Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സീതപഴം

കൃഷി ചെയ്യാം സീതപഴം

കേരളത്തിലെ എല്ലാതരം മണ്ണിലും നന്നായി വിളയുന്ന ഒരു ഫലവൃക്ഷമാണ് ആത്ത അല്ലെങ്കില്‍ സീതപ്പഴം. ഇതിന്റെ മാംസളമായ ഫലഭാഗത്തിന് ശ്വാസകോശരോഗങ്ങളെ അകറ്റാന്‍ ശേഷിയുണ്ട് എന്നു പറയപ്പെടുന്നു. വെളുത്ത മാംസളമായ ഭാഗമാണ് ഇതില്‍ ഭക്ഷ്യവസ്തു. ഉള്ളില്‍ കറുത്ത വിത്തുകള്‍ കാണപ്പെടുന്നു.അനോനേസീ കുടുംബത്തില്‍പ്പെട്ട സീതപ്പഴത്തിന്റെ ശാസ്ത്രനാമം അനോന സ്‌ക്വാമൊസ എന്നാണ്. സാമാന്യം വേഗത്തില്‍ വളരുന്ന ഒരിനം സസ്യമാണിത്. 5 മുതല്‍ 10 മീറ്റര്‍ വരെ പൊക്കം വെയ്ക്കുന്നു. അല്പം നീണ്ട ആകൃതിയിലവുള്ള ഇലകളുടെ രണ്ടറ്റവും കൂര്‍ത്തതായിരിക്കും. ഇലയുടെ ഇരുഭാഗവും നല്ല മിനുസമുള്ളതായിരിക്കും. അവയുടെ അറ്റവും അടിഭാഗവും ഉരുണ്ടതായിരിക്കും. കാണാന്‍ കൗതുകമുള്ളതും വലുതുമാണ് പൂക്കള്‍. അവ ഇലകള്‍ക്ക് അഭിമുഖമായി ഒറ്റയേ്ക്കാ കൂട്ടമായോ കാണപ്പെടുന്നു.

കൃഷിചെയ്യാം

ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വ്യാപകമായി ഇത് കൃഷിചെയ്തുവരുന്നു. മലേഷ്യയിലും ഓസ്‌ട്രേലിയയിലും ശ്രീലങ്കയിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. നല്ല മണ്ണും സൂര്യപ്രകാശവും ഈര്‍പ്പം ഉള്ള കാലാവസ്ഥ ഉള്ളിടത്തെല്ലാം വളര്‍ച്ചകാണിക്കുന്ന ഇതിന് പല സ്ഥലങ്ങളിലും പരമ്പരാഗതമായ ഉപയോഗങ്ങളുണ്ട്. നിര്‍വാര്‍ച്ചയുള്ള ചരല്‍നിറഞ്ഞ പ്രദേശമാണ് കേരളത്തില്‍ സീതപ്പഴത്തിന്റെ കൃഷിക്ക് അനുയോജ്യം.

തൈകള്‍ തയ്യാറാക്കലും കൃഷിയും

നമ്മുടെ പുരയിടങ്ങളില്‍ നട്ടുപിടിപ്പിച്ചുവന്നിരുന്ന സീതപ്പഴം വിത്തിലൂടെയാണ് മുളപ്പിച്ച് വളര്‍ത്തിയെടുക്കാറ്. വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്തുക്കുന്നതിന് പുറമേ നല്ല മാതൃസസ്യങ്ങളില്‍ നിന്ന് ബഡ്ഡ്‌ചെയ്തും വശംചേര്‍ത്തൊട്ടിച്ചും തൈകള്‍ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. പത്തുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. ബഡ്ഡ് ചെയ്ത തൈകള്‍ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. അതിരുകളില്‍ പൊക്കത്തില്‍ ജൈവവേലിപോലെ പുരയിങ്ങളില്‍ ഇവ നട്ടുവളര്‍ത്താം. തടങ്ങളില്‍ രണ്ടര മീറ്റര്‍ ഇടവിട്ട് നട്ട് കൃഷിചെയ്യുകയും ചെയ്യാം.

കൃഷി ചെയ്യുമ്‌ബോള്‍ മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തത്തില്‍ ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ ചുവട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

വിളവെടുപ്പ്

ചെടികള്‍ നട്ട് മൂന്നു-നാലു വര്‍ഷത്തിനുള്ളില്‍ കായ്ച്ചുതുടങ്ങും. മാര്‍ച്ചു മുതല്‍ ഓഗസ്സ് വരെയാണ് പൂവിടുന്നത്. നാലുമാസംകൊണ്ട് കായകള്‍ പറിക്കാന്‍ പാകമാകും. ഓഗസ്റ്റ് മുതല്‍ നവംബര്‍- ഡിസംബര്‍ വരെയാണ് വിളവെടുപ്പ്കാലം. വേനല്‍ക്കാലത്ത് നനയും വളവും നല്‍കിയാല്‍ നല്ല കായ്ഫലം കിട്ടും. ഒരു മരത്തില്‍ നിന്ന് ശരാശരി 60-80 കായകള്‍ ലഭിക്കും. സീതപ്പഴത്തിന്റെ ചെറിയ ഇനത്തിന് 200ഗ്രാം വരെയും ആത്തയെന്ന വലിയ ഇനത്തിന് 500 ഗ്രാം വരെയും തൂക്കമുണ്ടാകും.

രോഗങ്ങളും കീടങ്ങളും

നല്ലപ്രതിരോധശേഷിയുള്ള ചെടിയാണ് സീതപ്പഴം. എന്നാലും ചിലപ്പോള്‍ ചിലചെടികള്‍ക്ക് ഇളംപ്രായത്തില്‍ രോഗങ്ങള്‍ വരാറുണ്ട്. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം.

ബാക്ടീരിയല്‍ വാട്ടം

വ്യാപകമായി സീതപ്പഴം കൃഷിചെയ്യുമ്പോള്‍ ചെറിയ തൈകള്‍ക്ക് ഈരോഗം വളരെ പ്പെട്ടെന്ന് പടരും. വിത്തുകള്‍ കീടനാശിനിയില്‍ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ട് പോകുക എന്നിവയാണിതിന്റെ ലക്ഷണങ്ങള്‍.. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്‌സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി (ഒരു ലിറ്ററിന് 5 ഗ്രാം തോതില്‍) ഒഴിച്ചുകൊടുക്കാം.

ഔഷധഗുണം

ധാതു ശക്തിവര്‍ധിപ്പിക്കാന്‍ ഉത്തമമെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ശീതവീര്യമുള്ള ഇതിന്റെ മാംസളമായ വെളുത്തഭാഗമാണ് ഭക്ഷ്യയോഗ്യം. വിത്ത് വിഷജന്യമാണ് അത് കഴിക്കാനിടവന്നാല്‍ ചര്‍ദിയും പനിയും ഉണ്ടാകും. കൂടാതെ ഗര്‍ഭിണികള്‍ വിത്ത് അറിയാതെ കഴിച്ചാല്‍ ഗര്‍ഭം അലസാനും സാധ്യതയുണ്ട് അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് നല്‍കാറില്ല. മാംസളമായ വെളുത്തഭാഗം അന്നജം, കൊഴുപ്പ് എന്നിവ കൂടാതെ 60 ശതമാനത്തോളം വെള്ളവും ഏഴ് ശതമാനത്തിനടുത്ത് പഞ്ചസാരയും അടങ്ങിയിരിക്കുന്നു. വിത്തില്‍ വിഷതൈലം, റൈസിന്‍, ആല്‍ക്കലോയ്ഡ് എന്നിവയും അടങ്ങിയിരിക്കുന്നു.പിത്തവും കഫവും ശമിപ്പിക്കാന്‍ നല്ലൊരു ഔഷധമായാണ് ആയുര്‍വേദം ഇതിനെ ഗണിച്ചുവരുന്നത്. വ്രണങ്ങള്‍ ഉണങ്ങാന്‍ ഇതിന്റെ തൊലിയും ഇലയും ചതച്ച് ചേര്‍ത്തുകെട്ടിയാല്‍ മതി. ചുമയ്ക്കും അപസ്മാരത്തിനും വിധിപ്രകാരം സേവിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന ഗുദഭൃംശത്തിന് ഇതിന്റെ ഇല കഷായംവെച്ചുകൊടുക്കാറുണ്ട്. പാകമാകാത്തഫലം കുരുകളഞ്ഞ് ചവച്ചുതിന്നാല്‍ അതിസാരം ആമുതിസാരം എന്നിവശമിക്കും. മൃഗങ്ങള്‍ക്കുണ്ടാകുന്ന കുളമ്പുരോഗത്തിന് ഇതിന്റെ ഇലയും പുകയിലയും ചേര്‍ത്ത് ചതച്ച് വെച്ചാല്‍മതി. കുരുക്കളും പരുക്കളും എളുപ്പം പൊട്ടിപ്പോകുന്നതിന് സീതപ്പഴത്തിന്റെ ഇല അരച്ച് വെച്ചു കെട്ടിയാല്‍ മതി.ലാറ്റിനമേരിക്കന്‍ നാടുകളിലും ആഫ്രിക്കയിലും തലയിലെ പേന്‍ കളയുന്നതിന് ഇതിന്റെ വിത്ത് പൊടിച്ച് ഉപയോഗിക്കുന്നു. കൂടാതെ നല്ലൊരു ജൈവകീടനാശിനിയുമാണ് ഇതിന്റെ വിത്ത്. അത്‌പൊടിച്ച് കലക്കിയെടുത്ത് തളിച്ചാല്‍ കീടങ്ങളെ അകറ്റാം. നമ്മുടെവീട്ടുവളപ്പില്‍ ഒരു സീതപ്പഴത്തൈ നടാം. അങ്ങനെ ആരോഗ്യം കാക്കാം.

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top