Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അരുമപക്ഷികളും അവയുടെ പരിചരണവും

കൂടുതല്‍ വിവരങ്ങള്‍

അരുമപക്ഷികളും അവയുടെ പരിചരണവും

നിറങ്ങള്‍കൊണ്ടും രൂപംകൊണ്ടും വൈവിധ്യം നിറഞ്ഞതാണ്‌ പക്ഷികളുടെ ലോകം. ആരിലും കൗതുകമുണര്‍ത്തുകയും ഓമനത്വം തോന്നിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ ഇനങ്ങളെ മനുഷ്യര്‍ ഇണക്കിവളര്‍ത്തുന്നുണ്ട്. ഇന്ന് ലോകമെങ്ങും ഓമനപക്ഷികള്‍ക്ക് പ്രിയമേറെയാണ്.

അരുമപക്ഷിയായി വളര്‍ത്താന്‍ പറ്റുന്നവയില്‍ കാനറീസ്/ഫിന്‍ച്ചസ് (ഏറ്റവും ചെറിയ ഇനം), കൊക്കാറ്റെയില്‍സ്/ലവ് ബേര്‍ഡ്/ചെറിയ പാരക്കീറ്റ്സ് (ചെറിയ ഇനം), ഇടത്തരം വലിപ്പമുള്ള ലോറിക്കീറ്റ്സ്, തത്ത, വലിയ ഇനങ്ങളായ ആഫ്രിക്കന്‍ ഗ്രേ, കൊക്കാറ്റൂസ്, മക്കാവൂസ് തുടങ്ങിയവയാണ്.

അരുമപ്പക്ഷികളെ തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ശ്രദ്ധ ആവശ്യമാണ്‌. ആരോഗ്യമുള്ള കിളികള്‍ ഉണര്‍വ്വോടെ ഭക്ഷണം കഴിക്കുകയും മിനുസമുള്ള തൂവല്‍, വൃത്തിയുള്ള പൃഷ്ഠഭാഗം, തിളക്കമുള്ള കണ്ണ്, തെളിഞ്ഞ കാലുകള്‍ എന്നിവയോടുകൂടെ ഇരിക്കുകയും ചെയ്യുന്നു. ഇവയുടെ ഇനവും വലിപ്പവും അനുസരിച്ച് സ്വഭാവരീതി, ആയുര്‍ദൈര്‍ഘ്യം എന്നിവ വ്യത്യസ്ഥമായിരിക്കും. കാനറീസ് എന്ന ചെറിയ ഇനം പക്ഷി 5-6 വര്‍ഷവും ആഫ്രിക്കന്‍ ഗ്രേ, മക്കാവൂസ് തുടങ്ങിയവ 50-70 വയസ് വരെ ആയുര്‍ദൈര്‍ഘ്യവുമുള്ളതാണ്.

വിപണിയില്‍ ലഭിക്കുന്ന ഗുണമേന്മയുള്ള തീറ്റ കൂടാതെ പച്ചക്കറി വിത്തുകള്‍, പഴങ്ങള്‍, പച്ചിലകള്‍ എന്നിവയും തീറ്റയായി കൊടുക്കാവുന്നതാണ്. തിന (millets) മാത്രം കൊടുത്തുവളര്‍ത്തുന്നത് സമ്പൂര്‍ണ്ണമായ പോഷണം ആകുന്നുമില്ല. വൈവിധ്യമുള്ള ഭക്ഷണക്രമം ധാതുലവണങ്ങളുടെ കുറവ് മൂലമുള്ള രോഗങ്ങളെ തടയും. മുട്ടയിടുന്ന കാലയളവില്‍ കക്കപൊടിച്ച് നല്‍കുന്നത് കാല്‍സ്യത്തിന്‍റെ അധിക ആവശ്യത്തെ പരിഹരിക്കും. പാല്‍ കാല്‍സ്യത്തിന്‍റെ സ്രോതസ്സാണെങ്കിലും പക്ഷികള്‍ക്ക് ഇത് ദഹിപ്പിക്കാന്‍ ശേഷിയില്ല. അതുകൊണ്ട് പാലും പാല്‍ ഉത്പ്പന്നങ്ങളും ആഹാരക്രമത്തില്‍ പെടുന്നില്ല.

വൃത്തിയുള്ള പാത്രങ്ങളില്‍/ബോട്ടിലുകളില്‍ വെള്ളം സദാസമയവും പക്ഷികള്‍ക്ക് കിട്ടാന്‍ പാകത്തില്‍ സജ്ജീകരിച്ചിരിക്കണം. പഴകിയ ഭക്ഷണവും വെള്ളവും ദിവസവും എടുത്തുമാറ്റി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

ഏറ്റവും ചെറിയ ഇനങ്ങളായ കാനറീസ്/ഫിന്‍ച്ചസ് തുടങ്ങിയവയ്ക്ക് സദാസമയവും ഭക്ഷണം ലഭ്യമാക്കേണ്ടതാണ്. ഏതാനും മണിക്കൂറുകള്‍ പോലും ഭക്ഷണം ഇല്ലാതെ വന്നാല്‍ ഇവ മരണപ്പെട്ടു പോകാന്‍ വരെ സാധ്യതയുണ്ട്. മുട്ടയിടുന്ന കാലയളവില്‍ ഗുണമേന്മയുള്ള തീറ്റയും, കാത്സ്യം, ബി കോംപ്ലക്സ് മിശ്രിതവും ഇവയ്ക്ക് അധികമായി നല്‍കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവയെ മാറ്റിപ്പാര്‍പ്പിക്കുകയും എത്രയും വേഗം വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു നല്‍കുകയും വേണം. പെട്ടെന്നുള്ള തീറ്റയിലെ വ്യതിയാനങ്ങള്‍ പക്ഷികള്‍ സ്വതവേ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ പുതിയ ഒരു ഭക്ഷണം ശീലമാക്കിയെടുക്കാന്‍ കുറെയധികം സമയമെടുത്തെന്നു വരാം.

ഉപ്പ്, എണ്ണയില്‍ പാകം ചെയ്തവ, ചോക്ലേറ്റ്, ആല്‍ക്കഹോള്‍, ചായ, കാപ്പി, അച്ചാറുകള്‍, സവാള, അപ്പിള്‍കുരു, കൂണ്‍ തുടങ്ങിയവ അരുമപക്ഷികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത ആഹാരസാധനങ്ങളാണ്. അതുപോലെതന്നെ ശക്തമായ കാറ്റ്, പുക, പ്രത്യേകിച്ച് അടുക്കളകളില്‍ ഉപയോഗിക്കുന്ന ടെഫ്ലോണ്‍കോട്ടിംഗ് ഉള്ള നോണ്‍-സ്റ്റിക് പാത്രങ്ങളുടെ പുക തുടങ്ങിയവ ചെറുപക്ഷികള്‍ക്ക് അത്യന്തം അപകടകാരിയാണ്.

ഇണചേര്‍ക്കല്‍

അരുമപക്ഷികളുടെ ഇണചേരല്‍ അവയുടെ പ്രായം, സൂര്യപ്രകാശത്തിന്‍റെ ലഭ്യത, മുട്ട സുരക്ഷിതമായി വയ്ക്കാനുള്ള ഇടം (nest box), ഭക്ഷണം, മറ്റ് പക്ഷികളുടെയോ മൃഗങ്ങളുടെയോ (നായ, പൂച്ച മുതലായവ) സാന്നിധ്യം എന്നിവയെ ആശ്രയിച്ചിരിക്കും. നമ്മുടെ നാട്ടില്‍ സാധാരണയായി വളര്‍ത്തുന്ന ലവ് ബേര്‍ഡ്സിന്‍റെ മുട്ട വിരിയാന്‍ 23 ദിവസവും മക്കാവൂസ് പോലെയുള്ള വലിയ പക്ഷികള്‍ക്ക് 26-28 ദിവസവുമാണ്.

മക്കാവൂസ് 4-8 വയസ്സ് പ്രായമുള്ളപ്പോള്‍ ഇണ ചേരാന്‍ തുടങ്ങും. 2-3 മുട്ടകളാണ് ഒരു പ്രാവശ്യം ഇടുന്നത്. കുഞ്ഞുങ്ങള്‍ കണ്ണ് തുറക്കുന്നത് 1-2 ആഴ്ചയാകുമ്പോഴും തൂവല്‍ വരുന്നത് ഒരു മാസമാകുമ്പോഴുമാണ്. വലിയ ഇനങ്ങളില്‍ തൂവല്‍ നിരക്കാന്‍ 4-5 മാസം വേണ്ടിവരും. സാധാരണയായി കുഞ്ഞുങ്ങളെ മനുഷ്യര്‍ കൈകാര്യം ചെയ്യേണ്ടതില്ല. എന്നാല്‍ തള്ളപ്പക്ഷികള്‍ പരിപാലിക്കുന്നുണ്ടോയെന്ന് എപ്പോഴും നിരീക്ഷിക്കേണ്ടതാണ്.

കുഞ്ഞുങ്ങള്‍ക്ക് കൈത്തീറ്റ കൊടുത്ത് വളര്‍ത്തുന്നത് നല്ല പ്രവണതയല്ല. കൈത്തീറ്റയും കൊഴുപ്പ് അധികമുള്ള ഭക്ഷണവും കൊടുത്ത് വളര്‍ത്തുന്നത് കൊഴുപ്പ്ജന്യ രോഗങ്ങള്‍ക്ക് ഇടയാക്കും. വലിയ ഇനം പക്ഷികളുടെ തീറ്റ ചെറിയ ഇനങ്ങള്‍ക്കും തിരിച്ചും കൊടുക്കുന്നത് പലപ്പോഴും രോഗകാരണമാകാറുണ്ട്.

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്

3.19047619048
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top