലാക്ടോബാസിലസ്, സ്ട്രെപ്റ്റോകോക്കസ് തുടങ്ങിയ മിത്രബാക്ടീരിയകൾ (ഉദാഹരണത്തിന് തൈര്, യോഗർട്ട്) അടങ്ങിയ മരുന്നുകളാണ് പ്രോബയോട്ടിക്കുകൾ. സമ്മർദാവസ്ഥയിൽ രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് ആമാശയത്തിൽ ഗുണകരമായ ബാക്ടീരിയകളുടെ എണ്ണം കുറഞ്ഞ് രോഗകാരികളുടെ എണ്ണം കൂടി വയറിളക്കം പോലുള്ള രോഗങ്ങൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ ദീർഘകാലത്തിൽ പാർശ്വഫലങ്ങളുണ്ടാകാവുന്ന ആൻറിബയോട്ടിക്കുകൾ നൽകുകയാണ് ഉടമകൾ ചെയ്യാറുള്ളത്. എന്നാൽ പ്രോബയോട്ടിക്കുകൾ ആമാശയത്തിന്റെ അമ്ലത ക്രമീകരിക്കുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. ഉപകാരികളായ ബാക്ടീരിയകളുടെ എണ്ണവും രോഗകാരികളുടെ എണ്ണവും സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു.

തീറ്റക്രമം വഴിയും സമ്മർദം ലഘൂകരിക്കാം. മുപ്പതു ശതമാനമെങ്കിലും നല്ലപോലെ കുതിർത്ത തിനപോലെയുള്ള ധാന്യങ്ങൾ, മൃദുഭക്ഷണം, വിറ്റാമിൻ, ധാതുലവണ മിശ്രിതങ്ങൾ എന്നിവ കൃത്യമായി നൽകണം. പുതുതായി വരുന്നവയ്ക്കു മുമ്പു കൊടുത്തിരുന്ന ഭക്ഷണം തൽക്കാലം തുടരണം. ഭക്ഷണത്തിൽ മാറ്റങ്ങൾ 1—2 ആഴ്ചകൊണ്ടു മതി. പ്രത്യേക കൈത്തീറ്റ കൊടുത്തു വളർത്തിയിരുന്ന പക്ഷികൾ പെട്ടെന്ന് പ്രശ്നത്തിൽപ്പെടും. വിശേഷിച്ച് ദഹന പ്രശ്നങ്ങൾ. നന്നായി കുതിർത്ത തിന, മുളപ്പിച്ച പയർ, ചീര, മല്ലിയില, തുളസിയില എന്നിവകൊണ്ടു തയാർ ചെയ്ത സോഫ്റ്റ് ഫുഡ്, വിപണിയിൽനിന്നു വാങ്ങുകയോ സ്വന്തമായി തയാറാക്കുകയോ ചെയ്യാം. റൊട്ടിപ്പൊടി, കോഴിമുട്ട തോടോടു കൂടിയത,് സോയ, വെളുത്തുള്ളി, എള്ളെണ്ണ, കോഡ്‌ലിവർ ഓയിൽ, ധാതുലവണ മിശ്രിതം, പ്രോബയോട്ടിക് തുടങ്ങിയവയാണു മൃദുഭക്ഷണത്തിലെ ഘടകങ്ങൾ. മൃദുഭക്ഷണം നൽകുമ്പോഴും മൊത്തം തീറ്റയുടെ 30 ശതമാനമെങ്കിലും ധാന്യമായിരിക്കണം. 40 ദിവസത്തെ ക്വാറന്റൈൻ കാലത്തെ തീറ്റക്രമം വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ക്രമീകരിക്കണം.

പുതുതായെത്തുന്ന പക്ഷിക്കൂട്ടത്തിന്റെ ആരോഗ്യം പരിപാലിക്കുകയും നിലവിലുള്ള പക്ഷികൾക്ക് പുതിയവയിൽനിന്ന് രോഗബാധയുണ്ടാകാതെ നോക്കുകയുമാണ് ക്വാറന്റൈൻ പ്രക്രിയയുടെ മറ്റൊരു ലക്ഷ്യം. പല സ്രോതസ്സുകളിൽനിന്നു കൃത്യമായ ചരിത്രമറിയാതെയാണ് പക്ഷികളെ വാങ്ങുന്നത്. ഇവ വളർന്നുവന്ന സാഹചര്യങ്ങളിലെ രോഗാണുക്കളുമായി സ്വാഭാവിക പ്രതിരോധശേഷി നേടിയവയാകാം, രോഗമില്ലാത്തവയാകാം. ചിലർ രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ചിട്ട് രോഗലക്ഷണം കാണിക്കാനുള്ള സമയമാകാത്തവയാകാം. മറ്റു ചിലർ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗവാഹകരാകാം.

വ്യത്യസ്ത ഇനങ്ങളെക്കാൾ ഒരേ നിറമുള്ളവയാണ് കൂടുതൽ ശത്രുത പുലർത്തുക.

രോഗാണുക്കൾ ഉള്ളിലുണ്ടെങ്കിൽ ക്വാറന്റൈൻ സമയത്ത് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ചില പക്ഷികൾ സമ്മർദം കാരണം രോഗലക്ഷണങ്ങൾ കാണിച്ചുവെന്നും വരാം. അതിനാൽ 40 ദിവസത്തെ ക്വാറന്റൈൻ സമയത്ത് ഇവയുടെ ശാരീരിക പരിശോധനയും കാഷ്ഠ, രക്ത പരിശോധനയും നടത്തുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യണം. പൊതുവായ ഒരു പ്രതിരോധ ചികിത്സാക്രമം വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ രൂപപ്പെടുത്തുകയും വേണം. സമ്മർദ ലഘൂകരണത്തിന്റെ ആദ്യ ആഴ്ചയ്ക്കുശേഷം ചികിത്സ, നിരീക്ഷണം, സമീകൃതാഹാരം എന്നിവയിലാണ് ശ്രദ്ധിക്കേണ്ടത്. ക്വാറന്റൈൻ സമയത്തു പരാദരോഗങ്ങൾ, സാധാരണ ബാക്ടീരിയ ബാധകൾ, പ്രോട്ടോസോവ ബാധ എന്നിവയ്ക്കാണ് പ്രധാനമായും ചികിത്സ നൽകേണ്ടത്.

പുതിയ പക്ഷികളെ കൂട്ടിലിടുമ്പോൾ ചേർക്കുമ്പോൾ ആക്രമണ സാധ്യതയും ശ്രദ്ധിക്കണം. വ്യത്യസ്ത ഇനങ്ങളെക്കാൾ ഒരേ നിറമുള്ളവയാണ് കൂടുതൽ ശത്രുത പുലർത്തുക. പ്രാവുകൾ സമാധാനത്തിന്റെ ദൂതൻമാരാണെന്നാണ് നമ്മൾ കരുതുന്നതെങ്കിലും അവർക്കും സഹിഷ്ണുതയില്ല. വിശേഷിച്ചും പ്രജനന കാലത്ത്.

നുഴഞ്ഞുകയറ്റം അനുവദിക്കാത്ത സാമൂഹ്യക്രമം പുലർത്തുന്ന തത്തകളിൽ ആക്രമണ സ്വഭാവം കൂടുതലാണ്.

പുതിയവർക്ക് ആവശ്യത്തിനു തീറ്റ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഫിഞ്ചസ് പോലുള്ള പക്ഷികളിൽ ആക്രമണ സ്വഭാവം കുറവും തത്തകളിൽ കൂടുതലുമായിരിക്കും. നുഴഞ്ഞുകയറ്റം അനുവദിക്കാത്ത സാമൂഹ്യക്രമമാണ് തത്തകളുടേത്. അടയിരിക്കുന്ന സമയത്ത് അതിഥികൾ എത്തിയാൽ ഫിഞ്ചസുകൾ അടയിരിക്കൽ അവസാനിപ്പിക്കാറുണ്ട്. എന്തായാലും പ്രജനനകാലം കഴിഞ്ഞ് തൂവൽ പൊഴിക്കുന്ന സമയമാണ് അതിഥികളെ വരവേൽക്കാൻ പറ്റിയ സമയം.

അരുമക്കിളി ആണോ പെണ്ണോ?

മരച്ചില്ലകളിൽ ചേർന്നിരുന്ന് കൊക്കുരുമ്മി പ്രണയസല്ലാപം നടത്തുന്ന ഇണക്കിളികൾ ലോകത്തിലെ സുന്ദരദൃശ്യങ്ങളിലൊന്നാണ്.

ആ ദൃശ്യം ആസ്വദിക്കാൻ ഇണകളിലെ ആണും പെണ്ണും ഏതെന്നു തിരിച്ചറിയേണ്ടതില്ല. എന്നാൽ ആണിനെയും പെണ്ണിനെയും തിരിച്ചറിയുകയെന്നത് അലങ്കാരപ്പക്ഷികളുടെ പ്രജനന സംരംഭത്തിൽ ഏറെ നിർണായകമാണ്.

ആണിനെയും പെണ്ണിനെയും തിരിച്ചറിയൽ ചില അരുമപ്പക്ഷികളിൽ കാഴ്ചയിൽ തന്നെ സാധ്യമാണെങ്കിലും തത്തകളിലും മറ്റും ഇതു പ്രയാസമേറിയ കാര്യമാണ്.

വിലയേറിയ അലങ്കാരപ്പക്ഷികളെ പ്രജനനത്തിനായി വാങ്ങുമ്പോൾ ജോടി ആണും പെണ്ണുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പക്ഷിവളർത്തലിലെ തുടക്കക്കാരും പരിചയമില്ലാത്തവരും കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പക്ഷി പരിപാലന സംരംഭകർക്ക് അരുമപക്ഷികളിലെ ലിംഗനിർണയ മാർഗങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം.

ഇണ ചേർത്തില്ലെങ്കിലും പെൺപക്ഷികൾ മുട്ടയിടും. എന്നാൽ ഇണചേർന്നവയുടെ മുട്ടകൾ മാത്രമേ വിരിയുകയുള്ളൂ.

ആൺ പെൺ പക്ഷികളുടെ എണ്ണത്തിൽ നിശ്ചിത അനുപാതം പാലിക്കേണ്ടത് പ്രജനനത്തിൽ വിശേഷിച്ച്, പക്ഷികളെ കൂട്ടമായി പാർപ്പിക്കുന്ന കോളനി പ്രജനനരീതിയിൽ അനിവാര്യമാണ്.

പ്രജനനത്തിനായി പക്ഷികളെ ഇണകളാക്കി വേർതിരിക്കുമ്പോൾ അവ ആണും പെണ്ണുമാണെന്ന് ഉറപ്പിക്കുകയും വേണം. അനുപാതം കൃത്യമായാൽ അധികം വരുന്നവയെ വിൽക്കുകയും ചെയ്യാം.

ആണിനും പെണ്ണിനും അവയുടെ ശാരീരിക, സ്വഭാവ സവിശേഷതകൾ അനുസരിച്ചുള്ള പരിപാലനം ഉറപ്പാക്കാനും ലിംഗനിർണയം സഹായിക്കും. പ്രത്യേക രോഗാവസ്ഥകൾ തിരിച്ചറിയാനും ലിംഗനിർണയം പ്രധാനമാണ്. പക്ഷിയെ പേരിട്ടു വിളിക്കണമെങ്കിൽ പോലും ലിംഗം തിരിച്ചറിയേണ്ടതുണ്ട്.

ലിംഗനിർണയം തത്തകളിൽ ഏറെ പ്രധാനമാണ്. തത്തകളിൽ ഒരേ ലിംഗത്തിൽപ്പെട്ടവർതന്നെ ഇണകളായി പെരുമാറുന്നതും പരസ്പരം കൊക്കുരുമ്മി ഉല്ലസിക്കുന്നതും പതിവാണ്. ഇവ രണ്ടും പിടകളാണെങ്കിൽ മുട്ടയിടുകയും ചെയ്യും. പക്ഷേ ഈ മുട്ടകൾ വിരിയില്ല.

മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനെയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണചേരണമെന്നില്ല. തമ്മിലുള്ള പൊരുത്തം ഇവയ്ക്കു പ്രധാനമാണ്. അതിനാൽ തന്നെ വളരെ ചെറുപ്പത്തിലേ ലിംഗനിർണയം നടത്തേണ്ടതുണ്ട്.

