অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിസർജ്യത്തിന്റെ വിപണിമൂല്യം

വിസർജ്യത്തിന്റെ വിപണിമൂല്യം

കിലോയ്ക്ക് 25000 രൂപവരുന്ന കാപ്പിപ്പൊടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിക്കുരു പൊടിച്ചെടുക്കുന്ന കാപ്പിയാണിത്. അതുണ്ടാക്കുന്നത് ഒരു ജീവിയുടെ വിസർജ്യത്തിൽ നിന്നാണെന്ന് കേൾക്കുമ്പോഴാണ് നാം ശരിക്കും അദ്ഭുതപ്പെടുക. യൂറോപ്പിലും അമേരിക്കയിലും ഗൾഫ്‌നാടുകളിലും കോടീശ്വരന്മാരുടെ  പ്രിയപ്പെട്ട പാനീയമാണിത്. ലുവാക് കോഫി, സിവറ്റ് കോഫി എന്നറിയപ്പെടുന്ന ഇതിന്റെ വിപണനം ലോകകോഫികുത്തകകൾ പതുക്കെ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. അമൂല്യമായ പാനീയം എന്നരീതിയിലാണ് ഇത് അറിയപ്പെടുന്നത്

പണ്ട് കോളനി ഭരണക്കാലത്ത് ഇന്തൊനീഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളിൽ ഡച്ചുകാർ യെമെനിൽ നിന്ന് അറബിക്ക കാപ്പിയുടെ തൈകൾ കൊണ്ടുവന്ന് പരിചയപ്പെടുത്തി. എന്നാൽ തദ്ദേശീയരായ ആളുകൾക്ക് അറബിക്ക കാപ്പിയുടെ കായകൾ സ്വന്തമായി  പറിച്ചെടുക്കാനോ പൊടിയാക്കി കാപ്പിയാക്കി കുടിക്കാനോ അനുവാദമുണ്ടായിരുന്നില്ല. അതിനെ മറികടക്കാൻ കർഷകർ ഒരു വിദ്യ കണ്ടെത്തി. ഇന്തൊനീഷ്യൻ ദ്വീപുകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു വെരുക് വർഗത്തിൽപ്പെട്ട ജന്തു പഴുത്ത കാപ്പിക്കുരു ധാരാളമായി തിന്നും. ഇതിന്റെ കാഷ്ടത്തിൽ ദഹിക്കാത്ത കാപ്പിക്കുരു ധാരാളമായി ഉണ്ടാകും. അത് ശേഖരിച്ച് കഴുകി ഉണക്കിവറുത്തെടുത്ത് പൊടിച്ച് കാപ്പിയാക്കി അവർ കഴിക്കാൻ തുടങ്ങി. അതാണ് ലുവാക് കോഫിയുടെ അല്ലെങ്കിൽ സിവറ്റ് കോഫിയുടെ പൂർവികൻ.

അമൂല്യമാകുന്നതെങ്ങനെ

പഴുത്തകാപ്പിക്കുരു വെരുക് കഴിക്കുന്നതിലൂടെ അതിന്റെ വയറ്റിൽവെച്ച് പാകപ്പെടുന്ന കാപ്പിക്കുരു. അതിൽ വെരുകിന്റെ ശരീരത്തിലെ പല എൻസൈമുകളും കാപ്പിപ്പരിപ്പിൽ പ്രവർത്തിച്ച് അതിൽ രാസമാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് വാദം. പ്രോട്ടീസ് എൻസൈമുകൾ,

ദൈർഘ്യം കുറഞ്ഞ പെപ്‌റ്റൈഡുകൾ എന്നിവയാണ് രാസമാറ്റത്തിലൂടെ തയ്യാറാക്കപ്പെടുന്ന ലുവാക് കോഫിയിൽ അടങ്ങിയിരിക്കുന്നതെന്നാണ് അമൂല്യമാക്കലിന്റെ വാദം. മുമ്പ് ഇൻഡൊനീഷ്യൻ കാടുകളിൽ നിന്നും ശേഖരിക്കുന്ന കാഷ്ടമാണ് ഉണക്കിപ്പൊടിച്ചിരുന്നതെങ്കിൽ ഇപ്പോൾ വ്യാവസായികമായി വെരുകിനെ കൂട്ടിലിട്ട് വളർത്തി അതിന് പഴുത്ത കാപ്പിക്കുരുകൊടുത്ത് അതിന്റെ കാഷ്ടം ശേഖരിച്ചാണ് വിപണിയിൽ ഇതുനിർമിക്കുന്നത്. കുരങ്ങൻമാർ ചവച്ചുതുപ്പിയതിൽ നിന്ന് മങ്കി പെർച്ച്‌മെന്റ് കാപ്പിയും ഇങ്ങനെ അമൂല്യവത്ക്കരിക്കപ്പെട്ട ഇനമാണ്.

വെറുക്കപ്പെട്ടതിനെ അമൂല്യമാക്കുന്നു

കച്ചവടലോകം അതിന്റെ മറ്റൊരു വിപണനതന്ത്രം പയറ്റുന്നതാണ് ലുവാക് കോഫിയെന്ന, വെറുക്കപ്പെട്ട വിസർജ്യത്തിന്റെ ഉപോത്പന്നത്തിന്റെ അമൂല്യവത്കരണത്തിലൂടെ കാണാൻ കഴിയുന്നത്. ആരും രുചിക്കാത്ത അമൂല്യമായ സ്വാദ് എന്ന രീതിയിൽ തങ്ങൾ കഴിക്കുന്ന പാനീയം ശ്രേഷ്ഠമാണെന്ന ഒരു ബോധം പണക്കാരായ ഉപഭോക്താക്കളിൽ ഉണ്ടാക്കുകയും അങ്ങനെ അവരുടെ വാങ്ങൽ ശേഷിയെ പരമാവധി ചൂഷണം ചെയ്യുകയാണ് കോഫി മാഫിയചെയ്യുന്നത്. 'വൈൻലേബൽ ഇഫക്ട്' എന്നാണ് ഇതിന് പറയുന്നത്. തങ്ങൾ ഉപയോഗിക്കുന്നത് ശ്രേഷ്ഠമാണെന്ന ഒരു മുൻവിധിയോടെയായിരിക്കും ഉപഭോക്താക്കൾ പാനീയം ഉപയോഗിക്കുന്നത്. ഗുണനിലവാരമില്ലാത്ത മദ്യം ഉയർന്നബ്രാൻഡിന്റെ കുപ്പിയിൽ വിളമ്പുന്നതുപോലെയാണിത്. ഉപയോഗിക്കുന്ന ആരും അതിനെക്കുറിച്ച് കുറ്റം പറയില്ല. എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലും ലുവാക് കോഫി

ഇന്ത്യയിൽ കുർഗ് ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ്  വിപണിയിൽ ലുവാക് കാപ്പി അവതരിപ്പിച്ചിരിക്കുന്നത്. അവർ തയ്യാറാക്കുന്ന വെരുകിൻ കാപ്പിക്ക് കിലോയ്ക്ക് 10000 ത്തിന് താഴെ മാത്രമാണ് വിലയെന്നതാണ് ആശ്വാസം.

കാഷ്ടത്തെ വിലപ്പെട്ടതാക്കുന്ന വിപണനതന്ത്രം മാനസികനിലയെ ചൂഷണം ചെയ്യുന്നതാണെന്നും അതിൽ യാതൊരു മേൻ്മയുമില്ലെന്നുള്ളതുമായ അഭിപ്രായത്തെയും നമുക്ക് പരിഗണിക്കാം.

പ്രമോദ്കുമാർ വി.സി.

pramodpurath@gmail.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate