অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സംയോജിത മത്സ്യകൃഷി

ആമുഖം

കൃഷിയോടും, മൃഗസംരക്ഷണത്തോടും ഒപ്പം മത്സ്യം വളര്‍ത്തുന്ന രീതിയാണ് സംയോജിതകൃഷി. ലോകത്തെന്പാടും വര്‍ദ്ദിച്ചുവരുന്ന ഭക്ഷ്യ ദൗര്‍ലഭ്യത്തിന്‍റെയും, മാംസ്യക്കമ്മിയുടെയും കാലഘട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇത്. ചൈനയെപോലെയുള്ള രാജ്യങ്ങളില്‍ പണ്ടുകാലം മുതല്‍ക്കേ പ്രചാരത്തിലുള്ളതാണെങ്കിലും ഇന്ത്യയില്‍ സമീപകാലത്താണ് ഇത്തരം കൃഷി രീതിയ്ക്ക് ഊന്നല്‍ ലഭിച്ചത്. നെല്‍പ്പാടങ്ങളിലെ മത്സ്യകൃഷിക്കു പുറമെ, കാലിവളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ എന്നിവയോടൊപ്പം മത്സ്യവും വളര്‍ത്തുന്നത് വളരെയധികം ആദായകരമാണ്. മേല്‍പ്പറഞ്ഞ മൃഗങ്ങളെയും, പക്ഷികളെയും വളര്‍ത്തുന്പോള്‍ ഗണ്യമായ തോതില്‍ ഉണ്ടാകുന്ന വിസര്‍ജ്ജ്യവസ്തുക്കള്‍ മത്സ്യക്കുളങ്ങളില്‍ വളങ്ങളായി മാറ്റിയെടുക്കുകയും അതുമൂലം വളര്‍ത്തുമത്സ്യങ്ങളുടെ പത്ഥ്യാഹാരമായ ജീവപ്ലവകങ്ങളെ കൂടുതലായി ലഭ്യമാക്കി മത്സ്യോത്പാദനം വര്‍ദ്ദിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഇതിനു പുറമെ വളര്‍ത്തുന്ന ജന്തുക്കളുടെ വിസര്‍ജ്ജ്യവസ്തുക്കള്‍ ഒരു പരിധി വരെയെങ്കിലും വളര്‍ത്തുമത്സ്യങ്ങള്‍ക്ക് നേരിട്ട് ആഹാരമായിത്തീരുകയും ചെയ്യുന്നു. കാര്‍പ്പു മത്സ്യങ്ങളാണ് സംയോജിതകൃഷി രീതിയ്ക്ക് പറ്റിയ മത്സ്യങ്ങള്‍.

നെല്‍പ്പാടങ്ങളിലെ മത്സ്യകൃഷി


നെല്‍കൃഷിയില്‍ നിന്നുള്ള ആദായം ക്രമേണ കുറഞ്ഞു വരുന്നതിനാല്‍ വയലുകളില്‍ മത്സ്യം വളര്‍ത്തിയാല്‍ കൃഷിക്കാരന്‍റെ ആദായം വര്‍ദ്ധിക്കുകയും നെല്ലിനു പുറമേ ഗണ്യമായ തോതില്‍ മേല്‍ത്തരം മത്സ്യം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യാം.കോമണ്‍കാര്‍പ്പും തിലാപ്പിയയുമാണ് കൃഷിക്ക് ഉപയോഗിക്കുന്ന മത്സ്യങ്ങള്‍. കുട്ടനാടന്‍ പ്രദേശം പോലെ വെള്ളം ധാരാളമായി ലഭിക്കുന്ന നെല്‍പ്പാടങ്ങളില്‍ ശാസ്ത്രീയമായി മത്സ്യകൃഷി ചെയ്യുന്നത് ആദായകരമായിരിക്കും.

നെല്‍വയലുകളിലെ മത്സ്യകൃഷി ചൈന, ജപ്പാന്‍, ഇന്‍ഡോനേഷ്യ, തായ്ലാന്‍റ്, ഫിലിപ്പൈന്‍സ് എന്നീ ദക്ഷിണ പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളില്‍ പണ്ടു മുതല്‍ക്കേ പ്രചരിച്ചിരുന്നു.

കൃഷി രീതി

നെല്‍പ്പാടങ്ങളിലെ മത്സ്യകൃഷി പ്രധാനമായും രണ്ടുതരമായി തിരിക്കാം.
(1) നെല്ലിനോടൊപ്പം മത്സ്യകൃഷി ചെയ്യുക, (2) രണ്ടു നെല്‍കൃഷിയ്ക്കിടയ്ക്ക് കിട്ടുന്ന സമയം കുറഞ്ഞത് 3-4 മാസമെങ്കിലും ഉണ്ടെങ്കില്‍ മത്സ്യം വളര്‍ത്തുന്നതിന് ഉപയോഗിക്കുക. 

ആദ്യത്തെ രീതിയില്‍ നെല്ലു വേരുപിടിച്ചു കഴിയുന്പോള്‍ മത്സ്യക്കുഞ്ഞുങ്ങളെ പാടത്തു വിടുകയും നെല്ലു കൊയ്തു കഴിഞ്ഞ് അടുത്ത കൃഷിയിറക്കുന്നതിനുമുന്പായി മത്സ്യത്തെ പിടിച്ചെടുക്കുകയും ചെയ്യുന്നു. രണ്ടാമത്തെ രീതിയില്‍ നെല്ലിന്‍റെ ഒരു കൃഷിക്കുശേഷം പാടത്തു മത്സ്യം മാത്രം വളര്‍ത്തുകയും അടുത്ത നെല്‍കൃഷിയ്ക്കു മുന്പായി പിടിച്ചെടക്കുകയും ചെയ്യുന്നു.

വളര്‍ത്തുവാന്‍ പറ്റിയ മത്സ്യങ്ങള്‍

ആഴം കുറഞ്ഞ വെള്ളത്തില്‍ വളരുന്നതിനും ചൂട്, കലങ്ങല്‍ ഇവയെ നേരിടുന്നതിനും കഴിവുള്ളതും നെല്‍പ്പാടങ്ങളിലുള്ള ആഹാര പദാര്‍ത്ഥങ്ങളെ ശരിക്ക് ഉപയോഗപ്പെടുത്തുന്നതുമായ മത്സ്യങ്ങളാണ് ഈ കൃഷി രീതിക്കനുയോജ്യം. കട്ല, രോഹു, മൃഗാല്‍, കോമണ്‍ കാര്‍പ്പ്, സില്‍വര്‍ കാര്‍പ്പ് എന്നീ മത്സ്യങ്ങള്‍ പൊതുവെ ഈ ഗുണങ്ങള്‍ ഉള്ളവയാണ്.

കൃഷിക്കു പറ്റിയ നെല്ലിനങ്ങള്‍

മത്സ്യത്തോടൊപ്പം കൃഷിക്കുപയോഗിക്കുന്ന നെല്ലിനും ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. മത്സ്യം വളര്‍ത്തുവാനുപയോഗിക്കുന്ന വയലുകളില്‍ സാധാരണയില്‍ അല്‍പ്പം കൂടുതല്‍ വെള്ളം കെട്ടി നിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് ധാരാളം വെള്ളത്തില്‍ വളരുന്നയിനം നെല്‍ച്ചെടികള്‍ തിരഞ്ഞെടുക്കേണ്ടിവരും. കുളപ്പാല, മുണ്ടകന്‍ തുടങ്ങിയ നാടന്‍ നെല്ലിനങ്ങള്‍ ഇതിനനുയോജ്യമാണ്. രണ്ടാമതായി മത്സ്യം വളര്‍ത്തുന്ന പാടങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിച്ചാല്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ ചത്തുപോകുമെന്നതിനാല്‍ കീടനാശിനികള്‍ ഒഴിവാക്കാവുന്ന, കീട പ്രതിരോധ ശക്തിയുള്ള നെല്ലിനങ്ങള്‍ ഉപയോഗിച്ചു വേണം കൃഷി നടത്തുവാന്‍.

കൃഷി ചെയ്യേണ്ട രീതി

മത്സ്യം കൂടി കൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങളില്‍ ചില പ്രത്യേക സംവിധാനങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഒന്നാമതായി വെള്ളം കവിഞ്ഞൊഴുകി മത്സ്യം നഷ്ടപ്പെടാതിരിക്കുവാനും ഉപദ്രവകാരികളായ മറ്റ് മത്സ്യങ്ങള്‍ അകത്തു കടക്കാതിരിക്കുവാനും പറ്റിയ തരത്തില്‍ പുറം വരന്പുകള്‍ ഉയര്‍ത്തി ബലപ്പെടുത്തണം. രണ്ടാമതായി വെള്ളം കുറവുള്ള സമയത്തും മത്സ്യങ്ങള്‍ക്ക് സുരക്ഷിതമായി കഴിയുന്നതിന് ഒരു മീറ്റര്‍ വീതിയിലും 1/2 മീറ്റര്‍ താഴ്ച്ചയിലുമുള്ള തോടുകള്‍ പാടത്തിന്‍റെ നെടുകേയും കുറുകേയുമായോ, പുറം വരന്പിന്‍റെ ഉള്ളില്‍ നാലു ചുറ്റിലുമായോ ഉണ്ടാക്കണം. ഇത് അവസാനം മത്സ്യത്തെ എളുപ്പത്തില്‍ പിടിച്ചെടുക്കുന്നതിനും സഹായകമാകും. 

വെള്ളം വറ്റിക്കുന്പോള്‍ മീനുകളെല്ലാം ഈ തോടുകളില്‍ അടിഞ്ഞു കൂടുന്നതിനാല്‍ ഇവിടെ നിന്നും പിടിച്ചെടുക്കാം. മൂന്നാമതായി പാടത്തെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കുന്നതിനു വേണ്ടി ഒരു തൂന്പ് ഓരോ പാടത്തും ഉറപ്പിച്ചിരിക്കണം. ഈ തൂന്പുകളില്‍ നൈലോണ്‍ വലകളോ, കന്പിവലകളോ, അടയ്ക്കാമരക്കീറുകൊണ്ടുള്ള അടിച്ചിലുകളോ ഉറപ്പിച്ചാല്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ പുറത്തുപോകാതേയും പുറത്തു നിന്ന് മത്സ്യങ്ങള്‍ അകത്തുകടക്കാതെയും നോക്കാം. നെല്ലിനോടൊപ്പം മത്സ്യം കൃഷി ചെയ്യുവാനാണെങ്കില്‍ നെല്‍കൃഷിക്കു മുന്പു തന്നെ മഹുവാ പിണ്ണാക്ക് ഉപയോഗിച്ച് പാടത്തുള്ള കളമത്സ്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്തിരിക്കണം. പാടത്ത് ഹെക്ടര്‍ ഒന്നിന് 300 കിലോ നിരക്കില്‍ കുമ്മായം വിതറുന്നതും ഉചിതമാണ്. നെല്‍കൃഷിയുള്ളപ്പോള്‍ നെല്ലിന് ചെയ്യുന്ന വളപ്രയോഗം മാത്രം നടത്തിയാല്‍ മതി.

നെല്‍ച്ചെടികള്‍ വേരുപിടിച്ച് കഴിയുന്പോള്‍ മത്സ്യക്കുഞ്ഞുങ്ങളെ ഹെക്ടര്‍ ഒന്നിന് 3000---4000 എന്ന തോതില്‍ പാടത്ത് നിക്ഷേപിക്കാം. നെല്ല് കൊയ്ത്ത് കഴിഞ്ഞും മത്സ്യത്തെ അടുത്ത നെല്‍കൃഷി തുടങ്ങുന്നതുവരെ വളര്‍ത്താം. നെല്ല് കൊയ്ത്ത് കഴിയുന്പോള്‍ പാടത്ത് പ്രതിമാസം ഹെക്ടര്‍ ഒന്നിന് 1000 കിലോ നിരക്കില്‍ ചാണകം ഇടുന്നത് മത്സ്യങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാനുതകും.

നെല്ലിനുശേഷമാണ് മത്സ്യകൃഷി ചെയ്യുന്നതെങ്കില്‍ നെല്ലിന്‍റെ വിളവെടുപ്പിനു ശേഷം മുകളില്‍ പറഞ്ഞ വിധം പാടം തയ്യാറാക്കി മത്സ്യക്കുഞ്ഞുങ്ങളെ വിടാം. മാസം തോറും ഒരു ഹെക്ടറിന് 1000 കിലോ നിരക്കില്‍ ചാണകം ഇട്ടു കൊടുക്കുകയും ചെയ്യാം.

നെല്‍പ്പാടങ്ങളിലെ മത്സ്യകൃഷിയുടെ ഗുണങ്ങള്‍

  • നെല്‍കൃഷിക്കു ഉപദ്രവം ചെയ്യുന്ന പ്രാണികളെയും പുഴുക്കളെയും മത്സ്യങ്ങള്‍ തിന്നൊടുക്കുന്നു.
  • വെള്ളത്തിന്‍റെ നിരപ്പ് കൂടുന്നതിനാല്‍ പല പ്രാണികളുടേയും വംശവര്‍ദ്ധനവ് തടസപ്പെടുത്തുന്നു.
  • വയലുകളില്‍ ഉണ്ടാക്കുന്ന കള സസ്യങ്ങളെ ഒരു പരിധിവരെ മത്സ്യം നിയന്ത്രിക്കുന്നു.
  • തീറ്റയ്ക്കുവേണ്ടി കോമണ്‍ കാര്‍പ്പ് പോലുള്ള മത്സ്യങ്ങള്‍ തറയില്‍ ചികയുന്പോള്‍ മണ്ണിളകി നെല്‍ച്ചെടികള്‍ക്ക് പുതിയ മുളകള്‍ പൊട്ടുവാന്‍ സഹായിക്കുന്നു.
  • മത്സ്യങ്ങളുടെ വിസര്‍ജ്ജന വസ്തുക്കള്‍ നെല്‍ച്ചെടികള്‍ക്കു വളമായിത്തീരുന്നു.
  • വയലില്‍ വെള്ളം കൂടുതലുള്ളതുകൊണ്ട് എലികളുടെ ഉപദ്രവം കുറയുന്നു.
  • ഇതിനെല്ലാം പുറമെ മത്സ്യകൃഷി ചെയ്യുന്പോള്‍ എടുക്കുന്ന പ്രത്യേക ശ്രദ്ധ നെല്‍കൃഷിക്കും കൂടുതല്‍ സംരക്ഷണം ലഭിക്കുവാന്‍ കാരണമാകുന്നു.

മത്സ്യരോഗങ്ങള്‍

മത്സ്യകൃഷി വ്യവസായത്തിലുണ്ടായ ഭീമമായ നഷ്ടത്തിനു കാരണമായ മത്സ്യരോഗങ്ങള്‍ ഇന്ന് പരക്കെ ഉല്‍ക്കണ്ഠ ഉളവാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജലാശയങ്ങളിലും കൃഷിപാടങ്ങളിലും മത്സ്യരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗുരുതരമായ രീതിയിലുള്ള മിക്ക മത്സ്യരോഗങ്ങളും പ്രത്യക്ഷപ്പെടാറുള്ളത് ഊര്‍ജ്ജിതരീതിയിലുള്ള കൃഷി നടത്തുന്ന ഫാമുകളിലാണ്.

മൃഗസംരക്ഷണത്തോടൊപ്പമുള്ള മത്സ്യകൃഷി

പന്നി, താറാവ്, കോഴി എന്നിവയുടെ കൃഷി, അവയുടെ കൂടുകള്‍ മത്സ്യക്കുളങ്ങളുടെ കരയില്‍ നിര്‍മ്മിച്ച് ഇതിലെ ഉച്ഛിഷ്ട പദാര്‍ത്ഥങ്ങള്‍ കുളങ്ങളിലേയ്ക്കു തിരിച്ചുവിട്ട്, മത്സ്യകൃഷിയുമായി ഫലപ്രദമായി കൂട്ടിച്ചേര്‍ക്കാം. വളര്‍ത്തുന്ന മൃഗങ്ങള്‍ ഉപയോഗിക്കാതെ വരുന്ന തീറ്റയ്ക്കു പുറമെ പലപ്പോഴും ഈ ജീവികളുടെ പോഷകസമൃദ്ധമായ വിസര്‍ജ്ജ്യവസ്തുക്കളും മത്സ്യങ്ങള്‍ ഭക്ഷിക്കും. അതുപോലെ ഈ ജീവികളുടെ വിസര്‍ജ്ജ്യവസ്തുക്കള്‍ മത്സ്യക്കുളങ്ങളില്‍ നല്ല വളങ്ങളായതിനാല്‍ കുളത്തിലെ ജീവപ്ലവകങ്ങളുടെ ഉല്‍പ്പാദനവും അതുവഴി മത്സ്യോല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാം. ഇങ്ങനെയുള്ള സംയോജിതകൃഷി രീതിയില്‍ മത്സ്യക്കുളങ്ങളില്‍ പ്രത്യേകം വളങ്ങളോ, മത്സ്യങ്ങള്‍ക്കു കൈതീറ്റയോ ആവശ്യമില്ലാത്തതിനാല്‍ കൃഷിയ്ക്കുള്ള ചിലവു കുറവായിരിക്കും.

ഇത്തരത്തിലുള്ള കൃഷിരീതി പല ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലും, ചില യൂറോപ്യന്‍ രാജ്യങ്ങളിലും, പുരാതനകാലം മുതല്‍ക്കേ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ത്യയില്‍ ഈ അടുത്ത കാലത്തായി ഇത്തരത്തിലുള്ള പല കൃഷിരീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് താറാവു വളര്‍ത്തുന്നതിനോടൊപ്പവും പന്നി വളര്‍ത്തുന്നതിനോടൊപ്പവുമുള്ള മത്സ്യകൃഷി.

താറാവു വളര്‍ത്തുന്നതിനോടൊപ്പമുള്ള മത്സ്യകൃഷി

താറാവ് കാര്‍പ്പു മത്സ്യങ്ങളുമായി ഒത്തിണങ്ങിപ്പോകുന്നതിനാല്‍ അവയെ മത്സ്യക്കുളങ്ങളില്‍ വിടുന്നത് കൂടുതല്‍ ആദായം ഉറപ്പു വരുത്തുന്നു. താറാവ് മുഖ്യമായും ജലപ്രാണികളുടെ കുഞ്ഞുങ്ങളേയും തവളക്കുഞ്ഞുങ്ങള്‍, ഞെവുണിക്ക എന്നീ മത്സ്യാഹാരങ്ങളല്ലാത്ത ജന്തുക്കളെയും, ജലസസ്യങ്ങളേയും ഭക്ഷിക്കുന്നതിനാല്‍ വളര്‍ത്തുന്ന മത്സ്യങ്ങളുമായി ഭക്ഷണത്തിനു മത്സരിക്കേണ്ടിവരില്ല. പകല്‍ സമയങ്ങളില്‍ താറാവുകളെ കുളത്തില്‍ വിഹരിക്കുന്നതിനനുവദിക്കുന്പോള്‍ അവയുടെ കാഷ്ടം കുളത്തിന്‍റെ നാനാഭാഗത്തും എളുപ്പം എത്തുന്നു.

താറാവിന്‍റെ കൂടുകള്‍ ഉറപ്പിക്കാന്‍ കീറിയ മുളകളോ അതുപോലുള്ള ചെലവു കുറഞ്ഞ വസ്തുക്കളോ ഉപയോഗിക്കാം. താറാവൊന്നിന് 0.3--0.5 ച.മീ സ്ഥലം ഉണ്ടായിരിക്കണം. കൂടുകള്‍ നല്ല വായു സഞ്ചാരമുള്ളതായിരിക്കുവാനും അതു ശുദ്ധിയായി സൂക്ഷിക്കുവാനും ശ്രദ്ധിക്കണം.

ഒരു ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കുളത്തിന് 200--300 താറാവുകള്‍ (കാക്കികാന്പല്‍/ദേശി) മതി. താറാവിന്‍റെ എണ്ണം കൂടി അവയുടെ കാഷ്ടം വെള്ളം മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. 2-4 മാസം പ്രായമുള്ള താറാവുകുഞ്ഞുങ്ങളെ രോഗപ്രതിരോധ നടപടികള്‍ എടുത്തശേഷം വേണം വളര്‍ത്താനുപയോഗിക്കുവാന്‍.

പ്രതിദിനം താറാവൊന്നിന് 100--150 ഗ്രാം നിരക്കില്‍ സമീകൃതാഹാരവും തീറ്റയുടെ ഒപ്പം ആവശ്യത്തിന് വെള്ളവും കൊടുക്കണം. പുറത്തു പോകുന്ന തീറ്റ കുളത്തില്‍ വീഴത്തക്കവിധം കൂട്ടിനുള്ളിലോ കുളത്തിന്‍റെ അരികിലോ ഇട്ടു കൊടുക്കേണ്ടതാണ്. ഏതാണ്ട് 6 മാസം കൊണ്ട് താറാവ് മുട്ടയിടുവാന്‍ തുടങ്ങും.

ഹെക്ടറൊന്നിന് 6000 എന്ന തോതില്‍ കട്ല, രോഹു, മൃഗാല്‍, കോമണ്‍ കാര്‍പ്പ്, സില്‍വര്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ് എന്നീ ആറിനം മത്സ്യങ്ങളെ നിക്ഷേപിച്ചാല്‍ 3500--4500 കിലോഗ്രാം മത്സ്യവും 500 കി. ഗ്രാം താറാവിറച്ചിയും താറാവൊന്നിന് 300 മുട്ടയും പ്രതിവര്‍ഷം ലഭിക്കും. മത്സ്യത്തിനുള്ള തീറ്റയ്ക്കും വളത്തിനുമായി പ്രത്യേകം ചിലവില്ലാത്തതിനാല്‍ മത്സ്യത്തിന്‍റെ ഉല്‍പ്പാദനചിലവ് മറ്റു കൃഷിരീതികളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും.

പന്നിയും മത്സ്യവും കൂടിയുള്ള കൃഷി

ഈ രീതി കുറഞ്ഞ ചിലവില്‍ ജന്തുജന്യമായ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തികച്ചും ഫലപ്രദമാണ്. കുറഞ്ഞ ചിലവില്‍ പ്രോട്ടീന്‍ നിറഞ്ഞ മാംസം ഉല്‍പ്പാദിപ്പിക്കാമെന്നതിനു പുറമെ ഈ പുതിയ കൃഷി രീതി ഉച്ഛിഷ്ട പദാര്‍ത്ഥങ്ങളുടെ ഉപകാരപ്രദമായ ഉപയോഗത്തിനും അതു വഴി പ്രത്യേക വളങ്ങളോ തീറ്റയോ കൂടാതെ മത്സ്യം ഉല്‍പ്പാദിപ്പിക്കുന്നതിനുമുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് ഇത്.

നാടന്‍ പന്നികളും, വിദേശ ജാതികളും (ലാര്‍ജ്ജ് വൈറ്റ് യോര്‍ക്ക് ഷയര്‍, ബര്‍ക്ക്ഷയര്‍ ലാന്‍റ് റെയ്ഡ്) ഈ കൃഷിക്കായുപയോഗിക്കാം. പന്നികളുടെ വിസര്‍ജ്ജ്യവസ്തുക്കള്‍ നേരെ കുളത്തിലേയ്ക്കു വിടത്തക്കരീതിയില്‍ പന്നിക്കൂടുകള്‍ കുളത്തിന്‍റെ കരയില്‍ തന്നെ നിര്‍മ്മിക്കണം. പന്നിയൊന്നിന് 1.0--1.5 ച.മീ സ്ഥലം നല്‍കണം.

ഒരു ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കുളത്തില്‍ രണ്ടു മാസം പ്രായമുള്ള 35--40 കിലോ എന്ന നിരക്കില്‍ പന്നിത്തീറ്റ കൊടുക്കണം. ഇതിനു പുറമെ പച്ചപുല്ലും പന്നികള്‍ക്കു തീറ്റയായി നല്‍കണം. അത്യാവശ്യമായ ധാതുലവണങ്ങളും ആഴ്ചയിലൊരിക്കല്‍ കൊടുക്കേണ്ടതാണ്. നന്നായി വളര്‍ത്തുന്ന പന്നികള്‍ 6 മാസം കൊണ്ട് 60 കിലോ തൂക്കം എത്തുകയും വില്‍പ്പനയ്ക്കു യോഗ്യമായിത്തീരുകയും ചെയ്യും. അപ്പോള്‍ അവയെ മാറ്റി പുതിയ ഒരു കൂട്ടം പന്നികളെ വളര്‍ത്താം.

കട്ല, രോഹു, മൃഗാല്‍, കോമണ്‍ കാര്‍പ്പ്, സില്‍വര്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ് എന്നീ കാര്‍പ്പിനങ്ങളെ ഹെക്ടറൊന്നിന് 8000 എന്ന തോതിലുപയോഗിച്ചാല്‍ പ്രതിവര്‍ഷം 6000-7000 കിലോഗ്രാം മത്സ്യവും, 4500 കിലോഗ്രാം പന്നിയിറച്ചിയും ലഭിക്കും. കൂടാതെ 10--15 ടണ്‍ പന്നിച്ചാണകം പുനചംക്രമണം ചെയ്യും.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate