ജൈവവൈവിധ്യങ്ങളാണ് സമ്പന്നമാണ് ഇന്ത്യ. വളര്‍ത്തുമൃഗങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനുസുകള്‍ ഇന്ത്യയിലുണ്ട്. നമ്മുടെ നാട്ടിലെ തനി നാടന്‍ ഇനം പശുക്കളെ ഹരിതകേരളം ന്യൂസിന് വേണ്ടി പരിചയപ്പെടുത്തുകയാണ് വയനാട് പൂക്കോട് കോളേജ് ഓഫ് വെറ്റനറി ആന്‍ഡ് ആനിമല്‍ സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജോണ്‍ എബ്രഹാം.
വൈവിധ്യമാര്‍ന്ന ജനുസുകള്‍
41 ജനുസ് പശുക്കളാണ് നമ്മുടെ രാജ്യത്തുള്ളത്. എരുമകളാകട്ടെ 13 ജനുസുകളാണ് ഇന്ത്യയിലുള്ളത്. ആടുകളാകട്ടെ 28 ജനുസും 52 ജനുസ് ചെമ്മരിയാടുകളുമുണ്ട്. കുതിരകളാകട്ടെ ഏഴ് ജനുസാണ്. ഒമ്പത് ജനുസ് ഒട്ടകങ്ങളെയും 18 ജനുസ് കോഴികളെയും കണ്ടെത്തി രജിസ്റ്റര്‍ ചെയ്തു.
പശുക്കള്‍ തന്നെ താരം
വൈവിധ്യമാര്‍ന്ന നിറങ്ങളിലും വലുപ്പത്തിലുമുള്ള പശുക്കള്‍ ഇന്ത്യയിലുണ്ട്. പാല്‍ ഉത്പാദനം, കാര്‍ഷിക ആവശ്യം, രണ്ട് ആവശ്യത്തിനും ഉതകുന്നവ എന്ന തരത്തില്‍ തരംതിരിച്ചിരിക്കുന്നു. മുതുകിലുള്ള വലിയ പൂഞ്ഞി, ഞൊറി പോലെ കഴുത്തിന് താഴെയുള്ള തൊലി, വലിയ ചെവി എന്നിവ ഇന്ത്യന്‍ പശുക്കളുടെ പൊതുവായ പ്രത്യേകതയാണ്. ചൂട് സഹിക്കാന്‍ കഴിയുന്നതും രോഗ പ്രതിരോധ ശേഷിയുള്ളവയുമാണ് ഇന്ത്യന്‍ ഇനങ്ങള്‍. ചോര കുടിക്കുന്ന പരാദങ്ങളെ ചെറുക്കുന്നതിനുള്ള കഴിവും കൂടുതലാണ്. ഇതിനാല്‍ ഇന്ത്യയുടെ അഭിമാനമായ സാഹിവാള്‍, സിന്ധി, ഓങ്കോള്‍ എന്നീ ജനുസുകളെ വിദേശത്തേക്ക് കൊണ്ടുപോയി ബ്രാഹ്മണ്‍ എന്ന ജനുസ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച പാല്‍ ഉദ്പാദന ജനുസുകള്‍ സിന്ധു നദീ തടങ്ങളില്‍ നിന്ന് ഉത്ഭവിച്ചവയാണ്. ഇവയെ വിശദമായി പരിചയപ്പെടാം. സിന്ധി, സാഹിവാള്‍ ഇനങ്ങളെപ്പറ്റിയാണ് ആദ്യം.
സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള സിന്ധി
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയായ കറാച്ചി, ഹൈദ്രബാദ് ജില്ലകളിലാണ് സിന്ധിയുടെ ഉത്ഭവം. ചുവപ്പ് കറാച്ചി എന്ന പേരിലും അറിയപ്പെടുന്നു. ഒരു കറവയില്‍ 1100-2600 പാല്‍ ഉത്പാദിപ്പിക്കുന്നു. ഏറ്റവും ലാഭകരമായി പാല്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ ജനുസാണ് സിന്ധി.
സാഹിവാള്‍
പാക്കിസ്ഥാനില്‍ നിന്നാണ് സാഹിവാളിന്റെയും ഉത്ഭവം, മോണ്ട്‌ഗോമറി ജില്ലയില്‍ നിന്നും. ശരീരത്തില്‍ തൊലി വളരെ അയഞ്ഞു കിടക്കുന്നതിനാല്‍ ലോല എന്നും അറിയപ്പെടുന്നു. ഒരു കറവയില്‍ 2725 മുതല്‍ 3175 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീര ജനുസാണിത്.
കടപ്പാട്:harithakeralamnews