অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍...

സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍...

*ഒരല്പം ശ്രദ്ധ വെച്ചാല്‍ സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താനെളുപ്പമാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ പുതുതായി പഠിക്കാനുണ്ടാകും സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍.* കൂടുതലന്വേഷിച്ച് അപ്പപ്പോള്‍ സംശയങ്ങള്‍ ദുരീകരിച്ചാല്‍, 'മത്സ്യദുരന്ത' ങ്ങളൊഴിവാക്കാം. കുറച്ചുകാലം കൊണ്ടുതന്നെ ഉടമസ്ഥരെ തിരിച്ചറിയാനും പ്രതികരിക്കാനും സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കാകും. അല്പം ക്ഷമയുണ്ടെങ്കില്‍ താരതമ്യേന വിവേകികളായ ഇവയെ പല വിദ്യകളും പരിശീലിപ്പിക്കുകയുമാകാം. ശരിയായി പരിപാലിക്കുകയാണെങ്കില്‍ പത്തു വര്‍ഷങ്ങളോ അതില്‍ കൂടുതലോ ഇവ അക്വേറിയത്തില്‍ ജീവിച്ച് വളര്‍ത്തുന്നയാള്‍ക്ക് ആനന്ദവും ഉന്മേഷവും പോസിറ്റീവ് മനോഭാവവും പ്രധാനം ചെയ്യും.
*സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താന്‍ ഒരു വലിയ അക്വേറിയം തന്നെ തിരഞ്ഞെടുക്കണം.* ഒരിക്കലും അവയെ ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്ര (Goldfish bowl) ങ്ങളില്‍ വളര്‍ത്തരുത്. അക്വേറിയങ്ങളെ അപേക്ഷിച്ച് വ്യാപ്തവും ഉപരിതല വിസ്തീര്‍ണ്ണവും കുറവായതിനാല്‍, ഇത്തരം കണ്ണാടിപ്പാത്രങ്ങളിലെ ജലത്തില്‍ ലയിച്ചു ചേര്‍ന്ന ഓക്‌സിജന്റെ അളവും താരതമ്യേന കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ വളര്‍ത്തുന്ന മത്സ്യങ്ങള്‍, പലപ്പോഴും ജലനിരപ്പിനു മുകളില്‍ വന്ന് വായു വലിച്ചെടുക്കുന്നതായി കാണാറുണ്ട്. യഥേഷ്ടം നീന്തിക്കളിക്കാനിഷ്ടപ്പെടുന്ന ഒരു സ്വര്‍ണ്ണമത്സ്യത്തിന്റെ ചലനങ്ങള്‍ക്ക്, ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്രം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ചെറുതല്ല.
ഭക്ഷണകാര്യത്തില്‍ മറ്റു മത്സ്യങ്ങളെക്കാള്‍ ആര്‍ത്തി കാണിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍, കൂടുതലളവില്‍ വിസര്‍ജ്ജ്യങ്ങള്‍ പുറത്തുവിടുന്നവയുമാണ്. അതിനാല്‍ കണ്ണാടിപ്പാത്രത്തിനകത്തെ വെള്ളം അതിവേഗം മലിനമാകുകയും വിസര്‍ജ്ജ്യങ്ങളില്‍ നിന്നുണ്ടാകുന്ന നൈട്രജന്‍ സംയുക്തങ്ങളിലെ വിഷലിപ്തത, മത്സ്യങ്ങളെ ബാധിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞവയൊക്കെ മത്സ്യങ്ങളെ എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തും.
ഒട്ടും സന്തുലിതമല്ലാത്ത ഇത്തരം സാഹചര്യങ്ങളില്‍ അതീവ ശ്രദ്ധതയോടെ പരിചരിച്ചില്ലെങ്കില്‍ മത്സ്യങ്ങള്‍ ചത്തുപോകാനിടവരും. ഇനി അഥവാ പരിചരിച്ചാല്‍ തന്നെ, വളരെ ചെറിയ പാത്രങ്ങളിലിട്ടു വളര്‍ത്തുന്നത് സ്വര്‍ണ്ണമത്സ്യങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കും.
ഒരിഞ്ചു വലിപ്പമുള്ള ഒരു മത്സ്യത്തിന് സ്വസ്ഥമായി ജീവിക്കാന്‍ മൂന്നര ലിറ്റര്‍ വെള്ളമെങ്കിലും വേണമെന്നാണ് സാമാന്യമായ കണക്കെങ്കിലും, സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍ നാം കുറച്ചുകൂടി ശ്രദ്ധിക്കണം. പെരുവിരലിന്റെ വലിപ്പമുള്ള (ഏകദേശം ഒരിഞ്ച് ) രണ്ടു സ്വര്‍ണമത്സ്യങ്ങള്‍ക്ക് കുറഞ്ഞതു 30 ലിറ്റര്‍ വെള്ളമെങ്കിലും വേണം. ഈ വലിപ്പത്തില്‍ നിന്ന് മത്സ്യങ്ങളുടെ നീളം ഓരോ ഇഞ്ച് കൂടുമ്പോഴും, 4-5 ലിറ്റര്‍ എന്ന തോതില്‍ കൂടുതല്‍ വെള്ളം വേണ്ടിവരും.
അതായത് ഒരു കുഞ്ഞുമത്സ്യത്തെയാണു വാങ്ങുന്നതെങ്കില്‍, മത്സ്യത്തിന്റെ അപ്പോഴുള്ള നീളം മാത്രം നോക്കി അക്വേറിയത്തിന്റെ വലിപ്പം കണക്കാക്കിയാല്‍ മതിയാവില്ല. സ്വര്‍ണ്ണമത്സ്യങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴുള്ള ഏകദേശ വലിപ്പം കൂടി കണക്കിലെടുത്ത് അക്വേറിയം വാങ്ങുന്നതാണ് ഉത്തമം.
സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങള്‍ സ്ഥാപിക്കാന്‍ മുറിയുടെ ശാന്തമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. വാസ്തു അനുസരിച്ച് ധനമൂലമായ തെക്ക്~കിഴക്ക് മൂലയില്‍ ഫിഷ് ടാങ്ക് വെച്ചാല്‍ ഏറ്റവും ഉത്തമം. ചൂട്, തണുപ്പ് എന്നിവ കൂടുതലുള്ള ഭാഗങ്ങള്‍, ആള്‍പെരുമാറ്റം അധികമുള്ള വാതിലുകളുടെ സമീപം, നേരിട്ട് സൂര്യപ്രകാശമോ വെയിലോ ലഭിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. എന്നാല്‍ നേരിട്ടല്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന വിധത്തില്‍ ജനാലകള്‍ അടുത്തുള്ളത് പ്രശ്‌നമല്ല. എയറേറ്ററും ബള്‍ബും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍, അക്വേറിയത്തിനു സമീപം തന്നെ പ്ലഗ്ഗ് പോയിന്റ് സൗകര്യം ഉണ്ടായിരിക്കണം. സ്വര്‍ണ്ണമത്സ്യ അക്വേറിയം വയ്ക്കുന്ന മുറിയില്‍ കൊതുകുകള്‍ക്കെതിരെ തിരി കത്തിക്കുന്നത്, ലിക്വിഡേറ്റര്‍ ഉപയോഗിക്കുന്നത്, സാമ്പ്രാണി പുകയ്ക്കുന്നത് തുടങ്ങിയവ കഴിവതും ഒഴിവാക്കണം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate