অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെറ്റില കൃഷി

ഇക്കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ തമിഴ്‌നാട്ടിലെ പ്രശ്‌സ്തമായ തഞ്ചാവൂർ വെറ്റിലമാർക്കറ്റിൽ കച്ചവടക്കാർ തങ്ങളുടെ വെറ്റിലക്കെട്ടുകൾ കൂട്ടിയിട്ട് നശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. വെറ്റിലയുടെ ഉപയോഗം കുത്തനെക്കുറഞ്ഞതും ഉള്ളവയ്ക്കുതന്നെ വില ലഭിക്കാത്തതും കർഷകരെ തെല്ലൊന്നുമല്ല വലച്ചത്. മുമ്പ് മാദക സുഗന്ധവുമായി അതിർത്തികടന്ന് കേരളത്തിന്റെ കൃഷിമികവ് വിളിച്ചറിയിച്ച വെറ്റിലകൃഷി തകർച്ചയുടെ പാതയിലാണിന്ന് അതിന് കാരണം പുകയില ലഹരിയുത്പന്നങ്ങളുടെയും ഗുഡ്ക്കപോലുള്ള ലഹരിനുരയുന്ന പാക്കുകളുടെ ആധിക്യമാണ്. നമ്മുടെ പൂർവികന്മാർ വായ് ശുദ്ധമാക്കാൻ ഉപയോഗിച്ചിരുന്ന വെറ്റിലയുടെ ഗുണം അത് രോഗാണുനാശകം ആണ് എന്നതുതന്നെയാണ്.

മലപ്പുറത്തെ തിരൂരിൽ പണ്ട് പാൻ ബസാർ തന്നെയുണ്ടായിരുന്നു. തിരൂർ ബസ് സ്റ്റാൻഡ് മുതൽ പയ്യനങ്ങാടി വരെ നീളുന്ന വെറ്റിലക്കടകളുടെ നീണ്ട നിരയായിരുന്നു രാത്രികാലങ്ങളിൽ വരെ ഉണർന്നിരുന്ന പാൻബസാർ. തിരൂരിന്റെ ഗ്രാമങ്ങളിൽ നിന്നെത്തുന്ന വെറ്റില തരം തിരിച്ച് കെട്ടാക്കി കയറ്റി അയയ്ക്കാൻ തയ്യാറാക്കുന്ന പണിയുടെ ജോറായിരുന്നും അവിടെ മുമ്പ് രാവും പകലും. അന്ന് ദിവസേനെ പാകിസ്താനിലേക്ക് 20 മെട്രിക് ടൺ വരെ വെറ്റില കയറ്റിപ്പോയിരുന്നു. ഇപ്പോൾ ശ്രീലങ്കയിൽനിന്നും ബംഗ്ലാദേശിൽ നിന്നും ഇഷ്ടംപോലെ വെറ്റില പാക് വിപണിയിലേക്ക് ഒഴുകാൻ തുടങ്ങിയിരിക്കുന്നു. എന്നാലും തിരൂർവെറ്റിലയുടെ മികവ് അതിനെ ഉത്തരേന്ത്യയിലും മറ്റും പ്രശസ്തമാക്കുന്നു.  പുത്തനത്താണി, ഓമച്ചപ്പുഴ. തിരുന്നാവായ, വെള്ളിയാമ്പുറം , കോഡൂർ, നന്നമ്പ്ര, തൃക്കോട്ടൂർ എന്നിങ്ങനെയുള്ള പല സ്ഥലങ്ങളിലും വെറ്റിലകൃഷി ഇപ്പോഴും നന്നായി നടന്നുവരുന്നുണ്ട്.

പടരാൻ താങ്ങ് ആവശ്യമുള്ള വള്ളിയിനമാണ് വെറ്റില. പുരാതനകാലം മുതലേ വെറ്റില ഇന്ത്യയിൽ കൃഷിചെയ്തുവരുന്നു പൂജകൾക്കും ചടങ്ങുകൾക്കും ദക്ഷിണവെക്കാനും ആചാരാനുഷ്ഠാനങ്ങൾക്കും ഹിന്ദുക്കൾക്ക് താംബൂലം കൂടിയേതീരൂ.

മലേഷ്യയും സിങ്കപ്പൂരും പോലുള്ള പൂർവേഷ്യൻ രാജ്യങ്ങളാണ്  വെറ്റിലയുടെ ജന്മദേശം. സംസ്‌കൃതത്തിൽ നാഗിനി, നാഗവല്ലി, താംബുലി, എന്നിങ്ങനെയും ഹിന്ദിയിലും ബംഗാളിയിലും പാൻ, തെലുങ്കിൽ തമലപാകു, തമിഴിൽ വെറ്റിലൈ ഇംഗ്ലീഷിൽ ബെറ്റൽ ലീഫ് എന്നിങ്ങനെ അറിയപ്പെടുന്നു. പെപ്പറേസിയേ കുടുംബത്തിൽപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രീയ നാമം പെപ്പർ ബെറ്റൽ എന്നാണ്.

കൃഷിരീതി

സാധാരണയായി രണ്ടു സമയങ്ങളിലാണ് കേരളത്തിൽ വെറ്റില കൃഷിചെയ്തുവരുന്നത്. ഇടവക്കൊടിയും(മെയ്-ജൂൺ മാസങ്ങളിൽ കൃഷിയിറക്കുന്നത്.) തുലാക്കൊടിയും(ഓഗസ്റ്റ്-സെപ്റ്റംബർ)  തെങ്ങിൻ തോപ്പുകളിലും വാ്യഴത്തോട്ടങ്ങളിലും ഇടവിളക്കൃഷിയായാണ് വെറ്റില വളർത്താറ്.  താങ്ങുകാലുകളിൽ അധികം ഉയരത്തിലേക്ക് പടരാതെയാണ് വെറ്റില വളർത്തുക.

സ്ഥലത്തിനനുസരിച്ചും. ജലത്തിന്റെ ലഭ്യതയ്ക്കനുസരിച്ചും സെന്റിന്  30-40 തടങ്ങൾവരെയെടുക്കാം. ഓരോ തടത്തിനും ഒരു മീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക. തടങ്ങളുടെ വക്ക് ഭാഗം അടർന്നുപോകാതെ സംരക്ഷിച്ച് തടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.

നടീൽ വസ്തു

വെ്റ്റിലക്കൊടിയുടെ തണ്ടാണ് നടീൽ വസ്തുവായി ഉപയോഗിച്ചുവരുന്നത്. കൊടികളെ അതിന്റെ പ്രായം അനുസരിച്ച് കുഞ്ഞിക്കൊടി(6 മാസം -2 കൊല്ലം), ഇളം കൊടി(2-3 വർഷം), മുത്താച്ചിക്കൊടി(3- 5 വർഷം) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇതിൽ കേടില്ലാത്ത രോഗബാധയില്ലാത്ത തണ്ടുകൾ മുകളിൽവെച്ച്  മുറിച്ചെടുത്ത് അവയുടെ ഇലകൾ മൊത്തം നുള്ളിക്കളഞ്ഞ് നാലു മുട്ടുകൾ വീതമുള്ള വള്ളികഷ്ണങ്ങളാണ് നടീൽ വസ്തുക്കളായി ഉപയോഗിക്കാറ്. മുകളിൽപ്പറഞ്ഞപ്രകാരം ഒരുക്കിയ തടങ്ങളിൽ രണ്ട് മുട്ടുകൾ അടിയിലേക്കും രണ്ട് മുട്ടുകൾ മണ്ണിന് മുകളിലേക്കും ആയാണ് നടേണ്ടത്. ഒരു തടത്തിൽ ചെറിയ താങ്ങ് കാലിന് ചുറ്റുമായി നാലോ അഞ്ചോ വള്ളിത്തലകൾ നടാം. തടത്തിൽ എപ്പോഴും നനവ് നിലനിർത്തണം. ദിവസവും രണ്ടുനേരം നനച്ചുകൊടുക്കാം. 10-15 ദിവസങ്ങൾക്കുള്ളിൽ തെഴുപ്പ് വരും. ഇത് കയറിനാൽ താങ്ങുകാലുകളിലേക്ക് കയർ ഉപയോഗിച്ച് കെട്ടിക്കൊടുക്കാം. കവുങ്ങിലും മരത്തിലും ആണ് പടർത്തുന്നതെങ്കിൽ പറയ്ക്കാൻ കഴിയാത്ത അത്ര ഉയരത്തിലേക്ക് വള്ളികൾ കയറിപ്പോകരുത്. തടങ്ങളിൽ വെള്ളം കെട്ടിനിന്നാൽ വള്ളിചീഞ്ഞുപോവും. കേരളത്തിൽ സാധാരണ കൃഷിചെയ്ത് വരുന്നത്

തുളസി, വെണ്മണി, കൽക്കൊടി, കരിലാഞ്ചി, കർപ്പൂരം, ചിലാന്തി കർപ്പൂരം, കുറ്റക്കൊടി , പെരുംകൊടി, അമരവിള, അരിക്കൊടി എന്നിങ്ങനെയുള്ളയിനങ്ങളാണ്.

വളച്ചുകെട്ടണം വെറ്റിലക്കൊടി

വെറ്റിലയിൽ ധാരാളം തളിരുകളും തണ്ടുകളും പൊട്ടാൻ വേണ്ടി ചെയ്യുന്ന പ്രക്രിയയാണ് വളച്ചുകെട്ടൽ. ആദ്യം കുത്തിക്കൊടുത്ത ചെറിയ താങ്ങിൽ നിന്ന് വെറ്റിലക്കൊടി അടർത്തിമാറ്റി തളിരിലകളൊഴിച്ച് എല്ലാ ഇലകളും നുള്ളിക്കളഞ്ഞു ഓരോ കൊടിയും തടത്തിൽ വളച്ചു വെച്ച് വാഴനാരുകൊണ്ട് കെട്ടിക്കൊടുക്കണം. നുള്ളിയെടുത്ത ഓരോ ഇലമുട്ടിൽ നിന്നും ഓരോ ഇളം തണ്ട് വളർന്നുവരും.

. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി താങ്ങുകാലുകൾ നാട്ടാനുപയോഗിക്കാറ് ചെടിവളർന്നു താങ്ങിൽ കയറുന്നസമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് ചെറിയ തളിരിലകൾ വരാൻ തുടങ്ങിയാൽ മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം.

രോഗങ്ങളും കീടങ്ങളും

സാധാരണ പച്ചക്കറികൾക്ക് വരുന്ന കീടങ്ങൾ വെറ്റിലയെ  ബാധിച്ചുകാണാറില്ല. വേരുചീയൽ രോഗം, മൊസൈക്ക്‌രോഗം, പൂപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് ഇളം പ്രായത്തിൽ വരുന്ന പ്രധാനരോഗങ്ങൾ.  വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് വെറ്റിലയെ ബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയാണിതിന്റെ ലക്ഷണം.

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം നടീൽ വസ്തു് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.

വിളവെടുപ്പ്

ഒന്നര മാസം കൂടുമ്പോൾ വെറ്റിലക്കൊടിയിൽ നിന്ന് വെറ്റില നുള്ളിയെടുക്കാം. അവ ചായ്ച്ച് ഓരോ സൗകര്യപ്രദമായ എണ്ണം-പിടിക്കാൻ കഴിയുന്ന രീതിയിൽ 20-30 എണ്ണമുള്ളത്-കെട്ടിയാണ് വിൽക്കുക, വിഴയിലയിൽ പൊതിഞ്ഞ് ഓലകൊണ്ട് മെടഞ്ഞ വല്ലത്തിലാക്കിയാണ് വിപണനം നടത്തുക.

ഔഷധഗുണങ്ങൾ

ഉഷ്ണവീര്യമുള്ള ഇത് ആയുർവേദത്തിൽ മന്ത്, കാസം, കുട്ടികളിലെ രോഹിണിരോഗം, ഗ്യാസ് ശല്യം എന്നിങ്ങനെയുള്ള തിന്റെ പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ്. ദഹനശേഷിക്കും, വയറിളക്കം മാറാനും കഫം, വാതം എന്നിവയുടെ ശല്യം കുറയ്ക്കാനും  വെറ്റിലയുടെ വേര് സ്ത്രീകളിൽ ഗർഭനിരോധനത്തിനും  ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു.

ഇലകളിൽ ബാഷ്പീകരണശേഷിയുള്ള ഒരു തൈലം അടങ്ങിയിരിക്കുന്നു, കൊഴുപ്പ്, അന്നജം, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസയം,  എന്നിവയും അടങ്ങിയിരിക്കുന്നു. ഫിനോൾ, അരക്കീൻ, ടാനിൻ, കാർഡിനീൻ, ഷാവിബെറ്റോൾ, ഷാവിക്കോൾ, ഐസോമെറൈഡ് എന്നിവയും വെറ്റിലയിൽ അടങ്ങിയിരിക്കുന്നു. ഇത്രയും ഗുണഗണങ്ങളുള്ള കേവലം ലഹരിവസ്തുമാത്രമല്ലാത്ത നമ്മുടെ വെറ്റിലക്കൊടിയെ നമുക്ക് മറക്കാതിരിക്കാം.

ജൈവകീടനാശിനികൾ ആണെങ്കിലും വിളവെടുപ്പിന് 15 ദിവസം മുമ്പ് ഒന്നും തളിക്കരുത് അത് വെറ്റില ഉപയോഗിക്കുന്നവർക്ക് ഹാനികരമാകും.

പ്രമോദ് കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 3/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate