অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൃഗസംരക്ഷണത്തില്‍; ശാസ്ത്രീയ തീറ്റക്രമം

മൃഗസംരക്ഷണത്തില്‍; ശാസ്ത്രീയ തീറ്റക്രമം

കൃഷി എന്ന വിപുലമായ നിര്‍വചനത്തില്‍ തന്നെയാണ് മൃഗസംരക്ഷണവും ഉള്‍പ്പെടുന്നത്. വളരെ പണ്ടുമുതലേ കൃഷിയും കാലിവളര്‍ത്തലും നമ്മുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ രണ്ട് അവിഭാജ്യഘടകങ്ങള്‍ ആയിരുന്നു. മാത്രവുമല്ല എല്ലായ്‌പ്പോഴും ഇവ പരസ്പരം പൂരകവുമാണ്. അതുകൊണ്ടുതന്നെ ഗ്രാമീണ കര്‍ഷകന്റെ ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മൃഗസംരക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.

നമ്മുടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്, വരുമാന വര്‍ദ്ധനവ്, ജനസംഖ്യാപെരുപ്പം എന്നിവ കണക്കിലെടുത്താല്‍ 2022-ല്‍ പാലിന്റെ ആവശ്യകത ഏകദേശം 210 ദശലക്ഷം ടണ്ണോളം വരും. പക്ഷേ ഇന്ത്യയുടെ ശരാശരി വാര്‍ഷിക പാലുത്പാദനം 3.7 ദശലക്ഷത്തില്‍ നിന്നും 6 ദശലക്ഷം ടണ്‍ ആയെങ്കില്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സധിക്കുകയുള്ളൂ. എന്നാല്‍ തീറ്റയുടെ ലഭ്യത കുറവ്, സ്ഥല പരിമിതി, വിപണന തന്ത്രങ്ങളുടെ പോരായ്മ, വര്‍ദ്ധിച്ചു വരുന്ന ചെലവ് എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിക്കും. ഇന്ന് പാലുത്പാദനത്തിന്റെ ചിലവിന്റെ 50% തീറ്റച്ചെലവാണ്. ചെലവ് ചുരുക്കുവാനുളള മുഖ്യ പോംവഴിയാണ് ശാസ്ത്രീയ സന്തുലിത തീറ്റക്രമം. ഇത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ പാല്‍ ലഭിക്കുവാനും തീറ്റയുടെ പാഴ്‌ച്ചെലവ് ഒഴിവാക്കാനും സാധിക്കും.ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കര്‍ഷകര്‍ ചെലവു നിയന്ത്രിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സന്തുലിത തീറ്റയോടൊപ്പം ധാതുലവണങ്ങളുടെ സന്തുലനത്തിലും ഉയര്‍ന്ന ഉത്പാദനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. സംതുലിത തീറ്റയെന്നാല്‍ തീറ്റയുടെ ഘടകങ്ങളായ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, ലവണങ്ങള്‍, കൊഴുപ്പ് എന്നീ പോഷകങ്ങള്‍ പശുവിന്റെ ആരോഗ്യത്തിന് ആവശ്യമായ അളവില്‍ നല്‍കുന്ന ആഹാരം എന്നാണര്‍ത്ഥം. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ കണക്കനുസരിച്ച് സന്തുലിത തീറ്റ നല്‍കുക വഴി ഒരു പശുവില്‍ നിന്ന് കിട്ടുന്ന ഒരു ലിറ്റര്‍ പാലിന്റെ ഉത്പാദനച്ചെലവ് 0.25 മുതല്‍ 2 രൂപ വരെ കുറയ്ക്കുവാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെത്തന്നെ പാല്‍ ഉത്പാദനം 0.2-1 കിലോഗ്രാമും, കൊഴുപ്പിന്റെ അളവ് 0.2-0.30 ശതമാനവും ഉയര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് 8 മുതല്‍ 26 രൂപവരെയുള്ള ലാഭം പ്രദാനം ചെയ്യും. സന്തുലിത തീറ്റ നല്‍കുന്നതിലൂടെ വിരശല്യവും ഒരളവുവരെ കുറയ്ക്കാം.

തീറ്റ സന്തുലിതമല്ലെങ്കില്‍ വിരകള്‍ ചില പ്രത്യേക ഘടകങ്ങളെ ആശ്രയിച്ച് കേന്ദ്രീകരിച്ച് വിരബാധയ്ക്കിടവരുത്തും. കൂടുതല്‍ പെറ്റു പെരുകുകയും ചെയ്യുന്നു. എന്നാല്‍ സംതുലിത തീറ്റ നല്‍കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാനും വിരശല്യത്തെ ചെറുത്തു നില്‍ക്കുന്നതിനുള്ള ശേഷി ഉറപ്പുവരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി പശുക്കളില്‍ ഭക്ഷണം ആമാശയത്തിന്റെ ആദ്യ അറയായ റൂമനില്‍ വച്ച് പുളിപ്പിക്കല്‍ പ്രക്രീയയ്ക്ക് വിധേയമാവുന്നതിലൂടെ അമ്ലങ്ങള്‍ക്കു പുറമെ ധാരാളം കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥേനും ഉണ്ടാവുന്നു. ഇവ ഉച്ഛ്വാസവായുവിലൂടെ പുറന്തള്ളപ്പെടുന്നു. മീഥേന്‍ നഷ്ടമാവുന്നതിലൂടെ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടിയിരുന്ന ഏഴ് ശതമാനം ഊര്‍ജ്ജം നഷ്ടപ്പെടുന്നു. മാത്രമല്ല, മീഥേന്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാവുന്ന ഹരിത ഗൃഹ വാതകമാണ്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നീരാവി, മീഥേന്‍ എന്നീ വാതകങ്ങള്‍ അന്തരീക്ഷ ഊഷ്മാവ് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മീഥേന്റെ അളവ് കൂടുന്നത് വികസിത രാജ്യങ്ങളുടെ വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായി ഉത്പാദനശേഷി കുറഞ്ഞ കന്നുകാലികളുടെ എണ്ണം കുറയ്ക്കുക, നിര്‍ദ്ദിഷ്ട തീറ്റക്രമത്തിലൂടെ മീഥേന്‍ ഉല്‍പാദനം കുറയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ക്ക് സാധ്യതയേറി വരുന്നു. ഭാവിയില്‍ കാര്‍ബണ്‍ ക്രെഡിറ്റ്, കൂടുതല്‍ മീഥേന്‍ ഉത്പാദനത്തിനുള്ള പിഴയടക്കല്‍, ഉത്പാദന നിരോധനം, പാല്‍, മാംസം എന്നിവയുടെ ഇറക്കുമതി നിരോധനം തുടങ്ങിയ കര്‍ക്കശ നടപടികള്‍ക്കും ഇത് വഴിയൊരുക്കാം. ഇത് നമ്മുടെ കാലിസമ്പത്തിനു തന്നെ ഭീഷണിയായി വരും അതുകൊണ്ട് മീഥേന്റെ ഉത്പാദനം കുറയ്ക്കുന്നതിനുള്ള സത്വര നടപടികള്‍ അവലംബിക്കേണ്ടതുണ്ട്. സന്തുലിത തീറ്റ നല്‍കുന്നതിലൂടെ മീഥേനുല്‍പാദനം 17 മുതല്‍ 20 ശതമാനം വരെ കുറയ്ക്കുവാനാകും ഇപ്രകാരം ഊര്‍ജ്ജ നഷ്ടവും കുറയ്ക്കാം. സന്തുലിത തീറ്റ നല്‍കുന്നതിനോടൊപ്പം വെള്ളം വേണ്ടയളവില്‍ നല്‍കണം. ശരിയായ പുല്‍ത്തൊട്ടി നിര്‍മ്മിക്കുക, കുട്ടികള്‍ക്ക് കന്നിപ്പാല്‍ നല്‍കുക, തീറ്റപ്പുല്‍ നുറുക്കി കൊടുക്കുക, വിരയിളക്കുക, പ്രതിരോധ കുത്തിവെയ്പ്, ശരിയായ സമയത്തുള്ള കൃത്രിമ ബീജാദാനം എന്നീ കാര്യങ്ങളില്‍ കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

കടപ്പാട്:mannira.in© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate