অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമുദ്രമത്സ്യമേഖല

കേരളത്തിന്‍റെ സമുദ്രമത്സ്യമേഖല


കേരളത്തിന് ഏകദേശം 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരവും, 40,000 ച.കി.മീ. വരുന്ന മത്സ്യബന്ധനയോഗ്യമായ വന്‍കരത്തിട്ടയുമാണുള്ളത്. ഇതില്‍ 13,000 ച.കി.മീ. പരന്പരാഗത മത്സ്യബന്ധനം ഊര്‍ജ്ജിതമായി നടക്കുന്ന മത്സ്യബന്ധനമേഖലയാണ്. ഈ മേഖലയില്‍ നിന്ന് ഒരു വര്‍ഷം പിടിക്കാവുന്ന മത്സ്യം ഏകദേശം 7 ലക്ഷം ടണ്ണാണെന്ന് കണക്കാക്കിയിട്ടുണ്ട്. 2003-04 ല്‍ ഭാരതത്തിലെ മൊത്തം സമുദ്രോല്‍പ്പാദനത്തിന്‍റെ ഏകദേശേം 20% (5.6 ലക്ഷം ടണ്‍) കേരളത്തിന്‍റെ സംഭാവനയാണ്. ഏകദേശം 1.8 ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ പ്രത്യക്ഷമായും 8.4 ലക്ഷം പേര്‍ പരോക്ഷമായും ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. ഒന്‍പത് തീരദേശ ജില്ലകളിലായി ഏകദേശം 222 കടലോര ഗ്രാമങ്ങള്‍ ഈ സംസ്ഥാനത്തുണ്ട്. കൂടാതെ മത്സ്യബന്ധനത്തിനായി 6 തുറമുഖങ്ങളും, 14 ലാന്‍റിംഗ് സെന്‍ററുകളും ഉണ്ട്. ഹാര്‍ബറുകളില്‍ പ്രമുഖമായവ ശക്തികുളങ്ങര (നീണ്ടകര), കൊച്ചി, മുനന്പം, ബേപ്പൂര്‍ മുതലായവയാണ്.

ഭാരതത്തിലെ കടലോര സംസ്ഥാനങ്ങളില്‍ സമുദ്രമത്സ്യവിഭവങ്ങളുടെ ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. ഈ വളര്‍ച്ചയുടെ മുഖ്യകാരണങ്ങള്‍ യന്ത്രവല്‍കൃത ബോട്ടുകളുടെ ആവിര്‍ഭാവവും മത്സ്യബന്ധനരംഗത്ത് സാങ്കേതിക വിദ്യകളിലുണ്ടായ കുതിച്ചുകയറ്റവുമാണ്. 2003-04 കാലയളവില്‍ മൊത്തം സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ ഏകദേശം 19% (97311 ടണ്‍ അഥവ 12.58 കോടി രൂപ) കേരളത്തിന്‍റെ സംഭാവനയാണ്. കേരളത്തിലെ മത്സ്യബന്ധനമേഖലയില്‍ മൊത്തം 26469 വിവിധയിനം യാനങ്ങളുണ്ട്. ഇതില്‍ 10210 എണ്ണം യന്ത്രവല്‍ക്കൃത ബോട്ടുകളാണ്. യന്ത്രവല്‍ക്കൃതബോട്ടുകളില്‍ ഏകദേശം 5000 ത്തോളം ട്രോളറുകളാണ്. ബാക്കിയുള്ളവ ഗില്‍നെറ്റ് അടക്കം കൊല്ലിവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പരന്പരാഗത വള്ളങ്ങളിലും, കെട്ടുമരങ്ങളിലും മോട്ടോര്‍ ഘടിപ്പിച്ചവ ഏകദേശം 14000 എണ്ണം ഉണ്ട്. അവയും മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നു.

യന്ത്രവല്‍ക്കൃത മേഖലയില്‍ മുഖ്യസ്ഥാനം ട്രോള്‍ വലകള്‍ക്കാണ്. അതേപോലെ റിംഗ് വലയാണ് മോട്ടോര്‍ഘടിപ്പിച്ച വള്ളങ്ങളില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള വല. ഈ റിംഗ്വല വടക്ക് മഞ്ച്വേരം മുതല്‍ തെക്ക് ശക്തികുളങ്ങര വരെ ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി കേരളത്തില്‍ കിട്ടികൊണ്ടിരിക്കുന്ന പ്രധാന മത്സ്യ ഇനങ്ങള്‍ നല്ലമത്തി, കൊഴുവ, കലവവര്‍ഗ്ഗം (കലവ, ചെന്പല്ലി, വെളമീന്‍, കിളിമീന്‍ മുതലായവ) കുട്ടന്‍, കോര, പല്ലിമീന്‍, വറ്റുപാര, തിരിയാന്‍, അയില, ചൂര, ചെമ്മീന്‍, കണവ, ഞണ്ട്, എന്നിവയാണ്. കടല്‍ക്കൊഞ്ച് അളവില്‍ കുറവാണെങ്കിലും വളരെ പ്രധാനപ്പെട്ട ഒരിനമാണ്.

നല്ലമത്തിയുടെ ശരാശരി ഉല്‍പാദനം 2003-04 ല്‍ 2.7 ലക്ഷം ടണ്ണായിരുന്നു. ഇതേ കാലയളവിലെ കേരളത്തിന്‍റെ ചെമ്മീന്‍ ഉല്‍പാദനം 56000 ടണ്ണായിരുന്നു. ഏറ്റവും കൂടുതല്‍ ചെമ്മീനുല്‍പ്പാദിപ്പിച്ചത് (72000 ടണ്‍) 1994-ല്‍ ആയിരുന്നു. കരിക്കാടിയും നാരനും പൂവാലനുമായിരുന്നു ചെമ്മീനിലെ മുഖ്യമായ ഇനങ്ങള്‍. ഇതേ കാലയളവിലെ അയിലയുടെ ഉല്‍പ്പാദനം 43000 ടണ്ണായിരുന്നു. അയിലയുടെ ഉല്‍പ്പാദനം 1996-ല്‍ 1,27,000 ടണ്‍ കവിഞ്ഞു.

യന്ത്രവല്‍കൃത മേഖല



യന്ത്രവല്‍കൃത ബോട്ടിലുപയോഗിക്കുന്ന പ്രധാന മത്സ്യബന്ധനോപകരണങ്ങള്‍ ട്രോള്‍ വലയും ഗില്‍നെറ്റും അടക്കംകൊല്ലി വലയുമാണ്. ചിലയിടങ്ങളില്‍ ചൂണ്ടയും ഉപയോഗത്തിലുണ്ട്. ആകെ ഉല്‍പ്പാദനത്തിന്‍റെ 47.7% ഈ മേഖലയുടെ സംഭാവനയാണ്.

ഔട്ട്ബോര്‍ഡ് മേഖല


മോട്ടോര്‍ ഘടിപ്പിച്ച പരന്പരാഗത വള്ളങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്ന വലകളാണ് റിംങ്ങ് താങ്ങുവലയും ഗില്‍നെറ്റും ചൂണ്ടയും കൈകൊണ്ടു വലിക്കാവുന്ന ട്രോള്‍ വലകളും. ഉല്‍പ്പാദനത്തിന്‍റെ 47.1% കൈവരിച്ചത് മോട്ടോര്‍ ഘടിപ്പിച്ച പരന്പരാഗത വള്ളങ്ങളാണ്.

തികച്ചും പരന്പരാഗത മേഖല


പരന്പരാഗത ചെറുവള്ളങ്ങളും കട്ടമരവും കരവലയും ഗില്‍നെറ്റും ചൂണ്ടയും മറ്റും ഉപയോഗപ്പെടുത്തിയാണ് മത്സ്യബന്ധനം. ഈ മേഖലയുടെ ഉല്‍പ്പാദനം വെറും 5.2% മാത്രമാണ്.

ഉല്‍പ്പാദനത്തിനുപയോഗിക്കുന്ന വിവിധതരം വലകള്‍


യന്ത്രവല്‍കൃത വിഭാഗം

തീരദേശട്രോള്‍ വല

കഴിഞ്ഞ പത്തുകൊല്ലത്തെ ഉല്‍പാദനം നോക്കിയാല്‍ ട്രോള്‍ വലയിലൂടെയുള്ള മത്സ്യോല്‍പാദനം കൂടിവരുന്നതായികാണാം. അതേപോലെ മത്സ്യോല്‍പാദനപ്രയത്നവും ഉല്‍പാദനക്ഷമതാസൂചികയും ഉയര്‍ന്നിട്ടുണ്ട്.

അടക്കംകൊല്ലിവല

കൊച്ചിയില്‍ മാത്രമാണ് അടക്കംകൊല്ലിവലയുള്ള ബോട്ടുകള്‍ ഉപയോഗിക്കുന്നത്. വളരെ കുറഞ്ഞ എണ്ണം ബോട്ടുകള്‍ മാത്രമെയുള്ളൂ. ഉല്‍പാദനവും കുറഞ്ഞുവരികയാണ്.

ഗില്‍നെറ്റ്

യന്ത്രവല്‍കൃത മേഖലയിലെ ഗില്‍നെറ്റ് ബോട്ടുകളുടെ ഉല്‍പാദനം മൊത്തത്തില്‍ കുറഞ്ഞു വരുന്നതായിട്ടാണ് കാണുന്നത്. നെയ്മീന്‍ വിഭാഗത്തിലുള്ള ചിലതരം മത്സ്യങ്ങളുടെ അഭാവവും മറ്റ് മേഖലകളുടെ കടന്നുകയറ്റവും ആകാം ഈ കുറവിനു കാരണം.

ഔട്ട്ബോര്‍ഡ് മോട്ടോര്‍ വിഭാഗം

എറണാകുളം, ആലപ്പുഴ, കൊല്ലം, ജില്ലകളിലെ മത്സ്യതൊഴിലാളികളുടെ അഭിനന്ദനാര്‍ഹമായ ഒരു കാല്‍വെയ്പാണ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ വള്ളങ്ങളില്‍ ഘടിപ്പിക്കാനും മീന്‍പിടിക്കാനുമുള്ള തീരുമാനം. ഇതിന് തുടക്കമിട്ടത് 1979-80 ലാണ് . ഏകദേശം 12,000-ത്തിലധികം മോട്ടോര്‍ ഘടിപ്പിച്ചിട്ടുള്ള വള്ളങ്ങളും മരങ്ങളും ഇന്നുണ്ട്. റിങ്ങ് വലകളുടെ ആവിര്‍ഭാവവും ഉപയോഗവുമാണ് മത്സ്യോല്‍പാദനത്തിന്‍റെ വര്‍ദ്ധനവിന് കാര്യമായ ആക്കം കൂട്ടിയത്.

റിങ്ങ് വല

റിങ്ങ് വല വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങിയത് 1986 ലാണ്. ഇത് ഒരു ചെറിയ അടക്കം കൊല്ലിവല തന്നെയാണ.് വലുപ്പത്തിനനുസരിച്ച് 30-35 തൊഴിലാളികള്‍ വരെ വള്ളത്തില്‍ പണി എടുക്കുന്നു. താങ്ങുവലയുടെ പകരക്കാരാനാണിവന്‍.

മിനിട്രോള്‍

കൈകൊണ്ടു വലിക്കാവുന്ന ട്രോള്‍വല. ആലപ്പുഴ തീരത്താണ് ഇവ പ്രചാരത്തിലുള്ളത്. ആഴം കുറഞ്ഞ (5 മീ) തീരക്കടലില്‍ ഈ വല ഉപയോഗിക്കുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ നടത്തുന്ന ഒരു മത്സ്യബന്ധന രീതിയാണ് ഇത്.

പ്രതീക്ഷകള്‍


നമ്മുടെ മത്സ്യത്തൊഴിലാളികള്‍ നൂതന സാങ്കേതിക വിദ്യകളെ സഹര്‍ഷം സ്വീകരിക്കുന്നു. നവീകരിക്കുന്നവ പ്രയോഗത്തില്‍ വരുത്തുന്നു എന്നതിന് ഉത്തമോദാഹരണമാണ് ഔട്ട് ബോര്‍ഡ് മോട്ടോറുകളുടെ പ്രചാരം. റിങ്ങ് വലകളുടെ ആവിര്‍ഭാവവും അവയുടെ ഉപയോഗവും ഉല്‍പാദനവും മറ്റൊരു തെളിവാണ്.
മത്സ്യബന്ധനം നടത്തുന്ന സ്ഥലം പരന്പരാഗതമായി ഉപയോഗിച്ചുവരുന്ന സ്ഥലം തന്നെയാണ്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെങ്കില്‍, വന്‍കരത്തിട്ടയിലെ ആഴങ്ങളില്‍ പോയി മീന്‍പിടിക്കാന്‍ പറ്റിയ തരത്തിലുള്ള മീഡിയം (നടുത്തരം) ബോട്ടുകള്‍ ആവശ്യമാണ്. ഇത്തരം ബോട്ടുകള്‍ക്ക് മത്സ്യകൂട്ടങ്ങളെ കണ്ടെത്താനുള്ള ആധുനികരീതിയിലുള്ള ഉപകരണങ്ങളും, മതിയായ സംഭരണികളും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ ഉല്‍പാദനം കൈകാര്യം ചെയ്യാനുള്ള മറ്റു സംവിധാനങ്ങള്‍, റോഡുകള്‍, ശീതസംഭരണികള്‍ മുതലായവ വികസിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ട്.
മത്സ്യവിപണനത്തിനും, വിതരണത്തിനും ഉള്ള ആഭ്യന്തര വിപണി വികസിപ്പിച്ചെടുക്കുകയും, ഒപ്പം വിലകുറഞ്ഞ മത്സ്യത്തില്‍ നിന്ന് മൂല്യ വര്‍ദ്ധനവ് നടത്തി മറ്റ് വിഭവങ്ങള്‍ വികസിപ്പിച്ചെടുക്കുകയുമാണ് ഇപ്പോഴത്തെ ആവശ്യം..
മത്സ്യകൃഷിയില്‍ മുതല്‍മുടക്ക് കുറഞ്ഞ പല പുതിയ സാങ്കേതിക വിദ്യകളും ഇപ്പോള്‍ ലഭ്യമാണ്. അവയില്‍ ചെമ്മീന്‍, ഞണ്ട്, കല്ലുമ്മക്കായ്, കക്ക, മുരിങ്ങ എന്നിവയുടെ കൃഷി പ്രധാനപ്പെട്ടവയാണ്. ഉല്‍പാദനത്തിന്‍റെ വര്‍ദ്ധനക്ക് ഇവ വളരെ ഉപകരിക്കും. മാത്രമല്ല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുത്തുച്ചിപ്പി വളര്‍ത്തല്‍ പോലുള്ള കൃഷികളും ഉപയോഗപ്പെടും.
പ്രശ്നങ്ങള്‍

കേരളത്തിന്‍റ തീരക്കടലില്‍ ഇന്ന് നടത്തുന്ന മത്സ്യബന്ധനം പ്രത്യേകിച്ചും ട്രോള്‍ വലകളുടെയും റിംഗ് വലകളുടെയും ഉപയോഗം വളരെ ഉയര്‍ന്നതോതിലാണ്. ഏകദേശം 5000 ട്രോളറുകള്‍ ഉപയോഗത്തിലുണ്ട്. 3000-ത്തോളം റിങ്ങ് വലകളും. ഇതിനു പുറമെ പരന്പരാഗത നൗകകളും ഈ തീരത്ത് മത്സ്യോല്‍പാദനത്തിനായുള്ള പ്രയത്നത്തിലേര്‍പ്പിട്ടിട്ടുണ്ട്. ട്രോളിങ്ങ്, യന്ത്രവല്‍കൃത മേഖലയിലായിരിന്നാലും, ഔട്ട് ബോര്‍ഡ് മോട്ടോര്‍ മേഖലയിലായാലും ശരി ചില പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കടലിന്‍റെ അടിത്തട്ടിലുള്ള ജന്തുജാലങ്ങളെയും മത്സ്യക്കുഞ്ഞുങ്ങളെയും ഈ മത്സ്യബന്ധനരീതി പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്ഥായിയായ ഉല്‍പാദനത്തിന് ഓരോ വിഭാഗത്തിലും എന്തുമാത്രം ബോട്ടുകള്‍, വള്ളങ്ങള്‍, മരങ്ങള്‍ എന്നിവ ആവാമെന്നതിന് ഒരു വിചിന്തനവും വേണ്ടി വന്നാല്‍ നിയന്ത്രണങ്ങളും ആവശ്യമാണ്.

മത്സ്യബന്ധനമേഖലയിലെ വിവിധതരം വള്ളങ്ങള്‍ക്ക് / ബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്താനായി പ്രത്യേകം പ്രത്യേകം മേഖലകള്‍ (ആഴത്തെ ആസ്പദമാക്കി) ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കുന്നതില്‍ നിഷ്കര്‍ഷതയില്ല. അതുമൂലം പലപ്പോഴും വിവിധവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവാറുണ്ട്. നിയമം നിഷ്കര്‍ഷിച്ചാല്‍ ഇതൊഴിവാക്കാവുന്നതാണ്.

കടപ്പാട് : കേരള കാർഷിക സർവകലാശാല

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate