অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ ഇനം നായകളും പ്രത്യേകതകളും

വിവിധ ഇനം നായകളും പ്രത്യേകതകളും
 1. ബാസെഞ്ചി (Basenji)
 2. ബാല്‍കാന്‍സ്കി ഗോനിക്(Balkanski Gonic)
 3. ബാഗിള്‍ ഹൗണ്ട് (Bagle Hound )
 4. ബാസ്സെറ്റ് ഹൗണ്ട്(Basset Hound)
 5. ബാസ്സറ്റ് ഫോവ് ഡേ ബ്രിടാനി(Basset Fauve de Bretagne)
 6. ബാസെറ്റ് ബ്ല്യു ഡേ ഗാസ്കോണ്‍(Basset Bleu de Gascogne)
 7. ബീഗിള്‍ ഹാരിയര്‍(Beagle Harrier)
 8. ബീഗിള്‍ (Beagle)
 9. ബവേറിയന്‍ മൌണ്ടന്‍ ഹൗണ്ട്(Bavarian Mountain Hound)
 10. ബ്യുസിരോണ്‍ (Beaceron)
 11. ബീയടെഡ് കോളി.(Bearded Collie)
 12. ബീഗ്ലിര്‍ (Beaglier)
 13. ബെല്‍ജിയന്‍ മലിനോയിസ്(Belgian Malinois)
 14. ബെല്‍ജിയന്‍ ലീക്നോയിസ്‌( Belgian Laekenois)
 15. ബെഡ്ലിംഗ്ടണ്‍ ടെറിയര്‍(Bedlington Terrier )
 16. ബെര്‍ഗാമാസ്കോ (Bergamasco)
 17. ബെല്‍ജിയന്‍ ടെര്‍വുറെന്‍ (Belgian Tervuren)
 18. ബെല്‍ജിയന്‍ ഷീപ്പ്ഡോഗ് (Belgian sheepdog)
 19. ബീഷോന്‍ ഫ്രീസ്(Bichon Frise)
 20. ബെര്‍ണീസ് മൌണ്ടെന്‍ ഡോഗ് (Bernese Mountain Dog)
 21. ബെര്‍ജേര്‍ പികാര്‍ഡ് (Berger Picard)
 22. ബ്ലാക്ക് ആന്‍ഡ് ടാന്‍ കൂന്‍ഹൗണ്ട്(Black and Tan Coon Hound)
 23. ബ്യുവര്‍ (Biewer)
 24. ബിഷ്-പൂ (Bich Poo)
 25. ബ്ലുടിക്ക് കൂണ്‍ഹൗണ്ട് (Bluetik Coonhound)
 26. ബ്ലഡ് ഹൗണ്ട്(Blood Hound)
 27. ബ്ലാക്ക് റഷ്യന്‍ ടെറിയര്‍ (Black Russian Terrier )
 28. ബോര്‍ഡര്‍ കോളി (Border Collie)
 29. ബോലോഗ്നീസ്.(Bolognese)
 30. ബോഗ്ലെന്‍ ടെറിയര്‍(Boglen Terrier)
 31. ബോസ്ടന്‍ ടെറിയര്‍ (Boston Terrier)
 32. ബോര്‍സോയി (Borzoi)
 33. ബോര്‍ഡര്‍ ടെറിയര്‍ (Border Terrier)
 34. ബോക്സര്‍ ഡൂഡില്‍ (Boxer Doodle)
 35. ബോക്സര്‍ (Boxer)
 36. ബോവീര്‍ ഡെസ് ഫ്ലാന്ദ്രസ് (Bouvier des Flanders)
 37. ബ്രാറ്റ് (Brat)
 38. ബ്രാക്കോ ഇറ്റാലിയനൊ(Bracco Italiano)
 39. ബോയ്കിന്‍ സ്പാനിയേല്‍(Boykin Spaniel)
 40. ബ്രിട്ടാനി (Brittany)
 41. ബ്രിക്കറ്റ് ഗ്രിഫോന്‍ വെണ്ടീന്‍ (Briquet Griffon Vendeen)
 42. ബ്രിയാര്‍ഡ്‌ (Briard)
 43. ബുള്‍ ടെറിയര്‍ (Bull Terrier)
 44. ബ്രസല്‍സ് ഗ്രിഫോന്‍ (Brussels Griffon)
 45. ബ്രൊഹൊമര്‍ (Broholmer)
 46. കൈര്‍നൂഡില്‍ (Cairnoodle)
 47. ബുള്‍ മാസ്റ്റിഫ് (Bull Mastiff)
 48. ബുള്‍ ഡോഗ് (Bull Dod)
 49. കേന്‍ കോര്‍സൊ (Cairn Corso)
 50. കനാന്‍ ഡോഗ് (Canaan Dog)
 51. കൈണ്‍ ടെറിയര്‍ (Cairn Terrier)
 52. കൊക്കേഷ്യന്‍ ഒവ്ചെര്‍ക്ക (Caucasian Ovtcharka)
 53. കറ്റഹോല ലെപ്പെട് ഡോഗ് (Catahoula Leopard Dog)
 54. കാര്‍ഡിഗന്‍ വെല്‍ഷ് കോര്‍ഗി (Cardigan Welsh Corgi)
 55. കവാപൂ (Cavapoo)
 56. കാവചോന്‍ (Cavachon)
 57. കവലിയര്‍ കിംഗ്സ് ചാള്‍സ് സ്പാനിയെല്‍സ് (Cavalier Kings Charles Spaniels)
 58. ചെസപീക് ബേ റിട്രീവര്‍ (Chesapeake Bay Retriever)
 59. സെസ്കി ടെറിയര്‍ (Cesky Terrier )
 60. സെന്‍ട്രല്‍ ഏഷ്യന്‍ ഷേപ്പേട് ഡോഗ് (Central Asian Shepherd Dog)
 61. ചൈനീസ് ഫൂ ഡോഗ് (Chinese Foo Dog)
 62. ചൈനീസ് ക്രെസ്റ്റെഡ് (Chinese Crested)
 63. ചിഹ്വാഹ (Chihuahua)
 64. ചിവീനി (Chiweenie)
 65. ചിനൂക് (Chinook)
 66. ചൈനീസ് ഷേര്‍ പൈ (Chinese Shar Pei)
 67. സിര്‍നെകോ ഡെല്‍ എട്നാ (Cirneco dell'Etna)
 68. ചോ ചോ (Chow Chow)
 69. ചിപൂ (Chi Poo)
 70. ക്ലമ്പര്‍ സ്പാനിയേല്‍ (Clumber Spaniel)
 71. കോളി (Collie)
 72. കോക്കര്‍ സ്പാനിയേല്‍ (Cocker Spaniel)
 73. കോക്കാപ്പൂ (Cockapoo)
 74. ചെക്കോസ്ലോവാക്യന്‍ വൂള്‍ഫ് ഡോഗ് (Czechoslovakian Wolfdog)
 75. കര്‍ലി കോട്ടഡ് റിട്രീവര്‍ (Curly Coated Retreiver)
 76. കൊടോന്‍ ഡേ ടുലീര്‍ (Coton De Tulear)
 77. ഡാണ്ടി ഡിന്‍മോണ്ട് ടെറിയര്‍ (Dandie dinmont terrier)
 78. ഡാല്‍മേഷന്‍ (Dalmatian)
 79. ഡാഷണ്ട് (Dashund)
 80. ഡോഗോ അര്‍ജെന്റിനോ (Dogo Argentino)
 81. ഡോബര്‍മാന്‍ (Doberman Pinscher)
 82. ഡിങ്കോ (Dingo)
 83. ഡോക്സിപൂ (Doxipoo)
 84. ഡൂഡില്‍മാന്‍ പിഞ്ചര്‍ (Doodleman Pinsher)
 85. ഡോഗ് ഡേ ബോര്‍ഡ്യൂക്സ്‌ (Dogue De Bordeaux)
 86. ഇംഗ്ലീഷ് കോക്കര്‍ സ്പനിയേല്‍ (English cocker spaniel)
 87. ഇംഗ്ലീഷ് ബുള്‍ഡോഗ് (English Bulldog)
 88. ഇംഗ്ലീഷ് ബൂഡില്‍ (English Boodle)

ബാസെഞ്ചി (Basenji)


സുന്ദരനും ആരോഗ്യവാനും ആയ ഇവയെ ആഫ്രിക്കന്‍ ബാര്‍ക്കലെസ്സ് ഡോഗ് എന്നും വിളിക്കുന്നു..നല്ലൊരു വേട്ടക്കാരനായ ഈ ആഫ്രിക്കക്കാരന്‍ കുരയ്ക്കുകയില്ലെങ്കിലും മറ്റു ശബ്ദങ്ങള്‍ ഉണ്ടാക്കി ആളുകളുടെ ശ്രദ്ധ നേടാന്‍ മിടുക്കനാണ്..

നല്ല വേഗത്തില്‍ ഓടാന്‍ മിടുക്കനായ ഇവയുടെ വാല്‍ നന്നായി ചുരുണ്ടാതാണ്..എപ്പോഴും സ്വയം നക്കി വൃത്തിയാക്കുന്ന ഇവനെ മറ്റുനായുടെ പോലെയുള്ള ഗന്ധം ഇല്ല..

കോംഗോ ഡോഗ്,കോംഗോ ബുഷ് ഡോഗ്,കോംഗോ ടെറിയര്‍,ബോങ്കോ ഡോഗ്,ആഫ്രിക്കന്‍ ബാര്‍ക്കലെസ്സ് ഡോഗ്,ആഫ്രിക്കന്‍ ബുഷ് ഡോഗ്, സണ്ടേ ഡോഗ്,ബെല്‍ജിയന്‍ കോംഗോ ഡോഗ്,ന്യാം ന്യാം ടെറിയര്‍ എന്നും പേരുണ്ട്.

പതിനേഴ്‌ ഇഞ്ചുവരെ ഉയരം വയ്ക്കുന്ന ഇവ പതിനൊന്നു കിലോ വരെ ഭാരവും വയ്ക്കും,

കുരയ്ക്കുകയില്ലെങ്കിലും നല്ലൊരു കാവല്‍ക്കാരന്‍ ആണിവ..ഇവ കുരയ്ക്കാത്തതിനാല്‍ അപരിചിതര്‍ അടുത്ത് ചെല്ലാതിരിക്കുകയാവും ബുദ്ധി..എന്നാല്‍ ഇവയുടെ വലിപ്പം കുറവായതിനാല്‍ രക്ഷയ്ക്ക് വേണ്ടി വളര്‍ത്താനാവില്ല..

പതിനാലു വര്‍ഷം വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്..

"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബാല്‍കാന്‍സ്കി ഗോനിക്(Balkanski Gonic)


പഴയ യുഗോസ്ലാവിയയിലെ (ഇന്നത്തെ കിഴക്കന്‍ സെര്‍ബിയ) ബാല്‍കാന്‍ ഉപദ്വീപില്‍ നിന്നാണ് ഇവന്‍റെ വരവ്.ഒരു മികച്ച വേട്ട നായയാണിവ.മാനിനേയും കുരുനരിയേം വേട്ടയാടാന്‍ മികച്ച ഇനം..

മുഖത്തേക്ക് മടങ്ങിയിരിക്കുന്ന ചെവികളും വിശാലമായ പരന്ന മുഖവും ഇവയുടെ പ്രത്യേകത തന്നെ..

ബാല്‍കാന്‍ ഹൗണ്ട്,സെര്‍ബ്സ്കി ഗോനിക്,ബാല്‍കാന്‍ ജാഷ്ടോണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിയൊന്ന് ഇഞ്ച് വരെ ഉയരംവയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിയൊന്ന് കിലോവരെ ഭാരവും വയ്ക്കും.

ബാഗിള്‍ ഹൗണ്ട് (Bagle Hound )

 

 

ബാസ്സെറ്റ് ഹൌണ്ടിന്‍റെയും ബീഗിളിന്‍റെയും സങ്കര ഇനം..
എവിടെയെങ്കിലും കിടന്നു ചുറ്റുമുള്ള കാണുവാന്‍ വലിയ കൊതിയാണ് ഇവന്..പൊതുവെ അത്ര ചുറുചുറുക്കുള്ള ഇനമല്ല..

കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇവന്‍റെ രോമം നീളമുള്ളവ അല്ലെങ്കിലും അലര്‍ജിയുള്ളവര്‍ ഇവയെ വളര്‍ത്താതിരിക്കുകയാവും ഭേദം..
കാവലിനോ രക്ഷയ്ക്കോ വേണ്ടി വളര്‍ത്താന്‍ പറ്റിയ ഇനം അല്ലിത്..രണ്ടിനും തീരെ മോശം..
പതിനഞ്ച് ഇഞ്ച് വരെയേ ഉയരം വയ്ക്കൂ എങ്കിലും ഇരുപത്തിമൂന്ന് കിലോവരെ ഭാരം വച്ചേക്കാം.
പൊതുവെ ഉറക്കപ്രിയനായ ഇവ ഭക്ഷണം കഴിക്കാന്‍ മാത്രമെ ഉത്സാഹം കാട്ടാറുള്ളൂ..കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന കാര്യത്തിലും ഇവന്‍ പുറകോട്ടാണ്..

രാത്രിയില്‍ ചിലപ്പോള്‍ ആകാശത്തോട്ടു നോക്കി മോങ്ങുകയോ കുരയ്ക്കുകയോ ചെയ്യുന്ന ശീലവും ഇവനെ കുപ്രസിദ്ധനാക്കുന്നു..പൊതുവെ പ്രശ്നക്കാരന്‍ അല്ലാത്ത ഇനം ആണ്..

ബാസ്സെറ്റ് ഹൗണ്ട്(Basset Hound)

 

 

"ഹഷ് പപ്പി" ഡോഗ് എന്നറിയപ്പെടുന്ന ഇവയുടെ തല ബ്ലഡ് ഹൌണ്ടിനെ പോലെയും,ഉടല്‍ ഡാഷ് ഹൌണ്ടിനെ പോലെയും ആണ്.ഉയരം കുറഞ്ഞത് അല്ലെങ്കില്‍ കുള്ളന്‍ എന്നര്‍ത്ഥം വരുന്ന "ബാസ്" എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ബാസ്സറ്റ് എന്ന പേരു ഈ ഫ്രാന്‍സ്കാരന്‍ നായയ്ക്ക്‌ കിട്ടിയത്.ഉയരക്കുറവെങ്കിലും ഉറപ്പുള്ള അസ്ഥിയും ശരീരവും ഇവയ്ക്കുണ്ട്.

ഇവയുടെ തൊലി അയവുള്ളതും തൂങ്ങിക്കിടക്കുന്നതുമാണ്.അതേപോലെ നീളമുള്ളതും മടങ്ങിതൂങ്ങിക്കിടക്കുന്നതുമായ കണ്‍പോളയും,ചെവിയുമാണ് ഇവയ്ക്കുള്ളത്.വീട്ടില്‍ വളര്‍ത്താന്‍ നല്ല ഇനമായ ഇവ ചിലപ്പോള്‍ മൂശട്ടക്കാരന്‍ ആണെങ്കിലും പ്രശ്നക്കാരന്‍ അല്ല..പ്രത്യേക രീതിയില്‍ ഉള്ള കുരയാണിവയുടെ.ചിലപ്പോള്‍ മോങ്ങുകയും ചെയ്യുന്ന ഇവയുടെ മണം പിടിക്കാനുള്ള ശേഷി അപാരമാണ്.

ഓടി ചെന്നു ഇരയെപ്പിടിക്കാനുള്ള ശേഷി ഇല്ലെങ്കിലും മണത്തുചെന്നു അവയെ കണ്ടെത്താനുള്ള പ്രത്യേകശേഷി പ്രശംസനീയം തന്നെ.സത്യത്തില്‍ കുറിയകാലുള്ള ഒരു വലിയപട്ടിയാണ്‌ ബാസ്സറ്റ് ഹൗണ്ട്.

പതിനഞ്ച് ഇഞ്ച് വരെയേ ഉയരം വരൂ എങ്കിലും മുപ്പതു കിലോ വരെ ഭാരം വയ്ക്കും,..

കുട്ടികളോടെ വളരെ നന്നായി പെരുമാറുന്ന ഇവ മറ്റുള്ളവരോടും നന്നായി ഇടപെടും.മറ്റു മൃഗങ്ങളുടെ (പ്രത്യേകിച്ച് മാന്‍,മുയല്‍ മുതലായ) മണം കിട്ടിയാല്‍ ചിലപ്പോള്‍ അല്പം ദേഷ്യക്കാരന്‍ ആവും.കാവലിനു നല്ല ഇനമായ ഇവയെ രക്ഷയ്ക്കായി വളര്‍ത്തുവാന്‍ കൊള്ളില്ല..

പൊതുവെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത ഇവ പത്തു മുതല്‍ പതിമൂന്നു വയസ്സുവരെ ആയുസ്സുള്ളവയാണ്.ഇവയുടെ ഒരു പ്രസവത്തില്‍ എട്ടുമുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.

"ഹൗണ്ട്" ഗ്രൂപ്പില്‍ ആണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ബാസ്സറ്റ് ഫോവ് ഡേ ബ്രിടാനി(Basset Fauve de Bretagne)

ഫോണ്‍ ബ്രിട്ടാനി ബാസ്സറ്റ് എന്നും പേരുള്ള ഈ ഫ്രഞ്ച് നായയുടെ രോമം നീളമുള്ളതും ചുരുണ്ടതുമാണ്..നീളമേറിയ മടങ്ങിയ ചെവികളാണ് ഇവയുടെത്.

പതിനഞ്ച് ഇഞ്ചോളം ഉയരം വയ്ക്കുന്ന ഇവയ്ക്കു പത്തൊമ്പത് കിലോവരെ ഭാരമേ വയ്ക്കൂ.

പൊതുവെ മണം പിടിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്ന ഇവയുടെ രോമം ഇടയ്ക്കിടെ ചീകി കൊടുക്കുന്നത് നന്നായിരിക്കും.

ബാസെറ്റ് ബ്ല്യു ഡേ ഗാസ്കോണ്‍(Basset Bleu de Gascogne)

ഫ്രാന്‍സിനു വെളിയില്‍ അപൂര്‍വമായ ഈ ഫ്രഞ്ച് കാരന്‍ നായയുടെ തലകൂര്‍ത്തതും നീളം കുറഞ്ഞ കാലും നീളമേറിയ വാലുമാണ്.ചെറിയ ഇനം മൃഗങ്ങളെ വേട്ടയാടാന്‍ മിടുക്കനാണ് ഈയിനം.

ബ്ലു ഗാസ്കൊനി ബാസ്സറ്റ് എന്നും ഇവന് പേരുണ്ട്..

പതിനാറര ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പത്തൊമ്പത് കിലോവരെ ഭാരം വയ്ക്കും.

പൊതുവെ എല്ലാവരോടും നന്നായി ഇടപെടുന്ന ഇവ കെട്ടിയിടുന്നത് ഇഷ്ട്ടമില്ലാത്ത ഇനമാണ്.

ബീഗിള്‍ ഹാരിയര്‍(Beagle Harrier)

ബീഗിളിന്‍റെയും ഹാരിയറിന്‍റെയും സങ്കര ഇനം ആണ്..മികച്ച ഒരു വേട്ടപ്പട്ടി.പ്രധാനമായും കുറുക്കനെയും മാനിനേയും വേട്ടയാടാന്‍ ഉപയോഗിക്കുന്നു.

ഇരുപതു ഇഞ്ച് വരെയേ ഉയരം വയ്ക്കൂ..ഇവയ്ക്ക് ഇരുപത്തിഅഞ്ചു കിലോവരെ ഭാരവും വയ്ക്കും.

ഫ്രഞ്ച്കാരനാണ് ഇവന്‍.മനോഹരമായ തിളക്കമുള്ള രോമമാണ് ഇവന്‍റെ..വീട്ടിലുള്ള മറ്റുപട്ടികളോടും കുട്ടികളോടും നന്നായി പെരുമാറുന്ന ഇനമാണിവ..

ബീഗിള്‍ (Beagle)

ബ്രിട്ടിഷ്കാരനാണ് ഇവന്‍..ചാര നിറത്തിലുള്ള ഇവയുടെ കണ്ണ് തന്നെ നമ്മെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണെങ്കിലും അവന്‍റെ സ്റ്റാമിനയും ധൈര്യവും അപാരവും തന്നെ..വളരെയേറെ ഓടാനും ചാടാനുമുള്ള ഈ നായയുടെ ഇഷ്ടം ഇവയെ മികച്ചൊരു ഫാമിലിഡോഗ് ആക്കുന്നു.

ഒരു വേട്ടനായ ആയ ഇവ വീട്ടില്‍ ഉള്ള എല്ലാവരോടും നന്നായി പെരുമാറുമേങ്കിലും ചെറിയ വളര്‍ത്തു ജീവികളെ ആക്രമിക്കും..(പൂച്ച,ഗിനിപിഗ് തുടങ്ങിയവയെ).

തനിച്ചാവുമ്പോള്‍ നിര്‍ത്താതെ മോങ്ങുക എന്നതാണ് ഇവയുടെ ഏറ്റവും വലിയ കുഴപ്പം..ട്രെയിനിംഗ് അത്ര എളുപ്പമല്ലെങ്കിലും ഈ ഒരു ദോഷം ചെറുപ്പത്തിലേ മാറ്റിയെടുത്തില്ലെങ്കില്‍ ഭാവിയില്‍ പ്രശ്നമാവും..

മണം പിടിക്കാനുള്ള ഇവയുടെ മികച്ചകഴിവുകൊണ്ട് ഇവയെ പലയിടത്തും സ്നിഫര്‍ ഡോഗ് ആയി ഉപയോഗിച്ചുവരുന്നു..

രണ്ടു തരത്തില്‍ വലിപ്പമുള്ള ബീഗിളുകള്‍ ഉണ്ട്..പതിമൂന്നുഇഞ്ച് വരെയുള്ളതും പതിനാറു ഇഞ്ച് വരെയുള്ളത് എന്നിങ്ങനെ..പക്ഷെ ഏതായാലും പതിനാലു കിലോവരെ മാത്രമെ തൂക്കം വരൂ..

നന്നായി കുരയ്ക്കുന്നത് കൊണ്ടു കാവലിനായി ഉപയോഗിക്കാമെങ്കിലും അപരിചിതരോടും സൌമ്യമായെ പെരുമാറൂ എന്നതുകൊണ്ട് രക്ഷയ്ക്കായി വളര്‍ത്താനാവില്ല..


പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴ് വരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്.

"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബവേറിയന്‍ മൌണ്ടന്‍ ഹൗണ്ട്(Bavarian Mountain Hound)

ബെയ്റിഷര്‍ ഗെബിര്‍ഷ്വീസ്വങ്ങഗ്, ബവേറിയന്‍ മൌണ്ടന്‍ സെന്‍റ്ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്..
ഉറപ്പുള്ള ശരീരമുള്ള ഈ ജെര്‍മ്മന്‍ നായ ഹൗണ്ട് ഇനത്തില്‍ വളരെ അപൂര്‍വമായ ഇനമാണ്.തല അല്പം വീതിയുള്ളതും കറുപ്പോ ചുവപ്പോ ആയ മൂക്കും ഇവയുടെ പ്രത്യേകത ആണ്.പൊങ്ങിയിരിക്കുന്ന വാലും അല്പം മടങ്ങിയ ചെവിയും ഉള്ള ഇവയുടെ രോമം ഇടതൂര്‍ന്നതും തിളക്കമുള്ളതുമാണ്..

ഇരുപത്തിഒന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിഏഴ് കിലോവരെ ഭാരം ഉണ്ടാകാറുണ്ട്. 

പ്രശ്നക്കാരനല്ലെങ്കിലും വലിയ നാണം കുണുങ്ങിയാണ്‌ ഇവന്‍.വളരെയേറെ വ്യായാമം ആവശ്യമുള്ള ഇനമാണിവ..

"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബ്യുസിരോണ്‍ (Beaceron)

ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഇവ ജോലി ചെയ്യാന്‍ എപ്പോഴും സന്നദ്ധനായിരിക്കും.ഇവയെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവര്‍ മാത്രമെ ഇവയെ വളര്‍ത്താവൂ.. ഒരാളെ മാത്രം അനുസരിക്കുന്ന ഇവ അല്പം അയഞ്ഞ പ്രകൃതക്കാരനായ ഉടമയെ ഒരിക്കലും അനുസരിക്കില്ല..

വളരെ നീണ്ട വാലുള്ള ഇവയുടെ ചെവി പലപ്പോഴും ഭംഗിയ്ക്കായി മുറിച്ചു കൂര്‍പ്പിക്കാറുണ്ട്..വളരെ വേഗം പരിശീലനം ചെയ്യിപ്പിക്കാന്‍ പറ്റിയ ഇനമായ ഇവ എന്തുതരത്തിലുള്ള ജോലിയ്ക്കും തയ്യാറായിരിക്കും..

ബെര്‍ജേര്‍ ടെ ബ്യുസ്,ബ്യുസ് ഷെപ്പെട്.,ഫ്രഞ്ച് ഷോര്‍ട്ട് ഹേയ്റഡ്ഷെപ്പെട്, റെഡ് സ്റ്റൊക്കിംഗ്, ബാസ് റോഗ് എന്നുംപേരുണ്ട്.

ഇരുപത്തിഎട്ടു ഇഞ്ച് വരെ ഉയരംവയ്ക്കുന്ന ഇവ മുപ്പത്തിഒമ്പത് കിലോവരെ ഭാരവും വയ്ക്കാറുണ്ട്.

കുട്ടികളോട് ഏറ്റവും സ്നേഹം കാട്ടുന്ന ഇവയുടെ മുന്‍പില്‍ കുട്ടികളെ തൊടുക പോലും ആസാധ്യം ആയിരിക്കും.

മറ്റു നായകളെ തങ്ങളുടെ പരിധിയില്‍ കാണുന്നത് പോലും ഇവയ്ക്കിഷ്ടമല്ല..മികച്ച കാവല്‍ നായ ആയ ഇവയെ രക്ഷയ്ക്കായി ഉപയോഗിക്കാമെന്നു മാത്രമല്ലേ ആപണിയില്‍ അവയെ വെല്ലാന്‍ ചുരുക്കം നായകള്‍ക്കെ കഴിയൂ.

ഗ്രാമത്തില്‍ മാത്രം വളര്‍ത്താന്‍ പറ്റിയ ഇനമായ ഇവയെ വീട്ടിലോ,ഫ്ലാറ്റിലോ വളര്‍ത്തരുത്.എപ്പോഴും എന്തെങ്കിലും വ്യായാമം ആവശ്യമായ ഇവയുടെ ആയുസ്സ് ശരാശരി പതിനാലു വയസ്സാണ്.

ബീയടെഡ് കോളി.(Bearded Collie)

കണ്ടാല്‍ ഒരു സന്യാസിപട്ടി എന്ന് തോന്നുന്നവിധം മുടിയും താടിയുമുള്ള ഇവന്‍ വെറുതെ ഇരിക്കുവാന്‍ ഇഷ്ടമില്ലാത്ത ഇനം ആണ്.എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്ന ഇവയുടെ രോമങ്ങള്‍ വളരെ നീളമേറിയതാണ്.

ചെറുപ്പത്തില്‍ വെള്ളയും കറപ്പും കലര്‍ന്ന നിറം പിന്നീട് ചാരനിറം ആവാറുണ്ട്..താരതമ്യേന വലിയ ഇനം നായ ആയ ഇവന്‍ യുറോപ്പിലെ ഏറ്റവും പ്രാചീനമായ ഇനങ്ങളില്‍ ഒന്നാണ്..ആട്ടിന്‍കൂട്ടങ്ങളെ കൊണ്ടുനടക്കാനുള്ള ഇവന്‍റെ കഴിവ് പ്രസിദ്ധമാണെങ്കിലും ചിലപ്പോഴൊക്കെ വീട്ടിലുള്ള കുട്ടികളെയും അപ്രകാരം നിയന്ത്രിക്കുന്നത് കാണാം..പക്ഷെ കുട്ടികളോടും വീട്ടിലുള്ളവരോടും പൊതുവെ വളരെ മാന്യമായി പെരുമാറാനുള്ള ഇവന്‍റെ കഴിവില്‍ ഇവ നമ്മുടെ അരുമയാവാന്‍ അധികം സമയം വേണ്ട..

ബിയെര്‍ടി,ഹൈരി മ്യൂട് കോളി, ഹൈലാന്‍ഡ്‌ കോളി, ലോഷ് കോളി,മൌണ്ടെന്‍ സ്കോച്ച് കോളി, ഓള്‍ഡ് വെല്‍ഷ് ഗ്രേ ഷീപ്പ് ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിരണ്ട് ഇഞ്ച് ഉയരം വയ്ക്കുന്ന ഇവയ്ക്ക് ഇരുപത്തിഎട്ടു കിലോവരെ തൂക്കവും വയ്ക്കാറുണ്ട്.

കാവലിനായി ഉപയോഗിക്കാമെങ്കിലും രക്ഷയ്ക്കായി പറ്റുന്ന ഇനം അല്ല..പൊതുവെ നാണക്കാരന്‍ അല്ലെങ്കിലും അക്രമിയും അല്ല..

സ്കോട്ട്ലണ്ടുകാരനായ ഇവനെ വളര്‍ത്തുന്നവര്‍ നല്ലപോലെ സമയം ഇവയുടെ പരിശീലനത്തിനും,പരിചരണത്തിനും,വ്യായാമത്തിന് മായി ചിലവിടേണ്ടി വരും.

പതിനഞ്ച് മുതല്‍ പതിനാറ് വര്‍ഷം ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബീഗ്ലിര്‍ (Beaglier)


ബീഗിളിന്‍റെയും കവലിയര്‍ കിംഗ്‌ ചാള്‍സ് സ്പാനിയേലിന്‍റെയും സങ്കര ഇനം..വളരെയേറെ ജനപ്രിയനാണ് ആസ്ട്രെലിയക്കാരന്‍.

പതിനഞ്ച് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ പത്തു കിലോയോളം ഭാരമേ വയ്ക്കൂ..

വളരെ ശാന്തനായി ഇടപെടുന്നവനാണ് എങ്കിലും മറ്റുപട്ടികളോട് ചിലപ്പോള്‍ അല്പം പിണക്കം കാട്ടും..

പൊതുവെ വലിയ ആരോഗ്യ പ്രശ്നം ഇല്ലാത്ത ഇവ പതിനാലു വര്‍ഷം വരെ ആയുസ്സുള്ളവയാണ്..

ബെല്‍ജിയന്‍ മലിനോയിസ്(Belgian Malinois)

ബല്‍ജിയന്‍ ഷീപ്പ് ഡോഗിനോട് വളരെ സാമ്യമുള്ള ഇനമാണ്.പക്ഷെ ഇവയുടെ രോമം ചെറുതും തിളക്കമേറിയാതുമാണ്.ഇടത്തരം വലിപ്പമുള്ള ഇവയുടെ മുഖം എപ്പോഴും കറുത്തനിറം ഉള്ളവ ആയിരിക്കും.പെട്ടെന്നോ വളരെ പ്രാവശ്യം കണ്ടാലോ ഒരാളോട് അടുക്കുന്ന ഇനം അല്ല ഇവ..

ഉടമയെ മാത്രമെ അനുസരിക്കൂ..അതുപോലെ ആദ്യമായി വളര്‍ത്താന്‍ പറ്റിയ ഇനം അല്ല ഇവ..ഇവയുടെ അടുത്ത് കൂടുതല്‍ മണ്ടത്തരം കാട്ടാതെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഇനം നായ ആണ്.ഒരു പക്ഷെ ചെറിയ കൈപ്പിഴ പോലും വളരെ വലിയ പ്രശ്നത്തിന് കാരണമാവും.

മലിനോയിസ് ,ചെയ്ന്‍ ദെ ബെര്‍ജേര്‍ ബെല്ഗെ,മലിനോയിസ് ഷെപ്പെട് ഡോഗ് എന്നും പേരുണ്ട്.

ഇരുപത്തിയാറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഒമ്പത് കിലോവരെ തൂക്കവും വയ്ക്കാറുണ്ട്.

മറ്റുപട്ടികളെ ഇവയുടെ അടുത്ത്‌ വിടുന്നത് സൂക്ഷിച്ചു വേണം.കുട്ടികളെ ഇഷ്ടമാണെങ്കിലും അല്പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും.ഷീപ്പ്ഡോഗ് ആയതിനാല്‍ ചുറ്റുപാടും നല്ല ശ്രദ്ധയായിരിക്കും.

മികച്ച ഒരു കാവല്‍നായയായ ഇവ രക്ഷയ്ക്ക് വളര്‍ത്താന്‍ പറ്റിയ ഇനവുമാണ്.

നഗരത്തിലോ ഗ്രാമത്തിലോ വളര്‍ത്താവുന്ന ഇനമാണിവ..നല്ലപരിശീലനവും വ്യായാമവും ഇവയ്ക്കു അത്യാവശ്യമാണ്.

പതിനാലുവയസ്സ് വരെ ഇവയ്ക്കു ആയുസ്സുണ്ട്.ഇവയുടെ ഒരു പ്രസവത്തില്‍ ആറുമുതല്‍ പത്തു കുട്ടികള്‍ ഉണ്ടാവാറുണ്ട്.

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ബെല്‍ജിയന്‍ ലീക്നോയിസ്‌( Belgian Laekenois)

ബെല്‍ജിയത്തിനു വെളിയില്‍ കാണാറില്ലാത്ത ഇനം ആണിത്.ബെല്‍ജിയം ഷേപ്പെടുമായി ഇതിന്‍റെ സാരമായ വെത്യാസം ഇതിന്‍റെ ചുരുണ്ട രോമങ്ങള്‍ തന്നെ..

ഇരുപത്താറുഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഒമ്പത് കിലോവരെ തൂക്കവും വയ്ക്കും..

മറ്റു നായകളുമായി പരിചയപ്പെടുത്തുമ്പോള്‍ സൂക്ഷിക്കണം.വളരെ ചെറുപ്പത്തിലേ ഇവയുടെ കോപം നിയന്ത്രിച്ചു വളര്‍ത്തണം..വളരെ ബുദ്ധിശാലിയായ ഇവ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നു പഠിച്ചെടുക്കും.

കാവലിനായാലും രക്ഷയ്ക്കായാലും വളരെ സമര്‍ത്ഥനായ ഇനം തന്നെയാണിവന്‍.

നഗരമായാലും ഗ്രാമാമായാലും ഏത് അന്തരീക്ഷത്തോടും പൊരുത്തപ്പെടാനുള്ള കഴിവുള്ള ഇനമാണിത്..

പതിനാലു വയസ്സുവരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ പത്തു കുട്ടികള്‍ വരെ കണ്ടേക്കാം.

ബെഡ്ലിംഗ്ടണ്‍ ടെറിയര്‍(Bedlington Terrier )

പൊതുവെ ശാന്തനായ ഈയിനം നായയെ കണ്ടാല്‍ പട്ടിയെക്കാള്‍ രോമം വടിച്ച ആടിനോടാണ് സാമ്യം.പ്രശ്നം ഉണ്ടാക്കിയാല്‍ ദേഷ്യക്കാരനായ ഇവ പൊതുവെ എല്ലാവരോടും സ്നേഹത്തോടെ ഇടപെടാന്‍ മിടുക്കനാണ്.ഇവയുടെ വാല്‍ രോമമില്ലാത്തതും വടിപോലെ നില്‍ക്കുന്നതുമാണ്..പൂച്ചയുടെയും മറ്റും പിന്നാലെ വളരെവേഗം ഓടാന്‍ ഇഷ്ടപ്പെടുന്ന ഇനമാണിത്.

റൊത്ബറി ടെറിയര്‍,ജിപ്സി ഡോഗ്,നോര്‍തംബര്‍ ലാന്‍ഡ്‌ ഫോക്സ് ടെറിയര്‍, റോഡ്ബറി എന്നും പേരുണ്ട്.
പതിനേഴര ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ പതിനൊന്നു കിലോവരെ ഭാരവും വയ്ക്കും..
രോമം ഇവയുടെ അധികം പോഴിയാറില്ല എങ്കിലും ഇടയ്ക്കിടെ വെട്ടിവിടണം.വീട്ടിലുള്ള മറ്റു പട്ടികളോടും കുട്ടികളോടും വളരെ നന്നായി പെരുമാറുന്ന ഇനമാണ്.

പൊതുവെ കാവലിനായി വളര്‍ത്താവുന്ന ഇനമാണ്.പക്ഷെ രക്ഷയ്ക്ക് പറ്റിയ ഇനം അല്ല..
ബ്രിട്ടീഷ്കാരനായ പതിനാലു വയസ്സുവരെ ആയുസ്സും ഇവയുടെ ഒരുപ്രസവത്തില്‍ മൂന്നു മുതല്‍ ആറു കുഞ്ഞുങ്ങള്‍ വരെയും ഉണ്ടായിരിക്കും..

"ടെറിയര്‍" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ബെര്‍ഗാമാസ്കോ (Bergamasco)

വളരെ വെത്യേസ്തനായ ഈ ഇറ്റാലിയന്‍ നായ ഇറ്റലിയില്‍ അല്ലാതെ പുറമെ വളരെ അപൂര്‍വമായി മാത്രമെ കാണപ്പെടുന്നുള്ളൂ.സത്യത്തില്‍ ഇറ്റലിയില്‍ പോലും ഇവയുടെ വംശം കുറവാണ്.വളരെ നീണ്ട ഇവയുടെ രോമം ജടപിടിക്കുകയാണ് പതിവ്..
പക്ഷെ ഇവ മനുഷ്യരില്‍ അലെര്‍ജി ഉണ്ടാക്കുന്നില്ല..ധൈര്യശാലിയാ ഇവന്‍ പൊതുവെ ആട്ടിന്‍പറ്റങ്ങളെ നോക്കാനാണ് ഉപയോഗപ്പെടുന്നത്..
ഇരുപത്തിഅഞ്ചര ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിഒമ്പത് കിലോവരെ തൂക്കം വയ്ക്കും..
വളരെ കട്ടിയുള്ള ഇവയുടെ ജടയില്‍ മറ്റു നായകള്‍ കടിച്ചാലും സാധാരണ ഇവയ്ക്കൊന്നും പറ്റില്ല..കാവലിനായോ രക്ഷയ്ക്കായോ ശരാശരി മാത്രം ഉപയോഗപ്പെടുത്താവുന്ന ഇനം ആണ്.ഒരിക്കലും ഭയപ്പെടുത്തി ഇവയെ അനുസരിപ്പിക്കാന്‍ കഴിയില്ല..ഒരു സുഹൃത്തായി മയത്തില്‍ പറയുകയേ നിവൃത്തിയുള്ളൂ.
പൊതുവെ അസുഖങ്ങള്‍ ഒന്നും വരാത്ത ഇവ സാധാരണ ഗതിയില്‍ പതിനഞ്ച് വയസ്സ് വരെ ജീവിക്കുന്നവയാണ്.ഇവയുടെ ഒരു പ്രസവത്തില്‍ ആറുമുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവുറുണ്ട്.

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബെല്‍ജിയന്‍ ടെര്‍വുറെന്‍ (Belgian Tervuren)

ഈ ഇനവും ബെല്‍ജിയന്‍ ഷീപ്പ് ഡോഗും തമ്മിലുള്ള വെത്യാസം ഇവയുടെ ചെമ്പന്‍ നിറം മാത്രമാണ്.ടെര്‍വുറെന്‍ എന്നും ഇവയ്ക്കു പേരുണ്ട്..
ഇടത്തരം വലിപ്പമുള്ള നന്നായി ഓടാനും,താന്‍ നോക്കുന്ന ആട്ടിന്‍ പറ്റത്തെ രക്ഷിക്കാനും ഇവ അതീവ സമര്‍ത്ഥന്‍ ആണ്,പൊതുവെ എല്ലാവരെയും അടുപ്പിക്കുന്ന ഇനം അല്ലെങ്കിലും സ്വന്തം വീട്ടിലുള്ളവരുടെ രക്ഷയ്ക്ക് ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ഇനം ആണ്.ഒരാളെ മാത്രമെ അനുസരിക്കൂ എന്ന നിര്‍ബന്ധ ബുദ്ധിയുള്ള ഇവയെ അല്പം പരിചയ സമ്പന്നനായ ഒരാള്‍ വളര്‍ത്തുന്നതാവും ബുദ്ധി..
ഇരുപത്താറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഒമ്പത് കിലോവരെ ഭാരം വയ്ക്കും..
ഉടമയുടെ വിശ്വസ്തനും,ഉടമയുടെ കൂടെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവനുമായ ഇവ ഉടമ കൊടുക്കുന്ന ജോലി ചെയ്യാന്‍ തയ്യാറുള്ളവാനാണ്. പക്ഷെ കൂടുതല്‍ നേരം ആരും ഇവന്‍റെ അടുത്തില്ലെങ്കില്‍ ശ്രദ്ധ കിട്ടാന്‍ കുസൃതികള്‍ കാട്ടാനും ഇവ മടിയ്ക്കാറില്ല..കുട്ടികളെയും മറ്റു ജീവികളെയും അടുപ്പിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം..
രക്ഷയ്ക്കും കാവലിനായും വളര്‍ത്താന്‍ മികച്ച ഇനം ആണ്.ചെറുപ്പത്തിലേ ഇവയെ പരിശീലിപ്പിക്കുക..
പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബെല്‍ജിയന്‍ ഷീപ്പ്ഡോഗ് (Belgian sheepdog)

ബെല്‍ജിയന്‍ ഇനങ്ങളില്‍ ഏറ്റവും ജനപ്രിയനായ ഇനമാണ് ഇവന്‍.സൌന്ദര്യം വേണ്ടുവോളം ഉള്ള ഇവന്‍റെ രോമം വളരെ നീളമേറിയതാണ്.
ഗ്രോനിന്‍ ഡെല്‍ എന്ന് പേരുള്ള ഇവയെ ചിയെന്‍ ദേ ബെര്‍ജേര്‍ ബെല്‍ഗേ എന്നും വിളിക്കും.
ഇടത്തരം വലിപ്പമുള്ള ഇവ പൊതുവെ കറുപ്പ് നിറമുള്ളവയാണ്‌. നന്നായി ഓടാനും,താന്‍ നോക്കുന്ന ആട്ടിന്‍ പറ്റത്തെ രക്ഷിക്കാനും ഇവ അതീവ സമര്‍ത്ഥന്‍ ആണ്,പൊതുവെ എല്ലാവരെയും അടുപ്പിക്കുന്ന ഇനം അല്ലെങ്കിലും സ്വന്തം വീട്ടിലുള്ളവരുടെ രക്ഷയ്ക്ക് ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ഇനം ആണ്.ഒരാളെ മാത്രമെ അനുസരിക്കൂ എന്ന നിര്‍ബന്ധ ബുദ്ധിയുള്ള ഇവയെ അല്പം പരിചയ സമ്പന്നനായ ഒരാള്‍ വളര്‍ത്തുന്നതാവും ബുദ്ധി..
ഇരുപത്താറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഒമ്പത് കിലോവരെ ഭാരം വയ്ക്കും..
ഉടമയുടെ വിശ്വസ്തനും,ഉടമയുടെ കൂടെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവനുമായ ഇവ ഉടമ കൊടുക്കുന്ന ജോലി ചെയ്യാന്‍ തയ്യാറുള്ളവാനാണ്. പക്ഷെ കൂടുതല്‍ നേരം ആരും ഇവന്‍റെ അടുത്തില്ലെങ്കില്‍ ശ്രദ്ധ കിട്ടാന്‍ കുസൃതികള്‍ കാട്ടാനും ഇവ മടിയ്ക്കാറില്ല..കുട്ടികളെയും മറ്റു ജീവികളെയും അടുപ്പിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം..
രക്ഷയ്ക്കും കാവലിനായും വളര്‍ത്താന്‍ മികച്ച ഇനം ആണ്.ചെറുപ്പത്തിലേ ഇവയെ പരിശീലിപ്പിക്കുക..
പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബീഷോന്‍ ഫ്രീസ്(Bichon Frise)

വളരെ മാന്യനായ ഒരു ചെറിയ നായ.ഇവയുടെ രോമം വളര്‍ന്നു തൂങ്ങിക്കിടക്കുന്ന തരത്തില്‍ അല്ല..കണ്ടാല്‍ ഒരു പഞ്ഞിക്കെട്ടെന്നു തോന്നിക്കുന്ന ഇനം നായആയ ഇവ നമ്മുടെ ശ്രദ്ധക്ഷണിക്കാന്‍ എന്തഭ്യസവും കാട്ടും.ഈ ഗുണം കൊണ്ടുതന്നെ ഇവയെ സര്‍ക്കസില്‍ ഉപയോഗിച്ചു വരുന്നു..
കുട്ടികളെന്നോ വലിയവരെന്നോ ഇല്ലാതെ എല്ലാവരോടും വളരെ മാന്യമായി മാത്രമെ ഈയിനം പെരുമാറൂ.ഇവയുടെ വാലോ ചെവിയോ രോമത്തിനു വെളിയില്‍ കാണാന്‍ പോലും കിട്ടില്ല..സാധാരണ നീളന്‍ വെള്ള രോമം ഉള്ളനായകള്‍ക്ക് വരുന്നു യാതൊരു ത്വക്ക്,രോമ അസുഖങ്ങളും ഇവയെ ബാധിക്കാറില്ല..
ടെനെറിഫ് ബിഷോന്‍,ടെനെറിഫ് ഡോഗ്,ബിഷോന്‍ ടെനെറിഫ്, ബിഷോന്‍ എ പോയില്‍ ഫ്രീസ് എന്നും ഇവയ്ക്കു പേരുണ്ട്.
പതിനാറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു എട്ടുകിലോ വരെ ഭാരവും വയ്ക്കും..
കുട്ടികളോടും വീട്ടിലുള്ള മറ്റു നായകളോടും മൃഗങ്ങളോടും കളിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ വീട്ടില്‍ വളര്‍ത്താന്‍ ഏറ്റവും നല്ല നായകളില്‍ ഒന്നാണ്.
ആരെയെങ്കിലും കണ്ടാല്‍ പെട്ടെന്ന് കുരയ്ക്കുന്ന ഇവ നല്ലൊരു കാവല്‍ നായ ആണെങ്കിലും എല്ലാവരോടും കളിയ്ക്കാന്‍ മാത്രം ഇഷ്ടം കാണിക്കുന്നത് കൊണ്ടും ചെറിയ ഇനം ആയതുകൊണ്ടും രക്ഷക്കായി വളര്‍ത്താനാവില്ല..
ഫ്രഞ്ച്കാരനായ ഈ നായ കാര്യങ്ങള്‍ വളരെ വേഗം പഠിയ്ക്കുന്ന കൂട്ടത്തിലാണ്.പൊതുവെ ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത ഇവ പതിനാറു വയസ്സ് വരെ സാധാരണഗതിയില്‍ ജീവിച്ചിരിക്കും..ഒരു പ്രസവത്തില്‍ ഇവയ്ക്കു മൂന്നു മുതല്‍ അഞ്ചു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"നോണ്‍ സ്പോര്‍ട്ടിംഗ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബെര്‍ണീസ് മൌണ്ടെന്‍ ഡോഗ് (Bernese Mountain Dog)

ഇവ സ്വിസ് വംശജനാണ്.മൂന്നു കളര്‍ ഉള്ള രോമത്തോട് കൂടി വളരുന്ന ഇവ തണുപ്പ് പ്രദേശത്തിന് മാത്രം ചേരുന്ന ഇനം ആണ്..വളരെ വലിയ നായകളില്‍ ഒന്നായ ഇവ ചൂടും ഈര്‍പ്പം നിറഞ്ഞതുമായ കാലാവസ്ഥയ്ക്ക് ചേര്‍ന്ന ഇനമല്ല..പൊതുവെ നന്നായി പെരുമാറുന്ന ഇവയെ ഗ്രാമത്തില്‍ മാത്രമല്ല പട്ടണത്തിലും വളര്‍ത്താം..

പക്ഷെ ഇവയെ ഒരാള്‍ മാത്രം വളര്‍ത്തുന്നതാവും ഉത്തമം..അല്പം പ്രായമായ ശേഷം വേറെ ഒരാളെ അനുസരിക്കാന്‍ അല്പം വിമുഖത ഇവ കാട്ടാറുണ്ട്‌..വീടിനോടും വീട്ടുകാരോടും കൂറുള്ള ഇവ അത്യാവശ്യം ഓടാനും ചാടാനുമുള്ള സ്ഥലം ആവശ്യമുള്ള ഇനമാണ്..

ബര്‍ണര്‍ സെന്നേന്‍ ഹൗണ്ട്,ബെര്‍ണീസ് കാറ്റില്‍ ഡോഗ്,ബോവിര്‍ ബെര്‍ണോയിസ് എന്നും ഇവയ്ക്ക് പേരുണ്ട്..

ഇരുപത്തിഏഴര ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ നാല്‍പത്തിഎട്ടുകിലോ വരെ ഭാരംവയ്ക്കുന്ന ഇനമാണ്.

കുട്ടികളെ ഇഷ്ടമുള്ളവ ആണെങ്കിലും അറിയാതെ കുട്ടികളെ തട്ടിയിടും എന്നതുകൊണ്ട് അല്പം സൂക്ഷിക്കണം.

കാവലിനായി വളര്‍ത്തുന്ന ഇവ ആകാര്യത്തില്‍ വളരെ സമര്‍ത്ഥനാണ്..രക്ഷയ്ക്ക് ശരാശരി മുതല്‍ നല്ല മിടുക്കുവരെ കാട്ടാറുണ്ട്‌..

നല്ല അനുസരണയും ബുദ്ധി ശക്തിയും ഉള്ള ഇവയ്ക്ക് വ്യായാമം അത്യാവശ്യമാണ്..അതോടൊപ്പം ഇവയുടെ രോമം പൊഴിയുന്നത് കൊണ്ടു ഇടയ്ക്കിടെ ചീകി കൊടുക്കണം..

പത്തു വയസ്സ് വരെ ആയുസുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ പത്തു വരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്..

"വര്‍ക്കിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്,

ബെര്‍ജേര്‍ പികാര്‍ഡ് (Berger Picard)

ഈ ഫ്രഞ്ച്കാരന്‍ നായയെ ഫ്രാന്‍സില്‍ വിളിക്കുന്നത് ബെയര്‍-സെ-പീ-കാര്‍ എന്നാണ്.. പിക്കാര്‍ഡി ഷെപ്പെട് എന്നറിയപ്പെടുന്ന ഇവ വളരെ അപൂര്‍വമായ ഇനം ആണ്.അമേരിക്കയിലും ചിലയിടത്ത് വളര്‍ത്തുന്ന ഇവ വളരെ കളിക്കാനും ജോലിചെയ്യാനും ഇഷ്ടപ്പെടുന്ന ഇനം ആണ്..പക്ഷെ കളിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ ഒരു ഗുണ്ടയെ പോലെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന് വരും.

ഗ്രാമത്തില്‍ താമസിക്കുന്ന പരിചയസമ്പന്നനായ ഒരാളാവും ഇവയെ വളര്‍ത്താന്‍ നല്ലത്.. ഇവയുടെ കുരവളരെ എടുപ്പുള്ളതാണ്..

ഇരുപത്താറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് മുപ്പത്തിരണ്ടു കിലോവരെ തൂക്കവും വയ്ക്കാറുണ്ട്..

കൂര്‍ത്ത ചെവിയുള്ള ഇവയുടെ രോമം ഏത് കാലവസ്ഥയെം ചെറുക്കാനുള്ള കഴിവുള്ളവയാണ്‌.വളരെപ്പെട്ടെന്നു കാര്യങ്ങള്‍ കാര്യങ്ങള്‍ പഠിയ്ക്കാന്‍ കഴിവുള്ള ഇവയ്ക്ക് വളരെ വ്യായാമം ആവശ്യമാണ്‌.

കാവലിനായും രക്ഷയ്ക്കായും വളര്‍ത്താമെങ്കിലും രണ്ടിലും ശരാശരി മിടുക്കെ ഇവയ്ക്ക്കാണൂ.

പൊതുവെ ആരോഗ്യശാലിയായ ഇവ പതിനാലുവയസ്സ് വരെ ജീവിച്ചിരിക്കാറുണ്ട്.

ബ്ലാക്ക് ആന്‍ഡ് ടാന്‍ കൂന്‍ഹൗണ്ട്(Black and Tan Coon Hound)

ഏറ്റവും മികച്ച വെട്ടനായകളില്‍ ഒന്നായ കൂന്‍ഹൗണ്ട് പൊതുവെ റാകൂന്‍,കരടി,കാട്ടുപൂച്ച ഇവയുടെ നായട്ടിനായാണ് സാധാരണ ഗതിയില്‍ തന്‍റെ പ്രാഗത്ഭ്യം കാണിക്കുന്നത്.രാത്രിയില്‍ സഞ്ചരിക്കുന്ന ജീവികളെ മണം പിടിച്ചു കണ്ടെത്തുകയാണ് ഇവയുടെ രീതി.

ഇവയുടെ മണം പിടിക്കാനുള്ള കഴിവ് അസാധാരണം ആണ്.പൊതുവെ എല്ലാവരോടും നന്നായി ഇടപെടാന്‍ മിടുക്കനാണ്.ഇവയെ ആരും ഡോഗ് ഷോയ്ക്ക് വേണ്ടി വളര്‍ത്താറില്ല.. ചിലപ്പോള്‍ വളരെ ഉച്ചത്തില്‍ ഒരിയിടാരുണ്ട്..എന്തെങ്കിലും ഇരയെ കണ്ടാല്‍ ഒരിയിടുന്നത് വേറെ ശബ്ത്തില്‍ ആണ്.. നല്ല ഉടമയ്ക്ക് അത് രണ്ടും തിരിച്ചറിയാന്‍ കഴിവുണ്ടാകണം..

പക്ഷെ ഇടയ്ക്കിടെ ഓരോ ജീവികളുടെ മണം പിടിച്ചു ഒരിയിടുന്നത് ചിലപ്പോള്‍ വീട്ടില്‍ താമസിക്കുന്നവര്‍ക്കും അയല്‍വാസികള്‍ക്കും അല്പം ബുദ്ധിമുട്ടുണ്ടാക്കും..

അമേരിക്കന്‍ ബ്ലാക്ക് ആന്‍ഡ് ടാന്‍ കൂന്‍ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിഏഴ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിഏഴ് കിലോ വരെ ഭാരവും ഉണ്ടാകാറുണ്ട്.

അല്പം സൌമ്യനായത് കൊണ്ടു രക്ഷയ്ക്കായി വളര്‍ത്താന്‍ പറ്റിയ ഇനമല്ലെങ്കിലും കാവലിനു പറ്റിയ ഇനം ആണ്..

ഒരു നല്ല വേട്ടക്കാരന് പറ്റിയ ഇനമായ ഇവയെ വെറുതെ വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചേരുന്ന ഇനമല്ല..

പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ഏഴുമുതല്‍ എട്ടു കുട്ടികള്‍ ഉണ്ടാവാറുണ്ട്.

"ഹൗണ്ട് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബ്യുവര്‍ (Biewer)

ചെറിയ കളിപ്പാട്ടം പോലുള്ള ഈ സുന്ദരക്കുട്ടപ്പന്‍ ആദ്യനോട്ടത്തില്‍ തന്നെ ആരുടേയും മനം കവരും.നിലത്തുവരെയെത്തുന്ന നീളന്‍ പട്ടുപോലുള്ള രോമം ഇവയുടെ പ്രത്യേകതയാണ്.

ബ്യുവര്‍ യോര്‍ക്ക്ഷയര്‍ എ ല പോം പൊന്‍, ബ്യുവര്‍ യോര്‍കി,ബ്യുവര്‍ യോര്‍ക്ക്ഷയര്‍ ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.

എട്ടര ഇഞ്ചുമാത്രം ഉയരം വയ്ക്കുന്ന ഇവന് നാലുകിലോ വരെ മാത്രമെ ഭാരം വയ്ക്കൂ..

ചെറിയവന്‍ ആണെങ്കിലും കുട്ടികളെയും മറ്റു പട്ടികളെയും അടുത്ത് വിടുമ്പോള്‍ അല്പം ശ്രദ്ധിക്കുക..ചിലപ്പോള്‍ ആക്രമണ സ്വഭാവവും ഉള്ളവനാണ്..

കാവലിനായി മിടുക്കനാണെങ്കിലും രക്ഷയ്ക്കായി അത്രപോര..പക്ഷെ കുഞ്ഞനാണെങ്കിലും തന്നാലാവും വിധം ആ ജോലിയും അവന്‍ ചെയ്യും..അല്ലാതെ ഉശിരിനു ഒട്ടും കുറവുള്ള ഇനമല്ല..

എന്നും വ്യായാമം വേണ്ട ഇവനെ ഗ്രാമത്തിലോ പട്ടണത്തിലോ വളര്‍ത്താം..
അല്പം മൂശട്ടയായ ഇവനെ പഠിപ്പിക്കുമ്പോള്‍ അല്പം ശ്രദ്ധ വേണ്ടിവരും.

ജര്‍മ്മന്‍കാരനായ ഇവന്‍ പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ളവന്‍ ആണ്.ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ അഞ്ചു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..

ബിഷ്-പൂ (Bich Poo)

ബിഷ് പൂ എന്നും പൂഷോന്‍ എന്നും വിളിക്കുന്ന ഇവ പൂഡില്‍,ബിഷോന്‍ ഫ്രീസ് എന്നിവയുടെ സങ്കര ഇനം ആണ്.
പൂഡിലിന്‍റെ രോമം പൊഴിയാത്ത ഗുണവും ബിഷോന്‍ ഫ്രീസിന്‍റെ മാന്യമായ സ്വഭാവവും ഉള്ള ഇവ ഒരു ഹൈബ്രിഡ് സങ്കരഇനം ആണ്..

ബ്ലുടിക്ക് കൂണ്‍ഹൗണ്ട് (Bluetik Coonhound)

ബ്ലൂ ടെ ഗസ്കോന്‍ എന്നും പേരുള്ള ഇവ വളരെ ശാന്തനായ ഇനം ആണെങ്കിലും അനുസരണക്കെടും കാട്ടാറുണ്ട്‌..

 ചിലപ്പോഴൊക്കെ ചെറിയ മൃഗങ്ങളെ ഓടിക്കും എന്നാലും പൊതുവെ മനുഷ്യനോടോ മറ്റു നായകളോടോ പ്രശ്നം ഉണ്ടാക്കാറില്ല.റാകൂണുകളെ വേട്ടയാടാന്‍ ആണിവയെ പൊതുവെ വളര്‍ത്തുന്നത്, റാകൂണുകളെ ഓടിച്ചു മരത്തില്‍ കയറ്റി ഉടമയ്ക്ക് അവയെ വെടിവെച്ചു കൊല്ലാന്‍ അവസരം ഉണ്ടാക്കുകയാണ് ഇവയുടെ പ്രധാന പണി.. രാക്കൂണ്‍ അല്ലാതെ ആരോടും പ്രകോപനപരമായി ഇവ പെരുമാറില്ല..
ഇരുപത്തിഏഴ് ഇഞ്ച് ഉയരംവയ്ക്കുന്ന ഇവ നാല്‍പതുകിലോവരെ ഭാരം വയ്ക്കുന്നവയാണ്..
കാവലിനു ശരാശരി മാത്രം ഉപയോഗിക്കുവാന്‍ കഴിയുന്ന ഇവ രക്ഷയ്ക്കായി വളരെ മോശം ഇനമാണ്..
അമേരിക്കക്കാരനായ ഇവയ്ക്കു പന്ത്രണ്ടു വയസ്സുവരെ ആയുസ്സുണ്ട്.
"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബ്ലഡ് ഹൗണ്ട്(Blood Hound)

ചുക്കി ചുളിഞ്ഞ മുഖമുള്ള ശക്തനായ ഈ ഇനം വളരെ നന്നായി എല്ലാവരോടും പെരുമാറും എന്നതുമാത്രമല്ല വളരെ ശാന്തനായി വീട്ടില്‍ കിടക്കുമെന്നതും ഒരു പ്രത്യേകതയാണ്. പൊതുവെ വൃത്തിയുള്ള ഇനമായ ഇവ മിക്കപ്പോഴും വീട്ടിനുള്ളില്‍ ഉമിനീര്‍ ഒലിപ്പിക്കും എന്നതൊഴിച്ചാല്‍ യാതൊരു പ്രശ്നവും ഉണ്ടാക്കാറില്ല.

മണം പിടിക്കാനുക്കാനുള്ള ഇവയുടെ അസാധാരണമായ ശേഷിമൂലം ഇവയെ ലോകത്തിന്‍റെ പലഭാഗത്തും പോലീസിലും പട്ടാളത്തിലും ഉപയോഗിക്കാറുണ്ട്..മണം പിടിച്ചു ഇരയെ കണ്ടെത്തിയാല്‍ അവയെ ആക്രമിക്കില്ല എന്നത് പോലീസില്‍ ഇവയെ ഉപയോഗിക്കാന്‍ മറ്റൊരു പ്രധാന കാരണം കൂടിയാവുന്നു..

വീടിനു വെളിയില്‍ ഒരു പക്ഷെ ചാടിമറിയുമെങ്കിലും വീടിനുള്ളില്‍ വളരെ ശാന്തനായി മാത്രമെ പെരുമാറൂ.. മനുഷ്യന്‍റെ നാപ്പതു ഇരട്ടി മണം പിടിക്കാനുള്ള കഴിവ് ഈയിനത്തിനുണ്ട്..
സെന്‍റ്.ഹുബര്‍ട്ട്സ് ഹൗണ്ട്, ചിയെന്‍ ടെ സൈന്റ് ഹുബര്‍ട്ട്സ് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിഏഴ് ഇഞ്ച് വരെ ഉയരംവയ്ക്കുന്ന ഇവയ്ക്കു അമ്പത് കിലോ വരെ തൂക്കവും വയ്ക്കാറുണ്ട്.
ചിലപ്പോള്‍ പരിശീലനം അല്പം പ്രയാസം ആവും..ലോകത്തില്‍ മണം പിടിക്കാന്‍ ഏറ്റവും നല്ല ഇനമായ ഇവയെ മണം പിടിച്ചു പോകുന്നതില്‍ നിന്നു തിരികെ വിളിച്ചാല്‍ ചിലപ്പോള്‍ തിരികെ വരാതെ മണത്തിനു പിന്നാലെ പോകും എന്നൊരു പ്രശ്നവും ഉണ്ട്.. പൊതുവെ വീടിനുള്ളില്‍ അനുസരണകാരനായഇവ വീടിനു വെളിയില്‍ അല്പം അനുസരണക്കേട്‌ കാട്ടുന്ന സ്വഭാവം ഉണ്ട്.
പട്ടികളോടും കുട്ടികളോടും വളരെ മാന്യമായി ഇടപെടുന്ന ഇനമാണിവ..കാവലിനു പറ്റിയ ഇനം ആണെങ്കിലും രക്ഷയ്ക്കായി ഏറ്റവും മോശമായ ഇനമാണിവ..മൂശട്ടക്കാരനായ ഇവ അനുസരണക്കെടിനു പേരുകേട്ട ഇനമാണ്..അതുകൊണ്ട് തന്നെ ട്രൈയിനിംഗ് കൊടുക്കല്‍ അല്പം ദുഷ്കരം ആവും.
പതിനൊന്നു വയസ്സുവരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ഏഴ് മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടായേക്കാം.

ബെല്‍ജിയം കാരനായ ഇവനെ "ഹൗണ്ട്"ഗ്രൂപ്പിലാണ് പെടുത്തിയിരിക്കുന്നത്.

ബ്ലാക്ക് റഷ്യന്‍ ടെറിയര്‍ (Black Russian Terrier )

നാല് ഇഞ്ചോളം നീളമുള്ള രോമത്തോട് കൂടിയ ഈ വലിയ നായ റഷ്യക്കാര്‍ തങ്ങളുടെ അഭിമാനമായാണ് കാണുന്നത്..ധാരാളം ഇത്തരത്തിലുള്ള നായകള്‍ റഷ്യന്‍ പട്ടാളത്തില്‍ സേവനം ചെയ്യുന്നു.. അമേരിക്കയിലും ഇത്തരം നായകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ റഷ്യക്ക് വെളിയിലേക്ക് ഈ ഇനത്തെ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്.

എന്തുതരം ജോലിയ്ക്കും ഇവയെ ഉപയോഗിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത.. ഏത് ജോലിയും വളരെ ഭംഗിയോടെ ചെയ്യാനും ഇവയ്ക്കാവും..

ബ്ലാകീസ്‌,ചോര്‍നി ടെറിയര്‍, ടെറിയര്‍ നോയിര്‍ ടുസ്സ്,രസ്കജി ചോര്‍നി ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്..

മുപ്പതു ഇഞ്ച് ഉയരം വയ്ക്കുള്ള വലിയ നായയ്ക്ക്‌ അറുപത്തിആറ് കിലോവരെ ഭാരം വയ്ക്കും..

കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇവ കുട്ടികളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവരെ ആക്രമിക്കുകയും ചെയ്യും.വീട്ടിലെ നായകളോടോ മറ്റു മൃഗങ്ങളോടോ നന്നായി പെരുമാറും എങ്കിലും മറ്റുള്ളവയോടെ അത്ര നന്നായി പെരുമാറി കൊള്ളണം എന്നില്ല..

കാവലിനായോ രക്ഷയ്ക്കയോ ഇവയെ വളര്‍ത്തിക്കോളൂ..രണ്ടിനും വളരെ നന്നായി ഉപയോഗപ്പെടുത്താനാവും..

നല്ല അനുസരണയും,കഴിവും,ബുദ്ധിയും ഉള്ള ഇവയെ നന്നായി പരിശീലിപ്പിച്ചാല്‍ വളരെ നല്ല കൂട്ടുകാരനായി മാറ്റാം.

പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറ് മുതല്‍ പന്ത്രണ്ടു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.

ബോര്‍ഡര്‍ കോളി (Border Collie)

അനുസരണയില്‍ ഇവനെ വെല്ലാന്‍ വേറെ ഒരു ഇനം കാണില്ല..അത്രമാത്രം ഉടമയെ അനുസരിക്കുന്ന ഒരിനമാണിത്‌.ഇടത്തരം വലിപ്പമുള്ള ഈ ഇനം എപ്പോഴും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന നായ ആണ്..
പഠിപ്പിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം പഠിക്കുകയും അത് അനുസരിക്കുകയും ചെയ്യുക ഇവയുടെ പ്രത്യേകതയാണ്.അല്പം പൊങ്ങിയ ചെവിയും ശരാശരിയില്‍ കൂടുതല്‍ നീളമുള്ള രോമങ്ങളും നീണ്ട താഴ്ത്തിയിട്ട വാലുമുള്ള ഇവ ആടിനെയോ,താറവിനെയോ,കോഴിയെ മാത്രമല്ല പശുക്കളെയും കൂട്ടത്തോട്‌ കൊണ്ടുനടക്കാന്‍ കഴിവുള്ളവയാണ്‌..
കുട്ടികള്‍ കുറെ അടുത്തുവന്നാല്‍ അവരെയും അതുപോലെ കൊണ്ടു നടന്നു എന്നിരിക്കും..
ഇരുപത്തിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിമൂന്നു കിലോവരെ തൂക്കവും വയ്ക്കും..
എന്തെങ്കിലും പരിചയമില്ലാത്തത് കണ്ടാല്‍ കുരയ്ക്കുന്ന ഇവയെ കാവലിനായി വളര്‍ത്താം എങ്കിലും രക്ഷയ്ക്ക് എന്ന ഉദ്ദേശത്തില്‍ വളര്‍ത്താന്‍ ആവില്ല..
എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഈ ബ്രിട്ടീഷ്കാരനായ നായയ്ക്ക്‌ പതിനഞ്ച് വയസ്സ് വരെ ആയുസ്സുണ്ട്..ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..
"ഹെര്‍ഡിംഗ്"ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ബോലോഗ്നീസ്.(Bolognese)

ബിഷോന്‍ ബോലോഗ്നീസ് എന്നും പേരുള്ള ഇവ എപ്പോഴും ഉടമയെ ചുറ്റിപറ്റി നടക്കാന്‍ ആഗ്രഹിക്കുന്ന ഇനമാണ്.. സുന്ദരനായ ഈ നായ എന്തെങ്കിലും വേലകള്‍ കാട്ടി ഉടമയെ കൈയിലെടുക്കാന്‍ വിരുതനാണ്..പലപ്പോഴും ഈ ഗുണങ്ങള്‍ കൊണ്ടു തന്നെ ഇവയെ സര്‍ക്കസില്‍ ഉപയോഗിക്കുന്നു..
എല്ലാവരോടും മാന്യമായെ ഇവന്‍ പെരുമാറൂ..ഇവയേക്കാള്‍ ബുദ്ധിയുള്ള ഇനങ്ങള്‍ ഉണ്ടോ എന്ന് പോലും സംശയം തോന്നുന്ന ഇനം ആണെങ്കിലും മുതിര്‍ന്ന നായ പോലും ചിലപ്പോള്‍ പട്ടിക്കുട്ടികളെ പോലെ പെരുമാറുകയും ചെയ്യാറുണ്ട്..
ഒരടി വരെ മാത്രം ഉയരം വയ്ക്കുന്ന ഇവ ഏഴ് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്..
എന്തെങ്കിലും പ്രത്യേകതയുള്ളതോ പരിചയമില്ലാത്തതോ കണ്ടാല്‍ കുരയ്ക്കുന്ന ഇവയെ കാവലിനായി നന്നായി ഉപയോഗിക്കാമെങ്കിലും ആരെയും ആക്രമിക്കാത്ത ഇവയെ രക്ഷയ്ക്കായി വളര്‍ത്താന്‍ ആവില്ല.
ഇറ്റലിക്കാരനായ ഇവയ്ക്കു പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ളവയാണ്.
ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ഏഴ് കുട്ടികള്‍ ഉണ്ടാവാറുണ്ട്.

ബോഗ്ലെന്‍ ടെറിയര്‍(Boglen Terrier)

ഇവ ബോസ്ടന്‍ ടെറിയര്‍ ബീഗിള്‍ എന്നിവയുടെ സങ്കര ഇനം ആണ്..അതീവ ബുദ്ധിശാലിയായ ഇവയ്ക്കു വളരെ എളുപ്പം ട്രെയിനിംഗ് കൊടുക്കാന്‍ കഴിയും.കുട്ടികളോട് വളരെ നന്നായി പെരുമാറാനും ഇവയ്ക്കു കഴിവുണ്ട്.
പതിനേഴ്‌ ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പതിനാലു കിലോവരെ ഭാരവും വയ്ക്കും..
മറ്റു നായകളോട് കുഴപ്പമില്ലാതെ പെരുമാറുന്ന ഇവയെ കാവലിനോ രക്ഷയ്ക്കയോ വളര്‍ത്താന്‍ ആവില്ല..

ബോസ്ടന്‍ ടെറിയര്‍ (Boston Terrier)

അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള നായകളില്‍ ഒരുവന്‍.ഇവയുടെ സ്നേഹം കാരണം പ്രായമായ ജനങ്ങളില്‍ നല്ലൊരു ശതമാനം ഇവനെ വളര്‍ത്തുന്നവരാണ്.ആരോഗ്യമുള്ള ഈ ചെറിയ നായ ബുള്‍ഡോഗിന്‍റെയും ടെറിയര്‍ നായകളുടെയും സങ്കര ഇനം ആണ്.

ഉടമയുടെ കൂടെ റോഡിലൂടെ നടന്നുപോകാനും കാറില്‍ യാത്ര ചെയ്യാനും ഇഷ്ടപ്പെടുന്ന ഇവന് മറ്റു നായകളുടെ പോലെയുള്ള മടുപ്പിക്കുന്ന ഗന്ധമോ അധികം പൊഴിയുന്ന രോമമോ ഇല്ല..

വളരെ പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന ഇവ ഉടമയെ വളരെ സ്നേഹിക്കുന്നതും എപ്പോഴും ഉടമയുടെ ചുറ്റും നടക്കാന്‍ ഇഷ്ട്ടപ്പെടുന്നതുമായ ഇനമാണ്.

റൌണ്ട് ഹെടെഡ് ബുള്‍ ആന്‍ഡ് ടെറിയര്‍,ബോസ്ടന്‍ ബുള്‍,ബുള്ളെറ്റ് ഹെഡ്,റൌണ്ട് ഹെഡ്സ് എന്നും ഇവയെ വിളിക്കുന്നു,.

കുറഞ്ഞ ഭാരമുള്ളതെന്നും,ശരാശരി ഭാരമുള്ളതെന്നും,ഭാരം കൂടിയവ എന്നതും ഉള്‍പെടെ മൂന്നു വലിപ്പത്തില്‍ ഉള്ള ബോസ്ടന്‍ ടെറിയര്‍ ഉണ്ട്.. ഏതായാലും പത്തു മുതല്‍ പതിനേഴ്‌ ഇഞ്ച് വരെയേ ഉയരം വയ്ക്കൂ. നാല് മുതല്‍ പന്ത്രണ്ടു കിലോവരെ തൂക്കവും വരും.

വളരെയേറെ അനുസരണ ഉള്ള ഇവ മറ്റുകുട്ടികളോടും വീട്ടിലുള്ള കുട്ടികളോടും നന്നായി പെരുമാറും.. അപൂര്‍വ്വം സാഹചര്യത്തില്‍ ഒഴികെ മറ്റു നായകളോടും മൃഗങ്ങളോടും നന്നായി പെരുമാറും.

നന്നായി കുരയ്ക്കുന്ന ഇവയെ കാവലിനായി വളര്‍ത്താം.പക്ഷെ എല്ലാവരോടും സ്നേഹം കാട്ടുന്ന ഇവ ഒരു രക്ഷയ്ക്കായി വളര്‍ത്താവുന്ന ഇനം അല്ല..

പത്തു മുതല്‍ പതിനാലു വയസ്സ് വരെ ഇവ ജീവിക്കാറുണ്ട്.ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.. (മിക്കപ്പോഴും സിസേറിയന്‍ നടത്തേണ്ടി വരുമെന്നുള്ളതു കൊണ്ടു സാധാരണക്കാര്‍ ഇവയെ വളര്‍ത്താതിരിക്കുകയാവും ബുദ്ധി..)

ബോര്‍സോയി (Borzoi)

റഷ്യന്‍ വൂള്‍ഫ്ഹൗണ്ട് എന്നറിയപ്പെടുന്ന ഈ സുന്ദരന്‍ ഓട്ടത്തിനും മാന്യമായ പെരുമാറ്റത്തിനും പേരുകേട്ടവന്‍ തന്നെ.സംഘം ചേര്‍ന്നു ഓടിച്ചിരുന്ന ഈ നായയുടെ ശരീരം മെലിഞ്ഞതും ഉയരമേറിയതുമാണ്. ഇവയുടെ നീളമേറിയ രോമം നീണ്ടതോ ചുരുണ്ടതോ ഒടിവുള്ളതോ ആവാം,.
സാധാരണഗതിയില്‍ നിലത്തുവരെ എത്തുന്ന ഇവയുടെ വാല്‍ രോമം നിറഞ്ഞതാണ്‌.സാധാരണ നായകളെപോലെ കുട്ടികളോട് അത്ര ചങ്ങാത്തം കൂടുന്ന ഇനമല്ലെങ്കിലും വീട്ടിലെ മറ്റു നായകളോട് വലിയ പ്രശ്നം ഉണ്ടാക്കാറില്ല.. പൊതുവെ മാന്യനായ ഇവനെ ചെറുപ്പത്തിലെ മര്യാദ പഠിപ്പിക്കണം അല്ലെങ്കില്‍ പ്രായം ആയശേഷം പ്രശ്നകാരന്‍ എന്ന പേരും സമ്പാദിക്കാന്‍ ഇവന്‍ മടിക്കില്ല..
വളരെ പെട്ടെന്ന് വളരുന്ന ഇവയെ ഒരു വര്‍ഷം വരെ കഠിനമായ ജോലികള്‍ ചെയ്യിക്കാതിരിക്കുകയാവും നന്ന്. പൂച്ചയെ പോലെ പമ്മി നടക്കാനുള്ള ഇവയുടെ വിരുത് എടുത്ത് പറയണ്ടത് തന്നെ..അടി കൊടുത്തുള്ള പരിശീലനത്തെക്കാള്‍ വല്ലതും തിന്നാന്‍ കൊടുത്തു പരിശീലിപ്പിക്കുകയാവും ബുദ്ധി..
ഇവയെ റഷ്യയിലെ പ്രഭുക്കള്‍ മുതല്‍ പ്രശസ്തരായ അമേരിക്കന്‍ പണക്കാര്‍ വരെ വളര്‍ത്തുന്നു.. പരിചയസമ്പന്നനായ ഒരാള്‍ ആവും ഇവയെ വളര്‍ത്താന്‍ നല്ലത്..
മുപ്പത്തിരണ്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഈ റഷ്യക്കാരന്‍ നായയ്ക്ക്‌ നാല്‍പത്തിഎട്ടു കിലോവരെ ഭാരം വയ്ക്കാം,
ചെറുതെന്നോ വലുതെന്നോ നോക്കാതെ മറ്റു ജീവികളെ ഓടിക്കുന്ന ഇവയുടെ അടുത്ത് ശല്യക്കാരായ കുട്ടികളെ വിടാതെ നോക്കണം.. ചെറിയ ജീവികളെ മറ്റു വെട്ടനായകളെ പോലെ പിടിക്കുക മാത്രമല്ല കൊല്ലുകയും ചെയ്യും.
അത്രനല്ലപോലെ കുരയ്ക്കാത്ത ഇവയെ ശരാശരി കാവല്‍ നായ ആയിട്ടെ ഉപയോഗിക്കാന്‍ കഴിയൂ.. എന്നാല്‍ രക്ഷയ്ക്കായി ഇവയെ ഉപയോഗപ്പെടുത്താനും കൊള്ളില്ല..
വളരെ പിടിവാശിയും മൂശട്ടയും ഉള്ള ഇവ ആറടിയില്‍ കൂടുതല്‍ ഉയരം ചാടികടക്കും എന്നുള്ളതിനാല്‍ ഉയര്‍ന്ന മതിലോ വേലിയോ ഉണ്ടാകേണ്ടത് അത്യാവശ്യം ആണ്.. അതോടൊപ്പം തന്നെ എന്നും വ്യായാമം ആവശ്യമുള്ള ഇനം ആണ്.
പത്തു മുതല്‍ പന്ത്രണ്ടു വയസ്സുവരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ ഏഴ് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.

"ഹൗണ്ട്"ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്,

ബോര്‍ഡര്‍ ടെറിയര്‍ (Border Terrier)

വളരെ അനുസരണയുള്ള ഈ ടെറിയര്‍ സ്കോട്ട്ലണ്ടിന്‍റെയും ഇംഗ്ലണ്ട്ന്‍റെയും അതിര്‍ത്തി പ്രദേശത്ത്നിന്നാണ് വരുന്നത്.മറ്റു ടെറിയര്‍ നായകളെ പോലെ ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഇവ മറ്റുനായകളോടും കുട്ടികളോടും വളരെനന്നായി ഇടപെടും.

കൊക്കെറ്റ്ഡെല്‍ ടെറിയര്‍,റീഡ് വാട്ടര്‍ ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.

പത്തിഞ്ച് മാത്രം ഉയരം വയ്ക്കുന്ന ഇവയ്ക്കു എട്ടുകിലോയില്‍ താഴെമാത്രമേ ഭാരം വയ്ക്കൂ.

അധികം നേരത്തേക്ക് തനിച്ചു വിട്ടാല്‍ ചിലപ്പോള്‍ നിലത്തു കുഴിക്കുകയും വെറുതെ നിന്നു കുരയ്ക്കുകയും ചെയ്തു എന്നും വരാം.

പരിശീലനം കൊടുത്താല്‍ ചെറിയ ഇനംമൃഗം മൃഗങ്ങളെ വേട്ടയാടാന്‍ ഇവയെ ഉപയോഗിക്കാം.കാവലിനായി ഇവയെ വളര്‍ത്താം..ആ ജോലി നന്നായി ചെയ്യും.പക്ഷെ ഇവയുടെ ഏവരോടും സ്നേഹിക്കുന്ന സ്വഭാവം കാരണം ഇവയെ ഒരു രക്ഷയ്ക്കായി ഉപയോഗിക്കുന്ന നായയായി വളര്‍ത്താന്‍ ആവില്ല..

പന്ത്രണ്ടു വയസ്സില്‍ കൂടുതല്‍ ഇവ ജീവിക്കാറുണ്ട്.. ഇവയുടെ ഒരു പ്രസവത്തില്‍ മൂന്ന് മുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..

"ടെറിയര്‍" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബോക്സര്‍ ഡൂഡില്‍ (Boxer Doodle)

അടുത്തകാലത്തായി പൂഡില്‍ നായകളുടെ സങ്കര ഇനങ്ങള്‍ വളരെ ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുന്നു.രോമം പൊഴിയില്ലാ എന്നതാണ് അവയുടെ ഏറ്റവും വലിയ പ്രത്യേകത...

ബോക്സര്‍ ഡൂഡില്‍ ബോക്സറിന്റെയും പൂഡിലിന്‍റെയും സങ്കരയിനം ആണ്..

ബോക്സര്‍ (Boxer)

നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ഏറ്റവും പ്രിയങ്കരനായ ഇനങ്ങളില്‍ ഒന്നാണ് ഈ ഇടത്തരം വലിപ്പമുള്ള ബോക്സര്‍. ഇവയുടെ വാലും ചിലപ്പോഴൊക്കെ ചെവിയും മുറിക്കുക പതിവാണ്.. ചെവി മുറിച്ചു സ്റ്റൈലന്‍ ആക്കി ഇവയെ ഡോഗ് ഷോകളില്‍ പങ്കെടുപ്പിക്കാറുണ്ട്.

പൊതുവെ വലിയ ചൂടു കാലാവസ്ഥ ഇഷ്ടം ഇല്ലാത്ത ഇനം ആണെങ്കിലും ഏത് കാലാവസ്ഥയോടും ഇവ പൊരുത്തപ്പെട്ടോളും. മുതിര്‍ന്ന നായ ആണെങ്കിലും നായ്‌കുട്ടികളെ പോലെ പെരുമാറി വീട്ടില്‍ ഉള്ളവരുടെ മനം കവരാന്‍ മിടുക്കനാണ് എന്നതും കുട്ടികളോടും മുതിര്‍ന്നവരോടും മാന്യനായി പെരുമാറും എന്നതും ഏവര്‍ക്കും പ്രിയാങ്കരനാക്കാന്‍ കാരണം ആണ്.
ഇരുപത്തിഅഞ്ച് ഇഞ്ചോളം ഉയരം വയ്ക്കുന്ന ഇവ മുപ്പത്തിഏഴ് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്..
അധികം നീളം ഇല്ലാത്ത രോമം നല്ല ഭംഗിയുള്ളതും അധികം പരിചരണം വേണ്ടാത്തതും ആണ്..വളരെയേറെ അനുസരണയും ബുദ്ധിയും ഉണ്ടെങ്കിലും ചിലപ്പോള്‍ കുട്ടികളെ പോലെ പെരുമാറും എന്നുള്ളതിനാല്‍ തീരെച്ചെറിയകുട്ടികളെ ഇവയുടെ അടുത്ത് വിടുമ്പോള്‍ സൂക്ഷിക്കുക.കാരണം ഇവ കളിക്കുന്നതിനിടയില്‍ കുട്ടികളെ തട്ടിയിടാന്‍ സാധ്യത ഉണ്ട്..

ചിലപ്പോള്‍ അപരിചിതരായ നായകളോടും മറ്റു ആണ്‍ നായകളോടും അല്പം ദേഷ്യം കാട്ടാറുണ്ട്‌..ധൈര്യശാലിയായ ഇവയ്ക്കു നല്ല വ്യായാമവും ആവശ്യമുണ്ട്..
കാവലിനും രക്ഷയ്ക്കും മികച്ചയിനമായ ഇവ പൊതുവെ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത ഇനം ആണ്..
എട്ടുമുതല്‍ പന്ത്രണ്ടു വയസ്സുവരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ച് മുതല്‍ പത്തു കുട്ടികള്‍ വരെയുണ്ടാവും.

ജര്‍മ്മന്‍കാരനായ ഇവയെ "വര്‍ക്കിംഗ്"ഗ്രൂപ്പിലാണ് പെടുത്തിയിരിക്കുന്നത്.

ബോവീര്‍ ഡെസ് ഫ്ലാന്ദ്രസ് (Bouvier des Flanders)

ബോവീര്‍ ഡെസ് ഫ്ലാന്ദ്രസ് വളരെയേറെ പ്രത്യേകതകള്‍ ഉള്ള നല്ലയിനം ഹെര്‍ഡിംഗ് നായയാണ്‌.. ശരാശരിയില്‍ കവിഞ്ഞ വലിപ്പവും ആരോഗ്യവും ഉള്ള ഇവയുടെ രോമം നീണ്ടതും മിനുസം അല്ലാത്തതും ആണ്..വളരെയേറെ ബുദ്ധിയും ആരോഗ്യവും ഉള്ള ഇവയ്ക്കു തന്‍റെ സംരക്ഷണയില്‍ ഉള്ള മൃഗങ്ങളുടെ നേരെ വരുന്ന ആക്രമണം തിരിച്ചറിയാനും അവയെ രക്ഷികാനും അറിയാം..
ബെല്‍ജിയത്തില്‍ പോലീസില്‍ മാത്രമല്ല അന്ധന്മാരെ ഗൈഡ് ചെയ്തു കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഇവയെ ബെല്‍ജിയംകാര്‍ക്ക് വളരെ ഇഷ്ടം ആണ്.. ഉടമയ നന്നായി അനുസരിക്കുന്ന ഇവ സ്നേഹം പിടിച്ചുപറ്റാന്‍ അറിയുന്ന ഇനം ആണ്..

ബെല്‍ജിയം കാറ്റില്‍ ഡോഗ്, കൊയ് ഹോണ്ട്,ടുഷേര്‍ ദേ ബ്യുഫ്,വ്യുല്‍ ബാര്‍ഡ്,വ്ലാംസി കൊയ്ഹോണ്ട്, ഫ്ലാന്ദ്രസ് കാറ്റില്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്..

ഇരുപത്തിഎട്ടു ഇഞ്ച് വരെ ഉയരം വരുന്ന ഇവയ്ക്കു നാല്പത്തിഅഞ്ചു വരെ കിലോ ഭാരം വയ്ക്കും,.

കാവലിനായി നല്ല ഇനമായ ഇവ രക്ഷയ്ക്കായും തങ്ങളുടെ കഴിവ് തെളിയിക്കുന്ന ഇനമാണ്.. ശാന്തന്‍ എന്ന് തോന്നുമെങ്കിലും ആക്രമിക്കാന്‍ തുടങ്ങിയാല്‍ പിടിച്ചു മാറ്റാന്‍ പ്രയാസം ആണ്..

ബുദ്ധിയുണ്ടെങ്കിലും ചിലപ്പോള്‍ ചെറിയ അനുസരണകേട്‌ കാട്ടാന്‍ സാധ്യത ഉള്ളതുകൊണ്ട് ചെറുപ്പത്തിലെ അനുസരണ പഠിപ്പിക്കണം..

പത്തുമുതല്‍ പന്ത്രണ്ട് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്..

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബ്രാറ്റ് (Brat)


ബ്രാറ്റ് ഒരു സങ്കര ഇനമാണ്.. ബോസ്ടന്‍ ടെറിയര്‍,റാറ്റ് ടെറിയര്‍ എന്നിവയുടെ.
വളരെ നല്ലയിനമായ ഇപ്പോള്‍ അമേരിക്കന്‍ നായപ്രേമികളുടെ ഹരമാണ്..

ബ്രാക്കോ ഇറ്റാലിയനൊ(Bracco Italiano)

ഇറ്റലികാരനായ ഇരട്ടനിറമുള്ള ഈ നായ ശരാശരിയില്‍ കൂടുതല്‍ വലിപ്പമുള്ളയിനമാണ്.. നീളമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ ചെവിയും ചുറിവുള്ള തൊലിയും അധികം നീളമില്ലാത്ത രോമവും മിക്കപ്പോഴും മുറിച്ചുകളയുന്ന വാലുമുള്ള ഇവ വീട്ടുടമയോട് വളരെനന്നായി പെരുമാറുന്ന ഇനമാണ്..
ഇറ്റാലിയന്‍ പോയിന്ടര്‍,ബ്രാക്കി,ഇറ്റാലിയന്‍ സെറ്റര്‍ എന്നും ഇവന് പേരുണ്ട്.
ഇരുപത്തിയാറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു നാല്‍പ്പത്തൊന്നു കിലോവരെ ഭാരം വയ്ക്കാറുണ്ട്,
നന്നായി ജോലിചെയ്യുന്ന ഇവ ചിലപ്പോള്‍ പിടിവാശിക്കാരും ആവാറുണ്ട്. നന്നായി കളികളില്‍ ഏര്‍പ്പെടാനും ഇവയ്ക്കിഷ്ടമാണ്..
കാവലിനു ശരാശരിമാത്രമായ ഇവയെ രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളില്ല.. വീട്ടിലെ കുട്ടികളോട് മാത്രമല്ല പട്ടികളോടും,മറ്റു മൃഗങ്ങളോടും അതിഥികളോടും ചങ്ങാത്തംകൂടുന്ന പ്രകൃതം ആണ്..
പത്തു മുതല്‍ പതിമൂന്നു വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.
"ഗണ്‍ഡോഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ബോയ്കിന്‍ സ്പാനിയേല്‍(Boykin Spaniel)

അമേരിക്കകാരനായ ഈ വേട്ടനായ നല്ലൊരു നീന്തല്‍കാരനാണ്. ഇടത്തരം വലിപ്പമുള്ള ഈ നായ വെടിവെച്ചിട്ട ഇരയെ എടുത്തുകൊണ്ടുവരാന്‍ ഉപയോഗപ്പെടുന്നു..വീട്ടിലുള്ള മറ്റു മൃഗങ്ങളും കുട്ടികളുമായി വളരെ നന്നായി ഇടപെടുന്ന ഈ ഇനം പൊതുവെ പ്രശ്നക്കാരന്‍ അല്ല..
ഒന്നര അടി ഉയരം മാത്രം വയ്ക്കുന്ന ഇവന്‍ പതിനേഴു കിലോവരെ ഭാരവും വയ്ക്കും..
കാവലിനു ശരാശരിമാത്രം ഉപയോഗപ്പെടുത്തുവാന്‍ കൊള്ളാവുന്ന ഇവയെ രക്ഷയ്ക്കായി വളര്‍ത്തുവാന്‍ ആവില്ല.. എല്ലാവരോടും സ്നേഹത്തോടെ പെരുമാറും എന്നതാണ് ഇവന്‍റെ പോരായ്മ.
നല്ല ബുദ്ധിയുള്ള ഇനമായ ഇവയെ വേട്ടയുടെ ഗുണങ്ങളും സാധനം എടുത്തുകൊണ്ടുവരാനും വേട്ടയാടപ്പെട്ട ജീവിയെ തെരഞ്ഞു കൊണ്ടുവരാനും ചെറുപ്പത്തിലേ പരിശീലിപ്പിക്കണം.
പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെ വയസ്സ് ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴ് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..
"ഗണ്‍ഡോഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ബ്രിട്ടാനി (Brittany)

താരതമ്യേന ചെറിയ ഇനം നായയായ ഇവന്‍ ഫ്രഞ്ച്കാരന്‍ ആണ്.ചോക്കലേറ്റ് നിറവും വെള്ളയും കൂടികലര്‍ന്ന ഇവയുടെ ശരീരത്ത് ചിലപ്പോള്‍ കറുത്ത പുള്ളികളും കാണപ്പെടുന്നതുകൊണ്ട് ഒരു പുള്ളിപ്പട്ടി എന്നും വിളിക്കാവുന്ന ഒരിനം ആണ്. വാലില്ലാതെയും ചിലപ്പോള്‍ നീളം കുറഞ്ഞ വാലോടോ ജനിക്കുന്ന ഇവയുടെ വാല്‍ മുറിച്ചു കളയുകയാണ് പതിവ്. മണം പിടിക്കാന്‍ സമര്‍ത്ഥന്‍ ആയ ഇവനെ അനുസരണയുടെ കാര്യത്തില്‍ ആര്‍ക്കും പിന്നിലാക്കാന്‍ സാധിക്കില്ല..
കിളികളെ വളരെ ഇഷ്ടപ്പെടുന്ന ഇവ വീട്ടിലെ കുട്ടികളോടും മറ്റുപട്ടികളോടും മാന്യമായി പെരുമാറുമേങ്കിലും ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും.
ഇപാനുല്‍ ബ്രെടോന്‍,ബ്രിട്ടാനി സ്പനിയേല്‍ എന്നും പേരുണ്ട്.
ഇരുപതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പത്തൊമ്പത് കിലോവരെ ഭാരം വയ്ക്കാം..കാവലിനു സമര്‍ത്ഥന്‍ ആയ ഇവ പക്ഷെ രക്ഷയ്ക്ക് ചേരുന്ന ഇനം അല്ല..എല്ലാവരോടും അല്പം സൌഹൃദം കാട്ടും എന്നത് തന്നെ പ്രശ്നം.

പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്..

"ഗണ്‍ഡോഗ്" ഗ്രൂപ്പിലാണ് ഇവനെ പെടുത്തിയിരിക്കുന്നത്.

ബ്രിക്കറ്റ് ഗ്രിഫോന്‍ വെണ്ടീന്‍ (Briquet Griffon Vendeen)

ഇടത്തരം വലിപ്പമുള്ള ഈ ഫ്രഞ്ച് നായ ചിലപ്പോള്‍ പിടിവാശിക്കാരന്‍ എന്ന പേരുകേള്‍പ്പിച്ചവനാണ്. അധികം ഉയരമില്ലാത്ത ഇവയുടെ ചെവി മടങ്ങിതൂങ്ങി കിടക്കുന്നവയാണ്.അല്പം വലിയ മീശയും പുരികവും ഇവന്‍റെ പ്രത്യേകത തന്നെ..വേട്ടയ്ക്കുപയോഗപ്പെടുന്ന ഇവ ചിലപ്പോഴൊക്കെ വേട്ടയാടപ്പെടുന്ന മൃഗങ്ങളെ കൊല്ലുകയും ചെയ്യും.
ഉടമയെ വക വെയ്ക്കാത്ത പ്രകൃതം ആണെങ്കിലും ഏത് തരത്തിലുള്ള പ്രദേശത്തും ഇണങ്ങുന്നവന്‍ ആയതിനാല്‍ ആളുകള്‍ ഇവനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു.
രണ്ടടി ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഅഞ്ചു കിലോ വരെ ഭാരവും വയ്ക്കാം.
കുട്ടികളെയും മറ്റുപട്ടികളെയും ചിലപ്പോള്‍ ഉപദ്രവിക്കും എന്നുള്ളതിനാല്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.കാര്യങ്ങള്‍ പഠിക്കാനും അനുസരിക്കാനും ഉള്ള സ്വഭാവം,കഴിവ് എന്നിവ താരതമ്യേന മോശമാണ്.
കാവലിനു നല്ലയിനം ആണെങ്കിലും രക്ഷയ്ക്ക് വളരെ മോശം ആണ്. ഉടമയെ രക്ഷിക്കുന്ന സ്വഭാവം ലവലേശമില്ല..
പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലു മുതല്‍ ഏഴ് കുട്ടികള്‍ വരെ ഉണ്ടാവും

ബ്രിയാര്‍ഡ്‌ (Briard)

സാധാരണ സുന്ദരന്‍ നായകളില്‍ നിന്നു വ്യത്യസ്താനാണ് ഇവന്‍. കാണാന്‍ നല്ല ഭംഗിയുള്ളവന്‍ ആണെങ്കിലും ഉപയോഗത്തിലും അതിലേറെ സാമര്‍ത്ഥ്യം ഉള്ളവന്‍.അല്പം വളഞ്ഞ മുന്‍കാലുകള്‍ ഉള്ള ഇവന്‍ ആട്ടിന്‍കൂട്ടങ്ങളെയും മറ്റും നോക്കാന്‍ മിടുക്കന്‍ തന്നെ.. നീളമുള്ളതും ഭംഗിയുള്ളതുമായ നീണ്ട രോമമാണ് ഈ ഫ്രഞ്ച് നായയുടെ..
ചീന്‍ ബര്‍ഗര്‍ ടെ ബ്രീ എന്നും ഇവന് പേരുണ്ട്..
ഇരുപത്തിയേഴ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു നാല്പത്തി ആറ് കിലോവരെ ഭാരവും വയ്ക്കും..
മറ്റു നായകളോട് അല്പം മര്യാദകെട്ട് പേരുമാറും എന്നുള്ള ശീലം ചെറുപ്പത്തിലേ പരിശീലനത്തിലൂടെ മാറ്റുക. വീട്ടുകാരോടും പ്രത്യേകിച്ച് കുട്ടികളോടും നന്നായി പെരുമാറാന്‍ ഇവയ്ക്കറിയാം. നല്ല അനുസരണയും ബുദ്ധിയും ഉള്ള ഇനാമായതിനാല്‍ പരിശീലനം അത്ര പ്രശ്നമല്ല..
വളരെ മികച്ച കാഴ്ചയും കേള്‍വിയും ഉള്ള ഇവ കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ച ഇനങ്ങളില്‍ പെടുന്നു.. രണ്ടിനും ഇവയുടെ കഴിവ് പ്രശസ്തമാണ്.

പത്തു മുതല്‍ പതിമൂന്നു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ എട്ടു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബുള്‍ ടെറിയര്‍ (Bull Terrier)

തലയുടെ പ്രത്യേകതയുടെ കൊണ്ടുതന്നെ ഇവനെ മിക്കവരും മറക്കില്ല ആടിനോട്‌ സാമ്യമുള്ള ഇവയുടെ സ്വഭാവം വളരെ മാന്യതയുള്ളതാണ്. പക്ഷെ പ്രശ്നകാരന്‍ ആയാല്‍ പെട്ടെന്ന് തന്നെ വലിയൊരു വഴക്കാളിയാവും എന്നൊരു പ്രശ്നവുമുണ്ട്.ചിലപ്പോഴൊക്കെ ഈ മാര്‍ക്കടമുഷ്ടിയില്‍ ആക്രമണം അവസാനിപ്പിക്കാത്ത പ്രകൃതം ഉള്ളതുകൊണ്ട് വീട്ടില്‍ വേറെ ആണ്‍നായകള്‍ ഉണ്ടെങ്കില്‍ അല്പം സൂക്ഷിക്കുന്നതാവും നല്ലത്.

ചെറുപ്പത്തില്‍ തന്നെ വീട്ടിലുള്ള മൃഗങ്ങളുമായി ഇടകലര്‍ത്തി വളര്‍ത്തണം ഇല്ലെങ്കില്‍ തീര്‍ച്ചയായും ഇവന്‍ പ്രശ്നക്കാരന്‍ ആവും. പക്ഷെ ആണ്‍പട്ടികളുമായി ചങ്ങാത്തം കൂടാന്‍ താത്പര്യം കാട്ടാറുമില്ല..കാഴ്ചയില്‍ ബുള്‍ ഡോഗിനോട് സാമ്യം ഉണ്ടെങ്കിലും സ്വഭാവത്തില്‍ ടെറിയറോട് അടുത്ത്‌ നില്ക്കുന്നു.. ആക്രമണം നടത്തിയാല്‍ പിന്മാറാത്ത സ്വഭാവം കൊണ്ടുതന്നെ ഡോഗ് ഫൈറ്റിങ്ങില്‍ ഇവയെ ഉപയോഗിക്കാറുണ്ട്.. പക്ഷെ മറ്റു ഫൈറ്റര്‍ ഡോഗ് ബ്രീഡുകള്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായി പെരുമാറില്ലെങ്കിലും ബുള്‍ ടെറിയര്‍ പൊതുസ്ഥലങ്ങളില്‍ എന്നും മാന്യനായ നായ ആയിരിക്കും.

ബുള്ളീസ്,ഇംഗ്ലീഷ് ബുള്‍ ടെറിയര്‍,ബുള്‍ ആന്‍ഡ് ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിരണ്ടു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിരണ്ടു കിലോവരെ ഭാരവും വയ്ക്കും.

കാവലി‌ന് അതീവ സമര്‍ത്ഥന്‍ ആണിവ.. പക്ഷെ രക്ഷയ്ക്ക് മിടുക്കന്‍ ആണെങ്കിലും കടിച്ച ഇരയെ വിടാന്‍ മടിയുള്ള ഇനമായത് കൊണ്ടു അല്പം സൂക്ഷിക്കണം.

പതിനൊന്നു മുതല്‍ പതിനാലു വരെ വര്‍ഷം ആയുസുള്ള ഇവയുടെ നാലുമുതല്‍ എട്ടുകുട്ടികള്‍ വരെ ഇവയുടെ ഒരു പ്രസവത്തില്‍ ഉണ്ടാവാറുണ്ട്.പക്ഷെ കുട്ടികള്‍ ബധിരനായി പിറക്കുക സാധാരണയാണ്.

ബ്രിട്ടീഷ്കാരനായ ഇവയെ "ടെറിയര്‍" ഗ്രൂപ്പില്‍ ആണ് പെടുത്തിയിരിക്കുന്നത്.

ബ്രസല്‍സ് ഗ്രിഫോന്‍ (Brussels Griffon)

വട്ടമുഖമുള്ള ഈ ബെല്‍ജിയന്‍ നായ ധാരാളമായി വളര്‍ത്തപ്പെടുന്ന ഇനമല്ലെങ്കിലും വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന മികച്ചയിനം ആണ്. മനുഷ്യരോട് അധികം പ്രശ്നം ഉണ്ടാക്കില്ലെങ്കിലും ഒരു കുട്ടിസിംഹം പോലെ കാഴ്ചയില്‍ തോന്നിക്കുന്ന ഇവ കുട്ടികളെയും മറ്റുനായകളെയും ഭയപ്പെടുത്തുകയും ഓടിക്കുകയും ചെയ്യും.

ഒരു പക്ഷെ എതിരാളി എത്ര വലിയവന്‍ എന്ന് നോക്കാത്ത പ്രകൃതമായതുകൊണ്ട് വീട്ടില്‍ വലിയ നായകളുള്ളവര്‍ ഒന്നു ശ്രദ്ധിക്കണം.ഇവയുടെ രോമത്തിന്‍റെ സ്വഭാവമനുസരിച്ച് ഇവയെ മൂന്നായി തരംതിരിക്കാം.മൃദുവായ രോമമുള്ളവയെ പെറ്റിറ്റ് ബ്രാബങ്കന്‍, ചെമ്പന്‍ നിറമുള്ള പരുപരുത്ത രോമത്തോടുകൂടിയവയെ ബ്രസല്‍സ് ഗ്രിഫോന്‍ എന്നും മറ്റു നിറത്തില്‍ പരുപരുത്ത രോമങ്ങള്‍ ഉള്ളവയെ ബെല്‍ജിയന്‍ ഗ്രിഫോന്‍ എന്നും വിളിക്കുന്നു.

ഗ്രിഫോന്‍ ബെല്‍ജന്‍,ഗ്രിഫോന്‍ ബ്രക്സലോസ്,പിക്കോളോ ബ്രാന്‍ബാന്റിനോ എന്നും ഇവയ്ക്കുണ്ട്..
പത്ത് ഇഞ്ച് വരെ മാത്രമെ ഇവയ്ക്കു ഉയരം വയ്ക്കൂ.. ഏത് ഗ്രൂപ്പിലാണെങ്കിലും ആറുകിലോയില്‍ കൂടുതല്‍ ഭാരം വയ്ക്കാറില്ല.

ഒരാളെ മാത്രം അനുസരിക്കുന്ന ഇവയെ പരിശീലിപ്പികാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. പിന്നെ കുട്ടികളെ അല്പം അകറ്റുന്നത് നന്നായിരിക്കും..
കാവലിനു മികച്ചയിനമായ ഇവയെ രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളില്ല..

പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഒന്നു മുതല്‍ മൂന്നു കുട്ടികള്‍ വരെ ഇവയുടെ ഒരു പ്രസവത്തില്‍ ഉണ്ടാവും..

"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

ബ്രൊഹൊമര്‍ (Broholmer)

ശക്തനായ ഈ വലിയ നായ ഒരു ഡെന്മാര്‍ക്ക്‌ വംശജനാണ്.ചുരുട്ടിവയ്ക്കാത്ത ഓടുമ്പോള്‍ ചിലപ്പോഴൊക്കെ ഒരു വടിപോലെ നിര്‍ത്തുന്ന ഇവയുടെ വാലും പ്രശസ്തമാണ്.വലിയ തലയും വീതിയേറിയ നെഞ്ചും അല്പം ചുളുങ്ങിയ തൊലിയും ഇവയെ വെത്യേസ്തനാക്കുന്നു. മാസ്റ്റിഫ് ജനുസ്സില്‍പെട്ടവയാണ് ഈയിനം.

എണ്‍പതു കിലോവരെ ഭാരം വയ്ക്കുന്ന ഇവയ്ക്കു മുപ്പതിഞ്ചു വരെ ഉയരവും വയ്ക്കും..
വീട്ടുകാവലിനും തോട്ടത്തിന്‍റെ കാവലിനും മിടുക്കനായ ഇവന്‍ ശാന്തനാണ് എങ്കിലും ഇവന്‍റെ ശൌര്യം വിസ്മരിക്കരുത്..അനുസരണയുള്ള ഇവ കാവലിനും രക്ഷ്യയ്ക്കും മികച്ചയിനമാണ്.
രോമം വല്ലാതെ പൊഴിയുമെന്ന ദൂഷ്യം ഉണ്ടെങ്കിലും ഗ്രാമീണ ജീവിതത്തിന്‌ യോജിച്ച ഇവയുടെ ആയുസ്സ് ആറു മുതല്‍ പതിനൊന്നു വയുസ്സു വരെയാണ്.

കൈര്‍നൂഡില്‍ (Cairnoodle)

പൂകാന്‍,കൈന്‍ പൂ എന്നൊക്കെ പേരുള്ള ഇവ ഒരു സങ്കരയിനമാണ്.
യൂറോപ്പില്‍ സാധാരണമായ ഇവ പൂഡില്‍,കൈന്‍ ടെറിയര്‍ എന്നിവയുടെ സങ്കരമാണ്.ചെറിയ ഇനം നായ ആയ ഇവ നല്ല അനുസരണയും രോഗ പ്രതിരോധശേഷിയും ഉള്ളയിനമാണ്.മിക്ക കെന്നല്‍ ക്ലെബുകളും ഈ ബ്രീഡ് ഒരു ബ്രീഡ് ആയി അംഗീകരിച്ചിട്ടില്ല. പക്ഷെ നായെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ഇവ ജനപ്രിയം തന്നെ.

ബുള്‍ മാസ്റ്റിഫ് (Bull Mastiff)

വളരെ മാന്യനും അതേപോലെ കരുത്തനുമായ ഒരിനമാണ്‌ ബുള്‍ മാസ്റ്റിഫ്. അടുത്തിടെ ഏറ്റവും കൂടുതല്‍ കേന്നേല്‍ ക്ലബുകള്‍ വളര്‍ത്തുന്ന ഇനവുമാണ് ഇത്.വളരെ മികച്ച അനുസരണയും അതേപോലെ സേവന സന്നദ്ധനുമായ ഇനവുമായതിനാല്‍ എപ്പോഴും ഉടമയുടെ പ്രിയപ്പെട്ടവന്‍ ആയിരിക്കും ഇവ.
ഒരിക്കലും ഒരു ആക്രമണത്തില്‍ നിന്നും പേടിച്ചു ഓടാത്ത പ്രകൃതം ആണെങ്കിലും അപകടകാരിയായ ഇനമല്ല.പക്ഷെ സ്നേഹവും കഴിവും ഉള്ള ഒരാള്‍ വളര്‍ത്തുന്നതാവും നല്ലത്.
ഇരുപത്തിഎഴ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ അറുപതു കിലോവരെ ഭാരവും വയ്ക്കാം.അതെ പോലെ ചുറുചുറുക്കും ഉള്ള ഇനമായതിനാല്‍ അല്പം ആരോഗ്യമുള്ളവര്‍ വളര്‍ത്തുന്നതാവും നല്ലത്.
മറ്റുനായകളെ അത്രകണ്ട് ഇഷ്ടപ്പെടാത്ത ഇവ പക്ഷെ വീട്ടിലെ കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇനമാണ്.അതേപോലെ പേടി ഒട്ടും ഇല്ലാത്ത ഇനമായ ഇവന്‍ ചിലപ്പോഴൊക്കെ ദുര്‍വ്വാശി കാണിക്കുകയും ചെയ്യും.നല്ല അനുസരണയും ഉണ്ട്.
കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ചയിനമാണ്.നല്ലപരിശീലം കൊടുത്താല്‍ ഒരു അംഗരക്ഷകനെ ഒഴിവാക്കി ഇവയെ വേണമെങ്കില്‍ ആ ചുമതല ഏല്‍പ്പിക്കാം.അത്രകണ്ട് സമര്‍ത്ഥനും ബുദ്ധിശാലിയുമാണ് ഇവ.നല്ല അനുസരണയുള്ള ഇനം ആണെങ്കിലും ചെറുപ്പത്തില്‍ നല്ല പരിശീലനം കൊടുക്കണം.അതുപോലെ എല്ലാകാര്യവും വളരെ പെട്ടെന്ന് തന്നെ പഠിച്ചേടുക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
എട്ടുമുതല്‍ പന്ത്രണ്ടു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്.ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ എട്ടുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.ഈയിനവും ബ്രിട്ടീഷ്കാരന്‍ തന്നെ.

ബുള്‍ ഡോഗ് (Bull Dod)

ബുള്‍ ഡോഗിനെ ബ്രിട്ടിഷ് ജനത വെറും ഒരു നായെന്നതിലുപരി തങ്ങളുടെ അഭിമാനമായി ആണ് കാണുന്നത്.അധികം ഉയരമില്ലാത്ത കരുത്തനായ ഈ മാന്യന്‍ വളര്‍ത്താന്‍ കൊള്ളാവുന്ന മികച്ചയിനം നായകളില്‍ മുമ്പനാണ്.ചതുരാകൃതിയുള്ള ശരീരവും ചുളിഞ്ഞ മുഖവും ഉള്ള ഇവയുടെ രൂപം തന്നെ വളരെ വെത്യസ്തമാണ്.അല്പം തമാശപ്രിയനായ ഇവ നീന്താന്‍ കഴിയാത്ത നായ ആയതിനാല്‍ വെള്ളത്തില്‍ വീഴാതെ നോക്കണം.
ശ്വാസം മുട്ടലും കൂര്‍ക്കം വലിയും ഇല്ല ഇവ അധോവായൂവിന്റെ ശല്യവും ഉള്ളയിനമാണ്.പ്രായമുള്ളവര്‍ക്ക് വളര്‍ത്താന്‍ പറ്റിയ ഇനമായതിനാല്‍ ബ്രിട്ടനില്‍ പ്രായമുള്ളവര്‍ വളരെ പ്രിയത്തോടെ ഇവയെ വളര്‍ത്തുന്നു.ഇംഗ്ലീഷ് ബുള്‍ ഡോഗെന്നും ഇവയ്ക്ക് പേരുണ്ട്.
പതിനാറ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് ഇരുപത്തി അഞ്ചു കിലോവരെ ഭാരം വയ്ക്കും.
കാവലിന് മോശമാണെങ്കിലും ആവശ്യമെങ്കില്‍ രക്ഷയ്ക്ക് നല്ലയിനമായ ബുള്‍ഡോഗ് ചിലപ്പോള്‍ മറ്റു നായകളോട് മോശമായി പെരുമാറിയെന്ന് വരും.അധികം വ്യായാമം ഈയിനം നായകള്‍ക്ക് കൊടുക്കരുത്‌.അതേപോലെ വലിയചൂടും ഇവയ്ക്ക് താങ്ങാന്‍ കഴിയില്ല.
എട്ടുമുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.മികച്ചയിനങ്ങളില്‍ ഒന്നായതുകൊണ്ട് തന്നെ വളരെയധികം ക്രോസ് ബ്രീഡ് ഉണ്ടാക്കാന്‍ ഇവയെ ഉപയോഗിക്കുന്നു.

കേന്‍ കോര്‍സൊ (Cairn Corso)

വലിയയിനം നായ ആയ ഇവ നന്നായി പെരുമാറാന്‍ മിടുക്കനാണ്.പക്ഷെ ചെറുപ്പത്തിലെ ഇവയ്ക്ക് നല്ല പരിശീലനം കൊടുക്കണം.ഇവയുടെ ഉയരത്തെക്കാള്‍ നീളമുള്ള ശരീരവും മിക്കപ്പോഴും മുറിക്കുന്ന ചെവിയും കാണാന്‍ നല്ല കാഴ്ചയാണ്.വീട്ടുകാരോട് നല്ല സ്നേഹവും അനുസരണയും കാട്ടുന്ന ഇവ വീടിനെയും വീട്ടുകാരെയും രക്ഷിക്കാന്‍ മരണം വരെ പൊരുതാന്‍ മടിക്കാത്തയിനമാണ്.
ഇറ്റാലിയന്‍ മാസ്റ്റിഫ് ,സിസിലിയനോസ് ബ്രാഞ്ചിറോ,കേന്‍ ഡി മസേലിയോ,ഇറ്റാലിയന്‍ കോര്‍സൊ ഡോഗ്,ഇറ്റാലിയന്‍ മോലോസോ എന്നൊക്കെ ഇവന് പേരുണ്ട്.
ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് അറുപത്തിനാല് കിലോവരെ ഭാരം വയ്ക്കും.
മറ്റു മാസ്റ്റിഫ് ഇനങ്ങളെ പോലെ തുപ്പലോലിപ്പിക്കില്ല ഇവന്‍.വീട്ടുകരെയല്ലാതെ മറ്റുള്ളവരോട് മോശമായി പെരുമാറുന്ന ഇവനെ മറ്റുള്ളവരുടെ അടുത്ത്‌ അധികം വിടാതിരിക്കുകയാവും നല്ലത്.
കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ചയിനങ്ങളില്‍ ഒന്നായ ഇവ രക്ഷയ്ക്ക് തീര്‍ത്തും മികച്ചവന്‍ എന്ന് പ്രത്യേകം പറയേണ്ട ഇനമാണ്.
ഇറ്റലികാരനായ ഇവന് ശരാശരി പതിനൊന്നു വയസ്സ് ആയുസ്സുണ്ട്.

കനാന്‍ ഡോഗ് (Canaan Dog)

ഇസ്രയേല്‍ കാരനായ ഇവ ഇടത്തരം വലിപ്പമുള്ളതും നല്ല ആരോഗ്യവും ബുദ്ധിയും ഉണ്ടെങ്കിലും മെരുങ്ങാന്‍ അല്പം മടികാണിക്കുന്നവനാണ്. വീട് വിട്ടോടി പോകുന്നത് ഇവന്റെ ഒരു സ്വഭാവ വൈകൃതമാണ്. അതേപോലെ നിര്‍ത്താതെ കുരയ്ക്കുന്നതും ഒരു ശല്യമാവാറുണ്ട്.എന്നാല്‍ ചെറുപ്പത്തില്‍ മികച്ച പരിശീലനം കൊടുത്താല്‍ ഇവയുടെ ബുദ്ധിയും കഴിവും ഗുണകരമായി ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഇവയെ പോലീസിലും പട്ടാളത്തിലും വരെ ഉപയോഗപ്പെടുത്തുണ്ട്.പ്രധാനമായും പട്ടാളത്തില്‍ കുഴി ബോംബ് മറ്റും കണ്ടെത്താനാണ്‌ ഇവനെ ഉപയോഗിക്കുന്നത്.
കലീഫ് കനാനി എന്നും ഇവന് പേരുണ്ട്.
ഇരുപത്തിനാല് ഇഞ്ച് വരെ ഉയരം വരുന്ന ഇവയ്ക്ക് ഇരുപത്തി അഞ്ചു കിലോവരെ ഭാരവും ഉണ്ടാവാറുണ്ട്.
വീട്ടുകാരോട് മാത്രം അടുപ്പം കാണിക്കുന്ന ഇവ പുതിയ സാഹചര്യത്തോടും പുതിയ ആളുകളോടും അടുപ്പം കാട്ടാറില്ല.അതുകൊണ്ട് തന്നെ വീട്ടിലെ അല്ലാത്ത ആളുകളും കുട്ടികളും ഇവനോട് അടുക്കുന്നത് അല്പം സൂക്ഷിക്കുന്നതാവും നന്ന്.
കാവലിനും രക്ഷയ്ക്കും വളരെ നല്ലയിനമാണ്.
ചെറുപ്പത്തിലെ നല്ല പരിശീലനം കൊടുക്കണം.പത്തു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ ആറു കുട്ടികള്‍ വരെയുണ്ടാവാറുണ്ട്.

കൈണ്‍ ടെറിയര്‍ (Cairn Terrier)

താരതമ്യേന ചെറിയ ഇനം നായ ആണെങ്കിലും വളരെ ചുറുചുറുക്കുള്ള സ്വഭാവം കൊണ്ടുതന്നെ ആളുകളെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മിടുക്കനാണ്.പക്ഷെ പരീശീലനത്തോട് ചിലപ്പോള്‍ നന്നായി പ്രതികരിക്കണം എന്നില്ല.മിക്കപോഴും കളിച്ചുനടക്കാന്‍ ഇഷ്ടപ്പെടുന്ന ഈയിനം കൃമി കീടങ്ങളെ പിടിക്കാനും മിടുക്കനാണ്.മണ്ണിലും മറ്റുമുള്ള കീടങ്ങളെ മാന്തിയെടുത്ത് കളിക്കാനും കഴിക്കാനും ഉള്ള പ്രവണതയുണ്ട്.
ഒരടി വരെ ഉയരം വരുന്ന ഇവയ്ക്ക് എഴുകിലോ വരെ ഭാരവും വരാറുണ്ട്‌.
ഓടിച്ചാടി നടക്കാന്‍ ഇഷ്ടമുള്ളവന്‍ എങ്കിലും മുറ്റവും മറ്റും കുഴികുഴിക്കുന്ന സ്വഭാവം ചെറുപ്പത്തിലെ മാറ്റാന്‍ ശ്രമിച്ചില്ലെങ്കില്‍ മണ്ണുള്ളയിടം മുഴുവന്‍ തന്നാലാവും വിധം കുഴികള്‍ കുഴിക്കാന്‍ ഇവന്‍ മടിക്കാറില്ല.കൃമി കീടങ്ങളെ പിടിക്കാനുള്ള ഈ കുഴി കുഴിക്കല്‍ ചിലപ്പോള്‍ വീട്ടിലെ പൂന്തോട്ടം നശിപ്പിക്കുമ്പോള്‍ പ്രശ്നമാവും.കുട്ടികളോട് വളരെ നന്നായി പെരുമാറുമേങ്കിലും ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും.
നന്നായി കുരയ്ക്കുന്നത് കൊണ്ടു കാവലിനു മിടുക്കനാണെങ്കിലും എല്ലാവരോടും സൌഹൃദമായി ഇടപെടുന്നതുകൊണ്ട് തന്നെ രക്ഷയ്ക്കുവേണ്ടി വളര്‍ത്താന്‍ കഴിയില്ല.
പന്ത്രണ്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെയാണ് ഈ ബ്രിട്ടീഷ്കാരന്‍ ചെറുനായയുടെ ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ അഞ്ചു കുട്ടികള്‍ ഉണ്ടാവാറുണ്ട്.

"ടെറിയര്‍ " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .

കൊക്കേഷ്യന്‍ ഒവ്ചെര്‍ക്ക (Caucasian Ovtcharka)

കൊക്കേഷ്യന്‍ ഒവ്ചെര്‍ക്ക റഷ്യക്കാരന്‍ ആണ് ഈ ഇനം എങ്കിലും പോളണ്ട്,ഹങ്കറി,ജെര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും വളരെ പ്രിയമുള്ള നായയാണ്‌ ഇത്.വളരെ നീളമുള്ള രോമമുള്ളതും ഇടത്തരം രോമമുള്ളതുമായ ഇനം ലഭ്യമാണ്.ഏതു കൊടും തണുപ്പിനെയും പ്രതിരോധിക്കാനുള്ള കഴിവും അതോടൊപ്പം എത്ര വലിയ ആക്രമണങ്ങളില്‍ നിന്നും തന്റെ സംരക്ഷണയില്‍ ഉള്ള മൃഗങ്ങളെ രക്ഷിക്കാനുള്ള കഴിവും കൂടിയാവുമ്പോള്‍ ഉടമയുടെ പ്രീയപ്പെട്ട ഇനം ആവുന്നു.

കാവലിനും രക്ഷയ്ക്കും വളരെ സാമര്‍ത്ഥ്യം ഉണ്ടെങ്കിലും വലിയ ആരോഗ്യവും ധൈര്യവും ഉള്ള ഇനമായതിനാല്‍ നല്ല ആരോഗ്യവും കഴിവും നായയെ നിയന്ത്രിക്കാന്‍ ശേഷിയും ഒപ്പം നായകളെ വളര്‍ത്തി പരിചയവുമുള്ള ഒരാള്‍ മാത്രമേ ഇതിനെ വളര്‍ത്താന്‍ തുനിയാവൂ..തന്നെ നിയന്ത്രിക്കാന്‍ ശേഷിയില്ലാത്തവന്‍ ആണ് യജമാനന്‍ എന്നറിഞ്ഞാല്‍ പിന്നെ ഇവയെ നിയന്ത്രിക്കുക അത്യന്തം ശ്രമകരമാണ്.ഒപ്പം മറ്റുള്ളവര്‍ക്ക് അപകടവും.
കൊക്കേഷ്യന്‍ ഷീപ്പ് ഡോഗ്,കൊക്കേഷ്യന്‍ മൌണ്ടന്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു എഴുപതു കിലോ ശരാശരി ഭാരം വരുമെങ്കിലും തൊണ്ണൂറു മുതല്‍ നൂറു കിലോവരെ ഭാരമുള്ളവയും അസാധാരണമല്ല.
ഏതു കൊടും തണുപ്പും താങ്ങാനുള്ള കഴിവുള്ളതുകൊണ്ട് വെളിയില്‍ വളര്‍ത്താവുന്ന ഈ നായയെ ഒരു കാരണവശാലും ഫ്ലാറ്റുകളില്‍ വളര്‍ത്തരുത്.ഇവയ്ക്കു നല്ല വ്യായാമവും വേണം.
ശരാശരി പന്ത്രണ്ടു വയസ്സാണ് ഇവയുടെ ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

കറ്റഹോല ലെപ്പെട് ഡോഗ് (Catahoula Leopard Dog)

ഇവയെ മള്‍ട്ടി പര്‍പ്പസ് ഡോഗ് എന്നാണ് വിളിക്കുന്നത്‌.വെട്ടയ്ക്കോ കാവലിനോ ജോലിയ്ക്കോ എന്നുവേണ്ട എന്തിനും ഉപയോഗിക്കാം.പക്ഷെ കരുത്തനും അല്പം കുരുത്തം കേട്ടവനുമായ ഇവയെ നായകളെ വളര്‍ത്തി നല്ല പരിചയമുള്ളവനും അതോടൊപ്പം നല്ല ആരോഗ്യം ഉള്ളവനും വേണം വളര്‍ത്താന്‍.ഉടമയോട് അത്യന്തം വിധേയത്വം പുലര്‍ത്തുന്ന ഇവ പക്ഷെ വേട്ടയ്ക്ക് ഇറങ്ങിയാല്‍ വേറെ സ്വഭാവമാവും.

എന്ത് മൃഗങ്ങളെയും വേട്ടയാടാന്‍ മിടുക്കനായ ഇവ മരത്തിലും കയറാന്‍ അല്പം കഴിവുള്ളവനാണ്‌.ഇവയുടെ ലെപ്പെട് എന്നാ പേരിനു കാരണവും ഇതുതന്നെ.

കറ്റഹോല,കറ്റഹോല, കുര്‍,കറ്റഹോല ഹോഗ് ഡോഗ്,ലൂസിയാന കറ്റഹോല ലെപ്പെട് ഡോഗ് എന്നും പേരുണ്ട്.

പ്രധാനമായും മൂന്നു വംശ പരമ്പരയില്‍ കിട്ടുന്ന ഇവയുടെ ഭാരം വംശത്തിനു അനുസരിച്ച് മാറും.അമ്പത് കിലോ വരെ ഭാരം വരുന്ന റൈറ്റ് ലൈനും,മുപ്പത്തി രണ്ടു കിലോ വരെ വരുന്ന ഫെയര്‍ ബാങ്ക്സും,ഇരുപത്തി ആറു കിലോ വരെ വരുന്ന മാക്‌ മില്ലനും ഇക്കൂട്ടത്തില്‍ പെടുന്നു. ഏതായാലും ഇരുപത്തി ആറു ഇഞ്ച് ഉയരത്തില്‍ കൂടുതല്‍ വരില്ല.
കാവലിനും രക്ഷയ്ക്കും വളരെ സമര്‍ത്ഥന്‍ ആയ ഇവ പക്ഷെ മറ്റു നായകളോടും അപരിചിതരോടും വളരെ മോശമായി പെരുമാറും.ആക്രമിച്ചാല്‍ പിന്മാറാത്ത സ്വഭാവവും മികച്ച ആരോഗ്യവും ആവുമ്പോള്‍ വളരെ അപകടകാരിയാവുന്നതിനാല്‍ വളര്‍ത്തുന്നവര്‍ നന്നായി ശ്രദ്ധിക്കണം.
പത്തു മുതല്‍ പതിനാലു വയസ്സുവരെ ആയുസ്സുള്ള ഈ അമേരിക്കന്‍ നായയുടെ ഒരു പ്രസവത്തില്‍ എട്ടു മുതല്‍ പന്ത്രണ്ട് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

കാര്‍ഡിഗന്‍ വെല്‍ഷ് കോര്‍ഗി (Cardigan Welsh Corgi)

ബ്രിട്ടീഷ് കാരനായ ഈ നായയുടെ ഉടല്‍ നീളം ആകെ ഉയരത്തിനെക്കാള്‍ കൂടുതല്‍ ആയതുകൊണ്ട് ഡാഷ് ഹണ്ട് ഇനത്തോട് ചെറിയ സാമ്യം തോന്നാം.എന്നാല്‍ ഇവയുടെ ചെവി കുറുക്കന്റെ ചെവിയുടെത് പോലെയാണ്.വലിയ ഇനം നായ അല്ലെങ്കിലും ഉടമയോടുള്ള കൂറ്,അനുസരണ കുട്ടികളോടുള്ള പെരുമാറ്റം ഇവയെല്ലാം മികച്ചതാണ്.

അതേപോലെ ജന്മനാ ആട്ടിന്‍,പശു കൂട്ടങ്ങളെ മേയ്ക്കുന്ന സ്വഭാവം മൂലം തന്റെ ചുറ്റുപാടിനെ സംരക്ഷിക്കുന്ന സ്വഭാവവും ജന്മസിദ്ധം തന്നെ.പക്ഷെ കൂടുതല്‍ കര്‍ശനമായി ഇടപെട്ടാല്‍ അല്പം മുന്‍ശുണ്ടി കാട്ടിയെന്നും വരും.അല്പം പരിചയ സമ്പന്നനായ ഒരാള്‍ വളര്‍ത്തുന്നതാവും നല്ലത്.എന്നാലും തുടക്കക്കാര്‍ക്കും പ്രശ്നങ്ങള്‍ ഇല്ലാതെ വളര്‍ത്താന്‍ പറ്റിയ ഇനം തന്നെ.

പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം പതിനെട്ടു കിലോ വരെ വരാം.

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും.അഥവാ പൂച്ചയുണ്ടെങ്കില്‍ ചെറുപ്പം മുതല്‍ ഇവയുമായി ഇണക്കി വളര്‍ത്താന്‍ ശ്രമിക്കുക.കാവലിനു മികച്ചയിനമായ ഇവ രക്ഷയ്ക്കായി വളര്‍ത്തിയാലും മിടുക്കന്‍ തന്നെ.

പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴു കുട്ടികള്‍ വരെയുണ്ടാവാറുണ്ട്

"ഹെര്‍ഡിംഗ്"ഗ്രൂപ്പില്‍ ആണ് ഇവയെ പെടുത്തിയിരിക്കുന്നത്.

കവാപൂ (Cavapoo)

ഇതും ഒരു സങ്കരയിനമാണ്. പുതിയ തലമുറയിലെ ഹൈബ്രിഡ് സങ്കരയിനം.കവലിയര്‍ കിംഗ്‌ ചാള്‍സ് സ്പനിയേല്‍,പൂഡില്‍ തുടങ്ങിയവുടെ സങ്കരയിനമായ മിക്ക കേന്നേല്‍ ക്ലബുകളും അംഗീകരിച്ചില്ലയെങ്കിലും നല്ല വില്പനയുള്ള ഇനം തന്നെ.

കവദൂഡില്‍ എന്നും കവൂഡില്‍ എന്നും ഇവയ്ക്കു പേരുണ്ട്.

കവലിയര്‍ കിംഗ്സ് ചാള്‍സ് സ്പാനിയെല്‍സ് (Cavalier Kings Charles Spaniels)

താരതമ്യേന ചെറിയയിനം നായയായ ഇവയുടെ അല്പം നീണ്ട മൂക്ക് കാരണം കിംഗ്സ് ചാള്‍സ് സ്പനിയെല്‍സ് ഇനത്തില്‍ നിന്നും അല്പം വെത്യാസം ഉണ്ട്.ഇംഗ്ലണ്ട് കാരനായ ഇവന്‍ പൊതുവേ ശല്യക്കാരന്‍ അല്ല.
എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഇവന്‍ പ്രായമായവരോടും കുട്ടികളോടും കളിക്കാന്‍ ഇഷ്ടപ്പെടുന്നവനും ഒപ്പം അനുസരണയോടും ഇടപെടുന്നവനുമാണ്. ചിലലോരോക്കെ ഇവയുടെ വാല്‍ മുറിക്കുമെങ്കിലും മുറിച്ചില്ലെങ്കിലും ഭംഗിയുണ്ട്.
പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം ഒമ്പത് കിലോവരെ വരാം.
കാവലിനു ശരാശരിയില്‍ താഴെയായ ഇവ രക്ഷയ്ക്കായി ഒട്ടും തന്നെ ഉപയോഗിക്കാവുന്ന ഇനമല്ല.
ഇവയുടെ രോമം ഇടയ്ക്കിടെ വൃത്തിയാക്കണം.അതേപോലെ ചെവിയും.നല്ല ബ്രഷ് കൊണ്ട് രോമം ചീകി കൊടുക്കന്നത്‌ നന്നായിരിക്കും. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ഇവയെ കുളിപ്പിക്കുക.
പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറ് കുട്ടികള്‍ വരെയുണ്ടാവും.
"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .

കാവചോന്‍ (Cavachon)

ഇതൊരു ഹൈബ്രിഡ് സങ്കരയിനമാണ്.കവലിയര്‍ കിംഗ്‌ ചാള്‍സ് സ്പാനിയേല്‍,ബിഷോന്‍ ഫ്രീസ് എന്നീ ഇനങ്ങളുടെ സങ്കരം.കവലിയര്‍ ഇനം പോലെ സ്നേഹമുള്ളവനും അതോടൊപ്പം ബിഷോനെ പോലെ മിടുക്കനുമാണ്.പക്ഷെ ഇവയെ മിക്ക കെന്നല്‍ ക്ലെബും അംഗീകരിച്ചിട്ടില്ല.പക്ഷെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വളരെ പ്രചാരമുള്ള ഇനമാണ്.
കാവഷോന്‍ എന്നും പേരുണ്ട്.
പതിനാലു ഇഞ്ച് വരെ ഉയരം വരുന്ന ഇവയ്ക്കു പന്ത്രണ്ടു കിലോ വരെ ഭാരം വയ്ക്കാറുണ്ട്.
കുട്ടികളോട് വലിയ കാര്യമുള്ള ഇവ അവരുടെ കൂടെ എത്രനേരം വേണമെങ്കിലും കളിച്ചു കൊണ്ട് നില്‍ക്കും.ആളുകളോട് സ്നേഹമുള്ള ഇനമായതിനാല്‍ രക്ഷയ്ക്കോ കാവലിനോ ഇവയെ വളര്‍ത്താനാവില്ല.

കവലിയര്‍ കിംഗ്സ് ചാള്‍സ് സ്പാനിയെല്‍സ് (Cavalier Kings Charles Spaniels)

 

 

 

താരതമ്യേന ചെറിയയിനം നായയായ ഇവയുടെ അല്പം നീണ്ട മൂക്ക് കാരണം കിംഗ്സ് ചാള്‍സ് സ്പനിയെല്‍സ് ഇനത്തില്‍ നിന്നും അല്പം വെത്യാസം ഉണ്ട്.ഇംഗ്ലണ്ട് കാരനായ ഇവന്‍ പൊതുവേ ശല്യക്കാരന്‍ അല്ല.

എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഇവന്‍ പ്രായമായവരോടും കുട്ടികളോടും കളിക്കാന്‍ ഇഷ്ടപ്പെടുന്നവനും ഒപ്പം അനുസരണയോടും ഇടപെടുന്നവനുമാണ്. ചിലലോരോക്കെ ഇവയുടെ വാല്‍ മുറിക്കുമെങ്കിലും മുറിച്ചില്ലെങ്കിലും ഭംഗിയുണ്ട്.

പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം ഒമ്പത് കിലോവരെ വരാം.

കാവലിനു ശരാശരിയില്‍ താഴെയായ ഇവ രക്ഷയ്ക്കായി ഒട്ടും തന്നെ ഉപയോഗിക്കാവുന്ന ഇനമല്ല.

ഇവയുടെ രോമം ഇടയ്ക്കിടെ വൃത്തിയാക്കണം.അതേപോലെ ചെവിയും.നല്ല ബ്രഷ് കൊണ്ട് രോമം ചീകി കൊടുക്കന്നത്‌ നന്നായിരിക്കും. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ഇവയെ കുളിപ്പിക്കുക.

പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറ് കുട്ടികള്‍ വരെയുണ്ടാവും.

"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .

ചെസപീക് ബേ റിട്രീവര്‍ (Chesapeake Bay Retriever)

താറാവ് വളര്‍ത്തുകാരുടെ പ്രിയപ്പെട്ടയിനമായ ഇവ മണിക്കൂറുകളോളം വെള്ളത്തില്‍ നീന്താന്‍ കഴിവും ഇഷ്ടവും ഉള്ളയിനമാണ്.പരന്ന കാല്‍പാദങ്ങള്‍ ഇവയെ നീന്താന്‍ സഹായിക്കുന്നു. കൂട്ടത്തിലെ ഓരോ താറാവിനേയും മറക്കാതെ എണ്ണം തെറ്റാതെ കൂട്ടത്തില്‍ തിരിച്ചെത്തിക്കാന്‍ ഇവ മിടുക്കനാണ്.ചെമ്പന്‍ കണ്ണും ആരോഗ്യമുള്ള ശരീരവും ഇവന്റെ പ്രത്യേകതയാണ്.വീട്ടുകാരോടും പ്രത്യേകിച്ച് ഉടമയോടും വളരെ വിശ്വസ്തനും സ്നേഹമുള്ളവനുമായ ഈ നായ അപരിചിതരോട് അല്പം അകല്‍ച്ചകാട്ടുകയും ചെയ്യും. അധികം അപരിചിതര്‍ ഇവയുടെ അടുത്ത്‌ പോകാത്തതാവും നല്ലത്.
ചെസ്സി,ചെസപീക് ബേ ഡക്ക് റിട്രീവര്‍ എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിയാറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തി ഏഴ് കിലോവരെ ഭാരവും വയ്ക്കും.
കാവലിന് സമര്‍ത്ഥന്‍. ഇവ രക്ഷയ്ക്കും അതേപോലെ കഴിവുള്ളവന്‍ തന്നെ.
വീട്ടിലെ മറ്റു മൃഗങ്ങളെയും അടക്കി ഭരിക്കാന്‍ താല്പര്യം കാട്ടുമെങ്കിലും അവരോടൊത്ത് പോകാന്‍ താല്പര്യം കാട്ടും.വെള്ളത്തില്‍ എറിയുന്ന എന്തും എടുത്തുകൊണ്ടു വരുന്ന ഇവ ഇപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ഇഷ്ടപ്പെടുന്നവയാണ്.അതുകൊണ്ട് തന്നെ ഫ്ലാറ്റ്കളിലോ നഗരങ്ങളിലോ താമസിക്കുന്നവര്‍ ഇവയെ ഒഴിവാക്കുക.ഗ്രാമത്തില്‍ എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയുന്നിടത്ത് മാത്രമേ ഈ നായ ആരോഗ്യത്തോടും സന്തോഷത്തോടും ഇരിക്കുകയുള്ളൂ.
പതിമൂന്നു വയസ്സ് വരെ ആയുസ്സുള്ള ഈ അമരിക്കന്‍ നായയുടെ ഒരു പ്രസവത്തില്‍ ഏഴ് മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

സെസ്കി ടെറിയര്‍ (Cesky Terrier )

കുറിയ കാലുള്ള ഈ മിടുക്കന്‍ നായയുടെ മടങ്ങിയ ചെവിയും നീണ്ട മുഖവും മുഖത്തെ രോമമവും പ്രത്യേകതയുള്ളതാണ്.ഇവയുടെ നീളമുള്ള രോമം വളരുന്തോറും നിറം മാരുന്നവയാണ്.ഇവയുടെ ജീനിലെ പ്രത്യേകതമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്‌.സാധാരണ ടെറിയര്‍ നായകളെ പോലെ അധികം പിടിവാശിക്കാരന്‍ അല്ലാത്ത ഇവ എതുപ്രായത്തിലുള്ള ആളുകളോടും മറ്റു ജന്തുക്കളോടും നന്നായി പെരുമാറും.
ചില നായകളുടെ രോമം ചുരുണ്ടാതാണെങ്കിലും എല്ലാത്തിന്റെയും അങ്ങനെ ആവണമെന്നില്ല.പക്ഷെ പ്രായം കൂടുന്നതിനനുസരിച്ച് രോമത്തിന്റെ നിറം മാറുമെന്നു മാത്രം.
ചെക്ക് ടെറിയര്‍ എന്നും ബൊഹെമിയന്‍ ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.
പതിനാലു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പതിനൊന്നു കിലോ വരെ ഭാരം വയ്ക്കാറുണ്ട്.
പൊതുവേ തീരെ ചെറിയ ജീവികളെയും കൃമികളെയും പിടിക്കാന്‍ താല്പര്യം കാണിക്കുന്ന ഇവ അല്പം വലിയ ജീവികളോടും മറ്റു നായകളോടും സ്നേഹത്തോടെ പെരുമാറാന്‍ മിടുക്കനാണ്.
കാവലിന് മിടുക്കനായ ഇവന്‍ പക്ഷെ എല്ലാവരും സ്നേഹത്തോടെ പെരുമാരൂ എന്നുള്ളതുകൊണ്ട് തന്നെ രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളാവുന്ന ഇനമല്ല.
പതിനാലു വര്‍ഷം വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
ചെക്ക് റിപബ്ലിക്‌കാരനായ ഇവനെ പൊതുവേ യൂറോപ്പില്‍ മിക്കവാറും രാജ്യങ്ങളില്‍ വളര്‍ത്തുന്നു.

സെന്‍ട്രല്‍ ഏഷ്യന്‍ ഷേപ്പേട് ഡോഗ് (Central Asian Shepherd Dog)

മാസ്റ്റിഫ് ഇനത്തില്‍ പെട്ട ഈ വലിയ നായ പൊതുവേ ധൈര്യശാലിയും ഉടമയുടെ പ്രീയപ്പെട്ടവയും ആണ്.താന്‍ സംരക്ഷിക്കുന്ന ആട്ടിന്‍പറ്റത്തിനെയോ, പശുക്കളെയോ മറ്റു മൃഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ പൊരുതുന്ന ഇവ എതിരാളി എത്ര വലിയവന്‍ ആണെങ്കിലും പിന്മാറില്ല.പഴയ സോവിയറ്റ് യൂണിയന്‍കാരനായ ഈ നായ നായ പോരിനും പെരുകേട്ടവ തന്നെ.ഉടമയുടെ വിശ്വസ്തനായ ഈ ഇനം വീട്ടുകാവലിനും പെരുകേട്ടവ തന്നെ.
തുര്‍ക്ക്മാന്‍ അലാബി, മിഡ് ഏഷ്യന്‍ ഷേപ്പേട്,ഏഷ്യാട്ടിക് മാസ്റ്റിഫ്, മിഡ് ഏഷ്യന്‍ ഒവ്ചെര്‍ക്ക എന്നും അറിയപ്പെടുന്നു.
മുപ്പത്തിരണ്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ എണ്‍പതു കിലോവരെ ഭാരവും വയ്ക്കുന്ന ഇനമാണ്.
കാവലിനു സമര്‍ത്ഥന്‍ ആയ ഇവ രക്ഷയ്ക്ക് അതീവ സമര്‍ത്ഥന്‍ തന്നെ.അപരിചിതരോ ആക്രമണകാരികളോ വന്നുപെട്ടാല്‍ അവരെ എന്ത് വിലകൊടുത്തും ആക്രമിച്ചു കീഴ്പെടുത്തും ഇവ.വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ഇനമല്ല ഇത്.വീട്ടിലെ കുട്ടികളോട് നന്നായി പെരുമാറുന്ന ഇവ മറ്റുകുട്ടികളോട് ചിലപ്പോഴൊക്കെ മോശമായി പെരുമാറുന്ന ഇനമായതിനാല്‍ അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും.
പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"വര്‍ക്കിംഗ്"ക്ലാസിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ചൈനീസ് ഫൂ ഡോഗ് (Chinese Foo Dog)

ചൈനയിലെ ഫൂ ചോ പട്ടണക്കാരനായ ഈ നായയുടെ പേര് ആ പട്ടണത്തിന്റെ പേരില്‍ നിന്ന് തന്നെയാണ് ലഭിച്ചതെന്നു കരുതുന്നു. തലയുടെ സിംഹവുമായുള്ള ചെറിയ സാമ്യം മൂലം സിംഹത്തലയന്‍ നായയെന്നും ഇവന് പേരുണ്ട്. എണ്ണത്തില്‍ വളരെ കുറവും കിട്ടാനുള്ള ദൌര്‍ലഭ്യവും കാരണം ഇവയെ കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. ആരോഗ്യമുള്ള ശരീരവും അല്പം നീണ്ട എന്നാല്‍ അധികം മിനുസമില്ലാത്തതുമായ രോമവും ചെറിയ കൂര്‍ത്ത ചെവിയും അല്പം ചുരുണ്ട വാലും ഇവന്റെ പ്രത്യേകതയാണ്.

ചൈനീസ് ചെന്നായയോടും ചൈനീസ് ചോ ചോ എന്നാ നായയോടും ഇതിനു വിദൂരബന്ധമുണ്ടെന്ന് കരുതുന്നു.രക്ഷയ്ക്കോ സ്ലെട്ജ് വലിക്കാനോ മൃഗസംരക്ഷണത്തിനോ ഉപയോഗിക്കാവുന്ന ഈയിനംജോലി ചെയ്യാന്‍ വളരെ ഇഷ്ടമുള്ള നായയാണ്‌.
ഹാപ്പിനസ് ഡോഗ്,സെലസ്തിയല്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.
മൂന്നു വലിപ്പത്തിലുള്ള ഇനങ്ങള്‍ ലഭ്യമാണ്. പത്തിഞ്ചില്‍ താഴെ ഉയരമുള്ള ടോയി,പത്തു മുതല്‍ പതിനഞ്ച് വരെ ഇഞ്ച് ഉയരമുള്ള മിനിയേച്ചര്‍ പതിനഞ്ച് ഇഞ്ചിന് മേല്‍ ഉയരമുള്ള സ്റ്റാന്‍ഡേര്‍ഡ് ഇനവും ലഭ്യമാണ്. ഭാരം യഥാക്രമം ഒമ്പത് കിലോ വരെ,ഒമ്പത് കിലോ മുതല്‍ ഇരുപത്തിരണ്ടു കിലോ വരെ, ഇരുപത്തി രണ്ടില്‍ കൂടുതല്‍ എന്നിങ്ങനെ ടോയി,മിനിയേച്ചര്‍,സ്റ്റാന്‍ഡേര്‍ഡ് ഇനങ്ങള്‍ക്ക് ഉണ്ടായിരിക്കും.
കാവലിനും രക്ഷയ്ക്കും അതീവ സമര്‍ത്ഥന്‍ ആയ ഇവ രക്ഷയ്ക്ക് വളരെയേറെ ഉപയോഗപ്പെടുന്ന ഇനമാണ്.ഇവയുടെ അടിസ്ഥാന സ്വഭാവും തന്റെ കാവലില്‍ ഇരിക്കുന്ന സ്ഥലത്തിന്റെയും മൃഗങ്ങളുടെയും രക്ഷ ചെയ്യുക എന്നതാണ്.ഇവയുടെ ഫൂ എന്നാ പേര് ചൈനയില്‍ ബുദ്ധന്‍ എന്നര്‍ത്ഥം വരുന്നതുകൊണ്ട്‌ ബുദ്ധമതക്കാരും ഈയിനം നായയ്ക്ക്‌ ബഹുമാനം കൊടുക്കുന്നു.

ചൈനീസ് ക്രെസ്റ്റെഡ് (Chinese Crested)

കുസൃതിക്കാരനായ ഈ നായ കുട്ടികളോടും ഉടമയോടും കളിക്കാന്‍ വളരെ ഇഷ്ടപ്പെടുന്ന സ്നേഹമുള്ള ഇനമാണ്.നീളമുള്ള രോമമുള്ളതും രോമമില്ലാതതുമായ ഇനമുണ്ടെങ്കിലും ഇവയുടെ സങ്കരമായ അതായത് തലയിലും വാലിലും മാത്രം രോമമുള്ളതുമായ നായകളും വളരെ പ്രചാരം നേടിയിട്ടുണ്ട്.ഭക്ഷണത്തിനു അല്പം ആക്രാന്തം കാണിക്കുന്ന ഇവ ഉടമകളെ കെട്ടിപ്പിടിച്ചു തൂങ്ങിക്കിടക്കുന്ന പ്രത്യേകതയിലൂടെ വളരെ പ്രശസ്തനാണ്.വീട്ടിലെ നായകളെയും മറ്റുജന്തുക്കളെയും വളരെ സൌഹൃദപരമായി കൂടെ കൂട്ടുന്ന ഇവ താരതമ്യേന പ്രശ്നക്കാരന്‍ അല്ല.
ചൈനീസ് ഹെയര്‍ലെസ്,ചൈനീസ് എഡിബിള്‍ ഡോഗ്,ചൈനീസ് ഷിപ്പ് ഡോഗ്,ചൈനീസ് റോയല്‍ ഹെയര്‍ലെസ്,ഈജിപ്തില്‍ പിരമിഡ് ഹെയര്‍ലെസ്,ഗിസ ഹെയര്‍ലെസ്,ആഫ്രിക്കയില്‍ സൌത്ത് ആഫ്രിക്കന്‍ ഹെയര്‍ലെസ് ,തുര്‍ക്കിയില്‍ തുര്‍ക്കിഷ് ഹെയര്‍ലെസ് എന്നും ഇവയ്ക്കു പേരുണ്ട്.
പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ആറ് കിലോ വരെ ഭാരവും ഉണ്ടാവുണ്ട്.
എല്ലാവരോടും വളരെ സൌഹൃദമായി ഇടപെടുന്ന ഗുണമുണ്ടെങ്കിലും ഇതേ സ്വഭാവത്താല്‍ കാവലിനോ രക്ഷയ്ക്കോ ഇവയെ വളര്‍ത്താന്‍ കഴിയില്ല.
വീട്ടുകാരോട് മാത്രമല്ല വീട്ടില്‍ വരുന്നവരോടും വളരെ സ്നേഹത്തോടെ മാത്രമേ ഇവ പെരുമാറൂ. കാവലിനു നായയെ ആന്വേഷിക്കുന്നവര്‍ വേറെ ഇനത്തെ നോക്കുന്നതാവും നല്ലത്.ഈ ജനുസ്സിന്റെ പൂര്‍വികന്‍മാര്‍ ചൈനയിലും ആഫ്രിക്കയിലും ഉണ്ടായിരുന്നതിനാല്‍ ഏതു നാട്ടില്‍ നിന്നാണ് വന്നതെന്ന് തര്‍ക്കവിഷയമാണ്.
പത്തു മുതല്‍ പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ചിഹ്വാഹ (Chihuahua)

ലോകത്തിലെ ഏറ്റവും ചെറിയ നായയിനമായ ഇവ മെക്സിക്കോക്കാരന്‍ ആണ്.ഇതേ പേരിലുള്ള സ്റ്റേറ്റും അവിടെയുണ്ട്. നീളമുള്ള രോമമുള്ളതും അത്രനീളമുള്ള രോമമില്ലാത്തതുമായ രണ്ടിനം ആണ് പൊതുവേ കാണുന്നത്. നേരത്തെ പരസ്പരം സങ്കരയിനത്തിനു വേണ്ടി പ്രജനനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല.
തീരെ ചെറിയ ഈ നായയെ പണ്ട് കാലത്ത് മെക്സിക്കോയില്‍ ഭക്ഷണത്തിനായും വളര്‍ത്തിയിരുന്നു. പക്ഷെ പിന്നീട് ഇവയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പതിവ് നിര്‍ത്തിയെങ്കിലും ഇന്നും മെക്സിക്കോയില്‍ ചിലര്‍ ഭക്ഷണത്തിനായി വളര്‍ത്തുന്നു.
ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മൂന്നു കിലോയില്‍ താഴെ മാത്രമേ ഭാരം വയ്ക്കൂ.
ചെറുപ്പത്തിലേ ഇവയെ നന്നായി പെരുമാറാന്‍ പഠിപ്പിക്കണം.കാരണം ദേഷ്യക്കാരനായി വളര്‍ന്നാല്‍ മറ്റു ജന്തുക്കളില്‍ നിന്ന് ഇവയ്ക്കു അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട്.
നന്നായി കുരയ്ക്കുന്ന ഇവ കാവലിനു വേണമെങ്കില്‍ ഉപയോഗപ്പെടുത്താമെങ്കിലും രക്ഷയ്ക്കായി വളര്‍ത്താവുന്ന ഇനമല്ല.
അധികം വ്യായാമം കൊടുക്കേണ്ട ഇനമല്ല ഇവ.അതുപോലെ വളരെ വേഗം എല്ലുകള്‍ ഒക്കെ ഒടിഞ്ഞു പോകാമെന്നുള്ളതുകൊണ്ട് സൂക്ഷിക്കണം.ആവശ്യമുണ്ടെങ്കില്‍ മാത്രം ഇവയെ കുളിപ്പിച്ചാല്‍ മതിയാവും.
പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ ഒന്ന് മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ചിവീനി (Chiweenie)

ചിഹ്വാഹയുടെയും ഡാഷ്ഹണ്ടിന്റെയും സങ്കരയിനമായ ഇവയെ ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല. പക്ഷെ വിപണിയില്‍ സുലഭമായ ഇവ മിനിയേച്ചര്‍ വലിപ്പത്തിലും സ്റ്റാന്‍ഡേര്‍ഡ് വലിപ്പത്തിലും ലഭിക്കും. കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇവയെ പൊതുവേ നായവളര്‍ത്തുകാര്‍ക്ക് ഇഷ്ടമാണ്.

ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു അഞ്ചു കിലോയില്‍ താഴെമാത്രമേ ഭാരം വയ്ക്കൂ. ചിഹ്വാഹ നന്നായി പരിശീലനം ഇഷ്ടപ്പെടുന്നതും അനുസരിക്കുന്നതും ആണെങ്കിലും ഡാഷ് ശരാശരി മാത്രമായതിനാല്‍ ചിവീനി എങ്ങനെയെന്നു പ്രവചിക്കാനാവില്ല. പക്ഷെ പൊതുവില്‍ നന്നായി ട്രെയിനിംഗ് കൊടുക്കാന്‍ കഴിയുന്ന ഇനമാണ്.
നീണ്ട ചെവി ഇവയുടെ പ്രത്യേകതയാണ്.

ചിനൂക് (Chinook)

ഈ അമേരിക്കകാരന്‍ നായ സ്ലെഡ്ജ് വലിക്കാനാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. അല്പം മടങ്ങിയ ചെവിയുള്ള ഇവ സൈബീരിയന്‍ ഹസ്കിയെക്കാളും അലാസ്കന്‍ മലമൂട്ടിനെക്കാളും ജോലി ചെയ്യാന്‍ സമര്‍ത്ഥന്‍ ആണ്. ഒപ്പം ദീര്‍ഘനേരം ജോലിചെയ്യാനും അതിവേഗത്തില്‍ മഞ്ഞിലൂടെ ഓടാനും മിടുക്കന്‍ തന്നെ. ഇടത്തരം മുതല്‍ നല്ലവലിപ്പം വരെ ഉള്ള നായകള്‍ ഉണ്ട്. ചിലതിന്റെ രോമങ്ങള്‍ ഇടത്തരം ആണെങ്കില്‍ ചിലതിന്റെ നല്ല നീളമുള്ളതും ആവാം.വാലില്‍ നല്ല രോമങ്ങള്‍ കാണും. അല്പം പരന്ന പാദങ്ങളും ഇവയുടെ പ്രത്യേകത തന്നെ.
ഇരുപത്തി ഏഴു ഇഞ്ച് ഉയരം വരെ വയ്ക്കുന്ന ഇവയ്ക്കു നാല്പതു കിലോവരെ ഭാരം വയ്ക്കാം.
പൊതുവേ പ്രശ്നക്കാരന്‍ അല്ലാത്ത ഇനമാണ്. അപരിചിതരോട് അടുക്കാന്‍ പോവാറില്ലയെങ്കിലും അവരോടു പ്രശ്നത്തിനും പോകാറില്ല. കുട്ടികളോട് വളരെ നന്നായി പെരുമാറും.
കാവലിനു വെറും ശരാശരി മാത്രമായ ഈ ഇനം നായ രക്ഷയ്ക്കായി വളരെ മോശവുമാണ്.
അതുകൊണ്ട് തന്നെ ജോലി ചെയ്യിക്കാന്‍ മാത്രമാണ് ഇവയെ വളര്‍ത്തുക.പത്തു മുതല്‍ പതിനഞ്ച് വയസ്സ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഒമ്പത് വരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്.

ചൈനീസ് ഷേര്‍ പൈ (Chinese Shar Pei)

ചൈനീസ് ഫൈറ്റിംഗ് ഡോഗ് എന്നും പേരുള്ള ഈ നായ ഏറ്റവും അപൂര്‍വമായ നായയായി ഗിന്നസ് ബുക്ക് ഓഫ് റിക്കോഡ്സില്‍ വന്നിരുന്നു. ഉടമസ്ഥനോട് കൂറ് പുലര്‍ത്തുന്നതില്‍ സമര്‍ത്ഥനായ ഈയിനം സാധാരണ ഗതിയില്‍ ലഭ്യമല്ലാത്തതിനാല്‍ വന്‍വിലയേറിയ ബ്രീഡ്‌ കൂടിയാണ്.അല്പം വ്യസനവദനനായ ചുളിഞ്ഞ മുഖമുള്ള ഈ നായ ചിലപ്പോഴൊക്കെ മുന്‍ശുണ്ടികാരന്‍ ആയി പെരുമാറിയാലും വീട്ടുകാവലിനു മിടുക്കന്‍ തന്നെ. അതിഥികളോട് അത്ര നല്ല സമീപനം കാണിക്കണമെന്നില്ല
ഇരുപതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തി ഏഴ് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്.
വളരെ ചെറുപ്പത്തിലേ നല്ല പരിശീലനം കൊടുത്താല്‍ വീട്ടിലെ മറ്റു മൃഗങ്ങളോടും കുട്ടികളോടും നന്നായി പെരുമാറും.
കാവലിനും രക്ഷയ്ക്കും ഏറ്റവും മിടുക്കുള്ള ഇനങ്ങളില്‍ മുന്‍നിരക്കാരന്‍ ആണിവ.പക്ഷെ മിക്കപ്പോഴും സ്ഥിരം വരുന്ന അതിഥികളോട് അല്പം സൌഹാര്‍ദ്ധപരമായി പെരുമാറിയെന്നു വരാം.
ചൈനക്കാരനായ ഈ നായയുടെ ശരാശരി ആയുസ്സ് ഏഴു മുതല്‍ പന്ത്രണ്ടു വരെയാണ്. ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ ആറു വരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.

"നോണ്‍ സ്പോര്‍ട്ടിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

സിര്‍നെകോ ഡെല്‍ എട്നാ (Cirneco dell'Etna)

ഇറ്റലിയിലെ സിസിലിക്കാരനായ ഈ നായ പൊതുവേ അധികം വണ്ണം വയ്ക്കാത്ത നീണ്ടു കൂര്‍ത്ത ചെവിയോടും നീളം കുറഞ്ഞ മിനുക്കമുള്ള രോമത്തോടും കൂടിയ ഇനമാണ്. പൊതുവേ വീട്ടിനുള്ളില്‍ കഴിയാന്‍ ഇഷ്ടമില്ലാത്ത ഇവ വീടിനുവെളിയില്‍ കാവല്‍ കിടക്കാന്‍ വളരെ ഇഷ്ടമുള്ള നായയാണ്‌. 
വീട്ടിലെ കുട്ടികളോടോ മൃഗങ്ങളോടോ ചങ്ങാത്തം കൂടാത്ത പ്രധാനമായും വേട്ടനായ ആണ്. ചെറിയ മൃഗങ്ങള്‍, പക്ഷികള്‍ മുതലായവയെ അവയുടെ താവളത്തില്‍ ചെന്ന് വേട്ടയാടാന്‍ മിടുക്കനാണ്. അതും ശബ്ദമുണ്ടാക്കാതെ പതുങ്ങി ചെന്ന് പിടിക്കാനുള്ള ഇവയുടെ കഴിവ് ശ്ലാഘനീയം തന്നെ.
സിര്‍നെകോ, സിസിലിയന്‍ ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പതിനാലു കിലോ വരെ ഭാരവും വയ്ക്കും.
മിക്കവാറും നായകള്‍ ചെമ്പന്‍ നിറമാണ് എങ്കിലും വെള്ള നായകളും അപൂര്‍വമല്ല.അധികം കുരയ്ക്കുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യില്ലെങ്കിലും ആരോടും അടുക്കാനും പോകാറില്ലാത്ത ഇവ കാവലിനു നല്ലയിനമാണ് എങ്കിലും രക്ഷയ്ക്ക് തീരെ മോശമാണ്.ശബ്ദമുണ്ടാക്കാതെ വേട്ടയാടുന്ന സ്വഭാവം ചെലപ്പോള്‍ ഒരാളെ ശബ്ദമുണ്ടാക്കാതെ ചെന്ന് കടിക്കുമ്പോഴും കാണിക്കും.ഇവയെ പരിശീലിപ്പിക്കുക വളരെ പ്രയാസമാണ്. പക്ഷെ പഠിപ്പിച്ചാലും ഇല്ലെങ്കിലും കാവല്‍ ജോലി സ്വയം ചെയ്തോളും.
ഇക്കാലത്ത് മിക്കവാറും ഇതിനെ വീട്ടില്‍ വളര്‍ത്തുന്നത് വേട്ടയ്ക്കല്ലെങ്കിലും വേട്ടയാടുന്ന സ്വഭാവം അവസരം കിട്ടിയാല്‍ ഇവ കാണിക്കും.
ശരാശരി പതിനാലു വയസ്സാണ് ഇവയുടെ ആയുസ്സ്.

ചോ ചോ (Chow Chow)

ചൈനക്കാരനായ ഈ സ്പിറ്റ്സ് ഇനത്തില്‍ പെട്ട നായ കാഴ്ചയില്‍ ഒരു കരടിയെപ്പോലെയിരിക്കും. പൊതുവേ അത്ര സൌമ്യനല്ലയെന്ന പേര് ദോഷം വാസ്തവമില്ലാത്തതല്ല. സ്വന്തം വീട്ടുകരോടല്ലാതെ എല്ലാവരും പരുക്കനായി പെരുമാറുന്ന ഇവന്‍ കടിക്കാനും പിന്നിലല്ല. ഈ ദോഷം ചെറുപ്പത്തിലെ പരിശീലനത്തിലൂടെ മാറ്റിയെടുക്കന്നതാണ് നല്ലത്. കരിനാക്കനായ ഈ നായയുടെ ചെറിയ ചെവിയും വായടയ്ക്കുമ്പോള്‍ ദേഷ്യക്കാരന്‍ എന്ന് വിളിച്ചോതുന്ന മുഖവും നീളമേറിയ രോമങ്ങളും ആകര്‍ഷകം തന്നെ.ചൂടും ഈര്‍പ്പവുമുള്ള ട്രോപിക്കല്‍ കാലാവസ്ഥയ്ക്ക് ഒട്ടും യോജിക്കാത്ത ഈ നായ മിക്കപോഴും അത്തരം കാലാവസ്ഥയില്‍ ചത്തുപോകുക പതിവാണ്.
ഹീ- ഷെ- ടോ‌, ലാന്‍ഗ് കൌ , ഹ്യുസിന്‍ കൌ, ക്വന്റ്ങ്ങ് കൌ, എന്നും ഇവന് പേരുണ്ട്.
ഇരുപത്തി രണ്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് മുപ്പത്തിനാല് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്.
പൊതുവേ ദേഷ്യക്കാരനായ ഈയിനം മറ്റുനായകളെയും പൂച്ചകളെയും മാത്രമല്ല ഒരു മൃഗത്തോടും നന്നായി പെരുമാറിയെന്ന് വരില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ മറ്റു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ വളരെ സൂക്ഷിക്കണം. വീട്ടില്‍ തന്നെ ഏറ്റവും അടുപ്പം കാട്ടുന്നവരോടും ചിലപ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന് വരും.
രക്ഷയ്ക്ക് ഏറ്റവും മികച്ച ഇനങ്ങളില്‍ ഒന്നായ ഇവ രക്ഷയ്ക്കും വളരെ നല്ലയിനമാണ്. പണ്ട് കാലത്ത് ചൈനയിലെ ക്ഷേത്രങ്ങളിലെ രക്ഷയായിരുന്നു ഇവയുടെ പ്രധാന ജോലി. ഇവയുടെ ഭക്ഷണത്തിന്റെ അടുത്ത്‌ ചെല്ലുന്നത് മിക്കപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കും. തന്നെ കൂടിന്റെയോ , ഭക്ഷണത്തിന്റെയോ അടുത്ത്‌ ആരും വരുന്നത് ഇവയ്ക്കു ഇഷ്ടമല്ല.ഇവയെ വേട്ടയ്ക്കും ഉപയോഗിക്കാം.
പൊതുവേ ഗ്രാമപ്രദേശങ്ങള്‍ക്ക് യോജിച്ച ഈയിനം നായ നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്. പരിചയസമ്പന്നനായ ഒരാള്‍ ഇവയെ വളര്‍ത്തുന്നതാണ് നല്ലത്. ആദ്യമായി നായയെ വളര്‍ത്തുന്നവര്‍ ഇവയെ ഒഴിവാക്കിയില്ലെങ്കില്‍ പിന്നീട് വളരെ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
എട്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

ചിപൂ (Chi Poo)

വാപൂ എന്നും പേരുള്ള ഈ നായ പൂഡിലിന്റെയും ചിഹ്വാഹയുടെയും സങ്കരയിനം ആണ്. ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ലെങ്കിലും വളരെ ജനപ്രിയ ഇനമാണ്. രോമം അധിയം പൊഴിയാത്തതും ഇതിന്റെ ജനപ്രിയമാക്കുവാന്‍ കാരണമാണ്.

കോക്ക ബിഷോന്‍

ഇത് കോക്കര്‍ സ്പാനിയേല്‍, ബിഷോന്‍ ഫ്രീസ് എന്നിവയുടെ സങ്കരയിനമാണ്. കോക്ക ചൊന്‍ എന്ന് പേരുള്ള ഇവയും നല്ല ഡിമാണ്ട് ഉള്ള ഇനമാണെങ്കിലും ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല.

കൊക്കൈലെര്‍ (Cockailer)

ഇത് കവാലിയര്‍ കിംഗ്‌ ചാള്‍സ് സ്പാനിയേല്‍, കോക്കര്‍ സ്പാനിയേല്‍ എന്നിവയുടെ സങ്കരയിനമാണ്. കിംഗ്‌ കോക്കര്‍ എന്നും പേരുള്ള ഇവയെ അമേരിക്കന്‍ കാനൈന്‍ ഹൈബ്രിഡ് ക്ലബ് ഒഴികെ ഒരു ഇന്റര്‍നാഷനല്‍ കെന്നല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല. പക്ഷെ വിപണിയില്‍ നല്ല ഡിമാന്ടും വിലയുമുണ്ട്.
ഇവയ്ക്കു പതിമൂന്നുകിലോ വരെ ഭാരം വക്കാറുണ്ട്.

ക്ലമ്പര്‍ സ്പാനിയേല്‍ (Clumber Spaniel)

സ്പാനിയേല്‍ ഇനത്തിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന നായയാണ്‌. സൈന്റ്.ബര്‍നാഡിനോട് സാദൃശ്യമുള്ള ഈ കുറിയകാലുള്ള നായയുടെ തല നല്ല വലിപ്പമുള്ളതാണ്. അല്പം മടിയനാണെങ്കിലും വേട്ടയ്ക്ക് കൊണ്ടുപോയാല്‍ കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തയിനമാണ്. പ്രായമുള്ളവരോടും കുട്ടികളോടും വളരെ നന്നായി ഇടപഴകാനുള്ള ഇവന്റെ സ്വഭാവം പേര് കേട്ടതാണ്. ഒടിഞ്ഞു തൂങ്ങിയ നീണ്ട ചെവിയും അതിന്റെ അഗ്രത്തെ ചെമ്പന്‍ നിറവും ഇവന്റെ പ്രത്യേകതയാണ്.ചിലപ്പോഴൊക്കെ അധികം ആളുകളോട് ഇടപെടാതെ മാറിനില്‍ക്കുന്ന സ്വഭാവം ഉണ്ടെങ്കിലും പ്രശ്നക്കാരന്‍ അല്ല.
ഇരുപത് ഇഞ്ച് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിഒമ്പത് കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.
ഉടമയോട് വിശ്വസ്തനായ ഈ ഇനം വേട്ടക്കാരന്‍ വെടിവേച്ചിടുന്ന ഇരകളെ എടുത്തുകൊണ്ടു വരാനും, തന്നാലാവും വിധമുള്ള മൃഗങ്ങളെ പിടിക്കാനും കുട്ടികളോട് കൂടി കളിക്കാനും ഒക്കെ ഇഷ്ടം കാണിക്കുന്ന ഇനമാണ്. വളരെ നേരം ആരും ശ്രദ്ധിക്കാതെ വീട്ടില്‍ ഇട്ടാല്‍ ശല്യം ചെയ്യാനും കൈയില്‍ കിട്ടുന്നത് കടിച്ചു കീറാനും ഉള്ള ഒരു സ്വഭാവവും കാട്ടാറുണ്ട്‌.
പൊതുവേ ഭക്ഷണപ്രിയനായ ഇവ വയറു നിറച്ചു ഉറങ്ങി കൊണ്ടിരിക്കുന്ന സ്വഭാവം ശ്രദ്ധിക്കുക. കാരണം അമിതവണ്ണം പിന്നീട് ഇവയെ മടിയനാക്കാറുണ്ട്.
ശരാശരി പന്ത്രണ്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ എട്ടുമുതല്‍ കുട്ടികള്‍ ഉണ്ടാവാറുണ്ട്.
ഫ്രാന്‍സിലും ബ്രിട്ടനിലും പൂര്‍വികന്‍മാരുള്ള ഇവയെ "ഗണ്‍ഡോഗ് " ഗ്രൂപ്പിലാണ് പെടുത്തിയിരിക്കുന്നത്.

കോളി (Collie)

ബ്രിട്ടനിലെ സ്കോട്ട്ലാന്‍ഡ്‌ കാരനായ ഈ നായ കാഴ്ചയില്‍ വളരെ സുന്ദരനാണ്.സ്കോട്ടിഷ് കോളിയെന്നും അറിയപ്പെടുന്ന ഇവയുടെ മിനുസമുള്ളതും അല്പം പരുക്കനായതുമായ രോമത്തോട് കൂടിയ ഇനങ്ങള്‍ ലഭ്യമാണ്. എങ്കിലും പരുക്കനായ രോമത്തോടുകൂടിയ കൊളികള്‍ പൊതുവേ ചുറുചുറുക്ക് കൂടിയ ഇനമായതിനാല്‍ കൂടുതല്‍ ആളുകളും മിനുസരോമക്കാരനെക്കാള്‍ കൂടുതല്‍ പരുക്കന്‍ രോമത്തോട് കൂടിയ കോളിയെ ആണ് വാങ്ങാന്‍ താല്പര്യം കാട്ടാറ്‌.ഉടമയോട് വലിയ വിശ്വസ്തനായ ഇവ വീട്ടുകാരുടെ കൂടെ ചുറ്റിക്കറങ്ങാന്‍ വളരെ ഇഷ്ടമുള്ളയിനമാണ്. ഇടത്തരം വലിപ്പമുള്ള ഇവയുടെ മുഖം അല്പം കൂര്‍ത്തു നീളമുള്ളതാണ്.
ഇരുപത്തിആറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തി ഏഴു കിലോവരെ ഭാരവും വയ്ക്കും.
ആടിനെയും മറ്റും മേച്ചു നടക്കാന്‍ കഴിവുള്ള ഇവ വീട്ടിലെ മറ്റു മൃഗങ്ങളുമായി നന്നായി പെരുമാറാന്‍ മിടുക്കനാണ്.
കാവലിനു വളരെ സമര്‍ത്ഥനായ ഇവ രക്ഷയ്ക്കും ശാരാശരി മികവ്‌ പുലര്‍ത്തുന്ന ഇനമാണ്.
ഫ്ലാറ്റുകളില്‍ വളര്‍ത്താവുന്ന ഇനമല്ല ഇത്. ഇതിന്റെ രോമം ഇടയ്ക്ക് ചീകി കൊടുക്കുന്നത് നന്നായിരിക്കും.
എട്ടുമുതല്‍ പത്തു വയസ്സ്‌ വരെ ശരാശരി ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറുമുതല്‍ പത്തുമുതല്‍ കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഈ സ്കോട്ട്ലാന്‍ഡ്‌കാരന്‍ നായയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോക്കര്‍ സ്പാനിയേല്‍ (Cocker Spaniel)

ശരാശരിയില്‍ താഴെ വലിപ്പമുള്ള ഈ നായയുടെ ചെവി നീണ്ടു മടങ്ങിയതും മുറിച്ച വാലും മാത്രമല്ല ഉറപ്പുള്ള ശരീരവും ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ പുറം രോമങ്ങള്‍ നല്ല നീളമുള്ളതും മിനുസമേറിയതും അടിയിലെ രോമങ്ങള്‍ ഇടതൂര്‍ന്നതും ആണ്. പലനിറത്തിലുള്ള കോക്കറുകള്‍ ഉണ്ട് നെഞ്ചത്തും കഴുത്തിലും വെള്ളനിറമുള്ള കോക്കറുകളും ധാരാളമുണ്ട്.ചെറിയ അസുഖങ്ങള്‍ ഒക്കെയുണ്ടെങ്കിലും കളിക്കാനും ഒപ്പം കൂടാനും ചെറിയ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാന്‍ ഇവ മിടുക്കരാണ്.നല്ല ബുദ്ധിയുള്ളയിനമായ ഇവ കുട്ടികളോടും പ്രായമുള്ളവരോടും ഒരുപോലെ സ്നേഹത്തോടെ പെരുമാറാന്‍ മിടുക്കനാണ്.
പതിനഞ്ച് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന കോക്കര്‍ സ്പാനിയേല്‍ പതിമൂന്നു കിലോവരെ ഭാരം വരുന്നയിനമാണ്.
ഏതു തരത്തിലുള്ള വാസസ്ഥലത്തോടും പൊരുത്തപ്പെടുന്ന ഇവ അല്പം വ്യായാമം ആവശ്യമുള്ള ഇനമാണ്. ചെറുപ്പത്തിലേ വീട്ടിലുള്ള മറ്റു മൃഗങ്ങളുമായി ഇടകലര്‍ത്തി പരിചയപ്പെടുത്തി വളര്‍ത്തുന്നത് നല്ലതാണ്.
കാവലിനു മിടുക്കനായ ഇവ രക്ഷയ്ക്ക് അത്ര പറ്റിയ ഇനമല്ല.
പലതരത്തിലുള്ള അസുഖങ്ങള്‍ ജന്മനാ വരാന്‍ സാധ്യതയുള്ള ഇതിനെ വളര്‍ത്തുന്നവര്‍ അത് ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.
പത്തുമുതല്‍ പതിനാലു വയസ്സ്‌ വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ ആറു കുട്ടികള്‍ ഉണ്ടാവാറുണ്ട്.

കോക്കാപ്പൂ (Cockapoo)

കോക്കര്‍ സ്പ്പാനിയേല്‍, മിനിയേച്ചര്‍ പൂഡില്‍ എന്നിവയുടെ സങ്കരയിനമാണ് കോക്കാപ്പൂ.
ആരോഗ്യവാനും സ്നേഹമുള്ളതും ഭംഗിയുള്ളതുമായ ഈയിനത്തെ ഒരു പ്രധാന കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല.

പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ടോയി ഇനത്തില്‍ പെട്ടവ ആറ് കിലോയില്‍ താഴെയും മിനിയേച്ചര്‍ ഇനം എട്ടു കിലോവരെയും മാക്സി ഇനം ഒമ്പത് കിലോയില്‍ കൂടുതലും എന്നാല്‍ ഏറ്റവും പ്രിയങ്കരമായ ടീകപ്പ് ടോയി മൂന്നു കിലോയില്‍ താഴെയും മാത്രമേ ഭാരം വയ്ക്കൂ.
എല്ലാവരോടും നന്നായി ഇടപെടുന്ന ഇവയെ കാവലിനു ശരാശരി ഉപയോഗപ്പെടുത്താമെങ്കിലും രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളില്ല.
പതിനാലു മുതല്‍ പതിനെട്ടു വയസ്സുള്ള ഈ അമേരിക്കന്‍ ഇനത്തിന്റെ ഒരു പ്രസവത്തില്‍ നാലുമുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

ചെക്കോസ്ലോവാക്യന്‍ വൂള്‍ഫ് ഡോഗ് (Czechoslovakian Wolfdog)

ചില കെന്നല്‍ ക്ലബുകളും ഇന്നും അംഗീകരിക്കാത്ത ജര്‍മ്മന്‍ ഷെപ്പേഡിന്റെയും കാര്‍പ്പാത്തിയന്‍ ടിമ്പര്‍ ചെന്നായയുടെയും സങ്കരയിനമായ ഇവ രൂപത്തിലും ഭാവത്തിലും ഏറെ സാദൃശ്യം ചെന്നയയോടാണ്. ഉടമയോടും വീട്ടുകാരോടും മാത്രം ഇണങ്ങുന്ന ഇവ പേടിയില്ലാത്തതും വളരെ ആക്രമണകാരിയും ആണ്. അപരിചിതരോട് വളരെ മോശമായി പ്രതികരിക്കുക ഇവയുടെ ഒരു ശീലമാണ്. കഴിവുള്ളതും നായയെ നിയന്ത്രിക്കാനും കഴിവുള്ള ഒരാള്‍ക്ക്‌ യോജിച്ച ഇനമായ ഇവയെ പരിശീലിപ്പിച്ചാല്‍ എന്നും മികച്ച കൂട്ടുകാരനായി കൊണ്ടുനടക്കാം.

ചെക്ക്‌ വൂള്‍ഫ് ഡോഗ് , സെസ്കോ ശ്ലോവെന്‍സ്കി വ്ലാക്, സ്ലോവാക് വൂള്‍ഫ് ഡോഗ് , ചീന്‍ ലൂപ്‌ ചെക്ലോവാക് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തി അഞ്ചു കിലോവരെ ഭാരവും വരാറുണ്ട്‌.

ഇവയെ വളര്‍ത്തുന്നവര്‍ വളരെ ശ്രദ്ധിക്കണം. അധികം കുരയ്ക്കാത്ത ഇവയെ കാവലിനായി വളര്‍ത്തുന്നത് നന്നല്ല. കുറയ്ക്കാതെ വന്നു കടിക്കുന്നത് ശീലമായതിനാല്‍ അതും ശ്രദ്ധിക്കുക. പരിശീലനം വളരെ പ്രയാസമുല്ലതായിരിക്കും. വളരെ പെട്ടെന്ന് മടുക്കുന്ന ശീലമുള്ളതിനാല്‍ വളരെ ശ്രദ്ധിച്ച്‌ മാത്രമേ ഇവയെ പരിശീലിപ്പിക്കാനാവൂ.. കുട്ടികളായാലും മറ്റു മൃഗങ്ങള്‍ ആയാലും വീട്ടിലെ അംഗങ്ങള്‍ ആണെങ്കില്‍ മാത്രമേ ഇവ സൌമ്യമായി പെരുമാരൂ.

അടിസ്ഥാനപരമായി വേട്ടക്കാരാന്‍ ആയതിനാല്‍ നായാട്ടിന്റെ കാര്യത്തില്‍ മികവ്‌ കാട്ടും. രക്ഷയ്ക്കും വളരെ നല്ലയിനമാണ്. പക്ഷെ അപരിചിതര്‍ വളരെ സൂക്ഷിക്കെണ്ടിവരും.

പത്തുമുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ എട്ടുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

കര്‍ലി കോട്ടഡ് റിട്രീവര്‍ (Curly Coated Retreiver)

ബ്രിട്ടന്‍കാരനായ ഈ നായ കരുത്തും ബുദ്ധിശക്തിയുമുള്ളയിനമാണ്. ശരാശരി വലിപ്പമുള്ള ഇവ നല്ലൊരു നീന്തല്‍കാരനും ഉടമയോട് നല്ല കൂറ് കാട്ടുന്ന ഇനവുമാണ്. നല്ല ചുരുണ്ട രോമങ്ങള്‍ മുറിക്കേണ്ട കാര്യമില്ല. ഒപ്പം ഇവ വെള്ളത്തില്‍ നിന്നുകയറിയാല്‍ പെട്ടെന്ന് തന്നെ ഉണങ്ങുന്നവയുമാണ്.

മൃഗങ്ങളെയും പക്ഷികളെയും വായില്‍ പിടിച്ചു വെള്ളത്തിലൂടെ നീന്താന്‍ സമര്‍ത്ഥനായ ഇവ ഇതു പ്രയാസപ്പെട്ട കാലാവസ്ഥയിലും സാഹചര്യങ്ങളിലും ജീവിക്കാനും കഴിവുള്ളയിനമാണ്. അതുകൊണ്ട് തന്നെ ആസ്ട്രേലിയയിലും മറ്റും വളരെ പ്രയാസമുള്ളതും കഠിനമായ സാഹചര്യത്തിലും ഇവ നന്നായി ഇണങ്ങി വളരാറുണ്ട്. അതോടൊപ്പം ഉടമയുടെ സ്വഭാവത്തോട് വളരെ പെട്ടെന്ന് ചേര്‍ന്ന്പോകാനുള്ള കഴിവും ഇവയ്ക്കുണ്ട്.

ഗണ്‍ഡോഗ് ഇനത്തില്‍ പെട്ട ഇവയ്ക്കു ഇരുപത്തി ഏഴു ഇഞ്ച് വരെ ഉയരവും മുപ്പത്തിഒമ്പത് കിലോവരെ ഭാരവും സാധാരണഗതിയില്‍ ഉണ്ടാവാറുണ്ട്.

കാവലിനു മിച്ചച്ചയിനം ആണെങ്കിലും രക്ഷയ്ക്കായി ഇവയെ വളര്‍ത്താന്‍ കഴിയില്ല.ശരാശരി പതിനാലു വയസ്സ്‌ വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ഏഴു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

കൊടോന്‍ ഡേ ടുലീര്‍ (Coton De Tulear)

കുട്ടികളോടും പ്രായമുള്ളവരോടും വളരെ അടുപ്പം കാട്ടുന്ന ഈ ചെറിയയിനം നായ മഡഗാസ്കര്‍കാരനാണ്. ഇപ്പോഴും കളിച്ചു പ്രസരിപ്പോടെ നടക്കുന്ന ഈ ഇനത്തിനു വിപണിയില്‍ നല്ല വിലയുമുണ്ട്. വെള്ള നിറത്തിലും വെള്ളയില്‍ ചാര നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പുള്ളിയോട് കൂടിയോ ചിലപ്പോള്‍ ചാരനിരത്തിലോ, കറുത്തനിറത്തിലോ ഇവ ലഭ്യമാണ്. അധികം രോമം പൊഴിയാത്ത ഇവ വട്ടം കറങ്ങി നടക്കാനും വാലില്‍ പിടിച്ചു കളിക്കാനും ഇഷ്ടമുള്ള പ്രകൃതക്കാരനാണ്. മഡഗാസ്കര്‍ സമ്പന്മാരുടെ ചിഹ്നമായിരുന്ന ഇവ ഇന്ന് സാധാരണക്കാരും ധാരാളം വളര്‍ത്തുന്ന ഇനമാണ്‌.
ഒരടി വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് ഏഴു കിലോയില്‍ താഴെമാത്രമേ ഭാരം വരൂ.
ഉടമയുടെ സന്തോഷത്തിനായി കോമാളി കളിക്കാനും തയ്യാറായ ഇവയെപ്പറ്റി ഉടമകള്‍ പരാതി പറയാന്‍ ഇടവരാറില്ല.വീട്ടിലെ മറ്റു മൃഗങ്ങളോടും വളരെ നന്നായി മാത്രമേ ഇവ പെരുമാറുകയുള്ളൂ.
അത്യാവശ്യം കുരയ്ക്കുന്ന ഇനമായതിനാല്‍ കാവലിനു ഇവയെ ഉപയോഗിക്കാമെങ്കിലും എല്ലാവരോടും വളരെ സൌഹാര്‍ദ്ധമായി ഇടപെടുന്നത്‌ കൊണ്ട് രക്ഷയ്ക്കായി ഉപയോഗിക്കാന്‍ കഴിയില്ല.
പന്ത്രണ്ടു മുതല്‍ പതിനാറു വയസ്സ്‌ വരെ ശരാശരി ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

ഡാണ്ടി ഡിന്‍മോണ്ട് ടെറിയര്‍ (Dandie dinmont terrier)

സ്നേഹമുള്ളയിനം ആണെങ്കിലും അല്പം വഴക്കാളി ആയതിനാല്‍ അത് സഹിക്കാന്‍ കഴിയുന്നവര്‍ വളര്‍ത്തുന്നതാവും ഉചിതം. ടെറിയര്‍ ബ്രീഡുകളുടെ തനിസ്വഭാവം ചിലപ്പോള്‍ കാട്ടുമെന്ന് സാരം. നന്നായി കളിക്കാനും ഓടി നടക്കാനും ഇഷ്ടപെടുന്ന ഇവ ചിലപ്പോള്‍ പൂന്തോട്ടത്തിലും മുറ്റത്തും മറ്റും കുഴിമാന്തിയെന്നും വരും.
ചെറിയ ഇനം ആണെങ്കിലും കാവലിനും മിടുക്കനനാണ്. രക്ഷയ്ക്ക് പോലും ഉപയോഗിക്കാം.
വീട്ടിലെ മറ്റു നായകളോട് ചിലപ്പോള്‍ വഴക്കിടുന്ന ഇവ മറ്റു ചെറിയ മൃഗങ്ങളെ ആക്രമിചെന്നും വരാം. പിടിക്കുന്ന ജന്തുക്കളെ ചിലപ്പോള്‍ കൊന്നെന്നും വരാമെന്നുള്ളതുകൊണ്ട് വീട്ടിലും അയല്‍വീട്ടിലും മറ്റുമുള്ള ചെറിയ നായകളോ പൂച്ചകളോ മറ്റോ ഇവയുടെ അടുത്ത്‌ പോയാല്‍ ഒന്ന് നോക്കുന്നത് നന്നായിരിക്കും. മറ്റുനായകളോട് വഴക്കുണ്ടാക്കിയാല്‍ പിടിച്ചു മാറ്റുന്നതാവും നല്ലത്. അല്ലെങ്കില്‍ പിന്മാറാന്‍ തയ്യാറാകാത്ത ഇനമാണ് ഇത്.
ഒരടിയില്‍ താഴെമാത്രമേ ഇവയ്ക്കു ഉയരം വയ്ക്കൂ. ഇവയ്ക്കു ഏകദേശം പതിനൊന്നു കിലോ തൂക്കം വരെ ഉണ്ടാകാം.
ബ്രിട്ടീഷ്‌കാരനായ ഈയിനം നായ നന്നായി കുരയ്ക്കും. പട്ടണത്തിലെ ഫ്ലാറ്റിലോ വീടുകളിലോ എന്നല്ല ഇവയെ തീര്‍ത്തും ഗ്രാമീണ അന്തരീക്ഷത്തിലും വളര്‍ത്താന്‍ നല്ലയിനമാണ്. ചെറുപ്പത്തിലേ അല്പം അനുസരണ പഠിപ്പിക്കുന്നത്‌ പിന്നീട് പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഉപയോഗപ്പെടും.
പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

ഡാല്‍മേഷന്‍ (Dalmatian)

കണ്ടാല്‍ തന്നെ ഒരു പ്രത്യേകത തോന്നിക്കുന്ന ഇവയുടെ വെളുപ്പില്‍ ഉള്ള കറുപ്പ്‌ പുള്ളികള്‍ തന്നെയാണ് ഇവയുടെ അടയാളവും. ഉടമയോട് നല്ല അടുപ്പം കാട്ടുന്ന ഇവ നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്. അതുകൊണ്ടുതന്നെ ഇവയെ വളര്‍ത്തുന്നവര്‍ ഇവയുടെ ഈ സ്വഭാവം മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും.
നല്ല ആരോഗ്യവും ബുദ്ധിശക്തിയും മാത്രമല്ല നല്ല ചുറുചുറുക്കും ഉള്ള ഡാല്‍മേഷന്‍ ഇപ്പോഴും ഓടിനടക്കാന്‍ ഇഷ്ടമുള്ള നായയാണ്‌. ഉടമ ഇവയെ തനിച്ചാക്കി സ്ഥലം വിട്ടാല്‍ ആകെ മൂഡ്‌ഔട്ട്‌ ആകുന്ന ഡാല്‍മേഷന്‍ അപരിചിതരോട് അത്ര നല്ല സ്നേഹം കാട്ടാറില്ല. ജനിക്കുമ്പോള്‍ വെള്ളകളറോട് കൂടി‌ ജനിക്കുന്ന ഇവയ്ക് പിന്നീട് കറുത്ത പുള്ളികള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. കുതിരകളോട് അല്പം അടുപ്പം കാട്ടുന്ന ഈ പഴയ യുഗോസ്ലാവ്യകാരന്‍ നായ കരുത്തുള്ള ശരീരവും സമീകൃതമായ ആകാരവുമുള്ള നായയാണ്‌.
രണ്ടടി വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പതു കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.
നീളം കുറഞ്ഞ മിനുക്കമുള്ള രോമം ഇവയുടെ പ്രത്യേകതയാണ്.കാറുകളോടും കുതിരകളോടും പ്രത്യേക ഇഷ്ടം കാട്ടുന്ന ഇവയെ ചെറുപ്പത്തിലേ വീട്ടിലെ കുട്ടികളുമായി ഇണക്കത്തില്‍ വളര്‍ത്തിയാല്‍ നന്നായി പെരുമാറും. എന്നാല്‍ മറ്റു നായകളോടും മൃഗങ്ങളോടും വളരെ മോശമായി ചെലപ്പോള്‍ പെരുമാറിയെന്നും വരാം. ചെറുപ്പത്തില്‍ നല്ല വ്യായാമവും പരിശീലനവും കൊടുക്കുന്നത് വളരെ നല്ലതായിരിക്കും.
കാവലിനു വളരെ നല്ലയിനമായ ഇവയെ രക്ഷയ്ക്കായി വളര്‍ത്തിയാല്‍ ശരാശരിയില്‍ മേലെ മികച്ചയിനം ആയിരിക്കും.
ഇടയ്ക്കിടെ ഇവയുടെ രോമം ഒന്ന് ചീകി കൊടുക്കുന്നത് നന്നായിരിക്കും. രോമം പൊഴിച്ചില്‍ അത്യാവശ്യം ഉള്ളയിനമാണ് ഇത്. ചെറുപ്പത്തിലേ പരിശീലനങ്ങള്‍ കൊടുക്കണം. നല്ല ബുദ്ധിയും തിരിച്ചറിവും കായികശേഷിയും ഉള്ളയിനം ആയതിനാല്‍ ചെറുപ്പത്തിലെ ഒരു ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും.
ചില ഡാല്‍മേഷന്‍ കേഴ്വികുറവോ കേഴ്വി ഒട്ടുമില്ലാതെ വരികയോ ചെയ്യാറുണ്ട്. അതുപോലെ നായകളില്‍ മൂത്രത്തില്‍ കല്ല് ഉണ്ടാകാന്‍ സാധ്യതയുള്ളയിനവും ഇത് തന്നെയാണ്. ചിലയിനത്തില്‍ ഉള്ള അലര്‍ജികളും അപസ്മാരവും ഈയിനം നായകള്‍ക്ക് ഉണ്ടാവാറുണ്ട്.
ശരാശരി പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ എട്ടുമുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
അല്‍ബനിയയ്ക്ക് വടക്കുള്ള തീരപ്രദേശമായ ഡാല്‍മേഷ്യയില്‍ നിന്നാണ് ഇവന് ഈ പേര് ലഭിക്കുന്നത്‌. നായ പ്രദര്‍ശനങ്ങളിലും സര്‍ക്കസിലും ഡാല്‍മേഷന്‍ പ്രീയപ്പെട്ട ഇനമാണ്‌.

ഡാഷണ്ട് (Dashund)

ജര്‍മ്മന്‍കാരന്‍ ആണെങ്കിലും ഭാരതത്തില്‍ വളരെ പ്രിയങ്കരനായ ഈയിനം വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന നല്ലയിനം നായകളിലൊന്നാണ്. അപരിചിതരോട് അത്ര പ്രിയംകാട്ടാത്ത ഡാഷ് നന്നായി കുരയ്ക്കുന്നയിനമാണ്. കുറിയകാലുകളും നീണ്ടശരീരവുമുള്ള ഡാഷ് രോമത്തിന്റെ പ്രത്യേകതയനുസരിച്ച് മൂന്നു തരത്തിലും ഇവയുടെ ഓരോയിനത്തിലും സ്റ്റാന്‍ഡേര്‍ഡ്, മിനിയേച്ചര്‍ എന്നിങ്ങനെ വലിപ്പത്തിനനുസരിച്ച് വര്‍ഗ്ഗീകരിച്ചിരിക്കുന്നു. അങ്ങനെ ആകെ ആറുതരത്തില്‍ ഡാഷ് ലഭ്യമാണ്. മിനുസമുള്ളതും, പരുക്കനായതും ഒപ്പം നീണ്ട രോമങ്ങള്‍ ഉള്ളതുമായി മൂന്നു തരത്തില്‍ ഡാഷ് ലഭ്യമാണ്. മിനുസമുള്ളയിനംഡാഷ് സങ്കരയിനമല്ല. എന്നാല്‍ മറ്റുതരത്തില്‍ ഉള്ള ഡാഷ് സ്പാനിയേല്‍, പിഞ്ചര്‍, ഡാണ്ടി ഡിന്‍മോണ്ട് ടെറിയര്‍ തുടങ്ങിയവയോട് ക്രോസ് ചെയ്തയിനമാണ്.
നല്ല ബുദ്ധിയുള്ളയിനമായ ഇവയ്ക്കു പരിക്ക് പറ്റാന്‍ ഇടയുള്ളതിനാല്‍ ഇവയുടെ ഭാരം നിയന്ത്രിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ഭാവിയില്‍ അനുസരണകേട് കാട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് ഇവയുടെ ചെറുപ്പത്തില്‍ തന്നെ സ്വഭാവം രൂപികരിക്കാന്‍ നല്ല പരിശീലനം കൊടുക്കുന്നത് നന്നായിരിക്കും.
ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ആറിഞ്ച്‌ വരെ ഉയരം വയ്ക്കുന്നതിനെ മിനിയേച്ചര്‍ ആയിട്ടും കണക്കാക്കുന്നു.സ്റ്റാന്‍ഡേര്‍ഡ് ഇനത്തിനു ശാരാശി പതിനാലു കിലോവരെയും മിനിയേച്ചര്‍ ഇനത്തിനു അഞ്ചു കിലോയില്‍ താഴെയും മാത്രമേ ഭാരം വയ്ക്കൂ.
കാവലിനു നല്ലയിനമായ ഇവ പക്ഷെ രക്ഷയ്ക്ക് അത്രപറ്റിയ ഇനമല്ല. കുട്ടികളോടുള്ള പെരുമാറ്റം ഇവയുടെ ഓരോ ഇനത്തിനും ഓരോ രീതിയിലായിരിക്കും. നീളമുള്ള രോമമുള്ള ഡാഷ് പൊതുവേ കുട്ടികളോട് നന്നായി പെരുമാറും എങ്കിലും മറ്റുള്ളവ അത്ര നന്നായി പെരുമാറണം എന്നില്ല.
പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ്‌ വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ നാലുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ഡോഗോ അര്‍ജെന്റിനോ (Dogo Argentino)
ലോകത്തില്‍ ഏറ്റവും അപകട കാരിയായ ഇനം
അതീവ കരുത്തനായ ഈ നായയെ Dangerous Dogs Act 1991 പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പെടുന്നു. ലോകത്തില്‍ ഏറ്റവും അപകടകാരിയായ മൂന്നാമത്തെ നായയാണ്‌ ഇവ. വേട്ടയ്ക്ക് ഏറ്റവും മിടിക്കനായ ഇവ കാട്ടുപന്നിയേയും ചെറിയ പുലികളെയും വരെ ആക്രമിക്കാന്‍ കഴിവുള്ള ഇനമാണ്. ഇവ ആക്രമിക്കുമ്പോള്‍ വേട്ടക്കാരന്‍ ആ മൃഗങ്ങളെ വെടിവേയ്ക്കുകയാണ് പതിവ്‌. പന്നിയെയും മറ്റും ദീര്‍ഘനേരം കടിച്ചു പിടിക്കാനുള്ള ഇവയുടെ കഴിവ് അസാമാന്യം ആണ്. ഹൃസ്വദൂരം വെടിയുണ്ടപോലെ പായാന്‍ കഴിവുള്ള ഇവ ദീര്‍ഘദൂരം ഓടാനും കഴിവുള്ള ഇനമാണ്‌.
കാഴ്ചയില്‍ തന്നെ കരുത്തു തോന്നിക്കുന്ന ഇവയ്ക്കു ഉയരത്തേക്കാള്‍ നല്ല നീളം ഉണ്ട്. പെണ്‍ പട്ടികള്‍ക്ക് ആണ്‍പട്ടികളെ അപേക്ഷിച്ച് കൂടുതല്‍ നീളം ഉണ്ടാവാറുണ്ട്. വെളുത്ത മിനുസമുള്ള രോമത്തോട് കൂടിയ ഇവയുടെ ചെവി സ്വാഭാവികമായി അല്പം മടങ്ങിയതാണ്. വീട്ടുകാരോടും ഉടമയോടും നല്ല സ്നേഹമുള്ള ഇവ വീട്ടിലെ കുട്ടികളോടും വളരെ നന്നായി പെരുമാറും. അപരിചിതര്‍ ഇവയുടെ അടുത്ത്‌ അധികം പോകാതിരിക്കുന്നതാണ് നല്ലത്. 
കാവലിനു അതീവ സമര്‍ത്ഥനായ ഇവ രക്ഷയ്ക്കായി ഉപയോഗിക്കാന്‍ ഏറ്റവും നല്ലയിനങ്ങളില്‍ മുമ്പനാണ്. 
തന്റെ ജീവന്‍ കൊടുത്തും ഉടമയെയും കുടുംബത്തെയും രക്ഷിക്കാന്‍ ഇവ കഴിവുള്ളതും സന്നദ്ധനുമാണ്. 
കളികളില്‍ പങ്കെടുക്കാനും വീട്ടുകാരോട് ഒത്തു നടക്കാനും വളരെ ഇഷ്ടമുള്ളയിനമാണ് ഇവ.
അര്‍ജെന്റനിയന്‍ മാസ്റ്റിഫ് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു അറുപതു കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.
അല്പം ദേഷ്യക്കാരന്‍ ആണെങ്കിലും അതീവ ബുദ്ധിശാലിയായ ഈയിനത്തെ നന്നായി പരിശീലിപ്പിക്കണം. മറ്റു മൃഗങ്ങളോട് പരിചയപ്പെടുത്തി വളര്‍ത്തിയില്ലെങ്കില്‍ അവയെ വേട്ടയാടുന്ന സ്വഭാവം കാട്ടുമെന്നതിനാല്‍ അല്പം ശ്രദ്ധ കൊടുത്ത് പരിശീലിപ്പിക്കുക.അനുസരണ വളരെ ചെറുപ്പത്തിലേ പഠിപ്പിക്കണം. അതേപോലെ തന്നെ ചെറുപ്പത്തിലേ വീട്ടിലെ കുട്ടികളോടും ഇണക്കി വളര്‍ത്തുക. നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്.ഇപ്പോഴും വെയിലില്‍ നിര്‍ത്താതെ തണലില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. 
ഇവയ്ക്കു ഏറെനേരം സൂര്യപ്രകാശം അടിച്ചാല്‍ അല്പം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. സണ്‍ ബണ്‍ ഇവയെ അലട്ടുന്ന പ്രശ്നമാണ്. ഏകദേശം പത്തുശതമാനത്തോളം നായക്കുട്ടികള്‍ ബധിരന്‍മാരായി ജനിക്കാറുണ്ട്. 
ശരാശരി പത്തുമുതല്‍ പന്ത്രണ്ടു വരെയാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

ഡോബര്‍മാന്‍ (Doberman Pinscher)

ഡോബര്‍മാന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോബര്‍മാന്‍ പിഞ്ചര്‍ ജര്‍മ്മന്‍കാരന്‍ ആണ്. എല്ലാ ജര്‍മ്മന്‍ നായകളെയും പോലെ സമര്‍ത്ഥനായ ഇവയും തങ്ങളുടെ ജോലി ഫലപ്രദമായി ചെയ്തുതീര്‍ക്കാന്‍ കഴിവുള്ള ഇനമാണ്. എന്നാല്‍ ചില നായകള്‍ അല്പം നാണം കുണുങ്ങി സ്വഭാവം കാനിക്കുമെന്നാലും പരിശീലനത്തിലൂടെ പൂര്‍ണമായും അതുമാറ്റിയെടുക്കാം.
ജര്‍മ്മന്‍ പട്ടാളത്തിലും പോലീസിലും ധാരാളം ഡോബര്‍മാന്‍ ഇനത്തിലുള്ള നായകള്‍ ഉള്ളതിനാല്‍ ഇവയെ പോലീസ്‌ ഡോഗ് എന്നും വിളിക്കാറുണ്ട്. ഇടത്തരം മുതല്‍ അല്പം കൂടുതല്‍ വളരെ വലിപ്പവും ആരോഗ്യമുള്ളതും ഒതുക്കമുള്ളതുമായ ശരീരവും ഇവയുടെ പ്രത്യേകതയാണ്. അപരിചിതരോടും മറ്റു നായകളോടും ഒട്ടും അടുപ്പം കാണിക്കാത്ത ഇവ പരിശീലനം കൊടുത്താല്‍ കുട്ടികളോടും മറ്റു മൃഗങ്ങളോടും നന്നായി പെരുമാറും. ഒട്ടും പേടിയില്ലാത്ത ഈ ഇനം തങ്ങളുടെ അധീനതയിലുള്ള സ്ഥലവും വസ്തുവും കാക്കാന്‍ മിടുക്കനാണ്.
നാല്പതു കിലോവരെ ഭാരം വയ്ക്കാവുന്ന ഈയിനം ഇരുപത്തി എട്ടു ഇഞ്ച് വരെ ഉയരം വയ്ക്കാറുണ്ട്.
ടൂറിഞ്ചാര്‍ പിഞ്ചര്‍ , പ്ലീസേല്ഷ് സോല്‍ടന്റ്റ്ഹണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.
നല്ല ആരോഗ്യവും, ചുറുചുറുക്കും ഉള്ള ഇവയ്ക്കു നല്ല വ്യായാമം ആവശ്യമാണ്. ഇവയുടെ ആകരവടിവ്‌ നിലനിര്‍ത്താന്‍ ഓടാന്‍ കൊണ്ടുപോകുന്നതും നല്ലതാണ്. പരിശീലനം കൊടുത്താല്‍ നല്ല അനുസരണയും അത് മനസ്സിലാക്കാനുള്ള ബുദ്ധിയും ഉള്ള ഇനമായതിനാല്‍ ഉടമയ്ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു കൂട്ടുകാരനായും ഇതിനെ ഉപയോഗിക്കാം,
കാവലിനായാലും രക്ഷയ്ക്കായാലും നന്നായി ഉപയോഗിക്കാന്‍ കഴിയുന്നവ ആണ് ഡോബര്‍മാന്‍.
പത്തുമുതല്‍ പതിനഞ്ച് വയസ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"വര്‍ക്കിംഗ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ഡിങ്കോ (Dingo)

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഈ കാട്ടുപട്ടിയ്ക്കു ഇന്ത്യന്‍ ചെന്നായകളോട് സാമ്യം ഉണ്ടെങ്കിലും ആസ്ട്രേലിയന്‍ വംശജന്‍ എന്നാണ് കരുതപ്പെടുന്നത്. വടക്കന്‍ ആസ്ട്രേലിയയില്‍ ധാരാളം കാണപ്പെടുന്ന ഇവയെ മറ്റു ചില ഏഷ്യന്‍ രാജ്യത്തെ കാടുകളിലും കാണപ്പെടുന്നു.
പൂര്‍ണ്ണമായും ഒരു നാട്ടു പട്ടി എന്ന് പറയപ്പെടാണോ ഇണക്കപ്പെടാണോ കഴിയാത്ത ഇനമാണ്‌. കാട്ടുപട്ടികളുടെ സ്വാഭാവികഗുണം ഇതുവരെ മാറാത്ത ജനുസ്സാണ് ഇവ. രണ്ടടിയോളം ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം സാധാരണഗതിയില്‍ മുപ്പതു കിലോവരെ ആകാമെങ്കിലും അമ്പത് കിലോവരെയുള്ള ഡിങ്കോകളും അത്ര അസാധാരണമല്ല.
പല നിറത്തിലുള്ള ഡിങ്കോ ഉണ്ട്. ഇവയുടെ രോമത്തിന്റെ രീതിയും നീളവും ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ളവ ആയതിനാല്‍ ഏകീകൃത സ്വഭാവം ഉണ്ടാവണം എന്നില്ല.പൊതുവേ പറഞ്ഞാല്‍ അനുസരണ വളരെ കുറവായ ഈ നായയെ സ്വഭാവ പരിശീലനം കൊടുക്കുക വളരെ പ്രയാസമാണ്.
ആരോടെങ്ങനെ പ്രതികരിക്കും എന്നറിയാത്തതുകൊണ്ട് തന്നെ കുട്ടികളുമായി അധികം ചങ്ങാത്തത്തിന് വിടാതെ നോക്കണം. കാര്യങ്ങള്‍ പഠിക്കുന്ന കാര്യത്തിലും വളര പിറകിലാണ് ഇത്തരം നായ.എത്ര ചൂടുള്ളതോ മോശമായതോ ആയ കാലാവസ്ഥയും തരണം ചെയ്യുന്ന ഇവയെ ഫ്ലാറ്റ്‌ ജീവിതത്തിന്‌ വളര്‍ത്താന്‍ കൊള്ളാവുന്ന ഇനമല്ല. ഗ്രാമവും അത്യാവശ്യം വ്യായാമത്തിനു ഇടമുള്ളതുമായ ജീവിത സൌകര്യമാണ് ഡിങ്കോ ഇഷ്ടപ്പെടുന്നത്.
ഇരുപതു വയസ്സ്‌ വരെയോളം ആയുസ്സുള്ള ഡിങ്കോയുടെ ഒരു പ്രസവത്തില്‍ അഞ്ചു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
കനേഡിയന്‍,ആസ്ട്രേലിയന്‍ കേന്നേല്‍ ക്ലബുകള്‍ ഇവയെ ഒരു ബ്രീഡ്‌ ആയി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അമേരിക്കന്‍ കേന്നേല്‍ ക്ലബ്‌ ഇവയെ ഒരു ബ്രീഡ്‌ ആയി അംഗീകരിച്ചിട്ടില്ല.

ഡോക്സിപൂ (Doxipoo)


ഇത് പൂഡില്‍ ഡാഷ് ഹണ്ട് എന്നിവയുടെ സങ്കരയിനമാണ്. പൂഡിലിന്റെയോ ഡാഷിന്റെയോ സ്വഭാവമോ രൂപഗുണങ്ങളോ പ്രകടിപ്പിച്ചു എന്ന് വരാം. ഈയിനത്തെ മിക്ക കേന്നേല്‍ ക്ലബുകളും ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഡൂഡില്‍മാന്‍ പിഞ്ചര്‍ (Doodleman Pinsher)

ഇത് പൂഡില്‍ ഡോബര്‍മാന്‍ പിഞ്ചര്‍ എന്നിവയുടെ സങ്കരയിനമാണ്. പൂഡിലിന്റെയോ ഡോബര്‍മാന്‍ പിഞ്ചറിന്റെയോ സ്വഭാവമോ രൂപഗുണങ്ങളോ പ്രകടിപ്പിച്ചു എന്ന് വരാം. ഈയിനത്തെ മിക്ക കേന്നേല്‍ ക്ലബുകളും ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഡോഗ് ഡേ ബോര്‍ഡ്യൂക്സ്‌ (Dogue De Bordeaux)

 

 

 

 

 

കരുത്തനും അതോടൊപ്പം സ്നേഹിക്കാന്‍ കൊള്ളാവുന്നവനുമായ ഈയിനം വളരെ ചെറുപ്പത്തിലേ പരിശീലനം കൊടുക്കപ്പെടെണ്ട ഇനങ്ങളില്‍ പെടുന്നവയാണ്. മറ്റു നായകളോടും മൃഗങ്ങളോടും മോശമായി പെരുമാറുന്ന പ്രവണത ചെറുപ്പത്തിലേ പരിശീലനം കൊടുത്ത് മാറ്റണം. മാസ്റ്റിഫ് ഇനത്തില്‍ പെടുന്ന ഈ നായ അല്പം അഹങ്കാരിയും താന്തോന്നിയും ആണെങ്കിലും നല്ലപരിശീലനം കൊടുത്താല്‍ ഉടമയോടും കുടുംബത്തോടും നല്ല സ്നേഹവും അടുപ്പവും ഉള്ള ഇനമായിരിക്കും. തന്റെ ചുറ്റുപാടും കാവല്‍ ഒരു ദൌത്യം പോലെ ഏറ്റെടുത്തു ആരെങ്കിലും കടന്നുവന്നാല്‍ അവരെ ആക്രമിച്ചു തന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ ഇവയ്ക്കുള്ള കഴിവ്‌ പ്രശംസനീയം തന്നെ. നല്ല പേശീബലവും സ്റ്റാമിനയും ഇവയ്ക്കുണ്ട്.

ഫ്രാന്‍സില്‍ ഫ്രഞ്ച് മാസ്റ്റിഫ് എന്നും അറിയപ്പെടുന്ന ഈ ഫ്രഞ്ച്കാരന്‍ നായക്ക് സ്പെയിനില്‍ ഡോഗ് ഡേ ബുര്‍ഗോസ് എന്നും ഇറ്റലിയില്‍ മാസ്റ്റിനോ നെപോളിറ്റാനോ എന്നും പേരുണ്ട്. നീയോപൊളിറ്റന്‍ മാസ്റ്റിഫ് ഈയിനമല്ല.

ഇരുപത്തിഎട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഈയിനം അമ്പത് കിലോവരെ ഭാരവും വയ്ക്കുന്ന ഇനമാണ്. എന്നാല്‍ ചിലനായകള്‍ രണ്ടര അടി ഉയരവും എഴുപത്തിഅഞ്ചു കിലോവരെ ഭാരവും വയ്ക്കാറുണ്ട്.

ചെമ്പന്‍ കളറുള്ള ഈ നായക്ക് ചിലപ്പോള്‍ ചില വെള്ളപ്പുള്ളികള്‍ ശരീരത്ത് ഉണ്ടാവുമെങ്കിലും അധികം പുള്ളികള്‍ അനുവദനീയമല്ല. അധികം നീളമില്ലാത്ത രോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. രോമങ്ങള്‍ മിക്കവാറും നല്ല മിനുസമുള്ളതായിരിക്കും.
വീട്ടിലെ കുട്ടികളെ ഈ നായയുടെ കൂടെ ധൈര്യമായി കളിക്കാന്‍ വിടാം. ഇവ കുട്ടികളോട് വളരെ നന്നായി മാത്രമേ പെരുമാരൂ. ചെറുപ്പത്തില്‍ ശീലിപ്പിച്ചു എങ്കില്‍ വീട്ടിലെ നായകളോടും നന്നായി പെരുമാറും. മറ്റുനായകളെ ഇതിന്റ കൂടെ വിടാതിരിക്കുകയാവും ഭേദം.

കാവലിനു ശരാശരി ആണെങ്കിലും രക്ഷയ്ക്ക് അതീവ സാമര്‍ത്ഥ്യം ഉള്ളവയാണ് ഈയിനം.
ഇവയെ വളര്‍ത്തുന്നവര്‍ അത്യാവശ്യം ആരോഗ്യമുള്ളവരും നായയെ പരിശീലിപ്പിക്കാന്‍ കഴിവുള്ളവരും ആയിരിക്കണം. വ്യായാമം ആവശ്യമുള്ള ഇനമാണ്‌ ഇത്.
എട്ട് മുതല്‍ പത്തുവയസ്സ് ആയുസ്സുള്ള ഈ ഇനം നായയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ട് വരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.

ഇംഗ്ലീഷ് കോക്കര്‍ സ്പനിയേല്‍ (English cocker spaniel)വേട്ടക്കാരന്റെ ഏറ്റവും പ്രിയപ്പെട്ടയിനത്തിന്റെ ജോലിയും മികവും വെടിവെച്ചിടുന്ന പക്ഷികളെയും ചെറു മൃഗങ്ങളെയും കണ്ടെത്തി ഉടമയ്ക്കെത്തിച്ചു കൊടുക്കുകയെന്നതാണ്.. ചെറുപ്പത്തിലെ തന്നെ ഇതിന്റെ വാല്‍ ഡോക്ക് ചെയ്തിരിക്കും.. നല്ല ചുറുചുറുക്ക് ഉള്ളയിനമാണെങ്കിലും ചെറിയ ആരോഗ്യ പ്രന്ശ്നങ്ങള്‍ ഉള്ളയിനമാണ്.. ചില കൊക്കറുകള്‍ കേള്‍വിശക്തിയില്ലാതെ പോകുന്നു.. ഹൃദയസംബന്ധിയായ പ്രശ്നങ്ങളും കൊക്കറില്‍ കണ്ടുവരുന്നുണ്ട്.. എന്നിരുന്നാലും ഉടമയോട് ഇത്ര ആത്മാര്‍ത്ഥതയുള്ളയിനങ്ങള്‍ കുറവാണ്..
മേരി കൊക്കറെന്നും പേരുള്ള ഈയിനത്തിനു ഒന്നരയടിയില്‍ താഴെമാത്രമേ ഉയരം വെയ്ക്കുകയുള്ളൂ. പരമാവധി ഭാരം പതിനഞ്ചു കിലോയും.
പലനിറത്തിലും കൊക്കറുകള്‍ ഉണ്ട്. അല്‍പ്പം നീളമുള്ള പരുപരുത്തതോ മിനുക്കമുള്ളതോ ആവും ഇവയുടെ രോമം..
എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത കോക്കറുകള്‍ ഉടമയെ തൃപ്ത്തിപ്പെടുത്താന്‍ എന്തും ചെയ്യും.. വേട്ടക്കര്യത്തില്‍ ഇവയുടെ മിടുക്ക് എടുത്തുപറയണം..
തീരെച്ചെറിയ കുട്ടികളെ ഇവയുടെ അടുത്തു വിടുമ്പോള്‍ അല്‍പ്പം സൂക്ഷിക്കുക.. എന്നാല്‍ മുതിര്‍ന്ന കുട്ടികളോട് നന്നായി ഇവ പെരുമാറും..
കാവലിനു മികച്ചയിനമാണെങ്കിലും ആളില്‍ ചെറിയവന്‍ ആയതുകൊണ്ട് തന്നെ രക്ഷയ്ക്കായി വളര്‍ത്താന്‍ ഇവയെ കൊള്ളില്ല..
ബ്രിട്ടീഷ്കാരനായ ഈയിനത്തെ ഫ്ലാറ്റിലോ വീടുകളിലോ വളര്‍ത്താം.. നന്നായി വ്യായാമം ഇവയ്ക്കു ആവശ്യമാണ്.. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വയസ്സ് വരെ ആയുള്ള ഈയിനത്തിനു ഒരുപ്രസവത്തില്‍ മൂന്നുമുതല്‍ എട്ടുവരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.. ഗണ്‍ ഡോഗ് കാറ്റഗറിയില്‍ ഇവയെപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലീഷ് ബുള്‍ഡോഗ് (English Bulldog)ഇംഗ്ലീഷ്കാരന്റെ അഭിമാനചിഹ്നമാണ് ഈ നായ. അല്‍പ്പം അഹങ്കാരിയായ ഈയിനം പക്ഷെ വീട്ടുകാരോട് നല്ല കൂറുള്ളയിനമാണ്.. കുട്ടികളോട് നല്ല സ്നേഹമുള്ള ഈയിനം കുറിയകാലുകളോടു കൂടിയ അല്‍പ്പം തടിയുള്ളയിനമാണ്. ഒട്ടും നീന്താന്‍ കഴിയാത്ത ഈ നായയെ വെള്ളത്തില്‍ വീണാല്‍ പിന്നെ ജീവനോടെ കിട്ടാനും പ്രയാസമാണ്.. വളരെപ്പെട്ടെന്നു ശരീരം ചൂടാവുന്ന ഈയിനത്തെ മെഡിറ്ററെനിയന്‍ , ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ വളര്‍ത്തുന്നവര്‍ ഇതും മനസ്സില്‍ വെയ്ക്കുന്നത് നന്നായിരിക്കും.. ഭക്ഷണം കണ്ടാല്‍ മറ്റുള്ള നായകളോടു അല്‍പ്പം അടുപ്പക്കുറവ് കാട്ടിയാലും പൊതുവേ വീട്ടിലെ മറ്റുനായകളോട് അത്ര പ്രശ്നക്കാരന്‍ അല്ല.. എന്നാല്‍ ദേഷ്യം വന്നാല്‍ അത്രവിട്ടുകൊടുക്കാനും ഇവന്‍ തയ്യാറാകില്ല.. കടുത്ത വ്യായാമം അത്രപ്രിയമല്ലാത്ത ഇവയുടെ ഉടമ അത് മനസ്സിലോര്‍ക്കുന്നത്‌ നന്നായിരിക്കും.. വായിലൂടെ തുപ്പല്‍ ഒലിപ്പിക്കുകയും കൂര്‍ക്കം വലിയും ശ്വസിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അത്ര രസകരമല്ലാത്ത ശബ്ദം ഉണ്ടാക്കുന്നതും സാധാരണമാണ്.. അതേപോലെ ഇവയുടെ മുഖം അല്‍പ്പം വലുതും മുഖത്തെ ത്വക്ക് അല്‍പ്പം വലിഞ്ഞു തൂങ്ങിയതുമായിരിക്കും..
പതിനാറിഞ്ചിനു താഴെമാത്രമേ ഇവയ്ക്കു ഉയരം വയ്ക്കൂ.. പരമാവധി ഭാരം ഇരുപത്തിനാല് കിലോവരെയും..
പലനിറത്തിലുള്ള ഈയിനത്തിന്റെ മുഖം (പ്രത്യേകിച്ചും മൂക്കിനു ചുറ്റും ) കറുത്തതായിരിക്കും.. മൊത്തത്തില്‍ കറുത്ത ഇനത്തെ പക്ഷെ അത്ര സ്വീകര്യതയില്ല.. വെള്ള ചോക്കലേറ്റ് , ചെമ്പന്‍ , വെള്ള നിറം സാധാരണയാണ്.. ഇവയുടെ രോമം മിനുക്കമുള്ളതെങ്കിലും നീണ്ടതല്ല.
പൊതുവേ അല്‍പ്പം വേഗതകുറഞ്ഞതും ചെറിയ അലസതയുള്ളതും ആയതുകൊണ്ട് ഇതിന്റെ ഇനത്തെ ഒരു കാവല്‍ ജോലിയ്ക്ക് പറ്റിയ ഇനമായി കരുതാറില്ല.. എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ ഒന്ന് കടിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ ഉടമയെ രക്ഷിക്കാനും കഴിയുമെന്നതുകൊണ്ട് ഒരു രക്ഷയ്ക്ക് പറ്റിയിനമായി ഇതിനെ കരുതാം.
ബ്രിട്ടീഷ്കാരനായ ഈ നായ ബുദ്ധിയുള്ള ഇനമാണെങ്കിലും പിടിവാശിക്കാരന്‍ ആയതുകൊണ്ട് കാര്യങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ പ്രയാസമാണ്.. മുഖം വൃത്തിയാക്കാനും ഇടയ്ക്ക് അല്‍പ്പം മാത്രം വ്യായാമം കൊടുക്കാനും ശ്രദ്ധിക്കുക. ചൂട് ഇഷ്ടമല്ലാത്തത് കൊണ്ടും അതും ഓര്‍മ്മയില്‍ കരുതുക.. ഭക്ഷണം കുറച്ചുമാത്രം കൊടുത്താല്‍ പൊതുവേ തടിയനായ ഇവനെ പൊണ്ണത്തടിയില്‍ നിന്നും രക്ഷിക്കാം..
അല്‍പ്പം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള ഈയിനത്തെ വളര്‍ത്തുന്നവര്‍ അതും ഓര്‍ത്തിരിക്കുക.. ചിലപ്പോഴൊക്കെ കുട്ടികള്‍ ജനിക്കാന്‍ സിസേറിയന്‍ വരെ വേണ്ടിവരാറുണ്ട്.. അതുകൊണ്ട് ആദ്യമായി വളര്‍ത്തുന്നവര്‍ ഈയിനത്തെ ഒഴിവാക്കുകയാവും ബുദ്ധി.
എട്ടുമുതല്‍ പത്തുവയസ്സ് വരെ ആയുസ്സുള്ള ഈയിനത്തിന്റെ ഒരുപ്രസവത്തില്‍ നാലുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്..

ഇംഗ്ലീഷ് ബൂഡില്‍ (English Boodle)


ഇത് പൂഡില്‍ ഇംഗ്ലീഷ് ബുള്‍ഡോഗ് എന്നിവയുടെ സങ്കരയിനമാണ്. പൂഡിലിന്റെയോ ഇംഗ്ലീഷ് ബുള്‍ഡോഗിന്റെയോ സ്വഭാവമോ രൂപഗുണങ്ങളോ പ്രകടിപ്പിച്ചു എന്ന് വരാം. ഈയിനത്തെ മിക്ക കേന്നേല്‍ ക്ലബുകളും ഇതുവരെ അംഗീകരിച്ചിട്ടില്ല.

 

 

 

കടപ്പാട് : ദീപക് രാജ്© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate