കോഴിമുട്ടയെക്കാൾ വലുപ്പവും രുചിയുമുണ്ട് താറാവിന്റെ മുട്ടയ്ക്ക് .ഇതിലെ ഒമേഗ 3 കൊഴുപ്പമ്ലവും അരാക്കി ടോണിക് അമ്ലവും (omega 3 fattya ACids $ Arachidonic Acid) ഹൃദ്രോഗങ്ങൾക്കു പ്രതിരോധം തീർക്കുന്നുവെന്ന മെച്ചവുമുണ്ട്. താറ വിറച്ചിക്കും നല്ല പ്രിയമുണ്ട്. ഈസ്റ്റർ, ക്രിസ്മസ് കാലങ്ങളിൽ വിശേഷിച്ചും.
താറാവുകളെ കൊയ്ത്തു കഴിഞ്ഞ നെൽപാടങ്ങളിൽ വിട്ടുവളർത്തുമ്പോൾ തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാം. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ താറാവുകളെ വളർത്താം. കുളങ്ങളും കനാലുകളുമുള്ള പ്രദേശങ്ങൾ താറാവു വളർത്തലിനു നന്ന്. കാക്കി 'ക്യാംബെൻ എന്ന ഇനം വർഷത്തിൽ 280 മുട്ട ഇടും.കേരളത്തിന്റെ തനത് ഇനങ്ങളായ ചാരയും ചെമ്പല്ലിയും (കുട്ടനാടൻ ഇനങ്ങൾ ) ശരാശരി 180 മുട്ടയിടും. പെക്കിൻ ഇനം ഇറച്ചി ത്താറാവ് രണ്ടു മാസം കൊണ്ട് 2.5 - 3 കിലോ ശരീരത്തൂക്കം വയ്ക്കുന്നു. ഇതിൽ നിന്ന് ഉരിത്തിരിച്ചതാണ് വെള്ള നിറമുള്ള വിഗോവ ഇനം.
നാടൻ ഇനങ്ങളായ ചാരയ്ക്കും ചെമ്പല്ലിക്കും ഒരു ദിവസം മുതൽ 40 ദിവസം വരെ കോഴിത്തീറ്റ, വേവിച്ച ചോറ്, മത്തി പൊരിച്ചത്, പനയുടെ ചോറ് എന്നിവ നൽകാം.പിന്നീട് രണ്ടു മാസം കൊയ്ത്തു കഴിഞ്ഞ പാടത്തു വിടാം. 100 ദിവസമാകുമ്പോൾ ഇറച്ചി ആവശ്യത്തിന് എടുക്കാം. അപ്പോഴേക്കും ഒന്നര കിലോ ശരീര തൂക്കം വയ്ക്കും. ഇവയെ ഡ്രസ് ചെയ്യുമ്പോൾ 70 ശതമാനം മാംസം ലഭിക്കും.
താറാവുകളെ കൂട്ടിലിട്ടു വളർത്തുമ്പോൾ നാലു മാസം വരെ താറാവൊന്നിന് മൂന്നു ചതുരശ്രയടിയും അതിനു ശേഷം അഞ്ച് ചതുരശ്രയടിയും സ്ഥലസൗകര്യം നൽകണം. താറാവുകൾക്കു നീന്തി നടക്കാൻ വെള്ളം വേണമെന്നു നിർബന്ധമില്ല. കൂടിനു പുറത്ത് നെടുനീളത്തിൽ 6-8 ഇഞ്ച് താഴ്ചയുള്ള വെള്ളച്ചാൽ ഉണ്ടാക്കി അതിൽ കുടിക്കാനുള്ള വെള്ളം നിറയ്ക്കണം .ഇതിനുള്ളിൽ ചെളിവെള്ളം കയറാതെ സൂക്ഷിക്കുകയും വേണം.
താറാവിൻ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഒരു മാസം വരെ (തൂവലുകൾക്ക് വളർച്ച പൂർത്തിയാക്കുന്നതു വരെ) കോഴിക്കുഞ്ഞുങ്ങൾക്ക് എന്ന പോലെ ബൾബാട്ട് ബ്രൂസിന് (കൃത്രിമച്ചൂട് ) നൽകണം. കൂടിനുള്ളിൽ തറയിൽ വിരിപ്പ് (ലീറ്റർ) ഇട്ടിരിക്കണം.
താറാവിൻ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ രണ്ടു മാസം സമീകൃത താറാവിൻതീറ്റ നൽകണം. ഇറച്ചിക്കോഴികൾക്കുള്ള സ്റ്റാർട്ടർ തീറ്റയും താറാവുതീറ്റയ്ക്ക് പകരമായി ഉപയോഗിക്കാം. തീറ്റ വെള്ളവുമായി നനച്ചു കൊടുക്കണം.തീറ്റയിൽ ഒരു കാരണവശാലും പൂപ്പൽ ഉണ്ടാകരുത്, പൂപ്പൽ വിഷബാധ (അഫ്ളാടോക്സി ൻ ) താറാവുകൾക്കു മാരകമാണ്. ആദ്യത്തെ രണ്ടു മാസം വരെ ഒരു ദിവസ ത്തേക്കുവേണ്ടിവരുന്ന തീറ്റ മൂന്നു നേരമായി നൽകണം. പിന്നീട് തീറ്റ നൽകുന്നതു ദിവസം ഒരു പ്രാവശ്യമായി ചുരുക്കാം.
താറാവുകൾക്കു സംക്രമിക രോഗങ്ങളായ താറാവ് വസന്ത, ഡക്ക് കോളറ എന്നിവയ്ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ് ഒരു വെറ്റിനറി ഡോക്ടറുടെ നിർദേശാനുസരണം യഥാസമയം നൽകണം.
രണ്ടു മാസത്തിനു ശേഷം നാടൻ തീറ്റകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മത്തിപ്പൊരിച്ചത്, ചോറു വേവിച്ചത്, പനംപട്ട എന്നിങ്ങനെ നൽകാം. വളർച്ച സമയത്ത് അഞ്ചു മാസം വരെ ഗ്രോ വർത്തീറ്റ. അഞ്ചു മാസത്തിനു ശേഷം മുട്ടയിടുന്ന സമയത്ത് ലേയർ തീറ്റയും നൽകണം. ഒരു മുട്ടത്താറാവിന് 150-180 ഗ്രാം വരെ തീറ്റ വേണ്ടി വരും. മുട്ടയിടുന്നവയ്ക്കു കാൽത്സ്യം ആവശ്യം.ഇതിനായി കക്കത്തുണ്ടുകൾ നൽകണം.
പത്തനംതിട്ട ജില്ലയിലെ നിരണത്തുള്ള സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ നിന്നു സാങ്കേതിക സഹായവും പരിശീലനവും ലഭിക്കും. താറാവിൻ കുഞ്ഞുങ്ങളെയും ലഭിക്കും.
അഹല്യ ഉണ്ണിപ്രവൻ