অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നായ

രോഗനിയന്ത്രണത്തില്‍ ശ്രദ്ധവേണം

നായ്ക്കളെ ഉയര്‍ന്ന വില നല്‍കി വാങ്ങുന്നവരില്‍ പലരും രോഗനിയന്ത്രണ ത്തെക്കുറിച്ച് അജ്ഞരാണ്. നായ്ക്കളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇവര്‍ അറിയേണ്ടതുണ്ട്.

45-60 ദിവസം പ്രായത്തിലാണ് ഏവര്‍ക്കും നായക്കുട്ടിയെ ലഭിക്കുന്നത്. ഈ പ്രായത്തില്‍തന്നെ പേവിഷബാധയ്‌ക്കെതിരായുള്ള ആദ്യ പ്രതിരോധ വാക്‌സിന്‍ നല്‍കണം. ഈ കാലയളവില്‍ ഡിസ്റ്റംബര്‍ രോഗം, പാര്‍ച്ച് രോഗം, എലിപ്പനി, കൊറോണ രോഗം, ഹെപ്പറ്റൈറ്റിസ് എന്നിവയ്‌ക്കെതിരായുള്ള പ്രതിരോധ കുത്തിവെയ്പും നല്‍കാം. ഒരു മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസും വര്‍ഷംതോറും തുടര്‍ കുത്തിവെയ്പും നല്‍കേണ്ടതാണ്. 
അടുത്തകാലത്തായി നായ്ക്കളില്‍ ഡിസ്റ്റംബര്‍ രോഗം കൂടുതലായി കണ്ടുവരുന്നു. സാധാരണയായി രണ്ട് വയസ്സില്‍ താഴെയുള്ള നായ്ക്കളിലാണ് രോഗബാധ നമ്മുടെ നാട്ടില്‍ കൂടുതലായും കണ്ടുവരുന്നത്. മാറിമാറിയുള്ള പനി, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും പഴുപ്പൊലിപ്പ്, തളര്‍ച്ച, വിറയല്‍, വയറിനടിവശത്ത് കുരുക്കള്‍ എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍. വൈറസ്മൂലമുള്ള രോഗമാണിത്. ഇവ ശ്വാസകോശത്തെ ബാധിച്ചാല്‍ ന്യുമോണിയയ്ക്കിടവരും. രോഗം ബാധിച്ച നായ്ക്കളില്‍ മരണ നിരക്ക് കൂടുതലാണ്. രോഗപ്രതിരോധ കുത്തിവെയ്പിലൂടെ രോഗത്തെ നിയന്ത്രിക്കാം. ലെപ്‌റ്റോസ്‌പൈറോസിസ് അഥവാ എലിപ്പനി നായ്ക്കളിലും കണ്ടുവരുന്നു. രോഗം മനുഷ്യരിലേക്കും പകരാറുണ്ട്. ലെപ്‌റ്റോസ്‌പൈറ അണുജീവികളാണ് രോഗമുണ്ടാക്കുന്നത്. പനി, ഭക്ഷണം കഴിയ്ക്കാന്‍ വിമുഖത, ഛര്‍ദ്ദി, തളര്‍ച്ച എന്നിവ പൊതുവായ രോഗലക്ഷണങ്ങളാണ്. കൂടും, പരിസരവും രോഗാണുവിമുക്തമാക്കാനും, ഭക്ഷണപ്പാത്രങ്ങള്‍ എലികളുടെ മൂത്രം, കാഷ്ഠം എന്നിവ സൂക്ഷിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. രോഗനിയന്ത്രണ ത്തിനായി പ്രതിരോധകുത്തിവെപ്പുകള്‍ നിലവിലുണ്ട്. 
നായ്ക്കളെ ബാധിക്കുന്ന വൈറസ് രോഗങ്ങളാണ് കൊറോണ രോഗം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നിവ പൊതുമായ രോഗലക്ഷണങ്ങളാണ്. ഇവയ്‌ക്കെതിരായി പ്രതിരോധ കുത്തിവെപ്പുകളുണ്ട്. ഹെപ്പറ്റൈറ്റിസ് അഥവാ കരള്‍വീക്കം നായ്ക്കളില്‍ അഡിനോ വൈറസുകളുണ്ടാക്കുന്ന രോഗമാണ്. മഞ്ഞപ്പിത്തത്തിന് സമാനമായ രോഗലക്ഷണങ്ങള്‍ ഛര്‍ദ്ദി, ഭക്ഷണത്തിനു രുചിക്കുറവ് എന്നിവ ലക്ഷണങ്ങളാണ്. രോഗത്തെ നിയന്ത്രിക്കാന്‍ വാക്‌സിനേഷനുകളുമുണ്ട്. 
മൈക്കോപ്ലാസ്മയിനം അണുജീവികള്‍ പട്ടുണ്ണി വഴി പകരുന്ന എര്‍ലിഷിയോസിസ് രോഗം അടുത്ത കാലത്തായി നായ്ക്കളില്‍ കൂടുതലായി കണ്ടുവരുന്നു. പനി, രുചിക്കുറവ്, മൂക്കില്‍ നിന്നും രക്തമൂറുക, ശരീരതൂക്കം കുറയല്‍, ലിംഫ് ഗ്രന്ഥികളുടെ വീക്കം, തൊലിപ്പുറത്ത് രക്തപ്പാടുകള്‍ എന്നിവയും പൊതുവായ രോഗലക്ഷണങ്ങളാണ്. പരാദബാധ നിയന്ത്രിക്കുന്നതിലൂടെ രോഗത്തെ നിയന്ത്രിക്കാം. 
വളര്‍ത്തു നായ്ക്കളില്‍ ത്വക്ക് രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. ഇവ വിവിധയിനം അണുജീവികള്‍, പൂപ്പല്‍, ബാഹ്യപരാദങ്ങള്‍ എന്നിവ വഴിയാകാം. കാലാവസ്ഥാവ്യതിയാനം, അലര്‍ജി എന്നിവയും രോഗത്തിന് ഇടവരുത്തും. പൂപ്പലുണ്ടാക്കുന്ന മാലസീഷിയ, പയോഡെര്‍മ എന്നിവയും, വിവിധയിനം സൂക്ഷ്മജീവികളായ മൈറ്റുകളുണ്ടാക്കുന്ന ഡെമോഡെക്‌സ് ബാധ എന്നിവ നായ്ക്കളില്‍ കൂടുതലായി കണ്ടുവരുന്നു. ശാസ്ത്രീയ പരിചരണം, തുടക്കത്തിലുള്ള രോഗ നിര്‍ണ്ണയം ചികിത്സ എന്നിവ രോഗ നിയന്ത്രണത്തിന് അനുവര്‍ത്തിക്കേണ്ടതാണ്. വളര്‍ത്തു നായ്ക്കള്‍ക്ക് മൂന്നാഴ്ച പ്രായത്തില്‍ വിരമരുന്ന് നല്‍കണം. തുടര്‍ന്ന് മാസത്തിലൊരിക്കല്‍ വീതം ആറു മാസംവരെ വിരമരുന്ന് നല്‍കണം. നായ്ക്കളില്‍ വിവിധയിനം വിരകള്‍ കാണപ്പെടുന്നതിനാല്‍ കാഷ്ഠം പരിശോധിച്ച് വിരമരുന്ന് നല്‍കുന്നതാണ് അഭികാമ്യം.

പെറ്റ് ആക്‌സസറീസ് വിപണി

ഓമനമൃഗങ്ങള്‍ക്കാവശ്യമായ  വസ്തുക്കള്‍ ജൈവതീറ്റ, ആരോഗ്യം പ്രാധാനം ചെയ്യുന്ന ഭക്ഷണം, ധാന്യങ്ങളിലെ ഗ്ലൂട്ടനില്ലാത്ത തീറ്റ എന്നിവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രാധാന്യം ലഭിച്ചു വരുന്നു. 

ഓമനമൃഗങ്ങള്‍ക്കും അലങ്കാര പക്ഷികള്‍ക്കുമിണങ്ങിയ പെറ്റ് ആക്‌സസറികള്‍ക്ക് ഇന്ന് വിപണിയില്‍ പ്രിയമേറി വരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രാദേശികമായി ഓമനമൃഗങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിരവധി മാറ്റങ്ങളിന്നുണ്ട്്. ഇന്ത്യയില്‍ ആഗോളതലത്തില്‍ വിപണി കയ്യടക്കിയ നിരവധി  വസ്തുക്കളുണ്ട്്.

ഓമന മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ അവയ്ക്ക്  യാത്രയില്‍ കൊണ്ടുപോകാവുന്ന കൂട്, കിടക്ക, ഓട്ടോമാറ്റിക്ക് തീറ്റപ്പാത്രങ്ങള്‍, കഴുത്തിലിടാവുന്ന റേഡിയോ കോളര്‍, ട്രാന്‍പോ ന്‍ ഘടിപ്പിച്ച ലീഷ്, മികച്ച ടോയിലറ്റുകള്‍. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ശരീരം ചീകിമിനുക്കാവുന്ന ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക ഉപകരണങ്ങള്‍, വീല്‍ ചെയറുകള്‍ മുതലായവ ഇവയില്‍ ചിലതാണ്.

അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, യു.കെ, യൂറോപ്പ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളില്‍ പെറ്റ് ആക്‌സസറീസിന്റെ വിപണി 14 ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റേതാണ്. 

വളര്‍ത്തു നായ്ക്കളില്‍ ഡോഗ് കോളര്‍, ലീഡ്‌സ്, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍,  രോമം വൃത്തിയാക്കുന്ന കോസ്‌മെറ്റിക്ക് ഉപകരണങ്ങള്‍, യാത്രയില്‍ കൂടെ വേണ്ടിവരുന്ന ഔട്ട് ഡോര്‍ പ്രൊഡക്ട്‌സ്, കിടക്ക, കമ്പിളി, പാവകള്‍, നായ്ക്കളെ  കൊണ്ടു പോകാവുന്ന കാരിയറുകള്‍, ബാക്ക്പാക്ക്‌സ്, നായ്ക്കള്‍ക്ക് സുഖവാസത്തിനുള്ള ഉപകരണങ്ങള്‍, കാറില്‍ യാത്ര ചെയ്യിക്കുമ്പോഴും വിമാനത്തില്‍ യാത്ര ചെയ്യിക്കുമ്പോഴും ആവശ്യമായ ഉപകരണങ്ങള്‍, ഡോഗ് സ്‌ട്രോളേഴ്‌സ്, ഡോഗ് സ്റ്റെപ്‌സ്, വസ്ത്രങ്ങള്‍ ക്രിസ്തുമസ്സ് കളിപ്പാട്ടങ്ങള്‍ തുടങ്ങി നൂറുകണക്കിന് ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഇവയില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തുന്നത്.

പൂച്ചകള്‍ക്കും പ്രത്യേകം കിടക്കകള്‍, കൊണ്ടുപോകാവുന്ന വാഹനങ്ങള്‍, ഭക്ഷണം, നല്‍കാവുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആശ്വാസകരമായ അവസ്ഥക്കിണങ്ങുന്ന വസ്തുക്കള്‍, കോളറുകള്‍ എന്നിവയും വിപണിയിലുണ്ട്

അലങ്കാരപക്ഷികള്‍ക്ക് കളിപ്പാട്ടങ്ങള്‍ കിടക്കകള്‍, എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന കൂടുകള്‍ എന്നിവയുണ്ട്്. ഓമനമൃഗങ്ങള്‍ക്ക് വേണ്ടിയുള്ള തടവാനുള്ള കൈയ്യുറകള്‍, ടൂത്ത് ബ്രഷുകള്‍, പ്ലാസ്റ്റിക്ക് വേസ്റ്റു ബാഗുകള്‍ക്കു പകരം സുഗന്ധം പരത്തുന്ന പൂച്ച് പിക്കപ്പ് ബാഗുകള്‍, ദിവസേന ഉപയോഗിക്കാവുന്ന ജൈവ നിര്‍മ്മിതമായ പിക്കപ്പ് ബാഗുകളും വിപണിയിലുണ്ട്.  

മുത്ത് പിടിപ്പിച്ച കോളറുകള്‍ (Studded Staffy Collars), പൂച്ചകള്‍ക്ക് ഒളിച്ചിരിക്കാവുന്ന ടണലുകള്‍ (Cat Tunnels), സീറ്റ് ബെല്‍റ്റുകള്‍, കളിപ്പാട്ടങ്ങള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള കോളറുകള്‍, ഷൂസുകള്‍ (Dog Boots), പന്തുകള്‍, വിവിധയിനം കിടക്കകള്‍, പെറ്റ് കാരി ബാഗുകള്‍ മുതലായവ വിപണിയില്‍ ഏറെ വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങളാണ്. 

ശീതകാല വസ്ത്രങ്ങള്‍, ടെന്നീസ് ബാള്‍ ക്രൗളേഴ്‌സ്, New bottle Buddles, Snazzy Pet Stroller, Up and lift Harness Black തുടങ്ങി നിരവധി ഉല്‍പന്നങ്ങളും വിപണിയിലുണ്ട്. ഇന്ത്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറക്കുമതി വഴിയാണ് ഇവയെത്തുന്നത്.

ഫേസ്ബുക്കില്‍ Pet accessories House എന്ന  സോഷ്യല്‍ ഗ്രൂപ്പുതന്നെയുണ്ട്്.

  • www.etsy.com
  • www.petaccessaris.de
  • www.intmarks.com
  • www.yell.com
  • www.dogspot.in
  • www.petaccessories.com


എന്നീ വെബ്‌സൈറ്റില്‍  നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും.

Acon, Ancol, Aquapacific, Pets corner, RSPCA, Vital group, Pedigree, Rosewood, Tetra എന്നിവ പ്രമുഖ പെറ്റ് ആക്‌സസറീസ് ബ്രാന്‍ഡുകളാണ്. ആഗോളതലത്തില്‍ 17.2 ബില്ല്യന്‍ അമേരിക്കന്‍ ഡോളറാണ് 2015 ഓടുകൂടി പെറ്റ് ആക്‌സസറീസ് വിപണി ലക്ഷ്യമിടുന്നത്. Ancol, Beaphar, Ferplast SPG, Hartz Mountain Corporation, Nestle, Purina, Shaws Pet products, Rose wood Pet Products മുതലായവ  ആഗോള പ്രാധാന്യമേറിയ പെറ്റ് ആക്‌സസറി കമ്പനികളാണ്.

ഇന്ത്യയില്‍ പെറ്റ് അക്‌സസറി വിപണി കയ്യടക്കിയിരിക്കുന്നത് പ്രധാനമായും 6 കമ്പനികളാണ്. ജര്‍മ്മനിയിലെ പെറ്റ് ടോയ്‌സ്, Karlie, അമേരിക്കയിലെ ഫ്‌ളെക്‌സി, ദക്ഷിണാഫ്രിക്കയിലെ Rogzy, ദക്ഷിണ കൊറിയയിലെ ഫോര്‍ബിസ് മുതലായവയാണ്. ഇന്ത്യയില്‍ Pet set 90 എന്ന കമ്പനിയും നിലവിലുണ്ട്്. വിദേശ പെറ്റ് ഉല്‍പന്നങ്ങള്‍ ഇവര്‍ ഇറക്കുമതി ചെയ്ത് വിപണിയില്‍ ലഭ്യമാക്കിവരുന്നു. പെറ്റ് ഫുഡ്‌സ്, പെറ്റ് ആക്‌സസറീസ് വിപണിയില്‍ ഇന്ത്യയില്‍  വാര്‍ഷിക വിറ്റുവരവ് 300 കോടിയിലധികമാണ്. ഇവയുടെ വിപണനത്തിനായി നിരവധി ഓണ്‍ലൈന്‍ കമ്പനികളുമുണ്ട്.

ഓമനകളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു

മാറുന്ന ജീവിത സാഹചര്യങ്ങളില്‍ മനുഷ്യരിലെന്നപോലെ ഓമന മൃഗങ്ങളിലും ഹൃദ്രോഗത്തിനുള്ള സാധ്യതയേറിവരുന്നു. വളര്‍ത്തു നായ്ക്കളിലും, പൂച്ചകളിലുമാണ് കാര്‍ഡിയോമയോപ്പതി കൂടുതലായി കണ്ടവരുന്നത്. ഇവയില്‍ രണ്ടനമുണ്ട.. ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതിയും ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതിയും ഹൈപ്പര്‍ട്രോഫിക്ക് കാര്‍ഡിയോ മയോപ്പതിയും ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി നായ്ക്കളിലും, ഹൈപ്പര്‍ട്രോഫിക്ക് കാര്‍ഡിയോ മയോപ്പതി പൂച്ചകളിലും കൂടുതലായി കണ്ടവരുന്നു. ഹൃദയപേശികളുടെ രക്തം പമ്പ് ചെയ്യുന്നതിനുള്ള കഴിവ് കുറയുന്നതാണ് ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി. ഹൃദയഭിത്തികളുടെ കട്ടി കൂടുന്നത് ഹൈപ്പര്‍ട്രോഫിക്ക് കാര്‍ഡിയോ മയോപ്പതിയ്ക്കിടവരുത്തും.

ഡോബര്‍മാന്‍, ലാബ്രഡോര്‍, ബോക്‌സര്‍, അല്‍സേഷന്‍, ഗ്രേറ്റ്‌ഡേന്‍, റോട്ട്‌വീലര്‍ തുടങ്ങിയ ജനുസ്സുകളില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. മാംസാഹാരം കൂടുതലായി കഴിക്കുന്ന നായ്ക്കളിലാണ് രോഗസാധ്യതയേറുന്നത്. ക്ഷീണം, തളര്‍ച്ച, വ്യായാമം ചെയ്യാനുള്ള ശേഷിക്കുറവ്, തൂക്കക്കുറവ് മുതലായവ പൊതുമായ രോഗലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ ചികിത്സിക്കാന്‍ പോലും സമയം ലഭിയ്ക്കാതെ നായ്ക്കള്‍ പെട്ടെന്ന് ചത്തുപോകാറുണ്ട.. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് ഒരാഴ്ച മുമ്പ് ഭക്ഷണത്തിന് രുചികുറവ്, ശ്വാസ തടസ്സം, ചുമ, കിതപ്പ് തുടങ്ങിയവ പ്രകടിപ്പിക്കാറുണ്ട. അമിതമായ ശരീരതൂക്കമുള്ള നായ്ക്കളില്‍ രോഗ നിരക്ക് കൂടുതലാണ്. ഇവയില്‍ ഹൃദയമിടിപ്പിന്റെ വ്യതിയാനങ്ങള്‍ കാണപ്പെടും.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടനെ വിദഗ്ദ ചികിത്സ ഉറപ്പു വരുത്തണം. ഇലക്‌ട്രോ കാര്‍ഡിയോ ഗ്രാം, എക്‌സറേ, സീറോളജിക്കല്‍ ടെസ്റ്റുകള്‍, അള്‍ട്രാ സോണോഗ്രഫി എന്നിവ രോഗനിര്‍ണ്ണയത്തിനുപകരിക്കും.

നായ്ക്കളിലെ ഹൃദ്രോഗ ബാധ ഒഴിവാക്കാന്‍ കൊഴുപ്പു കുറഞ്ഞ ചേരുവകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കൊഴുപ്പു കുറഞ്ഞ ഇറച്ചി, പാല്‍ എന്നിവ മാത്രമേ നല്‍കാവൂ. നാരുകളടങ്ങിയ ഭക്ഷണം തീറ്റയില്‍ ഉള്‍പ്പെടുത്തണം, അമിതമായ വണ്ണമുള്ള നായ്ക്കളുടെ രക്ത സാമ്പിളുകള്‍ 6 മാസത്തിലൊരിക്കല്‍ സീറോളജിക്കല്‍  ടെസ്റ്റിന് വിധേയമാക്കണം. വേവിക്കാത്ത  മുട്ട, മത്സ്യം എന്നിവ നായ്ക്കള്‍ക്ക് നല്‍കരുത്. ചോക്കലേറ്റ്,. കാപ്പി, ചായ മുതലായവ നല്‍കുന്നതും കൂടെ കൂടെ മധുരപലഹാരങ്ങള്‍ നല്‍കുന്നതും ഒഴിവാക്കണം.

കൂടിയ അളവില്‍ ചോക്ലേറ്റ് നല്‍കുന്നത് നായ്ക്കളില്‍  വയറിളക്കം., ചര്‍ദ്ദി തുടങ്ങിയ  രോഗലക്ഷണങ്ങള്‍ക്കിടവരുത്തും. തീറ്റയില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം.      പഴകിയതോ, പൂപ്പല്‍ ബാധിച്ചതോ  ആയ തീറ്റ നായ്ക്കള്‍ക്ക് നല്‍കരുത്. പന്നിയിറച്ചി നായ്ക്കള്‍ക്ക് നല്‍കരുത്.  ഇറച്ചിക്കടകളില്‍ നിന്നും കരള്‍ ഭാഗങ്ങള്‍ വാങ്ങി നല്‍കുന്ന ശീലം ഒഴിവാക്കണം.

അരുമ നായ്ക്കള്‍ക്ക് രോമം പൊഴിച്ചില്‍

അരുമകളായ നായ്കുട്ടികള്‍ക്ക് രോമം പൊഴിയുന്നത് ഏതൊരു ഉടമസ്ഥനേയും വിഷമിപ്പിക്കും. നായ്കുട്ടികള്‍ക്ക് രോമം പൊഴിയുന്നു എന്ന പരാതിയുമായി ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്താണ് രോമം പൊഴിയാനുള്ള കാരണങ്ങള്‍ എന്ന് മനസ്സിലാക്കിയാല്‍ മാത്രമേ അതിനുള്ള പ്രതിവിധികള്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

രോമം പൊഴിച്ചില്‍ പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. ചില കാലാവസ്ഥയിലും ശാരീരിക അവസ്ഥയിലും പ്രത്യേകിച്ച് പ്രസവത്തിനുശേഷവും സാധാരണയില്‍ കവിഞ്ഞ് രോമം പൊഴിച്ചില്‍ ഉണ്ടാകാം. അങ്ങിനെയുള്ള സമയത്ത് മറ്റു രോഗലക്ഷണങ്ങളായ ചൊറിച്ചില്‍, തൊലിപ്പുറത്തെ വ്രണങ്ങള്‍ എന്നിവയൊന്നും കാണപ്പെടാറില്ല. നായ്ക്കളുടെ ചര്‍മ്മരോഗങ്ങളാണ് രോമം പൊഴിയുന്നതിനുള്ള പ്രധാന കാരണം. പലതരം ബാക്ടീരിയകള്‍, ഫംഗസുകള്‍, പരാദങ്ങള്‍, യീസ്റ്റുകള്‍ എന്നിവയാണ് സാധാരണ ചര്‍മ്മരോഗങ്ങളുടെ കാരണങ്ങള്‍. കൂടാതെ ഹോര്‍മോണുകളിലെ വ്യതിയാനങ്ങള്‍, വിറ്റാമിനുകളുടേയും ധാതുലവണങ്ങളുടേയൂം പര്യാപ്തത, അലര്‍ജി, മറ്റ് ആന്തരിക രോഗങ്ങള്‍ എന്നിവമൂലവും രോമം പൊഴിയാറുണ്ട്.

ശരിയായ ലബോറട്ടറി പരിശോധനകളിലൂടെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കി അതിനനുസരിച്ച് ചികിത്സിച്ചാല്‍ മാത്രമേ ഇത് തടയാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ത്വക്ക് രോഗങ്ങള്‍ക്ക് കൂറെ ദിവസങ്ങളും മാസങ്ങളും നീണ്ട ചികിത്സ തന്നെ വേണ്ടിവരും. അതുകൊണ്ട് ഒരു ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ശരിയായ കാലയളവിലുള്ള ചികിത്സയിലൂടെ മാത്രമേ പൂര്‍ണ്ണമായ രോഗമുക്തി ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ തല്ക്കാല ശാന്തി ഉണ്ടായാലും വീണ്ടും രോഗബാധ വരാനുള്ള സാധ്യതയുണ്ട്.

ചികിത്സയോടൊപ്പം തന്നെ രോഗത്തിന് കാരണമാകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി ഒഴിവാക്കുകയും വേണം. ത്വക്കിന് തുടര്‍ച്ചയായി ഈര്‍പ്പം തട്ടുന്ന അവസ്ഥ ഒഴിവാക്കണം. അതോടൊപ്പം ചെള്ള്, പേന്‍, ഫ്‌ളീസ് തുടങ്ങിയ ബാഹ്യപരാദങ്ങളെ അകറ്റുകയും വേണം. ഇവയ്‌ക്കെതിരായ പല മരുന്നുകളും ഷാംബുകളും നായയുടെ കഴുത്തിലിടാവുന്ന മരുന്നുകള്‍ അടങ്ങിയ കോളറുകളും വിപണിയില്‍ ലഭ്യമാണ്. ഇവ ശരിയായ രീതിയില്‍ ഉപയോഗിച്ച് ഇത്തരം കീടങ്ങളെ നിയന്ത്രിക്കണം. നായ്ക്കളുടെ ശരീരത്തില്‍ നിന്ന് മാത്രം ഇത്തരം ബാഹ്യപരാദങ്ങളെ തടഞ്ഞതുകൊണ്ട് പ്രയോജനമില്ല. ചുറ്റുമുള്ള പരിസരങ്ങളില്‍ നിന്നും കൂടിന്റെ മുക്കിലും മൂലയിലും നിന്നും ഇവ വീണ്ടും നായയുടെ ശരീരത്തിലേക്ക് വരും. അതുകൊണ്ട് കീടനാശിനികള്‍ കൂട്ടിലും പരിസരങ്ങളിലും ഉപയോഗിച്ച് ഇവയെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ ശ്രദ്ധിക്കണം.

പലപ്പോഴും ത്വക്ക് രോഗങ്ങള്‍ ചികിത്സയിലൂടെ ഭേദമായാലും ശരീരത്തിന്റെ പ്രതിരോധശക്തി കുറയുന്ന അവസരങ്ങളില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകും. അതുകൊണ്ട് ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്ന തരം മരുന്നുകളും നല്‌കേണ്ടിവരും. മണ്ഡരിബാധ പോലെയുള്ള ത്വക്ക് രോഗങ്ങള്‍ പാരമ്പര്യമായി പകരുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് ഈ രോഗം ഉള്ള നായ്ക്കളേയും പട്ടികളേയും ഇണചേര്‍ക്കാന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

ഹോര്‍മോണുകളിലുള്ള വ്യതിയാനങ്ങളും രോമം പൊഴിച്ചിലിനും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകാമെന്നതുകൊണ്ട് രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് പരിശോധിച്ച് ചികിത്സ നടത്തുകയും വേണം. അതോടൊപ്പംതന്നെ ത്വക്കിന്റെ ആരോഗ്യത്തിന് വേണ്ട വൈറ്റമിനുകള്‍ പ്രത്യേകിച്ച് വൈറ്റമിന്‍ എ, ധാതുലവണങ്ങളായ കോപ്പര്‍, സിങ്ക് എന്നിവ അടങ്ങിയ മരുന്നുകള്‍ നല്കുന്നതും ഗുണം ചെയ്യും.

നിത്യേനയുള്ള കുളിപ്പിക്കല്‍ കഴിയുന്നതും ഒഴിവാക്കണം. കാരണം ഇത് തൊലി വരണ്ടുപോകുവാനും രോമങ്ങള്‍ പൊഴിയുന്നതിനും കാരണമാകും. ആഴ്ചയില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം കുളിപ്പിച്ചാല്‍ മതി. പക്ഷേ, ദിവസവും ബ്രഷ് ചെയ്യുന്നത് ത്വക്കിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ദിവസവും ബ്രഷ് ചെയ്യുന്നതു മൂലം ആരോഗ്യമില്ലാത്ത രോമങ്ങള്‍ പൊഴിഞ്ഞ് പോകുകയും രോമത്തിന് കൂടുതല്‍ തിളക്കമുണ്ടാവുകയും ചെയ്യും.

പരിശീലനത്തിന്റെ രസതന്ത്രം

വളര്‍ത്തു നായ്ക്കളുടെ പരിശീലനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ മൂന്നാമത്തെ മാസം അതായത് നായ്കുട്ടി വീട്ടിലെത്തിയതു മുതല്‍ തുടങ്ങണം. പ്രായപൂര്‍ത്തിയെത്തിയ നായ്ക്കളെ പരിശീലിപ്പിക്കുക അത്ര എളുപ്പമല്ല.

നായ്ക്കളില്‍ പ്രവര്‍ത്തന മികവ,് നല്ല സ്വഭാവം എന്നിവ വളര്‍ത്തിയെടുക്കാന്‍ പരിശീലനം വഴിയൊരുക്കും. ആജ്ഞകള്‍ അനുസരിക്കുവാനും, പ്രതികൂല സാഹചര്യങ്ങളില്‍ ആവശ്യമായ കഴിവുകള്‍ രൂപപ്പെടുത്തി എടുക്കുവാനും പരിശീലനം ഉപകരിക്കും. നായ പരിശീലനത്തില്‍ പ്രാഥമികമായ മര്യാദകള്‍ പഠിപ്പിക്കുന്ന Obedience Training തുടങ്ങി കുറ്റാന്വേഷണം, സൈന്യ സേവനം, വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷ, കാവല്‍ക്കാരന്‍, ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ സന്തതസഹചാരി, സ്‌പോര്‍ട്‌സ് തുടങ്ങി നിരവധി മേഖലകളില്‍ പരിശീലനം നല്‍കാറുണ്ട്. പരിശീലനത്തെത്തുടര്‍ന്ന് വളര്‍ത്തു നായ്ക്കള്‍ നായവളര്‍ത്തുകാരുടെ ആജ്ഞകള്‍ ശരിയായി അപഗ്രഥിച്ച് പ്രതികരിക്കും.

നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. നല്ലശീലങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പോസറ്റീവ് റീ ഇന്‍ഫോഴ്‌സ്മെന്റാണ് നല്ലതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ശിക്ഷ നല്‍കിയുള്ള പരിശീലനമാണ് നല്ലതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

നായ്ക്കളില്‍ കൂടുതലായി പ്രതിഫലിച്ചു വരുന്ന പ്രകടമായ സ്വഭാവ വ്യതിയാനങ്ങള്‍ മറികടക്കാനിണങ്ങിയ പരിശീലനം ആവശ്യമാണെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ നായ്ക്കളെ പരിശീലിപ്പിക്കുമ്പോള്‍ അനുസരണ പ്രോത്സാഹിപ്പിക്കുന്ന പോസറ്റീവ് റീ ഇന്‍ഫോഴ്‌സ്‌മെന്റും, അനുസരണക്കേടിന് ശിക്ഷയും നല്‍കിയുള്ള പരിശീലനം (Operant conditioning) അനുവര്‍ത്തിച്ചു വരുന്നു. 
നായ്ക്കളെ പരിശീലിപ്പിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം

1. ആശയവിനിമയം
പരിശീലകന്‍ നായ്ക്കള്‍ക്ക് ഏത് സ്വഭാവമാണ് അനുചിതം, വേണ്ടത്, ആവശ്യമായത് എന്ന് വ്യത്യസ്ഥ സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ്സിലാക്കിയിരിക്കണം. ഇതിനിണങ്ങിയ ആശയവിനിമയം അത്യന്താപേക്ഷിതമാണ്. നായപരിശീലകന്‍ നായയുടെ ആശയവിനിമയശേഷി വിലയിരുത്തണം. നായ്ക്കളിലെ, ആശയക്കുഴപ്പം, സന്തോഷം, പേടി, ആവേശം തുടങ്ങിയ സ്വഭാവവ്യതിയാനങ്ങള്‍ വിലയിരുത്തി ആശയവിനിമയം ക്രമീകരിക്കാം.
നാല് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ നായ്ക്കള്‍ക്ക് നല്‍കാന്‍ സാധിക്കും

  • ശരിയായ അനുസരണയ്ക്ക് പ്രതിഫലം നല്‍കാം.
  • ശരിയായ അനുസരണാ ശീലത്തിന് പ്രതിഫലം നല്‍കാം.
  • തെറ്റായ സ്വഭാവത്തിന് പ്രതിഫലം നല്‍കരുത്. തുടര്‍ച്ചയായി ശീലിപ്പിച്ചെടു ക്കണം.
  • തുടര്‍ച്ചയായുള്ള അനുസരണക്കേടിന് ശിക്ഷ നല്‍കാവുന്നതാണ്.
  • ആജ്ഞകള്‍ നിരന്തരമായി ആവര്‍ത്തിച്ച് അനുസരിപ്പിക്കാന്‍ ശീലിപ്പിക്കണം. പരിശീലനത്തിനുള്ള പ്രതിഫലം വിവിധ രീതിയിലായിരിക്കും. ബിസ്‌ക്കറ്റ് നല്‍കിയോ, ദേഹത്ത് തടവിയോ, കളിക്കോപ്പുകള്‍ നല്‍കിയോ പ്രതിഫലം നല്‍കാം.

ആശയവിനിമയം വാക്കുകള്‍, ആംഗ്യം എന്നിവ വഴിയാകാം. കൈകൊണ്ടും, ശരീരഭാഷ ഉപയോഗിച്ചും ശീലിപ്പിച്ചെടുക്കാം.

എല്ലാ ആജ്ഞകളും എല്ലായ്‌പ്പോഴും എല്ലാ സ്ഥലങ്ങളിലും അനുവര്‍ത്തിക്കണമെന്നില്ല. വീടിനകത്തു നല്‍കിയ പരിശീലന മുറകള്‍ വീടിന് വെളിയില്‍ പ്രാവര്‍ത്തികമാക്കണമെന്നില്ല.

2. അന്വോന്യം മനസ്സിലാക്കല്‍
പരിശീലനത്തിന് ക്ഷമയും, സമയവും, ആവശ്യമാണ്. വ്യക്തമായ ആശയമവിനിമയം തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്. ഇതിലൂടെയാണ് നായ പരിശീലകനെ മനസ്സിലാക്കുന്നത്. Animal cognition ലൂടെ നായ മണം, കാഴ്ച, ശബ്ദം എന്നിവ വിലയിരുത്തും. നായ്ക്കളിലെ മാനസിക സ്വഭാവമാണ് Animal cognition.

ഉദാഹരണമായി കൈയുയര്‍ത്തി ഉച്ചത്തിലുള്ള ആജ്ഞയോടെ ഇരിക്കാന്‍ ശീലിപ്പിച്ചാല്‍ ഇത് നായയുടെ മനസ്സില്‍ പതിയും. ശബ്ദവ്യത്യാസത്തിലുള്ള ഏറ്റക്കുറച്ചില്‍ നായ്ക്കളുടെ അനുസരണയെ ബാധിക്കും. ഉദാഹരണമായി 'Sit' എന്ന ആജ്ഞയില്‍ T പ്രതിഫലിക്കണം എന്നാല്‍ 'Stay' എന്ന ആജ്ഞ ശീലിപ്പിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും.

വിവിധയിനം പരിശീലനങ്ങള്‍

1. പ്രാഥമിക പരിശീലനം
സാധാരണ അനുവര്‍ത്തിക്കാവുന്ന പരിശീലനങ്ങള്‍ Sit, Down, Stay, Recall (Come here), Close (loose - leash walking), Heel, Stand, (Standing up), Toilet training എന്നിവയാണ്.

വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെ വീട്ടിലെ ഒരംഗം തന്നെ പതിവായി നിശ്ചിത സമയം പരിശീലിപ്പിക്കണം. എത്രത്തോളം ക്ഷമയോടെ തുടര്‍ച്ചയായി പരിശീലിപ്പിക്കുന്നുവോ അത്രത്തോളം പരിശീലനം ഫലപ്രദമായിരിക്കും.

നായക്കുട്ടി സാധാരണയായി ഒന്നര - 2 മാസം പ്രായത്തിലാണ് വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ ഉടനെ പ്രാഥമിക മര്യാദകള്‍ ശീലിപ്പിച്ചെടുക്കണം. ആദ്യം തന്നെ പേരിട്ട് വിളിച്ചാല്‍ വരാന്‍ പ്രേരിപ്പിക്കണം.

നായക്കുട്ടി വീട്ടിലെത്തിയാല്‍ വീടിനകത്തും, പരിസരത്തും മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് തീരാശല്യമായിത്തീരാറുണ്ട്. ഇതിനുള്ള പരിശീലനം Toilet Training ല്‍ പ്പെടുന്നു. ലിറ്റര്‍ ബോക്‌സ്, പ്രത്യേക പാത്രങ്ങള്‍, പേപ്പര്‍ എന്നിവ വെച്ച് പരിശീലിപ്പിച്ചെടുക്കാം.

2. ഉന്നതതല പരിശീലനം
പ്രാഥമിക പരിശീലനത്തിനുശേഷം നായയെ ഏത് ആവശ്യത്തിനാണോ വളര്‍ത്തുന്നത് അതിനിണങ്ങിയ പരിശീലനം അവലംബിക്കണം. പല സാഹചര്യങ്ങളിലും ആവശ്യമായ സ്വഭാവങ്ങള്‍ / പെരുമാറ്റം പ്രത്യേകം വിലയിരുത്തണം. തടസ്സങ്ങളെ മാറ്റി മുന്നേറാനുള്ള Agility Training, കുറ്റാന്വേഷണത്തിന് മണം പിടിച്ചുള്ള കണ്ടെത്തലിനായി Tracking, Training for blind എന്നീ എല്ലാ ആവശ്യങ്ങള്‍ക്കും അനുസരണയുള്ള ചാമ്പ്യന്‍ എന്നീ രീതിയില്‍ ശീലിപ്പിച്ചെടുക്കാം.

നായ്ക്കളെ മറ്റു നായ്ക്കളെ കണ്ടെത്താനും, സഹായിക്കാനും, വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനും ശീലിപ്പിക്കാം.

വസ്തുക്കള്‍ കണ്ടെത്താനുള്ള, കുറ്റാന്വേഷണത്തിനുള്ള പോലീസ് നായ, കാവല്‍ക്കാരന്‍, സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള പരിശീലനം എന്നിവ അവലംബിക്കാം, Tracking കാവലിനുള്ള നായക്ക് വീട് സുരക്ഷയ്ക്കു വേണ്ടിയുള്ള പരിശീലനം ആവശ്യമാണ്.

പരിശീലന രീതികള്‍
പോസറ്റീവ് റീ ഇന്‍ഫോഴ്‌സ്‌മെന്റ് ആജ്ഞകള്‍ അനുസരിക്കുന്നതിന് പാരിതോഷികവും, അനുസരണക്കേടിന് ശിക്ഷയും നല്‍കാം. ഇത് വിവിധരീതിയില്‍ ചെയ്യാം.

'Good' എന്ന വാക്ക് കൂടുതലായി ഭക്ഷണം നല്‍കുന്നതോടൊപ്പം ഉപയോഗിച്ച് അനുസരിപ്പിക്കാം. ഇത് Conditioned Re-inforcer എന്നപേരില്‍ അറിയപ്പെടുന്നു. പേടിമാറ്റാനായി തുടര്‍ച്ചയായി കാണാനുള്ള അവസരമൊരുക്കണം. ഇത് desensitization എന്ന പേരിലറിയപ്പെടുന്നു.

സ്വഭാവം ചെറുതായി മാറ്റിയെടുക്കുന്ന പ്രക്രിയ 'Shaping' എന്ന പേരിലറിയപ്പെടുന്നു. ശിക്ഷണം നല്‍കുന്നത് ഉറച്ച ശബ്ദത്തിലാകാം. കോളര്‍ ചെറുതായി വലിക്കാം. പരിശീലന സ്ഥലത്തില്‍ മാറ്റം വരുത്താം.
ഹസ്തദാനം, വട്ടം ചുറ്റുക, ഭക്ഷണത്തിന് വേണ്ടി കൈ നീട്ടുക തുടങ്ങിയവ എളുപ്പത്തില്‍ ശീലിപ്പിച്ചെടുക്കാം.

കുട്ടികളെപ്പോലെ നായക്കുട്ടികളും നിരീക്ഷണത്തിലൂടെയാണ് നിങ്ങളില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുന്നത്. പിരശീലനം നല്‍കുന്ന 15-20 മിനിറ്റുകള്‍ മാത്രമല്ല, മറിച്ച് നായ നിങ്ങളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ എല്ലായ്‌പ്പോഴും മനസ്സിലാക്കും.

പരിശീലനം നായ്ക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുത്. അവയില്‍ ജിജ്ഞാസ മൂലമുള്ള രോഗങ്ങള്‍ക്കും ഇടതടവില്ലാതെയുള്ള കുര എന്നിവയ്ക്ക് അത് ഇടവരുത്തരുത്.

പരിശീലനം ലഭിക്കാത്ത നായ്ക്കള്‍ വീട്ടുകാര്‍ക്കും, സമൂഹത്തിനും തലവേദന സൃഷ്ടിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

നവജാത നായ്കുട്ടികളുടെ പരിപാലനം

ഇന്ന് കേരളത്തില്‍ അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബ്രീഡിങ്ങ് (dog breeding) അഥവാ നായ്ക്കളുടെ ശാസ്ത്രീയ പ്രജനനം. അനേകം ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത് ഇതില്‍ നിന്നുണ്ടാവുന്ന ലാഭം മാത്രം മുന്നില്‍ കണ്ടല്ല.ഉയര്‍ന്ന വരുമാനത്തിന് പുറമേ മാനസികോല്ലസവും പ്രദാനം ചെയ്യുന്നു ഈ തൊഴില്‍ മേഖല.

നായ് വളര്‍ത്തലിലെ വരുമാനം പ്രധാനമായും നായ്കുട്ടികള്‍ തന്നെയാണ്.ഒരു നായ്കുട്ടി ജനിച്ചു വീഴുന്നത് മുതല്‍ അതിനെ സംരക്ഷിച്ചു വളര്‍ത്തി കൊണ്ടുവരുന്നതിലാണ് ഒരു ബ്രീഡരുടെ വിജയം. നായ്കുട്ടികളുടെ മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപെടുന്നത് ജനിച്ചു 4 ആഴ്ച്ചക്കുള്ളിലാണ്‌. അല്പം ശ്രദ്ധയും പരിപാലനവും നല്‍കിയാല്‍ നവജാത നായ്കുട്ടികളുടെ മരണ നിരക്ക് കുറച്ച്, ഉയര്‍ന്ന ലാഭം നേടാനായി സാധിക്കും.

നായ്ക്കളുടെ പ്രസവം ഇതര വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ദിര്‍ഘനേരം നീണ്ടു നില്‍ക്കുന്ന പ്രസവ സമയം ഇതില്‍ ഒരു പ്രത്യേകതയാണ്. നായ്ക്കളുടെ പ്രസവം ശരാശരി 6-12 മണിക്കൂര്‍വരെ ആണെങ്കിലും കുട്ടികളുടെ എണ്ണം അനുസരിച്ച് 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. നായ്ക്കള്‍ പ്രസവത്തിനു മുന്‍പായി വിശപ്പില്ലായ്മ, പരിഭ്രാന്തി, തറയിലും ഭിത്തിയിലും മാന്തുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രസവത്തിനു ഏതാണ്ട് 24 മണിക്കൂര്‍ മുന്‍പ് ശരീരോഷ്മാവ് താഴ്ന്നു ഏകദേശം 99- 100° F ആയി കാണപെടും.

 

നായ്ക്കളുടെ ബ്രീഡ് അനുസരിച്ച് ഒരു പ്രസവത്തില്‍ ഒന്ന് മുതല്‍ ശരാശരി പന്ത്രണ്ട് കുട്ടികള്‍ വരെയുണ്ടാകാം. പ്രസവം തുടങ്ങിയാല്‍ ഓരോ നായ്കുട്ടിയും ഏകദേശം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഇടവേളയില്‍ പുറത്തു വരുന്നു. ഈ അവസരത്തില്‍ അനാവശ്യമായ മരുന്ന് പ്രയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പ്രസവത്തിനു ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു വെറ്റിനരി ഡോക്ടറുടെ സഹായം തേടണം.

ആരോഗ്യവാന്മാരായ നായ്കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഊര്‍ജ്വസ്വലരായിരിക്കും.ഒരു കവറില്‍ പൊതിഞ്ഞ രീതിയിലാണ് ഓരോ നായ്കുട്ടിയും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വരുന്നത്. ഫീറ്റല്‍ മെംബ്രേന്‍സ് (foetal membranes) എന്നറിയപെടുന്ന ഈ കവചം പൊട്ടിക്കുന്ന ചുമതല തള്ളപട്ടിക്കുള്ളതാണ്. തള്ളപട്ടി ഈ ദൌത്യം നിര്‍വഹിചില്ലെങ്ങില്‍, കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന കവചം നീക്കം ചെയ്തു കുട്ടിക്ക് ശ്വസിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആദ്യം തലയുടെ ഭാഗത്ത്‌ നിന്ന് മെംബ്രേന്‍സ് മാറ്റിയതിനു ശേഷം കുട്ടിയെ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് നന്നായി തുടക്കണം. ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം നീക്കം ചെയ്യുന്നതിനും കുട്ടിയുടെ ശ്വസന പ്രക്രിയ സാധാരണ രീതിയില്‍ ആക്കുന്നതിനും ഉപകരിക്കും. അതിനു ശേഷം കുട്ടിയെ തല കീഴായി പിടിച്ചു മൂക്കിലും വായിലും ഉള്ള ദ്രാവകം പഞ്ഞി ഉപയോഗിച്ച് തുടച്ചു കളയണം. കുട്ടിയെ കയ്യിലെടുത്തു വീശുന്ന രീതി അവലംബിക്കരുത്. അങ്ങനെ ചെയ്‌താല്‍ തലച്ചോറില്‍ ക്ഷതമുണ്ടാകാനുള്ള സാധ്യത ഏറെയാണ്‌.

 

നായ്കുട്ടി സാധാരണ രീതിയില്‍ ശ്വസിച്ചു തുടങ്ങി എന്നുറപ്പായാല്‍ കുട്ടിയുടെ പോക്കിള്കൊടിയുടെ 2 സെന്‍റ്റിമീടെര്‍ അകലത്തില്‍ ഒരു നൂല് കൊണ്ട് കെട്ടിയ ശേഷം പൊക്കിള്‍കൊടി മുറിച്ചു ആ ഭാഗത്ത്‌ ആന്റിസെപ്ടിക ലോഷന്‍ പുരട്ടേണ്ടതാണ്.അതിനു ശേഷം വീണ്ടും തുണി ഉപയോഗിച്ച് നയ്കുട്ടിയുടെ ദേഹത്ത് പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം പൂര്‍ണമായും തുടച്ചു കളയണം.ഈ അവസരത്തില്‍ ഒരു ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് കുട്ടിയുടെ ദേഹം ഉണക്കാവുന്നതാണ്. ദേഹം പൂര്‍ണമായും ഉണങ്ങി എന്നുറപ്പയാല്‍ കുട്ടിയെ തുണി വിരിച്ച ഒരു പെട്ടിയിലേക്ക് മാറ്റാം.

നവജാത നായ്കുട്ടികള്‍ക്ക് ശരീര താപം നിയന്ത്രിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് അവയുടെ ശരീരോഷ്മാവ് താഴ്ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂട് നല്‍കാനായി ചൂടുവെള്ളം നിറച്ച പ്ലാസ്റ്റിക്‌ കുപ്പികളുടെ മുകളില്‍ ടവ്വല്‍ വിരിച്ചു നായ്കുട്ടികളെ അതിനു മീതെ കിടാതാവുന്നതാണ്.അന്തരീക്ഷ താപം നിലനിര്‍ത്താനായി ബള്‍ബ്‌ ഇട്ടു കൊടുക്കുന്നതും നല്ലതാണ്.അന്തരീക്ഷ താപം ആദ്യ 24 മണിക്കൂറില്‍ 30-33̊C ആയി ക്രമീകരിക്കണം. അന്തരീക്ഷ താപം അളക്കുന്നതിനായി ഒരു റൂം തെര്‍മോമീറ്റര്‍ ഉപയോഗിക്കാവുന്നതാണ് പിന്നീട് താപം ക്രമേണ കുറച്ച് കൊണ്ട് വന്നു മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഏതാണ്ട് 26-30̊C ആയി നിജപ്പെടുത്താം.

ആരോഗ്യവാന്മാരായ നായ്ക്കുട്ടികള്‍ ഊര്‍ജ്വസ്വലരായി ഇഴഞ്ഞു നടക്കുന്നത് കാണാം. ജനിച്ചു അര മണിക്കൂറിനുള്ളില്‍ തന്നെ ഇവക്കു തള്ളയുടെ കന്നിപാല്‍ (colostrum) നല്‍കാനായി ശ്രദ്ധിക്കണം.ധാരാളം പോഷക ഗുണം നിറഞ്ഞ ഇ പാല് കുട്ടിയുടെ രോഗപ്രതിരോധശക്തി വര്ധിപിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കുഞ്ഞുങ്ങളെ തള്ളപട്ടിയുടെ അടുത്ത് നിന്ന് മാറ്റി പാര്‍പ്പിക്കുന്നുണ്ടെങ്ങില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ ഇവക്ക് തള്ളയുടെ പാല് നല്‍കാനായി ശ്രദ്ധിക്കണം. നായികുട്ടികള്‍ക്ക് ദിനം പ്രതി 5-10% വരെ ശരീരഭാരം വര്‍ധിച്ചു കൊണ്ടിരിക്കും. ഏകദേശം 10 ദിവസം പ്രായമാകുമ്പോള്‍ നായികുട്ടികള്‍ എഴുന്നേറ്റു നില്ക്കാന്‍ തുടങ്ങും.10 മുതല്‍ 14 ദിവസം പ്രായമാകുമ്പോള്‍ ഇവ കണ്ണ് തുറക്കുന്നു.ഏകദേശം 3 ആഴ്ച പ്രായമാകുമ്പോള്‍ നടക്കാനും തുടങ്ങുന്നു.

നായ്കുട്ടികള്‍ക്ക് വാക്സിനും വിരമരുന്നും നല്‍കാന്‍ മറക്കരുത്. ഇരുപതു ദിവസം പ്രായമാകുമ്പോള്‍ ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിര മരുന്ന് നല്‍കാവുന്നതാണ്. അതിനു ശേഷം എല്ലാ മാസവും വിരമരുന്നു നല്‍കുന്നത് നായ്കുട്ടികളെ ഊര്‍ജ്വസ്വലരായി നില നിര്‍ത്താന്‍ സഹായിക്കും.രണ്ടു മാസം പ്രായമാകുമ്പോള്‍ ആദ്യ മള്‍ട്ടി കാമ്പോനന്റ്റ്‌ വാക്സിന്‍ എടുക്കാം.പേവിഷബാധക്കുള്ള കുത്തിവയ്പ്പ് 3 മാസം പ്രായമാകുമ്പോള്‍ നല്‍കണം.

ഡോ. കാര്‍ത്തിക്ക്. വി. കുട്ടന്‍,

വെറ്റിനറി ഡോക്ടര്‍,
ഇ-വെറ്റ് കണക്റ്റ്‌,
വെറ്റിനറി കോളേജ്, മണ്ണുത്തി.
Ph: 9400528255

 

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate