മാലിന്യസംസ്കരണം ഈ പ്രപഞ്ചത്തെ രക്ഷിക്കാൻ
നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കുതന്നെയാണ്. ജൈവമാലിന്യങ്ങളെല്ലാം ലളിതമായ സംസ്കരണ രീതികളിലൂടെ സംസ്കരിക്കാം. ജൈവേതരമാലിന്യങ്ങള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പരിസ്ഥിതി വനം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലതരം ജൈവ മാലിന്യങ്ങള്‍ പലതരത്തില്‍ സംസ്കരിക്കാന്‍ കഴിയും.
പ്രതിദിനം 1250 ഗ്രാം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുന്ന ഓരോ മനുഷ്യനും മലമായും, മൂത്രമായും വിസര്‍ജിക്കുന്നത് മണ്ണിന്റെ ജൈവ പുനചംക്രമണത്തിന് അനിവാര്യമാണ്.
കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഒരിഞ്ച് മേല്‍മണ്ണ് പുതുപുത്തന്‍ സാങ്കേതിക വിദ്യകളിലൂടെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ മനുഷ്യന്‍ കാണിക്കുന്ന വ്യഗ്രത മേല്‍മണ്ണിന്റെ ഗുണനിലവാരം പാടെ നശിപ്പിക്കുന്നു. മൈക്രോ മാക്രോ മൂലകങ്ങളുടെ അസന്തുലിതാവസ്ഥ സസ്യലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരമാണ്.
ഹരിതഗ്രഹവാതകമായ മീഥൈന്‍ പരിമിതപ്പെടുത്തിയും, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചും എയറോബിക് രീതിയില്‍ മാലിന്യ സംസ്കരണം നടത്താം.അത്തരത്തില്‍ ലളിതമായ ഒരു സംസ്കരണരീതിയാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ്.
നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്.
ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം.
അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല.
കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്.
വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും.
നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.