ആണും പെണ്ണും തമ്മിലുള്ള ചേർച്ച കൃത്യമായ നിരീക്ഷണത്തിലൂടെയേ കണ്ടെത്താനാവുകയുള്ളൂ. നീണ്ടകാലം ഒരുമിച്ചു പാർക്കുന്ന തത്തകളിൽ പരസ്പരം കൊക്കുരുമ്മിയിരുന്ന് ഇണചേരാൻ ശ്രമിക്കുന്നതുപോലും പലപ്പോഴും ചേർച്ചയുടെ ലക്ഷണമാകണമെന്നില്ല

ചില പക്ഷിയിനങ്ങളിൽ ആണും പെണ്ണും തമ്മിൽ രൂപവ്യത്യാസമുണ്ടാകില്ല. ബാഹ്യപ്രത്യുൽപാദന അവയവങ്ങളില്ലാത്ത പക്ഷികളിലും ലിംഗനിർണയം ബുദ്ധിമുട്ടാണ്. ശബ്ദ വ്യത്യാസം, വലുപ്പവ്യത്യാസം, സ്വഭാവസവിശേഷതകൾ, ചിറകുകളുടെയും തൂവലിന്റെയും വർണവ്യതിയാനങ്ങൾ എന്നിവ അനുസരിച്ചാണ് സാധാരണ ഇനങ്ങളിൽ ലിംഗവ്യത്യാസം കണ്ടെത്തുക.

എന്നാൽ ഇത്തരം സൂക്ഷ്മവ്യത്യാസങ്ങൾ തിരിച്ചറിയാൻ ദീർഘകാലത്തെ അനുഭവ സമ്പത്തുകൊണ്ടേ കഴിയുകയുള്ളൂ. കാഴ്ചയിൽ ആണിനെയും പെണ്ണിനെയും തിരിച്ചറിയാൻ കഴിയുന്ന ഇനങ്ങളിൽപോലും വർഷത്തിൽ എല്ലാ സമയത്തും ഇതു സാധ്യമല്ല. പ്രജനനകാലത്ത് കടും നിറത്തിലുള്ള വർണങ്ങൾ അണിയുന്ന ആൺപക്ഷി അതിനുശേഷം തൂവലുകൾ നഷ്ടപ്പെട്ട് പെൺപക്ഷികളുടേതുപോലെയാകുന്നു.

പിടകളിൽ മുട്ടയിടുന്ന സമയമാകുമ്പോൾ നടത്തുന്ന ഇടുെപ്പല്ല് പരിശോധന ലിംഗനിർണയത്തിനു സഹായിക്കാറുണ്ട്. പിടകളിൽ മുട്ടയിടുന്നതിനു തൊട്ടു മുൻപുള്ള സമയത്ത് ഇടുപ്പെല്ല് വിസ്തൃതമാകുന്നതായി കാണുന്നു. പക്ഷേ ഈ പരിശോധനപോലും മുട്ടയിടുന്ന കാലത്തു മാത്രമേ ഫലപ്രദമാകുകയുള്ളൂ.

പ്രജനനസമയത്തെ സ്വഭാവവ്യതിയാനങ്ങളാണ് ആൺ-പെൺ തിരിച്ചറിയലിനു സഹായിക്കുന്ന മറ്റൊരു ഘടകം. ആൺപക്ഷികൾ ഈ സമയത്ത് വർണങ്ങളിൽ കുളിച്ച് സുന്ദരന്മാരാകുന്നു. പൂവൻമാർ ഈണത്തിൽ പാടുകയും ഇണയെ ആകർഷിക്കാൻ നൃത്തം വയ്ക്കുകയും മരചില്ലകളിൽ ഊയലാടുകയും ചെയ്യും. പെൺ പക്ഷികളാകട്ടെ, ഈ സമയത്ത് മുട്ടയിടാൻ അറയൊരുക്കുകയും അടയിരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ ഇവയൊന്നും പക്ഷിക്കുഞ്ഞുങ്ങളുടെ ലിംഗനിർണയത്തിനു സഹായകരമല്ല.

ബഡ്ജറിഗറുകളിൽ നാസ്വാദ്വാരത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗത്തിന്റെ നിറവ്യത്യാസമാണ് ലിംഗനിർണയത്തിനു സഹായകം. പ്രായപൂർത്തിയെത്തിയ ആൺപക്ഷികളിൽ ഈ ഭാഗത്തിന് കടും നീല അല്ലെങ്കിൽ പർപ്പിൾ നിറവും കുഞ്ഞുങ്ങളിൽ പിങ്ക് നിറവുമായിരിക്കും. പെൺപക്ഷിയിലാകട്ടെ, പ്രജനനസമയത്ത് കടുത്ത തവിട്ടുനിറമായിരിക്കും.

ഗ്രേ കെത്തറ്റിലുകളിൽ മഞ്ഞനിറത്തിലുള്ള മുഖവും കവിളിലെ കടുത്ത ഓറഞ്ച് പൊട്ടും പൂവനെ തിരിച്ചറിയാൻ സഹായിക്കുന്നു. പിടയിലാകട്ടെ ചോക്കലേറ്റ് മുഖവും കവിളിൽ മങ്ങിയ ഓറഞ്ച് പുള്ളിയും വാലിൽ മഞ്ഞ, വെള്ള വരകളുമുണ്ടാകും. എന്നാൽ കുഞ്ഞുങ്ങളിൽ ഈ വ്യത്യാസമില്ല.

ഫിഞ്ചുകളിൽ ആൺപക്ഷി മനോഹരമായി പാടുന്നു. പ്രത്യേക നിറവും വരകളുമൊക്കെ ദേഹത്തുണ്ടാകും. സീബ്രാ ഫിഞ്ചുകളിൽ കൊക്കിന്റെ നിറം ആൺപക്ഷികൾക്കു ചുവപ്പും പെൺപക്ഷികൾക്കു മങ്ങിയ ഓറഞ്ചുമാണ്. എന്നാൽ മൂന്നുമാസം പ്രായം വരെ ഇത് തിരിച്ചറിയാനാവില്ല. മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനെയും പ്രത്യക്ഷത്തിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്..

ഇണകളെ എളുപ്പം തിരിച്ചറിയാൻ കഴിയുന്ന ഇനമാണ് എക് ലക്റ്റസ് തത്തകൾ ഇവയിൽ പൂവന് കടും പച്ചനിറവും പിടയ്ക്ക് ചുവപ്പുനിറവും. ഇത് മൂന്നാഴ്ച പ്രായത്തിൽ തന്നെ തിരിച്ചറിയാം.

ബാഹ്യപ്രകൃതിയും സ്വഭാവസവിശേഷതകളും അടിസ്ഥാനമാക്കി ലിംഗനിർണയം നടത്തുന്നതിന്റെ പരിമിതികൾ ഒഴിവാക്കാൻ രണ്ടു മാർഗങ്ങളാണ് എൻഡോസ്കോപ്പിയും ഡി എൻ‍ എ ലിംഗനിർണയവും എൻഡോസ്കോപ്പ് ഉപയോഗിച്ച് പ്രത്യുൽപാദന അവയവങ്ങൾ നേരിട്ട് നിരീക്ഷിച്ച് ലിംഗനിർണയം നടത്തുന്ന രീതിയാണ് ആദ‍്യത്തേത്.

അനസ്തീഷ്യയും സർജറിയുമൊക്കെ ആവശ്യമായതിനാൽ ഇതിനു പ്രചാരം കുറവാണ്. പ്രായപൂർത്തിയെത്തിയ പക്ഷികളിലേ ഈ മാർഗം ഫലപ്രദമാകുകയുള്ളൂതാനും. ഡി എൻ എ ലിംഗ നിർണയമാണ് ഇന്ന് ഏറ്റവും പ്രചാരമുള്ള മാർഗം. ഏതു പ്രായത്തിലും ഇതു സാധ്യമായതിനാൽ പക്ഷിക്കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ലിംഗനിർണയം നടത്തി ഇണകളായി വളർത്താം.

മക്കാ, കൊന്യൂർ, കൊക്കറൂ, ആഫ്രിക്കൻ ഗ്രേ പാരറ്റ്, ആമസോൺ തത്തകളുടെ ലിംഗനിർണയം ഈ രീതിയിൽ കൃത്യമായി നടത്താം. തൂവലുകൾ, ഒരു തുള്ളി രക്തം, വിരിഞ്ഞിറങ്ങിയ ഉടനെയുള്ള മുട്ടത്തോട് എന്നിവയാണ് ഡി എൻഎ സെക്സിങ്ങിന് ഉപയോഗിക്കുന്നത്.

പക്ഷിയുടെ നെഞ്ചുഭാഗത്തുനിന്നു ശേഖരിക്കുന്ന ഇടത്തരം വലുപ്പമുള്ള തൂവലുകളും ഉപയോഗിക്കാം. പൊഴിച്ചിടുന്ന തൂവലുകൾ ഉപയോഗിക്കരുത്. പക്ഷിയുടെ നഖം മുറിച്ചോ, വിരലിൽ കുത്തിയോ ശേഖരിക്കുന്ന രക്തം പ്രത്യേക കാർഡിൽ വീഴിച്ച് ഉണക്കിയശേഷം പരിശോധനയ്ക്ക് അയയ്ക്കാം. വിരിഞ്ഞിറങ്ങി 3-4 മണിക്കൂറിനുള്ളിൽ ശേഖരിക്കുന്ന മുട്ടത്തോടുകൾ (ഉള്ളിലെ സ്തരത്തിൽ ചെറിയ രക്തക്കുഴലുകളും അവയിൽ രക്തവും ഉണ്ടാകും) പരിശോധനയ്ക്ക് അയയ്ക്കാം.

ഇത്തരം വസ്തുക്കൾ കൊറിയറിൽ അയച്ചുകൊടുത്താൽ പല സ്വകാര്യലാബുകളും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരിശോധനാഫലം അറിയിക്കും. ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റ് പരിശോധന സൗകര്യവുമൊക്കെ വാഗ്ദാനം ചെയ്യുന്ന ലബോറട്ടികളുമുണ്ട്. 99.9 ശതമാനം വരെ കൃത്യമായ ഫലം ഇതുവഴി ലഭിക്കും. വിശ്വസ്തരായ ബ്രീഡർമാർ പക്ഷികളെ വിപണനം ചെയ്യുന്നത് ഡി എൻ എ സെക്സിങ്ങിന്റെ സർട്ടിഫിക്കറ്റ് കൂടി നൽകിയാണ്.

ഫോൺ 9446203839

ഡെയറി ഫാമുകൾക്കു ഭീഷണി സറ

കാലിത്തീറ്റയെ പൂർണമായി ആശ്രയിക്കുന്ന ഫാമുകളിൽ രോഗസാധ്യതയേറും

പശുക്കളെ ബാധിക്കുന്ന സറ രോഗം ഫാമുകൾക്കു ഭീഷണിയാകുന്നു. സബ് അക്യൂട്ട് റൂമിനൽ അസിഡോസിസ് എന്ന ഉപാപചയ രോഗത്തിന്റെ ചുരുക്കപ്പേരാണ് സറ. കൂടുതൽ പാൽ ചുരത്താനായി രുചികരവും എളുപ്പം ദഹിക്കുന്നതും അന്നജപ്രധാനവും എന്നാൽ നാരുകളുടെ അളവ് കുറഞ്ഞതുമായ സാന്ദ്രിതാഹാരം കൂടിയ അളവിൽ പശുക്കൾക്കു നൽകുന്നതുവഴി ആമാശയത്തിൽ അമ്ലത ദീർഘനേരം ഉയർന്നു നിൽക്കുന്ന അവസ്ഥയാണിത്.

കറവപ്പശുക്കളുടെ ആരോഗ്യത്തെയും ഉൽപാദനക്ഷമതയെയും ദീർഘകാലത്തേക്കു ബാധിക്കുന്ന സറ വലിയ സാമ്പത്തിക നഷ്ടത്തിനുമിടയാക്കും.പശുവിൻറെ ആമാശയത്തിന് നാല് അറകളാണുള്ളത്. ആദ്യത്തെ അറയായ റൂമനിലാണ് സൂക്ഷ്മാണുക്കളുടെ സഹായത്തോടെ ദഹനത്തിന്റെ നല്ല പങ്കും നടക്കുന്നത്. നാരുകൾ കൂടുതലടങ്ങിയ പുല്ല് തിന്നാനും ദഹിപ്പിക്കാനും കഴിയുന്ന വിധമാണ് റൂമൻറെ ഘടന.

ദഹനം കൃത്യമായി നടക്കുന്നതിനായി റൂമനിലെ അമ്ലക്ഷാര നില(പിഎച്ച്) നിശ്ചിത പരിധിക്കുള്ളിൽ നിർത്തുന്നതിന് പശുക്കൾക്കു സാധിക്കും. എന്നാൽ, ധാന്യങ്ങൾ ധാരാളമടങ്ങിയതും എളുപ്പം ദഹിക്കുന്നതുമായ തീറ്റകൾ കൂടുതൽ അളവിൽ കഴിക്കുമ്പോൾ റൂമനിലെ അമ്ലനില ഉയരുന്നു. അതായത്, പിഎച്ച് സാധാരണ പരിധിയിലും താഴുന്നു. ദിവസം മൂന്ന് മണിക്കൂർ എങ്കിലും ഇങ്ങനെ പിഎച്ച് താഴ്ന്നു നിൽക്കുന്ന അവസ്ഥയെ സറ എന്നു വിളിക്കാം.

റൂമനിൽ അമ്ലത പരിധിയിലധികമാകുന്നതോടെ പ്രശ്നത്തിനു തുടക്കമായി. റൂമനെ പൊതിയുന്ന കോശങ്ങൾക്ക് ശ്ലേഷ്മാവരണത്തിന്റെ സംരക്ഷണമില്ല. അതിനാൽ അമ്ലങ്ങൾ അടിഞ്ഞുകൂടുന്നത് റൂമന്റെ ആവരണത്തെ നശിപ്പിക്കുന്നു. ഇത് റൂമൻ വീക്കത്തിനും ഭിത്തിയിൽ വ്രണങ്ങൾക്കും കാരണമാകുന്നു. ഈ അവസരം മുതലെടുത്ത് ബാക്ടീരിയകൾ റൂമൻ ഭിത്തിവഴി രക്തത്തിലെത്തുകയും അവിടെനിന്ന് കരൾ, ശ്വാസകോശം, ഹൃദയവാൽവ്, കിഡ്നി, സന്ധികൾ വഴി പാദങ്ങൾവരെയും എത്തി പ്രശ്നമുണ്ടാക്കുന്നു. അമ്ലനില കൂടുന്നതോടെ നാരുകളെ ദഹിപ്പിക്കുന്ന പ്രക്രിയ താറുമാറാകും.

കഴിക്കുന്ന തീറ്റയുടെ അളവ് കുറയുന്നതാണ് ഒരു രോഗ ലക്ഷണം. ഒരു ദിവസം കൂടുതൽ തീറ്റയെടുക്കുന്ന പശു അടുത്ത ദിവസം തീറ്റയുടെ അളവ് കുറയ്ക്കുന്നു. പാലിലെ കൊഴുപ്പിന്റെ അളവു കുറയുന്നു. നേരിയ വയറിളക്കം കാണുന്നു. ചാണകം അയഞ്ഞു പോവുകയും പതഞ്ഞ് കുമിളകൾ വരികയും ചെയ്യാം. ഇടവിട്ട ദിവസങ്ങളിൽ വയറിളക്കം കാണുന്നതും ലക്ഷണമാണ്. പശുവിന്റെ ശരീരത്തിൽ എപ്പോഴും ചാണകം പറ്റിയിരിക്കുന്നതു കാണാം.

അയവെട്ടൽ കുറയുകയും നല്ല തീറ്റ തിന്നിട്ടും പശു ക്ഷീണിക്കുകയും ചെയ്യുന്നു. എന്നാൽ പശുവിന്റെ പാദത്തിനും കുളമ്പിനുമുണ്ടാകുന്ന പ്രശ്നങ്ങളാണ് സറയുടെ പ്രധാനവും കൃത്യവുമായ ലക്ഷണം. കുളമ്പിന്റെ പ്രശ്നങ്ങൾ, ഫലകവീക്കം, കുളമ്പിന്റെ നിറവ്യത്യാസം, രക്തസ്രാവം, വ്രണങ്ങൾ, ആകൃതി നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ ദീർഘകാലത്തേക്ക് നിലനിൽക്കുന്നു. ഗർഭാശയവീക്കം, പ്രത്യുൽപാദന പ്രശ്നങ്ങൾ, അകിടുവീക്കം തുടങ്ങിയവയും പിന്നാലെയെത്തും.

പ്രസവശേഷം പശുക്കൾക്ക് പെട്ടെന്ന് കഞ്ഞിയും ചോളപ്പൊടിയും മറ്റും നൽകുന്നത് റൂമനിൽ അമ്ലത വർധിപ്പിക്കുന്നു. കറവയുടെ ആദ്യഘട്ടത്തിൽ പശുക്കൾക്ക് തിന്നാൻ കഴിയുന്നതിലധികം ധാന്യസമ്പന്നമായ ആഹാരം നൽകിയാൽ അവ പിന്നീട് നാരുകളടങ്ങിയ പുല്ല് കഴിക്കാൻ മടി കാട്ടുകയും തുടർന്നു നാരിന്റെ കുറവു കാരണം അമ്ലനില ഉയരുകയും ചെയ്യും. നാരുകളടങ്ങിയ തീറ്റ കൂടുതൽ ഉമിനീർ ഉൽപാദിപ്പിക്കുകയും ഉമിനീരിൽ അടങ്ങിയ ബൈകാർബണേറ്റുകൾ അമ്ലനിലയെ നിർവീര്യമാക്കുകയും ചെയ്യുന്നു. അതിനാൽ ആവശ്യമായ അളവിൽ തീറ്റപ്പുല്ല് നൽകുന്നത് രോഗസാധ്യത ഒഴിവാക്കുന്നു.

പശുക്കളുടെ റൂമന്റെ ആവരണത്തിനും അവയിലെ സൂക്ഷ്മജീവികൾക്കും തീറ്റയുമായി പൊരുത്തപ്പെടാൻ നിശ്ചിത സമയം ആവശ്യമാണ്. ഇത് ഒന്നുമുതൽ നാലാഴ്ചവരെയാകാം. അതിനാൽ വറ്റുകാലത്തിൽതന്നെ പ്രസവാനന്തരമുള്ള തീറ്റക്രമം പശുക്കളെ ശീലിപ്പിക്കണം. കൃത്യമായ തീറ്റക്രമവും തീറ്റ സമയവും പാലിക്കണം. പശുക്കൾക്കു നൽകുന്ന തീറ്റയിൽ നാരിന്റെ അളവ് കൃത്യമായി ഉറപ്പാക്കണം.

തീറ്റപ്പുല്ല് അരിഞ്ഞ് നൽകുമ്പോൾ വലുപ്പം 3.5 സെ.മീറ്ററിൽ കുറയാൻ പാടില്ല. വലുപ്പം കൂടിയാൽ പശു തിന്നാത്ത അവസ്ഥയും വരും. കൃത്യമായ അളവിൽ നാരുകളടങ്ങിയ തീറ്റ നൽകുന്ന ഫാമിൽ 40 ശതമാനം പശുക്കളും ഒരേ സമയത്ത് അയവെട്ടും. അമ്ലങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്ന അപ്പക്കാരവും മറ്റും തീറ്റയിൽ ചേർത്തു നൽകാം. ഡെയറി ഫാമുകളിൽ തീറ്റക്രമം സാന്ദ്രിതാഹാരവും പരുഷാഹാരവും ചേർത്ത് നൽകുന്ന ടോട്ടൽ മിക്സഡ് റേഷൻ (സ്സഗ്നന്ധന്റ₨ പ്പദ്ധറ്റ൹്ര “ന്റന്ധദ്ധഗ്നn) രീതിയാക്കുന്നതു നന്ന്. വിലാസം: അസിസ്റ്റന്റ് പ്രഫസർ, വെറ്ററിനറി കോളജ് മണ്ണുത്തി, തൃശൂർ ഫോൺ: 94462 03839

പോത്തിനുമുണ്ട് ചില പോത്തൻ സാധ്യതകൾ

മലയാളികളുെട ജനകീയ മാംസഭക്ഷണമെന്ന നിലയിൽ പോത്തിനുള്ള സാധ്യതകൾ നൗഷാധിന്റെ വരുമാനം ഉറപ്പാക്കുന്നു‍

ഗോവധനിരോധനമൊക്കെ സഹ്യനു പുറത്ത്. ഇവിടെ മാംസഭക്ഷണപ്രിയർക്ക് പോത്തിറച്ചിയോളം നല്ലൊരു വസ്തു വേറൊന്നില്ലെന്നമട്ടിലാണ് കാര്യങ്ങൾ. കേരളത്തിന് ഇറച്ചിക്കോഴി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം പോത്തിറച്ചിയാണ്. ബവ്റിജസിന്റെ കടകൾക്കു മുന്നിലെന്ന പോലെ അറവുശാലകൾക്കു മുമ്പിലുള്ള നീണ്ട ക്യൂ പോത്തിറച്ചി മലയാളിക്ക് എന്തുമാത്രം പ്രിയങ്കരമാണെന്നു സൂചിപ്പിക്കുന്നു.

ഇത്ര ശക്തമായ വിപണി ഉണ്ടെങ്കിലും അതു പ്രയോജനപ്പെടുത്താൻ കേരളത്തിൽ ശ്രമമില്ല. പശുവിനെയും പന്നിയെയും കോഴിയേയും വളർത്തുന്നത്ര ആവേശം നാം പോത്തുവളർത്തലിൽ കാണിക്കാത്തതിനു കാരണങ്ങള്‍ പലതുണ്ടാവാം. എന്നാൽ ആറു മാസംകൊണ്ട് കൺമുമ്പിൽ വളർന്നു വലുതാവുന്ന നിക്ഷേപമാണതെന്നു തിരിച്ചറിഞ്ഞവർക്ക് പോത്ത് ആവേശം തന്നെ.

തൃശൂർ ജില്ലയിലെ ചെറുതുരുത്തി സ്വദേശി അബ്ദുൾ നൗഷാദിനെ 40 പോത്തുകളുടെ യജമാനനാക്കിയത് ഇൗ ആവേശമാണ്. ഏതാനും വര്‍ഷം മുമ്പ് രണ്ടു പോത്തുകളെ മാത്രം വളർത്തിയ പരിചയസമ്പത്തുമായി ഇൗ രംഗത്തേക്കു ചാടിയിറങ്ങാൻ ധൈര്യമേകിയത് പോത്തുവിപണിയിലെ സാധ്യതകളാണെന്ന് നൗഷാദ്. കഴിഞ്ഞ വർഷം മറിച്ചുവിൽക്കാനായി വാങ്ങിയ പോത്തുകൾ നൽകിയ ആദായമാണ് നൗഷാദിന് ഇൗ സംരംഭത്തിന്റെ ലാഭസാധ്യത കാണിച്ചുകൊടുത്തത്.

ആന്ധ്രയിലും തമിഴ്നാട്ടിലും നിന്നായി ശരാശരി 60 കിലോ തൂക്കമുള്ളതും ആറും മാസം പ്രായമായതുമായ 40 പോത്തുകളെ വാങ്ങി. ഇവയെ പാർപ്പിക്കാനായി അസുരന്‍കുണ്ട്, ചേലക്കരയ്ക്കു സമീപം പരക്കാട് എന്നിവിടങ്ങളിലായി സ്ഥലം വാടകയ്ക്കെടുത്തു ഷെഡ് ഉണ്ടാക്കി.

റബർതോട്ടവും ചെക്ക്ഡാമുമുള്ള പരക്കാട് ഫാമിലാണ് പോത്തുകളിലേറെയും . കൂടുതൽ മേച്ചിൽ സൗകര്യമുള്ള സ്ഥലങ്ങളാണ് പോത്തുവളർത്തലിനു യോജ്യമെന്നു നൗഷാദ് ചൂണ്ടിക്കാട്ടി. സമീപത്ത് വെള്ളക്കെട്ടുണ്ടെങ്കിൽഏറെ നല്ലത്. ഇക്കാരണത്താൽ തന്നെ അണക്കെട്ടുകൾ പോത്തുവളർത്തുകാരുടെ സാങ്കേതമാവാറുണ്ട്. മേയുന്നതിനു പുറമേ തവിട്, പിണ്ണാക്ക്, പുളിമ്പൊടി എന്നിവയും നൽകുന്നു.

മറ്റ് പോത്തുവളർത്തുകാരെപ്പോലെ അടുത്ത ബലിപ്പെരുന്നാളാണ് നൗഷാദിന്റെയും ലക്ഷ്യം. പോത്തിൻകുട്ടികൾ പെരുന്നാളാകുമ്പോഴും 150-180 കിലോ തൂക്കം വയ്ക്കുമെന്നാണ് നൗഷാദിന്റെ കണക്കുകൂട്ടൽ. തുക്കത്തിനനുസരിച്ച് ഇറച്ചിവില കണക്കാക്കിയാണ് വാങ്ങുന്നതെങ്കിലും പെരുന്നാൾ കാലത്തെ വിൽപന അങ്ങനെയല്ലെന്നു നൗഷാദ് ചൂണ്ടിക്കാട്ടുന്നു.

പെരുന്നാൾ സീസണിൽ മോഹവിലയ്ക്കാണ് വില്‍പന. ഇറച്ചിയുടെ അളവിനെക്കാള്‍ പോത്തിന്റെ ശരീരസൗന്ദര്യത്തിനും എടുപ്പിനുമാണ് ഇൗ വിപണിയിൽ പ്രധാന്യം. വലിയ പോത്തിനു തൂക്കമനുസരിച്ച് 40,000 മുതൽ 60,000 രൂപ വരെ വില കിട്ടും. ഒരു പോത്തില്‍നിന്ന് ഇരുപതിനായിരം രൂപ ശരാശരി അറ്റാദായം ഉറപ്പാണെന്നു നൗഷാദ് അക്കമിട്ടു പറയുന്നു.

ബാലാരിഷ്ടത നീങ്ങിയ പോത്തില്‍ കുട്ടികളെ നോക്കാൻ എളുപ്പമാണെന്നു നൗഷാദ് പറഞ്ഞു. പശുക്കളെ അപേക്ഷിച്ചു രോഗസാധ്യത കുറവാണെന്നതും എന്തു കൊടുത്താലും ആഹാരമാക്കുമെന്നതും ഇവയുടെ മേന്മയാണ്. പരുക്കന്‍‍ സാഹചര്യങ്ങളെ അതിജീവക്കാന്‍ ഇവയ്ക്കു പ്രത്യേക കഴിവുണ്ട്. ചെലവേറിയ കൂട് ആവശ്യമില്ല. മേല്‍ക്കൂര മാത്രമുള്ള ഷെഡ് മതിയാവും. ചൂട് സഹിക്കാൻ കഴിവു കുറവായതിനാൽ പകൽസമയത്ത് ഇറങ്ങിക്കിടക്കുന്നതിന് ഒരു വെള്ളക്കെട്ടുള്ളത് അഭികാമ്യം. വെള്ളം കയറിയ പാടങ്ങൾ, അണക്കെട്ടുകൾ, പുഴയോരങ്ങൾ, ചതുപ്പുകൾ എന്നിവയൊക്കെ ഇതിനുപയോഗപ്പെടുത്താം. ഫോൺ - 9946507663, 9605143070

പോത്ത് എന്ന നിക്ഷേപം

ആറു മാസം പ്രായമായ പോത്തിൻകുട്ടികളെ വാങ്ങി ഒന്നരവർഷം വരെ വളർത്തുന്നത് മികച്ച ഒരു നിക്ഷേപ സാധ്യത തന്നെ. മേയ്ക്കാൻ സൗകര്യമില്ലാത്തതാണ് കേരളത്തിൽ ഇൗ സംരംഭത്തിനുള്ള പരിമിതി. തരിശു പാടങ്ങള്‍, അണക്കെട്ടുകള്‍‌ എന്നിവയൊക്കെ പോത്തുവളര്‍ത്തലിന് അനുകൂലസാഹചര്യമാണ്. ഏതു രീതിയിൽ വളര്‍ത്തിയാലും ദിവസേന അര കിലോയെങ്കിലും സാന്ദ്രിത ആഹാരം നൽകുന്നത് വളർച്ച ത്വരിതപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്.

പ്രാദേശികലഭ്യതയും വിലക്കുറവും പരിഗണിച്ചു പിണ്ണാക്ക്, ചോളപ്പൊടി, പുളിമ്പൊടി എന്നിവയിലൊന്ന് നൽകിയാൽ മതിയാവും. അമ്പതു കിലോ തൂക്കമുള്ള പോത്തിൻകുട്ടിയെ ഇൗ രീതിയിൽ ഒന്നര വർഷംകൊണ്ട് 300 കിലോ വരെ തൂക്കമെത്തിക്കാനാവും. മുറ പോലുള്ള ഇനങ്ങൾ 400 കിലോവരെ തൂക്കം വയ്ക്കുന്നവയാണ്.

ശരിയായി വളർത്തിയാൽ ഇൗയിനം പോത്തിനു ദിവസേന 800-1000 ഗ്രം വീത ഭാരം വര്‍ധിക്കും. മുറയുടെ സങ്കരഇനങ്ങൾക്ക് ഇതിന്റെ പകുതി വളർച്ച പ്രതീക്ഷിച്ചാല്‍ മതി. മുന്നൂറു കിലോ എത്തുന്നതുവരെ ഇൗ വളർച്ചനിരക്ക് തുടരുമെന്നതിനാൽ ആറുമാസം മാത്രം വളർത്തി വിൽക്കുന്നത് ലാഭസാധ്യത കുറയ്ക്കുകയേയുള്ളൂ.

ഡോ. കെ. അനിൽ കുമാർ അസോസിയേറ്റ് ഡീൻ വെറ്ററിനറി കോളേജ് , മണ്ണുത്തി

വർണപ്പക്ഷികളിലെ ജനപ്രിയതാരം

വിവിധ സംരക്ഷണ രീതികള്‍വിവിധ സംരക്ഷണ രീതികള്‍വിവിധ സംരക്ഷണ രീതികള്‍വിവിധ സംരക്ഷണ രീതികള്‍

ലോകമെമ്പാടുമുള്ള പക്ഷിപ്രേമികളുടെ ഹൃദയത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുന്ന അരുമകളാണ് ബഡ്ജീസ് എന്നു വിളിക്കുന്ന ബഡ്ജറിഗറുകള്‍. ലവ് ബേർഡ്സ് എന്ന ഓമനപ്പേരില്‍ നമ്മുടെ നാട്ടിലും ഇവർ സുപരിചിതരാണ്. ഓസ്ട്രേലിയക്കാരായ ഈ കുഞ്ഞിത്തത്തകൾ അവിടത്തെ ആദിമനുഷ്യരുടെ ആഹാരമായിരുന്നുവത്രേ. ‘നല്ല ഭക്ഷണം’ എന്നാണു പേരിന്റെ അർഥം. എന്നാൽ ഇവരുടെ ഹരിത സൗന്ദര്യത്തിൽ മതിമറന്ന പക്ഷിപ്രേമികൾ ഇവരെ യൂറോപ്പിലും പിന്നീടു ലോകമെമ്പാടും എത്തിച്ചു. നിയന്ത്രിത പ്രജനനത്തിലൂടെ മനം കവരുന്ന നിറവും ലാവണ്യ അടയാളങ്ങളും കൈവരിച്ച ബഡ്ജികളാണ് ഇന്നു പക്ഷിവിപണിയിലെ ജനപ്രിയ താരങ്ങൾ.

നല്ല ഇണക്കം, അനുകരണശേഷി എന്നിവയാണ് ഇവയെ ജനപ്രിയരാക്കുന്നത്. പഠിച്ച പാഠങ്ങൾ ഏത് അപരിചിതന്റെ മുന്നിലും പാടാൻ ഇവയ്ക്കു മടിയില്ല. മറ്റു തത്തവർഗങ്ങളെ അപേക്ഷിച്ച് ശബ്ദം അൽപം കുറവാണ് എന്നതു മാത്രമാണൊരു കുറവ്.

വർണം, വർണവിന്യാസം, മുഖത്തും ശരീരത്തിലുമുള്ള പൊട്ടുകൾ, അടയാളങ്ങൾ, കവിൾ മറുകുകൾ, തലപ്പൂവ് എന്നിവയിലെ വൈവിധ്യങ്ങള്‍ അറുപതോളം ഇനങ്ങളായി ഇന്നു വികസിച്ചിരിക്കുന്നു. പച്ച, നീല, പൈഡ്, ലൂട്ടിനോ, ആൽബിനോ, ഓപ്പലിൻ, സിന്നമൺ, ക്ലിയർ, വിങ്സ്, സ്പാംഗിൾ ക്രെസ്റ്റ് തുടങ്ങിയവയാണു സാധാരണ ഇനങ്ങൾ. നിറങ്ങളിലെ ഇത്തരം വൈവിധ്യങ്ങള്‍ പുതിയ നിറവിന്യാസങ്ങൾക്കു സാധ്യത നൽകുന്നതു പക്ഷിപ്രജനന വിദഗ്ധരെ ആവേശം കൊള്ളിക്കുന്നുണ്ട്. പ്രദർശനമത്സരങ്ങളിൽ പങ്കെടുക്കുന്ന വലുപ്പം കൂടിയവയെ ഷോ ബഡ്ജികൾ എന്നു വിളിക്കുന്നു. അലങ്കാരപ്പക്ഷികളായി കൂട്ടിലിട്ടു വളർത്തുന്നവയ്ക്കു വലുപ്പം കുറവാണ്. പരമാവധി ഏഴിഞ്ച് നീളമുള്ള ഇവയ്ക്കു നീളം കൂടിയ വാലാണുള്ളത്.

കുറഞ്ഞ വിലയിൽ വ്യത്യസ്ത വർണങ്ങളിലുള്ള ലഭ്യതയാണ് ഇവയെ തുടക്കക്കാരുടെ ഇഷ്ടപക്ഷിയാക്കുന്നത്. മിതമായ ചൂടും തണുപ്പുമാണ് ഇഷ്ടപ്പെടുന്നതെങ്കിലും ഏതു ദേശത്തും ആവാസസ്ഥലങ്ങളിലും ഇവ ഇണങ്ങിച്ചേരും. മിതമായ പാർപ്പിട സൗകര്യം മതി. കൂട്ടിലെ ബന്ധനത്തിൽ മറ്റു പല പക്ഷികളും മുട്ടയിടാൻ മടിക്കുമ്പോൾ കൂട്ടിലും ബഡ്ജികൾ മുട്ടയിട്ടു പെരുകുന്നു. ഈ സവിശേഷത ബ്രീഡർമാരെ ആകർഷിക്കുന്നു.

കമ്പിവല കൂടുകളിലാണ് ഇവയെ സാധാരണ പാർപ്പിക്കുന്നത്. വലിയ കൂടുകളിൽ മൺകലങ്ങൾ വച്ച് കൂട്ടമായി വളർത്തുന്ന കോളനി രീതിയോ ഓരോ ജോഡിയേയും പ്രത്യേകം പാർപ്പിക്കുന്ന കേജ് രീതിയോ അവലംബിക്കാം. ആദ്യത്തെ രീതിയിൽ പരിപാലനം എളുപ്പമെങ്കിലും വർഗഗുണം കാലക്രമത്തിൽ നഷ്ടപ്പെടാൻ ഇതിടയാക്കും. കാക്ക, പൂച്ച, പാമ്പ് തുടങ്ങിയ ശത്രുക്കളിൽനിന്നും ശക്തമായ കാറ്റ്, ഈർപ്പം എന്നിവയിൽനിന്നും കൂടുകൾക്കു സംരക്ഷണം നൽകണം. കൂട്ടമായി താമസിക്കാനാണ് ഇവയ്ക്ക് ഏറെയിഷ്ടം. മുട്ടയിടാൻ മൺകലങ്ങൾ അഥവാ പ്രസവ അറകൾ ഒരുക്കണം. ഒരു ജോഡിയെ പാർപ്പിക്കാൻ ചുരുങ്ങിയത് 112 അടി വിസ്തീർണമുള്ള കമ്പിവലക്കൂട് വേണം.

തിനയാണ് ബഡ്ജികളുടെ മുഖ്യ ഭക്ഷണം. ഇത് കഴുകി ഉണക്കിയാണ് നൽകാറുള്ളത്. കുതിർത്ത ഗോതമ്പ് നൽകുന്നവരുമുണ്ട്. കണവനാക്ക്, തുളസിയില, പുല്ല്, മല്ലിയില തുടങ്ങിയവയും നൽകുന്നു. പ്രജനനകാലത്ത് പ്രത്യേകം മൃദുഭക്ഷണം തയാറാക്കി നൽകിയാണ് പ്രജനനവിദഗ്ധർ ഇവയെ ഊട്ടുന്നത്. മധുരക്കിഴങ്ങ്, സൂര്യകാന്തി കുരു, സോയാബീൻ, പുഴുങ്ങിയ മുട്ട തൊണ്ടോടുകൂടിയത്, വെളുത്തുള്ളി, യീസ്റ്റ്, ഒലിവ് എണ്ണ, കാരറ്റ്, തേൻ, ജീവകമിശ്രിതം എന്നിവയൊക്കെ പ്രത്യേക രീതിയിൽ തമ്മിൽ ചേർത്താണ് ഈ ഭക്ഷണം തയാറാക്കുന്നത്.

പൂർണ വളർച്ചയെത്താൻ 6–9 മാസം മതിയെങ്കിലും ഒരു വയസ്സാകുമ്പോൾ ഇണ ചേർക്കുന്നതാണ് നല്ലത്. 2–3 മാസം പ്രായമുള്ളവയെ വേണം വാങ്ങാൻ. മൂന്നുമാസം കഴിയുമ്പോൾ ആദ്യത്തെ തൂവൽപൊഴിക്കൽ നടക്കുന്നു. ആൺപക്ഷിയുടെ ചുണ്ടിനു മുകളിൽ കാണുന്ന നീലനിറമാണ് തിരിച്ചറിയാൻ സഹായകം. പെൺപക്ഷി 4–6 മുട്ടകൾ ഇടുന്നു. 18 ദിവസമാണ് വിരിയാനുള്ള ദൈർഘ്യം. ഇടവിട്ടുള്ള ദിവസങ്ങളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ തമ്മിൽ പ്രായവ്യത്യാസമുണ്ടാകും. ആദ്യത്തെ ആഴ്ച തള്ളയുടെ ആമാശയഭിത്തിയിൽ നിന്നുള്ള ക്രോപ്പ് മിൽക്ക് കുഞ്ഞുങ്ങൾക്കു നൽകുന്നു. അഞ്ചാഴ്ച പ്രായത്തിൽ കുഞ്ഞുങ്ങളെ തള്ളയിൽ നിന്നു വേർപിരിക്കാം.

ലേഖകന്റെ വിലാസം: അസിസ്റ്റന്റ് പ്രഫസർ,
ഡിപ്പാർട്ട്മെന്റ് ഓഫ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ്, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, മണ്ണുത്തി.

ഫോൺ : 9446203839

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

 

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top