অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൃഗസംരക്ഷണ വിവരങ്ങള്‍

മലബാറി /തലശ്ശേരി ആടുകള്‍

മലബാറി ആടുകള്‍ തലശ്ശേരി ആടുകള്‍ എന്നും അറിയപ്പെടുന്നു.കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ ഇവയെ കൂടുതലായി കണ്ടുവരുന്നതുകൊണ്ടാണ് ഈ പേരുവന്നത്. വിവിധ ആട് ജനുസ്സുകളുടെ സമ്മിശ്രമാണ് ഇവയെന്നാണ് അനുമാനിക്കുന്നത്.ആടുകള്‍ വെള്ള,ബ്രൌണ്‍,കറുത്ത നിറങ്ങളില്‍ കാണപ്പെടുന്നു. ഉയരം ഏകദേശം 60 സെ. മീറ്റര്‍, തൂക്കം 30 കി. ഗ്രാം, ആണ്‍ ആടിന് 50 കി. ഗ്രാം വരെ തൂക്കം ഉണ്ടാകാം.ഒറ്റപ്രസവത്തില്‍ 2-3 കുട്ടികള്‍ മലബാറി ആടുകളുടെ സവിശേഷതയാണ്. ഒപ്പം  50 ശതമാനം ആടുകളും ഇരട്ടകളെ പ്രസവിക്കുന്നു. 25 ശതമാനം മൂന്നു കുട്ടികളെയും അഞ്ചു ശതമാനം നാലു കുട്ടികളെയും പ്രസവിക്കുന്നു. ദിവസം ശരാശരി 11.5 ലിറ്റര്‍ പാല്‍ നല്‍കും.ഇവയ്ക്ക് ക്ഷീരോത്പാദനശേഷി, പ്രജനനക്ഷമത, രോഗപ്രതിരോധശേഷി എന്നിവ കൂടുതലാണ്. മലബാറി ആടുകളെ പലനിറത്തിലും കാണാം. തവിട്ട്, ചാരനിറം, കറുപ്പും വെളുപ്പും, മാന്‍നിറം എന്നിങ്ങനെയാണ് നിറങ്ങള്‍. കൊമ്പ് ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. ചെവികള്‍ നീളമുള്ളതാണ്.

ജംനാപാരി

ക്ഷീരോത്പാദനത്തിന് പേരുകേട്ട താരതമ്യേന വലിയ മൃഗമായ  ജംനാപാരി  സൗന്ദര്യവും ഗാംഭീര്യവുമുള്ള ജനുസ്സാണ്.വളഞ്ഞ റോമന്‍ മൂക്ക്, നീണ്ട് പെന്‍ഡുലം പോലെ ചെവികള്‍, 12 ഇഞ്ച് നീളം, പ്രായപൂർത്തിയായ ആടുകളില്‍ കാണാന്‍ കഴിയും. തൂവെള്ള, മഞ്ഞ കലര്‍ന്ന വെള്ള, തവിട്ട് നിറത്തിലുള്ള പുള്ളികള്‍ എന്നീ നിറങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. ഇവയുടെ മൂക്കിന്റെ അസ്ഥികള്‍ വളവോടുകൂടിയതാണ്. നീണ്ട വീതിയുള്ള ചെവികള്‍ കഴുത്തിന് താഴെവരെ ചാഞ്ഞുകിടക്കുന്നു. കൈകാലുകള്‍ നീളം കൂടിയവയാണ്. പിന്‍കാലില്‍ ധാരാളം രോമങ്ങള്‍ കാണാം.മുന്നൂറ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കറവക്കാലം ഇതിന്റെ പ്രത്യേകതയാണ്. പ്രതിദിനം 2 -2.5 ലിറ്റർ പാല്‍ ലഭിക്കും.പരമാവധി അഞ്ച് ലിറ്റര്‍ പാലുകിട്ടും. 14 മാസം ഇടവിട്ടാണ് സാധാരണ പ്രസവിക്കാറ്. പ്രസവത്തില്‍ സാധാരണയായി ഒരു കുട്ടിയേ ഉണ്ടാവാറുള്ളൂ. നല്ല വളര്‍ച്ചയെത്തിയ മുട്ടനാടിന് 90 കിലോഗ്രാമും പെണ്ണാടിന് 60 കിലോഗ്രാമും തൂക്കം കാണും..ഒരു പ്രസവത്തില്‍ പൊതുവേ  ഒരു കുട്ടിയാണ് കാണുക.ആറുമാസമുള്ള കിടാവിന് 15 കിലോ ഭാരം കാണും.

കാട

ജാപ്പനീസ് കാടകളുടെ കൃഷി അടുത്തിടെ രാജ്യത്താകമാനം വമ്പിച്ച സ്വാധീനമാണ് കൈവരിച്ചിട്ടുള്ളത്. ഇറച്ചിക്കും മുട്ടയ്ക്കുമായി നിരവധി കാടഫാമുകള്‍ രാജ്യത്തുടനീളം ഉണ്ട്. നല്ലയിനം ഇറച്ചിതേടി ഉപഭോക്താക്കളുടെ ബോധപൂര്‍വ്വസമീപനമാണ് ഇതിന് കാരണം.വളരെയധികം കാരണങ്ങള്‍ കൊണ്ട്  കാടഫാമിംഗ് ആദായകരവും, സാങ്കേതികമായി മികച്ച രീതിയില്‍  പ്രാവര്‍ത്തികമക്കാവുന്ന കൃഷിരീതിയാണ്.ഏകദേശം 42 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ മുട്ടയിടാന്‍ തുടങ്ങുന്ന പെണ്‍പക്ഷികള്‍ ഉയര്‍ന്ന മുട്ടയിടല്‍ തോതുള്ള പക്ഷി വര്‍ഗമാണ്.കുറച്ചു സ്ഥലത് വളര്‍ത്തുവാന്‍ സാധിക്കുന്ന കാടകള്‍ കൈകാര്യം ചെയ്യുവാന്‍ എളുപ്പവും പെട്ടെന്ന് രോഗ ബാധ ഉണ്ടാകാത്തതുമാണ്‌.തലമുറകള്‍ തമ്മില്‍ കുറഞ്ഞ ഇടവേളയും വേഗത്തില്‍ പ്രയപൂര്തിയകുന്നതുമാണ്.

നായ്കുട്ടി പരിചരണം

കേരളത്തില്‍ വളരെയധികം സജീവമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബ്രീഡിങ്ങ്.ഉയര്‍ന്ന വരുമാനത്തിനൊപ്പം  മാനസികോല്ലസവും പ്രദാനം ചെയ്യുന്നതാണ് ഈ മേഖല.നായ് വളര്‍ത്തലിലെ പ്രധാന വരുമാനം നായ്കുട്ടികള്‍ തന്നെയാണ്. നായ്കുട്ടികളുടെ മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപെടുന്നത് ജനിച്ചു 4 ആഴ്ച്ചക്കുള്ളിലാണ്‌. അല്പം ശ്രദ്ധയും പരിപാലനവും നല്‍കിയാല്‍ നവജാത നായ്കുട്ടികളുടെ മരണ നിരക്ക് കുറച്ച്, ഉയര്‍ന്ന ലാഭം നേടാനായി സാധിക്കും.നായ്ക്കളുടെ പ്രസവം ഇതര വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ദിര്‍ഘനേരം നീണ്ടു നില്‍ക്കുന്ന പ്രസവ സമയം ഇതില്‍ ഒരു പ്രത്യേകതയാണ്. നായ്ക്കളുടെ പ്രസവം ശരാശരി 6-12 മണിക്കൂര്‍വരെ ആണെങ്കിലും കുട്ടികളുടെ എണ്ണം അനുസരിച്ച് 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. നായ്ക്കള്‍ പ്രസവത്തിനു മുന്‍പായി വിശപ്പില്ലായ്മ, പരിഭ്രാന്തി, തറയിലും ഭിത്തിയിലും മാന്തുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രസവത്തിനു ഏതാണ്ട് 24 മണിക്കൂര്‍ മുന്‍പ് ശരീരോഷ്മാവ് താഴ്ന്നും  കാണപെടും.

നായ്ക്കളുടെ ബ്രീഡ് അനുസരിച്ച് ഒരു പ്രസവത്തില്‍ ശരാശരി 1- 12 വരെ കുട്ടികള്‍ വരെയുണ്ടാകാം . പ്രസവം തുടങ്ങിയാല്‍ ഓരോ നായ്കുട്ടിയും ഏകദേശം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഇടവേളയില്‍ പുറത്തു വരുന്നു. ഈ അവസരത്തില്‍ അനാവശ്യമായ മരുന്ന് പ്രയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പ്രസവത്തിനു ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു വെറ്റിനരി ഡോക്ടറുടെ സഹായം തേടണം.

 

ആരോഗ്യവാന്മാരായ നായ്കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഊര്‍ജ്വസ്വലരായിരിക്കും.ഒരു കവറില്‍ പൊതിഞ്ഞ രീതിയിലാണ് ഓരോ നായ്കുട്ടിയും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വരുന്നത്. ഫീറ്റല്‍ മെംബ്രേന്‍സ് (foetal membranes) എന്നറിയപെടുന്ന ഈ കവചം പൊട്ടിക്കുന്ന ചുമതല തള്ളപട്ടിക്കുള്ളതാണ്. തള്ളപട്ടി ഈ ദൌത്യം നിര്‍വഹിചില്ലെങ്ങില്‍, കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന കവചം നീക്കം ചെയ്തു കുട്ടിക്ക് ശ്വസിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആദ്യം തലയുടെ ഭാഗത്ത്‌ നിന്ന് മെംബ്രേന്‍സ് മാറ്റിയതിനു ശേഷം കുട്ടിയെ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് നന്നായി തുടക്കണം. ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം നീക്കം ചെയ്യുന്നതിനും കുട്ടിയുടെ ശ്വസന പ്രക്രിയ സാധാരണ രീതിയില്‍ ആക്കുന്നതിനും ഉപകരിക്കും. അതിനു ശേഷം കുട്ടിയെ തല കീഴായി പിടിച്ചു മൂക്കിലും വായിലും ഉള്ള ദ്രാവകം പഞ്ഞി ഉപയോഗിച്ച് തുടച്ചു കളയണം. കുട്ടിയെ കയ്യിലെടുത്തു വീശുന്ന രീതി അവലംബിക്കരുത്. അങ്ങനെ ചെയ്‌താല്‍ തലച്ചോറില്‍ ക്ഷതമുണ്ടാകാനുള്ള സാധ്യത ഏറെയാണ്‌.

 

നായ്കുട്ടി സാധാരണ രീതിയില്‍ ശ്വസിച്ചു തുടങ്ങി എന്നുറപ്പായാല്‍ കുട്ടിയുടെ പോക്കിള്കൊടിയുടെ 2 സെന്‍റ്റിമീടെര്‍ അകലത്തില്‍ ഒരു നൂല് കൊണ്ട് കെട്ടിയ ശേഷം പൊക്കിള്‍കൊടി മുറിച്ചു ആ ഭാഗത്ത്‌ ആന്റിസെപ്ടിക ലോഷന്‍ പുരട്ടേണ്ടതാണ്.അതിനു ശേഷം വീണ്ടും തുണി ഉപയോഗിച്ച് നയ്കുട്ടിയുടെ ദേഹത്ത് പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം പൂര്‍ണമായും തുടച്ചു കളയണം.ഈ അവസരത്തില്‍ ഒരു ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് കുട്ടിയുടെ ദേഹം ഉണക്കാവുന്നതാണ്. ദേഹം പൂര്‍ണമായും ഉണങ്ങി എന്നുറപ്പയാല്‍ കുട്ടിയെ തുണി വിരിച്ച ഒരു പെട്ടിയിലേക്ക് മാറ്റാം.

നവജാത നായ്കുട്ടികള്‍ക്ക് ശരീര താപം നിയന്ത്രിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് അവയുടെ ശരീരോഷ്മാവ് താഴ്ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂട് നല്‍കാനായി ചൂടുവെള്ളം നിറച്ച പ്ലാസ്റ്റിക്‌ കുപ്പികളുടെ മുകളില്‍ ടവ്വല്‍ വിരിച്ചു നായ്കുട്ടികളെ അതിനു മീതെ കിടാതാവുന്നതാണ്.അന്തരീക്ഷ താപം നിലനിര്‍ത്താനായി ബള്‍ബ്‌ ഇട്ടു കൊടുക്കുന്നതും നല്ലതാണ്.അന്തരീക്ഷ താപം ആദ്യ 24 മണിക്കൂറില്‍ 30-33̊C ആയി ക്രമീകരിക്കണം. ആരോഗ്യവാന്മാരായ നായ്ക്കുട്ടികള്‍ ഊര്‍ജ്വസ്വലരായി ഇഴഞ്ഞു നടക്കുന്നത് കാണാം. ജനിച്ചു അര മണിക്കൂറിനുള്ളില്‍ തന്നെ ഇവക്കു തള്ളയുടെ കന്നിപാല്‍ (colostrum) നല്‍കാനായി ശ്രദ്ധിക്കണം.ധാരാളം പോഷക ഗുണം നിറഞ്ഞ ഈ പാല് കുട്ടിയുടെ രോഗപ്രതിരോധശക്തി വര്ധിപിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കുഞ്ഞുങ്ങളെ അമ്മപട്ടിയുടെ അടുത്ത് നിന്ന് മാറ്റി പാര്‍പ്പിക്കുന്നുണ്ടെങ്ങില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ ഇവക്ക് അമ്മയുടെ പാല് നല്‍കാനായി ശ്രദ്ധിക്കണം. നായികുട്ടികള്‍ക്ക് ദിനം പ്രതി 5-10% വരെ ശരീരഭാരം വര്‍ധിച്ചു കൊണ്ടിരിക്കും. ഏകദേശം 10 ദിവസം പ്രായമാകുമ്പോള്‍ നായികുട്ടികള്‍ എഴുന്നേറ്റു നില്ക്കാന്‍ തുടങ്ങും.10 മുതല്‍ 14 ദിവസം പ്രായമാകുമ്പോള്‍ ഇവ കണ്ണ് തുറക്കുന്നു.ഏകദേശം 3 ആഴ്ച പ്രായമാകുമ്പോള്‍ നടക്കാനും തുടങ്ങുന്നു.

നായ്കുട്ടികള്‍ക്ക് വാക്സിനും വിരമരുന്നും നല്‍കാന്‍ മറക്കരുത്. ഇരുപതു ദിവസം പ്രായമാകുമ്പോള്‍ ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിര മരുന്ന് നല്‍കാവുന്നതാണ്. അതിനു ശേഷം എല്ലാ മാസവും വിരമരുന്നു നല്‍കുന്നത് നായ്കുട്ടികളെ ഊര്‍ജ്വസ്വലരായി നില നിര്‍ത്താന്‍ സഹായിക്കും.രണ്ടു മാസം പ്രായമാകുമ്പോള്‍ ആദ്യ മള്‍ട്ടി കാമ്പോനന്റ്റ്‌ വാക്സിന്‍ എടുക്കാം.പേവിഷബാധക്കുള്ള കുത്തിവയ്പ്പ് 3 മാസം പ്രായമാകുമ്പോള്‍ നല്‍കണം.

താറാവ്

എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നു. എന്നാല്‍  ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാര്‍ക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അരാക്കിടോണിക് അമ്ലവും, ഒമേഗ 3 കൊഴുപ്പമ്ലവും താറാമുട്ടകളില്‍ അടങ്ങിയിരിക്കുന്നു.  കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കൂടിനകം അണുനാശിനി ചേര്‍ത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകണം. തറ നന്നായി ഉണങ്ങിയ ശേഷം രണ്ടിഞ്ച് കനത്തില്‍ ലിറ്റര്‍ വിതറണം. തീറ്റപാത്രം വെള്ളം എന്നിവ യഥാസ്ഥാനത്ത് സജീകരിച്ചിട്ടുവേണം കുഞ്ഞുങ്ങളെ പാര്‍പ്പിക്കേണ്ടത്. താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് വെള്ളം നല്കുന്ന പാത്രം മൂന്നിഞ്ച് താഴ്ചയുണ്ടാകണം. അതുപോലെ തന്നെ തീറ്റയും വെള്ളവും നിറച്ചു വയ്ക്കുന്നതിലും ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തെ മൂന്നാഴ്ച ഒരു താറാവിന്‍കുഞ്ഞിന് ഒരു ചതുരശ്ര അടി സ്ഥലം മതിയാകും. തൂവലുകളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമായി ചൂടുനല്കണം. അവ യഥാക്രമം ആദ്യ ആഴ്ചയില്‍ 32 ഡിഗ്രിയും രണ്ടാമത്തെ ആഴ്ചയില്‍ 29 ഡിഗ്രിയും മൂന്നാമത്തെ ആഴ്ചയില്‍ 26 ഡിഗ്രിയും മതിയാകും. ആദ്യത്തെ നാലഞ്ചു ദിവസത്തേയ്ക്ക് ഹോവറിനുചുറ്റും ഒരു വലയം സ്ഥാപിക്കണം. ഇത് കുഞ്ഞുങ്ങള്‍ ബ്രൂഡറിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയും അതു വഴി തണുപ്പില്‍ നിന്നുള്ള സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.സാധാരണ കോഴി കുഞ്ഞുങ്ങള്‍ക്കുപയോഗിക്കുന്ന ബ്രൂഡര്‍തന്നെ താറാകുഞ്ഞുങ്ങള്‍ക്കും ഉപയോഗിക്കാം. ഇന്ഫ്രാറെഡ് ബള്‍ബുകള്‍ , സാധാരണ വൈദ്യുത ബള്‍ബുകള്‍, ഗ്യാസ് മാന്‍റിലുകള്‍ എന്നിവ ചൂടു നല്കുന്നതിന് ഉപയോഗിക്കാം. ഏകദേശം 150 കുഞ്ഞുങ്ങളെവരെ ഒരു ബ്രൂഡറില്‍ വളര്‍ത്താവുന്നതാണ്. യഥേഷ്ടം വായു സഞ്ചാരമുള്ള കെട്ടിടങ്ങളില്‍ ബ്രൂഡറില്‍ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ നല്ല ആരോഗ്യമുള്ളവയാണ്.  താറാവിന്‍ കുഞ്ഞുങ്ങളെ 6 ദിവസം പ്രായമാകുമ്പോള്‍ അവയെ ദിവസം അരമണിക്കൂര്‍ വീതം വെള്ളത്തില്‍ വിടാവുന്നതാണ്. പിന്നീട് ക്രമമായി മൂന്നാഴ്ച കൂടുതല്‍ സമയം വെള്ളത്തില്‍വിട്ട് വളര്‍ത്തണം. താറാവിന് നീന്തുന്നതിന് എപ്പോഴും ജലാശയം കൂടിയേ തീരൂ എന്നില്ല. എന്നാലും തലമുഴുവന്‍ മുങ്ങത്തകവിധം വെള്ള പാത്രങ്ങളിലോ ചാലുകളിലോ ഉണ്ടായാല്‍ മതി. അല്ലാത്ത പക്ഷം കണ്ണുകളില്‍ രോഗം ബാധിക്കാന്‍ ഇടവരും. വേനല്‍ക്കാലങ്ങളിലും മറ്റും അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോള്‍ താറാവിന് ചിറകടിച്ചു കുളിക്കത്തക്കവിധം ജലം ലഭിച്ചില്ലെങ്കില്‍ ഉല്പാദനത്തില്‍ കുറവുണ്ടാകും. താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായംവരെ സമീകൃത തീറ്റ നല്കാം. താറാവിന്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്കാവുന്നതാണ്.
തീറ്റ വെള്ളവുമായി നനച്ചു നല്കണം. ഒരു ദിവസത്തേയ്ക്ക് ആവശ്യമായ തീറ്റ മൂന്നു നേരമായി രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ കൊടുക്കണം. ഒരു ദിവസം  പ്രായമായ ഒരു താറാവിന്‍ കുഞ്ഞിന് ആദ്യത്തെ ആഴ്ച പത്തുമുതല്‍ പന്ത്രണ്ട് ഗ്രാം വരെ തീറ്റ വേണ്ടിവരും. നനച്ച തീറ്റ അടുത്ത ദിവസത്തേക്ക് ബാക്കി വച്ചാല്‍ പൂപ്പല്‍ വിഷബാധയ്ക്കുള്ള സാധ്യതയേറും.

പതിനാറാഴ്ചവരെ പ്രായമുള്ള താറാവുകള്‍ക്ക് കൂടുകളില്‍ രണ്ടരമുതല്‍ മൂന്ന് ചതുരശ്ര അടിവരെ സഥലം ആവശ്യമാണ്. വെള്ളപാത്രങ്ങള്‍ അഞ്ചിഞ്ചുമുതല്‍ ആറിഞ്ചുവരെ താഴ്ചയുള്ളതുമായിരിക്കണം. കുഞ്ഞുങ്ങളുടെ തലമുഴുവന്‍ മുങ്ങത്തക്കവണ്ണം വെള്ളം നിറയ്ക്കേണ്ടതുമാണ്. പകല്‍സമയങ്ങളില്‍ പാടങ്ങളില്‍ വിടുന്നില്ലെങ്കില്‍ കൂടിനുവെളിയില്‍ ഒരു കുഞ്ഞിന് പത്തുമുതല്‍ പതിനഞ്ച് ചതുരശ്ര അടിമുതല്‍ സ്ഥലം നല്കണം. ഒരു ഹെക്ടര്‍ സഥലത്ത് 2000 കുഞ്ഞുങ്ങളില്‍ കൂടുതല്‍ വളര്‍ത്താനും പാടില്ല. മൂന്നു മാസം വരെ താറാവിന്‍കുഞ്ഞുങ്ങളെ ഒന്നിച്ചു വളര്‍ത്തിയതിനുശേഷം പിടയേയും പൂവനേയും വേര്‍തിരിച്ച് വില്പനയ്ക്ക് സജ്ജമാക്കാം.

എമു

അലങ്കാരപക്ഷിയായും വ്യാവസായികാടിസ്ഥാനത്തിലും വളര്‍ത്താന്‍ കഴിയുന്ന മനുഷ്യരോട് വളരെവേഗത്തില്‍ ഇണങ്ങുന്ന പക്ഷിവയാണ് എമു. ലോകത്ത് ഇന്നു ലഭിക്കുന്ന മാംസങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ 97 ശതമാനം കൊഴുപ്പുരഹിത ഇറച്ചിയാണ് എമുവിന്റേതെന്നതാണ് ഇതിന്റെ  പ്രത്യേകത.ഈ സഹസ്രാബ്ദത്തിലെ സൂപ്പര്‍ ഫുഡ് എന്നാണ് എമു ഇറച്ചി അറിയപ്പെടുന്നത് മൃഗങ്ങളുടെ ഇറച്ചി പോലെത്തന്നെ എമു ഇറച്ചിയും ചുവന്നതാണെന്നതും പാശ്ചാത്യരെ ആകര്‍ഷിക്കുന്നു. സാധാരണ പക്ഷികളുടെ മാംസം വെളുത്ത ഇറച്ചിയിലാണ് പെടുന്നലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമു രൂപത്തിലും ഭാവത്തിലും ജീവിതരീതിയിലുമെല്ലാം കൗതുകമുണര്‍ത്തുന്നതാണ്. ശാസ്ത്രീയമായി 80 മില്യണിലധികം വര്‍ഷം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന  ഈ ഭീമന്‍പക്ഷി പരിണാമത്തെ അതിജീവിച്ചാണ് ഇപ്പോഴും ഈ രൂപത്തില്‍ തുടരുന്നതത്രെ. കൊടുംശൈത്യത്തിലും കടുത്ത വേനലിലും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന, പ്രത്യേക തീറ്റയെന്നും ആവശ്യമില്ലാത്ത എമു അതുകൊണ്ടുതന്നെ ഒരത്ഭുതപക്ഷിയാണ്.

കാഴ്ചയില്‍ ഭീമാകാരനാണെങ്കിലും വളരെ സാധു സ്വഭാവക്കാരാണ്. ആറടിയോളം ഉയരവും 50 കിലോ തൂക്കവുമുള്ള എമുവിന് 50 കി.മീറ്റര്‍ സ്പീഡില്‍ ഓടാനും കഴിയും. മിശ്രഭോജിയാണെങ്കിലും സസ്യാഹാരമാണ് കൂടുതല്‍ താല്പര്യം. കാട്ടില്‍ പച്ചില, കിഴങ്ങ്, പുല്ല്,      പൂക്കള്‍, ചെറിയ പുഴുക്കള്‍ എന്നിവയൊക്കെ തിന്നാണ് ഇവ കഴിയാറ്. വലുതായാല്‍ ആണ്‍പക്ഷിയേയും പെണ്‍പക്ഷിയേയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള ഇവയിലെ ആണ്‍പക്ഷിയാണ് 52 ദിവസം നെഞ്ചിലെ ചൂടുനല്‍കി മുട്ടകള്‍ വിരിയിച്ചെടുക്കുന്നത്. പൊതിച്ച ഒരു വലിയ തേങ്ങയോളം വലിപ്പമുണ്ടാകും കടും പച്ചനിറമുള്ള എമുവിന്റെ മുട്ടക്ക്. ഒരെണ്ണത്തിന് 1000 രൂപയോളം വിലവരുന്ന മുട്ടയ്ക്ക് മുക്കാല്‍ കിലോയോളം തൂക്കമുണ്ടായിരിക്കും . ഓരോ രാജ്യങ്ങളിലെ പ്രത്യേകതയനുസരിച്ചാണ് എമുവിന്റെ ഭക്ഷണക്രമം. കേരളത്തില്‍ ഇവിടെ കിട്ടുന്ന അരി, ഗോതമ്പ്, മുന്നാറി, മക്കച്ചോളം, തവിട്, പിണ്ണാക്ക് എന്നിവയൊക്കെ നല്‍കാം. എമുവിന്റെ വളര്‍ച്ചയ്ക്ക് കാല്‍സ്യം അത്യാവശ്യമാണ്. വളര്‍ച്ചയുടെ ഘട്ടത്തിലും മുട്ടയിടുമ്പോഴും കാല്‍സ്യം ധാരാളം വേണം. ഒരു എമു ഒരു കിലോയോളം ഭക്ഷണം ദിവസം കഴിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് എമുവിന്റെ പ്രജനനകാലം. പിന്നെ മെയ് തുടങ്ങി സെപ്തംബര്‍ വരെ ഇടവേളയാണ്. പെണ്‍പക്ഷി 18  മാസത്തിലും ആണ്‍പക്ഷി 20മാസത്തിലുമാണ് പ്രായപൂര്‍ത്തിയാവുന്നത്. വിരിഞ്ഞിറങ്ങി 21 മാസത്തില്‍ മുട്ട പ്രതീക്ഷിക്കാം. ഫാമുകളില്‍ ഒരു പൂവന് ഒരു പിട എന്ന രീതിയാണ്. ഒരു തവണ ഇണചേര്‍ന്നു കഴിഞ്ഞാല്‍ 10 മുട്ട വരെ ലഭിക്കും. പിന്നെ 15~20 ദിവസം ഇടവേളയായിരിക്കും. ഇണചേരലിനുശേഷം പിന്നെയും മുട്ടയിടാന്‍ തുടങ്ങും.  ഒരു വര്‍ഷം 56 മുട്ടയോളം ലഭിക്കുന്നു. മുട്ട എടുത്തുമാറ്റുന്നതുകൊണ്ട് പ്രജനനകാലത്തിന്റെ അവസാനദിവസങ്ങളില്‍ ആണ്‍പക്ഷിക്ക് മുട്ട കാണാത്തതു കൊണ്ടുള്ള വിഷാദമുണ്ടാകാറുണ്ടത്രെ. പൂവന്‍ അടയിരിക്കുന്ന 52 ദിവസവും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാറില്ല. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മൂന്നുമാസം വരെ ഇവ പരിരക്ഷിക്കും. 40 വ.യസ്സോളം ആയുസ്സുള്ള എമു 30 വയസ്സുവരെ മുട്ടയിടും. ജനിച്ച ഉടന്‍ തന്നെ എഴുന്നേറ്റു നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ പിറ്റേന്നുമുതല്‍ നല്ല സ്പീഡില്‍ ഓടാന്‍ തുടങ്ങും. വിരിഞ്ഞിറങ്ങുമ്പോള്‍ 450 ഗ്രാം തൂക്കവും അര അടി ഉയരവും ഉണ്ടാകും മൂന്നു മാസമാകുമ്പോള്‍ രണ്ടടി ഉയരവും ആറുകിലോ തൂക്കവും ആകുന്നു. മൂന്നുമാസം വരെ ദേഹത്ത് വരകള്‍ കാണാം. ആണ്‍,പെണ്‍ കുഞ്ഞുങ്ങളെ തിരിച്ചറിയുന്നതും സാധാരണയായി വില്‍ക്കുന്നതും ഈ പ്രായത്തിലാണ്. ഒരു വര്‍ഷത്തില്‍ അഞ്ചര അടി ഉയരവും അഞ്ചുകിലോതൂക്കവും വെയ്ക്കുന്ന ഇവ രണ്ടു വയസ്സുമുതല്‍ മുട്ടയിട്ടു തുടങ്ങും.മയിലെണ്ണയോട് സാദൃശ്യമുള്ള എമുവിന്റെ എണ്ണയ്ക്കും ഏറെ ഔഷധഗുണമുണ്ടെന്നാണ് കണ്ടെത്തല്‍.ഒരു എമുവില്‍ നിന്നും ആറു ലിറ്ററോളം എണ്ണ ലഭിക്കും. സന്ധിവേദന, വീക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തൊലിയുടേയും മാംസത്തിന്റേയും ഇടയില്‍ ഒരാവരണം പോലെ കാണപ്പെടുന്ന കൊഴുപ്പ് ഉരുക്കിയാണ് എണ്ണ ഉണ്ടാക്കുന്നത്. അടയിരിക്കുന്ന ആണ്‍പക്ഷിക്ക് 52 ദിവസത്തോളം ഒന്നും കഴിക്കാതെ ജീവിക്കാന്‍ കഴിയുന്നത് ഈ കൊഴുപ്പുള്ളതുകൊണ്ടാണ്. നേരിട്ട് തീ ഏല്‍പ്പിക്കാതെ ബ്രോയ്ലര്‍രീതിയില്‍ കൊഴുപ്പ് ഉരുക്കിയാണ് എണ്ണ എടുക്കുന്നത്. കേരളത്തിലും ചില ഫാമുകളില്‍ എമുവിനെ വളര്‍ത്തുന്നുണ്ട്. വലിയ കമ്പിവേലികള്‍ തീര്‍ത്ത് വിസ്തൃതമായ പറമ്പുകളിലാണ് ഇവയെ വളര്‍ത്തുക. പ്രത്യേകിച്ച് രോഗങ്ങളോന്നുമില്ലാത്ത ഇവ പാമ്പ്, കീരി തുടങ്ങിയ ശത്രുക്കളെ ആക്രമിച്ച് കൊല്ലാറുണ്ട്.

എമുവിന് 10 മീറ്ററോളം ദൂരത്തുള്ള കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നതിനാല്‍ ഇവയുടെ കണ്ണുകള്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാമത്രെ!തൊപ്പി, വസ്ത്രങ്ങള്‍, ബ്രഷുകള്‍, ബാഗുകള്‍, എന്നിവയ്ക്കുവേണ്ടി തൂവലുകള്‍ ഉപയോഗിച്ചു വരുന്നു. ബാഗുകള്‍, സീറ്റ് കവറുകള്‍, കയ്യുറ എന്നിവയുടെ നിര്‍മ്മാണത്തിന് ഇതിന്റെ തുകല്‍ ഉപയോഗിക്കാം. ഒരു പക്ഷിയില്‍ നിന്നും 12 ചതുരശ്ര അടിവരെ തൊലി ലഭിക്കുമത്രെ! ഒരു ചതുരശ്രയടിക്ക് 1000 രൂപ വിലവരും.മുട്ടത്തോട് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു വരുന്നു.

കാക്കത്താറാവ്

കാക്കത്താറാവ്   ചേരകോഴിയോട്   സമാനമായ  ഇവ  പലപ്പോഴും  അവക്കൊപ്പം  കാണാറുണ്ട്.  സ്വഭാവത്തിനും ചേരക്കോഴികളോട്  സാദൃശ്യമുണ്ട്.  നമ്മുടെ  നാട്ടില്‍   നീര്‍ക്കാക്കയെന്നാണ്  ഇതിനെ  വിളിക്കുന്നത്.  ജലത്തില്‍  മുങ്ങി ഇരപിടിക്കാന്‍ കാക്കത്താറാവ്  കേമനാണ്. നീന്തുകയും  ഊളയിടുകയും  ചെയ്യുന്ന  ഇവർ  ഊളിയിട്ടു  പോകുമ്പോഴാണ്  ഇര പിടിക്കുന്നത്.  മീനുകളാണ്  ഇഷ്ട ഭക്ഷണം.  നീന്തുമ്പോൾ  തലയും  കഴുത്തും  മാത്രമെ  പുറത്തുകാണുകയുള്ളു.  എണ്ണമയം കുറവായതിനാല്‍  കാക്കത്താറാവിന്‍െറ  ചിറകുകള്‍  ജലം  നനയുമ്പോള്‍  പരസ്പരം  ഒട്ടിപ്പിടിക്കുന്നത്  കാണാം. അതുകൊണ്ടുതന്നെ  ഇരപിടിത്തം  കഴിഞ്ഞ്  വെയിലത്ത്   ചിറകുകള്‍ വിടര്‍ത്തിയിരിക്കുന്ന   കാക്കത്തറാവുകള്‍  നമ്മുടെ  നാട്ടിന്‍പുറങ്ങളിലെ  സാധാരണ   കാഴ്ചയാണ്.  ദേഹം തിളക്കമുള്ള  കറുപ്പും  തടിച്ചതുമാണ്‌.  കറുപ്പിനിടയിൽ  ഒരു പച്ചത്തേപ്പും  കാണാം.  കാലുകള്‍  ശരീരത്തിന്‍െറ  പിന്‍ഭാഗത്തായതിനാല്‍  കരയില്‍  നടത്തം പ്രയാസമാണ്.  കാല്‍വിരലുകള്‍ ചര്‍മങ്ങള്‍കൊണ്ട്  ബന്ധിക്കപ്പെട്ടതാണ്.  എന്നാല്‍, പറക്കാന്‍  പ്രയാസമില്ല.  കണ്ണുകൾ  പച്ച  കലർന്ന  കറുപ്പ്.  ഇവ സാധാരണയായ്   കൂടൊരുക്കുന്നത്  മരക്കൊമ്പുകളിലാണ്.  നവംബര്‍  മുതല്‍  ഫെബ്രുവരി  വരെയാണ്  കാക്കത്തറാവുകളുടെ  പ്രജനനകാലം.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate