വളർത്തു പക്ഷികളിൽ ഇന്ത്യയിൽ തന്നെ രണ്ടാംസ്ഥാനം താറാവിനാണ്. ഏതു പരിതസ്ഥിതിയും ഇവയ്ക്ക് ജീവയോഗ്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള സംയോജിത കൃഷി രീതിയിൽ താറാവു വളർത്തലിന് മുഖ്യസ്ഥാനമാണുള്ളത്. Food and Agriculture Organisation (FAO) ന്റെ 2002 ലെ കണക്കു പ്രകാരം ലോകത്തിലെ താറാവിൽ 10 ശതമാനം ഇന്ത്യയിലാണ്. കേരളത്തിൽ പണ്ടത്തെ അപേക്ഷിച്ച് താറാവിന്റെ എണ്ണം കുറയാൻ കാരണം നെൽകൃഷി മൂന്നു ലക്ഷം ഹെക്ടറായി കുറഞ്ഞതാണ്.
നമ്മുടെ പാടങ്ങളിലെ ജൈവകീടനിയന്ത്രണത്തിൽ താറാവുകൾ വലിയ പങ്കാണ് വഹിച്ചിരുന്നത്. കരയും വെള്ളവും കലർന്ന പ്രദേശങ്ങളാണ് ഇവയ്ക്ക് ഏറ്റവും പ്രിയം. കേരളത്തിൽ താറാവുകൃഷിയിൽ ആലപ്പുഴ മുന്നിട്ട് നിൽക്കുന്നു. ശ്രദ്ധയോടെയുള്ള പരിചരണമുണ്ടെങ്കിൽ കേരളത്തിലെവിടെയും താറാവുകൃഷി ലാഭകരമായി ചെയ്യാം. പ്രതിവർഷം കോഴികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 വരെ മുട്ടകൾ താറാവിൽ നിന്ന് ലഭിക്കും. വിറ്റാമിൻ B3 ധാരാളം അടങ്ങിയിട്ടുള്ള താറാവിറച്ചിയിൽ അനാരോഗ്യകരമായ കൊഴുപ്പ് വളരെ കുറവാണ് എന്ന പ്രത്യേകത താറാവിന്റെ വിപണിമൂല്യത്തെ ഉയർത്തുന്നു.
താറാവുകൃഷിയക്ക് കൂടുതൽ സ്ഥലം ആവശ്യം വരുമെന്ന തെറ്റിധാരണയെ തുടര്‍ന്നാണ് ഇതിൽ നിന്ന് പലരും പിൻമാറുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ധാരാളം സ്ഥലം ഉപയോഗിച്ചുള്ള കൃഷി ഫലവത്താണെങ്കിലും കുറഞ്ഞ ഇടം വെച്ചുള്ള താറാവുകൃഷിയും ഒരുപോലെ ആദായകരമാണ്. വീട്ടുവളപ്പിൽ താത്കാലിക കുളങ്ങൾ ഉണ്ടാക്കി താറാവുകളെ വളർത്താം.
കുഴിയുടെ അളവു നിര്‍മ്മാണ രീതിയും
6 അടി നീളം, 4 അടി വീതി, 2 അടി ആഴം. കുളത്തിന് ചുറ്റുമായി മണ്ണുകൊണ്ട് വരമ്പ് ഉറപ്പിച്ച ശേഷം, കുഴിയിൽ പ്ലാസ്റ്റിക്ക് ചാക്കും അതിനു മുകളിൽ ടാർപ്പായയും വിരിക്കണം. ടാർപ്പായയുടെ വക്കിൽ കനമുള്ള കല്ലുകൾ വച്ച് അവ ഊർന്നു പോകാതെ നോക്കേണ്ടതാണ്. ഏകദേശം 300 ലിറ്റർ വെള്ളം ഇതിൽ നിറയ്ക്കാം. നാലാഴ്ചയോളം പ്രായമായ താറാക്കുഞ്ഞുങ്ങളെ കുളത്തിലേക്കിറക്കാം. 25 ഓളം കുഞ്ഞുങ്ങളെ ഒരുമിച്ച് ഇറക്കാവുന്നതാണ്. കുളത്തിന് ചുറ്റും പത്തടി നീളത്തിലും, അഞ്ചടി വീതിയിലും ഉള്ള ഒരു വേലികൂടി കെട്ടുന്നതോടെ ആദ്യപടി പൂർത്തിയാകുന്നു.
തീറ്റ, പാര്‍പ്പ് തുടങ്ങിയവ
അടുക്കളയിലെ ഭക്ഷണാവശിഷ്ടം, കൊത്തിയരിഞ്ഞ വാഴത്തട, പപ്പായ എന്നിവ തീറ്റയായി കൊടുക്കാം. ഓരോ താറാവിനും 50 ഗ്രാം വീതം ഗോതമ്പും അരിയും കുതിർത്തു വേവിച്ച് കൊടുക്കാം. ഉണക്കമീൻ,ഗോതമ്പ് മാവ്, അസോള എന്നിവ കലർത്തിയ മിശ്രിതവും ഉത്തമമാണ്. രാത്രിയിൽ ചെലവു കുറഞ്ഞ രീതിയിൽ നിർമ്മിച്ച വൃത്തിയുള്ള കൂടുകളിൽ ഇവയെ പാർപ്പിക്കണം. പകൽനേരത്ത് അവയെ മേയാൻ അനുവദിക്കുന്നത് നല്ലതാണ്. ഉമിയോ, അറക്കപ്പൊടിയോ, കൂട്ടിൽ വിതറിയാൽ താറാവിന്റെ കാഷ്ടവും മറ്റും വൃത്തിയാക്കുന്നതിൽ പ്രയാസമില്ല.
താറാക്കുഞ്ഞുങ്ങളുടെ ലഭ്യതയും വളര്‍ച്ചാ കാലയളവും
പത്തനംതിട്ടയിലെ നിരണത്തുള്ള താറാവുവളർത്തൽ കേന്ദ്രത്തിൽ നിന്ന് താറാക്കുഞ്ഞുങ്ങളെ ബുക്ക് ചെയ്യാൻ കഴിയും. താറാവുവസന്തയാണ് കർഷകരെ ഉലയ്ക്കുന്ന പ്രധാന രോഗം. ഇത്തരം രോഗങ്ങളെ ചെറുക്കാൻ പ്രതിരോധ കുത്തിവയ്പുകൾ ഇന്ന് നൽകുന്നുണ്ട്. കുട്ടനാടൻ താറാവിൽ തന്നെ രണ്ട് ഇനങ്ങളുണ്ട്; ചാരയും ചെമ്പല്ലിയും. തൂവലുകളുടെ നിറവ്യത്യാസത്തിനനുസരിച്ചാണ് ഈ പേരുകൾ വന്നത്. ഇടയിൽ തവിട്ടു നിറമുള്ള കറുത്ത തൂവലുകളോടുകൂടിയത് ഒന്ന്. ചാരനിറത്തിൽ കാണുന്ന ഇവയെ ചാരത്താറാവെന്ന് വിളിക്കുന്നു. കറുപ്പിന്റെ അംശം ഒട്ടുമില്ലാത്ത തവിട്ടു നിറമുള്ളവയെ ചെമ്പല്ലി എന്നും. കുട്ടനാടൻ താറാവുകൾ വേഗം വളരും. എട്ടാഴ്ച പ്രായമാകുമ്പൊഴേ നല്ല തൂക്കം വയ്ക്കും. വിദേശ ഇനമായ കാക്കി ക്യാംബലിനേക്കാൾ മുട്ടയുത്പാദനത്തിൽ നാടൻ ഇനങ്ങൾ മുമ്പിലാണ്. നമ്മുടെ തനത് ഇനങ്ങൾ തന്നെ താറാവ്കൃഷിയെ ആദായകരമാക്കിത്തീർക്കാൻ പോന്നതാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ജീവരേഖ പദ്ധതിയും, ത്രിതല പഞ്ചായത്തിന്റെ പദ്ധതികളും ഇതിന് പ്രയോജനപ്പെടുത്താവുന്നതാണ്. ഭക്ഷ്യസുരക്ഷ ഉറപ്പിക്കുന്നതിൽ താറാവുകൃഷിക്കുള്ള പങ്ക് വലുതായിരിക്കും.
- കെ. ജാഷിദ് -