অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഡയറി ഫാം തുടങ്ങാന്‍?

ഡയറി ഫാം തുടങ്ങാന്‍?

ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍, അതിന്‍റെയൊപ്പം നില്‍ക്കാം എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡെയറി ഫാം.സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകള്‍, നിര്‍മ്മാണ ചിലവുകള്‍, ഡെയറി ഫാം അനുബന്ധിച്ച് നടത്താവുന്ന സംരംഭങ്ങള്‍, തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്‍റെ വിപണനം, പാലുല്‍പന്ന നിര്‍മ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവര്‍ദ്ധനവ് തുടങ്ങിയ അനേകം കാര്യങ്ങള്‍ നന്നായി പഠിക്കേണ്ടതുണ്ട്.

കൃഷിയിടം രൂപകല്‍പന ചെയ്യുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കയ്യിലുള്ള സ്ഥലം മുഴുവനും പ്രയോജനപ്പെടുത്തണം. വീട്, കാലിത്തൊഴുത്ത്, തീറ്റപുല്‍കൃഷി, ബയോഗ്യാസ് പ്ലാന്‍റ്, കമ്പോസ്റ്റ് നിര്‍മ്മാണം, വളക്കുഴി, ചാണകം ഉണക്കി വിപണനം, ജലസംരക്ഷണം, കോഴി, ആട്, പന്നി, മുയല്‍, താറാവ്, അലങ്കാര പക്ഷികളും ഓമന മൃഗങ്ങളും, ജലസേചന കുളം, മഴക്കുഴികള്‍, മഴവെള്ള സംഭരണികള്‍, മത്സ്യകൃഷി, നെല്‍കൃഷി, ഹ്രസ്വകാല വിളകള്‍, പച്ചക്കറികൃഷി, വാണിജ്യ വിളകള്‍, പാല്‍ സംസ്കരണം, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകള്‍ ഒരു പുരയിടത്തില്‍ സംരംഭകര്‍ക്കുണ്ട്.

നാട്ടില്‍ നന്നായി നടക്കുന്ന ഡെയറി ഫാമുകള്‍ സന്ദര്‍ശിക്കുക, അവര്‍ തീറ്റ വാങ്ങുന്ന വിപണിയും വിലയും മനസ്സിലാക്കുക എന്നതെല്ലാം പ്രാരംഭ ഒരുക്കമാണ്. വിജയിച്ച ഫാമുകള്‍ കണ്ടു കണ്ണു തള്ളാതെ, പരാജയപ്പെട്ടു പൂട്ടിപ്പോയ ഫാമുകള്‍ കൂടി പഠനവിധേയമാക്കുക. ഒപ്പംതന്നെ, ഡെയറിഫാം ലൈസന്‍സിംഗ് നടപടി ക്രമങ്ങള്‍ മനസ്സിലാക്കുക, മൃഗചികിത്സ സൗകര്യം ഉറപ്പാക്കുക എന്നിവയും ചെയ്യുക. പശു വളര്‍ത്തലിലും, താല്‍പര്യമുള്ള അനുബന്ധ മേഖലകളിലും നല്ല പരിശീലനങ്ങളിലും പങ്കെടുക്കേണ്ടതാണ്. മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകള്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഈ വകുപ്പുകളുടെ വെബ്സൈറ്റ് വഴി പദ്ധതികളും പരിശീലനങ്ങളും എല്ലാം അറിയാം.

ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും ഒരു മൃഗാശുപത്രിയും, ഓരോ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓരോ ക്ഷീരവികസന ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ ലഭ്യമാക്കുന്നതിന് ഈ ഓഫീസുകളുമായി ബന്ധപ്പെടാം. ഡെയറി ഫാം എവിടെയാണ് ഉള്ളത്, ആ സ്ഥലത്തുള്ള ഓഫീസിനു മാത്രമേ പദ്ധതികള്‍ നല്‍കി സഹായിക്കാന്‍ സാധിക്കുകയുള്ളൂ… ബാങ്ക് ലോണ്‍ ആവശ്യമെങ്കില്‍ നബാര്‍ഡിന്‍റെ പദ്ധതികള്‍ (DEDS) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കില്‍ അന്വേഷിക്കാം.

സോഷ്യല്‍മീഡിയ വഴിയും, കൃഷിയിലും പശുവളര്‍ത്തലിലും ഉള്ള നൂതന സാങ്കേതിക വിദ്യകള്‍ നന്നായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കിസാന്‍ കാള്‍ സെന്‍റര്‍ മുതല്‍ വിവിധ ഏജന്‍സികളുടെ വെബ്സൈറ്റ്, ആപ്ലിക്കേഷന്‍സ്, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ ഐ.സി.ടി. ടൂള്‍സ് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു ചെറിയ അറിവ് ചിലപ്പോള്‍ വലിയ ചിലവ് ലാഭിച്ചേക്കാം. കര്‍ഷകരുടെ വാട്സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാം. ചിലവ് കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും ഒന്നിച്ച് ഓര്‍ഡര്‍ ചെയ്ത് എടുക്കാനൊക്കെ ഇതു സഹായകമാണ്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം തീറ്റയാണ്. കാലിത്തീറ്റ, പുല്ല്, വൈക്കോല്‍ എന്നിവ മാത്രം ഉപയോഗപ്പെടുത്തി ഫാം നടത്തുന്നതിനേക്കാള്‍ മെച്ചമാണ് ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിന് നല്‍കുന്നത്. ആവശ്യമായ പോഷകങ്ങള്‍ പശുവിന് ലഭ്യമാക്കുന്ന രീതിയില്‍ വിപണിയില്‍ ലഭ്യമായ ചിലവ് കുറഞ്ഞ തീറ്റവസ്തുക്കള്‍ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം. ടി.എം.ആര്‍. തീറ്റയും മറ്റും ഇതൊക്കെതന്നെ.

നല്ല പശുക്കളെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ഒരു കടമ്പ. ഒരു കാര്യം നന്നായി മനസ്സില്‍ വയ്ക്കുക, മതിയായ കാരണങ്ങളില്ലാതെ നല്ലൊരു കറവപ്പശുവിനെ ഒരു കര്‍ഷകനും വിറ്റ് ഒഴിവാക്കില്ല. പണത്തിനുള്ള ആവശ്യമോ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് മൂലമോ, വില്‍ക്കുന്ന കറവപ്പശുക്കളെ നന്നായി നോക്കി വാങ്ങാവുന്നതാണ്. വിശ്വസ്തരായവര്‍ വഴി കേരളത്തിന് പുറത്തുനിന്നും പശുക്കളെ വാങ്ങാം. എവിടെനിന്ന് വാങ്ങിയാലും നിലവില്‍ നല്‍കിവരുന്ന തീറ്റ എന്താണെന്ന് അന്വേഷിക്കണം. എത്ര പാല്‍ കിട്ടുമെന്ന് മാത്രം ചോദിച്ചാല്‍ പോര. കുറച്ചുനാളത്തേക്ക് ആ തീറ്റ തന്നെ കൊടുത്ത്, പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി കൊണ്ടുവരുവാനും ശ്രദ്ധിക്കണം. നമ്മുടെ ഫാമില്‍ നല്ല സംരക്ഷണം കൊടുത്തു വളര്‍ത്തിയെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവ പശു.

പാലിന് വിപണി കണ്ടെത്താന്‍ എളുപ്പം തന്നെയാണ്. പാല്‍ കറന്നെടുത്ത ഉടനെ മികച്ച രീതിയില്‍ പാക്ക് ചെയ്ത് അല്ലെങ്കില്‍ കുപ്പികളിലാക്കി ഫാം ഫ്രഷ് മില്‍ക്ക് എന്ന പേരില്‍ വില്‍ക്കാം. നഗരപ്രദേശങ്ങളില്‍ ഇതിന് വലിയ ഡിമാന്‍റ് തന്നെയുണ്ട്. തൈര്, നെയ്യ്, പനീര്‍, സിപ്-അപ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ആക്കുമ്പോള്‍ അധിക വില ലഭിക്കുകയും ചെയ്യും.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേന പാല്‍ വിപണനം ചെയ്യുന്നതിനും നല്ല സാധ്യതയുണ്ട്. കാലിത്തീറ്റ, ചോളപ്പൊടി, ധാതുലവണ മിശ്രിതം ഉള്‍പ്പെടെയുള്ള തീറ്റസ്തുക്കള്‍ വാങ്ങുന്നതിനും, പാല്‍ വിപണനം നടത്തി കൃത്യമായ പാല്‍വില ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്നതിനും കഴിയുന്നു. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘങ്ങള്‍ കൂടുതല്‍ നല്ലൊരു സാധ്യതയാണ്. പഞ്ചായത്തുകളുടെ, പാലിന് ഇന്‍സെന്‍റീവ് ധനസഹായം ലഭിക്കുന്നതിന് ക്ഷീരസംഘത്തില്‍ നല്‍കുന്ന പാലിന്‍റെ അളവാണ് പരിഗണിക്കുക. ക്ഷീരകര്‍ഷകക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും.

ഫാം ടൂറിസം ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സാധ്യതയാണ്. കുറച്ചു സ്ഥലം കയ്യിലുണ്ടെങ്കില്‍ നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വസ്ഥമായി കുറച്ചുദിവസം ചെലവിടാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുവാന്‍ ആകും. വിദേശികളേക്കാള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷിമൃഗാദികളും, ഫലവൃക്ഷങ്ങളും, അരുവിയും, കുളവും, കിളികളുടെ കൊഞ്ചലുകളും, തണുത്ത കാറ്റും, നാടന്‍ ഭക്ഷണവും, ഏറുമാടവും, വയലേലകളും… ഇതെല്ലാം ആസ്വദിച്ചു ഒരു ഏദന്‍തോട്ടത്തില്‍ താമസിച്ചു മടങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഒരു ഫാം തുടങ്ങുന്നത് ഇങ്ങിനെയൊക്കെ രൂപം മാറാനും മതി. വരുമാന സാധ്യത ഏറെയാണ്.

മറ്റ് ഏതു തൊഴിലിടങ്ങളേയും പോലെ അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമായി ഡെയറി ഫാം രംഗത്തു ജോലി ചെയ്തുവരുന്നു. മികച്ച യന്ത്രവല്‍ക്കരണം നടത്തിയ ഫാമുകളില്‍ മാനിഷികാധ്വാനം കുറവ് തന്നെ.

365 ദിവസവും ശ്രദ്ധയും അധ്വാനവും വേണം എന്നത് എന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്‍റെ മറുവശമാണ്. തുടങ്ങിക്കഴിഞ്ഞാല്‍ ഒരുദിവസം പോലും ഡെയറി ഫാം നിര്‍ത്തിവെച്ചു വിശ്രമിക്കാമെന്നു ചിന്തിക്കേണ്ട. കറവപ്പശുക്കളുടെ ശാസ്ത്രീയ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധ ഇല്ലെങ്കില്‍ ഡെയറി ഫാം ലാഭകരമാക്കാനും കഴിയില്ല.

ഡെയറി ഫാമിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം, നോട്ടറി മില്‍ക്കിംഗ് പാര്‍ലര്‍, 30-35 ലിറ്ററിന് മുകളില്‍ പാല്‍ ചുരത്തുന്ന പശുക്കള്‍, ആട്ടോമാറ്റഡ് ആയ ഹൈടെക് ഡെയറി ഫാം തുടങ്ങി സുന്ദരഭാവനകള്‍ നല്ലതുതന്നെ. എന്നാല്‍ ഇതെല്ലാം ആദ്യമേ തുടങ്ങിവെച്ചു ദാസനും വിജയനും ആയി മാറാതിരുന്നാല്‍ ഭാഗ്യം. ഫാമിലെ ഓരോ ചുവടുവെയ്പും കൃത്യമായ സാമ്പത്തിക വിശകലനം നടത്തി മാത്രം, ഒന്നുമറിയാതെ വലിയ തുക മുടക്കി ഫാം ഓട്ടോമേഷന്‍ ചെയ്യുന്നവര്‍ മുടക്ക് മുതല്‍ പോലും കിട്ടാതെ വലയുന്നതും മിക്കവാറും കാണുന്ന കാഴ്ചയാണ്.

ഡെയറി ഫാമിംഗ് രംഗത്ത് അഭ്യസ്ത വിദ്യരും ചെറുപ്പക്കാരും കൂടുതലായി എത്തുന്നുണ്ട്. സ്ഥിരവില കിട്ടുന്ന ഏക കാര്‍ഷികോല്‍പ്പനം പശു ആയതുതന്നെ കാരണം. ഫ്രഷ് മില്‍ക്കിന്, നഗരങ്ങളിലുള്ള വിപണി കുതിച്ചുയരുകയാണ്. നാടന്‍ പശുവിന്‍ പാല്‍ എ2 മില്‍ക്ക് എന്ന ലേബലില്‍ ഉയര്‍ന്ന വിലയ്ക്കും വില്‍ക്കാന്‍ കഴിയുന്നു.

കടപ്പാട് :കൃഷി ദീപം

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate