অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുയല്‍ വളര്‍ത്തല്‍

മുയല്‍കൃഷി

മുയലുകളെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. കുറഞ്ഞ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെറിയ മുതല്‍മുടക്കിലും, ഏത് പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു വളരെ പെട്ടെന്ന് ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍കൃഷിയുടെ പ്രത്യേകതകളാണ്.

മുയലിറച്ചിയിലുള്ള ഒമേഗ-ത്രീ-ഫാറ്റി ആസിഡ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം. ഇറച്ചിക്കായി പ്രധാനമായും മൂന്നിനം മുയലുകളെയാണ് വളര്‍ത്തുന്നത്.

  1. സോവിയറ്റ് ചിഞ്ചില
  2. ഗ്രേ ജയന്റ്
  3. ന്യൂസിലാന്റെ വൈറ്റ്
  4. ഡച്ച്

ഇവയുടെ സങ്കരയിനങ്ങളും നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍ യോജിച്ചവയാണ്.

മുയല്‍ക്കൂടുകള്‍ മരം കൊണ്ടോ, കമ്പിവേലി കൊണ്ടോ ഉണ്ടാക്കാം. കൂടുതല്‍ വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്‍ കടക്കത്തതുമായ ഷെഡുകളില്‍ വെയ്ക്കേണ്ടതാണ്. കൂടിന്റെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ക്ക് കാരണമാകും. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മീ നീളവും 70 സെ.മീ വീതിയും 50 സെ.മീ ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്. കൂടിന്റെ അടിഭാഗം തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പൊക്കത്തില്‍ ആയിരിക്കണം. വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴേയ്ക്കു പോകുന്ന രീതിയില്‍ ആയിരിക്കണം കൂട് നിര്‍മ്മിക്കേണ്ടത്. ശുദ്ധജലം കൂടിനുള്ളില്‍ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്‍ച്ചട്ടികളോ, ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ചതോ ഉപയോഗിക്കാം.

പച്ചപ്പുല്ല്, മുരുക്കില, കാരറ്റ്, കാബേഝ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം മാംസ്യം കൂടുതല്‍ അടങ്ങിയ തീറ്റമിശ്രിതവും മുയലുകളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ആണ്‍മുയലിനെയും പെണ്‍മുയലിനെയും പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്. അഞ്ച് പെണ്‍മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. 8-12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും 6-8 മാസം പ്രായം പൂര്‍ത്തിയായ പെണ്‍മുയലുകളെയും ഇണചേര്‍ക്കാവുന്നതാണ്.

തടിച്ചു ചുവന്ന ഈറ്റം അസ്വസ്ഥത, മുഖം കൂടിന്റെ വശത്ത് ഉരയ്ക്കുക, പുറകു വശം പൊക്കി കിടക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങള്‍. ഈ സമയത്ത് ആണ്‍മുയലിന്റെ കൂട്ടിലേക്കു വിടേണ്ടതാണ്. വിജയകരമായി ഇണചേര്‍ന്നാല്‍ ആണ്‍മുയല്‍ പുറകിലേക്കോ വശത്തേക്കോ മറിഞ്ഞു വീഴുന്നതായി കാണാം. 28-34 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചയില്‍ തടി കൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ടോ ഒരു പ്രത്യേക കൂട് കൂട്ടിനുള്ളില്‍ വെയ്ക്കേണ്ടതാണ്. ഇതിന് 50x30x15 സെ.മീ വലിപ്പം ഉണ്ടായിരിക്കണം. ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടു കുട്ടികള്‍ ഉണ്ടായിരിക്കാം. ജനിച്ചയുടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കാണിക്കാറുണ്ട്. ഗര്‍ഭകാലത്തെ ശരിയായ തീഠ്ടക്രമം കൊണ്ട് ഇത് ഒഴിവാക്കാവുന്നതാണ്. നാല് മുതല്‍ ആറ് ആഴ്ച വരെ പ്രായമാകുമ്പോ‌ള്‍ കുഞ്ഞുങ്ങളെ തള്ളയില്‍ നിന്ന് മാറ്റേണ്ടതാണ്

പാര്‍പ്പിടം ഒരുക്കുമ്പോള്‍

മുയലുകള്‍ക്ക് പാര്‍പ്പിടം ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. ജല ലഭ്യത

ശുദ്ധജലം സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം മുയലുകള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നത്. കുടിക്കാനും, കൂടുകളും ഷെഡ്ഡുകളും കഴുകി വൃത്തിയാക്കാനും വെള്ളം വേണം. ക്ലോറിന്‍ കലര്‍ത്തിയ വെള്ളം മുയലുകള്‍ക്ക് കുടിക്കാന്‍ കൊടുക്കാതിരിക്കുകയാണ് അഭികാമ്യം.

2. ജല നിര്‍ഗമന മാര്‍ഗം

വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം മുയല്‍ക്കൂടുകള്‍ നിര്‍മിക്കേണ്ടത്. കൂട് കഴുകുമ്പോഴുണ്ടാകുന്ന മലിനജലം കൂടിന്റെ പരിസരത്ത് കെട്ടിനില്‍ക്കരുത്. മലിനജലത്തില്‍ കൂടി രോഗാണുക്കള്‍ വരാനുള്ള സാധ്യതയുണ്ട്.

3. സുരക്ഷിതത്വം

മുയലുകളെ പാര്‍പ്പിക്കുന്നത് സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, പൂച്ച, നായ, മൂങ്ങ തുടങ്ങിയവ മുയലിന്റെ ശത്രുക്കളാണ്. കൂടാതെ കള്ളന്മാര്‍ക്ക് മുയലിനെ കൊണ്ടുപോകാനും സാധിക്കരുത്. മുയല്‍ കൂടുകളുള്ള ഷെഡ്ഡുകളില്‍ പക്ഷികള്‍ക്ക് കയറാന്‍ പറ്റാത്തതാവണം.

4. ഗതാഗത സൗകര്യം

ശരിയായ ഗതാഗത സൗകര്യമുള്ള സ്ഥലത്തായിരിക്കണം മുയല്‍ ഷെഡ്ഡുകള്‍. മുയലുകളേയും തീറ്റയും കൊണ്ടുവരാനും ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനും ഗതാഗത സൗകര്യം ആവശ്യമാണ്. പക്ഷെ തുടര്‍ച്ചയായി വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന റോഡുവക്കില്‍ മുയല്‍ക്കൂടുകള്‍ പണിയരുത്.

4. കാലാവസ്ഥ

മുയലിന് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. ഷെഡ്ഡിന് ചുറ്റും തണല്‍ മരങ്ങളും ഷെഡ്ഡില്‍ ഫാനും നല്ലതാണ്. സൂര്യരക്ഷ്മികള്‍ നേരിട്ട് കൂട്ടിലേക്ക് പതിക്കരുത്. ടെറസ്സ്, പാറപ്പുറം, കുന്നിന്‍പുറം എന്നിവിടങ്ങളില്‍ മുയല്‍ വളര്‍ത്തല്‍ അനുയോജ്യമല്ല. ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും ഇരുപത് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മുയല്‍ക്കൂടുകള്‍ മുയലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്ന തരത്തില്‍ സ്ഥലപരിമിതി ഉണ്ടാവാന്‍ പാടില്ല. മുയല്‍ക്കൂടിനുള്ളിലും ശരിയായ കാറ്റും വെളിച്ചവും ആവശ്യമാണ്. മുയല്‍ കൂട് വൃത്തിയുള്ളതായാല്‍ മിക്ക രോഗങ്ങളും തടയാം. ശത്രുക്കളുടെ ശബ്ദമോ ഗന്ധമോ അതുമല്ലെങ്കില്‍ മറ്റ് വലിയ ശബ്ദങ്ങളോ മുയലുകളെ ഭീതിപ്പെടുത്തുന്നു. മുയല്‍ക്കൂടിനകത്തേക്ക് സന്ദര്‍ശകരെ കയറ്റരുത്. കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയും മുയലുകള്‍ക്ക് രോഗം വരുത്തും. ഇതിനൊക്കെ പുറമെ കൂട്ടില്‍ തീറ്റയും വെള്ളവും കൊടുക്കാനുള്ള നല്ല സൗകര്യവും ഉണ്ടായിരിക്കണം.

Source: FARM CIRCLE

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate