অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഡയറിഫാമും വിവരങ്ങളും

ഡയറി ഫാം തുടങ്ങാന്‍ ആവശൃമായകാരൃങ്ങള്‍:

മാറ്റങ്ങളുടെതായ ഇക്കാലഘട്ടത്തില്‍ ഡയറി ഫാമുകള്‍ക്കും കാലാനുസൃത മാറ്റങ്ങള്‍ സ്വാഭാവികമാണ്. ഒരു തൊഴില്‍ എന്നാ നിലയില്‍ ഫാം ആരംഭിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ഒട്ടേറെ അന്വേഷണങ്ങള്‍ ഇക്കാര്യത്തില്‍ വരുന്നത് കൊണ്ടാണ് ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഉപജീവന – വരുമാന മാര്‍ഗ്ഗമായി ഡയറി ഫാമുകള്‍ എങ്ങനെ ആരംഭിക്കാം എന്നൊരു പംക്തി തുടങ്ങുന്നത്…
കഴിഞ്ഞ തലമുറയിലുള്ള കേരളീയ വീടുകളിലൊക്കെ വീടിനോടു ചേര്‍ന്നുള്ള ഒരു തൊഴുത്തും, അതില്‍ നിറയെ പാല്‍ ചുരത്തുന്ന പശുക്കളുമൊക്കെ അഭിമാനത്തിന്റെ, പ്രൌഡിയുടെ, കുടുംബ മഹിമയുടെ ഒക്കെ അടയാളങ്ങളായിരുന്നു. അന്ന് നന്ദിനിയും, ശാന്തയും, ശാലിനി പശുവും ഒക്കെ തൊഴുത്തില്‍ നിന്നും വീട്ടുകാരുടെയൊക്കെ ഹൃത്തിലേക്ക് ഗൃഹാതുരത്വം അയവിറക്കുന്ന നനുത്ത സ്നേഹ ബന്ധമായി മാറിയ കാലമായിരുന്നു. ഹോസ്ടലുകളില്‍ നിന്നും മാസത്തിലൊരു തവണ അയച്ചിരുന്ന ഇന്‍ലന്‍ഡിന്റെ പിന്‍ പേജില്‍ നന്ദിനിക്ക് സുഖമാണോ എന്ന് എഴുതി ചോദിച്ചവരുടെ തലമുറ വിട വാങ്ങുകയാണ്. ഇന്ന് കുട്ടികള്‍ക്ക് പാലെന്നാല്‍ പ്ലാസ്റ്റിക് കവറുകള്‍ ചുരത്തുന്ന വെളുത്ത ദ്രാവകം… പശുക്കളൊഴിഞ്ഞ തൊഴുത്തുകള്‍ ഗ്രാമീണ കേരളത്തിന്റെ അവശേഷിപ്പുകളായി മാറി കൊണ്ടിരിക്കുന്നു.
ഒന്നോ രണ്ടോ പശുക്കളെ പോറ്റുക ദുഷ്കരവും ആയാസ ഭരിതവും ആവുന്നിടത്ത് പലരും അതിനാഗ്രഹമുണ്ടെങ്കിലും തുനിയുന്നില്ല. എന്നാല്‍ മാറി വരുന്ന വികസന കാലം എന്നാ കുതിപ്പു കാലത്തില്‍ മനുഷ്യര്‍ക്ക് പാലും, അനുബന്ധ ആവശ്യങ്ങളും ഇരട്ടികളായി വര്‍ദ്ധിക്കുന്നു. കമ്പോളത്തില്‍ ആവശ്യം കൂടുന്നതിനനുസരിച്ചുള്ള ഉത്പാദനം വര്‍ദ്ധിക്കുന്നുമില്ല. ഉപഭോക്തൃ നിലവാരത്തില്‍ ഉത്പാദകര്‍ ഇടപെടുന്നുമില്ല. കാരണങ്ങള്‍ പലതാണ്. കേരളം പോലെയുള്ള കൊച്ചു സ്റ്റേറ്റില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ഇത് തിരിച്ചറിയാതെ ഏറെ സ്ഥല സൗകര്യങ്ങള്‍ നിലവിലുള്ള ചില സ്റ്റേറ്റുകളിലെ കാലി പോറ്റല്‍ രീതികള്‍ അതേപടി പറിച്ച് നടാന്‍ തുടങ്ങുന്നത് തന്നെ വികലമാണ്. പലപ്പോഴും പദ്ധതികള്‍ വിഭാവനം ചെയ്യുന്ന തലപ്പത്തിരിക്കുന്നവരുടെ പിടിപ്പു കേടോ, അജ്ഞതയോ, രാഷ്ട്രീയ മുതലെടുപ്പുകളോ ഒക്കെ ഒരു പ്രദേശത്തെ തന്നെ ബുദ്ധിമുട്ടിലാക്കും. അതിനുള്ള നല്ല ഉദാഹരണമാണ് കാലിവളര്‍ത്തല്‍ മേഖല. കാര്‍ഷിക ജില്ലകളില്‍ പോലും ലാന്‍ഡ് മാഫിയകള്‍ രാക്ഷസവേഷം ധരിച്ച് പല പേരില്‍ കവര്‍ച്ച നടത്തുമ്പോള്‍ പടിയിറങ്ങുന്നത് പാവം കര്‍ഷകരും കാലി വളര്‍ത്തുകാരും ഒക്കെ തന്നെയാണ്. നാട്ടിലെ കന്നുകാലികളുടെ സംഖ്യ തന്നെ താഴേക്ക് കുതിക്കുകയാണ്. കണക്കുകള്‍ എന്നും മാധ്യമങ്ങളില്‍ നിരക്കുന്നു. അമ്പരപ്പിക്കുന്ന തോതില്‍ കന്നുകാലികള്‍ കുറയുന്നു. പലരും കാലി വളര്‍ത്തല്‍ രംഗം വിട്ടു പോവുകയാണ്. അതിന്റെ സാമൂഹിക ശാസ്ത്രം ഗവേഷണ വിഷയമാക്കെണ്ടിയിരിക്കുന്നു. കാര്‍ഷിക ആത്മഹത്യ നിറഞ്ഞ വയനാട്ടില്‍ അന്ന് കാലി വളര്‍ത്തിയിരുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനായി എന്നത് ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം. പക്ഷെ പൊതുവില്‍ കര്‍ഷകരോടും കാലി വളര്ത്തലുകാരോടും സമൂഹവും ഭരണ വര്‍ഗ്ഗവും പുലര്‍ത്തുന്ന ഒരു തരാം നിന്ദ നിറഞ്ഞ പുശ്ചം നമ്മുടെ പരിഷ്കൃത കേരളത്തിലും നില നില്‍ക്കുന്നു എന്നത് അമ്പരിപ്പിക്കുന്നു. മലയാളിയുടെ കാപട്യങ്ങളുടെ കൂട്ടത്തില്‍ ഇതും കൂട്ടി വായിക്കപ്പെടെണ്ടതാണ്.
ഏതൊരു ബിസിനസ്സും തുടങ്ങുമ്പോള്‍ ചിന്തിക്കുന്നത് പോലെ തന്നെ ഡയറി മേഖലയിലേക്ക് ഇറങ്ങുമ്പോഴും അതിന്റെ കമ്പോള സാദ്ധ്യതകളും, സാമൂഹിക സാംസ്കാരിക നിലപാടുകളും കൂടി കണക്കിലെടുക്കണം. എന്റെ അച്ഛന്റെ തൊഴില്‍ കൃഷിയാണ് അല്ലെങ്കില്‍ കാലി വളര്‍ത്തല്‍ ആണെന്ന് പറയാന്‍ അറയ്ക്കുന്ന മക്കള്‍ തന്നെ വലിയ ഒരു സാമൂഹിക കാഴ്ച്ചപ്പാടിലെക്കുള്ള വാതില്‍ തുറക്കുകയല്ലേ ? എന്റെ ബന്ധു ഗുണ്ടയാണ്, അല്ലെങ്കില്‍ മദ്യ രാജാവാണ് എന്ന് നെഞ്ചു വിരിച്ച് അഭിമാനിക്കുന്ന ചെറുപ്പക്കാര്‍ പെരുകുന്ന സമൂഹത്തില്‍ ചാണകം മണക്കുന്ന കാലി വളര്‍ത്തല്‍ തൊഴിലായി പറയാന്‍ അറയ്ക്കുന്നത് അത്ര നിസ്സാരമായി കാണുകയുമരുത്. ഇന്ന ഡയറി ഫാമുകള്‍ വലിയ ഒരു പാല്‍ ഇന്‍ഡസ്ട്രി ആയി മാറുകയാണ്. പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ എന്ന ഉരുക്കളും, എഞ്ചിനീയറിംഗ് സമ്പുഷ്ടമായ ഉപകരണ സംവിധാനങ്ങളും, നിയന്ത്രകന്‍ എന്ന കര്‍ഷകനും ഒട്ടേറെ പുതുമ നിറഞ്ഞ ഉത്പന്നങ്ങള്‍ വിപണി നിറയ്ക്കുന്ന പാല്‍ മാര്‍ക്കറ്റിംഗ് തന്ത്രവും ഒക്കെ കൂട്ടി വായിച്ചാല്‍, വലിയ ഒരു വ്യവസായമെന്ന വ്യാഖ്യാനത്തിന്റെ പരിധിക്കുള്ളില്‍ ഡയറി ഫാമുകളും കടന്നു വരുന്നു. ആ രീതിയില്‍ കാണുകയും അതിന്റെ സാമൂഹിക മാനം ഉയരുകയും ചെയ്യുന്നതിന്റെ തെളിവ് തന്നെയാണ് ഒട്ടേറെ നിക്ഷേപകര്‍ ഡയറി മേഖലയിലേക്ക് പണം മുടക്കാന്‍ തയ്യാറായി മുന്നിട്ടിറങ്ങുന്നത്. ചെറുപ്പക്കാര്‍ പലരും വെള്ളക്കോളര്‍ ജോലികള്‍ ഉപേക്ഷിച്ച് കാലി മേയ്ക്കലിലും പാല്‍ വില്‍പ്പനയിലും സംതൃപ്തി കണ്ടെത്തുന്നുവെന്ന പല വാര്‍ത്തകളും നാം കേള്‍ക്കുന്നതും ഇത് കൊണ്ടാണ്. പക്ഷെ ആ രംഗത്തേക്ക് പണം ഇറക്കും മുന്‍പ് അതിനെ കുറിച്ച് വ്യക്തമായ ഒരു മനസ്സിലാക്കല്‍ നടത്തേണ്ടിയിരിക്കുന്നു. പലപ്പോഴും ഒരു സംരംഭകന്റെ മുന്നില്‍ തുറന്നിടുന്ന വിവര വിജ്ഞാനം അവരെ അതില്‍ നിന്നും അകറ്റി നിര്ത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയിരിക്കും, ഹൈടെക് ഫാമുകള്‍ കേരളത്തില്‍ തുടങ്ങുക ദുഷ്കരമാണെന്ന് ഒട്ടു മിക്കവര്‍ക്കും അറിയാം. എന്നാല്‍ കേരളത്തിനു അനുയോജ്യം എന്ന് പ്രസംഗിച്ച് പൊതു പണം മുടക്കി നടപിലാകാത്ത രീതികള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വരച്ചു വെക്കുന്നത് നാം കണ്ടു കഴിഞ്ഞു. ഒരു വ്യവസായം എന്ന നിലയില്‍ കേരളത്തില്‍ എങ്ങനെ ഡയറി ഫാം തുടങ്ങാം എന്നത് വളരെ ബുദ്ധിപൂര്‍വ്വം ആലോചിച്ച് നടപ്പിലാക്കേണ്ട കാര്യമാണ്. കേരളത്തില്‍ കടന്നു വരുന്ന നിക്ഷേപകര്‍ക്ക് ഡയറിയിംഗ് എന്ന വ്യവസായത്തിലേക്ക് സ്നേഹപൂര്‍വ്വം കൈ പിടിച്ച് നടത്തിക്കുക തന്നെ വേണം…
ഒരു പുതു സംരംഭം എന്ന നിലയില്‍ ഒരു ഡയറി ഫാം തുടങ്ങണമെങ്കില്‍ അത് തുടങ്ങുന്ന സ്ഥലവും, പ്രദേശവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ പതിനാലു ജില്ലകളില്‍ ചിലത് ഇന്നും കാര്‍ഷിക മേഖലയായി നില നില്‍ക്കുന്നു എന്നത് മാത്രം മതി ഒരു ഡയറിക്കുള്ള പ്രദേശം തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്താന്‍. ഗ്രാമങ്ങള്‍ ആവും പലപ്പോഴും ഒരു ഡയറി ബിസിനിസ്സ് സംരംഭത്തിനു പലരും തിരഞ്ഞു പോവുക. എന്നാല്‍ കേരളത്തിലെ തിരക്കേറിയ പല നഗരങ്ങളിലും ആരും അറിയാത്ത പശു തൊഴുത്തുകള്‍ നില നില്‍ക്കുന്നുണ്ട്. പക്ഷെ അത്തരം തൊഴുത്തുകളുടെ ആയുസ്സ് പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ വന്നതോടെ അവസാനിക്കുകയാണ്. ധാരാളം സ്ഥലം ലഭ്യമായ പ്രദേശങ്ങളില്‍ ഡയറി സംരംഭം നന്ന്. പാല്‍ എന്ന വിപണന വസ്തു അധികം കേടു കൂടാതെ കമ്പോളത്തില്‍ എത്തിക്കെണ്ടതുള്ളതിനാല്‍ ആദ്യമായി ഒരു കമ്പോള സാധ്യതാ പഠനം നടത്തണം. എത്ര വേഗം പാല്‍ കമ്പോളത്തില്‍ എത്തിക്കുവാന്‍ സാധിക്കുന്നു എന്നതും, കമ്പോളത്തില്‍ എത്തുന്നത്തിനുള്ള റോഡ്‌ ഗതാഗത സൗകര്യം ഉണ്ടോ എന്നതും ഗൌരവപൂര്‍വ്വം പരിഗണിക്കണം. കേരളം ഒരു ഹര്‍ത്താല്‍ പണി മുടക്ക് പ്രദേശം കൂടി ആയതിനാല്‍ പാല്‍ വണ്ടികള്‍ വഴിയില്‍ കുടുങ്ങുമോ എന്നും അല്പം കടന്നു ചിന്തിക്കണം. കേരളത്തില്‍ അതി വേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥല വിനിയോഗ രീതികള്‍ പലപ്പോഴും ഒരു ഡയറി ഫാമിന് വിനയാകാറുണ്ട്. ചെറിയ ഭാഗമായുള്ള ഭൂ ലഭ്യതയും, ചെറുകിട ഉടമസ്ഥതയും, പലപ്പോഴും വലിയ ഭൂമി ലഭ്യതയ്ക്കുള്ള വഴിയടയ്ക്കുന്നു. കേരളത്തില്‍ 38863 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതിനാല്‍ പ്രാവര്‍ത്തിക ഭൂ ലഭ്യത അധി വേഗം കുറഞ്ഞു വരുന്നു. 2001 ല്‍ അത് 1/4 ഹെക്ടര്‍ ആയിരുന്നു, എന്നാല്‍ അതില്‍ നിന്നും ഒരു വലിയ കുറവ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ സ്ഥല ലഭ്യതയില്‍ പ്രകടമായി. അടുത്ത കാലത്തായി തമിഴ് നാട്ടിലും, കര്‍ണ്ണാടകയിലും ഒക്കെ വിസ്തൃതിയാര്‍ന്ന വെറും സ്ഥലം കാലി വളര്‍ത്തലിനായി പലരും തേടി പോകുന്നതിന്റെ പൊരുള്‍ ഇത് തന്നെ. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലും പുതിയ നിയമങ്ങള്‍ ഇത്തരം കുടിയേറ്റങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടു തുടങ്ങി. കേരളത്തില്‍ നിന്നും പുറത്ത് പോയി വാങ്ങുമ്പോള്‍ നിയമങ്ങള്‍ മനസ്സിലാക്കി വേണം നീങ്ങുവാന്‍. കേരളത്തില്‍ ആണെങ്കിലും നഗര വളര്‍ച്ചയുടെ ഗതിയറിഞ്ഞു നീങ്ങുന്നതാണ് ബുദ്ധി. നഗര, റോഡ്‌, റെയില്‍, വ്യവസായ വികസനം ഒക്കെ അതിവേഗം ബഹുദൂരം ഏതു വഴിക്ക് വരും എന്ന് കേരളത്തില്‍ പ്രവചിക്കുവാന്‍ സാധ്യമല്ലാത്ത ഒരു സാഹചര്യം രാഷ്ട്രീയ ലാന്‍ഡ് ബാങ്കുകള്‍ വരുത്തി തീര്‍ക്കുന്നു എന്നതും മനസ്സിലുണ്ടാവണം. കേരളത്തില്‍ വാഗമണ്‍ എന്നാ പൊതു പുല്‍ മേടുകള്‍ ഒരു കാലത്ത് ചെറുകിട കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നവരുടെ സങ്കേതമായിരുന്നു. എന്നാല്‍ ഭൂ മാഫിയ, ടൂറിസ വികസന കടന്നു വരവോടെ ചെറുകിട കാലി വളര്ത്തലുകാരും വന്‍ കിട ഫാമുകളും പടിയിറങ്ങേണ്ടി വരുന്നു. കാലി മേയലിനുള്ള സ്ഥല ലഭ്യതയും, പുല്ലിന്റെ ക്ഷാമവും, പിടിച്ചു നില്‍ക്കാനാവാതെ നാട് വിടുന്ന തൊഴിലാളികളും ഒക്കെ കാരണങ്ങള്‍ തന്നെ. കേരളത്തില്‍ ഇടുക്കി, വയനാട്, കണ്ണൂര്‍, പാലക്കാട് മേഖലകളില്‍ ക്ഷീരസാധ്യതകള്‍ ഉണ്ടെങ്കിലും, അതി വേഗം കുതിക്കുന്ന സ്ഥല വില ഡയറി മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുന്നു. കേരളത്തില്‍ കുതിച്ചുയരുന്ന സ്ഥല വിലയും, സ്ഥലം ലഭ്യമാവുന്നതിനുള്ള പ്രയാസവും പലപ്പോഴും നിക്ഷേപകരെ ഡയറി വ്യവസായത്തില്‍ നിന്നും അകറ്റുന്നു. സ്ഥല ലഭ്യതയ്ക്ക് അനുസൃതമാവണം നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുവാന്‍. ഇന്ന് പലരും ഡയറി വ്യവസായത്തെ ഒരു പരമ്പരാഗത തൊഴില്‍ എന്നല്ല കാണുന്നത്. പലരും ആദ്യമായി ഇതിലേക്ക് കടന്നു വരുന്നവരുമാകും.
നാം കണ്ടെത്തുന്ന ഭൂമി ഫാമിന് ഉപയുക്തമാണെന്ന് തോന്നിയാല്‍ അതിലുള്ള ജല ലഭ്യത, വഴി, ഗതാഗത സാധ്യതകള്‍, വിദ്യുച്ഛക്തി ലഭ്യത, പുല്ലു വളര്‍ത്താനുള്ള സാധ്യതകള്‍, ഇവയൊക്കെ ഒരു വിശകലനത്തിന് വിധേയമാക്കണം. ഫാമിന്റെ വലിപ്പം പലപ്പോഴും വിവിധ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണയിക്കുന്നതാണ് നന്ന്. പ്രദേശത്തിന്‍റെ സാമൂഹിക സാമ്പത്തിക കാഴ്ചപ്പാട്, എന്ത് തരം വില്‍പ്പനയാണ് ഉദ്ദേശിക്കുന്നത്, നന ലഭിക്കുന്നതും, നന ലഭിക്കാത്തതുമായ പ്രദേശം എത്ര, യന്ത്രങ്ങള്‍ എത്ര ഉപയുക്തമാക്കാം, ഭൂമിയുടെ ഉപഭോഗ തീവ്രത, എന്നതൊക്കെയാണ് വിദഗ്ദര്‍ വിലയിരുത്തുക. 365 ദിവസവും ശ്രദ്ധ വേണ്ടി വരുന്ന ഒരു വ്യവസായമാണ്‌ ഡയറി ഫാമിംഗ്. അതിലെ മാനേജര്‍ എന്നാ നിലപാട് തറയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു ദിനം പോലും ശ്രദ്ധ അവിടെ നിന്നും മാറ്റുവാന്‍ സാധ്യമല്ല. പാലും, പാലില്‍ നിന്നുള്ള മറ്റ് വില്‍പ്പന ചരക്കുകളും അതിവേഗം കേടാവുന്നതാകയാല്‍ അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു മേഖല തന്നെയാണ് ക്ഷീര വ്യവസായം. കാലാവസ്ഥാ വ്യതിയാനവും, ഭൂമിയുടെ തീവ്ര കവര്‍ന്നെടുക്കലും അതി തീക്ഷണമായി ബാധിക്കുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഒരു ഡയറി ഫാം തുടങ്ങല്‍ വരും കാലങ്ങളില്‍ അത്ര സുഖകരമാവില്ല. ഇന്ന് കാലാവസ്ഥയും, മണ്ണും, ജലവും ഭാവിയില്‍ എങ്ങനെയാവും എന്ന് ശാസ്ത്രീയ സ്ഥാപനങ്ങള്‍ക്ക് നിര്‍ണ്ണയിക്കുവാനാകും. ആക്കുളത്തെ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ്, പീച്ചിയിലെ വന ഗവേഷണ ഇന്‍സ്ടിട്യൂട്ട്, കാര്‍ഷിക സര്‍വ്വകലാശാല,വെറ്റിനറി സര്‍വ്വകലാശാല, കുന്ന മംഗലത്തുള്ള ജല വിഭവ ഇന്‍സ്റ്റിട്ട്യൂട്ട് , കേരളാ ലാന്‍ഡ് യൂസ് ബോര്‍ഡ്, സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് എന്നിവയിലൊക്കെ ലഭ്യമായ വിവരങ്ങള്‍ ഒരു സംരംഭകന് ലഭ്യമാണ്. വിവരാവകാശ നിയമം വന്നതിനാല്‍ മുപ്പത് ദിനത്തില്‍ കര്‍ഷകന് ആവശ്യമായ വിവരങ്ങള്‍ ഔദ്യോഗികമായി ലഭ്യമാകും. വിവര ശേഖരണവും, അത് മുന്‍നിര്‍ത്തിയുള്ള ഒരു അപഗ്രഥനവും ഡയറി ഫാം തുടങ്ങുന്ന ഇടത്തെകുറിച്ചുള്ള ഒരു മുന്‍ ധാരണ നല്‍കും.
ഡയറി ഫാം തുടങ്ങാനുള്ള ഇടം കണ്ടെത്തി കഴിഞ്ഞാല്‍ കഴിയുന്നത്ര ആനുകൂല്യങ്ങള്‍ എങ്ങനെ ലഭ്യമാക്കാം എന്ന് ചിന്തിച്ചു തുടങ്ങാം. കേരളത്തില്‍ മൃഗ സംരക്ഷണ വകുപ്പ്, കെ എല്‍ ഡി എം എം ബോര്‍ഡ്, ക്ഷീര വികസന വകുപ്പ്, ഗ്രാമ വികസന വകുപ്പ് എന്നിവടങ്ങളില്‍ നിന്നുമൊക്കെ അതാതു കാലത്തെ ആനുകൂല്യങ്ങള്‍, സബ് സിഡികള്‍, പ്രോജക്ടുകള്‍ എന്നിവയെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ബാങ്കുകള്‍ വഴി ലഭിക്കാവുന്ന എല്ലാ സഹായ സൗകര്യങ്ങളും അവരുടെ വെബ് സൈറ്റുകളില്‍ നിന്നും അറിയാന്‍ സാധിക്കും. പലപ്പോഴും ധനപരമായി സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ വേണ്ടി വരും. ഒരു ക്ഷീര പദ്ധതിക്ക് വേണ്ടി എങ്ങനെ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാം എന്നത് വരും ലക്കങ്ങളില്‍ വിശദമാക്കാം.
ഡയറി ബിസിനസ് ആരംഭിക്കുന്ന ഓരോ കര്‍ഷകനും അതിനെ കുറിച്ചുള്ള സമഗ്ര വിവരം മനസ്സിലാക്കുന്നത് ആ ബിസിനസിന്റെ വിജയത്തിനു ആവശ്യമാണ്‌ താനും. കേരളത്തില്‍ 2012 – 2017 ല്‍ പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയില്‍ സബ്സിഡിയും അനുബന്ധ വിഷയങ്ങളും എന്നത് പഞ്ചായത്ത് നിയമത്തില്‍ വിശദമായി നല്‍കുന്നുണ്ട്. ജീ.ഓ.എം.എസ്.നം.248/2012 തീയതി29.09.2012 പുതുക്കിയ മാര്‍ഗ രേഖ നല്‍കുന്നു. കൃഷിയും മൃഗ സംരക്ഷണവും എന്ന ഭാഗത്ത് ഇത് വിശദമാക്കുന്നു. പശു, എരുമ, ആട് എന്നിവയ്ക്ക് അമ്പത് ശതമാനം സബ്സിഡി ലഭിക്കാം. ഇവയെ വളര്‍ത്തുവാന്‍ സന്നദ്ധതയുള്ള കുടുംബങ്ങള്‍ ആയിരിക്കണം, വാര്‍ഷിക വരുമാനം 25000 രൂപയില്‍ കവിയാത്തവര്‍ക്ക് മുന്‍ ഗണന ലഭിക്കും. സഹകരണ സംഘം പോലെയുള്ള പല കുടുംബങ്ങള്‍ ചേര്‍ന്നുള്ള സംരംഭങ്ങള്‍ക്ക്‌ ഇത് പ്രയോജനപ്രദമാകും എന്നുള്ളത് കൊണ്ടാണ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള സബ്സിഡികളെ കുറിച്ചു ഇതില്‍ പരാമര്‍ശിക്കുന്നത്. വന്‍ കിട പ്രോജക്ടുകള്‍ക്ക് കാര്‍ഷിക ബാങ്കുകളും, നബാര്‍ഡിന്റെ പ്രോജക്ടുകളും ഒക്കെ പിന്‍ബലമേകാനാവും. അതാതു ബാങ്കുകളുടെ വെബ് സൈറ്റുകളില്‍ നോക്കിയാല്‍ എല്ലാ വിവരങ്ങളും ലഭ്യമാകും. പൊതു വിഭാഗത്തില്‍പെട്ട ഒരു വ്യക്തിക്ക് വിലയുടെ അമ്പത് ശതമാനം എന്നാ പരിധിക്ക് വിധേയമായി കറവയുള്ള പശുക്കളെ, എരുമകളെ വാങ്ങുന്നതിന് ഒന്നിന് പരമാവധി 15000 രൂപയും, ആടുകളെ വാങ്ങുന്നതിന് 10 കിലോഗ്രാം മുതല്‍ തൂക്കമുള്ള പെണ്ണാട് ഒന്നിന് പരമാവധി 3000 രൂപയും സബ്സിഡി നല്‍കാവുന്നതാണ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വ്യക്തിക്ക് ഇത് യഥാക്രമം 20000 രൂപയും, 4000 രൂപയും സബ്സിഡി നല്‍കാവുന്നതാണ്. ഞാന്‍ ഇത് ഇവിടെ വിവരിക്കാന്‍ കാരണം ഇതേ നിര്‍ദ്ദേശത്തില്‍ പരിധിക്കുള്ളില്‍ നിന്നും കൊണ്ട് തന്നെ വ്യക്തിഗത സംരംഭകര്‍ക്ക് ഒന്നിലധികം ക്ഷീര ഉരുക്കളെ വാങ്ങുവാന്‍ സബ്സിഡി നല്‍കാം എന്ന ഇതില്‍ വിശദമാക്കുന്നത് കൊണ്ടാണ്. ഗ്രൂപ്പ് സംരംഭങ്ങളില്‍ കുറഞ്ഞത് അഞ്ചു പേരെങ്കിലും വേണമെന്നും നിബന്ധനയുണ്ട്. ഒരു യൂണിറ്റ് എന്നാ നിലയില്‍ ഇതിനെ കണക്കാക്കുന്നു. യൂണിറ്റുകള്‍ ഒരിടത്തു തന്നെ ഉരുക്കളെ വളര്‍ത്തണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ പൊതുവായ വിപണന സൗകര്യം യൂണിറ്റുകള്‍ക്ക് ഉണ്ടാവണം. ഗ്രൂപ സംരംഭങ്ങള്‍ക്കുള്ള സബ്സിഡി തുക വ്യത്യസ്തമാണ്.
അതാതു കാലങ്ങളില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന എല്ലാ സബ്സിഡികളും, സൌജന്യങ്ങളും ഒക്കെ വാങ്ങിയെടുക്കാന്‍ പലപ്പോഴും കേരളത്തിലെ ക്ഷീര സംരംഭകര്‍ മടിക്കുന്നുവെന്നത് ഒന്നുകില്‍ അതിനെക്കുറിച്ച് അറിവ് ലഭിക്കാത്തത് കൊണ്ടോ, അതുമല്ലെങ്കില്‍ ഇത്തരം സര്‍ക്കാര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുവാനുള്ള വഴി ദുഷ്കരമെന്നു കരുതുന്നത് കൊണ്ടോ ആവാം. മറ്റു സംസ്ഥാനങ്ങളില്‍ നമ്മുടെ അത്ര വിദ്യാഭ്യാസമൊന്നും ഇല്ലാത്ത സംരംഭകര്‍ ഇത്തരത്തിലുള്ള എല്ലാ സൗജന്യങ്ങളും സൗകര്യങ്ങളും വളരെയധികം ഉപയോഗപ്പെടുത്തുന്നതായി കണ്ടിട്ടുമുണ്ട്. വായ്പ ബന്ധിത പ്രോജക്ടുകളില്‍ അതാത് പഞ്ചായത്തുകള്‍ സബ്സിഡി തുക ബാങ്കില്‍ അടക്കണം എന്നുണ്ട്. അങ്ങനെയല്ലാത്ത സംഗതികളില്‍ നിര്‍വഹണ ഉദ്യോഗസ്ഥന്റെ അനുമതിയോടു കൂടി സംരംഭകനു നേരിട്ടോ പഞ്ചായത്ത് തല പര്ചെസിംഗ് കമ്മിറ്റിക്കോ ക്ഷീര ഉരുക്കളെ വാങ്ങുവാനുള്ള അനുവാദവും ഇതിലുണ്ട്. പര്‍ച്ചേസിംഗ് കമ്മിറ്റി ഇടപെടുമ്പോള്‍ ഗുണഭോക്തു വിഹിതം പഞ്ചായത്തില്‍ അടയ്ക്കണം എന്നുമുണ്ട്. കുറഞ്ഞത് മൂന്നു വര്ഷം ഇവയെ വളര്‍ത്തണമെന്ന് ഒരു കരാര്‍ വെയ്ക്കുകയും കൂട് നിര്‍മ്മാണം, തീറ്റ ചിലവ്, കടത്ത് കൂലി, ഇന്ഷുറന്സ് തുക എന്നിവ പ്രോജക്ടിന്റെ ഭാഗമാക്കരുത് എന്നുമേയുള്ളൂ..
ഡയറി ഒരു വ്യവസായം എന്നാ നിലയില്‍ കാണുന്നവരും വന്‍ കിട ഡയറി ആലോചിക്കുന്നവരും ബാങ്കുകള്‍ വഴി വായ്പ ലഭ്യമാക്കുകയാണ് നല്ലത്. കേന്ദ്ര സര്‍ക്കാരിന്റെ പല വിധ പദ്ധതികള്‍ നബാര്‍ഡിലൂടെ വിവിധ കാര്‍ഷിക പദ്ധതികള്‍ ആയി ക്ഷീര വ്യവസായത്തില്‍ അതാത് കാലങ്ങളില്‍ എത്തുന്നുണ്ട്. ദീര്‍ഘ കാല ധന നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ നടത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ സഹായം സ്വീകരിക്കുന്നതാണ് ശരിയായ രീതി. ഉദാഹരണമായി, നബാര്‍ഡിന്റെ ഡയറി ഓന്ദ്രപ്യൂ ണര്‍ഷിപ്‌ ഡവലപ്മെന്റ് സ്കീം കേന്ദ്ര സര്‍ക്കാര്‍ സ്കീം ആയിരുന്നു. വകയിരുത്തുന്ന തുകയുടെ പത്ത് ശതമാനം മാത്രം സംരംഭകന്‍ മുടക്കിയാല്‍ മതി എന്നത് ഒരു വലിയ സഹായം തന്നെ. മൃഗ സംരക്ഷണ വകുപ്പും, ക്ഷീര വികസന വകുപ്പും മുന്‍ കൈ എടുക്കേണ്ട ഒരു പദ്ധതിയാണ് ഇത്. ഇത്തരത്തില്‍ ഉള്ള സര്‍ക്കാര്‍ സൗജന്യങ്ങള്‍ ഡയറി സംരംഭകര്‍ യഥാസമയത്ത് അറിയുകയും വേണം. സംരംഭകരുടെ അടുത്തുള്ള കാര്‍ഷിക ബാങ്കുകളിലും സര്‍ക്കാര്‍ സ്കീമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.

ലേഖകന്‍.. ഫ്രാന്‍സിസ് സേവ്യര്‍. മണ്ണുത്തി കാര്‍ഷിക സര്‍വ കലാശാല
പ്രൊഫസര്‍.

ഡയറി ഫാം ഒരു വഴികാട്ടി

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ മാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇതിനായി പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിദിനം 240 ഗ്രാമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ ചെയ്യുന്നത് 280 ഗ്രാമാണ്. ദിവസം പകുതി കോഴിമുട്ട കഴിക്കണമെന്ന് ദേശീയ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുമ്പോള്‍ കേരളത്തിലിത് പ്രതിവര്‍ഷം 74 മുട്ടകള്‍ മാത്രമാണ്. ഇറച്ചിയുടെ പ്രതിദിന പ്രതിശീര്‍ഷ ലഭ്യത 5 ഗ്രാമും ആവശ്യകത 15 ഗ്രാമുമാണ്. അതിനാല്‍ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. അതിനാല്‍ ഈ രംഗത്ത് വന്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. സ്വയം തൊഴില്‍, ഉപതൊഴില്‍, ഗ്രൂപ്പ് സംരംഭങ്ങളിലൂടെ ജന്തുജന്യ ഉല്‍പന്നങ്ങളുടെ ഉല്പാദനം, വിപണനം എന്നിവ വര്‍ദ്ധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്കുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും.

അഭ്യസ്ത വിദ്യരായ യുവതീയുവാക്കളെ തൊഴില്‍സംരംഭകത്വ പരിപാടിയിലൂള്‍പ്പെടുത്തി മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.മൃഗസംരക്ഷണമേഖല ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗങ്ങള്‍, വിപണനം എന്നിവ അത്യന്താപേക്ഷിതമാണ്.

ഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഭൗതിക സൗകര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. സ്ഥല ലഭ്യത, റോഡ്, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത, വിപണന സാധ്യത മുതലായവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. മികച്ചയിനം കന്നുകാലികളുടെ ലഭ്യത, തിരഞ്ഞെടുക്കല്‍, തൊഴുത്ത്, കൂട് നിര്‍മ്മാണം, പരിപാലനമുറകള്‍, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ വേണം.

മൃഗസംരക്ഷണ യൂണിറ്റുകള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രീയ പരിശീലനം അത്യന്താപേക്ഷിതമാണ്. പരിശീലനം ലഭിക്കാതെ തുടങ്ങുന്ന ഫാമുകള്‍ കുറഞ്ഞ ഉത്പാദനക്ഷമത, പരിചരണ തകരാറുകള്‍, രോഗങ്ങള്‍ എന്നിവ മൂലം പാതിവഴിയില്‍ അടച്ചുപൂട്ടേണ്ടി വരാറുണ്ട്.

ഇന്ന് നിരവധി വിദേശ മലയാളികളും, തൊഴില്‍ സംരംഭകരും ഫാമുകള്‍ തുടങ്ങാന്‍ തയ്യാറായി വരുന്നുണ്ട്. ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂണിറ്റുകളും താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. പശു, ആട്, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാട, പന്നി വളര്‍ത്തല്‍ യൂണിറ്റുകള്‍, പാല്‍, ഇറച്ചി സംസ്‌ക്കരണ യൂണിറ്റുകള്‍, ഇറച്ചിക്കായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന യൂണിറ്റ്, സംയോജിത മൃഗസംരക്ഷണ യൂണിറ്റുകള്‍, സമ്മിശ്ര സംരംഭങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

മൃഗസംരക്ഷമേഖലയില്‍പരിശീലനം നല്‍കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല, ക്ഷീരോല്പാദക യൂണിറ്റുകള്‍ (മില്‍മ), കന്നുകാലി വികസന ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.
മൃഗസംരക്ഷണവകുപ്പ് തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയിലുള്‍പ്പെടുത്തി നിരവധി പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് വരുന്നു.ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഒരാഴ്ചവരെ നീണ്ടു നില്‍ക്കുന്ന ഹൈടെക് ഡയറി ഫാമിംഗ്, പാലുല്പന്ന നിര്‍മ്മാണം, ശാസ്ത്രീയ കറവരീതികള്‍, കറവ യന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌ക്കരണം, കോഴിയിറച്ചി മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം എന്നിവ.

25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുല്പന്ന നിര്‍മ്മാണം എന്നിവയും മൃഗസംരക്ഷണ എന്റര്‍പ്രണര്‍ഷിപ്പ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങള്‍, വെറ്ററിനറി സര്‍വ്വകലാശാല, മില്‍മ, ക്ഷീരവികസന വകുപ്പ്, കേരള കന്നുകാലി വികസന ബോര്‍ഡ്, പൌള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കടപ്പനക്കുന്ന്, ആലുവ, തലയോലപ്പറമ്പ്, മുണ്ടയാട് പരിശീലന കേന്ദ്രങ്ങള്‍ തൊഴില്‍ സംരംഭക്ത്വ പരിശീലനത്തിനായി പ്രവര്‍ത്തിയ്ക്കും. മൊത്തം പദ്ധതിയിലൂടെ 4000 പേര്‍ക്ക് പരിശീലനം നല്‍കും.

ഹൈടെക് ഡയറി ഫാമിംഗ് പരിശീലനത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍, യന്ത്രവല്‍ക്കരണം, മാലിന്യ നിര്‍മാര്‍ജ്ജനം, പരിചരണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ പരിശീലന കേന്ദ്രങ്ങള്‍

1. കടപ്പനക്കുന്ന്, തിരുവനന്തപുരം -0471 - 2732918
2. ആലുവ - 0484 - 2624441
3. മുണ്ടയാട്, കണ്ണൂര്‍ - 0497 - 2721168
4. കോഴി വളര്‍ത്തല്‍ പരിശീലന കേന്ദ്രം
സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍ -0479 - 2452277
5. തലയോലപ്പറമ്പ്, കോട്ടയം -9447189272
6. മലമ്പുഴ, പാലക്കാട് -0491 - 2815206

പരിശീലന കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ കര്‍ഷകര്‍ക്കും, തൊഴില്‍ സംരംഭകര്‍ക്കും നല്‍കി വരുന്നു. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, പാലുല്പന്ന നിര്‍മ്മാണം, സ്വയം തൊഴില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പത്ത് ദിവസങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളുമുണ്ട്.

പരിശീലന കേന്ദ്രങ്ങള്‍

1. ക്ഷീര പരിശീലന കേന്ദ്രം, പട്ടം, തിരുവനന്തപുരം - 14 - 0471 - 2440911
2. പരമ്പരാഗത പാലുല്പന്ന നിര്‍മ്മാണ
പരിശീലന കേന്ദ്രം, ഓച്ചിറ, കൊല്ലം - 0476 - 2698550
3. ക്ഷീര വികസന പരിശീലന കേന്ദ്രം
എറയില്‍ക്കടവ്, കോട്ടയം -1 - 0481 - 2302223
4. ക്ഷീരവികസന പരിശീലന കേന്ദ്രം,
ആലത്തൂര്‍ പാലക്കാട് ജില്ല - 0492 - 2226040

5. ക്ഷീരവികസന പരിശീലന കേന്ദ്രം,
ബേപ്പൂര്‍ നോര്‍ത്ത്, കോഴിക്കോട്-15 - 0495 - 2414579

വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ നിരവധി പരിശീലന പരിപാടികള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു വരുന്നു. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്ന നിര്‍മ്മാണം, കോഴി വളര്‍ത്തല്‍, കാട വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, ആടു വളര്‍ത്തല്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കി വരുന്നു.

സര്‍വ്വകലാശാലയുടെ പൂക്കോട്, മണ്ണുത്തി കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കി വരുന്നത്. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്നങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന അപ്രന്റിസ് പ്രോഗ്രാമുകളുണ്ട്.

കാട വളര്‍ത്തല്‍, എഗ്ഗര്‍ നഴ്‌സറി, ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നിവയിലെ പരിശീലനത്തിന് 9447688783, 9446072178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പന്നിവളര്‍ത്തല്‍ - 9447150267
പാലിന്റെ ഗുണനിലവാര നിയന്ത്രണം (ക്ഷീരവികസന സംഘം ജീവനക്കാര്‍ക്ക്) - 9895424296
പാലുല്പന്ന നിര്‍മ്മാണം - 9495882953
- 9447664888
തൊഴില്‍ സംരംഭകത്വം ക്ഷീരമേഖലയില്‍ -9446293686
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശീലനം - 949765590
ക്ഷീര സാങ്കേതിക മേഖലയില്‍ തൊഴില്‍ സംരംഭകത്വ പരിപാടി - 9447331231
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ശാസ്ത്രീയ ഇറച്ചി കൈകാര്യം ചെയ്യലും സൂക്ഷിപ്പും -944729304
വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ - 9446162608
മുയല്‍ വളര്‍ത്തല്‍ - 9446234162
ശുദ്ധമായ പാല്‍ ഉല്പാദനം, സംസ്‌ക്കരണം, ഗുണമേന്മ - 9446084800
ലാബോറട്ടറി പരിശീലനം (വി.എച്ച.എസ്.സി. കുട്ടികള്‍ക്ക്) - 9447006499
ഇറച്ചിയുല്പാദനം, സംസ്‌ക്കരണം സ്റ്റൈപ്പന്‍ഡറി ട്രെയിനിംഗ് - 9446997932
പരീക്ഷണമൃഗ പരിചരണം - പൂക്കോട്, വയനാട് - 0493-6256380
വെറ്ററിനറി കോളേജ്, പൂക്കോട് - 0493 - 6256380
മീറ്റ് പ്ലാന്റ്, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370956
ഡയറി പ്ലാന്റ,് മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370848
എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2576644

കന്നുകാലി ഗവേഷണ കേന്ദ്രം

1. തിരുവാഴം കുന്ന് - 9446245422
2. തുമ്പൂര്‍മുഴി - 0487 - 2343281
3. കോലാഹലമേട്, ഇടുക്കി - 944738670

കേരള കന്നുകാലി വികസന ബോര്‍ഡിന്റെ കീഴില്‍ മാട്ടുപ്പെട്ടി (ഇടുക്കി), ധോണി (പാലക്കാട്), പുത്തൂര്‍ (തൃശ്ശൂര്‍) എന്നിവിടങ്ങളില്‍ വെച്ച് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, ആടു വളര്‍ത്തല്‍, കൃത്രിമ ബീജാദാനം മുതലായവയില്‍ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് പരിശീലനം ലഭിക്കും.

പരിശീലനത്തിനായി മാനേജര്‍, ലൈവ്‌സ്റ്റോക്ക് ട്രെയിനിംഗ് സെന്റര്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ - 04865 - 242201.

മില്‍മയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരം, മലപ്പുറം ജില്ലയിലെ നടുവത്ത് എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. ക്ഷീര സംഘം ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനം നല്‍കി വരുന്നു.

രാമവര്‍മ്മപുരം, തൃശ്ശൂര്‍ - 0487 - 2695869

ഹൈടെക് ഗോശാല

മൂന്നരയേക്കറില്‍ വിശാലമായി അടച്ചുകെട്ടിയ സ്ഥലം. അതിനുളളില്‍ സ്വതന്ത്രമായി വിഹരിക്കുന്ന പോത്തിന്‍കുഞ്ഞുങ്ങള്‍. പറമ്പിന് നടുവിലെ തൊഴുത്തില്‍ നിരനിരയായി സങ്കരയിനം കറവപ്പശുക്കള്‍. ആറുപേര്‍ ചേര്‍ന്ന് ഒന്‍പതുമാസം മുന്‍പ് ഒരു ഫാമിന് തുടക്കമിടുമ്പോള്‍ അവര്‍പോലും സ്വപ്നം കണ്ടില്ല ഇതൊരു ഹൈടെക്ക് ഗോശാലയാക്കാമെന്ന്. പക്ഷെ കൂട്ടായ്മയില്‍ അനുദിനം മുന്നേറുന്ന ഈ ക്ഷീരകര്‍ഷകര്‍ ഇപ്പോള്‍ തങ്ങളുടെ സ്വപ്നങ്ങളും കയറൂരിവിടുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ തങ്ങളുടെ സംരഭം കൂടുതല്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണ്. പാണാവള്ളിയിലെ കല്പക ഫാമിന്റെ കാഴ്ചകളിലേക്ക്.....

2011 ജൂണ്‍ മാസം. ചേര്‍ത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തില്‍ ഒത്തുചേര്‍ന്ന ഒരുസംഘം വൈകുന്നേരം വെടിവട്ടം പറയുകയായിരുന്നു. ഇതിനിടെയാണ് ഫാം ചര്‍ച്ചാവിഷയമായത്. വര്‍ഷങ്ങളായി വീട്ടില്‍ പശുകെട്ടുന്ന പുത്തന്‍വീട്ടില്‍ കൃഷ്ണന്‍ നായരായിരുന്നു നാല്‍ക്കാലി വിഷയമാക്കിയത്. കേട്ടപ്പോള്‍ ഹരംകേറിയ മറ്റുള്ളവര്‍ കാര്യം ഗൗരവത്തിലാക്കി. ചിറ്റയില്‍ സി.പി.ഹരിദാസ്, കെ.ജി.എസ്.നിലയത്തിലെ ശ്രീപതി, പൈനൂര്‍ വിജയന്‍, പാണാവള്ളിയില്‍ കൃഷ്ണ കേബിള്‍ നടത്തുന്ന ബൈജു ജി. നായര്‍ (ഉണ്ണി) എന്നിവരായിരുന്നു മറ്റുളളവര്‍.

ഫാമിന്റെ തുടക്കത്തിനായി പിന്നീടുളള ഓട്ടം. ഇതിനിടെ വിവരം വിദേശത്ത് ജോലിചെയ്യുന്ന പൈനൂര്‍ ജയദേവനും അറിഞ്ഞു. ഫാമിനൊപ്പം താനും ചേരുന്നു എന്ന് ദേവന്‍ പറഞ്ഞതോടെ ആറംഗസംഘമായി. മൃഗസംരക്ഷണവകുപ്പിനെ സമീപിച്ചപ്പോള്‍ ഏറെ അനുകൂലമായി പ്രതികരണം.

അംഗങ്ങളുടെ ഉടമസ്ഥതയിലുളള മൂന്നരയേക്കര്‍ സ്ഥലം ഫാമിനായി തയ്യാറാക്കിയപ്പോഴേക്കും സര്‍ക്കാറിന്റെ സഹായം ഇവര്‍ക്ക് ലഭിച്ചു. അഞ്ച് പശുക്കളുമായി 2011 ഡിസംബറില്‍ ഫാമിന് തുടക്കമായി. ആറംഗസംഘം തങ്ങളുടെ മുതല്‍മുടക്കുകൂടി ഇറക്കിയപ്പോള്‍ ഫാമിന്റെ വളര്‍ച്ച പെട്ടന്നായി. ഇന്ന് ഒന്‍പത് മാസത്തിനിപ്പുറം ഫാമിന്റെ സമൃദ്ധി ഇങ്ങനെ... ജേഴ്‌സിയുള്‍പ്പെടെ സങ്കരയിനത്തില്‍പ്പെട്ട 25 പശുക്കളും അതിന്റെ കിടാങ്ങളും. 20 പോത്തിന്‍കുഞ്ഞുങ്ങളും.

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ദിവസങ്ങള്‍ ചുറ്റിയടിച്ചശേഷമാണ് ഇവര്‍ ഫാമിലേക്കുള്ള പശുക്കളെ കണ്ടെത്തിയത്. നല്ലയിനം നാല്‍ക്കാലിയെ കണ്ടെത്താന്‍ പാണാവള്ളി മൃഗാശുപത്രിയിലെ ഡോ.എ.മനോജും തൈക്കാട്ടുശ്ശേരി ഡയറി ഓഫീസര്‍ അക്ബര്‍ ഷായും ഉണ്ടായിരുന്നു. പശുക്കളെ എത്തിച്ചപ്പോള്‍ അതിന്റെ പരിചരണത്തെക്കുറിച്ചായി ചിന്ത. ഇതിനും വിദഗ്‌ധോപദേശം ലഭിച്ചപ്പോള്‍ ഫാം ഹൈടെക്കായി.

തൊഴുത്തില്‍ പശുക്കള്‍ക്ക് കാറ്റുകൊള്ളുന്നതിനായി ഫാന്‍ സ്ഥാപിച്ചു. പിന്നെ പാട്ടുകേള്‍ക്കുന്നതിനുളള സംവിധാനവും ഒരുക്കി. കുളമ്പുരോഗവും മറ്റും അകറ്റുന്നതിനായി തൊഴുത്തില്‍ കട്ടിയേറിയ റബ്ബര്‍ ഷീറ്റ് വിരിച്ചു. രാത്രിയില്‍ വെളിച്ചത്തിനായി ലൈറ്റും ഇട്ടു. എപ്പോഴും കുടിവെളളം കിട്ടുന്നതിനായി ഓരോ പശുവിനു മുന്നിലും പാത്രവും വച്ചു. ഇതില്‍ ശുദ്ധജലം ഒഴിയാതിരിക്കുന്നതിനായി വാട്ടര്‍ ലെവല്‍ അടിസ്ഥാനപ്പെടുത്തി പ്രത്യേക സംവിധാനവും ഒരുക്കി. ഇതിനാല്‍ നിശ്ചിതയളവില്‍ എപ്പോഴും പാത്രത്തില്‍ വെള്ളമുണ്ടാകും. ഇതോടെ ഗ്രാമത്തിലെ ഗോശാല അത്യാധുനികമായി.

പശുക്കളുടെ പരിചരണത്തിനൊപ്പം ഭക്ഷണവും പാല്‍ ഉത്പാദനത്തില്‍ പ്രധാനമാണെന്ന തിരിച്ചറിവിലാണ് സംഘം പുല്‍ക്കൃഷി ആരംഭിച്ചത്. ക്ഷീരവകുപ്പിന്റെ സഹായത്തോടെ ഒന്നരയേക്കര്‍ വരുന്ന സ്വന്തം ഭൂമിയില്‍ സി.ഒ.3 എന്ന പുല്ല് നട്ടു. ഇതോടെ പശുക്കള്‍ക്കാവശ്യമായ പച്ചപ്പുല്ല് തോട്ടത്തില്‍ നിന്നായി. എപ്പോഴെങ്കിലും തോട്ടത്തില്‍ പുല്ല് ഇല്ലാതെ വന്നാല്‍ പുറമെനിന്ന് വാങ്ങി നല്‍കും. നാട്ടില്‍ കച്ചി ആവശ്യത്തിന് കിട്ടാതായപ്പോഴാണ് ഇവര്‍വീണ്ടും തമിഴ്‌നാടിന് വണ്ടികയറിയത്. തെങ്കാശിയില്‍നിന്ന് കച്ചി കിട്ടി. കാലിത്തീറ്റ കമ്പനികളില്‍നിന്ന് നേരിട്ടാണ് ഇവര്‍ വാങ്ങുന്നത്.

ഫാമിലെ പശുക്കള്‍ പാട്ടുകേട്ട് പാല്‍ ചുരത്തിയതോടെ ഇത് കറന്നെടുക്കാന്‍ യന്ത്രവും ഇവര്‍ സ്വന്തമാക്കി. രണ്ടുനേരത്തെ കറവയിലൂടെ നിത്യേന ഇവിടെ 250 ലിറ്ററിന് മേല്‍ പാല്‍ കറക്കുന്നു. പാലില്‍ 75 ശതമാനവും നാട്ടിലെ വീടുകളിലാണ് വിറ്റഴിക്കുന്നത്. ബാക്കി ഡയറിയില്‍ നല്‍കും. രാവിലെ ഏഴുമണിക്ക് മുന്‍പ് വീടുകളില്‍ പാല്‍ എത്തിക്കുന്നതിന് വാഹനങ്ങളും ഫാമില്‍ വാങ്ങിയിട്ടുണ്ട്. ഒരുലിറ്റര്‍ പാലിന് 30 രൂപയാണ് ഈടാക്കുന്നത്

പശുവിനെ കൂടാതെ ഫാമില്‍ പോത്തിന്‍കുഞ്ഞുങ്ങളെയും വളര്‍ത്തുന്നു. ഇപ്പോള്‍ ആറുമാസം പ്രായമായ പോത്തിന്‍കുഞ്ഞുങ്ങളെ കൊണ്ടുവന്ന് ഫാമില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ടിരിക്കുകയാണ്. വളര്‍ച്ചയെത്തുമ്പോള്‍ ഇവയെ വില്‍ക്കും. പശുക്കളുടെ പാല്‍ മാത്രമല്ല ചാണകവും ഗോമൂത്രവും ഇവിടെനിന്ന് ലഭിക്കും. ചാണകം വേണ്ടവര്‍ക്ക് അത് വീട്ടിലെത്തിച്ച് നല്‍കും. എന്നാല്‍ ഗോമൂത്രം വേണമെങ്കില്‍ അതിനുളള പാത്രവുമായി ഫാമിലെത്തണമെന്നു മാത്രം. തുച്ഛമായ വില ഇതിനും ഈടാക്കുന്നുണ്ട്.

തൊഴുത്ത് ശുചീകരിക്കല്‍, പശുക്കളുടെ പരിചരണം എന്നിവയ്ക്കായി തമിഴിനാട്ടിലെ ഒരുകുടുംബത്തിനെ ഫാമില്‍ നിര്‍ത്തിയിട്ടുണ്ട്. പോത്തിന്‍കുഞ്ഞുങ്ങളുടെ പരിചരണത്തിന് നാട്ടില്‍നിന്നുളള ആളുകളുമുണ്ട്. പാല്‍വിതരണത്തിന് എത്തുന്നവര്‍ വേറെയാണ്. മുതല്‍മുടക്കിയവരില്‍ വിദേശത്തുള്ള ദേവനൊഴികെ മറ്റെല്ലാവര്‍ക്കും ഫാം നടത്തിപ്പില്‍ നിര്‍ണായക പങ്കാണുളളത്. ഒരാള്‍ പശുവിന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കുമെങ്കില്‍ മറ്റൊരാള്‍ തീറ്റ നോക്കും. കണക്കും കാലിത്തീറ്റവാങ്ങലും ഒക്കെയായി ജോലികള്‍ ഓരോരുത്തരുടെ നേതൃത്വത്തിലാണ്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.വിനോദ് കുമാര്‍, പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹായസഹകരണങ്ങള്‍ എപ്പോഴും ഫാമിന് ലഭ്യമാണെന്ന് ആറംഗസംഘം പറയുന്നു.

ഒന്‍പത് മാസം കൊണ്ട് മുതല്‍മുടക്ക് ലഭിച്ചെങ്കിലും അതെടുക്കാതെ ഫാം വിപുലീകരിക്കാനാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. ഫാമിനുള്ളിലെ ചെറുതോടുകളില്‍ മത്സ്യം വളര്‍ത്തുക എന്നതാണ് ഇതില്‍ പ്രധാനം. ഇതിനായി 15 സെന്റ് വിസ്തീര്‍ണം വരുന്ന ജലാശയം തയ്യാറാക്കി. ഇനിയും ചെറിയതോടുകള്‍ ഇവിടെയുണ്ട്. കോഴി, ആട് ഫാമും കിടാരി വളര്‍ത്തലും പോളിഹൗസ് തയ്യാറാക്കി ഹൈടെക്ക് പച്ചക്കറിക്കൃഷി എന്നിവയും ചെയ്യാനാണ് ഇനി ഇവരുടെ പദ്ധതി. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ സഹകരണവും
ഇവര്‍ തേടുന്നു.

പശുക്കളെ സൗകര്യം കുറഞ്ഞ ഇടങ്ങളിലും വളര്‍ത്താം

ഗ്രാമീണ കേരളീയന്റെ മനസ്സുകളില്‍ പണ്ട് കാലങ്ങളില്‍ ഉണ്ടായിരുന്ന ചിത്രം ഒരു ചെറിയ വീടും പറമ്പും നാടന്‍ പശുക്കളും കോഴികളും ആടുകളും വയലുകളും ഒക്കെയായിരുന്നു. ഇന്ന് ചിത്രം മാറി,നഗരങ്ങളിലേക്കും ഫ്ലാറ്റുകളിലേക്കുള്ള ജനങ്ങളുടെ വാസത്തിന് വേഗത കൂടി. അവര്‍ക്ക് പശു മൂത്രവും, ചാണകവും പശുവിനെ തന്നെയും അരോചകമാകുന്നു. പക്ഷേ എല്ലാവര്‍ക്കും പാല്‍ വേണം . പായ്ക്കറ്റ് പാലിനെ ആശ്രയിക്കാതെ രക്ഷയില്ലാത്ത അവസ്ഥയിലാണ് നഗരവാസികള്‍. ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് പശുവളര്‍ത്തലോ മറ്റോ നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും പട്ടണത്തിലെ അവരുടെ സാഹചര്യം അതിന് യോജിച്ചതുമല്ല. അവിടെയാണ് കുറഞ്ഞ സ്ഥലത്ത് വളര്‍ത്താവുന്ന തരത്തിലുള്ള പശുക്കളുടെ പ്രസക്തി.

കാസര്‍കോഡ് കുള്ളന്‍, വെച്ചൂര്‍ പശു, ഹൈറേഞ്ച് ഡ്വാര്‍ഫ്, ബംഗാരി തുടങ്ങിയ ചെറിയ പശുക്കളെ നഗരപ്രദേശങ്ങളിലെ സൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍ വളര്‍ത്താവുന്നതാണ്. ഇത്തരം പശുക്കള്‍ക്ക് വലിയ തൊഴുത്തോ മറ്റ് വിശാല സൗകര്യങ്ങളോ ഒന്നും ആവശ്യമില്ല. ചെറിയ കൂടുകളില്‍ ഇതിനെ അടുക്കളയിലെ വേസ്റ്റ് മാത്രം കൊടുത്ത് വളര്‍ത്താം. വേണമെങ്കില്‍ ഒപ്പം ഉണക്കിയപുല്ലും (HAY) നല്‍കാവുന്നതാണ്. ചെറുതായതു കൊണ്ട് പശുവിന് വ്യായാമത്തിനായി നായകളെകൊണ്ട് നടക്കുന്നതുപോലെ ഉടമസ്ഥര്‍ക്ക് നടക്കാനും പോകാം.

ഈ വിഭാഗത്തിലെ കാളക്കുട്ടന്‍മാര്‍ ഒരു വര്‍ഷം പ്രായമാകുമ്പോഴേക്കും മറ്റു ഇന്ത്യയിലെ ഏതൊരു കന്നുകാലി വര്‍ഗത്തേക്കാളും 7.8 ഇരട്ടിത്തവണ തൂക്കം വരുന്നു എന്നുള്ളത് ഇതിനെ വ്യാവസായികടിസ്ഥാനത്തില്‍ ഇറച്ചിക്കായും ഉപയോഗപ്പെടുത്താനുള്ള സാധ്യതയിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്. ഇവിടെ പരാര്‍ശിച്ച കാസര്‍ക്കോട് ഡ്വാര്‍ഫ് കാറ്റില്‍ (കാസര്‍ക്കോട് കുള്ളന്‍) എന്ന പ്രത്യേക ഇനം പശുക്കള്‍ കാസര്‍ക്കോട് മാത്രം കാണുന്ന പ്രത്യേക ഇനമാണ്.

ഏതു കാലാവസ്ഥയിലും പ്രത്യേകിച്ച് ചൂടിനെ അതിജീവിക്കാനുള്ള അപാരമായ കഴിവാണ് ഈ ഇനത്തിനുള്ളത്. ഈ ഇനത്തിലെ കന്നു കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ 10.5 കിലോ തൂക്കമുണ്ടാകും. കാളക്കുട്ടന്മാര്‍ക്ക് ഒരു വയസ്സാകുമ്പോള്‍ 86.6 കിലോ തൂക്കവും പ്രായം തികഞ്ഞ കാളകള്‍ക്ക് 194.3 കിലോ തൂക്കവുമുണ്ടാകും. പശുക്കള്‍ക്ക് ഒരു വ.സില്‍ 61 കിലോയും പ്രായം തികയുമ്പോള്‍ 147.7 കിലോ തൂക്കവുമുണ്ടാകും. പശുക്കള്‍ക്ക് 95.83 സെന്റീമീറ്ററും കുട്ടന്മാര്‍ക്ക് 107.3 സെന്റീ മീറ്ററും മാത്രമെ ഉയരമുണ്ടാകുകയുള്ളു. കോഴിക്കോട് ജില്ലയിലെ പ്രേരാമ്പ്രയ്ക്കടുത്ത് കായണ്ണയിലെ സൂര്യപ്രകാശിന്റെ ചോട്ടി എന്ന കാസര്‍ക്കോടന്‍ പശുവിന് 74സെന്റീമീറ്റര്‍ മാത്രമാണ.് നിലവില്‍ ഗിന്നസ്ബുക്കില്‍ പേരുള്ള സ്വാലോ എന്ന പശുവിന് 84സെന്റീ മീറ്റര്‍ പൊക്കമുണ്ട്.

19ാം മാസത്തിലാണ് ഇവ ആദ്യമദി ലക്ഷണം കാട്ടുക. രണ്ടു വയസ്സു മുതല്‍ ഇണ ചേര്‍ക്കാം. 36 മാസമാണ് ആദ്യ കറവ കാലം. പ്രസവങ്ങള്‍ തമ്മില്‍ 14 മാസത്തെ ഇടവേള വേണം. ഒരു ദിവസം 2 മുതല്‍ മൂന്നു ലിറ്റര്‍ വരെ പാല്‍ ഇവയില്‍ നിന്ന് ലഭിക്കും. ഏകദേശം 15-20 വര്‍ഷം ഇവ ജീവിക്കും. ഇവയുടെ പാലിലെ കൊഴുപ്പിന്റെ അളവ് FAT - 6.235% ,SNF(Solid Net Fat) 8.887% എന്നീ നിലയിലാണ്. ഒരു ആടിന്റെ ഉയരം മാത്രമുള്ള ഇവയ്ക്ക് ഏകദേശം 7000 രൂപ മുതല്‍ വിലയുണ്ട്. ഇവയുടെ ചാണകവും മൂത്രവും ഔഷധപ്രാധാന്യമുള്ളതാണന്നാണ് കരുതുന്നത്. ആയുര്‍വ്വേദത്തില്‍ ചര്‍മ്മരോഗങ്ങള്‍ക്ക് ചികിത്സക്കായി ഇവയുടെ മൂത്രം ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഒരു ലിറ്റര്‍ മൂത്രത്തിന്റെ വില 160 രൂപയാണ്. ചാണകം വളമായി ഉപയോഗപ്പെടുത്താം.

പാലിനെ പണമാക്കാന്‍ മൂല്യവര്‍ധനയുടെ മന്ത്രവും തന്ത്രവും

നാരായണന്‍ നമ്പൂതിരിയുടെ സ്വപ്നങ്ങളില്‍ ക്ഷീരവൃത്തിയുടെ ഭാവി നറുംപാല്‍ പോലെ വെണ്‍മയുള്ളതും വൃന്ദാവനം പോലെ മനോഹരവുമാണ്. പാല്‍ അമൂല്യവസ്തുവാകുമെന്നും പാലുത്പാദകന്‍ വിപണിയിലെ താരമാകുമെന്നും ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ആത്മവിശ്വാസം തൃശൂര്‍ അന്തിക്കാട് പഴങ്ങാപറമ്പ് മനയിലെ ഈ നാല്‍പത്തിനാലുകാരന് നല്‍കിയത് പ്രതിസന്ധികളില്‍ കൈപിടിച്ചുയര്‍ത്തിയ തന്റെ ഗോക്കളിലുള്ള അചഞ്ചലവിശ്വാസം. പാലായും തൈരായും, വെണ്ണയും നെയ്യുമായും കൈപ്പുണ്യം നിറഞ്ഞ ഉത്പന്നങ്ങള്‍ 'ഓംകൃഷ്ണ' ഗോശാലയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഈ വിശ്വാസം തെറ്റിക്കാന്‍ ഉത്പാദകനും ഉപഭോക്താവിനുമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അച്ഛനും അമ്മയും ഭാര്യ ശ്രീലതയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് 'ഓംകൃഷ്ണ' ഗോശാലയുടെ മാനേജ്മെന്റ് കമ്മറ്റി. രണ്േടാ മൂന്നോ പശുക്കളെ സ്ഥിരം വളര്‍ത്തിയിരുന്ന മനയിലെ തൊഴുത്ത് ഒരു വലിയ ഗോശാലയായി മാറിയത് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൊന്നിലാണ്. ഉപജീവനം നടത്താന്‍ സഹായിച്ചിരുന്ന റൈസ്മില്ല് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കൈത്താങ്ങായത് തൊഴുത്തിലേക്ക് പുതിയതായി എത്തിയ പത്തോളം പശുക്കള്‍. ഇന്ന് മുപ്പതോളം പശുക്കളും 200 ലിറ്ററോളം പ്രതിദിന പാലുത്പാദനവുമായി പഴങ്ങാപറമ്പ് മന തൃശൂര്‍ ജില്ലയിലെ മികച്ച ഡയറിഫാമുകളിലൊന്നായി മാറിയിരിക്കുന്നു.

പാലുത്പാദനത്തേക്കാള്‍ മൂല്യവര്‍ധനയുടെ വഴിയിലൂടെ പാലുത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന തന്ത്രമാണ് നാരായണന്‍ നമ്പൂതിരിയുടേത്. അതിനാല്‍തന്നെ തൊഴുത്തിലെ പശുക്കളുടെ തെരഞ്ഞെടുപ്പുപോലും പാലിന്റെ ഗുണമേന്മകൂടി കണ്ടറിഞ്ഞു മാത്രം. കൊഴുപ്പു കൂടിയ പാല്‍ ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍. ഇതിനായി പ്രദേശിക വിപണിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ മികച്ചയിനം പശുക്കളെ മാത്രം കണ്െടത്തി ഇവിടെയെത്തിക്കുന്നു. ജേഴ്സി, ഹോള്‍സ്റീന്‍ സങ്കരയിനങ്ങള്‍ അടങ്ങിയ ഗോക്കളുടെ സംഘം പാലുത്പാദനത്തില്‍ പിശുക്ക് കാണിക്കാറില്ല. കൃത്യമായ പ്രത്യുത്പാദന പരിപാലനത്തിലൂടെ തൊഴുത്തിലെ എണ്‍പത് ശതമാനത്തിലധികം പശുക്കളേയും പാലുത്പാദനത്തിന്റെ വിവിധ ഘടങ്ങളില്‍ നിലനിര്‍ത്തുന്നതില്‍ നാരായണന്‍ നമ്പൂതിരിയും വിജയിക്കുകയാണ് പതിവ്. പ്രസവശേഷം മൂന്നു മാസത്തിനുള്ളില്‍ പശുക്കളെ ഗര്‍ഭം ധരിപ്പിക്കുക എന്നതാണ് പശുവളര്‍ത്തലിലെ അടിസ്ഥാന പ്രമാണങ്ങളിലൊന്നെന്നുനാരായണന്‍ വിശ്വസിക്കുന്നു.

പാലിന്റെ ഗുണമേന്മ ഉത്പന്നത്തിന്റെ മേന്മ തന്നെയാണ് അതിനാല്‍ തന്നെ പശുക്കളുടെ തീറ്റക്രമവും വിട്ടുവീഴ് ചകളില്ലാതാണിവിടെ. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ മൂന്നേക്കറോളം സ്ഥലത്ത് വളര്‍ത്തുന്ന തീറ്റപ്പുല്ലിന്റെ സമൃദ്ധി ഘടനയൊത്ത ക്ഷീരസമൃദ്ധിയിലേക്ക് വഴി തുറക്കുന്നു. സി. ഒ-3, തുമ്പൂര്‍മുഴി, കിളികുളം തുടങ്ങിയ ഇനങ്ങളൊക്കെ ഇദ്ദേഹം വളര്‍ത്തുന്നു. കൂടാതെ കാലിത്തീറ്റയും പിണ്ണാക്കും തവിടുമൊക്കെ ചേര്‍ത്ത ഖരാഹാരം മൂന്നു നേരമായി ഉത്പാദനത്തിനനുസരിച്ച് നല്‍കുന്നു. പാലിന്റെ ഘടന, പ്രത്യേകിച്ച് കൊഴുപ്പിന്റെ അളവ് എന്നിവ നിലനിര്‍ത്തുന്നതായിരിക്കണം പശുക്കളുടെ തീറ്റക്രമമെന്നാണ് നമ്പൂതിരിയുടെ അഭിപ്രായം.

രണ്ടു പശുക്കളെ ഒരു സമയം കറക്കാന്‍ കഴിയുന്ന മില്‍ക്കിംഗ് മെഷീനാണ് ഇവിടെ ഉപയോഗിക്കുന്നത്. കറന്നെടുക്കുന്ന പാലില്‍ നൂറു ലിറ്ററോളം നേരിട്ട് പ്രാദേശികവിപണിയിലെത്തിക്കുന്നു. ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഏകദേശം 300 ലിറ്റര്‍ പാല്‍ ഇവിടെ പ്രതിദിനം ആവശ്യമുണ്ട്. കൂടുതലായി വേണ്ടിവരുന്ന പാല്‍ മറ്റു കര്‍ഷകരില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും വാങ്ങിച്ച് മനയിലെത്തിക്കണം. പാലിന്റെ ഗുണമേന്മയിലും നമ്പൂതിരിയുടെ കൈപ്പുണ്യത്തിലും നാട്ടുകാര്‍ക്ക് 'തകര്‍ക്കാന്‍ പറ്റാത്ത' വിശ്വാസമാണെന്നതിന് തെളിവ് പുലര്‍ച്ചെ അഞ്ചുമണിമുതല്‍ വീട്ടിലെത്തുന്ന ഉപഭോക്താക്കളുടെ നിര തന്നെയാണ്.

ക്രീം സെപ്പറേറ്റര്‍, പാക്കിങ്ങ് മെഷീന്‍, പാത്രങ്ങള്‍ ഇവയൊക്കെ നിറയുന്ന വീടിനോടു ചേര്‍ന്നുള്ള ചെറിയ മുറിയാണ് മനയിലെ ഫാക്ടറി. ഭാര്യ ശ്രീകലയുടെ നിയന്ത്രണത്തില്‍ ഏതാനും വനിതകളാണ് പ്രതിദിനം മൂന്നൂറ് ലിറ്റര്‍ പാല്‍ വിവിധ ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത്. നാടന്‍ തൈര്, സംഭാരം, വെണ്ണ, നെയ്യ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഒരു ലിറ്റര്‍ തൈരിന് 30 രൂപയാണ് വില. വെണ്ണ, നെയ്യ് ഇവയ്ക്ക് യഥാക്രമം കിലോഗ്രാമിന് 300, 400 രൂപ നിരക്കുകളിലാണ് വിപണനം. തൈര് നിര്‍മിക്കാനാവശ്യമായ സൂക്ഷ്മജീവികളുടെ കള്‍ച്ചര്‍ (ഉറ) പൂനയിലെ സ്വകാര്യകമ്പനിയില്‍ നിന്ന് വാങ്ങുന്നു. ഉത്പന്നങ്ങള്‍ക്ക് കണ്െടത്തിയിരിക്കുന്ന ശക്തമായ പ്രാദേശികവിപണിതന്നെ വിജയ തന്ത്രം. ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലായ്മ ഈ ബ്രാഹ്മണന്റെ വിജയമന്ത്രവും.

തൊഴുത്തിലും ഉത്പന്നനിര്‍മാണത്തിലുമായി പത്തോളം തൊഴിലാളികളാണ് ഫാമിലുള്ളത് തൊഴുത്തിലെ ചാണകം ബയോഗ്യാസ് പ്ളാന്റിലുപയോഗിക്കുന്നതനു പുറമേ നേരിട്ട് വില്‍പന നടത്തിയും വരുമാനമാക്കി മാറ്റുന്നു. തീറ്റപ്പുല്‍കൃഷിക്കാവശ്യമായ വെള്ളവും ചാണകവും തൊഴുത്തില്‍ നിന്നു തന്നെ. പുലര്‍ച്ചെ രണ്ടു മണിയോടെ തൊഴുത്തില്‍ നേരം പുലരുന്നു. അഞ്ചുമണിയോടെ മനയുടെ മുമ്പില്‍ പാലിനായി ആളുകള്‍ എത്തിതുടങ്ങും. ജീവിതം തിരക്കിട്ടതെങ്കിലും സംതൃപ്തമെന്ന് നാരായണന്റെ സാക്ഷ്യം. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാരായണന്‍ ഡയറിഫാമിംഗിന് ഭാവിയില്‍ കാണുന്നത് അനന്തസാധ്യതകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി. ആര്‍ നാരായണന്‍, പഴങ്ങാപറമ്പ് മന പി. ഒ., അന്തിക്കാട് , തൃശൂര്‍

കാലിവളര്‍ത്തലുകാര്‍ക്കു തുണയായി കറവയന്ത്രം

പശുക്കളെ സ്നേഹിച്ചും പരിപാലിച്ചും കഠിനാധ്വാനത്തിലൂടെ മുന്നേറുന്ന കര്‍ഷകന് പശുവിന്‍ പാല്‍ നല്ല വരുമാനമാകണം. പശുവിനെ കറക്കുമ്പോള്‍ ഒരു തുള്ളി പാലുപോലും പാഴായിപ്പോകരുത്. സമയലാഭം ലഭിക്കണം. കറക്കുന്ന വ്യക്തിക്കും പശുവിനും ബുദ്ധിമുട്ട് അനുഭവപ്പെടരുത്. അതുകൊണ്ടാണ് ജോണി വിതയത്തില്‍ എന്ന സാധാരണ ക്ഷീര കര്‍ഷകന്‍ തന്റെ മനസ്സില്‍ ചിലവു കുറഞ്ഞ ഒരു കറവയന്ത്രത്തെക്കുറിച്ച് ചിന്തിച്ചതുതന്നെ. സ്വന്തം നിരീക്ഷണ പരീക്ഷണങ്ങളും സാങ്കേതിക തനിമയും ജോണിയെ കുറ്റമറ്റ വൈദ്യുതി ആവശ്യമില്ലാത്ത കറവയന്ത്രത്തിന് നേതൃത്വം നല്‍കുവാന്‍ പ്രേരിപ്പിച്ചു. ജോണീസ് മില്‍ക്കര്‍ എന്നറിയപ്പെടുന്ന കറവയന്ത്രം വളരെ വേഗം കാലിവളര്‍ത്തുകാര്‍ക്ക് തുണയാവുകയാണ്. നിരവധി ഗുണമേ•കള്‍ ഈ യന്ത്രത്തിനുണ്ട്. വൈദ്യുതി വേണ്ട, മെക്കാനിക് വേണ്ട, ലളിതവും നൂതനവുമായ പ്രവര്‍ത്തനരീതി, ഭാരം കുറവായതുമൂലം കൊണ്ടു നടക്കുവാന്‍ പരസഹായം ആവശ്യമില്ല. കറവകഴിഞ്ഞാലുടന്‍ പാത്രവും അനുബന്ധ ഉപകരണങ്ങളും കഴുകി വെടിപ്പാക്കുവാന്‍ എളുപ്പമാണ്.

പശുക്കറവ സാധാരണ മുതിര്‍ന്നവരുടെ ജോലിയാണ്. അതിനാല്‍ തന്നെ പശുവിനെ കറന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍ നടുവിനു വേദന, കൈകഴപ്പ് എന്നിവ അനുഭവപ്പെടുന്നു. എന്നാല്‍, കറവയന്ത്രം ഉപയോഗിച്ച് പശുവിനെ കറക്കുമ്പോള്‍ ഈ വക പരാതികളൊന്നും ഇല്ല. കുട്ടികള്‍ക്കുപോലും അനായാസം ഈ കറവയന്ത്രം ഉപയോഗിച്ച് വളരെ വേഗം വൃത്തിയായി പാല്‍ കറന്നെടുക്കാം.

കൊച്ചുമോന്‍ കൊല്ലറാട്ട് എന്ന ക്ഷീര കര്‍ഷകനാണ് ഇതിന്റെ പ്രചാരകന്‍. അതിരാവിലെ ഈ കറവയന്ത്രം ഉപയോഗിച്ച് അദ്ദേഹത്തിന്റെ പശുവിനെ കറന്നെടുക്കുന്നു. പശുവിന്റെ ആരോഗ്യത്തിന് സുരക്ഷിതത്വം നല്‍കുകയും കറവസമയത്ത് യാതൊരുവിധ അസ്വസ്ഥതയും പശു കാണിക്കുന്നില്ല എന്നുള്ളത് ഈ യന്ത്രത്തിന്റെ സവിശേഷതയാണ്. പശു വളര്‍ത്തലിലും പച്ചക്കറികൃഷിയിലും പച്ചക്കറികളുടെ വിത്തു വിതരണത്തിലും കഠിനാധ്വാനിയായ കൊച്ചുമോന്‍ ഇതിനോടകം നൂറുകണക്കിന് പശുവളര്‍ത്തലുകാര്‍ക്ക് ഈ യന്ത്രം വിതരണം ചെയ്തു. സ്വന്തം ബൈക്കില്‍ എവിടെയും കൊണ്ടുകൊടുക്കുകയും പ്രവര്‍ത്തനം വിശദീകരിക്കുകയും ചെയ്യും. ഈ യന്ത്രം ഉപയോഗിച്ച് പശുവിനെ കറക്കുന്നത് വാങ്ങുന്നവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യും. കറവയന്ത്രത്തിന് എന്തെങ്കിലും ചെറിയ തകരാറുകള്‍ ഉണ്ടായാല്‍പോലും അദ്ദേഹം ഉടന്‍ തന്നെ അത് പരിഹരിച്ചു കൊടുക്കുകയും ചെയ്യും.

നെടുമണ്ണി ആലുങ്കല്‍ വര്‍ഗീസ് എന്ന ക്ഷീര കര്‍ഷകന്‍ രണ്ടു പശുക്കളെ ഈ കറവയന്ത്രം ഉപയോഗിച്ച് പാല്‍ കറന്നെടുക്കുന്നു. അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നും സഹോദരിയുടെ വീട്ടിലും ഈ കറവയന്ത്രം തന്നെവാങ്ങി ഏഴു പശുക്കളുടെ കറവയും നടത്തുന്നുണ്ട്. അതുപോലെ തന്നെ വലിയ ഫാമുകളിലും കോണ്‍വന്റുകളിലും വളരെ ഫലപ്രദമായി ഈ കറവയന്ത്രം ഉപയോഗിക്കുന്നു. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ കൊച്ചുമോന് പറയാനുണ്ട്.

കാലിവളര്‍ത്തല്‍ ക്ളേശകരമായ ഈ കാലത്ത് പുത്തന്‍ തലമുറ ഈ കൃഷിയിലേക്ക് കടന്നുവരുവാന്‍ ഈ കറവയന്ത്രം പ്രചോദനമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9947608148, 0481 2479329.

കാമധേനു.

മകരമഞ്ഞിന്റെ തണുപ്പുള്ള പ്രഭാതത്തില്‍ കയ്യിലൊരു കപ്പു ചൂടുപാല്‍ചായയും ദിനപത്രവുമായി പൂമുഖത്തിരിക്കുന്ന ശരാശരി മലയാളി. തൊഴുത്തില്‍ കെട്ടിയ നന്ദിനിപ്പശുവിന്റെ അകിട്ടില്‍ നിന്നു പാല്‍ കറന്നു ചായ വെച്ചു കുടിച്ചിരുന്ന ഒരു ഭൂതകാലം.ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയാണിതോരോ മലയാളിക്കും.കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം ഒരു കാലത്ത് അത്ഭുതത്തോടെ മാത്രം കണ്ടിരുന്ന പായ്കറ്റ് പാല്‍ മലയാളിയുടെ ശീലങ്ങളിലും കയറിപ്പറ്റി .മില്‍മ ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കുന്ന പാലിന്റെ ഗുണനിലവാരത്തെപറ്റി അധികം പരാതി കേള്‍ ക്കാനില്ലെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ നിലവാരം ഡയറി ഡ്വലപ്മെന്റ് ഡിപ്പാര്‍റ്റ്മെന്റ് പരിശോധനക്കു വിധേയമാക്കുന്നില്ല.പെട്രോളിനെ വെല്ലുന്ന രീതിയിലാണു പാല്‍വില കുതിക്കുന്നതെങ്കിലും കേരളക്കരയെ പാലും ചായയും കുടിപ്പിക്കാന്‍ മില്‍മ നടത്തുന്ന അഭ്യാസങ്ങള്‍ കണ്ടാലോ, സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവു കുറയുന്ന വേനല്‍ക്കാലത്ത് അത്രത്തോളം ത്യാഗം സഹിച്ചാണു അന്യസംസ്ഥാനങ്ങളില്‍ നിന്നു പാല്‍ നമ്മുടെ മലയാള മണ്ണില്‍ എത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ പോയി അവിടുത്തെ ഡയറിഫാം കണ്ടു തൃപ്തിയടഞ്ഞവരുടെ വാക്കുകള്‍ കേട്ടാല്‍ പിന്നെ ജീവിതത്തിലൊരിക്കലും പാല്‍ കൈ കൊണ്ടു തൊടില്ല. അത്രയ്ക്കും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് അവിടങ്ങളിലെ പാലുത്പാദനം. കണ്ടാലറയ്ക്കുന്ന ചുറ്റുപാടുകള്‍ , പഴകിപ്പുളിച്ച പാലിന്റെ തികട്ടി വരുന്ന മണം, അമോണിയം ചോരുന്ന ഐസ് പ്ലാന്റുകള്‍ . ഇതൊക്കെ മുഖമുദ്രയാക്കിയ അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പാലാണു നമ്മള്‍ അമൃത് പോലെ കുടിക്കുന്നത്..ഇതൊക്കെ സഹിച്ചാലും കിട്ടുന്നത് പാലു പോലേയുള്ള ദ്രാവകവും. ഫുഡ് ഇന്‍സ്പെക്റ്റര്‍മാരെ കാണേണ്ട രീതിയില്‍ അവര്‍ കാണുന്നുണ്ടെന്നുള്ളതു ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണു നമ്മുടെ സംസ്ഥാനത്തില്‍ ഈയൊരവസ്ഥ സംജാതമായിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടും, ആസൂത്രണമില്ലായ്മയും, വെള്ളാനകളായ ഉദ്യോഗസ്ഥന്മാരും. ഇതിനെല്ലാം പുറമേ സ്വകാര്യഡയറി ഫാം ഉടമകളോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മ നയവും. എന്നിട്ട് സര്‍ക്കാര്‍ അധീനതയിലുള്ള ഹൈടെക് ഫാമുകളില്‍ നടക്കുന്നതോ. കുളത്തൂര്‍പ്പുഴ ഹൈടെക് ഫാമിലേക്കു വാങ്ങിയ മുന്തിയ ഇനം 200 പശുക്കളില്‍ 50 എണ്ണവും ചത്തു. എച്ച് എഫ് ഇനത്തില്‍ പെട്ട ഈ മിണ്ടാപ്രാണികള്‍ക്കു വിനയായത് പ്രതികൂല കാലാവസ്ഥയും തീറ്റപ്പുല്ലിന്റെ കുറവുമെന്ന് സര്‍ക്കാര്‍ ഭാഷ്യം. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതും ഭാവിയില്‍ അതിരൂക്ഷമായേക്കാവുന്നതുമായ പാല്‍ക്ഷാമത്തിനു മാറ്റം വരുത്താന്‍ പുതിയ തലമുറക്കു കഴിയുമോ. ഇനിയും നന്മ നശിച്ചിട്ടില്ലാത്ത ശ്രീ ഫ്രാന്‍സിസ് സേവ്യറെ പോലേയുള്ള ഉദ്യോഗസ്ഥരും ഡാനിഷ് മജീദിനെ പോലേയുള്ള ചെറുപ്പക്കാരും ശ്രീ ചന്ദ്രശേഖരന്‍ നായരെപ്പോലെയുള്ള തല മുതിര്‍ന്ന കര്‍ഷകരുമുള്ളപ്പോള്‍ നമുക്കു പ്രത്യാശിക്കാം, സ്വയം പര്യാപ്തമായ ക്ഷീരോത്പാദന സംസ്ഥാനമായി കേരളം മാറുമെന്ന്. ക്ഷീര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണു,എങ്ങിനെ ഒരു നല്ല ഡയറിഫാം വികസിപ്പിച്ചെടുക്കാം എന്നു തുടങ്ങി പശു വളര്‍ത്തലിന്റെ വിവിധ വശങ്ങളെക്കുറിച്ച് ശ്രീ ദീപക് മേനോന്‍ നടത്തിയ വിശകലനങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണു. വരും ഭാഗങ്ങളില്‍ ...

കറവപ്പശുക്കളില്‍ ഉണ്ടാകാറുള്ള ഒരു രോഗം. എല്ലാ രാജ്യങ്ങളിലുമുള്ള പശുക്കള്‍ക്ക് ഈ രോഗം ബാധിക്കാറുണ്ട്. ചെമ്മരിയാടുകളിലും കോലാടുകളിലും ഈ രോഗം ഉണ്ടാകാം. കൂടുതല്‍ കറവയുള്ള പശുക്കളിലാണ് ഈ രോഗം അധികമായി കണ്ടുവരുന്നത്.

ഒന്നോ അതിലധികമോ തരം രോഗാണുക്കളുടെ ആക്രമണം മൂലം രോഗമുണ്ടാകുന്നു. രോഗബാധയ്ക്കു കാരണമാകുന്ന പ്രധാനപ്പെട്ട രോഗാണുക്കള്‍ ഇവയാണ്. (i) സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ (Streptococcus agalactiae), (ii) സ്ട്രെപ്റ്റോകോക്കസ് ഡിസ്അഗലാക്ടിയേ (S.disagalatiae), (iii) സ്ട്രെപ്റ്റോകോക്കസ് യൂബെറിസ് (S.ubeiris), (iv) സ്ട്രെപ്റ്റോകോക്കസ് പയോജനിസ് (S.pyogenes),

V) സ്ഫൈലോകോക്സൈ (Sphylococci), (VI) മൈക്രോബാക്റ്റീരിയം ടൂബര്‍ക്കുലോസിസ് (Microbacterium tuberculosis), (VII) ഫ്യൂസിഫോര്‍മിസ് നെക്രോഫോറസ് (Fusiformes necrophorus).

ഇവയില്‍ സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ എന്ന രോഗാണുവാണ് 80 ശ.മാ.-ത്തിലധികം രോഗബാധയ്ക്കും കാരണം. രോഗത്തെ തീവ്രതയനുസരിച്ച് ഉഗ്രം (acute), മിതോഗ്രം (Suvacute), മന്ദം (chronic) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

രോഗബാധിതമായ അകിട്അകിടിലും മുലക്കാമ്പുകളിലുമുണ്ടായേക്കാവുന്ന മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ഉള്ളിലേക്കു കടക്കുന്നത്. അകിടില്‍ നീരുവന്നു വീര്‍ക്കുകയാണ് ആദ്യലക്ഷണം. ക്രമേണ അകിടിലെ സംയോജകപേശികള്‍ വര്‍ധിച്ച് അകിടു കല്ലിച്ചുപോകുന്നു. ഇത്തരം അകിടുവീക്കത്തിനു ചിലദിക്കുകളില്‍ 'കല്ലകിട്' എന്നു പറയാറുണ്ട്. പാലില്‍ ആദ്യമായിക്കാണുന്ന മാറ്റം (സൂക്ഷിച്ചുനോക്കിയാല്‍ പോലും വളരെ വിഷമിച്ചു മാത്രമേ മനസിലാക്കാന്‍ കഴിയൂ) കുറച്ചു പാടത്തരികളുടെ ആവിര്‍ഭാവമാണ്. ക്രമേണ പാല് മഞ്ഞനിറമാകുകയും മഞ്ഞവെള്ളവും പിരിഞ്ഞ പീരയുമായി മാറുകയും ചെയ്യും. ചിലപ്പോള്‍ ചോരയും കണ്ടേക്കാം.

സ്ഫൈലോകോക്സൈ രോഗാണുക്കള്‍ 5 ശ.മാ.-ത്തോളം അകിടുവീക്കങ്ങള്‍ക്കു കാരണമാകുന്നു. അകിട് ആദ്യഘട്ടത്തില്‍ ചുവന്നു ചൂടുള്ളതായിരിക്കും; പാല് ആദ്യം വെള്ളം പോലെയും രക്തം കലര്‍ന്നതും ദുര്‍ഗന്ധമുള്ളതും ആയിരിക്കും. ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം അകിട് പഴുക്കുകയും പാലിനു പകരം ചലം വരികയും ചെയ്യും.

രോഗത്തിന്റെ ബാഹ്യസ്വഭാവവും രോഗകാരണങ്ങളായ അണുപ്രാണികളും വ്യത്യസ്തങ്ങളാകാമെങ്കിലും അകിട് വീങ്ങുകയും പാലില്‍ മാറ്റങ്ങളുണ്ടാവുകയുമാണ് അകിടുവീക്കത്തിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍.

അകിടു വൃത്തിയായി സൂക്ഷിക്കുക, അകിടില്‍ മുറിവും പോറലും വരാതെ നോക്കുക, തൊഴുത്തും പരിസരങ്ങളും ശുചിയായി വയ്ക്കുക എന്നിവ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യതകളെ കുറയ്ക്കും. കറവക്കാരുടെ കൈകള്‍ കറവയ്ക്കുമുമ്പും പിമ്പും രോഗാണുനാശിനികളെക്കൊണ്ടു കഴുകുന്നതിലും കറവ കഴിഞ്ഞാല്‍ അകിടു കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിലും ശ്രദ്ധിക്കണം.

അകിടുവീക്കം നിയന്ത്രിക്കുന്നതിന് മേല്‍പറഞ്ഞ ശുചിത്വം ഒരു പ്രധാന ഘടകമാണ്.

രോഗമുള്ള പശുക്കളെ പ്രത്യേകം മാറ്റി നിര്‍ത്തി കറക്കുകയോ അവസാനം കറക്കുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ മറ്റു പശുക്കള്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അകിടിലെ പാല്‍ മുഴുവനും കറക്കാതെ കെട്ടി നില്‍ക്കുകയാണെങ്കില്‍ അകിടുവീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കറവ വറ്റുന്ന സമയത്ത് പ്രത്യേകമായി നിര്‍മിച്ചിട്ടുള്ള മരുന്നുകള്‍ കാമ്പിനുള്ളില്‍ ഉപയോഗിക്കുന്നതുവഴി അകിടുവീക്കം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.

മിക്ക പശുക്കളിലും പ്രസവത്തോടനുബന്ധിച്ചോ അതിന് ഒരാഴ്ച മുമ്പോ പിമ്പോ ആണ് അകിടുവീക്കം കൂടുതലായി കാണുന്നത്. ഈ സമയത്ത് തൊഴുത്തും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വിസര്‍ജ്ജ്യങ്ങള്‍ യഥാസമയം മാറ്റാതെ വരുമ്പോള്‍ അതിനു പുറത്ത് പശു കിടക്കാനിടയാകുകയും മുലക്കാമ്പുകള്‍ വഴി രോഗാണുക്കള്‍ കടന്ന് രോഗമുണ്ടാകുകയും ചെയ്യും. എ,ഇ എന്നീ ജീവകങ്ങള്‍, മറ്റു ധാതുലവണങ്ങള്‍ എന്നിവ നല്‍കുന്നത് രോഗസാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രോഗമുണ്ടെന്നു സംശയം തോന്നുന്ന പശുക്കളെ ഉടന്‍തന്നെ വിദഗ്ധമായ ചികിത്സയ്ക്കു വിധേയമാക്കണം. പെനിസിലിന്‍, സ്ട്രെപ്റ്റോമൈസിന്‍, ആറിയോമൈസിന്‍, ജെന്റാമൈസിന്‍, ക്ളോറാംഫിനിക്കോള്‍, എന്റോഫ്ളോക്സാഡിന്‍, അമോക്സിസില്ലിന്‍, ക്ളോക്സാസില്ലിന്‍ മുതലായ ആന്റിബയോട്ടിക്കുകളും സല്‍ഫാ മരുന്നുകളും ഫലപ്രദമായ പ്രതിവിധികളാണ്.

പാലിലെ പാടത്തരികള്‍ ആദ്യമേ കണ്ടെത്തുവാന്‍ സഹായിക്കുന്ന സ്ട്രിപ്പ്കപ്പ് (Strip cup), പ്രത്യേക ഡൈ(Dye)കളില്‍ പാല്‍ ഉണ്ടാക്കുന്ന വര്‍ണവ്യത്യാസങ്ങളില്‍ നിന്നും രോഗബാധ നിര്‍ണയിക്കുവാന്‍ സഹായിക്കുന്ന 'മാസ്റ്റൈറ്റിസ് കാര്‍ഡുകള്‍' എന്നിവ പൊതുവായ രോഗനിര്‍ണയത്തിനുള്ള ഉപാധികളാണ്. സൂക്ഷ്മദര്‍ശനികൊണ്ടുള്ള പരിശോധനയില്‍ മാത്രമേ രോഗകാരികളായ അണുപ്രാണികളെ മനസിലാക്കാന്‍ സാധിക്കുകയുള്ളു.

കാലിഫോര്‍ണിയന്‍ മാസ്റ്റൈറ്റിസ് ടെസ്റ്റ് എന്ന ടെസ്റ്റ് വഴി ഒരു പ്രത്യേക ലായിനി ഉപയോഗിച്ച് പാല്‍ പരിശോധിക്കുന്നത് അകിടുവീക്കം തുടക്കത്തിലേ തന്നെ മനസ്സിലാക്കാന്‍ സഹായിക്കും. ഇത് കര്‍ഷകര്‍ക്ക് സ്വന്തമായി വീടുകളില്‍ ചെയ്യാന്‍ കഴിയുന്ന ഒരു പരിശോധനാരീതിയാണ്. തുടക്കത്തിലേ രോഗബാധ ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സാപ്രയോഗങ്ങള്‍ വിജയകരമായിത്തീരുകയും അസുഖം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുവാന്‍ കഴിയുകയും ചെയ്യും. യഥാര്‍ഥ അണുപ്രാണികളെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതിനെതിരെയുള്ള കൃത്യമായ മരുന്നുപയോഗിച്ച് ചികിത്സ വളരെ ഫലപ്രദമാക്കിത്തീര്‍ക്കാന്‍ സാധിക്കും.

നാടന്‍പശുക്കള്‍:

ഇന്ത്യയിലെ നാഷണല്‍ ബ്യൂറോ ആന്‍ഡ് അനിമല്‍ ജനറ്റിക് റിസര്‍ച്ച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടന്‍പശുക്കളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തിലെ വെച്ചൂര്‍ പശുവും ഉള്‍പ്പെടും.

നാടന്‍പശുക്കളുടെ പാലുത്പാദനം വളരെ കുറവാണെങ്കിലും ഒരു ചെറിയ കുടുംബത്തിന് ഇത് മതിയാകും. മേന്മയുള്ള പാലും ലഭിക്കും. ഇവയ്ക്ക് രോഗപ്രതിരോധശക്തി വളരെ കൂടുതലായതുകൊണ്ട് രോഗങ്ങള്‍ വരുന്നത് കുറവാണ്. കുറച്ച് തീറ്റയും മതി. ഇവയുടെ പാലിലും വിദേശഇനം പശുക്കളുടേതിലും ജനിതകമായി ചില മാറ്റങ്ങള്‍ ഉണ്ട്.

പാലില്‍ വെള്ളം 87.7%, കാര്‍ബോഹൈഡ്രേറ്റ് 4.9%, (പഞ്ചസാര) കൊഴുപ്പ് 3.4%, പ്രോട്ടീന്‍ 3.3%, ലവണങ്ങള്‍ 0.7% എന്നിവ അടങ്ങിയിരിക്കുന്നു.

നാടന്‍പശുക്കളുടെ പാലിലുള്ള കൊഴുപ്പിന്റെ കണികകള്‍ വളരെ ചെറുതാണ്. വെച്ചൂര്‍ പശുക്കളില്‍ നടത്തിയ പഠനത്തില്‍, കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന 'ഫോസ്‌ഫോലിപിഡ്' വളരെ കൂടുതലുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫോസ്‌ഫോലിപിഡ് തലച്ചോറിന്റെയും ഞരമ്പുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. ഇത് കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെ ഗുണം ചെയ്യുന്നു.

പാലിന്റെ പ്രോട്ടീനിന്റെ വിഭാഗമായ 'ലാക്ടോഫെറിനി'ല്‍ അടങ്ങിയിട്ടുള്ള 'അര്‍ജിനിന്‍' എന്ന അമിനോ ആസിഡ് കോശങ്ങളുടെ ഉത്പാദനത്തിനും മുറിവ് ഉണങ്ങുന്നതിനും ഹൃദ്രോഗം തടയുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും സഹായകമാണ്.

നാടന്‍പശുക്കള്‍

വെച്ചൂര്‍

സ്വദേശം കോട്ടയം ജില്ലയിലെ വെച്ചൂര്‍ എന്ന സ്ഥലം
പാലുത്പാദനം- ദിവസം രണ്ടര-മൂന്ന് ലിറ്റര്‍
ഉയരം- 85.87 സെന്റിമീറ്റര്‍
നീളം- 124 സെന്റീമീറ്റര്‍
തൂക്കം- 130 കിലോഗ്രാം
ഭക്ഷണം- പച്ചപുല്ലും കുറച്ച് തീറ്റയും (അരക്കിലോമുതല്‍ ഒരു കിലോവരെ)

കാസര്‍കോട് കുള്ളന്‍

സ്വദേശം- കാസര്‍കോടിന്റെ മലമ്പ്രദേശമായ പെരിയ, ബദിയടുക്ക
പാലുത്പാദനം- ദിവസം 2-3 ലിറ്റര്‍
ഉയരം- 95.83 സെ.മീ
തൂക്കം- 147 കിലോ
കിടാക്കള്‍- 10.5 കിലോ (ജനിക്കുമ്പോള്‍)
ആദ്യമദിലക്ഷണം 18-19 മാസത്തില്‍
ഇണ ചേര്‍ക്കേണ്ട സമയം- രണ്ടുമുതല്‍ രണ്ടര വയസ്സ്
ആദ്യകറവ- 33 മാസം മുതല്‍ 36 മാസം
പ്രസവങ്ങള്‍ തമ്മിലുള്ള അകലം -14 മാസം

വടകര ഡ്വാര്‍ഫ്

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കും പരിസരങ്ങളിലും. ദിവസം 3-4 ലിറ്റര്‍ പാല്‍ നല്‍കും. കൊഴുപ്പ് കൂടിയ പാലാണിത്

ഹൈറേഞ്ച് ഡ്വാര്‍ഫ്

പീരുമേട് ഇടുക്കി, പാലക്കാട് ഹൈറേഞ്ചുകളില്‍ കാണുന്നവ. പച്ചപ്പുല്‍മാത്രം മതി. എങ്കിലും കുറച്ച് തീറ്റ നല്‍കുന്നത് നല്ലതാണ്. ഒരു വയസ്സുള്ളതിന് 100 സെ.മീറ്റര്‍ ഉയരവും 90 സെ.മീറ്റര്‍ നീളവും ഉണ്ടാകും.

ഇവ പലനിറത്തിലും കാണുന്നു. ചുവപ്പും ചാരനിറവും സാധാരണയാണ്. ഉയര്‍ന്നുനില്‍ക്കുന്ന മുതുകും തൂങ്ങിനില്‍ക്കുന്ന പൂഞ്ഞയും ഇതിന്റെ പ്രത്യേകതയാണ്. പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുതലുണ്ട്.

ചെറുവള്ളി പശുക്കള്‍

കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിന് സമീപപ്രദേശങ്ങളിലായി കാണുന്നു. കറുപ്പ്, തവിട്ട്, വെള്ള തുടങ്ങി വിവിധ നിറങ്ങളില്‍ ഇവയെ കാണാം.

കൊമ്പ് ചെറുതും സൂചിയുടെ മുനപോലെ കൂര്‍ത്തതുമാണ്. കൊമ്പില്ലാത്ത മോഴകളുമുണ്ട്. വെച്ചൂറിനേക്കാള്‍ പൊക്കം അല്പം കൂടുതല്‍. നീണ്ടവാല്. ചെറിയ കുളമ്പ്, ചെമ്പന്‍ കണ്ണുകള്‍. ദിവസം മൂന്നുലിറ്റര്‍ പാല്‍ കിട്ടും. ജീവിതകാലത്ത് 15-17 തവണ പ്രസവിക്കും. വര്‍ഷത്തില്‍ ഒരു പ്രസവം.

ഏറ്റവും ചെറിയ പശു

ഗിന്നസ് റെക്കോഡ് പ്രകാരം നിലവില്‍ കാനഡയിലെ 83 സെ.മീറ്റര്‍ ഉയരമുള്ള 'സ്വാലോ' എന്ന പശുവാണ് ഏറ്റവും ചെറിയ പശു.

മണ്ണുത്തി വെറ്ററിനറി കോളേജ് ജെനറ്റിക്‌സ് വിഭാഗത്തിലെ 79 സെ.മീറ്റര്‍ ഉയരമുള്ള 'ഡയാന'യാണ് ഏറ്റവും ഉയരം കുറഞ്ഞ പശുവെന്നും കോഴിക്കോട്ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കായണ്ണയിലെ സൂര്യപ്രകാശ് വളര്‍ത്തുന്ന 72 സെ.മീറ്റര്‍ ഉയരമുള്ള 'ഛോട്ടി'(കാസര്‍കോട് കുള്ളന്‍ ഇനം)യാണെന്നും കാസര്‍കോട് പെരളം ഫാമിലെ എന്‍. സുബ്രഹ്മണ്യപ്രസാദിന്റെ കാസര്‍കോട് കുള്ളന്‍ ഇനമായ 71 സെ.മീ. ഉയരമുള്ള 'ബംഗാരി'യാണെ ന്നും വാദങ്ങള്‍ നിലവിലുണ്ട്. ഉയരം എന്തായാലും നാടന്‍ പശുക്കളുടെ പാലിന്റെ ഗുണവും നന്മയും മേന്മയും ഒരുപോലെയാണ്.

കടപ്പാട് : kerala-farmer.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate