অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍

സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍

 

ഒരല്പം ശ്രദ്ധ വെച്ചാല്‍ സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താനെളുപ്പമാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ പുതുതായി പഠിക്കാനുണ്ടാകും സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍. കൂടുതലന്വേഷിച്ച് അപ്പപ്പോള്‍ സംശയങ്ങള്‍ ദുരീകരിച്ചാല്‍, 'മത്സ്യദുരന്ത' ങ്ങളൊഴിവാക്കാം. കുറച്ചുകാലം കൊണ്ടുതന്നെ ഉടമസ്ഥരെ തിരിച്ചറിയാനും പ്രതികരിക്കാനും സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കാകും. അല്പം ക്ഷമയുണ്ടെങ്കില്‍ താരതമ്യേന വിവേകികളായ ഇവയെ പല വിദ്യകളും പരിശീലിപ്പിക്കുകയുമാകാം. ശരിയായി പരിപാലിക്കുകയാണെങ്കില്‍ പത്തു വര്‍ഷങ്ങളോ അതില്‍ കൂടുതലോ ഇവ അക്വേറിയത്തില്‍ ജീവിച്ച് വളര്‍ത്തുന്നയാള്‍ക്ക് ആനന്ദവും ഉന്മേഷവും പോസിറ്റീവ് മനോഭാവവും പ്രധാനം ചെയ്യും.
സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താന്‍ ഒരു വലിയ അക്വേറിയം തന്നെ തിരഞ്ഞെടുക്കണം. ഒരിക്കലും അവയെ ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്ര (Goldfish bowl) ങ്ങളില്‍ വളര്‍ത്തരുത്. അക്വേറിയങ്ങളെ അപേക്ഷിച്ച് വ്യാപ്തവും ഉപരിതല വിസ്തീര്‍ണ്ണവും കുറവായതിനാല്‍, ഇത്തരം കണ്ണാടിപ്പാത്രങ്ങളിലെ ജലത്തില്‍ ലയിച്ചു ചേര്‍ന്ന ഓക്‌സിജന്റെ അളവും താരതമ്യേന കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ വളര്‍ത്തുന്ന മത്സ്യങ്ങള്‍, പലപ്പോഴും ജലനിരപ്പിനു മുകളില്‍ വന്ന് വായു വലിച്ചെടുക്കുന്നതായി കാണാറുണ്ട്. യഥേഷ്ടം നീന്തിക്കളിക്കാനിഷ്ടപ്പെടുന്ന ഒരു സ്വര്‍ണ്ണമത്സ്യത്തിന്റെ ചലനങ്ങള്‍ക്ക്, ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്രം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ചെറുതല്ല. ഭക്ഷണകാര്യത്തില്‍ മറ്റു മത്സ്യങ്ങളെക്കാള്‍ ആര്‍ത്തി കാണിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍, കൂടുതലളവില്‍ വിസര്‍ജ്ജ്യങ്ങള്‍ പുറത്തുവിടുന്നവയുമാണ്. അതിനാല്‍ കണ്ണാടിപ്പാത്രത്തിനകത്തെ വെള്ളം അതിവേഗം മലിനമാകുകയും വിസര്‍ജ്ജ്യങ്ങളില്‍ നിന്നുണ്ടാകുന്ന നൈട്രജന്‍ സംയുക്തങ്ങളിലെ വിഷലിപ്തത, മത്സ്യങ്ങളെ ബാധിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞവയൊക്കെ മത്സ്യങ്ങളെ എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തും. ഒട്ടും സന്തുലിതമല്ലാത്ത ഇത്തരം സാഹചര്യങ്ങളില്‍ അതീവ ശ്രദ്ധതയോടെ പരിചരിച്ചില്ലെങ്കില്‍ മത്സ്യങ്ങള്‍ ചത്തുപോകാനിടവരും. ഇനി അഥവാ പരിചരിച്ചാല്‍ തന്നെ, വളരെ ചെറിയ പാത്രങ്ങളിലിട്ടു വളര്‍ത്തുന്നത് സ്വര്‍ണ്ണമത്സ്യങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കും.
ഒരിഞ്ചു വലിപ്പമുള്ള ഒരു മത്സ്യത്തിന് സ്വസ്ഥമായി ജീവിക്കാന്‍ മൂന്നര ലിറ്റര്‍ വെള്ളമെങ്കിലും വേണമെന്നാണ് സാമാന്യമായ കണക്കെങ്കിലും, സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍ നാം കുറച്ചുകൂടി ശ്രദ്ധിക്കണം. പെരുവിരലിന്റെ വലിപ്പമുള്ള (ഏകദേശം ഒരിഞ്ച് ) രണ്ടു സ്വര്‍ണമത്സ്യങ്ങള്‍ക്ക് കുറഞ്ഞതു 30 ലിറ്റര്‍ വെള്ളമെങ്കിലും വേണം. ഈ വലിപ്പത്തില്‍ നിന്ന് മത്സ്യങ്ങളുടെ നീളം ഓരോ ഇഞ്ച് കൂടുമ്പോഴും, 4-5 ലിറ്റര്‍ എന്ന തോതില്‍ കൂടുതല്‍ വെള്ളം വേണ്ടിവരും. അതായത് ഒരു കുഞ്ഞുമത്സ്യത്തെയാണു വാങ്ങുന്നതെങ്കില്‍, മത്സ്യത്തിന്റെ അപ്പോഴുള്ള നീളം മാത്രം നോക്കി അക്വേറിയത്തിന്റെ വലിപ്പം കണക്കാക്കിയാല്‍ മതിയാവില്ല. സ്വര്‍ണ്ണമത്സ്യങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴുള്ള ഏകദേശ വലിപ്പം കൂടി കണക്കിലെടുത്ത് അക്വേറിയം വാങ്ങുന്നതാണ് ഉത്തമം.
സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങള്‍ സ്ഥാപിക്കാന്‍ മുറിയുടെ ശാന്തമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. വാസ്തു അനുസരിച്ച് ധനമൂലമായ തെക്ക്~കിഴക്ക് മൂലയില്‍ ഫിഷ് ടാങ്ക് വെച്ചാല്‍ ഏറ്റവും ഉത്തമം. ചൂട്, തണുപ്പ് എന്നിവ കൂടുതലുള്ള ഭാഗങ്ങള്‍, ആള്‍പെരുമാറ്റം അധികമുള്ള വാതിലുകളുടെ സമീപം, നേരിട്ട് സൂര്യപ്രകാശമോ വെയിലോ ലഭിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. എന്നാല്‍ നേരിട്ടല്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന വിധത്തില്‍ ജനാലകള്‍ അടുത്തുള്ളത് പ്രശ്‌നമല്ല. എയറേറ്ററും ബള്‍ബും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍, അക്വേറിയത്തിനു സമീപം തന്നെ പ്ലഗ്ഗ് പോയിന്റ് സൗകര്യം ഉണ്ടായിരിക്കണം. സ്വര്‍ണ്ണമത്സ്യ അക്വേറിയം വയ്ക്കുന്ന മുറിയില്‍ കൊതുകുകള്‍ക്കെതിരെ തിരി കത്തിക്കുന്നത്, ലിക്വിഡേറ്റര്‍ ഉപയോഗിക്കുന്നത്, സാമ്പ്രാണി പുകയ്ക്കുന്നത് തുടങ്ങിയവ കഴിവതും ഒഴിവാക്കണം.
കോമെറ്റ് ഒഴികെയുള്ള ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങള്‍ ടാങ്കില്‍ നിന്നും ചാടുക പതിവില്ലെങ്കിലും, സ്വര്‍ണ്ണമത്സ്യ അക്വേറിയത്തിനൊരു മേല്‍ക്കൂര(Hood) വയ്ക്കുന്നത് നന്നായിരിക്കും. ഇത് പൊടിയും പ്രാണികളും മറ്റും വെള്ളത്തില്‍ വീഴുന്നത് തടയും. സ്വര്‍ണ്ണമത്സ്യങ്ങളുടെ ജീവിതക്രമം മറ്റെല്ലാ ജീവികളെയും പോലെ വെളിച്ചവും ഇരുട്ടും ഇടവിട്ടുള്ള സെര്‍ക്കേഡിയന്‍ താല (Circadian rhythm) ത്തിലായതിനാല്‍, അവയ്ക്ക് ഏകദേശം 10 മണിക്കൂറെങ്കിലും വെളിച്ചം നല്‍കണം. ഉഷ്ണമേഖലാ സാഹചര്യങ്ങളില്‍ അധികം താപമുല്പാദിപ്പിക്കാത്ത കൂള്‍ വൈറ്റ് ട്യൂബ് ലൈറ്റുകളാണ് അനുയോജ്യം. അക്വേറിയത്തിന്റെ മേല്‍ക്കൂരയില്‍തന്നെ ഇവ ഘടിപ്പിക്കുകയും ചെയ്യാം. കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച് അധികതാപവും കുറഞ്ഞ വെളിച്ചവും ഉത്പാദിപ്പിക്കുന്ന സാധാരണ ബള്‍ബുകള്‍ (Incandescent light) ഒഴിവാക്കുകയാണു നല്ലത്.
കുറഞ്ഞ താപനില (20 മുതല്‍ 22 ഡിഗ്രിസെല്‍ഷ്യസ്) യുള്ള വെള്ളത്തില്‍ ജീവിക്കാനിഷ്ടപ്പെടുന്നവ (Cold water fish) യാണ് സ്വര്‍ണ്ണമത്സ്യങ്ങളെങ്കിലും, 10 മുതല്‍ 30 ഡിഗ്രി വരെ ചൂട് താങ്ങാനിവയ്ക്കു കഴിവുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങളില്‍ ഹീറ്റര്‍ ഉപയോഗിക്കേണ്ടതില്ല. വേനല്‍ക്കാലങ്ങളില്‍ പറ്റുമെങ്കില്‍ ഒരു അക്വേറിയം കൂളെര്‍ (ഇവയ്ക്കു പൊതുവെ വില വളരെ കൂടുതലാണ്) ഉപയോഗിക്കുകയോ, ടാങ്കിന്റെ മേല്‍ക്കൂരയില്‍ ഫാന്‍ ഘടിപ്പിക്കുകയോ, മുറി ശീതീകരിക്കുകയോ ചെയ്ത് ജലോഷ്മാവു താഴ്ത്തുന്നത് ഗുണം ചെയ്യും.
ചൂടു കൂടുതലുള്ള കേരളം പോലെയുള്ള സ്ഥലങ്ങളില്‍, തെന്നിന്ത്യയില്‍ തന്നെ പ്രജനനം ചെയ്യിച്ച് നമ്മുടെ പരിതസ്ഥിതികളോട് ചേര്‍ന്ന് വളരാന്‍ കഴിവുള്ള സ്വര്‍ണ്ണ മത്സ്യങ്ങളാണ് അനുയോജ്യം. ജലോഷ്മാവിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ മത്സ്യങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കി അവയുടെ രോഗപ്രതിരോധശക്തി കുറക്കുമെന്നതിനാല്‍, സ്വര്‍ണ്ണമത്സ്യങ്ങളുള്ള ടാങ്കില്‍ ഒരു തെര്‍മോമീറ്റര്‍ സ്ഥാപിച്ച് ഊഷ്മാവിലെ വ്യതിയാനങ്ങള്‍ നിരീക്ഷിക്കണം. ചൂട് കൂടുന്തോറും വെള്ളത്തില്‍ ലയിച്ചു ചേരുന്ന ഓക്‌സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കും. അതിനാല്‍ വേനല്‍ക്കാലത്ത്, സ്വര്‍ണ്ണമത്സ്യടാങ്കുകളില്‍ എയറേറ്റര്‍ (Aquarium air pump) നിര്‍ബന്ധമായും ഉപയോഗിക്കണം. ചൂടുകൂടുതലുള്ള രാത്രികളില്‍ എയറേറ്റര്‍ ഓണ്‍ ചെയ്തിടാനും മറക്കരുത്. ഒരു എയര്‍ സ്‌റ്റോണ്‍ ഉപയോഗിച്ച് ചെറിയ വായുകുമിളകള്‍ കടത്തിവിടുന്നതാണ് ഉചിതം.
സ്വര്‍ണ്ണ മത്സ്യ അക്വേറിയങ്ങളുടെ അടിത്തട്ടില്‍ ചരലിടുന്നത്, അവയ്ക്ക് സ്വന്തം ആവാസവ്യവസ്ഥയുടെ പ്രതീതി നല്‍കും. പൊതുവെ ഇരുണ്ട നിറത്തിലുള്ള ചരല്‍ ഉപയോഗിക്കുന്നത് മത്സ്യങ്ങളുടെ നിറം വര്‍ദ്ധിപ്പിക്കും. സ്വര്‍ണ്ണമത്സ്യങ്ങള്‍ പൊതുവെ ചരല്‍ വായിലാക്കി ഭക്ഷ്യവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്താറുള്ളതിനാല്‍, അടിത്തട്ടിലെ ചരല്‍ വലിപ്പം കുറഞ്ഞവയും കൂര്‍ത്ത വശങ്ങളില്ലാത്തവയുമായിരിക്കണം. ഗുണമേന്മയില്ലാത്ത നിറമുള്ള ചരലുപയോഗിച്ചാല്‍, അവയിലെ നിറം വെള്ളത്തില്‍ ചേര്‍ന്ന് അക്വേറിയത്തെ വിഷലിപ്തമാക്കും. ഏതുതരം ചരലായാലും പലവട്ടം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം വേണം, അക്വേറിയത്തില്‍ നിക്ഷേപിക്കാന്‍, ചെടികളുള്ള അക്വേറിയത്തിന്റെ അടിത്തട്ടില്‍ 3 ഇഞ്ച് (6 സെ.മീ) കനത്തില്‍ വരെ ചരലിടാവുന്നതാണ്. ചെടികളില്ലാത്ത ടാങ്കിലാണെങ്കില്‍, ഇത് അരയിഞ്ചു മുതല്‍ ഒരിഞ്ചു വരെ മാത്രം മതിയാകും.
നമ്മുടെ നാട്ടില്‍ സുലഭമായ, ചരലിനടിയില്‍ വയ്ക്കുന്ന ഫില്‍റ്ററുകള്‍ (Under gravel filter) സ്വര്‍ണ്ണ മത്സ്യടാങ്കുകളില്‍ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം. ഇത്തരം ഫില്‍റ്ററുകളില്‍ അടിത്തട്ടിലെ പ്ലേറ്റിനകത്തെ ചരലിലാണ്, നൈട്രജന്‍ ബാക്ടീരിയകളുടെ വാസം. പലപ്പോഴും ഇത്തരം പ്ലേറ്റുകള്‍ ചെറുതായതിനാല്‍, ഭൂരിഭാഗം നൈട്രജന്‍ ബാക്ടീരിയകളുടെ വാസം. പലപ്പോഴും ഇത്തരം പ്ലേറ്റുകള്‍ ചെറുതായതിനാല്‍, ഭൂരിഭാഗം നൈട്രജന്‍ ബാക്ടീരിയകളും ഫില്‍റ്ററിനു പുറത്തുള്ള ചരലിലായിരിക്കും. ഈ ബാക്ടീരിയകള്‍ക്ക് ഓക്‌സിജന്‍ ആവശ്യമായതിനാല്‍, അക്വേറിയത്തിന്റെ അടിത്തട്ടില്‍ 1-2 സെ.മീ. ആഴത്തില്‍ മാത്രമേ ഇവ ജീവിക്കുകയുള്ളൂ. ചരലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകള്‍, വെള്ളം മാറ്റുമ്പോഴോ അക്വേറിയം വൃത്തിയാക്കുമ്പോഴോ ഇളകിപ്പോരില്ല. പക്ഷെ അടിത്തട്ടിന്റെ മേല്‍ഭാഗത്തെ, നൈട്രജന്‍ ബാക്ടീരിയകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചരല്‍, സൈഫണ്‍ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ അടിത്തട്ടിന്റെ കീഴ്ഭാഗത്തേക്ക് പോകാനിടവരും. ഓക്‌സിജന്റെ അളവ് ഈ ഭാഗത്ത് കുറവായതിനാല്‍, നൈട്രജന്‍ ബാക്ടീരിയകള്‍ വളരാതെയാകുന്നു. മുകളില്‍ പുതുതായി എത്തിച്ചേരുന്ന ചരലില്‍, ബാക്ടീരിയകള്‍ കോളനികള്‍ സ്ഥാപിച്ച് നൈട്രജന്‍ ചംക്രമണം തുടങ്ങാന്‍ സമയമെടുക്കും. ഇത് അക്വേറിയത്തില്‍ ഹാനികരങ്ങളായ നൈട്രജന്‍ സംയുക്തങ്ങള്‍ കുമിഞ്ഞുകൂടാനും വെള്ളം വിഷലിപ്തമാകാനും കാരണമാകും. അക്വേറിയത്തിന്റെ അടിത്തട്ടു മുഴുവന്‍ പരന്നു കിടക്കുന്ന വലിയ പ്ലേറ്റുകളുള്ള അണ്ടര്‍ ഗ്രാവെല്‍ ഫില്‍റ്റെര്‍ ഉപയോഗിക്കുകയാണ് ഒരു പരിഹാരം. പക്ഷെ സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങള്‍ക്ക് ഏറ്റവും യോജിച്ചത് സ്‌പോഞ്ച് ഫില്‍റ്റെറുകള്‍ ആണെന്നു നിസ്സംശയം പറയാം. അക്വേറിയത്തിന്റെ വലിപ്പം, മത്സ്യങ്ങളുടെ എണ്ണം എന്നിവയനുസരിച്ച്, ഫില്‍റ്റെറിന്റെ കഴിവും വലിപ്പവും നിശ്ചയിക്കാം.
പലപ്പോഴും വളരെ കാലത്തിനു ശേഷം സ്വര്‍ണ്ണമത്സ്യ അക്വേറിയത്തിന്റെ അടിത്തട്ട് സൈഫണ്‍ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍, നൈട്രജന്‍ ബാക്ടീരിയകളില്‍ വരുന്ന കുറവ്, അമോണിയ, നൈട്രേറ്റ് എന്നിവയുടെ അളവു കൂട്ടാം. പ്രത്യേകിച്ച് ഒരു സ്‌പോഞ്ച് ഫില്‍റ്റെര്‍ സ്ഥാപിച്ചിട്ടില്ലാത്ത അക്വേറിയത്തില്‍ ഇത് സംഭവിക്കാവുന്നതാണ്. ഒരുപാടുകാലം വെള്ളം മാറ്റാതിരുന്ന ഒരു സ്വര്‍ണ്ണമത്സ്യ അക്വേറിയത്തില്‍, ചരല്‍ വൃത്തിയാക്കി വെള്ളം മാറ്റിയതിനു തൊട്ടടുത്ത ദിവസങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപോകുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ഉയര്‍ന്ന ശേഷിയുള്ള സ്‌പോഞ്ച് ഫില്‍റ്റെര്‍ ഉപയോഗിക്കുന്ന ഒരു ടാങ്കില്‍, ഫില്‍റ്റെര്‍ മധ്യമത്തിലെ ബാക്ടീരിയകള്‍, ചരല്‍ വൃത്തിയാക്കിയതു കൊണ്ടുണ്ടായ നൈട്രജന്‍ ചംക്രമണത്തിലെ കുറവു തീര്‍ത്തുകൊള്ളും. അതുകൊണ്ടുതന്നെ ഫില്‍റ്റെര്‍ മാധ്യമം കഴുകുന്നതും ചരല്‍ വൃത്തിയാക്കുന്നതും, ഒറ്റദിവസത്തിലോ അടുത്തടുത്ത ദിവസങ്ങളിലോ ആകരുത്. അക്വേറിയത്തില്‍ നിന്നുമെടുത്ത വെള്ളത്തില്‍ ഫില്‍റ്റെര്‍ മാധ്യമം മൃദുവായി ഞെക്കി, അഴുക്കു കളഞ്ഞ് തിരികെ സ്ഥാപിക്കാം. നാലു സ്വര്‍ണ്ണമത്സ്യങ്ങളുള്ള ഒരു അക്വേറിയത്തിലെ സ്‌പോഞ്ച് ഫില്‍റ്റെറിന്, മണിക്കൂറില്‍ 600 മുതല്‍ 700 ലിറ്റര്‍ വരെ വെള്ളം ഫില്‍റ്റെര്‍ ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കണം.
പൊതുവെ നീന്തല്‍ പ്രിയരാണെങ്കിലും,സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. അതിനാല്‍, നമ്മുടെ കണ്ണില്‍ നിന്നും അക്വേറിയത്തിലെ തിരക്കില്‍ നിന്നും ഒതുങ്ങിമാറി സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് വിശ്രമിക്കാനായി, ചില ഒളിസ്ഥലങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. പാറക്കഷണങ്ങള്‍, ഡ്രിഫ്റ്റ് വുഡ്, ഗുഹകള്‍ പോലെ ദ്വാരങ്ങളുള്ള അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയുപയോഗിച്ച് ഇത്തരം സാഹചര്യങ്ങളൊരുക്കാം. മാത്രമല്ല, കലാപരമായ രീതിയില്‍ ഒതുക്കിവെച്ച പാറക്കല്ലുകളും ഡ്രിഫ്റ്റ് വുഡും, അക്വേറിയത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാകുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ന്നാല്‍ നിറം പോകാത്ത, ഗുണമേന്മയുള്ള അലങ്കാരവസ്തുക്കള്‍ മാത്രമെ അക്വേറിയത്തില്‍ വയ്ക്കാനായി വാങ്ങാവൂ. ചുണ്ണാമ്പുകല്ല്, പവിഴപ്പുറ്റ് തുടങ്ങിയ, ജലരസതന്ത്രത്തെ ബാധിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കേണ്ടതാണ്.
ശുദ്ധമായ കിണറുവെള്ളം, മഴവെള്ളം എന്നിവ ലഭിക്കാത്ത സാഹചര്യങ്ങളില്‍, ക്ലോറിന്‍ വിമുക്തമായ ടാപ്പുവെള്ളം ഉപയോഗിച്ച് സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താം. പക്ഷെ നമ്മുടെ നാട്ടിലെ ടാപ്പുവെള്ളത്തില്‍ എപ്പോഴാണു ക്ലോറിന്‍ ഉണ്ടാവുക എന്നത് പ്രവചനാതീതമാണ്. അതിനാല്‍ പരന്ന പാത്രങ്ങളില്‍ ടാപ്പുവെള്ളം നിറച്ച്, ഒരു രാത്രി മുഴുവന്‍ തുറന്നുവെച്ച് എയറേറ്റര്‍ ഉപയോഗിച്ച് കുമിളകളുണ്ടാക്കി, ക്ലോറിന്‍ വിമുക്തമാക്കിയതിനുശേഷം വേണം ഉപയോഗിക്കാന്‍. മെട്രോ നഗരങ്ങളിലും മറ്റും ക്ലോറിനു പകരം ക്ലോറമിന്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്, ജല അതോറിറ്റി ഓഫീസില്‍ നിന്നും ചോദിച്ചറിയണം. വെള്ളം തുറന്നു വച്ചിരുന്നാലും ക്ലോറമിന്‍ നിര്‍വീര്യമാകാത്തതിനാല്‍, ആന്റിക്ലോറിന്‍ സംയുക്തങ്ങള്‍ ഉപയോഗിക്കേണ്ടി വരും. pH7 മുതല്‍ 8 വരെയുള്ള വെള്ളമാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് അഭികാമ്യം. GH(കാഠിന്യം) 10 മുതല്‍ 16 വരെയുള്ള ജലത്തിലും സ്വര്‍ണ്ണ മത്സ്യങ്ങളെ വളര്‍ത്താം.
മത്സ്യവിസര്‍ജ്ജ്യങ്ങളുടെ വിഘടനം മൂലമുണ്ടാകുന്ന, നൈട്രേറ്റ് മുതലായ ഹാനികരങ്ങളായ സംയുക്തങ്ങള്‍, യഥാസമയമുള്ള വെള്ളം മാറ്റല്‍ വഴി അക്വേറിയത്തില്‍ നിന്നും നീക്കം ചെയ്യപ്പെടും. അതിനാല്‍ സ്വര്‍ണ്ണ മത്സ്യ അക്വേറിയങ്ങളില്‍, വെള്ളം മാറ്റുന്നതിലും വൃത്തിയാക്കുന്നതിലും അലംഭാവമരുത്. ആഴ്ചയിലൊരിക്കല്‍ ഒരു സൈഫണ്‍ ഹോസ് ഉപയോഗിച്ച് 20-25 ശതമാനം വെള്ളം മാറ്റുകയാണ് ഏറ്റവും ഫലപ്രദം. സൈഫണ്‍ ഹോസ് ഉപയോഗിക്കുന്നതിന്റെ ഗുണം, വെള്ളം മാറ്റുന്നതോടൊപ്പം ഹോസിന്റെ അറ്റം അടിത്തട്ടില്‍ വച്ചാല്‍, അവിടെ അടിഞ്ഞിരിക്കുന്ന ജൈവമാലിന്യങ്ങളെയും നീക്കം ചെയ്ത് ചരല്‍ വൃത്തിയാക്കാമെന്നതാണ്.
സ്വര്‍ണ്ണമത്സ്യം വളര്‍ത്തലിലെ തുടക്കക്കാര്‍, മണ്ണിര, പുഴുക്കള്‍ തുടങ്ങിയ ജീവനുള്ള ഭക്ഷണം(Live food) ഒഴിവാക്കി, ഗുണമേന്മയുള്ള ഉണങ്ങിയ മത്സ്യത്തീറ്റ ഉപയോഗിക്കുന്നതാണ് നല്ലത്. പലപ്പോഴും ആര്‍ത്തിക്കാരായതിനാല്‍, നിശ്ചിത അളവു തീറ്റയേ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കു നല്‍കാവൂ. അക്വേറിയത്തില്‍ നിക്ഷേപിച്ച്, 2 മുതല്‍ 5 മിനുട്ട് സമയത്തിനുള്ളില്‍ തിന്നു തീര്‍ക്കാവുന്നത്ര തീറ്റ നല്‍കുകയാണ് ഉത്തമം. മതിയാവോളം ഭക്ഷിച്ചശേഷം ബാക്കി വരുന്ന തീറ്റ വായിലാക്കി സ്വര്‍ണ്ണമത്സ്യങ്ങള്‍ പുറത്തേക്ക് തുപ്പിക്കളയുന്നതു കണ്ടാല്‍, നല്‍കുന്ന തീറ്റ അമിതമാെന്ന് മനസ്സിലാക്കാം. ഭക്ഷണം ഇഷ്ട്‌പ്പെടാതെ വരുമ്പോഴും മത്സ്യങ്ങള്‍ ഇങ്ങനെ ചെയ്‌തെന്നു വരാം. ടാങ്കില്‍ തീററ അവശേഷിക്കുകയാണെങ്കില്‍ അപ്പപ്പോള്‍ തന്നെ സൈഫണ്‍ ചെയ്തു കളയണം. വെളിച്ചമുള്ള സമയത്ത് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് രാവിലെയും വൈകുന്നേരവുമോ, അല്ലെങ്കില്‍ ചെറിയ അളവില്‍ ദിവസത്തില്‍ മൂന്നു നേരങ്ങളിലായോ തീറ്റ കൊടുക്കാവുന്നതാണ്. എല്ലാത്തരം മത്സ്യത്തീറ്റയും നല്‍കാമെങ്കിലും, മാംസ്യം (Protein) അധികമുള്ള ഭക്ഷണം സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് കൂടുതലായി കൊടുക്കരുത്. എന്നാല്‍ ശരിയായ വളര്‍ച്ചയ്ക്കും, രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യങ്ങള്‍ക്കാവശ്യമായ അന്നജം, മാംസ്യം, വൈറ്റമിനുകള്‍ എന്നിവ തീറ്റയിലുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി ഉത്പാദിപ്പിക്കുന്ന ചെറിയ ഗുളിക (Pellet) രൂപത്തിലുള്ള മത്സ്യത്തീറ്റ, വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ്, ഹികാരി(Hikari) എന്ന ജപ്പാനീസ് കമ്പനിയുടേത്. ആര്‍ട്ടീമിയ (Artemia) ട്യൂബിഫെക്‌സ് (Tubifex), ബ്ലഡ് വേംസ് (Blood worms), മണ്ണിര തുടങ്ങിയ ജീവനുള്ള മത്സ്യത്തീറ്റകള്‍, ആഴ്ചയിലൊരിക്കലേ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് നല്‍കാവൂ. മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും വേവിച്ച് തൊലി കളഞ്ഞ പഠാണി പയര്‍ (Green peas) കൊടുക്കുന്നത് അവയുടെ ദഹനപ്രക്രിയ ക്രമീകരിക്കും. മാസത്തില്‍ ഒരു ദിവസം ഭക്ഷണമൊന്നും നല്‍കാതെ സ്വര്‍ണ്ണമത്സ്യങ്ങളെ ഉപവസിപ്പിക്കുന്നതും നല്ലതാണ്.
ഭക്ഷണം നല്‍കുമ്പോഴോ മറ്റോ പതിവായി നിരീക്ഷിക്കുന്നത്, സ്വര്‍ണ്ണമത്സ്യങ്ങളെ അടുത്തറിയുന്നതിനും, അസുഖലക്ഷണങ്ങള്‍ യഥാസമയം കണ്ടുപിടിക്കുന്നതിനും സഹായിക്കും. തുടക്കത്തില്‍ തന്നെ ഫലപ്രദമായ ചികിത്സ നല്‍കിയാല്‍ സ്വര്‍ണ്ണമത്സ്യങ്ങളെ രോഗ-കീടങ്ങളില്‍ നി്ന്നും രക്ഷിക്കാം. പതിവായി തീറ്റ നല്‍കുന്നയാളെ അവ തിരിച്ചറിയും. നല്ല കേള്‍വിശക്തിയും താരതമ്യേന ബുദ്ധിശക്തിയുള്ളതിനാല്‍, അക്വേറിയത്തിന്റെ കണ്ണാടിയില്‍ വിരല്‍കൊണ്ട് കൊട്ടുന്നതും മറ്റും സ്വര്‍ണ്ണ മത്സ്യങ്ങളെ പെട്ടെന്ന് അസ്വസ്ഥരാക്കും.
വിവിധ തരത്തിലുള്ള സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍, ഏകദേശം ഒരേ സ്വഭാവമുള്ള ഇനങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വളരെ ചടുലമായി നീങ്ങുകയും വേഗത്തില്‍ ഭക്ഷണം കഴിച്ചു തീര്‍ക്കുകയും ചെയ്യുന്ന കോമെറ്റ്, ഷുബുണ്‍കിന്‍ എന്നീ ഇനങ്ങളോടൊപ്പം, പതുക്കെ സഞ്ചരിക്കുകയും സാവധാനം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കുമിള്‍ക്കണ്ണന്‍മാര്‍, വിണ്മിഴികള്‍, ബ്ലാക്ക്മൂര്‍, പേള്‍ സ്‌കെയില്‍ തുടങ്ങിയ ഇനങ്ങളെ വളര്‍ത്തരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ തീറ്റ ലഭിക്കാതിരിക്കുന്നതും സമ്മര്‍ദ്ദവും മൂലം അക്വേറിയത്തിലെ കുറച്ച് സ്വര്‍ണ്ണ മത്സ്യങ്ങളുടെ വളര്‍ച്ച മുരടിക്കാനിടവരും.
ഒരു സമൂഹ അക്വേറിയത്തില്‍ (Community aquarium) സ്വര്‍ണ്ണമത്സ്യങ്ങളെ നിക്ഷേപിക്കാമോ എന്നത്, പലരുടെയും സംശയമാണ്. വളരെ ചെറിയ ഇനം മത്സ്യങ്ങളെ വലിയ സ്വര്‍ണ്ണമത്സ്യങ്ങള്‍ വിഴുങ്ങാന്‍ സാധ്യതയുണ്ട്. ഒരു സാധാരണ സമൂഹ അക്വേറിയത്തിലെ മറ്റു മത്സ്യങ്ങളാകട്ടെ, സ്വര്‍ണ്ണമത്സ്യങ്ങളെ ഉപദ്രവിക്കുകയും ചെയ്യും. വലിയ വായും ഭക്ഷണത്തോട് ആര്‍ത്തിയുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ തീറ്റ തിന്നുതീര്‍ക്കാന്‍ മറ്റ് മത്സ്യങ്ങളുമായി മത്സരിക്കും. സ്വര്‍ണ്ണമത്സ്യങ്ങളുടെ ശരീരത്തിലെ ശ്ലേഷ്മം(Mucus) കൊത്തിത്തിന്നാന്‍, താരതമ്യേന നിരുപദ്രവികളായ ഗപ്പികള്‍ക്ക് വരെ ഇഷ്ടമാണ്. എയ്‌ഞ്ചെല്‍ മത്സ്യങ്ങള്‍ അടങ്ങുന്ന സിക്ലിഡുകള്‍, ബാര്‍ബുകള്‍ മുതലായവ, സ്വര്‍ണ്ണ മത്സ്യങ്ങളെ തീര്‍ച്ചയായും ഉപദ്രവിക്കും. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് സമ്മര്‍ദ്ദത്തിലാഴ്ന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ അല്പായുസ്സുകളായാല്ഡ അത്ഭുതപ്പെടാനില്ല. വാങ്ങുമ്പോള്‍ വളരെ ചെറുതും കാണാന്‍ ഭംഗിയുള്ളതും, പായലും മറ്റവശിഷ്ടങ്ങളും ഭക്ഷണമാക്കി ജീവിക്കുന്നതുമായ ഒരു സക്കര്‍ക്യാറ്റ് മത്സ്യം, അല്പം വലുതാകുന്നതോടെ (ഇവ രണ്ടടി വരെ നീളം വയ്ക്കും) സ്വര്‍ണ്ണമത്സ്യങ്ങളെ ശല്യപ്പെടുത്താന്‍ തുടങ്ങും.അള്ളിപ്പിടിക്കാനുള്ള വായ് കൊണ്ട് സ്വര്‍ണ്ണമത്സ്യങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്ന വലിയ സക്കര്‍ക്യാറ്റുകള്‍, വിണ്മിഴികളെ പോലെയുള്ള ശക്തി കുറഞ്ഞ മത്സ്യങ്ങള്‍ ചാകുന്നതിനിടയാക്കും. വളരെ വലിയ ടാങ്കാണെങ്കില്‍ മാത്രം ചടുലമായി നീന്തുന്നയിനം സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം സമൂഹമായി സഞ്ചരിക്കുന്ന സീബ്ര മത്സ്യങ്ങള്‍, നിയോണ്‍ ടെട്രകള്‍, കോറിഡോറസുകള്‍, വിവിധയിനം ഒച്ചുകള്‍ എന്നിവയെ വളര്‍ത്താവുന്നതാണ്. പക്ഷെ സ്വര്‍ണ്ണമത്സ്യങ്ങളുടെ കൂട്ടത്തില്‍ മറ്റു മത്സ്യങ്ങളെ ഇടുന്നത്, പിന്നീടെപ്പോഴെങ്കിലും ഒരു ബാധ്യതയായി തീരാമെന്നുള്ളതിനാല്‍, ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.
ഒറ്റനോട്ടത്തില്‍
ജലതാപനില: 20 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ്
pH: 7-8
ജലത്തിന്റെ കാഠിന്യം (GH): 10-16
പൂര്‍ണ്ണവളര്‍ച്ചയെത്തിയ മത്സ്യങ്ങളുടെ വലിപ്പം:ഇനത്തിനനുസരിച്ച് 40 സെ.മീ. വരെ
അക്വേറിയത്തിന്റെ വലുപ്പം:പെരുവിരലിന്റെ വലിപ്പമുള്ള രണ്ടു സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് കുറഞ്ഞതു 30 ലിറ്റര്‍, ഓരോ ഇഞ്ചു നീളം കൂടുംതോറും 4-5 ലിറ്റര്‍ അധികം
ഒരുമിച്ചിടാവുന്ന മറ്റു മത്സ്യങ്ങള്‍:ചടുലമായി നീന്തുന്ന ഇനങ്ങളോടൊപ്പം മാത്രം സീബ്ര മത്സ്യങ്ങള്‍, നിയോണ്‍ ടെട്രകള്‍, കോറിഡോറസുകള്‍
ആഹാരക്രമം: ഉണങ്ങിയ മത്സ്യത്തീറ്റ, ജീവനുള്ള മത്സ്യത്തീറ്റകള്‍, വേവിച്ച് തൊലി കളഞ്ഞ പഠാണിപയര്‍
ആയുര്‍ദൈര്‍ഘ്യം:10-15 വര്‍ഷങ്ങള്‍ (അപൂര്‍വമായി 20 വര്‍ഷങ്ങള്‍ വരെ)
അടിത്തട്ടിലെ മാധ്യമം: ചരല്‍
അക്വേറിയത്തിലെ അലങ്കാര വസ്തുക്കള്‍:ഗുണമേന്മയുള്ള നിറം പോകാത്ത കൂര്‍ത്ത വശങ്ങളില്ലാത്ത വസ്തുക്കള്‍, ഡ്രിഫ്റ്റ് വുഡുകള്‍, പാറക്കല്ലുകള്‍
മറ്റുനിര്‍ദ്ദേശങ്ങള്‍:യഥാസമയമുള്ള അക്വേറിയം പരിപാലനം പ്രധാനം, തുടക്കക്കാര്‍ ധാരാളം വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം മാത്രം വളര്‍ത്താന്‍ തുടങ്ങുക
Courtesy : varnamalsyangal.blogspot.com , Mathrubhumi - Agriculture

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate