വിഷവസ്തുക്കളെക്കുറിച്ചും ജന്തുക്കളുടെ ശരീരത്തില്‍ അവയുടെ പ്രതിപ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രവിഭാഗമാണ് ടോക്സിക്കോളജി. ഔഷധങ്ങളായി ഇന്ന് ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ ഒട്ടേറെയും വിഷവസ്തുക്കളാണ്. ഉപയോഗിക്കുന്ന അളവിനെ ആശ്രയിച്ചിരിക്കുന്നു അവയുടെ പ്രതിപ്രവര്‍ത്തനം .ഉഗ്രവിഷമുള്ള പലതും വളരെ ചെറിയ അളവില്‍ ഉള്ളിലേക്കുചെന്നാല്‍ രോഗങ്ങള്‍ ഭേദമാക്കി ശരീര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായിക്കുന്ന ഔഷധങ്ങളായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇത്തരം വസ്തുക്കള്‍ ഉള്ളിലേക്കുകടക്കുന്നതിന്റെ അളവുകൂടിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി മരണത്തിനു വഴി തെളിക്കുന്ന വിഷവസ്തുക്കളായിത്തീരുന്നു.
വിഷവസ്തുക്കളുടെ പ്രവർത്തനം മനുഷ്യശരീരത്തിലായാലും മ്യഗങ്ങളുടെശരീരത്തിലായാലും ഒരുപോലെതന്നെ. വഎന്നാൽ ദഹനേന്ദ്രിയവ്യസ്ഥയിലെ വ്യത്യാസവും ഉയർന്ന ശരീരഭാരവും ഉള്ള മൃഗങ്ങളിൽ മനുഷ്യരിൽ ഉണ്ടാകുന്നത്ര പ്രത്യാഘാതങ്ങൾ എളുപ്പം ഉണ്ടാക്കുന്നില്ല എന്നു മാത്രമേയുള്ളു .കന്നുകാലികളിലെ ദഹനേന്ദ്രിയവ്യവസ്ഥ ഏകഉദരജീവിയായ മനുഷ്യന്റെതില്‍ നിന്നും വ്യത്യസ്തമാണ്. ആയതിനാല്‍ അമിതമായ അളവില്‍ വിഷവസ്തു ഉള്ളില്‍ പ്രവേശിച്ചാല്‍ മാത്രമേ മൃഗങ്ങളില്‍ വിഷബാധ മരണകാരണമായി തീരുന്നുള്ളു. കന്നുകാലികളിലെ വിഷബധക്ക് ഹേതുവായ ചില വസ്തുക്കള്‍ ഇറച്ചിയില്‍ കൂടെയും പാലില്‍ കൂടെയും മനുഷ്യനെ ബാധിക്കുവാന്‍ സാധ്യതയുണ്ട്.
“വിഷവസ്തു”എന്ന സംജ്ഞക്ക് ധാരാളം നിര്‍വ്വചനങ്ങള്‍ ഉണ്ട്. വിവിധ ശാസ്ത്രജ്ഞന്മാര്‍ വ്യത്യസ്ത രീതിയിലാണ് ഇതിനെ നിര്‍വചിച്ചിരിക്കുന്നത്. ഇവയുടെ സാരാംശം സ്വരൂപിപ്പിച്ച് വിഷവസ്തുവിനെ നിര്‍വചിക്കാം. ഒരു വസ്തുവോ ഖര,ദ്രവ,വാതകരൂപത്തിലുള്ള പദാര്‍ഥമോ ജീവിയുടെ ശരീരത്തിന്‍റെപുറത്തു പുരളുകയോ ഏതെങ്കിലും വിധത്തില്‍ ഉള്ളില്‍ കടക്കുകയോ ചെയ്ത് അതിന്‍റെ യാന്ത്രികമായ പ്രവര്‍ത്തനം കൊണ്ടോ അല്ലാതെയോ ജീവഹാനിക്ക് വഴിയൊരുക്കുന്നുവെങ്കില്‍ അതിന്‍റെ ‘വിഷം’(POISON)എന്നുപറയാം.
വിഷബാധ വിവിധ രീതികളില്‍
വിഷവസ്തുക്കളെ വ്യത്യസ്തമായ മാനദണ്ഡങ്ങളില്‍, വിവിധ രീതികളില്‍, തരംതിരിക്കാം. ഇത്പ്രധാനമായി നാലുവിധത്തിലാണ്.
വിഷവസ്തു ശരീരത്തില്‍ ഉണ്ടാക്കുന്ന അനന്തര ഫലങ്ങളെ ആശ്രയിച്ചുള്ളതരംതിരിക്കല്‍
വിഷവസ്തു ശരീരത്തിലുണ്ടാക്കുന്ന അനന്തരഫലങ്ങളെ ആശ്രയിച്ചു തരംതിരിച്ചിട്ടുള്ളവയെ മൂന്നു ഗ്രൂപ്പുകളില്‍ പെടുത്താം.
ശരീരത്തിനകത്തും പുറത്തും വിഷവസ്തു ഉണ്ടാക്കുന്ന ദോഷഫലങ്ങളെ ആശ്രയിച്ചുള്ള ഈതരംതിരിക്കല്‍ പൂര്‍ണ്ണമാണെന്ന് പറയുവാന്‍ കഴിയുകയില്ല. എങ്കിലും 1945 ല്‍ സ്ട്രാസ്മാന്‍ എന്ന ശാസ്ത്രഞ്ജന്‍ ഈ തരംതിരിക്കലിനെ താഴെ പറയുന്ന പ്രകാരം പരിഷ്ക്കരിക്കുകയുണ്ടായി.
ഇതിനെ വീണ്ടും ഉപഘടകങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്.
b)രക്തത്തിലെപ്രാണവായുസ്വീകരിക്കുവാൻ (ശ്വസനം നടത്തുവാൻ) കോശങ്ങളെപ്രാപ്തമാക്കുന്നഎൻസൈമുകളെ നശിപ്പിക്കുന്നവ.
(C) രക്താണുക്കൾഉൽപ്പാദിപ്പിക്കുന്നഅവയവങ്ങളെ നശിപ്പിക്കുന്നവ.
ഉദാ: ഫോസ്ഫറസ്, കാർബൺടെട്രാക്ലോറൈഡ് തുടങ്ങിയവ.
വിഷവസ്തുവിന്റെ രാസ-ഭൗതിക സ്വഭാവമനുസരിച്ചുള്ള തരം തിരിക്കൽ
രാസപരമോ ഭൗതികപരമോ ആയ സ്വഭാവങ്ങൾ കണക്കിലെടുത്തു തരംതിരിച്ചിട്ടുള്ള വിഷവസ്തുക്കളെ പ്രധാനമായി നാലു ഗ്രൂപ്പിൽപ്പെടുത്താം:
വിഷവസ്തുവിൽ നിന്ന് വിഷാംശത്തെ വേർതിരിച്ചെടുക്കുന്ന രീതിയെ ആശ്രയിച്ച്
വിഷവസ്തുവിൽ നിന്ന് വിഷാംശം വേർതിരിച്ചെടുക്കുമ്പോൾ ഉള്ള സ്വഭാവത്തെ ആധാരമാക്കി തരം തിരിച്ചിട്ടുള്ള വിഷവസ്തുക്കളെ നാല് ഗ്രൂപ്പിൽപ്പെടുത്താം.
വിഷവസ്തുവിന്റെ ഉത്ഭവത്തെ ആശ്രയിച്ചുള്ള തരംതിരിക്കല്‍
ഈ വിഭാഗത്തിൽ ലോഹങ്ങളും ലോഹം പോലുള്ള വസ്തുക്കളും ഉൾപ്പെടുന്നു.
ശരീരത്തിൽ വിഷവസ്തുവിന്റെ ഉപാപചയം
ആഗിരണം
ശരീരത്തിൽ പുരളുന്നതുകൊണ്ടോ ഏതെങ്കിലും വിധത്തിൽ ഉള്ളിൽ കടക്കുന്നതുകൊണ്ടോ പേശികളെ പെട്ടെന്നു നശിപ്പിക്കുന്ന ഗാഢഅമ്ലങ്ങളും ക്ഷാരങ്ങളും ഒഴികെ മിക്ക വിഷവസ്തുക്കളും രക്തത്തിലേക്കു ആഗിരണം ചെയ്യപ്പെടുകയും വിഷബാധയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. സാധാരണയായി ശ്വാസകോശം, അന്നപഥം, ത്വക്ക് എന്നീ മൂന്നു അവയവങ്ങളിലൂടെയാണ് ആഗിരണം ചെയ്യപ്പെടുന്നത്.
ചെറുതും വലുതുമായ രക്തധമനികളെക്കൊണ്ട് സമ്പുഷ്ടമായ ശ്വസനനാളവും ശ്വാസകോശവും വായുവിൽക്കൂടി ഉള്ളിലേക്കു കടക്കുന്ന വിഷവസ്തുക്കളെ എളുപ്പം ആഗിരണം ചെയ്യുന്നു. വാതകങ്ങളോ.വായുവില്‍ അലിഞ്ഞു ചേർന്ന പൊടിയോ ജലകണികകളോ ആണ് ഈ വിധത്തിൽ ആഗിരണം ചെയ്യപ്പെടുന്നത്. ചെടികളിലും ധാന്യങ്ങളിലും കീടനാശിനികൾ തളിക്കുമ്പോൾ വിഷാംശം ജലകണികകളായി വായുവിൽ അലിഞ്ഞു ചേരുന്നു. ഇതു ശ്വസിക്കുന്നത് മനുഷ്യനും മൃഗത്തിനും ഒരുപോലെ ആപൽക്കരമാണ്. ആഹാരം, വെള്ളം എന്നിവയിൽക്കൂടെ ഉള്ളിൽ കടക്കുന്ന വിഷാംശം ദഹനേന്ദ്രിയത്തിലെ ചെറുകുടലിൽ വച്ചാണ് ആഗിരണം ചെയ്യപ്പെടുന്നത്. ആമാശയത്തിലുള്ള ആഹാരങ്ങൾ പലപ്പോഴും വിഷവസ്തുവിന്റെ പ്രവർത്തനത്തെയും വിഷബാധയുടെ കാഠിന്യത്തെയും ബാധിക്കുന്നു. വിഷവസ്തു ഉള്ളിലേക്കു കടക്കുമ്പോൾ കന്നുകാലികളുടെ ആമാശയം ആഹാരവസ്തുക്കൾ കൊണ്ട് നിറഞ്ഞിരുന്നാൽ വിഷാംശം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് കുറയും. എന്നുമാത്രമല്ല ആഹാരവസ്തുക്കളുമായി ഇടകലർന്ന് വിഷവസ്തുവിന്റെ കാഠിന്യവും കുറയുന്നു. ഇങ്ങനെ ആഹാരവസ്തുവുമായി ഇട കലർന്ന വിഷാംശം ആമാശയഭിത്തികളിൽ പ്രകോപനമുണ്ടാക്കുകയും ഛർദിയും വയറിളക്കവും മൂലം വിഷവസ്തുവിനെ പുറത്തേക്കു തളളുകയും ചെയ്യുന്നു. എന്നാൽ ഒഴിഞ്ഞ വയറിലേക്കാണ് വിഷവസ്തു കടക്കുന്നതെങ്കിൽ രക്തത്തിലേക്കു പെട്ടെന്നു ആഗിരണം ചെയ്യപ്പെടുകയും ഗുരുതരമായ അനന്തരഫലങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.ഉദരസ്തംഭനം മൂലം വിഷവസ്തുക്കളും ആഹാരങ്ങളും ധാരാളം സമയം കെട്ടിക്കിടക്കുന്നതുകൊണ്ടും സാവധാനത്തിൽ വിഷാംശം രക്തത്തിലേക്കു പ്രവേശിക്കുന്നതായി കാണാം.തൊലിയിൽ മുറിവോ പൊട്ടലോ ഇല്ലെങ്കിൽ സാധാരണഗതിയിൽ ത്വക്കിൽ കൂടെ വിഷവസ്തുക്കൾ എളുപ്പം ശരീരത്തിലേക്കു ആഗിരണം ചെയ്യപ്പെടുന്നില്ല. ജലജീവികളുടെ ത്വക് ആഗിരണത്തിനും ബഹിഷ്കരണത്തിനും ഉചിതമാംവിധം നേർമയുളളതാണ്. എന്നാൽ മ്യഗങ്ങളുടെ തിക്ക് കട്ടിയേറിയതാണ്. ക്ലോരിനെറ്റഡ് ഹൈഡ്രോകാര്‍ബണ്‍ ഇനത്തിലുള്ള കീടനാശിനികൾ, നിക്കോട്ടിൻ മുതലായവ ദ്രവരൂപത്തിൽ തൊലിപ്പുറത്തു പുരട്ടിയാൽ എളുപ്പം ആഗിരണം ചെയ്യപ്പെടുന്നതായി കാണാം.
വിനിമയവും കേന്ദ്രീകരണവും
ആമാശയത്തിൽ നിന്നും കുടലുകളിൽ നിന്നും ആഗിരണം ചെയ്യപ്പെട്ട വിഷാംശം പോർട്ടൽ ധമനികളിലൂടെ കരളിലെത്തുന്നു. ശരീരത്തിൽ പ്രവേശിക്കുന്ന മിക്ക വിഷാംശങ്ങളെയും നിർവീര്യമാക്കുന്നത് കരളിലാണ്. അതുപോലെ ആഗിരണം ചെയ്യപ്പെട്ട വിഷാംശങ്ങൾ കൂടുതലും വന്നടിയുന്നതുംകരളിലാണ്. ആയതിനാൽ വിഷബാധ മൂലം കരളിൽ വിവിധ ക്ഷതികങ്ങൾഉണ്ടാകുന്നു
.എന്നാൽ ചില വിഷവസ്തുക്കൾ ചില പ്രത്യേക അവയവങ്ങളിൽ കേന്ദ്രീകരിക്കുന്നു. ഉദാഹരണമായി അയൊഡിൻ തൈറോയിഡ് ഗ്രന്ഥികളിലും സ്ട്രോൺഷ്യം, ഫ്ളൂറിൻ, കറുത്തീയം എന്നിവ എല്ലിലും പറ്റിക്കൂടുന്നു.
നിർവിഷീകരണം
രക്തത്തിലേക്ക് പ്രവേശിക്കുന്ന വിഷാംശം ശരീരത്തിൽ വച്ച് വിവിധപ്രരിവർത്തനങ്ങൾക്കു വിധേയമാകുന്നു.ഇവയിൽ മിക്കതും വിഷാംശത്തിന്‍റെ കാഠിന്യം കുറയ്ക്കുന്നതിന് (ഡിടോക്സിഫിക്കേഷൻ) വേണ്ടിയുളളതാണെങ്കിലും ചിലപ്പോൾ അതിന്റെ കാഠിന്യം കൂട്ടുന്നു. വിഷാംശത്തിന്റെ രാസഘടനയ്ക്കു വിധേയമായിട്ടാണ് മേല്‍പറഞ്ഞ മാറ്റങ്ങൾ ഉണ്ടാകുന്നത്.
നിർവിഷികരണം സാധാരണയായി മൂന്നു വിധത്തിലാണ് നടക്കുന്നത്
(1) ഓക്സിഡേഷൻ (പ്രാണവായുവുമായി സംയോജിക്കൽ); (2)റിഡക്ഷന്(പ്രാണവായുമായി വിയോജിക്കൽ); (3) ഉൽഗ്രഥനവും സംയോഗവും. വിഷവസ്തുവിന് മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഓക്സിഡേഷന് ഉദാഹരണമാണ് മീഥൈൽ ആൽക്കഹോൾ ശരീരത്തിൽ വച്ച് ഓക്സിഡേഷൻ പ്രക്രിയയ്ക്ക് വിധേയമായി മീഥൈന്ആൾക്കഹോളിനേക്കാൾ വിഷാംശംകൂടിയ വസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. മനുഷ്യനിലും മൃഗങ്ങളിലും ഓക്സിഡേഷൻ പ്രക്രിയയ്ക്ക് വിധേയമായി മീഥൈൽ ആൽക്കഹോളില്‍ നിന്ന് ഫോർമാൽഡിഹൈഡും ഫോമിക് അമ്ലവും കണ്ണിലെ കൃഷ്ണമണിയില്‍രൂപം കൊള്ളുന്നതിനാലാണ് അന്ധത ഉണ്ടാകുന്നത്.
ബഹിഷ്കരണം
ലെഡ് ആഴ്സനേറ്റ് പോലുള്ള അലിയാത്ത വിഷവസ്തുക്കൾ ആമാശയത്തിലേക്കു കടന്നാൽ അവ അങ്ങനെതന്നെ മലത്തിൽക്കൂടെ പുറത്തുപോകുന്നു. കരളിൽ കേന്ദ്രീകരിക്കുന്ന വിഷവസ്തുക്കളുടെ അംശം പിത്തരസത്തിലൂടെ ചെറുകുടലിൽപ്രവേശിക്കുകയും മലത്തിൽ കൂടെ വിസർജിക്കപ്പെടുകയും ചെയ്യുന്നു. എളുപ്പം ആവിയാകുന്ന സ്വഭാവമുളള വിഷവസ്തക്കൾ രക്തത്തിൽ കലർന്നാൽ അവ ഉച്ഛാസവായുവിൽക്കൂടെ പുറന്തളളപ്പെടുന്നു.
ഫോസ്ഫറസ് വിഷബാധയിൽ ഉച്ച്വാസവായുവിന് വെളുത്തുള്ളിയുടെ മണമുള്ളതായും ഇരുട്ടിൽ തിളങ്ങുന്നതായും കാണാം. ചിലയിനം വിഷബാധയിൽ ശ്വാസകോശത്തിൽ കുതികങ്ങൾ ഉണ്ടാവുകയും ചെയ്യും.
വിഷവസ്തുക്കളെ ശരീരത്തിൽ നിന്ന് ബഹിഷ്കരിക്കുന്നതിൽ പ്രധാനപങ്ക് വൃക്കകൾക്കാണ്. അതുകൊണ്ടുതന്നെ മിക്ക വിഷബാധയിലും വൃക്കയിൽ കാര്യമായ ക്ഷതങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ മൂത്രം ലബോറട്ടറിയിൽ പരിശോധനയ്ക്കു വിധേയമാക്കിയാൽ ഏതു തരം വിഷബാധയാണെന്ന് നിർണയിക്കാൻ കഴിയുന്നു. ത്വക്കിൽ കൂടിയും പാലിൽ കൂടിയുംചില വിഷവസ്തുക്കൾ പറക്ക് വരാറുണ്ട്. പാലിൽ കൂടെ പുറത്തു വരുന്നവിഷവസ്തുക്കൾ പൊതുജനാരോഗ്യസംരക്ഷണത്തെ സാരമായി ബാധിക്കുന്നു. ആഴ്സനിക്, കറുത്തീയം, കീടനാശിനികൾ മുതലായ വിഷബാധയിലാണ് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
വിഷവസ്തുവിനെ ശരീരത്തിൽ നിന്ന് പുറത്തു കളയുന്നതിന്റെഅളവ് വിഷവസ്തുവിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. എളുപ്പം ബഹിഷ്കരിക്കപ്പെടുന്നവയും സാവധാനത്തിൽ ബഹിഷ്കരിക്കപ്പെടുന്നവയുമുണ്ട്.ആഗിരണം ചെയ്യപ്പെടുന്ന വിഷാംശ ത്തിന്റെ അളവ് ബഹിഷ്കരിക്കപ്പെടുന്നതിന്റെ അളവിനേക്കാൾ കൂടുതലാകുമ്പോൾ വിഷവസ്തു വിവിധഅവയവങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇത്തരം വിഷബാധയെ സഞ്ചിത വിഷബാധ അഥവാ ക്യൂമുലേറ്റിവ് പോയിസണിങ് എന്നു വിളിക്കുന്നു.
വിഷവസ്തുവിന്റെ പ്രവർത്തനരീതി
രൂക്ഷ വിഷമുള്ള വസ്തുക്കൾ അവയവങ്ങളുടെ കോശങ്ങൾക്കു നാശംവരുത്തുകയും ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനു തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു. മറ്റു ചിലവ കോശങ്ങളുടെ പ്രവർത്തനത്തിനുതകുന്നഎൻസൈമുകളെ നശിപ്പിക്കുന്നു. ഹൈഡ്രോകാർബണുകൾ, ക്ലോറിനേറ്റഡ്ഹൈഡാകാർബണുകൾ, ചാരായം, ഈഥർ, കീറ്റോൺ മുതലായ വിഷവസ്തുക്കൾ അവയുടെ രാസപ്രവർത്തനം കൊണ്ട് കോശങ്ങളെ പ്രാണവായു സ്വീകരിക്കുന്നതിൽ നിന്ന് തടയുന്നു.
വിഷബാധയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ
മൃഗങ്ങൾ വിഷബാധയുടെ കാഠിന്യം പ്രകടമാക്കുന്നത് ഏഴു ഘടകങ്ങളെ ആശ്രയിച്ചാണ്.
ഒരു വസ്തു ശരീരത്തിലേക്കു കടന്നാലുണ്ടാകുന്ന ഗുണദോഷങ്ങൾഅതിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന്റെ പ്രവർത്തനത്തിന്അത്യന്താപേക്ഷിതമായ ഒരു ഘടകം ശരീരത്തിനു കിട്ടാതെ വന്നാൽ അതിന്‍റെ കുറവു കൊണ്ട് ഉണ്ടാകുന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. എന്നാൽ ഇത് അളവിൽ കൂടുതലായാൽ വിഷബാധയുടെ ലക്ഷണങ്ങലുണ്ടാക്കുന്നു. ചെമ്പ് ഇരുമ്പ്, അയൊഡിൻ, സോഡിയം, ചില വിറ്റാമിനുകൾ ഇതിൽപ്പെടും.
നാം മൃഗങ്ങൾക്കു വിരയിളക്കാൻ കൊടുക്കുന്ന പല മരുന്നുകളും ഉഗ്രവിഷമുളളവയാണ് ഇവ ശരീരത്തിന് വിഷബാധ ഉളവാകാത്തിരിക്കത്തക്ക. അളവിലാണ് നാം കൊടുക്കുന്നത്. . ഒരു വിഷവസ്തുവിന്റെ ശരാശരി നശീകരണഅളവ് (LD50) എന്നാൽ ഒരു വിഷവസ്ത 100 മ്യഗങ്ങൾക്ക് കൊടുക്കുമ്പോൾ 50 എണ്ണത്തിന് ജീവഹാനിയുണ്ടാക്കുവാൻ വേണ്ട അളവ് എന്നാണ്, LD30/50. എന്നാൽ 30 ദിവസത്തിനുളളിൽ 100 എണ്ണത്തിൽ 50 എണ്ണത്തെ കൊല്ലുവാൻ വേണ്ട അളവ് എന്നർഥം. വിഷബാധയുടെ പ്രകടമാക്കുവാനുള്ള അളവാണ് ഒരു വിഷവസ്തുവിന്റെ ശരാശരി നശീകരണഅളവ്.
വിഷവസ്തുവിന്റെ സ്വഭാവം
വിഷവസ്തുവിന്റെ ഭൗതിക രൂപം വിഷബാധയുണ്ടാക്കുവാൻ വേണ്ട വിഷവസ്തുവിന്റെ അളവിനെ ബാധിക്കുന്ന ഒരു ഘടകമാണ് . അതായത് വിഷവസ്തു ഖരരൂപത്തിലാണോ പൊടിരൂപത്തിലാണോ ദ്രവരൂപത്തിലാണോ വാതകരൂപത്തിലാണോ എന്നത് വിഷവസ്തുവിനെ ഉള്ളിലേക്ക് ആഗിരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. . ഉദാഹരണമായി പരലാകൃതിയിലുള്ള ആഴ്സനിക്കിന്റെ ട്രൈഓക്സൈഡ് വളരെക്കുറച്ചു മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ.എന്നാല്‍ ആഴ്സെനിക് ട്രൈഓക്സൈഡ്എളുപ്പം ആഗിരണം ചെയ്യപ്പെടുന്നു. . ഇനി ദ്രവരൂപത്തിലുള്ളവയാണെങ്കിൽ ഏതു ലായനിയാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാന ഘടകമാണ്.അതായത് ഫോസ്ഫറസ്, കീടനാശിനികൾ മുതലായഎണ്ണയുമായി ചേർന്നാൽ അതിവേഗം ആഗിരണം ചെയ്യപ്പെടുന്നു. ആയതിനാല്‍ ഇത്തരം വിഷബാധയുണ്ടായ മൃഗങ്ങളെ എണ്ണ കുടിപ്പിക്കുവാൻ പാടില്ല. വിഷവസ്തുവിന്റെ രാസസ്വഭാവവും വിഷബാധയുടെ കാഠിന്യത്തെ ബാധിക്കുന്നു.. ഉദാഹരണമായി മഞ്ഞ ഫോസ്ഫറസ്, ചുവന്ന ഫോസ്ഫറസിനേക്കാൾ വിഷബാധയുള്ളതാണ്.ബേരിയം കാര്‍ബനെറ്റിന്റെ രൂപത്തില്‍ ഉഗ്ര വിഷമുള്ളതാണ് എന്നാൽ സൽഫേറ്റിന്റെ രൂപത്തിൽ നിരുപദ്രവകാരിയും.
വിഷവസ്തുവിന്റെ ഉത്ഭവം
സസ്യങ്ങളിൽ നിന്നുള്ള വിഷബാധയിൽ ഇത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഉദാഹരണമായ് ചില ചെടികളില്‍ കായ്കളിലും വേരുകളിലുമാണ് വിഷാംശം കൂടുതല്‍. എന്നാൽ മരച്ചീനിയുടെ ഇളംതലപ്പിലാണ് കൂടുതൽ വിഷാംശം. മരച്ചീനിയില ഉണക്കി കൊടുത്താൽ വിഷാംശം കുറയുന്നു . വർഗത്തിൽപ്പെട്ട കൊഴുപ്പച്ചെടി മഴക്കാലത്ത് തഴച്ചു വളർന്നു തുടങ്ങിയാൽ വിഷാംശം കുറയുന്നു. മുരടിച്ചു വളര്‍ച്ച കാലത്ത് വേനല്‍ എന്നാല്‍നിൽക്കുമ്പോൾ അതിന് വിഷാംശം കൂടുതലാണ്. . അതുപോലെ കടലപ്പിണ്ണാക്ക് തുടങ്ങിയ സാധനങ്ങൾ ശരിയായ വിധത്തിൽ സംഭരിച്ചുവയ്ക്കാത്തതുകൊണ്ട് പൂപ്പൽ ബാധിച്ച് വിഷബാധയ്ക്കു കാരണമാകാറുണ്ട്. വിഷവസ്തുവിന്റെ സ്വഭാവം അതു ചെന്നെത്തുന്ന സാഹചര്യത്തെക്കുടെ ആശ്രയിച്ചിരിക്കു.. ഉദാഹരണമായി എണ്ണയുടെ അംശം കൂടുതലായുള്ള ആഹാരം കഴിച്ച ഒരു മൃഗത്തിന്റെ ഉദരത്തിലേക്കു ഫോസ്ഫറസ് കടന്നാൽ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും കഠിനമായ വിഷബാധയുണ്ടാക്കുകയും ചെയ്യുന്നു. .ചെമ്പിന്റെ അംശം കരളിലാണ് സംഭരിക്കപ്പെടുന്നത്. ഇത് അളവിൽ കൂടുതലായാൽ വിഷബാധയുണ്ടാക്കുന്നു. . എന്നാൽ ഇങ്ങനെയുള്ള മൃഗം മോളിബ്ഡിനം കൂടുതലായി അടങ്ങിയ ചെടികൾ ധാരാളം ഭക്ഷിക്കുന്നതുകൊണ്ട് വിഷബാധയുണ്ടാകുന്നില്ല.
തുടരെത്തുടരെയുള്ള വിഷബാധ
വിഷാംശം ചെറിയ അളവിൽ പല പ്രാവശ്യമായി ഉള്ളിൽ കടന്ന് ഉണ്ടാകുന്ന വിഷബാധ കാഠിന്യമുള്ളതായിരിക്കും. . ഇത് കരളിലോ മറ്റു അവയവങ്ങളിലോ അടിഞ്ഞുകൂടുകയും ശരാശരി നശീകരണഅളവിൽ കൂടുതലാകുമ്പോൾ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കുകയും മ്യഗം മരണത്തിനടിമപ്പെടുകയും ചെയ്യുന്നു. . പലപ്പോഴും മറ്റുവിധത്തിൽ ഉണ്ടാകുന്ന വിഷബാധയേക്കാൾ കഠിനമായിരിക്കും ഇത്തരം വിഷബാധ.
മൃഗത്തിന്റെ വംശം
ചില വിഷവസ്തുക്കൾ വിവിധ വംശത്തിലുള്ള ജന്തുക്കളിൽ വ്യത്യസ്തമായ പ്രതികരണമാണ് ഉണ്ടാക്കാറുള്ളത്.ഉദാഹരണമായി മോര്‍ഫീന്‍ മനുഷ്യരിൽ വിഷബാധയുണ്ടാക്കുമെങ്കിലും മൃഗങ്ങളിൽ എളുപ്പം വിഷബാധ ഉണ്ടാക്കുന്നില്ല. നിരോധിച്ചിട്ടുള്ളതാണെങ്കിലും ഡി.ഡി.റ്റിവളരെഫലപ്രതമായ ഒരു കീടനാശിനിയാണ്.ചെള്ള്, പേൻ മുതലായവയെ നശിപ്പിക്കുവാനായി ഇത് നാം കന്നുകാലികളുടെ പുറത്ത് പുരട്ടാറുണ്ട്.ഇത്തരം പ്രാണികളെ ഡി.ഡി.റ്റി നശിപ്പിക്കുമെങ്കിലും തൊലിക്കട്ടി കൂടുതലായതുകൊണ്ട് മ്യഗത്തിനെ ബാധിക്കുന്നില്ല.
പട്ടി ഒരു ഏകഉദയരജീവിയാണല്ലോ. കന്നുകാലികളുടെ ആമാശയത്തിനു നാല് അറകള്‍ ഉണ്ട്.പട്ടിയുടെ ആമാശയത്തിലേക്ക് കടക്കുന്ന വിഷവസ്തു എളുപ്പം രക്തത്തിലേക്ക് ആഗിരണം ചെയ്യപെടുന്നു. എന്നാൽ പശുവിന്റെ ആമാശയത്തിലേക്ക് കടക്കുന്ന വിഷവസ്തു അത്രയും വേഗം ആഗിരണം ചെയ്യപ്പെടുന്നില്ല.. കൂടാതെ പശുവിന്‍റെആമാശയത്തിലെ ആഹാരവസ്തുക്കളുമായി വിഷവസ്തു കലരുന്നതിനാൽ വിശംഷത്തിന്റെ സാന്ദ്രതയും കുറയുന്നു. ഉമ്മത്തിന്റെ കായും ഇലയും മുയലിന് ധാരാളമായി കഴിക്കുവാൻ കഴിയും. മറ്റു വർഗത്തിലുള്ള മൃഗങ്ങൾ കഴിച്ചാൽ വിഷബാധയു ണ്ടാകാം. മുയലിന്റെ കരളിലുള്ള 'എസ്റ്ററേസസ് എന്ന എൻസൈം ഉമ്മത്തിലുള്ള അട്രോപ്പിനെ നശിപ്പിക്കുന്നതുകൊണ്ടാണ് മുയലിന് വിഷബാധയുണ്ടാകാത്തത്. കരണ്ടുതിന്നുന്ന ജീവികളെ നശിപ്പിക്കുവാനായി 'റെഡ് സ്ക്വിന്‍’സുരക്ഷിതമായി ഉപയോഗിക്കാം. . കാരണം കരണ്ടു തിന്നുന്ന ജീവികൾ ഉപേക്ഷിക്കുന്ന ബാക്കി എവിടെയെങ്കിലും കിടന്ന് കാലികൾ ഭക്ഷിച്ചാൽ വിഷബാധയുണ്ടാകുമെന്ന് പേടിക്കേണ്ട.ചവക്കാന്‍ ഇവ കാലികള്‍ എന്തെന്നാല്‍ ഇടയായല്‍ത്തന്നെ രുചിക്കുറവുകൊണ്ട് ഇവ ഉപേക്ഷിക്കുന്നു. ഒരേ വംശത്തിൽപ്പെട്ടവയിൽത്തന്നെ വിഷബാധയുണ്ടാകുന്നതിൽ ചില വ്യത്യാസങ്ങൾ കണ്ടിട്ടുണ്ട്. മൂന്നുമാസം പ്രായമുളള ഹോൾസ്റ്റൈൻ ഫിഷ്യൻ കന്നുകുട്ടിക്ക് പരുത്തിക്കുരുവിൽ നിന്നു ലഭിക്കുന്ന വിഷവസ്തുവായ 'ഗോസിപ്പോൾ’ ഒരു കിലോ ശരീരഭാരത്തിനു 33 മില്ലിഗ്രാം എന്ന കണക്കിന് ഉള്ളിലേക്കു കൊടുത്തപ്പോൾ മരണം സംഭവിച്ചു എന്നാൽ ഇതെപ്രായത്തിലെജേഴ്സി കന്നുകുട്ടി കഴിച്ചിട്ട് വിഷബാധയുണ്ടായില്ല, ജേഴ്സി കന്നുകുട്ടിക്ക്ഒരു കിലോ ശരീരഭാരത്തിന് 82 മില്ലിഗ്രാം എന്ന കണക്കിന് കൊടുത്തിട്ടു പോലും വിഷബാധയുണ്ടായില്ലെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
ശരീരഭാരം, പ്രായം, ലിംഗവ്യത്യാസം
വിഷബാധയുടെ തീവ്രത മൃഗത്തിന്റെ ശരീരഭാരത്തെയും ആശ്രയിച്ചിരിക്കുന്നഉള്ളിൽ കട താണെങ്കില്‍ന്ന വിഷാംശം ചെറിയ അളവിലുള്ള ഉയർന്ന ശരീരഭാരമുള്ള ഒരു മ്യഗത്തെ തളർത്തുവാൻ മാത്രം പോരുന്നില്ല. എന്നാൽ ഇത്രയും വിഷാംശം ശരീരഭാരം കുറഞ്ഞ ഒരു മ്യഗത്തെ എളുപ്പം തളർത്തുന്നു (50LD(അളവ് നശീകരണ ഒരു വിഷവസ്തുവിന്റെ ശരാശരി ശരീരഭാരത്തിനനുസൃതമായി കണക്കാക്കെണ്ടിയിരിക്കുന്നു. കൂടാതെ ഓരോ വർഗത്തിലുള്ള മൃഗത്തിനും ശരീരഭാരവും വിഷാംശത്തിന്റെ അളവും പ്രത്യേകംപ്രത്യേകം കണക്കാക്കനാം.കാരണം ശരീരത്തിന്‍റെ ഭാരക്കൂടുതൽ ചില വർഗത്തിലുള്ള മൃഗങ്ങൾക്ക് തൊലിക്കടിയിലെ കൊഴുപ്പിന്റെ കൂടുതൽ കൊണ്ടായിരിക്കും. മറ്റുചിലവയില്‍ ആമാശയത്തിനും കുടലുകള്‍ക്കും ആയിരിക്കും ഭാരക്കൂടുതല്‍. ഇങ്ങനെയുള്ള. വ്യത്യാസം ഒഴിവാക്കാൻ ഇതത്യാവശ്യമാണ്.
പലപ്പോഴും പ്രായം കുറഞ്ഞ മൃഗങ്ങളും പ്രായം വളരെ കൂടിയ മൃഗങ്ങളുമാണ് വിഷബാധയക്ക് എളുപ്പം വിധേയമാകുന്നത് . പ്രായം കുറഞ്ഞ മൃഗങ്ങളുടെ ശരീരത്തിന് വിഷാംശത്തെ നിർവീര്യമാക്കുവാനും വിവിധ മാർഗങ്ങളിലൂടെ ശരീരത്തിൽ നിന്ന് വിഷാംശത്തെ ബഹിഷ്കരിക്കുവാനുനുളള കഴിവു താരതമ്യേന കുറവാണ്. . പ്രായം കൂടിയ മൃഗങ്ങൾക്കാകട്ടെ ശരീരം പൊതുവെ ക്ഷീണിച്ചിരിക്കുന്നതിനാൽ എളുപ്പം വിഷബാധയുണ്ടാകുന്നു. ആണ്‍-പെണ്‍ വ്യത്യാസം ചിലയിനം വിഷബാധയുടെ തീവ്രതയെ ബാധിക്കുന്നതായി കാണാം.പാരത്തയോണ്‍ മുതലായ കീടനാശിനികൾ പെൺമ്യഗങ്ങളിൽ കൂടുതൽ വിഷബാധയുണ്ടാക്കുന്നുവെന്നും എന്നാൽ അതേ അളവിലുള്ള വിഷം ആൺമൃഗങ്ങളിൽ അത്രയും തീവ്രത ഉണ്ടാക്കുന്നില്ലെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. ഇതിനു കാരണം ആൺമ്യഗങ്ങളുടെ ശരീരത്തിലുള്ള പുരുഷഹോർമോണുകളാണെന്നു വിശ്വസിക്കപ്പെടുന്നു. മ്യഗത്തിന്റെ ആരോഗ്യനിലവാരം മെലിഞ്ഞതും ക്ഷീണിച്ചതുമായ മൃഗങ്ങളിൽ എളുപ്പം വിഷബാധയുണ്ടാകുന്നു.ഇത്തരം മൃഗങ്ങളിൽ വിഷത്തെ നിർവീര്യമാക്കുവാനുള്ള കരളിന്റെ ശേഷിക്കുറവായിരിക്കും ഇതിനു കാരണം . കൂടാതെ വിഷവസ്തുവിനെ ശരീരത്തിൽ നിന്ന് ബഹിഷ്കരിക്കുവാനുള്ള കഴിവും കുറവായിരിക്കും. ആയതിനാൽ എളുപ്പം വിഷബാധയുണ്ടാകുന്നുതുപോലെ വൃക്കരോഗം, കരൾ രോഗം എന്നിവയുളള മൃഗങ്ങളിൽ എളുപ്പം വിഷബാധയുണ്ടാകും.
വിഷബാധയുടെ വിവിധ കാരണങ്ങൾ
മൃഗങ്ങളിൽ സാധാരണ കാണുന്ന വിഷബാധയുടെ കാരണങ്ങളെ പ്രധാനമായി രണ്ടായി തരം തിരിക്കാം.
1) ആഹാരത്തിൽ കൂടെയോ മറ്റേതെങ്കിലും വിധത്തിലോ അബദ്ധത്തിൽ വിഷവസ്തുക്കൾ ഉളളിലാക്കുന്നതു മൂലം ഉണ്ടാകുന്നത്,
2) മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്ന വിഷബാധ. എല്ലാത്തിലും ഇവ തമ്മിൽ വേർതിരിച്ചു കാണിക്കുവാൻ കഴിയുകയില്ല. കൂട്ടിൽ നിറുത്തി വെളളവും വയ്ക്കോലും മാത്രം കൊടുത്തു വളർത്തുന്ന. കന്നുകാലികൾ സന്ദർഭം കിട്ടിയാൽ സാധാരണ തിന്നാത്ത പച്ചപ്പുല്ലുകൾ പോലും തിന്നുകളയും. ഇതു പലപ്പോഴും വിഷബാധയ്ക്കു കാരണമാകാറുണ്ട്.
പ്രകൃതിദത്തമായി ഉണ്ടാകുന്ന വിഷബാധ ഫ്ളൂറിൻ അടങ്ങിയ മണ്ണ്, പാറ, വെള്ളം മുതലായവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മൃഗങ്ങൾക്ക് വിഷബാധയുണ്ടാക്കിയിട്ടുള്ളതായി രേഖകളുണ്ട്. . കിണറ്റിലെ വെള്ളത്തിൽ നൈട്രേറ്റ് വിഷബാധയുണ്ടായി മനുഷ്യനും മൃഗങ്ങൾക്കും ഒരു പോലെ ആപത്തുണ്ടാക്കിയ സംഭവങ്ങൾ വിരളമല്ല. കൂടാതെ ചെമ്പ്, ഇരുമ്പ്, മോളിബ്ഡിനം, സെലിനിയം മുതലായവയും വിഷം ബാധയുണ്ടാക്കുന്നു. . രണ്ടാമത്തെ അധ്യായത്തിൽ ഓരോന്നിനെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ചെടികൾ
കന്നുകാലികളിൽ വിഷബാധയുണ്ടാക്കുന്ന നൂറുകണക്കിന് ചെടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. . എന്നാൽ ഓരോ പ്രദേശത്തും വിഷബാധയുണ്ടാക്കുന്ന ചെടികൾ വ്യത്യസ്തമായിരിക്കും. അവ മിക്കവാറും കര്‍ഷകര്‍ക്ക് സുപരിചിതവുമാണ്,. കേരളത്തിൽ കന്നുകാലികളിൽ വിഷബാധയുണ്ടാക്കുന്ന പ്രധാന സസ്യങ്ങളും അവയുടെ ഭാഗങ്ങളും മറ്റും ഇവയാണ്. : മരച്ചീനിയില, റബ്ബർ ഇല, പച്ചമുളയുടെ ഇല, ആനത്തൊട്ടാവാടി, ചേലമരത്തിന്റെ ഇല, കൊഴുപ്പ, അരളി, കുന്നിക്കുരു, എരുക്ക്, ആവണക്കിൻ കായ്, കൊങ്ങിണിച്ചെടി നൈട്രൈറ്റ് കൂടുതലായി അടങ്ങിയ ചെടികൾ, ഇരുന്ന് പഴകിയ ഉരുളക്കിഴങ്ങ് ചക്കപ്പഴം, അരി. ജന്തുക്കളിൽനിന്നുള്ള വിഷബാധ
ജന്തുക്കളിൽനിന്ന് കന്നുകാലികൾക്ക് അപൂർവമായി മാത്രമേ വിഷബാധ ഏൽക്കാറുള്ളൂ. . സർപ്പവിഷബാധ ഇതിൽ പ്രധാനപ്പെട്ടതാണ് ദംശമേറ്റു കന്നുകാലികൾ മരണമടഞ്ഞതായി നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. കണ്ണിന്റെ ചുറ്റും കടന്നൽ കുത്തേറ്റു വേണ്ടവിധത്തിൽ ചികിത്സ കൃത്യമായ കിട്ടാതെ കണ്ണിൽ പഴുപ്പു ബാധിച്ച ഒരു പശുവിന്റെ കണ്ണ് ശസ്ത്രക്രിയചെയ്തു മാറ്റേണ്ടിവന്നിട്ടുണ്ട്. കന്നുകാലികളെയും മറ്റു മൃഗങ്ങളെയും അപൂർവമായി മാത്രമേ തേൾവിഷം ബാധിക്കാറുള്ളൂ.എന്നാല്‍ വെള്ളത്തില്‍ കൂടുതല്‍ സമയം കഴിച്ചു കൂട്ടാൻ ആഗ്രഹിക്കുന്ന എരുമകളെ കുളയട്ട പലപ്പോഴും ഉപദ്രവിക്കാറുണ്ട്. മൂക്കിനുള്ളിൽ കുളയട്ട കടിച്ചു തൂങ്ങിക്കിടന്ന് തുടർച്ചയായി രക്തസ്രാവം ഉണ്ടാക്കുന്ന സംഭവങ്ങളും വിരളമല്ല. . ചെള്ളുപനി, ചെള്ളുവാതം തുടങ്ങി രക്ത ത്തെ ബാധിക്കുന്ന ചില രോഗങ്ങൾ ശരീരത്തിനു പുറത്തുള്ള ചെള്ള് മുതലായ പ്രാണികളിൽ നിന്ന് കന്നുകാലികൾക്കു ലഭിക്കുന്നതാണ്. മനുഷ്യനുണ്ടാക്കുന്ന വിനകൾ
ഇന്നത്തെ സാഹചര്യത്തിൽ കന്നുകാലികൾക്കു വിഷബാധയുണ്ടാക്കുന്നതിന്റെ പ്രധാന കാരണക്കാർ മനുഷ്യൻ തന്നെയാണ്. മനുഷ്യൻ വരുത്തിവയ്ക്കുന്ന വിനകളിൽ പലതും മൃഗങ്ങളുടെ ജീവന് അപകടം വിളിച്ചു വരുത്തുന്നവയാണ്. ഇത്തരം ചില സാഹചര്യങ്ങളെക്കുറിച്ച് തുടര്‍ന്ന് പ്രതിപാദിക്കാം.(1)അന്തരീക്ഷമലിനീകരണം:വ്യവസായശാലകളിൽ നിന്നുയരുന്നമാരകമായരാസവസ്തുക്കൾ അടങ്ങിയ പുക ജലാശയങ്ങളെ മലിനമാക്കുമ്പോഴും ചെടികളിൽ അടിഞ്ഞു കൂടുമ്പോഴും മൃഗങ്ങളുടെ ജീവഹാനിക്ക് ഹേതുവാകുന്നു എന്ന കാര്യം നാം സൗകര്യപൂർവം മറന്നുകളയുകയാണ്; ആഴ്സനിക്, കറുത്തീയം, ഫ്ളൂറിൻ മുതലായവയാണ് ഈ വിധത്തിൽ പ്രധാനമായി വിഷബാധയുണ്ടാക്കുന്നത്. (2)കീടനാശിനികൾ:കളനാശിനികൾ,ഷട്പദനാശിനികൾ,കീടനാശിനികൾ മുതലായവ ഉപയോഗിക്കുന്നതിലുള്ള സൂക്ഷ്മതയില്ലായ്മ കൊണ്ടാണ് പലപ്പോഴും കന്നുകാലികളിൽ വിഷബാധയുണ്ടാകുന്നത്. ഫോസ്ഫറസ്, സിങ്ക് ഫോസ്ഫൈഡ് മുതലായവ അടങ്ങിയ എലിവിഷം കോഴിയെയും മറ്റു പക്ഷികളെയും മരണത്തിനടിമപ്പെടുത്തുന്നു. (3)വീട്ടുപയോഗസാധനങ്ങൾ:വീട്ടുപയോഗ സാധനങ്ങളിൽ കറുത്തീയം അടങ്ങിയ പെയിന്റുകളാണ് വിഷബാധയുണ്ടാക്കുന്നതിൽ പ്രധാനം. കണ്ണിൽ കാണുന്നതെല്ലാം ഉള്ളിലാക്കുന്ന സ്വഭാവക്കാരാണ് നാൽക്കാലികൾ, എൻജിൻ ഓയിൽ, ഡീസൽ മുതലായവ കന്നുകാലികൾ കുടിച്ചു വിഷബാധയ്ക്കടിമപ്പെടാറുണ്ട്. . ആയതിനാൽ ഇവയൊക്കെ മൃഗങ്ങൾക്കു എത്താത്ത സ്ഥലത്തു സൂക്ഷിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം. (4) വെളളവും ആഹാരവും സാധാരണ കൊടുക്കുന്ന ചില ആഹാരവസ്തുക്കൾ കൂടുതലാകുന്നത് പലപ്പോഴും വിഷബാധയ്ക്കും കാലികളുടെ മരണത്തിനും ഇടനൽകുന്നു.ചക്ക പഴുത്തതായാലും പച്ചയായാലും മുള്ള് നീക്കിയുള്ള പുറംതോടും ചവിണിയും കന്നുകാലികൾക്കു സ്വാദിഷ്ടമായ ആഹാരമാണ്.എന്നാല്‍ അപ്രതീക്ഷിതമായി വളരെ കൂടുതല്‍ കൊടുക്കുന്നതുകൊണ്ട് പശുവിന്‍റെ ആമാശയത്തില്‍ ലാക്റ്റിക് അമ്ലം ധാരാളം ഉണ്ടാകുകയും വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യുന്നു. പശു പ്രസവിച്ചു കഴിഞ്ഞാൽ സന്തോഷാധിക്യം കൊണ്ടു നാം കൊടുക്കുന്ന ആഹാരത്തിന്റെ അളവിനും ഇനത്തിലും പലപ്പോഴും കണക്കുണ്ടാവാറില്ല. ചിലർ പ്രസവിച്ച ഉടൻ രണ്ടു നാളികേരം കഷണങ്ങളാക്കി കരിപ്പു കട്ടി ചേർത്തു ഉളളിൽ കൊടുക്കുകയും തുടർന്ന് ഇഷ്ടംപോലെ പച്ചരിക്കഞ്ഞി കൊടുക്കുകയും ചെയ്യുന്നു. മറ്റു ചിലർ ഒരു പഴക്കുല മുഴുവനെ പശുവിനു കൊടുക്കുന്നു.നെല്ല് പുഴുങ്ങി കൊടുക്കുന്നവരുമുണ്ട്.തലേ ദിവസം വരെ പുല്ലും വയ്ക്കാലും പിണ്ണാക്കും തിന്നുകൊണ്ടിരുന്ന പശുവിന് എളുപ്പം ദഹിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ആഹാരം കണക്കില്ലാതെ കഴിക്കുന്നതിന്റെ ഫലമായി അജീർണം ഉണ്ടാകുന്നു.ഇതു പലപ്പോഴും പശുവിന്റെ മരണകാരണമാകാറുണ്ട്. . ഒരുപക്ഷേ തക്കസമയത്ത് ഉചിതമായ ചികിത്സകൊണ്ടു രക്ഷപ്പെട്ടാൽ തന്നെ ഉൽപ്പാദനക്ഷമത കുറഞ്ഞ് ഉന്മേഷമില്ലാതെ തൂങ്ങിപ്പിടിച്ച് ആഴ്ചകളോളം പശു നിൽക്കുന്നതു കാണാം. ആയതിനാൽ ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ആദ്യദിവസം അളവിൽ കുറച്ചും അടുത്ത ഓരോ ദിവസവും പടിപടിയായി കൂട്ടിയും കൊടുക്കുവാൻ ശ്രദ്ധിക്കണം . അങ്ങനെയാണെങ്കിൽ ആഹാരക്രമത്തിലുണ്ടായ മാറ്റവുമായി മൃഗത്തിന് പൊരുത്തപ്പെട്ടുപോകാൻ സാധിക്കും.
വിഷബാധയും രോഗനിർണയവും
പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ കാലികളിൽ പെട്ടെന്നുണ്ടാകുന്ന മരണകാരണം വിഷബാധയാണെന്നു അനുമാനിക്കുന്നതിൽ തെറ്റില്ല . ഇതു പൂർണമായും ശരിയായിരിക്കണമെന്നില്ല . എന്നാൽ കൂടുതൽ മൃഗങ്ങളെ ബാധിക്കുന്നുവെങ്കിൽ കാലികൾക്കു കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളം, പച്ചപ്പുല്ല്, കാലിത്തീറ്റ എന്നിവയിൽ മാറ്റം വരുത്തുക . അതുകൊണ്ടുമാത്രം കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ രോഗനിർണയം ശരിതന്നെ, അല്ലെങ്കിൽ മറ്റു ലക്ഷണങ്ങളെയും സാഹചര്യങ്ങളെയും ആസ്പദമാക്കി രോഗനിർണയം നടത്തണം. വിഷബാധയുടെ ഹേതു കൃത്യമായി നിർണയിക്കുവാൻ ഉതകുന്ന പൊതുവായ ലക്ഷണങ്ങൾ പറയുക പ്രയാസമാണ് . മൃഗങ്ങളിൽ കാണുന്ന വിവിധ വിഷബാധകളുടെ ലക്ഷണങ്ങൾക്ക് ഏതാണ്ട് സാമ്യമുണ്ട്. ദഹനേന്ദ്രിയത്തിനുണ്ടാകുന്ന പ്രകോപനത്തിന്റെ ഫലമായി വായിൽ നിന്ന് വെളളവും പതയും ചാടുന്നു, ഛർദി, ഉദരകമ്പനം, വയറുവേദന, വയറിളക്കം മുതലായ ലക്ഷണങ്ങളും കാണുന്നു.എന്നാല്‍ വിഷബാധ ഉണ്ടാക്കിയ . വസ്തുവിന്റെ സ്വഭാവമനുസരിച്ച് ഇവ കൂടാതെ ചില പ്രത്യേക ലക്ഷണം പ്രകടമാക്കുന്നു. ഇതില്‍ നിന്ന് വിഷവസ്തുവിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് രോഗനിർണയം നടത്തുകയാണു വേണ്ടത്.അല്ലാതെ ഓരോയിനം വിഷബാധയെയും തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക ലക്ഷണങ്ങള്‍ പറയുക പ്രായോഗികമായി അസാധ്യമാണ്.എങ്കിലും ലക്ഷണങ്ങളില്‍ നിന്ന് വിഷബാധയെ തിരിച്ചറിയാൻ ഇനിപ്പറയുന്ന നിർദേശങ്ങൾ ഉപകാരപ്രദമായിരിക്കും. 1.ഛർദി,വയറിളക്കം,വയറുവേദന ഈ ലക്ഷണങ്ങൾ സാധാരണയായി കാണുന്നത് താഴെപ്പറയുന്നവ കൊണ്ടുള്ള വിഷബാധയിലാണ് ആന്റിമണി, ആഴ്സനിക്, ബേരിയം, ക്രോമിയം, ചെമ്പ്,ഇരുമ്പ്,മെർക്കുറി, നാകം, ഗാഢഅമ്ലങ്ങൾ, ക്ഷാരങ്ങൾ, ഫോസ്ഫറസ്, സെലീനിയം, വിരമരുന്നുകൾ,സസ്യങ്ങൾ എന്നിവയിൽ നിന്ന്. 2.അപസ്മാരം അഥവാ കോച്ചിവലിക്കൽ അമോണിയ, ബോറിക് അമ്ലം, സയനൈഡ്, ഈയം, നൈട്രേറ്റ്, സാന്റോണിൻ, ഓപ്പിയം, കാഞ്ഞിരക്കുരു, കർപ്പൂരം, ചില സസ്യങ്ങൾ മുതലായവ കൊണ്ടുള്ള വിഷബാധയിൽ കാണുന്നു. 3.ബോധക്ഷയം ബ്രോമൈഡ്, കാർബൺ മോണോക്സൈഡ്, സിങ്ക് ഫോസ്ഫൈഡ്, നിക്കോട്ടിൻ, ബാർബിറ്ററേറ്റുകൾ, മരവിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റു മരുന്നുകൾ, മയക്കുമരുന്നുകൾ, അട്രോപ്പിനുകള്‍, ചാരായം മുതലായവ കൊണ്ടുള്ള വിഷബാധയിൽ കാണുന്നു. 4.നടത്തയിൽ അസമാനത അമോണിയ, ബോറിക് അമ്ലം, കാർബൺ മോണോക്സൈഡ്, കറുത്തീയം, നൈട്രേറ്റുകളും നൈട്രൈറ്റുകളും, നിക്കോട്ടിൻ എന്നിവ കൊണ്ടുളള വിഷബാധയിൽ കാണുന്നു.
5.കണ്ണിലെ കൃഷ്ണമണി വികസിക്കുക അട്രോപ്പിന്‍, സ്ട്രാമോണിയം, നിക്കോട്ടിൻ മുതലായവ കൊണ്ടുള്ള വിഷബാധയിൽ, 6,കണ്ണിലെ കൃഷ്ണമണി സങ്കോചിക്കുക ഓപ്പിയം, പെലോ കാർപ്പിൻ, ഫൈസാ സ്റ്റിഗ് മീൻ മൂതലായവ കൊണ്ടുള്ള വിഷബാധ. 7.മന്ദഗതിയിലുള്ള ശ്വാസോച്ഛ്വാസം സെലീനിയം, അട്രോപ്പിൻ, മോഹനിദ്രയുണ്ടാക്കുന്ന മരുന്നുകൾ മുതലായവ കൊണ്ടുള്ള വിഷബാധ. 8,ശ്വസനക്ലേശം
കാർബൺ മോണോക്സൈഡ്,സയനൈഡുകള്‍,ഹൈഡ്രജന്‍,മുതലായവ കൊണ്ടുള്ള വിഷബാധ
9.മുടന്തന്‍
ഫ്ലൂറിന്‍,സെലീനിയം, എർഗട്ട് എന്നിവകൊണ്ടുളള വിഷബാധയിൽ ഇത് കൂടാതെ ഉച്ഛ്വാസ വായുവിന്റെ ഗന്ധം വിഷബാധയുടെ ഹേതു നിര്‍ണ്ണയത്തെ സഹായിക്കുന്നു. . ഫീനോൾ, ക്രിയോസോട്ട് എന്നിവകൊണ്ടുള്ള വിഷബാധയിൽ കടുത്ത പച്ചനിറത്തിലും ഫീനോത്തയാസോൺ വിഷബാധയിൽ ചുവപ്പു നിറത്തിലും ഫീനാസിറ്റിൻ, പികറിക് അമ്ലം, സാന്റോണിൻ എന്നിവകൊണ്ടുള്ള വിഷബാധയിൽ മഞ്ഞനിറത്തിലുമായിരിക്കും മൂത്രം പോവുക.
പോവുക.
പ്രഥമശുശ്രൂഷ
വിഷബാധയേറ്റ കന്നുകാലികൾക്കും കാരണം മനസ്സിലാക്കി ഉചിതമായ ചികിത്സ എത്രയും പെട്ടെന്നു കൊടുക്കുകയാണു വേണ്ടത്. . ഇതിനായി എത്രയും വേഗം അടുത്തുള്ള ഒരു വെറ്റെറിനറി ഡോക്ടറെ കാണുകയാണ് ഉചിതം . ഇതിന് കഴിയാത്ത സാഹചര്യങ്ങളിലും ഡോക്ടർ വന്നെത്താൻ വൈകുമെന്നുള്ള സാഹചര്യത്തിലും ഒരു സാധാരണ കർഷകൻ എന്താണ് ചെയ്യേണ്ടത് എന്നതു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചോദ്യമാണ് ഈ സാഹചര്യങ്ങളിൽ താഴെപ്പറയുന്നവ പ്രഥമശുശ്രൂഷയായി ചെയ്യാവുന്നതാണ്.
1. കൂടുതൽ വിഷവസ്തു ഉളളിൽ കടക്കുവാനുള്ള സാധ്യതകൾ ഒഴിവാക്കുക.
വിഷബാധയ്ക്കു ഹേതുവെന്നു സംശയിക്കപ്പെടുന്ന വസ്തുവിനെ മൃഗങ്ങളുടെ സമീപത്തു നിന്ന് മാറ്റണം.. മറ്റു മൃഗങ്ങളുടെ കൂട്ടത്തിൽ നിന്ന് മാറ്റി ബാധയുള്ളവയെ വായുസഞ്ചാരമുള്ള സ്ഥാനങ്ങളിൽ നിർത്തണം. ഭക്ഷണം, വെള്ളം എന്നിവയിൽക്കൂടെ വിഷവസ്തു ഉളളിൽ കടക്കാവുന്നതു കൊണ്ട് മുമ്പു കൊടുത്തുകൊണ്ടിരുന്നവ മാറ്റി ശുദ്ധമായ ആഹാരവും വെള്ളവും കൊടുക്കണം.
2.വിഷവസ്തുവിന്റെ ആഗിരണത്തെ തടയുക
തൊലിക്കു പുറമേ വിഷവസ്തു പുരളുന്നതു കൊണ്ടാണ് വിഷബാധയുണ്ടാകുന്ന
തെങ്കിൽ ചെറുചൂടുള്ള സോപ്പുവെള്ളം കൊണ്ട് പുറം വൃത്തിയായി കഴുകിക്കളയുക. പന്നി, പട്ടി, പൂച്ച എന്നീ മൃഗങ്ങൾക്കാണെങ്കിൽ ആമാശയത്തിലുള്ള വിഷവസ്തുവിനെ പുറത്തു ചാടിക്കുവാൻ ഛർദിപ്പിക്കുവാനുള്ള മരുന്നു കൊടുക്കുക .പന്നിക്കാണെങ്കില്‍ ഒരു സ്പൂണ്‍ കടുക് അരച് ഒരു കപ്പു വെള്ളത്തില്‍ ചേര്‍ത്തു കുടിപ്പിച്ചാല്‍ മതി. കറിയുപ്പ് സാന്ദ്രത കൂട്ടി കലക്കിയ ലായനി പട്ടിയെ കുടിപ്പിച്ചാല്‍ ഛര്‍ദി ഉണ്ടാകും.പൂച്ചക്കും ഉപ്പുലായനിയില്‍ മതിയാകും.
പശു, എരുമ, ആട് എന്നിവയിൽ ഛർദിപ്പിക്കുന്ന മാർഗം സ്വീകരിക്കാൻ പറ്റില്ല.എന്നാല്‍ വിഷവസ്തുവിന്റെ ആഗിരണം തടയുവാന്‍ തിളപ്പിച്ചാറ്റിയ സാന്ദ്രമായ
തേയിലയോ കാപ്പിയോ കുടിപ്പിക്കുകയോ ‘കറ്റച്ചു’ ചേർത്ത കഞ്ഞിവെള്ളം കൊടുക്കുകയോ ചെയ്യുന്നതു നല്ലതാണ്.
3.വിഷവസ്തുവിനെ നിർവീര്യമാക്കൽ
അന്നപഥത്തിൽ പ്രകോപനം ഉണ്ടാക്കുന്ന വിഷവസ്തുവിൽ നിന്ന് ആമാശയം, ചെറുകുടൽ എന്നിവയെ രക്ഷിച്ച് വിഷവസ്തുവിന്റെ ആഗിരണത്തെ കുറയ്ക്കുവാൻ സംരക്ഷകങ്ങൾ ഉള്ളിലേക്കു കൊടുക്കുന്നതു നല്ലതാണ്. ബാർലിവെളളം, ഒലീവെണ്ണ, ആവണക്കെണ്ണ, പാല്, പാലും മുട്ടയും ചേർത്ത മിശ്രിതം എന്നിവയും സംരക്ഷകങ്ങളായി ഉപയോഗിക്കാം. . എന്നാൽ, ഫോസ്ഫറസ്, ഓർഗനോഫോസ്ഫറസ് എന്നിവകൊണ്ടുള്ള വിഷബാധയിൽ എണ്ണയുടെ അംശം ഉളളിലേക്കു കടക്കാൻ പാടില്ല. . ഫോസ്ഫറസ് അടങ്ങിയ വിഷവസ്തുക്കളുടെ ആഗിരണത്തെ എണ്ണ ത്വരിതപ്പെടുത്തുന്നു. ഇങ്ങനെയുള്ള വിഷബാധയിൽ നേർപ്പിച്ച തുരിശുലായനി കുടിപ്പിക്കുന്നതു നല്ലതാണ്. മയക്കവും തളർച്ചയും ഉണ്ടാക്കുന്ന ലക്ഷണങ്ങളോടുകൂടിയ വിഷബാധയിൽ, സാന്ദ്രമായ തേയിലയോ കാപ്പിയോ കുടിപ്പിക്കാം.കോച്ചിവലിക്കൽ, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ വിഷബാധയിൽ മയക്കുമരുന്നുകൾ കൊടുക്കുന്നതു നല്ലതാണ്.
പട്ടിക 1
വിഷവസ്തുക്കളും അവയെ നിര്‍വീര്യമാക്കാനുള്ള പ്രതിവിഷ മരുന്നുകളും
ക്രമ നമ്പര്‍ |
വിഷവസ്തു |
പ്രതിവിഷമരുന്ന്‍ |
1 |
ആൽക്കലോയിഡുകൾ |
റ്റാനിക് അമ്ലം, കടുപ്പമേറിയ ചായ, കാപ്പിഎന്നിവ |
2 |
ക്ഷാരങ്ങൾ |
സസ്യജനകഅമ്ലങ്ങൾ, നേർപ്പിച്ച അസെറ്റിക് അമ്ലം, സിട്രിക് അമ്ലം,റ്റാനിക് അമ്ലം, വെള്ളം ചേർത്ത വിനാഗിരി, എണ്ണകൾ, സംരക്ഷകങ്ങൾ |
3 |
അമോണിയ |
അസെറ്റിക് അമ്ലം, വിനാഗിരി, എണ്ണകൾ, സംരക്ഷകങ്ങൾ |
4 |
ആന്റിമണി |
റ്റാനിനും വയറിളക്കുന്നതിനുള്ള മരുന്നും കടുപ്പമേറിയ തേയില, ചണയെണ്ണയും മറ്റെണ്ണകളും |
5 |
ആഴ്സനിക് |
സോഡിയം തയോസൾഫേറ്റ്, ഫെറിക് ഹൈഡ്രറ്റ് |
6 |
ഉമ്മത്തിൻകായ്, അട്രോപ്പിൻ |
ഛർദിപ്പിക്കുന്ന മരുന്നുകൾ, ഓപ്പിയം, കഫീൻ തൊലിക്കടിയിൽ കുത്തിവയ്ക്കുക |
7 |
ബാർബിട്രേറ്റ് |
NP13, ലെപ്റ്റാസോൾ, പിക്റോടോക്സിൻ ഇവയിൽ ഏതെങ്കിലും ഒന്ന് |
8 |
കാർബോളിക് അമ്ലം |
മുട്ടയുടെ വെള്ള, ചുണ്ണാമ്പു വെള്ളം, സോഡിയം സൾഫേറ്റ്, കടുപ്പമേറിയ തേയില, ആവണക്കെണ്ണ എന്നിവ |
9 |
ബ്ലീച്ചിങ് പൗഡർ |
ഛർദിപ്പിക്കുവാനുള്ള മരുന്നുകൾ, മുട്ടയുടെ വെള്ള ,പാല് |
10 |
ക്ലോറോഫോം |
പ്രസ്സിക് അമ്ലം, അമോണിയ അടങ്ങിയ നീരാവി, ശുദ്ധമായ വായു, കൃത്രിമ ശ്വാസോച്ഛ്വാസം, ഹൃദയോദ്ദീപക മരു |
11 |
ചെമ്പ്(നീലത്തുരിശ്) |
പൊട്ടാസിയം ഫെറോ സയനൈഡ്, വയറിളകുന്നതിനുള്ള മരുന്നു ചേർത്ത എണ്ണകൾ, ക്ഷാരങ്ങൾ, സംർക്ഷകങ്ങൾ |
12 |
സയനൈഡ് |
അമൈൽ നൈട്രേറ്റ്, നീരാവി, സോഡിയ തയോസൾഫേറ്റും ചേർത്ത ലായനി സിരീയമായി കുത്തിവയ്ക്കുകയോ കുടിപ്പിക്കുകയോ ചെയ്യുക, കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. |
13 |
അയൊഡിൻ |
സ്റ്റാർച്ചു ലായനിയെ തുടർന്നു ബാർലിക്കഞ്ഞികൊടുക്കുക. |
14 |
ഇരുമ്പ് |
സോഡിയംകാർബണേറ്റ്, മഗ്നീഷ്യംകാർബണേറ്റ്, |
15 |
കറുത്തീയം |
മഗ്നീഷ്യം സള്‍ഫേറ്റ്, സോഡിയം സള്‍ഫേറ്റ്,പാല്,കാല്‍സിയം,ഡൈസോഡിയം ആഴ്സനേറ്റ് സിരീയമായി കുത്തിവയ്ക്കുക. |
16 |
രസം |
മുട്ട,ഗോതമ്പ്പൊടി,സ്റ്റാര്‍ച്ച്,പാല്, മഗ്നീഷ്യം സള്‍ഫേറ്റ്. |
17 |
ഫോസ്ഫറസ് |
ഛർദിക്കുവാനുള്ള മരുന്നുകള്‍,ടര്‍പ്പന്റയിന്‍,മൃദു പാനീയങ്ങള്‍, |
18 |
ഓര്‍ഗനോഫോസ്ഫറസ് |
അട്രോപ്പിന്‍ സള്‍ഫേറ്റ് |
19 |
നാകം |
പാല്,മുട്ടയുടെ വെള്ള,തണുത്ത വെള്ളം,റ്റാനിന്‍ |
പ്രഥമശുശ്രൂഷയായി ചില സംഗതികൾ മുകളിൽ വിവരിച്ചിട്ടുണ്ടെങ്കിലും എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ചികിത്സിപ്പിക്കുകയാണു വേണ്ടത്. പ്രഥമദൃഷ്ട്യാ വിഷബാധയുടെ ഹേതു കണ്ടുപിടിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ വിഷബാധയ്ക്കുള്ള പൊതു ചികിത്സകൾ നടത്താം. . അഞ്ചു ശതമാനം ഗ്ലൂക്കോസ് ലായനി കാൽസിയവുമായി ചേർത്ത് സിരീയമായും ആന്റിഹിസ്റ്റമിനുകൾ, കോർട്ടിസോൺ, വിറ്റാമിൻ-ബി കൂട്ടുകൾ എന്നിവ പേശീയമായും കുത്തി വയ്ക്കാം.. കൂടാതെ ലക്ഷണയുക്തമായ ചികിത്സകളും നൽകണം.
വിഷബാധമൂലം അക്രമാസക്തമായ മൃഗങ്ങൾക്കും കോച്ചിവലിക്കൽ, അപസ്മാരം മുതലായ ലക്ഷണങ്ങൾ ഉള്ളവയ്ക്ക് മയക്കുമരുന്നുകളും തളർച്ച, മയക്കം മുതലായ ലക്ഷണങ്ങൾ ഉള്ളവയ്ക്ക് ഉദ്ദീപിപ്പിക്കുന്ന മരുന്നുകളും നൽകണം. വിഷബാധയുടെ ഹേതു മനസ്സിലാക്കി അതിനെ നിർവീര്യമാക്കുവാനുളള പ്രത്യേക മരുന്നു കൊടുക്കുക എന്നതാണ് വിഷചികിത്സയിൽ പ്രധാനം. ഇത്തരം ചില മരുന്നുകളെക്കുറിച്ചാണ് പട്ടിക 1 ൽ.
കറുത്തീയവും ഒത്തിരി കാര്യങ്ങളും
വളർത്തുമൃഗങ്ങളിൽ ഈയം അഥവാ കറുത്തീയം കൊണ്ടുളള വിഷബാധ ഉണ്ടാകാം.അപൂർവമാണെങ്കിലും ഇത്തരം വിഷബാധയേറ്റാല്‍ മരണം നൂറുശതമാനവും നിശ്ചയമാണ്. ഈയത്തിന്റെ വിവിധ രാസരൂപങ്ങളിലേതെങ്കിലും ഉള്ളിലേക്കു കടക്കാനിടയായാൽ ഒരു ഭാഗം കുടലിൽ നിന്നു രക്തത്തിലെക്ക് ആഗിരണം ചെയ്യപ്പെടുകയും മറ്റൊരു ഭാഗം മലത്തിൽ കൂടെ പുറത്തേക്കു കടക്കുകയും ചെയുന്നു. രക്തത്തിലേക്കു പ്രവേശിച്ചഈയത്തിന്റെ അംശം പാൽ, മൂത്രം മുതലായവയിൽകൂടി പുറത്തേക്ക്
വിസർജിക്കപെടും. തീവ്രസ്വഭാവമുള്ള വിഷബാധയിൽ ഈയത്തിന്റെ അംശം കരള്‍, വൃക്ക മുതലായ അവയവങ്ങളിൽ അടിയുന്നു. തുടർച്ചയായുള്ള വിഷബാധയിൽ അസ്ഥിയിലും ഇതുപോലെ പറ്റിപ്പിടിക്കുന്നു. ഒരു കിലോ ശരീരഭാരത്തിനു 0.15-0.25 മില്ലിഗ്രാം എന്ന കണക്കിനു ഈയത്തിന്റെ അംശം ഉളളിൽ പ്രവേശിക്കാനിടയാകുന്നത് ജീവഹാനിയുണ്ടാക്കും. സാധാരണയായി ഈയത്തിന്റെ അംശം കലർന്നപെയിന്റുകൾ,ഈയലോഹത്തിന്റെ അംശം എന്നിവയിൽക്കൂടെയാണ്വിഷബാധയുണ്ടാകുന്നത്.പെയിന്റടിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന ടിൻ. ഈയം അടങ്ങിയപെയിന്റ് പൂശിയ കമ്പിവേലികൾ, ബോർഡുകൾ, തൊഴുത്തിന്റെ ഭിത്തി എന്നിവയിൽ കാലികൾ നക്കാൻ ഇടയായാൽ ഈയത്തിന്റെ അംശം ഉളളിൽ പ്രവേശിക്കും. കാർ ബാറ്ററി, ഈയഉണ്ടകൾ മുതലായവ അപൂര്‍വമായിട്ടാനെങ്കിലും കാലികളിൽ വിഷബാധയുണ്ടാക്കാറുണ്ട്. മോട്ടോർവാഹനങ്ങളിൽ ഉപയോഗിക്കുന്ന എണ്ണകളിൽ ഈയത്തിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത്തരം 100 മില്ലിലിറ്റർ എണ്ണയിൽ 500 മി. ഗ്രാം വരെ കറുത്തിയം അടങ്ങിയിരിക്കുന്നു. ഖനിജ എണ്ണകളും മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എണ്ണകളും കന്നുകാലികൾക്കു രുചികരമായ പാനീയമാണ്. ആയതിനാൽ കാലികൾക്ക് ലഭ്യമാകാത്തവിധം ഇവയെ മാറ്റി സൂക്ഷിക്കേണ്ടതാണ്. ഈയം അടങ്ങിയ കീടനാശിനികൾ, ജലവിതരണത്തിനുപയാഗിക്കുന്നഈയ പപ്പുകൾ പൊടിഞ്ഞു കലരുന്ന ജലം എന്നിവ കലർന്ന ഭക്ഷണം വാഹനങ്ങളുടെ പുകകലർന്ന വസ്തുക്കളുംവാഹനങ്ങളുടെ പുകതട്ടി റോഡരുകിൽ വളരുന്ന ചെടികളും ധാരാളമായി കഴിക്കുക;എന്നീ കാരണങ്ങൾ കൊണ്ടും കന്നുകാലികളിൽ ഇത്തരം വിഷബാധ ബാധയുണ്ടാകാം. അന്നനാളത്തിലേക്കു കടക്കുന്ന ഈയത്തിന്റെ ലവണം അവിടെ രൂക്ഷമായ പൊള്ളലുണ്ടാക്കുന്നു.തൽഫലമായി അതികലശലായ വയറിളക്കമുണ്ടാകും. കൂടാതെ കരൾ, വൃക്ക മുതലായ അവയവങ്ങളിലെ പേശികളിൽ ക്ഷതികങ്ങൾ ഉണ്ടായിരുന്നു. മനുഷ്യനിലും നായ്ക്കളിലും ഇത്തരം വിഷബാധ കൊണ്ട് മോണയും പല്ലും തമ്മിൽ യോജിക്കുന്ന സ്ഥലങ്ങളിൽ നീലനിറത്തിലുള്ള‘’ഈയവരകൾ’’കാണാറുണ്ട്. എന്നാൽ കന്നുകാലികളിൽ ഇത്തരം ഈയ വരകൾ കാണാറില്ല. തീവൃമായ വിഷബാധയിൽ ലക്ഷണങ്ങൾ കണ്ട്12-14 മണിക്കൂറിനകം മരണമുണ്ടാകും. വിഷബാധയേറ്റ കന്നുക്കുട്ടികളിൽ ശരീരമാകെ വിറയൽ തലയിലേയും കഴുത്തിലേയുംമാംസപേശികളില്‍ കിടുകിടുപ്പ്, പല്ലുകൾ കൂട്ടിയിറുമ്മി ചവയ്ക്കല്‍, വായിൽ നിന്നു പത ചാടല്‍, കണ്ണിലെ കൃഷ്ണമണി വികസിക്കൽ ദൃഷ്ട്ടിഗോളത്തെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കല്‍,ഉച്ചത്തില്‍ നിലവിളിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. ക്രമേണ നിലംപതിക്കു കയും ഇടവിട്ടും തുടർച്ചയായുമുള്ള സന്നിയുടെ ലക്ഷണങ്ങൾ കാണിക്കുകയും മരണമുണ്ടാകുകയും ചെയ്യുന്നു. എന്നാൽ പ്രായമായ ചില കന്നുകാലികൾ ഭ്രാന്തിന്റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഭിത്തികളിൽ ചാടിക്കയറുക. തല തൂണിലും ഭിത്തിയിലും ചേർത്ത് വച്ച് അമർത്തുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന മ്യഗം മനുഷ്യനെ ആക്രമിക്കാനും മുതിരാറുണ്ട്. എന്നാല്‍ ഇവ നടക്കുന്നത് കാലുകൾ യഥാസ്ഥാനങ്ങളിൽ വച്ചായിരിക്കുകയില്ല. സന്നിയുടെ ലക്ഷണങ്ങൾ കാണിച്ച് അധികം താമസിയാതെ മൃഗം അന്ത്യശ്വാസം വലിക്കുന്നു. തീവൃത കുറഞ്ഞ വിഷബാധയിൽ മ്യഗം മൂന്നു നാലു ദിവസം വരെ ജീവിച്ചിരിക്കും ഉന്മേഷമില്ലായ്മ, വിശപ്പില്ലായ്മ, കാഴ്ചക്കുറവ്, നടത്തയില്‍ അസമാനത, വിറയൽ, ചിലപ്പോൾ വട്ടത്തിൽ നടക്കൽ, ശരീരമാകെ വിറയൽ, പേശികളിൽ കിടുകിടുക്കം, കമാതീതമായ സ്പർശനേന്ദ്രിയ ചേതന മുതലായവ കാണുന്നു. പല്ലിറുമ്മുക, വായിൽ നിന്നു വെള്ളം ചാടുക, വയറുവേദന യുണ്ടാവുക, ആദ്യഘട്ടത്തിൽ മലബന്ധവും പിന്നെ നാറ്റമുള്ള വയറിളക്കമുണ്ടാകുക, തീറ്റ തിന്നാതെയും വെള്ളം കുടിക്കാതെയുമിരിക്കുക മുതലായ ലക്ഷണങ്ങൾ പര്യവസാനിക്കുന്നത് കാലിയുടെ മരണത്തിലായിരിക്കും. കന്നുകാലിയുടെ തലച്ചോറിലുണ്ടാകാവുന്ന മറ്റു രോഗങ്ങൾ, തലച്ചോറിലെ രക്തസ്രാവം, വിറ്റാമിൻE, കാൽസിയം-മഗ്നീഷ്യം എന്നിവയുടെ കുറവ് കൊണ്ടുണ്ടാകാവുന്ന രോഗങ്ങൾ മുതലായവയിലും ഇത്തരം വിഷബാധയോടു സാമ്യമുള്ള ചില ലക്ഷണങ്ങൾ കാണിക്കാവുന്നതുകൊണ്ട് സാഹചര്യങ്ങളും ലക്ഷണങ്ങളും മനസ്സിലാക്കി വേണം രോഗനിർണയം നടത്തേണ്ടത്.
തിവ്രമായ വിഷബാധയിൽ ചികിത്സകൊണ്ട് കാര്യമായ ഗുണമുണ്ടാകുന്നില്ല. മയക്കുമരുന്നുകൾ സിരീയമായി കുത്തിവയ്ക്കുന്നതു കൊണ്ടു സന്നിയുടെ ലക്ഷണങ്ങൾക്ക് താൽക്കാലികമായി ശമനമുണ്ടാകും.ഈയത്തിന്‍റെ അംശം ഉള്ളിൽ കടന്നുവെന്നു മനസ്സിലാക്കിയാൽ ആമാശയത്തിന്‍റെപ്രഥമ അറയായ റൂരമൻ ശസ്ത്രക്രീയയിലൂടെ തുറന്ന് വിഷബാധയ്ക്കു ഹേതുവായ വസ്തുക്കളെ നിക്കം ചെയ്യാവുന്നതാണ്. ഭേദി ഉപ്പ് (മഗ്നീഷ്യം സൾഫേറ്റ്) ഉള്ളിലേക്ക് കൊടുക്കുന്നത് അകത്തുകടന്ന ഈയത്തിന്റെ അംശത്തെ അപക്ഷേപകത്വം കൊണ്ടു ലയിക്കാത്ത ലവണങ്ങളാക്കി മാറ്റുന്നു. കാല്‍സിയം ആഴ്സനേറ്റ് 12.5 ശതമാനം വീര്യത്തിൽ സിരീയമായി കുത്തിവയ്ക്കുകയും അത് തുടരുകയും ചെയ്യുന്നതിലൂടെ 5-15 ദിവസത്തെ ചികിത്സകൊണ്ട് വിഷബാധയിൽ നിന്നു മ്യഗങ്ങളെ രക്ഷിക്കാൻ കഴിഞ്ഞെക്കും.
ജലത്തില്‍ക്കൂടെ വ്യാപിക്കുന്ന പച്ചവാതകം
ഹരിതഗണത്തിലുല്‍പ്പെട്ട ഇളംപച്ചനിറത്തിലുള്ള ഒരു വാതകമാണ് ഫ്ലൂറിന്‍.പാറക്കെട്ടുകള്‍ക്കുല്ലിലാണ് ഉണ്ടാകുന്നതെങ്കിലും അതു സമീപത്തു കൂടെ ഒഴുകുന്ന വെള്ളത്തില്‍ കൂടെ വ്യാപിച് ദൂരസ്ഥലങ്ങളില്‍ എത്തുന്നു.ഇത്തരം വെള്ളം കുടിക്കുന്നതുവഴി മനുഷ്യരുടെയും മൃഗങ്ങളുടെയും ഉളളിൽ പച്ചവാതകം കടക്കാറുണ്ട്. കൂടാതെ ഇതു മണ്ണിൽ അലിഞ്ഞു ചേരുകയും ചെയ്യുന്നു. ഭക്ഷണവസ്തുക്കളില്‍ കൂടെയോ ജലത്തില്‍ കൂടെയോ ഈ പച്ചവാതകത്തിന്റെ അംശം ഉള്ളിലേക്ക് കടക്കുന്നു.ഫോസ്ഫറസിന്റെ കുറവുനികത്താന്‍ കാലികള്‍ക്കു വിലകുറഞ്ഞ റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവ കൊടുക്കാറുണ്ട്.ഇത്തരം ഫോസ്ഫേറ്റില്‍ 3 മുതല്‍ 4ശതമാനം വരെ ഫ്ലൂറിന്‍ അംശം അടങ്ങിയിരിക്കുന്നു.ഉപരിതലജലം,ആഴമുള്ള കിണറ്റിലെ വെള്ളം,കുഴല്‍കിണറിലെ വെള്ളം എന്നിവയില്‍ ഫ്ലൂറിന്റെഅംശം സാധാരണയായി കാണാറുണ്ട്.
ഖരാഹാരത്തില്‍കൂടി പതിനായിരത്തിനു ഒരു ഭാഗം എന്ന കണക്കിന് ഫ്ലൂറിന്റെ അംശം ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു.ഇതിലും കുറഞ്ഞ അളവില്‍ ഫ്ലൂറിന്‍ ശരീരത്തില്‍ പ്രവേശിപ്പിക്കുന്നതുകൊണ്ട് ദന്തക്ഷതികങ്ങള്‍ ഉണ്ടാകുമെങ്കിലും കന്നുകാലികളുടെ ഉത്‌പാദനത്തെ സാരമായി ബാധിക്കുന്നില്ല.ചെനയുള്ള മൃഗങ്ങളില്‍ ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്നു-നാലുമാസം ഉള്ളിലേക്കുകടക്കുന്ന ഫ്ലൂറിന്റെഅംശം ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കുന്നു.
ചില സ്ഥലങ്ങളിലെ മണ്ണില്‍ ഫ്ലൂറിന്റെ അംശം കൂടുതലായി ഉണ്ടെങ്കിലും വളരെ കുറച്ചു സസ്യങ്ങള്‍ മാത്രമേ ഇത് ആഗിരണം ചെയ്യുന്നുള്ളൂ.എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ കെട്ടികിടക്കുന്ന വെള്ളം കുടിക്കുന്നതുകൊണ്ടോ മലിനമായ ചെടികള്‍ ഭക്ഷിക്കുന്നതുകൊണ്ടോ വിഷബാധയുണ്ടാകാം.
ഭക്ഷണപദാര്‍ഥങ്ങളില്‍കൂടെയോ കുടിക്കുന്ന വെള്ളത്തില്‍ കൂടെയോ ഉള്ളില്‍ പ്രവേശിക്കുന്ന ഫ്ലൂറിന്‍ പാചനേന്ദ്രിയത്തിലെ അവയവങ്ങള്‍ക്കൊരു പ്രകോപനവസ്തുവായി പ്രവര്‍ത്തിക്കുന്നു.ക്രമേണ ഇത് നാടീവ്യൂഹത്തെ ബാധിക്കുകയും പെട്ടെന്ന് മരണമുണ്ടാവുകയും ചെയ്യുന്നു.എന്നാല്‍ ചെറിയ അളവില്‍ വിഷവസ്തു ഉള്ളിലേക്കു പ്രവേശിപ്പിക്കുമ്പോള്‍ ദീര്‍ഘസ്ഥായിയായ ലക്ഷണങ്ങള്‍ കാണിക്കുന്നു.ഫ്ലൂറിന്‍എല്ലിലും പല്ലിനും പറ്റിക്കൂടുന്നു.ക്രമേണ ശരീരത്തില്‍ ഫ്ലൂറിന്റെഅളവ് കൂടിവരുന്നതോടെ രക്തത്തിലേക്കും മൂത്രത്തിലേക്കും വ്യാപിക്കുന്നു.ഈ ഘട്ടത്തില്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു.
ദീഘസ്ഥായിയായ വിഷബാധയുടെ ലക്ഷണങ്ങളില്‍ പ്രധാനം മുടന്തലും വളര്‍ച്ചമുരടിക്കലുമാണ്.ഫ്ലൂറിന്റെഅംശം അസ്ഥികളില്‍ പറ്റിപിടിക്കുന്നതിനാല്‍സന്ധികള്‍ വളക്കാന്‍ കഴിയാതെയാവുന്നു.കാലിലും കൈയിലുംരൂക്ഷമായ വേദനയുള്ളതുകൊണ്ട് നടക്കുമ്പോള്‍ മുടന്തുകാണുന്നു.ഈ സമയത്ത് അസ്ഥികളില്‍ ഒടിവും ചതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.കൂടാതെ പല്ലുകളില്‍ വിവിധ വര്‍ണത്തിലുള്ള പൊട്ടുകളും നേരിയ വരകളും പ്രത്യക്ഷപെടുന്നു. പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്ന ഭാഗത്ത് പല്ലിന്‍റെ ഇനാമല്‍ അടര്‍ന്നുപോവുകയും തേയ്മാനമുണ്ടാകുന്ന ഭാഗത്ത് നിരപ്പില്ലാതെയാകുകയും ചിലപ്പോള്‍ പല്ല് പൊഴിഞ്ഞുപോവുകയും ചെയ്യുന്നു. അതികലശലായ പല്ലുവേദന അനുഭവപ്പെടുന്നതിനാല്‍ മൃഗങ്ങള്‍ക്ക് ആഹാരം ചവച്ചരച്ചു തിന്നാല്‍ കഴിയാതെയാകുന്നു.
വിഷബാധയുടെ കാഠിന്യം കൂടുന്നതോടെ കുടൽവീക്കം, തീറ്റതിന്നാതിരിക്കൽ, ഛർദി, വയറിളക്കം, അയവിറക്കാതിരിക്കൽ, ശ്വസനക്ലേശം മുതലായ ലക്ഷണങ്ങൾ കാണിക്കുന്നു. വിഷബാധ നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ ശരീരമാകെ വിറയലുണ്ടാകും. കണ്ണിലെ കൃഷ്ണമണി വികസിക്കുകയും സന്നിയുടെ ലക്ഷണങ്ങൾ കാണിച്ചു മരണമടയുകയും ചെയ്യും.
ഫോസ്ഫറസ്, കാൽസിയം, വിറ്റാമിൻ ഇ എന്നിവയുടെ കുറവുകൊണ്ടുണ്ടാകാവുന്ന രോഗങ്ങളിൽ നിന്ന് ഫ്ളൂറിൻ വിഷബാധയെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ദന്തക്ഷതികങ്ങൾ കൂടുതലായി കാണപ്പെടുന്നത് ഫിൽറിൻ വിഷബാധയിൽ മാത്രമാണ്. ആയതിനാൽ രോഗനിർണയത്തിന് ബുദ്ധിമുട്ടുണ്ടാകാറില്ല.
ലക്ഷണയുക്തമായ ചികിത്സകൾ കൊടുക്കുന്നതിനു പുറമെ ഫ്ളൂറിന്റെ അംശം ശരീരത്തിലേക്ക് കടക്കുവാൻ കാരണമായ വസ്തുവിനെ തിരിച്ചറിഞ്ഞ് മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യണം. ദിവസവും 30 ഗ്രാം അലൂമിനിയം സൾഫേറ്റ് ഉളളിലേക്ക് കൊടുക്കുന്നതു ഫലപ്രദമായ പ്രതിരോധ മാർഗമാണ്. കാൽസിയവും ഗ്ലൂക്കോസ് ലായനിയും സിരീയമായി കുത്തിവയ്ക്കുന്നത് കൊണ്ട് സന്നിയുടെ ലക്ഷണങ്ങൾ കുറഞ്ഞുകിട്ടും.
കുടിക്കുന്ന വെള്ളത്തിൽ നീറ്റുചുണ്ണാമ്പു ചേർക്കുന്നതുകൊണ്ട് ഫ്ലൂറിന്‍റെ അംശം ഗണ്യമായി കുറയ്ക്കുവാൻ കഴിയും. ഒരു ദശലക്ഷത്തിൽ 500 മുതൽ 1000 ഭാഗം എന്ന കണക്കിന് നീറ്റുചുണ്ണാമ്പ് വെള്ളത്തിൽ ചേർത്തു ആറു ദിവസം വരെ തെളിയുവാൻ വച്ചിട്ട് ഉപയോഗിക്കുന്നതിലൂടെ ഫ്ളൂറിന്റെ അംശം കുറയ്ക്കാം.
ചെമ്പിന്റെ ചാരൻ
ക്രോമിയം വർഗത്തിൽപ്പെട്ടതും വെള്ളനിറത്തിലുള്ളതുമായ ഒരു ലോഹമൂലകമാണ് മോളിബ്ഡനം. മ്യഗങ്ങളുടെ ശരീരത്തിലുള്ള ചെമ്പിന്റെ അംശത്തെ കുറയ്ക്കുകയും തുടർച്ചയായുള്ള വയറിളക്കം, രോമങ്ങളുടെ വർണം കെടൽ മുതലായവയുണ്ടാക്കുകയും ചെയ്യുന്ന മോളിബ്ഡനം വിഷബാധ ഉഗ്രവീര്യമുള്ളതല്ലെങ്കിലും കന്നുകാലികളുടെ ഉൽപ്പാദനക്ഷമതയെ ഗണ്യമായി ബാധിക്കുന്നു.
മോളിബിഡനത്തിന്റെ അംശം കൂടുതലായി അടങ്ങിയ മണ്ണിൽ വളരുന്ന ചെടികൾ കാലികൾ ഭക്ഷണിക്കുന്നതുകൊണ്ടാണ് ഇത്തരം വിഷബാധ കൂടുതലും ഉണ്ടാകുന്നത്. മോളിബ്ഡനം അടങ്ങിയ രാസവളങ്ങൾ ധാരാളമായി പ്രയോഗിക്കുന്നതുകൊണ്ടും മണ്ണിൽ ഇതിന്റെ അംശം കൂടാറുണ്ട്. ഒരു ദശലക്ഷത്തിൽ 10 ഭാഗം എന്ന തോതിൽ മോളിബ്ഡനം അടങ്ങിയിട്ടുള്ള പരുഷാഹാരങ്ങൾ ഉപയോഗിക്കുന്നതിന്റെ ഫലമായി മാസങ്ങൾക്ക് ശേഷം വിഷബാധയുണ്ടാകാം. ഒരു 30 ലക്ഷത്തിൽ 10-100 ഭാഗം മോളിബ്ഡനം ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കുളളിൽ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകും.
ശരീരത്തിന്റെ വളർച്ചയ്ക്കും വിവിധ പ്രവർത്തനങ്ങൾക്കും ഇരുമ്പ്, ചെമ്പ് എന്നിവയുടെ അംശം ആവശ്യമാണ്. ചെമ്പിന്റെ അംശം മൃഗങ്ങളുടെ കരളിലാണു സംഭരിച്ചു വച്ചിരിക്കുന്നത്. എന്നാൽ മോളിബ്ഡേനം ശരീരത്തിൽ അളവിൽ കൂടുതലായാൽ കരളിൽ സംഭരിച്ചു വച്ചിരിക്കുന്ന ചെമ്പിന്റെ അംശത്തെ പ്രതിബന്ധങ്ങൾകൊണ്ടു വികലമാക്കുന്നു. ശരീരത്തിലെ ചെമ്പിന്റെ ചാരനായി പ്രവർത്തിക്കുന്ന മോളിബ്ഡനം ക്യത്രിമമായി ചെമ്പിന്റെ കുറവുണ്ടാക്കുന്നു. ആയതിനാൽ വിഷബാധയേറ്റ മൃഗങ്ങൾ ചെമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
8-10 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായുള്ള വയറിളക്കമാണ് ലക്ഷണങ്ങളിൽ പ്രധാനം. കൂടാതെ മെലിച്ചിൽ, പരുപരുത്തതും ഉണങ്ങിയതുമായ ത്വക്ക്, പാലുൽപ്പാദനത്തിൽ ഗണ്യമായ കുറവ്, ശരീരത്തിലെ കറുത്തരോമങ്ങൾ ചെമ്പിക്കൽ (പ്രധാനമായി കണ്ണിനു ചുറ്റുമുള്ള രോമങ്ങൾ), കാൽ മുടന്തൽ, അനീമിയ, തളർച്ച എന്നിവ കാണിക്കുമെങ്കിലും തീറ്റയിൽ വലിയ മടുപ്പുണ്ടാകുന്നില്ല.
ചികിത്സാമാർഗങ്ങളിൽ മുഖ്യമായിട്ടുള്ളത് വിഷബാധയേറ്റ മൃഗത്തിനു ചെമ്പിന്റെ അംശം പ്രദാനം ചെയ്യുന്ന തുരിശ് കൊടുക്കുക എന്നതാണ്. കന്നുകാലികൾക്കു 2 ഗ്രാം എന്ന കണക്കിനും ആട്, ചെമ്മരിയാട് എന്നിവയ്ക്ക് 1.5 ഗ്രാം എന്ന കണക്കിനും തുരിശ് ദിവസവും കൊടുക്കുന്നതു കൊണ്ട് രോഗലക്ഷണങ്ങൾ ക്രമേണ അപ്രത്യക്ഷമാകുന്നുവെങ്കിൽ ചെമ്പിന്റെ കുറവു കൊണ്ടാണു രോഗമെന്നു തീർച്ചപ്പെടുത്താം.
കറിയുപ്പുകൊണ്ടുള്ള വിഷബാധ
സോഡിയം ക്ലോറൈഡ് എന്ന രാസനാമത്തിലാണല്ലോ കറിയുപ്പ് അറിയപ്പെടുന്നത്. ഉപ്പുകൊണ്ടു കന്നുകാലികളിൽ വിഷബാധയുണ്ടാകാനുള്ള സാഹചര്യം നമ്മുടെ നാട്ടിൽ വളരെക്കുറവാണ്. കാരണം ഉപ്പുവെള്ളത്തെ വളരേക്കൂടുതലായി ആശ്രയിച്ചു കഴിയണ്ട സാഹചര്യങ്ങളിൽ വളരുന്ന കന്നുകാലികളിലാണു ഇത്തരം വിഷബാധ കൂടുതൽ. അപൂർവമാണെങ്കിലും വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായാൽ മരണം നിശ്ചയമാണ്.
ഉപ്പിന്റെ അംശം വളരെ കൂടുതലായി ഉള്ളിലേക്കു ചെല്ലുന്നതുകൊണ്ട് പചനേന്ദ്രിയങ്ങളിൽ വീക്കവും തൽഫലമായി വയറിളക്കമുണ്ടാകുന്നു. ഉപ്പ് ധാരാളമായി ഉള്ളിലേക്കു ചെല്ലുന്നതിനനുസരിച്ചു വെള്ളം ഉളളിലേക്കു ചെല്ലുന്നില്ല എന്നതാണ് വിഷബാധയുണ്ടാകുന്നതിനുളള പ്രധാനം കാരണം.
പചനേന്ദ്രിയങ്ങളിൽ ഉപ്പ് ധാരാളമായി ഉള്ളപ്പോൾ ആമാശയം, കുടൽ മുതലായ അവയവങ്ങളിലെ ഓസ്മോട്ടിക മർദം കൂടുന്നു. തൽഫലമായി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ ജലാംശം ഇവിടേക്കു ആഗിരണം ചെയ്യപ്പെടുന്നു. തുടർച്ചയായുള്ള വയറിളക്കം കൊണ്ട് ഈ ജലം പുറത്തേക്ക് പോകുന്നു. തന്മൂലം അതികലശലായ നിർജലീകരണം ഉണ്ടാകും. പചനേന്ദ്രിയത്തിൽ നിന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഉപ്പിന്റെ അംശം നാഡീവ്യൂഹത്തെ ബാധിക്കുകയും വ്യാപകമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
തീവ്രവിഷബാധയിൽ ചോരയും കഫവും കലർന്ന വയറിളക്കം, ഛർദി, ഉദരവേദന, തീറ്റതിന്നാതിരിക്കൽ, കാഴ്ചക്കുറവ്, തളർച്ച മുതലായ ലക്ഷണങ്ങൾ കാണിച്ച് 24 മണിക്കൂറിനുള്ളിൽ മരണമുണ്ടാകുന്നു.
രോഗകാരണമായ വസ്തുവിനെ കന്നുകാലികളുടെ സമീപത്തു നിന്ന് നീക്കം ചെയ്യുക എന്നതാണ് (പഥമ ചികിത്സ. ലക്ഷണയുക്തമായ ചികിത്സകൾക്ക് പുറമെ വിഷബാധയേറ്റവയ്ക്ക് ഉപ്പുചേരാത്ത വെള്ളം ചെറിയ അളവിൽ ഇടയ്ക്കിടെ കൊടുക്കണം. രോഗം മൂർച്ഛിച്ചവയ്ക്ക് വെളിച്ചം കുപ്പിയിലെടുത്ത് കുടിപ്പിക്കുക. കൂടാതെ വയറിളക്കം തടയാനുള്ള മരുന്നുകൾ കൊടുക്കുന്നതും നല്ലതാണ്. വളർത്തുമൃഗങ്ങൾക്കു കൊടുക്കുന്ന വെളളത്തിൽ 0.5 ശതമാനത്തിൽ കൂടുതൽ ഉപ്പുചേരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കറിയുപ്പുകൊണ്ടുള്ള വിഷബാധ ഒഴിവാക്കാം.
സെലീനിയം വിഷബാധ
മണ്ണിൽ സെലീനിയത്തിന്റെ അംശം ധാരാളമായി അടങ്ങിയ പ്രദേശങ്ങളിൽ വളരുന്ന കന്നുകാലികളിലാണു സെലിനിയം വിഷബാധ കൂടുതല്‍. ഒരു ദശലക്ഷത്തിൽ 0.01 എന്ന കണക്കിന് സെലീനിയത്തിന്റെ അംശം അടങ്ങിയ മണ്ണിൽ നിന്നു വിഷബാധയുണ്ടാകാം. ഒരു ദശലക്ഷത്തിൽ 1200 ഭാഗം എന്ന കണക്കിന് സെലീനിയത്തിന്റെ അംശം അടങ്ങിയ മണ്ണ് കാണപ്പെടുന്നുണ്ടെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. മണ്ണിൽ 60-90 സെന്റിമീറ്റർ ആഴത്തിൽ ഉളള സെലീനിയം മാത്രമേ ചെടികൾ ആഗിരണം ചെയ്യുകയുള്ളൂ. ഇത്തരം ചെടികൾ കന്നുകാലികൾ ഭക്ഷിക്കുന്നതു കൊണ്ട് വിഷബാധയുണ്ടാകാം.
അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഗണ്യമായ തോതിൽ സെലീനിയം കലർന്ന മണ്ണുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദശലക്ഷത്തിൽ 1 0-40 ഭാഗം എന്ന കണക്കിന് സെലീനിയം അടങ്ങിയിട്ടുള്ള സസ്യവിളകൾ തുടർച്ചയായി കഴിക്കുന്നതുകൊണ്ട് ആഴ്ചകൾക്കുളിൽ ദീർഘസ്ഥായിയായ രോഗലക്ഷണങ്ങൾ ഉണ്ടാകും. ഒരു ദശലക്ഷത്തിൽ 200 ഭാഗമോ അതിലധികമോ സെലീനിയം അടങ്ങിയിട്ടുള്ള സസ്യവിളകൾ ഭക്ഷിക്കുവാൻ ഇടയായാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നു.
തീവ്രമായ സെലീനിയ വിഷബാധയേറ്റവർ അന്ധരായി അലഞ്ഞുതിരിയും. തല കട്ടിയുള്ള വസ്തുക്കളിൽ ചേർത്താൽ അമർത്തുന്നതും കാണാം. കഠിനമായ വയറുവേദനയുണ്ടാകും. ക്രമേണ തളർവാതം ഉണ്ടാകുകയും ശ്വസനക്ലേശം മൂലം മരണമടയുകയും ചെയ്യുന്നു. എന്നാൽ ക്രമേണയുള്ള വിഷബാധയിൽ ഉന്മേഷമില്ലായ്മ, മെലിച്ചിൽ, മുടന്ത് തുടങ്ങിയ ദീർഘസ്ഥായിയായ ലക്ഷണങ്ങൾ കാണിക്കുന്നു. തുടർന്ന് കുളമ്പും തൊലിയും തമ്മിൽ യോജിക്കുന്ന സ്ഥലത്ത് വീക്കമുണ്ടാകുന്നു. ക്രമേണ കുളമ്പ് ശരീരത്തിൽ നിന്നു വേർപെട്ട് അടർന്നുപോകുന്നു. ചിലപ്പോൾ വാലിന്റെ അഗ്രഭാഗത്തെ രോമം കൊഴിഞ്ഞുപോകുന്നതായും വാൽചീയൽ രോഗമുണ്ടാകുന്നതായും കാണുന്നുണ്ട്.
വിഷബാധയേറ്റവയുടെ മൂതം, പാൽ, രോമം എന്നിവയിൽ സെലിനിയത്തിന്റെ അംശം ഉണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. വിഷബാധയേറ്റ മൃഗങ്ങളുടെ മൂത്രത്തിൽ ഒരു ദശലക്ഷത്തിനു 3 ഭാഗം എന്ന കണക്കിന് സെലീനിയം കാണുകയുണ്ടായി. കൂടാതെ ഇവയുടെ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് താഴുന്നതായും കണ്ടു. മരണമടഞ്ഞ മൃഗങ്ങളുടെ കരള്‍, ശ്വാസകോശം, ഹ്യദയഭിത്തി എന്നിവയിൽ ക്ഷതികങ്ങളുമുണ്ടായിരുന്നു.
ഈയവിഷബാധ, തീവ്രമായ കരൾവീക്കം കൊണ്ടുള്ള രോഗങ്ങൾ, തലച്ചോറിലെ വീക്കം, വിറ്റാമിൻ A യുടെ കുറവ് മുതലായവയുടെ ലക്ഷണങ്ങളിൽ നിന്ന് സെലീനിയം വിഷബാധയെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
പൊട്ടാസിയം അയോഡൈഡ്, വിറ്റാമിൻ C മുതലായ പല മരുന്നുകളും സെലിനിയം വിഷബാധയ്ക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക പ്രയോജനം ലഭിച്ചിട്ടില്ല.
മണ്ണിൽ സെലീനിയം കൂടുതലായുള്ള സ്ഥലങ്ങളിൽ വളരുന്ന കന്നുകാലികൾക്ക് 0.01 ശതമാനം ആഴ്സനിക് അമ്ലം ചേർത്തു കൊടുക്കുന്നത് ഫലപ്രദമായ പ്രതിരോധമാർഗമായി കണ്ടിട്ടുണ്ട്. കൂടാതെ മാംസ്യം കൂടുതലടങ്ങിയ ആഹാരങ്ങൾ കൊടുക്കുന്നതും ചണയെണ്ണ (ലിൻസീഡ് ഓയിൽ) ആഹാരത്തിൽ ചേർത്തു കൊടുക്കുന്നതും പ്രതിരോധമാർഗങ്ങളിൽ പ്രധാനമാണ്.
ഗന്ധക വിഷബാധ
മഞ്ഞനിറത്തിലുള്ള ഗന്ധകം എല്ലാവർക്കും സുപരിചിതമാണല്ലോ. അപൂർവമായി ഇതു കന്നുകാലികളിൽ വിഷബാധയുണ്ടാക്കാറുണ്ട്. ഗന്ധകം ത്വക് രോഗങ്ങൾക്കായി പുറമെ പുരട്ടാനും വിരേചനൗഷധമായും ശരീരപുഷ്ടിടിക്കുള്ള ഔഷധമായി ഉള്ളിലേക്കു കൊടുക്കാനും ഉപയോഗിക്കാറുണ്ട്.
വളരെ ചെറിയ അളവിൽ ഗന്ധകത്തെ ഔഷധമായി ഉപയോഗിക്കാമെങ്കിലും കൂടുതലായാൽ കാലികളിൽ അതികലശലായ വയറിളക്കവും നിർജലികരണവും ഉണ്ടാക്കുന്നു. 85 ഗ്രാം ഗന്ധകം ഉള്ളിലേക്ക് കൊടുക്കുന്നത് കൊണ്ട് ചെറിയ തോതിലുള്ള വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നു. മാംസ്യത്തിന്റെ അംശം കൂടുതലായുള്ള ഖരാഹാരത്തിന്റെ കൂട്ടത്തിൽ ഗന്ധകവും ഉള്ളിലേക്കു കൊടുക്കുന്നതു വിഷബാധയുടെ കാഠിന്യം വർധിപ്പിക്കുമെന്നു ഗവേഷണങ്ങൾ കാണിക്കുന്നു. വിഷബാധയുടെ ലക്ഷണങ്ങളിൽ പ്രധാനം ഉന്മേഷമില്ലായ്മ, വയറു വേദന, മാംസപേശികളിൽ വിറയൽ, കറുത്തനിറത്തിലുള്ള വയറിളക്കം, ഉഛ്വാസവായുവിൽ ഹൈഡ്രജൻ സൾഫൈഡ് വാതകത്തിന്റെ ഗന്ധം എന്നിവയാണ്. രോഗം മൂർച്ഛിക്കുന്നതോടെ മ്യഗം നിലംപതിക്കുന്നു. ശ്വസനക്ലേശം,നിർജലീകരണം എന്നിവ കൂടുന്നതോടെ സന്നിയുടെ ലക്ഷണങ്ങൾ പ്രകടമാക്കുകയും രോഗി മരണമടയുകയും ചെയ്യുന്നു.
ആഴ്സനിക് വിഷബാധ
ആഴ്സനിക് കലർന്ന ഉൽപ്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ വളരുന്ന കന്നുകാലികളിൽ ഇത്തരം വിഷബാധ സര്‍വ്വസാധാരണമാണ്. കഠിനമായ വിഷബാധയുണ്ടായാൽ മരണം ഏതാണ്ട് 100 ശതമാനവും നിശ്ചയമാണ്. ആഴ്സനിക് ചേര്‍ന്ന മരുന്നുകള്‍, ആഴ്സനിക് അടങ്ങിയ കളനാശിനികൾ, ലോഹങ്ങള്‍ എന്നിവയും വിഷബാധയ്ക്ക് കാരണമാകാറുണ്ട്.
കന്നുകാലി, ചെമ്മരിയാട് എന്നിവയുടെ ത്വക്കില്‍ ബാഹ്യപരാദങ്ങൾ കൊണ്ടുള്ള രോഗങ്ങൾക്കെതിരെ ആഴ്സനിക് അടങ്ങിയ മരുന്നുകള്‍ ഫലപ്രദമായി പ്രയോഗിക്കാറുണ്ട്. സോഡിയം ആഴ്സനേറ്റ് അടങ്ങിയ ഇത്തരം മരുന്നുകൾ കലക്കി മൃഗങ്ങളെ അതിലേക്കു മുക്കുകയോ ശരീരത്തിൽ തളിക്കുകയോ ആണ് സാധാരണ ചെയ്യുക. ത്വക്കിൽക്കൂടെ ചെറിയ അളവിൽ ആർസെനിക്കിന്റെ അംശം ശരീരത്തിലേക്കു പ്രവേശിക്കുമെങ്കിലും കാര്യമായ വിഷബാധയുണ്ടാകുന്നില്ല. എന്നാൽ മരുന്നു പുരണ്ട ശരീരത്തിൽ മൃഗം നക്കാൻ ഇടയാകുകയോ ഏതെങ്കിലും വിധത്തിൽ ഇത്തരം മരുന്നുകൾ കാലിത്തീറ്റയിലോ കുടിക്കുന്ന വെള്ളത്തിലോ കലർന്ന് ഉള്ളിലേക്കു കടക്കുകയോ ചെയ്താൽ തീവ്രമായ വിഷബാധയുണ്ടാകും.
കളനാശിനികളായും കീടനാശിനികളായും ആഴ്സനിക് ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുതളിച്ച പുല്ല് കാലികൾ തിന്നാൻ ഇടയായാൽ വിഷബാധയുണ്ടാകും. മരത്തടി ഉപയോഗിച്ചുണ്ടാക്കിയിട്ടുള്ള കാലിക്കൂടുകൾ നമ്മുടെ നാട്ടിൽ സാധാരണമാണല്ലോ. തടിക്ക് കേടുപാടുണ്ടാകാതിരിക്കാൻ പുറമേ പുരട്ടുന്ന സംരക്ഷകവസ്തുക്കൾ ആഴ്സനിക് ചേർന്നത് ആകാതിരിക്കാൻ കർഷകർ (പത്യേകം ശ്രദ്ധിക്കണം. കാരണം കാലികൾ തൊഴുത്തിലെ തടിയിൽ നക്കാൻ സാധ്യതയുള്ളതുകൊണ്ടു ക്രമേണ വിഷബാധയുണ്ടാകാം.
ആർസെനിക് വളരെ ഗുണപ്രദമായ ഒരു ഔഷധം കൂടെയാണ്. വിരയ്ക്കുള്ള മരുന്നായും ത്വക് രോഗങ്ങൾക്കു ഉള്ളിലേക്കു കൊടുക്കാനും ഫീഡ് അഡിറ്റീവ് ആയി കാലിത്തീറ്റയിൽ ചേർക്കാനും സെലിനിയം വിഷബാധ യ്ക്കെതിരെയുള്ള മരുന്നായും വളരെ ചെറിയ അളവിൽ ആഴ്സനിക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഉള്ളിലേക്കു കൊടുക്കുന്ന അളവ് കൂടുതലായാൽ ഗുണത്തിനു പകരം ദോഷമാകും ഉണ്ടാവുക.
ആർസനിക് ഉള്ളിലേക്കു കടന്നാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതു കാലിയുടെ ആമാശയത്തിലുള്ള ആഹാരവസ്തുക്കളുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും ഏതാണ്ട് 20-50 മണിക്കുറിനകം ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. വിഷബാധയേറ്റ മ്യഗം തീക്ഷ്ണമായ വയറു വേദനയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. തുടർന്ന് ശ്വാസോച്ഛ്വാസ വേഗത വർധിക്കുകയും ഇടയ്ക്കിടെ അമറുകയും ചെയ്യും. വിശ്രമമില്ലായ്മയുടെ നീര്‍ ഒലിക്കുക, പല്ലിറുമ്മുക, ഛർദിക്കുക, മുതലായവയുണ്ടാകും. ഉദരസ്തംഭനവും നാറ്റത്തോടുകൂടി ജലപ്രായമായ വയറിളക്കവും തുടങ്ങി, ഹ്യദയത്തുടിപ്പിന്‍റെ എണ്ണവും ഗതിയും വർധിക്കുന്നതോടെ വിഷബാധ ഉച്ചകോടിയിലെത്തുന്നു. ലക്ഷണങ്ങൾ തുടങ്ങി 3 -4 മണിക്കൂറിനകം മരണമുണ്ടാകും. ചിലപ്പോൾ വയറിളക്കം ഉണ്ടാകുന്നതിനു മുമ്പുതന്നെ മരണത്തിനടിമപ്പെടുന്നു.
എന്നാൽ ലഘുവായ വിഷബാധയെ ഉണ്ടായിട്ടുള്ളൂവെങ്കിൽ ലക്ഷണങ്ങൾ പൊതുവേ തീവ്രത കുറഞ്ഞതും 2-7 ദിവസം വരെ നീണ്ടുനിൽക്കുന്ന തുമായിരിക്കും. വയറിളക്കം, തീറ്റ തിന്നാതിരിക്കൽ, രൂക്ഷമായ വെള്ളദാഹം നിർജലീകരണം, വയറുവേദന, പേശികളിൽ വിറയൽ, സന്നി മുതലായവയാണ് പ്രധാനലക്ഷണങ്ങൾ, എന്നാൽ ആഴ്സനിക്കിന്റെ അംശം അൽപ്പമായി ശരീരത്തിൽ പ്രവേശിക്കാനിടയായാൽ കരൾ, വൃക്ക, അന്നനാളം എന്നിവയിൽ പറ്റിക്കുടി (കമേണ വിഷബാധയുണ്ടാകുന്നു.
ഇത്തരം വിഷബാധയേറ്റവ വളർച്ച മുരടിച്ചും ഉണങ്ങിവരണ്ട രോമാവരണത്തോടുകൂടെയും കാണുന്നു, കണ്ണിലെ ശ്ലേഷ്മപടലം ചുവന്നു കൺപോളകളിൽ വീക്കമുണ്ടാകുന്നു. പാലുൽപ്പാദനം ഗണ്യമായി കുറയും. ചെനയുളള പശുക്കളിൽ ഗർഭമലസിപ്പോകാം. ത്വക്കിൽ അവിടവിടായി ചുമന്നു തടിച്ച് (കമേണ തൊലി അടർന്നുപോകുന്നതായി കാണാം. വ്രണം എളുപ്പം ഉണങ്ങിക്കിട്ടുകയുമില്ല.
തീവ്രസ്വഭാവമുള്ള വിഷബാധയിൽ ചികിത്സകൊണ്ടു വലിയ പ്രയോജനമില്ല. ആഴ്സനിക്, വിഷബാധയേറ്റു മരണമടഞ്ഞ കന്നുകാലിയുടെ ഇറച്ചി ഒരിക്കലും ഭക്ഷണയോഗ്യമാക്കാൻ പാടില്ല.
ദഹനേന്ദ്രിയത്തിലുള്ള ആഴ്സനിക്കിന്റെ അംശത്തെ വേർതിരിക്കുന്നതിന് ഫെറിക് ഹൈട്രേറ്റ് എന്ന രാസവസ്തു ഉള്ളിലേക്കു കൊടുക്കുന്നത് നല്ലതാണ്.
സൾഫർ അടങ്ങിയ സംയുക്തങ്ങൾ ഉള്ളിലേക്കു കൊടുക്കുക എന്നതാണ് യഥാര്‍ത്ഥ പ്രതിവിധി. സാധാരണയായി സോഡിയം തയോസൾഫേറ്റ് എന്ന മരുന്നാണു ഇതിനായി ഉപയോഗിക്കുന്നത്. 15-30 ഗ്രാം സോഡിയം തയോസൾഫേറ്റ് (ഹൈപ്പോ) 100-200 മില്ലിലിറ്റർ വെള്ളത്തിൽ കലക്കി സിരീയമായി കുത്തിവയ്ക്കുകയും 30-60 ഗ്രാം, 6 മണിക്കൂർ ഇടവിട്ടു ഉള്ളിൽ കൊടുക്കുകയും വേണം. വിഷബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതുവരെ ഈ ചികിത്സ തുടരേണ്ടതുമാണ്. ഗ്ലൂക്കോസ് സലൈന്‍ ലായനി സീരീയമായി കുത്തിവയ്ക്കുന്നതും സംരക്ഷകങ്ങൾ, ആസ്ട്രിജന്ടുകള്‍ എന്നിവ ഉളളിലേക്കു കൊടുക്കുന്നതും നിർജലീകരണം തടയാൻ സഹായിക്കും.
എലിവിഷത്തിലെ തിളങ്ങുന്ന വസ്തു
ഇരുട്ടിൽ പ്രകാശം ദ്യോതിപ്പിക്കുന്നതും മെഴുകുപോലുളളതും വിഷമയവും ജ്വലനശീലമുളളതുമായ ഒരു അലോഹ മൂലകമാണ് ഫോസ്ഫറസ്. ദഹനേന്ദ്രിയത്തിൽ അതിതീവ്രമായ വീക്കമുണ്ടാക്കുകയും കരൾ ജീർണിപ്പിച്ച് മൃതമാക്കുകയും ചെയ്യുന്ന ഫോസ്ഫറസ് വിഷബാധ കന്നുകാലികളിൽ അപൂർവമായിട്ടേ ഉണ്ടാകാറുളളു.
എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന തിളങ്ങുന്ന വസ്തു ഫോസ്ഫറസ് ആണ്. ആയതിനാൽ എലിവിഷം കാലിത്തീറ്റയിലോ കുടിക്കുന്ന വെള്ളത്തിലോ കലരാൻ ഇടയായാൽ ഇത്തരം വിഷബാധയുണ്ടാകും. എണ്ണ, കൊഴുപ്പ് എന്നിവയുടെ സാമീപ്യം ഫോസ്ഫറസിന്റെ അംശത്തെ കുടലിൽ നിന്നു രക്തത്തിലേക്കു ആഗിരണം ചെയ്യുന്നതിനെ ത്വരിതപ്പെടുത്തുന്നു. അതുകൊണ്ട് ഫോസ്ഫറസ് വിഷബാധയുണ്ടായ മൃഗത്തിന് എണ്ണ കുടിക്കാൻ കൊടുക്കുവാൻ പാടില്ല.
എലി, മുയൽ മുതലായവയെ പിടിക്കുവാൻ വയ്ക്കുന്ന എലിവിഷം യാദ്യച്ഛികമായി കാലികൾ ഭക്ഷിക്കുവാൻ ഇടയാകുന്നു. ഫോസ്ഫറസിന്റെ അംശം ഉള്ളിൽ ചെന്ന് ഒന്നു രണ്ടു മണിക്കൂറിനകം തന്നെ അതികലശലായ വയറിളക്കമുണ്ടാകും. വയറുവേദന, വായിൽ നിന്ന് ഈള ഒലിക്കൽ, അതികലശലായ ദാഹം മുതലായ ലക്ഷണങ്ങളും ഛർദിയുടെ വികാരങ്ങളും ഉണ്ടാകും. ഛർദിച്ചിടുന്നവ തിളങ്ങുന്നതായും കാണാം. ഛർദിക്ക് വെളുത്തുള്ളിയുടെ മണവുമുണ്ടാകും. ഫോസ്ഫറസ് വിഷബാധയാണെന്നു തിട്ടപ്പെടുത്താൻ സഹായകമാണ് ഈ ലക്ഷണങ്ങൾ.
ചില കന്നുകാലികൾ ആദ്യലക്ഷണങ്ങൾ കാണിച്ചു പെട്ടെന്നു മരണത്തിനിരയാകുന്നു. എന്നാൽ മറ്റു ചിലവ 4-10 ദിവസം നീണ്ടു നിൽക്കുന്ന ലക്ഷണങ്ങൾ കാണിക്കും. മഞ്ഞപ്പിത്തം, തളർച്ച, തീറ്റ തിന്നാതിരിക്കൽ, മൂത്രത്തിന്റെ അളവു കുറവ്, മൂത്രത്തിൽ ചോര മുതലായ ലക്ഷണങ്ങളാണ് (പകടമാകുക. ക്രമേണ കാലികൾ കിടപ്പിലാകുകയും സന്നിയുടെ ലക്ഷണങ്ങൾ കാണിച്ചു മരണത്തിനടിമപ്പെടുകയും ചെയ്യുന്നു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ കരൾ വീക്കവും ദഹനേന്ദ്രിയവീക്കവും ചോരപ്പാടും ഉണ്ടായിരിക്കും. കരൾ, വൃക്ക, ദഹനേന്ദ്രിയത്തിന്റെ ഭാഗം എന്നിവയുടെ സൂക്ഷ്മ പരിശോധന ഫോസ്ഫറസിന്റെ അംശം വെളിവാക്കും.
ഛർദിയുണ്ടാക്കുന്ന മരുന്നുകളോ വിരേചനൗഷധങ്ങളോ കൊടുക്കുന്നത് ഉള്ളിൽ കടന്ന വിഷവസ്തു പുറത്തു കളയാൻ ഉപകരിക്കും. എണ്ണ കലർന്ന വിരേചനൗഷധങ്ങൾ കൊടുക്കാൻ പാടില്ല. കാരണം എണ്ണയുടെ അംശം ഫോസ്ഫറസിന്റെ ആഗിരണം ത്വരിതപ്പെടുത്തുമെന്നതുതന്നെ. തുരിശ് ഒരു ശതമാനം വീര്യത്തിൽ വെള്ളത്തിൽ കലക്കി കുടിപ്പിക്കുന്നതു നല്ലതാണ്. കൂടാതെ ഗ്ലൂക്കോസും സലൈനും കലർന്ന ലായനി സിരീയമായി കുത്തിവയ്ക്കുന്നത് നിർജലീകരണം തടയാൻ ഉപകരിക്കും.
ഇറച്ചിയിലെ രസം
വെള്ളിപോലെ തിളക്കമുള്ളതും സാധാരണ താപനിലയിൽ ദ്രാവകരൂപത്തിലുള്ളതുമായ ഒരു ലോഹമൂലകമാണ് മെർക്കുറി അഥവാ രസം. മെർക്കുറി വിഷബാധമൂലം അന്നനാളത്തിൽ വീക്കവും വൃക്കകൾക്ക് നാശവുമുണ്ടാകുന്നു. തന്മൂലം അതിസാരവും വ്യക്കകൾ വഴി വിസർജിക്കപ്പെടേണ്ട ദുഷടുകൾ വിട്ടുപോകാതെ രക്തത്തിൽ കിടക്കുന്നതുമൂലം യുറീമിയാ രോഗവുമുണ്ടാകുന്നു.
മെർക്കുറി വിഷബാധ കന്നുകാലികളിൽ വളരെ അപൂർവമായി മാത്രമേ കാണുന്നുള്ളൂ. മെർക്കുറി അടങ്ങിയ പല മരുന്നുകളും കന്നുകാലികളിൽ ത്വക്ക് രോഗത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുന്നതു കൊണ്ടും കാലികൾ അത് നക്കിയെടുക്കാൻ ഇടയാകുന്നതുകൊണ്ടും ക്രമേണ വിഷബാധയുണ്ടാകും. ഇത്തരം കന്നുകാലികളുടെ ഇറച്ചി ഭക്ഷിക്കുവാൻ ഇടയായാൽ മനുഷ്യർക്കും വിഷബാധയുണ്ടാകാം. ഇറച്ചിയിൽ അടിഞ്ഞുകൂടിയ രസം മനുഷ്യനിൽ വിഷബാധയുണ്ടാക്കിയ ഒരു സംഭവത്തെക്കുറിച്ച് 'സയൻസ്' എന്ന പ്രസിദ്ധീകരണത്തിൽ 1971 ൽ കെർളിയും കൂട്ടരും എഴുതിയിരുന്നു.
വിഷബാധയേറ്റ മൃഗങ്ങളിൽ അതിസാരവും രക്തം കലർന്ന ഛർദിയുമുണ്ടാകുന്നു, നിർജലീകരണവും വിഭ്രാന്തിയും മൂലം എളുപ്പം മരണമുണ്ടാകും. എന്നാൽ, മെർക്കുറിയുടെ അംശം അൽപ്പാൽപ്പമായി ശരീരത്തിൽ പ്രവേശിക്കുന്നതുകൊണ്ട് ദീർഘസ്ഥായിയായ വിഷബാധയാണുണ്ടാകുക. ഇത്തരം വിഷബാധയുടെ ലക്ഷണങ്ങളിൽ പ്രധാനം ഉന്മേഷമില്ലായ്മ, തീറ്റ തിന്നുന്നതിൽ മടുപ്പ്, മെലിച്ചിൽ, അസമാനമായ നടത്ത, രോമം കൊഴിച്ചിൽ, മലദ്വാരത്തിനും യോനിക്കും ചുറ്റും ക്ഷതികങ്ങൾ ഉണ്ടാകൽ, മോണയിൽ ബലക്കുറവ്, പല്ലു പൊഴിച്ചിൽ, ദീർഘസ്ഥായിയായ വയറിളക്കം തുടങ്ങിയവയാണ്.
മെർക്കുറി അടങ്ങിയ വസ്തുക്കൾ ഉള്ളിൽ കടക്കാൻ ഇടയായാൽ കോഴിമുട്ട ഉളളിലേക്കു കൊടുക്കുന്നതും വീര്യം കുറഞ്ഞ വിരേചനൗഷധങ്ങൾ കൊടുക്കുന്നതും നല്ലതാണ്. ആഴ്സനിക്ക് വിഷബാധയിൽ കൊടുക്കുന്നതു പോലെ സോഡിയം തയോസൾഫേറ്റ് കൊണ്ടുള്ള ഉപയോഗം ഫലപ്രദമായ ചികിത്സാമാർഗമാണ്. കൂടാതെ നിർജലീകരണം തടയാൻ ഇലക്ട്രോലൈറ്റ് ലായനി സിരീയമായി കുത്തിവയ്ക്കുന്നതും നല്ലതാണ്.
തുരിശിലെ ചെമ്പ്
നീലനിറത്തിൽ പരലാകൃതിയിലുള്ള തുരിശ് എല്ലാവർക്കും സുപരിചിതമാണല്ലോ. തുരിശിൽ അടങ്ങിയിരിക്കുന്നത് ചെമ്പിന്റെ ലവണമാണ്. കന്നുകാലികളുടെ ശരീരത്തിൽ ചെമ്പിന്റെ അംശത്തിലുണ്ടാകുന്ന കുറവുകൊണ്ട് മദിയിളകുന്നതിലും പ്രായപൂർത്തിയെത്തുന്നതിലും മറ്റും താമസമുണ്ടാകാറുണ്ട്. ആയതിനാൽ തുരിശിൽ ഒരു മരുന്നെന്ന നിലയിൽ ഉള്ളിലേക്ക് കൊടുക്കാറുണ്ട്. ഇതിന്റെ അളവ് കൂടിയാൽ തീവ്രമായ വിഷബാധയുണ്ടാകും.
ചില സ്ഥലങ്ങളിലെ മണ്ണിൽ ചെമ്പിന്റെ അംശം കൂടുതലായി കാണപ്പെടുന്നു. ഇത്തരം മണ്ണിൽ വളരുന്ന സസ്യങ്ങൾ ചെമ്പ് ആഗിരണം ചെയ്യും. ഈ സസ്യങ്ങൾ കന്നുകാലികൾ ഭക്ഷിക്കുന്നു. ക്രമേണ ചെറിയ അളവിൽ ചെമ്പിന്റെ അംശം മൃഗങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നു. കരളാണ് ശരീരത്തിലെ ചെമ്പിന്റെ അംശത്തിനുള്ള സംഭരണിയായി പ്രവർത്തിക്കുന്നത്. ചെറിയ തോതിൽ ശരീരത്തിൽ പ്രവേശിക്കുന്ന ചെമ്പിന്റെ അംശം കരളിൽ സംഭരിക്കപ്പെടുന്നു. കാലക്രമത്തിൽ കരളിന് ഇതു താങ്ങാൻ കഴിയാത്ത അളവിൽ ആകുകയും കരൾവീക്കം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ദിവസവും 3.5 മില്ലിഗ്രാം എന്ന കണക്കിന് ചെമ്പിന്റെ അംശം ശരീരത്തിൽ പ്രവേശിക്കാനിടയായാൽ ആട്, ചെമ്മരിയാട്, കന്നുക്കുട്ടികൾ എന്നിവയിൽ മേൽപ്പറഞ്ഞ പ്രകാരം ക്രമേണ വിഷബാധയുണ്ടാകാം. ബോർഡോ മിശ്രിതത്തിൽ തുരിശ് ഒരു പ്രധാന ഘടകമാണല്ലോ. ഇത് തളിച്ച പ്രദേശത്ത് ഒരു മഴയ്ക്കു ശേഷം മാത്രമേ കന്നുകാലികളെ തീറ്റാനായി വിടാൻ പാടുള്ളൂ. ഒച്ചിനെ നശിപ്പിക്കാനായി ചെറിയ ജലാശയങ്ങളിലും മറ്റും തുരിശു ചേർക്കാറുണ്ട്. ഇവിടെ നിന്ന് കന്നുകാലികൾ വെള്ളം കുടിക്കാനിടയായാലും വിഷബാധയുണ്ടാകാം.
തീവ്രസ്വഭാവമുള്ള വിഷബാധയിൽ ഉള്ളിലേക്കു കടക്കുന്ന ചെമ്പിന്റെ അംശം ദഹനേന്ദ്രിയവ്യവസ്ഥയിലെ അവയവങ്ങളിൽ കാര്യമായ ക്ഷതികങ്ങൾ ഉണ്ടാക്കുന്നു. ശരീരത്തിലെ പ്രോട്ടീൻ രാസപ്രക്രിയ കൊണ്ട് ഘനീ ഭവിപ്പിക്കുവാൻ അലിഞ്ഞുചേർന്ന ചെമ്പിന്റെ അംശത്തിനു കഴിയും. ഇതു ധമനികൾക്കുള്ളിൽ വച്ച് രക്തത്തിലെ ശോണാണാണുക്കളിൽ വിഘടനം ഉണ്ടാക്കുകയും ക്രമേണ മൃഗം മരണത്തിനടിമപ്പെടുകയും ചെയ്യുന്നു. എന്നാൽ ദീർഘസ്ഥായിയായ വിഷബാധയിൽ കരൾവീക്കം, മഞ്ഞപ്പിത്തം എന്നിവയുണ്ടായി ക്രമേണ ജീവഹാനി സംഭവിക്കുന്നു.
കുടൽവീക്കം, അതികലശലായ വയറുവേദന, വയറിളക്കം, ഛർദി മുതലായവയാണ് വിഷബാധയുടെ ലക്ഷണങ്ങളിൽ പ്രധാനം. ചാണകത്തിലും ഛർദിച്ചിടുന്ന വസ്തുക്കളിലും പച്ചയോ നീലയോ നിറമായിരിക്കും. അതികലശലായ വെള്ളദ്ദാഹമുള്ളതായും ശരീരതാപനില താഴുന്നതായും കാണാം. സാധാരണയായി ലക്ഷണങ്ങൾ കണ്ടു 24 മണിക്കൂറിനകം മരണം നിശ്ചയമാണ്.
എളുപ്പത്തിൽ ലഭ്യമായ മരുന്നുകൾ കൊണ്ടുള്ള ചികിത്സാമാർഗങ്ങൾ ഇല്ല. എങ്കിലും ലക്ഷണയുക്തമായ ചികിത്സകൾക്കു പുറമെ അമോണിയം മോളിബ്ഡേറ്റ്, നിർജലീകരിച്ച സോഡിയം സൾഫേറ്റ് എന്നിവ കൊടുക്കുന്നതും നല്ലതാണ്. വിഷബാധ (പതീക്ഷിക്കുന്ന സാഹചര്യങ്ങളിൽ മോളിബ്ഡനം വളരെ ചെറിയ തോതിൽ ഖരാഹാരത്തിൽ ചേർത്തു കൊടുക്കുന്നത് ഉചിതമായ പ്രതിരോധമാർഗമാണ്.
നാക വിഷബാധ
പിച്ചള, ജർമൻവെളളി മുതലായവയുടെ ഘടകമായി ഉപയോഗിക്കുന്ന ഒരു ലോഹമാണ് നാകം. ഇതുമൂലമുള്ള വിഷബാധ കന്നുകാലികളിൽ വളരെ
വിരളമായി മാത്രമേ കാണാറുളളു. നാകം പൂശിയ കുഴലുകൾ ജലവിതരണത്തിനു ഉപയോഗിക്കുന്നതു വഴി കുടിക്കുന്ന വെള്ളത്തിൽകൂടെ ഇതിന്റെ അംശം മൃഗങ്ങളുടെ ഉള്ളിലേക്കു കടക്കാൻ സാധ്യതയുണ്ട്. ഈവിധത്തിൽ നാകം കൊണ്ടുള്ള വിഷബാധ കന്നുകാലികളിൽ ഉണ്ടായിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം വിഷബാധ ഉണ്ടായ കന്നുകാലികളിൽ കണ്ട ലക്ഷണങ്ങളിൽ (പധാനം പാലുൽപ്പാദനത്തിൽ ഗണ്യമായ കുറവ്, മലവിസർജനം നടത്തുന്നതിൽ ആദ്യത്തെ ഘട്ടത്തിൽ തടസ്സമുണ്ടാകൽ, (കമേണ ചോരയും ചളിയും കലർന്ന വയറിളക്കമുണ്ടാകല്‍, പിൻകാലുകൾക്കു തളർച്ച മുതലായവയാണ്.
കർഷകന്റെ മിത്രം കാലികളുടെ ശത്രു
അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങളുടെ വരവോടെ കീടനാശിനികൾ കർഷകന്റെ മിത്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കർഷകരുടെ വീട്ടിലോ പരിസരത്തോ ഒഴിഞ്ഞ കോണിൽ കീടനാശിനികൾ സ്ഥാനം പിടിക്കാറുണ്ട്. അപൂർവമാണെങ്കിലും ഇവ കന്നുകാലികളുടെ ഭക്ഷണസാധനങ്ങളിൽ കലർന്നു ജീവഹാനിക്ക് കാരണമാകുന്ന ശത്രുക്കളായിത്തീരാറുണ്ട്.
കൊയ്ത്തിനു ശേഷം കിട്ടുന്ന പുത്തൻ വയ്ക്കോൽ കന്നുകാലികളിൽ ചിലപ്പോൾ വിഷബാധയ്ക്ക് കാരണമാകുന്നു. മുട്ട, ചിതൽ, ഉറുമ്പ് മുതലായ പ്രാണികൾക്കെതിരെ വീട്ടിലും പരിസരത്തും കീടനാശിനികൾ പ്രയോഗിക്കാറുണ്ട്. മ്യഗങ്ങളുടെ ത്വക്കിലും രോമത്തിനിടയിലും കാണുന്ന ചെള്ള്, പേൻ എന്നിവയെ നശിപ്പിക്കുവാനും മാരകശക്തിയുള്ള ഈ രാസവസ്തുക്കൾ വെള്ളംചേർത്തു നേർപ്പിച്ച (പയോഗിക്കാറുണ്ട്. ഇങ്ങനെ പല രീതികളിലും കീടനാശിനികൾകൊണ്ടുളള വിഷബാധ കന്നുകാലികളെ ബാധിക്കാം.
നമുക്കിവിടെ ലഭ്യമാകുന്ന കീടനാശിനികൾ പ്രധാനമായി രണ്ടുതരത്തിലുള്ളവയാണ്. ക്ലോറിനേറ്റഡ് ഹൈഡ്രോകാർബണുകളുടെ ഇനത്തിൽപ്പെട്ട ഡി.ഡി.റ്റി., ബി.എച്ച്.സി, എൻട്രിൻ മുതലായവയും ഓർഗനോഫോസ്ഫറസ് ഇനത്തിൽപ്പെടുന്ന സൈത്തിയാൺ, മാലത്തിയോൺ, പാരത്തെയോൺ, ഫോളിഡോൾ മുതലായവയും.
രണ്ടുതരം കീടനാശിനികളും രണ്ടു രീതിയിലുള്ള രോഗലക്ഷണങ്ങളാണു കാണിക്കുന്നത്. കീടനാശിനികൾ തക്കതായ അളവിൽ ആഹാരത്തിൽ കൂടെയോ ത്വക്കിൽ കൂടെയോ ശ്വാസവായുവിൽ കൂടെയോ ശരീരത്തിൽ പ്രവേശിച്ചാലുടൻ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. രോഗലക്ഷണങ്ങൾ കണ്ടുതിരിച്ചറിഞ്ഞു വിഷബാധയുടെ സ്വഭാവത്തെ മനസ്സിലാക്കി ചികിത്സിക്കുകയാണു വേണ്ടത്.
ക്ലോറിനേറ്റഡ് ഹൈഡ്രോകാർബൺ ഇനത്തിലുള്ളവ കൊണ്ടുള്ള വിഷബാധയുടെ പ്രാരംഭദശയിൽ ശീഘ്രകോപപ്രകൃതത്തോടും വെറിപൂണ്ടും കന്നുകാലികൾ ചെവികൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്നതായും കാണാം. തുടർന്നു മാംസപേശികൾ അങ്ങിങ്ങായി വിറയ്ക്കുകയും തുടിക്കുകയും ചെയ്യുന്നു. ഇത് ആദ്യമായി മുഖത്തും കൺപോളകളിലുമായിരിക്കും. പിന്നീട് വിറ കൈകാലുകളിലേക്കും വ്യാപിക്കുന്നു. കഴുത്തിലെയും കൈകാലുകളിലെയും മാംസപേശികൾ വലിഞ്ഞുമുറുകുന്നതാടെ കാലികൾ നിലത്തു വീണ് ഉരുളുകയും സന്നിയുടെ പരാക്രമങ്ങൾ കാണിക്കുകയും ചെയ്യുന്നു. തുടർന്ന് പല്ലു ഞെരിക്കുന്നതായും വായിൽ നിന്ന് ഉമിനീര് ഒലിച്ചുകൊണ്ടിരിക്കുന്നതായും കാണാം. ക്രമേണ ശ്വാസം നിലച്ച് മരണമടയുന്നു.
ലക്ഷണയുക്തമായ ചികിത്സകൾ നൽകാമെന്നതിൽ കവിഞ്ഞ പ്രത്യേക പ്രതിവിധികളൊന്നുമില്ല. പത്തു ശതമാനം കാൽസിയം ഗ്ലൂക്കണെറ്റ് 5 ശതമാനം ഗ്ലൂക്കോസ് ലായനിയുമായി ചേർത്തു സിരീയമായി കുത്തിവയ്ക്കുന്നതും കോർട്ടിസോൺ, ആന്റിഹിസ്റ്റാമിനുകൾ എന്നിവ പേശീയമായി കുത്തിവയ്ക്കുന്നതും ഒരു പരിധിവരെ ഫലപ്രദമായ ചികിത്സാമാർഗമായി കണ്ടിട്ടുണ്ട്. കൂടാതെ ഫീനോബാർബിറ്റോൾ തുടങ്ങിയ മരുന്നുകൾ ഉളളിലേക്കു കൊടുക്കുന്നതുകൊണ്ട് ഉന്മാദ ലക്ഷണങ്ങൾ കുറഞ്ഞുകിട്ടും. രോഗിയെ ബാഹ്യശല്യങ്ങളില്ലാത്ത ശാന്തമായ സ്ഥലത്തു സൂക്ഷിക്കുകയും വേണം.
മേൽവിവരിച്ചതരം വിഷബാധയെക്കാൾ വീര്യമേറിയതും മാരകവുമാണ് ഓർഗാനോഫോസ്ഫറസ് വിഷങ്ങൾ. ഓർഗാനോഫോസ്ഫറസ് കീടനാശിനികള്‍ തക്കതായ അളവിൽ ഉള്ളിൽ പ്രവേശിച്ചാൽ വലിയ ചേഷ്ടകളൊന്നും കൂടാതെ തന്നെ നിമിഷങ്ങൾക്കകം കന്നുകാലികൾ മരണത്തിനടിമപ്പെടുന്നു. താഴ്ന്ന അളവിലുള്ള വിഷബാധയിൽ കാണുന്ന ലക്ഷണങ്ങളിൽ പ്രധാനം കൊഴുത്ത ഉമിനീരും വെള്ളവും വായില്‍നിന്ന് ഒലിക്കല്‍, ശ്വാസോച്ച്വാസത്തിനുള്ള വിഷമം, വയറിളക്കം, മരവിപ്പ് ബാധിച്ചുതുടങ്ങിയ മാംസപേശികളിൽ വിറയൽ തുടങ്ങിയവയാണ്. വിഷബാധയുടെ കാഠിന്യം കൂടുന്നതിനസരിച്ചു നാക്കു പുറത്തോട്ടു തളളുകയും കണ്ണിലെ കൃഷ്ണമണികൾ സങ്കോചിക്കുകയും ചെയ്യുന്നു. മാംസപേശികളുടെ വിറയല്‍ ശരീരമാകെ വ്യാപിക്കുന്നു. മറ്റു പരാക്രമങ്ങളൊന്നും കൂടാതെ മരണമടയുകയും ചെയ്യുന്നു.
ഇത്തരം വിഷബാധയ്ക്കുള്ള പ്രത്യേക പ്രതിവിധി അട്രോപ്പിൻ കുത്തിവയ്ക്കുക എന്നതാണ്. ഒരു കിലോഗ്രാം ശരീരഭാരത്തിനു 0.25 മില്ലിഗ്രാം എന്ന കണക്കിനു പശുവിനും ഒരു മില്ലിഗ്രാം എന്ന കണക്കിന് ആടിനും ശരീരഭാരത്തിനാനുപാതികമായി അട്രാപ്പിൻ കുത്തിവയ്ക്കണം. തീവ്രമായ വിഷബാധയേറ്റവയിൽ വേണ്ട അട്രോപ്പിന്റെ മൂന്നിലൊന്നു ഭാഗം 2 ശതമാനം ലായനിയാക്കി സിരീയമായും ബാക്കിയുള്ളതു പേശീയമായും കുത്തിവയ്ക്കണം. ലക്ഷണങ്ങൾ അപത്യക്ഷമാകുന്നതു വരെ 4-5 മണിക്കൂർ ഇടവിട്ടു ഈ ചികിത്സ ആവർത്തിക്കുകയും വേണം.
അധികമായാൽ അമൃതും വിഷം
കന്നുകാലികൾ സാധാരണ കൊടുക്കുന്ന വിര മരുന്നുകളിൽ പലതും അധികമായാൽ വിഷബാധയുണ്ടാക്കുന്നതാണ്. അവയിൽ പ്രധാനം
ഫാസിയോള ഇനത്തിലുള്ള വിരകൾക്കെതിരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്നാണിത്. അളവിൽ കൂടുതൽ കൊടുക്കുന്നതു കൊണ്ടു കരൾവീക്കം മുതലായ കുഴപ്പങ്ങളുണ്ടാകുന്നു. ശ്വസിക്കുന്ന വായു വിൽ കൂടെ കാർബൺ ടെട്രാക്ലോറൈഡ് കടക്കാനിടയായാൽ നാഡി വ്യൂഹത്തെ ബാധിക്കുകയും ശ്വസനക്ലേശം കൊണ്ടു പെട്ടെന്ന് മരണമുണ്ടാകുകയും ചെയ്യുന്നു.
ഇത്തരം വിഷബാധയ്ക്കെതിരെ ഫലപ്രദമായ ചികിത്സയില്ല. എങ്കിലും കൃതിമ ശ്വാസോച്ഛ്വാസം നൽകുക, കരളിനെ ഉദ്ദീപിപ്പിക്കുന്ന മരുന്നുകൾ കൊടുക്കുക, സിരവഴി കാല്‍സിയം കുത്തിവയ്ക്കുക, അന്നജം അടങ്ങിയ ആഹാരവസ്തുക്കൾ ധാരാളമായി കൊടുക്കുക എന്നീ ചികിത്സാമാർഗങ്ങൾ സ്വീകരിക്കാം.
അളവിൽ കൂടുതലായാൽ വിഷബാധയുണ്ടാകുമെങ്കിലും ഫീനോത്തയോസിൻ വളരെ ഫലപ്രദമായ ഒരു വിരമരുന്നാണ്. പ്രായമുളളവയെക്കാൾ കന്നുക്കുട്ടികളിലാണു വിഷബാധയുണ്ടാകാൻ കൂടുതൽ സാധ്യത. ഇത്തരം ഔഷധം അധികമായി ഉള്ളിൽ പ്രവേശിക്കുമ്പോൾ ചുമന്ന നിറത്തിലുള്ള മൂത്രം പോകൽ, ഉന്മേഷമില്ലായ്മ, പിൻകാലുകൾക്കും പുറകിനും തളർച്ച, ബോധക്ഷയം മുതലായവ ഉണ്ടാകുന്നു. ചിലപ്പോൾ സൂര്യരശ്മികളുമായി പ്രതിപ്രവർത്തിച്ചു കന്നുകാലിയുടെ ത്വക്കിലും കണ്ണിലും വീക്കവുമുണ്ടാകും.
പെപ്പറാസിൻ സർവസാധാരണയായി ഉപയോഗിച്ച് പോരുന്ന ഒരു വിര മരുന്നാണ്. ഇതുകൊണ്ടുള്ള വിഷബാധ താരതമ്യേന കുറവാണ്. എന്നാൽ ഉള്ളിൽ കൊടുക്കുന്ന മരുന്നിന്റെ അളവു ക്രമാതീതമാകുമ്പോൾ ഛർദി, വയറിളക്കം മുതലായവയുണ്ടാകുന്നു. ആരോഗ്യമില്ലാത്ത പശുക്കിടാവാണെങ്കിൽ വിരളമായി ശ്വസനക്ലേശം, സന്നിയുടെ ലക്ഷണങ്ങൾ മുതലായവ കാണിച്ച് മരണമടയാറുണ്ട്.
ഒരു കിലോ ശരീരഭാരത്തിന് 800 മില്ലിഗ്രാം എന്ന കണക്കിന് തയോ ബെൻസോൾ ഉള്ളിൽ കടക്കുന്നത് അപകടമാണ്. വായിൽ നിന്നു ഈള ഒലിക്കുക, തീറ്റ തിന്നാതിരിക്കുക, ഉന്മേഷക്കുറവ് എന്നിവയാണ് ലക്ഷണങ്ങളിൽ പ്രധാനം.
എണ്ണയും പെട്രോളും അവയുടെ ഉപോൽപ്പന്നങ്ങളും കൊണ്ടുള്ള വിഷബാധ
ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളായ ഡീസൽ, ലാമ്പ് ഓയിൽ, മണ്ണണ്ണ എന്നിവയും വിഷബാധയ്ക്കു ഹേതുവാകാറുണ്ട്. മേൽപ്പറഞ്ഞവയിൽ മിക്കതും കിട്ടിയാൽ കന്നുകാലികൾ ഇഷ്ടംപോലെ കുടിക്കും. പ്രത്യേകിച്ചു എൻജിനിൽ ഉപയോഗിക്കുന്ന എണ്ണ, പെട്രോളിയത്തിൽ നിന്നു ലഭിക്കുന്നതും വിരേചനൗഷധമായി ഉപയോഗിക്കുന്നതും ദ്രാവക രൂപത്തിലുള്ളതും സ്നിഗ്ധവും മൃദുലവുമായ ഒരിനം മെഴുകു വസ്തുവും കാലികൾക്കു വളരെ ഇഷ്ടമുള്ളതാണ്. (കൂഡ് ഓയിലിൽ ലവണങ്ങൾ അടങ്ങിയ ജലാംശംകൂടെ അടങ്ങിയിരിക്കുന്നതിനാൽ മ്യഗങ്ങൾ അത് ആർത്തിയോടെ കുടിക്കുന്നു.
കുടിക്കുന്ന ദ്രാവകത്തിൽ അടങ്ങിയിരിക്കുന്ന നാഫ്ത്തയുടെയും ഗാസൊലിന്റെയും അളവിനെ ആശ്രയിച്ചിരിക്കുന്നു വിഷബാധയുടെ തീവ്രത കൂടാതെ കടകളിൽ നിന്നു വാങ്ങുന്ന സ്നേഹലേപനത്തിനുപയോഗിക്കുന്ന എണ്ണയിലും ഈയം അടങ്ങിയിരിക്കുന്നതിനാൽ അതുമൂലമുള്ള വിഷബാധയുണ്ടാകാം.
പരീക്ഷണശാലയിൽ കൃത്രിമമായി വിഷബാധയ്ക്കു വിധേയമാക്കിയ കന്നുകാലികളിൽ ഒരു കിലോഗ്രാം ശരീരഭാരത്തിനു 37 മില്ലിലിറ്റർ എന്ന കണക്കിന് (കൂഡ് ഓയിൽ കൊടുക്കുന്നതു കൊണ്ടോ 123 മില്ലിലിറ്റർ മണ്ണെണ്ണ കൊടുക്കുന്നതുകൊണ്ടോ വിഷബാധയുണ്ടാകാമെന്നു കാണുകയുണ്ടായി.
വിഷബാധയുടെ ലക്ഷണങ്ങൾ കൃത്യമായി പറയുവാൻ കഴിയുകയില്ലെങ്കിലും പ്രധാനമായി നടത്തയിൽ അസമാനത, ചർദി എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടു അധികം താമസിയാതെ മരണമുണ്ടാകും. സാധാരണ കാണുന്ന മറ്റു ലക്ഷണങ്ങൾ ഉദരകമ്പനം, കണ്ണിലെ കൃഷ്ണമണികള്‍ വികസിക്കൽ, ഉയർന്ന ശരീരതാപനില, നാഡിമിടിപ്പിന്റെയും ശ്വാസോച്വാസത്തിന്റെയും ആഴവും എണ്ണവും കൂടൽ എന്നിവയാണ്. മൃഗങ്ങളുടെ ശരീരത്തിൽ പെട്രോളിയം എണ്ണയുടെ മണമുണ്ടായിരിക്കും. വായിലും മലദ്വാരത്തിലും പറ്റിയിരിക്കുന്നതിലും ഇതു കാണാം. വിഷബാധയുടെ ആദ്യഘട്ടത്തിൽ ചാണകം മുറുകിപ്പോകുമെങ്കിലും ക്രമേണ വയറിളക്കമുണ്ടാകുന്നു.
ഇത്തരം വിഷബാധയ്ക്ക് പ്രത്യേക ചികിത്സകളൊന്നുമില്ല. എങ്കിലും ലക്ഷണയുക്തമായ ചികിത്സകൾ കൊടുക്കുന്നതിനു പുറമേ അറവുശാലയിൽ നിന്ന് ശേഖരിക്കാവുന്ന ആമാശയ ദ്രാവകം വിഷബാധയേറ്റവയെ കുടിപ്പിക്കുന്നതും നല്ലതാണ്.
യൂറിയ വിഷബാധ
കന്നുകാലികളുടെ ആമാശയത്തിലുള്ള അണുക്കളെ ചൂഷണം ചെയ്ത് വളരെ ചെലവുകുറഞ്ഞ മാർഗത്തിൽ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ഉല്‍പ്പാദിപ്പിക്കുന്നതിന് യൂറിയ ചെറിയ അളവിൽ വയ്ക്കോലിലും മറ്റും ചേർത്തു കൊടുക്കുന്നതു നല്ലതാണ്. കൊടുക്കുന്ന യൂറിയയുടെ അളവു കൂടുതലായാൽ വിഷബാധയുണ്ടാകും. ഇതു ഒഴിവാക്കാൻ സാധാരണയായി യൂറിയ കൊടുക്കുന്നതിനോടൊപ്പം അന്നജാംശം കൂടുതലുള്ള ആഹാരങ്ങളും കൊടുക്കുന്നു.
യൂറിയ ഉളളിൽ പ്രവേശിച്ചാലുടനെ അമോണിയാ വാതകം ധാരാളമായി ഉണ്ടാകുന്നു. ആയതിനാൽ 20-30 മിനിട്ടിനകം കന്നുകാലികൾ വിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. അതികലശലായ വയറുവേദന, മാംസപേശികളിൽ വിറയൽ, തളർച്ച, ശ്വാസംമുട്ടൽ, ഉദരകമ്പനം, വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്യൽ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
ചികിത്സ കൊണ്ടു പ്രയോജനം കുറവാണെങ്കിലും നേര്‍പ്പിച്ച അമ്ലങ്ങളോ വിനാഗിരിയോ ഉളളിലേക്കു കൊടുക്കുന്നതു നല്ലതാണ്. അമോണിയ ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് കുറയ്ക്കുമെന്നതിനാൽ കാൽസിയവും മഗ്നീഷ്യവും സിരീയമായി കുത്തിവയ്ക്കുകയും വേണം.
ചാണക വാതകങ്ങൾ കൊണ്ടുള്ള വിഷബാധ
കന്നുകാലികൾ, പന്നി എന്നിവയെ വളർത്തുന്ന വായു സഞ്ചാരം കുറഞ്ഞ കൂടുകൾക്ക് സമീപം ചാണകക്കുഴികൾ സ്ഥാനം പിടിക്കാറുണ്ട്. ഇത്തരം വലിയ വളക്കുഴികളിൽ ചാണകം കെട്ടിക്കിടക്കുന്നതിന്റെ ഫലമായി അതിൽ നിന്നു വിവിധ വാതകങ്ങൾ ഉണ്ടാകും. തൊഴുത്തിനകത്തെ പ്രാണവായുവിനെ നീക്കം ചെയ്തു ഈ വാതകങ്ങൾ അതിന്റെ സ്ഥാനത്തെക്കു വ്യാപിക്കുകയും ചെയ്യും. അതുപോലെ വളം പാകപ്പെടുത്തി എടുക്കാനും ക്യഷിയിറക്കുന്ന സമയത്ത് ഉപയോഗിക്കാനും ചാണകക്കുഴികൾ മൂടിയിട്ടിട്ടു തുറക്കുമ്പോഴും ഇത്തരം വാതകം ധാരാളമായി നിർഗമിക്കുന്നു. മൂടിതുറക്കുന്ന ചാണകക്കുഴി കന്നുകാലിക്കൂടിനു സമീപമാണെങ്കിൽ അതു കാലികളെ ഹാനികരമായി ബാധിക്കും.
ചാണകക്കുഴികളിൽ നിന്നും വരുന്ന ഇത്തരം വാതകങ്ങളിൽ പ്രധാനമായും ഹൈഡ്രജൻ സൾഫൈഡ്, അമോണിയ, മീഥേൻ, കാർബൺഡൈഓക്സൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശ്വസിക്കുന്ന വായുവിൽ ഒരു ദശലക്ഷത്തിൽ 700 ഭാഗം എന്ന കണക്കിനു ഹൈഡ്രജൻ സൾഫൈഡ് കലരുന്നതു മനുഷ്യനിൽ മാരകമായ മരണമുണ്ടാക്കുന്നു. എന്നാൽ വളരെക്കാലം ഇത്തരം വായുവുമായി സമ്പർക്കം പുലർത്തിപ്പോരുന്ന കാലികൾക്കും പന്നികൾക്കും അവയെ അതിജീവിക്കാൻ കഴിയും. എങ്കിലും ഇത്തരം മൃഗങ്ങളുടെ ശരീരഭാരം ക്രമേണ കുറയുന്നതായും ശ്വാസകോശ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുന്നതായും കാണുന്നുണ്ട്.
ഇരുമ്പിന്റെ ലവണങ്ങൾ ചാണകത്തിൽ കലർത്തുക വഴി ഹൈഡ്രജൻ സൾഫൈഡ് എന്ന മാരകവാതകത്തിന്റെ നിർഗമനം നിയന്ത്രിക്കാം. കന്നുകാലിക്ക് കൂടുതൽ വായുസഞ്ചാരമുള്ളതാക്കാൻ കൂടുതൽ വാതിലുകളും ജനാലകളും വച്ചു പിടിപ്പിക്കുന്നതു നല്ലതാണ്. മൂടിയിട്ടിരിക്കുന്ന ചാണകക്കുഴികൾ തുറക്കുമ്പോൾ അതിൽ നിന്നു വമിക്കുന്ന വായു ശ്വസിക്കാൻ കാലികൾക്കു ഇടം കൊടുക്കാതിരിക്കുന്നതു നല്ലതാണ്.
മരച്ചീനിയില, റബറില
മരച്ചീനി, റബർ, പച്ചമുള എന്നിവയിൽ കൂടുതലായും മറ്റു പല ചെടികളിലും കുറഞ്ഞ അളവിലും ഹൈഡ്രോസയനിക് അമ്ലം എന്ന വിഷാംശം അടങ്ങിയിരിക്കുന്നു. എന്നാൽ ഇത്തരം ചെടികളുടെ ഇല നമ്മുടെ കന്നുകാലികൾക്കു രുചികരമായ ഒരു ആഹാരവസ്തുവാണ്. മേൽപ്പറഞ്ഞവയുടെ ഇല ധാരാളമായി കഴിക്കുന്നതുമൂലം കന്നുകാലികളിലുണ്ടാകുന്ന വിഷബാധയെ സയനൈഡ് വിഷബാധ എന്നുപറയുന്നു. ഇത്തരം ഇലകൾ ഉണക്കി കൊടുക്കുന്നതു വിഷാംശം ഗണ്യമായി കുറയാൻ സഹായിക്കും. 100 ഗ്രാം മരച്ചീനിയിലയിൽ 180 മില്ലിഗ്രാം ഹൈഡ്രോസയനിക് അമ്ലം അടങ്ങിയിരിക്കുന്നു. എന്നാൽ ഇലകൾ ഉണക്കുന്നതുവഴി ഇതു വെറും 18 മില്ലിഗ്രാമായി കുറയുന്നു.
ഒരു ചെടിയിലെ വിഷാംശത്തിന്റെ ശതമാനം വിവിധ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. വേനൽക്കാലത്തിനുശേഷമെത്തുന്ന മഴയിൽ തഴച്ചു വളർന്നു തുടങ്ങുന്ന ചെടികളിലും വളർച്ച മുരടിച്ച ചെടികളിലും തളിരിലകളിലും വിഷാംശം കൂടുതലായി കാണാം. പക്ഷേ, ഇത്തരം ഇലകൾ ഭക്ഷിക്കുന്ന എല്ലാ മൃഗങ്ങളും ഒരുപോലെ വിഷബാധയ്ക്കു വിധേയമാകണമെന്നില്ല. കന്നുകാലികളുടെ ആമാശയത്തിന്റെ പ്രഥമ അറയിൽ മറ്റ് ആഹാരവസ്തുക്കൾ ധാരാളമുണ്ടെങ്കിൽ, പ്രത്യേകിച്ചു അന്നജാംശം കൂടുതലുള്ള ഭണസാധനങ്ങൾ ഉണ്ടെങ്കിൽ, വിഷബാധയുടെ തോതു കുറയും. അതുപോലെ സ്ഥിരമായി ഇത്തരം ഇലകൾ തിന്നുകൊണ്ടിരിക്കുന്ന കന്നുകാലികളിൽ അമിതമായ തോതിൽ വിഷവസ്തുക്കൾ ചെല്ലുന്നതു കൊണ്ടു മാത്രമേ വിഷബാധയേൽക്കാറുള്ളു.
സാധാരണയായി വിഷബാധയേറ്റാൽ ഒന്നു രണ്ടു മണിക്കൂറിനകം മരണം നിശ്ചയമാണ്. തീവ്ര വിഷബാധയിൽ ഇലകൾ തിന്നുകഴിഞ്ഞു 10-15 മിനിട്ടിനകം ലക്ഷണങ്ങൾ കാണിക്കുകയും അധികം താമസിയാതെ മരണമടയുകയും ചെയ്യുന്നു. പ്രധാനമായി ശ്വസനതടസം, ശ്വാസോച്ഛ്വാസത്തിന്റെ ആഴവും വേഗതയും വർധിക്കൽ, വിശ്രമമില്ലായ്മ, ക്ഷീണം, മാംസപേശികളുടെ കോച്ചിവലിക്കൽ, വിറയൽ, കൈകാലുകളുടെ തളർച്ച, മറിഞ്ഞുവീണു കൈകാലിട്ടടിക്കുകയും മറ്റു പരാക്രമങ്ങൾ കാണിക്കുകയും ചെയ്യൽ എന്നിവയാണ് ലക്ഷണങ്ങൾ. കൂടാതെ കൃഷ്ണമണികൾ വികസിക്കുകയും ഉദരകമ്പനമുണ്ടാകുകയും ചെയ്യും. നാഡിമിടിപ്പ് (കമേണ ഇല്ലാതാകുന്നു. ഒരുവശത്തേക്ക് ചരിഞ്ഞു കിടക്കുന്ന മൃഗം വായ് തുറന്നു പിടിച്ചു ശ്വാസം വലിക്കാനായി അത്യധികം വിഷമിച്ചു കൊണ്ടു മരണമടയുന്നു.
ഇത്തരം വിഷബാധക്കെതിരെ ഫലപ്രദമായ ചികിത്സാമാർഗങ്ങൾ ഉണ്ട്. വിഷബാധയേറ്റ പശുവിന് 5 ഗ്രാം സോഡിയം നൈട്രെറ്റും 15 ഗ്രാം സോഡിയം തയോസൾഫേറ്റും 200 മില്ലിലിറ്റർ വെള്ളത്തിൽ കലക്കി സിരിയമായി കുത്തിവയ്ക്കണം. ആടിന് 50 മില്ലിലിറ്റർ വെളളത്തിൽ സോഡിയം നൈട്രേറ്റ് 1 ഗ്രാമും സോഡിയം തയോസൾഫേറ്റ് 3 ഗ്രാമും മതിയാകും. കന്നുകാലികൾ വിഷാംശമുള്ള ഇലകൾ തിന്നുവെന്നു മനസ്സിലാക്കിയാൽ രോഗലക്ഷണങ്ങൾക്കുവേണ്ടി കാത്തുനിൽക്കാതെ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുകയാണെങ്കിൽ മേൽ വിവരിച്ച അത്യധികം ഫലവത്തായ ചികിത്സാരീതി കൊണ്ടു കാലികളെ രക്ഷിക്കാൻ കഴിയും. പ്രഥമ ചികിത്സയായി ഹൈപ്പോ (സോഡിയം തയോസൾഫേറ്റ്) 5-10 ഗ്രാം ആടുകൾക്കും 30-50 ഗ്രാം പശുക്കൾക്കും വെള്ളത്തിൽ കലക്കി കുടിപ്പിക്കാവുന്നതാണ്.
കൊഴുപ്പ
നനവുളള ചതുപ്പു പ്രദേശങ്ങളിലും നനവുള്ള വയലേലകളിലും വേനല്‍ക്കാലത്തും ധാരാളമായി കാണുന്ന ഒരു തരം കളച്ചെടിയാണ് കൊഴുപ്പ. ഏതാണ്ടു ചെറിയ ഇലയും പടർന്നുള്ള വളർച്ചയും കൊണ്ട് പലപ്പോഴും നാം കൊഴുപ്പ (ശദ്ധിക്കാറില്ല. എന്നാൽ പച്ചപ്പുല്ല് കിട്ടാൻ പ്രയാസമുളള വേനൽക്കാലത്തെ കന്നുകാലികൾക്ക് പുല്ല് ശേഖരിക്കുമ്പോൾ അതിൽ കൊഴുപ്പ ധാരാളമായി കടന്നു കൂടാൻ സാധ്യതയുണ്ട്. കൂടാതെ മേഞ്ഞുനടക്കുന്ന കന്നുകാലികൾ കൊഴുപ്പ ധാരാളമായി ഭക്ഷിക്കുന്നു. കാലികളില്‍ വിഷബാധയുണ്ടാക്കുന്ന ഈ കളച്ചെടി അവയ്ക്ക് സ്വാദിഷ്ടമായ ഒരു ആഹാരവസ്തു കൂടിയാണ്.
വേനൽക്കാലമായാൽ കൊഴുപ്പച്ചെടി വളർച്ച മുരടിച്ച് ഉണങ്ങിയതുപോലെ നിൽക്കുന്നു. ഈ കാലഘട്ടത്തിൽ ചെടിയിൽ വിഷവസ്തു കൂടുതലായിരിക്കും. ആ സമയത്ത് കന്നുകാലികൾ ഇവയെ ഭക്ഷണമാക്കിയാൽ തീർച്ചയായും വിഷബാധയുണ്ടാകുന്നു. പുതുമഴയോടെ കൊഴുപ്പ തഴച്ചുവളർന്നു തുടങ്ങും. ഇങ്ങനെ തഴച്ചു വളർന്നു തുടങ്ങുന്ന ഘട്ടത്തിലും ചെടിയിൽ വിഷാംശം കൂടുതലുണ്ടായിരിക്കും. എന്നാൽ മഴയുടെ കാഠിന്യം കൂടുന്തോറും വിഷാംശം ഗണ്യമായി കുറയുന്നു.
12-15 മാസം പ്രായമുള്ള മൂന്നു കണക്കുട്ടികൾക്ക് 5-6 കിലോഗ്രാം കൊഴുപ്പ് ആഹാരമായി കൊടുത്തു മണ്ണുത്തി വെറ്ററിനറി കോളേജില്‍ 1978-ല്‍ അലിക്കുട്ടിയും ഏലിയാസും ചേർന്ന് നടത്തിയ ഗവേഷണ വെളിവായ വസ്തുതകളാണ് ഇനി.
താടയിൽ വീക്കം തുടങ്ങി ക്രമേണ കഴുത്തിലേക്കും അടിവയറിലേക്കും വ്യാപിച്ചു. കൂടാതെ മാംസപേശികളിൽ വിറയൽ, പിൻകാലുകളുടെ ചലനത്തിൽ അസമാനത, തിറ്റതിന്നാതിരിക്കൽ, ഉദരകമ്പനം, അയവിറക്കാതിരിക്കല്‍, തളർച്ച, ക്ഷീണം, ഉന്മേഷമില്ലായ്മ ഇവ കാണിച്ചു ക്രമേണ മ്യഗം നിലംപതിക്കുകയും ബോധമില്ലാതെ കിടക്കുകയും ചെയ്തു. മുഞ്ഞി ഉണങ്ങിയിരിക്കുന്നതായും കണ്ണിലെ ശ്ലേഷ്മപടലം ചുവന്നു കലങ്ങിയിരിക്കുന്നതായും കണ്ടു.
അഞ്ചു ശതമാനം ഗ്ലൂക്കോസ് ലായനിയിൽ അടാപ്പിൻ സൾഫേറ്റ് ചേർത്തു സിരീയമായി കുത്തിവയ്ക്കുന്നതു ഫലപ്രദമായ ചികിത്സാമാർഗമായി കാണുകയുണ്ടായി. കൂടാതെ ആന്റിഹിസ്റ്റമിനുകൾ, വിറ്റാമിൻ B കൂട്ടുകൾ എന്നിവ പേശീയമായും കുത്തിവയ്ക്കുന്നതു നല്ലതാണ്.
വിഷബാധയിൽ നിന്ന് രക്ഷപ്പെടുന്നവയിൽ പാലുൽപാദനം ഗണ്യമായി കുറയുന്നതായും പിന്നെ ക്രമേണ കൂടിവരുന്നതായും കണ്ടിട്ടുണ്ട്. കൊഴുപ്പ് ആടുമാടുകളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്താതിരിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.
ചേലമരത്തിന്റെ ഇല
നമ്മുടെ നാട്ടിലെ കുന്നിൻ പ്രദേശങ്ങളിൽ തഴച്ചുവളരുന്ന ചേലമരം ഏവർക്കും സുപരിചിതമാണല്ലോ. ശാഖകൾ വീശി തലയുയർത്തി വേനൽക്കാലത്തുപോലും ധാരാളം ഇലകളുമായി നിൽക്കുന്ന ചേലുള്ള ഈ മരം കാലിവളർത്തുകാരുടെ ശത്രുവാണ്. ചേലമരത്തിന്റെ ഇല കാലികൾക്ക് സ്വാദിഷ്ടമായ ഒരു ആഹാരവസ്തുവാണ്. എന്നാൽ ഇതു കാലികളിൽ ഉയർന്ന മരണനിരക്കുണ്ടാക്കുന്ന ശക്തിയേറിയ വിഷബാധയ്ക്കു കാരണമാകുന്നു. ഇളം ഇലകളിൽ വിഷാംശത്തിന്റെ അളവു കൂടുതലായിരിക്കും.
ചേലമരത്തിന്‍റെ ഇല ഉള്ളില്‍ ചെന്ന് അധികനേരം കഴിയുന്നതിനു മുമ്പു തന്നെ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഉന്മേഷമില്ലായ്മ, ഉദരമാന്ദ്യം, അയവിറക്കാതെയും തീറ്റതിന്നാതെയും തൂങ്ങിപ്പിടിച്ച് നില്‍ക്കൽ മുതലായ ലക്ഷണങ്ങൾ പ്രഥമ ദശയിൽ കാണുന്നു. ക്രമേണ നടക്കാൻ കഴിയാതെ തല താഴ്ത്തിപ്പിടിച്ചു നിൽക്കുന്ന മൃഗത്തിന്റെ വായില്‍നിന്ന് ധാരാളം പത പുറത്തു വന്നുകൊണ്ടിരിക്കും. ശരീരമാകമാനമുള്ള മാംസപേശികളിൽ വിറയൽ പ്രത്യക്ഷപ്പെടുന്നതോടെ മ്യഗം നിലംപതിക്കുന്നു.
കണ്ണിലെ കൃഷ്ണമണി വികസിക്കുകയും സന്നിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
തീവ്രമായ വിഷബാധയിൽ ലക്ഷണങ്ങൾ കണ്ടു മണിക്കൂറുകൾക്കകം മൃഗം ചത്തുപോകുന്നു. എന്നാൽ ചെറിയ തോതിലുള്ള വിഷബാധയിൽ മൃഗം ക്രമേണ നിലംപതിക്കുകയും രണ്ടു മൂന്നു ദിവസത്തിനകം മരണമടയുകയും ചെയ്യുന്നു.
വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴെ ചികിത്സിക്കുന്നതു കൊണ്ട് രോഗിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കും. കാത്സ്യവും ഗ്ലൂക്കോസും ചേർന്ന ലായനി സിരീയമായും ആന്റിഹിസ്റ്റമിനുകൾ, കോർട്ടിസോൺ, വിറ്റാമിൻ-B കൂട്ടുകൾ എന്നിവ പേശീയമായും കുത്തിവയ്ക്കുന്നതു പലപ്പോഴും രോഗവിമുക്തിക്കു സഹായകമാണ്. ഇത്തരം വിഷബാധയ്ക്കെതിരെയുളള ഫലപ്രദമായ പ്രത്യേക ചികിത്സാവിധി ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
വിഷബാധയിൽ നിന്ന് വിമുക്തരായ മൃഗങ്ങളിൽ ഉന്മേഷക്കുറവും പാലുൽപ്പാദനത്തിൽ ഗണ്യമായ കുറവും കാണുന്നുണ്ട്. ക്ഷീരോൽപ്പാദനം കുറയ്ക്കുകയും ജീവഹാനിക്കു കാരണമാകുകയും ചെയ്യുന്ന ചേലമരത്തെ കാലികളുടെ ആഹാരത്തിൽ ഉൾപ്പെടുത്താതിരുന്നാൽ സാമ്പത്തികനഷ്ടം ഒഴിവാക്കാം.
മഞ്ഞയരളി
പലപ്പോഴും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ സ്ഥാനം പിടിക്കാറുള്ള മനോഹരമായ ഒരു ചെടിയാണ് മഞ്ഞയരളി. ഈ ചെടിയുടെ പൂവും ഇലയും മനോഹരമായതിനാൽ പലപ്പോഴും അലങ്കാരത്തിനും മറ്റും ഉപയോഗിക്കാറുണ്ട്.
പൂന്തോട്ടത്തിൽ നിന്ന് വെട്ടിയിടുന്ന അരളിച്ചെടിയുടെ ഭാഗങ്ങൾ തിന്നു
ന്നതുകൊണ്ടോ കന്നുകാലി കെട്ടഴിഞ്ഞു പോയി പൂന്തോട്ടത്തിലെ അരളിചെടി തിന്നതുകൊണ്ടോ ആണ് സാധാരണ വിഷബാധയുണ്ടാകുന്നത്. അരളിയുടെ ഇലയും വേരും ഒരുപോലെ വിഷാംശം ഉള്ളതാണ്. എന്നാൽ വിത്തിൽ ആണ് വിഷാംശം ഏറ്റവും കൂടുതൽ.
വിഷബാധയേറ്റ മ്യഗങ്ങളുടെ വായിൽ നിന്ന് ഉമിനീർ ഒലിക്കും; ഛർദി, മാംസപേശികളിൽ വിറയൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ മുതലായ ലക്ഷണങ്ങളും അവ കാണിക്കുന്നു. അസ്വസ്ഥനായ മൃഗം തലച്ചോറിലുണ്ടായ ഉദീപനത്തിന്റെ ഫലമായി അപസ്മാരലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും അധികം താമസിയാതെ ഹൃദയസ്തംഭനംമൂലം മരണത്തിനു അടിമപ്പെടുകയും ചെയ്യുന്നു.
വിഷബാധ ഹ്യദയത്തെ ബാധിക്കുന്നതിനാൽ മഞ്ഞയരളി വിഷബാധയേറ്റവയിൽ മരണം പെട്ടെന്നുണ്ടാകുന്നു. വിഷബാധയേറ്റവയെ പലപ്പോഴും ചികിത്സിക്കുവാൻ അവസരം കിട്ടുകയില്ലെന്നു മാത്രമല്ല ചികിത്സ കൊണ്ടു ഗുണം വിരളവുമാണ്. എങ്കിലും അട്രോപ്പിന്‍ കൊണ്ടുള്ള പ്രയോഗമാണ് ചികിത്സാമാര്‍ഗമായി നിര്‍ദേശിച്ചിട്ടുള്ളത്.
ആവണക്കിൻ ചെടി
ആവണക്കിൻ ചെടിയുടെ കായിൽ നിന്നാണല്ലോ ആവണക്കെണ്ണ ഉൽപ്പാദിപ്പിക്കുന്നത്. തവിട്ടുനിറത്തിൽ മുട്ടയുടെ ആകൃതിയിലുളള ആവണക്കിൻ വിത്തിൽ അടങ്ങിയിരിക്കുന്ന 'റിസിൻ' എന്ന വസ്തുവാണ് കന്നുകാലികളിൽ വിഷബാധയ്ക്കു ഹേതുവാകുന്നത്. വിത്തിൽനിന്ന് ആവണക്കെണ്ണ എടുത്തശേഷം കിട്ടുന്ന പിണ്ണാക്കിലും ഈ വിഷവസ്തു അടങ്ങിയിരിക്കുന്നു. ആവണക്കിൻ പിണ്ണാക്കോ കുരുവോ മറ്റ് ആഹാരവസ്തുക്കളിൽ കലർന്ന് മൃഗങ്ങൾ തിന്നുവാൻ ഇടയാകുന്നതുകൊണ്ടാണ് വിഷബാധയുണ്ടാകുന്നത്.
‘ഫൈറ്റോടോക്സിൻ' ഇനത്തിൽപ്പെടുന്ന 'റിസിൻ' എന്ന വിഷവസ്തുവിന് സസ്യപ്രോട്ടീനിന്റെ രാസഘടനയാണുള്ളത്. മിക്ക സസ്യപ്രോട്ടീനുകളും ചൂടാക്കിയാൽ ഘനീഭവിക്കുന്നതു കാണാം. 'റിസിനും’ ചൂടാക്കുന്നതുകൊണ്ട് ഘനീഭവിക്കുന്നു. ഈവിധം ഘനീഭവിച്ചാൽ റിസിന്റെ വിഷാംശം നശിക്കുന്ന ചൂടിനു വിധേയമാക്കിയാൽ വിഷാംശം ഇല്ലാതെയാകുമെന്നതിനാൽ ആവണക്കിൻകുരുവിലെ 'റിസിൻ' വളരെ ഉപദ്രവകരമായ ഒരു വിഷവസ്തുവല്ല.
'റിസിൻ' ഒരു പ്രോട്ടീൻ ആയതിനാൽ അതിന് മ്യഗങ്ങളുടെ ശരീരത്തിൽ ആന്റിബോഡികളെ സൃഷ്ടിക്കുവാൻ കഴിയുന്നു. ആയതിനാൽ വളരെ ചെറിയ അളവിൽ റിസീൻ മൃഗങ്ങളുടെ ശരീരത്തിൽ ആവർത്തിച്ചു കുത്തിവച്ച് ആന്റിബോഡികളെ സൃഷ്ടിച്ചാൽ മൃഗത്തിന് ഈ വിഷവസ്തുവിനെതിരെ പ്രതിരോധശക്തിയാർജിക്കാമെന്നു ഗവേഷണങ്ങൾ കാണിക്കുന്നു, ആമാശയം, ചെറുകുടൽ എന്നിവയിൽ നിന്ന് റിസിൻ രക്തത്തിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുന്നു.
ആയതിനാൽ ഉള്ളിൽ കടക്കാൻ ഇടയായാൽ മാരകമായ ലക്ഷണങ്ങളോടു കൂടിയ വിഷബാധ പെട്ടെന്നു പ്രകടമാകാൻ സാധ്യതയുണ്ട്. ക്ലാർക്ക് എന്ന ശാസ്ത്രജ്ഞന്റെ ഗവേഷണത്തിൽനിന്നു ഇത്തരം വിഷബാധ കുതിരയെ എളുപ്പം ബാധിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. പശു, എരുമ, ആട്, പന്നി എന്നിവ താരതമ്യേന ഈ വിഷവസ്തുവിനെതിരെ പ്രതിപ്രവർത്തിക്കുവാൻ ശക്തിയുള്ളവയാണ്.
വിഷവസ്തു ഉള്ളിൽ കടന്നാൽ തന്നെ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകാൻ ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ തന്നെ എടുത്തെന്നുവരും. എന്നാൽ വളരെ കൂടുതലായി ആവണക്കിൻക്കുരു കഴിക്കുന്നതുകൊണ്ട് പെട്ടെന്നു വിഷബാധ ഉണ്ടായിക്കൂടെന്നില്ല.
വിഷബാധയുടെ ആദ്യഘട്ടത്തിൽ തൂങ്ങിപ്പിടിച്ചു നിൽക്കൽ, നടത്തയില്‍ അസമാനത മുതലായ ലക്ഷണങ്ങൾ പ്രകടമാകുന്നു. തുടർന്ന് അതികലശലായ വയറിളക്കം ഉണ്ടാകുന്നതായും മ്യഗം വല്ലാതെ കിതയ്ക്കുന്നതായും മാംസപേശികൾ കോച്ചിവലിക്കുന്നതായും കാണാം. ക്രമേണ ഹ്യദയത്തുടിപ്പിന്റെ ഗതിയും ആഴവും വർധിക്കുന്നു. കന്നുകാലികളിൽ ചോരകലര്‍ന്ന വയറിളക്കമുണ്ടാകുന്നു. എന്നാൽ പന്നിയിലും കതിരയിലും ചോരമയമില്ലാത്ത വയറിളക്കമാണ് ഉണ്ടാകുക.
പോസ്റ്റ്മോർട്ടം പരിശോധനയിൽ ആമാശയത്തിലെയും ചെറുകുടലിലെയും ശ്ലെഷ്മസ്തരങ്ങളിൽ വീക്കവും ചോരപ്പാടും മിസെന്ററിക്ക് ലിംഫ്ഗ്രന്ഥി, കരൾ, വൃക്ക, പ്ലീഹ എന്നിവയിൽ വീക്കവും ഉള്ളതായി കാണാം.
ഇത്തരം വിഷബാധയ്ക്കു ലക്ഷണയുക്തമായ ചികിത്സ നടത്തുക എന്നതിലുപരിയായി പ്രത്യേക ആന്റിസിറം കുത്തിവയ്ക്കുക എന്ന കാര്യം പ്രായോഗികമായി ബുദ്ധിമുട്ടുള്ളതാണ്.
എരുക്ക്
നമ്മുടെ നാട്ടിൽ മിക്ക സ്ഥലങ്ങളിലും ചുവപ്പും നീലയും ചേർന്ന പര്‍പ്പിൾ നിറമുളള പൂക്കൾ ചൂടിയ എരുക്ക് സാധാരണയായി കാണാറുണ്ട്. എരുക്കിന്റെ ഇലയും ഞെട്ടും അടർത്തി ഞെക്കിയാൽ സാന്ദ്രത കൂടിയ പാലുപോലുള്ള കറ ഉണ്ടായിരിക്കും. കറ ഒരു പാത്രത്തിൽ ശേഖരിച്ച് അൽപ്പസമയം വച്ചാൽ വയ്ക്കോലിന്റെ നിറമുള്ള ഒരു ദ്രാവകം മുകളിൽ തെളിയുന്നതായും വെളുത്ത നിറമുള്ള ഒരു വസ്തു അടിയുന്നതായും കാണാം. മുകളിൽ തെളിഞ്ഞുവരുന്ന ദ്രാവകമാണ് വിഷബാധയുണ്ടാക്കുന്നത്.
എരുക്കിന്റെ കറയിലെ തരംതിരിച്ചെടുത്ത ദ്രാവകത്തിൽനിന്നു "ജൈജാന്റിൻ' (gigatatin) എന്നു പേരുള്ള ഒരു വെളുത്ത പരൽ രൂപവസ്തുവിനെ വേർതിരിച്ചെടുക്കാം. ആൾക്കഹോളിൽ നന്നായി ലയിക്കുന്നതും വെള്ളത്തിൽ അൽപ്പാൽപ്പമായി മാത്രം ലയിക്കുന്നതുമായ ഈ വസ്തു കാഞ്ഞിരക്കുരുവിൽ അടങ്ങിയിരിക്കുന്ന സ്ട്രിഗ്നിൻ എന്ന വിഷവസ്തുവിനേക്കാൾ 15-20 മടങ്ങു കൂടുതൽ വിഷാംശമുളളതാണ്. തൊലിപ്പുറത്ത് പ്രകോപനമുണ്ടാക്കുകയും ഉള്ളിലേക്കു കൊടുത്താൽ നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യുന്ന വിഷവസ്തുവായി ഇതു പ്രവർത്തിക്കുന്നു.
ഒരു കിലോ ശരീരഭാരത്തിനു 0.5 മില്ലിഗ്രാം എന്ന കണക്കിന് ഈ വിഷവസ്തു പട്ടിയുടെ പെരിട്ടോണിയത്തിലേക്കു കുത്തിവച്ചപ്പോൾ അതികലശലായ വയറിളക്കം, വിമ്മിഷ്ടം, വീശ്രമമില്ലായ്മ, ശ്വസനക്ലേശം മുതലായ ലക്ഷണങ്ങൾ പ്രകടമാക്കിയെന്നും ഒരു കിലോ ശരീര ഭാരത്തിനു 0.25 മില്ലിഗ്രാം എന്ന കണക്കിൽ സീരീയമായി കുത്തിവച്ചപ്പോൾ 60 മിനിട്ടിനുള്ളിൽ പട്ടി മരണത്തിനടിമപ്പെട്ടുവെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. ഇതിൽ നിന്നും എരുക്കിൽ നിന്നുള്ള വിഷബാധയുടെ കാഠിന്യം മനസ്സിലാക്കാം. മൃഗങ്ങളുടെ ശരീരത്തിൽ പുരണ്ടാൽ എരുക്കിൻ കറ ഒരു പ്രകോപന വസ്തുവായി പ്രവർത്തിക്കുകയും പുരളുന്ന ഭാഗത്തിനു ചുറ്റും ചുവന്നു തടിച്ചു പൊള്ളുകയും ചെയ്യും. കണ്ണിൽ വീഴാൻ ഇടയായാൽ കാഴ്ചയെ ബാധിക്കും. എരുക്കിൻ വേര് പൊടിയാക്കി മുക്കിൽ വലിച്ചാൽ അതും വിഷബാധയ്ക്കു ഹേതുവാകും.
ഇലയോ തണ്ടോ ഏതെങ്കിലും വിധത്തിൽ കാലികൾ ഭക്ഷിക്കുവാൻ ഇടയായാൽ ഇതിന്റെ കറ കയ്പുരസം പകരുമെന്നു മാത്രമല്ല തൊണ്ടയിലും ആമാശയത്തിലും എരിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതെത്തുടർന്ന് വായിൽ നിന്നു ഈള ഒലിക്കൽ, വയറ്റിൽ വേദന, വയറിളക്കം, കണ്ണിലെ ക്യഷ്ണമണി വികസിക്കല്‍ എന്നിവയോടെ സന്നിയുടെ ലക്ഷണങ്ങൾ പ്രകടമാക്കി ജീവഹാനിയുണ്ടാകുന്നു.
മ്യഗചികിത്സയിലും മനുഷ്യചികിത്സയിലും എരുക്കിന്റെ ഇല, പൂവ്, വേര്, കറ എന്നിവ നാട്ടുവൈദ്യന്മാർ ഉപയോഗിക്കാറുണ്ട്. എരുക്കിൻ പൂവ് ഒരു ദഹനോത്തേജക മരുന്നായും ടോണിക്കായും ഉപയോഗിക്കാറുണ്ട്. വയറു വേദനയ്ക്ക് എരിക്കില അരച്ചു വയറിന്റെ ഭാഗത്തു പുരട്ടാറുണ്ട്. എരുക്ക് മരുന്നായി ഉപയോഗിക്കുമ്പോൾ അളവു കൂടിയാലും വിഷബാധയ്ക്ക് കാരണമാകാം.
എരുക്കിൻ കറ പഴന്തുണിയിൽ മുക്കി ഒരു വടി ഉപയോഗിച്ചു കന്നുകാലികളുടെ മലദ്വാരത്തിൽക്കൂടെ ഉള്ളിൽ കടത്തിയും എരുക്കിന്റെ ഇലയും പൂവും മറ്റു പച്ചപ്പുല്ലുകളോടു ചേർത്തുകൊടുത്തും കന്നുകാലികളിൽ കൃതിമ വിഷബാധയുണ്ടാക്കാറുണ്ട്.
വെളുത്ത പൂവുള്ള മറ്റൊരു തരം എരുക്കുണ്ട്. ഇതിന്റെ വേര് കൂടുതൽ വിഷാംശമുളളതാണ്. ഇത്തരം എരുക്ക് വനാന്തരങ്ങളിലാണ് കാണാറ്. ഇത് പാമ്പിനെ കൊല്ലാനായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ മണം പോലും പാമ്പിന് താങ്ങാൻ കഴിയില്ല. ബംഗാളിലും മറ്റുമുള്ള പാമ്പുപിടിത്തക്കാർ ഇത്തരം എരുക്കിന്‍റെ വേര് എപ്പോഴും കൊണ്ടുനടക്കാറുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കുന്നിക്കുരു
കുന്നിയും കുന്നിക്കുരുവും നമ്മുടെ നാട്ടിൽ സുലഭമാണല്ലോ. മുട്ടയുടെ ആകൃതിയും രക്താംബരനിറവും ഒരറ്റത്തു കറുത്ത പൊട്ടും ഉള്ള കുന്നിക്കുരുവിന് ശരാശരി 1 3/4 ഗ്രെയിൻസ് ഭാരം ഉണ്ടാകും. സ്വർണം തൂക്കുന്നതിന് സ്വർണവ്യാപാരികൾ കുന്നിക്കുരു ഉപയോഗിക്കാറുണ്ട്. കുന്നിക്കുരുവിലുള്ള 'അബ്രിൻ' (abrin) എന്ന വസ്തുവാണ് വിഷബാധയുണ്ടാക്കുന്നത്. കുന്നിക്കുരുവിന്റെ പുറംതോടിൽ ചുവപ്പുനിറം പകരുന്ന ഒരു വസ്തുവുണ്ട്.
അബ്രിൻ വെള്ളത്തിലും ഗ്ലിസറിനിലും ലയിക്കുന്ന വസ്തുവാണ്. കുന്നിച്ചെടിയുടെ വേരിലും തണ്ടിലും ഔഷധ മൂല്യമുള്ള ഗ്ലിസറൈസാ എന്ന വസ്തു അടങ്ങിയിരിക്കുന്നു. അബ്രിൻ ചൂടേറ്റാൽ നശിച്ചുപോകും. ആയതിനാൽ കുന്നിക്കുരു ചൂടാക്കിയാൽ വിഷാംശം ഇല്ലാതെയാകും.
കുന്നിക്കുരു പൊടിയാക്കി പാലിലിട്ടു തിളപ്പിച്ച് നാഡീവ്യഹത്തിനൊരു ഉത്തേജകവസ്തുവായി ഉളളിലേക്കു കൊടുക്കാറുണ്ട്. തിളപ്പിക്കുന്നതുകൊണ്ടു അബ്രിൻ നശിക്കുന്നു. എന്നാൽ തിളപ്പിക്കാതെ ഉള്ളിലേക്ക് കൊടുത്താൽ വിഷബാധയുടെ പ്രഥമലക്ഷണങ്ങളായ ഛർദ്ദിയും വയറിളക്കവും പ്രത്യക്ഷപ്പെടും. കുന്നിക്കുരു വെള്ളത്തിലിട്ട് തെളിച്ചെടുത്ത ദ്രാവകം കണ്ണില്‍ വീണാല്‍ കാഴ്ചക്കുറവും വിഷബാധയുമുണ്ടാകാം.
കുന്നിക്കുരുവിന്റെ സത്ത് മൃഗങ്ങളുടെ തൊലിക്കടിയിൽ കുത്തിവച്ചപ്പോള്‍ ആ ഭാഗത്തു വീക്കവും നീരും അഴുകലും ഉണ്ടാകുന്നതായും ആഹാരം കഴിക്കാതെയായി രണ്ടുമൂന്നു ദിവസംകൊണ്ട് എണീക്കാന്‍ കഴിയാതെ സന്നിയുടെ ലക്ഷണങ്ങൾ പ്രകടമാക്കി മരിക്കുന്നതായും ഗവേഷണങ്ങൾ കാണിക്കുന്നു. കുന്നിക്കുരു വിഷബാധയിലുണ്ടാകുന്ന ലക്ഷണങ്ങൾ ഏതാണ്ട് സർപ്പവിഷബാധയിലേതുമായി സാമ്യമുള്ളതിനാൽ കർഷകർ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
കന്നുകാലികളെ കരുതിക്കൂട്ടി കൊല്ലുന്നതിന് അതിപുരാതനകാലം മുതലേ ആളുകൾ കുന്നിക്കുരു ഉപയോഗിച്ചിരുന്നു. കുന്നിക്കുരു പൊടിച്ച് അതുമാത്രമായോ കറുപ്പ്, കാട്ടുവെളുത്തുള്ളി എന്നിവയുമായി കലർത്തിയോ കുഴമ്പുണ്ടാക്കുന്നു. ഇതു കൂർത്ത മുള്ളിന്റെയോ സുചിയുടെയോ അഗ്രത്തു പുരട്ടി ഉണക്കും. ഇപ്രകാരം തയ്യാറാക്കിയ സൂചി തടിക്കഷണത്തിലോ മറ്റോ വച്ചുപിടിപ്പിച്ച ശേഷം കന്നുകാലികളുടെ ശരീരത്തിലേക്കു തറച്ചുകയറ്റുന്നു. വ്യക്തികൾ തമ്മിലുള്ള വിരോധം തീർക്കുന്നതിനും ഈവിധം തയ്യാർ ചെയ്ത മുളള് മൃഗങ്ങളുടെ ശരീരത്തിൽ പ്രയോഗിക്കാറുണ്ട്.
ആനത്തൊട്ടാവാടി
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കൂടുതലായി കാണുന്ന വിദേശിയായ ആനത്തൊട്ടാവാടി കാലികൾക്ക് ഇഷ്ടമുളള ഒരു ആഹാരവസ്തുവാണ്. ആനത്തൊട്ടാവാടിയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുവിന്റെ സ്വഭാവത്തെക്കുറിച്ചും ഇതുമൂലമുണ്ടാകുന്ന വിഷബാധയ്ക്ക് ഉചിതമായ ചികിത്സാരീതിയെക്കുറിച്ചുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ഈ വിഷബാധ വൃക്കകളെയാണ് പ്രധാനമായി ബാധിക്കുന്നത്.
ആനത്തൊട്ടാവാടി കാലികൾ അമിതമായി ഭക്ഷിച്ചാൽ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഉദരമാന്ദ്യം, അയവിറക്കാതിരിക്കല്‍, ഉന്മേഷക്കുറവ്, വായിൽ നിന്ന് സാന്ദ്രത കൂടിയ ഉമിനീരും പതയും ചാടല്‍ എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ.
വിഷബാധയുടെ ആദ്യദശയില്‍ തന്നെ ചികിത്സ നടത്തുന്നതുകൊണ്ട് മൃഗങ്ങളെ മരണത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കുവാൻ കഴിയും. വ്യക്തമായ ചികിത്സാമാർഗങ്ങൾ കണ്ടു പിടിച്ചിട്ടില്ലെങ്കിലും വിഷബാധയ്ക്കുള്ള പൊതുവായ ചികിത്സാക്രമം ഒരു പരിധിവരെ ഉപയുക്തമാണ്. തയോസൾഫേറ്റുകൾ ഉള്ളിലേക്കു കൊടുക്കുന്നതും കോർട്ടിസോൺ, ആന്റിഹിസ്റ്റമിനുകള്‍, ഗ്ളൂക്കോസ്, കാൽസിയം, വിറ്റാമിൻ B കൂട്ടുകൾ മുതലായവ കുത്തിവയ്ക്കുന്നതും ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്.
കൊങ്ങിണി അഥവാ പൂച്ചെടി
പഞ്ഞമാസങ്ങളിൽ ആടുമാടുകൾ ധാരാളമായി തിന്നുന്ന ഒരു കളച്ചെടിയാണ് കൊങ്ങിണി. മറ്റു പുല്ലുകളും തീറ്റവസ്തുക്കളും ധാരാളമുള്ളപ്പോൾ ഇവയെ ആടുമാടുകൾ വർജിക്കുകയാണ് പതിവ്. പൂച്ചെടിയിൽ ലന്റാർനിൻ A എന്ന പേരിൽ അറിയപ്പെടുന്ന ഒരു കരൾവിഷം അടങ്ങിയിരിക്കുന്നതിനാൽ ഇത് ഭക്ഷിക്കുന്ന മൃഗങ്ങളുടെ കരളിന്റെ പ്രവർത്തനക്ഷമത കാര്യമായി കുറയുന്നു.
ശരീരത്തിൽ കടന്നുകൂടിയ വിഷാംശത്തിന്റെ തോതനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. അധികരിച്ച വിഷബാധയേറ്റ മ്യഗങ്ങൾ ക്ഷീണം, ആഹാരത്തോടു വിപ്രതിപത്തി, രക്തം കലർന്ന വയറിളക്കം, കൈകാൽ തളർച്ച എന്നീ ലക്ഷണങ്ങൾ കാണിക്കുകയും മൂന്നുനാലു ദിവസത്തിനകം ചത്തുപോവുകയും ചെയ്യുന്നു. ചിലപ്പോൾ രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ മരണപ്പെട്ടുവെന്നു വരാം.
ചെറിയ തോതിൽ വിഷബാധയറ്റ മ്യഗങ്ങളിൽ മലബന്ധം, മഞ്ഞപ്പിത്തം, തൊലിയുടെ ചില ഭാഗങ്ങളിൽ നീർക്കെട്ട് മുതലായവ കാണുന്നു. നീര്‍ക്കെട്ടുള്ള ഭാഗത്തു വേദന അനുഭവപ്പെടുകയും പിന്നീട് തൊലി അടർന്നു പോവുകയും ചെയ്യുന്നു. തൊലി അടർച്ച കാലികളുടെ മേൽച്ചുണ്ടിനെയും മുഞ്ഞിയെയും ബാധിക്കുന്നു. വായ്ക്കകത്തെ തൊലി അടർന്നു പോവുകയും ശ്ളേഷ്മപടലത്തിൽ നീർക്കെട്ടുണ്ടാകുകയും ചെയ്യുന്നു. വിഷബാധ നീണ്ടുനിൽക്കുകയാണെങ്കിൽ വൃക്കകളുടെ പ്രവർത്തനശേഷി നശിക്കുകയും ഫോട്ടോ സെൻസിറ്റൈസേഷൻ റിയാക്ഷൻ ഉണ്ടാവുകയും മ്യഗം കാലക്രമത്തിൽ മറ്റു രോഗങ്ങൾക്കു അടിമയാകുകയും ചെയ്യുന്നു.
വ്യക്തമായി പറയാവുന്ന ഒരു ചികിത്സാരീതി ഇല്ലെങ്കിലും കരളിനെ ഉത്തേജിപ്പിക്കുന്ന മരുന്നുകളായ ലിവ്-52, ലിവോൾ, ലിവെക്സ് തുടങ്ങിയ മരുന്നുകൾ കൊടുക്കുക. സിരീയമായി ഡെക്ക്ട്രോസ് ലായനി കുത്തിവയ്ക്കുക; വിറ്റാമിൻ B കൂട്ടുകൾ ധാരാളമായി കൊടുക്കുക; ചുരുങ്ങിയ അളവിൽ കാൽസിയം കുത്തിവയ്ക്കുക; ആന്റിഹിസ്റ്റാമിനുകൾ കൊടുക്കുക എന്നിവ രോഗശാന്തി ത്വരിതപ്പെടുത്തുന്നു. സൂര്യപ്രകാശം തട്ടാത്ത സ്ഥലത്തു രോഗം മാറുന്നതുവരെ മാടിനെ നിറുത്തുകയും വേണം.
കാഞ്ഞിരക്കുരു
കാഞ്ഞിരക്കുരുവിൽ നിന്നെടുക്കുന്ന സ്ട്രിക്നിൻ എന്ന പേരുള്ള വെളുത്ത ക്ഷാരകൽപ്പം കൊടിയ വിഷമുള്ളതാണ്. ഇത്തരം വിഷബാധ കന്നുകാലികളിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും സ്ടിക്കിൻ അടങ്ങിയ മരുന്നുകൾ കൂടുതലായി കൊടുക്കുന്നതു കൊണ്ട് വിഷബാധയുണ്ടാകാം.
ചിനപ്പോടിയം എണ്ണ
ചിനപ്പോടിയം അംബാസിയോയിഡസ് എന്ന ചെടിയിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ എണ്ണ ആദ്യകാലത്തു വളരെ വിപുലമായി മനഷ്യർക്കും മ്യഗങ്ങൾക്കും ഗ്രഹണിക്കു കൊടുത്തിരുന്നു. എന്നാൽ പലപ്പോഴും വിഷബാധ ഉണ്ടാക്കുന്നതിനാൽ അപൂർവമായി ഇപ്പോൾ ഈ മരുന്ന് ഉപയോഗിക്കുന്നുള്ളൂ. മ്യഗചികിത്സയിൽ മരുന്നിന്റെ വില പരിഗണിക്കണിക്കേണ്ടതുള്ളകൊണ്ടു വില കുറഞ്ഞ ഈ മരുന്നു പൂർണമായി വർജിക്കാനാവില്ല. ഇതിൽ അടങ്ങിയിരിക്കുന്ന അസ്കാരിഡോൾ എന്ന ടെർപിൻ വസ്തുവിന്‍റെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചാണ് വിഷബാധയുണ്ടാക്കുന്നത്. എണ്ണയിൽ ഇത് 45-75 ശതമാനം വരെ അടങ്ങിയിരിക്കുന്നു.
ആടുകളിൽ നാലു മില്ലിലിറ്ററും പന്നിയിൽ മൂന്നര മില്ലിലിറ്ററും നായ്ക്കളില്‍ ഒരു മില്ലിലിറ്ററും എണ്ണ ഉള്ളിലേക്കു കൊടുത്താൽ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നു.
അതിസാരം, വിറയൽ, കോച്ചിവലിക്കൽ, തളർച്ച, മയക്കം എന്നീ ലക്ഷണങ്ങൾ പ്രകടമാക്കി മ്യഗം മരണത്തിനടിമപ്പെടുന്നു. വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ലക്ഷണയുക്തമായ ചികിത്സ നൽകണം. അങ്ങനെ ചെയ്താൽ രോഗിയെ രക്ഷപ്പെടുത്താം.
നൈട്രേറ്റ് വിഷബാധ
വളരുന്ന ചെടികളിൽ നൈട്രേറ്റിന്റെ അളവ് വളരെ കൂടുതലാണ്. ഇവ കന്നുകാലികൾ ഭക്ഷിക്കുമ്പോൾ ചെടിയിലുള്ള നൈട്രേറ്റ്, നൈട്രേറ്റ് ആയി മാറുകയും ആമാശയം, കുടൽ എന്നിവയിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. നൈട്രജൻ അടങ്ങിയ രാസവളങ്ങൾ ധാരാളമായി ഉപയോഗിച്ചു തുടങ്ങിയതോടെ ചെടികളിൽ നിന്ന് കന്നുകാലികൾക്ക് ഇത്തരം വിഷബാധയുണ്ടാകാനുളള സാധ്യത കൂടിയിട്ടുണ്ട്.
സാധാരണയായി കന്നുകാലികളിൽ നൈട്രേറ്റ് വിഷബാധയ്ക്ക് കാരണമാകുന്നത് ഇവയാണ്. ആഴമുള്ള കിണറിലെ നൈട്രേറ്റ് കലർന്ന വെള്ളം, പയറുവർഗചെടികൾ, മറ്റു ചില പ്രത്യേക ചെടികൾ (ഞെരിഞ്ഞിൽ, കര്‍പ്പൂര തുളസി വർഗത്തിലുള്ള ചെടികൾ, ഓട്സ്, ബാർലി, ഗോതമ്പ് എന്നീ ധാന്യങ്ങളുടെ ഇളംചെടി, വരകുമായി സാമ്യമുള്ള കോരപ്പുല്ല്, കരിമ്പുചെടി തക്കാളിച്ചെടിയുടെ അഗ്രഭാഗം). ഒരു കിലോ ശരീരഭാരത്തിന് 0.6 പൊട്ടാസിയം നൈട്രേറ്റ് എന്ന കണക്കിന് ശരീരത്തിൽ പ്രവേശിച്ചാൽ വിഷബാധ മൂലം കന്നുകാലികളില്‍ മരണം നിശ്ചയമാണ്.
നൈട്രേറ്റ് അന്നനാളത്തിന്റെ ഭിത്തിയിൽ വീക്കമുണ്ടാക്കുന്നതിനു പുറമേ രക്തത്തിലേക്കു ആഗിരണവും ചെയ്യപ്പെടുന്നു. രക്തത്തിൽ പ്രവേശിക്കുന്ന നൈട്രേറ്റ് ഹീമോഗ്ലോബിനുമായി പ്രതിപ്രവർത്തിച്ച് ശരീരകലകളിൽ പ്രാണവായുവിന്റെ അഭാവമുണ്ടാക്കുന്നു.
വിഷബാധയുടെ ലക്ഷണങ്ങളിൽ പ്രധാനം വായിൽ നിന്ന് വെള്ളമൊലിക്കല്‍, വയറുവേദന, വയറിളക്കം, അതികലശലായ ഛർദി മുതലായവയാണ്. ശരീരകലകളിൽ പ്രാണവായുവിന്റെ അഭാവമുണ്ടാകുന്നതിനാൽ ശ്വസനവായുവിനുവേണ്ടി വായ് തുറന്നു ശബ്ദത്തോടെ ശ്വസിക്കുന്നതും കാണാം. വിഷബാധയേറ്റ മ്യഗത്തിന്റെ ശരീരതാപനില ക്രമേണ കുറയുകയും സന്നിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യുന്നു. വിഷബാധയേറ്റ് 12- 24 മണിക്കൂറിനകം മരണവുമുണ്ടാകുന്നു. ഒരു കിലോ ശരീരഭാരത്തിന് ഒന്നു-രണ്ടു മില്ലി ഗ്രാം എന്ന കണക്കിൽ മെത്തിലിൻ ബ്ലൂ ഒരു ശതമാനം ലായനി സിരീയമായി കുത്തിവയ്ക്കുകയാണ് വിഷബാധയ്ക്കുള്ള പ്രത്യേക ചികിത്സ.
ഉരുളക്കിഴങ്ങുകൊണ്ടുളള വിഷബാധ
പച്ച ഉരുളക്കിഴങ്ങിൽ "സൊളാനിൻ' എന്ന വിഷാംശം അടങ്ങിയിരിക്കുന്നു. മുളച്ചു തുടങ്ങുന്ന ഉരുളക്കിഴങ്ങിൽ "സൊളാനിൻ' സാന്ദ്രത വളരെ കൂടിയിരിക്കും. ഇത്തരം ഉരുളക്കിഴങ്ങ് ധാരാളം തിന്നുമ്പോൾ കന്നുകാലികളിൽ വിഷബാധയുണ്ടാകാം. പന്നിയിൽ ഇത്തരം വിഷബാധയുടെ കാഠിന്യം വളരെ കൂടുതലാണ്. വിഷവസ്തു ഉള്ളിൽ കടന്ന് ദിവസങ്ങൾക്കു ശേഷമേ ലക്ഷണങ്ങൾ പ്രകടമാകുന്നുള്ളൂ. ത്വക്കിൽ അവിടവിടെയായി തടിപ്പ് ഉണ്ടാ കുക എന്നതാണ് പ്രധാന ലക്ഷണം, കാലിലും കൈയിലും തടിപ്പ് പോളങ്ങളായി വലിഞ്ഞുകൂടുന്നു.
നാഡീവ്യൂഹത്തെ ഉദ്ദീപിപ്പിക്കുന്ന മരുന്നുകളും സംരക്ഷകങ്ങളും ഉള്ളിലേക്കു കൊടുക്കുക എന്നതാണ് ചികിത്സാമാർഗം. ഉരുളക്കിഴങ്ങു തിന്നുന്നതിൽ നിന്നു കന്നുകാലികളെ മാറ്റുന്നതു കൊണ്ടു തന്നെ ക്രമേണ ലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നു.
ചക്കപ്പഴവും അരിയും
കന്നുകാലികളുടെ ആമാശയത്തിന് റൂമെൻ, റെറ്റിക്കുലം, ഒമേസം, അബോമേസം എന്നിങ്ങനെ നാലറകളുണ്ട്. ഇതിൽ ഏറ്റവും ഏറ്റവും വലത് ഒന്നാമത്തെ അറയാണ്. കന്നുകാലി കഴിക്കുന്ന ആഹാരവസ്തു നാലറകളുണ്ട്. ഇതിൽ 218 പലി ക ഴിക്കുന്ന ആഹാരവസ്തുക്കൾ ധാരാളം സമയം ഈ അറയിൽ കെട്ടിക്കിടന്നാലേ ശരിക്കുള്ള ദഹനം നടക്കൂ. റൂമന്‍ ദ്രാവകത്തിലെ അണുക്കളാണ് ദഹനപ്രക്രിയ നടത്തുന്നത്. ബാക്ടീരിയം, പ്രോട്ടോസോവന്‍ എന്നിങ്ങനെ രണ്ടിനത്തില്‍പ്പെട്ട അണുക്കളാണ് പ്രധാനമായും ആമാശയത്തിലുള്ളത്.
ആഹാരരീതി അനുസരിച്ച് ആമാശയത്തിലെ അണുക്കളുടെ ഇനവും മാറിക്കൊണ്ടിരിക്കും. തീറ്റയായി വൈക്കോലും പിണ്ണാക്കും പച്ചപ്പുല്ലും സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന ഒരു കാലിയുടെ ആമാശയത്തിൽ ഇത്തരം ആഹാരത്തെ ദഹിപ്പിക്കുവാൻ സഹായകമായ അണുക്കൾ മാത്രമേ ധാരാളമായി കാണുകയുള്ളൂ. അതുകൊണ്ട് ആഹാരക്രമത്തിൽ പെട്ടെന്നു മാറ്റം വരുത്തുകയാണെങ്കിൽ ദഹനക്കേടുണ്ടാകാനിടയുണ്ട്. ആയതിനാൽ പടിപടിയായി മാത്രമേ ആഹാരക്രമത്തിൽ മാറ്റം വരുത്താൻ പാടുള്ളൂ. പ്രസവിച്ചു കഴിഞ്ഞ പശുവിനു ധാരാളം പച്ചരികഞ്ഞി കൊടുക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഉദരകമ്പനവും വയറിളക്കവും ദഹനക്കേടും ഇതിനുദാഹരണമാണ്.
പ്രഥമ ആമാശയ അറയിലെ (ദാവകത്തിന്റെ pH മൂല്യത്തിൽ വരുന്ന വ്യതിയാനം അണുക്കളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. നാം കൊടുക്കുന്ന ആഹാരസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് അനുസ്യതമായി ഈ മൂല്യത്തിൽ വ്യത്യാസം സംഭവിച്ചുകൊണ്ടിരിക്കും. ഉദാഹരണമായി പഴുത്ത ചക്കയുടെ ചവിണി, കഞ്ഞി, പായസം, സദ്യയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ സാധാരണയായി ധാരാളം കൊടുക്കുന്നതുകൊണ്ട് ലാക്ടിക് അമ്ലം അമിതമായി റൂമെനിൻ ഉൽപ്പാദിപ്പിക്കപ്പെടുകയും അമ്ലാധിക്യം മൂലമുള്ള ദഹനക്കേടുണ്ടാകുകയും ചെയ്യുന്നു. അമ്ലാധിക്യം മൂലം ആമാശയത്തിലെ pH മൂല്യം താഴുന്നു. pH 5-ൽ താഴെയായാൽ ദഹനസഹായികളായ എല്ലാ അണുക്കളും നശിച്ചു പോവും. അതിനാൽ കന്നുകാലികളുടെ ദഹനശക്തി നിലയ്ക്കുന്നു. നിർജലീകരണം, പ്രഥമ ആമാശയത്തിൽ വസ്തുക്കൾ കെട്ടിക്കിടക്കുന്നതു കൊണ്ടുള്ള വിഷബാധ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
മേൽ വിവരിച്ച പ്രകാരം ദഹനക്കേടുമൂലം ആമാശയത്തിലെ അണുക്കള്‍ മുഴുവനും നശിക്കുമ്പോൾ ആവശ്യാനുസരണം ക്ഷാരങ്ങൾ അടങ്ങിയ മരുന്നുകൾ കൊടുത്തു മൂല്യത്തിലുള്ള വ്യതിയാനം ക്രമപ്പെടുത്തിയാല് ദഹന സഹായികളായ അണുക്കൾ വളർന്നു പെരുകുവാൻ ദിവസങ്ങൾ തന്നെ വേണ്ടിവരും. അതിനകം ക്ഷീണിച്ചും വിറങ്ങലിച്ചും ഉൽപ്പാദനക്ഷമത നശിച്ചു കീറ്റോസിസ് മുതലായ രോഗങ്ങൾക്കു കന്നുകാലി പാത്രീഭൂതയാകുന്നു. ദഹനക്കേടുമൂലം നാലഞ്ചു ദിവസം ആഹാരം കഴിക്കാതെ നിൽക്കുന്ന ഒരു പശുവിന് അറവുശാലയിൽ നിന്ന് പശുവിന്റെ (പഥമ ആമാശയത്തിലെ പിഴിഞ്ഞെടുത്തത് ദിവസവും ഒരു ലിറ്റർ എന്ന കണക്കിന് മൂന്നു ദിവസം കൊടുക്കുന്നതു വളരെ ഫലപ്രദമായ ചികിത്സാമാർഗമായി കണ്ടിട്ടുണ്ട്. ഇത്തരം ദ്രാവകം പിഴിഞ്ഞെടുത്തു എത്രയും പെട്ടന്നു കന്നുകാലിയെ കുടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ആഹാരക്രമത്തിൽ പെട്ടെന്നു മാറ്റം വരുത്തുന്നതു അപകടമാണ്. പടിപടിയായി മാത്രമേ ആഹാരക്രമത്തിൽ മാറ്റം വരുത്താവു. പഴുത്ത ചക്കയുടെ ചവിണി, സദ്യയുടെ അവശിഷ്ടങ്ങൾ, പായസം, കഞ്ഞി, തേങ്ങാപ്പീര എന്നിവ ധാരാളം കൊടുക്കുന്നത് കന്നുകാലികളുടെ മരണകാരണമായേക്കാം. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ ആദ്യം കൊടുക്കുമ്പോൾ അളവിൽ കുറച്ചും പിന്നെ ദിനംപ്രതി അളവ് കൂട്ടിക്കൊണ്ടും വരേണ്ടതാണ്. അധികം വന്ന കഞ്ഞി, പായസം എന്നിവ ധാരാളമായി കൊടുക്കുമ്പോൾ 30 ഗ്രാം സോഡാപ്പൊടി അതിൽ ചേർത്തു കലക്കിക്കൊടുക്കുന്നതു അമ്ലാധിക്യം മൂലമുള്ള ദഹനക്കേടിനെ തടയുവാനുള്ള ഫലപ്രദമായ മാർഗമായി പലപ്പോഴും കണ്ടിട്ടുണ്ട്.
പുള്ളിച്ചേമ്പ്
അരോയിഡ സസ്യകുടുംബത്തിൽപ്പെട്ട 'ഡൈഫന്‍ബക്കിയ' എന്ന അലങ്കാരച്ചെടി ഏവർക്കും സുപരിചിതമാണ്. വീട്ടുമുറ്റത്തും സ്വീകരണമുറിയിലും ഈ ചെടി സ്ഥാനം പിടിക്കാറുണ്ട്. പുള്ളിച്ചേമ്പ് എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. ചെടിച്ചേമ്പ്, വാഴച്ചെടി തുടങ്ങിയ പല പേരുകളും ഇതിനുണ്ട്. എളുപ്പം വളർന്നു വലുതാകുന്ന പുള്ളിച്ചേമ്പ് കന്നുകാലികൾക്കും മനുഷ്യർക്കും ഒരുപോലെ ഭീഷണി ആകാറുണ്ട്.
നാലുവയസ്സുകാരൻ മകൻ കളിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തുനിന്ന പുള്ളിച്ചേമ്പിന്‍റെ തണ്ട് അടർത്തി ഒന്നു കടിച്ചു. അൽപ്പനേരത്തിനുള്ളിൽ കുട്ടി കരച്ചിൽ തുടങ്ങി. നാവും ചുണ്ടും വീർത്ത് ഉമിനീർ ഒലിപ്പിച്ച് ഭീഭത്സമായി കുട്ടിയുടെ രൂപം. അമ്മ എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് കുട്ടിയുടെ അച്ഛന്‍ ഓഫീസിൽ നിന്നെത്തിയത്. വീട്ടിൽ ആകപ്പാടെ ബഹളം. കുട്ടിയുടെ അമ്മ കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തിനത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എത്ര നാളായി ഈ ചെടി ഇവിടെ നിൽക്കുന്നു. 'ഇതിനൊരു കുഴപ്പവുമില്ല. ഞാൻ കാണിച്ചു തരാം' എന്നു പറഞ്ഞ് അദ്ദേഹം ചെടിയുടെ ഒരു തണ്ടു പറിച്ചെടുത്തു കടിച്ചു കാണിച്ചു. അൽപ്പനേരത്തിനുള്ളിൽ കുട്ടിക്കുണ്ടായ അതേ ലക്ഷണങ്ങൾ തന്നെ അദ്ദേഹത്തിനുമുണ്ടായി. അൽപ്പം കൂടെ കാഠിന്യത്തിലാണെന്നു മാത്രം.
ആടുമാടുകളെ മാത്രമല്ല ആനയെപ്പോലും തളർത്തുവാൻ പ്രാപ്തമാണ് പുള്ളിച്ചേമ്പ്. പുള്ളിച്ചേമ്പിന്റെ ഇലയും തണ്ടും രുചിച്ചതിന് ഒരാഴ്ചയോളം കഴിയ്ക്കാതെ നാക്കും തള്ളി ഉമിനീരും ഒലിപ്പിച്ചു നിന്ന ആനയ്ക്ക് വിദഗ്ധചികിത്സ കിട്ടിയതു കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടി എന്നു പറയാം. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. പുള്ളിച്ചേമ്പ് സുന്ദരമാണെങ്കിലും അപകടകാരിയാണ്. മനുഷ്യർക്കും മ്യഗങ്ങൾക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്ന ഈ അലങ്കാരച്ചെടിയുമായി അടുത്തു പെരുമാറുന്നത് സൂക്ഷിച്ചു വേണം.
പുള്ളിച്ചേമ്പിന്‍റെ ഇല വിവിധ വർണങ്ങളിൽ കാണാറുണ്ട്. പച്ചനിറത്തിലുള്ള ഇലയിൽ ധാരാളം വെള്ളപ്പൊട്ടുളള ഇനവും മഞ്ഞകലർന്ന വെള്ള നിറത്തിലുള്ള ഇനവുമുണ്ട്. ഇതിൽ പച്ച നിറത്തിൽ വെളളപ്പൊട്ടുള്ള ഇനത്തിന് മഞ്ഞകലർന്ന വെള്ളനിറത്തിലുള്ളതിനെക്കാൾ വിഷാംശം കൂടുതലായി കണ്ടിട്ടുണ്ട്. ഏതു കാലാവസ്ഥയിലും തഴച്ചു വളരുമെന്നതിനാൽ ഈ രണ്ടിനങ്ങളും സുലഭമാണ്, പൂന്തോട്ടം വൃത്തിയാക്കുമ്പോൾ മുറിച്ചിടുന്ന പുള്ളിച്ചേമ്പിന്റെ ഇലയും തണ്ടും പലപ്പോഴും കാലികൾ ഭക്ഷിക്കുവാൻ ഇടയാകാറുണ്ട്. എന്നാൽ വായിലിട്ട് ചവച്ചരച്ച് തുടങ്ങുമ്പോൾത്തന്നെ അരുചിയും ചൊറിച്ചിലും കാരണം എളുപ്പം തുപ്പിക്കളയും. അത്രയും മതി വിഷബാധയുണ്ടാകാൻ. അതുകൊണ്ടുതന്നെ വിഷബാധയുടെ ലക്ഷണങ്ങൾ പ്രധാനമായി വായ്ക്കുള്ളിലും നാവിലും ചുണ്ടിലും മാത്രമായി ഒതുങ്ങുന്നു. ചവച്ചു തുപ്പിയ ചെടിയുടെ കഷണങ്ങൾ മ്യഗങ്ങൾക്കു സമീപം കണ്ടെത്തുന്നത് രോഗനിർണയത്തിന് വളരെ സഹായകമാണ്.
പുള്ളിച്ചേമ്പില്‍ അടങ്ങിയിരിക്കുന്ന പ്രകോപനകാരിയായ വിഷവസ്തു വായിക്കകത്തെ ശ്ളേഷ്മസ്തരത്തിലും നാക്കിലും അതികഠിനമായ ചൊറിച്ചിലും വീക്കവും ഉണ്ടാക്കുന്നു. അതിനാൽ വായിൽ നിന്ന് ഉമിനീർ വാർന്നൊലിച്ചു കൊണ്ടിരിക്കും. നാക്കിൽ അതികലശലായ വീക്കം ഉണ്ടാകുന്നു. വീക്കം അധികമായാൽ നാക്ക് വായിൽനിന്ന് വെളിയിലേക്ക് ഉന്തിയിരിക്കും. വീർത്തു കെട്ടിയ നാവിൽ തൊട്ടുനോക്കിയാൽ തണുപ്പുള്ളതായും സംവേദനശക്തി കുറഞ്ഞതായും കാണുന്നു. വായിലും നാക്കിലുമുണ്ടാകുന്ന പ്രകോപനങ്ങളും അതിന്റെ അനന്തര ഫലങ്ങളുമൊഴിച്ചാൽ ശരീരത്തിനെ പാടെ തളർത്തുന്ന വിഷാംശങ്ങളൊന്നും പുള്ളിച്ചേമ്പിലില്ല.
വിഷബാധയേറ്റ ആടുമാടുകൾക്ക് ആഹാരം തീരെ കഴിക്കുവാൻ കഴിയില്ല. തൽഫലമായി പാലുൽപ്പാദനം ഗണ്യമായി കുറയുന്നു. ലക്ഷണയുക്തമായ ചികിത്സ നൽകുക എന്നതിലുപരിയായി പ്രത്യേക ചികിത്സാവിധികളൊന്നും കണ്ടുപിടിച്ചിട്ടില്ല. ഉമിനീർ ധാരാളം നഷ്ടപ്പെടുന്നതിനാലും തീറ്റയും വെള്ളവും കുടിക്കുവാൻ കഴിയാത്തതിനാലും സന്തുലിത ഇലക്ട്രോലൈറ്റ് ലായനി സിരീയമായി കൊടുക്കുന്നത് നല്ലതാണ്. കൂടാതെ വീക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ, ആന്റിഹിസ്റ്റമിനുകൾ, വിറ്റാമിൻ B-കൂട്ടുകൾ എന്നിവ നൽകുന്നതും രോഗകാഠിന്യം കുറയ്ക്കാൻ ഉപകരിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം ചെടികൾ കന്നുകാലികളുടെ ആഹാരത്തിൽ ഉൾപ്പെടുത്താതിരിക്കുവാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.
പീലിവാക
പയറുവർഗത്തിൽപ്പെട്ട പീലിവാക മരത്തിന്റെ ഇലയും ശാഖയും ആടുമാടുകൾക്ക് ഇഷ്ടപ്പെട്ട ആഹാരവസ്തുവാണ്. ഇതിൽ 'മൈമോസിൻ' എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ട്. എന്നാലും ഒരു പരിധിവരെ കാലികൾ ഇത് കഴിക്കുന്നതില്‍ തെറ്റില്ല. അധികമായാൽ വിഷബാധയ്ക്ക് കാരണമാകും. ആടുകളില്‍ ഇത്തരം വിഷബാധ താരതമ്യേന കുറവാണ്.
നിത്യവും ആഹാരത്തിന്റെ ഏറിയ പങ്കായി പീലിവാക കൊടുത്തുവന്ന കന്നുകാലികളിൽ വിഷബാധയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിന്റെ രേഖകളുമുണ്ട്. നടത്തയിലുള്ള അസമാനത, കാഴ്ചക്കുറവ്, രോമം പൊഴിച്ചിൽ എന്നിവയാണ് ലക്ഷണങ്ങളിൽ പ്രധാനം. ഗർഭിണിപ്പശുക്കളിൽ നടത്തിയ ഗവേഷണങ്ങളിൽ പീലിവാക കൊടുക്കുന്നതുകൊണ്ടു ചാപിള്ളപ്രസവം, ജന്മനായുള്ള ശരീരഭാരക്കുറവ് മുതലായവ സംഭവിച്ചതായി കണ്ടു. ആഹാരത്തിൽ ഒരു ശതമാനം ഫെറസ് സൾഫേറ്റ് ഉൾപ്പെടുത്തുന്നത് പീലിവാക കൊടുക്കുന്നത് കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ ഒരളവുവരെ കുറയ്ക്കുവാന്‍ ഉപകരിക്കുമെന്ന് കാണുകയുണ്ടായി.
സർപ്പവിഷബാധ
മേഞ്ഞുനടക്കുന്ന കന്നുകാലികൾ സർപ്പദംശനമേറ്റ് മരണമടഞ്ഞ വാർത്ത നിരപ്പായ പ്രദേശങ്ങളിൽ വിരളമാണെങ്കിലും വ്യക്ഷലതാദികൾ തിങ്ങിവളരുന്ന മലയാളപദേശങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഒരു ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ വിഷപ്പാമ്പുകൾ ധാരാളമുണ്ട്. പാമ്പുകടി കൊണ്ടുള്ള മരണങ്ങൾ കൂടുതലും ഉണ്ടാകുന്നത് ഉഷ്ണമാസങ്ങളിലാണ്. കടിയേറ്റാലും കന്നുകാലികളിൽ മനുഷ്യരിൽ ഉണ്ടാകുന്നതുപോലുള്ള ഉയർന്ന മരണനിരക്കു കാണുന്നില്ല. അതിന് പ്രധാനമായി രണ്ടു കാരണങ്ങളാണ്. കടിച്ചതു വിഷമുള്ള പാമ്പായാലും ശരീരത്തിൽ പ്രവേശിക്കുന്ന വിഷം മൃഗത്തിന്റെ ശരീരത്തെ തളർത്തുവാൻ വേണ്ട അളവിൽ ഉണ്ടാവില്ല. സാധാരണ ഒരു മനുഷ്യന് 50-60 കിലോഗ്രാമിനിടയ്ക്കു ശരീരഭാരമുണ്ടാകും. എന്നാൽ ഒരു പശുവിന് ഇതിന്റെ അഞ്ചിരട്ടിയിൽ കൂടുതൽ ഭാരമുണ്ടായിരിക്കും. ആയതിനാൽ ശരീരഭാരത്തിനാനുപാതികമായ വിഷാംശം അകത്ത് ചെന്നാലേ മരണമുണ്ടാകാറുള്ളൂ. മറ്റൊന്ന് പാമ്പുകടിയേറ്റ മനുഷ്യനുണ്ടാകുന്നത്ര ഞെട്ടലും (മെന്റൽ ഷോക്ക്) പരിഭ്രാന്തിയും മാനസിക വൈഷമ്യവും മൃഗങ്ങളില്‍ ഉണ്ടാകുന്നില്ല. ഇതും പാമ്പുകടിയേറ്റ കന്നുകാലികളെ മരണത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നു.
മേഞ്ഞുനടക്കുന്ന കന്നുകാലികളിൽ മുഖത്തോ, ചിലപ്പോൾ, കൈകാലുകളുടെ അറ്റത്തോ ആയിരിക്കും പാമ്പുകടിയേൽക്കുന്നത്. ആടിന്റെ അകിടിൽ പാമ്പുകടിച്ചതു കണ്ടിട്ടുണ്ട്.
പാമ്പിന്റെ ഇനം, കടിയേറ്റ മൃഗത്തിന്റെ വലുപ്പം, കടിയേറ്റ സ്ഥാനം, തൊലിയുടെയും തൊലിക്കടിയിലെ കൊഴുപ്പിന്റെയും കട്ടി എന്നിവയെ ആശ്രയിച്ചിരിക്കും വിഷബാധയുടെ കാഠിന്യം. പാമ്പുവിഷം പ്രധാനമായി മൂന്നു വിധത്തിലാണ് മ്യഗങ്ങളുടെ ശരീരത്തിൽ (പതിപ്രവർത്തിക്കുന്നത്. കടിച്ച ഭാഗം ജീർണിച്ച് മൃതമാവുക, നാഡീവ്യൂഹത്തെ ബാധിക്കുക, ശോണരക്താണുക്കളെ ലയിപ്പിക്കുക എന്നിങ്ങനെ. പാമ്പിന്റെ ഇനം അനുസരിച്ച് വിഷാംശം ശരീരത്തെ ബാധിക്കുന്നു.
വിഷപ്പാമ്പ് കടിച്ചാലും മാരകമായ തോതിൽ ചിലപ്പോൾ വിഷം ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടാവില്ല. എങ്കിലും കടിയേറ്റ ഭാഗം മൃതമാകുകയും മറ്റു ബാക്ടീരിയങ്ങളുടെ പ്രവേശനത്തിന് ഇടംകൊടുക്കുകയും ചെയ്യുന്നു. ചിലപ്പോൾ വിഷമില്ലാത്ത പാമ്പു കടിച്ചാലും മണ്ണിൽനിന്നോ ചെളിയിൽനിന്നോ രോഗാണുക്കൾ മുറിവിൽ പ്രവേശിച്ച് അവിടെ നീരുണ്ടാകുകയും ക്രമേണ കാലിയുടെ മരണത്തിനു കാരണമാവുകയും ചെയ്യാം.
മൂർഖൻപാമ്പു കടിച്ചാൽ സാധാരണയായി കടിച്ച ഭാഗത്തു നീരോ വീക്കമോ കാണുന്നില്ല. എന്നാൽ കടിച്ച ഭാഗത്തെ മുറിവിൽ കൂടെ മറ്റു രോഗാണുക്കൾ കടക്കാൻ ഇടയായാൽ മൂന്നുനാലു ദിവസത്തിനകം വീക്കമുണ്ടായേക്കാം. വിഷബാധയേറ്റ കാലികൾ വിഭ്രാന്തിയുള്ളവയായിരിക്കും. നടക്കുമ്പോൾ അവയുടെ കൈകാലുകൾ ഇടറുന്നതും വായിൽ നിന്ന് ഉമിനീർ വീണു കൊണ്ടിരിക്കുന്നതും കാണാം. കേൾവിക്കും കാഴ്ചയ്ക്കും കോട്ടം സംഭവിക്കുന്ന മൃഗങ്ങൾ ക്രമേണ തീറ്റതിന്നാതെയാകുന്നു, ശ്വാസോച്ഛ്വാസത്തിന്റെ ആഴവും എണ്ണവും കൂടുകയും ഹ്യദയമിടിപ്പ് ദ്രുതഗതിയിലാകുകയും ചെയ്യുന്നു. കൈകാലുകൾ മരവിക്കുകയും ശ്വാസോച്ഛ്വാസം നിലച്ച് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്നു.
അണലിവർഗത്തിലുള്ള പാമ്പിന്റെ കടിയേറ്റ ഭാഗത്തു വീക്കവും അതികലശലായ വേദനയുമുണ്ടാകും. മേഞ്ഞുനടക്ക മ്പാൾ കാലികളുടെ മുത്തിളിലേക്കു ബാധിച്ച് ശ്വസനക്ലേശം ഉണ്ടാക്കാറുണ്ട്. മുറിവിൽ നിന്നു രക്തം യിൽ കടിയേറ്റാൽ അവിടെയുണ്ടാകുന്ന വീക്കം പലപ്പോഴും നാസാദ്വാരങ്ങ കലർന്ന നീര് ഒഴുകിക്കൊണ്ടിരിക്കും, ചുറ്റും ചുമപ്പുനിറമായിരിക്കും. കണ്ണിലെ ക്യഷ്ണമണി വികസിക്കുകയും മ്യഗം നിലംപതിക്കു കയും ചെയ്യുന്നു. നാഡിമിടിപ്പിന്റെ വീര്യം കുറയുകയും മുറിവിന്റെ ചുറ്റുമുള്ള വിഷം കൂടുകയും ചെയ്യുന്നു. ക്രമേണ മരണത്തിനടിമപ്പെടുന്നു. വിഷബാധയിൽ നിന്നു കന്നുകാലികൾ രക്ഷപ്പെട്ടാലും കടിയേറ്റഭാഗം പഴുക്കുകയും തൊലി ഉരിഞ്ഞുപോവുകയും ചെയ്യും.
പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്നു തക്കതായ ചികിത്സ നൽകണം. പ്രഥമ ശുശ്രൂഷയായി കടിയേറ്റ് സ്ഥാനത്തിനു മുകളിൽ തുണികൊണ്ടോ ചരടുകൊണ്ടോ വലിച്ചു മുറുക്കി കെട്ടുക. രക്തത്തിൽ കൂടെ വിഷാംശം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതു ഒരു പരിധിവരെ തടയാൻ ഇതു സഹായിക്കും. ഇരുപതു മിനിട്ട് ഇടവിട്ട് ഈ കെട്ട് അഴിച്ച് മുറുക്കിക്കെട്ടണം. മുറിവേറ്റഭാഗത്ത് 1/2 സെ.മീറ്റർ ആഴത്തിൽ മുറിവുണ്ടാക്കുന്നതു നല്ലതാണ്. പൊട്ടാസിയം പെർമാംഗനേറ്റ് ലായനികൊണ്ട് മുറിവു കഴുകി വൃത്തിയാക്കുകയും വേണം.
ആന്റിവെനം കുത്തിവയ്ക്കുക എന്നതാണ്, ചെലവു കൂടിയതെങ്കിലും, യഥാര്‍ത്ഥത്തിലുളള പ്രതിവിധി. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ടി മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷബാധയ്ക്കെതിരെ ഉപയോഗിക്കാവുന്ന പോളീവാലന്റ് ആന്റിവെനം ലഭ്യമാണ്. ആന്റിവെനം സിരീയമായി കുത്തിവയ്ക്കുന്നതിനു പുറമെ ഒരു ഭാഗം കടിയേറ്റ സ്ഥലത്തിനു ചുറ്റുമായി കുത്തിവയ്ക്കണം. 70 കിലോഗ്രാമോ അതിൽ കൂടുതലോ ശരീരഭാരമുളള ഒരു മ്യഗത്തിനു ആന്റിവെനം ഒരു യൂണിറ്റ് മതിയാകും. എന്നാൽ ഭാരം കുറഞ്ഞവയ്ക്കു കൂടുതൽ യൂണിറ്റുകൾ വേണം. ആന്റിവെനം കൊടുക്കുന്നതിനോടൊപ്പം ശക്തിയേറിയ ആന്റിബയോട്ടിക്കുകളും ടെറ്റനസിന് എതിരെയുളള കുത്തിവയ്പും കൊടുക്കണം. കൂടാതെ കോർട്ടിസോൺ, ആന്റിഹിസ്റ്റമിനുകൾ എന്നിവ പേശീയമായും ഗ്ളൂക്കോസ് സലൈൻ ലായനി സിരീയമായും കുത്തിവയ്ക്കുന്നതു നല്ലതാണ്.
തേൾവിഷം
ബൂത്തിഡേ (Buthidae) കുടുംബത്തിൽപ്പെട്ട തേളുകൾ വിഷമുള്ളവയാണ്. ഇതിലെ ജനുസ്സുകളില്‍ ബൂത്തസ് (Buthus), ആൻഡ്രോക്ടോണസ് (Ardroctorus) എന്നിവ ഇന്ത്യയിൽ കണ്ടുവരുന്നു. മനുഷ്യരിൽ ഇത്തരം വിഷബാധ സർവസാധാരണമാണെങ്കിലും മൃഗങ്ങളിൽ ഇതു എത്രമാത്രം ഉണ്ടെന്നു കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ ഇല്ലെന്നുതന്നെ പറയാം.
തേൾക്കുത്താലുണ്ടാകുന്ന ലക്ഷണങ്ങളിൽ പ്രധാനം മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കലശലായ വേദന, കൂത്തിയഭാഗത്തു നീർക്കെട്ട്, ഉമിനീർ ഊറൽ, മൂക്കൊലിപ്പിച്ചു കണ്ണീരൊഴുക്കൽ, വിളർച്ച, പേശികളിലെ കോച്ചിവലിക്കൽ, ഹ്യദയമിടിപ്പു ദ്രുതഗതിയിലാവൽ, അധീകരിച്ച രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അംശം വർധിക്കുകയും ഗ്ലൂക്കോസ് മൂത്രത്തിലൂടെ വിസർജിക്കപ്പെടുകയും ചെയ്യൽ എന്നിവയാണ്. ശരിയായ വിഷബാധയേറ്റവയിൽ ശ്വസനക്ലേശമുണ്ടായി ശ്വാസം നിലച്ചു മരണം സംഭവിക്കുന്നു.
അധികം ഉപദ്രവകാരികളല്ലാത്ത തേളുകളുടെ കുത്തേറ്റ ഭാഗത്തു നീർക്കെട്ടുണ്ടാവുകയും ചില്ലറ അസുഖങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ കണ്ടുവരുന്ന തേളുകൾ ഈ ഇനത്തിൽപ്പെട്ടവയാണ്.
തേൾവിഷബാധക്കെതിരെയുള്ള പ്രത്യേക പ്രതിവിധി പോളിവാലന്റ് ആന്റിസ്-കോർപ്പിയോൺ സിറം കുത്തിവയ്ക്കുക എന്നതാണ്. കൂടാതെ വേദന കുറയ്ക്കുന്ന മരുന്നുകൾ കുത്തേറ്റ ഭാഗത്ത് പുരട്ടുക. കുത്തേറ്റ ഭാഗത്ത് മുറിവുണ്ടാക്കി വിഷം കലര്‍ന്ന രക്തം ഒഴുക്കിക്കളയുക. നോര്‍മല്‍ സലൈന്‍ സീരീയമായി കുത്തിവയ്ക്കുക, മയക്കുമരുന്നുകള്‍ കൊടുക്കുക, കൃത്രിമശ്വാസോച്ച്വാസം നല്‍കുക എന്നിവയാണ്.
കടന്നൽക്കുത്ത്
കടന്നൽ ശരീരത്തിന്റെ ഒരു ഭാഗത്ത് പല സ്ഥലത്തുമായി കുത്തുന്നതു കൊണ്ട് അതികലശലായ വീക്കമുണ്ടാകുന്നു. വേദനയുള്ളതിനാൽ മൃഗങ്ങൾ അലറുന്നതും ചാടുന്നതും കാണാം. നാസാദ്വാരത്തിന്റെ ഭാഗത്ത് കടന്നൽക്കുത്തേല്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന വീക്കം ശ്വസനക്ലേശമുണ്ടാക്കുന്നു.
നേർപ്പിച്ച അമോണിയ ദ്രാവകമോ സോഡിയം ബൈകാര്‍ബനെറ്റോ പുറമേ പുരട്ടുകയും നാഡീവ്യൂഹത്തെ ഉദ്ദീപിപ്പിക്കുന്ന മരുന്നുകൾ ഉളളിലേക്കു കൊടുക്കുകയും വേണം.
ചെള്ളുവാതം
ആട്, ചെമ്മരിയാട്, പശുക്കിടാങ്ങള്‍ എന്നിവയുടെ ദേഹത്ത് ധാരാളമായി കാണുന്ന ചെള്ള് വലിയ ഉപദ്രവകാരികളാണ്. പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്ന ഈ ചെള്ളുകളില്‍ ഒരുകൂട്ടം മൃഗങ്ങളില്‍ തളര്‍വാതം ഉണ്ടാക്കാനും കൂടെ കഴിവുള്ളവയാണ്.
പൂര്‍ണവളര്‍ച്ചയെത്തിയ ചെള്ളിന്‍റെ ഉമിനീര്‍ഗ്രന്ഥികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഒരു പ്രത്യേക വിഷവസ്തുവാണ് ഇതുണ്ടാക്കുന്നത്. മൃഗങ്ങളുടെ നടത്തയിലും കൈകാലുകളുടെ നീക്കത്തിലും അസമാനത കാണിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന രോഗം പിന്‍കാലുകളില്‍ നിന്ന് ക്രമേണ മുന്‍കാലുകളെയും നെഞ്ചിലെ പേശികളെയും ബാധിക്കുന്നതോടെ തളര്‍വാതം അതിന്‍റെ ഉച്ചനിലയിലെത്തുന്നു. നെഞ്ചിലെ മാംസപേശികളിലുണ്ടാവുന്ന തളര്‍ച്ച ശ്വാസോച്ച്വാസ വൈഷമ്യമുണ്ടാവുകയും ശ്വസനക്ലേശം മൂലം മൃഗം മരണമടയുകയും ചെയ്യുന്നു.
ചെള്ളുപനി
കന്നുകാലികളുടെ ദേഹത്ത് കണ്ടുവരുന്ന പ്രത്യേകതരം ചെള്ളുകളില്‍ വളരുന്ന ‘ബേബിസിയ’ വര്‍ഗത്തില്‍പ്പെട്ട അണുക്കള്‍ ഉണ്ടാക്കുന്ന ഒരു രോഗമാണിത്. ആട്, പശു, പന്നി, കുതിര മുതലായ മൃഗങ്ങളെയും ഈ രോഗം ബാധിക്കാം. മൃഗങ്ങളുടെ ശരീരത്തില്‍ നിന്ന് രക്തം കുടിക്കുന്ന ചെള്ള് രോഗാണുക്കളെ എളുപ്പം രക്തത്തിലേക്ക് നിക്ഷേപിക്കുന്നു. തക്കതായ ചികിത്സ കിട്ടിയില്ലെങ്കില്‍ കാലികളില്‍ മരണം നിശ്ചയമാണ്.
കന്നുകാലികളുടെ രക്തത്തിൽ പ്രവേശിക്കുന്ന അണുക്കൾ 7-20 ദിവസം കൊണ്ടു വളർന്നുപെരുകുന്നു. ഈ സൂക്ഷ്മാണുക്കൾ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ സ്ഥാനം പിടിക്കുന്നു. രോഗം മൂർച്ഛിക്കുന്നതോടെ ഈ അണുക്കൾ ചുവന്ന രക്താണുക്കളെ പൊട്ടിച്ചു ഹീമോഗ്ലോബിൻ പുറത്തു ചാടിക്കുന്നു. തൽഫലമായി ശരീരത്തിൽ രക്തക്കുറവും മഞ്ഞപ്പിത്തവും ഉണ്ടാകാം. മൂത്രത്തിൽക്കുടെ ഹീമോഗ്ലോബിൻ പുറത്തുപോകുന്നതിനാൽ മൂത്രത്തിനു കട്ടൻകാപ്പിയുടെ നിറമുണ്ടായിരിക്കും. ചെള്ളുപനി എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് കർഷകനെ സഹായിക്കും.
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതോടെ ഉയർന്ന ശരീരതാപത്തോടെയുളള പനിയുണ്ടാകും. വിശപ്പില്ലായ്മ, തളർച്ച, ക്ഷീണം, അയവിറക്കാതിരിക്കൽ, പാലുൽപ്പാദനത്തിൽ ഗണ്യമായ കുറവ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. കണ്ണിലെ ശ്ലേഷ്മപടലം വിളറിയിരിക്കുന്നതായും ഹ്യദയത്തുടിപ്പിന്റെയും ശ്വാസോച്ഛ്വാസത്തിന്റെയും ആഴവും ഗതിയും വർധിക്കുന്നതായും കാണാം. ചെനയുളള പശുക്കളിൽ ഗർഭം അലസിപ്പോകാൻ സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ കന്നുകാലികളെ എത്രയും വേഗം ചികിത്സയ്ക്ക് വിധേയമാക്കണം. ചെള്ളുപനിക്കെതിരെ ഫലപ്രദമായ മരുന്നു
കൾ ഇന്നു ലഭ്യമാണ്. രോഗത്തിൽനിന്നു രക്ഷപ്പെടുന്ന മാടുകളിൽ പൊതുവേ ആരോഗ്യം ക്ഷയിക്കുന്നതും പാലുൽപാദനം കുറയുന്നതും കാണാം. ആയതിനാൽ കന്നുകാലികളുടെ ശരീരത്തിൽ നിന്നു രക്തം ഊറ്റിക്കുടിക്കുകയും അവയ്ക്കു ചെള്ളുപനിപോലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ചെള്ളിനെ നശിപ്പിക്കുവാൻ കാലിവളർത്തുകാർ പ്രത്യേകം ശ്രദ്ധിക്കണം. ചെള്ളിനെ നശിപ്പിക്കുവാനായി കീടനാശിനികളും അല്ലാതുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. കന്നുകാലികളിൽ ചെല്ലുബാധയേറ്റാൽ എത്രയും വേഗം ചെളളുനീക്കുവാനുള്ള മരുന്ന് പുരട്ടി മ്യഗങ്ങളെ ചെള്ളിന്റെ പിടിയിൽ നിന്നും ഒപ്പം ചെള്ളുപനിയിൽ നിന്നും രക്ഷപ്പെടുത്തേണ്ടതാണ്.
കുളയട്ട
കുളങ്ങളിലും ചതപ്പുനിലങ്ങളിലും എപ്പോഴും കഴിഞ്ഞുകൂടാൻ ആഗ്രഹിക്കുന്ന എരുമകളിലാണ് കുളയട്ട (ലീച്ച്) യുടെ ശല്യം കൂടുതലായി കാണുന്നത്. മ്യഗങ്ങളുടെ നാസാദ്വാരങ്ങളിലാണ് അട്ടകൾ കയറിക്കൂടുന്നത്. മഴക്കാലത്ത് വയലുകളിൽ ഉഴുമ്പോഴും കുളങ്ങളിലും കായലുകളിലും കന്നുകാലികളെ കുളിപ്പിക്കാൻ ഇറക്കുമ്പോഴും അട്ടയുടെ ശല്യം ഉണ്ടായേക്കാം. നാസാദ്വാരങ്ങളിൽ കയറിക്കിടുന്ന അട്ടകൾ രക്തം വലിച്ചെടുക്കാനുണ്ടാക്കുന്ന മുറിവില്‍ക്കൂടെ രക്തം തുടർച്ചയായി ഒഴുകിക്കൊണ്ടിരിക്കും. രക്തത്തിന്‍റെ കൊയാഗുലീകരണശക്തി കുറയ്ക്കുന്ന ഒരു ദ്രാവകം അട്ടകള്‍ മുറിവില്‍ നിക്ഷേപിക്കുന്നതിനാലാണ് ഇങ്ങനെ രക്തം ഒഴുകുന്നത്.
നാസാദ്വാരങ്ങളിൽ മാത്രമല്ല പുറം ചെവിക്കകത്തും അകിടിലും ഈവിധം അട്ടകൾ കടിച്ചുതൂങ്ങാറുണ്ട്. അട്ടകളെ പുറത്താക്കാൻ സാധാരണ കർഷകർ ചെയ്യുന്നതുപോലെ ചുണ്ണാമ്പോ കറിയുപ്പോകൊണ്ട് തടവിയാൽ മതി. അട്ടകൾ താനേ നിലംപതിക്കും. രക്തസ്രാവം നിർത്താനുള്ള മരുന്നുകൾ പുരട്ടിയ തുണി മുറിവിൽ വച്ചു ചേർത്തു പിടിക്കുന്നതും നല്ലതാണ്.
അന്തരീക്ഷ മലിനീകരണം
ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായ ഉയർച്ചയും ശാസ്ത്രത്തിന്‍റെ അഭൂതപൂർവമായ വളർച്ചയും ആധുനിക മനുഷ്യന് നൽകിയ ശാപമാണ് അന്തരീക്ഷ മലിനീകരണം. അനുകൂലമല്ലാത്ത അന്തരീക്ഷത്തിൽ നിന്നു മാറി നിൽക്കാനും അവയുടെ ദോഷഫലങ്ങളെക്കുറിച്ചു മനസ്സിലാക്കാനും ഉറക്കെ ചിന്തിക്കാനും കഴിവുളള മനുഷ്യസമൂഹം അന്തരീക്ഷ മലിനീകരണത്തിൽപ്പെട്ടു നീറുമ്പോൾ സംസാരിക്കാൻ കഴിവില്ലാത്ത, വിവേചന ബുദ്ധിയില്ലാത്ത, പ്രതികൂലസാഹചര്യങ്ങളിൽ നിന്നു ഓടിമറയാൻ കഴിവില്ലാത്ത മിണ്ടാപ്രാണികൾ അനുഭവിക്കുന്ന യാതനയെക്കുറിച്ചു കന്നുകാലികളെ കെട്ടിയിട്ടു വളർത്തുന്നവർ ഓർത്താൽ നന്നായിരുന്നു.
ശ്വസനവായുവിൽകൂടെയോ ആഹാരത്തിൽകൂടെയോ അന്തരീക്ഷത്തിൽനിന്ന് ശരീരത്തിലേക്കു പ്രവേശിക്കുന്ന വിഷവസ്തു പശു തരുന്ന പാലിൽകൂടെ നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കുമെന്ന വസ്തുതയോർത്തെങ്കിലും കന്നുകാലിവളർത്തുകാർ മലിനമായ അന്തരീക്ഷത്തിൽ നിന്നു കാലികൾക്കു പരമാവധി സംരക്ഷണം നൽകേണ്ടതാണ്.
വിഷവസ്തുക്കൾ നിറഞ്ഞ, പുകയും പൊടിപടലവും നിറഞ്ഞ വായുവാണു മൃഗങ്ങൾക്കു പലപ്പോഴും സഹിക്കേണ്ടിവരിക. ഫാക്ടറികളിൽനിന്നു വരുന്ന ഫ്ളൂറിൻ, ആഴ്സനിക് കറുത്തിയം എന്നിവ മനുഷ്യർക്കെന്നപോലെ മൃഗങ്ങൾക്കും ഹാനികരമാണ്. ഈ വായു> ശ്വസിക്കുകയും അവയിലെ വിഷവസ്തുക്കൾ പുല്ലുകളിലും മറ്റു ആഹാര വസ്തുക്കളിലും കുടിക്കുന്ന വെള്ളത്തിലും പറ്റിക്കൂടുന്നതു ഭക്ഷിക്കുകയും കൂടി ചെയ്യണമല്ലോ മൃഗങ്ങൾ.
ആഘോഷദിവസങ്ങളിലും മറ്റും പടക്കം പൊട്ടിക്കുമ്പോൾ മൃഗങ്ങള്‍ ഇളകുന്നതും വിളിക്കുന്നതും നോക്കിനിന്നു രസിക്കാനാണു മനുഷ്യനു രസം. ശബ്ദമുഖരിതമായ അന്തരീക്ഷം മ്യഗങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ്. നിരത്തിൽ കൂടെ പശുക്കളെയും മറ്റു മൃഗങ്ങളെയും നടത്തിക്കൊണ്ടുപോകുമ്പോൾ ഹോണടിച്ചു ശബ്ദമുണ്ടാക്കി മ്യഗങ്ങളെ ഇളക്കിവിടുന്ന "സാഡിസ്റ്റി'കളെ നിങ്ങൾ പലപ്പോഴും കണ്ടിരിക്കും. ശബ്ദകോലാഹലങ്ങൾ കേട്ടുപേടിച്ചു കയറും പൊട്ടിച്ച് ഓടുന്ന മൃഗങ്ങളെ തല്ലിയും എറിഞ്ഞും ഉപദ്രവിക്കുകയും പരിഹാസച്ചിരി മുഴക്കുകയും ചെയ്യുന്നവർ പ്രാണരക്ഷാർഥം ഓടുന്ന നാൽക്കാലികളിലും ത്രസിക്കുന്ന ജീവന്റെ അംശത്തെക്കുറിച്ച് ഓർത്തിരുന്നെങ്കിൽ!
റേഡിയേഷൻ
റേഡിയം വമിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെടുന്നതുകൊണ്ടു കന്നുകാലികൾ റേഡിയേഷൻ ഹാനിക്കു വിധേയമാകുന്നു. എന്നു മാത്രമല്ല ഇത്തരം മൃഗങ്ങൾ റേഡിയം വമിക്കുന്ന വസ്തുക്കളെ പാൽ, ഇറച്ചി എന്നിവയിൽ കൂടെ മനുഷ്യനിലേക്കു പകരുന്ന ഒരു സ്രോതസ്സായി വർത്തിക്കുകകൂടി ചെയ്യുന്നു. ഇതു പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വൻ പ്രശ്നമാണ്.
അണുബോംബുകളുടെ സ്ഫോടനം, റൊൺട്ജൻരശ്മികൾ എന്നിവയ്ക്കു വിധേയമാകുന്ന മൃഗങ്ങളിൽ റേഡിയേഷൻ ഹാനിയുണ്ടാകുന്ന സ്ഫോടനം ഉണ്ടായ സ്ഥലത്തിന്റെ സാമീപ്യം, സ്ഫോടനസമയത്തിന്‍റെ ദൈർഘ്യം, ഭൂമിയിൽ വച്ചാണോ അന്തരീക്ഷത്തിൽ വച്ചാണോ സ്ഫോടനം ഉണ്ടായത് എന്ന വസ്തുതകളെ ആശ്രയിച്ചിരിക്കും റേഡിയെഷന്‍ ഹാനിയുടെ ആഴവും അനന്തരഫലങ്ങളും. കൂടാതെ കന്നുകാലിയുടെ ഭക്ഷണവസ്തുക്കളായ വ്യക്ഷലതാദികളിലും പച്ചപ്പുല്ലിലും പറ്റിക്കൂടിയവ ഉള്ളില്‍ കടക്കാനും സാധ്യതയുണ്ട്.
24 മണിക്കൂറിനുള്ളിൽ 500 റൊൺട്ജൻ യൂണിറ്റുകൾ ശരീരത്തില്‍ പ്രവേശിക്കുന്ന മൃഗങ്ങൾ റെഡിയേഷൻ ഹാനിക്കു വിധെയമാകുന്നു. പചനേന്ദ്രിയത്തിൽ പ്രകോപനമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് റെഡിയേഷന്‍ഹാനിക്കു വിധേയമായ മ്യഗങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആദ്യഘട്ടത്തിൽ തന്നെ മരണത്തിനിരയാകുന്നവയും മറ്റു ബാഹ്യലക്ഷണങ്ങള്‍ കാണിക്കാതെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നവയുമുണ്ട്. ഒരാഴ്ച കഴിഞ്ഞാലുടൻ ശരീരത്തിന്റെ പ്രവർത്തനത്തിലും രക്ത ഘടനയിലും മാറ്റം ഉണ്ടാകുന്നു.
കൂടാതെ രോമം കൊഴിഞ്ഞു പോകുന്നതായും തൊലി ചില ഭാഗങ്ങളിൽ പൊളിഞ്ഞു വ്രണങ്ങളാകുന്നതായും കണ്ണിൽ പാടകയറി കാഴ്ചകുറയുന്നതായും രക്താർബുദം മുതലായ രോഗങ്ങൾ ഉണ്ടാകുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. റേഡിയം പ്രസരണം ചെയ്യുന്ന അയഡിൻ തൈറോയിഡ് ഗ്രന്ഥികളെ നശിപ്പിക്കുന്നു. സ്ട്രോണ്‍ഷ്യം മജ്ജയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇതു രണ്ടും മ്യഗങ്ങളുടെ പാലിൽക്കൂടി പുറത്തേക്ക് വരുകയും അതു ഉപയോഗിക്കുന്നവർക്കു ദോഷം വരുത്തുകയും ചെയ്യുന്നു.
ബിസ്കറ്റ് രോഗം
സമുദ്രനിരപ്പിൽ നിന്നു 1800 മീറ്റർ വരെ ഉയരത്തിലുള്ള സ്ഥലങ്ങളിൽ വളരുന്ന കന്നുകാലികളിൽ ഉണ്ടാകുന്ന ഒരു രോഗമാണ് ബിസ്ക്കറ്റ് രോഗം അഥവാ താടവീക്കാം. നമ്മുടെ റേഞ്ചിലെ കന്നുകാലികളിൽ താടവീക്കം സർവസാധാരണമാണ്. ഉയർന്ന പ്രദേശങ്ങളിൽ അന്തരീക്ഷത്തിന്റെ സാന്ദ്രത വളരെ കുറഞ്ഞിരിക്കുന്നു. അതിന്റെ ഫലമായി ശരീരകലകളിൽ പ്രാണവായുവിന്റെ അഭാവമുണ്ടാകുന്നു. ഉയർന്ന പ്രദേശങ്ങളിൽ വളരുന്ന ആരോഗ്യമുള്ള കന്നുകാലികൾക്കു അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റവുമായി പൊരുത്തപ്പെട്ടുപോകാൻ സാധിക്കും. എന്നാൽ ശരീരത്തിലുണ്ടാകുന്ന രക്തക്കുറവ്, മാംസ്യത്തിന്റെ കുറവ്, ശ്വാസകോശരോഗങ്ങൾ, ഹ്യദ്രോഗങ്ങൾ എന്നിവയിലേതെങ്കിലുമുണ്ടാകുമ്പോൾ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അന്തരീക്ഷത്തിലെ മാറ്റവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. അങ്ങനെ ശരീരകലകളിൽ പ്രാണവായുവിന്റെ അഭാവമുണ്ടാകുന്നു.
ഇതു ശ്വാസകോശത്തിലെ ചെറുധമനികളുടെ വ്യാസം കുറയ്ക്കുകയും രക്തപരിസഞ്ചരണത്തിൽ വ്യതിയാനമുണ്ടാക്കുകയും ചെയ്യുന്നു. തൽഫലമായി ശരീരകോശങ്ങൾക്കു ആവശ്യമായ പ്രാണവായു ലഭിക്കാതെയാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ പരിപൂർണ ആരോഗ്യമുള്ള ഒരു ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണം വർധിക്കുകയും ശ്വാസോച്ഛ്വാസത്തിന്റെ ഗതി കൂടുകയും ഹ്യദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നു. അങ്ങനെ ശരീരത്തിലുണ്ടാകുന്ന ക്ലേശകരമായ സാഹചര്യത്തെ അതിജീവിക്കുന്നു.
എന്നാൽ ശരീരത്തിൽ രക്തക്കുറവോ ശ്വാസകോശരോഗമോ ഉള്ളപ്പോൾ ശരീരത്തിന് ക്ലേശകരമായ ഇത്തരം സാഹചര്യത്തെ അതിജീവിക്കാൻ കഴിയാതെ ഹ്യദയസ്തംഭനം മൂലം മരണമടയുന്നു. എരുമ, പശു, ആട്, കുതിര, കഴുത തുടങ്ങിയ രോഗം ബാധിക്കാറുണ്ട്. എല്ലാ പ്രായത്തിലുള്ളവയിലും രോഗബാധയുണ്ടാകാമെങ്കിലും രണ്ടു വയസ്സിനു താഴെ പ്രായമുള്ളവയിലാണ് കൂടുതൽ. കാരണം പ്രായംകുറഞ്ഞ കാലികൾ പലപ്പോഴും വിരശല്യകൊണ്ട് ശോഷിച്ച് രക്തക്കുറവുണ്ടായി വിളറിയിരിക്കുന്നു. കൂടാതെ ശ്വാസകോശരോഗമായ ന്യൂമോണിയയും കണ്ടേക്കാം.
രോഗം ബാധിച്ചവ മ്ലാനമുഖത്തോടും ശോഷിച്ച ശരീരത്തോടും പരുക്കൻ തൊലിയോടും കൂടിയതായിരിക്കും. ഉരുണ്ടുകൂടിയ രോമവും പ്രദേശത്തും താടയിലും നീരുകൊണ്ടുളള വീക്കവും എടുത്തു പറയാം. നീര് (കമേണ അടിവയറിലേക്കും ബാധിക്കുന്നു. വയറ് ചാടിയിരിക്കും. ചിലപ്പോള്‍ വയറിളക്കവും ഉണ്ടാകും. ശ്വാസംമുട്ടൽ, കണ്ണിലെ ശ്ലേഷമപടലം വെളുത്ത നിറത്തിലോ നീലിച്ചോ കാണൽ, ശ്വാസോച്ഛ്വാസത്തിന്റെ ഗതി വർധിക്കല്‍, നാഡിമിടിപ്പ് കൂടല്‍, ശരീരതാപനിലയിൽ വലിയ വ്യത്യാസം ഉണ്ടാകാതിരിക്കൽ, ഭക്ഷണം കഴിക്കുന്നതിൽ വലിയ മടിപ്പു കാണിക്കാതിരിക്കൽ എന്നിവയാണു മറ്റു ലക്ഷണങ്ങൾ.
ഈ രോഗത്തിനു ചികിത്സയേക്കാൾ ശുശ്രൂഷയാണ് ആവശ്യം. വേനൽക്കാലമായാൽ ഹൈറേഞ്ചിലെ കന്നുകാലികൾക്കു കർഷകർ പ്രധാനമായി കൊടുക്കുന്നത് കരിമ്പിന്റെ ഓലയും അൽപ്പം വയ്ക്കോലും വെള്ളവുമാണ്. പിണ്ണാക്കും കാലിത്തീറ്റയും കൊടുക്കുന്നത് അപൂർവമാണ്. ഈ കാലഘട്ടത്തിൽ ആഹാരത്തിനുവേണ്ടി കാലികൾ അലഞ്ഞുതിരിയുന്നതും താടവീക്കം കൂടുതലായി കാലികളിൽ പ്രത്യക്ഷപ്പെടുന്നതും കാണാം.
രോഗം ബാധിച്ചവയെ വായുസഞ്ചാരമുള്ള തൊഴുത്തിൽ കെട്ടണം. ഹ്യദയോദ്ദീപക മരുന്നുകളായ ഡിജിറ്റാലിസും മൂത്രം കൂടുതൽ പോകുന്നതിനുള്ള ഔഷധങ്ങളും കൊടുക്കണം. മരുന്നു കൂടാതെ ആന്റിബയോട്ടിക്കുകൾ കുത്തിവയ്ക്കുന്നതും നല്ലതാണ്. ശരീരത്തെ ശോഷിപ്പിക്കുന്ന വിരയെ ഇളക്കാനായി കൃത്യമായി മരുന്നു കൊടുക്കണം. മരുന്ന് മൂന്നാഴ്ച കഴിഞ്ഞു ആവർത്തിക്കുകയും വേണം. ചോര കുടിക്കുന്ന ചെള്ള്, പേൻ എന്നിവ ഉണ്ടെങ്കിൽ ത്വക്കിന്റെ പുറത്ത് അവയെ നശിപ്പിക്കുവാനുള്ള മരുന്നു പുരട്ടണം. ഇരുമ്പിന്റെ അംശം, വിറ്റാമിൻ B -കൂട്ടുകൾ, കരൾസത്ത് എന്നിവ കുത്തിവയ്ക്കുന്നതും കോപ്പർ, കോബാൾട്ട്, കരളിനെ ഉദ്ദീപിപ്പിക്കുന്ന മരുന്നുകൾ എന്നിവ ഉളളിലേക്ക് കൊടുക്കുന്നതും നല്ലതാണ്.
മിന്നലും വൈദ്യുതാഘാതവും
മിന്നലോ വൈദ്യുതാഘാതമോ മൂലം ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുത പ്രവാഹത്തിനു മൃഗങ്ങൾ വിധേയമാകാറുണ്ട്. നാഡീവ്യൂഹത്തിന്‍റെ അമിത വിക്ഷോഭം മൂലമുണ്ടാകുന്ന ഞെട്ടൽകൊണ്ട് കാലികൾ തല്‍ക്ഷണം മൃതിയടയുകയോ അബോധാവസ്ഥയിലാകുകയോ ചെയ്യുന്നു.
ഒരു മരത്തിനടിയിൽ മഴയത്തു ഒതുങ്ങിനിന്നിരുന്ന കന്നുകാലികളില്‍ 20 എണ്ണം ഇടിമിന്നലേറ്റു ഒരുമിച്ചു ചത്തുപോയതായി റിപ്പോർട്ടുണ്ട്. മഴക്കാലത്ത് ചതുപ്പ് നിലങ്ങളിലും നനഞ്ഞ പ്രദേശങ്ങളിലും മേഞ്ഞുനടക്കുന്നവയിലും മരത്തണലിലും മറ്റും പറ്റിക്കൂടുന്നവയിലും ഇത് സാധാരണമാണ്. കൂടാതെ കാലിക്കൂട്ടിലെ വൈദ്യുതവയറുകള്‍ പൊട്ടുന്നത് കൊണ്ടും വൈദ്യുതാഘാതമേല്‍ക്കാം. പ്രായപൂര്‍ത്തിയായ ഒരു കാലിയുടെ മരണത്തിനു 110-120 വോള്‍ട്ടേജ് വിദ്യുച്ഛക്തി മതിയാകും.
ആഘാതത്തിന്‍റെ കാഠിന്യമനുസരിച്ച് കന്നുകാലികള്‍ ഇടിമിന്നലേക്കുന്ന സ്ഥലത്തുവച്ചുതന്നെ മരണമടയാം. എന്നാല്‍ ചില മൃഗങ്ങള്‍ അബോധാവസ്ഥയിലാവുകയും കുറച്ചു സമയത്തിനു ശേഷം പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും. ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ കരിഞ്ഞും പൊള്ളലേറ്റുമിരിക്കും. കാല്, മുഞ്ഞി എന്നീ ഭാഗങ്ങളിലാണ് പൊള്ളല്‍ കൂടുതലായി കാണുന്നത്. രക്ഷപ്പെടുന്ന മൃഗങ്ങളില്‍ ചിലവ അന്ധരായും പിന്കാലുകള്‍ക്ക് തളര്‍വാതം ബാധിച്ചവയായും ഭയമുള്ളവയായും കാണപ്പെടുന്നു. ക്രമേണ പൊള്ളലേറ്റ ഭാഗത്തെ തൊലി പൊളിഞ്ഞു പോകുന്നത് കാണാം.
തീപ്പൊള്ളല്‍
തീകൊണ്ടുള്ള പൊള്ളല്‍ മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും ഉണ്ടാകാറുണ്ട്. സമൂഹത്തിനും മൃഗങ്ങള്‍ക്കും സമ്പത്തിനും ഒരുപോലെ നാശനഷ്ടം ഉണ്ടാക്കുന്ന തീപിടുത്തം പലപ്പോഴും നമ്മുടെ അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് വ്യക്തികളുടെയും സമ്പത്തിന്‍റെയും രക്ഷയ്ക്കായി ചില മുന്‍കരുതലുകള്‍ ആവശ്യമാണ്.
പലപ്പോഴും ഒരാളുടെ അശ്രദ്ധമൂലമായിരിക്കും പലര്‍ക്കും ആപത്തുണ്ടാകുന്നത്. റോഡില്‍ക്കൂടെ നടന്നുപോകുമ്പോഴോ ബസ് കാത്തുനില്‍ക്കുമ്പോഴോ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് തുണ്ടുകളും ബീഡിക്കുറ്റികളും ഉണ്ടാക്കാവുന്ന വിനയെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണങ്ങിയ ഇലയോ തുണിക്കഷണങ്ങളോ കടലാസ് തുണ്ടുകളോ അവയ്ക്കടുത്തുണ്ടെങ്കില്‍ ഇവ പുകയുന്നതും കാറ്റിന്‍റെ സഹായത്താല്‍ തീ ആളിക്കത്തുന്നതും കാണാം.
ചൂടുകൊണ്ട് ഉണ്ടാകുന്ന പൊള്ളലുകള്‍ രണ്ടുതരമുണ്ട്. തീ ചുട്ടുപഴുത്ത ലോഹങ്ങള്‍, ചൂടുള്ള വസ്തുക്കള്‍, രാസപദാര്‍ത്ഥങ്ങള്‍, വിദ്യുച്ഛക്തി എന്നിവ മൂലമുള്ള പൊള്ളലുകളെല്ലാം ബേന്‍സ് എന്ന ഗ്രൂപ്പില്‍പ്പെടുന്നു. പൊതുവായിപ്പറഞ്ഞാല്‍ ഈര്‍പ്പരഹിതമായ ചൂടുകൊണ്ടുള്ള പൊള്ളലുകളാണ് ബേന്‍സ്. തിളച്ച വെള്ളം, നീരാവി, ചൂടുള്ള എണ്ണ, കീല് മുതലായവ കൊണ്ടുണ്ടാകുന്ന പൊള്ളലുകളെ സ്കാള്‍ഡ്സ് എന്നുപറയുന്നു.
പൊള്ളൽ നിസ്സാരമാണെങ്കിൽ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുകയോ ആ ഭാഗം തണുത്ത വെള്ളമോ ഐസോ കൊണ്ട് തണുപ്പിക്കുകയോ ചെയ്താൽ മതി. ഇതുമൂലം വേദനയ്ക്കു ശമനമുണ്ടാകും. കൂടാതെ പൊള്ളലിനുളള ഓയിന്റ്മെന്റുകൾ പുരട്ടുകയോ നേർത്ത സോഡിയം ബൈകാർബണേറ്റ് ലായനിയിൽ മുക്കിയ തുണിയോ പഞ്ഞിയോ പൊളളലേറ്റ ഭാഗത്ത് വയ്ക്കുകയോ ചെയ്യുന്നതു വേദന കുറയ്ക്കാൻ ഉപകരിക്കും.
ചിലപ്പോൾ പൊളളൽ ശരീരം മുഴുക്കെ വ്യാപിച്ചിട്ടുണ്ടായിരിക്കും. തൊലി പൊളളി കുമിളകളായി വീർത്തിരിക്കുന്നതായും കരിഞ്ഞിരിക്കുന്നതായും കാണാം. കഠിനമായ പൊള്ളലേറ്റ മ്യഗത്തിന്റെ ശരീരത്തിൽ നിന്നു ത്വക്കിൽക്കുടെ ധാരാളം ജലം നഷ്ടമാകാൻ ഇടയുണ്ട്. ഇതിന്റെ ഫലമായി മ്യഗം അവശനായിത്തീരും. ആയതിനാൽ തണുത്ത വെള്ളം കുടിക്കാൻ നൽകണം. പൊളളലേറ്റ ഭാഗത്തെ വീർത്തിരിക്കുന്ന കുമിളകളിൽ കൂടി അണുക്കൾ ഉള്ളിലേക്കു പ്രവേശിക്കാൻ ഇടയുണ്ട്. ആയതിനാൽ അവ പൊട്ടിക്കാതിരിക്കുകയാണ് നല്ലത്. കൂടാതെ പൊള്ളലേറ്റ ഭാഗത്തുകൂടി രോഗാണുക്കൾ (പവേശിക്കാതെ തടയുവാൻ വേണ്ട പ്രഥമശുശ്രൂഷ നൽകുകയും വേണം. പൊള്ളലേറ്റ ഭാഗത്തു തുണിക്കഷണം, കടലാസ് എന്നിവ പറ്റിയിരിപ്പുണ്ടെങ്കിൽ ഇളക്കി മാറ്റാതെ ബാക്കിയുള്ള ഭാഗങ്ങൾ മുറിച്ചുകളയുകയാണ് വേണ്ടത്. പൊള്ളിയ ഭാഗങ്ങൾ അണുനാശകൗഷധങ്ങളിൽ മുക്കിയ തുണിയോ ലിന്റോ കൊണ്ടു മൂടിവയ്ക്കുക. ഔഷധങ്ങളോ ഓയിന്റ്മെന്റുകളോ പൊളളലിനു മുകളിൽ പുരട്ടാൻ പാടില്ല. തൊലി കേടുവന്നിട്ടുള്ള ഭാഗം വായു തട്ടാത്ത വിധത്തിൽ വൃത്തിയുള്ള തുണികൊണ്ട് പൊതിഞ്ഞു കെട്ടണം. ഇഴയടുപ്പമുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. കണ്ണുകൾക്കു പൊള്ളലേറ്റാൽ കൺപോളകൾക്കിടയിൽ ഒന്നോ രണ്ടോ തുളളി ആവണക്കെണ്ണ ഒഴിക്കുന്നതു നല്ലതാണ്. ശക്തിയുള്ള രാസവസ്തുക്കൾകൊണ്ടു പൊള്ളലിൽ, വ്യാപകമായ രീതിയിലുള്ളതാണെങ്കിൽ, എത്രയും വേഗം വിദഗ്ധവൈദ്യസഹായം തേടേണ്ടതാണ്.
വീടിന് തീപിടിച്ചാൽ അടുത്തുള്ള തൊഴുത്തിനും തീപിടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ കന്നുകാലികളെ എത്രയും വേഗം അവിടെ നിന്ന് അഴിച്ചു മാറ്റിക്കെട്ടണം. തീ ആളിക്കത്തുമെന്നു തീർച്ചയായാൽ ഒരു കത്തി ഉപയോഗിച്ചു പശുവിന്റെ കയർ അറുത്തുവിടണം. എന്നാൽ ശരീരത്തിൽ തീ ആളിക്കത്തുന്ന അവസരങ്ങളിൽ മൃഗങ്ങളെ ഈവിധം ഓടാൻ അനുവദിച്ചാൽ ജ്വാല ഒന്നുകൂടെ ആളിക്കത്തും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചാക്കോ കട്ടിയുള്ള തുണിയോ കൊണ്ടു മൃഗത്തിന്റെ ശരീരം പൊതിഞ്ഞ് തീ അണയ്ക്കുകയാണു വേണ്ടത്. മൃഗത്തിന്റെ ശരീരത്തിൽ വ്യാപകമായ തോതിൽ പൊള്ളൽ ഉളളപ്പോഴും രക്ഷപാപിക്കുവാൻ സാധ്യത കുറവായിട്ടുള്ള സാഹചര്യത്തിലും ഡോക്ടറുടെ ഉപദേശപ്രകാരം മൃഗത്തെ ശാന്തമായ മരണത്തിന് വിധേയമാക്കുകയാണു വേണ്ടത്.
വേനൽ ചൂടിന്റെ തീക്ഷ്ണതയും കറവമാടുകളും
കഠിനമായ ജലക്ഷാമവും അത്യുഗ്രമായ വേനലും വർഷംതോറും നമ്മുടെ നാടിനെ പൊറുതിമുട്ടിക്കാറുണ്ട്. ഇതു കറവമാടുകളെയും പ്രതികൂലമായി ബാധിക്കും. വേനലിന്റെ തീക്ഷ്ണതയും പച്ചപ്പുല്ലിന്റെ അഭാവവും ക്ഷീരോൽപ്പാദനത്തെ സാരമായി ബാധിക്കും.
ശരീരത്തിലെ ഉയർന്ന താപനിലയും നിർജലീകരണവും തലച്ചോറിൽ മാന്ദ്യം ഉണ്ടാക്കുന്നു. നിർജലീകരണം ഉള്ളതിനാൽ ബാഷ്പീകരണം മൂലം ശരീരത്തിന് താപനില നിയന്ത്രിക്കാൻ കഴിയാതെയാകുന്നു. ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങൾ 40- 50 ശതമാനം കണ്ടു വർധിക്കുന്നു. കരളിൽ സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോജൻ മുഴുവനും ഉപയോഗിക്കപ്പെടുന്നു. വായ്ക്കകം വരളുകയും തീറ്റതിന്നുന്നതിൽ കുറവ് ഉണ്ടാകുകയും ശ്വസനക്ലേശം അനുഭവിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയുകയും മാംസപേശികൾക്ക് ബലക്കുറവ് ഉണ്ടാകുകയും രക്തത്തിൽ ഗ്ലൂക്കോസിന്റെ ശതമാനം താഴുകയും ചെയ്യുന്നു.
രക്തത്തിന്റെ താപനില വർധിക്കുന്നതോടെ ഹ്യദയത്തുടിപ്പിന്റെ എണ്ണം കൂടും. ശരീരത്തിനു പുറമേയുള്ള രക്തക്കുഴലുകൾ വികസിക്കുന്നതിനാൽ രക്തസമ്മർദം പെട്ടെന്നു താഴുന്നു. ശ്വാസോച്ഛ്വാസത്തിന്റെ ആഴവും എണ്ണവും വർധിക്കും. പശു വല്ലാതെ കിതയ്ക്കുന്നതായി കാണാം. ഈ നില തുടരുകയാണെങ്കിൽ ശ്വസനക്കുശം മൂലം മൃഗം മരണത്തിനടിമപ്പെടാനുളള സാധ്യതയുണ്ട്.
എന്നാൽ ചില മാർഗങ്ങൾ സ്വീകരിക്കുന്നതു മ്യഗങ്ങളെ വേനൽച്ചൂടിൽ നിന്ന് ഒരുപരിധിവരെ രക്ഷിക്കും. ഓട്, ആസ്ബെസ്റ്റോസ് മുതലായവയുടെ മേൽക്കൂരയുള്ള തൊഴുത്തുകളിൽ നിൽക്കുന്ന സങ്കരവർഗത്തിൽപ്പെട്ട പശുക്കൾ ഉച്ചസമയമായാൽ കിതയ്ക്കുകയും ശ്വസനക്ലേശം അനുഭവിക്കുകയും ചെയ്യുന്നതു കാണാം. തൊഴുത്തിന്റെ കൂരയ്ക്ക് മുകളിൽ ചാക്കു നനച്ചു വിരിച്ചിടുകയും ഇടയ്ക്കിടെ നനയ്ക്കുകയും ചെയ്യുന്നത് വളരെ ആശ്വാസകരമായ കാര്യമാണ്. കൂടാതെ ഇടയ്ക്കിടെ പശുവിന്റെ പുറത്തേക്കു വെള്ളം സ്പ്രേ ചെയ്യുന്നതും നനച്ച ചാക്ക് പശുവിന്റെ പുറത്ത് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ തണുത്ത വെളളം കുടിക്കാൻ നൽകണം. മൃഗങ്ങളെ വെയിലുളള സ്ഥലങ്ങളിൽ മേയാൻ കെട്ടരുത്. കഴിയുമെങ്കിൽ കറവമാടുകളെ ദിവസവും കുളിപ്പിക്കണം. കൂടാതെ തൊഴുത്തിന്‍റെ ജനാലകളിൽ ഈര്‍പ്പമുള്ള തുണിയോ ചാക്കോ ഇടുന്നതുകൊണ്ട് അതിൽ തട്ടി അകത്തേക്കു വരുന്ന കാറ്റിനു തണുപ്പുണ്ടാകും. ജന്മനാ ശരീരത്തിലെ താപനിയന്ത്രണത്തിന് കഴിവ് കുറഞ്ഞ വിദേശജനുസ്സുകളില്‍പ്പെട്ട പശുക്കളെയും അവയുടെ സങ്കര ഇനത്തെയുമാണ് വേനല്‍ചൂട് പ്രധാനമായി ബാധിക്കുന്നത്. അന്തരീക്ഷതാപനില വര്‍ദ്ധിക്കുകയും നീരാവി പൂരിതമാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഉഷ്ണാഘാതത്തിന്‍റെ ഏറ്റവും കൂടുതല്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണുന്നത്. ഒരു അടഞ്ഞ തൊഴുത്തിനേക്കാള്‍ തുറസ്സായതും തണലും ധാരാളം വായുസഞ്ചാരം ഉള്ളതുമായ സ്ഥലമാണ് വേനല്‍ക്കാലത്തേക്ക് ഉത്തമം.
പരുത്തിക്കുരുപ്പിണ്ണാക്ക്
പരുത്തിക്കുരുപ്പിണ്ണാക്കിൽ നേരിയ അളവിൽ ഗോസിപ്പോൾ എന്ന വിഷവസ്തു അടങ്ങിയിരിക്കുന്നു. ഇത് ഹ്യദയഭിത്തികളിലും കരളിലും വീക്കമുണ്ടാക്കുന്നു. എല്ലാ മൃഗങ്ങളെയും ബാധിക്കാമെങ്കിലും പന്നിയിലാണ് ഇത്തരം വിഷബാധ കൂടുതലായി കാണപ്പെടുന്നത്. രണ്ടുമൂന്നു മാസം തുടർച്ചയായി പരുത്തിക്കുരുപ്പിണ്ണാക്കു കൊടുക്കുന്നതു കൊണ്ടു മാത്രമേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുള്ളൂ. തീറ്റ തിന്നാതിരിക്കൽ, ശ്വസനക്ലേശം എന്നീ ലക്ഷണങ്ങൾ കാണിച്ചു വളരെ ദിവസങ്ങൾക്കു ശേഷമേ മരണമുണ്ടാകാറുള്ളൂ. ഖരാഹാരത്തിൽ 10 ശതമാനത്തിൽ താഴെ മാത്രം പരുത്തിക്കുരു പ്പിണ്ണാക്കു കൊടുക്കുകയാണെങ്കിൽ വിഷബാധയുണ്ടാകുകയില്ല. പരുത്തിക്കുരു പിണ്ണാക്കു തിളപ്പിച്ചു കൊടുക്കുന്നതു കൊണ്ടോ ഒരു ശതമാനം കാൽസിയം ഹൈഡ്രോക്സൈഡോ 0.1 ശതമാനം ഫെറസ് സൾഫേറ്റോ ചേർക്കുന്നതു കൊണ്ടോ വിഷാംശം ഇല്ലാതെയാക്കാം.
ആൽഗ വിഷബാധ
കടൽപ്പായൽ വർഗത്തിലുള്ള (ആൽഗ) പല ചെടികളും അപൂർവമായിട്ടാണെങ്കിലും കന്നുകാലികളിൽ വിഷബാധയുണ്ടാകാറുണ്ട്. കാറ്റു കൂടുതലായുള്ള മാസങ്ങളിൽ അലയടിച്ച് കടൽപ്പായൽ കരയ്ക്കടിയുന്നു. വെള്ളം കുടിക്കാനെത്തുന്ന കാലികൾ അതു തിന്നാൻ ഇടയാകുകയോ കുടിക്കുന്ന വെളളത്തിൽക്കൂടെ ധാരാളമായി ഉളളിൽ കടക്കാന്‍ ഇടയാകുകയോ ചെയ്താൽ വിഷബാധയുണ്ടാകാം.
അതിസൂക്ഷ്മശരീരമുള്ള ആൽഗകളില്‍ ചിലത് അപകടകരമാംവിധം വിഷാംശം ഉളളവയാണ്. നിറവ്യത്യാസമനുസരിച്ച് ആൽഗകളെ നാലായി തിരിച്ചിട്ടുണ്ട്. പച്ച നിറമുള്ളവ (green algal), ഇളം നീല കലർന്ന പച്ചനിറത്തോടു കൂടിയവ (blue green alga) തവിട്ടുനിറമുള്ളവ (brown alga), ചുവപ്പ് നിറമുളളവ (red alga). തെളിഞ്ഞ വെള്ളമുള്ള കുളങ്ങളിൽ ആൽഗകൾ സാധാരണ കാണുന്നില്ല. കുളത്തിലെ പച്ചനിറത്തിലുള്ള വെള്ളം ചിലപ്പോൾ പാൽ പിരിഞ്ഞതുപോലെ കാണാറുണ്ട്. ഇത് അൽഗകളുടെ അമിതമായ വളർച്ച കാരണമാണ്. ഇതിന് ആല്‍ഗൽ ബ്ളും എന്നു പറയുന്നു. ഇത്തരം കുളത്തിലെ വെള്ളം കുടിക്കുന്നതു കൊണ്ട് കന്നുകാലികളിൽ ദഹനക്കേട് ഉണ്ടാകുന്നു. തുടർച്ചയായി ഈ വെള്ളം കുടിക്കുന്നതു വിഷബാധക്കു കാരണമാകാനും സാധ്യതയുണ്ട്. ഇത്തരം കുളങ്ങളിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപോകാറുണ്ട്.
ഇളംനീലകലർന്ന പച്ചനിറമുള്ള അപകടകാരികളായ ആല്‍ഗകളിൽ അനാബേനം, സ്പൈറുലെന, ഓസിലറ്റോറിയ, മൈക്രോസിസ്റ്റിസ് എന്നിവ അപകടകാരികളാണ്. ഇതിൽ മൈക്രോസിസ്റ്റിസ് ആൽഗയുടെ വളർച്ച മൽസ്യങ്ങളിൽ ഉഗ്രമായ വിഷബാധയുണ്ടാക്കുന്നു. കുളങ്ങളിൽ വെള്ളത്തിന് മുകളിൽ അരയടിവരെ ഒരു പാടപോലെ ഉണ്ടാകുന്നത് മിക്കവാറും മൈക്രോസിസ്റ്റിഡ് ആൽഗകളുടെ വളർച്ചമൂലമാണ്. അൽപ്പദിവസത്തിനുള്ളിൽ ഇവ പൂർണമായി ചീഞ്ഞളിയുമ്പോൾ വെള്ളത്തിലെ ലേയഓക്സിജൻ ധാരാളമായി ഉപയോഗിക്കേണ്ടിവരുന്നു. ഇതുകാരണം മത്സ്യങ്ങൾക്ക് വെള്ളത്തിൽ ശ്വസന വായുവിന്റെ അഭാവമുണ്ടാവുകയും അവ ചത്തടിയുകയും ചെയ്യുന്നു.
സോഡിയം നൈട്രേറ്റും സോഡിയം തയോസൾഫേറ്റും കലർന്ന ലായനി സിരീയമായി കുത്തിവയ്ക്കുക എന്നതാണ് കന്നുകാലികളിലുണ്ടാകുന്ന ആൽഗ വിഷബാധയ്ക്ക് ഫലപ്രദമായ ചികിൽസാമാർഗം.
കാറ്റടിച്ച് ആൽഗകൾ കുളത്തിലെ വെളളത്തിന്റെ ഏതെങ്കിലും
കോണിൽ വന്നടിയുന്നു. ഇളം ചൂടുവെള്ളത്തിൽ തയാറാക്കിയ 3 ശതമാനം വീര്യത്തിലെ തുരിശുലായനി ഈ ഭാഗത്തു തളിക്കുന്നത് ഫലപ്രദമായ നിയന്ത്രണമാർഗമാണ്.
കുമിൾ വിഷബാധ
ചോളം, റൈ മുതലായ ധാന്യങ്ങളുടെ വിത്തിൽ വളരുന്ന ഒരുതരം കുമിളുകളാണ് 'ക്ലാവിപ്സ് പർപ്യൂറ’. ഇത്തരം കുമിളുകൾ ഉൽപ്പാദിപ്പിക്കുന്ന എർഗട്ട് എന്ന വിഷവസ്തു കന്നുകാലികളിൽ മാരകമായ വിഷബാധയുണ്ടാക്കുന്നു. എർഗട്ട് ബാധിച്ച ധാന്യങ്ങൾ കന്നുകാലികൾക്കും കൊടുക്കുന്നതു കൊണ്ടോ കാലിത്തീറ്റയിൽ ചേർക്കുന്നതുകൊണ്ട് വിഷബാധയുണ്ടാകാം. നാഡീവ്യൂഹത്തെയും രക്തധമനികളെയുമാണ് ഇത്തരം വിഷബാധ പ്രധാനമായി ബാധിക്കുന്നത്. രണ്ടു രീതിയിൽ എർഗട്ട് വിഷബാധ ഉണ്ടാകാറുണ്ട്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന തീവ്ര എർഗര്‍ട്ട് വിഷബാധയും കൈകാൽ മുടന്തലിൽ തുടങ്ങി അവയവാഗ്രങ്ങളിൽ ചീയൽ വരേ ഉണ്ടാക്കുന്ന ദീർഘസ്ഥായിയായ എർഗട്ട് വിഷബാധയും.
വിവിധങ്ങളായ ആൽക്കലോയിഡുകളുടേയും അമീനുകളുടെയും സംയുക്തമായ എർഗട്ടിൽ നിന്ന് മനുഷ്യനും മ്യഗങ്ങൾക്കും ഉപയുക്തമായ വിവിധ മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിലുളള 'എർഗാട്ടാമിൻ' എന്ന ആൽക്കലോയിട് കേന്ദ്രനാഡീവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുകയും അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. എർഗട്ട് വിഷബാധ രക്തക്കുഴലു കളുടെ എൻഡോത്തീലിയത്തിൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതിനാൽ അവയവാഗ്രങ്ങളിലേക്കുള്ള രക്തവിതരണത്തെ തടസ്സപ്പെടുത്തുന്നു. ക്രമേണ അവയവാഗ്രങ്ങൾ മൃതമാവുകയും ചീയൽ ഉണ്ടാവുകയും ചെയ്യുന്നു. ദീർഘസ്ഥായിയായ എർഗട്ട് വിഷബാധയിൽ പുറംകാലുകളുടെ അഗ്രം, വാലിന്റെ അറ്റം, ചെവിയുടെ അഗ്രം എന്നീ ഭാഗങ്ങളിലാണ് ചീയൽ ഉണ്ടാകുന്നത്. വിഷബാധയുടെ ആദ്യ ഘട്ടത്തിൽ ഈ ഭാഗങ്ങൾ ചുവന്നിരിക്കുന്നതായും വീക്കമുള്ളതായും കാണാം. ഈ ഭാഗങ്ങളിൽ തൊട്ടാൽ തണുപ്പും മരവിപ്പും ഉള്ളതായും സ്പർശനശക്തി നഷ്ടപ്പെട്ടതായും മനസ്സിലാക്കാം. ക്രമേണ നീലനിറമാവുകയും അവയവാഗ്രം ഉണങ്ങി, ജീവനുളള ഭാഗത്തു നിന്ന് വേർപെട്ടു പോകുകയും ചെയ്യുന്നു. കാലികൾ നടക്കുമ്പോൾ മുടന്തുന്നതും നടക്കാൻ വൈമനസ്യം പ്രകടമാക്കി ഒരിടത്തുതന്നെ കിടക്കുന്നതും കാണാം. ചില മൃഗങ്ങളിൽ അതികലശലായ വയറിളക്കവും ഉണ്ടാകാം.
തീവ്ര വിഷബാധയേറ്റവ ഉന്മേഷം കുറഞ്ഞും കോച്ചിവലിക്കുന്ന ലക്ഷണങ്ങൾ ഉളളവയായും കാണാറുണ്ട്. ഉറക്കം തൂങ്ങികളെപ്പോലെ നടക്കുന്ന മ്യഗങ്ങൾ ഇടയ്ക്കിടെ മറിഞ്ഞുവീഴുന്നു. ചില മൃഗങ്ങൾക്കു കാഴ്ചക്കുറവ്, കേൾവിക്കുറവ്, ത്വക്കിൽ സ്പർശനശക്തിക്കുറവ് എന്നിവ അനുഭവപ്പെടുന്നു. കാലുകളിലെ പേശികൾക്ക് തളർച്ചയും ബലക്കുറവുമൂലം കാലികൾ നിലംപതിച്ച് ബോധമറ്റു കിടക്കുന്നതും കാണാം. ഇത്തരം വിഷബാധ മാസങ്ങളോളം നീണ്ടുനിൽക്കുകയും (കമേണ മൃഗം മരണപ്പെടുകയും ചെയ്യുന്നു.
എർഗട്ട് വിഷബാധയ്ക്ക് തക്കതായ പ്രതിവിധിയില്ല. എർഗട്ട് അടങ്ങിയ ഭക്ഷണവസ്തുക്കൾ കന്നുകാലിയുടെ ആഹാരത്തിൽ നിന്നു മാറ്റുക എന്നതാണ് (പഥമവും പ്രധാനവുമായി ചെയ്യേണ്ടത്. രക്തധമനികളുടെ വികാസത്തിനും സുഗമമായ പ്രവർത്തനത്തിനുമുതകുന്ന മരുന്നുകൾ പ്രയോഗിക്കുന്നതു നല്ലതാണ്.
കന്നുകാലികൾക്ക് ഇഷ്ടമുള്ള ഒരു ആഹാരവസ്തു എന്നതിനു പുറമേ ഗുണമേന്മയുള്ള ഒന്നുകൂടെയാണു കടലപ്പിണ്ണാക്ക്. എന്നാൽ നനവുളള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതുകൊണ്ടോ ഈർപ്പം തട്ടുന്നതു കൊണ്ടോ കടലപിണ്ണാക്കിൽ ഒരുതരം പൂപ്പൽ ബാധിക്കുന്നു. ഇത്തരം പൂപ്പൽ ഉണ്ടാക്കുന്നത് അസ്പർജില്ലസ് ഇനത്തിലുള്ള കുമിളു(ഫംഗസ്)കളാണ്. അസ്പര്‍ജില്ലസിന്റെ വളർച്ചകൊണ്ടു കടലപ്പിണ്ണാക്കിൽ അഫ്ളാട്ടോക്സിൻ എന്ന വിഷവസ്തു ഉണ്ടാകുന്നു.
കടലപ്പിണ്ണാക്കു ഒന്നുരണ്ടു ദിവസം തുറന്നുവയ്ക്കുന്നതു കൊണ്ടോ നനവുള്ള സംഭരണികളിൽ സൂക്ഷിക്കുന്നതുകൊണ്ടോ ഉണ്ടാകുന്ന ഈർപ്പമുള്ള അന്തരീക്ഷവും ഉയർന്ന ഊഷ്മാവുമാണ് പൂപ്പലിന്റെ വളർച്ചയ്ക്ക് കാരണം. പൂപ്പൽ ബാധിച്ച പിണ്ണാക്കിൽ ഒരു പ്രത്യേക ഗന്ധമുണ്ടായിരിക്കും. 100 കിലോഗ്രാം ഭാരമുള്ള കന്നുകാലിയുടെ ഉള്ളിൽ 400 മില്ലി ഗ്രാം വിഷാംശം (അഫ്ളാട്ടോക്സിൻ) കടക്കാൻ ഇടയായാൽ 15-18 മണിക്കുറിനകം മരണം നിശ്ചയമാണ്. 200 മില്ലിഗ്രാം കടക്കാനിടയായാൽ ഉയർന്ന ശരീരതാപനില, ശ്വാസാച്ഛ്വാസത്തിന്റെ ഗതിയും ആഴവും വർധിക്കൽ, ചോരയും കഫവും കലർന്ന വയറിളക്കം മുതലായ ലക്ഷണങ്ങൾ കാണിക്കുന്നു. 23 മില്ലിഗ്രാം ഉള്ളിൽ കടക്കാനിടയായാൽ ഉണ്ടാകുന്നത് വയറിളക്കം, തീറ്റതിന്നാതിരിക്കൽ മുതലായവയാണ്. ഇതിൽനിന്ന് കടലപ്പിണ്ണാക്കിൽ പൂപ്പൽ ബാധിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന വിഷാംശം ഉഗ്രവീര്യമുള്ളതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
സാധാരണ മഞ്ഞുകാലത്തിന്റെ ആരംഭത്തോടുകൂടി ഇത്തരം വിഷബാധ കൂടുതലായി കണ്ടുതുടങ്ങുന്നു. ലക്ഷണങ്ങളിൽ നിന്ന് വിഷബാധയോ കന്നുകാലികളെ തിരിച്ചറിയാൻ കർഷകർക്ക് ബുദ്ധിമുട്ടാകാമെന്ന് തോന്നുന്നില്ല. കരളിലുണ്ടാകുന്ന ക്ഷതികങ്ങൾ മൂലം കന്നുകാലികളുടെ പചനശക്തി കുറയുകയും വിശപ്പില്ലായ്മയും തദ്വാരാ ബലക്ഷയവും സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെയുളള പ്രതികൂല പരിതസ്ഥിതികളിൽ ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന പരമാണുക്കൾ മൂലം ചുമ, മൂക്കിൽ കൂടെ കഫവും പഴുപ്പും കലർന്ന ഒലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. ഖരാഹാരങ്ങളും വയ്ക്കോലും പൂര്‍ണമായി വര്‍ജിക്കുമെങ്കിലും പച്ചിലകളും പുല്ലും വെള്ളവും കഴിക്കും. രോഗാരംഭത്തില്‍ നേരിയ തോതില്‍ ശ്വാസംമുട്ടും പനിയുമുണ്ടായിരിക്കും. നാഡിമിടിപ്പ് ദ്രുതഗതിയിലും ശക്തികുറഞ്ഞും കാണാം. കരളിന്‍റെ പ്രവര്‍ത്തനശേഷി ഗണ്യമായി കുറയുന്നതിനാലും കരള്‍വീക്കം ബാധിക്കുന്നതിനാലും കാലക്രമത്തിൽ മഞ്ഞപ്പിത്തം പിടിപെടുന്നു. സാധാരണയായി കാണുന്ന മറ്റു ലക്ഷണങ്ങളിൽ പ്രധാനം കണ്ണിന് കാഴ്ചക്കുറവ്, വട്ടത്തിൽ നടക്കൽ, ഇടയ്ക്കിടെ മറിഞ്ഞുവീഴൽ, ചെവി തുടർച്ചയായി ചലിപ്പിക്കൽ, പല്ലിറുമ്മൽ, വയറിളക്കം മുതലായവയാണ്. ഗർഭമുള്ള പശുക്കളുടെ ഗർഭമലസിപ്പോകുന്നതും സാധാരണയാണ്. ചിലപ്പോൾ വിഷബാധയേറ്റവ സന്നിയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. ലക്ഷണങ്ങൾ കണ്ടു ഏതാണ്ട് 48 മണിക്കൂറിനുളളിൽ ജീവഹാനിയുണ്ടാകാം.
ചെറിയ അളവിലുള്ള വിഷബാധയിൽ മുകളിൽ വിവരിച്ച ലക്ഷണങ്ങൾ കാണുന്നില്ല. ഇങ്ങനെയുള്ള കന്നുകാലികളിൽ പാലുൽപ്പാദനം ഗണ്യമായി കുറയുന്നു; തീറ്റതിന്നാതെ തൂങ്ങിപ്പിടിച്ചു നിൽക്കുന്ന അവയുടെ ശരീരം ശോഷിക്കുന്നതായും മുടി ഉണങ്ങിയിരിക്കുന്നതായും കാണാം. കരളിന്റെ പ്രവർത്തനശേഷി കുറയുന്നതിനാൽ കാലക്രമത്തിൽ മഞ്ഞപ്പിത്തം പിടിപെടുന്നു. തക്കതായ ചികിത്സ കിട്ടിയില്ലെങ്കിൽ ക്രമേണയുളള മരണത്തിന് കാരണമാകും. രോഗം ബാധിച്ചവയെ എത്രയുംവേഗം ചികിൽസയ്ക്ക് വിധേയമാക്കിയാൽ സാമ്പത്തികനഷ്ടം ലഘൂകരിക്കാവുന്നതാണ്.
പനിയും കരൾവേധവും കാണപ്പെടുന്നവയ്ക്ക് ആന്റിബയോട്ടിക്കുകളായ ടെട്രാസൈക്ളിനും സ്ട്രെപ്റ്റോമൈസിനും പെൻസിലിനും ചേർന്ന മിശ്രിതങ്ങൾ കുത്തിവയ്ക്കുന്നതും നിർജലീകരണത്തിന്റെ തോതനുസരിച്ചു 5 മുതൽ 25 ശതമാനം വരെയുള്ള ഗ്ലൂക്കോസ് ലായനിയും 5 മില്ലിലിറ്റർ ബിപ്ളെക്സു ഫോർട്ടും 100 മില്ലിലിറ്റർ 25 ശതമാനം കാൽസിയം ബോറോ ഗ്ലൂക്കൊണറ്റും ചേർത്തു സിരീയമായി കുത്തിവയ്ക്കുന്നതും ഫലപ്രദമാണ്. ഈ ചികിൽസ കുറഞ്ഞത് മൂന്നുദിവസത്തേക്കെങ്കിലും ചെയ്യണം. അതിനുശേഷം ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കരൾ സത്തും വിറ്റാമിൻ കൂട്ടുകളും ചേർന്ന മരുന്നു പേശീയമായി കുത്തിവയ്ക്കണം. ഇതിനുപുറമേ കരളിന്റെ(പവർത്തനശേഷി വർധിപ്പിക്കുന്നതിനു ലീവ്-52 പൊടി 25 ഗ്രാം വീതം ദഹനോത്തേജക മരുന്നുകളോടൊപ്പം കൂട്ടി കൊടുക്കുന്നതും വിറ്റാമിനുകളും ലവണങ്ങളും അടങ്ങിയ പൊടി കൊടുക്കുന്നതും രോഗവിമുക്തിയെ ത്വരിതപ്പെടുത്തുന്നു. കാലികൾ സ്വയം ആഹാരങ്ങൾ കഴിച്ചുതുടങ്ങുന്നതുവരെ ചികിൽസ തുടരേണ്ടതാണ്. കൂടാതെ അമോണിയ, സിങ്ക് സൾഫേറ്റ്, സോഡിയം തയോസൾഫേറ്റ് എന്നിവ വ്യത്യസ്ത വീര്യങ്ങളിൽ നേർപ്പിച്ചു പ്രയോഗിക്കാറുണ്ട്.
രോഗബാധയറ്റവയുടെ ആഹാരത്തിലും പ്രത്യേകം ശ്രദ്ധിക്കണം. പുല്ലും പച്ചിലകളും കലർത്തി കൊടുക്കുന്നതും ആഹാരത്തിലെ മാംസ്യവും കൊഴുപ്പും കുറച്ച് അന്നജാംശം കൂട്ടി കൊടുക്കുന്നതും രോഗശാന്തിയെ സഹായിക്കുന്നു. ഈ രോഗം മൂലം കരളിന്‍റെ ശക്തി ഗണ്യമായി കുറയുന്നതിനാല്‍ പരിപൂർണ സുഖം പ്രാപിക്കുന്നതിന് ഏതാനും ആഴ്ചകൾ വേണ്ടിവരും. അത് വരെ ആഹാരങ്ങൾ ക്രമീകരിച്ചു കൊടുക്കേണ്ടതാണ്. നനവോ ഈർപ്പമോ തട്ടിയ കപ്പലണ്ടിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന പിണ്ണാക്ക് വർജിക്കുക, പിണ്ണാക്കുകൾ ഈർപ്പം തട്ടാതെയും പൂപ്പൽ ബാധിക്കാതെയും സൂക്ഷിക്കുക, പൂപ്പൽ ബാധിച്ച വയ്ക്കോൽ കൊടുക്കാതിരിക്കുക, കടലപ്പിണ്ണാക്കിന് പ്രാധാന്യം നൽകി തീറ്റ കൊടുക്കുന്നതിനുപകരം ഗുണനിയന്ത്രണം പാലിക്കുന്ന കാലിത്തീറ്റകൾ കൊടുക്കുക, കാലാവസ്ഥയുടെ കെടുതികളിൽ നിന്നും മാടുകളെ രക്ഷിക്കുക, ശുചിയായി പരിപാലിക്കുക, എന്നിവ പ്രതിരോധമാർഗങ്ങളായി സ്വീകരിക്കാം.
അധികമായാൽ അമൃതും വിഷമാണ്. ഈ ചൊല്ല് പലതുകൊണ്ടും അർഥവത്താണ്. പൊതുവെ പറഞ്ഞാൽ വിഷവസ്തു എന്ന് ഒന്നില്ല. എല്ലാം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഔഷധഗുണമുളളതാണ്.എന്നാൽ അത് ഉള്ളിലേക്കു കടക്കുന്ന അളവിനെ ആശ്രയിച്ചിരിക്കുന്നു ശരീരത്തിൽ ആ വസ്തുവിന്റെ വീര്യം. പല വിഷവസ്തുക്കളും വളരെ ചെറിയ അളവിൽ നേർപ്പിച്ചു ഔഷധങ്ങളായും മറ്റും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് അളവിൽ കൂടുതലായാൽ വിഷബാധയുണ്ടാക്കും.
'കഴിച്ചാൽ ജീവന് ഹാനിവരുത്തുന്നതോ ജീവന് ക്ഷതമോ ഹാനിയോ വരുത്താവുന്നതോ ആയ ഒന്ന്' എന്നാണ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ വിഷത്തെ നിർവചിച്ചിരിക്കുന്നത്. ഉളളിലേക്കു കടന്നാൽ ജീവന് അപകടം ഉണ്ടാക്കുന്നതോ ആഘാതമോ മുറിവോ ഉണ്ടാക്കാവുന്നതോ ആയ ഏതു വസ്തുവിനേയും വിഷമുള്ളതായി കണക്കാക്കാം. ക്രിമിനൽ നിയമമനുസരിച്ചു വജ്രപ്പൊടി, ഗ്ലാസ്‌പൊടി, മുടിക്കഷണം മുതലായവയെയും വിഷവസ്തുക്കളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമസംഹിതയിൽ കന്നുകാലികളിലെ വിഷബാധയെക്കുറിച്ച് പ്രതിപാദിക്കുന്ന രണ്ടുവകുപ്പുകളുണ്ട്.
ഇത് പ്രകാരം പത്തു രൂപാ അതിൽ കൂടുതലോ വിലപിടിപ്പുള്ള ഏതെങ്കിലും മൃഗത്തെയോ മ്യഗങ്ങളെയോ ആരെങ്കിലും കൊല്ലുകയോ വിഷം കൊടുക്കുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്താൽ അയാൾ രണ്ടു വർഷം വരെയുള്ള തടവിനോ പിഴയ്ക്കോ രണ്ടും കൂടെയുള്ള ശിക്ഷയ്ക്കും അർഹനാണ്.
അമ്പതു രൂപയോ അതിൽ കൂടുതലോ വിലയുള്ള ഏതെങ്കിലും ആനയെയോ ഒട്ടകത്തെയോ കുതിരയെയോ കോവർ കഴുതയെയോ എരുമയെയോ പശുവിനെയോ കാളയെയോ അല്ലെങ്കിൽ അതോ അതിൽ കൂടുതലോ വിലയുളള ഏതെങ്കിലും മൃഗത്തയോ ആരെങ്കിലും കൊല്ലുകയോ വിഷം കൊടുക്കുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്താൽ അയാൾ അഞ്ചു വർഷത്തെ തടവിനോ പിഴയ്ക്കോ രണ്ടുകൂടെയുള്ള ശിക്ഷയ്ക്കോ അർഹനായിരിക്കും.
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ദൃഷ്ടിയിൽ കന്നുകാലികളിൽ രണ്ടുതരത്തിലുണ്ടാക്കാവുന്ന വിഷബാധകളാണ് കുറ്റകരമായിട്ടുളളത്.
കരുതിക്കുട്ടി കന്നുകാലികൾക്കു വിഷം കൊടുക്കാൻ പല സമ്പ്രദായങ്ങളും പുരാതന മനുഷ്യൻ ഉപയോഗിച്ചിരുന്നു. മറ്റാർക്കും സംശയം ഉണ്ടാക്കാത്ത വിധത്തിൽ മിണ്ടാപ്രാണികളിൽ വിഷവസ്തുക്കൾ ഉപയോഗിച്ച് അവയുടെ മാംസം, തുകൽ എന്നിവ മോഷ്ടിക്കാൻ മനുഷ്യൻ കണ്ടെത്തിയിരുന്ന മാർഗങ്ങളിൽ പലതും രസാവഹങ്ങളാണ്. വ്യക്തികൾ തമ്മിലുള്ള പകപോക്കലിൽ പലപ്പോഴും മിണ്ടാപ്രാണികൾ രക്തസാക്ഷികളാകാറുണ്ട്. അതിനു വേണ്ടിയും ഈ മാർഗങ്ങളിൽ പലതും അൽപ്പം പുതുമയോടെ ഇന്നും പ്രയോഗിക്കുന്നുണ്ട്. ചെലവു കുറഞ്ഞതും എളുപ്പം പ്രയോഗിക്കാവുന്നതുമായ ഈ മാർഗങ്ങളുപയോഗിച്ച് നാൽക്കാലികളെ കൊല്ലുന്നത് നമ്മുടെ ശിക്ഷാനിയമമനുസരിച്ചു കുറ്റകരമാണെന്നും ഓർക്കുന്നത് നല്ലതാണ്. അവയിൽ ചിലത് ഇവിടെ വിവരിക്കാം:
സർപ്പവിഷം ഉൾക്കൊള്ളുന്ന പഴം ഒരു പഴന്തുണിയിൽ പൊതിഞ്ഞ് കന്നുകാലിയുടെ മലദ്വാരത്തിനുള്ളിലേക്കു തള്ളിക്കയറ്റുന്നു. തളിക്കയറ്റുന്നതിനായി ഉപയോഗിക്കുന്ന കൂർത്ത മുളംകമ്പുകൊണ്ട് മലാശയത്തിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കുത്തി മുറിവുണ്ടാക്കുകകൂടെ ചെയ്യും. ഈ മുറിവിൽക്കൂടെ വിഷാംശം മ്യഗത്തിന്റെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ക്രമേണ സർപ്പവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കി മ്യഗം മരണത്തിന് അടിമപ്പെടുന്നു.
കരുതിക്കൂട്ടിയുളള വിഷബാധയ്ക്ക് പുറമെ അവിചാരിതമായും കന്നുകാലികളിൽ വിഷബാധയുണ്ടാകാം. മരച്ചീനിയില, റബറിന്റെ ഇളംഇല, കാട്ടുചേമ്പിന്റെ ഇല എന്നിവ തിന്നുന്നതുകൊണ്ട് കാലികളിൽ ഹൈഡ്രോസയാനിക് അമ്ല വിഷബാധയുണ്ടാകുന്നത് ഇതിനു ഉദാഹരണമാണ്. മേഞ്ഞു നടക്കുന്ന മൃഗങ്ങൾ യാദ്യചികമായി ഇത്തരം പുല്ലുകൾ ധാരാളമായി തിന്നുന്നതു കൊണ്ട് വിഷബാധയുണ്ടാകുന്നു.
കൂടാതെ ഭക്ഷ്യവിഷബാധ, മരുന്നുകൾ തെറ്റിക്കൊടുക്കുന്നതു കൊണ്ടും അളവിൽ കൂടുതൽ കൊടുക്കുന്നതുകൊണ്ടുമുള്ള വിഷബാധ, ത്വക്കിലെ പരാദരോഗങ്ങൾക്കെതിരെ പ്രയോഗിക്കുന്ന കീടനാശിനികൾകൊണ്ടുള്ള വിഷബാധ, കറുത്തീയം അടങ്ങിയ പെയിന്റുകൾകൊണ്ടുള്ള വിഷബാധ, കുടിക്കുന്ന വെള്ളത്തിൽ കൂടെയുളള വിഷബാധ തുടങ്ങിയവയുമുണ്ട്.
ദുരുദ്ദേശത്തോടെ വിഷം കൊടുക്കുന്നതിന് ഇപ്പോൾ സുലഭമായി ലഭിക്കുന്ന ഓർഗനോഫോസ്ഫേറ്റ് കീടനാശിനികൾ, സിങ്ക്ഫോസ്ഫൈഡ് മുതലായ വിഷങ്ങൾ ഉപയോഗപ്പെടുത്തുന്നു.
മ്യഗങ്ങൾ മേഞ്ഞുനടക്കുന്ന പ്രദേശത്ത് പുല്ലിലോ മറ്റു ഭക്ഷ്യവസ്തുക്കളിലോ കീടനാശിനികൾ തളിക്കുകയോ ആഹാരസാധനങ്ങളില്‍ ആരും അറിയാതെ ചേര്‍ക്കുകയോ ചെയ്ത് വിഷബാധയുണ്ടാക്കുന്നു. സിങ്ക് ഫോസ്ഫൈഡും (എലിവിഷം) ഇങ്ങനെ ഉപയോഗിക്കുന്നു.
കടപ്പാട്: ഡോ.ആര്‍. വിജയന്‍
അവസാനം പരിഷ്കരിച്ചത് : 3/13/2020