অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെണ്ട

വെണ്ട

വര്‍ഷത്തില്‍ മൂന്ന് പ്രധാന സീസണുകളിലായി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് വെണ്ട. ഫെബ്രുവരിമാര്‍ച്ച്, ജൂണ്‍ജുലൈ, ഒക്‌ടോബര്‍നവംബര്‍ എന്നിവ നടീല്‍ സമയം. വെണ്ടയില്‍ അയോഡിനും നാരുകളും ധാരാളമുണ്ട്. വിറ്റാമിന്‍ എയും സിയും ബീറ്റാകരോട്ടിനും അയേണും കാത്സ്യവും വെണ്ടയെ പോഷകസമ്പുഷ്ടമാക്കുന്നു. കൊളസ്‌ട്രോളും കഫവും വെണ്ടയ്ക്ക് മുന്നില്‍ തല പൊക്കില്ല.

കിരണ്‍,സല്‍കീര്‍ത്തി, അര്‍ക്ക അനാമിക,അര്‍ക്ക അഭയ്,സുസ്ഥിര,അഞ്ചിത എന്നിവ പച്ചനിറമുള്ള വെണ്ടയിനങ്ങള്‍.അരുണയ്ക്കും സിഒ ഒന്നിനും ചുവപ്പു നിറമാണ്. നിലമൊരുക്കുമ്പോള്‍ തന്നെ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു  ഇളക്കി യോജിപ്പിക്കണം.

രണ്ടടി അകലത്തിലായി ചാലുകള്‍ എടുത്ത് സെന്റൊന്നിന് 60 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടമോ കമ്പോസ്‌റ്റോ അടിവളമായി നല്‍കാം. ഒരു സെന്റിലേക്ക് 30ഗ്രാം വിത്ത് മതി. കാര്‍ഷിക സര്‍വ്വകലാശാലയില്‍ 30ഗ്രാം വിത്തിന് 30 രൂപയാണ് വില. ചാലുകളില്‍ ഒന്നരയടി അകലത്തില്‍ വിത്തുകള്‍ വിതക്കാം.

വിത്തിന്റെ വലിപ്പമാണ് വിത്താഴം. രണ്ട് ദിവസത്തിലൊരിക്കല്‍ നന നിര്‍ബന്ധം. രണ്ടാഴ്ച്ചയിലൊരിക്കല്‍ ഒരു കൈക്കുമ്പിള്‍ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടില്‍ നിന്നും 20സെന്റീമീറ്റര്‍ അകലത്തിലായി ചേര്‍ത്ത് മണ്ണുമായി ഇളക്കി ചേര്‍ക്കണം. മുട്ട അമിനോ ആസിഡ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്ത് ദിവസത്തിലൊരിക്കല്‍ ഇലകളില്‍ തളിക്കുന്നത് ഉത്തമം.  രാസവളം ചേര്‍ക്കുന്നെങ്കില്‍ സെന്റൊന്നിലേക്ക് അര കിലോഗ്രാം യൂറിയയും കാല്‍ കിലോഗ്രാം വീതം രാജ്‌ഫോസും പൊട്ടാഷും മഗ്‌നീഷ്യം സള്‍ഫേറ്റും 50ഗ്രാം ബോറാക്‌സും ചേര്‍ക്കാം. മുഴുവന്‍ രാജ്‌ഫോസും അടിവളമായി നല്‍കണം.മറ്റ് രാസവളങ്ങള്‍ പത്ത് ദിവസത്തിലൊരിക്കല്‍ എന്ന തോതില്‍ 5തവണകളായി ചേര്‍ത്തു കൊടുക്കാം.

കായ് തുരപ്പനേയും തണ്ടുതുരപ്പനേയും നിയന്ത്രിക്കുന്നതിനായി ബിടി എന്ന ചുരുക്കപേരിലറിയപ്പെടുന്ന മിത്ര ബാക്ടീരിയ ഒരു ലിറ്റര്‍ ലായിനിയില്‍ 10ഗ്രാം ശര്‍ക്കര കൂടി ചേര്‍ത്ത് തളിക്കണം. ഡൈപെല്‍, ഡെല്‍ഫിന്‍, ഹാള്‍ട്ട്, ബയോലെപ്  എന്നീ പേരുകളില്‍ ബി ടി ലഭ്യമാണ്.

ഇലപ്പുള്ളി രോഗത്തിനെതിരെ 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ ഇരുവശങ്ങളിലും തളിക്കാം. വൈറസുണ്ടാക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്നതിനായി രോഗം ബാധിച്ച ചെടികള്‍ തോട്ടത്തില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണം.രോഗം പടര്‍ത്തുന്ന വെള്ളീച്ചയെ നിലയ്ക്കുനിര്‍ത്താന്‍ മിത്രകുമിളായ വെര്‍ട്ടിസിലിയം 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈകുന്നേരങ്ങളില്‍ ചെടികളില്‍ തളിക്കേണ്ടതാണ്. പടന്നക്കാട്, വെള്ളാനിക്കര, വെളളായണി കാര്‍ഷിക കോളേജിനോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്ട്രക്ഷണല്‍ ഫാമിലും വിവിധ സര്‍ക്കാര്‍ തോട്ടങ്ങളിലും വെണ്ട വിത്ത് ലഭ്യമാണ്.

അഹല്യ ഉണ്ണിപ്രവൻ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate