অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

സംസ്ഥാനത്തെ മത്സ്യ കൃഷിയ്ക്ക് ഊർജ്ജം പകരാൻ പുത്തൻ പദ്ധതികളും ആനുകൂല്യങ്ങളുമായി സിഎംഎഫ്ആർഐയും ഫിഷറീസ് വകുപ്പും. സംസ്ഥാനത്തെ ആഭ്യന്തര മത്സ്യോൽപാദനം വർധിപ്പിക്കുന്നതിന് പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യകർഷകരുടെ പങ്കാളിത്തത്തിൽ സംസ്ഥാനത്ത് 500 കൂടുമത്സ്യ കൃഷി യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള പദ്ധതിയാണ് ഇതിൽ ആദ്യത്തേത്.
കേന്ദ്ര കാർഷിക മന്ത്രാലയ ഏജൻസിയായ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് 15 കോടി രൂപയുടെ പദ്ധതിയിൽ കൃഷി ആരംഭിക്കുന്നതിന് സാങ്കേതിക സഹായവും സബ്‌സിഡിയും നൽകും. ഒറ്റയ്‌ക്കും സംഘമായുമുള്ള കൂടുകൃഷിയുടെ മുതൽമുടക്കിന്റെ 40 ശതമാനമാണ് സബ്‌സിഡി നൽകുക. സ്ത്രീകൾക്കും എസ്എസി-എസ്ടി വിഭാഗക്കാർക്കും 60 ശതമാനം സബ്‌സിഡി നൽകും.
സംസ്ഥാനത്തെ തീരദേശ ജില്ലകളിലാണ് കൂടുമത്സ്യ കൃഷി നടപ്പിലാക്കുന്നത്. നാല് മീറ്റർ വീതിയും നീളവും മൂന്ന് മീറ്റർ ആഴവുമുള്ള കൂടുകളിലാണ് കൃഷി. കാളാഞ്ചി, കരിമീൻ, മോത, വറ്റ, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്യുക.വേലിയിറക്ക സമയത്ത് മൂന്ന് മീറ്ററെങ്കിലും താഴ്‌ചയുള്ള ജലാശയങ്ങളിൽ കൃഷിയിറക്കാൻ സാധിക്കുന്നവരാണ് അപേക്ഷ നൽകേണ്ടത്. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷി രീതിയാണ് അവലംബിക്കേണ്ടത്.
കൂടുമത്സ്യ കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ അക്വാവൺ ലാബുകളും തുടങ്ങും. ജലഗുണനിലവാര പരിശോധന, രോഗനിർണയം തുടങ്ങിയ സേവനങ്ങളാണ് അക്വാവൺ ലാബിൽ നിന്ന് കർഷകർക്ക് ലഭിക്കുക. ലാബുകൾ തുടങ്ങുന്നതിന് യോഗ്യരായവർക്ക് മുതൽ മുടക്കിന്റെ 50 ശതമാനം പദ്ധതിയിൽ നിന്ന് സബ്‌സിഡിയായി ലഭിക്കും. ലാബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിഎംഎഫ്ആർഐ വെബ്‌സൈറ്റിൽ ലഭ്യമാണ് (cmfri.org.in).
കൂടാതെ, ഒരു ചെറുകിട മത്സ്യത്തീറ്റ ഉൽപാദന കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. കേന്ദ്രം സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് അമ്പത് ശതമാനം സബ്‌സിഡി നൽകും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിഎംഎഫ്ആർഐ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് സിഎംഎഫ്ആർഐ മാരികൾച്ചർ വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ 0484- 2394867.
ഭക്ഷ്യ മൽസ്യമായ ഏരി (പുള്ളി വെളമീൻ), അലങ്കാരമൽസ്യമായ ആന്തിയാസ്, അലങ്കാര ചെമ്മീൻ വിഭാഗത്തിൽപ്പെടുന്ന ഒട്ടക ചെമ്മീൻ എന്നിവയുടെ കൃത്രിമ വിത്തുൽപാദന സാങ്കേതിക വിദ്യ സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിൽ നേരത്തെ വികസിപ്പിച്ചിരുന്നു. സിഎംഎഫ്ആർഐയുടെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ്.) ഉപയോഗിച്ചാണ് മാതൃമത്സ്യങ്ങളിൽ നിന്നും കൃത്രിമ വിത്തുൽപാദനം നടത്തിയത്. 368 തരം മത്സ്യങ്ങളെ തിരിച്ചറിയാവുന്ന മൊബൈൽ ആപ്പും സമുദ്രോല്‍പ്പന്ന മത്സ്യ ഗവേഷണ കേന്ദ്രം വികസിപ്പിച്ചിരുന്നു.
സിഎംഎഫ്ആർഐയുടെ വെബ്‌സൈറ്റിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ഇതു കൂടാതെ മത്സ്യതൊഴിലാളികൾക്കായി പുതിയ മൊബൈൽ ആപ്പും പോർട്ടൽ സംവിധാനവും സിഎംഎഫ്ആർഐ പുറത്തിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്താൻ സഹായിക്കുന്ന ഈ വെബ്സൈറ്റില്‍ മത്സ്യ തൊഴിലാളികൾക്കു ഇടനിലക്കാരുടെ സഹായമില്ലാതെ അവരുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ വിറ്റഴിക്കാൻ സാധിക്കും.
മറൈന്‍ ഫിഷ് സെയിൽസ് എന്ന മൊബൈല്‍ ആപ്പും വെബ്സൈറ്റും വഴി മത്സ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ശുദ്ധമായ മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷി ചെയ്യുന്ന മത്സ്യങ്ങള്‍ക്ക് പുറമെ കടല്‍ മത്സ്യങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങളും ലഭ്യമാണ്.
സംസ്ഥാനത്തിന്റെ മത്സ്യസമ്പത്തു കൂട്ടാൻ പുതുവഴികളുമായി ഫിഷറീസ് വകുപ്പും സജീവമായി രംഗത്തുണ്ട്. കടലിന്റെ അടിത്തട്ടിൽ മത്സ്യങ്ങൾക്ക് ആവാസ വ്യവസ്ഥ രൂപീകരിക്കാൻ ഉതകുന്ന കൃത്രിമ പാരുകൾ ആഴക്കടലിൽ നിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് ഫിഷറീസ് വകുപ്പ് അവതരിപ്പിക്കുന്നത്.
ജില്ലകളിലെ മത്സ്യ തൊഴിലാളികളുടെ വരുമാനം ഉയർത്തുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ഉൾനാടൻ മത്സ്യലഭ്യതാ വ്യാപനപദ്ധതിയും വിജയപാതയിലാണ്. പ്രധാനപ്പെട്ട പുഴകളുടെ കടവുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ഈ പദ്ധതി ഫിഷറീസ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ജനകീയമായാണ് നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന മത്സ്യ ഉൽപ്പാദന കേന്ദ്രങ്ങളിലൂടെ ആരോഗ്യമുള്ള മത്സ്യക്കുഞ്ഞങ്ങളേയും ഫിഷറീസ് വകുപ്പ് മത്സ്യ കൃഷിക്കാർക്കായി ലഭ്യമാക്കുന്നു. ആധുനിക രീതിയിൽ ആയിരംതെങ്ങിൽ നിർമിച്ചിരിക്കുന്ന ഹാർച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനത്തിനൊപ്പം ഓരുമത്സ്യക്കൃഷിയും നടക്കുന്നു. 36 ഏക്കറോളം വരുന്ന സ്ഥലത്താണ് ഹാർച്ചറി സ്ഥിതി ചെയ്യുന്നത്.
കരിമീൻ, പൂമീൻ, തിരുത, കണമ്പ്, ഞണ്ട്, കൊഞ്ച് എന്നിവയും മറൈൻ ഫിഷ് ഇനത്തിൽപ്പെട്ട പൊമ്പാ നോ, സീബാസ്, കോമ്പിയ എന്നിവയും മത്സ്യ ഉൽപ്പാദനകേന്ദ്രങ്ങൾ വഴി വളർത്തി വിപണിയിലെത്തിക്കുന്നു. കൊല്ലം ജില്ലയിൽ തേവള്ളി, കുളത്തൂപ്പുഴ, ശാസ്താംകോട്ട എന്നിവിടങ്ങളിലും ഹാർച്ചറികൾ പ്രവർത്തിക്കുന്നു. മത്സ്യലഭ്യത ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോറെ പന്ത്രണ്ടരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുന്ന പദ്ധതിക്കും സർക്കാർ രൂപം നൽകിക്കഴിഞ്ഞു. കർഷകർക്ക് സബ്സിഡി, ബാങ്ക് ലോൺ, വിത്ത്, തീറ്റ എന്നിവയും ലഭ്യമാക്കുന്നതിലും ഫിഷറീസ് വകുപ്പ് പ്രാധാന്യം നൽകുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി കൂട് മത്സ്യക്കൃഷി നടത്തുന്ന പദ്ധതിയും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. മത്സ്യക്കൃഷി വൻതോതിൽ പ്രോത്സാഹിപ്പിക്കുക എന്നതും സർക്കാർ ആലോചിക്കുകയാണ്. ഇതിന്റെ ഭാഗമായി അഴീക്കൽ ഹാർബറിനു സമീപം മത്സ്യത്തീറ്റ ഫാക്ടറി യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്നു. മത്സ്യകർഷക ഏജൻസി, എഫ്എഫ്ഡിഎ, അഡാക്ക്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ കർഷകർക്കായി ശാസ്ത്രീയ മത്സ്യക്കൃകൃഷിയിൽ പരിശീലനവും നൽകും. ഇതിനായി ആധുനിക ട്രെയ‌്നിങ‌് സെന്ററാണ് ആയിരംതെങ്ങ് ഫിഷ് ഫാമിനോടു ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്. ആലുവയിലെ കടുങ്ങല്ലൂരിലും പരിശീലനകേന്ദ്രം സജീവമായി പ്രവർത്തിക്കുന്നുണ്ട്.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate