অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നായ്ക്കളുടെ ആരോഗ്യം

ശ്രദ്ധിക്കാം നായ്ക്കളുടെ ആരോഗ്യം

മനുഷ്യനുമായി വീടും, അന്നവും, ജീവിത രീതികളും പങ്കിടുന്ന നായ്ക്കളിലും പൊണ്ണത്തടി ഭീഷണിയാകുന്നു. ഓരോ നായ്ക്കൾക്കും അവയുടെ ജനുസ്, പ്രായം, ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ ഉണ്ടാവേണ്ട ശരാശരി ശരീരഭാരം ഉണ്ടാകും. എന്നാൽ പ്രത്യേക ജനുസിനുണ്ടാകേണ്ട ശരീരഭാരത്തേക്കാൾ 15 ശതമാനം കൂടുതലാകുന്നതോടെ അവർക്ക് അമിതഭാരത്തിന്റെ പ്രശ്നമുള്ളതായി കണക്കാക്കണം. സാധാരണഗതിയിൽ പ്രായം കൂടുന്തോറും ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കൂടുകയും ശരീരഭാരം വർധിക്കുകയും ചെയ്യുന്നു. എല്ലാ പ്രായത്തിലുമുള്ള നായ്ക്കളിലും അമിതഭാരമുണ്ടാകാമെങ്കിലും മധ്യവയസ്കരിൽ, 5-10 വയസുള്ളവരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. പെൺപട്ടികളിലും, വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞവരിലും വീടിനുള്ളിൽത്തന്നെ പാർപ്പിക്കപ്പെടുന്ന നായ്ക്കളിലും അമിതവണ്ണത്തിനുള്ള സാധ്യതയേറെയാണ്.

അമിത ശരീരഭാരം, ശരീരത്തിന്റെ പലഭാഗങ്ങളിലും കൊഴുപ്പ് അടിയൽ, വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ വിസമ്മതം, ശാരീരികാവസ്ഥ പരിശോധനയിൽ (Body Condition Score) ഉത്തമമായ സ്ഥിതിയുടെ അഭാവം തുടങ്ങിയവയാണ് പൊണ്ണത്തടിയുടെ പൊതുവായ ലക്ഷണങ്ങൾ. ശരീരഭാരം, ശാരീരികാവസ്ഥാ പരിശോധന, ശരീര പരിശോധന എന്നീ മാർഗങ്ങളിലൂടെ വെറ്ററിനറി ഡോക്ടർക്ക് അമിതഭാരത്തെ വിലയിരുത്താനാവും. വാരിയെല്ലുകൾ, നടുഭാഗം, വാൽ, തല എന്നിവയുടെ അവസ്ഥ വിലയിരുത്തിയാണ് ഇത് ചെയ്യുന്നത്. പരിശോധനയുടെ ഫലങ്ങൾ ജനുസിന്റെ മാനദണ്ഡങ്ങളുമായി ചേർന്ന് പോകുന്നുവോയെന്ന് വിലയിരുത്തുന്നു. രസകരമായ ഒരു നിരീക്ഷണം തടിമാടൻമാരായ ഉടമസ്ഥരുടെ നായ്ക്കൾക്കും പൊണ്ണത്തടിയുടെ സാധ്യത കൂടുതലാണെന്നതാണ്.

അമിതഭക്ഷണം, വ്യായാമക്കുറവ്, ശരീരഭാരം കൂടാൻ പ്രവണതയുള്ള ശരീരം തുടങ്ങിയവയാണ് പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങൾ. കൂടാതെ പാരമ്പര്യം, മറ്റു രോഗങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ അമിതഭാരത്തിന് കാരണമാകാം. ലാബ്രഡോർ, ഹൗണ്ടുകൾ, ഡാഷ്ഹണ്ട് തുടങ്ങിയ പല ജനുസുകൾക്കും പാരമ്പര്യമായി പൊണ്ണത്തടിക്കുള്ള പ്രവണതയുണ്ടാകും. കരൾ രോഗങ്ങൾ, അർബുദം, പ്രമേഹം തുടങ്ങിയവയുടെ പരിണിതഫലമായി ശരീരഭാരം കൂടാം. ഹൈപ്പർ തൈറോയ്ഡിസം, ഇൻസുലിനോമ, ഹൈപ്പർ ആട്രിനോകോർട്ടിസം, വന്ധ്യംകരണ ശസ്ത്രക്രിയ തുടങ്ങിയ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം പൊണ്ണത്തടിക്ക് വഴിവയ്ക്കാം. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ മുഴുവൻ നായ്ക്കൾക്ക് നൽകുന്നതും, സ്നേഹാധിക്യം മൂലം വീട്ടിലെ ഓരോ അംഗങ്ങളും അവരുടെ വക ഭക്ഷണം നൽകുന്നതും പൊണ്ണത്തടിയുടെ കാരണമാണ്. കൂടിയ കലോറിയും, കൊഴുപ്പും, മാംസ്യവും അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ, മധുര പലഹാരങ്ങൾ, ഐസ്ക്രീം എന്നിവ സ്ഥിരമായി നൽകുന്നതും അമിത വണ്ണത്തിന് കാരണമാകാം. ഭക്ഷണം ആവശ്യത്തിലധികമാകുന്നതിനു പുറമെ വ്യായാമത്തിന്റെ കറവു കൂടിയാകുമ്പോൾ പൊണ്ണത്തടി താനേ കടന്നു വരുന്നു. സ്ഥല പരിമിതി മൂലമോ, സമയക്കുറവു കാരണമോ അല്ലെങ്കിൽ മടി കാരണമോ ഉടമ നായ്ക്കൾക്ക് വ്യായാമം നിഷേധിക്കുമ്പോൾ ഉടമയുടെ കുറ്റം കൊണ്ടുതന്നെ അരുമ പൊണ്ണത്തടിയനാകുന്നു.

നായ്ക്കൾക്കുണ്ടാകുന്ന പലരോഗങ്ങളുടെയും മൂലകാരണം അമിതഭാരമാണ്. നായ്ക്കളുടെ ആയുസിന്റെ ദൈർഘ്യം കുറയ്ക്കുന്നതിൽ പൊണ്ണത്തടിയുടെ പങ്ക് വ്യക്തമാണ്. ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും പൊണ്ണത്തടിമൂലമുള്ള പ്രശ്നങ്ങൾ കാണപ്പെടാം. എല്ല്, സന്ധി, ദഹനേന്ദ്രിയ യുഗം, ശ്വാസകോശത്തിന്റെ ശ്വസന ശക്തി തുടങ്ങി നിരവധി പ്രശ്നങ്ങൾ, പ്രമേഹം, കരൾരോഗങ്ങൾ, ഹൃദ്രോഗം, വാതരോഗം, രക്തസമ്മർദ്ദം, തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങൾ എന്നിവയ്ക്ക് പൊണ്ണത്തടി വഴിവയ്ക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയിലുണ്ടാകുന്ന കുറവ് കനൈൻ ഡിസ്റ്റംപർ, ചർമ്മ രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ കൂടുതലായി ഉണ്ടാകാൻ കാരണമാണ്. വന്ധ്യതയാണ് പൊണ്ണത്തടിയുടെ മറ്റൊരു ഫലം. മദി ലക്ഷണങ്ങളുടെ അഭാവം, ഗർഭധാരണം കുറയൽ, ഗർഭമലസൽ, വിഷമ പ്രസവം, കുഞ്ഞുങ്ങളുടെ എണ്ണം കുറയൽ, പാലൂട്ടാൻ ശേഷി കുറയൽ തുടങ്ങി നിരവധി പ്രത്യുത്പാദന പ്രശ്നങ്ങൾ വരാം. അണപ്പും, കിതപ്പും കാരണം നടപ്പും ഓട്ടവും വരെ നായ്ക്കൾക്ക് ബുദ്ധിമുട്ടാകുന്നു.

പൊണ്ണത്തടിയുടെ കാരണം കണ്ടുപിടിക്കുകയെന്നതാണ് പ്രധാനം. ഭക്ഷണ ക്രമീകരണം, വ്യായാമം, മാനസിക- സ്വഭാവ ക്രമീകരണം, മരുന്ന്, സർജറി എന്നിവയാണ് സാധാരണ മനുഷ്യരിൽ പൊണ്ണത്തടിയെ നേരിടാൻ ഉപയോഗിക്കുന്ന ചികിത്സാമാർഗങ്ങൾ.

ഇതിൽ മരുന്നും സർജറിയും നായ്ക്കളിൽ സാധാരണ ഉപയോഗിക്കാറില്ല. ഭക്ഷണ ക്രമീകരണവും, വ്യായാമവുമാണ് നായ്ക്കളിൽ അമിതഭക്ഷണം മൂലമുള്ള പൊണ്ണത്തടി കുറയ്ക്കാൻ ചെയ്യാറുള്ളത്. ഓരോ ജനുസിനും പ്രായത്തിനും, ശാരീരികാവസ്ഥകൾക്കും ആവശ്യമായ ആഹാരത്തിന്റെ അളവ് അറിഞ്ഞുവേണം ഉടമ നായയെ പോറ്റാൻ. വീട്ടിൽ ബാക്കി വരുന്ന ആഹാരം മുഴുവൻ കൊടുക്കാനുള്ള വേസ്റ്റ് ബിൻ അല്ല നായ. ഇഷ്ടം കൂടി ഓരോരുത്തരും തീറ്റ കൊടുക്കേണ്ട ആവശ്യവുമില്ല. ദിവസം ഒന്നോ രണ്ടോ തവണ മാത്രം തീറ്റ നൽകുക. ഊർജ്ജം കുറഞ്ഞ നാരിന്റെ അംശം കൂടുതലുള്ള തീറ്റ നൽകണം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. ഭക്ഷണത്തിന്റെ സമയക്രമം പാലിക്കണം. ധാരാളം ശുദ്ധജലം കുടിക്കാൻ നൽകണം. മധുരപലഹാരങ്ങൾ ഒഴിവാക്കുക. അരിഭക്ഷണം കുറയ്ക്കണം. ഇറച്ചിയുടെ അളവ് പൊണ്ണത്തടിയൻമാർക്ക് പകുതിയാക്കണം. L-കാർണിറ്റിൻ, കോൺജുഗേറ്റഡ് ലിൻ ഒലിയിക് ആസിഡ്, ഉയർന്ന നാരുള്ള ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള തെറാപ്യൂട്ടിക് ഡയറ്റുകൾ പൊണ്ണത്തടിയൻമാർക്കു നൽകാം.

തടിയുള്ളവർക്ക് മാംസാഹാരം കുറച്ചും പച്ചക്കറി കൂടുതലും നൽകണം. വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കൾക്ക് മറ്റുള്ളവയേക്കാൾ കുറവ് ഭക്ഷണം നൽകിയാൽ മതി. ദിവസേന അരമണിക്കൂറെങ്കിലും നടത്തിയോ, ഓടിപ്പിച്ചോ വ്യായാമം നൽകണം. ഭക്ഷണക്രമീകരണത്തോടൊപ്പം മാത്രം വ്യായാമം നൽകിയാലേ ഫലമുണ്ടാകുകയുള്ളൂ. പൊണ്ണത്തടി കണ്ടെത്തിയാൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ശാസ്ത്രീയ തീറ്റ പരിപാലനക്രമം രൂപപ്പെടുത്തുക, ആരോഗ്യമുള്ള നായ്ക്കൾക്ക് സമീകൃത തീറ്റയും കൃത്യവ്യായാമവും നൽകി പൊണ്ണത്തടി ഒഴിവാക്കുകയും വേണം.

കടപ്പാട്:ഡോ.സാബിന്‍ ജോര്‍ജ്,

അസിസ്റ്റന്റ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എല്‍.പി.എം.

വെറ്ററിനറി കോളേജ്, മണ്ണൂത്തി

അവസാനം പരിഷ്കരിച്ചത് : 6/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate