Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മത്സ്യകൃഷി / മത്സ്യ ഉല്‍പ്പാദനം / ശുദ്ധജല മത്സ്യരോഗങ്ങളും പ്രതിവിധികളും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ശുദ്ധജല മത്സ്യരോഗങ്ങളും പ്രതിവിധികളും

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

അനുയോജ്യ സാഹചര്യങ്ങളില്‍ മീനുകളെ അപൂര്‍വമായേ രോഗങ്ങള്‍ ബാധിക്കാറുള്ളൂ. ശരിയായ ജലാവസ്ഥ, വിവിധ തരത്തിലുള്ള ഭക്ഷണം, തിങ്ങിപ്പാര്‍ക്കാത്ത സാഹചര്യങ്ങള്‍, മറ്റു ബുദ്ധിമുട്ടുകളുണ്ടാക്കാത്ത അന്തരീക്ഷം തുടങ്ങിയവ ചേര്‍ന്നതാണ് മീനുകള്‍ക്ക് അനുയോജ്യ സാഹചര്യം എന്നു പറയുന്നത്. സാധാരണഗതിയില്‍ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, പുതിയ മീനുകളെ ടാങ്കില്‍ ഇടുക എന്നവയാണ് പ്രധാനമായും മീനുകളെ സമ്മര്‍ദത്തിലാക്കുക. ആരോഗ്യമുള്ള മീനുകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. എന്നാല്‍ സമ്മര്‍ദങ്ങളുള്ള സാഹചര്യമുണ്ടാകുമ്പോള്‍ മീനുകളെ രോഗങ്ങള്‍ വേഗം വേട്ടയാടുന്നു. രോഗകാരികളാവാന്‍ ജലാശയങ്ങളില്‍ ജൈവ-അജൈവ ഘടകങ്ങളുണ്ട്.

സമ്മര്‍ദങ്ങള്‍ക്കു കാരണമാകുന്ന അജൈവ ഘടകങ്ങള്‍

അമോണിയ
ജലാശയത്തിന്റെ അടിത്തട്ടിലടിയുന്ന അധികഭക്ഷണം, മീനുകള്‍ ചത്തടിയുക, ചെടികള്‍ ചീയുക തുടങ്ങിയവയാണ് അമോണിയ വാതകം രൂപപ്പെടാനുള്ള കാരണം. പിഎച്ച് 7നു മുകളില്‍പ്പോയാല്‍ അമോണിയ കൂടുതല്‍ വിഷമാകും. മത്സ്യങ്ങള്‍ മന്ദതയിലായിരിക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുക, ചെകിളപ്പൂക്കളില്‍ നിറവ്യത്യാസം കാണുക എന്നിവയാണ് വെള്ളത്തിലെ അമോണിയയുടെ അളവ് കൂടിയതിന്റെ ലക്ഷണങ്ങള്‍. ഈ സാഹചര്യത്തില്‍ മീനുകള്‍ മിക്കപ്പോഴും ജലോപരിതലത്തിലായിരിക്കും. കുളത്തിലെ വെള്ളം പരിശോധിച്ചാല്‍ അമോണിയബാധ പെട്ടെന്നു സ്ഥിരീകരിക്കാന്‍ കഴിയും.
ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, വെള്ളം മാറ്റുക, പിഎച്ച് കുറയ്ക്കുക, വാതായനം കൂട്ടുക എന്നിവയാണ് കുളത്തിലെ അമോണിയ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍.

നൈട്രൈറ്റ്/നൈട്രേറ്റ്
അമോണിയ ജലത്തില്‍ രൂപപ്പെടുമ്പോളുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയാണ് നൈട്രൈറ്റ്/നൈട്രേറ്റ് രൂപപ്പെടുമ്പോഴും. കാരണങ്ങളും അതുതന്നെ. നല്കുന്ന തീറ്റയുടെ അളവ് കുറയ്ക്കുക, ഭാഗീഗമായി വെള്ളം മാറ്റുക, വാതായനം നടത്തി വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് നൈട്രൈറ്റ്/നൈട്രേറ്റ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍.

ക്ലോറിന്‍
സ്വതന്ത്ര ക്ലോറിന്‍ ഏറ്റവുമധികം കാണപ്പെടുക്ക പൈപ്പ് വെള്ളത്തിലാണ്. അത് മീനുകള്‍ക്ക് ഹാനികരമാണ്. മീനുകളുടെ ചെകിളപ്പൂക്കളെയാണ് ക്ലോറിന്‍ നശിപ്പിക്കുക. ഇതുമൂലം മീനുകള്‍ക്ക് ശ്വസിക്കാനാവാതെ വരുന്നു. പിന്നാലെ മരണവും.
വെള്ളം തിളപ്പിക്കുക, വെള്ളം സൂര്യപ്രകാശമേറ്റ് കുറച്ചുദിവസം തുറന്നു സൂക്ഷിക്കുക, വെള്ളത്തില്‍ വാതായനം നടത്തി പ്രാണവായുവിന്റെ അളവ് കൂട്ടുക തുടങ്ങിയവയാണ് വെള്ളത്തിലെ ക്ലോറിന്റെ അളവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍.

ഹെവി മെറ്റല്‍
ജലാശയങ്ങളില്‍ അടിയുന്ന പഴയ പൈപ്പ് പോലുള്ള വസ്തുക്കളാണ് ഇതിനു കാരണം. ഘന ലോഹങ്ങളുടെ (മാംഗനീസ്, ക്രോമിയം, കൊബാള്‍ട്ട്, നിക്കല്‍, കോപ്പര്‍, സിങ്ക്, സെലീനിയം, സില്‍വര്‍, ആന്റിമണി, താലിയം എന്നിവയാണ് ഹെവി മെറ്റലുകളില്‍ ഉള്‍പ്പെടുക) അളവ് കൂടുമ്പോള്‍ മീനുകള്‍ക്ക് ശ്വസനത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതുകാരണം ജലോപരിതലത്തില്‍വന്ന് ശ്വാസമെടുക്കാന്‍ ശ്രമിക്കും. ജലപരിശോധന നടത്തിയാല്‍ ഏതു ലോഹത്തിന്റെ അളവാണ് കൂടിയിരിക്കുന്നതെന്നു കണ്ടെത്താന്‍ കഴിയും. റിവേഴ്‌സ് ഓസ്‌മോസിസ് വഴി വെള്ളത്തിലെ ലോഹങ്ങളുടെ അളവ് കുറയ്ക്കാം. ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ച് അരിച്ചാണ് ഘനലോഹങ്ങളുടെ അളവ് കുറയ്ക്കുക.

ഹൈഡ്രജന്‍ സള്‍ഫൈഡ്
കുളത്തില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളാണ് ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെടാന്‍ കാരണം. മീനുകള്‍ക്ക് അപകടകാരിയായ ഈ വാതകത്തിനു ചീമുട്ടയുടെ മണത്തിനു സമാനമായ മണമായതിനാല്‍ പെട്ടെന്നുതന്നെ തിരിച്ചറിയം. മീനുകള്‍ ജലോപരിതലത്തിലൂടെ നീന്തി അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കാന്‍ ശ്രമിക്കും. പൂര്‍ണമായും വെള്ളം മാറ്റി കുളം ശുദ്ധീകരിക്കുക എന്നതാണ് ഏക പോംവഴി. ഒപ്പം അടിത്തട്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും വേണം.

മരുന്നുകള്‍
അവശ്യഘട്ടങ്ങളില്‍ മീനുകള്‍ക്ക് മരുന്നുകള്‍ നല്‌കേണ്ടിവരാറുണ്ട്. കോപ്പര്‍ അടങ്ങിയിരിക്കുന്ന മരുന്നുകള്‍ നട്ടെല്ലില്ലാത്ത ജീവികള്‍ക്ക് അപകടം വരുത്തിവയ്ക്കും. പ്രത്യേകിച്ച് പൂച്ചമത്സ്യങ്ങള്‍, ടെട്ര, ലോച്ച് തുടങ്ങിയവയ്ക്ക്. മാത്രമല്ല കുളത്തിലെ ചെറു ജീവികളും ഒച്ചുകളും നശിക്കാനിടയാകും. മീനുകള്‍ക്ക് അനുയോജ്യമായ മരുന്നാണെന്നു ലേബല്‍ നോക്കി ഉറപ്പുവരുത്തിയിരിക്കണം. മീനുകള്‍ക്ക് അസ്വസ്തതയുണ്ടായാല്‍ ഉടനടി വെള്ളം മാറ്റുക.

മറ്റു വിഷകരമായ വസ്തുക്കള്‍
ചില സാഹചര്യങ്ങളില്‍ മറ്റു ചില രാസവസ്തുക്കളും കുളങ്ങളില്‍ എത്തപ്പെടാറുണ്ട് (സിഗരറ്റ് പുക, പെയിന്റ്, കീടനാശിനികള്‍ എന്നിവ). ഇത്തരം വസ്തുക്കള്‍ ജലാശയത്തെയും അതിലെ ജീവിവര്‍ഗത്തെയും നശിപ്പിക്കും. വെള്ളം മാറ്റുകയോ ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ച് അരിക്കുകയോ ചെയ്യണം.

താപനില
മിക്ക ശുദ്ധജലമത്സ്യങ്ങളും ജീവിക്കാന്‍ അനുയോജ്യമായ ജലതാപനില 23-28 ഡിഗ്രി സെല്‍ഷ്യസാണ്. ഇതില്‍ കൂടിയാലും കുറഞ്ഞാലും മത്സ്യങ്ങളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും അത് സാരമായി ബാധിക്കും. ശക്തിയേറിയ ചൂടേല്‍ക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.

പിഎച്ച്
മിക്ക ജലാശയങ്ങളിലെയും പിഎച്ച് താരതമ്യേന ന്യൂട്രല്‍ റേഞ്ചിലായിരിക്കും. പിഎച്ച് ശരിയല്ലെങ്കില്‍ മീനുകളുടെ ആരോഗ്യത്തെ ബാധിക്കുകയും രോഗം വരുകയോ ചത്തുപോവുകയോ ചെയ്യാം. ബാലന്‍സ് ഇല്ലാതെയുള്ള നീന്തല്‍, ചെകിളപ്പൂക്കളുടെ നിറം മാറുക (ചിലപ്പോള്‍ രക്തവും വന്നേക്കാം), ജലോപരിതലത്തില്‍വന്ന് ശ്വസിക്കുക എന്നവയാണ് ലക്ഷണങ്ങള്‍. പിഎച്ച് കുറയുകയോ താഴുകയോ ചെയ്താല്‍ വളരെ വേഗം പൂര്‍വസ്ഥിതിയിലാക്കരുത്. സാവധാനം മാത്രം ശ്രമിക്കുക . വെള്ളത്തിലെ പിഎച്ച് ചുരുങ്ങിയത് ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ പരിശോധിക്കുന്നത് നന്ന്.

പ്രാണവായുവിന്റെ കുറവ്
മത്സ്യങ്ങളുടെ ചെകിളകള്‍ വളരെ വേഗത്തില്‍ ചലിക്കുന്നതും ജലോപരിതലത്തിലൂടെ നീന്തുന്നതും പ്രധാന ലക്ഷണം. പതുക്കെ മത്സ്യങ്ങളുടെ ശരീരനിറം മങ്ങുകയും മരണത്തിലേക്ക് നീങ്ങുകയും ചെയ്യും. വാതായനം കുറയുക, ജൈവമാലിന്യങ്ങളുടെ അളവ് കൂടുക, അധിക താപനില, സസ്വങ്ങളുടെ ശ്വസനം എന്നിവയാണ് വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറയാനുള്ള കാരണം. ഭാഗിക ജലമാറ്റം, വാതായനം, ചത്തതും ചാകാറായതുമായ മത്സ്യങ്ങളെ നീക്കം ചെയ്യുക എന്നിവയിലൂടെ പ്രാണവായു വര്‍ധിപ്പിക്കാം.

മീനുകളുടെ അനാരോഗ്യത്തിനു കാരണക്കാരാകുന്ന ജൈവ ഘടകങ്ങളെക്കുറിച്ചാണ് ഈ ഭാഗത്തില്‍ പരാമര്‍ശിക്കുന്നത്. ജൈവ ഘടകങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന പരാദങ്ങള്‍, ബാക്ടീരിയ, ഫെഗസ്, വൈറസുകള്‍ എന്നിവ ഉള്‍പ്പെടും. അജൈവ ഘടകങ്ങള്‍ മത്സ്യങ്ങളുടെ അനാരോഗ്യത്തിനു കാരണമാകുമ്പോഴും രോഗം ബാധിച്ച പുതിയ മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുമ്പോഴുമാണ് രോഗങ്ങള്‍ പിടിപെടുക

പരാദങ്ങള്‍

വെല്‍വെറ്റ് രോഗം (Oodinium)
സ്വര്‍ണ-ഗ്രേ നിറത്തിലുള്ള ആവരണം മത്സ്യങ്ങളുടെ ശരീരത്തെ പൊതിയുന്നു. രോഗം ബാധിച്ച മത്സ്യങ്ങള്‍ ജലോപരിതലത്തിലൂടെ നടക്കുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ശരീരം കല്ലുകളില്‍ ഉരയ്ക്കുക, ചെകിളകളുടെ നിറം മാറുക എന്നവ മറ്റു ലക്ഷണങ്ങള്‍.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വെള്ളത്തിലെ താപനില് അല്പം ഉയര്‍ക്കുക. കഴിയുമെങ്കില്‍ 31-34 ഡിഗ്രി സെല്‍ഷ്യസ് വരെ. വെളിച്ചം കുറച്ചശേഷം കോപ്പര്‍ സള്‍ഫേറ്റ്, ട്രൈപാഫഌവിന്‍, മെത്തിലീന്‍ ബ്ലൂ, മാലഷൈറ്റ് ഗ്രീന്‍-ഫോര്‍മാലിന്‍ സംയുക്തം, ക്വിനൈന്‍ ഹൈഡ്രോക്ലോറൈഡ്  എന്നിവയില്‍ ഏതെങ്കിലും ടാങ്കില്‍ ഒഴിച്ച് ഒരാഴ്ചയോളം എയറേഷന്‍ നടത്തണം. അസുഖം ബാധിച്ചവയെ ഇടയ്ക്ക് ഉപ്പുലായനിയില്‍ മുക്കുന്നതും നല്ലതാണ്.

വൈറ്റ് സ്‌പോട്ട് ഡിസീസ്, ഇച്ച് (Ichthyophthirius)
ശരീരത്തിലും ചിറകുകളിലും ചെറിയ വെളുത്ത നിറത്തിലുള്ള കുത്തുകള്‍. വളരെവേഗം പകരുന്നതും അപകടകാരിയുമാണ്. സാവധാനം ശരീരത്തില്‍ മുഴുവന്‍ വെളുത്ത പാടപോലെ ആവരണം രൂപപ്പെടും. രേഗം മൂര്‍ഛിക്കുന്നതനുസരിച്ച് മത്സ്യങ്ങള്‍ അലസരാവുകയും ശരീരം കല്ലുകളില്‍ ഉരയ്ക്കുകയും ചെയ്യും.

ഇച്ച്തിയോഫ്തിരിയസ് പരാദങ്ങള്‍ക്ക് മുന്നു ജീവിതഘട്ടമാണുള്ളത്. പ്രതിവിധി ഫലപ്രദമാകുന്നത് അവ സ്വതന്ത്രമായി നീന്താറാകുമ്പോഴാണ്. വെള്ളത്തിലെ താപനില 30 ഡിഗ്രിയായി ഉയര്‍ത്തുക. പകരുന്ന ഈ രോഗം ട്രൈപാഫഌവിന്‍, ക്വിനൈന്‍, ഉപ്പ് തുടങ്ങിയവയിലേതെങ്കിലും ഉപയോഗിച്ച് നശിപ്പിക്കാം. ഒരാഴ്ചയോളം മരുന്നൊഴിച്ച് ട്രീറ്റ് ചെയ്യുക. പരാദത്തിന്റെ മൂന്നു ജീവിതഘട്ടങ്ങളില്‍പ്പെട്ടവ നശിക്കാനാണിത്.

ഗില്‍ ഫഌക്‌സ്
മീനുകളുടെ ശ്വസനേന്ദ്രിയമായ ചെകിളപ്പൂക്കളെ ആക്രമിക്കുന്ന ഒരിനം വിരയാണിത്. ഇവ ആക്രമിച്ചാല്‍ ചെകിളകള്‍ രക്തനിറത്തിലാവുകയും പിന്നീട് നിറം മാറുകയും ചെയ്യുന്നു. ജലോപരിതലത്തിലൂടെ നീന്തുക, വേഗം കൂടിയ ശ്വാസനം, മെലിച്ചില്‍ തുടങ്ങിയവ മറ്റു ലക്ഷണങ്ങള്‍.

വിരകളുടെ മുട്ടകള്‍ മരുന്നുപ്രയോഗത്തെ പ്രതിരോധിക്കും. ഡ്രോണ്‍സിറ്റ് 2മില്ലി ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിലോ, മാലക്കൈറ്റ് ഗ്രീന്‍-ഫോര്‍മാലിന്‍ മിശ്രിതമോ ഉപയോഗിച്ച് മുട്ടകളും വിരകളും നശിക്കുന്നതുവരെ ട്രീറ്റ് ചെയ്യുക. മത്സ്യങ്ങളുടെ ശരീരത്തില്‍നിന്ന് ഇവ പോകാന്‍ ഉപ്പുവെള്ളത്തിലോ അമോണിയം ഹൈഡ്രോക്‌സൈഡിലോ ഒന്നു മുക്കിയെടുത്താമതി.

സ്‌കിന്‍ ഫഌക്‌സ്
മത്സ്യങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കുന്ന ചെറു വിരയാണിത്. മത്സ്യങ്ങളുടെ നിറം മങ്ങുകയും ശരീരത്തില്‍ ചെറിയ ചുവന്ന പാടുകള്‍ രൂപപ്പെടുകയും ചെയ്യും. കുളത്തിലെ വസ്തുക്കളില്‍ മീനുകള്‍ ശരീരം ഉരയ്ക്കുന്നതും കാണാം.

രണ്ടു മില്ലിഗ്രാം ഡ്രോണ്‍സിറ്റ് ഒരു ലിറ്റര്‍ വെള്ളത്തിലോ അല്ലെങ്കില്‍ നേര്‍പ്പിച്ച ഫോര്‍മാലിന്‍ ലായനിയിലോ മുക്കിയെടുക്കുക.

കോസ്റ്റിയ
മത്സ്യങ്ങളുടെ ശരീരം ഗ്രേ നിറത്തിലുള്ള ആവരണംകൊണ്ട് മൂടുന്നു. കുളത്തിലെ വസ്തുക്കളില്‍ മീനുകള്‍ ശരീരം ഉരയ്ക്കുന്നതും കാണാം. ശരീരത്തില്‍ ചുവന്ന പാടുകളും രൂപപ്പെടും. വെള്ളത്തിനു അമ്ല സ്വഭാവമാണെങ്കില്‍ ഈ രോഗം കൂടുതല്‍ വ്യാപിക്കും.

വെള്ളത്തിലെ താപനില 30 ഡിഗ്രിയാക്കി ഉയര്‍ത്തുക. നേര്‍പ്പിച്ച ഫോര്‍മാലിന്‍ ലായനിയിലോ മുക്കിയെടുക്കുയോ വീര്യം കുറഞ്ഞ ഉപ്പുലായനിയില്‍ കുറച്ചുനേരം മീനുകളെ ഇടുകയോ ചെയ്യുക.

ഡിസ്‌കസ് ഡിസീസ്
മീനുകളുടെ തലഭാഗത്ത് കുഴി രൂപപ്പെടുന്നതാണ് ഈ രോഗം.

വൈറ്റമിനുകളുടെയും ധാതുക്കളുടെയും കുറവാണ് ഈ രോഗത്തിനു കാരണം. പ്രത്യേകിച്ച് വൈറ്റമിന്‍ ഡി, കാത്സ്യം എന്നിവ. ഇവയുടെ കുറവ് മത്സ്യങ്ങളുടെ കുടലുകളില്‍ ഹെക്‌സമിറ്റയുടെ (ഒരു തരം പരാദം) സാന്നിധ്യം വര്‍ധിപ്പിക്കും. കൃത്യമായ രീതിയിലുള്ള ഭക്ഷണം, വൈറ്റമിനുകള്‍ എന്നിവയാണ് ഈ രോഗത്തിനു പ്രതിവിധി. ആന്റിബയോട്ടിക്കുകളും കൊടുക്കുന്നത് നല്ലതാണ്. ടാങ്ക് എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക.


ഫംഗല്‍ രോഗങ്ങള്‍

സാപ്രോലെനിയ, അക്ലീയ

മത്സ്യങ്ങളുടെ ശരീരത്തില്‍ വെളുത്ത പാട രൂപപ്പെടുന്നു. ഫംഗസിന്റെയൊപ്പം ആല്‍ഗകൂടി വളര്‍ന്നാല്‍ വെളുത്ത നിറത്തല്‍നിന്ന് ബ്രൗണ്‍ നിറത്തിലേക്ക് മാറും.

ശരീരത്തില്‍ എന്തെങ്കിലും പരിക്കുകളോ ആരോഗ്യക്കുറവോ ഉണ്ടെങ്കില്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് ഫംഗസ് രോഗബാധ ഉണ്ടാകൂ എന്നാണ് പറയാറ്. ഫംഗല്‍ ബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി ഗ്രാം സോഡിയം പെര്‍മാംഗനേറ്റ് എന്ന രീതിയില്‍ ലയിപ്പിച്ച് 30 മിനിറ്റ് മത്സ്യത്തെ ഇടുക, അല്ലെങ്കില്‍ മെത്തിലീന്‍ ബ്ലൂ ലായനി വെള്ളത്തില്‍ ചേര്‍ത്ത് മീനുകളെ ഇടുക. ഇങ്ങനെ ചെയ്യുമ്പോള്‍ എയ്‌റേഷന്‍ നല്കിയിരിക്കണം.

ബാക്ടീരിയല്‍ രോഗങ്ങള്‍

ഫിഷ് ടൂബെര്‍കുലോസിസ്

മത്സ്യങ്ങളുടെ നിറം മങ്ങുക, വിശപ്പില്ലായ്മ, ശോഷിച്ച് ഒട്ടിയ വയര്‍ തുടങ്ങിയവ ലക്ഷണങ്ങള്‍. ശരീരത്തില്‍ ചെറിയ പുണ്ണുകളും ഉണ്ടാവാറുണ്ട്. നട്ടെല്ല് വളയും.

വളരെ വിനാശകാരിയാണ് ഈ രോഗം. രോഗം ബാധിച്ച മത്സ്യങ്ങളെ ടാങ്കുകളില്‍നിന്നു മാറ്റിയായും ബാക്ടീരിയകള്‍ ടാങ്കിന്റെ അടിത്തട്ടിലുണ്ടായിരിക്കും. ഇത് മറ്റു മത്സ്യങ്ങളിലേക്കുകൂടി പകരാനിടയാക്കും. ഓക്‌സിടെട്രാസൈക്ലിന്‍ പോലെയുള്ള ആന്റിബയോട്ടിക് നല്കിയാല്‍ ഒരു പരിധിവരെ രക്ഷപ്പെടുത്തിയെടുക്കാം. എന്നാല്‍, രോഗം ബാധിച്ച മത്സ്യങ്ങളെ കൊന്നുകളയുകയാണ് പകരാതിരിക്കാനുള്ള പ്രതിവിധി. മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുള്ള രോഗമാണിത്

ഡ്രോപ്‌സി (വയര്‍ വീര്‍ക്കല്‍)

തെറിച്ചു നില്‍ക്കുന്ന ചെതുമ്പല്‍, പുറത്തേക്കുന്തിയ കണ്ണുകള്‍, വിളറിയ ചെകിളപ്പൂക്കള്‍, വയറു വീര്‍ക്കുക, ശരീരത്തില്‍ ചുവന്ന വ്രണങ്ങള്‍ എന്നിവ ലക്ഷണങ്ങള്‍.

ആരോഗ്യക്കുറവുള്ള മത്സ്യങ്ങളിലേക്ക് വളരെവേഗം വ്യാപിക്കും. രോഗം ബാധിച്ചവയെ ടാങ്കില്‍നിന്നു മാറ്റി നശിപ്പിക്കുകയോ ആന്റബയോട്ടിക്കുകള്‍ നല്കുകയോ ചെയ്യാം. പൊതുവെ ചികിത്സ ഫലിക്കാറില്ല

വാല്‍/ചിറക് ചീയല്‍

മത്സ്യങ്ങളുടെ വാല്‍, ചിറക് എന്നവയുടെ ആഗ്രങ്ങള്‍ ചീയുക പ്രധാന ലക്ഷണം. രോഗം മൂര്‍ച്ഛിച്ചാല്‍ വാലും ചിറകും ദ്രവിച്ച് ഇല്ലാതാകും. പിന്നാലെ ഫംഗല്‍ ഇന്‍ഫെക്ഷനുകളും വരാം.

വെള്ളം മോശമാകുന്നതാണ് പ്രധാന രോഗകാരണം. കൂടാതെ ജലത്തിലെ താപനില കുറയുന്നതും ഹാനികരമായ വാതകങ്ങള്‍ രൂപപ്പെടുന്നതും ഈ രോഗത്തിനു കാരണമാകും. ടാങ്കിലെ വെള്ളം പൂര്‍ണമായും മാറ്റുക. രോഗം മൂര്‍ച്ഛിച്ചാല്‍ ചികിത്സ ബുദ്ധിമുട്ടാണ്.

മൗത്ത് ഫംഗസ്

മൗത്ത് ഫംഗസ് എന്നാണ് പേരെങ്കിലും ബാക്ടീരിയയാണ് രോഗകാരി. വായുടെ ഭാഗത്ത് പാടപോലെ ആവരണം രൂപപ്പെടുക, പിന്നീട് ഇത് തല, ചിറകുകള്‍, ചെകിള, ശരീരം മുഴുവനായി പകരും. മൂര്‍ച്ഛിച്ചാല്‍ ശരീരത്തില്‍ വ്രണങ്ങളുണ്ടാകും.

വെള്ളത്തിലെ താപനില കൂട്ടുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി ഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലയിപ്പിച്ച് മീനുകളെ അല്പനേരം ഇടുക. വെള്ളത്തിന്റെ അളവ് കുറച്ച് പുതിയ വെള്ളം നിറയ്ക്കുക.

നിയോണ്‍ ഡിസീസ്

സിക്ലിഡുകളെയും സൈപ്രിനിഡുകളെയും ബാധിക്കുന്ന ചികിത്സയില്ലാത്ത രോഗം. വിവിധ രീതികളില്‍ ഈ അസുഖം ശക്തിപ്രാപിക്കാം. ലക്ഷണങ്ങളും വ്യത്യസ്തമാണ്. മത്സ്യങ്ങളുടെ നിറം നഷ്ടപ്പെടുക, മെലിയുക. നീന്തുന്നതിലുള്ള കൃത്യത നഷ്ടപ്പെടുക എന്നിവ ലക്ഷണങ്ങള്‍. രോഗം ബാധിച്ചവ മത്സ്യക്കൂട്ടങ്ങളില്‍നിന്ന് ഒറ്റപ്പെടും. നിറം പൂര്‍ണമായും മങ്ങി വെള്ള നിറമാകും.

ചികിത്സിക്കാന്‍ കഴിയില്ല. രോഗം ബാധിച്ചവയെ എത്രയും വേഗം ടാങ്കില്‍നിന്നു നീക്കം ചെയ്യുന്നതാണ് പകരുന്നത് തടയാനുള്ള പ്രധാന മാര്‍ഗം. ടാങ്കിലെ മീനുകളെ മാറ്റി ടാങ്ക് അണുവിമുക്തമാക്കുക. ഇതിനു പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിക്കാം.

ഡിസ്‌കസ് ഫ്‌ളൂ

പുതിയ മത്സ്യങ്ങളെ ടാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗം. വെളുത്ത പാട ശരീരത്തില്‍ രൂപപ്പെട്ട് ചിറകുകള്‍ ദ്രവിക്കുന്നു. രോഗം ബാധിച്ച മത്സ്യങ്ങള്‍ ടാങ്കിന്റെ മൂലകളില്‍ തിങ്ങിക്കൂടിയിരിക്കും.

സീസണില്‍ വരുന്ന രോഗമാണിത്. ഹാച്ചറി മുഴുവന്‍ നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന രോഗം. കൃത്യമായ കാരണങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നിലധികം ഇനങ്ങളില്‍പ്പെട്ട ബാക്ടീരിയകളെ ഈ രോഗം ബാധിച്ച മത്സ്യങ്ങളുടെ ശരീരത്തില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. പിഎച്ച് താഴ്ത്തുക, ദിവസേന വെള്ളം മാറുക, തീറ്റ നല്കല്‍ നിര്‍ത്തുക തുടങ്ങിയ രോഗനിര്‍മാര്‍ജനത്തിനു നല്ലതാണ്. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്താം.

വീട്ടിലേക്കുള്ള മീന്‍ മുറ്റത്തുനിന്ന്‌

നട്ടല്ലുള്ള ജീവികളില്‍ ഏറ്റവും താഴേക്കിടയിലാണ് ജലജീവികളായ മത്സ്യങ്ങളുടെ സ്ഥാനം. ശീതരക്തമുള്ള ഇവര്‍ക്ക് തോണി പോലെ രണ്ടറ്റവും കൂര്‍ത്ത ആകൃയുള്ള ശരീരം നല്കി പ്രകൃതി ഇവയെ സംരക്ഷിച്ചുപോരുന്നു. ഏകദേശം 28,000 സ്പീഷിസുകളാണ് മത്സ്യകുടുംബത്തിലുള്ളത്. എന്നാല്‍, ഭക്ഷ്യയോഗ്യമായവ വളരെ ചുരുക്കമാണ്. ഇവയില്‍ ശുദ്ധജലത്തില്‍ വളരുന്നവയുടെ എണ്ണവും വിരളം.

അലങ്കാര മത്സ്യങ്ങള്‍ എന്നതിലുപരി ഭക്ഷയോഗ്യമായ മത്സ്യങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ പ്രിയമേറി വരികയാണ്. ശുദ്ധജലാശയത്തിലെ അവസ്ഥ പ്രയോജനപ്പെടുത്തി വളരെ വേഗം വളരുന്ന മത്സ്യങ്ങളെയാണ് ഭക്ഷ്യാവശ്യത്തിനായി കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയൂ. ജലാശയത്തിലെ പ്രാധമിക ജൈവവ്യവസ്ഥയെ നേരിട്ട് ഉപയോഗിക്കാനുള്ള കഴിവിനെയാണ് വളര്‍ത്തുമത്സ്യങ്ങളുടെ യോഗ്യതയായി കണക്കാക്കുക.

മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍

സൂര്യപ്രകാശം സ്വീകരിച്ച് വളരുന്ന സസ്യപ്ലവങ്ങളാണ് മത്സ്യങ്ങളുടെ പ്രധാനാഹാരം. അതുകൊണ്ടുതന്നെ പ്ലവങ്ങള്‍ കൂടുതലുള്ളതും വിസ്തൃതി കൂടുലുള്ളതുമായ ജലാശയങ്ങള്‍ മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരമാധി മൂന്നടി താഴ്ച മതിയാകും. സീല്‍പോളിന്‍ കുളങ്ങളോ സിമന്റ് കുളങ്ങളോ സ്വഭാവിക കുളങ്ങളോ ഉപയോഗിക്കാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന കുളങ്ങള്‍ നന്ന്. കുളത്തില്‍ പ്ലവങ്ങള്‍ വളരാന്‍ വെള്ളം നിറച്ചശേഷം അല്പം ചാണകം കുളത്തില്‍ ലയിപ്പിക്കുക. മൂന്നു നാലു ദിവസത്തിനുശേഷം മത്സ്യങ്ങളെ നിക്ഷേപിക്കാം.

വീട്ടാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ മത്സ്യങ്ങളെ കമ്യൂണിറ്റി രീതിയില്‍ വളര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. ഇതിനായി മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ തെരഞ്ഞെടുക്കണം. മാത്രമല്ല ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ജലാശയങ്ങളുടെ രാസ-ഭൗതിക സ്വഭാവത്തിനനുസരിച്ചു ജീവിക്കാനുള്ള കഴിവും ഉള്ള മത്സ്യങ്ങളെ വേണം തെരഞ്ഞെടുക്കാന്‍.

ജലോപരിതലത്തിലും മധ്യഭാഗത്തും അടിത്തട്ടിലും തീറ്റതേടുന്ന മത്സ്യങ്ങളെയാണ് എപ്പോഴും കമ്യൂണിറ്റിയായി വളര്‍ത്താന്‍ കഴിയുക. ഇതുവഴി നല്കുന്ന തീറ്റയും കുളത്തിലെ അവശിഷ്ടങ്ങളും പാഴാകുന്നത് ഒഴിവാക്കാനാകും.

ഭക്ഷണം

ഭക്ഷണമായി വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളും തൊടിയിലെ ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും സിഒ3, സിഒ4, കോംഗോസിഗ്നല്‍ തുടങ്ങിയ പുല്ലുകളും ഭക്ഷമായി നല്കാം. ചുരുങ്ങിയ അളവില്‍ കൈത്തീറ്റ നല്കാം. കൈത്തീറ്റ മാത്രം നല്കി വളര്‍ത്തുന്ന മീനുകളുടെ ശരീരത്തില്‍ കൊഴുപ്പ് അടിയും. അത് രുചി കുറയുന്നതിന് ഇടവരുത്തും. മത്സ്യങ്ങള്‍ക്ക് എപ്പോഴും പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ നല്കുന്നതാണ് ഉത്തമം. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ കൃത്രിമത്തീറ്റ നല്കി വളര്‍ത്തേണ്ടി വരുന്നു.

അമിതമായാല്‍ അമൃതും വിഷം. ഇതാണ് മത്സ്യങ്ങള്‍ക്കു നല്കുന്ന തീറ്റയുടെ കാര്യത്തിലും സംഭവിക്കുക. മത്സ്യങ്ങള്‍ക്കു തീറ്റ നല്കുമ്പോള്‍ കുളത്തില്‍ മിച്ചം കിടക്കാതെ പ്ര്‌ത്യേകം ശ്രദ്ധിക്കണം. ബാക്കിയാകുന്ന തീറ്റകളില്‍നിന്ന് അസുഖങ്ങള്‍ ഉണ്ടാകുക മാത്രമല്ല ജലാശയത്തില്‍ മീനുകള്‍ക്ക് ഹാനികരമായ അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ രൂപപ്പെടാനും ഇടവരുത്തും. 

പ്രാണവായു
വായിലാണ് മത്സ്യങ്ങളുടെ ശ്വസനം ആരംഭിക്കുന്നത്. വായില്‍ക്കൂടെ വെള്ളമെടുത്ത് ചെകിളപ്പൂക്കളിലൂടെ പുറത്തുവിടുമ്പോള്‍ വെള്ളത്തിലടങ്ങിയിട്ടുള്ള പ്രാണവായു ചെകിളപ്പൂക്കള്‍ വലിച്ചെടുത്ത് രക്തത്തിലെത്തിക്കും. നിശ്വാസവായു പുറംതള്ളുന്നതും ഇങ്ങനെതന്നെ.

എന്നാല്‍, അനബാന്റിഡെ സബ് ഓര്‍ഡറില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് ചെകിളപ്പൂക്കളെക്കൂടാതെ ശ്വാസകോശത്തിനു സമാനമായ ഒരു പ്രത്യേക ശ്വസനാവയവമുണ്ട്. ലേബിരിന്ത് ഓര്‍ഗന്‍ എന്ന ഈ പ്രത്യേക ശ്വസനാവയവം വഴി അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാന്‍ മത്സ്യങ്ങള്‍ക്കു കഴിയുന്നു. ചെളിയിലും ചതുപ്പിലുമൊക്കെ വസിക്കുന്ന പൂച്ചമത്സ്യങ്ങള്‍ ഗൗരാമികള്‍ തുടങ്ങിയ മത്സ്യങ്ങള്‍ക്കാണ് ഈ ശ്വസനാവയവമുള്ളത്. ലേബിരിന്ത് ഓര്‍ഗനുള്ള മത്സ്യങ്ങളില്‍ ഏറിയപങ്കും ഭക്ഷണാവശ്യത്തിനായ ഉപയോഗിക്കുന്നവയായിരിക്കും. ചെറിയ ഇനം ഗൗരാമികള്‍ ഫൈറ്റര്‍ ഫിഷുകള്‍ എന്നിവ അലങ്കാരമത്സ്യ വിഭാഗത്തിലും പെടുന്നു.

കാര്‍പ്പിനങ്ങള്‍, പാക്കു, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങള്‍ ജലത്തില്‍നിന്നുതന്നെ ശ്വസിക്കുന്നവയായതിനാല്‍ വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറഞ്ഞാല്‍ വളരെവേഗത്തില്‍ ചത്തൊടുങ്ങും. അതിനാല്‍ ഇത്തരം മത്സ്യങ്ങളുള്ള കുളങ്ങളില്‍ കരുതല്‍ ആവശ്യമാണ്. വലിയ ജലായശങ്ങളില്‍ ഈ പ്രശ്‌നം ഉണ്ടാവാറില്ല.

വീട്ടാവശ്യത്തിനു വളര്‍ത്താന്‍ കഴിയുന്ന ചില മത്സ്യങ്ങള്‍

കാര്‍പ്പ് മത്സ്യങ്ങള്‍
രോഹു, കട്‌ല, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വീട്ടാവശ്യത്തിനായി വളര്‍ത്തുന്ന കാര്‍പ്പ് ഇനങ്ങള്‍. വസിക്കുന്ന ജലാശയത്തിന്റെ ആകൃതി ഇവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. നീന്തിത്തുടിക്കാന്‍ നീളമുള്ള കുളങ്ങളാണ് കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യം. നീന്താനുള്ള സ്ഥലമനുസരിച്ച് കാര്‍പ്പ് മത്സ്യങ്ങളുടെ വളര്‍ച്ചയും വര്‍ധിക്കും. ആവശ്യമായ തീറ്റ ലഭ്യമെങ്കില്‍ ഏകദേശം 7-9 മാസത്തിനുള്ളില്‍ വിളവെടുക്കാം.

പൂച്ചമത്സ്യങ്ങള്‍
നാടന്‍ ഇനങ്ങളായ കാരി, കൂരി, മുഷി എന്നിവയും വാളയുമൊക്കെ പൂച്ചമത്സ്യ ഇനത്തില്‍പ്പെടുന്നവയാണ്. രുചിയില്‍ മുന്‍പന്തിയിലുള്ള ഇവയെ അനായാസം വളര്‍ത്താവുന്നതാണ്. അടുക്കളയില്‍നിന്നുള്ള മാലിന്യത്തോടൊപ്പം മാസാവശിഷ്ടങ്ങളും നല്കാം. ചെതുമ്പല്‍ ഇല്ലാത്ത മത്സ്യങ്ങളായതിനാല്‍ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ തൊലി ഉരിയണം. അല്ലാത്തപക്ഷം രുചിയെ പ്രതികൂലമായി ബാധിക്കും. പൂച്ചമത്സ്യങ്ങളില്‍ പ്രധാനിയാണ് കൂരിവാള/ആസാംവാള. കേരളത്തിലെ വന്‍കിട മത്സ്യഫാമുകളുടെ പ്രിയപ്പെട്ട ഇനം. കേരളത്തില്‍ ഭക്ഷണാവശ്യത്തിനായി വളര്‍ത്തുന്ന മത്സ്യങ്ങളില്‍ ഏതാണ്ട് 60 ശതമാനത്തോളം ഇവയാണ്. അറവുമാലിന്യങ്ങള്‍ നല്കി ചുരുങ്ങിയ ചെലവില്‍ വളര്‍ത്താം.

റെഡ് ബെല്ലീഡ് പാക്കു
റെഡ് ബെല്ലി, പാക്കു, നട്ടര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. പിരാന കുടുംബത്തിലെ അംഗമാണ്. വയറിലെ ചുവപ്പു നിറമാണ് പേരിനാധാരം. എട്ടുമാസംകൊണ്ട് ഒരു കിലോയോളം തൂക്കം വയ്ക്കും. ചെറിയ ചെതുമ്പലുകളുണ്ട്. എങ്കിലും തൊലിയുരിഞ്ഞ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പിരാന എന്ന ഭീകര മത്സ്യങ്ങള്‍ പേടിപ്പെടുത്തുന്നവരാണെങ്കിലും ഇവര്‍ അത്രക്കാരല്ല. മിശ്രഭുക്കാണ്. എന്തും കഴിക്കും. മറ്റു മത്സ്യങ്ങളോടൊപ്പം കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം.

ജയന്റ് ഗൗരാമി
പേരു സൂചിപ്പിക്കുംപോലെ ഭീമന്മാരാണ് ഇവര്‍. രുചിയില്‍ ബഹുമിടുക്കന്‍. ആദ്യ രണ്ടു വര്‍ഷം വളര്‍ച്ചയില്‍ പിന്നോട്ടാണ്. എന്നാല്‍ രണ്ടു വയസിനു ശേഷമുള്ള വളര്‍ച്ച ദ്രുതഗതിയിലാണ്. ഉറപ്പുള്ള മാംസമാണ് ഇവരുടെ പ്രത്യേകത. പൂച്ച മത്സ്യങ്ങളേപ്പോലെ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാനുള്ള അവയവമുള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും പ്രശ്‌നമില്ല. എന്നാല്‍ അണുബാധയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറു പ്രായത്തില്‍ ചെതുമ്പല്‍ നീക്കിയശേഷം കറി വയ്ക്കാം. മൂന്നു വയസിനു ശേഷമാണെങ്കില്‍ ചെതുമ്പലിനൊപ്പം പുറംതൊലിയും നീക്കം ചെയ്ത് ഇറച്ചി മാത്രം വേര്‍തിരിച്ചെടുക്കാവുന്നതാണ്. കമ്യൂണിറ്റിയായി വളര്‍ത്താന്‍ യോജിച്ച ഇനം. പ്രധാനമായം ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും പുല്ലും ഭക്ഷണമായി നല്കാം.

കരിമീന്‍
കേരളത്തിന്റെ സ്വന്തം മീന്‍. ഉപ്പുള്ള ജലാശയങ്ങളില്‍ വളരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായി ചെറു കുളങ്ങളിലും ജലാശയങ്ങളിലും വളര്‍ത്തുന്നവരും വിരളമല്ല. വാട്ടര്‍ സെന്‍സിറ്റീവാണ് ഏറ്റവും വലിയ പ്രശ്‌നം. വെള്ളത്തിന്റെ ഘടനയില്‍ മാറ്റം വന്നാല്‍ പെട്ടെന്നുതന്നെ ചാകും. അതുകൊണ്ട് പ്രത്യേത ശ്രദ്ധ ആവശ്യമാണ്.

തിലാപ്പിയ
കേരളത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മത്സ്യം. വളരെവേഗം പെറ്റുപെരുകും. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ചത്തോത് വര്‍ധിപ്പിക്കും. അല്ലാത്തപക്ഷം പ്രജനനം നടന്ന് വളര്‍ച്ച കുറയും. പ്രജനനശേഷി ഇല്ലാതാക്കിയ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

ബോക്‌സ്
ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ
കാര്‍ഷികവിളകളിലും മൃഗസംരക്ഷണ മേഖലയിലും ജനിതകപരമായി മികച്ച ഇനങ്ങള്‍ കണ്ടെത്തുന്നതിനായി സെലക്ടീവ് ബ്രീഡിംഗ് നടത്താറുണ്ട്. 1980കളിലാണ് ഫിഷ് ഫാമിംഗ് മേഖലയില്‍ സെലക്ടീവ് ബ്രീഡിംഗ് പരീക്ഷിക്കുന്നത്. ലോകത്താകമാനം വളര്‍ത്തിയിരുന്ന നൈല്‍ തിലാപ്പിയ വര്‍ഗത്തിലെ പുതിയ തലമുറയുടെ വളര്‍ച്ച ക്രമാതീതമായി കുറയുന്നത് വലിയ പ്രശ്‌നമായി മാറിയതോടെയാണ് തിലാപ്പിയ മത്സ്യങ്ങളിലേക്ക് ഗവേഷകര്‍ തിരിഞ്ഞത്. ഇതേത്തുടര്‍ത്ത് ജെനറ്റിക്ക് ഇംപ്രൂവ്‌മെന്റ് ഓഫ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) പ്രോജക്ട് വന്നു. ഇത് നൈല്‍ തിലായപ്പിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഉപകരിച്ചുവെന്നു മാത്രമല്ല പ്രതിസന്ധിയിലായ അനേകം ചെറുകിട-വന്‍കിട മത്സ്യകര്‍ഷകരെ സഹായിക്കുകയും ചെയ്തു. വികസ്വരരാജ്യങ്ങള്‍ക്ക് വലിയൊരു കുതിച്ചുചാട്ടം നല്കിയ പദ്ധതിയായിരുന്നു ഗിഫ്റ്റ്.

85ലധികം രാജ്യങ്ങളില്‍ വളര്‍ത്തിവരുന്ന മത്സ്യമാണ് തിലാപ്പിയ. രോഗപ്രതിരോധശേഷി, ഏതു കാലവസ്ഥയിലും ജീവിക്കാനുള്ള കഴിവ്, മിശ്രഫുക്ക് തുടങ്ങിയ സ്വഭാവങ്ങളാണ് തിലാപ്പിയയ്ക്കു ലോകശ്രദ്ധനേടിക്കൊടുത്തത്. എന്നാല്‍, ലോകത്തെമ്പാടും വളര്‍ത്തുന്ന തിലാപ്പിയകളില്‍ ഏറിയപങ്കും അവയുടെ തനത് ജനിതകഗുണം ഇല്ലാത്തവയാണ്.

വരൂ നമുക്ക് അടുക്കളക്കുളം നിര്‍മിക്കാം

ഒരുവന് ഒരു മത്സ്യം നല്കിയാല്‍ അത് അവന് ഒരു ദിവസത്തെ ആഹാരമാകും. പകരം മത്സ്യത്തെക്കുറിച്ച് പഠിപ്പിച്ചാലോ, അത് അവനു ജീവിതാവസാനം വരെയും ആഹാരമാകുന്നു എന്നാണ് ചൈനീസ് പഴമൊഴി. ചിന്തകള്‍ക്കു വിധേയമാക്കേണ്ട ആശയം പറയാവുന്ന ഈ വാക്കുകള്‍ മത്സ്യകൃഷിയുടെ പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്. വാണിജ്യപരമായി കൃഷിചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറികളിലും മത്സ്യത്തിലുമൊക്കെ മലയാളി സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യകത ഏറിവരുന്നുണ്ട്.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ മത്സ്യമേഖലയ്ക്ക് പ്രധാനപങ്കുണ്ട്. എന്നാല്‍ സമീപകാലത്തെ കണക്കനുസരിച്ച് മത്സ്യമേഖല പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത് മത്സ്യബന്ധനം തൊഴിലാക്കി ജീവിക്കുന്ന രണ്ടു ലക്ഷത്തോളം ആളുകളാണ്.

എല്ലാം ഏറ്റുവാങ്ങുന്ന കടല്‍, മത്സ്യങ്ങളെ നല്കുന്നുണ്ടെങ്കിലും അവ നമ്മുടെയൊക്കെ അടുക്കളയിലെത്തുമ്പോഴേക്കും കീടനാശിനികളില്‍ മുങ്ങിയിരിക്കും. ജീവനുതന്നെ ഭീഷണിയാകുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണമെങ്കില്‍ വീട്ടിലേക്കാവശ്യമായ മത്സ്യങ്ങളെ സ്വന്തമായി ഉത്പാദിപ്പിക്കേണ്ടി വരും. അല്പം സ്ഥലവും അല്പം സമയവും ഉണ്ടെങ്കില്‍ ഇത് അനായാസം സാധ്യമാക്കാവുന്നതേയുള്ളൂ.

നട്ടല്ലുള്ള ജീവികളില്‍ ഏറ്റവും താഴേക്കിടയിലാണ് ജലജീവികളായ മത്സ്യങ്ങളുടെ സ്ഥാനം. ശീതരക്തമുള്ള ഇവര്‍ക്ക് തോണി പോലെ രണ്ടറ്റവും കൂര്‍ത്ത ആകൃയുള്ള ശരീരം നല്കി പ്രകൃതി ഇവയെ സംരക്ഷിച്ചുപോരുന്നു. ഏകദേശം 28,000 സ്പീഷിസുകളാണ് മത്സ്യകുടുംബത്തിലുള്ളത്. എന്നാല്‍, ഭക്ഷ്യയോഗ്യമായവ വളരെ ചുരുക്കമാണ്. ഇവയില്‍ ശുദ്ധജലത്തില്‍ വളരുന്നവയുടെ എണ്ണവും വിരളം.

അലങ്കാര മത്സ്യങ്ങള്‍ എന്നതിലുപരി ഭക്ഷയോഗ്യമായ മത്സ്യങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ പ്രിയമേറി വരികയാണ്. ശുദ്ധജലാശയത്തിലെ അവസ്ഥ പ്രയോജനപ്പെടുത്തി വളരെ വേഗം വളരുന്ന മത്സ്യങ്ങളെയാണ് ഭക്ഷ്യാവശ്യത്തിനായി കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയൂ. ജലാശയത്തിലെ പ്രാധമിക ജൈവവ്യവസ്ഥയെ നേരിട്ട് ഉപയോഗിക്കാനുള്ള കഴിവിനെയാണ് വളര്‍ത്തുമത്സ്യങ്ങളുടെ യോഗ്യതയായി കണക്കാക്കുക.

സൂര്യപ്രകാശം സ്വീകരിച്ച് വളരുന്ന സസ്യപ്ലവങ്ങളാണ് മത്സ്യങ്ങളുടെ പ്രധാനാഹാരം. അതുകൊണ്ടുതന്നെ പ്ലവങ്ങള്‍ കൂടുതലുള്ളതും വിസ്തൃതി കൂടുലുള്ളതുമായ ജലാശയങ്ങള്‍ മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരമാധി മൂന്നടി താഴ്ച മതിയാകും. സീല്‍പോളിന്‍ കുളങ്ങളോ സിമന്റ് കുളങ്ങളോ സ്വഭാവിക കുളങ്ങളോ ഉപയോഗിക്കാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന കുളങ്ങള്‍ നന്ന്. കുളത്തില്‍ പ്ലവങ്ങള്‍ വളരാന്‍ വെള്ളം നിറച്ചശേഷം അല്പം ചാണകം കുളത്തില്‍ ലയിപ്പിക്കുക. മൂന്നു നാലു ദിവസത്തിനുശേഷം മത്സ്യങ്ങളെ നിക്ഷേപിക്കാം.

വീട്ടാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ മത്സ്യങ്ങളെ കമ്യൂണിറ്റി രീതിയില്‍ വളര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. ഇതിനായി മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ തെരഞ്ഞെടുക്കണം. മാത്രമല്ല ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ജലാശയങ്ങളുടെ രാസ-ഭൗതിക സ്വഭാവത്തിനനുസരിച്ചു ജീവിക്കാനുള്ള കഴിവും ഉള്ള മത്സ്യങ്ങളെ വേണം തെരഞ്ഞെടുക്കാന്‍.

ജലോപരിതലത്തിലും മധ്യഭാഗത്തും അടിത്തട്ടിലും തീറ്റതേടുന്ന മത്സ്യങ്ങളെയാണ് എപ്പോഴും കമ്യൂണിറ്റിയായി വളര്‍ത്താന്‍ കഴിയുക. ഇതുവഴി നല്കുന്ന തീറ്റയും കുളത്തിലെ അവശിഷ്ടങ്ങളും പാഴാകുന്നത് ഒഴിവാക്കാനാകും.

ഭക്ഷണമായി വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളും തൊടിയിലെ ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും സിഒ3, സിഒ4, കോംഗോസിഗ്നല്‍ തുടങ്ങിയ പുല്ലുകളും ഭക്ഷമായി നല്കാം. ചുരുങ്ങിയ അളവില്‍ കൈത്തീറ്റ നല്കാം. കൈത്തീറ്റ മാത്രം നല്കി വളര്‍ത്തുന്ന മീനുകളുടെ ശരീരത്തില്‍ കൊഴുപ്പ് അടിയും. അത് രുചി കുറയുന്നതിന് ഇടവരുത്തും. മത്സ്യങ്ങള്‍ക്ക് എപ്പോഴും പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ നല്കുന്നതാണ് ഉത്തമം.

റെഡ് ബെല്ലിയെ വളര്‍ത്താം- ഈസിയായി


ഭക്ഷണാവശ്യത്തിനു സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നത് കഴിക്കാന്‍ ഒരു പ്രത്യേക രുചിയാണ്. അത് ഒരിക്കലും മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന ഭക്ഷ്യവസ്തുക്കളില്‍നിന്നു കിട്ടാറില്ല. ഒരുപക്ഷേ ഈ രുചിക്ക് മാധുര്യം പകരുന്നത് നമ്മുടെതന്നെ നെറ്റിയിലെ വിയര്‍പ്പിന്റെ ഫലമായതിനാലാണ്. പച്ചക്കറികളുടെ കാര്യംപോലെതന്നെയാണ് മത്സ്യം വളര്‍ത്തലിന്റെ കാര്യവും. പരിമിതമായ സ്ഥലത്ത് കുറച്ചു മീനുകളെ മാത്രമേ വളര്‍ത്താന്‍ കഴിയൂ എങ്കിലും അത് മനസിന് കുളിര്‍മ നല്കുന്ന ഒന്നാണ്.

വളര്‍ത്തു മത്സ്യങ്ങള്‍ക്ക് കടല്‍മത്സ്യങ്ങളുടെ രുചിയില്ലെന്ന് പലരും പറയാറുണ്ട്. ഓരോ സാഹചര്യത്തില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് അവയുടെ സാമൂഹിക ചുറ്റുപാട് അനുസരിച്ച് രുചിയും വ്യത്യാസപ്പെട്ടിരിക്കും. ശുദ്ധജലമത്സ്യങ്ങളുടെ രുചിയുടെ കാര്യത്തില്‍ കുളത്തിന്റെ അവസ്ഥ ഒരു പ്രധാന ഘടകംതന്നെയാണ്. വലിയ ജലാശയങ്ങളെ അപേക്ഷിച്ച് നമ്മുടെ വീട്ടിലെ കുളങ്ങളില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരിക്കും. മത്സ്യവസര്‍ജങ്ങള്‍ അടിത്തട്ടില്‍ അടിയുന്നതാണ് ഇതിനു കാരണം. ഇത് ഒഴിവാക്കാന്‍ കുളത്തിലെ വെള്ളം അടിക്കടി മാറിയാല്‍ അത് മത്സ്യങ്ങളുടെ വളര്‍ച്ചയെയാണ് ബാധിക്കുക. വെള്ളം മാറേണ്ട സാഹചര്യം വരുകയാണെങ്കില്‍ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും ഇടവേള നല്കി മാത്രമേ മാറാവു. അല്ലെങ്കില്‍ അതനുസരിച്ച് ക്രമപ്പെടുത്തണം. വെള്ളം മാറി പുതിയ വെള്ളം ഒഴിക്കുമ്പോള്‍ പുതിയ അന്തരീക്ഷമാണ് മീനുകള്‍ക്ക് ഉണ്ടാവുക. ഇതുമായി പൊരുത്തപ്പെടാന്‍ അവ സമയമെടുക്കും. അതാണ് വളര്‍ച്ചയെ ബാധിക്കുമെന്ന് പറഞ്ഞത്.

നിരവധി മത്സ്യപ്രേമികളുടെ താത്പര്യം മാനിച്ച് ഈ ലക്കത്തില്‍ റെഡ് ബെല്ലി അഥവാ നട്ടറിന്റെ പരിചരണമാണ് പ്രതിപാദിക്കുന്നത്. പിരാന വര്‍ഗത്തില്‍പ്പെട്ട നട്ടര്‍ കേരളത്തില്‍ പച്ചപിടിച്ചുതുടങ്ങിയിട്ട് അധികനാളുകള്‍ ആയിട്ടില്ല. കേരളത്തില്‍ വളര്‍ന്നുവരുന്നവയില്‍ ഏറിയപങ്കും അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കുഞ്ഞുങ്ങളാണ്. അക്വേറിയം മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ഒന്നര ഇഞ്ച് വലുപ്പമുള്ള കുഞ്ഞിന് ശരാശരി 10 രൂപയ്ക്കാണ് ലഭിക്കുക. ചില്ലറ വ്യാപര കടകളിലാകുമ്പോള്‍ ഇത് 20 രൂപയോളം വരും.

കാര്യമായ പരിചരണം ഇല്ലാതെതന്നെ നല്ലരീതിയില്‍ ഇവയെ വളര്‍ത്താം. ഒരു വര്‍ഷംകൊണ്ട് ശരാശരി ഒന്നര കിലോയോളം തൂക്കം വയ്ക്കും. മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക അവ വസിക്കുന്ന കുളങ്ങളുടെ വലുപ്പമനുസരിച്ചായിരിക്കും എന്ന് പ്രത്യേകം ഓര്‍ക്കുക. ചെറിയ കുളങ്ങളില്‍ വളര്‍ത്താന്‍ ശ്രമിച്ച് വലുപ്പം കിട്ടിയില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ മുന്‍ ലേഖനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്.

നട്ടറിന്റെ തീറ്റക്രമം
പിരാനകളേപ്പോലെ മൂര്‍ച്ചയേറിയ പല്ലുകളുണ്ടെങ്കിലും പൊതുവേ ശാന്ത സ്വഭാവക്കാരാണ്. എന്നാല്‍ തരം കിട്ടിയാല്‍ മറ്റു മീനുകളെ ആക്രമിക്കുകയും ചെയ്യും. മിശ്രഭുക്കാണ്. ആയതിനാല്‍ ഏതു തരത്തിലുള്ള ഭക്ഷണവും നല്കാം. ചിക്കന്‍ വേസ്റ്റ് വേവിച്ച് നല്കുന്നത് വളര്‍ച്ച കൂട്ടും. അടുക്കള മാലിന്യങ്ങള്‍, ചേമ്പ്, ചേന തുടങ്ങിയവയുടെ ഇലകള്‍, സിഒ3 പോലുള്ള തീറ്റപ്പുല്ല് എന്നിവയും നല്കാം. ഓരോന്നും കൊടുക്കുമ്പോള്‍ അല്പാല്പമായി നല്കി ശീലിപ്പിച്ചശേഷമേ അധികമായി നല്കാവൂ. ഒരിക്കലും കുളത്തില്‍ ബാക്കി കിടക്കുന്ന രീതിയില്‍ തീറ്റ നല്കരുത്.

ചറു പ്രായത്തില്‍ മുട്ടയോ കോഴിയുടെ കരളോ പുഴുങ്ങി പൊടിച്ചു നല്കാം. വളരുന്നതനുസരിച്ച് തീറ്റയുടെ രീതി മാറ്റണം. ദിവസത്തില്‍ ഏതെങ്കിലും ഒരു സമയത്ത് കൃത്യമായി തീറ്റ നല്കുക. ഇത് അവയുടെ തീറ്റപരിവര്‍ത്തനശേഷി വര്‍ധിപ്പിക്കും.കുളം
കുളത്തിന്റെ ആഴം നാല് അടിയില്‍ കൂടുതല്‍ വേണ്ട. ഒരു സെന്റ് വലുപ്പമുള്ള കുളത്തില്‍ പരമാവധി 100 മീനുകളെ വരെ ഇടാം. സൂര്യപ്രകാശമേല്ക്കുന്ന കുളമാണെങ്കില്‍ നന്ന്. ആല്‍ഗകള്‍ നിറഞ്ഞ് പച്ച നിറത്തിലുള്ള ജലാശയങ്ങളാണ് മത്സ്യവളര്‍ച്ച ത്വരിതപ്പെടുത്തുക. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മീനുകളെ നിക്ഷേപിക്കുന്നതിനു മുമ്പ് പച്ചച്ചാണം കുളത്തില്‍ ലയിപ്പിക്കുന്നത് ആല്‍ഗകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

വളര്‍ത്തു മത്സ്യങ്ങള്‍ കറി വയ്ക്കുമ്പോള്‍ അവയുടെ ചെതുമ്പലിനൊപ്പമുള്ള ശരീരത്തിലെ തൊലികൂടി പൊളിച്ചുകളയുക. ഇത് രുചി വര്‍ധിപ്പിക്കും.

കണ്ണഞ്ചിപ്പിക്കുന്ന മത്സ്യപ്രപഞ്ചം

പ്രകൃതി അറിഞ്ഞു നല്കിയിരിക്കുന്ന മായിക സൗന്ദര്യമാണ് വര്‍ണമത്സ്യങ്ങളുടേത്. നദികളിലും പിന്നീട് മനുഷ്യന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതുമുതല്‍ പളുങ്കു പാത്രങ്ങളിലും വിഹരിക്കുന്ന നിറലാവണ്യം. സ്ഫടികപ്പാത്രത്തിന്റെ നാലതിരുകളില്‍ ഒതുങ്ങിത്തീരാത്ത ഈ ചലന ചാരുത ജൈവലോകത്തിന്റെ മാസ്മരികതയാണ്. കേവലം 10 മി.മി. വലിപ്പമുള്ള ട്രാന്‍സ്‌പെരന്റ് ഡാനിയോ മുതല്‍ ഭീമാകാരന്മാരായ സ്രാവുകളും തിമിംഗലങ്ങളും വരെ ഇന്ന് അക്വേറിയങ്ങളുടെ അഴകാണ്.

ഫോട്ടോഗ്രഫി കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിനോദം എന്ന ബഹുമതി അലങ്കാരമത്സ്യപരിപാലനത്തിനാണ്. വര്‍ണമത്സ്യങ്ങളുടെ ലോകതലസ്ഥാനമെന്നറിയപ്പെടുന്ന സിംഗപ്പൂര്‍ മത്സ്യക്കയറ്റുമതിയില്‍ മുന്നിട്ടു നില്ക്കുമ്പോള്‍ മീനുകളുടെ വര്‍ണത്തിലും സൗന്ദര്യത്തിലും ആകൃഷ്ടരായി കൂടുതല്‍ വര്‍ണമത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന ബഹുമതി കരസ്ഥമാക്കി. അതും പ്രതിവര്‍ഷം 500 മില്യണ്‍ ഡോളറിനു മുകളിലാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്.

പ്രകൃതി വര്‍ണമത്സ്യങ്ങളുടെ കലവറയാണ്. ലോകത്താകെ 40,000ത്തോളം മത്സ്യ ഇനങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ ഏറിയപങ്കു സമുദ്രജലമത്സ്യങ്ങളാണ്. അത്ഭുതങ്ങളുടെ കലവറയായ കടല്‍തന്നെയാണ് വര്‍ണചാരുത നിറഞ്ഞ മത്സ്യങ്ങളുടേയും കലവറ. രാജ്യാന്തരവിപണിയില്‍ ഏറ്റവും വിലകൂടിയ മത്സ്യങ്ങള്‍ സമുദ്രജല അലങ്കാരമത്സ്യങ്ങളാണ്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മത്സ്യങ്ങളുടെ പിറവിയേയും ആവാസവ്യവസ്ഥയേയുമൊക്കെ സ്വാധീനിക്കുമെന്നു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍തന്നെ പ്രശസ്തരായ മത്സ്യസുന്ദരികളില്‍ പലരും ചില പ്രത്യേക രാജ്യങ്ങളുടെ കുത്തകയാണ്. ചൈനയില്‍ ജന്മംകൊണ്ട സ്വര്‍ണമത്സ്യങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും കയറ്റുമതിയിലും ജപ്പാനാണ് മുമ്പില്‍. മാലഖമത്സ്യങ്ങള്‍ ഇസ്രായേലില്‍ വ്യാപിച്ചപ്പോള്‍ ഗൗരാമിയിലും ഗപ്പിയിലും സിംഗപ്പൂര്‍ പ്രശസ്തരായി. അതുപോലെ മൗറീഷ്യസ്, ഹവായ്, ഹോങ്കോങ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സമുദ്രജല അലങ്കാരമത്സ്യങ്ങളുടെ പ്രജനനത്തിലും വിപണനത്തിലും പ്രശസ്തരായി.

അലങ്കാരമത്സ്യക്കയറ്റുമതിരംഗത്ത് 20% സിംഗപ്പൂരാണ് കൈയടക്കിവച്ചിരിക്കുന്നത്. ശുദ്ധജല അലങ്കാരമത്സ്യങ്ങളില്‍ ജനപ്രിയരായ പ്ലാറ്റി, വാള്‍വാലന്‍, മോളി, മാലാഖമത്സ്യങ്ങള്‍, സ്വര്‍ണമത്സ്യങ്ങള്‍, നിയോണ്‍ ടെട്ര, ഡിസ്‌കസ് തുടങ്ങിയവര്‍ സിംഗപ്പൂരിന്റെ കുത്തകകളാണ്. സമുദ്രജലമത്സങ്ങളില്‍ ശ്രീലങ്കയാണ് മുമ്പില്‍. ഡാംസല്‍, ചിത്രശലഭമത്സ്യങ്ങള്‍, തത്തമ്മമത്സ്യങ്ങള്‍, എന്നിവരൊക്കെ ശ്രീലങ്കയുടെ മത്സ്യക്കയറ്റുമതിരംഗത്തെ പ്രമുഖരാണ്.


ഭാരതത്തിന്റെ മീനഴക്

മീനുകളുടെ ലോകത്തേക്കു ഇന്ത്യയുടെ സംഭാവനയും വളരെ വലുതാണ്. ഇതിനു കാരണം ഭാരതത്തിലെ നദികളിലെ അമൂല്യമായ ജൈവവൈവിധ്യംതന്നെ. 190 ഓളം മത്സ്യങ്ങള്‍ ഇന്ത്യയില്‍നിന്നും കയറ്റി അയയ്ക്കുന്നുണ്ട്. എന്നാല്‍ പേരറിയാത്തതുള്‍പ്പെടെ 4000 ഓളം ഇനങ്ങള്‍ ഇന്ത്യയിലുണ്ടെങ്ങിലും മത്സ്യവിപണിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് യാഥാര്‍ഥ്യം.
കായലിന്റെയും പുഴകളുടേയും സ്വന്തം നാടായ കേരളവും അലങ്കാരമത്സ്യങ്ങളുടെ പറുദീസയാണെന്നതില്‍ സംശയമില്ല. ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായ പശ്ചിമഘട്ടനദികളിലെ ഏകദേശം 250 ഇനം മത്സ്യങ്ങളില്‍ 72 ഇനങ്ങള്‍ അലങ്കാരമത്സ്യങ്ങളാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അലങ്കാരമത്സ്യപ്രപഞ്ചത്തിലേക്കു ഒരു ഡസനോളം ഇനങ്ങള്‍ കേരളത്തില്‍നിന്നുള്ളവയാണ്. ടോര്‍പിഡോയും മെറ്റാലിക് ബില്‍ ട്രോട്ടും ബാര്‍ബുകളും ക്യാറ്റ്ഫിഷും.

ജീവിക്കുന്ന ആവാസവ്യവസ്ഥയോട് പരമാവധി ഇണങ്ങിയും സ്വയരക്ഷയ്ക്കുമായി പ്രകൃതി അറിഞ്ഞു നല്കിയിരിക്കുന്ന ചില പ്രധാന സവിശേഷതകള്‍ മത്സ്യങ്ങള്‍ക്കുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

സവിശേഷതകള്‍

നിറങ്ങള്‍: സൗന്ദര്യത്തിലൂടെ സ്വയരക്ഷ

ചില പിഗമെന്റുകള്‍ നിശ്ചിത അളവില്‍ ചോര്‍ത്താണ് മീനുകളുടെ ശരീരത്തിനു വര്‍ണചാരുത കൈവരുന്നത്. ഈ ക്രൊമാറ്റോഫോറുകള്‍ രണ്ടുതരമുണ്ട്. കറുത്ത പിഗമെന്റുള്ള മെലാനിന്‍, ചുമപ്പും മഞ്ഞയും (യഥാക്രമം കരോട്ടിന്‍, സാന്തോഫിന്‍) എന്നിവയാണവ. ഇത് ചോരുമപടി ചേരുമ്പോള്‍ വര്‍ണങ്ങളില്‍ മനോഹാരിത വിടര്‍ത്തുംന്ന വിധത്തില്‍ മീനുകളുടെ സൗന്ദര്യവും കൂടും. ഒപ്പം ത്വക്കിനടിയിലെ പ്രകാശം പ്രതിഫലിപ്പിക്കുന്ന ഗുവാനില്‍ പരലുകളും ചേരുമ്പോള്‍ നിറങ്ങള്‍ അതിന്റെ തീക്ഷ്ണതയോടെ കാഴ്ചക്കാരിലെത്തും.
സൗന്ദര്യത്തോടൊപ്പം തങ്ങളുടെ ഇണയെ തിരിച്ചറിയുന്നതിനും ശത്രുക്കളില്‍നിന്നു രക്ഷപെടുന്നതിനും ഈ വര്‍ണങ്ങള്‍ മീനുകളെ സഹായിക്കുന്നുണ്ട്.

ചിറകുകള്‍: നീന്താനും നില്‍ക്കാനും

വിവിധ ആകൃതിയിലുള്ള ഏഴു ചിറകുകളാണു മീനുകളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. വാല്‍ച്ചിറക് (Caudal Fin) മുന്നോട്ടുള്ള ഗതിയെയും അംസച്ചിറകുകള്‍ (Pectoral Fin) ശരീര ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു. അംസച്ചിറകുകള്‍ക്കുപിന്നില്‍ ഇരുവശങ്ങളിലുമായുള്ള ശ്രോണിപത്രങ്ങളാണ് (Pelvic Fin) മത്സ്യങ്ങളെ വെള്ളത്തില്‍ നിശ്ചലമായി നില്‍ക്കാന്‍ സഹായിക്കുന്നത്. ശ്രോണിപത്രങ്ങള്‍ക്കു പിന്നിലുള്ള ഗുദച്ചിറകും (Anal Fin) മേനിയുടെ ഉപരിതലത്തില്‍ കാണുന്ന മുതുച്ചിറകും (Dorsal Fin) മീനുകളുടെ ആവേഗവും ബാലന്‍സും നിയന്തരിക്കുന്നതില്‍ സഹായിക്കുന്നു.

വായ: ശ്വസനം

വായിലാണ് മീനുകളുടെ ശ്വസനവും ദഹനവും ആരംഭിക്കുന്നത്. വായിലൂടെ വെള്ളമെടുത്ത് ചെകിളകളിലൂടെ അരിച്ചു പുറത്തേക്കു പോകുമ്പോള്‍ വെള്ളത്തിലുള്ള പ്രാണവായു മീനുകളുടെ രക്തത്തിലേക്കു കലരും. നിശ്വാസവായു പുറന്തള്ളുന്നതും ഇങ്ങനെതന്നെ. ചെളിയിലും പ്രാണവായു കുറവുള്ള വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന മീനുകള്‍ക്കു അന്തരീക്ഷത്തില്‍നിന്നു നേരിട്ടു ശ്വസിക്കാന്‍ കഴിയും. ഇതിനായി ലാബിറിന്‍ത് അവയവം ഇവയ്ക്കുണ്ട്.

ഇര തേടാനുള്ള മുഖ്യ അവയവമാണ് മീനുകള്‍ക്കു വായ. വായയുടെ സ്ഥാനംനോക്കി മീനുകളുടെ ജീവിതരീതിയും ജലത്തിലെ നിലയുമൊക്കെ മനസിലാക്കാം. കീഴ്ച്ചുണ്ട് വലുതായി മുമ്പോട്ടുന്തിയതാണെങ്കില്‍ ഉപരിതലത്തില്‍നിന്നും ഇരു ചുണ്ടുകളും തുല്യ വലിപ്പമാണെങ്കില്‍ മധ്യതലത്തിലും കീഴോട്ടു തുറന്നിരിക്കുന്ന വായ ആണെങ്കില്‍ അടിത്തട്ടില്‍നിന്നും തീറ്റ എടുക്കുന്ന മീനീണെന്നു മനസിലാക്കാം.

പോളകളില്ലാത്ത കണ്ണുകള്‍

മീനുകള്‍ക്കു മിഴിയടയ്ക്കാനാവില്ല. കാരണം അവയ്ക്കു കണപോളകള്‍ ഇല്ല എന്നതുതന്നെ. കണ്ണുകള്‍ തലയുടെ രണ്ടു വശത്തുമായതിനാല്‍ നേരേ മുമ്പിലുള്ളവ കാണാന്‍ മീനുകള്‍ക്കു കഴിയില്ല. ഇരു കണ്മുകളുടെയും കാഴ്ചയൊരുമ (Binocular Vision) ഇല്ലാത്തതുകൊണ്ട് ദൂരം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുകയുമില്ല. എന്നാല്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.
ശരീരത്തിലെ നാഡീകോശങ്ങളാണു വെള്ളത്തിന്റെ പ്രകമ്പനങ്ങളും ഇതരസാന്നിധ്യവുമൊക്കെ തിരിച്ചറിയാന്‍ മീനുകളെ സഹായിക്കുന്നത്.

ബാലന്‍സിനു വായുസഞ്ചി

വെള്ളത്തില്‍ സ്ഥിരമായി നില്‍ക്കുന്നതിനും വിവിധ ജലവിതാനങ്ങളില്‍ നീന്തുന്നതിനും മീനുകളെ സഹായിക്കുന്നത് അന്നനാളം മുതല്‍ വാലിനടുത്ത് വരെ ഉറപ്പിച്ചിരിക്കുന്ന വായുസഞ്ചി(Air Blader)യാണ്. ഇതില്‍ നൈട്രജനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും അളവനുസരിച്ച് നിറച്ച് വികസിപ്പിച്ചും ചുരുക്കിയും ഭാരം ക്രമീകരിച്ചാണ് മീനുകള്‍ ജലത്തില്‍ നിലനില്‍ക്കുന്നത്.

അക്വേറിയ ചരിത്രം

ബിസി 2500 മുതല്‍തന്നെ മത്സ്യങ്ങളെ സംഭരണികളില്‍ വളര്‍ത്തിയിരുന്നു. റോമാക്കാരാണ് ഇതിനു മുന്‍കൈ എടുത്തത്. കടലില്‍നിന്നു നേരിട്ട് ചാലുകള്‍കീറി ലവണജലം ഉള്‍നാടുകളിലെത്തിച്ചും സാഹസിക പരീക്ഷണങ്ങള്‍ റോമന്‍ സമൂഹം നടത്തിയിരുന്നു.
ലാറ്റിന്‍ പദമായ 'അക്വാ'യില്‍നിന്നാണ് അക്വേറിയമെന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടത്. ജലം എന്നാണ് അക്വാ(അൂൗമ)യുടെ അര്‍ഥം. അക്വേറിയം (ജലം ഉള്‍ക്കൊള്ളുന്ന പാത്രം) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ഹെന്‍ട്രി ഗോസ്സെ ആയിരുന്നു.
ചൈനയില്‍ ഹുങ് രാജവംശത്തിന്റെ കാലത്ത് (ബിസി 1278 മുതല്‍ 960 വരെ) സ്വര്‍ണമത്സ്യങ്ങളെ ടാങ്കുകളില്‍ വളര്‍ത്തിയിരുന്നു. പറുദീസ മത്സ്യമാണ് അക്വേറിയത്തില്‍ വളര്‍ത്തിയ ആദ്യ ഉഷ്ണജലമത്സ്യം.

ലോകത്തിലെ ആദ്യ പൊതു അക്വേറിയം 1853ല്‍ ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കില്‍ സ്ഥാപിതമായപ്പോള്‍ സ്ഫടികനിര്‍മാണവിദ്യ വേണ്ടവിധം വികസിച്ചിരുന്നില്ല. മെച്ചപ്പെട്ട അക്വേറിയങ്ങള്‍ പിന്നീട് ബെര്‍ലിനിലും(1869) നേപ്പിള്‍സിലും(1873) പാരീസിലും(1878) സ്ഥാപിക്കപ്പെട്ടു.

കാലം മാറിയതോടെ അക്വേറിയങ്ങളുടെ രൂപത്തിലും വലിപ്പത്തിലും മാറ്റം വന്നു. ലക്ഷക്കണക്കിലും ലിറ്റര്‍ വെള്ളം കൊള്ളുന്ന ഭീമാകാരമായ ടണല്‍ അക്വേറിയങ്ങള്‍ മുതല്‍ സമുദ്രത്തിലെ സ്വാഭവിക ആവാസ വ്യവസ്ഥകള്‍ വരെ കാണിച്ചു തരുന്ന ഓഷനേറിയങ്ങള്‍ കാലത്തിന്റെ കാഴ്ചകളാവുകയാണ്.

ഇരുപതാം നൂറ്റാണ്ടോടെയാണ് ഇന്ത്യയില്‍ ഒഴിവുകാല വിനോദമെന്ന രീതിയില്‍ അലങ്കാരമത്സ്യ പരിപാലനം വ്യാപകമാകുന്നത്. ഈ കാലയളവില്‍ ബോംബെ, തിരുവനന്തപുരം, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗളൂര്‍ എന്നീ നഗരങ്ങളില്‍ പൊതു അക്വേറിയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് മത്സ്യങ്ങളുടെ പ്രജനനം, വിപണനം, കയറ്റുമതി, അക്വേറിയം നിര്‍മാണം തുടങ്ങിയവ ചെറുകിട മേഖലയില്‍ ആരംഭിച്ചു.

അലങ്കാര മത്സങ്ങളില്‍ ഇന്ത്യന്‍ ഇനവും വിദേശ ഇനങ്ങളുമുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരും(live bearers), മുട്ടയിടുന്നവരും (egg layers) ഉണ്ട്. അവയില്‍ ചിലരെ പരിചയപ്പെടാം.....

പ്രസവിക്കുന്ന മത്സ്യങ്ങള്‍

1. ഗപ്പി (Poecilia reticulata)
ആയിരങ്ങളുടെ മത്സ്യം(Millions Fish) എന്നാണ് ഗപ്പി അറിയപ്പെടുന്നത്. മഴവില്ലുംപോലെ വര്‍ണങ്ങളുടെ പൂന്തോട്ടം പോലെയാണ് ഇവയുടെ ശരീരം. അതുകൊണ്ടുതന്ന റെയിന്‍ബോ ഫിഷ് എന്നും ഗപ്പി അറിയപ്പെടുന്നു. ബാര്‍ബുഡ, ബ്രസീല്‍, ജമെയ്ക, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ഉരുത്തിരിഞ്ഞു വന്നതാണ് ഇവയെന്നു പറയുന്നുണ്ടങ്കിലും ഇന്ന് ആന്റാര്‍ട്ടിക്ക ഭൂഖണ്ഡമൊഴിച്ച് എല്ലായിടത്തും ഗപ്പിയുണ്ട്.

സംഖ്യാബാഹുല്യം, ഉയര്‍ന്ന വളര്‍ച്ച, മികച്ച പ്രത്യുല്പാദനം, വ്യത്യസ്ഥ താപനിലകളെ അതിജീവിക്കാനുള്ള കഴിവ് എന്നിവ ഗപ്പിയുടെ പ്രത്യേകതയാണ്. മിശ്രഭോജികളാണ്. പെണ്‍മത്സ്യങ്ങളെ അപേക്ഷിച്ച് ആണ്‍മത്സ്യത്തിനു വലിപ്പം കുറവാണ്. എന്നാത് മേനിയഴകിന്റെ കാര്യത്തില്‍ ആണ്‍മത്സ്യമാണു കേമന്‍. ശരീരത്തിലും വാലിലുമടക്കം നിരവധി വര്‍ണങ്ങളാണ് ഗപ്പിയെ സുന്ദരനാക്കുന്നത്. പെണ്‍മത്സ്യങ്ങള്‍ക്കു വാലില്‍ മാത്രമേ നിറം ഉണ്ടായിരിക്കുകയുള്ളു. വാല്‍ച്ചിറകിന്റെ പ്രത്യേകതകളനുസരിച്ച് ഗപ്പികള്‍ വിവിധ ഇനങ്ങളിലുണ്ട്. റൗണ്ട്‌ടെയില്‍, സ്‌പേഡ്‌ടെയ്ല്‍, ബാനര്‍ടെയ്ല്‍, ലയര്‍ ടെയ്ല്‍, അപ്പര്‍ സ്വേഡ് ടെയില്‍, ലോവര്‍ സ്വേഡ് ടെയില്‍, ഡബിള്‍ സ്വഡ് ടെയില്‍, സ്‌ക്വയര്‍ഫ്‌ളാഗ് ടെയില്‍, സാഷ്ഫ്‌ളാഗ് ടെയില്‍, ഫാന്‍ടെയില്‍, ഡെല്‍റ്റ ഫ്‌ളാഗ് ടെയില്‍.

2. മോളി (Molly)
(Poecilia sphenosp)
മെക്‌സിക്കോ നദികളാണ് ഇവയുടെ ഉത്ഭവ കേന്ദ്രം. വളരെ പെട്ടെന്നു പെരുകുകയും കൊതുകുകളെ നശിപ്പിക്കാനുപയോഗിക്കുകയും ചെയ്യുന്ന മോളികള്‍ ഇന്ന് വര്‍ണത്തിലെ വൈവിധ്യംകൊണ്ടും ആകാര വടിവപകൊണ്ടും മത്സ്യപ്രേമികളുടെ ഇഷ്ട മത്സ്യമാണ്. ആണ്‍-പെണ്‍ മത്സ്യങ്ങള്‍ ഭംഗിയുടെ കാര്യത്തില്‍ തുല്യരാണ്. ശുദ്ധജല മത്സ്യമാമെങ്കിലും ചെറിയ തോതിലുള്ള ലവണാംശമുള്ള വെള്ളത്തിലും ജീവിക്കാനുള്ള കഴിവുണ്ട്. ശരീരഘടനയനുസരിച്ച് വിവിധ തരം മോളികളുണ്ട. ബ്ലാക്ക് മോളി, സെയില്‍ഫിന്‍ മോളി, മാര്‍ബിള്‍ മോളി, സ്‌പോട്ടഡ് മോളി, ബലൂണ്‍ മോളി, ഗോള്‍ഡന്‍മോളി തുടങ്ങിയ ഇനങ്ങളാണ് മോളി വര്‍ഗത്തില്‍ ഉള്‍പ്പെടുക.

3.
പ്ലാറ്റി (Platy)
(Xiphophorus maculatsu)
മെക്‌സിക്കോയ്‌ലെയും ഗ്വാട്ടിമാലയിലെയും നദികളില്‍നിന്ന് 1859ല്‍ ജെറാള്‍ഡ് എന്ന മത്സ്യശാസ്ത്രജ്ഞനാണ് പ്ലാറ്റികളെ വികസിപ്പിച്ചെടുത്തത്. പെണ്‍മത്സ്യങ്ങളെ അപേക്ഷിച്ച് ആണ്‍മത്സ്യത്തിനു വലിപ്പം കുറവായിരിക്കും. പക്ഷേ വര്‍ണപ്പൊലിമയുടെ കാര്യത്തില്‍ ആണ്‍മത്സ്യങ്ങളാണു കേമന്മാര്‍. ചെറുജീവികളും ഹരിത ആല്‍ഗകളുമാണ് പ്രധാന ഭക്ഷണം. നിറഭേദമനുസരിച്ച് ചുവപ്പ്, കറുപ്പ്, നീല, മാരിഗോള്‍ഡ്, എന്നിങ്ങനെ വിവിധ ഇനങ്ങള്‍ ഇവര്‍ക്കിടയിലൂണ്ട്.

4. വാള്‍വാലന്‍ (Sword Tail)
(Xiphophorus helleri)
വാല്‍ച്ചിറകിന്റെ അടിഭാഗത്തുനിന്നു പുറകിലോട്ടുന്തി നില്‍ക്കുന്ന വാള്‍പോലുള്ള ഭാഗം ആണ്‍മത്സ്യങ്ങള്‍ക്കുള്ളതുകൊണ്ട് വാള്‍വാലന്‍ എന്ന പേരു വീണു. മധ്യഅമേരിക്കയാണ് ജന്മദേശം. ചിറകിന്റെ പ്രത്യകതകളും വര്‍ണവുമൊക്കെ കണക്കിലെടുത്ത് വിവിധ ഇങ്ങള്‍ വാള്‍വാലന്‍മാരിലുണ്ട്. റെഡ്, ആല്‍ബിനോ, ബ്ലാക്ക്, വാഗ്‌ടെയില്‍, മൂണ്‍ടെയില്‍, റെഡ് ഐഡ് എന്നിങ്ങനെപേകുന്നു ആ നിര. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് വായ അല്പം തള്ളി നില്‍ക്കുന്നതിനാല്‍ ഒഴുകി നടക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ഇവയ്ക്കു പെട്ടെന്നു വായ്ക്കുള്ളിലാക്കാം.

5.
ഗാംബൂസിയ (Gambusia)
(Gambusia affinis)
കൊതുകുമീന്‍ എന്നാണ് ഗാംബൂസിയ അറിയപ്പെടുന്നത്. അമേരിക്കയാണ് സ്വദേശം. ഒലിവ് പച്ച മുതല്‍ വെള്ളി നിറം വരെ വരുന്ന മേനിയില്‍ അങ്ങിങ്ങായി കറുത്ത പൊട്ടുകളും കാണാം. സ്വന്തം ഭാരത്തിനു തുല്യരായ കൊതുകു ലാര്‍വകളെ ഇവര്‍ തിന്നൊടുക്കും.

മുട്ടയിടുന്ന വര്‍ണമത്സ്യങ്ങള്‍

1. കത്തിമത്സ്യം (Knife Fish)
(Notopteridae)

ആഫ്രിക്കയിലും ഇന്ത്യയിലും കാണുന്നു. നീണ്ട ശിരസിന്റെ മുകള്‍ഭാഗം കുഴിഞ്ഞു മുതുകുയര്‍ന്നും വാല്‍ഭാഗം കൂര്‍ത്തും കത്തിയുടെ ആകൃതിയിലുള്ള മേനി. ചെറു മത്സ്യങ്ങളാണ് ആഹാരം. നിയന്ത്രിത പ്രജനനം പ്രയാസമാണ്.

2. പറുദീസ മത്സ്യം (Paradise Fish)
(Macropodus opercularis)

1861ല്‍ പറുദീസ മത്സ്യങ്ങള്‍ പാരീസില്‍ എത്തിയതോടെയാണ് അക്വേറിയം എന്ന ആശയത്തിനു പ്രചാരം ലഭിച്ചത്. ചെറുമത്സ്യങ്ങളാണ് ആഹാരം. എങ്കിലും ഏതാഹാരവും കഴിക്കും. ഇണയെ ആക്രമിക്കുക, പരസ്പരം പോരാടുക എന്നിവ ഇക്കൂട്ടരുടെ വിനോദമാണ്. ചെകിളയ്ക്കു മുകളില്‍ ഓറഞ്ചു വലയങ്ങള്‍ പൊതിഞ്ഞ കടുംനീല മറുകാണ് ഇവയുടെ മുഖ്യ ആകര്‍ഷണം. ഇളം ചുവപ്പ് ചിറകുകളില്‍ ചെറു കറുത്ത പൊട്ടുകള്‍ കാണാം. തിളങ്ങുന്ന വര്‍ണങ്ങള്‍ ആണ്‍മത്സ്യത്തിനും മങ്ങിയ മേനിവര്‍ണം പെണ്‍മത്സ്യത്തിനും സ്വന്തം. പ്രജനന കാലത്ത് ആണ്‍മത്സ്യങ്ങളുടെ വര്‍ണം കൂടുതല്‍ തീക്ഷ്ണതയുള്ളതാകും. എന്നാല്‍ പെണ്‍മത്സ്യം ഈ സമയത്ത് വിളറി വെളുക്കും.

പ്രജനന സമയത്ത് ജലോപരിതലത്തിലേക്കു വായു ചീറ്റി ആണ്‍മത്സ്യങ്ങള്‍ കുമിളക്കൂടുകള്‍ തീര്‍ക്കും. കുമിളക്കൂടുകള്‍ക്ക് അടിയിലെത്തുന്ന പെണ്‍മത്സ്യത്തെ ആണ്‍മത്സ്യം വളഞ്ഞു പിടിക്കും. മുട്ടകള്‍ പുറത്തു വരുന്നതോടെ ബീജവര്‍ഷവും ബീജസംയോജനവും നടക്കും. കുമിളക്കൂടിലേക്കു കടക്കുന്ന മുട്ടകള്‍ക്ക് ആണ്‍മത്സ്യം കാവല്‍നില്ക്കും. 48 മണിക്കൂറിനുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങും.

3. പടയാളിമത്സ്യം (Siamese Fighter Fish)
(Betta splendens)

വന്യസൗന്ദര്യമുള്ള ഇക്കൂട്ടര്‍ അക്വേറിയത്തിന്റെ അഴകാണ്. എന്നാല്‍ അഴകിനുള്ളിലെ ദേഷ്യം കാണണമെങ്കില്‍ രണ്ടു ആണ്‍മത്സ്യങ്ങളെ ഒന്നിച്ച് ഒരു ടാങ്കില്‍ ഇട്ടാല്‍മതി. പരസ്പരം പോരടിച്ച് ഒരാള്‍ മറ്റെയാളെ അവശനാക്കും. നീണ്ട ചിറകുകളും കടും വര്‍ണവുമാണ് ആണ്‍മത്സ്യങ്ങളുടെ പ്രത്യേകത. വൃത്താകൃതിയിലുള്ള വാല്‍ച്ചിറക്. പെണ്‍മത്സ്യങ്ങള്‍ക്ക് മഞ്ഞ കലര്‍ന്ന തവിട്ടു നിറമാണ്. ആണ്‍മത്സ്യങ്ങളേപ്പോലെ വര്‍ണചാരുത പെണ്‍മത്സ്യങ്ങള്‍ക്കില്ല.
രണ്ടു വര്‍ഷത്തിലധികം ആയുസ് പടയാളി മത്സ്യങ്ങള്‍ക്കില്ല. തീറ്റപ്രിയരായ ഇവര്‍ ഈച്ച, കൊതുകു ലാര്‍വകള്‍, പുഴുക്കള്‍ എന്നിവ ആഹാരമാക്കും. തായ്‌ലന്റാണു സ്വദേശം. അക്വേറിയങ്ങളില്‍ ഇണകളെ വളര്‍ത്തുന്നതാണ് അഭികാമ്യം. ചുവപ്പ്, പച്ച, വെള്ള, കറുപ്പ്, ക്രീം എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.

4. ഗൗരാമി മത്സ്യങ്ങള്‍ (Gourami Fishes)

ശാന്തസ്വഭാവമുള്ള ഗൗരാമികള്‍ അക്വേറിയങ്ങളിലെ പ്രിയപ്പെട്ട മത്സ്യമാണ്. സഹായ ശ്വസനാവയവം ഇവര്‍ക്കുള്ളതാണ് പ്രധാന പ്രതേയകത. ഇതുവഴി പ്രാണവായുവിന്റെ അളവ് കുറഞ്ഞ വെള്ളത്തില്‍പേലും ഇവയ്ക്ക് സുഖമായി വിഹരിക്കാനാകും. സഹായ ശ്വസനാവയവം ഉള്ളതിനാല്‍ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശസിക്കാന്‍ കഴിയും. 'ലാബ്രിന്ത് ഓര്‍ഗന്‍' എന്നാണ് ഈ ശ്വസനാവയവം അറിയപ്പെടുന്നത്. പിന്‍പപാര്‍ശ്വച്ചിറകുകള്‍ ചേര്‍ന്നുണ്ടായ ഒരു ജോടി നാരുകള്‍ ശരീരത്തിന്റെ നീലത്തില്‍ പിന്നിലേക്ക് നീണ്ടു കിടക്കും. ഇവ ദിശയറിയാനും രുചി അറിയാനുമൊക്കെ ഗൗരാമികളെ സഹായിക്കുന്നു.

കുമിളക്കൂടുടുകള്‍ക്കകത്താണ് ഇണചേരല്‍. ആണ്‍മത്സ്യം പെണ്‍മത്സ്യത്തിന്റെ വയറില്‍ മര്‍ദം പ്രയോഗിച്ച് മുട്ടകള്‍ പുറത്തു ചാടിക്കും. തുടര്‍ന്നു ബീജവര്‍ഷം നടത്തി മുട്ടകള്‍ കുമിളക്കൂടിനുള്ളിലാക്കി കാവല്‍നില്‍ക്കും. വൈവിധ്യങ്ങള്‍കൊണ്ട് വിവിധ ഇനം ഗൗരാമികളുണ്ട്.
കുള്ളന്‍ ഗൗരാമി ( Dwarf Gourami, Colisa lalia)
പേള്‍ ഗൗരാമി (Pearl Gourami, Trocogaster leeri)
നീല ഗൗരാമി ( Blue/Spotted Gourami, Trichopodus trichopterus)
ചുംബിക്കുന്ന ഗൗരാമി (Kissing Gourami, Helostoma temminckii)
ഭീമന്‍ ഗൗരാമി (Giant Gourami, Osphronemus goramy)
കടുംചുണ്ടന്‍ ഗൗരാമി (Thicklip Gourami, Trichogaster microlepis)

5. സിക്ലിഡുകള്‍ (Cichlids)
ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിശാലമായ തടാകങ്ങളില്‍ ജന്മംകൊണ്ടു. വൃത്തിയായ ചുറ്റുപാടില്‍ കഴിയാനിഷ്ടം. കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കുന്നവര്‍, അനുരൂപരായ ഇണകളെ കണ്ടെത്തുന്നവര്‍, അവരെ നന്നായി പരിചരിക്കുന്നവര്‍, ഏക പത്‌നീ വ്രതക്കാര്‍ എന്നിങ്ങനെ  നരവധി വിശേഷണങ്ങള്‍ സിക്ലിഡുകള്‍ക്കു നല്കാം. പാറകളിലും ഒളി സങ്കേതങ്ങളിലും വിരാജിക്കാനിഷ്ടപ്പെടുന്ന ഇവര്‍ പിപണിയിലെ താരങ്ങളാണ്. റിഫ്റ്റ് സിക്ലിഡ്‌സ്, സീബ്ര സിക്ലിഡ്, ഗോള്‍ഡന്‍ സിക്ലിഡ്, തീവായന്‍ സിക്ലിഡ് എന്നിവ സ്‌ക്ലിഡുകളിലെ ചില ഇങ്ങളാണ്.

6. ഓസ്‌കാര്‍ (Oscar)
(Astronotus ocellatsu)

വലിയ അക്വേറിയങ്ങളില്‍ വളരാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓസ്‌കാറുകള്‍. പൂര്‍ണവളര്‍ച്ചയില്‍ ഒരടി വരെ നീളം വയ്ക്കുന്ന ഇവര്‍ അമേരിക്കന്‍ സ്വദേശികളാണ്. ചാര, കറുപ്പ്, ചോള നിറക്കാര്‍ ഉണ്ടെങ്കിലും ഒലിവ് പച്ചനിറമാണ് പൊതുവേയുള്ളത്. ജൈവ ഭക്ഷ്യ വസ്തുക്കളും കൃത്രിമാഹാരങ്ങളും തീറ്റയാക്കുന്ന ഇവര്‍ ഇണകളെ സ്വന്തമായി തെരഞ്ഞെടുക്കും.

7. മാലാഖമത്സ്യം (Angel Fish)
(Pterophyllum scalare)

മാലാഖയേപ്പോലെ തെളിനീരില്‍ നില്‍ക്കുന്ന ഇവര്‍ ആരുടേയും മനം കവരും. ആമസോണ്‍ ഓറിനാക്കോ നദികളില്‍ വിഹരിച്ചിരുന്ന ഇവര്‍ പരമാവധി 15സെ.മീ. വരെ വളരും. സീബ്ര, മാര്‍ബിള്‍, ഗോള്‍ഡ് എന്നീ വര്‍ണരൂപത്തില്‍ കാണപ്പെടുന്നു. ആണ്‍-പെണ്‍ മത്സ്യങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. പ്രജനന കാലത്ത് പെണ്‍മത്സ്യങ്ങള്‍ക്ക് വലിയ വയറും കൂര്‍ത്ത ജനെറ്റല്‍ പാപ്പില എന്ന അവയവവും വ്യക്തമാകും. പിന്‍ പാര്‍ശ്വച്ചിറകുകള്‍ രൂപാന്തരം പ്രാപിച്ചുണ്ടായ ഒരുജോടി നാരുകളും നീണ്ട ചിറകുകളും പിന്നിലേക്ക് വിടര്‍ന്നു കിടക്കുന്ന ആലസ വാലുകളും മാലാഖ മത്സ്യങ്ങളുടെ പ്രത്യേകതയാണ്.
1823ല്‍ ബര്‍ളിന്‍ മ്യൂസിയത്തില്‍ Zeus Scalarsi എന്ന ഇനമാണ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ട മാലാഖമത്സ്യം.

8. ഡിസ്‌കസ് മത്സ്യം (Discus Fish)
(Symphysodon discus)

അതിസുന്ദരിയായ ഒരു തളികയാണ് ഇവരെന്നു പറയാം. ആമസോണ്‍ നദികളില്‍ വിഹരിച്ചിരുന്ന ഇവര്‍ പ്രകൃതിയുടെ വര്‍ണങ്ങള്‍ മുഴുവര്‍ ആവാഹിച്ച മേനിക്കുടമകളാണ്. കൊബാല്‍ട്ട്, ടര്‍ക്കിഷ്, റോയല്‍, നിയോണ്‍, പീജിയന്‍ തുടങ്ങിയവ ഡിസ്‌കസ് മത്സ്യങ്ങളുടെ നിറവൈവിധ്യങ്ങളാണ്. പൂര്‍ണവളര്‍ച്ചിയില്‍ ആണ്‍മത്സ്യങ്ങള്‍ക്കു നെറ്റിയില്‍ മുഴയുണ്ടാകും. പരമാവധി 20 സെ.മി. വരെ വളരും.

9. ബാര്‍ബ് മത്സ്യങ്ങള്‍ (Barb)

പരല്‍ എന്ന സാധാരണ പേരിലറിയപ്പെടുന്ന ബാര്‍ബ് മത്സ്യങ്ങള്‍ തെക്കന്‍ ഏഷ്യയിലെ ജലാശയങ്ങളില്‍ ജനിച്ചവരാണ്. ചെറിയ തലയും നേര്‍ത്ത ചുണ്ടുകളും ഒറ്റ മുതുച്ചിറകുമുള്ള ബാര്‍ബുകളെ ഇന്ത്യയില്‍ ഉദ്യാനമത്സ്യം എന്നാണറിയപ്പെടുക. സില്‍വര്‍ ബാര്‍ബ് (Puntus vittans), സ്‌കാര്‍ലറ്റ് ബാന്‍ഡഡ് ബാര്‍ബ് (Puntius ambhibius), ടൈഗര്‍ ബാര്‍ബ് (Puntius tetra), ടിന്‍ഫോയില്‍ ബാര്‍ബ് (Barbus schwanenfeldi), കോമാളി ബാര്‍ബ്
(Barbus everetti) തുടങ്ങിയവ ചില ബാര്‍ബ് ഇനങ്ങളാണ്.

10. കാര്‍പ്പ് മത്സ്യങ്ങള്‍ (Koi)
(Cyprinus carpio)

ചൈനയില്‍ പിറന്ന ഈ അപ്‌സരസുകളെ ജപ്പാന്‍കാരാണ് വിവിധ ഇങ്ങളാക്കി വികസിപ്പിച്ചത്. മേനിഭംഗിക1ണ്ടും വര്‍ണപ്പൊലിമയുടെ തീക്ഷ്ണ വൈവിധ്യംകൊണ്ടും അനുഗ്രഹീതരാണ് കാര്‍പ്പുകള്‍. മേല്‍ത്താടിയിലുള്ള രണ്ടു ജോടി തൊങ്ങലുകള്‍ (barbles), നീണ്ട മുതുച്ചിറക്, ക്രമമായി അടുക്കിയ ചെതുമ്പലുകള്‍ എന്നിവയാണ് കാര്‍പ്പിന്റെ സവിശേഷതകള്‍. ജല സസ്യങ്ങളും ചെളിയും നിറഞ്ഞ കുളങ്ങളാണ് കാര്‍പ്പുകളുടെ പ്രിയപ്പെട്ട ആവാസവ്യവസ്ഥ. ജപ്പാനിലെ യാക്കോഷി ഗ്രാമമാണ് കാര്‍പ്പുകളുടെ തറവാട്. വെള്ള മേനിയും തലയില്‍ തീപ്പൊട്ടുമുള്ള കൊഹാക്കു, കറുത്ത മേനിയില്‍ വെള്ള, ചുവപ്പ് പൊട്ടുകളുള്ള ഉല്‍സൂരിമോണോ എന്നിവ യമാക്കോഷിയിയല്‍ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്.  കോയ് മത്സ്യങ്ങള്‍ പ്രേരിത പ്രജനനത്തിനും (Induced Beeding) സജ്ജരാണ്. ജപ്പാന്‍, ഇസ്രായേല്‍, അമേരിക്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ കോയ് മത്സ്യങ്ങള്‍ക്കായി പ്രത്യേക കോയ് മേളകള്‍ സംഘടിപ്പിക്കാറുണ്ട്. ജൈവ തീറ്റകളും പെല്ലറ്റ് തീറ്റകളും ആഹാരമാക്കും.

11. സ്വര്‍ണമത്സ്യങ്ങള്‍ (Gold Fish)
(Carassius auratus auratus)

സ്വര്‍ണത്തിന്റെ തിളക്കം സ്വമേനിയില്‍ ആവാഹിച്ച വശ്യസൗന്ദര്യത്തിനുടമകളാണ് വര്‍ണമത്സ്യങ്ങള്‍. ആരുടെയും മനം കവരുന്ന ഇവരുടെ ഉത്ഭവം ചൈനയിലാണെങ്കിലും ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. എ.ഡി. 960 മുതല്‍ക്കേ ചൈനയില്‍ സ്ഥാനം പിടിച്ച സ്വര്‍ണമത്സ്യങ്ങള്‍ മൂന്നു തരമുണ്ട്. സുതാര്യമായ ചെതുമ്പലുകളുള്ള മാറ്റ് (Mat), വെയില്‍ തട്ടി ലോഹം പോലെ തിളങ്ങുന്ന ചെതുമ്പലുകളുള്ള മെറ്റാലിക് (Metalic), ഇരുനിറമുള്ള നിത്രിയസ് (Necreous) എന്നിവയാണവ.
സ്വര്‍ണമത്സ്യങ്ങളുടെ ശരാരഘടനന കാര്‍പ്പ് മത്സ്യങ്ങളുടേതുപോലെതന്നെ. സ്വാഭാവിക ജലാശയങ്ങളില്‍ നന്നായി വളരുന്ന ഇവരുടെ വളര്‍ച്ചാനിരക്ക് അക്വേറിയങ്ങളില്‍ കുറവാണ്. പ്രായപൂര്‍ത്തിയായ മത്സ്യങ്ങളില്‍ ലിംഗനിര്‍ണയം കുറേയൊക്കെ സാധ്യമാണ്. ആണ്‍മത്സ്യങ്ങളുടെ ചെകിളയ്ക്കു പുറത്ത് ചെറിയ വെള്ളത്തരികള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ കാണാം. പെണ്‍മത്സ്യങ്ങള്‍ ഈ പ്രായത്തില്‍ കൂടുതല്‍ ഉരുണ്ട് തടിച്ചിരിക്കും. ചെറിയ ജലജീവികളും ജലസസ്യങ്ങളും കൃത്രിമതീറ്റകളുമാണ് സ്വര്‍ണ മത്സ്യങ്ങളുടെ ആഹാരം. രൂപത്തിന്റെയും വര്‍ണത്തിന്റെയും വാലഴകിന്റെയും വൈവ്ധ്യമനുസരിച്ച് വിവിധ ഇനങ്ങള്‍ സ്വര്‍ണമത്സ്യങ്ങള്‍ക്കിടയിലുണ്ട്.
=കോമണ്‍ ഗോള്‍ഡ്
=സെലസ്റ്റിയല്‍ (Celestial)
=പോം പോണ്‍(Pompon)
=പേള്‍ സ്‌കെയില്‍ (Pearl Scale)
=ഒറാന്‍ഡ (Oranda)
=റെഡ് ക്യാപ് ഒറാന്‍ഡ(Red Cap Oranda)
=ഷുബിന്‍ കിന്‍ (Shubin-Kin)
=ബബിള്‍ ഐ (Bubbke Eye)
=റിയുകിന്‍(Ryu Kin)
=ടെലിസ്‌കോപിക് (Telescopic/Black Moor)
=പാണ്ട (Panda)
=കോമറ്റ് (comte)
=ട്വിന്‍ ടെയില്‍ഡ് ഫാന്‍ടെയില്‍ (Twin Tailed Fantail)
=ലയണ്‍ഹെഡ് (LionHead)

12.
സ്രാവുമത്സ്യങ്ങള്‍ (Sharks)
കടലിലെ സ്രാവുമായി ഇവര്‍ക്കു യാതൊരു ബന്ധവുമില്ല. 12-15സെ.മീ. വരെ വളരും. മിശ്രഭോജികള്‍. പ്രേരിത പ്രജനനത്തിനും സന്നദ്ധര്‍. വലിയ ടാങ്കുകള്‍ ആവശ്യമാണ്. ചുവന്ന വാലന്‍ ഷാര്‍ക്ക് (Red Tailed Shark, Labeo bicolar), സില്‍വര്‍ ഷാര്‍ക്ക് (Balantio cheilus melanopterus), ചുവന്ന ചിറകന്‍ ഷാര്‍ക്ക് ( Red Finned Shark, Labeo erythrurus) എന്നിവ ചില ഷാര്‍ക്ക് ഇനങ്ങളാണ്.

13. പൂച്ചമത്സ്യങ്ങള്‍ (Catfishes)
മീശയാണ് ഇവരെ പൂച്ചമത്സ്യങ്ങളാക്കുന്നത്. ശിരസിന്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന നീണ്ട ബാര്‍ബെലുകളാണീ മീശ. ഒന്നു മുതല്‍ ആറു ജോടി മീശകള്‍ വരെ കാണാറുണ്ട്. ചെതുമ്പലുകളില്ലാത്ത ശരീരമുള്ള ഇവര്‍ക്കു പ്രാണവായു കുറഞ്ഞ ജലാശയത്തിലും ജീവിക്കാന്‍ കഴിവുണ്ട്. ഷാര്‍ക്ക് ക്യാറ്റ്ഫിഷ്, ബ്രോണ്‍സ് ക്യാറ്റ്ഫിഷ്, റിയോ നീഗ്രോ ക്യാറ്റ്ഫിഷ്, പ്ലേറ്റഡ് ക്യാറ്റ്ഫിഷ്, ആര്‍മേര്‍ഡ് ക്യാറ്റ്ഫിഷ്, ഗ്ലാസ് ക്യാറ്റ്ഫിഷ് എന്നിവ ചില ഇനം ക്യാറ്റ് ഫിഷുകളാണ്.

14. ലോച്ചുകള്‍ (Loaches)

പ്രാണവായു കുറഞ്ഞ ജലത്തില്‍ ജീവിക്കാന്‍ കഴിയുന്ന സഹായകശ്വസനാവയവങ്ങളാണ് ലോച്ചുകളുടെ പ്രത്യേകത. വിസര്‍ജ്യവസ്തുക്കളും ആഴുകിയ ജൈവവസ്തുക്കളും ഇവര്‍ തീറ്റയാക്കും. വായയ്ക്കു ചുറ്റിലും മൂന്നുമുതല്‍ ആറുവരെ ജോടി തൊങ്ങലുകള്‍ കാണപ്പെടും. ചെറുശല്‍ക്കങ്ങള്‍ നിറഞ്ഞ മേനി ഉരഗങ്ങളേപ്പോലെ നീണ്ടതാണ്. ലോച്ചുകളുടെ ലിംഗനിര്‍ണയം അല്പം പ്രയാസമേറിയ ഒന്നാണ്. ഓരഞ്ച് ഫിന്‍ഡ് ബോട്ടിയ (Orange Finned Botia), വെതര്‍ ലോച്ച് (Weather Loach), വൈ ലോച്ച് (Y Loach), ടൈഗര്‍ ലോച്ച് , കൂലി ലോച്ച് (Coolie Loach), കോമാളി ലോച്ച് (Clown Loach), വരയന്‍ ലോച്ച് (Stripped Loach) എന്നിവ ചിലയിനം ലോച്ച്മത്സ്യങ്ങളാണ്.

മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍

ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളരുന്നില്ല എന്നിങ്ങനെ. കൃത്യമായ അവബോധവും ബോധവത്കരണവും നല്കാതെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതാണ് ഈ പരാതികള്‍ക്കു പ്രധാന കാരണം.
ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളായ കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഇത്തരത്തില്‍ ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്നത്. അശാസ്ത്രീയമായ പരിചരണമാണ് പലപ്പോഴും ഇത്തരം മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നത്. മാത്രമല്ല കേരളത്തിനു പുറത്തുള്ള ഹാച്ചറികളില്‍നിന്ന് കരാറടിസ്ഥാനത്തില്‍ ഇവിടെയെത്തുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വില അഡ്ജസ്റ്റ് ചെയ്യാനായി മറ്റ് നാടന്‍ മത്സ്യങ്ങളെയും കൂടെ ചേര്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും കര്‍ഷകരുടെ നഷ്ടത്തിനു കാരണമാകുന്നുണ്ട്.

പുതുതായി മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുളത്തിന്റെ ഭൗതിക-രാസ-ജൈവ സ്വഭാവങ്ങള്‍ അറിഞ്ഞിരിക്കണം. അവ ശ്രദ്ധിക്കണം.

ഭൗതികസ്വഭാവങ്ങള്‍

1. ആഴം

ഒരു മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ (3-7 അടി) വരെ ആഴം മതിയാകും കുളങ്ങള്‍ക്ക്. ആഴം കൂടുന്നതനുസരിച്ച് സൂര്യപ്രകാശത്തിന് കുളത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിയില്ല. സൂര്യപ്രകാശത്തിന്റെ കുറവുണ്ടായാല്‍ കുളത്തിലെ മാലിന്യങ്ങള്‍ വിഘടിപ്പിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതുവഴി വെള്ളത്തില്‍ മീഥൈല്‍, നൈട്രജന്‍ വാതകങ്ങള്‍, അമോണിയ തുടങ്ങിയവ രൂപപ്പെട്ട് മീനുകളുടെ ജീവനുവരെ ഭീഷണിയാകും.

കുളത്തിന്റെ ആഴം കൂടുംതോറം മര്‍ദ്ദം ഉയരും. അതിമര്‍ദ്ദത്തെ അതിജീവിക്കാന്‍ പല മത്സ്യങ്ങള്‍ക്കും കഴിയില്ല. ഇത് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

ജലത്തിലെ പ്ലവങ്ങള്‍ വഴി പ്രകാശസംശ്ലേഷണം ജലാശയങ്ങളില്‍ നടക്കുന്നുണ്ട്. വേണ്ടത്ര സൂര്യപ്രകാശമില്ലെങ്കില്‍ ഇത് നടക്കില്ല.

2. താപനില

23-30 ഡിഗ്രി സെല്‍ഷ്യസാണ് മീനുകള്‍ക്ക് ഏറ്റവും അനുയോജ്യമായ താപനില. ഇതില്‍ കൂടിയാലും കുറഞ്ഞാലും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വെള്ളത്തിലെ ചൂട് കൂടുമ്പോഴും കുറയുമ്പോഴഉം മത്സ്യങ്ങളുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതുകൊണ്ടാണിത്.

ചൂട് കൂടുന്നതനുസരിച്ച് വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറയും. കുളങ്ങളില്‍ ഒരു പരിധിയില്‍ കുടൂതല്‍ വെയിലേല്ക്കാതെ ശ്രദ്ധിക്കണം.

3. തെളിച്ചമില്ലായ്മ

മത്സ്യക്കുളങ്ങളിലെ വെള്ളം കലങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് പലരുടെയും കുളങ്ങളില്‍ മണ്ണു കലങ്ങാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ജലത്തില്‍ മണ്ണ് കലങ്ങുന്നതുവഴി മത്സ്യങ്ങളുടെ ചെകിളപ്പൂക്കളില്‍ ചെളി കടറി അവയ്ക്ക് ശ്വസിക്കാന്‍ പറ്റാതെ വരും.
ഒരു സെന്റ് കുളത്തില്‍ രണ്ടു കിലോഗ്രാം ജിപ്‌സം നിക്ഷേപിക്കുന്നത് ഈ കലക്കല്‍ ഒഴിവാക്കാനിടയാക്കും.

രാസസ്വഭാവങ്ങള്‍

1. പ്രാണവായു (ഓക്‌സിജന്‍)

എപ്പോഴും വെള്ളത്തില്‍ ലയിച്ചുചേര്‍ന്നുകൊണ്ടിരിക്കുന്ന വാതകമാണ് ഓക്‌സിജന്‍. ജലത്തില്‍ നടക്കുന്ന പ്രകാശസംശ്ലഷണത്തിന്റെ ഉത്പന്നമാണിത്. മാത്രമല്ല അന്തരീക്ഷത്തില്‍നിന്നും വെള്ളത്തിലേക്ക് ഓക്‌സിജന്‍ ആഗിരണം ചെയ്യപ്പെടുന്നുമുണ്ട്. കുളത്തില്‍ എപ്പോഴും മതിയായ പ്രാണവായു ഉണ്ടെന്ന് ഉറപ്പുവരുത്തണം. കുളത്തിന്റെ ഉപരിതലം മൂടിക്കിടക്കുന്ന വിധത്തില്‍ പായല്‍, താമര, ആമ്പല്‍ പോലുള്ള ജലസസ്യങ്ങള്‍ പാടില്ല.

2. pH

മത്സ്യങ്ങളുടെ നിലനില്പിനു ജത്തിലെ pH റേറ്റിനു പ്രധാന പങ്കുണ്ട്. മത്സ്യങ്ങള്‍ക്കു എപ്പോഴും അല്പം ക്ഷാരതയുള്ള ജലാശയമാണ് നല്ലത് (pH റേഞ്ച് 7.5-8.5). നമ്മുടെ പൊതുവെയുള്ള അടുക്കളക്കുളങ്ങളുടെ pH റേഞ്ച് 6-8 ആയിരിക്കും. ഇതും മീനുകള്‍ക്ക് അനുയോജ്യമാണ്.

pH ന്യൂട്രല്‍ അവസ്ഥയായ ഏഴില്‍നിന്ന് താഴേയ്ക്ക് പോയാല്‍ കുളത്തില്‍ ഹൈഡ്രജന്‍ അയോണുകളുടെ എണ്ണം കൂടിയെന്നു മനസിലാക്കാം. അതായത് കുളത്തിലെ വെള്ളത്തിനു ആസിഡ് സ്വഭാവമാണ്. ഇങ്ങനെ വരുമ്പോള്‍ pH ഉയര്‍ത്തുന്നതിനായി കുമ്മായം ചേര്‍ത്താല്‍ മതി. pH 4-5 ആകുമ്പോള്‍ ഒരു സെന്റ് കുളത്തില്‍ 4-8 കിലോഗ്രാം കുമ്മായവും, pH 5-6 ആണെങ്കില്‍ 2-4 കിലോഗ്രാം കുമ്മായവും, pH 6-7 ആണെങ്കില്‍ 1-2 കിലോഗ്രാം കുമ്മായവും ചേര്‍ക്കാം. മത്സ്യങ്ങളെ നിക്ഷേപിച്ചതിനുശേഷമാണെങ്കില്‍ കുമ്മായം കിഴികെട്ടിയിടുന്നതാണ് നല്ലത്.

എന്തെങ്കിലും കാരണത്താല്‍ pH 7നു മുകളിലായാല്‍ കുളത്തില്‍ ക്ഷാരത കുടിയെന്നു മനസിലാക്കാം. ഈ സാഹചര്യത്തില്‍ ക്ഷാരത കുറയ്ക്കാന്‍ ശീമക്കൊന്നയുടെ ഇല കുളത്തില്‍ നിക്ഷേപിച്ചാല്‍ മതിയാകും.

3. കാര്‍ബണ്‍ ഡൈഓക്‌സൈഡ്

പ്രകാശസംശ്ലഷണത്തിന് അത്യാവശ്യമാണ്.

ജൈവസ്വഭാവങ്ങള്‍

ചെറു സസ്യങ്ങള്‍ മുതല്‍ ജല-ഉഭയജീവികള്‍ വരെയുള്ള വലിയൊരു ആവാസവ്യവസ്ഥയാണ് ജലാശയങ്ങള്‍. നിര്‍മാണപ്രക്രിയ നടക്കുന്ന പ്രകാശസംശ്ലേഷണം മുതല്‍ വിഘടനപ്രക്രിയവരെ ജലാശയങ്ങളില്‍ നടക്കുന്നുണ്ട്.
ജലാശയത്തിലെ സൂക്ഷ്മപ്ലവങ്ങളുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ മാസത്തില്‍ ഒരു തവണ എന്ന രീതിയില്‍ ഒരു സെന്റിന് നാലു കിലോഗ്രാം ചാണകം, നൂറു ഗ്രാം വീതം യൂറിയ, സൂപ്പര്‍ഫോസ്‌ഫേറ്റ്, കാത്സ്യം അമോണിയം നൈട്രേറ്റ് എന്നിവ ചേര്‍ക്കണം.

കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍

ദീര്‍ഘയാത്രയ്ക്കുശേഷം കേരളത്തിലെത്തുന്ന മീന്‍കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഹാ്ച്ചറികളില്‍ ട്രീറ്റ് ചെയ്ത് കേരളത്തിലെ കാലാവസ്ഥയുമായി ഇണക്കിവേണം കര്‍ഷകനു നല്കാന്‍. എന്നാല്‍ ഇവിടെ അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന മുറയ്ക്കുതന്നെ കര്‍ഷകര്‍ക്കു വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ നെരിട്ട് കുളത്തില്‍ നിക്ഷേപിക്കുന്നതോടെ അവയ്ക്ക് ജലവുമായി പൊരുത്തപ്പെടാനാവാതെ ചത്തുപോവുകയും ചെയ്യുന്നു.


ഈ സാഹചര്യത്തില്‍ സാധിക്കുമെങ്കില്‍ നഴ്‌സറി കുളങ്ങളില്‍ നിക്ഷേപിച്ച് ഒരാഴ്ചയോളം പ്ര്ത്യക പരിചരണം നല്കുന്നത് നന്ന്. അല്ലെങ്കില്‍ വളര്‍ത്താനുദ്ദേശിക്കുന്ന കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ബാഗ് സഹിതം അര മണിക്കൂറോളം ഇടുക. ശേഷം സാവധാനത്തില്‍ ബാഗിലേക്കു കുളത്തിലെ വെള്ളം കയറ്റി കുഞ്ഞുങ്ങളെ ഇറക്കിവിടുക.
ഒരു സെന്റ് വലുപ്പമുള്ള കുളത്തില്‍ പരമാവധി 50 ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെയാണ് നിക്ഷേപിക്കാന്‍ കഴിയുക. എണ്ണം കൂടിയാല്‍ വളര്‍ച്ചയുണ്ടാകില്ല.

ഭക്ഷണം

ശരീരഭാരത്തിന്റെ 3-5 ശതമാനം ഭക്ഷണം മാത്രമേ മത്സ്യങ്ങള്‍ സ്വീകരിക്കാറുള്ളൂ. അതുകൊണ്ട് തീറ്റ നല്കുമ്പോള്‍ ശ്രദ്ധിക്കണം. അമിതമായി തീറ്റ നല്കാന്‍ പാടില്ല. ഇത് ജലമലിനീകരണത്തിനും അതുവഴി മത്സ്യങ്ങളുടെ നാശത്തിനും കാരണമാകും. ആദ്യ മാസം പൊടിത്തീറ്റ നല്കാം. കടലപ്പിണ്ണാക്കും തവിടും പൊടിച്ച് നല്കുന്നതാണ് ഉത്തമം.

മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുമ്പോള്‍ സ്ഥിരസ്ഥലത്ത് സ്ഥിര സമയത്ത് സ്ഥിര അളവില്‍ സ്ഥിര ഗുണനിലവാരമുള്ള തീറ്റ നല്കണം. തീറ്റ നല്കുന്നതില്‍ കൃത്യത ഉറപ്പാക്കിയാല്‍ തീറ്റ നഷ്ടം കുറച്ച് മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താം.

രണ്ടാം മാസം മുതല്‍ തീറ്റ കുഴച്ച് നല്കാം. സ്ഥിരമായി ഒരു സ്ഥലത്ത് നല്കുന്നത് നന്ന്.

വേനല്‍ക്കാല പരിചരണം മത്സ്യക്കുളങ്ങളില്‍

മത്സ്യങ്ങള്‍ക്ക് നല്കുന്ന തീറ്റയാണ് പലപ്പോഴും അവയുടെ നാശത്തിനുതന്നെ കാരണമാകുന്നത്. മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുന്ന അളവില്‍ എപ്പോഴും ശ്രദ്ധ ആവശ്യമാണ്. നല്കുന്ന തീറ്റ അല്പം കുറഞ്ഞാലും ബാക്കി കിടക്കാതെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ബാക്കിയായ തീറ്റ കുളത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞ് അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതങ്ങള്‍ പുറംതള്ളാം. ഇത് മീനുകളുടെ വളര്‍ച്ചയെയും ജീവനെയും പ്രതികൂലമായി ബാധിക്കും.

വേനല്‍ക്കാലമായതിനാല്‍ അന്തരീക്ഷതാപനില ഉയര്‍ന്ന നിലയിലായതിനാല്‍ മുകളില്‍ പറഞ്ഞ വാതകങ്ങളുടെ ഉത്പാദനം കൂടും. മാത്രമല്ല മത്സ്യ എണ്ണ കലര്‍ന്ന റെഡിമെയ്ഡ് ഫുഡ്കൂടി നല്കുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന എണ്ണ കുളത്തിന്റെ ഉപരിതലത്തില്‍ വ്യാപിച്ചു കിടക്കും. അടിത്തട്ടില്‍നിന്നുള്ള വാതകങ്ങള്‍കൂടിയാകുമ്പോള്‍ വെള്ളത്തിനു മുകളില്‍ പച്ച നിറത്തില്‍ പതഞ്ഞു കിടക്കുന്നതായി കാണാന്‍ കഴിയും. ഇത് വെള്ളത്തിലെ പ്രാവണവായുവിന്റെ അളവ് കുറയ്ക്കും.

മഴക്കാലങ്ങളില്‍ ഇത് സംഭവിക്കുന്നുണ്ടെങ്കിലും അത് അത്ര സാരമായി മത്സ്യങ്ങളെ ബാധിക്കാറില്ല. കാരണം കുളങ്ങളിലേക്ക് പുതിയ വെള്ളം എത്തുന്നുണ്ടല്ലോ. വേനല്‍ക്കാലത്ത് പുതിയ വെള്ളം എത്തില്ലാത്തതിനാല്‍ ശ്രദ്ധ കൂടുതല്‍ ആവശ്യമാണ്. പത പോലെ കാണപ്പെട്ടാല്‍ കുളത്തിലെ വെള്ളം മാറി പുതിയ വെള്ളം നിറയ്ക്കുകയേ വഴിയുള്ളൂ.

ജലത്തില്‍നിന്നു മാത്രം ശ്വസിക്കാന്‍ കഴിയുന്ന മീനുകളെയാണ് ഇത് സാരമായി ബാധിക്കുക. കാര്‍പ്പുകള്‍, തിലാപ്പിയ തുടങ്ങിയവയെ വളര്‍ത്തുന്നവര്‍ തീറ്റ നല്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അധികമായാല്‍ അമൃതും വിഷമാണ്. നമ്മുടെ കാര്യമല്ല, മത്സ്യങ്ങളുടെ കാര്യമാണ്....

പരാദാക്രമണം മത്സ്യങ്ങളില്‍


അനേകായിരം ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമാണ് ജലാശയങ്ങള്‍. ഉപകാരികളും ഉപദ്രവകാരികളുമായ ഏകകോശ ജീവികള്‍ മുതല്‍ നട്ടെല്ലുള്ള ജീവികള്‍ വരെ വസിക്കുന്ന ഇടം. ശുദ്ധജലമത്സ്യകൃഷികളില്‍ പലപ്പോഴും പരാദജീവികള്‍ നഷ്ടങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്. അത്തരത്തില്‍ മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്ന പരാദജീവിയായ ഹൈഡ്രയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

സാധാരണഗതിയില്‍ പൊതു ജലാശയങ്ങളിലും മലിന ജലാശയങ്ങലിലുമാണ് ഇവ കാണപ്പെടുക. അക്വേറിയങ്ങളില്‍ വ്യാപിക്കുക പുറത്തുനിന്നുള്ള വെള്ളം, ചെടി തുടങ്ങിയവ കാര്യമായ അണുനശീകരണം നടത്താതെ നിക്ഷേപിക്കുന്നത് മൂലമാണ്. ഒരു തവണ ഇവ വന്നുപെട്ടാല്‍ നശിപ്പിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്.

അവയ്ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്ന സാഹചര്യമാണെങ്കില്‍ വളരെവേഗത്തില്‍ വിഭജിച്ചു പെരുകും. മത്സ്യങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിത്ത് ചെതുമ്പലിന്റെ ഇടയില്‍ക്കൂടി ശരീരത്തിലേക്ക് ഹൈഡ്ര വേരുകള്‍ ഇറക്കി രക്തം ഊറ്റിക്കുടിച്ചാണ് വളരുക. ചെറിയ ചെതുമ്പലുള്ള മത്സ്യങ്ങളില്‍ അത്ര കാര്യമായി കാണപ്പെടുന്നില്ലെങ്കിലും ജയന്റ് ഗൗരാമി, കാര്‍പ്പ് പോലുള്ള മത്സ്യങ്ങളുടെ ദേഹത്ത് ഇവ വ്യാപകമായി കാണാം. ഹൈഡ്ര പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് ചെറു വ്രണം രൂപപ്പെടുന്നത് ശ്രദ്ധിച്ചാല്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ട് ഹൈഡ്രയെ കാണാനാകും.

ജീവനുള്ള ഭക്ഷണമാണ് ഹൈഡ്ര കഴിക്കുക. അതിനാല്‍ ചെറു മത്സ്യങ്ങളുടെ പ്രജനനക്കുളങ്ങളില്‍ ഹൈഡ്ര എത്തിപ്പെട്ടാല്‍ മത്സ്യക്കുഞ്ഞുങ്ങളുടെ നാശമാവും ഉണ്ടാവുക. അതിനാല്‍തന്നെ ശ്രദ്ധ അത്യാവശ്യമാണ്. ആവശ്യത്തിലധികം ഭക്ഷണം ലഭ്യമാണെന്നുകണ്ടാല്‍ വിഭജനത്തിലൂടെ വളരെ വേഗം പെരുകാന്‍ ഹൈഡ്രയ്ക്കു കഴിയും.

എങ്ങനെ നശിപ്പിക്കാം?

1. കൈകൊണ്ട് നീക്കം ചെയ്യല്‍
മത്സ്യങ്ങളുടെ ദേഹത്ത് കാണുന്ന ഹൈഡ്രയെ പ്ലക്കര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം. അക്വേറിയത്തിലേക്ക് പുതുതായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും 10 ശതമാനം ബ്ലീച്ച് ലായനിയില്‍ 10 മിനിറ്റെങ്കിലും മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ കഴുകി ഉണക്കിയിരിക്കണം.

2. ശത്രുമത്സ്യങ്ങളെ നിക്ഷേപിക്കല്‍
ഹൈഡ്രയെ ഭക്ഷിക്കുന്ന ബ്ലൂ ഗൗരാമികള്‍, മോളി, പറുദീസ മത്സ്യം, ഒച്ചുകള്‍ എന്നിവയെ ടാങ്കില്‍ നിക്ഷേപിക്കാം. എന്നാല്‍ വലിയ കുളങ്ങളില്‍ ഇത് അത്ര പ്രായോഗികമല്ല. പ്രത്യേകിച്ച് ഗൗരാമികളുടെ പ്രജനനക്കുളങ്ങളില്‍ ഇവ ഒരിക്കലും നിക്ഷേപിക്കാന്‍ കഴിയില്ല.

3. ചൂട്
അക്വേറിയങ്ങളിലെ വെള്ളം 40 ഡിഗ്രി സെല്‍ഷ്യസില്‍ രണ്ടു മണിക്കൂറെങ്കിലും വെള്ളം ചൂടാക്കിയാല്‍ ഹൈഡ്രയെ നശിപ്പിക്കാം. ആ സമയത്ത് മീനുകളെ മാറ്റിയിരിക്കണം. വെള്ളത്തിലെ ചൂട് സാധാരണനിലയിലേക്കായതിനു ശേഷം വാതായനം (Aeration) നടത്തി മീനുകളെ നിക്ഷേപിക്കാം.

4. കെമിക്കല്‍/മെഡിസിനല്‍ പ്രയോഗം
മുകളില്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളും പലപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ മെമിക്കല്‍ പ്രയോഗമേ സാധ്യമാകൂ. കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്), പൊട്ടാസ്യം പെര്‍മാംഗനേറ്റ് തുടങ്ങിയവയാണ് ഹൈഡ്ര നശീകരണത്തിനായി ഉപയോഗിക്കാവുന്നത്. ഈ രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ മീനുകള്‍, ചെടികള്‍ എന്നിവ ടാങ്കില്‍നിന്നു മാറ്റിയിരിക്കണം. വലിയ കുളങ്ങളിലും ഇത് പ്രയോഗിക്കാം.

മുന്‍കരുതല്‍

1. കുളങ്ങള്‍ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണപഥാര്‍ഥങ്ങള്‍ ബാക്കികിടക്കരുത്.
2. സ്വഭാവിക ചെടികള്‍ കുളത്തില്‍ നടുന്നതിനു മുമ്പ് സൂക്ഷ്മനിരീക്ഷണം നടത്തി അണുനശീകരണം നടത്തിയിരിക്കണം.
3. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ജീവനുള്ള ഭക്ഷണം ശേഖരിക്കൂമ്പോള്‍ വലിയ ജലാശയങ്ങളില്‍നിന്നു ശേഖരിക്കാതിരിക്കുക.

കടപ്പാട് :ഐബിന്‍ കാണ്ടാവനം

3.23188405797
റാഫി. Jan 10, 2018 12:17 AM

കെമിക്കൽ പ്രയോഗം അക്വേറിയങ്ങളിൽ നടത്തിയതിത് ശേഷം വെള്ളം മറേണ്ടത് ഉണ്ടോ?

സത്താർ Dec 27, 2016 07:55 AM

ഈ അറിവ് വളരെ വളരെ ഉപകാരമായി . വളരെ അധികം നന്ദി.

Jancy Jijo May 21, 2016 10:43 AM

വളരെ നല്ല ലേഖനം ..ഇനിയും ഇതുപോലുള്ള ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top