অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഓമനപ്പക്ഷികള്‍ക്ക് എഗ്ഫുഡ്‌ വിരുന്ന്

ഓമനപക്ഷികള്‍ക്ക് എഗ്ഫുഡ്‌ വിരുന്ന്

എന്നും തങ്ങളുടെ ഓമനപ്പക്ഷികൾക്ക് വിരുന്നൊരുക്കാൻ ആഗ്രഹിക്കുന്നവരാണ് പക്ഷിപ്രേമികൾ. പക്ഷികളുടെ തീറ്റക്രമത്തിൽ "എഗ് ഫുഡ്' എന്ന മൃദുതീറ്റയ്ക്ക് ഇന്ന് കേരളത്തിലും സ്ഥാനമുറച്ചു വരുന്നു. പ്രതിദിന ഭക്ഷണത്തിലും പ്രജനനകാലത്തും മഴക്കാലംപോലെ സമ്മർദ്ദവും രോഗസാധ്യതയും ഏറുന്ന കാലത്തും പറന്നുതുടങ്ങുന്ന ഇളമുറക്കാർക്കുമൊക്കെ ഇതു നൽകാം. വീട്ടിൽ തന്നെ തയാറാക്കിയാലും പെറ്റ് ഷോപ്പുകളിൽ നിന്നു വാങ്ങിയാലും വിലയൽപ്പം കൂടുതലാണെങ്കിലും "എഗ് ഫുഡ്' തങ്ങളുടെ പക്ഷികളുടെ മെനുവിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു.

ഓമനപ്പക്ഷികൾക്ക് നൽകാവുന്ന ഏറെ രുചികരവും പോഷകസമ്പന്നവുമായ ആഹാരമാണ് "എഗ് ഫുഡ്' അഥവാ "മൃദു തീറ്റ'. മൃഗജന്യവും സസ്യജന്യവുമായ പ്രോട്ടീൻ പക്ഷികളുടെ ശരീരത്തിലെത്തിക്കാൻ ഇവ ഉത്തമ സ്രോതസാണ്. പലപ്പോഴും ജന്തുജന്യമായ പ്രോട്ടീൻ ഇല്ലാത്ത പക്ഷിത്തീറ്റകളിൽ അവശ്യ അമിനോ അമ്ലങ്ങളായ ലൈസിൻ, മെതിയോണിൻ എന്നിവയുടെ അപര്യാപ്തതയുണ്ടാവും. കൂടാതെ പുഴുങ്ങിയ മുട്ട, റസ്ക് അല്ലെങ്കിൽ ബ്രഡ്പൊടി, തേൻ എന്നീ പ്രകൃതിദത്ത ചേരുവകളാണ് ഇവയിൽ പ്രധാനം. ഒപ്പം വിറ്റാമിനുകളും മിനറലുകളും ചേർക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനായി വിറ്റമിൻ A യും, കോശ വളർച്ചയ്ക്ക് വിറ്റമിൻ B12, E എന്നിവയും എല്ലിന്റെയും മാംസപേശികളുടെയും വളർച്ചയ്ക്ക് വിറ്റമിൻ Dയും തൂവൽ വളർച്ചയ്ക്ക് ബയോട്ടിനും ചേർത്തവയാണ് മിക്ക റെഡിമെയ്ഡ് എഗ് ഫുഡുകളും. മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിനായി സസ്യജന്യ, സമീകൃത DHA, ഒമേഗ-3,6 ഫാറ്റി ആസിഡുകളും ഇത്തരം തീറ്റയിലുണ്ടാകും.

മൃദു തീറ്റ – 1

(പൊതുവായ ഉപയോഗത്തിന് വീട്ടിൽ തന്നെ തയാറാക്കുന്നത്)

വേണ്ട സാധനങ്ങൾ

നന്നായി പുഴുങ്ങിയ കോഴിമുട്ട ഒന്ന് , റൊട്ടിപ്പൊടി (Bread crumbs)30 ഗ്രാം, മൾട്ടി വിറ്റമിൻ ഡ്രോപ്സ് - 5 തുള്ളി, പ്രോബയോട്ടിക് (Bifilac)1 Capsule.

റൊട്ടിപ്പൊടി ബേക്കറികളിലാണ് ലഭിക്കാൻ സാധ്യത. ഇല്ലെങ്കിൽ റസ്ക്കോ, മൊരിച്ച റൊട്ടിയോ മിക്സിയിൽ അടിക്കുക. ആദ്യം പുഴുങ്ങിയ മുട്ടയുടെ തോട് മിക്സിയിൽ അടിച്ച് നല്ലവണ്ണം പൊടിഞ്ഞ ശേഷം മുട്ടയും, തുടർന്ന് റൊട്ടിപ്പൊടിയും ചേർത്തടിക്കുക. മിനറൽ മിശ്രിതവും ഒരു നുള്ള് പ്രോബയോട്ടിക്കും ചേർത്ത് നല്ലവണ്ണം ഇളക്കുക. നനവുണ്ടെങ്കിലും കുഴഞ്ഞുപോകാത്ത രീതിയിൽ തയാറാക്കുക.

മ്യദു തീറ്റ – 2

റൊട്ടിപ്പൊടി 30 ഗ്രാം, കോഴിമുട്ട തോടോടെ പുഴുങ്ങിയത്- ഒന്ന്, സോയഫ്ളേക്ക്സ് - 15 ഗ്രാം, വെളുത്തുള്ളി അരച്ചത് – ഒരു ടീസ്പൂൺ, എള്ളണ്ണ- 2 ml, കോഡ് ലിവർ ഓയിൽ 2 ml, ധാതുലവണ മിശ്രിതം ഒരു ഗ്രാം, പ്രോബയോട്ടിക് ഒരു കാപ്സ്യൂൾ.

ആദ്യം  പുഴുങ്ങിയ മുട്ടയുടെ തോട് മിക്സിയിൽ അടിച്ച് നല്ലവണ്ണം പൊടിഞ്ഞശേഷം മുട്ടയും തുടർന്ന് റൊട്ടിപ്പൊടിയും ചേർത്തടിക്കുക. അതിൽ സോയ ഫ്ളേക്കുകൾ ഓരോ സ്പൂൺ ചേർത്ത് അടിച്ചു മിശ്രിതമാക്കി കളിമൺപാത്രത്തിൽ വയ്ക്കുക. വെളുത്തുള്ളി അരച്ചത്, ധാതുലവണ മിശ്രിതം, പ്രോബയോട്ടിക് ഗുളിക എന്നിവ മിക്സിയിലിട്ട് നന്നായി അടിക്കണം. പിന്നെ എള്ളണ്ണയും കോഡ് ലിവർ ഓയിലും ചേർത്ത് വീണ്ടും മിക്സിയിൽ അടിക്കണം. കളിമൺ പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒന്നാമത്തെ മിശ്രിതം കൂടി ചേർത്ത് മൃദു തീറ്റയാക്കാം.

മൃദു തീറ്റ – 3

 

കോഴി മുട്ട (പുഴുങ്ങി ചുരണ്ടിയത്)- 1, റൊട്ടി റെസ്ക് പൊടി രണ്ട് ടേബിൾ സ്പൂൺ, മൾട്ടി വിറ്റമിൻ- 10 തുള്ളി, പ്രാബയോട്ടിക് അൽപ്പം, മിനറൽ മിശ്രിതം-ഒരു ടീസ്പൂണിന്റെ പകുതി.

കൂടാതെ പുഴുങ്ങിയ കാരറ്റ് അല്ലെങ്കിൽ മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട് ചിരണ്ടിയത്, ഓട്ട്സ്, മുളപ്പിച്ച ധാന്യങ്ങൾ, അരിഞ്ഞ ഇല വർഗങ്ങൾ എന്നിവ ഒപ്പം ചേർക്കാവുന്നതാണ്. പുഴുങ്ങിയ മുട്ടത്തോടു മാറ്റി ചെറുതായി ചുരണ്ടിയ ശേഷം രണ്ട് ടേബിൾ സ്പൂൺ റൊട്ടി അഥവാ റെസ്ക് പൊടിയും, 10 തുള്ളി മൾട്ടി വിറ്റമിനും, അര സ്പൂൺ മിനറൽ മിശ്രിതവും, ഒരു നുള്ള് പ്രോബയോട്ടിക്കും ചേർത്ത് നല്ലവണ്ണം ഇളക്കുക. നനവുണ്ടെങ്കിലും കുഴഞ്ഞു പോകാത്ത രീതിയിൽ തയാറാക്കുക. ഒപ്പം കാരറ്റോ, മധുരക്കിഴങ്ങ് പുഴുങ്ങിയതോ, ബീറ്റ്റൂട്ട് ചുരണ്ടിയോ ചേർക്കാം. ഓട്സ് ചേർക്കുന്നത് കൂടുതൽ സ്വാദു നൽകും.

വിപണിയിൽ ലഭ്യമായ പ്രോട്ടീൻ എഗ്ഫുഡിന്റെ ഗുണമേന്മയെക്കുറിച്ചും പോഷകാഹാര ഘടനയെക്കുറിച്ചും സ്വകാര്യ കമ്പനികൾ പരസ്യങ്ങൾ നൽകാറുണ്ട്. അതിൽ ഒരു കമ്പനിയുടെ മൃദു തീറ്റയുടെ ഘടന പരിശോധിക്കുന്നത് അവയുടെ പോഷകമൂല്യത്തെക്കുറിച്ച് ഏകദേശ ധാരണ നൽകും.

ക്രൂഡ്  പ്രോട്ടീൻ 14.5% (മിനിമം), ക്രൂഡ് ഫാറ്റ് 6.0% (മിനിമം), ക്രൂഡ് ഫൈബർ 2.0% (മാക്സിമം), മെതിയോണിൻ 0.5% (മിനിമം), ലൈസിൻ 0.9% (മിനിമം), വിറ്റമിൻ A 10,000 IU/kg (മിനിമം), വിറ്റമിൻ D 750 IU/kg (മിനിമം), വിറ്റമിൻ E 100 IU/kg (മിനിമം), Biotin 0.1mg/kg (മിനിമം), വിറ്റമിൻ B12 20mg/kg (മിനിമം), വിറ്റമിൻ C 100 mg/kg (മിനിമം), ഒമേഗ 6 ഫാറ്റി ആസിഡ് 1.2% (മിനിമം), ഒമേഗ - 3 ഫാറ്റി ആസിഡ് 10.3% (മിനിമം), DHA 0.03% (മിനിമം), ടോട്ടൽ ലാക്റ്റിക് ആസിഡ് ബാക്ടീരിയ 2 : 105 cfu/g (മിനിമം).

കടപ്പാട്: കര്‍ഷകന്‍

 

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate