অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മത്സ്യകൃഷി വീട്ടുകുളത്തില്‍

 

 

പെടപെടയ്ക്കുന്ന മീന്‍ പിടിക്കാം വീട്ടുകുളത്തില്‍നിന്ന്

കേരളത്തില്‍ അറുപതു ശതമാനം പേരും മത്സ്യം കഴിക്കുന്നവരാണ്‌. മീന്‍ ‘തൊട്ടുകൂട്ടാതെ’ ചോറുണ്ണാനാവാത്തവരാണ് ഇതില്‍ അമ്പതു ശതമാനം പേരും. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ മത്സ്യത്തിന്‍റെ ഡിമാന്റിനേക്കുറിച്ച് ഊഹിക്കാമല്ലോ.

പണ്ടൊക്കെ കടലില്‍നിന്നോ കായലില്‍ നിന്നോ പിടിക്കുന്ന പിടയ്ക്കുന്ന മീനാണ് കറിവയ്ക്കാന്‍ കിട്ടിയിരുന്നത്. എന്നാല്‍ ഇന്ന് മംഗലാപുരത്തുനിന്നോ തൂത്തുക്കുടിയില്‍ നിന്നോ വിശാഖപട്ടണത്തു നിന്നോ മീന്‍ വണ്ടി കയറി വരണം. കുന്നോളം വിലകൊടുത്ത്, രാസവസ്തുവില്‍ മുക്കിയതും കേടായതും വിഷലിപ്തമായതുമായ മത്സ്യം വാങ്ങിക്കഴിക്കേണ്ടതായ ഗതികേടിലാണ് മലയാളികള്‍. കുറെ ദശാബ്ധങ്ങള്‍ക്ക് മുമ്പ് ഉപ്പ് മാത്രമായിരുന്നു മത്സ്യം സംസ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. പിന്നീടത് ഐസിലേക്ക് മാറി. അവിടുന്ന് അമോണിയയിലേക്ക്, അതുംകഴിഞ്ഞ് ശവശരീരം കേടാകാതെ സൂക്ഷിക്കാനുള്ള ഫോര്‍മാല്‍ഡിഹൈഡ് എന്ന ഫോര്‍മാലിനിലേക്ക്. രാസവസ്തുവായ ഫോര്‍മാലിന്‍ മത്സ്യം സംസ്കരിക്കാനായി ഉപയോഗിക്കുന്നതിനാല്‍ മീന്‍ ചീയുന്നേയില്ല.

നമുക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ജൈവരീതിയില്‍ വീട്ടുവളപ്പിലും ടെറസ്സിലും കൃഷി ചെയ്യാന്‍ ഇന്ന് ഉത്സാഹമാണ്. അതുപോലെ ജൈവരീതിയില്‍ മീനുകളെയും വീട്ടുവളപ്പില്‍ വളര്‍ത്താം. അങ്ങനെ രാസവസ്തു കലരാത്ത മത്സ്യം നമുക്ക് ഭക്ഷിക്കാം. കൂടാതെ ജലമലിനീകരണം തടയാനും ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മന്ത് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകളെ വളരെ ഫലപ്രദമായി ഇല്ലാതാക്കാനും കഴിയും. ഭൂഗര്‍ഭജലവിതാനം നിലനിര്‍ത്താനും മത്സ്യകൃഷി ഫലപ്രദമാണ്. മത്സ്യം ഫലപ്രദമായി ലഭിക്കാനും ആദായമുണ്ടാക്കാനും ഇത് വഴിയൊരുക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വേണ്ടത് മീന്‍ വളര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള കുളങ്ങളുണ്ടെങ്കില്‍ നന്ന്. അതല്ലെങ്കില്‍ സില്‍പോളിന്‍ കുളങ്ങള്‍ ഉണ്ടാക്കിയെടുക്കാം. അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ രണ്ടോ മൂന്നോ സെന്റ്‌ സ്ഥലത്തുനിന്നും ഒരു വീട്ടിലേക്ക് ആവശ്യത്തിനുള്ള രുചികരമായ മീന്‍ വളര്‍ത്തിയെടുക്കാം. ആരോഗ്യവും സംരക്ഷിക്കാം.

വേഗം ദഹിക്കുന്നുവെന്നതാണ് മത്സ്യങ്ങളുടെ പ്രത്യേകത. ആഗിരണ യോഗ്യമായ കൊഴുപ്പ്, എ, ഡി. തുടങ്ങിയ വിറ്റാമിനുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, അയഡിന്‍ മുതലായ ധാതുലവണങ്ങളും കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. അഴകിനും കറുപ്പുനിറവുമുള്ള മുടിക്കും രക്തപ്രസാദത്തിനും ഇരുമ്പും എല്ലിന്‍റെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡിയും കാത്സ്യവും ഗോയിറ്ററും തടയാന്‍ അയഡിനും കണ്ണിന്‍റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വിറ്റാമിന്‍ എ യും നമുക്ക് ആവശ്യമാണ്‌. അങ്ങനെ വരുമ്പോള്‍ മത്സ്യം കഴിക്കുന്നത് രോഗങ്ങളെ അകറ്റിനിര്‍ത്തും എന്ന് പറയാം.

താരതമ്യേന കുറഞ്ഞ ചെലവില്‍, പരിമിത സൗകര്യങ്ങളില്‍, അത്രയധികം ആയാസമില്ലാതെ, നമ്മുടെ തൊടിയില്‍ത്തന്നെ മത്സ്യം വളര്‍ത്തുന്നത് എങ്ങനെയെന്ന് നോക്കാം.

എവിടെ കൃഷി ചെയ്യും?

അടുക്കള കുളങ്ങള്‍ എന്നറിയപ്പെടുന്ന മണ്കുളങ്ങള്‍, കൃഷി നനയ്ക്കാനായി ഉപയോഗിക്കുന്ന കുളങ്ങള്‍, പാടത്തോട് അനുബന്ധിച്ച് മണ്ണെടുത്ത ഇഷ്ടികക്കുളങ്ങള്‍, തെങ്ങിന്‍തോപ്പിനിടയിലെ ചാലുകള്‍ എന്നിവിടങ്ങളിലെല്ലാം മീന്‍ വളര്‍ത്താം. അതല്ലെങ്കില്‍ തൊടിയിലോ മുറ്റത്തോ സില്‍പോളിന്‍ ഷീറ്റ് വിരിച്ച് കോണ്‍ക്രീറ്റ് അല്ലെങ്കില്‍ ഫെറോസിമന്‍റ് ഇഷ്ടിക കെട്ടി സിമന്‍റ് പൂശിയ കുളങ്ങളിലോ വീടുവയ്ക്കുമ്പോള്‍ തന്നെ കൃത്യമായ പ്ലാനിങ്ങോടെ ടെറസ്സില്‍ ഒരുക്കിയ സിമന്‍റ് കുളങ്ങളിലോ മീന്‍ വളര്‍ത്താം.

ഏതൊക്കെ മീനുകളെ വളര്‍ത്താം?

കര്‍ഷകന്‍റെ താല്‍പ്പര്യം, രുചിശീലങ്ങള്‍ എന്നിവ പരിഗണിച്ചുവേണം മത്സ്യങ്ങളെ തെരഞ്ഞെടുക്കാന്‍. കുളങ്ങളുടെ വലിപ്പം, ജലലഭ്യത എന്നിവയും പരിഗണിക്കണം. കരിമീന്‍ വാകവരാല്‍, മഞ്ഞക്കൂരി, കാരി, കൂരി, മുഷി, തൂളി എന്നീ നാടന്‍ ഇനങ്ങളും വിദേശത്ത് നിന്നെത്തി നമ്മുടെ നാടിന് സ്വന്തമായി മാറിക്കൊണ്ടിരിക്കുന്ന ആസാം വാള, സൈപ്രിനസ്, തിലാപ്പിയ എന്നിവയുമാണ് ചെറുസംവിധാനത്തില്‍ അടുക്കള കുളങ്ങളില്‍ വളര്‍ത്താവുന്നത്. സാധാരണയായി ലഭിക്കുന്ന തിലാപ്പിയ ചെറിയ കുളങ്ങള്‍ക്ക് യോജിച്ചതല്ല. അവ വളരെയധികം ആഹാരം കഴിക്കുകയും ആറുമാസം പ്രായമാകുമ്പോള്‍ മുതല്‍ വലിയ തോതില്‍ പെറ്റ്പെരുകുകയും ചെയ്യും. ആണ്‍മത്സ്യങ്ങളെ മാത്രമായി തെരഞ്ഞുവളര്‍ത്തുന്നതിനു അനുയോജ്യമായ ഫാമിംഗ് തിലാപ്പികളാണ് നല്ലത്.

അടുക്കളക്കുളങ്ങള്‍

അടുക്കളയില്‍ നിന്ന് അധിക ദൂരത്തല്ലാതെ അടുക്കളപ്പാത്രങ്ങള്‍ കഴുകാനായി ഉപയോഗിച്ചിരുന്ന കുളങ്ങളില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. ഈ കുളങ്ങളിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ ആഹാരമാക്കി ഇവ വളരുമായിരുന്നു.സമീപത്തുള്ള ജലാശയങ്ങളില്‍ നിന്ന് പിടിച്ച നാടന്‍ മീനുകളെയായിരുന്നു ഇങ്ങനെ വളര്‍ത്തിയിരുന്നത്. കുളമൊരുക്കുകയാണ് ആദ്യത്തെ പടി. കുളം വറ്റിച്ച് കളമത്സ്യങ്ങളെ ഒഴിവാക്കണം. ചേറും ചെളിയും വാരിക്കളഞ്ഞു കുളം വൃത്തിയാക്കി കുമ്മായം വിതറികൊടുക്കാം. ഒരുമാസത്തിന് ശേഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.

കരിമീന്‍

മലയാളികള്‍ക്ക് മാത്രമല്ല കേരളത്തിലെത്തുന്ന വിദേശികള്‍ക്കും ഏറ്റവും പ്രിയമുള്ള ശുദ്ധജല മത്സ്യങ്ങളില്‍ ഒന്നാണ് കരിമീന്‍. കുളം ഒരുക്കുമ്പോള്‍ കുളത്തില്‍ ഏതാനും മുളംകുറ്റികള്‍ അടിച്ചുനിര്‍ത്തുക. മത്സ്യക്കുഞ്ഞ് നിക്ഷേപത്തിന് മുമ്പ് കുറ്റിക്ക് ചുറ്റും ആവശ്യാനുസരണം എണ്ണപ്പായല്‍ എന്നും മുടിപ്പായല്‍ എന്നും അറിയപ്പെടുന്ന സ്പൈറോഗൈറ നിക്ഷേപിക്കുക. ഇവ കരിമീനിന്‍റെ പത്യാഹാരമാണ്. കൂടാതെ ഈഡോഗോണിയം, ഒസിലറ്റെറിയ, ലിംഗ്ബിയ എന്നീ മുടിപ്പായലുകളും കോസിനോഡിസ്ക്കസ്, ഫ്രെജില്ലെറിയ, നാവിക്കുല, തുടങ്ങിയ ഡയാറ്റങ്ങളും വലിയ ജലസസ്യങ്ങളുടെ ചീഞ്ഞ ഭാഗങ്ങളും കോപ്പിപ്പോടുകള്‍, ഡാഫ്നിയ തുടങ്ങിയ ജന്തുപ്ലവകങ്ങളും അഴുക്കുചാലുകളില്‍ വളരുന്ന ബ്ലഡ്‌വേം എന്നിവയും കരിമീനിന്‍റെ ഇഷ്ടവിഭവങ്ങളാണ്.

ഒരു സെന്‍റിന് 100 എന്ന തോതില്‍ ശുദ്ധജല കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. രണ്ടുമുതല്‍ അഞ്ചുവരെ സെന്റിമീറ്റര്‍ വലിപ്പമുള്ള ഇവ ജനുവരി-മാസങ്ങളില്‍ ലഭ്യമാണ്. അഞ്ചു സെന്റ്‌ വലിപ്പമുള്ള കുളങ്ങളില്‍ 500 മുതല്‍ 1000 വരെ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.

രുചിയില്‍ മാത്രമല്ല, പോഷകമേന്മയിലും മുന്‍പന്തിയിലാണ് കരിമീന്‍. ഇവയില്‍ 17. 5 ശതമാനം മാംസ്യവും 1.65 ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇരുമ്പിന്‍റെ അംശം ഗ്രാം ഒന്നിന് 4.9 മില്ലിഗ്രാം ആണ്.

നിര്‍മിത തീറ്റയുടെ അളവുകള്‍ (ഒരു കിലോഗ്രാമിന്)

കടലപിണ്ണാക്ക് – 250 ഗ്രാം

അരിത്തവിട് – 250 ഗ്രാം

മത്സ്യപ്പൊടി/കക്കാ ഇറച്ചി പൊടിച്ചത്/ചെമ്മീന്‍ പൊടി – 400 ഗ്രാം, മരച്ചീനിപ്പൊടി/സെല്ലുലോസ്/മൈദാമാവ് – 90 ഗ്രാം, വിറ്റാമിന്‍ മിനറല്‍ മിക്സ് പൊടി – 10 ഗ്രാം, മീനെണ്ണ ഏതാനും തുള്ളി

തീറ്റ

കരിമീനുകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കാന്‍ സ്വാഭാവികാഹാരം പോരാതെ വരുന്നതിനാല്‍ പോഷകമൂല്യമുള്ള കൈത്തീറ്റ നല്‍കണം. അത് ദിവസവും ഒന്നോ രണ്ടോ നേരമായി നല്‍കാം. ശരീരഭാരത്തിന്‍റെ മൂന്നു മുതല്‍ പത്ത് ശതമാനം വരെ തീറ്റ പാത്രത്തില്‍ വച്ച് നല്‍കാം. കൈത്തീറ്റ തിരി രൂപത്തില്‍ നിര്‍മിക്കുന്നതിനുള്ള ചേരുവകള്‍ താഴെക്കൊടുക്കുന്നു.

എള്ളിന്‍പിണ്ണാക്ക് – 22 ശതമാനം

കടലപിണ്ണാക്ക് - 22 ശതമാനം

അരിത്തവിട് – 23 ശതമാനം

മീന്‍പൊടി -16 ശതമാനം

ഉണക്കമരച്ചീനിപ്പൊടി – 15 ശതമാനം

വിറ്റാമിന്‍, ധാതുലവണങ്ങള്‍ - 2 ശതമാനം

ഉലുവ വറുത്തുപൊടിച്ചത് – ഒരു നുള്ള്

ഇവ കുഴച്ചുരുട്ടി 30 മിനുറ്റ് ആവിയില്‍ പുഴുങ്ങി, ഇടിയപ്പത്തിന്‍റെ അച്ചുകൊണ്ട് സേവനാഴിയില്‍ പിഴിഞ്ഞ് വെയിലില്‍ ഉണക്കി സംഭരിച്ച് തീറ്റയായി നല്‍കാം. ഇതുകൂടാതെ പച്ചക്കറി ചെറുതായി അരിഞ്ഞു തീറ്റയായി നല്‍കാം. പ്രകൃതിയില്‍ മൂന്നുനാല് വര്ഷം കൊണ്ട് 40 സെന്റിമീറ്റര്‍ നീളവും 1.75 കിലോഗ്രാം തൂക്കവും വയ്ക്കും. എന്നാല്‍, ചെറുകുളങ്ങളില്‍ വളര്‍ത്തുമ്പോള്‍ എട്ടുമുതല്‍ പത്തുമാസത്തിനുള്ളില്‍ 150 മുതല്‍ 200 ഗ്രാം വരെ തൂക്കമാണ് വയ്ക്കുക. ഏകദേശം 75 ശതമാനം അതിജീവനനിരക്ക് പ്രതീക്ഷിക്കാം. അതായത് 100 കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ 75 കുഞ്ഞുങ്ങളെങ്കിലും വളര്‍ന്നുവലുതാകും. ആറുമാസം കഴിയുമ്പോള്‍ വലിയവയെ തെരഞ്ഞു പിടിച്ചുതുടങ്ങാം.

വാകവരാല്‍, കാരി, കൂരി, മുഷി

ഇവ ജന്തു ആഹാരികള്‍ ആകയാല്‍ മത്സ്യപ്പൊടി, ചെറുമീന്‍ മുതലായവയും കക്കാഇറച്ചിയും നല്‍കാം. വളപ്രയോഗശേഷം പത്തുജോഡി സാധാരണ തിലാപ്പിയകളെ കുളത്തില്‍ നിക്ഷേപിക്കുക. ഇവ ഇടുന്ന മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായാല്‍ വരാല്‍, കാരി മുതലായവയ്ക്ക് ആഹാരമായി. ഏഴുമുതല്‍ പത്തുവരെ വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ഉടന്‍തന്നെ തീറ്റ നല്‍കിത്തുടങ്ങാം. അഞ്ചുമാസം കഴിഞ്ഞ് വലിയവയെ നോക്കി പിടിച്ചുമാറ്റുക. ചെറിയ മീനുകള്‍ക്ക് വേഗം വളരാന്‍ ഇത് സഹായകമാകും.

സൈപ്രിനസ്

ഇത് ഒരു കാര്‍പ്പ് മത്സ്യമാണ്. അടുക്കളക്കുളങ്ങള്‍ക്ക് യോജിച്ച മിശ്രഭുക്കാണിത്. വളപ്രയോഗത്തിന് ശേഷം ഒരുമാസം കഴിഞ്ഞ് കുഞ്ഞുങ്ങളെ കുളത്തില്‍ വിടാം. അഞ്ചു മുതല്‍ പത്ത് സെന്റിമീറ്റര്‍ വലിപ്പം ഉള്ളവയായിരിക്കണം. ഒരു സെന്റിന് 100 മീന്‍കുഞ്ഞുങ്ങളെ വരെ വളര്‍ത്താം. ആഴ്ചയില്‍ ഒരിക്കല്‍ ജലപരിപാലനം നടത്തണം. ദിവസേന വേണ്ട അളവില്‍ തീറ്റ നല്‍കുക. കടലപിണ്ണാക്ക്, അരിത്തവിട്, കക്കാ ഇറച്ചി, മത്സ്യപ്പൊടി അല്ലെങ്കില്‍ കൊഞ്ചുപൊടി, മരച്ചീനിപ്പൊടി, വിറ്റാമിന്‍-മിനറല്‍ മിശ്രിതം, ശുദ്ധീകരിച്ച മീനെണ്ണ എന്നിവ കുഴച്ചുരുട്ടി പാത്രത്തില്‍ വെച്ച് നല്‍കുകയോ തിരിരൂപത്തില്‍ നിര്‍മിച്ച് തീറ്റ നല്‍കുകയോ ചെയ്യാം. വലിയവയെ ഇടയ്ക്കിടെ തിരഞ്ഞുപിടിച്ചു മാറ്റിയാല്‍ നമ്മുടെ ആവശ്യാനുസരണം ഉപയോഗിക്കാനും ശേഷിച്ചവയ്ക്ക് ത്വരിതവേഗത്തില്‍ വളരാനും സാധിക്കും. പിടിച്ചെടുത്തതിന്‍റെ മൂന്നിരട്ടി എണ്ണം കുളത്തിലേക്ക് വിട്ടുകൊണ്ടിരുന്നാല്‍ തുടര്‍കൃഷി നടത്താം. തുടര്‍ച്ചയായി മത്സ്യലഭ്യതയുമുണ്ടാകും.

ആസാം വാള, മലേഷ്യന്‍ കുരി (പംഗെഷ്യസ്)

ആസാം വാള, മലേഷ്യന്‍ കുരി എന്നിങ്ങനെ അറിയപ്പെടുന്ന പംഗേഷ്യസിനെ ചിലര്‍ കുരിവാള എന്നും വിളിക്കും. കുളങ്ങളില്‍ വളര്‍ത്തുമ്പോള്‍ ഒരു കിലോ വരെ തൂക്കം വരും. അഞ്ചു മുതല്‍ പത്തുവരെ സെന്റിമീറ്റര്‍ വലിപ്പമുള്ള കുഞ്ഞുങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കാം. ടാങ്കിന്‍റെ അല്ലെങ്കില്‍ കുളത്തിന്‍റെ വിസ്തൃതി അനുസരിച്ച് എണ്ണം നിയന്ത്രിക്കാം. ചെറുടാങ്കുകളില്‍ ചതുരശ്രമീറ്ററിനു പത്തു സെന്റിമീറ്റര്‍ മുതല്‍ 25 സെന്റിമീറ്റര്‍ വരെ നിക്ഷേപിക്കാം. ചോറുമുതല്‍ പിണ്ണാക്ക് വരെ എന്തും തിന്നും. മേല്‍പ്പറഞ്ഞപോലെ കൈത്തീറ്റ നല്‍കാം. ഈ രീതിയില്‍ കൃഷിയുടെ ലാഭനഷ്ടക്കണക്കുകള്‍ കണക്കാക്കേണ്ടതില്ല. നമ്മുടെ പ്രയത്നഫലമായി കൈയ്യെത്തും ദൂരത്ത് നല്ല മത്സ്യം നമ്മുടെ അടുക്കളയില്‍ എത്തുവാന്‍ സാധിച്ചു എന്നതും ഒഴിവുസമയം പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നതും ജലസ്രോതസ്സ് ഫലപ്രദമായി വിനിയോഗിച്ചു എന്നതുമാണ്‌ ലാഭം. കൊതുകുനശീകരണവും അധികഗുണമാണ്.

ചെറിയ മത്സ്യക്കുളത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. സൂര്യപ്രകാശം നേരിട്ട് തട്ടുന്നിടത്ത് വേണം കുളം അല്ലെങ്കില്‍ ടാങ്ക് നിര്‍മ്മിക്കേണ്ടത്. കാറ്റ് കടന്നു വരുന്നിടമായിരിക്കണം.
  2. മട്ടുപ്പാവിലും മറ്റും വലിയ വെയില്‍ അടിക്കുന്ന സ്ഥലങ്ങളിലാണെങ്കില്‍ തണല്‍ നല്‍കണം.
  3. ആവശ്യാനുസരണം ജലപരിപാലനം നല്‍കുക. 20 ശതമാനം ജലവിനിമയം നടത്തുക. സ്പ്രിംഗ്ലര്‍, സ്പ്രേയിംഗ് എന്നിവ ഉപയോഗിച്ച് വായുകടത്തിവിടുന്നതിനും ശ്രദ്ധിക്കണം.
  4. പോഷകദായക തീറ്റ കൃത്യസമയത്ത് പാത്രത്തില്‍വെച്ച് നല്‍കുക.
  5. വൈകുന്നേരം 4 മണിക്ക് ശേഷം ടാങ്കിന്‍റെ അടിയില്‍നിന്ന് ഹോസ് ഉപയോഗിച്ച് ഭക്ഷ്യവിസര്‍ജ്യ അവശിഷ്ടം നീക്കം ചെയ്യുക.
  6. ജലോപരിതലത്തില്‍ പാടചൂടാന്‍ അനുവദിക്കരുത്. പാട പൊട്ടിച്ചുവിടുകയും വെള്ളം ചിതറിച്ച്‌ ചീറ്റിക്കുകയും ചെയ്യുക. തീറ്റ, വളം ഇവ കൂടിയാലും കാറ്റടിക്കാതിരുന്നാലും പാട ചൂടും.
  7. ജലോഷ്മാവ് 25-28 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്താന്‍ തണുത്തവെള്ളം പമ്പ് ചെയ്യുകയോ എയ്റേഷന്‍ നടത്തുകയോ വേണം.
  8. അഞ്ചാറുമാസം മുതല്‍ ഓരോ മാസവും ഇടവിട്ട്‌ വലിയമീനുകളെ പിടിച്ചുമാറ്റുക.
  9. പക്ഷികളില്‍നിന്ന് രക്ഷയ്ക്കായി ചുറ്റും മുകളിലും വല ഘടിപ്പിക്കുക.

 

സ്വഭാവം

നിര്‍മ്മാണ വസ്തു

കൃഷി ചെയ്യാവുന്ന ഇനങ്ങള്‍

ചെറുകുളം

 

മണ്ണ്

കരിമീന്‍, സൈപ്രിനസ്, വാകവരാല്‍, കാരി, കൂരി, മുഷി, ആസാം വാള

ഇഷ്ടികയ്ക്ക് മണ്ണെടുക്കുന്ന ചെറുകുളം

തെങ്ങിന്‍ തോപ്പുകളിലെ ചാലുകള്‍

മണ്ണ്

കോണ്‍ക്രീറ്റ് കുളം

കോണ്‍ക്രീറ്റ്

കരിമീന്‍, സൈപ്രിനസ്, വര്‍ഗ്ഗീകരിച്ച തിലാപ്പിയ, ആസാം വാള, വാകവരാല്‍

ഫെറോസിമന്‍റ് ടാങ്ക്

ഫെറോസിമന്‍റ്

ഇഷ്ടിക+സിമന്‍റ്

സിമന്‍റ് കട്ട + സിമന്‍റ്

ഇഷ്ടിക (ചുടുകട്ട) + സിമന്‍റ്

എച്ച് ഡി പി ഇ ഷീറ്റ് കുളം

സില്‍പോളിന്‍ കുളം

എച്ച് ഡി പി ഇ ഷീറ്റ് + കട്ട

സില്‍പോളിന്‍ + കട്ട/മണ്ണ്

ടെറസ്സില്‍ കുളം

ടാങ്ക്

സില്‍പോളിന്‍

കട്ട കെട്ടി സിമന്‍റ് ചെയ്തത്

എച്ച് ഡി പി ഇ ഷീറ്റ് വിരിച്ചത്

ബാലന്‍ മാവേലി

മുന്‍ അസിസ്റ്റന്റ്റ് ഡയറക്ടര്‍(ഫിഷറീസ്)

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate