অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൃഗസംരക്ഷണം - കൂടുതൽ അറിവുകൾ

മൃഗ പരിപാലനം

വളര്‍ത്തുമൃഗങ്ങളുടെ വ്യത്യസ്ത പരിപാലനരീതികള്‍,തീറ്റകള്‍, രോഗങ്ങള്‍, രോഗപരിപാലനരീതികള്‍, ഉല്‍പന്നങ്ങള്‍, ഉല്‍പന്നങ്ങലുടെ ഉപയോഗങ്ങള്‍, ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന രീതികള്‍ തിടങ്ങി എല്ലാ നാട്ടറിവുകളും ഇതിലുള്‍പ്പെടും. മൃഗപരിപാലനരീതികളെയും ഭൂമിശാസ്ത്രാടിസ്ഥാനത്തില്‍ മലയോര പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളും രീതികളും, ഇടപ്രദേശ്ത്തെ രീതികള്‍, തീരപ്രദേശത്തുള്ള രീതികള്‍ എന്നിവയായി വിഭജിക്കാം. മൃഗപരിപാലനത്തിന്റെ വിവരശേഖരണ്‍ത്തിനുള്ള മറ്റ്‌ വ്യത്യസ്ത ഉപമേഖലകള്‍ കൊടുത്തിരിക്കുന്നു.

മൃഗങ്ങളെ വളര്‍ത്തുന്നതിനുള്ള ആവശ്യത്തെ മുന്‍ നിര്‍ത്തി മൃഗപരിപാലനത്തിനു വിവിധ ഉപമേഖലകളുണ്ട്‌.

ഭക്ഷണാവശ്യത്തിനായി

മാംസത്തിനും, മുട്ടയ്ക്കും, പാലിനും അതുപോലുള്ള ഉല്‍പന്നങ്ങള്‍ക്കും വേണ്ടിയുള്ള മൃഗപരിപാലനം. അനേകം വളര്‍ത്തുമൃഗങ്ങളും പക്ഷികളും ഇതില്‍പെടും.

നാടന്‍ താറാവ്.

മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് സാധാരണയായി താറാവിനെ വളര്‍ത്തുന്നത്.       താറാവുകള്‍അടയിരിക്കാറില്ല.  കോഴികളാണ്  അടയിരുന്ന്

മുട്ട വിരിയിക്കുന്നത്.  28 ദിവസമാണ് താറാവുമുട്ടവിരിയാനെടുക്കുന്ന സമയം.  ചെളിയാണ് താറാവുകളുടെ പ്രധാന ഭക്ഷണം.  ഞാഞ്ഞൂള്‍, തേരട്ട തുടങ്ങിയചെറു ജീവികളെയും ഗോതമ്പ്, നെല്ല്, ചോറ് തുടങ്ങിയവയും ഭക്ഷണമാണ്.  ധാരാളം വെള്ളവും വേണം. കോഴികളെ പോലെ താറാവുകള്‍ക്ക്  പെട്ടെന്ന് അസുഖം വരില്ല.

വളര്‍ത്തുമൃഗങ്ങള്‍

കന്നുകാലികള്‍, ആട്‌, തേനീച്ച, പന്നി, ചെമ്മരിയാട്‌, മുയല്‍ മുതലായവ ഇതിലുള്‍പ്പെടും.

പന്നിയിലെ പനിയും കുളമ്പുരോഗവും

കുളമ്പുരോഗവും പനിയുമാണ് പന്നിക്കുവരാവുന്ന പ്രധാന പകര്‍ച്ചവ്യാധികള്‍.  തീറ്റയെടുക്കാന്‍ മടി, വായ്ക്കകത്തും മൂക്കിന്റെ ചുറ്റുഭാഗത്തും കാണുന്ന കുരുക്കള്‍, വ്രണങ്ങള്‍, എന്നിവ കുളമ്പുരോഗത്തിന്റെയും കണ്‍പോളകളില്‍ നിന്നു നീര്‍വാഴ്ച, തൊലിപ്പുറമെ നിറവ്യത്യാസം, തീറ്റമടുപ്പ്, ആടിയുള്ള നടത്തം എന്നിവ പന്നിപ്പനിയുടെയും ലക്ഷണങ്ങളാണ്.  പ്രതിരോധ കുത്തിവെപ്പുമൂലം രോഗം നിയന്ത്രിക്കാം.  ആന്ത്രാക്സ്, പാസ്ചറലോസിസ്, ബ്രൂസല്ലോസിസ് എന്നിവ പന്നികള്‍ക്കു വരുന്ന മറ്റു രോഗങ്ങളാണ്.  ഒരസുഖവും ഇല്ലാതെ പന്നി ചത്തുവീഴുകയും തുടര്‍ന്ന് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരികയും ചെയ്യുന്നത് ആന്ത്രാക്സിന്റെ ലക്ഷണമാണ്.  ശ്വാസതടസ്സവും തൊണ്ടവീക്കവും പനിയും പാസ്ചറലോസിസ് ലക്ഷണമാണ്.  ഗര്‍ഭം അലസുന്നതും വളര്‍ച്ചയെത്താത്ത, ചത്തകുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ബ്രൂസല്ലോസിസ് ബാധയുടെ ഫലമാണ്.   ശരീരത്തിനു പുറത്ത് ചെറിച്ചിലുണ്ടായി പന്നി ഭിത്തിയില്‍ ശക്തമായി ഉരച്ചാല്‍ അത് മെയ്ഞ്ചു രോഗത്തിന്റെ തുടക്കമാകാം.  ചെള്ളും ഈച്ചയും പന്നികളെ ശല്യം ചെയ്യുന്നതിനെതിരെ ഫലപ്രദമായ മരുന്നുണ്ട്.  ശരീരത്തിനുള്ളിലെ വിരകള്‍ പന്നികളുടെ വളര്‍ച്ച മുരടിപ്പിക്കും.  പന്നിക്കുഞ്ഞുങ്ങള്‍ക്ക് ഇരുമ്പിന്റെ കുറവു കാരണം വിളര്‍ച്ചയുണ്ടാകും.  അസ്ഥികളുടെ വളര്‍ച്ച തടസ്സപ്പെട്ടതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ട്, സന്ധിവീക്കം എന്നിവ റിക്കറ്റ്സ് രോഗത്തിന്റെ ലക്ഷണമാണ്.

രോഗബാധ ഒഴിവാക്കാന്‍ പന്നിക്കൂടും പരിസരവും അണുനാശിനി തളിച്ച് വൃത്തിയാക്കണം.  കുഞ്ഞുങ്ങളുടെ വിളര്‍ച്ചയകറ്റാന്‍ യഥാസമയം ഇരുമ്പുസത്ത് കുത്തിവെക്കുകയും വിരമരുന്ന് നല്കുകയും വേണം. പന്നികള്‍ക്ക് സമീകൃതാഹാരവും ധാതുലവണമിശ്രിതങ്ങളും നല്കണം.

പന്നി

പന്നി വളര്‍ത്തലിന്റെ ഏറ്റവും വലിയ മെച്ചം 6 മാസം കൊണ്ട് കുഞ്ഞുങ്ങള്‍ വളര്‍ന്ന് 90 കിലോ തൂക്കമെത്തും എന്നതാണ്.  പരമാവധി ജനവാസം കുറഞ്ഞ താഴ്ന്ന പ്രദേശങ്ങളാണ് പന്നിഫാമിന് ഏറ്റവും അനുയോജ്യം.  വെള്ളക്കെട്ടുകളുള്ള പ്രദേശങ്ങള്‍ ഒഴിവാക്കണം.  പന്നിക്കൂടുകള്‍ക്ക് നാലടി ഉയരം മതി. തറ മിനുസമുള്ളതായിരിക്കണം.  വെള്ളം പൂര്‍ണ്ണമായും വാര്‍ന്നു പോകുന്ന വിധത്തിലാണ് തറ നിരപ്പാക്കേണ്ടത്. പ്രധാനമായും കേരളത്തില്‍ വളര്‍ത്തുന്ന ഇനങ്ങളാണ് ലാര്‍ജ് വൈറ്റ് യോര്‍ക്ക് ഷെയര്‍, ലാന്‍ ഡ്രേസ്, ഡ്യൂറോക്ക് എന്നിവ.

വളര്‍ത്തു പക്ഷികള്‍

കോഴി, താറാവ്‌, ടര്‍ക്കികോഴി, അന്നം മുതലായവ

താറാവു വസന്ത

താറാവിന്‍ പറ്റത്തില്‍ ചിലത് പെട്ടെന്ന് ചത്തുവീഴുകയും ചിറകുകള്‍ താഴ്ത്തിയിട്ട് അനങ്ങാതെ തൂങ്ങിനില്‍ക്കുന്നതും വസന്തയുടെ ലക്ഷണമാണ്.  കാലുകള്‍ക്ക് തളര്‍ച്ച, പച്ച നിറത്തിലോ രക്തം കലര്‍ന്നതോ ആയ വയറിളക്കവും താറാവു വസന്തയുടെ ലക്ഷണങ്ങളാണ്.  രോഗം ബാധിച്ച താറാവുകളുടെ എല്ലാ വിസര്‍ജ്യങ്ങളിലും രോഗാണുക്കള്‍ ഉണ്ടായിരിക്കും. വെള്ളത്തിലൂടെ രോഗമില്ലാത്ത താറാവുകളിലുമെത്തുന്നു. വൈറസ് രോഗമായതിനാല്‍ ചികിത്സ ഫലപ്രദമല്ല.  രോഗത്തോടനുബന്ധിച്ചുള്ള കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്കാം. രോഗം വരാതിരിക്കാന്‍ പ്രതിരോധകുത്തിവെയ്പ്പ് നടത്തണം. രണ്ടുമാസം പ്രായമാകുന്നതിനുമുമ്പ് പ്രതിരോധകുത്തിവെയ്പ്പു നല്കണം.  ചിറകിലെ തൊലിക്കടിയില്‍ അര മില്ലി വാക്സിന്‍ കുത്തിവെക്കണം. കുത്തിവെയ്പ്പിന് ഒരാഴ്ച മുമ്പായി വിരമരുന്നു നല്കുന്നതും കുത്തിവെയ്പ്പിനുശേഷം ഒരാഴ്ച ബികോംപ്ലാക്സ് നല്കുന്നതും പ്രതിരോധശേഷി കൂട്ടും.

കോഴികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍

കോഴികള്‍ക്കുണ്ടാകുന്ന സാധാരണ രോഗങ്ങളാണ് കോഴിവസന്ത, റാനിക്കറ്റ്, പക്ഷിപ്പനി.

റാനിക്കറ്റ് - വായ തുറന്നു പിടിച്ചിരിക്കും, കടുത്തപനി, മഞ്ഞകലര്‍ന്ന വെളുത്ത ദ്രാവകം കാഷ്ഠിക്കല്‍, കഴുത്ത് തൂങ്ങിയിരിക്കുക, വട്ടം കറങ്ങുക, വളരെയധികം ക്ഷീണം എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍.

കോഴിവസവന്ത - ഉറങ്ങി തൂങ്ങി നില്‍ക്കുക, തീറ്റ വേണ്ടാതാവുക എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ .  കടുക് അരച്ചു കൊടുത്താല്‍ അസുഖം ഭേദമാകും.

ടര്‍ക്കി കോഴി

ടര്‍ക്കി കോഴികളെ തുറന്നുവിട്ടു വളര്‍ത്തുന്ന രീതിയാണ് സ്വീകരിക്കേണ്ടത്.  തറയില്‍ നിന്നും ഒരടി ഉയരത്തില്‍ ചുമര്‍ നിര്‍മ്മിച്ച് ബാക്കി ഭാഗം കമ്പിവല കൊണ്ട് മറച്ചാണ് കൂട് തീര്‍ക്കേണ്ടത്.  പച്ചപ്പുല്ല്, കൊത്തിയരിഞ്ഞ ചീര, പപ്പായയില, പുഴുങ്ങിയ മുട്ട, ഇലകള്‍, ധാന്യങ്ങള്‍ എന്നിവ തീറ്റയായി നല്‍കാം.

ഇവയില്‍ കാണുന്ന ഈച്ചകളെ മരുന്ന് തളിച്ച് ഒഴിവാക്കാം.  തൊണ്ടയിലോ ശ്വാസനാളത്തിനകത്തോ കാണുന്ന വിരകള്‍ എന്നിവ അകറ്റാന്‍ വെളുത്തുള്ളി, തുളസി എന്നിവയുടെ നീരും കൊടുക്കുക. കോഴികളെ ബാധിക്കുന്ന പല രോഗങ്ങളും ഇവയെ ബാധിക്കില്ല.  ടര്‍ക്കി മുട്ടകള്‍ കോഴിമുട്ടപോലെ ഗുണപ്രദവും രുചിപ്രദവുമാണ്.

കോഴി

കോഴികള്‍ക്ക് പണ്ടുകാലത്ത് മണ്ണുകൊണ്ടായിരുന്നു കൂടൊരുക്കിയിരുന്നത്.  തീറ്റയായി നെല്ലും അരിയും തവിടും കൊടുക്കാം.  മുട്ടകള്‍ അടവെച്ച് 24, 25 ദിവസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ പുറത്തുവരും.

കോഴികളില്‍ സാധാരണയായി കാണുന്ന അസുഖമാണ് പനി.  അതിന്റെ ലക്ഷണം അവ വെളുത്ത നിറത്തില്‍ വിസര്‍ജ്ജിക്കുകയും കോഴികള്‍ തൂങ്ങി നില്‍ക്കുകയും ചെയ്യുന്നതാണ്.  ഇതിന് ഔഷധമായി കരിക്കട്ടയും മഞ്ഞളും തേച്ചുകൊടുക്കുകയായിരുന്നു പതിവ്.  കുരുപ്പ് (വസൂരി) എന്ന അസുഖം വരുമ്പോള്‍ ഉപ്പും അട്ടക്കരിയും  വെളിച്ചെണ്ണയില്‍ ചാലിച്ച മിശ്രിതം പുരട്ടി കൊടുക്കാം.  കൂടാതെ കള്ളിന്റെ മട്ട് നാവില്‍ ഉറ്റിച്ചുകൊടുക്കാം.  പനങ്കള്ള് തേച്ചുകൊടുക്കുകയും ചെയ്യാം.

അരുമമൃഗങ്ങളും പക്ഷികളും

പട്ടി, പൂച്ച, മുയല്‍,പ്രാവുകള്‍ മുതലായവ

നായാട്ട് മൃഗങ്ങള്‍.

നായാട്ട്നായ്ക്കളുടെ ലക്ഷണം -    ചെറിയ കണ്ണ്, ചെറിയ ചെവി, വലിയ തല, വാല്‍,  വലിയരീതിയില്‍ ചുരുളില്ലാത്ത വാല്‍, നീളം കൂടിയത്,  ഇടത്തോട്ട് ചെരിഞ്ഞ വാല്‍ ഗുണകരം. (നാട്ടവാലന്‍ കേട്ട്ചെല്ലും) കവിളിലെ രോമങ്ങള്‍ രണ്ട്, നാല്, മൂന്ന്, ഒരുവശത്ത് രണ്ടാണെങ്കില്‍ ഉശിര് കൂടിയത്,

കഴുത്തില്‍ചുറ്റിനും പാണ്ട് മുറി കൂടണം.  മുറി കൂടിയില്ലെങ്കില്‍ കടി മുറുകില്ല.  കണ്ണ്

ചുവന്നിരിക്കണം, കണ്‍പോള ഉള്ളില്‍ചുവന്നിരിക്കണം.  നെഞ്ഞിന്റെ കൂട് വീതി

കൂടിയതാവണം. ഓര കുറഞ്ഞാല്‍ ഓടാന്‍ വേഗത കൂടും. മറ്റുള്ളവക്ക് വേഗത കുറയും.

നായ്ക്കളെ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശുദ്രന്‍ എന്നിങ്ങനെ

നാല്വിഭാഗമാക്കിയിരിക്കുന്നു. ക്ഷത്രിയനാണ് നായാട്ടില്‍ കേമന്‍.

വൈശ്യന്‍ വേണ്ടത്ര ഉശാറ്കാണിക്കില്ല.മറ്റുള്ളവയെ പ്രോത്സാഹിപ്പിക്കുന്നവയും കടിക്കാത്തവയുമാണ്.

ഉപയോഗങ്ങള്‍.   ഭക്ഷണത്തിനായി വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിക്കാന്‍.  വീട് കാക്കാന്‍.

പറ്റിയ സ്ഥലം തിരഞ്ഞെടുക്കല്‍ വലിയ മലകള്‍ നോക്കിയും മൃഗങ്ങളുടെ ചവിട്ടടികള്‍ നോക്കിയുംമൃഗസാന്നിദ്ധ്യം അറിയാം.

(കടവ്)  കറുകപ്പുല്ല്, ചെറിയ ഞാറ് മുതലായവ ഉള്ള ഇടങ്ങളില്‍ മുയലിനെകാണാം.

മുയലിന്റെ വിസര്‍ജ്ജ്യം നോക്കി സാന്നിദ്ധ്യം അറിയാം.  വലകെട്ടിയും നായ്ക്കളെ

ഉപയോഗിച്ചുംവേട്ടമൃഗങ്ങളെ പിടിക്കാം.

സാമൂഹിക സുരക്ഷയ്ക്കും രോഗപ്രതിരോധത്തിനുമുള്ളവ

കൊതുകു നശീകരണത്തിനു ഗംബൂസിയ, ഗപ്പി മുതലായ മത്സ്യങ്ങളെ വളര്‍ത്താറുണ്ട്‌. ചില പ്രത്യേകതരം അട്ടകളെ രോഗചികിത്സക്കായി ഉപയോഗിക്കാറുണ്ട്‌.
വ്യത്യസ്തമായ ഈ ഓരോ ഉപമേഖലകളുടെയും കീഴില്‍ വരുന്ന അനേകം ഉപമേഖലകളിലേയും വിവരങ്ങള്‍ ശേഖരിക്കേണ്ടതാവശ്യമാണു.

ഇനങ്ങള്‍

ഒരു വളര്‍ത്തുമൃഗത്തിന്റെയോ, പക്ഷിയുറ്റെയോ വ്യത്യസ്ത ഇനങ്ങളുടെ (ഉദാ- പശുവിന്റെ ഇനങ്ങളായ ജേഴ്സി, സിന്ധി, മുതലായവ) പരിപാലന രീതികള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ ഓരോ ഇനങ്ങളുടെയും പരിപാലനത്തെ സംബന്ധിച്ച നാട്ടറിവുകള്‍ പ്രത്യേകം ശേഖരിക്കണം.

വെച്ചൂര്‍പശു

ലോകത്തിലെ ഏറ്റവും ചെറിയ പശുവിനമാണ് വെച്ചൂര്‍.  കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്ത് വെച്ചൂര്‍ ഗ്രാമമാണ് ജന്മദേശം.  ഇവ ഇളംചുവപ്പ്, ചാരം, കറുപ്പ് നിറങ്ങളില്‍ കാണാം.  ഉയരം മൂന്നടിയില്‍ താഴെയായ ഇതിന്റെ തൂക്കം 125 കി.ഗ്രാം ആയിരിക്കും.  കണ്ണിനുമുകളിലേക്കു വളരുന്ന വളരെ ചെറിയ വളഞ്ഞ കൊമ്പായിരിക്കും.  ചിലപ്പോള്‍ കൊമ്പുകള്‍ പുറത്തേക്കു കാണാത്തവിധം ചെറുതായിരിക്കും.  വാല്‍ നിലത്തു മുട്ടുന്ന രീതിയിലായിരിക്കുകയും തോള്‍ ഭാഗത്ത് ഉപ്പോളി ഉയര്‍ന്നിരിക്കുകയും ചെയ്യും.  രോഗപ്രതിരോധശേഷി കൂടുതലുള്ള ഇവയില്‍ അകിടുവീക്കത്തിനും കുളമ്പുരോഗത്തിനും സാധ്യത കുറയും.  ഇതിന്റെ കുഞ്ഞുങ്ങള്‍ക്ക് ശരാശരിതൂക്കം സങ്കരയിനം പശുക്കുട്ടികളുടെ മൂന്നലൊന്നു മാത്രമേ കാണൂ. ഒരു ദിവസത്തെ കറവയില്‍ ശരാശരി രണ്ടരലിറ്റര്‍ പാലുണ്ടാവും.  കൊഴുപ്പുകൂടിയ ഈ പാലിന് ഔഷധഗുണമുണ്ടെന്ന് പറയപ്പെടുന്നു.

വിവിധയിനം ആടുകള്‍

നമ്മുടെ നാട്ടില്‍ കാണുന്ന ആടുകളെ രണ്ടായി തരംതിരിക്കാം.  കോലാടുകള്‍, ചെമ്മരിയാടുകള്‍എന്നിങ്ങനെ.          ഒരു വര്‍ഗത്തില്‍പെട്ട ജന്തുക്കളെ ചില പ്രത്യേകലക്ഷണങ്ങളോടുകൂടിയതും പ്രജനനത്താല്‍ അതേ ലക്ഷണത്തോട് കൂടിയ സന്തതികള്‍ മാത്രം ജനിക്കുന്നതുമായ ഒരു സമൂഹത്തെയാണ് ജനുസ്സ് എന്നു പറയുന്നത്.

ലോകത്താകമാനം മുന്നൂറില്‍ പരം ആട് ജനുസ്സുകളുണ്ട്.  ഇതില്‍ ഇരുപത്തിരണ്ട് ജനുസ്സുകള്‍ ഇന്ത്യയില്‍കാണുന്നു.           കോലാടുകള്‍ക്ക് അറുപത് ക്രോമസോമുകള്‍

ഉണ്ടായിരിക്കും.  ചെമ്മരിയാടുകള്‍ക്കാകട്ടെഅമ്പത്തിനാല് എണ്ണവും.  മേലോട്ട് പൊങ്ങിനില്‍ക്കുന്ന വാല്‍, താടി രോമങ്ങള്‍, കിങ്ങിണികള്‍, വാലിനോട്ചേര്‍ന്നുള്ള ഗ്രന്ഥികള്‍ എന്നിവ കോലാടുകളുടെ സവിശേഷതകളാണ്. പിറകിലോട്ട് വളരുന്ന കൊമ്പുകളും ആടുകളുടെ മണവും ഇവയുടെ മറ്റു പ്രത്യേകതകളാണ്.

വിദേശയിനം കോലാടുകള്‍ .

സാനന്‍ - ആടകളുടെ കൂട്ടത്തില്‍ ഗവ്യറാണി എന്നറിയപ്പെടുന്ന ഇവയുടെ ആവാസ സ്ഥലം സ്വീറ്റ്സര്‍ലണ്ടാണ്.  വെളുപ്പ്, മഞ്ഞകലര്‍ന്ന തവിട്ടുനിറം എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. കൊമ്പുള്ളവയേയും ഇല്ലാത്തവയേയും കാണാം.  കൂര്‍ത്ത ചെവികള്‍ മുന്നോട്ട് തള്ളി നില്‍ക്കുന്നു.  പ്രതിദിനംഅഞ്ചുമുതല്‍ പത്ത് ലിറ്റര്‍ വരെയും പാല്‍ കിട്ടുന്ന ആടുകളുമുണ്ട്.  നല്ല വളര്‍ച്ചയെത്തിയ മുട്ടനാടിന് തൊണ്ണൂറ്റിയഞ്ച് കിലോഗ്രാമും പെണ്ണാടിന് അറുപത്തിയഞ്ച് കി.ഗ്രാമും തൂക്കം കാണും.

ആല്‍പെയിന്‍ -   ഈ ജനുസ്സ് ഫ്രാന്‍സില്‍ ആല്‍പ്സ് പര്‍വ്വത സാനുക്കളില്‍ ഉടലെടുത്തവയാണ്. ആല്പെയിന്‍ ആടുകളുടെ മുന്‍വശം പിന്‍വശത്തെക്കാള്‍ ഉയരം കൂടിയതായിരിക്കും.  പ്രായപൂര്‍ത്തിയായമുട്ടനാടിന് 80 കി.ഗ്രാമും.

പെണ്ണാടിന് 60 കി.ഗ്രാംമും ഭാരം കാണും. പ്രതിദിനം ശരാശരി പാലുല്പാദനം രണ്ടരലിറ്ററാണ്.

ബോയര്‍ / ബോവര്‍ -  മാംസ്യാവശ്യത്തിന് വേണ്ടി വളര്‍ത്തുന്ന ഒരിനം ആടുകളാണിവ.  വെളുത്ത് ഉരുണ്ട ശരീരം, ചുവന്ന തല, കുറുകിയതും മാംസളവുമായ കാലുകള്‍, റോമന്‍ മൂക്കുകള്‍, വലിയ കൊമ്പുകള്‍, നീളംകുറഞ്ഞ ശരീരരോമം, തൂങ്ങിക്കിടക്കുന്ന ചെവി ഇവയാണ് പ്രധാന പ്രത്യേകതകള്‍ .  ഈ ആടുകള്‍ ചൂടിനെഅതിജീവിക്കുന്നു.  ഈ ആടുകള്‍ക്ക് ഒരു പ്രസവത്തില്‍ ശരാശരി രണ്ടുകുട്ടികളും, പാല്‍ രണ്ടേക്കാല്‍ ലിറ്ററും കിട്ടും.  ഈ ആടുകളുടെ വളര്‍ച്ചാ നിരക്ക് ശ്രദ്ധേയമാണ്.  ഒമ്പത് മാസത്തോളം പ്രായമുള്ളപ്പോള്‍ 40കി.ഗ്രാമോളം ഭാരം കാണും. മാംസം സ്വാദുള്ളതും മൃദുലവുമാണ്.  വെളുത്ത തൊലിക്ക് നല്ല ഡിമാന്റാണ്.

ടോഗര്‍ബര്‍ഗ്ഗ് -   ചോക്ലേറ്റ് നിറമുള്ള ഈ ആടുകളുടെ മുഖത്ത് ഇരുവശങ്ങളിലും വെളുത്തവരകളുണ്ടായിരിക്കും.  ഈ ഇനത്തിന് കൊമ്പ് കാണാറില്ല.  ദിനംപ്രതി  മൂന്ന് ലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കുന്നു.

ആംഗ്ലോ ആബിയന്‍ -  മാംസത്തിനും പാലിനും വേണ്ടി വളര്‍ത്തുന്ന ഒരിനമാണിവ.  പല നിറത്തിലുംഇവയെ കാണാം.  നീളമുള്ള തൂങ്ങിക്കിടക്കുന്ന ചെവികള്‍, റോമന്‍ മൂക്ക് എന്നിവ ഇവയുടെ പ്രത്യേകതകളാണ്.  മുട്ടനാടുകള്‍ക്ക് 80-ഉം പെണ്ണാടുകള്‍ക്ക് 60 കിലോയും തൂക്കം കാണും.

അംഗോറ -  രോമത്തിന് വേണ്ടി വളര്‍ത്തപ്പെടുന്ന ഒരു വിദേശ ജനുസ്സാണ് അംഗോറ.  ജന്മദേശംതുര്‍ക്കിയായ ഈ ആടുകള്‍ക്ക് ചെറിയ കാലുകളും ശരീരവുമാണ്.  ഇവയില്‍ നിന്നും ലഭിക്കുന്ന രോമത്തെ"മൊഹയര്‍"  രോമം എന്നു പറയുന്നു.  മൊഹയര്‍ വ്യാവസായികമായി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചെമ്മരിയാടുകളില്‍ നിന്ന് ലഭിക്കുന്ന കമ്പിളി രോമങ്ങളെക്കാള്‍ നല്ല തിളക്കവും അതിവേഗത്തില്‍ ചായം പിടിപ്പിക്കാനുമുള്ള കഴിവും മൊഹയര്‍ രോമത്തിനുണ്ട്.  ഈ ആടുകളെ മാംസ്യാവശ്യത്തിനുംഉപയോഗിക്കുന്നു.

മലബാറി -  പ്രജനനശേഷി കൂടിയ മലബാറി ഇനങ്ങളാണ് കേരളത്തില്‍ വളര്‍ത്താന്‍ പറ്റിയത്. മലബാറി നാടന്‍  ആടുകളുമായുള്ള ഇവയുടെ സങ്കരയിനങ്ങള്‍ക്ക് വളര്‍ച്ചയും പാലുല്പാദനവും കൂടും.

പാലിന്റെ ആവശ്യത്തിനു ശുദ്ധമലബാറി, ബീറ്റല്‍, സിരോഹി എന്നിവയാണ് നല്ലത്.  ഇവവര്‍ഷത്തിലൊരിക്കല്‍ പ്രസവിക്കും.  പരമാവധി ഒരു ലിറ്റര്‍‍‍‍ പാല്‍ ലഭിക്കും ‍.  എന്നാല്‍ ഇവക്ക് തീറ്റ അധികം വേണ്ട.  രോഗപ്രതിരോധശേഷിയുമുണ്ട്.

ബീറ്റല്‍ -  പഞ്ചാബാണ് ജന്മദേശം.  കറുപ്പ്, തവിട്ട്, വെള്ള നിറങ്ങള്‍ .  റോമന്‍ മൂക്ക്,  നീളമുള്ളതൂങ്ങിക്കിടക്കുന്ന വെറ്റിലയുടെ ആകൃതിയുള്ള ചെവി, പിറകിലേക്കും മുകളിലേക്കും വളരുന്ന കട്ടികൂടിയ കൊമ്പ്,  നീളം കുറഞ്ഞ വാല്‍,  മുട്ടനാടിനു താടി രോമങ്ങള്‍, ഒന്നര വയസ്സിനുള്ളില്‍ ആദ്യ പ്രസവം.  ഒരുപ്രസവത്തില്‍ 1-4 കുട്ടികള്‍ .   2-3 ലിറ്റര്‍ പാലുല്പാദനം.  അതിവേഗം വളരുന്നതിനാല്‍ മാംസാവശ്യത്തിനും നന്ന്.   മാംസം സ്വദിഷ്ടവും പ്രത്യേക വാസനയുള്ളതും.  കേരളത്തിലെ കാലാവസ്ഥയോടു ക്രമേണ യോജിക്കുന്നു.  പ്രത്യുല്പാദന ശേഷിയും പ്രതിരോധ ശേഷിയും കൂടുതല്‍ .

സിരോഹി -   രാജസ്ഥാനിലെ സിരോഹി പ്രവിശ്യയില്‍ കാണുന്നു.  ശരീരത്തിനു തവിട്ടു നിറവും കറുത്ത പുള്ളികളും കാണാം.  റോമന്‍ നാസിക.   ചെവി പരന്നതും തൂങ്ങിനില്‍ക്കുന്നതും.  ചെറിയ കൊമ്പും ചെറുതും മുകളിലേക്കു വളഞ്ഞതുമായ വാലും.   പ്രധാനമായും ഇറച്ചിക്കായി വളര്‍ത്തുന്നു.  പാലുല്പാദനം ഒരു ലിറ്ററില്‍താഴെ.  മരുഭൂമിയിലെ കാലാവസ്ഥപോലും  അതിജീവിക്കാനുള്ള കഴിവ്.

ജമ്നാപാരി -   ഉത്തര്‍പ്രദേശിലെ യമുന, ചമ്പല്‍, നദീതീരത്ത് ജനനം.  ഇന്ത്യയിലെ ഏറ്റവും വലിയആട്,  നീളമുള്ള ചെവിയും കഴുത്തും ശരീരവും.  റോമന്‍ മൂക്ക്,  തുടയുടെ ഭാഗത്തെ നീളമുള്ള രോമം എന്നിവലക്ഷണങ്ങള്‍ ‍.  വാലിനു പൊതുവെ നീളം കുറവ്,  കീഴ്ത്താടിക്കു മേല്‍ത്താടിയെക്കാള്‍ നീളം കൂടും,   വെള്ളനിറം.  ശരാശരി പാലുല്പാദനം 2.5 ലിറ്റര്‍ .  ആറു മാസം കറവക്കാലം.  ഒന്നരവയസ്സില്‍ ആദ്യ പ്രസവം. എല്ല് കൂടുതലായതിനാല്‍ ഇറച്ചിവിപണിയില്‍ പ്രിയം കുറവ്,  മഴ കൂടിയ കാലാവസ്ഥ പ്രശ്നം.

ശരീരത്തിന്റെ പ്രത്യേകതകള്‍

മൃഗങ്ങളുടെ പ്രായം തിരിച്ചറിയല്‍ പശുവിന്റെ പ്രായം തിരിച്ചറിയാനുള്ള നാടന്‍ മാര്‍ഗ്ഗം കൊമ്പിന്റെ വളയമാണ്.  പശുവിന്റെ കൊമ്പ് നോക്കി പ്രസവം മതിക്കും. കൊമ്പിന് ഒരു വട്ടുണ്ടെങ്കില്‍ ഒരു പ്രസവംകഴിഞ്ഞിട്ടുണ്ടാകും. കറവപ്പശുവിന്റെ കൊമ്പിന്റെ ഓരോ വളയവും ഓരോ പ്രസവത്തെ സൂചിപ്പിക്കുന്നു.

പല്ലുകള്‍ നോക്കിയും പ്രായം ഏറേക്കുറെ കൃത്യമായി മനസ്സിലാക്കാം.  പാല്‍പല്ലുകളും സ്ഥിരം പല്ലുകളുംഎപ്പോഴൊക്കെ വരുന്നു, അവയ്ക്ക് എപ്പോള്‍ തേയ്മാനം സംഭവിക്കുന്നു എന്നിവയെ ആശ്രയിച്ചാണ് പ്രായം കണക്കാക്കുന്നത്.

പശുവിന്റെ കീഴ്ത്താടിയിലെ നാലു ജോഡി ഉളിപ്പല്ലുകള്‍ നോക്കിയാണ് പ്രായം നിര്‍ണയിക്കുന്നത്.  ഒരു മാസം പ്രായമാകുമ്പോള്‍ നാലു ജോഡി പാല്‍പല്ലുകള്‍ പ്രത്യക്ഷപ്പെടും.  ഒരു വയസ്സാകുമ്പോള്‍ നടുക്കുള്ള ഒരുജോഡി പാല്‍ പല്ലുകള്‍ക്ക് തേയ്മാനം തുടങ്ങും.  രണ്ടു വയസ്സാകുമ്പോള്‍ നാലു ജോഡി പാല്‍ പല്ലുകള്‍ക്കും തേയ്മാനം കാണാം.  പിന്നീട് നടുക്കുനിന്ന് ഓരോ ജോഡി പാല്‍ പല്ലുകള്‍ പറിഞ്ഞ് ഉറച്ച സ്ഥിരം പല്ലുകള്‍പ്രത്യക്ഷപ്പെടും.  അഞ്ചു വയസ്സാകുമ്പോള്‍ നാലു ജോഡി പാല്‍പല്ലുകളുടെ സ്ഥാനത്ത് സ്ഥിരം പല്ലുകള്‍. പിന്നീട് സ്ഥിരം പല്ലുകളുടെ തേയ്മാനം തുടങ്ങും.  ആറു വയസ്സാകുമ്പോള്‍ നടുക്കുള്ള ഒരു ജോഡി സ്ഥിരംപല്ലുകള്‍ക്ക് തേയ്മാനം തട്ടും.  ഒമ്പതു വയസാകുമ്പോള്‍ നാലു ജോഡി സ്ഥിരം പല്ലുകള്‍ക്കും തേയ്മാനമുണ്ടാകും. ആറു വയസ്സ് പ്രായമാണ് ഒത്ത യുവത്വ പ്രായം.    പശുക്കളുടെ പല്ലുകള്‍ നിരീക്ഷിച്ച് ഈരീതിയിലുള്ള പ്രായനിര്‍ണയത്തില്‍ പ്രാവീണ്യം നേടാം.

വളര്‍ത്തല്‍

അവയുടെ വളര്‍ത്തല്‍ സംബന്ധിച്ച നാട്ടറിവുകള്‍

ആരോഗ്യ ലക്ഷണങ്ങള്‍

രോമാവരണം -  ആരോഗ്യമുള്ള ഉരുക്കളുടെ രോമം തിളക്കവും മിനുസവുമുള്ളതായിരിക്കും. വിരബാധയുള്ളപ്പോള്‍ രോമം പരുപരുത്തിരിക്കും.  ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ പശുക്കളുടെ  രോമം എഴുന്നേറ്റു നില്‍ക്കുന്നതായി കാണാം.

കണ്ണുകള്‍ -  തിളക്കമുള്ള കണ്ണുകള്‍ ആരോഗ്യലക്ഷണമാണ്.  കണ്ണുകളിലെ നിറമാറ്റം, കണ്ണുനീര്‍വാര്‍ച്ച, കണ്ണുകള്‍ ചെറുതായി കുഴിഞ്ഞ് കാണുക എന്നിവ രോഗലക്ഷണങ്ങളാണ്.  വിരബാധയുള്ളപ്പോള്‍ രക്തക്കുറവുകൊണ്ട് കണ്ണിലെ ശ്ലേഷ്മതരം വിളറി വെളുത്തിരിക്കും. മഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്ലേഷ്മതരം മഞ്ഞനിറത്തില്‍ കാണപ്പെടും.

മൂക്ക് - എപ്പോഴും നനവുള്ള മൂക്ക് ആരോഗ്യ ലക്ഷണമാണ്.   വരണ്ടുണങ്ങിയ മൂക്ക് പനിയുടെ ലക്ഷണവും. മൂക്കില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുന്നത് അനാരോഗ്യത്തെ സൂചിപ്പിക്കുന്നു.  മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഗുരുതരമായ വിരബാധയുടെ സൂചനയാണ്.

ശരീരതാപനില -  പ്രായപൂര്‍ത്തിയായ ഒരു പശുവിന്റെ  ശരീരോഷ്മാവ് 101.6 ഡിഗ്രി ഫാരന്‍ഹീറ്റാണ്. രോഗാവസ്ഥയില്‍ ഊഷ്മാവ് വര്‍ധിക്കാനിടയുണ്ട്.

ശ്വസന നിരക്ക് -  ആരോഗ്യമുള്ള പശുവിന്റെ ശ്വസന നിരക്ക് മിനിട്ടില്‍ 18-28 വരെയാണ്.  നിരക്കിലെ വ്യതിയാനം, ശ്വാസംമുട്ടല്‍, ശ്വാസം വിടുമ്പോള്‍ ഉണ്ടാകുന്ന  ശബ്ദം എന്നിവ രോഗാവസ്ഥയെ കാണിക്കുന്നു.

നാഡിമിടിപ്പ് -  മിനിട്ടില്‍ 50-60 ആണ് സാധാരണ നാടിമിടിപ്പ് നിരക്ക്.  ഇതിലെ വ്യത്യാസവും രോഗസൂചനയാണ്.അയവെട്ടല്‍  -  പശുവിന്റെ അയവെട്ടല്‍ മിനിട്ടില്‍ 2-3 പ്രാവശ്യമാണ്.  ദഹനം തടസ്സപ്പെട്ടാല്‍ അയവെട്ടലും നിലക്കും.

ചാണകം -  അര്‍ധ ഖരാവസ്ഥയിലുള്ള ചാണകം പശുവിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഉണങ്ങിയതോ അയഞ്ഞതോ കറുത്തതോ ആയ ചാണകം കഫമോ  രക്തം കലര്‍ന്നതോ ആയ ചാണകം എന്നിവ രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.  രക്തം കലര്‍ന്ന ചാണകം കണ്ടാല്‍ വിരബാധ സംശയിക്കാം.

മൂത്രം -  ആരോഗ്യമുള്ള പശുവിന്റെ മൂത്രം ഇളം മഞ്ഞനിറമായിരിക്കും.  കട്ടന്‍കാപ്പി നിറവും ചുവപ്പ്, കടും മഞ്ഞനിറങ്ങളും രോഗലക്ഷണങ്ങളാണ്.

പാല്‍ -  പാലിന്റെ അളവ് പെട്ടെന്ന് കുറയുക, നിറവ്യത്യാസം കാണുക എന്നിവ അകിടുവീക്കത്തിന്റെ ആദ്യലക്ഷണങ്ങളാണ്.

അകിട് -  അകിടിലെ കല്ലിപ്പും വ്രണങ്ങളും മുറിവുകളും രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.  തൂങ്ങിയ വയര്‍, പിന്‍ കാവുകള്‍ക്ക് ശേഷിക്കുറവ്, നടത്തത്തിലുള്ള അപാകത, തലകുനിച്ച് കൂട്ടത്തില്‍ നിന്നു മാറി നില്‍ക്കുക, സദാസമയവും ക്ഷീണം കാണിച്ച് കിടക്കുക, കിടന്നാല്‍ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ആരോഗ്യക്കുറവിന്റെയും രോഗത്തിന്റെയും ലക്ഷണങ്ങളാണ്.

വേനല്‍കാല പരിചരണം

വേനല്‍കാലത്തെ കടുത്ത ചൂട് പാലുല്പാദനത്തെ ബാധിക്കുന്നു.  പശുക്കള്‍ക്ക് അനുയോജ്യമായഅന്തരീക്ഷോഷ്മാവ്  50-55 ഡിഗ്രി എഫ്. ആണ്. 80 ഡിഗ്രി എഫിനു മുകളിലായാല്‍ചൂടുകുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അന്തരീക്ഷോഷ്മാവ്വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയര്‍ക്കലും കൂടുന്നു.

വേനല്‍ക്കാല ഭക്ഷണത്തില്‍ മാംസ്യത്തിന്റെയും ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും,നാരിന്റെ അംശം കുറക്കുകയും ചെയ്യേണ്ടതാണ്.  ഇതിനായി പരുത്തിക്കുരു, സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

അത്യുല്പാദനശേഷിയുള്ള ഇനങ്ങള്‍ക്ക്  ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നല്കാവുന്നതാണ്.  പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും, എ, ഡി, ഇ എന്നീ വിറ്റാമിനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉരുക്കളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്ഉതകുന്നു.  ഇതിനായി ധാതുലവണങ്ങളും, വിറ്റാമിനുകളും നല്കാവുന്നതാണ്.

വേനല്‍ക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവില്‍ വരുന്ന കുറവും, തീറ്റയുടെ ഗുണനിലവാരക്കുറവുംപാലുല്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതിനോടൊപ്പം, പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്. എന്‍. എഫ്., ലാക്രോസ് എന്നിവയിലും കുറവു വരുത്തുന്നു. പോഷകാഹാരക്കുറവ് പശുക്കള്‍ക്ക് വേനല്‍ക്കാല വന്ധ്യതക്ക് കാരണമാകുന്നു.

കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗര്‍ഭധാരണത്തിന് വളരെ നിര്‍ണായകമാണ്. ബീജാധാനത്തിന് ഒന്നുരണ്ടാഴ്ചകളിലും, ഗര്‍ഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സ്ട്രെസ്സ് കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വേനല്‍ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറക്കുന്നതിനാല്‍ ഇക്കാലത്ത് പല രോഗങ്ങളും ഉണ്ടാകുന്നു.  പേന്‍, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതിനാല്‍ ഇവ പരത്തുന്ന ബബീസിയോസിസ്,അനാപ്ലാസ്മോസിസ്, തൈലേറിയാസിസ് എന്നിവയും, ബാക്ടീരിയ മൂലമുണ്ടാകുന്ന അകിടുവീക്കവുംകൂടുതലായി കാണപ്പെടുന്നു.  വേണ്ടത്ര ശ്രദ്ധയും പരിചരണവും മാത്രമാണ് ഇതൊഴിവാക്കാനുള്ള വഴി.

പ്രതിരോധകുത്തിവെപ്പുകള്‍ ചൂടുകുറവുള്ള രാവിലെയോ വൈകുന്നേരമോ ചെയ്യേണ്ടതാണ്.

കറവമാടുകളെ വേനല്‍ക്കാലത്തെ അത്യുഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

തൊഴുത്തിന്റെ മേല്‍ക്കൂരക്കുമുകളില്‍ ചാക്ക്, വൈക്കോല്‍ എന്നിവ നിരത്തി വെള്ളം തളിക്കുന്നത്തൊഴുത്തിലെ ചൂടുകുറയ്ക്കാന്‍ സഹായിക്കും.

തൊഴുത്തിനു ചുറ്റും തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കേണ്ടതാണ്.      ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്തില്‍ ഫാനിടുന്നതും ചൂടു കുറയ്ക്കാന്‍ സഹായിക്കുന്നു.

അന്തരീക്ഷ താപനില കൂടുതലുള്ള പകല്‍ സമയങ്ങളില്‍ സങ്കരയിനം പശുക്കളെ മേയാന്‍ വിടരുത്.        ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ കൊടുക്കണം.       വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഒന്നുമുതല്‍ രണ്ട് മടങ്ങു വരെ വര്‍ദ്ധന വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഉഷ്ണം മൂലമുള്ള സ്ട്രെസ്സ് കുറക്കാന്‍ സോഡാക്കാരം 50 ഗ്രാം അളവില്‍ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

എരുമകള്‍ക്ക് കട്ടിയേറിയ പുറംതൊലി, കറുപ്പു നിറം, വിയര്‍പ്പു ഗ്രന്ഥികളുടെ കുറവ് എന്നീ പ്രത്യേകതകളുള്ളതിനാല്‍ ചൂടുമൂലമുള്ള സ്ട്രെസ്സ് കുറക്കുന്നതിനായി വെള്ളത്തില്‍ കുറേനേരം കിടക്കുന്നതോ,വെള്ളം 3-4 തവണ ദേഹത്തൊഴിക്കുന്നതോ നല്ലതാണ്.

തീറ്റകള്‍

തീറ്റകള്‍ സംബന്ധിച്ച നാട്ടറിവുകള്‍ - തീറ്റക്രമം, കൊടുക്കേണ്ട രീതികള്‍ മുതലായവ.

ഭക്ഷണരീതി

വൈക്കോല്‍‍, പുല്ല്, മുതിര, കാടിവെള്ളം, തവിട് വിവധയിനം പിണ്ണാക്കുകള്‍‍, ഉണക്കലരി

കഞ്ഞി എന്നിവയാണ് സാധാരണയായി കന്നുകാലികള്‍ക്ക് കൊടുക്കുന്ന ഭക്ഷണങ്ങള്‍‍.

കഞ്ഞിവെള്ളത്തില്‍ പിണ്ണാക്ക് കുതിര്‍ത്തി നല്കാം.      വേനല്‍‍കാലത്ത് വൈക്കോല്‍‍

കൊടുക്കാം. വര്‍ഷക്കാലത്ത് കോഴി വേവിച്ചു കൊടുക്കുന്നതില്‍ കുരുമുളക്, ചുക്ക് എന്നിവചേര്‍ക്കാം.  ഒരുകിലോയുള്ള കോഴിയെയാണ് കൊടുക്കേണ്ടത്.  മഞ്ഞള്‍പ്പൊടിയും വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് കുഴമ്പു രൂപത്തിലാക്കി ഉരുള ഉരുട്ടിയാണ് കൊടുക്കേണ്ടത്.  രാവിലെയും വൈകുന്നേരവും കൊടുക്കണം. അതിനുശേഷം വൈക്കോല്‍‍ മാത്രമേ കൊടുക്കാവൂ.  48 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റു ഭക്ഷണംകൊടുക്കാന്‍‍ പാടുള്ളൂ.

പശുക്കളുടെ പ്രധാന ഭക്ഷണം പച്ചപ്പുല്ല്, ഉഴുന്ന്, പിണ്ണാക്ക്, പരുത്തിക്കൊട്ട, വൈക്കോല്‍

തുടങ്ങിയവയാണ്. പാലിന് കൊഴുപ്പ് കൂടുവാന്‍ ഉഴുന്ന് ധാരാളമായി കൊടുക്കണം.  മാസം തോറും നല്ലെണ്ണനല്കണം. കാളകള്‍ക്ക് വൈക്കോല്‍, കാടിവെള്ളത്തില്‍ പരുത്തിക്കൊട്ടയും ഉഴുന്ന്,

നെല്ലിന്റെ തവിട്,ഗോതമ്പ് തവിട്, ചോളത്തവിട്, ഉഴുന്ന് തൊലി മുതവായവ ചേര്‍ത്ത് വെള്ളം കൊടുക്കുന്നത് നന്ന്.  ജോലിചെയ്യിപ്പിക്കുന്ന മാടുകള്‍ക്ക് കച്ചി, ചോളത്തണ്ട്

ഇവ നിത്യം കൊടുക്കുന്നത് നന്ന്.  പരുത്തിയരി, മുതിരത്തവിട്,പിണ്ണാക്ക് ഇവയും കൊടുക്കാം.

മരുന്നുകള്‍, ഔഷ്ധങ്ങള്‍

മൃഗങ്ങളുടെ പക്ഷികളുറ്റെയും രോഗശമനത്തിനും ആരോഗ്യപുഷ്ടിക്കും നല്‍കുന്ന വിവിധയിനം ഔഷധങ്ങള്‍

ചുള്ളിമുള്ള്

ചുള്ളിമുള്ള്  നീരിന് കഷായം വെച്ച് കുടിക്കുവാന്‍ ഉപയോഗിക്കുന്നു.

ആരോഗ്യരക്ഷക്ക് മരുന്നു കിഴികള്‍‍ ‍.

കര്‍ക്കടകത്തില്‍ മൃഗങ്ങളുടെ രക്ഷക്ക് കൊടുക്കാവുന്ന മരുന്നു കിഴികള്‍

 

നുള്ളുമുക്കുടി -  കര്‍ളകത്തിന്റെ ഇല, ആടലോടകം, ചെന്നിനായകം, വേകനായകം,  കന്നിക്കൂര്‍ക്കല്‍,വേങ്ങയില,

ആനടിയന്‍, പാണല്‍, തുമ്പ, മുഞ്ഞ, തുവ എന്നിങ്ങനെയുള്ളവ ചേര്‍ത്ത് ഉണ്ടാക്കുന്നു.

മരുന്നുകിഴി. അരിയാര്‍, മഞ്ഞള്‍‍, പിടക്കോഴി, കോഴിമരുന്ന് (എണ്ണ, വെളിച്ചെണ്ണ സമം) എന്നിവ ചേര്‍ത്ത്ഇടിക്കുക.

മുക്കിടി. തെങ്ങിന്‍‍ പൂക്കുല, കവുങ്ങിന്‍ പൂക്കുല, പനങ്കുല, കടലാടി (ചുക്കും കുരുമുളകും  ഉള്‍ പ്പെടെ) പശുവിന്‍പാല്‍ കൂടുതല്‍ ഉണ്ടാകുവാന്‍‍ വേണ്ടി പാല്‍‍മുരിക്കിന്റെ കിഴങ്ങ് അരച്ച് കൊടുത്താല്‍‍ മതി

ആരോഗ്യപരിപാലനം

കാള -  ജോലി ചെയ്യുന്ന കാളകള്‍ക്ക് കര്‍ക്കിടകമാസത്തില്‍‍ കോഴി മരുന്നിന്റെ കൂടെ നാടന്‍‍ മഞ്ഞള്‍ പൊടിച്ചെടുത്ത്  മുട്ടയിടാന്‍‍ പ്രായമായ കോഴിയെയും കൂട്ടി  ഇടിച്ച്

ഉരുളയാക്കി കാളക്ക് കൊടുക്കാം.  രണ്ട്ദിവസം കാളക്ക് വെള്ളം കൊടുക്കാന്‍‍ പാടില്ല.

മൂന്നാം ദിവസം എണ്ണ തേച്ച് ഉഴിഞ്ഞ വള്ളികൊണ്ട് കുളിപ്പിച്ച്വെള്ളം കുറച്ച ഉണങ്ങലരിക്കഞ്ഞി കൊടുക്കുക.  ഒരാഴ്ച പണിയെടുപ്പിക്കാത്തതിനു നല്ലരിക്കാ എന്നുപറയുന്നു.      ആര്യനെല്ലും  മുതിരയും കൂട്ടി പുഴുങ്ങി വേണമെങ്കില്‍ തേങ്ങയും

കൂട്ടി കൊടുക്കാം.

ആട് -  ആടിന്റെ ആരോഗ്യത്തിനുവേണ്ടി തേങ്ങാപിണ്ണാക്ക് കൊടുക്കും.  വയറിളക്കം മാറാന്‍ കമ്മ്യൂണിസ്റ്റപ്പയുടെ നീര് പിഴിഞ്ഞ് കൊടുക്കാം.  പെരുകിന്റെ ഇല ഉപ്പുകൂട്ടി അരച്ചു കൊടുക്കുകയും ചെയ്യാം. വാതത്തിന് വേപ്പെണ്ണ പുരട്ടുകയും ചെയ്യാം.  തവിട് ചൂടാക്കി കിഴികെട്ടി ചൂടാക്കി ഉഴിഞ്ഞുകൊടുക്കുകയും ചെയ്യാം.

പോത്ത് - പോത്തിന്റെ ആരോഗ്യത്തിനുവേണ്ടി വേപ്പില, പച്ചമഞ്ഞള്‍ , അയമോദകം, ചതകുപ്പ എന്നിവ പുഴുങ്ങി അരച്ച് ഉരുളയാക്കി കൊടുക്കാം.  തടിവെക്കാനും വയറിലെ പുണ്ണ് കരിയുവാനും ഇത്കൊണ്ട് സാധിക്കും. പോത്തിന്റെ ശക്തികൂട്ടുവാന്‍ വേണ്ടി കോഴി, ആട്ടിന്‍ തല, ചതകുപ്പ, പച്ചമഞ്ഞള്‍, കരിമ്പനത്തൈ ചെത്തിനന്നാക്കി കൊത്തിനുറുക്കി പുഴുങ്ങി ഉരുട്ടിക്കൊടുക്കുക.

പനി

പശു, ആട്, നായ എന്നിവക്ക്  പനി വന്നാല്‍ അമൃതാരിഷ്ടം, ഗോരോചനാദി ഗുളിക എന്നിവ മനുഷ്യന്‍ കഴിക്കുന്നതിന്റെ നാല് മടങ്ങ് വര്‍ദ്ധിപ്പിച്ച് കൊടുക്കാം.  ചുക്കും മല്ലി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ കഷായം വെച്ച് കൊടുക്കുക. കന്നുകാലികള്‍ക്ക് പനി വന്നാല്‍ തിന്നുകയും കുടിക്കുകയും ചെയ്യാതിരിക്കും. തെങ്ങിന്‍ പൂക്കുലയും കുരുമുളകും മല്ലിയും വലിയ ജീരകവും ഇടിച്ചു ചൂടുവെള്ളത്തില്‍ കലക്കി കൊടുത്താല്‍ പനി മാറും. തുളസിയില അരച്ചുകൊടുക്കുന്നതും നല്ലതാണ്. ചുക്കും, കുരുമുളകും ഇട്ട് വെള്ളം ഉണ്ടാക്കിക്കൊടുക്കുകയും അയമോദകം വെള്ളത്തില്‍ കലക്കി കൊടുക്കുകയും ചെയ്യാം.

അകിട് വീക്കം

ലക്ഷണങ്ങള്‍ -  അകിടിനു നീരുവന്നു വീങ്ങുകയും പാലുല്പാദനം കുറയുകയും ചെയ്യും.  മുലക്കാമ്പില്‍ പഴുപ്പ് കാണപ്പെടും.

പ്രസവശേഷം പശുവിന് അകിട് വീക്കം ഉണ്ടാകുമ്പോള്‍ തണുത്ത വെള്ളം അകിടില്‍ അടിച്ചു കൊടുക്കാം. മാത്രമല്ല വിനാഗിരി പുരട്ടുകയും ചെയ്യാം. ചെറുപഴം അകിടില്‍ തേയ്ക്കുന്നു.  ചാരവെള്ളം ശക്തിയായി അകിടിലേക്ക് ഒഴിക്കുന്നു.  അകിട് വെള്ളമൊഴിച്ച് നന്നായി തണുപ്പിക്കുക.  തഴുതാമ ബാര്‍ലി അരി എന്നിവ കഷായം വെച്ചുകൊടുക്കുക. കുളമ്പുരോഗം അകിടുവീക്കം എന്നിവക്ക് പച്ചമഞ്ഞള്‍ അരച്ചു തേക്കുന്നത് നല്ല ഔഷധമാണ്. കന്നുകാലികളില്‍ കാണുന്ന നീര്‍ ദോഷം മാറ്റാന്‍ പച്ചമഞ്ഞള്‍, വിനാഗിരി, ഉപ്പ് എന്നിവയാണ് സാധാരണ ഉപയോഗിച്ചിരുന്നത്. ഇത് അകിടിനു മുകളില്‍ തേക്കുകയും വേണം. പശുക്കിടാങ്ങള്‍ക്ക് മരുന്നിനായി സാധാരണ അയമോദകവും കരിഞ്ചീരകവും കഞ്ഞിക്കൂര്‍ക്കയും ഉപയോഗിക്കാം. വിനാഗിരിയും ഉപ്പും തേക്കുന്നത് നല്ലതാണ്. ചോക്ക് പൊടിച്ച് വിനാഗിരിയില്‍ അലിയിച്ച് തേച്ചുകൊടുത്താല്‍ മതി.

മുറിവിന് പ്രതിവിധി

ചക്കപ്പഴത്തിന്റെ തളിരിലയും പച്ചമഞ്ഞളും അരച്ചുവെച്ചാല്‍ മുറിവില്‍ പുഴുവരാതിരിക്കും.പച്ചമഞ്ഞള്‍, അട്ടക്കരി, കുന്നക്കായ, തോട്ടുചേമ്പ്, വെളുത്തതെച്ചിയുടെ ഇല,

കുരുമുളക്, ചുക്ക്, എന്നിവ ഉള്‍ പ്പെടെ വയറിന്റെ സ്തംഭനത്തിന് ഉപയോഗിക്കുന്നു.  മുറിവേല്‍ക്കുമ്പോള്‍ അട്ടക്കരിയും  ഉപ്പും വെളിച്ചെണ്ണയും കൂട്ടിയ ഒരു മിശ്രിതം മുറിവില്‍ ഇടുക. മുറിവ് വേഗത്തില്‍ ഉണങ്ങുന്നതിനും, പുഴുവരാതിരിക്കാനും ഇതു സഹായിക്കുന്നു.   മുറിവുണ്ടായാല്‍ ചാഴിപ്പൊടി ഇട്ടുകൊടുത്താലും  മതി.

കുളമ്പീരി രോഗം

ലക്ഷണങ്ങള്‍

ഒരുതരം വൈറസ് രോഗമാണിത്.  കാലിലും വായിലും പൊള്ളകള്‍ (കുമിളകള്‍) പ്രത്യക്ഷപ്പെടും. നടക്കുമ്പോള്‍  കാലുകള്‍ ചതുങ്ങിയിരിക്കും. വായില്‍ നിന്ന് നുരയും പതയും വരും. ആഹാരത്തോട് വിരക്തി തോന്നും.  ശരീരത്തിന്റെ താപനില ഉയരുകയും കൈകാലുകള്‍ക്ക് വിറയല്‍ അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.

ചെങ്ങണപ്പുല്ല്, ചെങ്ങം പുല്ല്, ചിരല്‍, ഉപ്പ്, എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കാലില്‍ ഒഴിച്ചാല്‍ മതി.പേവിന്‍‍ തോല്‍, മുളയിലത്തോല്‍‍, പുല്ലാനി ഇല, കള്ളിയുടെ തോ‍ല്‍,

എന്നിവ വെള്ളം തിളപ്പിച്ച് കുളമ്പിന്‍‍മേല്‍ പാരുക.  കുളമ്പ് രോഗത്തിന് ഇഗ്ഗ ചേമ്പിന്റെ തണ്ട് ചൂടുവെള്ളത്തില്‍‍ തിളപ്പിച്ച് കൊടുക്കുക. കറവെള്ളം,നാല്‍പ്പാമരം, വേങ്ങയുടെ കാതല്‍‍,

വെള്ളം ചേര്‍ത്ത് കുറുക്കിയുണ്ടാക്കുക.  അത് കുളമ്പില്‍‍ ഒഴിക്കുക.   കുളമ്പുരോഗത്തിന് നല്ല

ചെളിയില്‍‍ കറ വെള്ളം ചേര്‍ത്ത് പുരട്ടുക.  മരുതിന്റെ കറയാണ് സാധാരണയായി

ഉപയോഗിക്കുന്നത്.    കുളമ്പുരോഗത്തിനെതിരായി കാലികളെ ഉടുക്കിന്റെ തോലില്‍ നിര്‍ത്തിയാല്‍ മതി. അതിന്റെ കറകയറിയാല്‍ രോഗം സുഖപ്പെടും.  തിളച്ച വെള്ളത്തില്‍  ഉപ്പിട്ട് ഒഴിച്ചു കഴുകുക.

കുളമ്പുചീച്ചില്‍ -  കന്നുകാലികളില്‍ പൊതുവായി കണ്ടുവരുന്ന രോഗങ്ങളാണ് കുളമ്പു ചീച്ചില്‍.  ചുക്ക്,കുരുമുളക്, അയമോദകം എന്നിവ സമം ചേര്‍ത്താല്‍ ഈ രോഗം മാറിക്കിട്ടും. കുളമ്പു ചീച്ചില്‍ സാധാരണയായി കുളമ്പിന്റെ ഇടയില്‍ ചെളിയും മൂത്രവും വളവും നിറഞ്ഞ് വ്രണമാവുന്നതു കൊണ്ടാണ് ഉണ്ടാകുന്നത്.

വയറിളക്കം

ആര്യവേപ്പും മഞ്ഞളും മുക്കുടിയും അരച്ച് കൊടുത്താല്‍ വയറിളക്കം മാറും.  തുമ്പയുടെ കുടം അഥവാ തുമ്പപ്പൂവിന്റെ തല നന്നായി ഇടിച്ചുപിഴിഞ്ഞ ചാറില്‍ ചുക്ക്, കുരുമുളക്, കരിംജീരകം, അയമോദകം, മറ്റു ഔഷധങ്ങളായ പാണല്‍ വേര്, മുക്കിടി എന്നിവ കൃത്യമായ അളവില്‍ ചേര്‍ത്ത ശേഷം കൊടുക്കുക. പശുക്കുട്ടികളുടെ പാലിനോടുള്ള വിരക്തിക്കു കാരണം അവയുടെ നാക്കിലെ മുള്ളുപോലുള്ള ഒരു വസ്തുവാണ്. അതിന് ഈ ദ്രാവകം കൊണ്ട് ഉരച്ചുകളഞ്ഞാല്‍ മതി.

മഞ്ഞപ്പിത്തം

കീഴാര്‍ നെല്ലിയുടെ കാണ്ഠം അരച്ചുകൊടുത്താല്‍ മഞ്ഞപ്പിത്തം ഭേദമാകും. മൃഗങ്ങളുടെ പലഅസുഖത്തിനും ആര്യവേപ്പിന്റെ ഇലയും ആടലോടകത്തിന്റെ തണ്ടും കൊടുക്കുന്നത് നല്ലതാണ്.

ദഹനക്കേട്

അടക്കാ പഴത്തിന്റെ തൂമ്പ് ഇഞ്ചിചേര്‍ത്ത് കൊടുത്തിരുന്നു.  ഇങ്ങനെ ചെയ്താല്‍ ദഹനക്കേട് മാറും.  വെറ്റില, ഇഞ്ചി, ചുവന്നുള്ളി, വെളുത്തുള്ളി ഉപ്പ് എന്നിവ ചേര്‍ത്തരച്ച് കൊടുക്കുക.

ചൊറിച്ചില്‍

ഈച്ച, ചെള്ള് എന്നിവകൊണ്ടുണ്ടാകുന്ന ചൊറിച്ചിലിന് -  വേപ്പെണ്ണയും വെളിച്ചെണ്ണയും കൂട്ടിയ മിശ്രിതത്തില്‍ പച്ചക്കര്‍പ്പൂരം, ചതച്ച കരിംജീരകം എന്നിവയും ചേര്‍ത്ത് പുരട്ടുക.  കൊതുക്, ഈച്ച എന്നിവ കടിക്കാതിരിക്കുന്നതിനും വേപ്പെണ്ണ തേക്കുന്നത് നല്ലതാണ്.  കന്നുകാലികളുടെ മേല്‍ ഈച്ചയും കൊതുകും വന്നിരിക്കാതിരിക്കാന്‍ അടക്കാമണിയന്റെ  ഇലകൊണ്ട്  ദേഹത്ത് ഉരതിയാല്‍ മതി. ഇതിന്റെ ഇലകൊണ്ട് മൃഗങ്ങളെ കുളിപ്പിച്ചാല്‍ നല്ല സുഗന്ധമുണ്ടാവുകയും മുറിവുകള്‍ മാറിക്കിട്ടുകയും ചെയ്യും.

ഗോരോഗം.

പശുക്കിടാങ്ങള്‍ക്കുണ്ടാകുന്ന വയറിളക്കത്തിന് വട്ടിയാരലിന്റെ ഇലയും അടക്കാപഴത്തിന്റെ തൂമ്പും, ചുക്കുംകുരുമുളകും ഉപ്പും കൂടി കൂട്ടി അരച്ച് കൊടുക്കുക.

പശുവിന് വിരശല്യമുണ്ടെങ്കില്‍ തുമ്പച്ചാറില്‍ അയമോദകം അരച്ച് ചേര്‍ത്ത് കൊടുക്കുക.

കൊക്കിപ്പനിക്ക് ചിരട്ട കഴുത്തില്‍ കെട്ടുക.  ചുക്കും കുരുമുളകും അരച്ച് വായില്‍ കൊടുക്കുക.

എറിവാതം വന്നു കഴിഞ്ഞാല്‍ ആദ്യ പ്രതിരോധമെന്ന നിലയില്‍ വേപ്പെണ്ണയും ഉണക്കലരിയും തവിടും കിഴി കെട്ടിയതും ആര്യവേപ്പില വാട്ടി കിഴികെട്ടിയതും ചൂടാക്കി വാതം വന്ന ഭാഗത്ത് നന്നായി തടവിയാല്‍ മതി

പ്രസവരക്ഷ

പശുപ്രസവ പരിപാലനത്തിന്.

പശുപരിപാലനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്  പ്രസവ പരിരക്ഷയും, രോഗപരിപാലനവും.  പ്രസവിച്ച പശുവിന് ആരോഗ്യപുഷ്ടിക്കും, പാല്‍ ഉണ്ടാകുന്നതിനും വേണ്ടി   നാളികേരം, ഉണങ്ങലരിയും ചേര്‍ത്ത് കഞ്ഞി കൊടുക്കുക. കൊപ്ര പിണ്ണാക്കും, എള്ളു പിണ്ണാക്കും,  പച്ചരികഞ്ഞിയും വെച്ചുകൊടുക്കാം.  ശരീരപുഷ്ടിക്ക് തെങ്ങിന്‍ പൂക്കുല, കോഴി, മുതിര ഇവ ചേര്‍ത്ത് കൊടുക്കാറുണ്ട്.

കന്നുകാലികളില്‍ പൊതുവെ ആരോഗ്യ സംരക്ഷണത്തിനായി ചെയ്യുന്നതിനെ രക്ഷ എന്നു പറയുന്നു. മുതിര, നെല്ല് എന്നിവ പുഴുങ്ങിയതിനു ശേഷം കോഴിക്കുഞ്ഞിനെ ഇടിച്ചതില്‍ തെങ്ങിന്‍ പൂക്കുല നുറുക്കി ചേര്‍ത്ത് ഉരുളകളാക്കി വൈക്കോലിനുള്ളിലാക്കി അവയുടെ അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.  പ്രസവസമയത്ത് കന്നുകാലികള്‍ക്ക് തവിട് കലക്കിയ കഞ്ഞിവെള്ളം കൊടുക്കാം.

പ്രസവശേഷം നെറുകയില്‍ നല്ലെണ്ണ ഇട്ടുകൊടുക്കുകയും തേങ്ങചിരവിയിട്ട കഞ്ഞികൊടുക്കുകയും ചെയ്യുക

ചുഴലിപാറകം -  മറു ചാടുന്നതിന്.

രോഗലക്ഷണങ്ങള്‍

ദഹനക്കേട് - ദഹനക്കേട് വന്നാല്‍ അയവിറക്കാതെ ഇരിക്കും. കൂടാതെ ചെവിയിളക്കാതെ ബലം പിടിച്ചിരിക്കും.

പനി - രോമം എഴുന്നേറ്റ് നിന്നാല്‍ പനി ഉണ്ടെന്ന് അനുമാനിക്കാം.   രോമം എടുക്കുകയും, ചെവിപ്പോളതാഴുകയും, അണയയക്കല്‍ ഇല്ലാതാവുകയും, നാവില്‍ചൂടുണ്ടാവുകയും ചെയ്യും.

അകിട് വീക്കം – പാലിന്റെ അളവ് കുറയുകയും പാല് വെള്ളം പോലെയാവുകയും ചെയ്യുന്നു.  മുലക്കാമ്പില്‍ പഴുപ്പ് കാണും.  അകിട് നല്ലവണ്ണം ചൂടുണ്ടാവുകയും വീങ്ങുകയും ചെയ്യും. പാല്‍ തിങ്ങി നില്‍ക്കും. ഭക്ഷണത്തിനോട് വിരക്തി കാണിക്കും. പശുവിന് പനിയുണ്ടാവുകയും ചെയ്യും.

കുളമ്പീരി -  ഒരുതരം വൈറസ് രോഗമാണിത്.  കാലിലും വായിലും പൊള്ളകള്‍ (കുമിളകള്‍) പ്രത്യക്ഷപ്പെടും. നടക്കുമ്പോള്‍  കാലുകള്‍ ചതുങ്ങിയിരിക്കും. വായില്‍ നിന്ന് നുരയും പതയും വരും. ആഹാരത്തോട് വിരക്തി തോന്നും. ശരീരത്തിന്റെ താപനില ഉയരുകയും കൈകാലുകള്‍ക്ക് വിറയല്‍ അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.   കൂടാതെ വിറച്ച് പനിയുമുണ്ടാകും.  നാവിന്റെ തൊലി ഉരിഞ്ഞ് പോരുകയുംകുളമ്പിന്റെ ഇട പഴുത്ത് വൃണമാവുകയും കുളമ്പ് ഊരിപ്പോരുകയും ചെയ്യും.  കൈക്കാലുകള്‍ ചതുക്കല്‍,കുളമ്പിന്റെ ഇടയില്‍ വ്രണം എന്നിവയും കുളമ്പീരി രോഗത്തിന്റെ ലക്ഷണങ്ങളാണ്.  എഴുന്നേല്‍ക്കാന്‍ പ്രയാസം കാണും.

അടപ്പന്‍ - മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം വരുകയും വായില്‍ നിന്ന് നുരയും പതയുമണ്ടാകുകയും ചെയ്യും.  പെട്ടെന്നുള്ള പനിയും ഇതിന്റെ ലക്ഷണമാണ്.

കൊക്കിപ്പനി – ഒരു തരം ശബ്ദം പുറപ്പെടുവിക്കും.  രോമം എണീറ്റ് നില്‍ക്കുകയും ചെയ്യും.

പ്രതിവിധികള്‍

നാവിന്റെ തൊലി ഉരിയുന്നതിന് മരുന്നായി അരിയാറി ഉപയോഗിക്കുന്നു.  ഏതാനും ചെടികളുടെഇളയിലയും അരിയാറും

തെങ്ങിന്റെ കുലയും ചേര്‍ത്ത് നുള്ളു മുക്കടിയായും ഉപയോഗിക്കുന്നു.  നാവൊറക്ക് മുളലയത്തിന്റെ

തൊലി എടുത്ത് കഷായം വെച്ച് ഒരു നേരം കൊടുക്കാം.  കൂടുതലായാല്‍ മരണം സംഭവിക്കും. ക്ഷീണമകറ്റാന്‍ ഇതിന്റെ

കാതല്‍‍ കഷായം വെച്ചുകൊടുത്താല്‍ മതി.  തൊലിയും ആര്യനെല്ലും സമം ചേര്‍ത്ത്വേവിച്ച് കഷായം ചേര്‍ത്ത് കൊടുക്കുക.  ഒരു മാസത്തിനകം അസുഖം പൂര്‍ണ്ണമായും ഭേദമാകുന്നു.

മൃഗങ്ങള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍ അട്ടക്കരിയും  ഉപ്പും വെളിച്ചെണ്ണയും കൂട്ടിയ ഒരു മിശ്രിതം മുറിവില്‍ ഇടുക. മുറിവ് വേഗത്തില്‍ ഉണങ്ങുന്നതിനും, പുഴുവരാതിരിക്കാനും ഇതു സഹായിക്കുന്നു.    ചാഴിപ്പൊടി ഇട്ടുകൊടുക്കുന്നതും നല്ലതാണ്.

ഉല്‍പന്നങ്ങള്‍/മൃഗപരിപാലനം

വളര്‍ത്തുമൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും കിട്ടുന്ന വിവിധയിനം ഉല്‍പന്നങ്ങളായ മാംസം, പാല്‍, തുകല്‍, രോമം മുതലായവയുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍, ഒരോ ഉല്‍പന്നത്തിന്റെയും സംസ്ക്കരണമാര്‍ഗ്ഗങ്ങള്‍ മുതലായവ ഇതുല്‍പ്പെടും. കൂടാതെ ഉല്‍പന്നങ്ങള്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ഉണ്ടാക്കപ്പെടുന്ന രീതികള്‍ (ഉദ:- പാല്‍ കറന്നെടുക്കുന്ന രീതികള്‍, മൃഗങ്ങളെയോ പക്ഷികളെയോ കൊല്ലുന്ന രീതികള്‍, രോമം ചെമ്മരിയാടില്‍ നിന്നെടുക്കുന്ന രീതികള്‍ മുതലായവയുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ ശേഖരിക്കേണ്ടതായുണ്ട്‌.

ഉല്‍പ്പന്നങ്ങള്‍

പശുവിന്‍ നെയ്യ് വളരെ ഔഷധഗുണമുള്ളതാണ്.  ഇതുകൊണ്ട് ലേഹ്യങ്ങള്‍, സ്വാരസ്വതഘൃതം, ബ്രഹ്മിഘൃതം തുടങ്ങിയ മരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.  വെണ്ണയും ഒരു ഔഷധഗുണമുള്ള മരുന്നാണ്. തേനീച്ച, കടന്നല്‍ എന്നിവ കുത്തിയാല്‍ വെണ്ണ പുരട്ടിയാല്‍ അവയുടെ കൊമ്പ് തെളിഞ്ഞുകാണാന്‍‍ സഹായിക്കും.    പശുവിന്റെ ചാണകം ബയോഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

പാമ്പിന്‍വിഷബാധ മൃഗങ്ങളില്‍

പാമ്പിന്റെ ഇനം, വലുപ്പം, കടിയേറ്റസ്ഥലം, മൃഗത്തിന്റെ വലുപ്പം, മൃഗങ്ങളുടെ ശരീരരീതി  എന്നിവയെ ആശ്രയിച്ചാണ് വിഷബാധയേല്‍ക്കുന്നത്.  മൂര്‍ഖന്റെ കടിയേറ്റാല്‍ 15 മിനിറ്റ് മുതല്‍ 17 മണിക്കൂറിനകവും അണലി കടിച്ചാല്‍ 24 മണിക്കൂര്‍ മുതല്‍ 240 മണിക്കൂറിനകവും വെള്ളിക്കെട്ടന്റെ കടിയേറ്റാല്‍ 18 മണിക്കൂറു മുതല്‍ 60 മണിക്കൂറിനകവും മരണമുണ്ടാകും.

കടിയേറ്റാല്‍ ചെയ്യേണ്ടത് - കടിയേറ്റഭാഗത്തിന് 4 ഇഞ്ച് മുകളിലായി തുണിക്കഷ്ണമോ മയമുള്ള ചരടോ ഉപയോഗിച്ച് മിതമായ ബലത്തില്‍ രക്തപ്രവാഹത്തെ തടസ്സപ്പെടുത്താത്ത തരത്തില്‍ കെട്ടണം.  കടിവായ ശുദ്ധജലം കൊണ്ടോ, ആന്റി സെപ്റ്റിക് ചേര്‍ന്ന വെള്ളം കൊണ്ടോ കഴുകണം.  മുറിവില്‍ നിന്ന് കുറച്ചെങ്കിലും രക്തം അമര്‍ത്തിക്കളയണം.  ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് മൃഗത്തെ കിടത്തി വിശ്രമിപ്പിക്കുകയും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് എത്തിക്കുകയും വേണം.

ലക്ഷണങ്ങള്‍ - ഇലാപിഡേ കുടുംബത്തില്‍ പെട്ട മൂര്‍ഖനും വെള്ളിക്കെട്ടനും കടിച്ചാല്‍, തലകറക്കം,ഉറക്കം തൂങ്ങല്‍, തലവേദന, ശ്വസിക്കാന്‍ പ്രയാസം, വായിലും തൊണ്ടയിലും ഉമിനീര് കെട്ടിനില്‍ക്കുക,കൈകാല്‍ വേദന, മാംസപേശികള്‍ക്ക് ബലക്കുറവ് എന്നീ ലക്ഷണങ്ങള്‍ കാണുന്നു. മൂര്‍‍ഖന്‍ വിഷം ഹൃദയത്തിന്റെ പ്രവര്‍‍ത്തനത്തെ ബാധിക്കുന്നതുകൊണ്ട് ശ്വാസം കഴിക്കാനാവാതെയാകും മരണം.  ഇവയുടെ വിഷത്താല്‍ വയറിളക്കമുണ്ടാകുകയും ക്രമേണ അബോധാവസ്ഥയിലാവുകയും ചെയ്യും.  വെള്ളിക്കെട്ടന്‍ കടിച്ചതാണെങ്കില്‍ വയറുവേദന, ഛര്‍ദ്ദി  ഉണ്ടാകുമെങ്കിലും വയറ്റിളക്കം കാണുകയില്ല. അതുപോലെ ബോധംനഷ്ടപ്പെടുകയുമില്ല.

വൈപറിഡേ കുടുംബത്തില്‍ പെട്ട അണലിവിഷം രക്തക്കുഴലുകളെ ബാധിക്കും. രക്തം ചുമച്ചുതുപ്പുക,ത്വക്കിനടിയില്‍ രക്തസ്രാവം, മൂത്രത്തില്‍ രക്തം എന്നിവകൊണ്ട് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കോളുബ്രിഡേ കുടുംബത്തില്‍ പെട്ട ചേരക്കു വിഷമുണ്ടാവില്ല.

മൃഗങ്ങളില്‍ പാമ്പിന്‍ വിഷമേറ്റാല്‍

ഇന്ത്യയില്‍ ഏകദേശം 270 ഇനം പാമ്പുകളുണ്ട്. ഇതില്‍ വിഷമുള്ളത് 60 ഇനങ്ങള്‍. മൃഗങ്ങളില്‍ പാമ്പിന്‍വിഷമേല്‍ക്കുന്നതും പലപ്പോഴും അറിയാത്തതുമൂലം ഗുരുതരാവസ്ഥയിലാകുന്നതും പതിവാണ്. 

ലക്ഷണങ്ങള്‍
പെട്ടെന്നുള്ള ക്ഷീണം–തളര്‍ച്ച, ഛര്‍ദി, തുപ്പല്‍ പതയുക, വെളിച്ചമേല്‍ക്കുമ്പോള്‍ പ്രതികരണ ശേഷി ഇല്ലാതാകുക, മൂത്രത്തില്‍ രക്തം, മുറിവില്‍നിന്നുള്ള രക്തസ്രാവം ഒലിച്ചുകൊണ്ടിരിക്കും, ഹൃദയമിടുപ്പ് കൂടും, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
സാധാരണ നായകളില്‍ ഒന്നുമുതല്‍ ആറുമണിക്കൂറിനുള്ളിലും പൂച്ചകളില്‍ 15 മണിക്കൂറിനുള്ളിലും പാമ്പ് കടിച്ചുകഴിഞ്ഞാല്‍ ലക്ഷണം കാണിക്കും. പാമ്പിന്‍വിഷം കൂടുതല്‍ ഏല്‍ക്കുന്നത് നായകളിലും കുറവ് കുതിരകളിലും ആണ്. കുതിരകളില്‍ തീരെ ഇല്ലാ എന്നുതന്നെ പറയാം. സാധാരണ കടിയേല്‍ക്കുന്നത് മുഖത്തും, വയറിന്റെ അടിയിലും, നെഞ്ചിലും ആണ്. നായ കൂടുതല്‍ അക്രമസ്വഭാവം ഉള്ളതുകൊണ്ട് ഇവ പാമ്പിനെ ഓടിച്ച് പിടിക്കുന്നു. 

ചികിത്സ
കടിയേറ്റാല്‍ ഉടന്‍ സോപ്പുവെള്ളത്തില്‍ കഴുകണം. കടിഭാഗം മുറിച്ച് വിഷം കളയാന്‍ ശ്രമിക്കരുത്. പ്രാഥമിക ചികിത്സക്കായി മുറിവിന്റെ മുകള്‍ഭാഗം കെട്ടാതിരിക്കുന്നതാണ് നല്ലത്. ഡോക്ടറുടെ സാന്നിധ്യത്തില്‍ വേണം ഇതു ചെയ്യാന്‍. കടിയേറ്റ മൃഗത്തെ രണ്ടുമണിക്കൂറിനുള്ളില്‍  ആശുപത്രിയില്‍ എത്തിക്കണം. 24 മണിക്കൂര്‍ ഗൌരവമേറിയ സമയമാണ്. നിരീക്ഷണവും ചികിത്സയും നടത്തും. ശേഷം 10 ദിവസം ചികിത്സയില്‍ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തണം. 
പോളിവാലന്റ് ആന്റിവെനം ആണ് ഉപയോഗിക്കുന്നത്. കൂടെ മറ്റു ചികിത്സാരീതികളും. 
കടിയേറ്റാല്‍ പ്രാഥമിക ചികിത്സചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് എത്തിക്കണം. കടിയേറ്റാല്‍ ശരീരഭാഗവും കടിയേറ്റ ഭാഗവും ചലിക്കാതെ നോക്കണം. വൃക്കകള്‍ക്ക് തകരാറുവരുന്നത് 24 മുതല്‍ 72 മണിക്കൂറിനുള്ളിലാണ്. 

വിഷമുള്ളതും അല്ലാത്തതും തിരിച്ചറിയല്‍ (ചിലതുമാത്രം)
തല ത്രികോണാകൃതി. വിഷമുള്ളത്. വൃത്താകൃതി ഇല്ലാത്തത്. പക്ഷേ കോറല്‍ സ്നേക്സ് (സാധാരണ അമേരിക്കയില്‍ കാണുന്നത്) വൃത്താകൃതി ആണെങ്കിലും വിഷമുള്ളതാണ്. 
വാലിന്റെ അറ്റത്ത് ചിതമ്പലുകള്‍ ഒരുവരി ഉള്ളത് വിഷമുള്ളവ. രണ്ടുവരി വിഷം ഇല്ലാത്തത്. 
വാലിന്റെ അടിയിലും മറ്റു ശരീരത്തിന്റെ അടിയിലും ഒരേപോലെയുള്ള അടയാളമാണെങ്കില്‍ വിഷമുള്ളവ. വാലിന്റെ അടിയില്‍ മാത്രം ഡയമണ്ട് ആകൃതിയിലോ ക്രോസ് രൂപത്തിലോ കാണുന്നുവെങ്കില്‍ വിഷമില്ലാത്തവ.

കടിയുടെ അടയാളം 'രണ്ട് കുത്ത്' പോലെയാണെങ്കില്‍ വിഷമുള്ളവ. 'റ' പോലെ ചീന്തിയ കടിപ്പാടാണെങ്കില്‍ വിഷമില്ലാത്തത്. 
കണ്ണില്‍ ലംബത്തില്‍ മധ്യഭാഗത്ത് ഒരു വരപോലെ ഉണ്ടെങ്കില്‍ വിഷമുള്ളത്. വിഷമില്ലാത്തവയ്ക്ക് വര കാണില്ല. 
കണ്ണിന്റെയും നാസാദ്വാരങ്ങളുടെയും ഇടയില്‍ ഹീറ്റ് സെന്‍സിറ്റിങ് പിറ്റ് വിഷം ഉള്ളതിനു കാണും.

പ്രതിരോധ മാര്‍ഗങ്ങള്‍
പാമ്പ് കൂടുതലായുള്ള സ്ഥലത്ത് ഇവയെ പിടിക്കാന്‍ ട്രാപ്പുകള്‍ വയ്ക്കാം. ഇവയെ കൊല്ലരുത്. മനുഷ്യര്‍ക്കാണെങ്കില്‍ കാലില്‍ ധരിക്കാവുന്ന വലിയ ഗംബൂട്സ് ഉപയോഗപ്പെടുത്താം. പാമ്പിന്‍ശല്യം കൂടുതല്‍ വ്യാപകമാണെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാര്‍ക്സ് ആന്‍ഡ് വൈല്‍ഡ് ലൈവ് സ്റ്റേക്ക് റിമൂവല്‍ സ്കീമിനെ വൈല്‍ഡ് കെയര്‍ ഹെല്‍പ്ലൈന്‍വഴി അറിയിക്കാം. സഹായത്തിന് വനംവകുപ്പിനെയും വിളിക്കാം.

അവസാനം പരിഷ്കരിച്ചത് : 3/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate