മണ്ണ്,ജീവാങ്കുരങ്ങള്‍ ഇതള്‍നീട്ടിയ, ആദിമസംസ്കാരങ്ങള്‍ക്ക് വിളനിലമായ ഭൂമി. കോടാനുകോടി സൂക്ഷ്മജീവികള്‍ക്കും ചരാചരങ്ങള്‍ക്കും അഭയകേന്ദ്രം. അനേകം രാസ-ജൈവ പരിണാമങ്ങളുടെ പണിശാല. കരയിലും കടലിലുമായി ഏതാണ്ട് ഒരടി കനത്തിലുള്ള മേല്‍മണ്ണ് ജീവന്റെ പുതപ്പാണ്. ആഹാരം,വസ്ത്രം, പാര്‍പ്പിടം തുടങ്ങി മനുഷ്യ നിലനില്‍പ്പിനാവശ്യമായ സുപ്രധാന വസ്തുക്കളുടെയെല്ലാം ഉല്‍പാദനം മണ്ണുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
എന്നാല്‍ മനുഷ്യരുടെ അത്യാചാരങ്ങള്‍ മണ്ണിന്റെ ജീവന്‍ കെടുത്തുകയാണ്. പ്രകൃതി ചൂഷണം, അമിതമായ രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം,വനശീകരണം, പെരുകുന്ന മാലിന്യങ്ങള്‍, അശാസ്ത്രീയമായ കൃഷിരീതി, അനിയന്ത്രിതമായ യന്ത്രവല്‍ക്കരണം, നഗരവല്‍ക്കരണം തുടങ്ങിയവ ലക്ഷോപലക്ഷം വര്‍ഷം കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ മാറ്റി മറിച്ചിരിക്കുന്നു.
മനുഷ്യരുടെ വിവേചനമില്ലാത്ത പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ പ്രകൃതിയൊരുക്കിയ വളക്കൂറുള്ള മേല്‍മണ്ണിന്റെ ഘടനതന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ പകുതിയിലധികവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലിനെത്തുടര്‍ന്ന് നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് 2015 മണ്ണിന്റെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തത്.കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുകയാണ്. ഇതാകട്ടെ കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാക്കുകയാണ്.മനുഷ്യന്റെ നിലനില്‍പ്പിന് ഇതരജീവജാലങ്ങളുടെ സാന്നിധ്യം കൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ.
മണ്ണിന്റെ മേന്മ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് അന്താരാഷ്ട്ര മണ്ണ് വര്‍ഷം ആചരിക്കുന്നത്. മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍,വരള്‍ച്ച ഒഴിവാക്കാന്‍, പ്രളയം തടയാന്‍, കാലാവസ്ഥാമാറ്റം ചെറുക്കാന്‍, വെള്ളം സംരക്ഷിച്ചുനിര്‍ത്താന്‍, വിളകള്‍ വളര്‍ത്താന്‍,നമുക്ക് മണ്ണിനെ സംരക്ഷിക്കാം. നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും കുന്നുകള്‍ പിളര്‍ന്ന് മണ്ണെടുക്കുകയും വയലുകള്‍ നികത്തുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? അത് മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റം വരുത്തും. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം.
കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ മാറ്റിമറിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎന്‍ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ആഗോളതലത്തില്‍ മണ്ണിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെക്കുറിച്ചും മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. 2014 അന്താരാഷ്ട്ര കുടംബ കൃഷി വര്‍ഷമായി ആചരിച്ചതിന്റെ തുടര്‍ച്ചയാണിത്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ അഞ്ച് മണ്ണുദിനമായി ആചരിച്ച് വരുന്നുണ്ട്. ഇതിന് 2013 മുതല്‍ യുഎന്‍ഒയുടെ അംഗീകാരം ലഭിക്കുകയുംചെയ്തിരുന്നു. "മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം.
ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് മണ്ണെന്ന് എല്ലാവരും തിരിച്ചറിയണം. കൃഷിയുടെ അടിസ്ഥാനഘടകവും സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രവുമാണ് മണ്ണ്. മണ്ണ് നന്നായാലേ മികച്ച വിളവ് ലഭിക്കൂ. അതുവഴി മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ കഴിയൂ. ആഹാരത്തിന് പുറമേ ജലം, ഊര്‍ജം,വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയെല്ലാം പ്രദാനംചെയ്യുന്നതും ഭൂമിയില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതും മണ്ണാണ്.
ഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരം വര്‍ഷത്തോളം വേണ്ടിവരുമത്രേ. നൂറ്റാണ്ടുകളിലൂടെ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളിലെ സസ്യജാല വളര്‍ച്ചയോടെ, ജൈവാംശംചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. ഈ പ്രവര്‍ത്തനത്തെ പെഡോജെനസിസ് എന്നാണ് വിളിക്കുന്നത്.തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണിത്. മിക്ക സ്ഥലങ്ങളിലും മണ്ണ് രൂപംകൊള്ളുന്നത് പാളികളായിട്ടാണ്. ഇങ്ങനെ പാളികളായി രൂപപ്പെടുന്നതിനെഹൊറിസോണ്‍ എന്നുപറയുന്നു. ജീവമണ്ഡലത്തിന്റെ അടിസ്ഥാനമായ മണ്ണിന്റെ പോഷകസമ്പുഷ്ടമായ മേല്‍ഭാഗം ഒലിച്ചുപോകുന്നതിനെയാണ് മണ്ണൊലിപ്പ് എന്ന് പറയുന്നത്. നമ്മുടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റമാണ് മണ്ണൊലിപ്പിന് പ്രധാനമായും കാരണമാകുന്നത്.കാട്ടുമരങ്ങള്‍ വെട്ടിനിരത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും വന്‍ സൗധങ്ങളും ഫ്ളാറ്റുകളും മറ്റും പണിതുയര്‍ത്തുമ്പോള്‍ അത് പ്രകൃതിയോടും വരും തലമുറയോടും ചെയ്യുന്ന കടുത്ത ദ്രോഹമായി മാറുന്നു.
ഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു.
പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് അഭികാമ്യമാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. വനങ്ങള്‍ മണ്ണിനെയും വെള്ളത്തെയും നന്നായി പിടിച്ചു നിര്‍ത്തുന്നു. കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്. മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. എല്ലാത്തരം സസ്യങ്ങളും ജീവവര്‍ഗങ്ങളും മണ്ണിന് ആവശ്യമുള്ളവതന്നെയാണ്. അവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ സുസ്ഥിര വികസനം സാധ്യമാകുകയുള്ളൂ. ആ ജൈവവൈവിധ്യമാണ് നമ്മുടെ വലിയ സമ്പത്തും.
മണ്ണും ജീവജാലങ്ങളും അതിസൂക്ഷ്മവും ചെറുതും വലുതുമായ ധാരാളം ജീവജാലങ്ങളുടെ വാസകേന്ദ്രമാണ് മണ്ണ്. ഇവയെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ മൈക്രോ ഫൗന, മെസോഫൗന,മാക്രോ ഫൗന എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. 0.2 മി. മീറ്ററിലും താഴെ വലുപ്പമുള്ളവയാണ് സൂക്ഷ്മവിഭാഗത്തില്‍പെട്ടവ.സാധാരണഗതിയില്‍ നഗ്നനേത്രങ്ങളെക്കൊണ്ട് കാണാന്‍ കഴിയാത്തവയാണ് ഇവ. വ്യത്യസ്ത വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുജീവികളായ ആല്‍ഗെ, ബാക്ടീരിയ, വൈറസ്, ഫംഗസ്,പ്രോട്ടോസോവ എന്നിവയുടെയെല്ലാം വിളനിലമാണ് മണ്ണ്.ആരോഗ്യകരമായ, ജീവസുറ്റ മണ്ണിന്റെ നിലനില്‍പ്പിന് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ഉറുമ്പുകള്‍,പ്രാണികള്‍, വണ്ടുകള്‍, പുഴുക്കള്‍, മണ്ണിരകള്‍, തേരട്ടകള്‍,ഷഡ്പദങ്ങള്‍, എട്ടുകാലികള്‍, തവള, ഉരഗങ്ങള്‍, എലി, അണ്ണാന്‍,മുയല്‍, പക്ഷികള്‍ മുതലായവയും സസ്യജാലങ്ങളും മണ്ണിനെ ചൈതന്യവത്താക്കുന്നു. മണ്ണിലെ ഭക്ഷ്യശൃംഖലയെ ഉല്‍പാദകര്‍,ഉപഭോക്താക്കള്‍, വിഘാടകര്‍ എന്നിങ്ങനെ തരംതിരിക്കാം -
കൃഷിക്ക് യോഗ്യമായ മണ്ണിന്റെ വിസ്തൃതി കുറയുന്നതോടൊപ്പം കൂനിന്മേല്‍ കുരുവെന്നോണം ഉള്ള മണ്ണ്തന്നെ മലിനീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം ലോകത്താകമാനം ആയിരം കോടി ടണ്‍ ഖരമാലിന്യം ആളുകള്‍ വലിച്ചെറിയുന്നുണ്ട്. മൃഗങ്ങളുടെ വിസര്‍ജ്യ വസ്തുക്കള്‍ മുതല്‍ ശാസ്ത്ര സാങ്കേതിക പുരോഗതി സൃഷ്ടിച്ച പ്ലാസ്റ്റിക്, പോളിത്തീന്‍ ബാഗുകള്‍, കടലാസ്, നൈലോണ്‍ തുടങ്ങി മോട്ടോര്‍ കാര്‍വരെ ഇതിലുള്‍പ്പെടുന്നു. ഖരമാലിന്യങ്ങളില്‍ ജൈവവിഘടനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക്, നൈലോണ്‍ തുടങ്ങിയവ മണ്ണിന് ഭീഷണി ഉയര്‍ത്തുന്നവയാണ്. സസ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍ സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ഈ ജീവികളുടെ നിലനില്‍പിനെയും ജലവും വളവും വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും പ്രതികൂലമായി ബാധിക്കും.ഉല്‍പാദനവര്‍ധനയ്ക്കുവേണ്ടി കര്‍ഷകര്‍ പ്രയോഗിക്കുന്ന രാസവ ളങ്ങളും കീടനാശിനികളും മ ണ്ണിനെ വിഷലിപ്തമാക്കുന്നുണ്ട്.ഇങ്ങനെ യുള്ള മണ്ണില്‍ വിളയിച്ചെടുക്കുന്ന വിളകളില്‍ മാരകമായ തോതില്‍ വിഷാംശം കലര്‍ന്നിരിക്കും. ഇത് ഭക്ഷിക്കുന്ന മനു ഷ്യരില്‍ ഗുരുതരമായ പല രോഗ ങ്ങളും ഉണ്ടാകും.
മണ്ണിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.കോണ്‍ക്രീറ്റ് സൗധങ്ങള്‍ താങ്ങിനിര്‍ത്താനുള്ള വെറുമൊരു പ്രതലമല്ല മണ്ണ്. മറിച്ച് അനേകം കോടി സസ്യജന്തുജാലങ്ങളിലെ ജീവന്റെ തുടിപ്പിനെ നിലനിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ് എന്ന് തിരിച്ചറിയണം. എങ്കിലേ മണ്ണിനെ സ്നേഹിക്കാനും ലാളിക്കാനും കഴിയൂ. മണ്ണൊഴുകുന്നുഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ.വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു.
മണ്ണിന്റെ നിറം,ഘടന തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മണ്ണിനങ്ങളെ പഠന സൗകര്യത്തിനായി തരംതിരിച്ചിട്ടുണ്ട്.
ഫലഭൂയിഷ്ടമായ എക്കല്‍മണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്. കൃഷിക്ക് ഏറെ അനുയോജ്യമായ എക്കല്‍ മണ്ണ് ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു മണ്ണിനമാണ്.
2.കരിമണ്ണ്
പരുത്തികൃഷിക്ക് പേരുകേട്ട കരിമണ്ണ്,ഡക്കാന്‍ പീഢഭൂമിയിലും മഹാരാഷ്ട്ര,മധ്യപ്രദേശ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്.അഗ്നിപര്‍വ്വത സ്ഫോടനഫലമായാണ് കരിമണ്ണ് രൂപപ്പെടുന്നത്.
മൂന്നാമത്തെ പ്രധാന മണ്ണിനമാണ് ചെമ്മണ്ണ്.അയേണ്‍ ഓക്സൈഡിന്റെ സാന്നിധ്യമാണ് ഇതിന് ചുവപ്പ് നിറം നല്‍കുന്നത്.
മിതമായ തോതില്‍ മാത്രം ഫലഭൂയിഷ്ടിയുള്ള ക്ഷാരഗുണം കൂടിയതാണിത്.കേരളം,കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു.
ചതുപ്പ് പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഈ മണ്ണിനം കണ്ടല്‍ ചെടികളുടെ വളര്‍ച്ചയ്ക് ഉത്തമമാണ്.പല സംസ്ഥാനങ്ങളുടേയും തീരപ്രദേശങ്ങളില്‍ പീറ്റ് മണ്ണ് കാണപ്പെടുന്നുണ്ട്.
ഇടതിങ്ങിയ വനങ്ങളുടെ വളര്‍ച്ചയ്ക് സഹായകമായ ജൈവസമൃദ്ധമായ മണ്ണാണിത്.തേയില കൃഷിക്ക് യോജിച്ച ഈ മണ്ണ് വിവിധ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു.
ജലാംശവും ജൈവാംശവും തീരെയില്ലാത്ത മണ്ണാണിത്.മരുപ്രദേശങ്ങളിലല്‍ കാണപ്പെടുന്നു.
ജീര്‍ണ്ണിച്ച ജൈവാംശങ്ങളുടെ അളവ് കുറഞ്ഞതും കാര്‍ബണിക പദാര്‍ത്ഥങ്ങള്‍ കൂടുതലുള്ളമായ മണ്ണാണിത്.ചോക്കിന്റേയോ ചുണ്ണാമ്പിന്റേയോ ആധിക്യമാണ് ഇതിന് കാരണം.നനയുന്തോറും ദൃഢതയേറുന്ന ചുണ്ണാമ്പ് മണ്ണ് വേനല്‍കാലത്ത് വരണ്ടുപോകും.ഇതില്‍ വളരുന്ന സസ്യങ്ങള്‍ക്ക് തിളക്കമാര്‍ന്ന മഞ്ഞനിറമാണുണ്ടാകുക.
മനുഷ്യന്റെ സാമൂഹിക-സാംസ്കാരിക വളര്‍ച്ചയെ നേരിട്ട് സ്വാധീനിച്ച മണ്ണിനമാണ് കളിമണ്ണ്.കുഴമ്പ് പരുവത്തില്‍ കാണപ്പെടുന്ന മൃദുലമായ മണ്ണാണിത്.പാത്ര-ശില്പ നിര്‍മ്മാണത്തിന് അനുയോജ്യമായ കളിമണ്ണ് കൃഷിക്ക് അനുയോജ്യമല്ല.
വന്‍തോതില്‍ വ്യവസായിക പ്രാധാന്യമുള്ള മണ്ണിനമാണിത്.കെട്ടിട നിര്‍മ്മാണം ഗ്ലാസ്സ് നിര്‍മ്മാണം,ഇഷ്ടിക നിര്‍മ്മാണം,ജലശുദ്ധീകരണം,കടലാക്രമണ പ്രതിരോധ മാര്‍ഗം തുടങ്ങിയ മേഖലകളിലെല്ലാം മണല്‍ ഉപയോഗിച്ചുവരുന്നു.എളുപ്പം ജലം വലിച്ചെടുക്കാന്‍ കഴിയുന്നതിനാല്‍ തണ്ണിമത്തന്‍,കടല തുടങ്ങിയ വിളകളുടെ വളര്‍ച്ചയ്ക് ഉത്തമമാണ്.മണലിലടങ്ങിയിരിക്കുന്ന സിലിക്കയുടെ അംശം ഈ മണ്ണുമായി സ്ഥിരം ഇടപെടുന്നവര്‍ക്ക് ദോഷം ചെയ്തേക്കാം.ശ്വസനത്തിലൂടെ ഇത് ശരീരത്തിലെത്തിയാല്‍ സിലിക്കോസിസ് എന്ന രോഗത്തിന് കാരണമാകും.
മണല്‍,എക്കല്‍,കളിമണ്ണ് തുടങ്ങിയവ പ്രത്യേക അനുപാതത്തില്‍ കലര്‍ന്നുണ്ടാകുന്ന മണ്ണാണിത്. കാഠിന്യമേറിയമണ്ണാണെങ്കെലും ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്നതിനാലും ജൈവാംശമുള്ളതിനാലും കൃഷിക്ക് അനുയോജ്യമാണ് പശിമ രാശി മണ്ണ്.
1.ഹൈഡ്രോപോണിക്സ് (Hydroponics) :-മണ്ണില്ലാതെ ചെടിക്കാവശ്യമായ മൂലകങ്ങളും പോഷകങ്ങളും കലര്‍ത്തിയ ജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന രീതി.
2.എയ്റോ പോണിക്സ് (Aeroponics):-മണ്ണിന് പകരം വായുവിലൂടെ നേരിട്ട് ആവശ്യമായ പോഷകഘടകങ്ങള്‍ ചെടികള്‍ക്ക് നല്‍കി വളര്‍ത്തുന്നു.
1.പെഡോളജി (Pedology):- മണ്ണ് രൂപീകരണം,വര്‍ഗ്ഗീകരണം,ഭൗതീകവും രാസപരവും ജൈവീകവുമായ സവിശേഷതകള്‍ ഫലപുഷ്ടി തുടങ്ങിയവയെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ.
2.എഫഡോളജി (Ephadology):-സസ്യങ്ങളിലുള്ള മണ്ണിന്റെ സ്വാധീനത്തെകുറിച്ചുള്ള ശാസ്ത്രശാഖ.
കടപ്പാട് : madhuramscience.blogspot.in
അവസാനം പരിഷ്കരിച്ചത് : 2/16/2020